------------------------------------------------------
അനന്തപുരയില്‍ നിന്ന് ദേശീയ പാതയിലേക്ക് കടക്കുന്നതോടെ കേരള സംസ്ഥാനത്തോട് വിടപറയുകയാണ്. അനന്തപുര ക്ഷേത്രം കേരള കര്‍ണ്ണാടക അതിര്‍ത്തിയിലാണ് നിലകൊള്ളുന്നത്.
രാത്രി തങ്ങാനായി മുറി ബുക്ക് ചെയ്തിരുന്നത് മംഗലാപുരത്തെ ജിഞ്ചര്‍ ഹോട്ടലിലാണ്. ഹോട്ടലില്‍ വിളിച്ച് കൃത്യമായ അഡ്രസ്സും റോഡിന്റെ പേരുമൊക്കെ സംഘടിപ്പിച്ചു. അതെല്ലാം നേവിഗേറ്ററില്‍ ഫീഡ് ചെയ്തു. ഇരുട്ട് വീണുകഴിഞ്ഞിരിക്കുന്നു. പരിചയമുള്ള വഴിയുമല്ല. പക്ഷെ നേവിഗേറ്റര്‍ തുണച്ചു. മൂന്നാം ദിവസത്തെ യാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് വാഹനത്തെ കൃത്യമായി ഹോട്ടലില്‍ കൊണ്ടെത്തിച്ചു.
നാലാം ദിവസത്തെ യാത്ര ജൈന മതത്തിന്റെ കാശി എന്നറിയപ്പെടുന്ന മൂഡബിദ്രിയിലേക്കാണ്. ബേദ്ര എന്നും മൂഡുവേണുപുര എന്നുമൊക്കെ ഈ സ്ഥലത്തിന് പേരുകളുണ്ട്. നിറയെ ജൈനര്‍ ഇപ്പോഴും ജീവിക്കുന്ന മൂഡബിദ്രി ഇന്ത്യയിലെ തന്നെ ഒരു പ്രധാന ജൈനതീര്‍ത്ഥാടനകേന്ദ്രമാണ്.
ഒന്നുരണ്ട് പ്രധാന ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക, ജൈനമതത്തെപ്പറ്റി കൂടുതല്‍ അറിവുണ്ടാക്കുക എന്നതൊക്കെയാണ് യാത്രാലക്ഷ്യങ്ങള്‍ . ജൈനക്ഷേത്രങ്ങളോടുള്ള താല്‍പ്പര്യം വയനാട് ജില്ലയില്‍ നിന്ന് തുടങ്ങിയതാണ്. വയനാട്ടിലെ ചില ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ജൈനമതത്തോടുള്ള താല്‍പ്പര്യം ശ്രാവണബേളഗോളയിലേക്കും ബേലൂരിലേക്കും ഹാളേബീഡുവിലേക്കുമൊക്കെ എന്നെ പിടിച്ചുവലിച്ചുകൊണ്ടുപോയത് കണ്ടപ്പോള്‍ ഞാനെങ്ങാനും കേറി ജൈനമതം സ്വീകരിച്ചുകളയുമോ എന്ന് മുഴങ്ങോടിക്കാരിക്ക് സംശയം തോന്നിയിട്ടുണ്ടെങ്കില്‍ അത്ഭുതമില്ല. പ്രത്യേകിച്ച് ഒരു മതവും സ്വീകരിക്കാതെ തന്നെ എല്ലാ മതത്തിലും പറഞ്ഞിട്ടുള്ള, എനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ അനുവര്‍ത്തിക്കാനാവുമെന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു മത പരിവര്‍ത്തനത്തിന്റെ ആവശ്യമില്ല എന്നൊരു വിശ്വാസം അന്തമില്ലാത്ത ഈ ജീവിതയാത്രയിലുണ്ട്. വിശ്വാസം, അതാണല്ലോ എല്ലാം.
