Monday 29 December 2008

തുഷാരഗിരി

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

-------------------------------------------------------------
ഹപ്രവര്‍ത്തകരായ ഷാഹുദ്ദീനും , ഫൈസലും , നിഷാദുമൊക്കെ കുടുംബസമേതം ഉല്ലാസയാത്രപോയതിന്റെ പടങ്ങള്‍ കാണിച്ചുതന്നപ്പോളാണ്‌ ഞാനാദ്യമായി തുഷാരഗിരി എന്ന ഒരു സ്ഥലത്തെപ്പറ്റി കേള്‍ക്കുന്നത് തന്നെ. അപ്പോള്‍ത്തന്നെ അങ്ങോട്ടുള്ള വഴിയൊക്കെ ചോദിച്ച് മനസ്സിലാക്കി വെച്ചു. വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്റെ സ്ഥിരം റൂട്ടായ വയനാട്ടിലേക്കുള്ള വഴിയില്‍ത്തന്നെ തുഷാരഗിരിയിലേക്കുള്ള സൈന്‍ ബോര്‍ഡുകള്‍ കാണാമെന്ന്‌ ഷാഹുദ്ദീന്റെ വിവരണത്തില്‍ നിന്ന് മനസ്സിലാക്കി.

എറണാകുളത്തുനിന്ന് വയനാട് വഴി ബാംഗ്ലൂരേക്ക് യാത്ര പുറപ്പെട്ടത് ബാംഗ്ലൂരുള്ള ചില ഉറ്റസുഹൃത്തുക്കളെ കാണാനാണ്‌. ഇടയ്ക്ക് തുഷാരഗിരിയിലേക്ക് ഒരു റൂട്ട് മാറ്റം. അതായിരുന്നു പുറപ്പെടുമ്പോഴേ എന്റെ പദ്ധതി. കോഴിക്കോട് ബൈപ്പാസില്‍ നിന്ന് മെഡിക്കല്‍ കോളേജ് വഴി തിരിഞ്ഞ് മുന്നോട്ടുള്ള വഴിയിലെല്ലാം തുഷാരഗിരിയിലേക്കുള്ള സൈന്‍ ബോര്‍ഡ് കാണുന്നതുകൊണ്ട് വഴിക്ക് വണ്ടി നിറുത്തി ആരോടും ചോദിക്കാതെ തന്നെ മുന്നോട്ട് പോകാമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. കോഴിക്കോടുനിന്ന് ദേശീയപാത 212 ലൂടെ താമരശ്ശേരിക്കും അടിവാരത്തിനും ഇടയ്ക്കുള്ള കൈതപ്പൊയില്‍ എന്ന സ്ഥലത്തുനിന്നും ചെമ്പുകടവ് റോഡില്‍ 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുഷാരഗിരിയിലെത്താം. പക്ഷെ ഇടയ്ക്ക് ഒരു ജാഥപോകുന്നതുകാരണം ചെറിയ ഒരു ഡീവിയേഷന്‍ എടുത്ത് നാഷണല്‍ ഹൈവേയില്‍ നിന്ന് ഉള്‍‌നാടന്‍ വഴിയിലേക്ക് കയറേണ്ടിവന്നു. അവിടന്നങ്ങോട്ട് വഴി ചോദിച്ച് മനസ്സിലാക്കിയിട്ടാണെങ്കിലും ഇരുവശവും തെങ്ങും കവുങ്ങുമൊക്കെ ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന നല്ല ഒന്നാന്തരം ഗ്രാമീണവഴിയിലൂടെ അധികമൊന്നും ചുറ്റിവളയാതെതന്നെ ലക്ഷ്യസ്ഥാനത്തെത്തി.

പാത അവസാനിക്കുന്നത് ഡി.റ്റി.പി.സി.യുടെ ഓഫീസ് കെട്ടിടത്തിനുമുന്‍പിലാണ്. ആ മതില്‍‌വളപ്പിനുള്ളില്‍ വാഹനം പാര്‍ക്കുചെയ്ത് മുന്നോട്ട് നടന്നു. സമാന്യം നല്ലൊരുകൂട്ടം സഞ്ചാരികള്‍ അവിടവിടെയായി നില്‍ക്കുന്നുണ്ട്. ചെറുപ്പക്കാരാണ് അധികവും. ഇക്കോടൂറിസത്തെപ്പറ്റിയൊക്കെ വിശദീകരിക്കുന്ന ബോര്‍ഡുകള്‍ പലയിടത്തുമുണ്ട്. 150 മീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോള്‍ ഫോറസ്റ്റ് ഡിവിഷന്റെ ചെക്ക് പോസ്റ്റ് എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന ഓടിട്ട ഒരു കൊച്ചുകെട്ടിടത്തിനുമുന്നിലെത്തി.

ഒന്നുരണ്ട് ഫോറസ്റ്റ് ഗാര്‍ഡുകള്‍ അവിടെയുണ്ട്. എനിക്കും ക്യാമറയ്ക്കും പ്രവേശനത്തിനൂള്ള ടിക്കറ്റ് അവിടന്നെടുത്ത് വീതിയുള്ള നടപ്പാതയിലൂടെ യാത്ര തുടര്‍ന്നു.

ആ നടത്തം അവസാനിച്ചത് പുഴയരുകിലാണ്. പുഴയുടെ അടിത്തട്ടില്‍ പാറക്കെട്ടുകളാണ്. പുഴ മുറിച്ച് കടന്നുവേണം യാത്ര തുടരാന്‍. അധികം വെള്ളമൊന്നുമില്ലെങ്കിലും പുഴയിലെ കല്ലുകളില്‍ നല്ല വഴുക്കലുണ്ട്. സൂക്ഷിച്ച് വേണം അക്കരെയെത്താന്‍. കാട്ടില്‍ മഴ പെയ്താല്‍ പെട്ടെന്ന് പുഴയിലെ ജലനിരപ്പ് ഉയരും. ആ സാഹചര്യത്തില്‍ അക്കരയിക്കരെ കടക്കുന്നത് അസാദ്ധ്യമാണ്.

