Sunday 22 June 2008

പൂക്കോട് തടാകം

കോഴിക്കോട് നിന്ന് വയനാടിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സായ കല്‍പ്പറ്റയിലേക്ക് പോകുമ്പോള്‍, താമരശ്ശേരി ചുരം കയറി, വൈത്തിരിയും കടന്ന്, വീണ്ടും 5 കിലോമീറ്ററോളം മുന്നോട്ട് പോകുമ്പോള്‍ പൂക്കോട് തടാകത്തിലേക്കുള്ള വഴി ഇടത്തേക്ക് തിരിയും. പൂക്കോട് നിന്ന് കല്‍പ്പറ്റയിലേക്ക് പോകണമെങ്കില്‍ 13കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്യണം.

അധികം ആരും അറിയപ്പെടാതെ കിടക്കുകയായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഈ മനോഹരമായ തടാകം. കേരളത്തില്‍ ടൂറിസം ഇപ്പോള്‍ ഒരുപാട് അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കിലും പൂക്കോട് തടാകത്തിനെപ്പറ്റി കേട്ടിട്ടുള്ളവര്‍ ഇന്നും ചുരുക്കമാണ്. വയനാട്ടിലെ ഏറ്റവും മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായിട്ട് വിശേഷിപ്പിക്കാവുന്ന ഈ പ്രകൃതിദത്തമായ ശുദ്ധജലതടാകം സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്ററിലധികം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ ഇത്രയും ഉയരത്തില്‍ നിലകൊള്ളുന്ന മറ്റൊരു തടാകം ഉണ്ടെന്ന് തോന്നുന്നില്ല. കബനീനദിയുടെ ഒരു ശാഖയായ പനമരം അരുവിയുടെ ഉത്ഭവം പൂക്കോട് തടാകത്തില്‍ നിന്നാണ്. പച്ചപിടിച്ച് കിടക്കുന്ന മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു എന്നതാണ് പൂക്കോട് തടാകത്തിന്റെ മറ്റൊരു പ്രത്യേകത.
തടാകത്തിനെ ചുറ്റി ഒരു അരഞ്ഞാണം എന്നപോലെ, കാട്ടുമരങ്ങളുടെ തണല്‍ വിരിച്ച ഒരു പാതയുണ്ട്. നല്ല ഒരു നടത്തത്തിന് മനസ്സുള്ളവര്‍ക്ക്, മരങ്ങളുടെ ശീതളച്ഛായയും കാലാവസ്ഥയുടെ കുളിര്‍മയും നുകര്‍ന്ന് ആ കാട്ടുവഴിയിലൂടെ ഒന്ന് കറങ്ങിവരാം. ഇടയ്ക്കിടയ്ക്ക് ക്ഷീണം തീര്‍ക്കാന്‍ കൊച്ചു കൊച്ചു ഇരിപ്പിട സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തടാകത്തിലേക്ക് നോക്കി കുറച്ചുനേരം അതിലിരിക്കാം.
തടാകത്തില്‍ ബോട്ടിങ്ങ് നടത്തണമെന്നുള്ളവര്‍ക്ക് അതാകാം. ബോട്ട് സവാരിയാണ് പൂക്കോട് തടാകത്തിലെ പ്രധാന ആകര്‍ഷണം. ഈ ബോട്ട് യാത്ര തന്നെയാണ് എനിക്കും അവിടെ ഏറ്റവും ഇഷ്ടമുള്ളത്.

തടാകത്തിലെ തെളിഞ്ഞ വെള്ളത്തില്‍ മേഘങ്ങളുടെ പ്രതിബിംബം കണ്ണാടിയിലെന്നപോലെ കാണാം. “ തടാകത്തില്‍ ബോട്ട് യാത്രകള്‍ നിരോധിക്കണം. മേഘങ്ങള്‍ സ്വച്ഛമായി തടാകത്തില്‍ മുഖം നോക്കിക്കോട്ടെ “ എന്ന് എം.ടി.യുടെ ഒരു കഥാപാത്രം പറഞ്ഞത് ഓര്‍ത്തുപോകും ആ കാഴ്ച്ച കാണുമ്പോള്‍.


