Sunday 11 May 2008

കുറുവ ദ്വീപ്

"കുറുവ ദ്വീപിലേക്ക് പോയാലോ ? "

ചോദ്യം വയനാട്ടിലെ മാ‍നന്തവാടിക്കാരനായ സുഹൃത്ത് ഹരിയുടേതാണ്.

പല പ്രാവശ്യം ഹരിയും മറ്റ് മാനന്തവാടി സുഹൃത്തുക്കളും കുറുവ ദ്വീപിനെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. അവിടെ പോകാന്‍ ഒത്തുവന്ന ഒരവസരം എന്തിന് പാഴാക്കണം ?

ഹരിയുടെ കാറില്‍ യാത്ര പുറപ്പെട്ടപ്പോള്‍ത്തന്നെ മഴ പെയ്ത് തുടങ്ങിയിരുന്നു. മാനന്തവാടിയില്‍ നിന്ന് 'കാട്ടിക്കുളത്ത്' എത്തുന്നതിന് ഏകദേശം ഒരു കിലോമീറ്റര്‍ മുന്‍പായി 'ചങ്ങല ഗേറ്റില്‍' നിന്നും വലത്തേക്ക് തിരിഞ്ഞ് പിന്നേയും 4 കിലോമീറ്ററോളം പോയപ്പോള്‍ കുറുവ ദ്വീപിന് മുന്നിലെത്തി. മൊത്തം 16 കിലോമീറ്റര്‍ പോയിക്കാണും. ദ്വീപിന്റെ ഇക്കരെ വാഹനം പാര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോഴേക്കും മഴ ശക്തമായിക്കഴിഞ്ഞിരുന്നു.

കേരളത്തിലെ‍, കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നാ‍യ കബനി‍യുടെ ശാഖകളാല്‍ ചുറ്റപ്പെട്ടാണ് 950 ഏക്കറോളം വരുന്ന ആള്‍ത്താമസമൊന്നുമില്ലാത്ത കുറുവ ദ്വീപ് കിടക്കുന്നത്.

2007 മെയ് മാസമാണ്. കാലവര്‍ഷം ആരംഭിച്ചുകഴിഞ്ഞു. കബനീനദി കലങ്ങി മറിഞ്ഞ് ഒഴുകുന്നു. നദിയില്‍ വെള്ളം കൂടുതലാണിപ്പോള്‍ എന്നാണ് ഹരിയുടെ അഭിപ്രായം. വെള്ളം കുറവുള്ള സമയത്ത് ചില ഹോട്ടല്‍ ഗ്രൂപ്പുകാര്‍ നദിക്ക് കുറുകെ കയര്‍ കെട്ടി ലൈഫ് ജാക്കറ്റൊക്കെ ഇട്ട് പുഴകടക്കാനുള്ള ചില സാഹസികമായ സൌകര്യങ്ങളൊക്കെ ഉണ്ടാക്കാറുണ്ടത്രേ! പുഴയില്‍ ചീങ്കണ്ണിയോ, മുതലയോ മറ്റോ ഉണ്ടെന്നും ആരേയോ കടിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയും ചുറ്റുവട്ടത്തൊക്കെ കേള്‍ക്കാനുണ്ട്. പുഴ കിഴക്കോട്ടൊഴുകി 'ബാവലി' കഴിഞ്ഞ് കര്‍ണ്ണാടകത്തിലെ 'ബീച്ചനഹള്ളി' ഡാമിലെത്തിച്ചേരുന്നു. ഈ ഡാമാണത്രേ കര്‍ണ്ണാടകത്തിലേക്കുള്ള ശുദ്ധജലവിതരണത്തിന്റെ ഒരു സ്രോതസ്സ്.

ദ്വീപിലേക്ക് പോകേണ്ടത് നാലഞ്ച് പേര്‍ക്ക് കയറാവുന്ന ചെറിയ ഫൈബര്‍ ബോട്ടിലാണ്. ടിക്കറ്റ് കൌണ്ടറില്‍ ഇരിക്കുന്നത് ഹരിയുടെ പരിചയക്കാരനാണ്. മഴ ഒന്ന് ശമിക്കുന്നതുവരെ മുളവെച്ച് കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ആ കൊച്ചുകൂടാരത്തില്‍ കയറി നിന്നു.

മഴമാറിയിട്ട് ദ്വീപിലേക്ക് പോകലുണ്ടാകില്ലെന്ന് തോന്നിയതുകൊണ്ട് കയ്യിലുള്ള ഒരു കുടക്കീഴില്‍ത്തന്നെ രണ്ടുപേരും പുഴക്കടവിലേക്ക് നടന്നു. മൂന്നാല് ബോട്ടുകള്‍ കിടക്കുന്നുണ്ട് കരയില്‍. മറുകരയിലും ഒരു ബോട്ട് കണ്ടു.

മഴയത്ത് നനഞ്ഞ് കുളിച്ച് നാലഞ്ച് ചെറുപ്പക്കാര്‍ ഇക്കരയിലേക്ക് വന്നു കയറി. സംസാരം കേട്ടപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും വന്ന സഞ്ചാരികളാണെന്ന് തോന്നി. ആ ബോട്ടില്‍ തന്നെ ഞങ്ങള്‍ ദ്വീപിലേക്ക് പുറപ്പെട്ടു. മഴ വീണ്ടും കൂടി. ഒരു അപകടം ഉണ്ടായാ‍ല്‍ എന്ത് ചെയ്യുമെന്ന്, എങ്ങനെ രക്ഷപ്പെടുമെന്ന് എന്നിലെ ഓയല്‍ഫീല്‍ഡുകാരന്‍ ചിന്തിക്കാ‍ന്‍ തുടങ്ങി. എന്തായാലും, വിചാരിച്ചതുപോലെ കുഴപ്പമൊന്നുമില്ലാതെ ദ്വീപിലെത്തി.
ചെന്നപ്പോള്‍ തന്നെ കയ്യിലിരുന്ന ബാഗെല്ലാം പരിശോധിക്കാന്‍ ഗാര്‍ഡ് എത്തി. മദ്യപാനമൊന്നും അവിടെ നടക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി. വനസംരക്ഷണസമിതിയും, സംസ്ഥാന‍ ടൂറിസം പ്രമോഷന്‍ കൌണ്‍സിലുമൊക്കെ ചേര്‍ന്നാണ് ഇപ്പോള്‍ കുറുവാ ദ്വീപിന്റെ സംരക്ഷണവും, ടൂറിസവുമൊക്കെ നടത്തിക്കൊണ്ടുപോകുന്നത്.

