സാങ്കല്‍പ്പികരേഖ ‘കണ്ടതിനു‘ശേഷം ഒബ്സര്‍വേറ്ററി ഹില്‍ ഇറങ്ങിയ എന്റെ അടുത്ത ലക്ഷ്യം ഗ്ലോബ് തീയറ്ററായിരുന്നു. ഷേക്‍സ്പിയര്‍ നാടകങ്ങള്‍ അദ്ദേഹം ജീവിച്ചിരുന്ന കാലം മുതലേ അവതരിപ്പിച്ച് പോരുന്ന ലണ്ടനിലെ പ്രശസ്തമായ നാടകശാലയാണ് ഗ്ലോബ് തീയറ്റര്‍ .
തീയറ്ററില്‍ വൈകീട്ട് 07:15നുള്ള
‘ആസ് യു ലൈക്ക് ഇറ്റ് ‘ എന്ന ഷേക്‍സ്പിയര്‍ നാടകത്തിന്റെ ടിക്കറ്റ് വളരെ മുന്നേ തന്നെ റിസര്‍വ്വ് ചെയ്തിട്ടുള്ളതാണ്. ടിക്കറ്റുമായി മുഴങ്ങോടിക്കാരിയും , സഹപ്രവര്‍ത്തക ദീപ്തിയും ഓഫീസ് ജോലികള്‍ക്ക് ശേഷം ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനില്‍ കാത്തുനില്‍ക്കാമെന്നാണ് ഏറ്റിരിക്കുന്നത്.
7 മണിയാകാന്‍ കുറച്ചുകൂടെ സമയം ബാക്കിയുണ്ട്. പോകുന്ന വഴിയില്‍ D.L.R. തീവണ്ടി ശൃംഖലയില്‍ ഇരുന്ന് കണ്ട
കാനറി വാര്‍ഫ് സ്റ്റേഷനും പരിസരവുമൊക്കെ എന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അല്‍പ്പസമയം അവിടെ ഇറങ്ങി തെരുവിലൊക്കെ കറങ്ങി നടന്നിട്ടാകാം ഗ്ലോബ് തീയറ്ററിലേക്കെന്ന് തീരുമാനിച്ചു.
ലണ്ടന്‍ പട്ടണത്തില്‍ നിന്ന് വ്യത്യസ്തമായ മുഖമാണ് നഗരത്തിനിവിടെ. മിക്കവാറും എല്ലാം അംബരചുബികളായ ചില്ലുകൊണ്ട് ചുമരുകളുള്ള കെട്ടിടങ്ങള്‍ . യു.കെ.യിലെ തന്നെ ഏറ്റവും ഉയരമുള്ള 3 കെട്ടിടങ്ങള്‍ നിലകൊള്ളുന്ന കാനറി വാര്‍ഫില്‍ വലിയ ഓഫീസ് സമുച്ചയങ്ങളും ഷോപ്പിങ്ങ് മാളുകളുമൊക്കെ ധാരാളമുണ്ട്. മുട്ടിമുട്ടി നില്‍ക്കുകയാണെന്ന് തോന്നുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന തീവണ്ടികള്‍ . അതിലിരുന്ന് വെളിയിലേക്ക് നോക്കിയാല്‍ കൈത്തോടുകള്‍ പോലെയുള്ള തേംസിന്റെ ശാഖകള്‍ കാണാം. നദിയെ പലപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും മുറിച്ച് കടന്ന് തീവണ്ടികള്‍ മുന്നോട്ട് നീങ്ങുന്നു. ലണ്ടനില്‍ ട്യൂബ് ട്രെയിനുകള്‍ ഭൂരിഭാഗവും ഭൂഗര്‍ഭപാതകളിലൂടെ യാത്രചെയ്യുമ്പോള്‍ , ഈ ഭാഗത്ത് ഡി.എസ്.എല്‍ . തീവണ്ടികള്‍ തറനിരപ്പില്‍ നിന്ന് ഉയര്‍ന്ന് ഫ്ലൈ ഓഫറുകള്‍ പോലുള്ള പാലങ്ങളിലൂടെയാണ് സഞ്ചാരം. പച്ചപ്പരിഷ്ക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ഭാവവാഹാദികളാണ് കാനറി വാര്‍ഫിന്.