മഴവന്ന് വെള്ളം പൊങ്ങിയകാരണം, കഴിഞ്ഞ ആഴ്ച്ചയില്‍ തുഷാരഗിരി കാണാനെത്തിയ 100ല്‍പ്പരം വരുന്ന ഒരു സംഘം നദിയുടെ മറുകരയില്‍ മണിക്കൂറുകളോളം പെട്ടുപോയ സംഭവം അക്കരെവെച്ച് പരിചയപ്പെട്ട ഫോറസ്റ്റ് ഗാര്‍ഡ് പറഞ്ഞപ്പോള്‍ കാടിന്റെ മറ്റൊരു വന്യമായ മുഖം സങ്കല്‍പ്പിച്ചെടുക്കാ‍നായി. കാട്ടിലിപ്പോള്‍ ഒരു മഴ പെയ്താല്‍ ഭാഗ്യമുണ്ടെങ്കില്‍ എനിക്കും അങ്ങനൊരു അനുഭവം കിട്ടിയെന്നുവരും.

പുഴക്കക്കരെ വഴി വലത്തേക്കും, ഇടത്തേക്കും, മുകളിലേക്കും പിരിയുന്നിടത്ത് ഫോറസ്റ്റ് ഗാര്‍ഡ് നിലയുറപ്പിച്ചിട്ടുണ്ട്. വലത്തുവശത്തുള്ള ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനടുത്തേക്ക് യാത്രക്കാരെ വഴിതിരിച്ച് വിടുന്നജോലി അദ്ദേഹം ഭംഗിയായിട്ട് ചെയ്യുന്നുണ്ട്.


കുറച്ചൂടെ മുന്നോട്ട് നടന്ന് പാറയ്ക്ക് മുകളിലൂടെ കയറിയിറങ്ങിയപ്പോള്‍ വെള്ളച്ചാട്ടം കാണാറായി. മൂന്നോ നാലോ നിലയിലായിട്ട് വീണുടയുന്ന ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തില്‍ വെള്ളം കുറവാണെങ്കിലും ഭംഗിക്ക് ഒരു കുറവുമില്ല. കാടിന്റെ സൌന്ദര്യം തൊട്ടറിഞ്ഞ് ചാലിപ്പുഴയുടെ രണ്ട് കൈവരികള്‍ ഒന്നാകുന്ന മനോഹരമായ സംഗമഭൂമി.

അന്യസംസ്ഥാനത്തുനിന്നുവന്ന കോളേജുകുമാരിമാരുടെ 50ന് മുകളില്‍ വരുന്ന വലിയൊരു സംഘം വെള്ളച്ചാട്ടത്തിനടിയില്‍ പടമെടുത്തും, വെള്ളം തെറിപ്പിച്ചുമൊക്കെ ഉല്ലസിച്ച് നില്‍ക്കുന്നുണ്ട്. ഒരുമണിക്കൂറോളം അവരവിടെത്തെന്നെ നിന്നതുകാരണം വെള്ളച്ചാട്ടത്തിന്റെ മാത്രമായി നല്ലൊരു പടമെടുക്കാന്‍ എനിക്കായില്ല.


അതിനിടയില്‍ അക്കൂട്ടത്തിലൊരു യുവതിയുടെ പോയന്റ് ആന്റ് ഷൂട്ട് ക്യാമറ പണിമുടക്കി. ട്രൈപ്പോഡും,സൂം ലെന്‍‌സുമൊക്കെയായി അവിടെ ചുറ്റിക്കറങ്ങുന്ന ഞാനേതോ ഭയങ്കര ക്യാമറാവിദഗ്ധനാണെന്നോ മറ്റോ കരുതിയിട്ടാകണം, കേടായ ക്യാമറയുമായി യുവതിയും കൂട്ടുകാ‍രിയും എന്റടുത്തെത്തി. സംസാരത്തിന്റെ ശൈലിയില്‍ നിന്ന് കര്‍ണ്ണാടകത്തില്‍നിന്നുള്ളവരാണെന്ന്‍ തോന്നി. അവിടെയും ഇവിടെയുമൊക്കെ പിടിച്ച് തിരിച്ചും ഞെക്കിയുമൊക്കെ നോക്കുന്നതിനിടയില്‍ ക്യാമറ പെട്ടെന്ന് ശരിയായതുകാരണം എന്റെ മാനം പോകാതെ രക്ഷപ്പെട്ടു. ഇനി അവിടെ നിന്നാല്‍ ശരിയാകില്ലെന്ന് തോന്നി. കൂടുതല്‍ സുന്ദരിമാര്‍ റിപ്പയറിനുള്ള ക്യാമറയുമായി സമീപിക്കുന്നതിനുമുന്‍പ് സ്ഥലം കാലിയാക്കാന്‍ തീരുമാനിച്ചു.

പുഴക്കരയില്‍ ഫോറസ്റ്റ് ഗാര്‍ഡ് നില്‍ക്കുന്നിടത്തേക്ക് മടങ്ങിപ്പോയി.അവിടന്ന് രണ്ടിടത്തേക്ക് വഴിതിരിയുന്നുണ്ട്. ഒന്ന് കാട്ടിലൂടെ മുകളിലേക്കുള്ള കയറ്റമാണ്. 400 മീറ്ററോളം കയറിയാല്‍ ‘മഴവില്‍ച്ചാട്ടം‘, വീണ്ടും 500 മീറ്റര്‍ കയറിയാല്‍ ‘തുമ്പിതുള്ളും പാറ‘. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നുള്ള ചില ഭംഗിയുള്ള കാഴ്ച്ചകളിലേക്കാണ് ആ കാട്ടുവഴി കൊണ്ടുപോകുന്നത്. വഴിയില്‍ ഉടനീളമുള്ള അപൂര്‍വ്വമായ മരങ്ങളിലെല്ലാം അതിന്റെയൊക്കെ പേരും ബോട്ടണിക്കാര്‍ക്ക് മാത്രം നാവില്‍ വഴങ്ങുന്ന ശാസ്ത്രീയനാമങ്ങളുമൊക്കെ എഴുതിവെച്ചിട്ടുണ്ട്.