50 രൂപ കൊടുത്താല്‍ ഒരു ഗൈഡിനെ കിട്ടും. ദ്വീപ് മൊത്തം നമ്മളൊറ്റയ്ക്ക് കറങ്ങിനടന്നാലും അവിടത്തെ പ്രധാന ആകര്‍ഷണമായ ഔഷധസസ്യങ്ങളും, മരങ്ങളിലൊക്കെ സ്വാഭാവികമായി പിടിച്ചുകിടക്കുന്ന ഓര്‍ക്കിഡുകളുമൊന്നും കാണാന്‍ തന്നെ പറ്റിയെന്നുവരില്ല. എന്നിരുന്നാലും, മഴ നിലയ്ക്കാത്തതുകൊണ്ട് ഗൈഡുമായിട്ട് അധികം കറങ്ങാന്‍ പറ്റുമെന്ന് തോന്നിയില്ല. അതുകൊണ്ട് ഗൈഡിനെ ഒഴിവാക്കി.

കാട്ടില്‍ ഇടയ്ക്കിടയ്ക്ക് മുളവെച്ച് കെട്ടിയുണ്ടാക്കിയ ഗാലറിപോലുള്ള ഇരിപ്പിടങ്ങള്‍ ഉണ്ട്. കുറെ നേരം അതില്‍ക്കയറി ഇരുന്നു. മഴ ഒന്ന് ശമിച്ചപ്പോള്‍ അവിടന്നിറങ്ങി വീണ്ടും കാട്ടിലൂടെയെല്ലാം കുറെ നടന്നു. ഇല്ലിക്കൂട്ടങ്ങള്‍ ഒരു ക്ഷാമവുമില്ലാതെ വളര്‍ന്നുനില്‍ക്കുന്നുണ്ട്, ദ്വീപ് മുഴുവന്‍.

ദേശാടനപ്പക്ഷികളുടെ ഒരു സങ്കേതമാണത്രേ കുറുവ ദ്വീപ്. ഇതല്ലാതെയും ധാരാളം പക്ഷികള്‍ കുറുവയിലുണ്ട്. അവയുടെ കൂടുകെട്ടുന്ന ശീലങ്ങള്‍, ഇണയെ വിളിക്കുന്ന ശബ്ദങ്ങള്‍, എന്നുതുടങ്ങി ഒരു പക്ഷിനിരീക്ഷകന് സമയം ചിലവാക്കാന്‍ പറ്റിയ ഒരു സ്ഥലമാണതെന്നാണ് എനിക്ക് തോന്നിയത്. വന്യമൃഗങ്ങളും ഉണ്ടെന്നാണ് പറഞ്ഞുകേട്ടത്. പക്ഷെ, കുരങ്ങിനെയല്ലാതെ വേറൊന്നും ഞാന്‍ കണ്ടില്ല.

കുറുവയെ ചുറ്റിപ്പറ്റി ഒന്നുരണ്ട് ചെറിയ ഉപഗ്രഹദ്വീപുകള്‍ കൂടെയുണ്ട്. ദ്വീപും പരിസരവുമെല്ലാം എക്കോ ഫ്രണ്ട്‌ലിയായിട്ടാണ് സംരക്ഷിക്കപ്പെടുന്നത്. മഴ ശരിക്കും ചതിച്ചതുകാരണം മുഴുവന്‍ കറങ്ങിനടന്ന് കാണാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, ചിലയിടങ്ങളില്‍ ക്യാമറ പുറത്തെടുക്കാന്‍ പോലും പറ്റിയില്ല.

കുറച്ചുള്ളിലോട്ട് മാറി നദിക്കരയില്‍ പാറക്കെട്ടുകള്‍ ഉള്ളിടത്ത് ഒരു മരത്തിന്റെ തണല്‍ പറ്റി‍ കുറേനേരം വെറുതെ ഇരുന്നു. മഴ വന്നും പോയും ശല്യം ചെയ്തുകൊണ്ടിരുന്നെങ്കിലും കുറേനേരമങ്ങിനെ ഇരുന്നപ്പോള്‍ മനസ്സും ശരീരവും കുളിര്‍ത്തു.


ദ്വീപില്‍, രാത്രികാലങ്ങളില്‍ ക്യാമ്പ് ചെയ്യാന്‍ സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്ന് കേട്ടു. മഴക്കാലം കഴിഞ്ഞിട്ട് ഒരിക്കല്‍ക്കൂടെ പോകണം, ശരിക്കും കറങ്ങിനടന്ന് കാണണം, ഒരു രാത്രി അവിടെ ക്യാമ്പ് ചെയ്യണമെന്നൊക്കെ അപ്പോള്‍ത്തന്നെ മനസ്സിലുറപ്പിച്ചു.

മനുഷ്യന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന വൈപ്പിന്‍ ദ്വീപില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. മനുഷ്യവാസം തീരെയില്ലാത്ത വേറൊരു ദ്വീപില്‍ ഒരു രാത്രി തങ്ങിയാല്‍ എങ്ങിനെയുണ്ടാകുമെന്ന് അറിയണമല്ലോ ?!

47 comments:

  1. ഇതാ പറയുന്നത് ഈശ്വര നിശ്ചയം എന്ന് .ആദ്യ തേങ്ങാ ഉടക്കാന്‍ പറ്റുക എന്നാല്‍ അത്ര മോശം ഒന്നും അല്ല.കൂടാതെ ഞാന്‍ ഇവിടെ ആ തേങ്ങ പൊട്ടിച്ച് ഒരു ചെറിയ വിളക്കും കത്തിച്ചു വെക്കുന്നു .

    ഈശ്വരാ ...രച്ചിക്കണേ

    നിരന്‍ ഇപ്പോഴും ആ മുടി വെട്ടിയില്ല അല്ലേ ? ബാര്‍ബര്‍ അവിടെ വന്നില്ലേ ? ഞാന്‍ ഇവിടെ നിന്നും പറഞ്ഞു വിട്ടിരുന്നല്ലോ ?

    നല്ല യാത്രാ വിവരണം :)

    ReplyDelete
  2. വിവരണം നന്നായി , ഇപ്പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ പോകാന്‍ ശ്രമിക്കണം :)

    ReplyDelete
  3. കൊള്ളാം യാത്രാ വിവരണം. പലപ്പോഴും തോന്നിയിട്ടുള്ളതാണ് വയനാടൊക്കെ ഒന്ന് ചുറ്റിയടിക്കണമെന്ന്. അടുത്തു തന്നെ ആ ഭാഗ്യം കിട്ടുമെeനാശിക്കുന്നു.