മൂഡബിദ്രിയിലേക്ക് വഴി ചോദിച്ചപ്പോള്‍ ജിഞ്ചര്‍ ഹോട്ടലുകാര്‍ അത് പറഞ്ഞുതന്ന് കുഴപ്പമാക്കി. ചിലരങ്ങനെയാണ്. നാലഞ്ച് വഴികള്‍ പറഞ്ഞ് തരും. അവസാനം കേട്ടുനില്‍ക്കുന്നവന്‍ ആകപ്പാടെ ചിന്താക്കുഴപ്പത്തിലാകും. ഞങ്ങള്‍ വീണ്ടും നേവിഗേറ്ററിനെത്തന്നെ അഭയം പ്രാപിച്ചു. റോഡുകളുടെ സ്ഥിതി എങ്ങനാണെന്ന് മനസ്സിലാക്കാന്‍ മാത്രമാണ് ഹോട്ടലില്‍ വഴി ചോദിച്ചത്. നേവിഗേറ്റര്‍ പറഞ്ഞ് തരുന്ന വഴി കുണ്ടും കുഴിയും ഇല്ലാത്തത് ആകണമെന്നില്ല.
ഇതുവരെ തീരദേശത്തുകൂടെ വടക്കോട്ട് നീങ്ങിയ ഞങ്ങള്‍ ആദ്യമായിട്ടിതാ അല്‍പ്പം തെന്നി വടക്ക് കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങുകയാണ്. മംഗലാപുരത്ത് നിന്ന് 37 കിലോമീറ്റര്‍ കൊണ്ടുപോയി കൃത്യമായി മൂഡബിദ്രിയിലെത്തിച്ചു നേവിഗേറ്റര്‍ . മുന്‍കാലങ്ങളില്‍ , നിറയെ മുളകള്‍ വളര്‍ന്നിരുന്ന ഇടമെന്ന നിലയ്ക്കാണ് മൂഡബിദ്രിയെന്ന പേര് ഈ സ്ഥലത്തിനുണ്ടായത്. മൂഡു എന്നാല്‍ കിഴക്ക് എന്നും ബിദിരു എന്നാല്‍ മുള എന്നുമാണ് കന്നടഭാഷയിലെ അര്‍ത്ഥം. 1000 തൂണുകളുള്ള ഒരു ജൈനക്ഷേത്രമാണ് മൂഡബിദ്രിയിലെ പ്രധാന ആകര്‍ഷണം. ത്രിഭുവന തിലക ചൂഡാമണി ബസതി അല്ലെങ്കില്‍ സാവിരകമ്പട ബസതി എന്ന പേരിനേക്കാളൊക്കെ അധികമായി 1000 തൂണുകളുള്ള ക്ഷേത്രമെന്ന പേരിലാണ് ഈ ജൈന ദേവാലയം അറിയപ്പെടുന്നത്.
ടാറിട്ട പ്രധാന പാതയില്‍ നിന്ന് അകത്തേക്ക് കയറി ക്ഷേത്രത്തിലേക്ക് പോകുന്ന താരതമ്യേനെ വീതികുറഞ്ഞ വഴിയോരത്ത് വാഹനം പാര്‍ക്ക് ചെയ്ത്, ക്യാമറകളൊക്കെ എടുത്ത് ഞങ്ങള്‍ നടന്നു. ദൂരെയായി ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടും പടിപ്പുരയും കാണാം. സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വലിയ സംഘങ്ങള്‍ ഒന്നു രണ്ട് ബസ്സുകളിലായി ക്ഷേത്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. അധികം തിരക്കുള്ളത് എനിക്കത്ര ഇഷ്ടമുള്ള കാര്യമല്ല. നേരേ ചൊവ്വേ കാര്യങ്ങള്‍ കണ്ടുമനസ്സിലാക്കാനും പടങ്ങളെടുക്കാനും അത് തടസ്സമാകും.
