Monday 16 March 2009
സ്വിസ്സര്‍ലാന്‍ഡ് (8) - സൂറിക്ക്
------------------------------------------------------------------------------
വിചാരിച്ചതുപോലെ 12 മണിക്ക് മുന്നേ റൈന്‍ ഫാള്‍സില്‍ നിന്ന് സൂറിക്കിലെ ഹോട്ടലില്‍ മടങ്ങിയെത്താന്‍ പറ്റിയില്ല. ഹോട്ടല്‍ മുറിയിലെ ഡോറിന്റെ ദ്വാരത്തില്‍ കാര്‍ഡ് ഇട്ട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ തുറക്കുന്നില്ല. കൃത്യസമയം കഴിഞ്ഞപ്പോള്‍ കമ്പ്യൂട്ടറൈസ്‌ഡ് ആയ വാതില്‍ ഞങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പട്ടിരിക്കുന്നു. ഇനിയെന്തുചെയ്യും എന്നാലോചിച്ച് നില്‍ക്കുമ്പോഴേക്കും റൂം സര്‍വ്വീസ് ജീവനക്കാരി കോറിഡോറില്‍ പ്രത്യക്ഷപ്പെട്ടു. മുറി അവരുടെ കയ്യിലെ കാര്‍ഡിട്ട് തുറന്നുതന്നു. 10 മിനിറ്റ് കൊണ്ട് ബാഗെല്ലാം വാരിക്കെട്ടി, ഒന്നു ഫ്രെഷായി വെളിയില്‍ കടന്നു. റിസപ്‌ഷനില്‍ കുഴപ്പമൊന്നും ഉണ്ടാകാഞ്ഞതുകൊണ്ട് ഒരു ദിവസത്തെ ഹോട്ടല്‍ വാടക അനാവശ്യമായി കൊടുക്കാതെ രക്ഷപ്പെട്ടു.
സിറ്റി ട്രിപ്പ് ഒരെണ്ണം ബസ്സില്‍ കിട്ടുമോ എന്ന് അന്വേഷിക്കാനായി ഹോട്ടലിന്റെ പുറകിലുള്ള ബസ്സ് സ്റ്റേഷനിലേക്ക് നടന്നു. ചോക്കളേറ്റ് ഫാക്ടറികളില്‍ ഏതെങ്കിലും ഒന്നില്‍ പോകണം. ട്രെയിനിലും, കേബിളിലുമൊക്കെ പോകുമ്പോള്‍ കിട്ടുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള കാഴ്ച്ചകള്‍ ബസ്സില്‍ പോകുമ്പോള്‍ കിട്ടാതിരിക്കില്ല. പക്ഷെ, അവിടെയുള്ള ബസ്സുകള്‍ പ്രൈവറ്റ് കോച്ചുകളായിരുന്നു. അത് സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ വരുന്നില്ല. ടിക്കറ്റൊന്നിന് 125 ഫ്രാങ്കിലധികം കൊടുക്കണമെന്ന് മാത്രമല്ല ബസ്സിന്റെ ടൈമിങ്ങ് ഞങ്ങളുടെ സമയവുമായി പൊരുത്തപ്പെടുന്നില്ല. ബസ്സ് യാത്രാമോഹം അവിടെയുപേക്ഷിച്ച് തൊട്ടടുത്തുള്ള തൊടിയിലേക്ക് കടന്നു.
ആ നടത്തം അവസാനിച്ചത് സൂറിക്ക് നാഷണല്‍ മ്യൂസിയത്തിന്റെ പിന്നാമ്പുറത്താണ്. ഒരുപാട് മ്യൂസിയങ്ങള്‍ ഉള്ള ഒരു നഗരമായ സൂറിക്കിലെ പ്രധാനപ്പെട്ടതും ഏറ്റവും വലിയതുമായ ഒന്നാണ് നാഷണല്‍ മ്യൂസിയം. സ്വിസ്സര്‍ലാന്‍ഡിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. മ്യൂസിയത്തില്‍ എന്തൊക്കെയോ അറ്റകുറ്റപ്പണികള്‍ നടക്കുകയായതുകൊണ്ട് അകത്തേക്ക് പ്രവേശനം ഇല്ലെന്നാണ് തോന്നിയതെങ്കിലും മുന്‍വശത്തേക്ക് ചെന്നപ്പോള്‍ പ്രവേശനം സാദ്ധ്യമാണെന്ന് മനസ്സിലായി. മ്യൂസിയത്തിന്റെ ടിക്കറ്റ് സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ വരുന്നതുകൊണ്ട് ആ ചിലവ് ഒഴിവായിക്കിട്ടി.
മ്യൂസിയത്തിന് വെളിയില്‍ മഞ്ഞനിറത്തില്‍ പഴയ നാലുചക്രവാഹനമൊരെണ്ണം ആരുടേയും ശ്രദ്ധപിടിച്ചുപറ്റും. 200 കൊല്ലത്തിലധികം പഴക്കമുള്ള ഒരു കാസില്‍ ആണ് ഇപ്പോള്‍ മ്യൂസിയമായി മാറ്റിയിരിക്കുന്നത്.ബാഗുകളൊക്കെ റിസപ്‌ഷനില്‍ ഏല്‍പ്പിച്ച് അകത്തേക്ക് കടന്നു.
ഈ ഭൂഗോളം ഉണ്ടായതുമുതലുള്ള കാര്യങ്ങള്‍, ജീവജാലങ്ങളുടേയും മനുഷ്യരാശിയുടേയുമൊക്കെ ഉത്ഭവം, പരിണാമം, കാലാകാലങ്ങളില്‍ ഈ രാജ്യത്ത് നടന്നിട്ടുള്ള യുദ്ധങ്ങളുടെ മിനിയേച്ചര്‍ പ്രതിമകളിലൂടെയുള്ള പുനരാവിഷ്ക്കരണം എന്നുതുടങ്ങി, സ്വിസ്സ് ക്ലോക്ക് നിര്‍മ്മാണത്തിന്റെ 16, 18 നൂറ്റാണ്ടുകളിലെ പ്രദര്‍ശനങ്ങള്‍, റോമന്‍ വസ്ത്രങ്ങള്‍, മെഡീവല്‍ കാലഘട്ടങ്ങളിലെ വെള്ളി ആഭരണങ്ങള്‍, പഴയകാലങ്ങളിലെ ആയുധങ്ങള്‍, ദേവാലയ ശില്‍പ്പങ്ങള്‍, പാനല്‍ പെയിന്റിങ്ങുകള്‍, മരത്തില്‍ കൊത്തിയെടുത്ത അള്‍ത്താരകള്‍, 17ആം നൂറ്റാണ്ടിലെ പാത്രങ്ങള്‍, വിവിധതരം പതാകകള്‍, എന്നുവേണ്ട സ്വിസ്സര്‍ലാന്‍ഡിന്റെ പുരാതനസംസ്ക്കാരത്തിന്റെ അവശേഷിപ്പുകളും തെളിവുകളുമടക്കം, മ്യൂസിയത്തിലെ കാഴ്ച്ചകള്‍ അറിവിന്റെ പാരാവാരമാണ് നമുക്ക് മുന്നില്‍ തുറന്നുവെച്ചിരിക്കുന്നത്.സ്വിസ്സ് ജനതയുടെ സംസ്കാരത്തിന്റേയും, ചരിത്രത്തിന്റേയുമൊക്കെ നേര്‍ക്ക് തിരിച്ചുപിടിച്ചിട്ടുള്ള അസാധാരണമായ ഒരു കണ്ണാടിയാണ് നാഷണല്‍ മ്യൂസിയം എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല.പഴയ തടിയുരുപ്പടികളിലും അതുപോലുള്ള ആന്റിക്ക് വസ്തുക്കളിലും എന്റെ കണ്ണും മനസ്സും എന്നത്തേയും പോലെ കുറേയധികം നേരം ഉടക്കിനിന്നു.
മ്യൂസിയത്തിനകത്തെ വളഞ്ഞുപുളഞ്ഞുള്ള നടത്തം, പൊതുവെ ക്ഷീണിച്ചിരുന്ന കാലുകളെ ഒന്നുകൂടെ അവശമായി. സ്വിസ്സര്‍ലാന്‍ഡിലേക്ക് കൊണ്ടുവന്ന ഭാണ്ഡവും, അതിലേക്ക് കയറിക്കൂടിയ അധികഭാരവുമൊക്കെ പുറത്തുകയറ്റിയുള്ള നടത്തവും, 4 ദിവസമായി നിരന്തരമായി തലങ്ങും വിലങ്ങും ഓടിനടന്നതുകാരണമുള്ള ക്ഷീണത്തെ ഇരട്ടിപ്പിച്ചിട്ടുണ്ട്.
