Monday 1 February 2010

ചേരമാന്‍ പള്ളി

കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ നാലാം ഭാഗമാണിത്.
മുന്‍ ഭാഗങ്ങള്‍ വായിക്കാന്‍ നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക
1, 2, 3
--------------------------------------------------------
ചേരമാന്‍ പറമ്പില്‍ നിന്ന്‌ കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് കടക്കുന്നതിന്‌ ഒരു കിലോമീറ്റര്‍ മുന്നേ നാഷണല്‍ ഹൈവേയില്‍ത്തന്നെ(N.H. 17) എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ചേരമാന്‍ ജുമാ മസ്ജിദ് നിലകൊള്ളുന്നത്. എണ്ണിത്തിട്ടപ്പെടുത്താന്‍ ആകാത്തത്രയും പ്രാവശ്യം ഞാനീ മസ്ജിദിന് മുന്നിലൂടെ കടന്നുപോയിരിക്കുന്നെങ്കിലും ഇതിപ്പോള്‍ ആദ്യമായിട്ടാണ് ആ പള്ളിവളപ്പിലേക്ക് കടക്കുന്നത്.

ഭാരതത്തിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ മസ്ജിദ് എന്നതുകൊണ്ടുതന്നെ ഈ ദേവാലയത്തിനൊപ്പം കൊടുങ്ങല്ലൂരിന്റേയും ചരിത്രത്തിലുള്ള സ്ഥാനം വളരെ വലുതാണ്‌.
ചേരമാന്‍ ജുമാ മസ്ജിദ് - കൊടുങ്ങലൂര്‍

കൊടുങ്ങലൂര്‍ തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഒരിക്കല്‍ ആകാശത്ത് ചന്ദ്രന്‍ രണ്ടായി പിളര്‍ന്ന് പോകുന്നതായ അസാധാരണമായ ഒരു സ്വപ്നം കാണുകയുണ്ടായി. ശ്രീലങ്കയിലെ ആദം മലയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ആദം നബിയുടെ കാല്‍പ്പാട് കാണാനായി ഇറങ്ങിത്തിരിച്ച അറബ് വംശജരായ തീര്‍ത്ഥാടകസംഘം(കച്ചവടസംഘമാണെന്നും പറയപ്പെടുന്നു) മുസരീസിലെത്തി പെരുമാളിനെ സന്ദര്‍ശിച്ചപ്പോള്‍ , വിശുദ്ധ ഖുറാനിലെ 54:1-5 ഭാഗത്തിലൂടെ ഈ സ്വപ്നത്തെപ്പറ്റി നല്‍കിയ വ്യാഖ്യാനം പെരുമാളിന് ബോദ്ധ്യപ്പെടുകയും, മുഹമ്മദ് നബിയെപ്പറ്റിയൊക്കെ അവരുടെ അടുക്കല്‍ നിന്ന് മനസ്സിലാക്കി ഇസ്ലാമില്‍ ആകൃഷ്ടനായ പെരുമാള്‍ തന്റെ സാമ്രാജ്യം പലതായി വിഭജിച്ച് പ്രാദേശിക പ്രമുഖരെ ഏല്‍പ്പിച്ച് സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് മക്കയിലേക്ക് യാത്രയാകുകയും പ്രവാചക സന്നിധിയില്‍ എത്തിച്ചേര്‍ന്ന് താജുദ്ദീന്‍ എന്ന് നാമപരിവര്‍ത്തനം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് വിശ്വാസം.

കുറേക്കാലം മുഹമ്മദ് നബിയോടൊപ്പം ചിലവഴിച്ച ചേരമാന്‍ പെരുമാള്‍ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചുതന്നെ മരണമടഞ്ഞു. മരിക്കുന്നതിന് മുന്നേ ചേരമാന്‍ പെരുമാള്‍ ചില കുറിമാനങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മാലിക്‍ ഇബ്‌നു ദിനാര്‍ എന്ന യോഗിവര്യന് കൈമാറി. മാലിക് ദിനാര്‍ പിന്നീട് കേരളത്തില്‍ എത്തുകയും, പെരുമാളിന്റെ കത്തുകള്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് കൈമാറുകയും, കേരളത്തില്‍ വിവിധയിടങ്ങളിലായി മുസ്ലീം പള്ളികള്‍ പണിയാനുള്ള അനുമതി പ്രാദേശിക ഭരണകര്‍ത്താക്കളില്‍നിന്നും നേടുകയും ചെയ്തു. അങ്ങനെ മാലിക്ക് ദിനാര്‍ തന്നെ പ്രഥമ ഖാസിയായി ഇന്ത്യയിലെ ആദ്യത്തെ ഈ മുസ്ലീം പള്ളി, A.D. 629 ല്‍ കൊടുങ്ങലൂരില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.

ചേരമാന്‍ പെരുമാളിന്റേയും ചേരമാന്‍ പള്ളിയുടേയും ചരിത്രം പറയുമ്പോള്‍ ചരിത്രകാരന്മാര്‍ തമ്മിലുള്ള തര്‍ക്കവിഷയങ്ങളും പറയാതിരിക്കാനാവില്ല. ഒരു പഴയ ബുദ്ധവിഹാരം പള്ളി പണിയാനായി വിട്ടുകൊടുത്തു എന്നാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വ്യാഖ്യാനിക്കുന്നത്. ചേരമാന്‍ പെരുമാള്‍ ബുദ്ധമതമാണ് സ്വീകരിച്ചതെന്നും അക്കാലത്ത് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല എന്നും , ചേരമാന്‍ പെരുമാള്‍ തന്നെയാണോ പള്ളിബാണ പെരുമാള്‍ എന്നും , ഇതില്‍ ഏത് പെരുമാളാണ് മക്കയിലേക്ക് പോയത് , എന്നുമൊക്കെയുള്ള കാര്യങ്ങള്‍ ഇന്നും ചരിത്രകാരന്മാര്‍ക്ക് തര്‍ക്കവിഷയം തന്നെയാണെങ്കിലും മാലിക്ക് ദിനാറുമായി ബന്ധമുള്ള ഒരു ചേരരാജാവ് ഉണ്ടായിരുന്നു എന്നും, അദ്ദേഹം മുസ്ലീമായിട്ടുണ്ടെന്നും , മക്കയിലേക്ക് പോകുകയും മടക്കയാത്രയ്ക്കിടയില്‍ അറബ് ഉപഭൂഖണ്ഡത്തില്‍ വെച്ച് കാലം ചെയ്തു എന്നുള്ള കാര്യത്തിലും, ചേരമാന്‍ പള്ളി തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന കാര്യത്തിലുമൊക്കെ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വില്യം ലോഗന്റെ മലബാര്‍ മാനുവലിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