    ReplyDelete
  4. ഇന്നലെ മനോരമ ന്യൂസ്സില്‍ കുറുവ ദ്വീപിലേക്ക് ഒരു തൂക്കൂപാലം ഉണ്ടാക്കാന്‍ പോകുന്ന വാര്‍ത്ത കണ്ടപ്പോള്‍ ഈ സ്ഥലത്തെകുറിച്ച് കൂടുതല്‍ അറിയണം എന്നു വിചാരിച്ചു. ഉടനെ തന്നെ വന്നല്ലൊ..ഏതായാലും ശരിക്കു മനസ്സിലാക്കാന്‍ സാദിച്ചു...

    ReplyDelete
  5. വിവരണം വായിച്ചപ്പോള്‍ മുന്‍പ് പോയിരുന്ന ഇവിടെ വീണ്ടും എത്തിയ പോലെയായി..

    ReplyDelete
  6. excellent post Manoj,
    very informative.
    :)

    ReplyDelete
  7. എനിക്ക് സത്യത്തില്‍ അസൂയ തോന്നുന്നു. നിരൂന് ഒരുപാടു സ്ഥലങ്ങളില്‍ പോകാനുള്ള ഭാഗ്യം കിട്ടിയതില്‍.
    നല്ല പോസ്റ്റ്, നല്ല വിവരണം, ചിത്രങ്ങളും

    ReplyDelete
  8. നല്ല വിവരണം നല്ല പോട്ടങ്ങളും.
    നദിയില്‍ മഴപെയ്യുന്നുണ്ടെന്ന് അതിന്റെ കോരിത്തരിച്ച പാടുകള്‍ പറയുന്നു.അഭിനന്ദനങ്ങള്‍ ഇനിയും നല്ല യാത്രകള്‍ നിരനും, വിവരണം വായനക്കാര്‍ക്കും ലഭിക്കാനിടവരട്ടെ.


    "950 ഏക്കറോളം വരുന്ന ആള്‍ത്താമസമൊന്നുമില്ലാത്ത കുറുവ ദ്വീപ് കിടക്കുന്നത്."

    ഇതു പറയേണ്ടായിരുന്നു വെള്ളവുംകരയുമൊരുമിച്ചു കിട്ടുന്ന ഇടങ്ങള്‍ നോക്കി ബിനാമിപ്പണ്ടാരങ്ങള്‍ തെണ്ടി നടക്കുകയാണ്,ടൂറിസം ഡെവലപ്മെന്റ് മാങാത്തൊലി എന്നൊക്കെ പറഞ്ഞ് പറ്റിച്ച്.

    ReplyDelete
  9. നീരൂ.. നല്ല പോസ്റ്റ്.. 950 ഏക്കര്‍ ആള്‍താമസമില്ലാത്ത ദ്വീപ് എന്ന് വായിച്ചപ്പോള്‍ കൊതിയായി. പിന്നെ കാവലാന്‍ പറഞ്ഞ അഭിപ്രായം....

    ReplyDelete
  10. അടുത്ത തവണ പോകുമ്പോള്‍ എന്നെയും വിളിക്കണം ട്ടാ, അല്ലെങ്കില്‍ ആ ഹരി അണ്ണന്റെ കോണ്ടാക്റ്റ് നമ്പര്‍ തന്നാലും മതി..
    നന്ദി ഈ വിവരണത്തിന്.....
    (പടം പിടുത്തത്തില്‍ പിശുക്ക് കാട്ടരുത് !!!)

    ReplyDelete
  11. ഇതു വായിച്ചപ്പോള്‍ അവിടെ എത്തി ചേര്‍ന്ന ഒരു തോന്നല്‍..ആ മുളങ്കൂട്ടത്തിനടിയില്‍ ഇരിക്കുന്ന ഫോട്ടോ ശ്ശി പിടിച്ചിരിക്ക്ണു...കുറുവാ ദ്വീപില്‍ ആദിവാസികള്‍ ഒന്നും ഇല്ലായിരുന്നോ ??

    ReplyDelete
  12. കബനിയില്‍ ചീങ്കണ്ണികള്‍ ഉണ്ട്! ഇളം വെയിലുള്ള വൈകുന്നേരങ്ങളില്‍ ചിലപ്പോ ഇവ കൂട്ടത്തോടെ പാറകളില്‍ വെയില്‍ കായാന്‍ എത്തും.ഇക്കരെ നിന്നാല്‍ ഒരു സാധാരണ ദ്വീപായി തോന്നുമെങ്കിലും അതിനുള്ളിലെത്തുക എന്നത്ത് അതി മനോഹരമായ ഒരനുഭവമാണ്...! അങ്ങോട്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം കൂടെ ഓര്‍ക്കുക. കാലവഷം തുടങ്ങിക്കഴിഞ്ഞാല്‍ കുറുവ ദ്വീപിലേക്ക് സഞ്ചാരികളെ കടത്താറില്ല. മലമുകളില്‍ മഴ പെയ്താല്‍ കബനി രൌദ്ര ഭാവത്തിലാകൂം എന്നത് തന്നെ കാരണം... നല്ല പോസ്റ്റ് നിരക്ഷര്‍ജീ!

    ReplyDelete
  13. നന്നായിട്ടുണ്ട്... എന്നത്തേയും പോലെ ഇതും...

    കുറുവ ദ്വീപ് എന്ന് കേട്ടപ്പോഴേ പക്ഷികളെയാണ് ഓര്‍മ്മ വന്നത്.
    പക്ഷികളൊക്കെ എവിടേ? മഴ പെയ്തതു കൊണ്ടായിരിക്കും അല്ലേ ആരെയും കാണാഞ്ഞത്? ഇനിയിപ്പോ വല്ല പക്ഷിഹര്‍ത്താലുമാണോ?

    പിന്നെ വേറൊരു കാര്യം.. ഗുരുവിനെ ഉപദേശിക്കുകയാണെന്നൊന്നും കരുതരുതേ...
    വേറാരും പറഞ്ഞു കണ്ടില്ല, അതു കൊണ്ടാണ്...
    എല്ലാ യാത്രാവിവരണങ്ങളുടെയും ആരംഭം ഏതാണ്ട് ഒരു പോലെയാണെന്ന് തോന്നുന്നു. റ്റു ബി സ്പെസിഫിക്, കുറുവ, മറനാട്ട് മന, ഐ എന്‍ എസ് വിക്രാന്ത് എന്നിവയുടെ തുടക്കം ഒരുപോലെ ഇരിക്കുന്നു. ഈ ശൈലിയില്‍‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റുമോ?