മ്യൂസിയത്തിന് വെളിയില്‍ക്കടന്നപ്പോളേക്കും വിശപ്പിന്റെ വിളിയും രൂക്ഷമായി. മ്യൂസിയത്തിന് മുന്നിലെ റോഡ് മുറിച്ച് കടക്കുന്നത് റെയില്‍വേ സ്റ്റേഷനിലേക്കാണ്. സ്റ്റേഷനില്‍ച്ചെന്ന് ആദ്യം കണ്ട ചൈനീസ് ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ നിന്ന് ലഞ്ച് കഴിച്ചു.
ഭക്ഷണത്തിനുശേഷം സ്റ്റേഷനിലെ ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ച്ചെന്ന് വൈകുന്നേരം വരെയുള്ള സമയത്തിനിടയ്ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ഒരു അന്വേഷണം നടത്തി. ഇതുവരെയുള്ള സ്സ്വിസ്സ് യാത്രയില്‍ ഇന്നൊരുദിവസം ഉച്ചയ്ക്ക് ശേഷം മാത്രമാണ് കാര്യമായി ഒന്നും മുന്‍കൂട്ടി ഞങ്ങളുടെ പദ്ധതിയില്‍ ഇല്ലാതിരുന്നത്.
ഒരു മണിക്കൂറിനകം സൂറിക്ക് ലേയ്‌ക്കില്‍ ഒരു ബോട്ട് സവാരി ആരംഭിക്കുന്നുണ്ട്. അത് കഴിയുമ്പോഴേക്കും എയര്‍പ്പോര്‍ട്ടിലേക്ക് മടങ്ങാനുള്ള സമയമാകും. മടക്കയാത്രയ്ക്കുള്ള സമയത്തെപ്പറ്റി ആലോചിച്ചപ്പോള്‍ത്തന്നെ മനസ്സ് വിഷാദമൂകമായി. മടങ്ങണമെന്ന് തോന്നുന്നില്ല.
എന്തായാലും ലേയ്‌ക്കിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. കൂട്ടത്തില്‍ എന്റെ ഒരു ചിരകാല അഭിലാഷം സാധിക്കുകയുമാവാം. ജീവിതത്തില്‍ ഇതുവരെ ട്രാമില്‍ കയറിയിട്ടില്ല. എന്നെങ്കിലും കല്‍ക്കട്ടയില്‍ പോകുമ്പോള്‍ ചെയ്യാന്‍ വേണ്ടി മാറ്റിവെച്ചിരിക്കുകയായിരുന്നു അങ്ങനൊരു യാത്ര. ഇവിടിപ്പോള്‍ തലങ്ങും വിലങ്ങും കറങ്ങിനടക്കുന്ന ട്രാമുകളില്‍ സ്വിസ്സ് പാസ്സിന്റെ സഹായത്താല്‍ സുഖമായി യാത്ര ചെയ്യാമെന്നിരിക്കേ ആ ചടങ്ങങ്ങ് നിര്‍വ്വഹിച്ചേക്കാമെന്ന് വെച്ചു.
സ്റ്റേഷനില്‍ നിന്ന് തുടങ്ങിയ ആദ്യത്തെ ട്രാം യാത്ര ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള Bahnhofstrasse തെരുവിലൂടെ മുന്നേറി Berkhyplatz എന്ന സ്റ്റോപ്പില്‍ അവസാനിച്ചു. റോഡ് മുറിച്ച് കടക്കുമ്പോള്‍ത്തന്നെ തടാകവും ബോട്ടുമെല്ലാം കാണാം.
2 മിനിറ്റിനകം, സൂറിക്ക് തടാകത്തിലൂടെ ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബോട്ട് യാത്ര ആരംഭിക്കുകയാണ്. സ്വിസ്സര്‍ലാന്‍ഡിലെ വലിയൊരു പട്ടണമായതുകൊണ്ടാകാം, തുണിലും, ബ്രെണ്‍സിലുമൊക്കെ കണ്ടതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ബോട്ട് ജട്ടിയിലും ബോട്ട് യാത്രയിലുമുണ്ടായിരുന്നു.
സൂറിക്ക് ലേയ്‌ക്കിന്റെ തടങ്ങളില്‍ ജനവാസം കൂടുതലായിട്ടാണ് കാണപ്പെട്ടത്. എന്നുവെച്ച് ഭംഗിക്ക് ഒരു കുറവുമില്ല. ഇരുകരയിലുമായി മാറിമാറി ജട്ടികളില്‍ അടുത്ത് ആളെയിറക്കിയും കയറ്റിയും യാത്ര പുരോഗമിച്ചുകൊണ്ടിരുന്നു.
കരയില്‍, ശിശിരത്തെ വരവേല്‍ക്കാന്‍ ഇലകളുടെ നിറം മാറ്റി കാത്തുനില്‍ക്കുന്ന മരങ്ങള്‍, തടാകത്തില്‍ പലയിടത്തായി നങ്കൂരമിട്ടുകിടക്കുന്ന പായ്‌വഞ്ചികള്‍, സ്പീഡ് ബോട്ടുകള്‍, ആഴം കുറഞ്ഞഭാഗത്ത്‍ ഒഴുകിനടക്കുന്ന അരയന്നങ്ങള്‍ എന്നിങ്ങനെ കാഴ്ച്ചകള്‍ക്കൊന്നും ഒരു പഞ്ഞവുമില്ല.
ലിന്ത് (Linth)നദിയാല്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള, പരമാവധി 40 കിലോമീറ്റര്‍ നീളവും 3 കിലോമീറ്റര്‍ വീതിയുമുള്ള ഈ കൂറ്റന്‍ തടാകം, 1223 മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ 25 പ്രാവശ്യം തണുത്തുറഞ്ഞ് പോയിട്ടുണ്ടെന്നുള്ളത് അത്ഭുതകരമായ ഒരു വസ്തുതയാണ്. അവസാനം ഈ തണുത്തുറയല്‍ സംഭവിച്ചത് 1963 ല്‍ ആയിരുന്നു. ഗ്ലോബല്‍ വാമിങ്ങിന്റെ പോക്കുവെച്ച് നോക്കിയാല്‍ ഇനിയൊരു തണുത്തുറയല്‍ സൂറിക്ക് തടാകത്തിനുണ്ടാകുമെന്ന് തോന്നുന്നില്ല.
കെട്ടിടങ്ങള്‍ക്ക് മുന്നില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതുപോലെ തന്നെ ബോട്ടുകള്‍ക്ക് വെള്ളത്തില്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സംവിധാനം ലെയ്‌ക്കില്‍ എല്ലായിടത്തുമുള്ള ഒരു കാഴ്ച്ചയാണ്.
ബോട്ടിനകത്തും മുകള്‍ഭാഗത്തുമൊക്കെയായി മാറിമാറിയിരുന്ന് കാഴ്ച്ചകള്‍ കണ്ടുകണ്ട് കുളിര്‍കാറ്റേറ്റ് യാത്രകഴിഞ്ഞത് വളരെപ്പെട്ടെന്നാണെന്ന് തോന്നി.
കരയ്ക്കിറങ്ങിയപ്പോള്‍ തെരുവ് കലാകാരന്‍ ഒരാള്‍ ഞങ്ങള്‍ക്ക് യാത്രാമൊഴി പറയുന്നതുപോലെ പേരറിയാത്ത വാദ്യോപകരണം ഒരെണ്ണം പ്രവര്‍ത്തിപ്പിച്ചുകൊണ്ട് നില്‍ക്കുന്നു. മടക്കയാത്രയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. പക്ഷെ മനസ്സെവിടെയോ കുടുങ്ങിക്കിടക്കുന്നു. കാലുകള്‍ തളര്‍ന്നതായി പറയുന്നത് മനസ്സുമായി ഒത്തുകളിക്കുന്നതിന്റെ ഭാഗമാണോ ?