നദിക്കരയിലെ ഭോജനശാലകളിലെ മേശയ്ക്ക് ചുറ്റും സായാഹ്നത്തിലെ ഇളം കാറ്റേറ്റ് ലഘുഭക്ഷണമൊക്കെ കഴിച്ചിരിക്കുന്ന ജനങ്ങള്‍ . കടലും കായലും സൂര്യപ്രകാശവും പോലുള്ള പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ ഇത്ര മനോഹരമായി ആസ്വദിക്കുന്ന ജനത പാശ്ചാത്യര്‍ തന്നെയാണെന്ന് വേണം കരുതാന്‍. തീവണ്ടി സ്റ്റേഷനില്‍ നിന്നിറങ്ങി ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍ക്കുള്ളിലൂടെ കയറിയിറങ്ങി തിരക്കിട്ട് മുന്നോട്ടുനീങ്ങുന്ന കാല്‍നടക്കാര്‍ക്കിടയിലൂടെ അല്‍പ്പസമയം നടന്നതിനുശേഷം ഞാന്‍ വീണ്ടും കാനറി വാര്‍ഫ് സ്റ്റേഷനിലെത്തി. ഓഫീസുകള്‍ വിട്ട് ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് വീടണയാന്‍ നില്‍ക്കുന്ന ജനങ്ങളുടെ തിരക്കുണ്ട് സ്റ്റേഷനിലെങ്കിലും മുംബൈ സബ് അര്‍ബന്‍ തീവണ്ടികളില്‍ വര്‍ഷങ്ങളോളം യാത്ര ചെയ്തിട്ടുള്ള എനിക്ക് അതൊരു തിരക്കേയല്ല. ആദ്യത്തെ വണ്ടിയില്‍ത്തന്നെ കയറി ടവര്‍ ബ്രിഡ്ജ് സ്റ്റേഷനിലിറങ്ങി. അല്‍പ്പനേരത്തിനകം മുഴങ്ങോടിക്കാരിയും, ദീപ്തിയും സ്റ്റേഷനുവെളിയില്‍ കാത്തുനില്‍ക്കുന്ന എന്നെ തേടിപ്പിടിച്ചെത്തി.
ഗ്ലോബ് തീയറ്ററിലേക്ക് നടക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. തേംസിന്റെ കരയിലൂടെയും കെട്ടിടങ്ങള്‍ക്കിടയിലൂടെയും 10 മിനിറ്റ് നടന്ന് സൌത്ത് വാര്‍ക്ക് പാലം മുറിച്ച് കടന്നാല്‍ തീയറ്ററിലേക്കെത്താം. റോഡരുകിലുള്ള ചൂണ്ടുപലകകള്‍ എല്ലാം കൈ ചൂണ്ടുന്നത് ഗ്ലോബ് തീയറ്ററിലേക്കുതന്നെയായതുകൊണ്ട് വഴി തെറ്റിപ്പോകുമെന്ന പ്രശ്നമൊന്നുമില്ല.
ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്
തീയറ്ററിലേക്ക് നടക്കുമ്പോള്‍ ഞാനെന്റെ പഴയകാല നാടകാസ്വാദന ദിനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി. ഒരു ദിവസം 2 പ്രൊഫഷണല്‍ നാടകങ്ങള്‍ വരെ കണ്ടിട്ടുണ്ട് പുഷ്ക്കര കാലത്ത്. എന്‍.എന്‍. പിള്ള, രാജന്‍ പി.ദേവ്, വിജയരാഘവന്‍ , സായികുമാര്‍ തുടങ്ങിയ പ്രമുഖരെയെല്ലാം തിരശ്ശീലയില്‍ കാണുന്നതിന് എത്രയോ മുന്‍പ്, നേരിട്ട് തന്നെ ചായം തേച്ച് കണ്ടിരിക്കുന്നു, ആസ്വദിച്ചിരിക്കുന്നു. അതിനൊക്കെയും ഒരുപാട് മുന്നേ സ്കൂള്‍ നാടകവേദികളില്‍ കുറേച്ചായം സ്വന്തം മുഖത്തും വാരിത്തേച്ചിരിക്കുന്നു.