    ഒരൊറ്റ യാത്രാവിവരണം മാത്രം എഴുതിയ ഒരുത്തന്‍ വിമര്‍ശിക്കാന്‍ വന്നിരിക്കുന്നു എന്ന് നിരക്ഷരന്‍ പറയില്ലെന്ന് എനിക്കറിയാം... ആ സ്വാതന്ത്ര്യത്തില്‍ പറഞ്ഞതാണേ....

    ReplyDelete
  14. നല്ല വിവരണം....ചില ഫോട്ടോീസ്‌ ഞാനും കൂടി പോസ്റ്റട്ടെ....

    ReplyDelete
  15. അതിമനോഹരമായ സ്ഥലം
    മനോഹരമായ ചിത്രങ്ങള്‍... വിവരണവും...അങ്ങിനെത്തന്നെ.
    കുറുവ ദ്വീപില്‍ പോവണമെന്ന്‌
    ഇപ്പോള്‍ വെറുതെ ഒരു തോന്നല്‍...

    ReplyDelete
  16. നല്ല ച്ത്രങ്ങളും വിവരണവും...കുറുവ ദ്വീപ് എത്ര സുന്ദരം....

    NB: അവസാനത്തെ ചിത്രം കുറുവ ദ്വീപിലെ ഏതെങ്കിലും ജീവിയുടെതാണോ?

    ReplyDelete
  17. നിരക്ഷരാ, ഇന്നൂടെ ചെലവൂര്‍ വഴി കാരന്തൂര്‍ക്ക് വരുമ്പോ കുറുവ ദ്വീപിലേക്ക് 97കീമീ എന്ന ബോര്‍ഡ് കണ്ടതേയുള്ളൂ. ദേ ഇപ്പോ അവിടെ പോയപോലെ പ്രതീതിയും ആയി. വെല്‍ ഡണ്‍!

    ReplyDelete
  18. നിരു.

    പടങ്ങളും വിവരണവും അവിടെപോകാനുള്ള ആഗ്രഹം ഉണ്ടാക്കുന്നു. അവിടം കോണ്‍ക്രീറ്റ് കാടുകളായി മാറാതിരിക്കട്ടെ... ഒരുപാട് നന്ദി ഒരു പുതിയ സ്ഥലത്തെക്കുറിച്ചറിയാന്‍ സാധിച്ചതിന്..!

    ReplyDelete
  19. ഇത്തരം മനോഹരങ്ങളായ സ്ഥലങ്ങളില്‍‌ പോവാന്‍‌ സാധിക്കുന്നതുതന്നെ ഒരു ഭാഗ്യം ആണ്. ചിത്രങ്ങളിലൂടെ ഞാനും അവിടെ എത്തി. മനോജ്‌ചേട്ടാ വളരേ നന്നയിട്ടുണ്ടു. എല്ലാ ബ്ലോഗുകളെപ്പോലെ ഇതും വിഞ്ജാനപ്രദം തന്നെ.

    ReplyDelete
  20. വൈപ്പിന്‍ ദ്വീപില്‍ ജനവാസം കൂടുതലായതു
    കൊണ്ട് നീരു കുറവാ ദീപിലേക്ക് പോയത്
    ഒരു സംശയം അവിടെ നല്ല കാടുണ്ടല്ലേ
    വന്യമൃഗങ്ങള്‍ വല്ലതും ഉണ്ടാവുമോ(അയ്യോ നീരു അവിടെ ചെന്ന കാര്യം ഞാന്‍ മറന്നു)പിന്നെ നല്ല
    കള്ളും കിട്ടും.പുഴമീനിന്റെ കാര്യം പറയുകയെ
    വേണ്ടാ മൊയലാളി പുതിയ ഒരു ഷാപ്പിന്
    സ്ഥലം അന്വേഷിക്കുന്നതായി കേട്ടു
    നല്ല സ്ഥലം

    ReplyDelete
  21. ഈ ചിത്രങ്ങളില്‍ ചിലത് ഞാന്‍ സേവ് ചെയ്യുന്നു
    അപ്പൊ ഇപ്പോ നാട്ടിലാണൊ

    ReplyDelete
  22. കുറുവ ദ്വീപിനെപറ്റി കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ....ഒന്നടുത്തറിയാ‍ന്‍ നിരക്ഷരന്‍ ജിയുടെ ഈ പോസ്റ്റ് സഹായിച്ചു..മഴ നനഞ്ഞു ആ ദ്വീപ് ഒന്നു ചുറ്റിക്കണ്ട പോലെ..‍മഴചിത്രങ്ങളെല്ലാം നന്നേ ഇഷ്ടായീ..മുളംകൂട്ടിനുള്ളില്‍ കുടയും ചൂടി മഴയത്തങ്ങനെ ഇരിക്കുന്ന പടം കല‍ക്കീ...മുളയിലുണ്ടാക്കിയ ആ ഇരിപ്പിടം കൊള്ളാം.. മനുഷ്യരുടെ കൈകടത്തലുകളില്ലാതെ ആ ദ്വീപിന്റെ മനോഹാരിത എന്നും നിലനിന്നുപോകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..