ട്രാം സ്റ്റോപ്പിലേക്ക് നടന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള അടുത്ത ട്രാമില്‍ക്കയറി. കുറച്ച് സമയം ഇനിയും ബാക്കിയുണ്ട്. നേരെ സ്റ്റേഷനില്‍ ചെന്നിറങ്ങിയിട്ട് എന്തുചെയ്യാനാണ് ? Bahnhofstrasse സ്ട്രീറ്റിന്റെ മദ്ധ്യത്തിലെത്തിയപ്പോള്‍ ട്രാമില്‍ നിന്ന് ചാടിയിറങ്ങി. തലേദിവസം രാത്രിപ്രഭയില്‍ കറങ്ങിനടന്ന വിലപിടിച്ച തെരുവിലൂടെ, വിലപിടിച്ച നിമിഷങ്ങള്‍, പകല്‍ സമയത്ത് ചിലവാക്കുന്നതിലെന്താണ് തെറ്റ് ?
മനസ്സില്‍ അതിനിടയില്‍ ഒരു കണക്കെടുപ്പ് നടക്കുന്നുണ്ടായിരുന്നു. ഈ യാത്രയില്‍ ഉണ്ടായ നേട്ടങ്ങള്‍, നല്ല അനുഭവങ്ങള്‍ എന്നതൊക്കെപ്പോലെതന്നെ ചില കൊച്ചുകൊച്ചുനഷ്ടങ്ങളുടെ കണക്കുകളായിരുന്നു അതില്‍ മുഖ്യം.
സ്വിസ്സര്‍ലാന്‍ഡില്‍ പലയിടത്തും പോയെങ്കിലും ജനീവയില്‍ പോകാന്‍ പറ്റിയിട്ടില്ല. നാലുദിവസം കൊണ്ട് പോകാന്‍ പറ്റാവുന്നതിന്റെ പരമാവധിയാണിത്. എന്നാലും ജനീവ ഒരു നഷ്ടമായി ബാക്കി നില്‍ക്കുന്നു. ലൂസേണിലെ സ്വിസ്സ് ട്രാന്‍സ്‌പോര്‍ട്ട് മ്യൂസിയം വളരെ പേരുകേട്ടതാണ്. അവിടെപ്പോകാന്‍ പറ്റിയിട്ടില്ല. ചോക്കളേറ്റ് ഫാക്ടറികളില്‍ ഏതെങ്കിലും ഒന്നില്‍ പോകണമെന്ന ആഗ്രഹവും നടന്നില്ല. തനതായ സ്വിസ്സ് ഭക്ഷണം കൂടുതല്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടില്ല. തദ്ദേശവാസികളോട് കൂടുതല്‍ ഇടപഴകി അവരെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനൊന്നും പറ്റിയിട്ടില്ല. പലയിടത്തും വഴിപോലും ചോദിച്ച് മനസ്സിലാക്കേണ്ട ആവശ്യം വരാഞ്ഞതുകൊണ്ടാണ് അത്തരം ഇടപഴകലുകല്‍ ഒഴിവായിപ്പോയത്.
ഇതിനൊക്കെപ്പുറമേ 7 വയസ്സുകാരി മകള്‍ നേഹ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നില്ലെന്നുള്ളത് ഒരു വലിയ വിഷമമായി ബാക്കിനില്‍ക്കുന്നു. മുഴങ്ങോടിക്കാരി നല്ലപാതി അക്കാര്യം ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍, ഞാനാ വിഷമം ഉള്ളിലൊതുക്കുകയാണുണ്ടായത്. കൂടെയുള്ള ദിവസങ്ങളില്‍, അര മണിക്കൂര്‍ നേരത്തേക്ക് പുറത്തെവിടെയെങ്കിലും പോയി മടങ്ങിവന്നാല്‍പ്പോലും “എനിക്കൊന്നും കൊണ്ടുവന്നില്ലേ ?” എന്ന് ചോദിക്കുന്ന കുട്ടിക്കുവേണ്ടി വിലപിടിച്ച ആ തെരുവിലെ വലിയൊരു ടോയ് ഷോപ്പില്‍ നിന്നൊരു സമ്മാനം വാങ്ങിയിട്ടും ആ വിഷമം പൂര്‍ണ്ണമായും മാറിയിരുന്നില്ല.
തെരുവില്‍ അങ്ങോട്ടുമിങ്ങോട്ടും ലക്ഷ്യമൊന്നുമില്ലാതെ പിന്നേയും കറങ്ങിനടന്നു, അവശേഷിക്കുന്ന ഓരോ നിമിഷവും വസൂലാക്കാനെന്നപോലെ. ബാക്കിയുള്ള കാഴ്ച്ചകളും സ്ഥലങ്ങളുമൊക്കെ കാണാന്‍, ഇനിയൊരിക്കല്‍ക്കൂടെ വരാന്‍ പറ്റുമോ ഈ മനോഹരമായ ഭൂമിയിലേക്ക് ? ആര്‍ക്കറിയാം, ചിലപ്പോള്‍ വയസ്സുകാലത്ത് മകളുടെ കെയറോഫില്‍ ഒരു സ്വിസ്സ് യാത്രകൂടെ തരമാകില്ലാ എന്ന് !!
അത്യാഗ്രഹമായിരിക്കാം. എന്നാലും ആഗ്രഹിക്കുക, മലയോളം ആഗ്രഹിക്കുക. എന്നാലേ കുന്നോളമെങ്കിലും കിട്ടൂ എന്നാണല്ലോ!
18:07 ന്റെ തീവണ്ടിയിലേക്ക് കയറി യു.കെ.യിലേക്കുള്ള രാത്രി വിമാനം പിടിക്കാനായി, സൂറിക്ക് എയര്‍പ്പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഓഫീസുകള്‍ വിട്ട് ജനങ്ങള്‍ മടങ്ങുന്ന സമയമായതുകൊണ്ടായിരിക്കണം തീവണ്ടിയിലും, തെരുവിലുമൊക്കെ പതിവില്‍ക്കവിഞ്ഞ തിരക്കനുഭവപ്പെട്ടു.
മനസ്സിലും തിരക്കുതന്നെ, ആഴത്തില്‍ പതിഞ്ഞ മനോഹരമായ കാഴ്ച്ചകളുടേയും അനുഭവങ്ങളുടേയും തിരക്ക്, അസുലഭം എന്നു വിശേഷിപ്പിക്കാവുന്ന സുന്ദരമായ ഒരു യാത്ര സമ്മാനിച്ച അവാച്യമായ അനുഭൂതിയുടെ തിരക്ക്, ആഹ്ലാദത്തിന്റെ തിക്കിത്തിരക്ക്.
-----അവസാനിച്ചു------
Tuesday 10 March 2009
സ്വിസ്സര്‍ലാന്‍ഡ് (7) - റൈന്‍ ഫാള്‍സ്
-----------------------------------------------------------------------------
സ്വിസ്സര്‍ലാന്‍ഡിലെ നാലാമത്തേയും അവസാനത്തേയും ദിവസം, യൂറൊപ്പിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ റൈന്‍ ഫാള്‍സിലേക്കാണ് പോകാന്‍ പരിപാടിയിട്ടിരുന്നത്.
ഇന്റര്‍ലേക്കണില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ താമസസൌകര്യം മാത്രമേ തന്നിരുന്നുവെങ്കിലും, സൂറിക്കിലെ ഹോട്ടലില്‍ താമസസൌകര്യവും, സൌജന്യ ബ്രേക്ക്ഫാസ്റ്റും തരുന്നുണ്ട്. യൂറോപ്പില്‍ മിക്കവാറും എല്ലാ ഹോട്ടലുകളിലും ബി&ബി (ബെഡ് & ബ്രേക്ക്ഫാസ്റ്റ്) എന്ന സംവിധാനമാണുള്ളത്. നാലുദിവസത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരിടത്ത് ഇരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചത്.
