ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച്ച ദിവസം രാവിലെ 11 മണിക്ക് ഞാൻ ചെന്നുകയറിയത് അത്തരമൊരു ശ്രീകോവിലിലേക്കാണ്. ശ്രീ.കെ.വി.ദയാൽ എന്ന പ്രകൃതിസ്നേഹി നട്ടുവളർത്തിയെടുത്ത മരങ്ങൾ തണൽ വിരിച്ച്, വേനൽച്ചൂടിലും കുളിർമ പ്രദാനം ചെയ്യുന്ന കാടിന്റെ ശ്രീകോവിലിലേക്ക്.
ദുഃഖവെള്ളിയാഴ്ച്ച, വാഹനമോടിച്ച് ദൂരയാത്രകൾ പോകാൻ പറ്റിയ ദിവസമാണ്. നിരത്തിൽ പതിവുപോലെ അത്രയ്ക്കധികം വാഹനങ്ങൾ ഉണ്ടാകില്ല എന്നത് തന്നെയാണ് പ്രധാന കാരണം. മൂന്നാറിലേക്കും വയനാട്ടിലേക്കുമൊക്കെ പോകാൻ പദ്ധതിയിട്ടെങ്കിലും പല കാരണങ്ങളാൽ അതൊന്നും നടന്നില്ല. ഇത്രയും യാത്രാസൌകര്യമുള്ള ഒരു ദിവസം പാഴാക്കുന്നതെങ്ങനെ ? അപ്പോഴാണ് രണ്ട് ദിവസം മുൻപ് നാട്ടിലുള്ള ഒരു സുഹൃത്ത്, ദയാൽ സാറിനെപ്പറ്റി വാചാലയായത് ഓർമ്മ വന്നത്. ഉടനെ തന്നെ അദ്ദേഹത്തിന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. നല്ല സുഖമില്ലാതിരിക്കുകയാണെങ്കിലും 11 മണിയോടെ ചെന്നാൽ അൽപ്പസമയം സംസാരിച്ച് ഇരിക്കാം എന്ന് ഉറപ്പുകിട്ടിയതനുസരിച്ച് യാത്ര പുറപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മുഹമ്മയ്ക്കടുത്തുള്ള കായിപ്പുറത്താണ് ‘ശ്രീകോവിൽ‘. മുഹമ്മ എനിക്ക് നല്ല പരിചയമുള്ള സ്ഥലമാണ്. വൂൾഫ് ഗ്യാങ്ങ് എന്ന ഓസ്ട്രിയക്കാരൻ സായിപ്പിന്റെ മുഹമ്മയിലുള്ള വീട്ടിൽ വർഷങ്ങൾക്ക് മുൻപ് തങ്ങിയിട്ടുണ്ട്.
ഒരു മണിക്കൂറുകൊണ്ട് മുഹമ്മയിലെത്തി. കായിപ്പുറത്ത് ദയാൽ സാറിന്റെ വീട് എവിടെയാണെന്ന് ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ച് വാഹനത്തിന് വേഗത കുറച്ചപ്പോൾ, കവലയിൽ ഓട്ടോ റിക്ഷാസ്റ്റാന്റിന് അപ്പുറത്തുള്ള തൊടി ഞാൻ ശ്രദ്ധിച്ചു. സൂര്യപ്രകാശം നിലത്ത് വീഴാത്തവിധം കാടുപിടിച്ച് കിടക്കുന്ന ഒരു പുരയിടം. കേട്ടറിഞ്ഞിടത്തോളം ഇതുതന്നെയാകണം ഞാൻ അന്വേഷിക്കുന്ന കാട്. അപ്പോഴേക്കും മതിലിനുമേൽ ശ്രീകോവിൽ എന്ന പേര് കണ്ടു. കാടുകൾ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കു
കാടിനുള്ളിൽ ‘ശ്രീകോവിലി‘ന്റെ ഒരു ഭാഗം. |
20വർഷം മുൻപ് അദ്ദേഹം ഈ സ്ഥലം വാങ്ങുമ്പോൾ ആലപ്പുഴ ഭാഗത്തൊക്കെ സാധാരണയായി കാണുന്ന തരത്തിലുള്ള വെളുത്ത നിറത്തിലുള്ള മണൽ മാത്രമായിരുന്നു ഇവിടെ. നിറയെ തെങ്ങുകൾ വെച്ചുപിടിപ്പിച്ചു. ഒക്കെയും നന്നായി വളർന്നുവന്നു. പക്ഷെ കുലയ്ക്കുന്ന സമയമായപ്പോഴേക്കും എല്ലാത്തിനും രോഗം ബാധിച്ചു. കൃഷിവകുപ്പുകാർ പറഞ്ഞുകൊടുത്ത മാർഗ്ഗങ്ങൾ എല്ലാം നടപ്പിലാക്കി. രാസവളവും ജൈവവളവും എന്നുവേണ്ട എല്ലാം പ്രയോഗിച്ച് നോക്കി. പക്ഷെ രക്ഷപ്പെട്ടില്ല. പിന്നെന്ത് ചെയ്യും എന്നുള്ള ചിന്ത കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ജാപ്പാനീസ് കർഷകനായ മസനോബു ഫുക്കുവോക്കയുടെ പ്രകൃതി കൃഷിയെപ്പറ്റിയുള്ള ‘One Straw Revolution' എന്ന പുസ്തകം വായിക്കാനിടയായത്. അതൊരു വഴിത്തിരിവായിരുന്നു. മനസ്സുകൊണ്ട് ഫുക്കുവോക്ക, ദയാൽ സാർ അടക്കമുള്ള ഒരുപാട് പേരുടെ ആചാര്യൻ കൂടെയാണിപ്പോൾ. ഫുക്കുവോക്കയുടെ ചിത്രമൊരെണ്ണം പൂമുഖപ്പടിയിൽ തൂങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.