പക്ഷെ ആദ്യായിട്ടാണ് ഒരു പ്രൊഫഷണല്‍ ഇംഗ്ലീഷ് നാടകം കാണാന്‍ പോകുന്നത്. അതും ഒരു ഷേക്‍സ്പിയര്‍ നാടകം, അദ്ദേഹം തന്നെ വേഷം കെട്ടി കഥാപാത്രമായി നിറങ്ങുനിന്നിട്ടുള്ള വിശ്വവിഖ്യാതമായ ഒരു തീയറ്ററില്‍ . കുളിര് കോരിയിടാന്‍ ആ ചിന്തയൊന്ന് മാത്രം മതിയായിരുന്നു.
സംവിധായകനും നടനുമായ സാം വാണമേക്കര്‍ എന്ന അമേരിക്കക്കാരനാണ്
ഗ്ലോബ് തീയറ്ററിന്റെ ഫൌണ്ടര്‍ .
ഷേക്‍സ്പിയര്‍ ആദ്യകാല തീയറ്ററിന്റെ ഒരു ചെറിയ പങ്കാളി കൂടെയായിരുന്നു. ആദ്യകാല ഗ്ലോബ് തീയറ്റര്‍ 1599ലാണ് ഉണ്ടാക്കിയത്. 1613 ജൂണ്‍ 29ന് ഉണ്ടായ തീപിടുത്തതില്‍ അത് നശിച്ചുപോകുകയും രണ്ടാമതൊന്ന് അതേ സ്ഥാനത്തുണ്ടാക്കി അടുത്തകൊല്ലം തന്നെ പ്രവര്‍ത്തനം പുനഃരാരംഭിച്ചെങ്കിലും 1642ല്‍ അത് അടച്ചുപൂട്ടുകയുണ്ടായി.
ഇപ്പോള്‍ നാടകങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ‘ഷേക്‍സ്പിയേഴ്സ് ഗ്ലോബ് ‘ എന്ന തീയറ്റര്‍ ആദ്യകാല തീയറ്ററിനെ പുതുക്കി പണിഞ്ഞതാണ്. 1997ല്‍ ആണ് ഈ പുതിയ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യത്തെ തീയറ്റര്‍ ഇരുന്നിടത്തുനിന്ന് 230 മീറ്ററോളം മാറിയാണ് പുതിയ തീയറ്റര്‍ നിലകൊള്ളുന്നത്.
തീയറ്ററിനുമുന്നില്‍ ചെറിയൊരു ജനക്കൂട്ടമുണ്ട്. ഇന്റര്‍നെറ്റ് വഴി റിസര്‍വ്വ് ചെയ്ത സീറ്റ് ടിക്കറ്റാക്കി മാറ്റി തീയറ്ററിനകത്തേക്ക് കടന്നു.
ചിത്രത്തിന് കടപ്പാട് - http://www.shakespeares-globe.org/
പലതരം ടിക്കറ്റുകള്‍ ലഭ്യമാണ്. അപ്പര്‍ , മിഡില്‍ , ലോവര്‍ എന്നീ 3 ഗാലറികളില്‍ നിന്ന് സ്റ്റേജിലേക്ക് ഏറ്റവും നല്ല കാഴ്ച്ച കിട്ടുന്ന സീറ്റുകള്‍ക്കൊക്കെ 35 പൌണ്ടാണ്(ഏകദേശം 2500 രൂപ) ടിക്കറ്റ് വില. വശങ്ങളിലേക്ക് കടന്ന് കാഴ്ച്ചയ്ക്കും തൂണുകളുടെ മറവിനുമൊക്കെയും അനുസരിച്ച് 15 പൌണ്ട് (ഏകദേശം 1100 രൂപ) വരെ ടിക്കറ്റ് വില താഴ്ന്ന് വരുന്നു. ഇതിനൊക്കെ പുറമെ സ്റ്റേജിന്റെ മുന്‍വശത്തെ തുറന്ന സ്ഥലത്ത് നിന്ന് നാടകം കാണാന്‍ തയ്യാറാണെങ്കില്‍ വെറും 5 പൌണ്ടിന് (ഏകദേശം 400 രൂപ) കാര്യം സാധിക്കാം.