മുകളിലേക്ക് കയറാന്‍ തുടങ്ങി. തൊട്ടുമുന്നിലായി നാലഞ്ചുപേരുള്ള ഒരു ഫാമിലി ഗ്രൂപ്പുണ്ട്. പതുക്കെപ്പതുക്കെയാണ് അവരുടെ കയറ്റം. സാരിയൊക്കെ ഉടുത്ത സ്ത്രീകള്‍ക്ക് അനായാസമായി ആ കയറ്റം കയറുക സാദ്ധ്യമല്ല. ഞാന്‍ പതുക്കെ അവരെ ഓവര്‍ട്ടേക്ക് ചെയ്തു.

“അയാള് മലയാളിയാണെന്ന് തോന്നുന്നില്ല. കയറിപ്പോകുന്നത് കണ്ടില്ലേ? ക്യാമറയും സാമഗ്രികളുമൊക്കെയായി ഇങ്ങനെയുള്ള കാടുകളിലൊക്കെ ജീവിക്കുന്ന ഏതോ ഒരിനം ജീവിയാണെന്ന് തോന്നുന്നു “ പിന്നില്‍ നിന്ന് അവര്‍ തമാശപറഞ്ഞത് കേട്ടില്ലെന്ന് നടിച്ച് ഞാന്‍ കയറ്റം തുടര്‍ന്നു.

കുറച്ചങ്ങ് ചെന്നപ്പോള്‍ വഴി കൂടുതല്‍ ദുര്‍ഘടം പിടിച്ചതായി മാറി. കയറ്റം കൂടുതല്‍ കുത്തനെയായി. പലയിടത്തും മണ്ണൊലിച്ച് പോയി മരത്തിന്റെ വേരുകള്‍ നഗ്നമായി നില്‍ക്കുന്നു. കൊച്ചുകൊച്ചുപാ‍റകളില്‍ച്ചവിട്ടിയും വേരുകളില്‍ പിടിച്ചുമൊക്കെ കയറ്റം പുരോഗമിച്ചു. ഞാനതിനിടയില്‍ നന്നായി കിതക്കാന്‍ തുടങ്ങി. കാലുകള്‍ക്ക് നല്ല വേദനയും തോന്നി. അതിന് കാരണമുണ്ട്. ഷൂവിന്റെ ഉള്ളിലുള്ള നാക്ക് തുറിച്ച് ഉപ്പൂറ്റിവഴി പുറത്തുവന്നിരിക്കുന്നു. ഷൂ അഴിച്ച് ശരിയാക്കാനെന്ന വ്യാജേന ഞാനാ വഴിയിലെ വേരുകളില്‍ കുറച്ചുനേരമിരുന്നു. കിതപ്പകറ്റുകയായിരുന്നു പ്രധാനലക്ഷ്യം.

ഫാമിലി ബാച്ച് എന്റടുത്തെന്നുന്നതിന് മുന്‍പ് വീണ്ടും കയറാന്‍ തുടങ്ങി. എന്നെപ്പറ്റി അവര്‍ക്കുള്ള ഇമ്പ്രഷന്‍ കളയരുതല്ലോ. അധികം താമസിയാതെ ‘മഴവില്‍ച്ചാട്ട‘ത്തിലെത്തി. അപകടമുണ്ടാകാതിരിക്കാന്‍ അവിടെ കമ്പിവെച്ച് തടകള്‍ ഉണ്ടാക്കിയിട്ടുണ്ട്.താഴേക്ക് വെള്ളം വീഴുന്നത് ഇവിടന്ന് കാണാം. കോളേജ് കുട്ടികള്‍ ഇപ്പോഴും അവിടെത്തന്നെയൊക്കെയുണ്ട്. നന്നായി വെള്ളം ഒഴുകി താഴേക്ക് വീഴുന്ന സമയത്ത് ചിതറിത്തെറിക്കുന്ന നനുത്ത തുള്ളികളില്‍ സൂര്യപ്രകാശം വീഴുമ്പോള്‍ മഴവില്ല് കാണുന്നത് ഈ പാറയില്‍ നിന്നുള്ള ഒരു സാധാരണ കാഴ്ച്ചയാണ്. പക്ഷെ തെറിച്ച് വീഴാനും മാത്രം വെള്ളമില്ലാതിരുന്നതുകൊണ്ട് എനിക്കാ കാഴ്ച്ച നഷ്ടമായി. ചുറ്റുമുള്ള കാടിന്റെ പച്ചപ്പും, വെള്ളച്ചാട്ടത്തിന്റെ മുകലില്‍ നിന്നുള്ള ഭംഗിയുമൊക്കെ ആസ്വദിച്ച് കുറച്ചുനേരം അവിടെ നിന്നപ്പോഴേക്കും ഫാമിലി ബാച്ച് അവിടെവന്നുകയറി. ഞാന്‍ ഇട്ടിരിക്കുന്ന ടീ ഷര്‍ട്ട് വിയര്‍ത്ത് കുതിര്‍ന്നിരിക്കുന്നത് കണ്ടിട്ടാകണം കൂ‍ട്ടത്തിലുള്ള മുതിര്‍ന്ന സ്ത്രീ ‘യു വാണ്ട് വാട്ടര്‍?’ എന്നൊരു ചോദ്യം ചോദിച്ചു. കുറച്ച് വെള്ളം അവരുടെ കയ്യില്‍നിന്ന് വാങ്ങിക്കുടിച്ച് ‘താങ്ക്സ് ചേച്ചീ’ എന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോഴും ഞാന്‍ മലയാളിയല്ലെന്ന് തന്നെയായിരിക്കണം അവരുടെ വിശ്വാസം.

കമ്പിവെച്ച് ഉണ്ടാക്കിയിട്ടുള്ള തടയുടെ മുകളില്‍ ഒരു കൊച്ചുസഞ്ചാരിയും അവന്റെ അച്ഛനും താഴേക്കുള്ള കാഴ്ച്ചകള്‍ ആസ്വദിച്ച് നില്‍ക്കുന്നുണ്ട്. ആ കൊച്ചുമിടുക്കന്റെ കമ്പിയുടെ മുകളിലുള്ള ഇരിപ്പ് കുറച്ച് അപകടം പിടിച്ചതാണെന്ന് തോന്നി.