പതിനൊന്നാം നൂറ്റാണ്ടില്‍ ഈ പള്ളി ആദ്യമായി പുനരുദ്ധരിക്കപ്പെട്ടു എന്ന് കരുതിപ്പോരുന്നു. 1974 ല്‍ പള്ളിയുടെ ഉള്‍ഭാഗത്തെ പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്‍ഭാഗമൊക്കെ ഉടച്ച് വാര്‍ക്കുകയുണ്ടായി. 1994ലും 2001ലും പഴയ പള്ളിയില്‍ പുനര്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ട്.
ചേരമാന്‍ പള്ളിയുടെ ഒരു പഴയ ചിത്രം - ( കടപ്പാട് - ചേരമാന്‍ മസ്ജിദ്)

എന്തുകൊണ്ടോ പഴയ പള്ളിയുടെ 100ല്‍ ഒന്ന് മനോഹാരിതപോലും പുതുക്കിപ്പണിത മുന്‍ഭാഗത്ത് എനിക്കിതുവരെ കാണാനായിട്ടില്ല. കേരളത്തനിമയുണ്ടായിരുന്ന പള്ളി അതുപോലെ തന്നെ പുതുക്കിപ്പണിഞ്ഞ് പൈതൃകം നിലനിര്‍ത്തുന്നതിന് പകരം ആധുനികതയുടെ പുറംചട്ടയിടീച്ചപ്പോള്‍ , ചരിത്രത്തില്‍ നിന്നുതന്നെ അകന്ന് മാറിപ്പോയതായി എനിക്ക് തോന്നുന്നത് ഞാനൊരു പഴഞ്ചനായതുകൊണ്ടാകാം. പ്രസംഗപീഠവും തൂക്കുവിളക്കുമൊക്കെയിരിക്കുന്ന ഉള്‍ഭാഗത്തിന്റെ പഴമ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്.

മാലിക്ക് ദിനാര്‍ തന്നെ സ്ഥാപിച്ചിട്ടുള്ള കാസര്‍ഗോട് ജില്ലയിലെ തളങ്ങരയിലുള്ള ‘മാലിക്ക് ദിനാര്‍ ‘ എന്ന പള്ളി പഴക്കം നഷ്ടപ്പെടാതെ ഇന്നും നിലനിര്‍ത്തിയിരിക്കുന്നു എന്നത് ഇക്കൂട്ടത്തില്‍ പ്രത്യേകം സ്മരിക്കേണ്ടതാണ്.

മതസൌഹാര്‍ദ്ദത്തിനും പേരുകേട്ടതാണ്‌ ചേരമാന്‍ പള്ളി. റമദാന്‍ നാളുകളില്‍ മറ്റ് മതസ്ഥര്‍ നടത്തുന്ന ഇഫ്‌ത്താര്‍ വിരുന്നുകളും വിജയദശമി നാളുകളില്‍ ഇവിടെ വെച്ച് വിദ്യാരംഭം നടത്താന്‍ മുസ്ലീം ഇതര സമുദായക്കാര്‍ വരുന്നതുമൊക്കെ ഇവിടത്തെ അതുല്യമായ മതമൈത്രിയുടെ ഉദാഹരണങ്ങളാണ്.


പള്ളിയിലെ അതിപുരാതനമായ തൂക്കുവിളക്ക് (കടപ്പാട് - ചേരമാന്‍ മസ്ജിദ്)

വിളക്ക് കത്തിച്ചുവെച്ചിരുന്ന ഇന്ത്യയിലെ ഏക മുസ്ലീം പള്ളി ഇതുമാത്രമായിരിക്കണം. ഇസ്ലാമിലില്ലാത്ത കാര്യങ്ങളാണ് വിളക്ക് കത്തിക്കുക എന്നതൊക്കെയെങ്കിലും ചേരമാന്‍ പള്ളിയില്‍ അതൊക്കെ പാരമ്പര്യത്തിന്റെ ഭാഗമായി തുടര്‍ന്ന് പോരുകയായിരുന്നു. ആദ്യകാലത്ത് വെളിച്ചം കിട്ടാന്‍ വേണ്ടി കത്തിച്ചുവെച്ചിരുന്ന വിളക്ക്, വൈദ്യുതി കടന്നുവന്നിട്ടും നിറയെ എണ്ണയിട്ട് കത്തിനിന്നിരുന്നെങ്കിലും ഈയടുത്ത കാലത്ത് വിളക്കിലെ തിരി അണയുകയായിരുന്നു. കരിയും പുകയുമൊക്കെയാണ് വിളക്കണയാനുള്ള കാരണങ്ങളായി പറയപ്പെടുന്നത്. എന്നിരുന്നാലും ജാതിമതഭേദമെന്യേ പള്ളി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ആഗ്രഹസാഫല്യത്തിനായി ഈ വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കുന്ന പതിവ് ഇന്നും തുടര്‍ന്നുപോരുന്നുണ്ട്.

വിദേശികളടക്കം ഒരുപാട് സഞ്ചാരികള്‍ പള്ളിവളപ്പില്‍ കറങ്ങിനടക്കുന്നുണ്ട്, ഞങ്ങളവിടെ ചെല്ലുമ്പോള്‍ . നിസ്ക്കാര സമയമായതുകൊണ്ടോ മറ്റോ ആകണം ഇപ്പോള്‍ പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ പറ്റില്ല എന്നാണു്‌ ഓഫീസില്‍ നിന്നും പറഞ്ഞത്. സാധാരണഗതിയില്‍ ചില ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രമേ അന്യമതസ്ഥര്‍ക്ക് കയറുന്നതിന് വിലക്കുള്ളൂ. മുസ്ലീം പള്ളികളിലും കൃസ്ത്യന്‍ പള്ളികളിലും ആര്‍ക്കും കയറുന്നതിന് വിലക്കൊന്നും പറഞ്ഞുകേട്ടിട്ടില്ല. എനിക്കങ്ങനെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടുമില്ല.

പ്രധാനവാതിലിന് ‌ മുന്നില്‍ നിന്നാല്‍ അകത്തേക്ക്‌ കയറാതെ തന്നെ പള്ളിക്കകത്തെ കാഴ്ചകള്‍ എല്ലാം വ്യക്തമാണ്‌. ഉത്തരത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന വെങ്കലത്തില്‍ തീര്‍ത്ത അതുപുരാതനമായ തൂക്കുവിളക്കും , മിഹ്‌റാബും , 900 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള പച്ചിലച്ചാറുകൊണ്ട് നിറം കൊടുത്തിരിക്കുന്ന‌ പ്രസംഗപീഠവുമെല്ലാം നോക്കി കുറച്ചുനേരം നിന്നതിനുശേഷം ഞങ്ങള്‍ പള്ളിക്ക് ഒരു വലം വെച്ചു.
പള്ളിയുടെ പുതുക്കിപ്പണിയൊന്നും നടത്താത്ത ഉള്‍ഭാഗം (കടപ്പാട്- ചേരമാന്‍ മസ്ജിദ്)

തന്റെ മകനായ ഹബീബ് ബിന്‍ മാലിക്കിനെ അടുത്ത ഖാസിയായി നിയമിച്ചതിനുശേഷം മാലിക്ക് ദിനാര്‍ കേരളത്തിലുടനീളം വിപുലമായി യാത്ര ചെയ്തു, പലയിടങ്ങളിലും പള്ളികള്‍ നിര്‍മ്മിച്ചു. പിന്നീട് അദ്ദേഹം അറേബ്യയിലേക്ക് മടങ്ങുകയും അവിടെ വെച്ച് മരണമടയുകയും ചെയ്തു.

