Wednesday, 25 February 2009

സ്വിസ്സര്‍ലാന്‍ഡ് (5) - ബേണ്‍

സ്വിസ്സ് യാത്രയുടെ 1, 2, 3, 4, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ.
---------------------------------------------------------------------------------
മൂന്നാം ദിവസം നേരം പുലര്‍ന്ന ഉടനെ, കഴിഞ്ഞ രണ്ടുദിവസങ്ങളായി മനോഹരമായ ദൃശ്യങ്ങളും, യാത്രകളുമൊക്കെ സമ്മാനിച്ച ഇന്റര്‍‌ലേക്കണിനോട് യാത്ര പറഞ്ഞ് പിരിയാനാണ് ഉദ്ദേശിച്ചിരുന്നത്. ഏഴുമണിയോടെ ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്ത് റെയില്‍‌വേ സ്റ്റേഷനിലെത്തി. ഹോട്ടലില്‍ ചെക്കിന്‍ ചെയ്തപ്പോള്‍ ലോക്കല്‍ ബസ്സുകളില്‍ സഞ്ചരിക്കുന്നതിന് കൌണ്ടറില്‍ നിന്ന്‍ തന്നിരുന്ന രണ്ട് സൌജന്യ പാസ്സുകള്‍ ഇതുവരെ ഉപയോഗിക്കേണ്ടി വന്നില്ല എന്നത് അപ്പോളാണ് ഓര്‍ത്തത്. തീവണ്ടി, ബോട്ട് , ബസ്സ്, ട്രാം എന്നിങ്ങനെ എല്ലാവിധ യാത്രാസൌകര്യങ്ങളും സ്വിസ്സ് പാസ്സ് വഴി ലഭ്യമാകുന്നതിനിടയ്ക്ക് മറ്റൊരു ബസ്സ് പാസ്സിന്റെ ആവശ്യം ഉണ്ടാകുന്നതേയില്ല.

സ്വിസ്സര്‍‌ലാന്‍ഡിന്റെ ക്യാപ്പിറ്റലായ ബേണിനെ(Bern) ലക്ഷ്യമാക്കിയായിരുന്നു അടുത്ത യാത്ര. Speiz എന്ന സ്റ്റേഷനില്‍ ഇറങ്ങി ബേണിലേക്കുള്ള തീവണ്ടി മാറിക്കയറി. മൂന്നാം ദിവസത്തിന്റെ യാ‍ത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്ത്, കയ്യിലുള്ള ബാഗുകള്‍ തൂക്കിവേണം ഉച്ചവരെയുള്ള സഞ്ചാരമൊക്കെ നടത്താന്‍. ഇക്കാര്യം യാത്ര തുടങ്ങുന്നതിനു മുന്‍പേ തന്നെ മനസ്സിലാക്കിയിരുന്നതുകൊണ്ട് ഈ ആവശ്യത്തിലേക്കായി സൌകര്യപ്രദമായ ബാക്ക് പാക്കുകള്‍ വാങ്ങിയിരുന്നെങ്കിലും, ഇന്റര്‍ലേക്കണില്‍ നിന്ന് വാങ്ങിക്കൂട്ടിയ കുക്കു ക്ലോക്ക്, സ്വിസ്സ് ചോക്കളേറ്റുകള്‍, പശുവിന്റെ കഴുത്തില്‍ കെട്ടുന്ന മണി, സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള കൊച്ചുകൊച്ചു സോവനീറുകള്‍ എന്നിങ്ങനെയുള്ള ആക്രി സാധനങ്ങളൊക്കെ അകത്ത് കയറിയപ്പോള്‍ ബാഗിന് നല്ല ഭാരമുണ്ടായിരുന്നു.

ഉച്ചവരെ ബേണിലെ നഗരക്കാഴ്ച്ചകള്‍ കണ്ടുനടന്ന് അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുക എന്നല്ലാതെ തലസ്ഥാന നഗരിയില്‍ തങ്ങാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ലായിരുന്നു.

ക്യാപ്പിറ്റലായതുകൊണ്ടാവണം ബേണ്‍ സ്റ്റേഷനില്‍ മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് കൂടുതല്‍ തിരക്ക് തോന്നിപ്പിച്ചു. എന്നിരുന്നാലും നല്ല ഒതുക്കവും അടക്കവുമുള്ള തിരക്ക്. തിരക്കിനിടയില്‍ തിക്കിത്തിരക്ക് എന്ന സംഭവം തീരെയില്ല. സ്റ്റേഷനില്‍ നിന്നുതന്നെ പട്ടണത്തിന്റെ ഒരു മാപ്പ് സംഘടിപ്പിച്ച് പുറത്തേക്ക് കടന്നു. ഇതുവരെയുള്ള യാത്രകളില്‍ വഴികളൊന്നും ആരോടും ചോദിച്ച് മനസ്സിലാക്കേണ്ട ആവശ്യം കാര്യമായിട്ടുണ്ടായിരുന്നില്ല. പക്ഷെ ഇനി മുതല്‍ അങ്ങനെയല്ല. പരസഹായമില്ലാതെ ശരിയായ വഴികള്‍ കണ്ടുപിടിച്ച് മുന്നോട്ട് നീങ്ങുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പരസഹായം എന്നുപറയുമ്പോള്‍ ഭാഷ ഒരു വലിയ പ്രശ്നം തന്നെയാണ്. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കമ്മിയാണ് ഈ നഗരത്തില്‍. സ്വിസ്സ്-ജര്‍മ്മനാണ് ഇവിടത്തെ പ്രധാന ഭാഷ. സ്റ്റേഷന്റെ പുറത്തുള്ള ഒരു പൂക്കടയില്‍ ചെന്ന് വഴി ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ ഭാഷാപ്രശ്നം ഞങ്ങള്‍ മനസ്സിലാക്കി. തട്ടിമുട്ടിയുള്ള ഇംഗ്ലീഷും, കലാമണ്ഡലം കലകളുടെയുമൊക്കെ സഹായത്തോടെ ചില വഴികളൊക്കെ മനസ്സിലാക്കി.

12 ആം നൂറ്റാണ്ടിലുണ്ടാക്കിയ ഒരു ക്ലോക്ക് ടവറായിരുന്നു ആദ്യത്തെ ലക്ഷ്യം. 9 മണിക്ക് മുന്‍പ് അതിന്റെ മുന്നിലെത്തണം. മണിയടിക്കുന്നതിന് 4 മിനിട്ട് മുന്‍പുതന്നെ ക്ലോക്കിലെ കലാപരിപാടികള്‍ ആരംഭിക്കുമെന്നുള്ളതാണ് ആ ക്ലോക്കിന്റെ പ്രത്യേകത. മാപ്പിന്റെ സഹായത്തോടെ ക്ലോ‍ക്ക് ടവറിന്റെ മുന്നിലെത്താന്‍ അധികം ബുദ്ധിമുട്ടൊന്നുമുണ്ടായില്ലെങ്കിലും ഒന്നുരണ്ട് കവലകളില്‍ കാ‍ല്‍നടക്കാരോട് വഴി ചോദിച്ച് (ഭാഷ കലാമണ്ഡലം തന്നെ)ഉറപ്പാക്കിക്കൊണ്ടിരുന്നു.

ഗോത്തിക്ക് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളാണ് ബേണിലുള്ളത്. അവയ്ക്കിടയിലൂടെ ബാഗ് പുറത്ത് തൂക്കിയും, ഇടയ്ക്കിടയ്ക്ക് മൂട്ടിലുള്ള ചക്രങ്ങളുടെ സഹായത്തോടെ വലിച്ചുമൊക്കെ ക്ലോക്ക് ടവറിന്റെ മുന്നിലേക്ക് നടക്കുമ്പോള്‍ ദൂരെനിന്നുതന്നെ ക്ലോക്കിന്റെ സംഗീതം കേള്‍ക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ള സംഗീതവും ക്ലോക്കിലുള്ള ബൊമ്മകളുടെ കലാപ്രകടനമൊക്കെ കഴിഞ്ഞതോടെ സ്വര്‍ണ്ണനിറം പൂശിയ ആള്‍‌രൂപത്തിലുള്ള ബൊമ്മ കയ്യിലുള്ള ദണ്ഡുകൊണ്ട് മണിയില്‍ 9 പ്രാവശ്യം അടിച്ച് ശബ്ദമുണ്ടാക്കി.

ബേണിലെ ഒഴിവാക്കാനാവാത്ത ഒരു ആകര്‍ഷണമാണ് പുരാതനമായ ഈ അസ്‌ട്രോണമിക്കല്‍ ക്ലോക്ക്. സമയത്തിന് പുറമെ ദിവസവും, ഗ്രഹങ്ങളുടെ സ്ഥാനവും, സോഡിയാക്‍ ചിഹ്നങ്ങളുമൊക്കെ കാണിക്കുന്ന അത്തരമൊരു ഭീമന്‍ ക്ലോക്ക് ജീവിതത്തിലാദ്യമായി കാണുകയായിരുന്നു.

ക്ലോക്ക് ടവറിനോട് ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന് ഒരു പ്രത്യേകതയുണ്ട്. പഴയകാലത്ത് സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഒരു ജയിലാണത്. അവിടത്തെ തടവുപുള്ളികള്‍ക്ക് ഈ ക്ലോക്കിന്റെ മണിയടി കേട്ട് കേട്ട് മടുത്തുകാണുമായിരിക്കും.

അടുത്ത ലക്ഷ്യം 15 ആം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പ്രശസ്തമായ സെന്റ് വിന്‍സെന്റ് കത്തീഡ്രലായിരുന്നു. മാപ്പിലെ വഴികള്‍ ഇതിനകം പരിചയമായിക്കഴിഞ്ഞിരുന്നു. അധികം ബുദ്ധിമുട്ടാതെ തന്നെ ഗോത്തിക്‍ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള കത്തീഡ്രലിനരുകിലെത്തി.

അവിടെ ചില മിനുക്കുപണികള്‍ നടക്കുന്നതുകാരണം അകത്ത് കയറി മനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകളും മറ്റും കാണാനായില്ല. ബേണിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഗോപുരം 1421 ല്‍ ഉണ്ടാക്കപ്പെട്ട ഈ കത്തീഡ്രലിന്റേതാണ്. ആ ഗോപുരത്തില്‍ക്കയറിനിന്ന് നോക്കിയാല്‍ പട്ടണത്തിന്റെ ഒരു ആകാശക്കാഴ്ച്ച കാണാമെന്നുള്ള മോഹവും നടന്നില്ല.

അതിന്റെയൊക്കെ വിഷമം തീര്‍ക്കാനും, ബാഗും തൂക്കിയുള്ള നടത്തത്തിന്റെ ക്ഷീണം തീര്‍ക്കാനുമായി കത്തീഡ്രലിന്റെ വലത്തുവശത്തുള്ള വിശാലമാ‍യ അങ്കണത്തില്‍ കുറേ സമയം ചിലവഴിച്ചു. ദൂരെയായി ആരെ(Aare)നദിക്ക് കുറുകെയുള്ള വലിയ ഇരുമ്പുപാലത്തിലൂടെ തീവണ്ടിയും മറ്റ് വാഹനങ്ങളുമൊക്കെ കടന്നുപോകുന്നതുകാണാം. ബേണ്‍ നഗരത്തെ മൂന്നുവശത്തുകൂടെയും ചുറ്റിയാണ് ആരെ(Aare) നദി കടന്നുപോകുന്നത്.

ഫൌണ്ടനുകള്‍ക്ക് പേരുകേട്ട ഒരു നഗരമാണ് ബേണ്‍. വീഥികളുടെ നടുവിലൊക്കെ മനോഹരമായ ഫൊണ്ടനുകള്‍ കാണാം. ഫൌണ്ടന്‍ എന്നുപറയുമ്പോള്‍ വെള്ളം വീഴുന്നതിന്റെ ഭംഗിയേക്കാള്‍ ഫൌണ്ടന്റെ ശില്‍പ്പഭംഗിക്കാണ് കൂടുതല്‍ ആകര്‍ഷണമുള്ളത്.