അടുത്ത കയറ്റത്തിന് സമയമായി. ഇനി ബാക്കിയുള്ളത് തുമ്പിതുള്ളും പാറയാണ്. 500 മീറ്ററോളം കയറണം. വഴി പഴയതുപോലെതന്നെ ദുര്‍ഘടം തന്നെ. എങ്കിലും ഇപ്പോളത് ശീലമായിക്കഴിഞ്ഞു. പെട്ടെന്ന് മുകളിലെത്തിയപോലെ.

തുമ്പിതുള്ളും പാറ എന്ന് ഈ സ്ഥലത്തിന് പേര് വരാന്‍ കാരണമെന്താണെന്ന് മനസ്സിലായില്ല. അതിന്റെ കമ്പിവേലിക്കെട്ടിനടുത്ത് ചെന്ന് താഴേക്ക് നോക്കിയാല്‍ ഒരു തുമ്പിയെപ്പോലെ താഴേക്ക് തുള്ളാന്‍ ആര്‍ക്കും ചിലപ്പോള്‍ തോന്നിപ്പോകുമായിരിക്കും.

അവിടെ കുറച്ചുനേരം വിശ്രമിച്ചിട്ടേ മടക്കയാത്രയുള്ളൂ എന്ന് തീരുമാനിച്ചു. അരമണിക്കൂറായപ്പോഴേക്കും ഫാമിലി ബാച്ചും മുകളിലെത്തി. എല്ലാ‍വരും ക്ഷീണിച്ചിരിക്കുന്നു. അവര്‍ അവിടം വരെ കയറുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എല്ലാവരും പാറയുടെ മുകളില്‍ വിശ്രമമായി. കാടിനുള്ളിലേക്ക് വലിഞ്ഞ് നീരൊഴുക്കില്‍ കാലുമിട്ട് ഞാനും കുറേ നേരം അവിടിരുന്നു.

ഇക്കോ ടൂറിസം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും പേപ്പര്‍ പ്ലേറ്റുകളും പ്ലാസ്റ്റിക്ക് കുപ്പികളുമൊക്കെ കിടക്കുന്നുണ്ട്.നമ്മളിനി എന്നാണാവോ ഇക്കാര്യത്തില്‍ സാക്ഷരത നേടുക ?

കോഴിക്കോട് വനം ഡിവിഷന്റെ താമരശ്ശേരി റേഞ്ചില്‍ കോടഞ്ചേരി ഭാഗത്തുള്ള ജീരകപ്പാറ എന്ന വനമേഖലയാണ് ഇപ്പോള്‍ തുഷാരഗിരി എന്നപേരില്‍ ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. വനം വകുപ്പിന്റെ പഴയ ആധികാരികരേഖകളായ ടോപ്പോഷീറ്റുകള്‍, ഗസറ്റ് വിജ്ഞാപനങ്ങള്‍, വര്‍ക്കിങ്ങ് പ്ലാനുകള്‍, തുടങ്ങിയവയിലൊന്നും തുഷാരഗിരി എന്ന പേര് കാണില്ലത്രേ ! കാരണം ഈ പേര് കഴിഞ്ഞ ഒന്നുരണ്ട് ശദാബ്ദത്തിനത്ത് ഭാവനാശാലികളായ ഏതോ തദ്ദേശവാസികള്‍ ഈ സ്ഥലത്തിന്റെ മനോഹാരിതയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ ചാര്‍ത്തിക്കൊടുത്തതാണ്. കോടമൂടിനില്‍ക്കുന്ന ഇടമായതുകൊണ്ടും കോടയ്ക്ക് തുഷാരമെന്ന പദവുമായുള്ള ബന്ധവുമൊക്കെ വെച്ച് കോടഞ്ചേരി പഞ്ചായത്തിന്റെ നെറുകയില്‍ നിലകൊള്ളുന്ന ഈ സുന്ദരമായ പ്രദേശത്തിന് തുഷാരഗിരി എന്ന പേര് എല്ലാംകൊണ്ടും യോജിക്കുന്നതുതന്നെ.

തുഷാരഗിരിയില്‍ നിന്നുള്ള വെള്ളം ചാലിപ്പുഴ , ചെമ്പുകടവുവഴി ചാലിയാറിലെത്തുന്നു.ഈ മലവാരത്തിന് വയനാടുജില്ലയിലെ ബാണാസുരസാഗര്‍, വെള്ളരിമല, മലപ്പുറം ജില്ലയിലെ പന്തീരായിരം തുടങ്ങിയ പശ്ചിമഘട്ട വനശൃം‌ഗലകളുമായി ബന്ധമുണ്ട്. ഈപ്പറഞ്ഞ ഹരിതവനങ്ങളാണ് തുഷാരഗിരിയെപ്പോലുള്ള ജലപ്രവാഹങ്ങളുടെ ഗര്‍ഭഗൃഹങ്ങള്‍.

നമ്മളൊന്നും ഇതുവരെ കാണാത്ത നൂറുനൂറു കൊച്ചു ജലശ്രോതസ്സുകളുടേയും നീര്‍ച്ചാലുകളുടേയും, കാട്ടാറുകളുടേയും പ്രഭാവകേന്ദ്രമായ പശ്ചിമഘട്ടത്തിലെ അതിമനോഹരമായ ഒരിടം മാത്രമാണ് തുഷാരഗിരി. കുറിഞ്ഞിപ്പൂക്കളുടെ കാലമായാല്‍ മൂന്നാറിന്റെ അത്രയ്ക്ക് വരില്ല്ലെങ്കിലും തുഷാരഗിരിയിലെ കാട്ടുചോലകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കുമിടയിലുള്ള കുറ്റിക്കാടുകളില്‍ വാരിവിതറിയപോലെ കുറിഞ്ഞികള്‍ പൂത്തുനില്‍ക്കുമത്രേ !