സ്ത്രീകളുടെ നിസ്ക്കാര മുറിയോട് ചേര്‍ന്ന് കാണുന്ന ഖബറിടങ്ങള്‍ (മഖ്ബറ) ഹബീബ് ബിന്‍ മാലിക്കിന്റേയും അദ്ദേഹത്തിന്റെ ഭാര്യ ഖുമൈറിയുടേയും ആണെന്ന് വിശ്വസിക്കപ്പെടുന്നു.
മാലിക്ക് ദിനാറിന്റെ പുത്രന്റേയും പുത്രഭാര്യയുടേയും ഖബറുകള്‍

പള്ളിക്ക് പുറകിലായുള്ള കുളത്തിന്റെ പാര്‍ശ്വഭാഗങ്ങള്‍ നന്നായി മോടി പിടിപ്പിച്ചിരിക്കുന്നു. കുളത്തിന്റെ വശത്തൂടെ നടന്ന് വിശ്രമകേന്ദ്രവും ചേരമാന്‍ മ്യൂസിയവും ചേര്‍ന്ന കെട്ടിടത്തിനടുത്തെത്തി.
പള്ളിപ്പറമ്പിലെ കുളം - (ചിത്രത്തിന് കടപ്പാട് - ചേരമാന്‍ മസ്ജിദ്)

മ്യൂസിയത്തിനകത്ത് കാര്യമായൊന്നും ഇല്ല. മിനിയേച്ചര്‍ കലാകാരന്‍ കെ.പി.ശ്രീകുമാര്‍ നിര്‍മ്മിച്ച മസ്ജിദിന്റെ പഴയൊരു മാതൃകയാണ്‌ എടുത്തുപറയാനുള്ള ഏക ആകര്‍ഷണം . പഴയ ഒന്നുരണ്ട് ശവമഞ്ചങ്ങളും തലക്കല്ലുമൊക്കെ മ്യൂസിയത്തിലുണ്ട്.
പഴയ പള്ളിയുടെ കൊച്ചു മാതൃക - മ്യൂസിയത്തിലെ ഒരു കാഴ്ച്ച

അറബികളടക്കം ഒന്നുരണ്ട് യാത്രികര്‍ക്ക് പള്ളിയുടെ ചരിത്രം അറബിയില്‍ത്തന്നെ വിശദീകരിച്ചുകൊടുക്കുന്നുണ്ട്‌ ഒരു അച്ഛനും മകനും. അവര്‍ ഗള്‍ഫ് നാടുകളിലെവിടെയോ ജോലി ചെയ്യുന്ന വടക്കേ ഇന്ത്യക്കാരാണെന്ന് സംസാരത്തില്‍ നിന്ന് വ്യക്തം. ‘മുസരീസ് ഹെറിറ്റേജ് ‘ പദ്ധതി ശരിക്കും ചൂടുപിടിച്ചുതുടങ്ങിയിട്ടുണ്ടെന്ന് തന്നെ വേണം കരുതാന്‍.

പള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഞങ്ങള്‍ കാറിനടുത്തേക്ക് നടന്നു. വൈകുന്നേരമാകുന്നതിനുമുന്നേ ചരിത്രവും ഐതിഹ്യവുമൊക്കെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന 2 മുസരീസ് ദേവാലയങ്ങള്‍ കൂടെ കണ്ടുതീര്‍ക്കാനുണ്ട്.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

54 comments:

  1. സ്കൂളിലെ കേരള ചരിത്ര ക്ലാസ്സുകളിലേക്ക് തിരിച്ചു പോയ ഒരു തോന്നല്‍. ഇത്രയും ഹോംവര്‍ക്ക്‌ ചെയ്തും, യാത്രക്കിടയില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ വള്ളി പുള്ളി വിടാതെ ഞങ്ങള്‍ക്ക് സമ്മാനിക്കുന്ന നീരുഭായ് ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.

    എനിക്ക് ഒരു ആഗ്രഹം ഉണ്ട്. ചോദിക്കട്ടെ...ഒരു യാത്ര ..ഒരേയൊരു യാത്ര മനോജേട്ടന്റെ ഒപ്പം....
    പോകുമ്പോള്‍ ഹിമാലയം തന്നെ ആയിക്കോട്ടെ...;-) എന്നെങ്കിലും സാധിക്കും എന്ന് വിശ്വസിക്കുന്നു

    ReplyDelete
  2. നിരക്ഷര്‍ജീ,

    ചേരമാന്‍ ചരിതം വായിച്ചു.
    ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.
    ഒരു ക്ലാസ് കഴിഞ്ഞത് പോലെ...
    www.tomskonumadam.blogspot.com

    ReplyDelete
  3. മനോജ് സാര്‍..യത്രയിലെ ചരിത്രം പറയലിനു മാധുര്യം ഏറുന്നു...congratz !!
    സത്യസന്ധമായ വിവരണങ്ങള്‍;ഇത് നിലനിര്‍ത്താന്‍ ശ്രമിക്കണം.പലര്‍ക്കും വിഷയം ചരിത്രമാവുമ്പോള്‍ പാളിപ്പോവാറുണ്ട് ! ചേരമാന്‍ പെരുമാളിന്‍റെ പേരില്‍ ഒരു പള്ളി അങ്ങകലെ സലാലയില്‍ {ഒമാന്‍} ഞാന്‍ മുമ്പ് സന്ദര്‍ശിച്ചിരുന്നു, നീരു മസ്കറ്റ് വഴി എന്നെങ്കിലും ഒരു യാത്ര ആ വഴി പോണം..ഒരുപാടൊരുപാട് ചരിത്രങ്ങളും സംഭവങ്ങളും അവിടെ കാണാനും പഠിക്കാനും വിവരിക്കാനും ഉണ്ട്! ഭൂമിശാസ്ത്രപ്രമായി തന്നെ ഏറെ പ്രത്യേകതകള്‍ കിടന്നുറങ്ങുന്ന പ്രദേശമാണു സലാല.ഞാനൊരു സൂചന നല്‍കിയെന്നു മാത്രം.. ആശംസകളോടെ...

    ReplyDelete
  4. nannayittund..
    cheriyoru thettullathu kasargod thalangarayilannu malikdeenar palliyullathu, thazathangadi palli kottayathum.