ചുറ്റുമതിലിനോട് ചേര്‍ന്നുള്ള പടിപ്പുര
മാനസ്തംഭവും കൊടിമരവും
ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്തേക്ക് കടന്നപ്പോള്‍ത്തന്നെ ക്യാമറയ്ക്ക് ടിക്കറ്റെടുക്കണമെന്ന് മനസ്സിലായി. കൂട്ടത്തില്‍ ഒരു ഗൈഡിനെക്കൂടെ സംഘടിപ്പിച്ചു. ഗൈഡിന്റെ പേര് ചന്ദ്രരാജ് ബല്ല്യപ്പ. അദ്ദേഹം ജൈനമതസ്ഥനായതുകൊണ്ട് ജൈനമതത്തെപ്പറ്റി കുറേയധികം കാര്യങ്ങള്‍ കൂടെ മനസ്സിലാക്കാന്‍ പറ്റി. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ അദ്ദേഹം സംസാരിക്കുമെന്ന് പറഞ്ഞെങ്കിലും കക്ഷിയുടെ ഇംഗ്ലീഷ് ആക്‍സന്റ് പിന്തുടരാന്‍ ബുദ്ധിമുട്ടായതുകൊണ്ട് വിവരണം ഹിന്ദിയില്‍ത്തന്നെ മതിയെന്നായി ഞാന്‍. ഹിന്ദിയായാലും ഇംഗ്ലീഷായാലും പഠിച്ച് വെച്ചിരിക്കുന്ന കാര്യങ്ങള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന കണക്കിന് പറഞ്ഞുപോകുകയാണ് ബല്ല്യപ്പ. അതിന് വെളിയിലേക്ക് പോകുന്ന എന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമൊന്നും കക്ഷിയുടെ കൈകളില്‍ ഇല്ല. ‘ഒന്നുമില്ലാത്തതിലും ഭേദം എന്തെങ്കിലും‘ എന്നാണല്ലോ.ക്ഷേത്രത്തിന്റെ ഗേറ്റ് കടന്ന് ചെന്നുനില്‍ക്കുന്നത് 50 അടി ഉയരമുള്ള ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത മാനസ്തംഭത്തിന്റെ മുന്നിലേയ്ക്കാണ്‍. അതിരിക്കുന്ന കല്ലുകൊണ്ടുള്ളപീഠത്തിന് 8 അടി ഉയരമുണ്ട്. ഒറ്റക്കല്ലില്‍ ഇതുപോലുള്ള മഹാത്ഭുതങ്ങള്‍ വിരിയിക്കുന്ന ശില്‍പ്പികളുടെ കഴിവിന് മുന്നില്‍ തലകുനിക്കാതെ ആ സ്തൂഭത്തിന് കീഴെ നില്‍ക്കാനാവില്ല. കാര്‍ക്കളയിലെ റാണിയായിരുന്ന നാഗളാദേവിയാണ് ഈ മാനസ്തംഭ ഉണ്ടാക്കിച്ചത്. ആകാശത്തിലൂടെ സഞ്ചരിക്കുന്ന ഗന്ധര്‍വ്വന്മാരും കിന്നരന്മാരും ഗരുഡനും, ഇന്ദ്രന്‍ മുതല്‍ വായു വരെയുള്ള ദേവന്മാരെയുമൊക്കെ തങ്ങളുടെ യാത്രകള്‍ക്കിടയില്‍ ഇവിടൊരു ക്ഷേത്രമുണ്ടെന്ന് അറിയിക്കലാണ് മാനസ്തംഭത്തിന്റെ ദൌത്യം.
മാനസ്തംഭവും കൊടിമരവും
A.D. 1430 ല്‍ ക്ഷേത്രത്തിന്റെ പണി തുടങ്ങി. 32 വര്‍ഷമെടുത്ത് 1462 ലാണ് നിര്‍മ്മാണപ്രക്രിയ പൂര്‍ത്തിയായത്. ക്ഷേത്രശില്‍പ്പികളില്‍ ഭൂരിഭാഗവും മദ്രാസില്‍ നിന്നുള്ളവരായിരുന്നു. ഭരണാധികാരികളും വ്യവസായികളും സാധാരണക്കാരുമടക്കം 60 ല്‍പ്പരം പേര്‍ ചേര്‍ന്നാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മുന്‍വശത്ത് കാണുന്നതും വിജയനഗര ശൈലിയില്‍ കൊത്തുപണികളുള്ള തൂണുകളോടെ നിര്‍മ്മിച്ചതുമായ ചുമരുകളില്ലാത്ത മണ്ഡപമാണ് ക്ഷേത്രത്തിലെത്തുന്ന സാധാരണ സന്ദര്‍ശകര്‍ക്ക് വിശദമായി നടന്ന് കാണാനും വിശ്രമിക്കാനുമൊക്കെ പറ്റുന്ന ഒരിടം. അതിന്റെ തറയില്‍ 200 വര്‍ഷത്തോളം പഴക്കമുള്ള വിദേശ ടൈലുകള്‍ പാകിയിരിക്കുന്നു. മൈസൂര്‍ പാലസ്സില്‍ വിരിച്ചിട്ടുള്ള തറയോടുകളുടെ ജനുസ്സില്‍പ്പെട്ട ഇറ്റാലിയന്‍ തറയോടുകളാണത്.