ഇത്തരം ഭംഗിയുള്ള ഫൌണ്ടനുകള്‍ വഴിയുടെ നടുവിലെന്നപോലെ വഴിയരുകിലുള്ള കെട്ടിടങ്ങളുടെ ചുമരിലുമൊക്കെ ഒരു സാധാരണ കാഴ്ച്ച മാത്രമാണ് ബേണില്‍.
പൊതുസ്ഥലങ്ങളിലൊക്കെ ഇത്തരം ഫൌണ്ടനുകളും , ശില്‍പ്പങ്ങളുമൊക്കെ സംരക്ഷിച്ച് പോരുന്നത് എങ്ങനെയാണെന്ന് മാതൃകയാക്കാന്‍ പറ്റിയ ഒരു രാജ്യമാണിത്.
അടുത്തലക്ഷ്യം പാര്‍ലിമെന്റ് ഹൌസും, സിസ്സ് ബാങ്കുകളുമൊക്കെയാ‍യിരുന്നു. വഴി കണ്ടുപിടിക്കാന്‍ ഭൂപടം തന്നെയായിരുന്നു തുണ. നടത്തത്തിന്റെ വേഗത കുറഞ്ഞുതുടങ്ങിയതിന്റെ കാരണം പുറത്ത് തൂങ്ങുന്ന ബാക്ക് പാക്ക് തന്നെ. തെരുവിലെ കാഴ്ച്ചകള്‍ കണ്ട് മെല്ലെ നടക്കുന്നതിനിടയില്‍ ശ്രദ്ധിക്കപ്പെട്ട പ്രധാന സംഗതികളില്‍ ചിലത് ട്രാമുകളും , അതുപോലെ തന്നെ വിദ്യുച്ഛക്തി ഉപയോഗിച്ച് നീങ്ങുന്ന ബസ്സുകളുമാണ്.
തെരുവിലെ കെട്ടിടങ്ങള്‍ക്ക് മുകളിലായി തലങ്ങും വിലങ്ങും വലിച്ചുകെട്ടിയിട്ടുള്ള വൈദ്യുത കമ്പികള്‍ എങ്ങും കാണാം. സാധാരണ ഇലക്‍ട്രിക്ക് ട്രെയിനുകളുടെ പ്രവര്‍ത്തനരീതിയില്‍, റോഡിലുള്ള പാളങ്ങളിലൂടെയാണ് ട്രാമുകളുടെ സഞ്ചാരമെങ്കില്‍ അതില്‍നിന്ന് അല്‍പ്പം വ്യത്യാസമുണ്ട് ബസ്സുകളുടെ സഞ്ചാരരീതിയ്ക്ക്.
ബസ്സുകള്‍ക്ക് ട്രാമിന്റെ പോ‍ലെ പാളമൊന്നുമില്ല. ബസ്സിന്റെ മുകള്‍വശത്ത് നീണ്ടുനില്‍ക്കുന്ന ലോഹദണ്ഡിലൂടെയാണ് ബസ്സിലേക്കാവശ്യമായ വൈദ്യുതി പ്രവഹിക്കുന്നത്. 4 മീറ്ററോളം നീളമുള്ള ആ ലോഹദണ്ഡിനെ മാത്രം വൈദ്യതക്കമ്പികളില്‍ മുട്ടിച്ചുകൊണ്ട് ബസ്സ് റോഡിന്റെ ഇരുവശങ്ങളിലേയ്ക്കും നീങ്ങുന്നതും വളവുള്ള റോഡുകളിലൂടെ തിരിയുന്നതുമൊക്കെ പുതുമയുള്ള കാഴ്ച്ചതന്നെയായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇതുപോലൊക്കെയുള്ള വാഹനങ്ങളൊക്കെ ഓടിക്കൊണ്ടിരുന്നിട്ടും ശബ്ദമലിനീകരണവും കരിപ്പുകകൊണ്ടുള്ള അന്തരീ‍ക്ഷ മലിനീകരണമൊന്നുമില്ലാത്ത വീഥികളാണ് എല്ലായിടത്തും. പുറകില്‍ നിന്നുവരുന്ന ട്രാമിന്റെയോ ബസ്സിന്റേയോ ശബ്ദം കേള്‍ക്കുന്നത്, അതൊക്കെ വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ്.

പാര്‍ലിമെന്റ് കെട്ടിടത്തിന്റെ മുന്നില്‍ എത്തുന്നതിന് മുന്‍പുതന്നെ തെരുവോരത്തുനിന്ന് ഉച്ചഭക്ഷണം വാങ്ങി ബാഗിലാക്കി. ഉച്ചയ്ക്ക് തീവണ്ടിയിലിരുന്ന് ഭക്ഷണം അകത്താക്കിയാല്‍ അത്രയും സമയം ലാഭിക്കാമല്ലോ‍ ?

തുറസ്സായ മാര്‍ക്കറ്റ് പ്രദേശത്തേക്ക് കടന്നപ്പോള്‍ത്തന്നെ പാര്‍ലിമെന്റ് കെട്ടിടത്തിന്റെ മുകള്‍ഭാഗം കാണാറായി. മാര്‍ക്കറ്റിലെ കാഴ്ച്ചകള്‍ക്കെല്ലാം പുതുമയും, വൃത്തിയും, വെടിപ്പുമൊക്കെയുണ്ട്.

മാര്‍ക്കറ്റ് മുറിച്ചുകടന്ന് തുറസ്സായ വലിയൊരു സ്ഥലത്ത് എത്തിച്ചേര്‍ന്നപ്പോള്‍ നേരെ മുന്നിലായി 1902 ല്‍ നിര്‍മ്മിച്ച പാര്‍ലിമെന്റ് കെട്ടിടം പ്രൊഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. സ്വിസ്സര്‍ലാന്‍ഡില്‍ ലഭ്യമായിട്ടുള്ള കെട്ടിടനിര്‍മ്മാണസാമഗ്രികള്‍ മാത്രം ഉപയോഗിച്ചാണ് Bundeshaus എന്നുവിളിക്കപ്പെടുന്ന ഈ കെട്ടിടം ഇതിന്റെ ആര്‍ക്കിടെക്‍റ്റായ Hans Wilhelm Auer അക്കാലത്ത് ഡിസൈന്‍ ചെയ്തെടുത്തത് എന്നുള്ളതാണ് ഈ കെട്ടിടത്തിന്റെ എടുത്ത് പറയേണ്ട ഒരു പ്രത്യേകത. സമ്മേളനം ഇല്ലാത്ത ദിവസമായതുകൊണ്ട് പാര്‍ലിമെന്റിനകത്തേക്കും പ്രവേശനം തരമായില്ല.

പാര്‍ലിമെന്റ് കെട്ടിടത്തിന് വലത്തുവശത്തായി നാഷണല്‍ സ്വിസ്സ് ബാങ്ക് കെട്ടിടമാണ്. ജീവിതത്തിലൊരിക്കലും അവിടെയൊരു അക്കൊണ്ട് തുറക്കാന്‍ പറ്റില്ലെന്ന് നന്നായിട്ടറിയാമായിരുന്നതുകൊണ്ട്, ഉണക്കമീന്‍ കൊണ്ട് അടികൊണ്ട പൂച്ചയെപ്പോലെ ആ പരിസരത്തൊക്കെ കുറേനേരം വട്ടമിട്ട് കറങ്ങിനടന്ന് പൂതി തീര്‍ത്തതിനുശേഷമാണ് സ്ഥലം കാലിയാക്കിയത്.
സ്റ്റേഷനിലേക്ക് തിരിച്ചുനടക്കാന്‍ മാപ്പിന്റെ ആവശ്യം വേണ്ടിവന്നില്ല. ഒന്നുരണ്ടുപ്രാവശ്യം കയറി ഇറങ്ങിയപ്പോള്‍ വഴികളെല്ലാം സുപരിചിതമായതുപോലെ. പഴയ കെട്ടിടങ്ങള്‍ക്കിടയില്‍ നിലകൊള്ളുന്ന, ‍ സുതാര്യമായ ആധുനിക മേല്‍ക്കൂരയുള്ള ബസ്സ് സ്റ്റാന്‍ഡിനുവരെ ഒരു പ്രത്യേകഭംഗിയുള്ളതായി തോന്നി.

ബസ്സ് സ്റ്റാന്‍ഡ് മുറിച്ച് കടക്കുന്നത് റെയില്‍‌വേ സ്റ്റേഷനിലേക്കാണ്. സ്റ്റേഷനകത്ത്‍ പ്ലാറ്റ്ഫോം തിരഞ്ഞുനടക്കുന്നതിനിടയില്‍ യൂണിവേഴ്‌സിറ്റി എന്ന ഒരു ബോര്‍ഡ് കണ്ടപ്പോള്‍ അതെന്താണെന്ന് ഒരു അന്വേഷിക്കണമെന്ന് തോന്നി. സൂറിക്കിലേക്കുള്ള വണ്ടിവരാന്‍ കുറച്ചുകൂടെ സമയമുണ്ട്. അന്വേഷണം ചെന്നെത്തിയത് സ്റ്റേഷന്‍ ലിഫ്‌റ്റിന്റെ അടുത്താണ്. ലിഫ്റ്റിനകത്തുകടന്നപ്പോള്‍ മുകളിലേക്കാണ് യൂണിവേഴ്‌സിറ്റിയുടെ അടയാളം കാണിക്കുന്നത്. ശരിക്കുള്ള വഴിയാണോ എന്ന് സംശയം തോന്നിയെങ്കിലും ലിഫ്റ്റില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നാലാമത്തെയും അവസാനത്തേതുമായ നിലയില്‍‍ച്ചെന്നിറങ്ങി. അവിടന്ന് താഴേക്ക് നോക്കിയാല്‍ പാര്‍ലിമെന്റ് കെട്ടിടത്തിന്റേയും, സെന്റ് വിന്‍സന്റ് കത്തീഡ്രലിന്റേയുമൊക്കെ ഉയര്‍ന്നുനില്‍ക്കുന്ന ഗോപുരങ്ങള്‍ അടക്കമുള്ള ബേണ്‍ നഗരത്തിന്റെ ഒരു ചെറിയ ആകാശക്കാഴ്ച്ച തരമാകുന്നുണ്ട്. പുറകോട്ട് തിരിഞ്ഞ് നോക്കിയാല്‍ കാണുന്നത് യൂണിവേഴ്‌സിറ്റി കെട്ടിടവും കാമ്പസുമാണ്. 1834ല്‍ സ്ഥാപിതമായതും, ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നതുമായ യൂണിവേഴ്‌സിറ്റി കാമ്പസ് പരിസരത്ത് പത്തുപതിനഞ്ച് മിനിറ്റ് ചിലവഴിച്ചു.
സൂറിക്കിലേക്കുള്ള തീവണ്ടിക്ക് സമയമാകുന്നു. സമയം കൃത്യമായി പാലിച്ചേ പറ്റൂ. അല്ലെങ്കില്‍ പദ്ധതികളെല്ലാം കുഴഞ്ഞുമറിയും. ലിഫ്റ്റ് വഴി തിരിച്ച് സ്റ്റേഷനിലെത്തി തീവണ്ടിക്കകത്തുകടന്നപ്പോഴേക്കും വിശപ്പിന്റെ വിളി വന്നുകഴിഞ്ഞിരുന്നു. പാസ്‌തയും, നോണ്‍-വെജ്‍ സാലഡും അകത്താക്കിയപ്പോള്‍ കുറച്ചൊരാശ്വാസമായി.

വണ്ടി അപ്പോഴേക്കും സൂറിക്കിനെ ലക്ഷ്യമാക്കി കുതിച്ചുതുടങ്ങിയിരുന്നു.

---------തുടരും-----------

ആറാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, 19 February 2009

സ്വിസ്സര്‍ലാന്‍ഡ് (4) - ബ്രെണ്‍‌സ് & തുൺ

സ്വിസ്സ് യാത്രയുടെ 1, 2, 3, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ
----------------------------------------------------------

രാവിലെ തിരക്കിട്ട് യുങ്ങ്ഫ്രോയിലേക്ക് പോകുന്നതിനിടയില്‍ തീവണ്ടിയിലിരുന്ന് ശ്രദ്ധിക്കാതെ പോയ കാഴ്ച്ചകള്‍ മടക്കയാത്രയില്‍ കണ്ണിനിമ്പമേകി. കേബിള്‍ കാറുകള്‍ മലമുകളിലേക്ക് കയറുന്നതും ഇറങ്ങുന്നതും പലയിടത്തും കാണാം.