    ReplyDelete
  23. പല തവണ കുറുവാദ്വീപിനെകുറിച്ച്‌ കേട്ടിട്ടുണ്ട്‌. ഒരവസരത്തില്‍ അവിടെ പോകും എന്ന ഘട്ടം വരെ എത്തിയതാണ്‌. ഒരു ഓണകാലം. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തില്‍ എന്‍ എസ്‌ എസിന്റെ ക്യാമ്പ്‌ നടക്കുന്നു. കോഴിക്കോടു നിന്ന്‌ പോകുന്നകതിനു മുമ്പ്‌ തന്നെ തീരുമാനിച്ചിരുന്നു ക്യാമ്പിനിടയ്‌ക്ക്‌ ഒരു ദിവസം ദ്വീപില്‍ പോകുമെന്ന്‌. പക്ഷെ മഴ ചതിച്ചു. അല്ലെങ്കില്‍ തീരെ ധൈര്യമില്ലാത്ത അധ്യാപികമാര്‍ ചതിച്ചു. കുലം കുത്തിയൊഴുകുന്ന കബനി നദി കടന്ന്‌ ദ്വീപില്‍ പോകണമെന്ന്‌ വിചാരിച്ചതാണ്‌. പുഴയില്‍ വെള്ളം നിറഞൊഴുകുന്നതു കണ്ട അധ്യാപികമാരുടെ ഉള്ളൊന്നു കാളി. പുഴയുടെ ഇക്കരെ നിന്നുകൊണ്ട്‌ പറഞ്ഞു "കുട്ടികളെ അതാണ്‌ കുറുവാ ദ്വീപ്‌. ഒരുപാട്‌ കാഴ്‌ചകള്‍ അവിടെ കാണാനുണ്ട്‌. ഇപ്പം തല്‍ക്കാലം ഇവിടെ നിന്ന്‌ കണ്ടോളു. പിന്നീടൊരിക്കല്‍ നമുക്കതിനുള്ളില്‍ പോയി കാണാം". അങ്ങനെ ഞങ്ങള്‍ പത്തെഴുപത്‌ പേര്‍ കുറുവാദ്വീപ്‌ കണ്ട്‌ മടങ്ങി.

    ReplyDelete
  24. ഈ വിവരണങ്ങള്‍ അവിടം സന്ദര്‍ശിപ്പിക്കാന്‍ തോന്നിപ്പിക്കുന്നു. അല്ലാ..മനുഷ്യവാസം തീരെ ഇല്ലേ അവിടെ? അതിരുവിടുന്ന ചോദ്യമാണെന്നറിയാം..എങ്കിലും ചോദിക്കട്ടെ..മൊബൈല്‍ സിഗ്നലൊക്കെയുണ്ടോ ഈ സ്ഥലത്ത്‌ ? !!!

    ReplyDelete
  25. അല്ല മാഷെ എന്ത് കൊണ്ടാ അവിടെ ആരും താമസികാത്തത് ..... ????
    പിന്നെ ഫോടോസില്‍ ഒന്നും ഒരു മഴ ടച്ച്‌ ഇല്ലലോ ..... നോ ഓര്‍കിഡ് നോ പക്ഷികള്‍ ????
    ഒരു അട്ട പോലും കടിച്ചില്ലെ :( :(

    ReplyDelete
  26. മനോഹരമായ സ്ഥലങ്ങള്‍... ആ പുഴ കാണുമ്പോ ചാടാന്‍ തോന്നുന്നു

    ReplyDelete
  27. ഞാന്‍ വയനാട് സുല്‍ത്താന്‍ ബത്തേരിക്കാരനാണ്. ബിരുദ പഠന കാലത്ത് കൂട്ടുകാരുമായി കുറുവ പോയ ഓര്‍മ്മകള്‍ മറന്നിട്ടില്ല.. കോഴിക്കോട് നിന്ന് അവധിക്ക് വീട്ടില്‍ പോകുമ്പോള്‍ ഒക്കെ വീണ്ടും ഒരു യാത്രക്ക് ആലോചിക്കും..പക്ഷെ എപ്പഴും പോകാലോന്നു കരുതി മാറ്റി വെക്കും.. കുറുവയില്‍ ട്രീ ഹൌസുകളില്‍ രാപാര്കാന്‍ സൌകര്യമുണ്ട് ..വിവരണത്തില്‍ കുരുവയുടെ ഉള്ളിലേക്ക് നിങ്ങള്‍ അധികം കടന്നില്ല എന്ന് തോന്നി.. ഒന്നും രണ്ടുമല്ല..ഒരുപാട് കൊച്ചു കൊച്ചു ദ്വീപുകളാല്‍ നിറഞ്ഞതാണ് കുറുവ ....വയനാട്ടില്‍ ചെമ്ബ്ര പീക്ക് കൂടി പോകൂ ..അല്പം റിസ്കാണ് ..പക്ഷേ മനോഹരം..അതിമനോഹരം..യാത്രക്കാര്‍ അധികം നോവിക്കാത്ത ഒരിടം...

    ReplyDelete
  28. മഴയുടെ വിവരണവും ആ ചിത്രങ്ങളും എന്നെയും മഴയത്തു നിര്‍ത്തിയതു പോലെ. നല്ല വിവരണം.
    “മഴ വന്നും പോയും ശല്യം ചെയ്തുകൊണ്ടിരുന്നെങ്കിലും കുറേനേരമങ്ങിനെ ഇരുന്നപ്പോള്‍ മനസ്സും ശരീരവും കുളിര്‍ത്തു.“
    ചിത്രങ്ങളും വിവരണങ്ങളും എന്‍റേയും മനസ്സു കുളിര്പ്പിച്ചു.:)

    ReplyDelete
  29. കാപ്പിലാന്‍ - തേങ്ങയും, തിരിയും നിറഞ്ഞമനസ്സോടെ സ്വീകരിച്ചിരിക്കുന്നു.

    പ്രവീണ്‍ ചമ്പക്കര - തൂക്കുപാലം വന്നാല്‍ ആ ബോട്ടുയാത്രയുടെ രസം പോകും. തൂക്കുപാലത്തിലൂടെയുള്ള നടത്തം വേറൊരു അനുഭവമാകട്ടെ എല്ലാവര്‍ക്കും.

    ഷാരൂ - അസൂയയ്ക്കുള്ള ഔഷധമരുന്ന് കായ്ക്കുന്ന ഒരു മരം കുറുവയില്‍ ഉണ്ട് :)

    കാവലാന്‍ - ടൂറിസം ഡവലപ്പ്മെന്റ് റിസോര്‍ട്ട് ബിനാമികള്‍ മണപ്പിച്ച് നടക്കുന്നതുമാത്രം മിച്ചം. ഇത് ഫോറസ്റ്റിന്റെ സ്വത്താ മാഷേ. ബിനാമികള്‍ അഴിയെണ്ണും :)

    പട്ടേരീ - ഹരിയണ്ണന്‍ മാനന്തവാടീലെ താരമാ. കാലിക്കറ്റ് മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ഹരീനെ ചോദിച്ചാല്‍ മതി. എന്റെ പേര് പറയണ്ട കേട്ടോ ? പടം പിടുത്തത്തില്‍ പിശുക്ക് കാട്ടിയതൊന്നുമല്ല. ക്യാമറ വെളിയില്‍ എടുത്താല്‍ അപ്പോള്‍ മഴപെയ്യും. അതായിരുന്നു അന്നത്തെ അവസ്ഥ.