നില്‍ക്കുകയല്ലാതെ ഈ അകത്തളത്തില്‍ ഇരുന്ന് നാടകം കാണാന്‍ അനുവാദമില്ല. 700 പേര്‍ക്ക് ഇങ്ങനെ നിന്ന് നാടകം കാണാനുള്ള സൌകര്യമുണ്ട്. സ്റ്റേജിന്റെ ഏറ്റവും നല്ല കാഴ്ച്ച ഈ നടുമുറ്റത്തുനിന്നാണ്. നമ്മുടെ നാട്ടിലെ നാടകങ്ങളുടെ കണക്ക് പ്രകാരമാണെങ്കില്‍ സ്റ്റേജിന് തൊട്ടടുത്തുള്ള സീറ്റുകള്‍ക്കാണ് കൂടുതല്‍ പണം ഈടാക്കേണ്ടത്. എന്തായാലും 2 മണിക്കൂറിലധികം ഒരേ നില്‍പ്പ് എന്നെപ്പോലുള്ള മദ്ധ്യവയ്സ്ക്കന്മാര്‍ക്ക് ആലോചിക്കാനേ പറ്റുന്ന കാര്യമല്ല.
ചാരിയിരിക്കാന്‍ പിന്‍ഭാഗത്ത് ഒന്നുമില്ലാത്ത സീറ്റുകളൊക്കെയും മരത്തിന്റേതാണ് . ഏറ്റവും പിന്നിലുള്ള സീറ്റിലിരിക്കുന്നവര്‍ക്ക് ചുമരിലേക്ക് ചാരാം എന്ന സൌകര്യമുണ്ട്. സ്റ്റേജിന്റെ വലത്തുവശത്തായിട്ടാണ് ഞങ്ങള്‍ക്കുള്ള 15 പൌണ്ടിന്റെ ഇരിപ്പിടം. വൃത്താകൃതിയിലുള്ള തീയറ്ററിന്റെ സ്റ്റേജ് ഒഴികെയുള്ള ഭാഗം മുഴുവന്‍ ഇരിപ്പിടങ്ങളാണ്. നാടകശാലയുടെ മുകള്‍ഭാഗം അകാശസീമയിലേക്ക് തുറന്നിരിക്കുന്നു.
ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്
അധികം താമസിയാതെ സീറ്റുകളെല്ലാം നിറഞ്ഞു. വേനല്‍ക്കാലമായതുകൊണ്ട് 7 മണി കഴിഞ്ഞിട്ടും തീയറ്ററിനകത്ത് നല്ല സൂര്യപ്രകാശമുണ്ട്. നാടകം തുടങ്ങുന്നതിന് മുന്നേ വിളക്കുകള്‍ അണയ്ക്കണമെന്നും ഓഡിറ്റോറിയത്തിന്റെ വാതിലുകള്‍ തുറന്നിടണമെന്നും സംഘാടകരോടുള്ള അഭ്യര്‍ത്ഥനയും ഇല്ലാതെ ജീവിതത്തില്‍ ആദ്യമായി ഒരു നാടകം തുടങ്ങുകയായിരുന്നു.
വില്യം ഷേക്‍സ്പിയര്‍ രചിച്ച ‘ആയ് യു ലൈക്ക് ഇറ്റ് ‘ ന്റെ രൂപകല്‍പ്പന ശ്രീ.ഡിക്ക് ബേഡ്, കമ്പോസിങ്ങ് ശ്രീ. സ്റ്റീഫന്‍ വാര്‍ബെക്ക്, സംവിധാനം ശ്രീമതി തേ ഷറോക്ക്. അരങ്ങില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നവോമി ഫ്രെഡറിക്കും(റോസലിന്‍ഡ്), ജാക്ക് ലാസ്കിയും(ഓര്‍ലാന്‍ഡോ) മറ്റ് 20ല്‍പ്പരം അനുഗ്രഹീത കലാകാരന്മാരും വന്നുപോയ്ക്കൊണ്ടിരുന്നു.