താഴേക്കിറങ്ങാന്‍ സമയമായി. ഇറക്കമാണ് കയറ്റത്തിനേക്കാള്‍ അപകടം പിടിച്ചതെന്ന് തോന്നി. പലപ്പോഴും കാലുകള്‍ തെന്നുകയും നിയന്ത്രണം വിടുകയും ചെയ്തു. പ്രതീക്ഷിക്കാത്ത ഒരിറക്കത്തില്‍ പെട്ടെന്ന് ഞാനൊന്ന് തെന്നി വീണു. കയ്യിലിരുന്ന ക്യാമറയും ട്രൈപ്പോഡും നിലത്തടിച്ചു. എല്ലാം തീര്‍ന്നെന്നാണ് കരുതിയതെങ്കിലും ക്യാമറയ്ക്ക് പുറമെയുള്ള പരിക്കുകള്‍ മാത്രമേ കണ്ടുള്ളൂ. എന്റെ പരിക്കുകള്‍ സാരമുള്ളതായിരുന്നില്ലെങ്കിലും ശരീരത്തില്‍ എവിടെയൊക്കെയോ വേദനയും, കൊളുത്തിപ്പിടുത്തവുമൊക്കെ തോന്നാതിരുന്നില്ല.

അവിടന്നങ്ങോട്ട് ശ്രദ്ധിച്ചാണിറങ്ങിയത്.ഈരറ്റുമുക്ക് വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്ന വഴിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാലിപ്പുഴയുടെ തീരത്തേക്ക് നടന്നാല്‍ മറ്റൊരു കാഴ്ച്ചകൂടെ ബാക്കിയുണ്ട്.

120 വര്‍ഷത്തോളം പഴക്കമുള്ള ഒരു താന്നിമരമാണത്. താന്നിമുത്തശ്ശി എന്നപേരില്‍ അറിയപ്പെടുന്ന ഈ കൂറ്റന്‍ മരത്തിന്റെ ഉള്ള് പൊള്ളയാണ്. അടിഭാഗത്ത് 3 പേര്‍‌ക്കെങ്കിലും ഒരേ സമയം കയറി ഇരിക്കാനാവും. അതിലിരുന്ന് മുകളിലേക്ക് നോക്കിയാല്‍ പൊള്ളയായ ഉള്‍ഭാഗത്തൂടെ മുകളിലുള്ള ദ്വാരവും അതിലൂടെ അരിച്ചിറങ്ങുന്ന സൂര്യനേയും കാണാന്‍ പ്രത്യേക രസമാണ്. ഉള്ളിലൂടെ വള്ളികള്‍ ഞാന്നുകിടക്കുന്നുണ്ട്. കുറച്ച് സാഹസികത വേണമെന്നുള്ളവര്‍ക്ക് ഞാന്നുകിടക്കുന്ന ആ വള്ളികളില്‍ തൂങ്ങി കുറച്ചുദൂരം മുകളിലേക്ക് കയറിപ്പോകാനും പറ്റുമെന്നാണ് ഫോറസ്റ്റ് ഗാര്‍ഡ് പറയുന്നത്.

എന്റെ ആരോഗ്യസ്ഥിതി മോശമായിപ്പോയതുകൊണ്ട് തല്‍ക്കാലം ഞാനാ കലാപരിപാടിയെപ്പറ്റി ചിന്തിച്ചില്ല. കോളേജ് കുട്ടികള്‍ അപ്പോളേക്കും സ്ഥലത്തെത്തി മരപ്പൊത്തില്‍ കയറി പടമെടുക്കലും, തൂങ്ങിക്കയറലുമൊക്കെയായി പരിസരം കോലാഹലമയമായി.

ഞാന്‍ പതുക്കെ പുഴക്കരയിലേക്ക് നടന്നു. പുഴയുടെ അക്കരയില്‍ വട്ടച്ചിറ ആദിവാസി കോളനിയാണ്. കുറച്ചുനേരം പുഴക്കരയിലിരുന്നശേഷം മടങ്ങാനായിരുന്നു പരിപാടി. അപ്പോഴേക്കും കുശലം പറഞ്ഞുകൊണ്ട് ഫോറസ്റ്റ് ഗാര്‍ഡ് ജോര്‍ജ്ജ് അങ്ങെത്തി. ഞാനേതോ പത്രക്കാരനാണെന്നാണ് കക്ഷി ധരിച്ചുവെച്ചിരിക്കുന്നത്. നാളത്തെ പത്രത്തില്‍ തുഷാരഗിരിയുടെ പടം വരുമോന്നാണ് കക്ഷീടെ ചോദ്യം. ജോര്‍ജ്ജുമായി സംസാരിച്ച് കുറച്ചുനേരംകൂടെ ചിലവാക്കി.

തുഷാരഗിരിയില്‍ ഇപ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ നല്ല ജനത്തിരക്കുണ്ട്. അവധി ദിവസങ്ങളിലും പെരുന്നാള്‍ ദിവസങ്ങളിലുമൊക്കെ നല്ല തിരക്കായിരിക്കുമത്രേ! പക്ഷെ അധികം തിരക്കൊന്നുമില്ലാത്ത ഒരു സ്ഥലം ബാക്കി കിടക്കുന്നുണ്ട്. അതൊരു നല്ലട്രക്കിങ്ങിനുപറ്റിയ ഇടമാണ്. തുമ്പിതുള്ളും പാറയില്‍ നിന്ന് വീണ്ടും മുകളിലേക്ക് കയറി കാട്ടിലൂടെ ആറുകിലോമീറ്ററോളം നടന്നാല്‍ തേന്‍‌പാറയിലെത്താം. 4 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഒരു ഒറ്റപ്പാറയാണത്. അവിടന്നുള്ള കാഴ്ച്ച അതിമനോഹമാണുപോലും! എഴുന്നേറ്റ് നിന്ന് നോക്കിയാല്‍ തലകറങ്ങുന്നതുപോലെ തോന്നുന്നതുകൊണ്ട് പാറയില്‍ കമഴ്ന്ന് കിടന്നാണത്രേ സഞ്ചാരികള്‍ തേന്‍‌പാറയില്‍ നിന്നുള്ള താഴ്വരക്കാഴ്‌ച്ച ആസ്വദിക്കുന്നതെന്നൊക്കെയുള്ള ജോര്‍ജ്ജിന്റെ വിവരണം കൊതിപ്പിക്കുന്നതായിരുന്നു. ട്രക്കിങ്ങും, ക്യാമ്പിങ്ങുമൊക്കെ നടത്താന്‍ തയ്യാറാണെങ്കില്‍, ഫോറസ്റ്റ് ഓഫീസില്‍ മുന്‍‌കൂട്ടി വിവരമറിയിച്ചാല്‍ ഒരു ഫോറസ്റ്റ് ഗാര്‍ഡ് തേന്‍‌പാറയിലേക്ക് വഴികാട്ടിയായി കൂടെ വരും.തേന്‍‌പാറയുടെ അടുത്തായി അവിഞ്ഞിത്തോട് എന്ന പേരില്‍ മറ്റൊരു വെള്ളച്ചാട്ടം കൂടെയുണ്ട്.

