Sunday, 24 February 2008

ചാമുണ്ഢി ഹില്‍ പാലസ്


കേരളത്തിലാണോ എന്ന് സംശയിച്ചുപോകുന്ന വളരെ വ്യത്യസ്തമായ ഒരു സ്ഥലം, കൂടെ വന്നാല്‍ കാണിച്ചുതരാം” എന്ന് പറഞ്ഞത്, 2002 ല്‍ കോട്ടയം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഒരു കുടുംബ സുഹൃത്ത് ശ്രീമതി ലതികാ സുഭാഷാണ്. പലപല തിരക്കുകളുള്ള ലതികച്ചേച്ചിയെ ബുദ്ധിമുട്ടിക്കണമോ എന്ന് ഒരു ചെറിയ സംശയം തോന്നിയത് അപ്പോള്‍ത്തന്നെ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.

“ബുദ്ധിമുട്ട് എനിക്കായിരിക്കില്ല നിങ്ങള്‍ക്കായിരിക്കും, കാരണം എനിക്ക് പലപല ഔദ്യോഗിക കാര്യങ്ങളും, മീറ്റിങ്ങുകളുമൊക്കെ പോകുന്ന വഴിയിലുണ്ട്. അത് നിങ്ങള്‍ക്കൊരു ബോറടി ആകാതിരുന്നാല്‍ മാത്രം മതി” എന്ന് ലതികച്ചേച്ചിയുടെ മറുപടി.

ഒരു പുതുമയുള്ള സ്ഥലം കാണാന്‍ സാധിക്കുമെങ്കില്‍, എത്ര വലിയ ബോറടി സഹിക്കാനും ഞാനും, മുഴങ്ങോടിക്കാരി നല്ലപാതിയും എപ്പോഴേ തയ്യാര്‍.

എറണാകുളത്ത്‌ നിന്ന് രാവിലെ പുറപ്പെട്ടു. അതുവരെ പോയിട്ടില്ലെങ്കിലും, കോട്ടയത്ത് ലതിക ചേച്ചിയുടെ വീട് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. അവിടന്ന് ഒരു കാപ്പിയൊക്കെ കുടിച്ച് ചേച്ചിയുടെ സര്‍ക്കാര്‍ വക വാഹനമായ അംബാസഡറിനു പുറകെ യാത്ര തുടര്‍ന്നു. എത്ര ശ്രമിച്ചിട്ടും എനിക്കാ കാറിന്റെ ഒപ്പം ഓടിച്ചെത്താന്‍‍ പറ്റിയില്ല. എന്തൊരു വേഗത! ചേച്ചിയുടെ സാരഥിയെ നമിക്കാതെ വയ്യ. ഒന്നുരണ്ടിടത്ത് ചേച്ചി പങ്കെടുത്ത ചില സമ്മേളനങ്ങളില്‍ ഞങ്ങളും കൂടി. തീരെ ബോറടിച്ചില്ലെന്ന് മാത്രമല്ല, യാത്രയ്ക്കിടയിലെ നല്ലൊരു അനുഭവമായിത്തന്നെയാണ് അതൊക്കെ തോന്നിയത്.

പൊന്‍‌കുന്നവും കാഞ്ഞിരപ്പള്ളിയുമൊക്കെ കഴിഞ്ഞ് തേക്കടി റൂട്ടില്‍ വീണ്ടും മുന്നോട്ട് പോയപ്പോള്‍,‍ സര്‍ക്കാര്‍ വാഹനം പെട്ടെന്ന് വലത്തേക്ക് ഒരു ചെറിയ റോട്ടിലേക്ക് തിരിഞ്ഞു. ഇരുവശത്തും റബ്ബര്‍ മരങ്ങളല്ലാതെ കാര്യമായി വേറൊന്നുമില്ലാത്തതുകൊണ്ട്, റോഡരുകിലെ പച്ചനിറത്തിലുള്ള ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു.

....ചാമുണ്ഡി ഹില്‍ പാലസ്.....

കോട്ടയത്തുനിന്ന് മൈസൂര്‍ക്ക് എളുപ്പവഴിയുണ്ടോ എന്നാരും സംശയിക്കേണ്ട. മൈസൂരുള്ള ചാമുണ്ഡി ഹില്ലില്‍ പോകാത്തവര്‍ ചുരുക്കമായിരിക്കും. ഒരു കൈയ്യില്‍ വാളും, മറുകൈയ്യില്‍ ഒരു മനുഷ്യന്റെ അറുത്തെടുത്ത ചോരയിറ്റുന്ന തലയുമായി നില്‍ക്കുന്ന ഭീകരനായ മഹിഷാസുരനേയും, നന്ദിപ്പശുവിനേയും, തലയോട്ടികൊണ്ടുള്ള മാലയണിഞ്ഞ ചാമുണ്ഡേശ്വരിയേയുമെല്ലാം പല പ്രാവശ്യം ഞാനും കണ്ടിട്ടുണ്ട്, മൈസൂരുള്ള ചാമുണ്ഡി ഹില്ലില്‍. ആ ചാമുണ്ഡി ഹില്‍ വേറെ ഇത് വേറെ.

പിന്നീടങ്ങോട്ട് 8 കിലോമീറ്ററിനടുത്ത് വരും ലക്ഷ്യസ്ഥാനത്തേക്ക്. ഇടുങ്ങിയ റോഡിനിരുവശത്തും ഇടതൂര്‍ന്ന റബ്ബര്‍ എസ്റ്റേറ്റുകള്‍ തന്നെ. എല്ലാ തിരിവിലും വളവിലും പാലസിലേക്കുള്ള വഴി കാണിക്കുന്ന പച്ച ബോര്‍ഡ് ഉള്ളതുകൊണ്ട്, വഴികാട്ടിയായ സര്‍ക്കാര്‍ വാഹനം പലയിടത്തും കാഴ്ച്ചയില്‍ നിന്നും മറഞ്ഞെങ്കിലും, കൃത്യമായി പാലസ്സിന്റെ കവാടത്തിനുമുന്നില്‍ എത്തിച്ചേര്‍ന്നു.വാച്ച് മാന്‍ വന്ന് ഗേറ്റ് തുറന്നു. വണ്ടി കുറച്ചുകൂടെ മുന്നോട്ട് നീങ്ങി,മുകളിലേക്ക് കയറി പാലസ്സിന്റെ മുന്നില്‍ച്ചെന്ന് നിന്നു.

സമുദ്രനിരപ്പില്‍ നിന്നും 1300 അടി മുകളില്‍ ഞങ്ങള്‍ എത്തിക്കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

250 ഏക്കറോളം വരുന്ന ഒരു എസ്റ്റേറ്റിന്റെ നടുക്ക് ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് 3 നിലയുള്ള‍ കൂറ്റന്‍ ഒരു ബംഗ്ലാവ്.

മുറ്റത്ത് ചാമുണ്ഡേശ്വരിയുടെ അഞ്ചടിയോളം ഉയരം വരുന്ന പ്രതിമ. കൂറ്റന്‍ മരങ്ങളും, പച്ചപ്പുല്ല് പിടിപ്പിച്ച പൂന്തോട്ടവുമൊക്കെയുള്ള വിശാലമായ തൊടി.

കാറില്‍ നിന്നിറങ്ങിയപ്പോള്‍ ഐശ്വര്യമുള്ള ഒരു സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിച്ചു. പേര് ശ്രീമതി സരോജാ തമ്പി.പാലസിന്റെ ഉടമസ്ഥ. രാജകുടുംബാംഗമായ ഉദയ വര്‍മ്മ രാജയുടെ കൊച്ചുമകന്‍, ശ്രീ സി.ജി.തമ്പി അവര്‍കളുടെ വിധവ. വളരെ കുറഞ്ഞ സമയംകൊണ്ട് ഞങ്ങള്‍ക്ക് പ്രിയങ്കരിയായി മാറിയ ബേബിയാന്റി.

വരാന്തയിലെ ചുമരില്‍‍, സഖാവ് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെ ചെന്നപ്പോള്‍ കൊടുത്ത സ്വീകരണത്തിന്റെ ഒരു വലിയ ഫോട്ടൊ തൂങ്ങുന്നു.

പൂമുഖത്തെ ചെറിയ ഒരു കുശലം പറച്ചിലിനുശേഷം, പാലസ്സിനുള്ളിലേക്ക് കടന്നു. പന്തുകളിക്കാന്‍ പാകത്തില്‍ പന്ത്രണ്ടിലധികം കിടപ്പുമുറികളുണ്ട് അകത്ത്. വിശാലമായ സ്വീകരണമുറിയും, തീന്‍ മുറിയും, അടുക്കളയും എല്ലാംകൂടെ അര ഏക്കറോ‍ളം പാലസ്സിരിക്കുന്ന സ്ഥലം തന്നെ കാണുമെന്ന് എനിക്ക് തോന്നി.

ഞങ്ങള്‍ ചെല്ലുമെന്ന് നേരത്തേ അറിയിച്ചിരുന്നതുകൊണ്ട് ഉച്ചഭക്ഷണം തയാറായിട്ടുണ്ട്. ഭക്ഷണത്തിന് മുന്നേ ഒന്ന് നടന്നിട്ട് വരാമെന്ന് പറഞ്ഞ് വെളിയിലിറങ്ങി.