കുറച്ച് ജനവാസമുള്ള ഭാഗത്തൊരിടത്തേക്ക് മലമുകളില്‍നിന്ന് വീഴുന്ന ഒരു നേര്‍ത്ത വെള്ളച്ചാട്ടത്തില്‍ സൂര്യപ്രകാശം പതിക്കുന്നത് അന്തരീക്ഷത്തില്‍ പൊടിപറക്കുന്നതിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ടാണ്.


വണ്ടി Laturnbrunn സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു. അടുത്ത വണ്ടി വരാന്‍ അരമണിക്കൂറിലധികം സമയമുണ്ട്. അതിനിടയില്‍ തെരുവിലൂടെ ആ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്ഥാനത്തേക്ക് ഒരു നടത്തത്തിനുള്ള സമയമുണ്ടായിരുന്നു.


സ്വിസ്സ് ഗ്രാമങ്ങളിലെ തെരുവുകളിലൂടെ നടക്കുക എന്നുപറഞ്ഞാല്‍ ഒരു അനുഭൂതിയാണ്. പരവതാനി വിരിച്ചതുപോലെ പച്ചപ്പുല്ല് പിടിച്ചുകിടക്കുന്ന ഭൂപ്രദേശത്തിനിടയിലുള്ള കെട്ടിടങ്ങളുടെയും വീടുകളുടേയുമൊക്കെ ഭംഗിയാണ് അതിന് മാറ്റുകൂട്ടുന്നത്. പ്രകൃതി കനിഞ്ഞ് നല്‍കിയിട്ടുള്ള മലകളും, തടാകങ്ങളുമൊക്കെ നിറഞ്ഞ സ്ഥലങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലും അതിനോട് ഇണങ്ങിച്ചേരുന്ന തരത്തിലുള്ളതുമാണ് ഓരോ കെട്ടിടവും.

മഞ്ഞുവീഴ്ച്ചയുള്ള രാജ്യമായതുകൊണ്ടാകണം ചരിവുള്ള മേല്‍ക്കൂരയാണ് ഒരുവിധം എല്ലാ കെട്ടിടങ്ങള്‍ക്കും. മിക്കവാറും എല്ലാ ജനാലകളില്‍ നിന്നും വളര്‍ന്ന് പടര്‍ന്ന വിവിധനിറത്തിലുള്ള പൂച്ചെടികള്‍ താഴേക്ക് തൂങ്ങിക്കിടക്കുന്നുണ്ടാകും.

കുറേ നടന്നപ്പോള്‍ വെള്ളച്ചാട്ടത്തിനരുകിലേക്ക് നല്ല ദൂരമുണ്ടെന്ന് മനസ്സിലാക്കി. തീവണ്ടി സ്റ്റേഷനിലെത്തുന്നതിനു മുന്‍പ് തിരിച്ചെത്താന്‍ പറ്റില്ലെന്ന് മനസ്സിലായതുകൊണ്ട് പകുതിവഴിക്കുവെച്ച് സ്റ്റേഷനിലേക്ക് മടങ്ങി.

സമയം ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്. മുന്‍‌കൂട്ടി തയ്യാറാക്കിയതില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള പുതിയ പദ്ധതികള്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കും. ഒരൊറ്റ ദിവസം പോലും ബ്രേക്ക്ഫാസ്റ്റിനോ, ഉച്ചഭക്ഷണത്തിനോ വേണ്ടി കാര്യമായ സമയം ഞങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. നേരത്തേ തന്നെ വാങ്ങി ബാഗില്‍ വെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ ട്രെയിനിലോ,സ്റ്റേഷനിലോ ഇരുന്ന് കഴിക്കുകയായിരുന്നു പതിവ്. വൈകീട്ട് കൂടണയുന്നതിനുമുന്‍പ് ഏതെങ്കിലും റസ്റ്റോറന്റില്‍ പോയിരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചുപോന്നു. അല്ലെങ്കിലും ഇത്രയുമധികം കാഴ്ച്ചകള്‍ കണ്ടുനടക്കുന്നതിനിടയില്‍ ഭക്ഷണമെന്ന് സംഭവത്തെപ്പറ്റി ഓര്‍ക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നതാണ് സത്യം.

സ്വിസ്സര്‍ലാന്‍ഡിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും നോട്ടമിടുന്നത് ഒരു തടാകവും, ഒരു ഹില്‍ സ്റ്റേഷനുമാണെന്ന് മുൻപേ സൂചിപ്പിച്ചിരുന്നല്ലോ ? ഞങ്ങൾ ഇതിനകം രണ്ട് മലമുകളിലേക്ക് യാത്ര നടത്തിക്കഴിഞ്ഞിരിക്കുന്നു. തടാകങ്ങളിലേക്ക് പോയിട്ടുമില്ല. അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ശേഷം രണ്ട് തടാകങ്ങളിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്.

ഈ രാജ്യത്തെ വളരെ പ്രധാനപ്പെട്ട രണ്ട് വലിയ തടാകങ്ങളാണ് Thun ഉം Brienz ഉം.Thunersee, Brienzersee എന്ന പേരുകള്‍ ചുരുങ്ങി തുണ്‍, ബ്രെണ്‍സ് എന്നായി മാറിയിരിക്കുന്നു. ഈ രണ്ട് തടാകങ്ങള്‍ക്കിടയിലുള്ള പ്രദേശമായതുകൊണ്ടാണ് Interlaken എന്ന പേരുതന്നെ ഈ സ്ഥലത്തിന് വന്നത്. എത്ര അര്‍ത്ഥവത്തായ പേര്! ഈ രണ്ട് തടാകങ്ങളില്‍ ഒന്നിലെങ്കിലേയും ബോട്ട് യാത്ര സ്വിസ്സ് സഞ്ചാരത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്.

ബ്രെണ്‍‌സ് തടാകക്കരയില്‍ കറങ്ങിവരാനും ഭക്ഷണം കഴിക്കാനുമായിരുന്നു ആദ്യത്തെ നീക്കം. അങ്ങോട്ടുള്ള വഴിയും, കാഴ്ച്ചകളും വ്യത്യസ്തവുമാണ്. തടാകത്തിന്റെ ഭാഗത്തേക്ക് ഒഴുകുന്ന നദിക്കരയിലൂടെയാണ് തീവണ്ടി നീങ്ങുന്നത്. അര മണിക്കൂറിനകം ബ്രെണ്‍‌സ് സ്റ്റേഷനിലെത്തി. ഒരു വശത്ത് സ്റ്റേഷനും, മറുവശത്ത് ബോട്ട് ജട്ടിയും തടാകവും, അതിനപ്പുറത്ത് മലനിരകളുമൊക്കെ ചേര്‍ന്ന് ബ്രെണ്‍‌സ് സ്റ്റേഷന്‍ മനോഹരമായ ഒരു കാഴ്ച്ചയാണ്.

ബ്രെണ്‍‌സ് സ്റ്റേഷനിലിറങ്ങിയാല്‍ സ്വിസ്സ് ഗൃഹനിര്‍മ്മാണത്തിന്റെ മോടിയും വൈവിധ്യവും വിളിച്ചോതുന്ന വീടുകള്‍ നിരനിരയായുള്ള ഒരു തെരുവുകാണാം.അതിലൂടെ ഒരു നടത്തം ഒഴിവാക്കാന്‍ പറ്റില്ല. തെരുവിലെ ചുരുക്കം ചില കടകള്‍ മാത്രമേ തുറന്നിരിക്കുന്നുള്ളൂ. കടകള്‍ അടച്ചുപൂട്ടി ബന്തവസ്ഥാക്കിയിടുന്ന ശീലം ഇവിടെ പൊതുവേ കുറവാണ്. ലൈറ്റൊന്നും അകത്തില്ലെങ്കില്‍ ആ കടയില്‍ അന്ന് വിലപ്പനയില്ല എന്ന് മാത്രമേയുള്ളൂ. പക്ഷെ കട താക്കോലിട്ട് പൂട്ടിയിരിക്കണമെന്ന് നിര്‍ബന്ധമില്ല. നമുക്ക് അകത്ത് കയറി നോക്കുന്നതിന് വിലക്കൊന്നുമില്ല. മോഷണം ഇവിടെയില്ല എന്നുവേണം മനസ്സിലാക്കാന്‍. അധവാ അങ്ങനെ വല്ലതും നടന്നാല്‍ അതെല്ലാം ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരിക്കും. തുറന്നിരിക്കുന്ന ഒരു കടയില്‍ നിന്ന് സ്വിസ്സ് ഹോം മേഡ് ചോക്കളേറ്റ് ഒരു പെട്ടി വാങ്ങി. പൊള്ളുന്ന വിലയായിരുന്നെങ്കിലും ഇത്രയും ദൂരം വന്നിട്ട് അത് വാങ്ങാതെങ്ങിനെ മടങ്ങും ? ഇങ്ങനെയുള്ള ചിന്തയാണ് പല യാത്രകളിലും എന്റെ പോക്കറ്റിന്റെ അന്തകനായി മാറാറുള്ളത്.

തെരുവില്‍ ചില ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിന്നുണ്ട്. അതിലൊരു റസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണം ഒരു തടിയന്‍ ബര്‍ഗറിലൊതുക്കി. അത്രയും രുചികരമായ ബര്‍ഗര്‍ ജീവിതത്തിലിതുവരെ കഴിച്ചിട്ടില്ല. കടയുടമയും സപ്ലെയറുമെല്ലാം ഒരു തുര്‍ക്കിമിനിസ്ഥാനിയാണ്. അദ്ദേഹത്തിനോട് കുശലമൊക്കെ പറഞ്ഞ് വെളിയിലിറങ്ങി തെരുവിന്റെ അറ്റത്തെത്തി കെട്ടിടങ്ങള്‍ക്കിടയിലൂടെ തടാകക്കരയിലേക്ക് മുറിച്ചുകടന്നു.

തെളിനീലനിറത്തില്‍ വൃത്തിയുള്ള അടിത്തട്ട് കാണിച്ചുകൊണ്ട് നില്‍ക്കുന്ന തടാകക്കാഴ്ച്ച വിസ്മയിപ്പിക്കുന്നതാണ്. തടാകക്കരയിലൂടെ ബ്രെണ്‍‌സ് സ്റ്റേഷനിലേക്കുള്ള നടത്തം ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. വലത്തുവശത്തുള്ള മലകളും അതിനു താഴെയുള്ള നീലനിറത്തിലുള്ള തടാകത്തിന്റെ കാഴ്ച്ചയോ, അതോ ഇടത്തുവശത്തുള്ള വീടുകളുടെ നിര്‍മ്മാണഭംഗിയിലാണോ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നറിയാതെ ടെന്നീസ് കളി കാണാനിരിക്കുന്നവനെപ്പോലെ തല ഇരുവശത്തേക്കും വെട്ടിച്ചുവെട്ടിച്ച് അവശനായിപ്പോയെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല.

തടാകത്തില്‍ അങ്ങിങ്ങായി കൊച്ചുകൊച്ചു പായ് വഞ്ചികള്‍ കാണാം. തടാകസവാരി നടത്തുന്ന വലിയ ബോട്ട് ഒരെണ്ണം മാത്രമാണ് കാണാന്‍ സാധിച്ചത്. ടൂറിസമാണ്, കൂടുതല്‍ വരുമാനമുണ്ടാക്കാമെന്ന ലക്ഷ്യത്തോടെ ഒരു കാര്യവും അധികമായി വാണിജ്യവല്‍ക്കരിച്ച് വൃത്തികേടാക്കാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.ഓപ്പണ്‍ എയര്‍ റെസ്റ്റോറന്റുകളില്‍ ഉച്ചവെയില്‍ കാഞ്ഞ് തടാകക്കരയിലിരുന്ന് പ്രകൃതി സൌന്ദര്യം ആസ്വദിച്ചിരിക്കുന്ന ജനങ്ങള്‍ക്കിടയിലൂടെ പടങ്ങളൊക്കെ എടുത്ത് നടന്ന് ബ്രെണ്‍‌സ് സ്റ്റേഷനില്‍ തിരിച്ചെത്തി, തടാകത്തിലേക്ക് നോക്കി കുറെ സമയം ചിലവാക്കി.