താന്നിമുത്തശ്ശിയുടെ ഉള്‍ഭാഗത്തെ വള്ളികള്‍ത്തൂങ്ങി പൊള്ളയായ ഉള്‍ഭാഗത്തേക്ക് കയറാനും, തേന്‍‌പാറയിലേക്ക് ട്രക്കിങ്ങ് നടത്താനും, അവിഞ്ഞിത്തോട് വെള്ളച്ചാട്ടം കാണാനുമൊക്കെയായി ഇനിയൊരിക്കല്‍ക്കൂടെ തുഷാരഗിരിയിലേക്ക് വന്നേപറ്റൂ എന്നുറപ്പിച്ചുകൊണ്ടായിരുന്നു എന്റെ മടക്കയാത്ര.

Friday 26 December 2008

യാത്രയായവര്‍ക്ക് വേണ്ടി

26 ഡിസംബര്‍ 2004. രാവിലെ തന്നെ, കുടുംബസമേതം ബാംഗ്ലൂര് നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.

അക്കാലത്ത്, മുഴങ്ങോടിക്കാരി നല്ലപാതിക്ക് ജോലി ബാംഗ്ലൂരായിരുന്നതുകൊണ്ട് കേരളത്തിലേക്കുള്ള യാത്രകള്‍ എന്നും തുടങ്ങുന്നത് ബാംഗ്ലൂര് നിന്നാണ്. എണ്ണപ്പാടത്തെ ജോലിക്കിടയില്‍ കിട്ടുന്ന അവധി ദിവസങ്ങളായതുകൊണ്ട്, എന്നാണ് കൃത്യമായി ബാംഗ്ലൂരെത്തുക എന്ന് ഒരിക്കലും കൃത്യമായി പറയാനാകില്ല. അതുകൊണ്ടുതന്നെ തീവണ്ടിട്ടിക്കറ്റുകള്‍ നേരത്തേ തന്നെ എടുക്കാനും പറ്റാറില്ല. പിന്നെയുള്ള ആശ്രയം ഒരു റ്റാറ്റാ ഇന്‍ഡിക്കാ കാറാണ്. ദീര്‍ഘദൂര ഡ്രൈവിങ്ങ് എന്നും ആസ്വദിച്ചിരുന്നതുകൊണ്ട് ബാംഗ്ലൂര് നിന്ന് എറണാകുളം വരെയുള്ള ഇത്തരം യാത്രകള്‍ പതിവാണ്.

സേലം, കോയമ്പത്തൂര്‍ വഴി പാലക്കാടെത്തി ഉച്ചയൂണ് കഴിഞ്ഞ് യാത്ര തുടരുമ്പോഴേക്കും മൊബൈല്‍ ഫോണ്‍ ചിലച്ചു. വിളി വീട്ടില്‍ നിന്നാണ്.

“എവിടെയെത്തി? ”
“ഞങ്ങള്‍ പാലക്കാട് കഴിഞ്ഞു.”
“തൃശൂര് കഴിഞ്ഞാല്‍ നിങ്ങള്‍ തീരദേശ റൂട്ടിലൂടെയൊന്നും വരണ്ട കേട്ടോ? ”
“അതെന്താ ? തീരദേശ റൂട്ടിലെ റോഡൊക്കെ മോശമാണോ? ”
“അതൊന്നുമല്ല, വേറേ ചില പ്രശ്നങ്ങളുണ്ട്.”
“എന്ത് പ്രശ്നം? വല്ല മിന്നല്‍പ്പണിമുടക്കോ ഹര്‍ത്താലോ, ബന്തോ മറ്റോ ഉണ്ടോ? ”
“ഏയ് അതൊന്നുമല്ല.”
“പിന്നെന്താ? ”
“അതേയ്, വേളാങ്കണ്ണീലൊക്കെ പള്ളീല്‍ കടല് കയറി കുറേപ്പേര് മരിച്ചെന്ന് കേള്‍ക്കുന്നു.”
“വേളാങ്കണ്ണി പള്ളീല് കടല് കയറിയതും, ഞങ്ങള്‍ തീരദേശ റൂട്ട് വഴി വരുന്നതും തമ്മിലെന്ത് ബന്ധം ? വേളാങ്കണ്ണി തമിഴ്‌നാട്ടിലല്ലേ ?”
“അതൊക്കെയുണ്ട്. നിങ്ങള് തല്‍ക്കാലം പറഞ്ഞതുപോലെ കേട്ടാമ്മതി.”

പറഞ്ഞതുപോലെ കേട്ടു, പക്ഷെ അനുസരിച്ചില്ല. തൃശൂര് നിന്ന് ഗുരുവായൂര്‍, ചേറ്റുവ, കോട്ടപ്പുറം, മൂത്തകുന്നം, പറവൂര്‍ വഴിയുള്ള തീരദേശറൂട്ടുപിടിച്ചുതന്നെ എറണാകുളത്തെത്തി. തീരദേശം വഴി വരേണ്ട എന്ന് പറഞ്ഞതിന്റെ രഹസ്യം അതിനുശേഷമാണ് ചുരുളഴിഞ്ഞത്.

മുന്‍പരിചയമില്ലാത്ത സുനാമിയെന്ന ഒരു പ്രകൃതിദുരന്തം സംഹാരതാണ്ഡവമാടിയിരിക്കുന്നു.