    ReplyDelete
  5. മനോജ്‌ ഭായി,

    താങ്കൾ ഒരു ചരിത്രാദ്ധ്യാപകൻ ആവേണ്ടതായിരുന്നു.. വീട്ടിലാണേൽ അദ്ധ്യാപകരെ തട്ടി വീഴും എന്ന അവസ്ഥയുമുള്ളപ്പോൾ .. മറ്റൊരു വഴി തിരഞ്ഞെടുത്തത്‌ വിദ്യാർത്ഥി സമൂഹത്തിനു നഷ്ടമാണു. ഒരു ചരിത്രാദ്ധ്യാപകൻ പോലും ഇന്ന് ഇത്രയേറെ ഹോം വർക്ക്‌ ചെയ്യുന്നില്ല എന്ന് തോന്നുന്നു. അടുത്തത്‌ കൊടുങ്ങല്ലൂർ ക്ഷേത്രമാണെന്നുള്ള വിശ്വാസത്തോടെ... യാത്രയിൽ പങ്കുചേരാനായതിലെ ചാരിതാർത്ഥ്യം രേഖപ്പെടുത്തട്ടെ...

    ReplyDelete
  6. nice!!!

    ot: why don't u water mark the pics ?

    ReplyDelete
  7. കൊടുങ്ങല്ലൂര്‍ എന്നാല്‍ ഭഗവതി ക്ഷേത്രവും ..ഗുരുവയൂര്‍ പോകും വഴി എടുക്കുന്ന ചെറിയ ഇടത്താവളവും എന്നു കരുതിയിരുന്ന എന്നിലെ അല്പജ്ഞാനിക്കു അറിവു പകര്‍ ന്നതിനു നന്ദി

    ReplyDelete
  8. @ ഹനീഫ്

    കാസര്‍ഗോഡ് താഴത്തങ്ങാടി എന്ന വലിയ പിശക് തിരുത്തുന്നു. തളങ്ങര എന്നുതന്നെയാണു്‌ മാലിക്ക് ദിനാര്‍ പള്ളിയിരിക്കുന്ന സ്ഥലത്തിന്റെ ശരിയായ പേര്.തെറ്റ് തിരുത്തിത്തന്നതിനു്‌ ഒരുപാട് നന്ദി ഹനീഫ്

    ReplyDelete
  9. gooooood.thanks.before this palli there was a KULAM named PADAKULAM.now it is transport busstand. do you know any story behind that.after that there was a temple before it was a Daithy on banyan tree now they build temple.And the story was a yakshi love st thomas and st thomas take her with him tell her to do not look back ,but she want to see her town onceagain then became statue.then st thomas let her to sit her as guard of kodungallur.it was beutiful before black statue coverd with mangal powder and the smell of oil......pls can you write about that .......karuthama.from paravoor padakulam left right this daithy left palli left u will find a temple.this also can tell u something .this for konginy people ,i think.culture is diffrent from us Like tamil brahmin.kutan tamburan kotaram also there know?sorry if troble you.

    ReplyDelete
  10. aswathy233-valayma.Onnu kadnu nokuo.nannayitundu chilappol kanditundakam..........

    ReplyDelete
  11. വളരെ നല്ല വിവരണം, ഞാന്‍ കൂടെയുണ്ട് :)

    ReplyDelete
  12. ഞാന്‍ കൊടുങ്ങലൂര്‍ താലൂക്ക് കാരനാണ് എത്രയോ പ്രാവശ്യം ഞാനും ആ പള്ളിയുടെ മുന്‍പിലൂടെ നടന്നും വണ്ടിക്കും പോയിരിക്കുന്നു , ചരിത്രത്തെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കയറിയിട്ടില്ല , മിക്ക ബസ്സുകളും അവിടെ നിര്‍ത്തി നേര്ച്ചപെട്ടിയില്‍
    പൈസ ഇടുന്നത് കണ്ടിടുണ്ട്. വളരെ നന്ദി ഈ അറിവുകള്‍ പങ്കു വെച്ചതില്‍.പിന്നെ കറുത്തമ്മ പറഞ്ഞ ആ കൊങ്കണി ക്ഷേത്രത്തില്‍ കൊങ്കണികള്‍ക്ക്
    മാത്രമേ പ്രവേശനം ഉള്ളു എന്ന് കേട്ടിട്ടുണ്ട്.
    ഷാജി ഖത്തര്‍.

    ReplyDelete
  13. ഇതു കടികട്ടി ചരിത്രമാണല്ലോ നീരുഭായി.
    എന്തായാലും ചാരിയിരുന്നു ഒന്നു വായിട്ടെ..

    പലപേരുകളും കേള്‍ക്കുമ്പോള്‍, പണ്ടു ഉസ്ക്കൂളില്‍ പോയ ഒരു ഓര്‍മ്മ!!

    ഉം..നന്നായി ഹോംവര്‍ക്കു ചെതിട്ടുണ്ടല്ലോ!

    ഇനിയും പോരട്ടെ..

    ReplyDelete
  14. നന്ദി നിരക്ഷരാ.....

    മുസരിസ് പൈതൃക പദ്ധതി ശരിയായ രീതിയില്‍
    മുന്നോട്ടുപോയാല്‍ ഇന്ന് മെക്കയിലേക്കു പോകുന്നതുപോലെയോ, ശബരിമലക്കു പോകുന്നപോലയോ
    തീര്‍ത്ഥാടക സ്ഥാനമാകാന്‍ അധികം സമയം വേണ്ടിവരില്ല ! എന്നാല്‍ അത്തരം കന്നുകാലി കൂട്ടങ്ങളെ
    ആകര്‍ഷിക്കുന്ന ഐതിഹ്യങ്ങള്‍ക്കു പകരം
    ശക്തമായ തെളിവുകളും ചരിത്രവും
    പിന്തുണക്കുന്ന ശാസ്ത്രീയമായ ചരിത്ര സൂക്ഷിപ്പാണെങ്കില്‍
    മതനിരപേക്ഷമായ വലിയൊരു സാംസ്ക്കാരിക മുന്നേറ്റമായിത്തന്നെ ചേരമാന്‍ പള്ളിയും മുസരിസ് ഹെറിറ്റേജും നമുക്ക് അഭിമാനിക്കാനുതകുന്ന വിധം തലയുയര്‍ത്തി നില്‍ക്കും.
    ആ പഴയ പള്ളിയെ കോണ്‍ക്രീറ്റുകൊണ്ട് കോലം കെടുത്തിയ വിവരക്കേടിന് മാപ്പില്ല. പഴമയെ പഴമയായി സംരക്ഷിക്കുംബോഴെ വിലയുള്ളു.

    പടങ്ങള്‍ക്കും, ശാസ്ത്രീയതയോടെയുള്ള
    ചരിത്ര വിവരണത്തിനും ഒരിക്കല്‍കൂടി നന്ദി.