മഹാദ്വാര്‍ , ഭൈരദേവി, ചിത്രാദേവി, നമസ്ക്കാര, തീര്‍ത്ഥനങ്കര, ഗര്‍ഭഗൃഹ എന്നിങ്ങനെ 8 ദേവ മണ്ഡപങ്ങളാണ് ക്ഷേത്രത്തിനകത്തുള്ളത്. 8 അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ചന്ദ്രനാഥസ്വാമികളുടെ പ്രതിമയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മുഖമണ്ഡപത്തില്‍ നിന്ന് നോക്കിയാല്‍ അല്‍പ്പം ദൂരെയായി ഗര്‍ഭഗൃഹത്തിലെ ചന്ദ്രനാഥസ്വാമികളുടെ പ്രതിഷ്ഠ കാണാം. അകത്തേക്ക് കടന്നുപോകാന്‍ നമുക്കനുവാദമില്ല. നടയ്ക്ക് അകത്ത് തെളിഞ്ഞിരിക്കുന്ന വൈദ്യുതദീപങ്ങളുടെ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന പ്രതിഷ്ഠയുടെ, ഫോട്ടോ എടുക്കുകയെന്നത് അത്ര എളുപ്പമല്ല. വളരെയധികം ശ്രമിച്ചതിനുശേഷം കൈകള്‍ വിറയ്ക്കാതെ ഒരു ഫോട്ടോ ഞാന്‍ എടുത്തൊപ്പിച്ചു.
രണ്ടാമത്തേയും മൂന്നാമത്തെയും നിലയിലേക്ക് ജൈനരല്ലാത്തവര്‍ക്ക് പോകാന്‍ കഴിയില്ല. പെട്ടെന്ന് ഒരാള്‍ അകത്തേക്ക് പോയാല്‍ അയാള്‍ ജൈനനാണോ എന്ന് എങ്ങനെ മനസ്സിലാക്കാനാകുമെന്ന എന്റെ ചോദ്യത്തിന് ബല്ല്യപ്പയ്ക്ക് കൃത്യമായി ഉത്തരമുണ്ടായിരുന്നു.
ക്ഷേത്രഭാരവാഹികളുടെ കണ്ണുവെട്ടിച്ച് അങ്ങനെ ആര്‍ക്കും മുകളിലേക്ക് കയറിപ്പോകാനാവില്ല. താഴെ നടയില്‍ നിന്ന് തീര്‍ത്ഥജലം വാങ്ങുമ്പോള്‍ത്തന്നെ ഒരു ജൈനന്‍ തിരിച്ചറിയപ്പെടുന്നു. ഹിന്ദുമതവിശ്വാസിയാണെങ്കില്‍ കുറച്ച് തീര്‍ത്ഥം കുടിക്കുകയും അല്‍പ്പം തലയില്‍ ഉഴിഞ്ഞ് ഒഴിക്കുകയും ചെയ്യുന്നു. ജൈനന്‍ ആണെങ്കില്‍ തീര്‍ത്ഥം വായിലേക്ക് മാത്രമായിരിക്കും പോകുക. ഇനി അക്കാര്യം അറിയാവുന്ന ആരെങ്കിലും തട്ടിപ്പ് നടത്താമെന്ന് കരുതിയാലും അത്ര എളുപ്പം നടക്കില്ല. തന്ത്രപൂര്‍വ്വം പഞ്ചനമസ്ക്കാര മന്ത്രം അവരോട് ചോദിക്കും. പഞ്ചനമസ്ക്കാരമന്ത്രം പറയാന്‍ പറ്റാത്തവന്‍ ജൈനനല്ല. അത് മാത്രം മതിയാകും ആള്‍മാറാട്ടക്കാരെ പിടിക്കാന്‍ . ഇതൊന്നുമല്ലെങ്കിലും ഇറങ്ങിപ്പോകുന്നതിന് മുന്നേ പറ്റിപ്പ് പാര്‍ട്ടികള്‍ പിടിക്കപ്പെട്ടിരിക്കും. ഞാന്‍ പോയിട്ടുള്ള മറ്റ് ജൈനക്ഷേത്രങ്ങളിലൊന്നും ഇങ്ങനെയൊരു വിലക്ക് ഞാന്‍ കണ്ടിട്ടില്ല. താല്‍പ്പര്യമുള്ളവരെ കയറാന്‍ വിടണമെന്നാണ് എന്റെ അഭിപ്രായം.