    കാന്താരിക്കുട്ടീ - ജനവാസം ഇല്ലാത്ത ദ്വീപാണിത്.ജനമെന്ന് പറയുമ്പോള്‍ ആദിവാസികളും പെടുമായിരിക്കും അല്ലേ ? (ഞാന്‍ ഓടി)

    ഫൈസല്‍ ജീ - അതിലേയൊക്കൊ പോകുമ്പോള്‍ ആ ചീങ്കണ്ണീന്റെ കുറച്ച് പടമൊക്കെ എടുത്ത് ബൂലോകത്ത് ഇട് മാഷേ :)

    കുറ്റിയാടിക്കാരാ - ബ്ലോഗില്‍ വന്നതിനുശേഷം, ഇതുവരെ കിട്ടിയതില്‍ എനിക്ക് പെരുത്തിഷ്ടമായ കമന്റാണിത്. തെറ്റുകുറ്റങ്ങള്‍ തുറന്ന് പറയാന്‍ എല്ലാരും മടിക്കുന്നു. ആ രീതി ശരിയല്ല. കുറ്റ്യാടിക്കാരന്‍ പറഞ്ഞ പ്രശ്നം ഞാന്‍ സ്വയം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും അത് തിരുത്താന്‍ ഒരു ശ്രമവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഡേറ്റില്ലാതെ എഴുതിത്തുടങ്ങരുത് എന്ന ഒരു വളയത്തിനകത്ത് കിടന്ന് ഞാന്‍ കറങ്ങുകയായിരുന്നു. അതില്‍ നിന്ന് എന്നെ വലിച്ച് പുറത്തിട്ടതിന് നന്ദി. ഇനിയും ഇതുപോലെയുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു. അതിന് ഒരു യാത്രവിവരണം മാത്രം എഴുതിയവന്‍ എന്നത് ഒരു കുറവായിട്ട് കാണേണ്ട ആവശ്യമില്ല. കുറ്റ്യാ‍ടിക്ക് അതിനുള്ള സ്വാതന്ത്രവും, യോഗ്യതയും, അവകാശവും ഉണ്ടെന്ന് മാത്രം കണക്കിലാക്കിയാല്‍ മതി. പോസ്റ്റിന്റെ തുടക്കത്തില്‍ ചെറിയ വ്യത്യാസം, ഈ കമന്റി പോസ്റ്റിക്കഴിഞ്ഞ ഉടനെ ഞാന്‍ ചെയ്യുന്നുണ്ട്.

    കുറ്റിയാടിക്കാരന്‍ പറഞ്ഞതുപോലെ തുറന്ന അഭിപ്രായങ്ങള്‍ എല്ലാവരുടെ അടുത്തുനിന്നും പ്രതീക്ഷിക്കുന്നു.

    അരീക്കോടന്‍ മാഷേ - ആ പടങ്ങള്‍ വേഗം പോസ്റ്റ്.

    അമൃതാ വാര്യര്‍ - ഒന്ന് പോയിട്ട് വരൂ. എന്നിട്ടിതിലും നല്ല ഒരു വിവരണം എഴുതൂ.

    ശിവാ - വേണ്ടാ വേണ്ടാ .. :) :)

    ഏറനാടാ - സീരിയലിന്റെ അടുത്ത എപ്പിസോഡ് ചിത്രീകരണം അവിടെയാക്കിയാലോ ? :)

    കുഞ്ഞന്‍ - താങ്കളെപ്പോലെ ഞാനും അഗ്രഹിക്കുന്നു :)

    മണികണ്ഠാ - വൈപ്പിന്‍ ദ്വീപില്‍ത്തന്നെ കിടന്ന് മടുക്കുമ്പോ, വയനാട്ടിലൊക്കെ ഒന്ന് കറങ്ങ്. രസികന്‍ സ്ഥലങ്ങളാ :)

    അനൂപേ - ചുമ്മാ കുഴപ്പമുണ്ടാക്കാതെ മാഷേ. ഇത് കേട്ടാലുടനെ കാപ്പിലാന്‍ കുറുവയില്‍ ഷാപ്പ് തുടങ്ങിക്കളയാനും മതി. ഞാന്‍ നാട്ടില്‍ എത്തിയിട്ടില്ല. കുറുവയെപ്പറ്റി പോസ്റ്റിടാന്‍ കുറുവയില്‍ പോകണമെന്നില്ല. ഇതൊക്കെ പഴയ പടങ്ങളും പണ്ട് നടത്തിയ യാത്രയുമാണേ.. :) :)

    റെയര്‍ റോസ് - കൂടെ ഞാനും പ്രാര്‍ത്ഥിക്കുന്നു.

    പി.വി.ആര്‍ - അതൊരു വല്ലാത്ത ദ്വീപ് കാണലായിപ്പോയല്ലോ ? അതും 70 പേര് !! :)

    ബൈജു സുല്‍ത്താന്‍ - ആ ചോദ്യം അതിര് വിടുന്നൊന്നുമില്ല. മൊബൈല്‍ സിഗ്നലിന്റെ കാര്യം ഇന്നത്തെക്കാലത്ത് ചോദിച്ചേ മതിയാകൂ. സൌര്യജീവിതത്തിന് തടസ്സമാകുന്നതുകൊണ്ട് നാട്ടില്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് അങ്ങനെയൊരുകാര്യം ഞാന്‍ ശ്രദ്ധിച്ചതില്ല. പരിസരപ്രദേശത്തൊന്നും ആ കുന്ത്രാണ്ടം ചെവിയില്‍ വെച്ച് നടക്കുന്ന ആരേയും കണ്ടില്ലെന്നാണ് ഓര്‍മ്മ. ഹരിയുടെ കയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നോന്നും, വിളി വല്ലതും വന്നോന്നും ഓര്‍മ്മയില്ല. ഓര്‍മ്മയില്‍ ഉള്ളത് കുറുവയുടെ ഭംഗി മാത്രം :)