ക്യാമറകള്‍ക്ക് വിലക്ക് ആദ്യമേ തന്നെ പ്രഖ്യാപിച്ചിരുന്നത് എന്നെ തീര്‍ത്തും നിരാശനാക്കി. ആരുടെയെങ്കിലും കണ്ണുവെട്ടിച്ച് പടം പിടിക്കുന്നത് ശരിയായ നടപടിയല്ലല്ലോ ?
ആസ് യു ലൈക്ക് ഇറ്റ് എന്ന
ഷേക്‍സ്പിയര്‍ നാടകം ഞാന്‍ വായിച്ചിട്ടില്ല. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ കാരിയായ മുഴങ്ങോടിക്കാരിക്ക് സംഭവം മൊത്തം അറിയാം. വീട്ടില്‍ നിന്നിറങ്ങുന്നതിന് മുന്നേ ഇന്റര്‍നെറ്റില്‍ പരതി കിട്ടിയ കഥാസാരം മാത്രമാണ് എന്റെ നിരക്ഷരത്ത്വത്തിന് അപവാദമാകുന്നത്.
സ്റ്റേജിന്റെ മദ്ധ്യത്തില്‍ തൂങ്ങിക്കിടക്കുന്ന മൈക്കിന് മുന്നില്‍ ഡയലോഗ് പറയേണ്ട നടീനടന്മാര്‍ ഊഴത്തില്‍ വന്നുപോകുന്ന, എനിക്ക് പരിചയമുള്ള സംവിധാനമല്ല ഗ്ലോബ് തീയറ്ററിലെ നാടകാവതരണത്തില്‍ . മൈക്രോഫോണ്‍ എന്ന ഉപകരണം ഇല്ലാതെ തന്നെ ഓരോ നടീനടന്മാരുടേയും ശബ്ദം തീയറ്ററിന്റെ ഓരോ മുക്കിലും മൂലയിലും ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാം. അതിനായിട്ട് നടീനടന്മാര്‍ ആരും അലറി വിളിച്ച് ഡയലോഗ് പറയുന്നുമില്ല. അതുകൊണ്ടുതന്നെ കൈക്കുഞ്ഞുങ്ങള്‍ കരയുകയോ മറ്റോ ചെയ്താല്‍ ആ നിമിഷം സ്ഥലം കാലിയാക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണെന്ന് മാത്രമല്ല കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയാലും പിന്നീട് തീയറ്ററില്‍ കയറാന്‍ അനുവാദമില്ല. 3 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കൊക്കെ ടിക്കറ്റ് എടുക്കുകയും വേണം.
നാടകം ഇടതടവില്ലാതെ പുരോഗമിച്ചുകൊണ്ടിരുന്നു. ഇടവേളയ്ക്ക് മുന്നേ തന്നെ അതിമനോഹരമായ ഒരു സ്റ്റണ്ട് രംഗം സ്റ്റേജില്‍ അവതരിക്കപ്പെട്ടു. താരതമ്യേന തടികൂടിയ ഒരു കഥാപാത്രത്തെ കഥാനായകന്‍ ഓര്‍ളന്‍ഡോ, തന്ത്രപൂര്‍വ്വം ഇടിച്ച് വീഴ്ത്തുന്ന, 3 മിനിറ്റെങ്കിലും നീണ്ടുനിന്ന സംഘട്ടനരംഗം അതീവ സ്വാഭാവികമായാണ് അവതരിപ്പിക്കപ്പെട്ടത്. ഇടികൊണ്ട് സ്റ്റേജിലെ മരത്തട്ടില്‍ രണ്ടുപേരും വീഴുമ്പോള്‍ പലകയിളകുന്ന ശബ്ദം. പരാജിതനായ തടിമാടന്‍ സ്റ്റേജില്‍ നിന്ന് തെറിച്ച് വീഴുന്നത് മുന്‍പില്‍ 5 പൌണ്ടിന് ടിക്കറ്റെടുത്ത് നില്‍ക്കുന്ന കാണികള്‍ക്കിടയിലേക്കാണ്. ആ രംഗത്തിന് അല്‍പ്പം മുന്നേ തന്നെ കാണികള്‍ക്ക് അപകടം ഒന്നും ഉണ്ടാകാതിരിക്കാന്‍ തീയറ്ററിലെ സ്റ്റ്യുവാര്‍ഡ്സ് സേഫ്റ്റി ബാരിക്കേഡ് തീര്‍ക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്ന കാര്യമാണ്. ഓരോ നാടകത്തിനും 30 ല്‍പ്പരം സ്വയം സന്നദ്ധരായ സ്റ്റ്യുവാര്‍ഡ്സിന്റെ സേവനമാണ് ലഭ്യമാക്കപെടുന്നത്.