ആവശ്യത്തിന് ഫൈബര്‍ ബോട്ടുകള്‍ കരയില്‍ സവാരിക്കാരെ കാത്ത് കിടക്കുന്നുണ്ട്. ഒറ്റയ്ക്ക് തുഴഞ്ഞ് നടുവൊടിക്കേണ്ടതില്ല. തുഴക്കാരന്‍ ഒരാള്‍ കൂടെ വരും. 6 മീറ്ററിലധികം ആഴമുണ്ടെങ്കിലും, പായലും താമരയും ആമ്പലുമില്ലാത്തിടത്തൊക്കെ തടാകത്തിന്റെ അടിത്തട്ട് നന്നായി തെളിഞ്ഞുകാണുന്നുണ്ട്. ആമ്പലും താമരയും നിറയെ പിടിച്ച് കിടക്കുന്ന വെള്ളത്തിലൂടെ ഫൈബര്‍ ബോട്ടിലുള്ള സവാരി പകര്‍ന്നുതരുന്ന ഉന്മേഷം ചെറുതൊന്നുമല്ല. ഊട്ടിയിലെ തടാകത്തിലെ തിരക്കുപിടിച്ച ബോട്ട് സവാരി, പൂക്കോട് തടാകത്തിലെ ബോട്ടിങ്ങിന് മുന്നില്‍ ഒന്നുമല്ല.

ബോട്ട് സവാരിയില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് തടാകക്കരയിലെ ഫാസ്റ്റ് ഫുഡ് സ്റ്റാളില്‍ നിന്ന് ഒരു ചൂട് കാപ്പിയോ ചായയോ കുടിച്ച് പ്രകൃതിസൌന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കാം. തടാകത്തിന് സമീപത്തുള്ള അക്വേറിയത്തില്‍ നിറമുള്ള മീനുകളെ കണ്ട് കുറേ നേരം ചിലവഴിക്കാം.
കുടില്‍ വ്യവസായമായി മുളകൊണ്ടും ടെറാക്കോട്ടയിലും ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് വീട്ടുപയോഗത്തിനുള്ള സാധനങ്ങള്‍, തേന്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയതൊക്കെ വാങ്ങാം.
പൂച്ചെടികള്‍ ഒരുപാട് വളര്‍ന്ന് നില്‍ക്കുന്നുണ്ട് കരയിലുള്ള നേഴ്‌സറിയില്‍. ചെടികളോ, അതിന്റെ വിത്തുകളോ വേണമെന്നുള്ളവര്‍ക്ക് അതൊക്കെ വാങ്ങാം. കുറേ ഡാലിയപ്പൂക്കളാണ് എന്നെ ആകര്‍ഷിച്ചത്.
വീഗാലാന്റിന്റെ അത്ര വരില്ലെങ്കിലും കുട്ടികള്‍ക്ക് ചാടാനും മറിയാനുമൊക്കെയുള്ള സൌകര്യങ്ങള്‍ തടാകക്കരയിലെ ചെറിയ പാര്‍ക്കില്‍ ഉണ്ട്.

കൂട്ടുകാരുടെ കൂടെയും, കുടുംബത്തിനൊപ്പവുമൊക്കെയായി മൂന്ന് പ്രാവശ്യത്തിലധികം ഞാന്‍ പൂക്കോട് പോയിട്ടുണ്ടെങ്കിലും, “പൂക്കോട് തടാകത്തിലേക്ക് വരുന്നോ ? “ എന്നാരെങ്കിലും എപ്പോള്‍ ചോദിച്ചാലും ആ ക്ഷണം ഞാന്‍ തയ്യാര്‍. ഒരൊറ്റ പ്രാവശ്യം പോയതുകൊണ്ടോ കറങ്ങിനടന്നതുകൊണ്ടോ ഒരു സ്ഥലവും എനിക്കിതുവരെ മടുത്തിട്ടില്ല. പിന്നെയാണോ പ്രകൃതി സൌന്ദര്യം വഴിഞ്ഞൊഴുകുന്ന പൂക്കോട് തടാകം മടുക്കുന്നത് !!