തൊടിയില്‍ നിന്ന് താഴേക്ക് പോകുന്ന സിമന്റിട്ട പടികളിലൂടെ റബ്ബര്‍ തോട്ടത്തിനിടയിലൂടെ നടന്നപ്പോള്‍ കുന്നിന്റെ അറ്റത്തെത്തി.

അവിടന്നുള്ള താഴ്വരക്കാഴ്ച്ച അവര്‍ണ്ണനീയം. ലോകത്തുള്ള മുഴുവന്‍ പച്ചനിറവും ആവാഹിച്ചെടുത്ത് വിരിച്ചതുപോലെയുള്ള പച്ചപ്പുതപ്പ്, മലമടക്കുകള്‍ക്ക് മുകളിലൂടെ കണ്ണെത്താദൂരം പരന്നുകിടക്കുന്നു. പഞ്ഞിക്കെട്ടുപോലെ കുറെ മേഘപാളികള്‍ അതിനിടയിലെവിടെയോ കുടുങ്ങി പുറത്തുകടക്കാനാവാതെ പകച്ചുനില്‍ക്കുന്നു. ഏകാന്തതയും, പ്രണയാന്തരീക്ഷവുമൊക്കെ അവിടത്തെ കാറ്റില്‍ പോലും അലിഞ്ഞ് ചേര്‍ന്നിരിക്കുന്നുണ്ടെന്ന് തോന്നി. ആ മനോഹര ദൃശ്യങ്ങള്‍ ക്യാമറയിലും മനസ്സിലും ആവോളം പകര്‍ത്തിയെടുത്തുകൊണ്ട് കുറെനേരം അവിടെ നിന്നു.


ആകാശം തെളിഞ്ഞതാണെങ്കില്‍ പടിഞ്ഞാറ് കിലോമീറ്ററുകള്‍ ദൂരെ സൂര്യന്‍ അസ്തമിക്കുന്നത് ഇവിടെ നിന്ന് കാണാമത്രേ !! ആകാശം അത്രയ്ക്ക് തെളിഞ്ഞതല്ലെങ്കിലും, വൈകീട്ട് വീണ്ടും അവിടെച്ചെന്ന് അസ്തമനത്തിന്റെ ചില ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചുനോക്കി.


ലതികച്ചേച്ചിയും, സുഭാഷ് ചേട്ടനും, മകന്‍ കണ്ണനും, ഉടനെ മടങ്ങാനാണ് പരിപാടി. ഞങ്ങളേതായാലും ഈ ഹരിതസുന്ദരഭൂമിയില്‍ ഒരു ദിവസമെങ്കിലും താമസിക്കാതെ താഴേക്കില്ലെന്ന് തീരുമാനിച്ചു. ഇഷ്ടമുള്ള ഒരു മുറിയില്‍ കൂടിക്കോ എന്നായി ബേബിയാന്റി. എല്ലാ മുറിയും ഒന്നിനൊന്ന് മെച്ചം. ഏത് മുറിയുടെ ബാത്ത് റൂമിനും, ഞങ്ങള്‍ ബാംഗ്ലൂര് ബ്രൂക്ക്‍ഫീല്‍‌‍ഡില്‍ ആദ്യം താമസിച്ചിരുന്ന ഫ്ലാറ്റിലെ ബെഡ് റൂമിനേക്കാള്‍ വലുപ്പമുണ്ട്. ബാംഗ്ലൂരിലെ ബാത്ത് റൂം കാണുമ്പോള്‍ എനിക്ക് ടെലിഫോണ്‍ ബൂത്താണ് ഓര്‍മ്മ വന്നിരുന്നത്.

വൈകുന്നേരം ടീവിയില്‍ സിഗ്നല്‍ കിട്ടുന്നില്ലെന്ന് ആന്റിക്ക് വിഷമം. വിഡ്ഡിപ്പെട്ടിയുടെ ശല്യം കുറച്ചങ്കിലും ഒഴിവായല്ലോ എന്ന സമാധാനം ഞങ്ങള്‍ക്ക്.

രാത്രിയായപ്പോള്‍ നന്നായി ഇടിവെട്ടി. പെട്ടെന്ന് വൈദ്യുതി പ്രവാഹം നിലച്ചു. ലൈറ്റനിങ്ങ് അറസ്റ്ററിന് എന്തോ കുഴപ്പമുണ്ട്. അതുകാരണമാണിങ്ങനെയെന്ന് ആന്റി പറഞ്ഞു. ഉയരത്തില്‍ നില്‍ക്കുന്ന കുന്നിന്റെ മുകളിലെ വീടായതുകാരണം കൂടുതല്‍ ഫലപ്രദമായ ലൈറ്റനിങ്ങ് അറസ്റ്റര്‍ ആവശ്യമാണ്. അതിന്റെ ജോലികള്‍‍ നടന്നുകൊണ്ടിരിക്കുകയാണ്.