All the world's a stage, And all the men and women merely players. They have their exits and their entrances. ..............
എന്നുതുടങ്ങുന്ന വാചകങ്ങള്‍ ഈ നാടകത്തിന് പുറത്തേക്ക് കടന്ന് പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ളതാണ്. നേരിട്ട് ആ വാചകങ്ങള്‍ കഥാപാത്രത്തിന്റെ മുഖത്തുനിന്നുതന്നെ കേള്‍ക്കാന്‍ പറ്റിയ നിമിഷം ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളിലൊന്നായി കണക്കാക്കിയേ പറ്റൂ.
ഈ ലോകം മുഴുവന്‍ ഒരു സ്റ്റേജാണ് എന്ന പറഞ്ഞ കലാകാരന്റെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഈ തീയറ്ററില്‍ നടീനടന്മാര്‍ വന്നുപോകുന്നത് സ്റ്റേജിന്റെ ഇരുവശത്തും നടുക്കുമുള്ള വാതിലുകളിലൂടെ മാത്രമല്ല. കഥാപാത്രങ്ങളില്‍ ചിലര്‍ കാണികള്‍ക്കിടയില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. അവിടെയിരുന്നുതന്നെ അവര്‍ ഡയലോഗ് ഡെലിവറി പോലും നടത്തുന്നുണ്ട്. കാണികള്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും കഥാപാത്രകള്‍ വന്നുപോകുന്നുണ്ട്. ലോകം മുഴുവന്‍ ഒരു സ്റ്റേജാണെന്ന് പറഞ്ഞത് ആ തീയറ്ററിന്റെ കാര്യത്തിലെങ്കിലും ശരിയാണെന്ന് ഏതൊരാള്‍ക്കും ബോദ്ധ്യപ്പെടുന്നതരത്തിലുള്ള നാടകാവതരണം.
ഇന്റര്‍വെല്ലിന് അല്‍പ്പം മുന്നായി ഒരു സംഭവമുണ്ടായി. കാട്ടിലാണ് കഥ നടക്കുന്നത്. കഥാനായകന്‍ ഓര്‍ലാന്‍ഡോ, നായിക റോസലിന്‍ഡിന് എഴുതിയ പ്രേമലേഖനമൊക്കെ മരങ്ങളില്‍ ഒട്ടിച്ചുവെക്കുന്ന രംഗത്തില്‍ , മരങ്ങളായി സങ്കല്‍പ്പിക്കപ്പെടുന്നത് തീയറ്ററിന്റെ തൂണുകളാണ്. സ്റ്റേജിലും കാണികള്‍ക്കിടയിലുമൊക്കെയുള്ള തൂണുകളില്‍ ഓര്‍ളന്‍ഡോ തന്റെ കൈയ്യിലുള്ള പ്രേമലേഖനങ്ങള്‍ ഒട്ടിച്ചുവെക്കുന്നു. ബാക്കിയുള്ളത് സ്റ്റേജിലും കാണികള്‍ക്കിടയിലേക്കുമായി വാരി വിതറുന്നു. ആ രംഗത്തോടെ ഇന്റര്‍വെല്‍ ആയി. മരത്തില്‍ ഏതെങ്കിലും ഒന്നില്‍ ഒട്ടിച്ചുവെച്ചിട്ടുള്ള ഒരു തുണ്ട് കടലാസ് , ഒരു പ്രേമലേഖനം കൈക്കലാക്കണമെന്നായി എനിക്ക്. അതിലും വലിയ ഒരു സോവനീര്‍ ആ തീയറ്ററില്‍ നിന്ന് കിട്ടാനില്ല. കാണികള്‍ പലരും ഞാന്‍ ഉദ്ദേശിച്ച കാര്യം നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു. ഞാന്‍ സീറ്റില്‍ നിന്നിറങ്ങി വെളിയിലേക്കുള്ള വാതിലിലേക്ക് എത്തിയപ്പോഴേക്കും കടലാസുകള്‍ ഒക്കെയും ഓരോരുത്തര്‍ കൈക്കലാക്കിക്കഴിഞ്ഞിരുന്നു. സ്റ്റേജില്‍ വീണ കടലാസുകള്‍ എല്ലാം തീയറ്റര്‍ ജോലിക്കാര്‍ പെറുക്കിയെടുക്കുകയും ചെയ്തു. അല്‍പ്പം നിരാശനായി പുറത്തേക്കുള്ള കവാടത്തിലേക്ക് നടന്ന എന്നെ പെട്ടെന്ന് ഭാഗ്യം കടാക്ഷിച്ചു. ആരുടേയും കണ്ണില്‍പ്പെടാതെ തൂണിലൊന്നില്‍ പറ്റി നിന്നിരുന്ന പ്രേമലേഖനം ഒരെണ്ണം ഞാന്‍ ചാടിപ്പിടിച്ച് കൈക്കലാക്കി.
ഒരു പൌണ്ട് കൊടുത്താല്‍ പുറത്തുള്ള റിഫ്രഷ്മെന്റ് സ്റ്റാളില്‍ നിന്ന് മരത്തിന്റെ സീറ്റില്‍ ഇടാനുള്ള കുഷ്യന്‍ കിട്ടും. മൂന്ന് കുഷ്യന്‍ വാങ്ങി തീയറ്ററിനകത്തേക്ക് കടന്നപ്പോളേക്കും നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയായി. ഇതിനിടയില്‍ സൂര്യപ്രകാശം മങ്ങിയതുകൊണ്ട് തീയറ്ററിലെ വിളക്കുകള്‍ ചിലത് തെളിഞ്ഞുതുടങ്ങിയിരുന്നു. ഭാഷ പലപ്പോഴും അല്‍പ്പം കട്ടിയായിത്തോന്നി എന്നതൊഴിച്ചാല്‍ നാടകത്തിന്റെ മറ്റ് കാര്യങ്ങളെല്ലാം ഓരോ നിമിഷവും അത്യധികം ആസ്വദിച്ചുകൊണ്ടുതന്നെ രംഗങ്ങള്‍ ഓരോന്ന് കടന്നുപോയി. രംഗങ്ങള്‍ എന്ന് പറയുമ്പോള്‍ , ഓരോ രംഗം കഴിയുന്നതും അടുത്ത രംഗം തുടങ്ങുന്നതുമെല്ലാം തീരെ ഇടതടവില്ലാത്ത രീതിയിലാണ്. കര്‍ട്ടനില്ലാത്ത നാടക സ്റ്റേജ് ഒരെണ്ണം ഇതുതന്നെയാണ് എന്റെ ജീവിതത്തിലെന്നും എടുത്ത് പറയേണ്ടിയിരിക്കുന്നു.
ക്ലൈമാക്സ് രംഗങ്ങളിലൊന്നില്‍ നായകനും നായികയും ചുടുചുംബനങ്ങള്‍ കൈമാറുന്നത് അത്യധികം സ്വാഭാവികമായിത്തന്നെ അവതരിപ്പിക്കപ്പെടുകയുണ്ടായി. നമ്മുടെ സിനിമകളില്‍പ്പോലും കഥയ്ക്ക് അനിവാര്യമായ ഒരു ചുംബന രംഗത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക മൂര്‍ച്ച തെളിയിക്കും എന്ന അവസ്ഥാ വിശേഷമുള്ളപ്പോള്‍ ഒരു നാടകത്തില്‍ അങ്ങനൊരു ചുംബനരംഗം എനിക്ക് വളരെ പുതുമയുള്ളതായിരുന്നു.