ഭക്ഷണത്തിനുശേഷം സ്റ്റേഷനിലേക്ക് നടന്ന് 07:15 ന്റെ തീവണ്ടിയില്‍ക്കയറി Schaffhausen എന്ന സ്റ്റേഷനിലേക്ക് യാത്രയായി. യാത്രയ്ക്കിടയില്‍ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ ജര്‍മ്മനിയില്‍ നിന്നുള്ള വെല്‍കം മെസ്സെജ് കിട്ടി. ജര്‍മ്മന്‍ ബോര്‍ഡര്‍ തൊട്ടടുത്തെവിടെയെങ്കിലും ആയിരിക്കണം. ജര്‍മ്മനില്‍ നിന്ന് ഒഴുകി വരുന്ന റൈന്‍ നദിയാണ് സ്വിസ്സര്‍ലാന്‍ഡിലേക്ക് കടന്ന് വെള്ളച്ചാട്ടമായി വീണ് ഒഴുക്ക് തുടരുന്നത്. നദിയുടെ ഒരുകരയില്‍ സ്വിസ്സര്‍ലാന്‍ഡും മറുകരയില്‍ ജര്‍മ്മനിയുമായി വരുന്ന ഭൂപ്രദേശങ്ങള്‍ ഈ ഭാഗത്തൊക്കെയുണ്ട്.
Schaffhausen സ്റ്റേഷനിലിറങ്ങി 7 മിനിറ്റ് ബസ്സില്‍ യാത്രചെയ്യണം വെള്ളച്ചാട്ടത്തിലേക്കെത്താന്‍. ബസ്സ് കണ്ടുപിടിക്കാനും ഇറങ്ങേണ്ട സ്റ്റോപ്പ് കണ്ടുപിടിക്കാനുമൊന്നും തീരെ ബുദ്ധിമുട്ടേണ്ടിവന്നില്ല. വഴികള്‍ എല്ലാം വളരെ കൃത്യമായിത്തന്നെ ബസ്സ് സ്റ്റോപ്പിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെ എഴുതിവെച്ചിട്ടുണ്ട്. പഴുതുകളില്ലാത്തതും, കിടയറ്റതുമായ സ്വിസ്സര്‍ലാന്‍ഡിലെ ട്രാന്‍സ്പോര്‍ട്ടിങ്ങ് സിസ്റ്റം ഈ യാത്രയിലുടനീളം കുറച്ചൊന്നുമല്ല സഹായിച്ചത്.
ബസ്സിറങ്ങി 10 മിനിറ്റോളം നടക്കാനുണ്ട് റൈന്‍ ഫാള്‍സിലേക്ക്. വഴിയൊക്കെ വിജനമാണ്. റൈന്‍ ഫാള്‍സ് എന്ന് റോഡില്‍ വരെ പെയിന്റുകൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ആ അടയാളം പിന്തുടര്‍ന്ന് ശിശിരത്തെ വരവേല്‍ക്കാനായി മരങ്ങള്‍ പൊഴിച്ച മഞ്ഞ ഇലകള്‍ വീണുകിടക്കുന്ന വഴികളിലൂടെ പ്രഭാതത്തിലെ തണുപ്പുമേറ്റുള്ള നടത്തത്തിന്റെ സുഖമൊന്ന് വേറെതന്നെയായിരുന്നു.
വഴി ചെന്നവസാനിക്കുന്നിടത്ത് സ്വാഗതം ചെയ്യുന്നത് പതയും നുരയും വമിപ്പിച്ച് ബ്ലാക്ക് ഫോറസ്റ്റിനിടയിലൂടെ ഒഴുകി വരുന്ന റൈന്‍ നദിയുടെ മനോഹരമായ കാഴ്ച്ചയും ശബ്ദവുമാണ്.
നൂറുമീറ്റര്‍ കൂടെ മുന്നോട്ടൊഴുകി നദി താഴേക്ക് പതിക്കുന്നത് രൌദ്രഭാവത്തോടെയാണ്.
വെള്ളം കുത്തിവീഴുന്നതിന് നടുവില്‍ മണവാളന്‍പാറ, മണവാട്ടിപ്പാറ എന്ന മട്ടില്‍ രണ്ട് പാറകള്‍ കാണാം. മറ്റൊരു വെള്ളച്ചാട്ടത്തിലും അതുപോലൊരു കാഴ്ച്ച ഞാനിതുവരെ കണ്ടിട്ടില്ല.
നദിയുടെ ഒരു ചെറിയ ശാഖ മാറിയൊഴുകുന്നിടത്ത് ഒരു ജനറേറ്റര്‍ സ്ഥാപിച്ച് പ്രകൃതിയുടെ സൌന്ദര്യം നഷ്ടപ്പെടുത്താതെ തന്നെ, അത്യാവശ്യം വൈദ്യുതിയും ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
വെള്ളം താഴേക്ക് വീണ് ഒരു തടാകം പോലെ കുറച്ച് സ്ഥലത്ത് പരന്നുകിടക്കുകയും അതോടൊപ്പം ഇടത്തുവശത്തേക്ക് തിരിഞ്ഞ് നദിയായി യാത്ര തുടരുകയും ചെയ്യുന്നു. തടാകം പോലുള്ള ഭാഗത്തിനുചുറ്റും വലം വെച്ച് നടന്നാല്‍ വെള്ളച്ചാട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥമായ കാഴ്ച്ചകള്‍ കാണാം.
നദിയില്‍ ബോട്ടിങ്ങ് നടത്തണമെന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യമുണ്ട്. ഒരു വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ ഭാഗത്തുനിന്നുള്ള കാഴ്ച്ച, കുറച്ച് സാഹസികമായി മണവാളന്‍ - മണവാട്ടിപ്പാറകള്‍ക്ക് മുകളില്‍ കയറി നിന്ന് കാണണമെന്നുള്ളവര്‍ക്ക് ബോട്ട് അവിടെ അടുപ്പിച്ച് ഏണി വഴി കയറിനില്‍ക്കാനുള്ള സൌകര്യവുമുണ്ട്.
നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ചെന്നത് കുറച്ച് നേരത്തേ ആയിപ്പോയി. ബോട്ട് സര്‍വ്വീസ് തുടങ്ങിയിട്ടില്ലായിരുന്നു അപ്പോള്‍. വെള്ളം കുത്തിവീണ് സ്പ്രേ ചെയ്ത് അന്തരീക്ഷത്തില്‍ പടര്‍ന്നുപിടിക്കുന്നതിന്റെ ഭംഗി ആസ്വദിച്ച് പുലര്‍കാല തണുപ്പിന് പിടികൊടുത്തുകൊണ്ട് കൂടുതല്‍ സഞ്ചാരികള്‍ അങ്ങോട്ടെത്തുന്നതുവരെ അവിടെച്ചിലവഴിച്ചു.
75 അടി ഉയരവും 492 അടി വീതിയുമുള്ള ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ‘സ്വിസ്സ് നാഷണല്‍ ഡേ‘ ആയ ആഗസ്റ്റ് 1ന് വെടിക്കെട്ടും മറ്റുമൊക്കെയായി കാര്യമായിട്ട് ആഘോഷങ്ങള്‍ നടത്താറുണ്ട്.
നദിക്കരയില്‍, വൈദ്യുതിയുടെ നിര്‍മ്മാണവും ഉപയോഗവുമൊക്കെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പാകത്തില്‍ വെച്ചിട്ടുള്ള ഉപകരണം ശ്രദ്ധിക്കപ്പെടാതെ പോകില്ല. അതിലുള്ള ഹാന്‍ഡിലില്‍ പിടിച്ച് തിരിച്ചാല്‍ പാനലിലുള്ള ബള്‍ബ് കത്തുകയും എത്ര വൈദ്യുതി ഉല്‍പ്പാദിപ്പിച്ചെന്ന് കാണിക്കുകയും ചെയ്യും.
നദിക്കരയിലിട്ടിരിക്കുന്ന ബെഞ്ചില്‍ ഒരു ദിവസം മുഴുവനും വെള്ളച്ചാട്ടത്തിലേക്ക് നോക്കിയിരുന്നാലും മതിയാകില്ലെന്നാണ് എനിക്ക് തോന്നിയത്. ഒരുപാട് സഞ്ചാരികള്‍ വരുന്ന ഇടമായിരുന്നിട്ടും യാതൊരുവിധത്തിലുള്ള പ്രകൃതിമലിനീകരണമോ,പ്ലാസ്റ്റിക്ക് വേസ്റ്റ് നിക്ഷേപം, പാറകളിലും മരങ്ങളിലുമൊക്കെയുള്ള പരസ്യങ്ങള്‍ തുടങ്ങിയതൊന്നും കാണാനായില്ല. പ്രകൃതിയുടെ സൌന്ദര്യം മനുഷ്യന് ആസ്വദിക്കാന്‍ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം തന്നെ അതിന്റെ ഭംഗി ഒട്ടും തന്നെ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കുന്നതെങ്ങനെയെന്നുള്ളതിന് മാതൃകയാണ് ഈ വെള്ളച്ചാട്ടത്തിന്റെ പരിസരപ്രദേശം.