മരിച്ചവരുടെ കൃത്യമായിട്ടുള്ള സ്ഥിതിവിവരക്കണക്കുകള്‍ സംഹരിച്ച ശക്തിയുടെ കയ്യില്‍ മാത്രമേ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂ. പലപല മാധ്യമങ്ങളിലൂടെ പുറത്തുവന്ന കണക്കുകളും ഔദ്യോഗിക കണക്കുകളും‍ പലതരത്തിലുള്ളതായിരുന്നു. ഏകദേശകണക്കുകള്‍ തന്നെ ഞെട്ടിക്കാന്‍ പോന്നതായിരുന്നു..

ഇന്തോനേഷ്യയില്‍ 125,596-127,420 മരണം. കാണാ‍തായവര്‍ 94,550-116,368.
ശ്രീലങ്കയില്‍ 31,003-38,195 മരണം. കാണാ‍തായവര്‍ 4,698-4,924.
ഇന്ത്യയില്‍ 10,779 മരണം. കാണാ‍തായവര്‍ 5,614.
തായ്‌ലാന്റില്‍ 5,395 മരണം. കാണാ‍തായവര്‍ 2,991.
സോമാലിയയില്‍ 298 മരണം.
മ്യാണ്‍‌മാറില്‍ 90 മരണം.
മാല്‍‌ദീവ്‌സില്‍ 82 മരണം.
മലേഷ്യയില്‍ 68 മരണം.
ടാന്‍സാനിയയില്‍ 10 മരണം.
ബംഗ്ലാദേശില്‍ 2 മരണം.
കെനിയയില്‍ 1 മരണം.

നമ്മുടെ കൊച്ചുകേരളത്തിലും നൂറുകണക്കിനാളുകള്‍ സുനാമി ദുരന്തത്തിനിരയായി. രാജ്യമേതായാലും ഭാഷയേതായാലും പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോള്‍ നമ്മെ വിട്ടുയാത്രയായത് ലക്ഷക്കണക്കിന് സഹജീവികള്‍.സുനാമി എന്ന പ്രകൃതിക്ഷോഭം വിതച്ച കൊടും നാശത്തിന്റെ കഥകളും, പത്രവാര്‍ത്തകളും, ഭീകരാവസ്ഥയുമൊക്കെ ഒരു വാര്‍ത്തയല്ലാതായി മാറിയ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു, ഉറ്റവരെ നഷ്ടപ്പെട്ടു. അനാഥരാക്കപ്പെട്ട കുട്ടികള്‍, വലിയ വലിയ കുഴികള്‍ കുത്തി യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യന്മാരെ കൂട്ടത്തോടെ വാരിയെടുത്ത് ശവസംസ്ക്കാരം നടത്തുന്നതിന്റെ ചിത്രങ്ങള്‍. ഏതൊരു കഠിനഹൃദയനേയും പിടിച്ചുകുലുക്കുന്ന രംഗങ്ങള്‍.

അതൊക്കെ കഴിഞ്ഞിട്ട് ഇന്നേക്ക് കൊല്ലം നാലായി. ആ സംഭവമൊക്കെ നമ്മള്‍ മറന്നുകഴിഞ്ഞു. ദുരന്തത്തിനിരയായവര്‍ക്കും നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും വേണ്ടി സംഭരിച്ച പണമൊക്കെ വഴിമാറ്റി ചിലവഴിച്ച് നാം തിന്ന് തീര്‍ത്തുകഴിഞ്ഞു. അതിവേഗ ജീവിതത്തിന്റെ കുത്തൊഴുക്കില്‍ ഗതി നഷ്ടപ്പെട്ട് എങ്ങോട്ടൊക്കെയോ നമ്മള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ജീവന്‍ വെടിഞ്ഞവരെ ഒരിക്കല്‍ക്കൂടെ സ്മരിക്കാനും, ആദരാജ്ഞലികള്‍ അര്‍പ്പിക്കാനും, തന്നില്‍ നിന്ന് അകന്നുപോകുന്നവര്‍ക്ക് ഒരു ചെറിയ മുന്നറിയിപ്പ് തന്നതാണ് പ്രകൃതി എന്ന് തിരിച്ചറിയാനുമൊക്കെ ഈ ദിനം നമുക്ക് നീക്കിവെക്കാം, ഇനിയൊരു സുനാമി ഉണ്ടാകില്ലെന്ന് പ്രതീക്ഷയോടെ.......
----------------------------------------------------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട് http://www.pbase.com/minoltaman/phuket_tsunami

Monday 15 December 2008

ചെമ്പ്ര പീക്ക്

ട്രക്കിങ്ങ്…….
മനസ്സിലെന്നും കൊണ്ടുനടന്നിരുന്ന വലിയൊരു ആഗ്രഹമായിരുന്നു അത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ചില ട്രക്കിങ്ങ് അനുഭവങ്ങളൊക്കെ വായിച്ചതിനുശേഷം ആ ആഗ്രഹത്തിന്റെ തീഷ്ണത വല്ലാതെ കൂടിവരുകയുമുണ്ടായി.

കേരളത്തില്‍ ട്രക്കിങ്ങ് നടത്താന്‍ പറ്റിയ സ്ഥലങ്ങളുടെ കണക്കെടുത്തപ്പോള്‍ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ ചെമ്പ്ര പീക്കിനാണ് നറുക്ക് വീണത്. യാത്രയ്ക്കുള്ള പദ്ധതിയിട്ടപ്പോള്‍ സഹപ്രവര്‍ത്തകനായ കണ്ണൂര്‍കാരന്‍ തമിട്ടന്‍ തന്‍സീര്‍ കൂടെ വരാമെന്നേറ്റു. ട്രക്കിങ്ങാകുമ്പോള്‍ ഒരാളെങ്കിലും കൂടെയില്ലെങ്കില്‍ എന്തുരസം ?

പോകേണ്ട വഴികള്‍, മുട്ടേണ്ട വാതിലുകള്‍ എന്നിവയൊക്കെ മാനന്തവാടിക്കാരനായ സുഹൃത്ത് ഹരിയില്‍ നിന്നും മനസ്സിലാക്കി. ഒരു ട്രക്കിങ്ങിനാവശ്യമായ സന്നാഹങ്ങളൊക്കെ ഭാണ്ഡത്തിലാക്കി മാനന്തവാടിയിലെ എരുമത്തെരുവില്‍ നിന്ന് ഞങ്ങളാ യാത്ര പുറപ്പെട്ടത് കാറിലാണ്.