    ReplyDelete
  15. മതസൌഹാര്‍ദ്ദത്തിന്റെ വിശാലമായ ഒരു ലോകം ഈ ചരിത്ര വിവരണം കാണിച്ചു തരുന്നു. നന്ദി.

    ReplyDelete
  16. വളരെ നല്ല വിവരണം! ഫോട്ടോകളും ഉഗ്രന്‍ ..

    നന്ദി.

    ReplyDelete
  17. You are doing great work by teaching us history too.seriously...Can I expect sentimental bits and not so ancient history when you reach Kannur?

    ReplyDelete
  18. നീരുജീ...
    "ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചുതന്നെ മരണമടഞ്ഞു" എന്നു പറഞ്ഞു. അതു സലാലയിലായിരുന്നൊ?? അങ്ങനെ എവിടെയോ കേട്ട പോലെ... ഗംഭീരം.... കൂടെയുണ്ട്‌ ...സസ്നേഹം

    ReplyDelete
  19. ഞാന്‍ ഇടക്കിടക്ക് ജുമുഅ നമസ്കാരത്തിന് പോയിരുന്ന പള്ളി :) ഈ നീണ്ടതും വ്യക്തവുമായ വിവരണത്തിന് നന്ദി.

    ReplyDelete
  20. പ്രിയ 'അമ്പാടി'യിലെ നിരക്ഷരന്,
    കോട്ടപ്പുറം യാത്ര വായിച്ചിരുന്നു. ഇപ്പോഴിതാ ചേരമാന്‍ മസ്ജിദിനെപ്പറ്റിയും. മുസിരിസിലേക്കുള്ള വാണിജ്യക്കപ്പലുകള്‍ സഞ്ചരിച്ചിരുന്ന വഴിയിലാണല്ലോ മനോരാജും ഞാനും നിരക്ഷനുമെല്ലാം വീടുവച്ചു താമസിക്കുന്നതല്ലോയെന്നോര്‍ക്കുമ്പോള്‍... ഒരു കുളിര്‍മ്മ.. വയ്പുകരയായ വൈപ്പിനിലുള്ള ഇന്‍ഡ്യയിലെ ആദ്യ റോമന്‍ പള്ളിയെന്നു പലരും പറയുന്ന ഞാറക്കലിനെപ്പറ്റി ഒന്ന് പരാമര്‍ശിക്കണം കേട്ടോ.

    സന്തോഷ് ജോര്‍ജ് കുളങ്ങര ഇവിടെ നിന്ന് വിദേശത്തേക്കാണ് യാത്രയെങ്കില്‍ നിരക്ഷരന്‍ വിദേശത്ത് നിന്ന് നമ്മുടെ നാടിന്റെ സൗന്ദര്യങ്ങളിലേക്കാണല്ലോ യാത്ര? (19 വിദേശയാത്രാവിവരണങ്ങളും കാണാതിരുന്നില്ല കേട്ടോ)

    ഒരു കാര്യം തീര്‍ച്ച, നിരക്ഷരനിലെ അക്ഷരങ്ങള്‍ക്ക് അച്ചടി മഷി പുരളാനുള്ള ഭാഗ്യമുണ്ടാകും..

    ReplyDelete
  21. ഇത്തവണ നാട്ടിൽ പോയപ്പോൾ ഈ പള്ളിക്കു മുന്നിലൂടെ പോയെങ്കിലും അവിടെ കയറാൻ സാധിച്ചില്ല. കഴിഞ്ഞ തവണ പോയിരുന്നു. താങ്കൾ പറഞ്ഞപോലെ പഴമയുടെ പ്രൌഡി നശിപ്പിച്ച രീതിയിലായി അതിന്റെ പുതിയ പണികൾ.

    ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ച് കേരളത്തിലേക്ക് വരുന്ന വഴി ഒമാനിലെ സലാലയിൽ വെച്ചാണ് മരണപ്പെട്ടിട്ടുള്ളത് അവിടെ അദ്ദേഹത്തിന്റെ ഖബറിടം ഇന്നും കാണാം.

    ചേരമാൻ പെരുമാൾ ഭാസ്കര രവി വർമ്മ എന്നായിരുന്നുവത്രെ മുഴുവൻ പേര് ..ഇസ്ലാം സ്വികരിച്ച് താജുദ്ദീൻ എന്ന് പേര് സ്വീകരിക്കുകയും ചെയ്തു

    ജയ്ഹൂൻ ചേരമാൻ പെരുമാളിനെ കുറിച്ച് എഴുതിയത് ഇവിടെ വായിക്കാം .

    ഒരു തിരുത്ത്

    മിർഹാബ് അല്ല. മി‌അ‌റാബ് ആണ് ശരി.

    ആശംസകൾ

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. ഭാരതത്തിലെ ആദ്യ മുസ്ലീം പള്ളി!!! കാട്ടിത്തന്നതിനു നന്ദി. യാത്രയില്‍ ഒപ്പമുണ്ട്.....ആശംസകള്‍.

    ReplyDelete
  24. “....മാലിക്ക് ദിനാറുമായി ബന്ധമുള്ള ഒരു ചേരരാജാവ് ഉണ്ടായിരുന്നു എന്നും, അദ്ദേഹം ഇസ്ലാമായിട്ടുണ്ടെന്നും , മക്കയിലേക്ക് പോകുകയും മടക്കയാത്രയ്ക്കിടയില്‍ അറബ് ഉപഭൂഖണ്ഡത്തില്‍ വെച്ച് കാലം ചെയ്തു എന്നുള്ള കാര്യത്തിലും,....”

    ഇസ്ലാമായിട്ടുണ്ടെന്നും എന്നല്ല മുസ്ലിമായിട്ടുണ്ടെന്നും എന്നാണ് ശരി.അല്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാ‍ക്കുക.

    ഈ വിവരണത്തിന് നന്ദി.രണ്ടൊ മൂന്നോ തവണ ഈ പള്ളിയില്‍ പോയിട്ടുണ്ടെങ്കിലും മ്യൂസിയം കണ്ടില്ല.അവിടെ കാര്യപ്പെട്ട് ഒന്നും കാണാനില്ല എന്ന് പറഞ്ഞപ്പോള്‍ സമാധാനമായി.

    ReplyDelete
  25. @ അരീക്കോടന്‍ മാഷ് - മാഷേ അങ്ങനെ പറയരുതെന്ന് അറിയില്ലായിരുന്നു. ഒന്നൂടെ വായിച്ചപ്പോഴാണു്‌ അതിന്റെ പിശക് മനസ്സിലായത്. തെറ്റ് തിരുത്തിത്തന്നതിനു്‌ നന്ദി. മാഷിന്റെ അനുവാദത്തോടെ തന്നെ തിരുത്തി എഴുതുന്നു. വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേകം നന്ദി :)

    ReplyDelete
  26. ആദ്യം ഒരു ക്ഷമാപണം. കഴിഞ്ഞതവണ ഒരു കാര്യം ഏല്‍പ്പിച്ചിരുന്നു. അതു പൂര്‍ത്തിയാക്കാത്തതിന്. മറന്നിട്ടില്ല, സംശയ ദൂരീകരണത്തിന് ഒരാളെയും കണ്ടുവെച്ചിട്ടുണ്ട്. അദ്ദേഹത്തിനും അല്പം തിരക്കാണെന്ന് അറിയാന്‍ കഴിഞ്ഞു. അതുകഴിഞ്ഞിട്ട് സാവധാനം ചോദിച്ച് മനസ്സിലാക്കാം എന്ന് കരുതി.