ഞങ്ങള്‍ മുഖമണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ വ്യത്യസ്തമായ ഒരു കാഴ്ച്ച കണ്ടു. പൂര്‍ണ്ണഗര്‍ഭിണിയെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ പെട്ടെന്ന്‍ ക്ഷേത്രനടയിലൂടെ ഗര്‍ഭഗൃഹത്തിലേക്ക് കയറിപ്പോയി. ബല്ല്യപ്പയോട് ചോദിച്ചപ്പോളാണ് കാര്യം മനസ്സിലായത്. 7 -)0 മാസത്തിലാണ് ഗര്‍ഭിണികള്‍ക്ക് അവസാനമായി ഈ ക്ഷേത്രത്തിനകത്ത് കയറാന്‍ അനുവാദമുള്ളത്. സീമന്തപൂജ എന്ന ചടങ്ങ് നടത്താന്‍ വേണ്ടിയാണിത്. അതും ജൈനസ്ത്രീകള്‍ക്ക് മാത്രം.
മൂന്ന് നിലയിലുമായാണ് 1000 തൂണുകളുള്ളത്. 237 ല്‍പ്പരം ഡിസൈനുകളാണ് ക്ഷേത്രത്തൂണുകളില്‍ കൊത്തിയിരിക്കുന്നത്. മൂന്നിലൊന്ന് തൂണുകള്‍ പോലും ജൈനനല്ലാത്ത ഒരാള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയാവുന്നത് 1000 തൂണുകളും ഒന്നിനൊന്ന് വ്യത്യസ്ഥമാണെന്നുള്ളതാണ്. 1000 - )മത്തെ തൂണായി കണക്കാക്കപ്പെടുന്നത് മുഖമണ്ഡപത്തിലുള്ള തൂണുകളിലൊന്നാണ്. ഒരു കടലാസോ ചരടോ മറ്റോ ഈ തൂണിനടിയിലെ ചെറിയ വിടവിലൂടെ കടത്തി മറുവശത്തുകൂടെ വലിച്ചെടുക്കാമെന്നത് ഈ തൂണിന്റെ ഒരു സവിശേഷതയാണ്. നടുഭാഗത്ത് മാത്രമാണ് തൂണ് ഉറപ്പിച്ചിരിക്കുന്നത്.
എനിക്കാ കാഴ്ച്ചയില്‍ ഒരു പുതുമയും തോന്നിയില്ല. മുന്‍പ് ഒരിക്കല്‍ ബേലൂര്‍ ക്ഷേത്രത്തിലും ഇതേ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബേലൂരില്‍ ഇപ്രകാരം നിര്‍മ്മിച്ചിരിക്കുന്നത് വിജയസ്തംഭമാണ്. വയനാട്ടുകാരനായ സുഹൃത്ത് ഹരിയും ഞാനും കൂടെ അന്ന് ഒരു ടവ്വല്‍ വിജയസ്തംഭത്തിനടിയിലൂടെ കടത്തി വലിച്ചെടുത്ത സംഭവം എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്.