എന്തായാലും ഡിന്നറിന് മുന്‍പ് വെളിച്ചം തിരിച്ചുവന്നു. ഭക്ഷണം ആന്റിയുടെ കൂടെത്തന്നെ,ഒരു മേശയില്‍ ഒപ്പമിരുന്ന്. റിസോര്‍ട്ട് എന്ന രീതിയിലാണ് പാലസ് ആന്റി നടത്തുന്നതെങ്കിലും, അവിടെ ചെല്ലുന്നവരെല്ലാം ആ വീട്ടിലെ ഒരംഗത്തെപ്പോലെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ് പതിവത്രേ. മദ്യം അവിടെ ഉപയോഗിക്കരുതെന്ന് ആന്റിക്ക് കര്‍ശനമായ നിഷ്‌ക്ക‌ര്‍ഷയുണ്ട്. ഭക്ഷണത്തിനുശേഷം ആന്റിയുമായി ഒരുപാട് സംസാരിച്ചിരുന്നു. വളരെക്കാലം മുന്‍പേ പരിചയമുള്ള ഒരു സ്നേഹബന്ധം എന്നപോലെ ഒരു സൌഹൃദം അവിടെ തുടങ്ങുകയായിരുന്നു. രാത്രി സുഖസുന്ദരമായി ഉറങ്ങി.

അടുത്ത ദിവസം രാ‍വിലെ ബ്രേക്ക്ഫാസ്റ്റ് ആന്റിയുടെ കൂടെത്തന്നെ. എന്താണ് കഴിക്കാന്‍ വേണ്ടതെന്ന് അരമണിക്കൂര്‍ മുന്നേ പറഞ്ഞാലും മതി. കേറ്ററിങ്ങിന് ആന്റിക്ക് ജോലിക്കാരുണ്ട്. കാപ്പികുടി കഴിഞ്ഞ് വീണ്ടും തൊടിയിലൊക്കെ കറങ്ങി നടന്നു. ശുദ്ധവായു ആവോളം വലിച്ചുകയറ്റി. ശ്വാസകോശത്തിനുപോലും രോമാഞ്ചമുണ്ടാകുമെന്ന് അപ്പോഴാണ് മനസ്സിലായത്.

തൊടിയുടെ ഒരറ്റത്തുള്ള പേരാല്‍ മരത്തില്‍ കെട്ടിയുണ്ടാക്കിയിട്ടുള്ള ഏറുമാടത്തില്‍ കുറേ നേരം ചിലവഴിച്ചു. പ്രായമായവര്‍ക്കുവരെ അനായാസമായി കയറാവുന്ന തരത്തില്‍ തറനിരപ്പില്‍ നിന്ന് ഒരു കവാടവും, സാഹസികര്‍ക്ക് പൊത്തിപ്പിടിച്ച് ഏണിവഴി കയറാന്‍ താഴെ കുന്നിന്റെ ചെരുവില്‍ നിന്ന് മറ്റൊരു കവാടവും ഈ ട്രീ ഹൌസിനുണ്ട്.മേശയും കട്ടിലുമൊക്കെ ഏറുമാടത്തില്‍ കിടക്കുന്നതുകണ്ടപ്പോള്‍ ഒരു രാത്രി അതില്‍ക്കിടന്നുറങ്ങണമെന്ന് കലശലായി ആഗ്രഹിച്ചുപോയി.

തൊടിയിലൊരു വലിയ കിണര്‍ കണ്ടു. കിണര്‍ കുഴിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിപോലും. മണ്ണിനടിയില്‍, വിപണിയിലിറക്കിയാല്‍ ചൂടപ്പം പോലെ വിറ്റുപോകാന്‍ സാദ്ധ്യതയുള്ള, നല്ല പച്ചനിറത്തിലുള്ള ഗ്രാനൈറ്റാണ്. അതിന്റെ ഒരു സാമ്പില്‍ പാറക്കഷണം നന്നായി പോളിഷ് ചെയ്ത് വെളിയില്‍ വെച്ചിട്ടുണ്ട്. ക്വാറിയാക്കാന്‍ വേണ്ടി പലരും ആ സ്ഥലത്തിന് നല്ല വിലപറഞ്ഞിട്ടും, കുട്ടുംബദേവതയായ ചാമുണ്ഡീദേവിയെ വിട്ടുകൊടുക്കാതെ മുറുകെപ്പിടിച്ചിരിക്കുകയാണ് ബേബിയാന്റി. കിണറിന് വേണ്ടി പാറ പൊട്ടിച്ചപ്പോള്‍ അര സെന്റ് സ്ഥലത്ത് വലിയൊരു കുഴിയായി മാറി. അതിനെ കോണ്‍ക്രീറ്റ് തറപാകി, ഒരു കിണറിന്റെ വലിപ്പത്തിലുള്ള ഭാഗം മാത്രം തുറന്ന് വെച്ചിരിക്കുകയാണിപ്പോള്‍.