    നവരുചിയന്‍ - ആള്‍ത്താമസം ഇല്ലാത്തതെന്താണെന്ന് എനിക്കറിയില്ല. അല്ലെങ്കിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞ് ജീവിക്കുന്ന ഒരിടമൊന്നുമല്ല വയനാട്. ആവശ്യത്തിന് സ്ഥലം എല്ലാവര്‍ക്കും ഉണ്ട്. പിന്നെന്തിനാ ഈ വെള്ളക്കുഴീല് പോയി ജനം താമസിക്കുന്നത് ? രണ്ടാമത്തെ പടം വലുതാക്കി നോക്കൂ. മഴ കാണാന്‍ പറ്റും. പുഴയിലും മഴ കാണാം. ക്യാമറ പുറത്തെടുത്താല്‍ ലെന്‍സില്‍ വെള്ളം വീഴുന്നു. പുത്തന്‍ ‘കാനന്‍ 350ഡി എസ്സ്.എല്‍.ആര്‍‘ ചീത്തയാക്കാന്‍ മനസ്സുവന്നില്ല. അതാണ് പടങ്ങള്‍ക്കിത്ര ക്ഷാമം. മാ‍ത്രമല്ല, ബ്ലോഗ് എന്നൊരു സംഭവം ഉണ്ടെന്ന് അറിയുന്നതിന് മുന്‍പ് നടത്തിയ യാത്രയാണിത്. ചീങ്കണ്ണി കടിച്ചില്ലേ എന്ന് ചോദിക്കാഞ്ഞത് എന്റെ ഭാഗ്യം :) :)

    പ്രിയ ഉണ്ണികൃഷ്ണന്‍ - പുഴയില്‍ ചാടിയതേ ഓര്‍മ്മകാണൂ. പിന്നെ മൂന്നാം പക്കം ബീച്ചനഹള്ളി, അല്ലെങ്കില്‍ വല്ല ചീങ്കണ്ണിയുടേയും അന്നത്തെ ശാപ്പാട്. അത്ര തന്നെ :)

    സുനില്‍ കോടതി - മഴ കാരണം അധികം കറങ്ങാന്‍ പറ്റിയില്ല എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു പോസ്റ്റില്‍. ഇനി ഒരിക്കല്‍ക്കൂടെ പോകണം. വയനാട്ടില്‍ ചെംബ്ര പീക്കും, സൂചിപ്പാറയും, ബാണാസുരമലയും, പക്ഷിപാതാളവും ഒക്കെ ബാക്കി കിടക്കുന്നുണ്ട്. എല്ലാം തീര്‍ത്തിട്ടേ ഞാന്‍ ഒഴിവാകൂ ബത്തേരിക്കാരാ.

    വേണുജീ - വന്നതിനും വായിച്ചതും അഭിപ്രായം പറഞ്ഞതിനും നന്ദി.

    ബഹുവ്രീഹി, തറവാടി, കുട്ടന്‍‌മേനോന്‍, മലബാറി, ഗോപന്‍, പൊറാടത്ത്....കുറുവ ദ്വീപ് കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  30. കേരളത്തില്‍ നമ്മള്‍ കാണാത്ത എത്ര നല്ല സ്ഥലങ്ങളാണ് ഉള്ളത് എന്ന് ഇത് കണ്ടപ്പോള്‍ വീണ്ടും ഓര്‍ത്തു.വിവരണവും ചിത്രങ്ങളും നന്നായി.

    ReplyDelete
  31. താങ്ക്സ്, ആ കണ്‍സിഡറേഷന് നന്ദി...

    എനിക്ക് തോന്നിയത് പോലെ നിരക്ഷരനും തോന്നി എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം. തിരുത്തിയത് നന്നായി എന്ന് എനിക്ക് തോന്നുന്നു.

    മറ്റു ബൂലോഗരൊന്നും ഇപ്പോഴും അഭിപ്രായം പറഞ്ഞു കണ്ടില്ല...

    ReplyDelete
  32. " മനുഷ്യന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന വൈപ്പിന്‍ ദ്വീപില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. മനുഷ്യവാസം തീരെയില്ലാത്ത വേറൊരു ദ്വീപില്‍ ഒരു രാത്രി തങ്ങിയാല്‍ എങ്ങിനെയുണ്ടാകുമെന്ന് അറിയണമല്ലോ ?! “

    13 May 2008 04:52
    --------------------------------
    (രതിസുഖത്തിന്റെ കമന്റ് ലിങ്ക് പോസ്റ്റില്‍ നിന്നും ഞാനിവിടെ കട്ട് പേസ്റ്റ് ചെയ്തതാണ് - നിരക്ഷരന്‍)

    ReplyDelete
  33. ആദ്യമായാണ് കുറുവ ദ്വീപിനെ കുറിച്ച് കേള്‍ക്കുന്നത്..

    :)

    ReplyDelete
  34. അടുത്ത വെക്കേഷന്‌
    ഞാനും അങ്ങോട്ട് തന്നെ മൊഹന്തസ് സാറേ

    നന്നായിരിക്കുന്നു വിവരണം..
    ആശംസകള്‍...

    ReplyDelete
  35. നീരൂ... താനാളൊരു സംഭവമാണ്ട്ടോ! ഭാഗ്യവാന്‍ എന്നല്ലാതെ എന്തു പറയാന്‍! വിവരണവും ചിത്രങ്ങളും ആടിപൊളി...

    ReplyDelete
  36. നീരൂ, നല്ല വിവരണം. കുറേദിവസമായി ഈ ലിങ്ക് ട്രൈ ചെയ്തിട്ട് കിട്ടുന്നില്ലായിരുന്നു. ഇന്നാണ് അതിനു പറ്റിയത്. ആ ഫോട്ടോസ് ഒക്കെ നല്ല ക്ലിയര്‍.പക്ഷേ ഒന്നില്‍ പോലും നീരുവിന്റെ മുഖം ശരിക്കു കാണാന്‍ മേലല്ലോ.

    ReplyDelete
  37. ഒത്തിരി ഇഷ്ടപ്പെട്ടു നിരൂ
    ‘കുറുവദ്വീപിലൊരു നൈറ്റ് കാമ്പ്’ കലക്കന്‍ ഐഡിയ....

    ReplyDelete
  38. നിരക്ഷരന്‍ ചേട്ടാ...
    ചിത്രങ്ങളും യാത്രാ വിവരണങ്ങളും നന്നായി. മഴ ഇല്ലായിരുന്നെങ്കില്‍ കുറേക്കൂടെ ചിത്രങ്ങളെടുക്കാമായിരുന്നു, അല്ലേ?

    ReplyDelete
  39. മുസാഫിര്‍ - ചാമുണ്ഡി പാലസ്സ് എന്ന എന്റെ മറ്റൊരു പോസ്റ്റ് നോക്കൂ. ആ സ്ഥലവും കേരളത്തില്‍ അധികം ആള്‍ക്കാര്‍ കണ്ടുകാണാന്‍ ഇടയില്ല.