ജീവിച്ചിരുന്ന കാലത്ത് , നാടകത്തിലെ ആഡം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പലപ്പോഴും ഷേക്‍സ്പിയര്‍ തന്നെയായിരുന്നു. കഥാപാത്രങ്ങള്‍ പാട്ടുപാടുന്ന രംഗങ്ങളില്‍ മനോഹരമായി ഗാനം ആലപിക്കുന്നത് അതാത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ തന്നെയാണ്. നാടകീയതയേയും, സാങ്കേതികത്ത്വത്തേയും അരങ്ങുതകര്‍ക്കാന്‍ വിടാതെ, കഥാപാത്രങ്ങള്‍ മാത്രം അരങ്ങുതകര്‍ക്കുന്ന ഒരു നാടകമാണ് അവതരിപ്പിക്കപ്പെടുന്നതെന്ന് എടുത്ത് പറഞ്ഞേ പറ്റൂ.
നാടകാന്ത്യമായപ്പോഴേക്കും പാട്ടും ഡാന്‍സുമൊക്കെയായി സ്റ്റേജ് ആകെയങ്ങ് കൊഴുത്തു. കാണികള്‍ക്കിടയില്‍ നിന്ന് പാട്ടിന്റെ താളത്തിനൊത്ത് കൈയ്യടി ഉയരാന്‍ തുടങ്ങി. അതോടൊപ്പം അവിടവിടെയായി ക്യാമറയുടെ ഫ്ലാഷുകള്‍ മിന്നാന്‍ തുടങ്ങി. നാടകം മൊത്തമായി ക്യാമറയില്‍ പകര്‍ത്തുന്നതിനോട് മാത്രമേ അവര്‍ക്കെതിര്‍പ്പുള്ളൂ എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒട്ടും സമയം കളയാതെ ക്യാമറ പുറത്തെടുത്ത് ഞാനും ഒന്നുരണ്ട് പടങ്ങളെടുത്തു. കുഴപ്പം ഒന്നും ഉണ്ടാകണ്ട എന്നുകരുതി ഫ്ലാഷ് ഇടാതെയാണ് പടം എടുത്തത്. വെളിച്ചക്കുറവ് മൂലവും ക്യാമറ കൈകാര്യം ചെയ്യുന്നതിലെ സ്ഥിരം അപാകതകളുമൊക്കെ കാരണം ഷേയ്ക്കായ ചില പടങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
നാടകാന്ത്യം കഥാപാത്രങ്ങള്‍ സദസ്സിനെ വണങ്ങി ഉള്‍വലിഞ്ഞു. ഒരു മായാപ്രപഞ്ചത്തിലെ വലിയൊരു സോപ്പുകുമിളപൊട്ടി പുറത്തുവന്ന ഒരുവന്റെ മാനസ്സികാവസ്ഥയായിരുന്നു എനിക്ക്. സ്ഥലജലവിഭ്രാന്തി എന്നും പറയാം. വിശ്വസിക്കാന്‍ കഴിയാത്ത എന്തോ ഒന്നിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു അവസ്ഥ. നാടകം കഴിഞ്ഞെങ്കിലും തീയറ്റര്‍ വിട്ടുപോരാന്‍ തോന്നിയില്ല. സ്റ്റേജിനോട് ചേര്‍ന്ന് നിന്ന് ഒന്നുരണ്ട് പടങ്ങളൊക്കെ എടുത്ത് അവിടെയൊക്കെത്തന്നെ കുറേനേരം ചുറ്റിപ്പറ്റിനിന്നു.
തിരക്കൊഴിഞ്ഞ തീവണ്ടിയില്‍ക്കയറി പീറ്റര്‍ബറോയിലേക്ക് മടങ്ങുമ്പോള്‍ ഒന്നെനിക്കുറപ്പായിരുന്നു. ഗ്ലോബ് തീയറ്ററില്‍ ഇനിയൊരിക്കല്‍ ഒരു നാടകത്തിന് സാക്ഷിയാകുക എന്നത് നടക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു കാര്യമാണ്. അഥവാ അങ്ങനൊന്ന് ഇനിയും നടന്നാല്‍ അതെന്റെ ജീവിതത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നുതന്നെയായിരിക്കും.
-----------------------------------------------------------------------
To read the English version of this travelogue - Click here.