കുറച്ച് വെള്ളം കുടിച്ചുനോക്കി. പറഞ്ഞറിയിക്കാന്‍ വയ്യാത്ത അനുഭൂതി. കന്മദം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, അന്നാദ്യമായി അത് കുടിച്ചു എന്ന് തോന്നിപ്പോയി.മിനറല്‍ വാട്ടറുമായി വരുന്നവര്‍, അതെല്ലാം തറയിലൊഴിച്ച് ഈ കിണറ്റിലെ വെള്ളം കുപ്പിയില്‍ നിറച്ച് കൊണ്ടുപോകാറുണ്ടെന്ന് ആന്റി പറഞ്ഞപ്പോള്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല. അങ്ങിനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

പാലസ്സിന് വെളിയില്‍, റോയല്‍ കോട്ടേജും, ആയുര്‍വ്വേദകേന്ദ്രവും, യോഗാ കേന്ദ്രവും, ജോലിക്കാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുമൊക്കെയുണ്ട്.ടൂറിസം വകുപ്പിന്റെ ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റൊക്കെ കിട്ടിയിട്ടുള്ളതാണ് ഈ ആയുര്‍വ്വേദകേന്ദ്രം. ഇരുപത്തിനാല് മണിക്കൂറും ആയുര്‍വ്വേദ ഡോക്ടറിന്റെ സേവനവും ലഭ്യമാണ്.

കറങ്ങിനടന്ന് ഊണിന് സമയമായത് അറിഞ്ഞില്ല. വൈകീട്ട് മടങ്ങാനാണ് പരിപാടിയിട്ടിരുന്നതെങ്കിലും, പോകാന്‍ നേരമായപ്പോഴേക്കും ഉള്ളിലൊരു വിഷമം. ആന്റിയുടെ സ്നേഹവും, പെരുമാറ്റവും, ആ മനോഹമായ സ്ഥലത്തിന്റെ ഭംഗി പതിന്മടങ്ങാക്കിയിട്ടുണ്ട്. ആന്റിയുമായി ഇത്രയുമൊക്കെ അടുത്ത സ്ഥിതിക്ക്, “ഞങ്ങളുടെ ബില്ല് സെറ്റില്‍ ചെയ്യൂ ആന്റീ“ എന്ന് പറയാനൊരു വിഷമം. സ്നേഹം ‘വേ’ ബിസിനസ്സ് ‘റേ’ എന്നാണ് എന്റെ പോളിസി. കുറച്ച് ബുദ്ധിമുട്ടിയിട്ടാണെങ്കിലും, കാര്യം അവതരിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ചതുപോലെ, “നിങ്ങളെ ഞാന്‍ റിസോര്‍ട്ടില്‍ താമസിക്കാന്‍ വന്നവരായിട്ടല്ല, എന്റെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് കണ്ടത് “ എന്ന് ആന്റിക്ക് പരിഭവം.

“ഒരു കാര്യം ചെയ്യൂ, പൂജാമുറിയിലെ ചാമുണ്ഡിയുടെ മുന്നില്‍ ഒരു ചെറിയ നേര്‍ച്ച ഇട്ടിട്ട് പൊയ്ക്കോളൂ“ എന്ന് അവസാനം തീര്‍പ്പായി.

റിസോര്‍ട്ടിന്റെ താരിഫ് എവിടെന്നോ തപ്പിയെടുത്ത്, ഒരു ദിവസത്തിനുള്ള പണം കണക്കാക്കി പൂജാമുറിയില്‍ കൊണ്ടുവെച്ച് തല്‍ക്കാലം രക്ഷപ്പെട്ടു. ആന്റി അത് കാണുന്നതിന് മുന്‍പ് ഗേറ്റിന് വെളിയില്‍ക്കടക്കണം, അടുത്തപ്രാവശ്യം വരുമ്പോഴേക്കും ആന്റി അതൊക്കെ മറന്നുകാണുമെന്നുള്ള പ്രതീക്ഷയോടെ.
----------------------------------------------------------
ചാമുണ്ഡി ഹില്‍ പാലസ്സിനെപ്പറ്റി കൂ‍ടുതല്‍ അറിയണമെന്നുള്ളവര്‍ക്ക് വേണ്ടി.
http://www.chamundihillpalace.org/