നദിക്കരയില്‍ ഒന്നുരണ്ട് സോവനീര്‍ ഷോപ്പുകളും റസ്റ്റോറന്റുമൊക്കെയുണ്ട്. അവസാനദിവസത്തെ ഷോപ്പിങ്ങ് അതിലൊരു കടയില്‍ത്തന്നെ കൊണ്ടാടി. ഷോപ്പിലുള്ളവരോട് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവന്നു. കയ്യിലുള്ള കറന്‍സിയൊക്കെ തീര്‍ന്നുതുടങ്ങിയതുകൊണ്ട് ഡെബിറ്റ് കാര്‍ഡില്‍ നിന്ന് പൌണ്ടിനെ ഫ്രാങ്കാക്കി മാറ്റിയാണെങ്കിലും, സ്വിസ്സ് വാച്ചുതന്നെ ഒരെണ്ണം ഇതിനിടയില്‍ നല്ലപാതി കൈയ്യിലാക്കി.
മടക്കയാത്രയ്ക്ക് സമയമായിരിക്കുന്നു. 12 മണിക്ക് മുന്‍പ് ഹോട്ടലില്‍തിരിച്ചെത്തി ചെക്കൌട്ട് ചെയ്തില്ലെങ്കില്‍ ഒരു ദിവസത്തേക്ക് കൂടെ മുറിവാടക കൊടുക്കേണ്ടിവരും. കൃത്യസമയത്ത് ചെക്കൌട്ട് ചെയ്ത് ബാഗും പുറത്തുതൂക്കി ബാക്കിയുള്ള അരദിവസംകൂടെ സൂറിക്കില്‍ ചിലവഴിച്ചതിനുശേഷം, യു.കെ.യിലേക്ക് മടങ്ങാനുള്ള വിമാനത്തിന്റെ സമയമാകുമ്പോഴേക്കും ഏയര്‍പ്പോര്‍ട്ടില്‍ എത്താനാണ് ഞങ്ങള്‍ പരിപാടിയിട്ടിരിക്കുന്നത്.
തിരിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴേക്കും വെള്ളച്ചാട്ടത്തിനപ്പുറത്തുനിന്ന് സൂര്യന്‍ വെളിയില്‍ തലകാണിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഇങ്ങോട്ട് വന്നപ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ കണ്ടകാഴ്ച്ചകള്‍ നല്ലവെളിച്ചത്തില്‍ ഒന്നുകൂടെ മനസ്സിലേക്കാവാഹിച്ചതിനുശേഷം ബസ്സ് സ്റ്റോപ്പിനെ ലക്ഷ്യമാക്കി നീങ്ങി. മടക്കയാത്രയ്ക്കുള്ള ബസ്സ് ഏത് വശത്തുനിന്നാണ് കയറേണ്ടതെന്ന് ഒരു സംശയമുണ്ടായിരുന്നു. വഴിയരുകില്‍ കണ്ട ഒരു സ്ത്രീ സഹായിച്ചു. അവര്‍ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്നും എത്രദിവസം യൂറോപ്പിലുണ്ടാകുമെന്നുമൊക്കെ വളരെ താല്‍പ്പര്യത്തോടെ അവര്‍ ചോദിച്ചുമനസ്സിലാക്കി. യാത്രാമംഗളങ്ങള്‍ നേര്‍ന്ന് പിരിഞ്ഞെങ്കിലും ഞങ്ങള്‍ കയറിയ ബസ്സില്‍ത്തന്നെ അവരും യാത്രചെയ്യുന്നുണ്ടായിരുന്നു.
Schaffhausen റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ സൂറിക്കിലേക്കുള്ള തീവണ്ടി പോയിക്കഴിഞ്ഞിരുന്നു. അടുത്ത വണ്ടിവരാന്‍ 40 മിനിറ്റെങ്കിലുമെടുക്കും. അത്രയും സമയം സ്റ്റേഷനില്‍ ഇരിക്കുന്നത് ബുദ്ധിശൂന്യതയാണെന്ന് തോന്നിയതുകൊണ്ട് വെളിയില്‍ക്കടന്ന് തെരുവിലൂടെ നടന്നു.
കെട്ടിടങ്ങള്‍ക്ക് പിന്നിലേക്ക് കടന്നപ്പോള്‍ ബേണിലേയും, ലൂസേണിലേയുമെന്നപോലെ അവിടെയും ചില നല്ല ഫൌണ്ടനുകള്‍ കാണാന്‍ സാധിച്ചു.
അതിലൊരു ഫൌണ്ടന്റെ ഭംഗി ആസ്വദിച്ചുനില്‍ക്കുമ്പോള്‍ നല്ലൊരു കാഴ്ച്ച കാണാനായി. തെരുവിലൂടെ കടന്നുപോകുകയായിരുന്ന തദ്ദേശവാസിയായ ഒരാള്‍ പെട്ടെന്ന് ഫൌണ്ടന്റെ പൈപ്പിനടിയില്‍ വന്ന് കൈക്കുമ്പിളില്‍ വെള്ളം നിറച്ചുകുടിച്ച് ദാഹം തീര്‍ത്തു.
ബേണിലും, ലൂസേണിലുമൊക്കെ ഫൌണ്ടനിലൂടെ ഒഴുകിവരുന്ന തെളിഞ്ഞ വെള്ളം കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ഉള്ളില്‍ ഈ വെള്ളം കുടിക്കാന്‍ യോഗ്യമാണോ എന്നൊരു സംശയമുണ്ടായിരുന്നത് ആ കാഴ്ച്ച കണ്ടതോടെ അവസാനിച്ചു.
കുറച്ച് വെള്ളം ആ ഫൌണ്ടനില്‍ നിന്ന് കുടിച്ച് ഞാനാ നാട്ടുകാരനെ അനുകരിച്ചു. ഒരു കുഴപ്പവുമില്ല, നല്ല പനിനീരു പോലത്തെ വെള്ളം, നല്ല തണുപ്പുമുണ്ട്.
തീവണ്ടിവരാന്‍ സമയമാകുന്നു. സ്റ്റേഷനിലേക്ക് തിരിച്ചുചെന്ന് 11:09 ന്റെ വണ്ടിയില്‍ക്കയറി സൂറിക്കിലേക്ക് മടക്കയാത്ര ആരംഭിച്ചു. സ്റ്റേഷനില്‍ നിന്ന് നീങ്ങുന്ന വണ്ടിയില്‍ നിന്ന് മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ റൈന്‍ ഫാള്‍സ് കാണാന്‍ സാധിക്കുന്നുണ്ട്.
ഇടയ്ക്കുള്ള ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ തീവണ്ടിയില്‍ നിന്ന് ഒരു വീല്‍ ചെയര്‍ പ്ലാറ്റ്ഫോമിലേക്ക് ഇറക്കുന്നത് ഇമവെട്ടാതെ നോക്കിനിന്നു. ടിക്കറ്റ് എക്സാമിനര്‍ തന്നെയാണ് ആ ജോലിയും ചെയ്യുന്നത്. ഹൈഡ്രോളിക്‍ ഉപകരണത്തിന്റെ സഹായത്തോടെ വളരെ ശ്രദ്ധിച്ച് തിരക്കൊന്നും കൂട്ടാതെയാണ് ആ ജോലി ചെയ്യപ്പെടുന്നത്. വീല്‍ ചെയറില്‍ ഇരിക്കുന്ന ആള്‍, അങ്ങിനെ ഇരിക്കാനിടയാക്കിയ സാഹചര്യവും, ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള വലിയ സത്യവുമൊക്കെ മനസ്സിലാക്കിത്തന്നെയാണ് അവര്‍ ആ ജോലി ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
തീവണ്ടി സൂറിക്കിലെത്താനായപ്പോളാണ് ടിക്കറ്റ് എക്സാമിനര്‍ സ്വിസ്സ് പാസ്സ് പരിശോധിക്കാനായി കമ്പാര്‍ട്ടുമെന്റിലേക്ക് കടന്നുവന്നത്. പാസ്സ് തിരിച്ചുതന്നതിനുശേഷം അദ്ദേഹം ‘ധന്യവാദ് ’എന്ന് ഹിന്ദിയില്‍ പറഞ്ഞതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ഞങ്ങള്‍ ഇന്ത്യാക്കാരാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. ഒരു പ്രത്യേകരാജ്യത്തുനിന്ന് വന്നവരോട് അവരുടെ ഭാഷയില്‍ത്തന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവരെ സന്തോഷിപ്പിക്കുക എന്നത് ഈ രാജ്യത്തെ ടൂറിസം വികസിപ്പിക്കുന്നതിനായി അവര്‍ കൈക്കൊണ്ടിരിക്കുന്ന മാര്‍ഗ്ഗമോ മറ്റോ ആണോ ? അതോ രസികനായ ടിക്കറ്റ് എക്സാമിനര്‍ അദ്ദേഹത്തിന്റെ സ്വന്തം നിലയില്‍ ഞങ്ങളെ സന്തോഷിപ്പിക്കാനായി അങ്ങനെ പറഞ്ഞതാണോ ?