    കുറ്റിയാടിക്കാരാ - ഒരിക്കല്‍ക്കൂടെ നന്ദി.

    രതിസുഖം - ലിങ്കില്‍ക്കൂടെ പോയി പോസ്റ്റ് വായിക്കാമായിരുന്നു. അവിടെ ക്ലിക്കുവാന്‍ ഞാന്‍ ലിങ്ക് ഇട്ടിരുന്നു. താങ്കള്‍ക്ക് അത് വായിക്കുവാന്‍ പറ്റിയില്ലെന്നാണ് കമന്റ് കണ്ടിട്ട് തോന്നുന്നത്. അഗ്രിയില്‍ വരാഞ്ഞതുകൊണ്ടാണ് ലിങ്ക് ഇട്ടത്. താങ്കള്‍ക്ക് അത് വായിക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ ഖേദിക്കുന്നു :(

    ജിഹേഷ് - ഇപ്പോള്‍ കേട്ടല്ലോ ? ഇനി അവിടെ പോകാമല്ലോ ? :)

    രജ്ഞിത്ത് - പോയി വന്നിട്ട് കുറേക്കൂടെ നല്ല പടങ്ങളൊക്കെ വെച്ച് മറ്റൊരു പോസ്റ്റ് ഇടണം കേട്ടോ :)

    ഏകാകി - എന്നെ ഒരു സംഭവമാക്കിയതിന് നന്ദി :)

    ഗീതേച്ചീ - അവസാനത്തെ ഫോട്ടോയില്‍ ഉള്ളതാണ് ഞാന്‍. ബാക്കിയെല്ലാം സുഹൃത്ത് ഹരിയാണ്. മുഖം കാണാതെ മനപ്പൂര്‍വ്വം എടുത്ത പടമാ :)

    കുഞ്ഞായീ - എന്താ ഒരു കൈ നോക്കുന്നോ ?

    ശ്രീ - അതെ. മഴ ഒരു പാ‍രയായിരുന്നു. ഇനീം പോകുന്നുണ്ട്. കൂടുതല്‍ പടങ്ങള്‍ അപ്പോള്‍ ചേര്‍ക്കാം.
    (ഓ.ടോ. ശ്രീ എവിടെയാണ് ? കുറച്ച് ദിവസമായല്ലോ ബൂലോകത്ത് കണ്ടിട്ട് ?)

    കുറുവ ദ്വീപ് കാണാനെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി.

    ReplyDelete
  40. കുറുവ ദ്വീപ് ഇത്ര മാത്രം മാറിക്കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം, എന്പതന്ചിലാണ് ഞങള്‍ അവിടം സന്ദര്‍ശിച്ചത്. കുറെയേറെ കാട്ടുപന്നികളും പക്ഷികളും അല്ലാതെ ഒരു പകല്‍ മുഴുവനും മറ്റാരും ആ പകല്‍ ഞങള്‍ക്ക് കൂട്ട് തന്നില്ല! ബത്തേരിയില്‍ നിന്നു ജീപ്പിലാണ് ഞങള്‍ അവിടെയെത്തിയത്. അടുത്ത യാത്ര എന്നാണ് മാഷേ? വിശദമായുള്ള കുറിപ്പുകള്‍ വായിക്കാന്‍ ആഗ്രഹം!

    ReplyDelete
  41. ഇരട്ടിമധുരം - നന്ദി :)അടുത്ത കുറുവാ യാത്ര ഉടനെ ചെയ്യണമെന്ന് തോന്നുന്നു. ഈ വീഡിയോ ഒന്ന് നോക്ക്. കുറുവയില്‍ ഇപ്പോള്‍ ചങ്ങാടസവാരിയും തുടങ്ങിയിട്ടുണ്ടത്രേ ? എന്റെ വലിയൊരു മോഹമാണ് മുളകൊണ്ടുള്ള ഒരു ചങ്ങാടയാത്ര.

    ReplyDelete
  42. ഇങ്ങനെ കറങ്ങി നടന്ന് സ്ഥലങ്ങളൊക്കെ കണ്ട്, ഫോട്ടോയും പിടീച്ച് നടക്കണ നിങ്ങളോടെനിക്ക് ശരിക്കും അസൂയയുണ്ട്... ഇങ്ങനെ കറങ്ങിനടക്കാനും വേണം ഒരു ഭാഗ്യം..

    ഫോട്ടോകൾ വളരെ നന്നായിരിക്കുന്നു...

    ReplyDelete
  43. very nice photos&interesting discription
    ippol koonu pole chanalukalalle?travalog program cheyyarutho?but athil niraksharan touch venam

    ReplyDelete
  44. അത് വേണോ അനോണീ. ഇപ്പോൾ ഉള്ളതുപോലെ അൽ‌പ്പസ്വൽ‌പ്പം ചീത്തപ്പേരൊക്കെ ആയിട്ട് ഇങ്ങനങ്ങ് പോയാൽ‌പ്പോരേ ? :) :)

    ReplyDelete
  45. njan pokkiathalla mashe,sarikkum ningalkku kazhium,pinne enne aneesh kallampilli ennu vilicho
    -ANONY-

    ReplyDelete
  46. @ അനീഷ് കല്ലമ്പിള്ളി - ഏതെങ്കിലും ഒരു ചാനലുകാരൻ അങ്ങനൊരു റിസ്ക്ക് എടുക്കാൻ തയ്യാറായി, സമീപിച്ചാൽ തീർച്ചയായും പരിഗണിക്കുന്നതാണ്. നിറയെ യാത്രാപരിപാടികൾ നിലവിൽ പല ചാനലുകളിലും തകർക്കുന്നതുകൊണ്ട് വ്യത്യസ്തമായ ഒരു യാത്രാപരിപാടി പദ്ധതിയിട്ട്, കൃത്യമായി എഴുതിത്തയ്യാറാക്കി, യാത്രചെയ്ത്, ഷൂട്ട് ചെയ്ത്, നടപ്പിലാക്കാൻ ഞാനൽ‌പ്പം വിയർക്കേണ്ടി വരുമെന്ന് ഉറപ്പ്. എന്നാലും കുഴപ്പമില്ല യാത്രകൾ ചെയ്യാനാവുമല്ലോ ? :)

    Name/URL അല്ലെങ്കിൽ OpenID എന്നീ ഓപ്ഷൻസ് ഉപയോഗിച്ചാൽ പേര് വെച്ച് തന്നെ കമന്റിടാനാകും.

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.