---------------------------------------------------------------------------------
ഈ യാത്രാവിവരണം കലിക ഓണ്‍ലൈന്‍ മാഗസിനില്‍ വന്നപ്പോള്‍
http://www.kalikaonline.com/index.php/2009-05-29-07-06-53/13-2009-05-29-20-37-16/86-2009-08-11-08-35-27.html


33 comments:

 1. നല്ല കുറിപ്പ് മാഷേ.
  പടങ്ങളും വളരെ നന്നായിരിക്കുന്നു.
  ഇതു വായിച്ചപ്പോള്‍
  നല്ല ഒരു യാത്ര ആസ്വദിച്ച രസം.
  :)

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ആ ഏറുമാടവും, പാലസിന്റെ അറ്റത്തുള്ള കുന്നിലേക്കുള്ള വ്യൂവില്‍ ഉള്ള സെറ്റപ്പും അടി പൊളി. കൂട്ടുകാരൊത്ത് രണ്ടെണ്ണം വീശാനും ഇച്ചിരി നേരം റമ്മി കളിക്കാനോ അമ്പത്താറു കളിക്കാനോ പറ്റിയ സ്ഥലം.

  സംഭവം കലക്കന്‍....നല്ല ഫോട്ടോസും നല്ല വിവരണവും.

  ReplyDelete
 4. നിരക്ഷരന്‍,
  നല്ല വിവരണം. ഉഗ്രന്‍ ഫോട്ടോസ്. പിന്നെ പോകണം!

  ReplyDelete
 5. നിരക്ഷരന്റെ എല്ലാ യാത്രാ വിവരങ്ങളും ഒറ്റ അടിക്കു വായിച്ചു. ഏറ്റവും ഇഷ്ടമായതു ഇഡ്ഡിലി യാത്രയായാണു :)

  ReplyDelete
 6. അടിപൊളി നിരക്ഷര്‍ജി.. ഫോട്ടോസ് കേമം..
  ഒരു സുഹൃത്ത്‌ ഒരു വിവരണം തന്നതിനു ശേഷം എന്നെങ്കിലും പോകണംന്ന്‌ മനസ്സില്‍ കുറീച്ചിട്ടിരിക്കുവാരുന്നു.. ഇപ്പൊ നിങ്ങടെ പടങ്ങള്‍ഉം വിവരണോം കൂടെ കണ്ടപ്പോ ദേ ഇപ്പോ തന്നെ പോണം ന്നു തോന്നുന്നു.. അഞ്ചരേടെ ഫാസ്റ്റ് പോയിക്കാണ്വോ എന്തോ..;)

  ReplyDelete
 7. അവിടെ ഒന്നു പോകാന്‍ തോന്നുന്നു ....നല്ല വിവരണം ....

  ReplyDelete
 8. മാഷേ,ഇത് കലക്കന്‍ യാത്രാ വിവരണം ആണല്ലോ...മിനറല്‍ വാട്ടര്‍ തറയില്‍ ഒഴിച്ചിട്ടു ആ കിണറ്റിലെ വെള്ളം കുടിക്കുക ...നമുക്ക് ഒരുംമിച്ചു അവിടെ പോയി രണ്ടു വീശിയാലോ..ബേബി ആന്റി സംമാധിക്കതില്ല അല്ലേ?
  നല്ല അടിപൊളി ഫോട്ടോസ്..അവിടെ പോയ ഒരു പ്രതിതി ജനിപ്പിക്കുന്നു ..അതുപോലെയുള്ള വിവരണം .മൊത്തത്തില്‍ ഒരു അടിപൊളി യാത്രാ വിവരണം ..
  ആശംസകള്‍

  ReplyDelete
 9. നന്ദി..
  ഞാന്‍ മൈസൂരു ചാമുണ്ടി ഹില്ലിനെപ്പറ്റി ആയിരിക്കും എന്ന് കരുതി..ഹഹ..ഞാന്‍ ഇത് പി.ഡി.എഫ് ആക്കി എന്റെ ചില പിക്നിക്ക് ക്രേസി സുഹൃത്തുക്കള്‍ക്ക് അയച്ചിട്ടുണ്ട്...

  ReplyDelete
 10. സത്യം ഞാനും വിചാരിച്ചതു മൈസൂറിലെ ചാമുണ്ടി ഹില്‍‌സ് ആണെന്നാ. എന്തായാലും നന്നായിരിക്കുന്നു..:)

  ReplyDelete
 11. നല്ല യാത്രാ‍ക്കുറിപ്പ്... വളരെ ഇഷ്ടമായി..:)

  ReplyDelete
 12. ഇങ്ങനെഒരു സ്ഥലം ഉണ്ടല്ലേ..? ഒരു കോട്ടയംകാരനായ എനിക്ക് ഇപ്പോള്‍ അവിടെ പോകണമെന്നു തോന്നുന്നു...
  നല്ല പോസ്റ്റ്, ഈ അറിവിന് നന്ദി...!