അതെന്തായാലും ശരി, ഞങ്ങളല്ലേ നിങ്ങള്‍ സ്വിസ്സര്‍ലാന്‍ഡുകാരോട് നന്ദി പറയേണ്ടത് ?! ഇത്രയും മനോഹരമായ കാഴ്ച്ചകള്‍ സമ്മാനിച്ചതിന് ? യാതൊരു വിഘ്നവുമില്ലാതെ, യാതൊരുവിധ മോശം അനുഭവങ്ങളുമില്ലാതെ ഈ നാലുദിവസവും നിങ്ങളുടെ ഈ മനോഹരമായ രാജ്യത്തില്‍ ഞങ്ങള്‍ക്ക് ആതിഥ്യമരുളിയതിന് !
അറിയാവുന്ന ഭാഷകളിലൊക്കെ മനസ്സുകൊണ്ട് നിങ്ങളോരോരുത്തരോടും ഞങ്ങളിതാ നന്ദി പറയുന്നു.
നന്ദി, ശുക്രിയാ, ധന്യവാദ്, ശുക്രന്‍, തേരി മക്കാസി, താങ്ക് യൂ , മേഴ്‌സി.
--------തുടരും--------
എട്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
Monday 2 March 2009
സ്വിസ്സര്‍ലാന്‍ഡ് (6) - ലൂസേണ്‍
സ്വിസ്സ് യാത്രയുടെ 1, 2, 3, 4, 5, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ.
--------------------------------------------------------------------------------
തീവണ്ടി സൂറിക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ബാഗും പുറത്തുതൂക്കി സ്റ്റേഷനുവെളിയില്‍ കടന്ന്, രാത്രി തങ്ങാനുള്ള മുറി ബുക്ക് ചെയ്തിരുന്ന Montana ഹോട്ടലിലേക്ക് നടന്നു. സ്റ്റേഷനില്‍ നിന്ന് 300 മീറ്റര്‍ നടക്കാനുള്ള ദൂരമേ ഹോട്ടലിലേക്കുള്ളൂ എന്നത് സൂറിക്കില്‍ നിന്നും അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകള്‍ക്ക് ഗുണം ചെയ്തു.
ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത് ഒന്ന് ഫ്രെഷായി ഉടനെ തന്നെ വെളിയില്‍ കടന്ന് സൂറിക്ക് സ്റ്റേഷനിലേക്ക് തിരിച്ചുനടന്നു. മദ്ധ്യ സ്വിസ്സര്‍ലാന്‍ഡിലെ പ്രധാന ഒരു നഗരമായ ലൂസേണ്‍ ആയിരുന്നു അടുത്ത ലക്ഷ്യം. 1333ല്‍ നിര്‍മ്മിക്കപ്പെട്ട പ്രസിദ്ധമായ ചാപ്പല്‍ ബ്രിഡ്‌ജ് അടക്കമുള്ള പല കാഴ്ച്ചകളും ലൂസേണില്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. അഞ്ച് മിനിറ്റിനകം ലൂസേണിലേക്കുള്ള വണ്ടി കയറി. അരമണിക്കൂറിനകം ലൂസേണിലെത്തുകയും ചെയ്തു. സ്റ്റേഷനുവെളിയിലിറങ്ങി ഒന്നു ചുറ്റിനടന്നപ്പോള്‍ത്തന്നെ ചാപ്പല്‍ ബ്രിഡ്ജ് കണ്ടു.
Reuss നദിക്ക് ഡയഗണലായി 200 മീറ്റര്‍ നീളമുള്ള മരത്തിലുണ്ടാക്കിയ ചാപ്പല്‍ ബ്രിഡ്‌ജിന്റെ ഇരുവശങ്ങളിലും മനോഹരമായ പൂച്ചെടികള്‍ തൂങ്ങിക്കിടക്കുന്നത് കാണാന്‍ വല്ലാത്തൊരു ഭംഗിതന്നെയാണ്. Kapellbrucke എന്നാണ് ഈ ചാപ്പല്‍ ബ്രിഡ്ജിന്റെ നാട്ടുപേര്.
പാലത്തിലേക്ക് കടന്ന് നടക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ പാലത്തിന്റെ മേല്‍ക്കൂരയിലായി ത്രികോണാകൃതിയിലുള്ള പെയിന്റിങ്ങുകള്‍ കാണാന്‍ സാധിക്കും.
1500ന്റെ തുടക്കത്തിലുള്ളതാണ് ഈ നഗരത്തിന്റെ ചരിത്രം വിളിച്ചുപറയുന്ന ആ ചിത്രങ്ങളൊക്കെ. തുടക്കത്തിലുണ്ടായിരുന്ന 111 പെയിന്റിങ്ങുകളില്‍ 81 എണ്ണം ഇപ്പോഴവിടില്ല. അക്കഥയൊക്കെ പറയാന്‍ തുടങ്ങിയാല്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരോട് ഏതൊരാള്‍ക്കും വിദ്വേഷം തോന്നുമെന്നുറപ്പാണ്.
1993ല്‍ പുകവലിക്കാരുടെ അശ്രദ്ധമൂലം ഉണ്ടായ ഒരു തീപ്പിടുത്തത്തില്‍ പാലത്തിന് തീപിടിച്ചതിന്റെ കൂട്ടത്തിലാണ് കുറേയധികം പെയിന്റിങ്ങുകള്‍ കത്തിനശിച്ചത്. ശരിക്കുപറഞ്ഞാല്‍, ഇപ്പോള്‍ക്കാണുന്ന പാലത്തിന്റെ ഭൂരിഭാഗവും പഴയ മാതൃകയില്‍ പുനഃസൃഷ്ടിച്ചതാണ്. തുടക്കത്തില്‍ 285 മീറ്റര്‍ നീളമുണ്ടായിരുന്ന പാലത്തിന്റെ നീളം പുനര്‍നിര്‍മ്മാണത്തോടെ 200 മീറ്ററായി കുറയുകയും ചെയ്തു.
പാലത്തിന് തൊട്ടടുത്തുതന്നെ നിലകൊള്ളുന്ന കോട്ടയുടെ മാതൃകയിലുള്ള വാട്ടര്‍ ടവര്‍ (നാടന്‍ പേര് - Wasserturm)പാലത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നുണ്ട്.
പാലത്തില്‍ നിന്നിറങ്ങി നദിയുടെ മറുകരയിലെത്തിയപ്പോഴേക്കും പല യാത്രകളിലും എന്റെ കൂടെത്തന്നെയുണ്ടാകാറുള്ള മഴ ചെറുതായൊന്ന് തലപൊക്കി.
ചെറിയ ചാറ്റല്‍മഴയത്തുകൂടെ നദിക്കരയിലുള്ള ഓപ്പണ്‍ എയര്‍ ഭോജനശാലകളുടെ തീന്‍മേശകള്‍ക്കിടയിലൂടെ ലക്ഷ്യമൊന്നുമില്ലാത്ത ഒരു നടത്തം മനസ്സിനു ചെറിയൊരു കുളിര്‍മ്മപകര്‍ന്നുനല്‍കി.
കെട്ടിടങ്ങള്‍ക്ക് പിന്നിലേക്ക് കടന്ന് വൃത്തിയുള്ള ഇടവഴികളിലൂടെയുള്ള നടത്തത്തിന് മറ്റൊരു ലക്ഷ്യം കൂടെയുണ്ടായിരുന്നു. പിക്കാസോയുടെ ഒരു മ്യൂസിയം ഈ ഭാഗത്തൊരെണ്ണം ഉണ്ടെന്ന് നല്ലപാതി എവിടെയോ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. പ്രശസ്തമായ റോസണ്‍ഗാര്‍ട്ട് മ്യൂസിയം നദിയുടെ മറുകരയില്‍ ഉണ്ടെന്നറിയാം. അവിടെപ്പോകാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുമുണ്ട്.