ബ്രെണ്‍‌സ് ലേയ്‌ക്കില്‍ ബോട്ട് സവാരി ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. വൈകീട്ട് തുണ്‍ ലേയ്‌ക്കില്‍ ബോട്ട് സവാരിക്കുള്ള സമയം മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഇന്റര്‍ലേക്കണ്‍ (വെസ്റ്റ്) സ്റ്റേഷന്റെ പിന്നില്‍ നിന്നാണ് ആ ബോട്ട് യാത്ര പുറപ്പെടുന്നത്. ഇതിനിടയില്‍ ക്യാമറയുടെ ബാറ്ററി തീര്‍ന്നു. തീവണ്ടിയില്‍ കയറി ഇന്റര്‍ലേക്കണില്‍ മടങ്ങിച്ചെന്ന് മുറിയിലേക്ക് കയറി ബാറ്ററി ചാര്‍ജ്ജ് ചെയ്യാനായി സ്ഥാപിച്ചതിനുശേഷം പുറത്തെ തെരുവിലിറങ്ങി. ബാറ്ററി ചാര്‍ജ്ജാകുന്നതുവരെ അല്‍പ്പസ്വല്‍പ്പം ഷോപ്പിങ്ങ് നടത്തുകയായിരുന്നു ലക്ഷ്യം. തുണ്‍ ബോട്ട് സവാരിക്ക് ഇനിയും ഇഷ്ടം പോലെ സമയമുണ്ട്.

അടച്ചിട്ടിരുന്ന കടകളിലൊന്നില്‍ തലേന്ന് നോട്ടമിട്ടുവെച്ചിരുന്ന കുക്കു ക്ലോക്ക് (മണിയടിക്കുന്നതിനുപകരം, കൂട് തുറന്ന് ഒരു പക്ഷി പുറത്തേക്ക് വന്ന് കുക്കു,കുക്കു,എന്ന് ശബ്ദമുണ്ടാക്കുന്ന മരത്തിലുണ്ടാക്കിയ മെക്കാനിക്കല്‍ ക്ലോക്ക്) ഒരെണ്ണമായിരുന്നു എന്റെ ഉന്നം. ഏറ്റവും ചെറിയ കുക്കു ക്ലോക്ക് ഒരെണ്ണം നോക്കി തിരഞ്ഞെടുത്തതിന് രണ്ട് കാരണങ്ങളുണ്ട്.

1.മടക്കയാത്രയില്‍ ബാഗിനകത്ത് കൂടുതല്‍ സാധനങ്ങള്‍ കയറ്റാനുള്ള സൌകര്യമില്ല.
2.കുക്കു ക്ലോക്കിന്റെ വില പോക്കറ്റിനിണങ്ങുന്നതൊന്നുമല്ല.

പല ആകൃതിയിലും, ചൈമിങ്ങിലുമൊക്കെയുള്ള കുക്കു ക്ലോക്കുകള്‍ ഒരുവിധം എല്ലാ സോവനീര്‍ കടകളിലും ലഭ്യമാണ്. എല്ലാ കുക്കു ക്ലോക്കിനും വൈന്‍ഡ് ചെയ്യാനുള്ള ചങ്ങലയും അതില്‍ തൂക്കിയിടുന്ന വെയിറ്റും കാണും. പ്രധാനമായും മൂന്ന് തരത്തിലുള്ള കുക്കു ക്ലോക്കുകളാണുള്ളത്.

1.ബാറ്ററി ഓപ്പറേറ്റഡ് ക്വാട്ട്‌സ് കുക്കു ക്ലോക്ക്.ഇതിന്റെ വൈന്‍ഡിങ്ങ് വെയിറ്റില്‍ പിടിച്ച് നോക്കിയാല്‍ തീരെ ഭാരം കാണില്ല. വൈന്‍ഡിങ്ങ് വെയിറ്റ് ഒരു ഷോ പീസ് മാത്രമാണ്. പക്ഷി കരയുന്നതൊക്കെ ബാറ്ററിയുടെ സഹായത്താലാണ്.

2.വൈന്‍ഡ് ചെയ്യുന്ന മെക്കാനിക്കല്‍ കുക്കു ക്ലോക്ക്.ഇതാണ് യഥാര്‍ത്ഥ കുക്കു ക്ലോക്ക്. ഇതില്‍ 2 വെയിറ്റ് ആണ് കാണുന്നതെങ്കില്‍ ഇതിന്റെ വൈന്‍ഡ് ഒരു ദിവസം മാത്രമേ നീണ്ടുനില്‍ക്കൂ.

3.വൈന്‍ഡിങ്ങ് വെയിറ്റ് 3 എണ്ണം കാണുന്ന മെക്കാനിക്കല്‍ കുക്കു ക്ലോക്കിന്റെ വൈന്‍ഡ് 7 ദിവസം വരെ നീണ്ടുനില്‍ക്കും. ഇത്തരം ക്ലോക്കുകള്‍ ആകാരത്തിലും, വിലയിലും വലുതായിരിക്കും.

ഒരു ലക്ഷം രൂപവരെ വിലയുള്ള കുക്കു ക്ലോക്കുകള്‍, മണിയടിക്കുകയും, പക്ഷി കരയുകയും ചെയ്യുന്നതുകൂടാതെ മറ്റ് പല കഥാപാത്രങ്ങളുടേയും കലാപരിപാടികള്‍ അരങ്ങേറുന്ന കുക്കു ക്ലോക്കുകള്‍. അതിലൊരു ക്ലോക്കില്‍ പക്ഷി കരച്ചിലിന് പിന്നാലെ മുറ്റത്തെ മേശപ്പുറത്ത് കൈയിലിരിക്കുന്ന ബിയര്‍ ഗ്ലാസ്സ് അടിച്ച് ശബ്ദമുണ്ടാക്കി വെക്കുന്ന ഒരു തൊപ്പിക്കാരനും അയാളുടെ സുഹൃത്തും. ബാഗില്‍ സ്ഥലമില്ല എന്നുപറഞ്ഞ് ഇതൊന്നും വാങ്ങാതെ മടങ്ങാതിരിക്കാനായി, ഈ ക്ലോക്കുകള്‍ ലോകത്തിന്റെ ഏത് ഭാഗത്തേക്കും പാഴ്‌സലായി എത്തിച്ചുതരാനും കടക്കാര്‍ സന്നദ്ധരാണ്. ചിലവാക്കാന്‍ പണം കൈയ്യില്‍ കരുതിയാല്‍ മാത്രം മതി.

ക്ലോക്ക് വാങ്ങി തിരിച്ച് മുറിയിലെത്തി ബാറ്ററിയുമെടുത്ത് അടുത്ത ലക്ഷ്യമായ തുണ്‍ ബോട്ട് സവാരിക്കിറങ്ങി. ഇന്റര്‍ലേക്കണ്‍ വെസ്റ്റ് സ്റ്റേഷന്റെ തൊട്ടുപിന്നില്‍ത്തന്നെയാണ് ബോട്ട് ജെട്ടി. ഓസ്റ്റ് & വെസ്റ്റ് സ്റ്റേഷനുകളും, ഹോട്ടലും, ബോട്ട് ജട്ടിയും പരിസരത്തുള്ള വഴികളുമൊക്കെ ഇതിനകം ഉള്ളം കയ്യിലെ വരകള്‍ പോലെ സുപരിചിതമായിക്കഴിഞ്ഞിരുന്നു.

വൃത്തിയും വെടിപ്പുമുള്ള ബോട്ട് ജട്ടിയിലെ പുല്‍പ്പരപ്പില്‍ ബോട്ട് കാത്തിരിക്കുന്നതുപോലും ഒരു അനുഭവമാണ്. ജട്ടിയില്‍ പത്തിരുപത്തഞ്ച് പേരുണ്ട്. കൃത്യസമയത്തുതന്നെ ബോട്ട് കരയ്ക്കടുത്തു.

ഒരു യാത്ര അവിടെ അവസാനിക്കുകയായിരുന്നതുകൊണ്ട് ബോട്ടിലുള്ളവരെല്ലാം പുറത്തേക്കിറങ്ങിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അകത്തേക്ക് കയറി.സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുകൊണ്ട് ഈ യാത്രയ്ക്ക് പ്രത്യേകം ടിക്കറ്റിന്റെ ആവശ്യമില്ല.
രണ്ട് ഡക്കുകളുള്ള ബോട്ടിനകം മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. അകത്തിരിക്കണമെന്നുള്ളവര്‍ക്ക് അകത്തും, തണുത്ത കാറ്റേറ്റ് പുറത്തിരിക്കണമെന്നുള്ളവര്‍ക്ക് മുന്‍പിലും,പുറകിലും,മുകളിലെ തുറസ്സായ ഡക്കിലുമൊക്കെ ഇരിപ്പുറപ്പിക്കാം.

കാഴ്ച്ചകള്‍ കാണാനും പടമെടുക്കാനുമൊക്കെയുള്ള സൌകര്യത്തിനായി ഇപ്പറഞ്ഞ എല്ലായിടത്തും മാറി മാറി ഇരുന്നുകൊണ്ടാണ് ഞങ്ങളാ യാത്ര പൂര്‍ത്തിയാക്കിയത്. ഭക്ഷണം കഴിച്ച് യാത്ര ചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യവും ബോട്ടിലുണ്ട്.

വൈകീട്ട് 05:25ന് തുടങ്ങി 07:00 മണി വരെ നീണ്ടുനിന്ന മനോഹരമായ ഒരു ബോട്ട് യാത്ര. ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളതില്‍ വെച്ചേറ്റവും നല്ലൊരു ജലസവാരിയായിരുന്നു അത്. ലേയ്‌ക്കിന്റെ ഇരുവശത്തുമുള്ള മറ്റ് ജട്ടികളിലേക്ക് യാത്രക്കാരെ ഇറക്കിയും കയറ്റിയുമൊക്കെ അതാതുകരകളുടെ വളരെ അടുത്തുള്ള കാഴ്ച്ചയും തടാകത്തിനു നടുവിലൂടെ ഇരുകരകളുടേയും ദൂരക്കാഴ്ച്ചയുമൊക്കെ നിര്‍ലോഭം കാണിച്ചുതന്നുകൊണ്ടായിരുന്നു ആ ജലയാത്ര.

തടാകക്കരയില്‍ താമസിക്കുന്നവരുടെ വീടുകള്‍, അതിന്റെ മുന്നിലൊക്കെ കാര്‍ പാര്‍ക്കിങ്ങിന് എന്ന പോലെ ബോട്ട് പാര്‍ക്കിങ്ങിനുള്ള സൌകര്യങ്ങള്‍, പള്ളികള്‍, പാറക്കെട്ടുകള്‍, കെട്ടിയിട്ടിരിക്കുന്ന വലുതും ചെറുതുമായ പായ് വഞ്ചികള്‍, തടാകക്കരയിലൂടെയുള്ള നടപ്പാതകള്‍, റോഡുകള്‍ എന്നിങ്ങനെ ബോട്ടില്‍ നിന്നുള്ള എല്ലാ കാഴ്ച്ചകള്‍ക്കും പുതുമയുണ്ട്.

പച്ചപ്പുല്‍മേടുകളില്‍ രാവിലെ മുതല്‍ യഥേഷ്ടം മേഞ്ഞുനടന്ന് തിന്നുമത്തുപിടിച്ച കഴുത്തില്‍ മണി തൂക്കിയ കൊഴുത്തുരുണ്ട സ്വിസ്സ് പശുക്കള്‍ ഇനി ഒരടികൂടെ മുന്നോട്ട് വെക്കാന്‍ പറ്റില്ലെന്ന ഭാവത്തില്‍ തൂങ്ങിനില്‍ക്കുന്നതൊരു കാഴ്‌ച്ചതന്നെയാണ്. ആ ദൃശ്യം കണ്ടിട്ട് , അടുത്ത ജന്മത്തില്‍ സ്വിസ്സര്‍ലാന്‍ഡില്‍ എവിടെയെങ്കിലും ഒരു പശുവായി ജനിക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ കുറ്റം പറയാനാവില്ല.