    എത്രയോവട്ടം ഈ മസ്‌ജിദിനു മുന്നിലൂടെ പോയിരിക്കുന്നു. ഒരിക്കല്‍‌പോലും കയറിയിട്ടില്ല. എതിന്റെ ചരിത്രം ഇത്ര ഗഹനമായിട്ടല്ലെങ്കിലും അല്പം മനസ്സിലാക്കിയിട്ടുണ്ട്. ഇത്രയും വിശദമാക്കിയതിനും ചിത്രങ്ങള്‍ക്കും വളരെ നന്ദി. ചേരമാന്‍ പെരുമാളിന്റെ ഖബര്‍ സലാലയില്‍ തന്നെയാണ് എന്നാണ് ഞാനും കേട്ടിട്ടുള്ളത്.

    ReplyDelete
  27. ചേരമാന്‍ പെരുമാള്‍ മരിച്ച ഇടത്തെപ്പറ്റിയും ഖബറിനെപ്പറ്റിയും ഒരുപാട് കാര്യങ്ങളാണു്‌ എനിക്ക് മനസ്സിലാക്കാനായത്. പള്ളിയെപ്പറ്റി പറഞ്ഞുപോകുമ്പോള്‍ പെരുമാളിനെപ്പറ്റിയുള്ള വിവരങ്ങള്‍ മനഃപൂര്‍വ്വം ചുരുക്കിയതായിരുന്നു. എനിക്ക് കിട്ടിയ വിവരങ്ങള്‍ ഈ കമന്റ് ബോക്‌സില്‍ ഉടന്‍ തന്നെ ഞാന്‍ ഷെയര്‍ ചെയ്യുന്നതാണു്‌.

    ReplyDelete
  28. വിളക്ക് കത്തിച്ചു വെക്കുന്ന കേരളത്തിലെ ഏക പള്ളി കൂടാതെ വിദ്യാരംഭം കുറിക്കുന്ന കേരളത്തിലെ ഒരേയൊരു മുസ്ലിം മത സ്ഥാപനം ഇങ്ങനെയൊക്കെയുള്ള ഒരുപാട് വിഷേശണങ്ങൾ ഉണ്ടായിട്ടും പള്ളിയുടെ അകത്തേക്ക് കയറ്റിയില്ല എന്നു വായിച്ചപ്പോൾ സങ്കടം തോന്നി.
    നിരക്ഷരന്റെ യാത്രക്ക് എല്ലാ വിധ നന്മകളും നേരുന്ന

    ReplyDelete
  29. നന്ദിനികുട്ടീസിന് സങ്കടം വരേണ്ട കാര്യമില്ല. അത് കാപട്യം മാത്രമാണ്. ഗുരുവായൂരോ മറ്റോ ഉള്ള ക്ഷേത്രങ്ങളുടെ ഉള്ളിൽ കടത്താത്തത് കൊണ്ട് ഏതെങ്കിലും മുസ്ലിമിന് സങ്കടം തോന്നിയതായി കേട്ടിട്ടില്ല. അതൊക്കെ മതപരമായ ക്രമങ്ങൾ ആയി കണ്ടാൽമതി
    മുസ്ലിം പള്ളിക്കകത്ത് നിസ്കരിക്കാനുള്ളതാണല്ലോ അവിടെ മുസ്ലിമായാലും ചില ക്രമങ്ങൾ പാലിച്ചാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്

    ReplyDelete
  30. മുസ്ലിം പള്ളികളിൽ കയറാനായി വേണ്ട ഒരേയൊരു മാനദണ്ഡം വൃത്തിയുണ്ടായിരിക്കുക എന്നതു മാത്രമാണെന്നായിരുന്നു ഞാൻ മനസ്സിലാക്കിയിരുന്നത്. അങ്ങിനെ തോന്നിയൊരു സങ്കടം മാത്രം വിട്ടേക്ക് മാഷേ..

    ReplyDelete
  31. ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയുടെ ചരിത്രവും ചിത്രങ്ങളും ഗംഭീരമായി നീരു....

    യാത്ര തുടരട്ടെ.....

    ReplyDelete
  32. ഞാന്‍ ജനിച്ചു വളര്‍ന നാടിനെ പറ്റിയും അതിന്‍റെ ചരിത്ര പ്രാധാന ത്തെ പറ്റിയും ഈ ബുലോകം ത്തിനു വളരെ ഭങ്ങിയായി അവതരിപ്പിച്ച നിരക്ഷരന് ഒരു കൊടുങ്ങല്ലൂര്‍ കാരന്‍റെ അഭിനദനങ്ങള്‍ ഇനി കൊടുങ്ങല്ലൂര്‍ പോകുമ്പോള്‍ തിരുവഞ്ചികുളം ക്ഷേത്രത്തിലും കുടി പോയി അടു കുടി വിവരികണം എന്ന് അപേക്ഷികുന്നു കാരണം അത് എന്റെ സ്വന്തം നാടാണ്‌ എല്ലാ ആശംസകളും

    ReplyDelete
  33. ഇന്ത്യ യിലെ ആദ്യത്തെ പള്ളി എന്ന് മാത്രമല്ല ലോകത്തിലെ രണ്ടാമത്തെ ജുമാ പ്രയര്‍ തുടങ്ങിയത് ഇവിടെയാണെന് കുടി കേട്ടിടുണ്ട് പൈന്‍ ചേരമാന്‍ പെരുമാള്‍ സലാലയില്‍ അന്ന് മരിച്ചത് എന്നും.. തിരുവഞ്ചികുളം ക്ഷേത്രത്തില്‍ ചേരമാന്‍ പെരുമാളിന്‍റെ ചിത്രങ്ങളും പ്രതിഷ്ട്ടയും ഒരു പ്രത്യേക മുറിയില്‍ ഉണ്ട് അതാണ് ഞാന്‍ ഇനി വരുമ്പോള്‍ തിരുവന്ച്ചികുള്ളതും വരണമെന് പറഞ്ഞത്

    ReplyDelete
  34. നിരക്ഷരന് ,വളരെ നന്നായിട്ടുണ്ട് ....ഈ യാത്രകളില്‍ ഒരു സഹായി ആവശ്യമാണേല്‍ വരാംട്ടോ ....പിന്നെ സലാലയില്‍ തന്നെയാണ് ചേരമാന്‍ പെരുമാളിന്റെ കബറിടം ...ഇവിടുത്തെ പോലെ അല്ല അവിടെ ,നല്ല ഒരു വഴി പോലും അല്ല അങ്ങോട്ട്‌ ...ഒരു മലയാളി ആണ് മേല്നോട്ടകാരന്‍ ...