മുഖമണ്ഡപത്തിന്റെ താഴെ ഒരു വശത്ത് യോഗസനങ്ങളെ പ്രതിനിധീകരിക്കുന്ന വിധത്തിലുള്ള കൊത്തുപണികളാണെങ്കില്‍ മറുവശത്ത് മൃഗങ്ങളുടെ രൂപങ്ങളാണ് കൊത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന ഒന്ന് നമുക്കൊക്കെ നന്നായി പരിചയമുള്ള സാങ്കല്‍പ്പിക മൃഗമായ ചൈനീസ് ഡ്രാഗണ്‍ ആണ്. ക്ഷേത്രനിര്‍മ്മാണസമയത്ത് , 1403 ല്‍ ഇതുവഴി വന്ന ഒരു ചൈനീസ് വ്യാപാരി അദ്ദേഹത്തിന്റെ ഗ്രാമത്തിലെ ഒരു മൃഗമാണെന്ന്‍ പറഞ്ഞ് കൊടുത്ത രേഖാചിത്രത്തിന്റെ ചുവടുപിടിച്ചാണ് ചൈനീസ് ഡ്രാഗണ്‍ കല്ലില്‍ കൊത്തിയിരിക്കുന്നത്.
മുഖമണ്ഡപത്തിലെ തൂണുകളിലെ വളരെ ശ്രദ്ധേയമായ കാഴ്ച്ചകളിലൊന്നാണ് ‘നവനാരീകുഞ്ചര‘. 9 പെണ്ണുങ്ങളുടെ രൂപം ചേര്‍ത്തുവെച്ച് ഉണ്ടാക്കിയിട്ടുള്ള ആനയുടെ രൂപത്തിലുള്ള കൊത്തുപണിയാണത്. സംസ്കൃതത്തില്‍ ആനയ്ക്ക് കുഞ്ചര എന്നാണ് പറയുന്നത്.മറ്റൊരു മനോഹരമായ കൊത്തുപണിയാണ് ‘പഞ്ചനാരീതുരഗ‘. 5 പെണ്ണുങ്ങളുടെ ശരീരം ചേര്‍ന്ന് ഒരു കുതിരയുടെ രൂപമാകുന്ന ശില്‍പ്പഭംഗിയാണ് അതിലുള്ളത്. തുരഗ എന്ന പദത്തിനര്‍ത്ഥം കുതിര എന്നാണ് സംസ്കൃതഭാഷയില്‍ .
അഭിമന്യുവിനെ കുഴക്കിക്കളഞ്ഞ ചക്രവ്യൂഹം കൊത്തിയെടുക്കുന്ന കാര്യത്തില്‍ ശില്‍പ്പി അല്‍പ്പം പോലും കുഴഞ്ഞിട്ടില്ലെന്ന് തോന്നിപ്പോകും വിധമാണ് തൂണിലൊന്നിലെ കലാചാതുരി.
ചക്രവ്യൂഹത്തിന്റെ മുകളില്‍ തൂണിലെ നാലുവശങ്ങളിലുമുള്ള കൊത്തുപണി ഒരു കുതിരയുടേതാണ്. ഒരു ജാലവിദ്യയുടെ ഭാഗമെന്നപോലെയാണ് ആ ശില്‍പ്പം. ഇരു കൈകളും ഉപയോഗിച്ച് അതിന്റെ വശങ്ങള്‍ മറച്ചുപിടിച്ച് നോക്കിയാല്‍ ശില്‍പ്പം പെട്ടെന്നൊരു ആനയുടെ മസ്തകമായി മാറും. കല്ലില്‍ കവിതയും ഇന്ദ്രജാലവും വിരിയിച്ചിരുന്ന ശില്‍പ്പികളെ മനസ്സാ തൊഴുതുപോകുന്ന കാഴ്ച്ചകളാണതൊക്കെ.