ബോട്ട് ഓരോ കരയിലടുപ്പിക്കുന്നതും അകറ്റുന്നതും യാതൊരു വിധ തട്ടലും മുട്ടലും അലോസരവുമൊന്നുമില്ലാതെയാണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കപ്പെടും. നിശ്ചലമായ വെള്ളത്തിലൂടെയായതുകൊണ്ട് മാത്രമല്ല, ബോട്ട് ക്യാപ്റ്റന്റേയും മറ്റ് ജീവനക്കാരുടേയും വളരെ ശ്രദ്ധയോടെയുള്ള നീക്കത്തിന്റെ ഫലമാണതെന്ന് കരയിലേക്കടുക്കുന്ന ബോട്ട് നോക്കി നിന്നാല്‍ മനസ്സിലാകും.


തടാകത്തിലെ പത്താമത്തേതും അവസാനത്തേതുമായ തുണ്‍ ജട്ടിയില്‍ എല്ലാവരും ഇറങ്ങുകയായി. ബോട്ട് യാത്ര അവിടെ എത്തുമ്പോഴേക്കും ഇരുട്ടുവീണുതുടങ്ങിയിരുന്നു. ജട്ടിയുടെ തൊട്ടടുത്ത് തന്നെയാണ് തുണ്‍ റയില്‍‌വേ സ്റ്റേഷന്‍. അടുത്ത വണ്ടിക്ക് ഇന്റര്‍ലേക്കണ്‍ ഓസ്റ്റിലേക്കുള്ള മടക്കയാത്രയ്ക്കും ഒരു പ്രത്യേകതയുണ്ട്. ഇതുവരെ വെള്ളത്തില്‍ നിന്ന് കണ്ട കരഭാഗത്തുകൂടെ തടാകത്തിന്റെ കരപറ്റിയാണ് തീവണ്ടിപ്പാത. വെള്ളത്തില്‍ നിന്ന് കരയിലേക്ക് കണ്ട കാഴ്ച്ചകളുടെ മറുവശം കാണിച്ചുതന്നുകൊണ്ട് തീവണ്ടി നീങ്ങിക്കൊണ്ടേയിരുന്നു. ഇതേ പാതയിലൂടെയാണ് ഞങ്ങള്‍ സൂറിക്കില്‍ നിന്നും ആദ്യത്തെ ദിവസം ഇന്റര്‍ലേക്കണില്‍ എത്തിച്ചേര്‍ന്നതെങ്കിലും ഇപ്പോള്‍ ആ പാതകള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയുന്നതുപോലെ.

ഇരുവശത്തുമുള്ള കാഴ്ച്ചകള്‍ ഇരുട്ടിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണ്. നാളെ ഞങ്ങള്‍ ലൂസേണിലേക്ക് താവളം മാറ്റുന്നതുകൊണ്ട് ഇത് ഇന്റര്‍ലേക്കണിലെ അവസാനത്തെ രാത്രിയാണ്. വലിയ വിശപ്പൊന്നും ഇല്ലാതിരുന്നതുകൊണ്ട് സ്റ്റേഷനിലെ ഫാസ്റ്റ് ഫുഡ് കൌണ്ടറില്‍ നിന്നുതന്നെ അത്താഴം കഴിച്ച് തലചായ്‌ക്കാനായി ഹോട്ടലിലേക്ക് മടങ്ങി.

അഞ്ചാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Monday, 16 February 2009

ടാജ് മഹൽ

പ്രണയം വിഷയമാക്കാൻ പറ്റിയ ഒരു യാത്ര എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?“

അങ്ങനൊരു ചോദ്യം കടന്നുവന്നപ്പോൾ, ഇല്ല എന്ന് ഒറ്റയടിക്ക് മറുപടി പറഞ്ഞ എന്നെ, അപ്പോൾത്തന്നെ അന്തഃരംഗം തിരുത്തി.

“ നുണപറയരുത് നിരക്ഷരാ, യാത്രകളോട് അന്നും, ഇന്നും, എപ്പോഴും നിനക്ക് പ്രണയമായിരുന്നില്ലേ ? “

ഓ അത് ശരിയാണല്ലോ ? .....................................

ലോകം മുഴുവൻ പ്രണയം ആഘോഷിക്കുന്ന, പ്രണയത്തെപ്പറ്റി മാത്രം സംസാരിക്കുന്ന ഈയവസരത്തിൽ, പുതിയ യാത്രാവിവരണം ടാജ് മഹൽ നാട്ടുപച്ചയിലൂടെ വെളിച്ചം കണ്ടിരിക്കുന്നു. വായനക്കാരുടെ സൌകര്യാര്‍ത്ഥം വളരെക്കാലത്തിനുശേഷം ഞാനത് ഇവിടേയും പകര്‍ത്തിയിടുന്നു.


പ്രാണപ്രിയ മുംതാസിനോടുള്ള അനശ്വരപ്രേമത്തിന്റെ സ്മരണയ്ക്കായി മുഗൾ ചക്രവര്‍ത്തി ഷാജഹാൻ പണികഴിപ്പിച്ച ടാജ് മഹൾ.

ലോകാത്ഭുതങ്ങളിലൊന്നായ ടാജ് മഹളിന്റെ മുന്നിൽ എന്നെക്കൊണ്ടെത്തിച്ചത് പ്രണയമൊന്നുമായിരുന്നില്ല. അല്ലല്ല, പ്രണയം തന്നെയായിരുന്നു എന്നെ ടാജ് മഹാളിന്റെ മുന്നിലെത്തിച്ചത്. യാത്രയോടുള്ള പ്രണയമായിരുന്നെന്ന് മാത്രം.

ടാജ് മഹള്‍ - ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്
ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രയില്‍‌പ്പോയി വെണ്ണക്കല്ലിൽ കൊത്തിയെടുത്തിട്ടുള്ള ആ മഹാത്ഭുതം കണ്‍കുളിര്‍ക്കെ കണ്ടുനില്‍ക്കാൻ ഉള്ളിൽ അല്‍പ്പമെങ്കിലും പ്രണയമുള്ള ഏതൊരാളും കൊതിക്കാതിരിക്കില്ല. സഞ്ചാരികളുടെ കാര്യത്തിലാണെങ്കിൽ പ്രണയം ഇല്ലാത്തവനും ഉള്ളവനുമൊക്കെ ടാജ് മഹളിലേക്കുള്ള വഴി അവരുടെ യാത്രയുടെ ഒരു ഭാഗം മാത്രമാണ്. ഡല്‍ഹിവരെ പോയിട്ട് ടാജ് മഹൾ കാണാതെ മടങ്ങിയ ആരെങ്കിലുമുണ്ടെങ്കിൽ ആ ഡല്‍ഹിയാത്ര അര്‍ത്ഥശൂന്യമായിരുന്നെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

1989 ൽ കോളേജ് വിദ്യാഭ്യാസകാലത്താണ് 27 സഹപാഠികള്‍ക്കൊപ്പം ഉത്തരേന്ത്യയിലേക്ക് ഒരു യാത്രപുറപ്പെടാനും ഡല്‍ഹിയിലും മുംബൈയിലുമൊക്കെ യഥേഷ്ടം കറങ്ങിനടക്കാനുമൊക്കെ ഭാഗ്യമുണ്ടായത്. തീവണ്ടിയിലും ബസ്സിലുമൊക്കെയായി 21 ദിവസം നീണ്ടു നിന്നു ആ മനോഹരമായ യാത്ര.
സഹപാഠി ബിജു പന്തനാഭനുമൊത്ത് ടാജിന് മുന്നില്‍ - 1989 ലെ ഒരു ചിത്രം
ഏഴാം സെമസ്റ്റർ എഞ്ചിനീയറിങ്ങ് പഠിക്കുന്ന കാലത്താണ് ഞങ്ങളാ യാത്ര നടത്തിയത്. 6 പേരുള്ള ടൂർ കമ്മറ്റി രൂപീകരിച്ചപ്പോൾ അതിലൊരാൾ ഞാനായിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ, അതായത് ട്രെയിൻ സീറ്റ്, ഹോട്ടൽ മുറി, തുടങ്ങിയവയൊക്കെ ബുക്ക് ചെയ്യൽ, യാത്ര പുറപ്പെടുന്നതുവരെയുള്ള മറ്റുകാര്യങ്ങൾ കോഡിനേറ്റ് ചെയ്യൽ എന്നെതൊക്കെയായിരുന്നു എന്റെ ചുമതലകൾ. ടാജിലേക്കുള്ള വഴി ഇറ്റിനര്‍‌റിയിൽ കയറ്റുന്ന കാര്യത്തിൽ ടൂർ കമ്മറ്റിയിൽ ആര്‍ക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.

ബോംബെയ്ക്ക് അപ്പുറത്തേക്ക് യാത്ര നീട്ടാൻ പറ്റില്ലെന്ന് പറഞ്ഞ് ഇടഞ്ഞുനിന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ശ്രീ. കൃഷ്ണൻ സാറിനെ മറികടക്കാൻ, അദ്ദേഹത്തിന്റെ ഇന്റേണൽ അസ്സസ്‌മെന്റ് മാര്‍ക്കുകളെപ്പോലും അവഗണിച്ച് പ്രിന്‍സിപ്പാളിനെപ്പോയി കാണേണ്ടതായും വന്നു എനിക്ക്. പക്ഷെ ആ ശ്രമത്തിന് ഫലമുണ്ടായി. വടക്ക് നൈനിറ്റാൾ വരെ ആ യാത്രയ്ക്ക് അനുമതി തന്നു സഹൃദയായ പ്രിന്‍സിപ്പാൾ ശ്രീ. കെ.പി.പരമേശ്വരൻ പിള്ള സാർ.

തീയതി ഇന്നും കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഡിസംബർ മാസം 28. ഡല്‍ഹിയിൽ തണുപ്പ് 10 ഡിഗ്രിയിൽ താഴെ. അത്യാവശ്യത്തിന് പോലും കമ്പിളിയുടുപ്പുകൾ കയ്യില്‍ക്കരുതാതെയാണ് പലരും തണുത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന വടക്കേ ഇന്ത്യയിലേക്ക് വണ്ടികയറിയിരിക്കുന്നത്. കൊണോട്ട് സർക്കിളിൽ നിന്നും അധികം ദൂരെയല്ലാത്ത 'ടൂറിസ്റ്റ് പ്ലേസ് ' എന്നിടത്താണ് താമസം ഏര്‍പ്പാടാക്കിയിരുന്നത്. കാരവാനൊക്കെ ഓടിച്ച് ഇന്ത്യ കാണാനിറങ്ങുന്ന വിദേശികള്‍ക്കുള്ള ഇടമായിരുന്നത്. വിദ്യാര്‍ത്ഥികളായതുകൊണ്ട് കുറഞ്ഞ നിരക്കിലാണ് ഞങ്ങള്‍ക്ക് മുറികൾ കിട്ടിയിരിക്കുന്നത്. പകൽ മുഴുവൻ പലപല ബാച്ചുകളായി ഡല്‍ഹിയിലൊക്കെ കറങ്ങി നടക്കും. രാത്രി മുറിയില്‍ത്തിരിച്ചെത്തുമ്പോൾ കിടക്കയൊക്കെ വെള്ളം കോരിയൊഴിച്ചതുപോലെ തണുത്ത് കിടക്കുകയായിരിക്കും. ജീവിതത്തിലൊരിക്കലും ഇരുപത് ഡിഗ്രിയില്‍ത്താഴെ തണുപ്പനുഭവിച്ചിട്ടില്ലാത്ത ഞങ്ങളെല്ലാവരും ആ ദിനങ്ങൾ തരണം ചെയ്തത് ആസ്വദിച്ചുകൊണ്ടുതന്നെയാണ്.