26 comments:

 1. അപ്പോ അടുത്ത ട്രിപ്പില്‍ പൂക്കോടു പിടിക്കണം :)

  ReplyDelete
 2. മനോജ്ചേട്ടാ പൂക്കോട്തടാകത്തെപ്പറ്റി ആകെ കണ്ടിട്ടുള്ളതു ഒരു വണ്ടിയിലാണ്. അവിടെ നിന്നും സുഗന്ധദ്രവ്യങ്ങളും തേനും മറ്റും വില്പനനടത്തുന്ന ഒരു വണ്ടി. എപ്പോഴും എറണാകുളത്ത്‌ ഹൈക്കോടതി ജങ്‌ഷനിലും കലൂരും കാണാറുണ്ട്‌. പക്ഷെ ഇത്രയും മനോഹരവും പ്രകൃതിരമണീയവും ആയ സ്ഥലമാണിതെന്ന്‌ തീരെ കരുതിയില്ല. കേരളത്തിലെ മനോഹരമായ ഒരു സ്ഥലംകൂടി പരിചയപ്പെടുത്തിയതിനു നന്ദി.

  ReplyDelete
 3. ഒരുപാട് യാത്ര ചെയ്യുനുണ്ടല്ലോ...നല്ല വിവരണവും ചിത്രങ്ങളും...

  ReplyDelete
 4. നീരു, മനസ്സ് നിറഞ്ഞു. നന്ദി

  ReplyDelete
 5. നീരൂ നന്നായിരിക്കുന്നു’
  പത്തു പുസ്തകം വായിക്കുന്ന ഗുണം
  ഒരു യാത്ര തരും ! അതെത്രശരിയാണ്
  എന്ന് ഈ ചിത്രവും വിവരണവും കണ്ടപ്പൊള്‍ തോന്നി, സുരക്ഷിതമായി യാത്രകള്‍ തുടരൂ
  എല്ലാ നന്മകളും ആശംസിക്കുന്നു.
  സസ്നേഹം മാണിക്യം

  ReplyDelete
 6. ഞാനും അവിടെ പോയിട്ടുണ്ട്. എങ്കിലും ഒന്നു കൂടി വായിച്ചപ്പോള്‍ ആ സ്ഥലത്തിന്റെ മനോഹാരിത കൂടിയതു പോലെ. നല്ല വിവരണം. ചിത്രങ്ങളും മനോഹരം

  ReplyDelete
 7. നല്ല ചിത്രങ്ങള്‍, അതിലും നല്ല വാങ്മയ ചിത്രങ്ങള്‍!
  ഈ പൂക്കോട് തടാകം തട്ടേക്കാട്ട് പക്ഷി സങ്കേതം ഒക്കെ അടുത്തടുത്താണോ?

  ReplyDelete
 8. സത്യം പറയാലാ..ഈ മനുഷ്യനെ ഞാന്‍ കൊല്ലും. ആളുകളെ കൊതിപ്പിക്കാന്‍ മനപ്പുര്‍വ്വം കച്ചകെട്ടിയിറങ്ങിയിരിക്കാ.. എന്നാ ഇതൊക്കെ കണ്ട് കൊതിമുത്ത് നമുക്ക് ഒന്നു അങ്ങോട്ടു പോകാമ്പറ്റോ? അതൂല്യ!. എവിടന്ന് ലീവ്?! എവിടുന്ന് നേരം?!

  ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമിയില്‍ നിന്നാണ് പൂക്കോട് തടാകത്തെക്കുറിച്ച് അറിഞ്ഞത്. ഫോട്ടോ കണ്ടതും. ഇതും ഒരു നല്ല അനുഭവമായി. ആഹ്! എന്നെങ്കിലുമൊക്കെ അവിടെ പോണം..
  നന്ദി നിരൂ..