പക്ഷെ, അതല്ലാതെ ഒരു പിക്കാസോ മ്യൂസിയംകൂടെ ഈ ഭാഗത്ത് ഉണ്ടെന്നും അത് കണ്ടുപിടിക്കണമെന്നുമായിരുന്നു ആ നടത്തത്തിന്റെ ലക്ഷ്യം. കുറേ അലഞ്ഞുനടന്നിട്ടും, പലയിടത്തും ചോദിച്ച് മനസ്സില്ലാക്കാന്‍ ശ്രമിച്ചിട്ടും അങ്ങനൊരു മ്യൂസിയം ആ ഭാഗത്ത് കണ്ടുപിടിക്കാനായില്ല. എല്ലാ വിരലുകളും ചൂണ്ടപ്പെട്ടത് റോസണ്‍ഗാര്‍ട്ട് മ്യൂസിയത്തിലേക്കുതന്നെയായിരുന്നു. എന്തായാലും ആ അന്വേഷണത്തിനിടയില്‍ ബേണില്‍ കണ്ടതുപോലെയുള്ള മറ്റൊരു ക്ലോക്ക് ടവറുകൂടെ കാണാനായി.
ബേണിലെപ്പോലെ തന്നെ ഫൌണ്ടനുകള്‍ക്ക് ഒരു ക്ഷാമവുമില്ല ലൂസേണിലും. പല ആകൃതിയില്‍, പൊതുനിരത്തിലും, ചുമരിലുമൊക്കെയുള്ള ഫൌണ്ടനുകള്‍ മനം കവരുന്നവയാണ്.
വഴിയരുകിലെ മറ്റൊരു സോവനീര്‍ ഷോപ്പില്‍ കണ്ട മരത്തിലുണ്ടാക്കിയ പ്രത്യേകതരം ഒരു ക്ലോക്ക് നോക്കി കുറേ സമയം നില്‍ക്കാതിരിക്കാനായില്ല.കുക്കു ക്ലോക്കിനുപുറമെ അതുകൂടെ ഒരെണ്ണം വാങ്ങിയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന്റെ അതിഭയങ്കരമായ വിലയും, ബാഗിലെ സ്ഥലപരിമിതിയും ആ ആഗ്രഹത്തില്‍ നിന്നെന്നെ പിന്തിരിപ്പിച്ചു.
നദിക്കക്കരെ ലൂസേണിലെ മറ്റൊരു ആകര്‍ഷണമായ Jesuit Church കാണാം. മ്യൂസിയത്തിലേക്ക് പോകുന്നതിനുമുന്‍പായി നദിക്ക് കുറെകെയുള്ള സാമാന്യം പുതിയ മറ്റൊരുപാലത്തിലൂടെ അക്കരെച്ചെന്ന് ചര്‍ച്ചിലേക്ക് കടന്നു. സ്വിസ്സര്‍ലാന്‍ഡിലെ തന്നെ ഏറ്റവും മനോഹരമായ പള്ളികളിലൊന്നാണിത്. 1667ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളിയുടെ സാവാള ആകൃതിയിലുള്ള ഡോമുകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും.
സെന്റ് ഫ്രാന്‍സ് സേവ്യറിന് സമര്‍പ്പിച്ചിരിക്കുന്ന ഈ പള്ളിയുടെ ഉള്‍വശം വളരെ ആകര്‍ഷണമായ രീതിയില്‍ത്തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
നിശബ്ദമായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നവര്‍ക്കിടയിലൂടെ പള്ളിയിലെ കാഴ്ച്ചകളൊക്കെ കണ്ടുനടന്നതിനുശേഷം വെളിയിലേക്കിറങ്ങി. അടുത്ത ലക്ഷ്യം റോസണ്‍ഗാര്‍ട്ട് മ്യൂസിയമായിരുന്നു. തെരുവിന്റെ ട്രാഫിക്ക് സിഗ്നലിലെ കുടുക്കില്‍പ്പെടാതെ ലൂസേണ്‍ പട്ടണം മുന്‍പരിചയമുള്ളവരെപ്പോലെ കെട്ടിടങ്ങള്‍ക്കിടയിലൂടെ മാപ്പിന്റെ സഹായത്തോടെ റോസണ്‍ഗാര്‍ട്ട് മ്യൂസിയത്തിലേക്കുള്ള നടക്കുമ്പോള്‍ ചാറ്റല്‍മഴയും കൂടെയുണ്ടായിരുന്നു.
മ്യൂസിയത്തിനകത്തുകടന്ന് റിസപ്‌ഷനില്‍ നിന്ന് ടിക്കറ്റെടുത്തപ്പോള്‍ത്തന്നെ ഒരുകാര്യം ഉറപ്പായി. ക്യാമറ മ്യൂസിയത്തിനകത്ത് ഉപയോഗിക്കാന്‍ പറ്റില്ല. കൌണ്ടറില്‍ നിന്നും ഒരു ലോക്കറിന്റെ താക്കോല്‍ തന്നു. അതിനകത്ത് ക്യാമറയും അതുപോലുള്ള സാമാഗ്രികളുമൊക്കെ അടച്ച് ഭദ്രമാക്കിവെച്ചതിനുശേഷം മാത്രമാണ് മ്യൂസിയത്തിലെ കാഴ്ച്ചകള്‍ക്കായി ഉള്ളിലേക്ക് കടക്കാന്‍ സാധിച്ചുള്ളൂ.
പിക്കാസോ എന്ന വിശ്വവിഖ്യാതനായ കലാകാരന്റെ സുഹൃത്തായ സിഗ്‌ഫ്രൈഡ് റോസണ്‍ഗാര്‍ട്ടിന്റെ മകളായ ആജ്ഞല റോസണ്‍ഗാര്‍ട്ട് എന്ന സ്ത്രീ പ്രസിഡന്റായിട്ടുള്ള റോസണ്‍ഗാര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മ്യൂസിയം. ഇപ്പോള്‍ 77 വയസ്സുള്ള ആജ്ഞല റോസണ്‍ഗാര്‍ട്ട് അവരുടെ യൌവ്വനകാലത്ത് പിക്കാസോയുടെ പല രചനകള്‍ക്കും മോഡലായിരുന്നു. അക്കാലത്ത് അവര്‍ക്ക് കിട്ടിയിട്ടുള്ള ചില പിക്കാസോ ചിത്രങ്ങള്‍ക്ക് പുറമെ മറ്റ് പ്രശസ്തരായ ചിത്രകാരന്മാരുടേയുമൊക്കെ കലാസൃഷ്ടികള്‍ മ്യൂസിയത്തിന്റെ ചുവരുകള്‍ക്ക് ജീവന്‍ നല്‍കുന്നു. പ്രായമായെങ്കിലും ദിവസത്തിലൊരിക്കല്‍ ശ്രീമതി റോസണ്‍ഗാര്‍ട്ട് ഈ മ്യൂസിയത്തിലെത്തുമെന്ന് കേട്ടപ്പോള്‍, ഭാഗ്യം ചെയ്ത ആ സ്ത്രീയെ ഒന്ന് കാണണമെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ആഗ്രഹം തോന്നി. പക്ഷെ ഇന്നത്തെ വിസിറ്റ് കഴിഞ്ഞ് അവര്‍ പോയിരിക്കുന്നു. ഇനി അവരുടെ എല്ലാമെല്ലാമായ മ്യൂസിയത്തിലെ ചിത്രങ്ങള്‍ കണ്ട് മടങ്ങുക മാത്രമേ നിവൃത്തിയുള്ളൂ.