    ReplyDelete
  35. നിരക്ഷരന്‍ .. താങ്കള്‍ പൊന്നാനിയില്‍ വരാതെ തന്നെ ആ പള്ളി കാണാനുള്ള അവസരം , വിളക്കും മറ്റു വിശദീകരങ്ങളുമടങ്ങിയ ഒരു യൂ ടൂബ് Ponnani Juma Masjid എന്ന ടൈപ്പ് ചെയ്താല്‍ ഈ ലിങ്ക് കിട്ടും ശ്രമിയ്ക്കുക.

    ReplyDelete
  36. നീരുവേട്ടാ ന്‍റെ വീടിന്‍റെ ഫ്രന്‍റിലൂടെയായിരുന്നു തന്‍റെ യാത്ര.ഒന്നു തിരിഞ്ഞ് നോക്കീലാല്ലേ.കശ്മലന്‍.

    അപരനാത്രെ അപരന്‍ :(

    പള്ളിയുടെ ഉള്ളില്‍ കയറാന്‍ പറ്റാത്തതില്‍ എനിക്കും ഇത്തിരി വിഷമമുണ്ട് ട്ടോ.എന്തായാലും എഴുത്ത് കസറുന്നുണ്ട്.ജിപ്പൂസിന്‍റെ ആശംസകള്‍..

    ReplyDelete
  37. ഭാരതത്തിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ മസ്ജിദ് എന്നതുകൊണ്ടുതന്നെ ഈ ദേവാലയത്തിനൊപ്പം കൊടുങ്ങല്ലൂരിന്റേയും ചരിത്രത്തിലുള്ള സ്ഥാനം വളരെ വലുതാണ്‌. ശരിക്കും പള്ളി നേരിട്ട് കണ്ട പ്രതീതി. നല്ല വിവരണവും ചിത്രങ്ങളും..

    ReplyDelete
  38. യാത്ര നന്നായി പുരോഗമിക്കുന്നു. ഞാനൊരു ബ്രേക്ക് എടുക്കട്ടെ. :)

    ReplyDelete
  39. ഒരു നുറുങ്ങ്, ഒരു യാത്രികന്‍, ബഷീര്‍ പി.ബി.വെള്ളറക്കാട്, netguru, റഫീക്ക് പി.എസ്, ...തുടങ്ങിയവര്‍ എടുത്ത് പറഞ്ഞ കാര്യമാണ് ഒമാനിലെ സലാലയില്‍ വെച്ചുള്ള ചേരമാന്‍ പെരുമാളിന്റെ മരണത്തെപ്പറ്റിയും അവിടെയുള്ള അദ്ദേഹത്തിന്റെ പേരിലുള്ള പള്ളിയെപ്പറ്റിയും.

    ഇക്കാര്യം പലയിടത്തുനിന്നുമായി ഞാനും മനസ്സിലാക്കിയിരുന്നു. പക്ഷെ അത് ഈ പോസ്റ്റില്‍ പരാമര്‍ശിക്കാതിരുന്നതിന് ഒരു കാരണമുണ്ട്. ചേരമാന്‍ പള്ളിയില്‍ നിന്ന് വിതരണം ചെയ്യുന്ന ലഘുലേഖയില്‍ പറയുന്നത്... കേരളത്തിലേക്കുള്ള മടക്കയാത്രയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ദുഫാറില്‍ വെച്ച് ചേരമാന്‍ പെരുമാള്‍ മരണത്തിന് കീഴടങ്ങി എന്നാണ്.

    സലാല തന്നെയാണോ ദുഫാര്‍ ? അതോ രണ്ടും രണ്ട് സ്ഥലമാണോ ? അപ്രകാരമാണെങ്കില്‍ സലാലയും ചേരമാന്‍ പെരുമാളും തമ്മില്‍ എങ്ങനാണ് ബന്ധം വരുന്നത്? ഇത്തരം സംശയങ്ങള്‍ ഉള്ളതുകൊണ്ടാണ് പോസ്റ്റില്‍ ഞാന്‍ സലാലയെപ്പറ്റി പരാമര്‍ശിക്കാതിരുന്നത്. പള്ളിയില്‍ നിന്ന് കൊടുക്കുന്ന ലഘുലേഖയെ അവിശ്വസിക്കാന്‍ വയ്യ.

    ഈ സമസ്യ പൂരിപ്പിക്കാനായാല്‍ പോസ്റ്റില്‍ വേണ്ടതായ തിരുത്തലുകള്‍ നടത്താനാവും. കൂടുതല്‍ അറിവുള്ളവര്‍ സഹകരിക്കുമല്ലോ.

    ഈ സംശയ കമന്റ് ഇടാന്‍ ഒരുപാട് വൈകിയതിന് ക്ഷമ ചോദിക്കുന്നു. ചേരമാന്‍ പള്ളിയില്‍ എത്തിയ എല്ലാ സഞ്ചാരികള്‍ക്കും നന്ദി.

    ReplyDelete
  40. ദോഫാര്‍ എന്നാണ് ശരിയായ നാമം ,മൊത്തം പ്രദേശത്തിന്റെ പേരാണ് ദോഫാര്‍ എന്നത് ...നമ്മുടെ "ത്രിശൂര്‍ "ജില്ല ഒല്ലുക്കര ഗ്രാമം എന്ന പോലെ , അതിലെ ചെറിയ ഒരു ഭാഗം ആണ് സലാല ...ഇവിടെയാണ് ചേരമാന്‍ പെരുമാളിന്റെ ഖബറിടം സ്ഥിതി ചെയ്യുന്നത് .... ഇങ്ങിനെയാണ് എന്റെ അറിവ് ,കൂടുതല്‍ അറിയുന്നവര്‍ വിവരിക്കുമല്ലോ ,,,,നിരക്ഷകന് നന്ദി .....

    ReplyDelete
  41. ദോഫാർ ഒമാനിൽ തന്നെയാണ്.
    പള്ളിയിൽ നിന്ന് വിതരണം ചെയ്ത ലഘുലേഖ ശരിതന്നെ

    ആ സ്ഥലത്തിന്റെ മാപ്പ് ഇവിടെ കാണാം

    താങ്കളുടെ അന്വേഷണ തത്പരത അഭിനന്ദനമർഹിക്കുന്നു.