  ReplyDelete
 13. ആ, പിന്നെ നല്ല photos-ഉം.

  ReplyDelete
 14. ഈ സ്ഥലത്തെപ്പറ്റി മുന്‍പ് പ്രിയ ഏ എസ് എഴുതിയിരുന്നു. ആ ലേഖനം അവരുടെ ഒരു പുസ്തകത്തിലുണ്ട്.

  ReplyDelete
 15. നല്ല വിവരണം..

  ചിത്രങ്ങള്‍ സൂപ്പറാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...

  :-)

  ReplyDelete
 16. മാഷെ ഒരു ഒന്നൊന്നര യാത്രാവിവരണമാണ് ഇത്..
  സൊ അത്രയ്ക്കു ബ്യൂട്ടിഫുള്‍.അതിമനോഹരമായ പ്രകൃതി ദൃഷ്യങ്ങളും പകര്‍ത്തിയപ്പോള്‍ അതിന്റെ മാറ്റുകൂട്ടി എന്ന് തന്നെ പറയാം

  ReplyDelete
 17. മാഷെ, ഞാന്‍ ഒന്നു പോയിട്ടു വന്നിട്ട് ബാക്കി കമന്റ് ഇടാം കേട്ടാ...

  ReplyDelete
 18. നല്ലൊരു യാത്രാവിവരണം കൂടി, നിരക്ഷരന്‍ ചേട്ടാ.

  നല്ല ചിത്രങ്ങളും. ആ ഏറുമാടത്തിന്റെ ചിത്രങ്ങള്‍ വല്ലാതെ കൊതിപ്പിയ്ക്കുന്നു.
  :)

  ReplyDelete
 19. വിവരണം പതിവു പോലെ ഉഗ്രന്‍... പടങ്ങള്‍ അത്യുഗ്രന്‍... എപ്പൊഴാണോ അവിടൊന്നു പോകാന്‍ പറ്റുക...

  ReplyDelete
 20. നിരക്ഷരാ, നല്ല വിവരണം.

  ബേബിയാന്റിയെക്കുറിച്ചും ചാമുണ്ഢിയെക്കുറിച്ചും ഇത്രയുംനാള്‍ മറച്ചുവച്ചതിന് എന്താ ശിക്ഷ തരേണ്ടത്‌?

  വീണ്ടും എഴുതു. അതായിരിക്കട്ടെ പിഴ, അല്ലേ?

  ReplyDelete
 21. it is a new information .kottayathu ingine nalloru palace oh!chithrangalum vivaranavum ellaam valare nannaayirikkunnu.

  Sindu.

  ReplyDelete
 22. ആ എട്ടാമത്തെ പടം കണ്ടിട്ട് ആകെ കൊതിയായി. എന്തൊരു കാഴ്ചയാണ് :)

  ReplyDelete
 23. മി, നിര്‍ പോസ്റ്റ് കലക്കി കടുവറുത്തു:)
  ഫോട്ടോസ് അതിഗംഭീരം !
  ഈ ബേബിയാന്റി എപ്പൊ ചെന്നാലും(ഹോട്ടല്‍ പോലെ) ഫുഡും ഒക്കെ ഉണ്ടാക്കികൊടുക്കുമോ?
  അതോ അപ്പോയിന്റ്മെന്റ് ഒക്കെ വേണോ?

  ReplyDelete
 24. വളരെ നല്ല ചിത്രങ്ങളും വിവരണവും......നന്ദി.....

  സസ്നേഹം,
  ശിവ.

  ReplyDelete
 25. നല്ല വിവരണം. ഒരു ദിവസത്തെ താരിഫ് എത്രയാണെന്നു കൂടി പറഞ്ഞിരുന്നുവെങ്കില്‍ സാധാരണക്കാര്‍ക്ക് താങ്ങുന്നതാണോ എന്നറിയാമായിരുന്നു. ആവാന്‍ വഴിയില്ല അല്ലേ?

  ReplyDelete
 26. ഗോപന്‍, ശ്രീവല്ലഭന്‍, ഡോക്ടര്‍, കാപ്പിലാന്‍, വഴിപോക്കന്‍, ഷാരൂ, കാലമാടന്‍, അഭിലാഷ്, സജീ, അഖിലേഷ്, ശ്രീ, കുറ്റ്‌യാടിക്കാരാ, സിന്ധൂ, ശിവകുമാര്‍...നന്ദി.നന്ദി.നന്ദി.