പിക്കാസോ എന്ന കലാകാരന്‍ വരച്ച് തള്ളിയിട്ടുള്ള ചിത്രങ്ങളുടെ വളരെച്ചെറിയൊരു ശതമാനം മാത്രമേ ഈ സ്വകാര്യ മ്യൂസിയത്തിലുള്ളൂ. പക്ഷെ പിക്കാസോ ആരായിരുന്നെന്ന് മനസ്സിലാക്കാന്‍ അവിടെയുള്ള ചിത്രങ്ങള്‍ തന്നെ ധാരാളമാണ്. ചെയ്യുന്ന ഓരോ പ്രവര്‍ത്തിയിലും തന്റെ കലാചാതുര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും കലയോടുള്ള അഭിനിവേശവും ചിന്തയും മാത്രമാണെന്ന് അവിടത്തെ കാഴ്ച്ചകള്‍ കണ്ടിറങ്ങുന്ന ആര്‍ക്കും അടിവരയിടാനാകും.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പിക്കാസൊയുടെ ചില പടങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതുതന്നെ ഉദാഹരണമായെടുക്കാം. ഒരുവിധം നല്ല വലിപ്പമുള്ള ഒരു മീന്‍ തിന്നുകൊണ്ടിരിക്കുന്ന പിക്കാസോ. ചുറ്റിനും പലതരത്തിലുള്ള പൂര്‍ത്തിയായതും അല്ലാത്തതുമായ ചിത്രങ്ങള്‍,ശില്‍പ്പങ്ങള്‍. തിന്നുകഴിഞ്ഞ മീനിന്റെ മുള്ള് വെച്ച് എന്തുചെയ്യാം എന്നാലോചിക്കുകയാണ് പിക്കാസോ. പണി പകുതി തീര്‍ന്ന ഒരു ക്രോക്കറിയുടെ ഡിസൈന്‍ അദ്ദേഹം പൂര്‍ത്തിയാക്കുന്നത് ആ മീനിന്റെ മുള്ളുവെച്ചാണ്. ഡേവിസ് ഡഗ്ലസ് ഡങ്കണ്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്ത ആ ചിത്രങ്ങളൊക്കെ കാണിച്ചുതരുന്നത് “I wanted to be a painter and ended up as Piccaso". എന്നുപറഞ്ഞ പിക്കാസോയുടെ കലാജീവിതത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ഏടുകളില്‍ ചിലതുമാത്രമാണ്.
മൂന്നുദിവസത്തെ നിരന്തരമായ യാത്രയുടേയും നടത്തത്തിന്റേയുമൊക്കെ ഫലം പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. മ്യൂസിയത്തിലെ ചുമരുകള്‍ക്കിടയിലൂടെ ചിത്രങ്ങളെല്ല്ലാം കണ്ടുനടന്നുകഴിഞ്ഞപ്പോഴേക്കും ശരീക്കും തളര്‍ന്നിരുന്നു. കാലുകളൊക്കെ നന്നായി വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ, മനസ്സുകൊണ്ടുമാത്രം തളര്‍ന്നിട്ടില്ല, തളരാനും പറ്റില്ല. ജീവിതത്തില്‍ എപ്പോഴും തരപ്പെട്ടെന്ന് വരാന്‍ സാദ്ധ്യതയില്ലാത്ത ഈ യാത്രയില്‍ തളര്‍ച്ച ഒരുതരത്തിലും വിലങ്ങുതടിയാകാന്‍ പാടില്ല്ല.
മ്യൂസിയത്തില്‍ നിന്ന് ചില സോവനീര്‍ കാര്‍ഡുകളൊക്കെ വാങ്ങി സൂറിക്കിലേക്ക് മടങ്ങി.സൂര്യനസ്ഥമിക്കാന്‍ ഇനിയും സമയമുണ്ട്. കാലുകള്‍ വീണ്ടുമൊരു നടത്തത്തിന് തയ്യാറാണെന്ന് പറയുന്നതുപോലെ. നഗരത്തിലൊരു പ്രദക്ഷിണം നടത്തി, രാത്രി ഭക്ഷണമൊക്കെ കഴിച്ച് മടങ്ങാനായി ഹോട്ടലില്‍ നിന്നിറങ്ങി നടന്നു.
ഹോട്ടലിന്റെ പിന്നിലൂടൊഴുകുന്ന Limmat നദിക്കരയിലെ തിരക്കൊന്നുമില്ലാത്ത നടപ്പാതയിലൂടെയുള്ള നടത്തം നഷ്ടപ്പെട്ടെന്നുകരുതിയ ഉന്മേഷം തിരിച്ചുതന്നു. സൂറിക്കിലെ പ്രധാന ഷോപ്പിങ്ങ് തെരുവുകളിലൊന്നായ Bahnhofstrasse സ്ട്രീറ്റിലാണ് ആ യാത്ര അവസാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച തെരുവുകളിലൊന്നായിട്ടാണ് Bahnhofstrasse സ്ട്രീറ്റ് അറിയപ്പെടുന്നത്. ട്രാമുകള്‍ തെരുവിലൂടെ തെന്നിയൊഴുകിക്കോണ്ടേയിരിക്കുന്നു. ഇടവഴികളില്‍ നിന്ന് മറ്റ് ക്രോസ് റോഡുകളിലേക്ക് മുറിച്ചുകടക്കുന്ന ചുരുക്കം ചില വാഹനങ്ങള്‍ ഒഴിവാക്കിയാല്‍ ഈ റോഡില്‍ ട്രാമുകള്‍ മാത്രമേ സഞ്ചരിക്കുന്നുള്ളൂ.
ലക്ഷക്കണക്കിന് രൂപ വിലയുള്ള വാച്ചുകളും, ആഭരണങ്ങളുമൊക്കെ ചില്ലുകൂടുകള്‍ക്കകത്തിരുന്ന് പുഞ്ചിരിച്ചുകാണിക്കുന്നത് ഞങ്ങളെ നോക്കിയല്ലെന്ന് മൂന്നരത്തരം. അത്രയും വിലപിടിച്ച ആ തെരുവിലെ McDonalds ല്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് ഞങ്ങളാ രാത്രിയുടെ ഓര്‍മ്മയ്ക്ക് മധുരം കൂട്ടി.
ഭക്ഷണത്തിനുശേഷം രാത്രിവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന Bahnhofstrasse തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും കുറേ നടന്നു. ഇടയ്ക്ക് ഒരു ട്രാം സ്റ്റോപ്പിലെ ബഞ്ചില്‍ കുറേനേരമിരുന്ന് രാത്രിജീവിതത്തിന്റെ കാഴ്ച്ചകള്‍ കണ്ടു. തെരുവിലെ ഒരു പാര്‍ക്കില്‍ നായ്ക്കളുമായി വന്നുകൂടിയിരിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ അവയ്ക്ക് പരിശീലനം നടത്തുന്നുണ്ട്.
സൂറിക്കിന്റെ രാത്രി ഭംഗി ആസ്വദിച്ചുകൊണ്ട് Limmat നദിക്കരയിലൂടെ ഹോട്ടലിലേക്ക് നടന്നുതന്നെയാണ് മടങ്ങിയത്. രാത്രിയായതോടെ തണുപ്പ് അല്‍പ്പം കൂടിയിരിക്കുന്നു. നദിക്കരയിലുള്ള നിശാക്ലബ്ബുകളൊന്നില്‍ പലവര്‍ണ്ണത്തിലുള്ള ആകര്‍ഷണീയമായ ബള്‍ബുകള്‍ തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു.
ഞങ്ങള്‍ താമസിക്കുന്ന Montana ഹോട്ടലിന്റെ തൊട്ടടുത്ത കെട്ടിടത്തിലും അത്തരമൊരു നിശാക്ലബ്ബാണ് നടക്കുന്നത്. എന്നുവെച്ച് ഇവിടമൊക്കെ കുഴപ്പം പിടിച്ചതാണെന്ന തോന്നലൊന്നും ഞങ്ങള്‍ക്കുണ്ടായില്ല. നിശാക്ലബ്ബുകളിലും, രാത്രിജീവിതത്തിലുമൊക്കെ താല്‍പ്പര്യമില്ലാത്തവരെ ഈവക കാഴ്ച്ചകളൊന്നും ആകര്‍ഷിക്കുന്നില്ല. അവരെ ആരും ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടിക്കുക്കയോ ഇത്തരം കാര്യങ്ങള്‍ക്കായി നിര്‍ബന്ധിക്കുകയോ ചെയ്യുന്നില്ല.
അവരുടെ ജീവിതം മറ്റൊരു വഴിയിലൂടെ മുന്നോട്ടുതന്നെ നീങ്ങിക്കൊണ്ടിരിക്കുന്നു, ശാന്തമായൊഴുകുന്ന Limmat നദിയെപ്പോലെ.
--------തുടരും--------
ഏഴാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.