  ReplyDelete
 9. നിരക്ഷരന്‍ ചേട്ടാ...
  ഞാന്‍ ആദ്യമായാണ് പൂക്കോട് തടാകത്തെ പറ്റി കേള്‍ക്കുന്നത്. പക്ഷേ ഇതു വായിച്ച്, ചിത്രങ്ങളെല്ലാം കണ്ടു കഴിഞ്ഞപ്പോള്‍ ഒന്നു പോയാല്‍ കൊള്ളാം എന്നൊരു തോന്നല്‍!
  :)

  ReplyDelete
 10. പൂക്കൊട് പോയിട്ടുണ്ട് ദേ, ഇപ്പൊ ഒന്നൂടെ പോയി. ഇനിയും എഴുതൂ പോയ വഴികളെക്കുറിച്ചും കണ്ട കാശ്ചകളെക്കുറിച്ചും. ഞാന്‍ വളരെ താല്പര്യത്തോടെയാണ് നിരന്റെ പോസ്റ്റുകള്‍ വായിക്കുകയും ചിത്രങ്ങള്‍ കാണുകയും ചെയ്യുന്നത്. യാത്രകളുടെ വിശേഷങ്ങളും വര്‍ത്താനങ്ങളും കേള്‍ക്കാന്‍ എനിക്ക് എന്നും ഇഷ്ടമാണ്.

  ReplyDelete
 11. വയനാട്ടില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായും അവസാനമായും പൂക്കോട് തടാകത്തില്‍ പോകുന്നത്......പിന്നീട് പോകണമെന്ന് വിചാരിച്ചെങ്കിലും സാധിച്ചിരുന്നില്ല,, ഇപ്പോ മനസ്സ് അവിടെ ഒരിക്കല്‍കൂടെ പോയി വന്നു....

  ഓഫ്: അപ്പു മാഷ്, തട്ടേക്കാടല്ല വയനാട്ടിലുള്ളത് പക്ഷിപാതാളമാണ്. അത് പൂക്കോട് നിന്നും ഏതാണ്ട് 60 കിലോമീറ്റര്‍ ദൂരത്താണെന്നാണ് ഓര്‍മ. കറക്ടായിട്ട് നീരേട്ടന്‍ പറഞ്ഞുതരും

  ReplyDelete
 12. പതിവുപോലെ നിരക്ഷരടച്ചുള്ള ഒരു യാത്രാവിവരണം...

  ഇപ്പോള്‍ അവിടെ ബോട്ടിങ്ങിന് ചാര്‍ജ് കൂടിയെന്നും, ഫൈബര്‍ ബോട്ടുകളൊക്കെ മാറി സ്പീഡ് ബോട്ടുകളായി എന്നുമൊക്കെ ഈയിടെ ഒരു സുഹൃത്ത് പറഞ്ഞു. ഇനിയിപ്പോള്‍ ബാണാസുരസാഗറിലാണോ എന്ന് അറിയില്ല.

  പൂക്കാടിനെ പറ്റി പോസ്റ്റിട്ടതിന് നന്ദി.

  ReplyDelete
 13. പൂക്കോട്ടു താടകംന്നു കേള്‍ക്കുമ്പം "എന്റെ അമ്മച്ചിയെന്നു വിളിച്ചി പോകും"".

  അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം....

  സുഹൃത്തുക്കളുമായി ഒരു ട്രിപ്പടിചു... വയനാട് (പുക്കോട്ട് ലൈക്ക്, ഇടക്കല്‍ ഗുഹ...)

  പെടല്‍ ബോട്ടുമായി വെള്ളത്തിലിറങ്ങി നിശ്ചിത സമയം കഴിഞ്ഞിട്ടും തിരിച്ചു വരാഞ്ഞിട്ടു സെക്യുരിറ്റി ചീത്ത പറഞ്ഞപ്പോള്‍, കൂടെയുള്ള ചോരതിളപ്പന്മാര്‍ തിരിച്ചു തെറിപറഞ്ഞു,

  പിന്നെ സെക്യുരിട്ടിക്കാര്‍ ഒന്നും മിണ്ടാതിരുന്നതിന്റെ രഹസ്യം ഞങ്ങള്‍ കരയിലേക്ക് വന്നപ്പോഴാണ് മനസ്സിലായത്....

  കരയിലേക്ക് വന്നതും എവിടുന്നന്നറിയില്ല, അവിടെയുള്ള മൊത്തം സെക്യുരിട്ടിയും ഞങ്ങളെ വളഞ്ഞിട്ടടി തുടങ്ങി... അന്നോടിയതാ അവിടുന്നു ......