ഡല്‍ഹിയിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്ര ബസ്സിലായിരുന്നു. ടാജിന് മുന്നിലെത്തിയപ്പോൾ ഒരു ജീവിതാഭിലാഷം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷമുണ്ടായിരുന്നു എല്ലാവര്‍ക്കും. ദൂരെനിന്നുതന്നെ കുറേസമയം കണ്ണുമിഴിച്ച് ആ മായക്കാഴ്ച്ച നോക്കിനിന്നു. ഇന്നത്തെപ്പോലെ ഡിജിറ്റൽ ക്യാമറയൊന്നും ഉള്ള കാലമല്ലാത്തതുകൊണ്ട് ഫോട്ടോ എടുക്കുന്നതെല്ലാം അളന്നുകുറിച്ചിട്ടാണ്. താജിനകത്ത് പടം പിടുത്തം നിഷിദ്ധവുമാണ്. ചെരുപ്പ് ഊരിവെച്ച് വേണം അകത്തേക്ക് കയറാൻ. കെട്ടിപ്പൂട്ടിയ ഷൂ പോലുള്ള പാദരക്ഷകൾ അഴിച്ച് മാറ്റാൻ ബുദ്ധിമുട്ടുള്ളവര്‍ക്ക് ചെറിയ നിരക്കിൽ സോക്സ് പോലുള്ള കാലുറകൾ വാടകയ്ക്ക് കിട്ടും. അത് ചെരുപ്പിന് മുകളിലൂടെ വലിച്ച് കയറ്റി അകത്തേക്ക് കടക്കുന്നതിന് വിലക്കൊന്നുമില്ല. വിദ്യാര്‍ത്ഥിജീവിതകാലത്ത് ഓരോ അണ-പൈയ്ക്കും മൂല്യം വളരെ കൂടുതലായതുകൊണ്ട് ചെരുപ്പ് പുറത്തഴിച്ചുവെച്ചുതന്നെ അകത്തേക്ക് കടന്നു.

ഷാജഹാന്റെയും, മുംതാസിന്റെയും കല്ലറകൾ കണ്ടു, ടാജിന് ചുറ്റും മാര്‍ബിൾ വിരിച്ച തറയിലൂടെ ഭാരമില്ലാത്ത മനസ്സുമായി തെന്നിനടന്നു. പിന്നിലൂടൊഴുകുന്ന യമുനയുടെ ജലപ്പരപ്പിന്റെ മുകളിലൂടെ ദൂരെയ്ക്ക് കണ്ണോടിച്ചാൽ ആഗ്രാക്കോട്ടയുടെ ഒരു വിദൂര ദൃശ്യം കാണാം. അവിടെച്ചെന്ന്, മകൻ ഔറങ്കസീബിനാൽ തടവിലാക്കപ്പെട്ട അന്ത്യനാളുകളിൽ, ഷാജഹാൻ കഴിഞ്ഞിരുന്ന ജാസ്മിൻ മഹളിൽ നിന്നുള്ള ടാജിന്റെ ദൃശ്യം കൂടെ കണ്ടിട്ടാണ് ആഗ്രയിൽ നിന്ന് മടങ്ങിയത്.

ലോകം കണ്ട ഏറ്റവും വലിയ പ്രണയജോഡി ആരായിരുന്നു ? ഷാജഹാൻ - മുംതാസ് കഴിഞ്ഞാൽ‌പ്പിന്നെ ലൈലാ-മജ്നു, റോമിയോ- ജൂലിയറ്റ് എന്ന കഥാപാത്രങ്ങളെ മാത്രമേ എനിക്കറിയൂ ? ആ പദവി ആര്‍ക്ക് കൊടുത്താലും ശരി, തന്റെ പ്രിയതമയ്ക്ക് വേണ്ടി ഇതുപോലെ മനോഹരമായ, ചരിത്രത്തിൽ ഇടം പിടിച്ച ഒരു സ്മാരകം പണിതീര്‍ത്തതിനുള്ള സമ്മാനം ഷാജഹാനുതന്നെ കൊടുത്തേ പറ്റൂ.

ഇടക്കാലത്ത് ടാജ് മഹൾ ഷാജഹാന്റെ സൃഷ്ടിയല്ലെന്നും, ജയ്പ്പൂർ മഹാരാജാവിന്റെ അധീനതയിലുള്ള 'തേജോ മഹാലയ' എന്ന ഒരു ശിവക്ഷേത്രം പിടിച്ചടക്കി പുനരുദ്ധരിച്ച്, ക്ഷേത്രമായിരുന്നു അതെന്നുള്ള തെളിവുകളൊക്കെ നശിപ്പിച്ച് ഒരു ഖബറിടം ആക്കി മാറ്റിയതാണെന്നും മറ്റുമുള്ള ലേഖനങ്ങൾ കാണാനിടയായിട്ടുണ്ട്. ഇതുപോലൊന്ന് ഇനി ലോകത്തൊരിടത്തും ഉണ്ടാക്കപ്പെടാതിരിക്കാൻ വേണ്ടി ടാജിന്റെ ജോലിയിൽ ഏർപ്പെട്ടിരുന്ന പ്രമുഖ ശില്‍പ്പികളിൽപ്പലരുടേയും കൈകൾ മുറിച്ച് കളഞ്ഞിട്ടുണ്ട് ഷാജഹാനെന്ന് പണ്ടേ തന്നെ കേട്ടിട്ടുള്ളതാണ്. ടാജ് മഹൾ സ്നേഹത്തിന്റെയല്ല വെറുപ്പിന്റെ പ്രതീകമാണെന്നും വാര്‍ത്തകളുണ്ട്. ജീവിതകാലം മുഴുവൻ മുംതാസിനെ പലതരത്തിൽ ഷാജഹാൻ പീഢിപ്പിച്ചിരുന്നെന്നും അവരുടെ അന്ത്യനാളുകളിൽ മാത്രം അവരോട് തോന്നിയ അനുകമ്പയാണ് ഷാജഹാനെക്കൊണ്ട് ഈ സൃഷ്ടിക്ക് പ്രേരിപ്പിച്ചതെന്നും വേറെയുമുണ്ട് വാര്‍ത്തകൾ.

അത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിറകിലുള്ള സത്യാവസ്ഥയൊക്കെ പഠിച്ച് സ്ഥിരീകരിക്കാ‍ൻ ചരിത്രകാരന്മാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ടാജ് മഹൾ ഒരു പ്രേമസ്മാരകം ആയിരുന്നെന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

വര്‍ഷങ്ങള്‍ക്ക് ശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി രാജസ്ഥാനിലേക്ക് പലപ്രാവശ്യം യാത്ര ചെയ്യേണ്ടിവന്നപ്പോഴൊക്കെ ടാജ് മഹളിന്റെ മുന്നിലേക്ക് മനസ്സ് ഓടിച്ചെന്നിട്ടുണ്ട്.

കാലം ഒരുപാട് കഴിഞ്ഞതുകൊണ്ട് പഴയതുപോലെ സഹപാഠികളുടെ വലയം ഇപ്പോൾ കൂടെയില്ല. ആകെയുള്ള കൂട്ട് നല്ലപാതിയുടേത് മാത്രമാണ്. ടാജ് മഹളിലേക്ക് ഇനിയൊരിക്കല്‍ പോകുന്നെങ്കിൽ അത് പ്രിയതമയ്ക്കൊപ്പം ആകുന്നതാണല്ലോ അതിന്റെ ശരി. അതിനുള്ള ഒരുക്കങ്ങളൊക്കെ രാജസ്ഥാനിൽ നിന്നുകൊണ്ടുതന്നെ നടത്തി. ജോലിസംബന്ധമായി ബാംഗ്ലൂർ താമസിക്കുന്ന നല്ലപാതിയ്ക്കും അഞ്ചുവയസ്സുകാരി മകള്‍ക്കും വേണ്ടി യാത്രാടിക്കറ്റിനും, താമസസൗകര്യത്തിനുമുള്ള ഏര്‍പ്പാടുകൾ തുടങ്ങി. പക്ഷെ ഔദ്യോഗികമായ ചില കാരണങ്ങള്‍കൊണ്ട് നിര്‍ഭാഗ്യവശാൽ അവസാനനിമിഷം ആ യാത്ര നടക്കാതെ പോയി.

സുരക്ഷാപ്രശ്നങ്ങൾ കാരണം കുറച്ചുകാലം ടാജ് മഹളിന് മുന്നിലേക്ക് രാത്രികാലങ്ങളിൽ പ്രവേശനം നിഷിദ്ധമായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ വിലക്ക് മാറിയെന്നും പിന്നീട് അറിയാൻ കഴിഞ്ഞു. ടാജ് കാണാൻ ഒരിക്കൽ നല്ലപാതിക്കൊപ്പം അവിടെയെത്തണം. നിലാവിന്റെ പന്തലിനടിയിൽ തിളങ്ങിനില്‍ക്കുന്ന ആ പ്രണയശില്പത്തെ പ്രിയതമയ്ക്കൊപ്പം യമുനയുടെ തീരത്തിരുന്ന് മനം മടുക്കുന്നതുവരെ കാണണം.

അക്കാഴ്ച്ച കണ്ടാൽ കവിത വഴങ്ങാത്തവര്‍ക്കുപോലും കവിത അണപൊട്ടുമായിരിക്കും, പ്രണയത്തിന്റെ തരിമ്പുപോലും മനസ്സിലില്ലാത്തവര്‍ക്കുപോലും പ്രണയം പൂത്തുലയുമായിരിക്കും. ഒരു കാമുകന്റെ മനസ്സ് തുറന്നുകാട്ടണമെന്നുള്ളവര്‍ക്ക് ആ സന്ദര്‍ഭത്തിൽ പി.പത്മരാജനെപ്പോലെ തന്നെ ശലമോന്റെ(സോളമന്റെ) വരികൾ കടം കൊള്ളേണ്ടി വന്നേക്കാം, അല്‍പ്പസ്വല്‍പ്പം വ്യതിയാനത്തോടെ.

'നമുക്ക് യമുനയുടെ തീരങ്ങളില്‍‌ച്ചെന്ന് രാപ്പാര്‍ക്കാം. രാത്രിയുടെ അന്ത്യയാമങ്ങളിൽ എഴുന്നേറ്റ് നിലാവിൽ കുളിച്ചു നില്‍ക്കുന്ന ടാജ് മഹലിന്റെ അഭൌമ സൌന്ദര്യം കണ്‍‌കുളിർക്കെ കാണാം. യമുനയുടെ പരപ്പിൽ നിന്ന് ആ പ്രണയശില്‍പ്പത്തിന്റെ പ്രതിബിംബത്തെ കൈക്കുമ്പിളിൽ കോരിയെടുക്കാം.

അവിടെവെച്ച്....

അവിടെവെച്ച്.... നിനക്ക് ഞാനെന്റെ പ്രേമം തരും.

Wednesday, 11 February 2009

സ്വിസ്സർലാൻഡ് (3) - യുങ്ങ്‌ഫ്രോ

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
സ്വിസ്സ് യാത്രയുടെ 1, 2, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ
--------------------------------------------------------------------------

ണ്ടാം ദിവസത്തെ യാത്രാപരിപാടിയിലെ ആദ്യത്തെയിടം ‘ടോപ്പ് ഓഫ് യൂറോപ്പ് ‘ എന്നറിയപ്പെടുന്ന യുങ്ങ്‌ഫ്രോ (Jungfraujoch)മലമുകളിലേക്കായിരുന്നു. അതൊരു കേബിൾ കാർ യാത്ര ആയിരുന്നില്ല എന്നുള്ളത് എനിക്കേറെ ആശ്വാസം നൽകി. സ്വിസ്സർലാൻഡിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ് യുങ്ങ്‌ഫ്രോ. സ്വിസ്സർലാൻഡ് വരെ പോയിട്ട് ‘ടോപ്പ് ഓഫ് യൂറോപ്പ് ‘കാണാതെ മടങ്ങിയ യാത്രികർ വിരളമായിരിക്കും.

രാവിലെ 6 മണികഴിഞ്ഞിട്ടും പ്രഭാതസൂര്യന്റെ വെളിച്ചത്തിനുപകരം ദൂരെയുള്ള ആൽ‌പ്പ്സ് മലനിരകളിലെ മഞ്ഞുപുതപ്പിന്മേൽ നിലാവിന്റെ നീലനിറം വീണുകിടക്കുന്നതുപോലെയാണ് തോന്നിയത്. രാവിലെ 06:50 ന്റെ തീവണ്ടിയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്റ്റേഷനിലേക്ക് നടന്നെത്തിയപ്പോഴേക്കും ആ വണ്ടി പോയിക്കഴിഞ്ഞിരുന്നു. നമ്മുടെ നാട്ടിലെ പോലെ തീവണ്ടിയോ മറ്റേതെങ്കിലും വാഹനങ്ങളോ, വൈകിവരുമെന്ന ധാരണയിലുള്ള നടപ്പ് സ്വിസ്സർലാൻഡിൽ ചിലവാകില്ലെന്ന് അതോടെ മനസ്സിലായി. ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട ക്ലോക്കുകളും വാച്ചുകളും ഉണ്ടാക്കാൻ മാത്രമല്ല, അതിൽക്കാണിക്കുന്ന സമയം കൃത്യമായി പാലിക്കാൻകൂടി പേരുകേട്ടവരാണ് ഇന്നാട്ടുകാർ.