മസനോബു ഫുക്കുവോക്ക. (ചിത്രം:-വിക്കിപീഡിയ) |
ഒന്നരയേക്കർ വീടിനുചുറ്റും കാണുന്ന മരങ്ങളിൽ പലതും കുരു ഏറിഞ്ഞ് മുളപ്പിച്ച് വളർത്തിയെടുത്തതാണ്. ദയാൽ സാറിന്റെ കാട്ടിൽ ഇപ്പോൾ 250ൽപ്പരം വൃക്ഷലതാദികൾ വളരുന്നുണ്ട്. മരങ്ങളിലേക്ക് കുരുമുളക് പോലുള്ള വള്ളികൾ പറ്റുന്നത്രയ്ക്ക് പടർത്തിയിരിക്കുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമൊക്കെ കിട്ടാൻ സാദ്ധ്യതയുള്ള എല്ലാ വൃക്ഷങ്ങളും സംഘടിപ്പിച്ച് അദ്ദേഹം ഇവിടെ വളർത്തുന്നുണ്ട്. രണ്ട് കുളങ്ങൾ കുഴിച്ച് അതിൽ നിന്നുള്ള വെള്ളം വൃക്ഷങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു. തൊടിയുടെ ഒരുഭാഗത്ത് പച്ചക്കറിത്തോട്ടമാണ്. ചുരയ്ക്ക അടക്കം ഒരുവിധം എല്ലാ പടർപ്പുകളും ഇവിടെയുണ്ട്. ഇതിനൊക്കെ പുറമേ ഒട്ടനവഴി ഷട്പദങ്ങളും ജീവജാലങ്ങളും ഈ കാട്ടിൽ വളരുന്നു. മഴപ്പാറ്റ എന്ന് വിളിക്കുന്ന ചുവന്ന നിറത്തിലുള്ള ജീവിയെ പ്രകൃതിദത്തമായ കാടുകളിൽ പോലും വളരെ ദുർലഭമായിട്ടേ കാണാനാവൂ. ഇവിടെയതിനെ ചവിട്ടിയിട്ട് നടക്കാനാവില്ല എന്ന അവസ്ഥയാണ്. തേനീച്ചകൾക്കും പക്ഷികൾക്കുമൊക്കെയായി കൂടുകളും ഒരുക്കിക്കൊടുത്തിട്ടുണ്ട്, വൃക്ഷങ്ങൾക്ക് മുകളിൽ.
മഴപ്പാറ്റകൾ |
പുഴയരികിലുള്ള സ്ഥലത്ത് അൽപ്പം ഉപ്പിന്റെ കനമുള്ള വെള്ളം എങ്ങനെ ശുദ്ധമാക്കിയെടുക്കാൻ എന്ന എന്റെ ചോദ്യത്തിന് ദയാൽ സാറിന്റടുത്ത് ഉത്തരം റെഡിയാണ്. കണ്ടൽക്കാടും കൈതയും മുളയുമൊക്കെ വെച്ചുപിടിപ്പിക്കുക. ഇതിന്റെയൊക്കെ വേരോടാൻ തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ വേലിയേറ്റത്തിന് പോലും ഉപ്പ് വെള്ളം ഭൂമിയിലേക്ക് കടക്കില്ല. മഴ പെയ്തിറങ്ങുന്ന വെള്ളം വീണുവീണ് ഭൂമിക്കടിയിലെ ജലവും തൻമൂലം കുളത്തിലേയും കിണറ്റിലേയും വെള്ളം ശുദ്ധമാകുകയും ചെയ്യും.