  അന്നത്തെ ഓട്ടം ഒന്നുകൂടി ഓര്‍മിപ്പിച്ചതിനു നന്ദി.....

  ReplyDelete
 14. നിരച്ചരാ ഇങ്ങനെ കൊതിപ്പിക്കാതെ.. എന്തൊരു ഗ്ളാമര്‍ സ്ഥലം..! ഫോട്ടങ്ങള്‍ക്കും വിവരണത്തിനും നണ്‍ട്രി..

  ReplyDelete
 15. Good Photoes and Explanations...
  Kutyadikkaraa.....Speed boat service is in Banasura Sagar Dam.

  ReplyDelete
 16. സൂപ്പര്‍! ഇങ്ങനെ കാണാന്‍ കൊതിക്കുന്ന സ്ഥലങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നു :-)

  ReplyDelete
 17. ഈയടുത്താണ് ഈ ബ്ലോഗ് കണ്ടത്. എല്ലാ പോസ്റ്റും ഇരുന്നു വായിച്ചു. യാത്രയുടെ കാര്യത്തില്‍ സമാന മനസ്സായതു കൊണ്ടായിരിക്കും ഭയങ്കരമായിട്ട് ഇഷ്ടപെട്ടു.

  ReplyDelete
 18. വീണ്ടും പട്ടികയില്‍ ഒരു സ്ഥലം കൂടി. എന്നാണാവോ ഇതൊക്കെ ഒന്നു കാണാന്‍ കഴിയുക.
  :)

  ReplyDelete
 19. ഇത്രയൊക്കെ വികസനം വരും മുന്‍‌പേ ഒരിക്കല്‍ പോയിട്ടുണ്ട്. ഇപ്പോള്‍ അവിടം കണ്ടിട്ട് അതിശയം തോന്നുന്നു.

  ചിത്രങ്ങളൊക്കെ അതിഗംഭീരം നീരൂ. ആ നീലത്താമരകള്‍ എന്തു ഭംഗി.

  ReplyDelete
 20. നിരക്ഷരന്‍ ജീ...,..പൂക്കോട് തടാകത്തെ പറ്റി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ...പോകാന്‍ പറ്റിയില്ലെങ്കിലും ഈ യാത്രാവിവരണത്തിലൂടെ അവിടെല്ലാം കണ്ട പോലെ...നീലത്താമരകളെ കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നുന്നില്ല.....ഇവിടെയൊക്കെ ഇങ്ങനെ കറങ്ങി നടക്കാന്‍ എപ്പോഴാ സമയം കിട്ടുന്നത്......ഉള്ള സമയം ഇങ്ങനെ ഫലപ്രദമായി യാത്രകള്‍ക്കായി വിനിയോഗിക്കുന്നത് കണ്ടിട്ട് അസൂയ തല പൊക്കണു....:)

  ReplyDelete
 21. ഷാരൂ - ഇപ്രാവശ്യമെങ്കിലും അസൂയയാകുന്നു എന്ന് പറയാതെ അവിടെ പോയിട്ടുണ്ട് എന്ന് പറഞ്ഞുകേട്ടതില്‍ സന്തോഷം:)

  അപ്പു - തട്ടേക്കാട് പക്ഷിസങ്കേതം വയനാട്ടിലല്ല. എറണാകുളത്ത് നിന്ന് 55 കിലോമീറ്റര്‍ യാത്ര ചെയ്താല്‍‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് തട്ടേക്കാട്. താമസിയാതെ ഞാന്‍ ഒരു പോസ്റ്റ് തട്ടേക്കാടിനെപ്പറ്റി ഇടുന്നുണ്ട്.വയനാട്ടില്‍ ഉള്ളത് പക്ഷിപാതാളമാണ്. അത് മാനന്തവാടിയില്‍ നിന്നും വീണ്ടും 40 കിലോമീറ്ററോളം ദൂരെയാണ്.