ടൂറിസ്റ്റുകൾക്ക് അവരുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കി എന്തുസഹായം ചെയ്തുതരാനും സദാ സന്നദ്ധരാണ് തീവണ്ടിയാപ്പീസിലെ ഹെല്‍പ്പ് ഡെസ്ക്കിലുള്ളവർ. അവർ നിദ്ദേശിച്ചതുപ്രകാരം 07:22 ന്റെ വണ്ടിയിൽക്കയറി Wengen,Wengernalp എന്നീ സ്റ്റേഷനുകൾ വഴി Kleine Scheidegg സ്റ്റേഷനിലെത്തി.

അവിടന്നാണ് യുങ്ങ്‌ഫ്രോയിലേക്കുള്ള വണ്ടിയിൽ മാറിക്കയറേണ്ടത്. ഇനിയുള്ള തീവണ്ടിയാത്ര സ്വിസ്സ് പാസ്സിന്റെ പരിധിയിൽ വരുന്നില്ല. പക്ഷെ സിസ്സ് പാസ് കയ്യിലുള്ളവർക്ക് 50% ഇളവുള്ളതുകൊണ്ട് ആളൊന്നുക്ക് 55 സ്വിസ്സ് ഫ്രാങ്കിൽ ആ ടിക്കറ്റിന്റെ ചിലവൊതുങ്ങി.

മഞ്ഞിൽപ്പുതഞ്ഞുകിടന്നിരുന്ന ആ സ്റ്റേഷനിലുണ്ടായിരുന്നവരിൽ ബഹുഭൂരിഭാഗവും യുങ്ങ്‌ഫ്രോയിലേക്കുള്ള സഞ്ചാരികൾ തന്നെയായിരുന്നു. എല്ലാവരേയും അകത്തുകയറ്റി കൃത്യസമയം പാലിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയ വണ്ടി 4 മിനിറ്റിലധികം സഞ്ചരിക്കുന്നതിനുമുൻപ് ഒരു തുരങ്കത്തിലേക്ക് കടക്കുകയായി. അധികം താമസിയാതെ ആ തുരങ്കത്തിൽ നിന്ന് പുറത്തുവന്നത് മറ്റൊരു ഭൂപ്രകൃതി കാണിച്ചുതരാനാണെന്ന് തോന്നിപ്പിക്കാതിരുന്നില്ല. ഇടത്തരം ഒരു തടാകമായിരുന്നു ആ കാഴ്ച്ചകളിലെ പ്രധാന ആകർഷണം.

മഞ്ഞുതൊപ്പിയിട്ട ആല്‍പ്പ്സ് നിരകളും പൈൻ മരങ്ങളുമൊക്കെ ചേർന്ന് നൽകുന്ന ആൽ-പൈൻ ദൃശ്യം സ്വിസ്സർലാൻഡിലെ മലകൾക്കുമുകളിലേക്കുള്ള യാത്രയിലെ ഒരു സ്ഥിരംകാഴ്ച്ച മാത്രമാണെങ്കിലും അതിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ലെന്നുള്ളതാണ് സത്യം.

യുങ്ങ്‌ഫ്രോയിലേക്കുള്ള യാത്ര പൂർണ്ണമായും തീവണ്ടിയിലാണ്. യാത്രയുടെ അവസാനഭാഗത്ത് തീവണ്ടി സഞ്ചരിക്കുന്നത് താഴ്വാരത്തുനിന്ന് മലയുടെ മുകളിലേക്കുള്ള തുരങ്കത്തിലൂടെയാണെന്നു മാത്രം. അതുകൊണ്ടുതന്നെ ഈ യാത്രയിൽ മുകളിലേക്കുള്ള കയറ്റത്തിന്റെ ഭംഗിയോ ഭീകരതയോ അനുഭവിക്കാനാവില്ല. തീവണ്ടിക്കകം ചൂടായതുകൊണ്ട് തണുപ്പിന്റെ കാഠിന്യം പോലും കൃത്യമായി മനസ്സിലാക്കാൻ പറ്റില്ല.

വണ്ടിയിൽ കയറുന്നതിനുമുൻപ് Scheidegg സ്റ്റേഷനിൽ നിന്ന് കയ്യിലെടുത്ത ട്രാവൽ-ബ്രോഷർ തുറന്ന് ലക്ഷ്യസ്ഥാനത്തെക്കുറിച്ച് അല്‍പ്പം വിവരമുണ്ടാക്കാമെന്നുവെച്ച് വായന ആരംഭിച്ചപ്പോഴാണ് അക്കിടി മനസ്സിലായത്. ബ്രോഷറിൽ ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ ഭാഷയുമുണ്ട്. പരീക്ഷാഫലം പത്രത്തിൽ തിരയുന്നവന്റെ അങ്കലാപ്പോടെ കടലാസ് തിരിച്ചും മറിച്ചും നോക്കുന്ന എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്ന തൊട്ടടുത്ത സീറ്റിലെ സായിപ്പിനും മദാമ്മയ്ക്കും കാര്യം പെട്ടെന്ന് പിടികിട്ടി. അവരുടെ കയ്യിലുണ്ടായിരുന്ന ഇംഗ്ലീഷ് ബ്രോഷറും എന്റെ കയ്യിലുള്ള മറു ഭാഷാ ബ്ലോഷറും പരസ്പരം കൈമാറിയത് എല്ലാവരുമൊരുമിച്ച് പൊട്ടിച്ചിരിച്ചുകൊണ്ടാണ്.

തീവണ്ടി വളരെ മെല്ലെയാണ് നീങ്ങിയിരുന്നത്. അൽപ്പനേരത്തിനകം തുരങ്കത്തിലൂടെ ചെറിയ വെളിച്ചം കാണാനായിത്തുടങ്ങിയപ്പോൾ ലക്ഷ്യസ്ഥാനത്തെത്തിയെന്നാണ് കരുതിയതെങ്കിലും അതൊരു സ്റ്റോപ്പ് മാത്രമായിരുന്നു. തുരങ്കത്തിന്റെ വശങ്ങളിലൂടെ മലയുടെ വെളിയിലേക്ക് തുരന്ന് ചില്ലുജനാലകൾ സ്ഥാപിച്ചിട്ടുണ്ട്. അല്‍പ്പനേരം തീവണ്ടി അവിടെ നിർത്തിയിടുന്നുണ്ട്.

എല്ലാവർക്കും വെളിയിലിറങ്ങി ജനാലകളിലൂടെ മഞ്ഞിന്റെ കനത്തപാളികൾ വീണുകിടക്കുന്ന താഴ്‌വരയുടെ ഭംഗി ആസ്വദിക്കാൻ വേണ്ടി മാത്രമാണ് അവിടെ വണ്ടി നിറുത്തുന്നത്.അതിലൊരു ചില്ലുജാലകം പൂർണ്ണമായും മഞ്ഞുവീണ് അടഞ്ഞുപോയിരിക്കുന്നു.

9400 അടി ഉയരത്തിൽ Eigerwand, 10368 അടി ഉയരത്തിൽ Eismeer എന്ന രണ്ടിടങ്ങളിൽ അതുപോലെ വണ്ടി നിർത്തുന്നുണ്ട്. വെളിയിലെ കാഴ്ച്ചകൾ കാണാനും, പടം പിടിക്കാനും മറ്റുമുള്ള സമയം കഴിഞ്ഞെന്ന് തോന്നിയാൽ എല്ലാവരും വണ്ടിയിൽ കയറണമെന്ന് അനൗൺ‌സ്‌മെന്റ് വരുകയും വണ്ടി വീണ്ടും മുന്നോട്ട് നീങ്ങുകയുമായി.

അടുത്ത സ്റ്റോപ്പ് (Bahnhof)കാണുമ്പോഴേ അത് അവസാനത്തെ സ്റ്റേഷനാണെന്ന തോന്നലുളവാക്കും. ഷിൽ‌ത്തോണിലേക്കുള്ള യാത്ര സാദ്ധ്യമാക്കിയത് Emst Feuz ആണെങ്കിൽ യുങ്ങ്‌ഫ്രോയിലേക്കൂള്ള യാത്രയ്ക്ക് നാം നന്ദി പറയേണ്ടത് Adolf Guyer Zeller എന്ന വ്യക്തിയോടാണ്. യുങ്ങ്‌ഫ്രോയിലേക്കുള്ള റയിൽ ഗതാഗതത്തിന് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ തലമാത്രം കാണിക്കുന്ന ഒരു ശില്‍പ്പമാണ് ഈ സ്റ്റേഷനിൽ നമ്മെ സ്വാഗതം ചെയ്യുന്നത്. അകത്തേക്ക് കയറിച്ചെല്ലുന്നിടത്തുതന്നെ കഫ്ത്തീരിയയും, സോവനീർ ഷോപ്പുമൊക്കെയുണ്ട്. കണ്ണാടിച്ചില്ലിലൂടെ പുറത്തേക്ക് കാണുന്നത് നോക്കെത്താദൂരത്തേക്ക് പരന്നുകിടക്കുന്ന മഞ്ഞുമലകൾ മാത്രമാണ്. മലമുകളിലെ കാഴ്ച്ചകൾ തൊട്ടടുത്ത് കൊണ്ടുവരാനായി ബൈനോക്കുലറുകൾ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. കുറച്ചുനേരം ആ കാഴ്ച്ചകൾക്ക് വേണ്ടി ചിലവാക്കിയതിനുശേഷം നെടുനീളൻ തുരങ്കത്തിലെ അരിച്ചിറങ്ങുന്ന നീലവെളിച്ചത്തിനടിയിലൂടെ മുന്നോട്ട് നീങ്ങി.

ഐസ് പാലസ്സ് ആണ് യുങ്ങ്‌ഫ്രോയിലെ പ്രധാന കാഴ്ച്ചകളിൽ ഒന്ന്. തുരങ്കത്തിനുള്ളിലെ വഴികളിലൊന്ന് ചെന്നുചേരുന്നത് മഞ്ഞിൻ കൊട്ടാരത്തിലേക്കുള്ള പടികൾക്ക് മുകളിലാണ്. പടിയിറങ്ങിച്ചെല്ലുമ്പോൾ കാണുന്ന നീളമുള്ളതും വീതികുറഞ്ഞതുമായ വഴി കൊണ്ടുചെല്ലുന്നത് ഐസിൽ തീർത്ത ശില്‍പ്പങ്ങൾ അണിനിരത്തിയിട്ടുള്ള ഉയരം കുറഞ്ഞതും നിറയെ ഇടഭിത്തികളുമുള്ള മുറികളിലേക്കാണ്.

ചുമരിലും, മച്ചിലും, തറയിലുമൊക്കെ ചില്ലുപോലെയുള്ള ഐസ് ആവരണം തീർത്തിരിക്കുന്നു. തറയിൽ സൂക്ഷിച്ച് ചവിട്ടി നടക്കണമെന്ന് ആദ്യം തോന്നിയെങ്കിലും വെളിയിലുള്ള മഞ്ഞിൽ തെന്നിവീഴുന്നതുപോലെ അപകടം അകത്തുണ്ടാകില്ലെന്ന് പിന്നീട് മനസ്സിലായി. മഞ്ഞുരുകിയ വെള്ളം ഒഴുകുന്നില്ല എന്നതുതന്നെയാണ് പ്രധാന കാരണം. പടമെടുക്കുന്നവരുടെ തിരക്കാണവിടെ.

ഹിമക്കരടികളും, പെൻ‌ഗ്വിനുകളും, കഴുകന്മാരുമൊക്കെ ആ ശില്‍പ്പങ്ങളുടെ കൂട്ടത്തിലുണ്ട്. ക്രിസ്റ്റലിൽ തീർത്തതുപോലുള്ള മനോഹരമായ കലാവിരുന്നാണ് ഐസ് പാലസ്സിനകം മുഴുവനും.