സർപ്പക്കാവും പ്രതിഷ്ഠയും |
ഭക്ഷണത്തിൽ ഫാറ്റ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ ഉണ്ടാകണമെങ്കിൽ മണ്ണിലും ഫാറ്റ് എത്തണം. അതുകൊണ്ട് മീൻവളം എല്ലുപൊടി എന്നുള്ളതിനൊക്കെ പ്രസക്തി കൂടുതലാണ്.അവക്കാഡോ പോലുള്ള ഫലങ്ങൾക്ക് മീൻവളം നന്നായി ആവശ്യമാണ്. മലയാളികൾ പീനട്ട് ബട്ടർ ഫ്രൂട്ട്, അവക്കാഡോ എന്നീ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഇഷ്ടം പോലെ ചെറുപ്പക്കാർ ജൈവകൃഷിയിലും മറ്റും താൽപ്പര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു എന്നത് നല്ലൊരു ലക്ഷണമായിട്ടാണ് അദ്ദേഹം കാണുന്നത്. പോയ കാടുകളൊക്കെയും തിരിച്ചുവരും എന്ന പ്രതീക്ഷയിലാണദ്ദേഹം. ഗാന്ധിജി യൂണിവേർസിറ്റിയിൽ ഒരു കോർസ് തന്നെ തുടങ്ങിയെടുക്കാൻ ദയാൽ സാറിനും സഹപ്രവർത്തകർക്കും ആയിട്ടുണ്ട്. 20 ദിവസം കൊണ്ട് കൃഷിയെപ്പറ്റി പഠിപ്പിക്കുന്ന ഒരു സർട്ടിഫിക്കറ്റ് കോഴ്സാണത്. ജൈവകർഷ സമിതി എന്ന പേരിൽ പ്രായോഗിക കൃഷിരീതികൾ സ്വയം കണ്ടെത്തി മറ്റ് കർഷകരുമായി ഒത്തുകൂടെ അതിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു സമിതിയുടെ കൺവീനർ കൂടെയാണ് അദ്ദേഹം. കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച് ക്ലാസ്സുകൾ എടുക്കുകയും കൃഷിരീതികൾ പ്രചരിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് ‘അണ്ണൻ‘.
ദയാൽ സാറിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ. |
ഏതൊക്കെ മരങ്ങൾ എങ്ങനൊക്കെ നട്ടുപിടിപ്പിക്കണം, എന്തൊക്കെ വളങ്ങൾ ഉപയോഗിക്കണം, അടുക്കളകൃഷി എങ്ങനെ പരിരക്ഷിക്കണം, എന്തൊക്കെ ഭക്ഷണങ്ങൾ വർജ്ജിക്കണം, എന്തൊക്കെ കഴിക്കണം, എന്നിങ്ങനെ ഒരുപാടൊരുപാട് അറിവുകളാണ് അദ്ദേഹം പകർന്നുതന്നത്. മുഴുവനായി എഴുതി ഫലിപ്പിക്കാൻ എനിക്കാവില്ല. എത്തിപ്പറ്റാൻ സാധിക്കുന്നവർ ഒരിക്കലെങ്കിലും കായിപ്പുറത്തെ ഈ ശ്രീകോവിലിലേക്ക് ഒരു യാത്ര തരപ്പെടുത്തണം. കുറേനേരം ദയാൽ സാറുമായി സംസാരിച്ചിരിക്കണം. ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് തന്നെ ചിലപ്പോൾ മാറിമറിഞ്ഞെന്ന് വരും, അങ്ങനെയൊരു യാത്രയ്ക്ക് മുതിർന്നാൽ.
മൂന്നാറിലേക്കോ വയനാട്ടിലേക്കോ പോകാൻ സാധിക്കാതിരുന്നതിൽ എനിക്കിപ്പോൾ അൽപ്പം പോലും ഖേദമില്ല. ഈ ദിവസത്തെ ദുഃഖവെള്ളി എന്ന് വിളിക്കാനും ഞാൻ തയ്യാറല്ല. എനിക്കതൊരു ഗുഡ് ഫ്രൈഡേ തന്നെ ആയിരുന്നു. ---------------------------------------------------------------------------------------------------------------------
ദയാൽ സാറിനെപ്പറ്റി കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
1. ജനയുഗം ലേഖനം.
2. മാധ്യമം 2009 ഓണപ്പതിപ്പ് ലേഖനം. - -