  വിന്‍സ് - വീശല് പരിപാടി ബേബിയാന്റി അവിടെ അനുവദിക്കില്ല. റമ്മി കളിക്കാന്‍ ഞാനും കൂടാം. :) :)

  പാമരന്‍ - 7:30 ന്റെ ലോക്കലിന് പോകാമല്ലോ :)

  മൂര്‍ത്തീ - പി.ഡി.ഏഫ്. ആക്കുന്ന വിദ്യ ഒന്ന് എനിക്കും പറഞ്ഞ് തരണം കേട്ടോ. സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു എന്ന് പറഞ്ഞത് വലിയൊരു അവാര്‍ഡ് കിട്ടിയ സുഖം തന്നു. നന്ദി.

  വെള്ളെഴുത്ത് - പ്രിയ ഏ.എസ്. അവിടം സന്ദര്‍ശിച്ചതായി ഞാന്‍ അറിഞ്ഞിരുന്നു. പക്ഷെ അവര്‍ എഴുതിയത് വായിക്കാന്‍ പറ്റിയില്ല. താങ്കള്‍ അത് എവിടെയാണ് കണ്ടത് ? അതൊന്ന് വായിക്കണമെന്ന് തോന്നുന്നു.

  വാല്‍മീകി - എന്തായാലും പോകണേ.
  റീനീ - അതൊരു വല്ലാത്ത ശിക്ഷയായിപ്പോയല്ലോ :)
  ആഷേ - എട്ടാമത്തെ പടം എടുത്തോളൂ.

  ഫോട്ടോഗ്രാഫര്‍ - അതൊരു റിസോര്‍ട്ടാണ്. വിളിച്ചുനോക്കി ബുക്ക് ചെയ്ത് പോകുന്നതായിരിക്കും ബുദ്ധി. ചെന്നാല്‍ ഭക്ഷണം കിട്ടിയിരിക്കും. അതിനൊക്കെ അവിടെ ആളുണ്ട്.

  ഗീതാഗീതികള്‍ - താരിഫ് അറിയാന്‍ ഞാന്‍ പോസ്റ്റിന്റെ താഴെ കൊടുത്തിരിക്കുന്ന് ലിങ്ക് വഴി പോയി നോക്കിയാല്‍ മതി. എല്ലാം യൂറോയിലാണ് കൊടുത്തിരിക്കുന്നത്. കണ്‍‌വെര്‍ട്ട് ചെയ്ത് നോക്കേണ്ടി വരും.

  പാലസ്സിലേക്ക് ഉല്ലാസയാത്ര വന്ന എല്ലാവര്‍ക്കും നന്ദി. എന്റെ വകയും, ബേബി ആന്റിയുടെ വകയും.

  ReplyDelete
 27. മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
  ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

  ReplyDelete
 28. മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
  ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

  ReplyDelete
 29. മനോജേട്ടാ തകര്‍ത്തു ..
  ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥലത്തെപറ്റി കേള്‍ക്കുന്നത്..ഇതു പൊലെ നമുക്കൊക്കെ അറിയാത്ത എത്രയോ മനോഹരമായ സ്ഥലങ്ങള്‍ ഇനിയും ഉണ്ടാവും കേരളത്തില്‍. ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ നാടിനേയും മലയാളത്തെക്കുറിച്ചുമൊക്കെ ഏറ്റവും അഭിമാനം തോന്നുന്നത്.

  " God's own Country " എന്ന് കാര്‍ണവര്മാര്‍ പറഞ്ഞത് വെറുതെയല്ല.

  ReplyDelete
 30. നമ്മുടെ നാട്ടിലെ ഇത്തരം യാത്രകളൊക്കെ ആര്ക്കും വേണ്ടാത്ത സ്ഥിതിയായിരിക്കുന്നു..അല്ലെ..? എല്ലാവരും വേള്‍ഡ്‌ ടൂര്‍ പാക്കേജ് നു പുറകെയാണ് അല്ലെ..
  നല്ല പോസ്റ്റ് മാഷേ..ചിത്രങ്ങളും അടിപൊളി....ശരിക്കും മനസ്സു കൊണ്ടു അവിടെ ചെന്നു..

  ReplyDelete
 31. Each time when i read ur posts,i feel like going there.....but this time...that feeling got doubled...excellent narration...nice spirit...congrats...

  ReplyDelete
 32. :)
  nxt vacationil enthayalum avide vare onnu pokannam...


  chamundi palace link broken annu...
  change cheithal nannayirikkum...( avarude preshnam annu)
  http://www.chamundihillpalace.org/index.html

  ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.