  നന്ദകുമാര്‍ - ഒരു ബാച്ചിലറല്ലേ താങ്കള്‍? പെണ്ണുകെട്ടിക്കഴിയുമ്പോള്‍ ഹണിമൂണ്‍ ട്രിപ്പായിട്ട് ഇവിടെയൊക്കെ പോയ്ക്കൂടേ ? :)

  ശ്രീലാല്‍ - അപ്പറഞ്ഞത് ഒരു വലിയ അംഗീകാരമായിട്ട് എടുക്കുന്നു. ഇത്തരം പ്രചോദനങ്ങള്‍ കൂടുതല്‍ കൂടുതല്‍ യാത്ര ചെയ്യാനും അതിനെപ്പറ്റിയൊക്കെ എഴുതാനും എനിക്ക് പ്രേരകമാകുന്നുണ്ട്.വളരെ വളരെ നന്ദി.

  കുറ്റ്യാടിക്കാരാ - താങ്കള്‍ക്കുള്ള മറുപടി അരീക്കോടന്‍ മാഷ് തന്നുകഴിഞ്ഞു. പൂക്കോട് തടാകത്തില്‍ സ്പീഡ് ബോട്ട് ഓടിക്കാനും വേണ്ടി സ്ഥലമൊന്നും ഇല്ല.

  ഒരു സ്നേഹിതന്‍ - അയ്യോ അത് കഷ്ടമായിപ്പോയല്ലോ ? യാത്രകളില്‍ പാലിക്കപ്പെടേണ്ട ചില മിനിമം മദ്യാദകള്‍ ഉണ്ട്. ചോരത്തിളപ്പുള്ള ചെറുപ്പക്കാര്‍ ഇത്തരം കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നത് സ്വാഭാവികം. യാത്രയുടെ മുഴുവന്‍ രസങ്ങളും കളയാന്‍ ഇതൊക്കെ ധാരാളം. സുരക്ഷിതമായി യാത്ര ചെയ്ത് തിരിച്ചുവരണം. അതിലാണ് യാത്രയുടെ മുഴുവന്‍ സുഖവുമിരിക്കുന്നത്. അതിനെപ്പറ്റി ഞാനൊരു പോസ്റ്റ് തയ്യാറാക്കുന്നുണ്ട്. സ്നേഹിതന്റെ ഈ കമന്റ് കണ്ടപ്പോഴാണ് അതിനെപ്പറ്റി ഞാന്‍ ചിന്തിച്ചത്. നന്ദി മാഷേ ...:)

  ആഷ - വേണമെങ്കില്‍ ചക്ക മരത്തില്‍ തന്നെ കായിക്കും എന്നാണല്ലോ !!

  റെയര്‍ റോസ് - ആഷയോട് പറഞ്ഞത് തന്നെ ഒന്നൂടെ പറയുന്നു. ഒന്ന് മനസ്സ് വെച്ച് നോക്കൂ. അസൂയപ്പെടേണ്ട ഒരു കാര്യവും ഉണ്ടാകില്ല.

  ജിഹേഷ്, മണികണ്ഠന്‍, വാല്‍മീകി, പൊറാടത്ത്, മാണിക്യേച്ചീ, ശ്രീ, തോന്ന്യാസീ, പാമരന്‍, അരീക്കോടന്‍ മാഷ്, ബിന്ദു, സിജു, ഗീതേച്ചീ.... പൂക്കോട് തടാകം കാണാനും ബോട്ടിങ്ങ് നടത്താനുമൊക്കെ വന്ന എല്ലാവര്‍ക്കും പെരുത്ത് നന്ദി.

  ReplyDelete
 22. valare sukhakaramaaya yaatraanubhavam

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. Ore oru samsayam...Camera etha?

  Ezhuthu ugranaayirikkunnu..."Arm chair traveller" aaya enikku polum onnirangi karangiyaalo ennoru chintha...!!! Chumma karangaanoru rasamokke undennoru thonnal...!!!

  ReplyDelete
 25. മുന്‍പ് പോയതാണെങ്കിലും ..ഒന്നും കൂടി ഒന്നു വലം വെച്ചു വന്ന മാതിരി....!

  ReplyDelete
 26. കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം പോയിരുന്നു. ഒന്നും കൂടി ഒന്നു വലം വെച്ചു വന്ന മാതിരി....!

  ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.