ബല്ല്യപ്പയുമായി ക്ഷേത്രത്തിന് ഒരു വലം വെച്ചുവന്നതിനുശേഷം ഫോട്ടോകളെടുക്കാനായി ഞാന്‍ ഒരിക്കല്‍ക്കൂടെ ക്ഷേത്രത്തിന്റെ ചുറ്റും കറങ്ങി നടന്നു. 2 അടി ഇടവിട്ട് തൂണുകളാണ് ചുറ്റിലും. എണ്ണാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ 1000 ന് മുകളില്‍ തൂണുകള്‍ ഉണ്ടെന്ന് തോന്നിപ്പോകുന്ന വിധത്തില്‍ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ തൂണുകള്‍ തന്നെ തൂണുകള്‍ . തൂണുകളിലും ചുമരുകളിലും മേല്‍ക്കൂരയിലെ കല്‍പ്പാളികളിലുമൊക്കെയായി സമൃദ്ധമായി കൊത്തുപണികള്‍ . ശില്‍പ്പികള്‍ ചോരനീരാക്കി കല്ലുളി വെച്ച് കടഞ്ഞെടുത്ത മനോഹരമായ സൃഷ്ടികള്‍ .
മൂന്ന് നിലയുള്ള ക്ഷേത്രത്തിന്റെ മേല്‍ക്കൂര മുഴുവനും ചെമ്പുകൊണ്ടുള്ളതാണ്. നേപ്പാളി ശൈലിയിലുള്ള ചില ക്ഷേത്രനിര്‍മ്മിതി ഇതിലെവിടെയോ കലര്‍ന്നുകിടക്കുന്നപോലെ എനിക്ക് തോന്നിയത് യാദൃശ്ചികമാവാം. കല്ലുകളില്‍ ഇക്കണ്ട തൂണുകളും മേല്‍ക്കൂരകളും മറ്റും ഉണ്ടാക്കിയിരിക്കുന്നത് പോരാഞ്ഞിട്ട് മുകളിലെ നിലയിലെ മരയഴിയിട്ട ചുമരുകളിലുമുണ്ട് മരത്തിലുണ്ടാക്കിയ ശില്‍പ്പങ്ങള്‍ നിറയെ.
ജൈനക്ഷേത്രങ്ങളോടും ജൈനമതത്തോടുമൊക്കെയുള്ള എന്റെ താല്‍പ്പര്യം എരി തീയില്‍ ഏവിയേഷന്‍ സ്പിരിട്ട് ഒഴിച്ചതുപോലെ ആളിപ്പടരുകയായിരുന്നു ആ ക്ഷേത്രവളപ്പില്‍ .
വരാന്തകളിലൂടെ ഒരുവട്ടം കൂടെ കറങ്ങിവന്നപ്പോഴേക്കും കൂടുതല്‍ സ്ക്കൂള്‍ കുട്ടികള്‍ ക്ഷേത്രത്തിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. മുഖമണ്ഡപത്തില്‍ ചമ്രം പടിഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് അദ്ധ്യാപകര്‍ ക്ഷേത്രചരിതമൊക്കെ കന്നടയില്‍ ഉറക്കെയുറക്കെ വിവരിച്ചുകൊടുക്കുന്നുണ്ട്. ഗര്‍ഭഗൃഹത്തില്‍ നിന്ന് ഇടവിട്ടിട്ടിടവിട്ട് മണിനാദം കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ക്ഷേത്രം വിട്ട് പോകാന്‍ സമയമാകുന്നു. പിന്നീടൊരിക്കല്‍ക്കൂടെ ജൈന ഉത്സവങ്ങള്‍ നടക്കുന്ന സമയത്ത് മൂഡബിദ്രിയിലേക്ക് വരണം. ജൈനര്‍ ഒരുപാട് ജീവിക്കുന്ന ഇടമായതുകൊണ്ട് ജൈനരുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒരു പഞ്ഞവുമുണ്ടാകില്ല ഈ ഭാഗത്തൊക്കെ.
ഇന്നത്തെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇന്ന് ഇനിയുമുണ്ട് ജൈനക്ഷേത്രങ്ങള്‍ പലതിലും കയറിയിറങ്ങാന്‍. വൈകീട്ട് യാത്ര അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതും പ്രസിദ്ധമായ ഒരു ക്ഷേത്രസന്നിധിയില്‍ത്തന്നെ.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.