കുറച്ചുനേരം ആ ശില്‍പ്പഭംഗി ആസ്വദിക്കാൻ വേണ്ടി ചിലവഴിച്ചശേഷം പ്രധാന കെട്ടിടത്തിൽച്ചെന്ന് പുറത്തേക്കുള്ള വാതിലിലൂടെ വെളിയിലെത്തി. സഞ്ചാരികൾ മഞ്ഞിനുമുകളിലൂടെ കാഴ്ച്ചകൾ കണ്ടും പടം പിടിച്ചും കറങ്ങിനടക്കുന്നത് മൈനസ് 10 ഡിഗ്രി തണുപ്പിലാണെന്ന് മനസ്സിലാക്കാതെയാണ് ആ കൂട്ടത്തിലേക്ക് ലയിച്ചത്. പുറത്ത് നല്ല കാറ്റുണ്ട്. അഞ്ചുമിനിറ്റിനകം, ജനിച്ചിട്ടിതുവരെ അനുഭവിക്കാത്തെ ശൈത്യത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞു. തെർമൽ വെയറിനും അതിനുമുകളിലുള്ള ജാക്കറ്റിനും, കഴുത്തിലെ ഷാളിനും, രോമക്കൈയുറയ്ക്കുമൊന്നും തണുപ്പിനെ അകറ്റി നിർത്താനാകുന്നില്ലായിരുന്നു. തണുപ്പിന്റെ കാഠിന്യം കൂട്ടാൻ വീശിയടിക്കുന്ന കാറ്റ് നന്നായി സഹായിക്കുന്നുണ്ട്.ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘സഹശയന‘ത്തിലെ

‘കാറ്റടി കീറിപ്പൊളിച്ച കുപ്പായവും കൂട്ടിപ്പിടിച്ച്
കടിച്ചുപറിക്കും തണുപ്പിന്റെ നായ്ക്കളെ കെട്ടിപ്പിടിച്ച്
ആത്മാവിലെ തീക്കട്ട മാത്രം എരിച്ച്.....’

എന്ന വരികളാണപ്പോൾ ഓർമ്മ വന്നത്.

പുറകുവശത്ത് കെട്ടിടത്തിന്റെ ഉയരത്തിലുള്ള മകുടം(Sphnix View Point) കാണാം. താഴെയുള്ള വാതിലിലൂടെയാണ് ഞങ്ങൾ വെളിയിൽ കടന്നിരിക്കുന്നത്. മറുവശത്തുകണ്ട ഒരു മഞ്ഞുമലയുടെ മുകളിലൂടെ മേഘത്തിന്റെ ഒരു കീറ് കടന്നുപോകുന്നതുകണ്ടപ്പോൾ തണുപ്പ് സഹിക്കാനാവാതെ ഒരു സിഗാരിന് തീ കൊളുത്തി നിൽക്കുകയാണ് ആ മല എന്നാണെനിക്ക് തോന്നിയത്. Monch എന്ന ആ പർവ്വതത്തിന്റെ ഉയരം 13449 അടിയാണ്.

പുറത്ത് സ്ഥാപിച്ചിരുന്ന സ്വിസ്സ് പതാകയുടെ കീഴെ നിന്ന് പടമെടുക്കാൻ തിരക്കുകൂട്ടുകയായിരുന്നു എല്ലാവരും. അതൊരടയാളമാണ്, ഒരു ഓർമ്മക്കുറിപ്പാണ്. എവറസ്റ്റ് കൊടുമുടിയിൽ കയറിച്ചെന്ന് പതാക നാട്ടി അതിന്റെ മുന്നിൽ നിന്ന് പടമെടുക്കുന്നതുപോലുള്ള ഒരു അനുഭവമാണ്. യൂറോപ്പിന്റെ നെറുകയിൽ കയറിച്ചെന്ന് ആയൊരു നിമിഷം ക്യാമറയിലേക്ക് പകർത്താൻ എപ്പോഴും അവസരമുണ്ടായെന്ന് വരില്ലല്ലോ ?

കുറച്ച് പടങ്ങൾക്ക് പോസുചെയ്ത് മുഴങ്ങോടിക്കാരി പെട്ടെന്നുതന്നെ കെട്ടിടത്തിനകത്തേക്ക് വലിഞ്ഞു.ബ്രേക്ക് ഡൗൺ പോയന്റ് വരെ തണുപ്പനുഭവിച്ചതിനുശേഷം തണുത്ത് മരക്കട്ടപോലെയായ കൈകൾ തിരുമ്മി ചൂടാക്കാൻ ശ്രമിച്ചുകൊണ്ട് ഞാനും പതുക്കെ അകത്തേക്ക് കടന്നു.

തുരങ്കത്തിലൂടെ തിരിച്ചുനടക്കുമ്പോൾ പെട്ടെന്ന് ഞാനൊരു കാര്യം ഓർത്തു. കെട്ടിടത്തിന്റെ മുകളിൽ കാണുന്ന Sphinx View Point ലേക്ക് ഞങ്ങളിനിയും പോയിട്ടില്ല. അതാണ് ആ ഗിരിനിരകളിൽ സാധാരണ സഞ്ചാരികൾക്ക് എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും ഉയരമുള്ള ഭാഗം. ഹെലിക്കോപ്റ്ററിൽ നിന്നോ മറ്റോ എടുത്തിരിക്കാൻ സാദ്ധ്യതയുള്ള Sphinx View Point അടക്കമുള്ള യുങ്ങ്‌ഫ്രോയുടെ ഒരു ചിത്രം ചുമരിൽ കണ്ടതും ക്യാമറയിൽ പകർത്തിയതുമാണ്.

അവിടെ പോകാതെ, അവിടന്നുള്ള കാഴ്ച്ച കാണാതെ എങ്ങിനെ മടങ്ങും? അങ്ങോട്ട് പോകുന്ന വഴി ഇതിനിടയിൽ കാണാനുമായില്ല. മടക്കയാത്രയ്ക്കുള്ള തീവണ്ടിയ്ക്കിനി അധികസമയമില്ല.

തുരങ്കത്തിനകത്തുകൂടെ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടിയിട്ടാണെങ്കിലും ഞങ്ങളങ്ങോട്ടുള്ള വഴി കണ്ടുപിടിച്ചു. ലിഫ്റ്റ് (Sphinx Lift) വഴിയാണ് അങ്ങോട്ട് പോകേണ്ടത്. 108 മീറ്റർ ഉയരത്തിലേക്ക് നല്ല വേഗത്തിലാണ് ലിഫ്റ്റ് നീങ്ങുന്നത്. ലിഫ്റ്റ് ഇറങ്ങി വെളിയിൽ കടന്ന് Sphinx View Point ലേക്ക് കടന്നു. Monch കൊടുമുടി കുറച്ചുകൂടെ അടുത്താണിപ്പോൾ നിൽക്കുന്നത്. താഴെ നിന്നപ്പോൾ കണ്ട പുകവലി അതിപ്പോഴും തുടരുന്നുണ്ട്. വ്യൂ പോയന്റിലും ബാൽക്കണിയിലും നല്ല തിരക്കാണ്. പടമെടുക്കലും, ബൈനോക്കുലറിലൂടെ കാഴ്ച്ചകാണലുമൊക്കെയായി തണുപ്പിനെ ഏറ്റവും കൂടുതൽ നേരം പ്രതിരോധിക്കാൻ പറ്റുന്നവർക്ക് ഏറ്റവും കൂടുതൽ സമയം അവിടെ നിൽക്കാം.

പെട്ടെന്ന്, ക്യാമറയ്ക്ക് പോസു ചെയ്ത് പടങ്ങളെടുത്ത് നിന്നിരുന്ന ഒരു സംഘത്തിന്റെ മേലേക്ക് തൊട്ടടുത്തുള്ള പോസ്റ്റിൽ നിന്നും കുറേ മഞ്ഞുകട്ടകൾ അടർന്നു വീണു. അപകടം ഒന്നും ഉണ്ടായില്ല. ഇതുപോലെ വീഴുന്ന മഞ്ഞുപാളികൾ താഴേക്ക് പോകാൻ പാകത്തിന് ദ്വാരമുള്ള മെറ്റൽ തറയാണവിടെ സജ്ജീകരിച്ചിരിക്കുന്നത്. നല്ല തണുപ്പുള്ള കാലങ്ങളിൽ കാറ്റിന് ഇതിനേക്കാൾ ശക്തിയുണ്ടാകും, മഞ്ഞുവീഴ്ച്ചയും കൂടുതലായിരിക്കും. തണുപ്പ് സഹിച്ച് ഇത്രയും സമയം വെളിയിൽ നിൽക്കാൻ തന്നെ പറ്റിയെന്ന് വരില്ല. ഈ കാര്യങ്ങളൊക്കെ കണക്കിലെടുത്ത് കാലാവസ്ഥാപ്രവചനത്തിനനുസരിച്ചാണ് ഓരോ ദിവസവും യുങ്ങ്‌ഫ്രോയിലേക്കുള്ള യാത്ര തീരുമാനിക്കപ്പെടുന്നത്.


കാലാവസ്ഥ മോശമാണെങ്കിൽ യുങ്ങ്‌‌ഫ്രോ യാത്രയ്ക്കുള്ള ടിക്കറ്റെടുക്കാൻ ചെല്ലുമ്പോൾത്തന്നെ വിവരം ലഭിക്കുന്നതാണ്. ഞങ്ങളുടെ ഭാഗ്യത്തിന് വലിയ കുഴപ്പമില്ലാത്ത കാ‍ലാവസ്ഥയായിരുന്നതുകൊണ്ട് 11782 അടി ഉയരമുള്ള ഈ കൊടുമുടിയിലേക്കുള്ള യാത്ര തരമായി.

മടക്കയാത്രയ്ക്ക് സമയമായി. തിരിച്ചുപോകുന്ന തീവണ്ടിയിൽ തിരക്ക് കുറവാണ്. പക്ഷെ,വന്നുചേരുന്ന വണ്ടികൾ നിറയെ സഞ്ചാരികളുണ്ട്. തുരങ്കത്തിലൂടെ താഴേക്ക് യാത്രയായ വണ്ടിയിൽ ഞങ്ങളടക്കം നാലോ അഞ്ചോ പേർ മാത്രം.

ഉച്ചയ്ക്ക് ശേഷമുള്ള യാത്രയുടേയും അവിടേക്കുള്ള തീവണ്ടിയുടേയും സമയം കയ്യിലുള്ള ചാർട്ടിൽ നോക്കിമനസ്സിലാക്കുന്നതിനിടയിൽ കുറച്ചുനേരം വണ്ടി സ്റ്റേഷനൊന്നുമില്ലാത്തെ ഒരിടത്ത് നിറുത്തി.കാഴ്ച്ചകൾ മറയില്ലാതെ കാണാനായി എല്ലാവരും പുറത്തേക്കിറങ്ങി. കണങ്കാലിനൊപ്പം മഞ്ഞ് പുതഞ്ഞുകിടക്കുന്നിടത്ത് തീവണ്ടിപ്പാളങ്ങൾ മാത്രം തല വെളിയിൽക്കാണിച്ച് നിൽക്കുന്നു. ദൂരെയായി മലകൾക്ക് മുകളിലൂടെ പാരാഗ്ലൈഡുകളിൽ കറങ്ങിനടക്കുന്ന സാഹസികരോട് അസൂയ തോന്നി.

ഒരു കുടുംബചിത്രം എടുത്തുതരാൻ വേണ്ടി പാളത്തിനരുകിൽ നിന്നിരുന്ന റയിൽ‌വേ ജീവനക്കാരനെത്തന്നെ ക്യാമറ ഏല്‍പ്പിച്ചു. പടം പതിഞ്ഞിരിക്കുന്നെന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് സന്തോഷം. ഇംഗ്ലീഷിൽ നന്ദി പറയുന്നതിനുപകരം സ്വിസ്സർലാൻഡുകാർ നന്നായി സംസാരിക്കുന്ന ഫ്രെഞ്ച് ഭാഷയിൽ, നമ്മൾ നാട്ടിൽ കേട്ടു പരിചയമുള്ള മറ്റൊരു വാക്കിൽ നന്ദി പ്രകടനം ഒതുക്കി. “മേഴ്‌സി“.

------തുടരും--------

നാലാം ഭാഗം ഇവിടെ വായിക്കാം.