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. പ്രിയ നിരക്ഷരന്‍,

    വൈകിയാണ് ഈ ചരിത്രയാത്രകളിലേക്കെത്തിയത്. നന്ദി. പിന്നെ ചേരമാന്‍ പള്ളിയെക്കുറിച്ച് എനിക്കറിയാവുന്ന ഒരു ഐതിഹ്യം പറയാം. കൊടുങ്ങല്ലൂര്‍ കുരുംബ ക്ഷേത്രവും ചേരമാന്‍ പള്ളിയും പണിയാനിരുന്ന സ്ഥലങ്ങള്‍ തമ്മില്‍ പരസ്പരം മാറിയതാണെന്നു പറയപ്പെടുന്നു. എങ്ങനെയാണെന്നതിനെക്കുറിച്ചൊന്നും കൂടുതലറിയില്ല. അതിനു തെളിവാണത്രേ പള്ളിയില്‍ കാണുന്ന തൂക്കുവിളക്ക്. അതില്‍ കുരുംബക്ഷേത്രം വക എന്ന് എഴുതിയിട്ടുണ്ടെന്നും കേള്‍ക്കുന്നു. കൂടുതലറിയില്ലാട്ടോ.. കുട്ടിക്കാലത്തു കേട്ട കഥകളിലൊന്നാണിത്.

    ReplyDelete
  44. This comment has been removed by the author.

    ReplyDelete
  45. പ്രിയ മഴയുടെ മകള്‍,

    നിങ്ങള്‍ ഇത്രക്ക് വിവര ദോഷിയാണോ എന്ന് എനിക്ക് എന്റെ മെയില്‍ ഇന്‍ ബോക്സ്‌ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയി.
    'നിരക്ഷരന്‍' എന്ന മനോജ്‌ നീണ്ട യാത്രകള്‍ ചെയ്തു തയ്യാറാക്കിയ ഈ കുറിപ്പുകള്‍ നിങ്ങള്‍ എങ്ങിനെ 'കാപ്പിലാന് 'സംബോധന ചെയ്തു
    കമന്റു ചെയ്തു. നിങ്ങള്‍ ആദ്യം ചെയ്ത കമന്റുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടു. പക്ഷെ എത്ര പേരുടെ ഇന്‍ ബോക്സില്‍ ഇപ്പോള്‍ അതുണ്ട് എന്നറിയാമോ.
    ഒരു പത്ര പ്രവര്‍ത്തകയ്ക്ക് ഇത്ര തെറ്റ് വരരുത്.

    ജോ

    ReplyDelete
  46. പ്രിയ നിരക്ഷരന്‍,

    ആദ്യമേ തന്നെ ഞാന്‍ ക്ഷമ ചോദിക്കുന്നു. താങ്കള്‍ നിരക്ഷരന്‍ തന്നെയാണെന്ന് അറിയാം.. എനിക്കു പറ്റിയ അബദ്ധം.. സംഭവിച്ചത് ഇതാണ്.. കാപ്പിലാന്റെ ബ്ലോഗും താങ്കളുടെ ബ്ലോഗും തുറന്നു കിടന്നിരുന്നു. കമന്റിട്ടത് താങ്കള്‍ക്കാണ്..എന്തോ എന്റെ അന്നേരത്തെ ബുദ്ധി മോശം.. ക്ഷമിക്കുമെന്നു കരുതി വീണ്ടും വീണ്ടും ക്ഷമ ചോദിക്കുന്നു. പിന്നെയാണ് എന്തോ മിസ്‌റ്റേക്കു പറ്റിയെന്നു കരുതി നോക്കിയത്. അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു. സോറി...

    ജോ,

    ശരിയാണ് താങ്കള്‍ പറഞ്ഞത്. എന്റെ വിവരദോഷം.. അല്ലേല്‍ ഇത്രേം വല്യ മണ്ടത്തരം ആരേലും കാണിക്കുമോ? ക്ഷമിക്കൂൂൂ...

    ReplyDelete
  47. ഈ അടുത്ത ദിവസമാണ് നിരക്ഷരന്റെ അറിവില്ലായ്മ മനസിലാക്കാന്‍ കഴിഞ്ഞത്...ഓരോ യാത്ര വിവരണങ്ങള്‍ വായിക്കുമ്പോഴും കമന്റാന്‍ തോന്നും. പിന്നെ എനിക്ക് പറയാന്‍ തോന്നുന്നതെല്ലാം അവിടെ എഴുതി വെച്ചിരിക്കുന്നത് കാണുമ്പോള്‍ വേണ്ട എന്ന് വിചാരിച്ചു അടുത്തത് വായിക്കും.ഇതിപോ ഞമ്മന്റെ പള്ളിയെ കുറിച്ച ഇത്ര മനോഹരമായി വിവരിച് കാണുമ്പോള്‍ കംമെന്ടതിരിക്കാന്‍ തോന്നുന്നില്ല...ഇനിയും ഒരുപാട് ചരിത്ര ശേഷിപ്പുകള്‍ കൊടുങ്ങല്ലൂരില്‍ ഉണ്ട് കേടോ എല്ലാം തപ്പിപിടിച് ഈയുള്ളവള്‍ക്കും മറ്റുള്ളവര്കും നാടിനെ കുറിച്ച് അറിയാന്‍ അവസരമുണ്ടാക്കി തരണേ..നിരക്ഷരന്റെ വരികളിലൂടെ വായിക്കുമ്പോള്‍ അതിനു മനോഹരിതയെരെ അനുഭവിക്കാന്‍ കഴിയുന്നു..ഒരപെക്ഷയായി കൂട്ടിയാല്‍ മതി..ഒപ്പം അസൂയ ഒരുപടുന്ടെണ്ണ്‍ അറിയിച്ച കൊള്ളട്ടെ...

    ReplyDelete
  48. ക്ഷമിക്കണം ...മറ്റു വിവരണങ്ങള്‍ ശ്രദ്ധിച്ചത് ഇപ്പോഴാണ് ...

    ReplyDelete
  49. Manoj-Bhai,

    Excellent writing throughout the blog. Readers can definitely feel your passion for travel and travel writing. It will be great if you publish a book containing all your travel stories.

    All the best with health and energy for all your future travels

    Rgds,
    Salim Babu (Singapore)

    ReplyDelete
  50. തൃശ്ശൂരില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഫീല്‍ഡ് വര്‍ക്കിനായി അവിടെ പോകുംബോള്‍ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട് അവിടം . "മിര്‍ഹാബും" എന്നത് "മിഹ്റാബ്" എന്ന് തിരുത്തുമല്ലോ? കുളത്തിലെ മീനുകളെപ്പറ്റി പറഞ്ഞില്ല. ധാന്യങ്ങള്‍ ഇട്ടു കൊടുത്താല്‍ തിരയിളക്കി വരും വലിയൊരു മീന്‍ കൂട്ടം. വിവരണം നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. @ Salahudheen Al mashhoor KP - മിഹ്‌റാബ് എന്ന് തിരുത്തിയിട്ടുണ്ട്. വായനയ്ക്കും തിരുത്തിനും നന്ദി സലാഹുദ്ദീൻ.

      Delete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.