മാനന്തവാടിയില്‍ നിന്നും വയനാടിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സായ കല്‍പ്പറ്റ, അവിടന്ന് മേപ്പാടിയിലേക്ക് 12 കിലോമീറ്റര്‍. മേപ്പാടിയിലെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും അനുവാദം വാങ്ങണമെന്നാണ് നിര്‍ദ്ദേശം കിട്ടിയിരുന്നത്. ഫോറസ്റ്റ് ഓഫീസ് കണ്ടുപിടിച്ച് അനുവാദം വാങ്ങാന്‍ ചെന്നപ്പോള്‍ നേരേ ചെമ്പ്ര എസ്റ്റേറ്റിലേക്ക് പൊയ്ക്കോളാന്‍ ഉത്തരവ് കിട്ടി. ഫോറസ്റ്റ് ഓഫീസില്‍ നിന്നും മേപ്പാടിയിലെ പാരീസ് ഹോട്ടലില്‍ച്ചെന്ന് രണ്ടാള്‍ക്ക് ഉച്ചയ്ക്ക് കഴിക്കാനാവശ്യമായ ഭക്ഷണവും കുടിക്കാനുള്ള വെള്ളവുമൊക്കെ വാങ്ങിയശേഷം അബ്ദുള്‍ വഹാബ് എം.പി.യുടെ ഉടമസ്ഥതയിലുള്ള പി.വി.എസ്സ് ഗ്രൂപ്പിന്റെ ഫാത്തിമാ ഫാം എന്ന ചെമ്പ്ര എസ്റ്റേറ്റിലെത്തിയപ്പോള്‍ സമയം പത്തുമണി.


ഫാമിന്റെ ഗേറ്റില്‍ വാച്ച്മാന്‍ ഉണ്ടായിരുന്നു. ചെമ്പ്ര പീക്കിലേക്കുള്ളവരാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ കാറിന്റെ മുന്നില്‍ ഫാമിന്റെ ഗേറ്റ് മലര്‍ക്കെ തുറന്നു. അവിടന്നങ്ങോട്ട് തേയിലത്തോട്ടത്തിനിടയിലൂടെ വീതികുറഞ്ഞ റോഡ് വളഞ്ഞുപുളഞ്ഞ് മുന്നോട്ട് നീങ്ങി. ഒരുകിലോമീറ്ററോളം മുന്നോട്ട് പോയപ്പോള്‍ വനസംരക്ഷരണസമിതിയുടെ ഓഫീസിനു മുന്നില്‍ വാഹനം തടയപ്പെട്ടു. ചെമ്പ്ര പീക്കിലേക്കാണെങ്കില്‍ അവിടന്ന് ടിക്കറ്റെടുക്കണം. യാത്രക്കാര്‍ക്കും ക്യാമറയ്ക്കുമൊക്കെയുള്ള ടിക്കറ്റൊക്കെയെടുത്ത് രജിസ്റ്ററില്‍ പേരും അഡ്രസ്സും ഫോണ്‍ നമ്പറുമൊക്കെ എഴുതിച്ചേര്‍ത്ത് തേയിലക്കാടുകള്‍ക്കിടയിലൂടെ നാലഞ്ച് ഹെയര്‍ പിന്നുകള്‍ കയറി 5 കിലോമീറ്റര്‍ വീണ്ടും മുന്നോട്ടു നീങ്ങിയപ്പോള്‍ എസ്റ്റേറ്റ് എം.ഡി.യുടെ ബംഗ്ലാവിനു മുന്നിലെത്തി. ഒരു മിനി ബസ്സില്‍ എത്തിയ അന്യസംസ്ഥാനക്കാരായ കുറേ യുവതീയുവാക്കള്‍ അവിടെ ട്രക്കിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതുകണ്ടു. അവരുടെ കയ്യില്‍ ടെന്റും സ്ലീപ്പിങ്ങ് ബാഗുമൊക്കെയുണ്ട്.


കാര്‍, കര്‍ണ്ണാടക രജിസ്ട്രേഷനുള്ള അവരുടെ മിനി ബസ്സിനരുകില്‍ ഒതുക്കിയിട്ട് 300 മീറ്ററോളം മുന്നോട്ട് നടന്നപ്പോള്‍ വനം വകുപ്പിന്റെ വാച്ച് ടവറിലെത്തി. അതിന്റെ മുകളില്‍ നിന്ന് ഇടതൂര്‍ന്ന് കിടക്കുന്ന തോട്ടത്തിന്റേയും കാടിന്റേയും പച്ചപ്പ് നോക്കി കുറച്ചുനേരം നിന്നു. കുറച്ച് താഴെയായി തേയിലത്തോട്ടത്തിനിടയില്‍ തൊഴിലാളികളുടെ ക്വാര്ട്ടേഴ്സും കാണാം.

വാച്ച് ടവറില്‍ വനം വകുപ്പില്‍ ഗൈഡായും വാച്ച്മാനായും ജോലി ചെയ്യുന്ന രണ്ടുപേരെ കണ്ടു. അതില്‍ മദ്ധ്യവയസ്ക്കനായ രാമേട്ടന്‍ വഴികാട്ടിയായി ഞങ്ങള്‍ക്കൊപ്പം കൂടി. വാച്ച് ടവറിന്റെ ഓരം ചേര്‍ന്നുള്ള കാട്ടുപാതയിലൂടെ കൃശഗാത്രനും, നഗ്നപാദനുമായ രാമേട്ടന്റെ പുറകെ, തോളില്‍ ക്യാമറയും അതിന്റെ മുക്കാലിയും (ട്രൈപ്പോഡ്) തൂക്കി ഞാനും, ഭക്ഷണവും വെള്ളവുമൊക്കെ നിറച്ച സഞ്ചി പുറത്ത് തൂക്കി തന്‍സീറും പതുക്കെ മുന്നോട്ട് നടന്നു കയറി.

അധികം വലിപ്പവും ഉയരവുമൊന്നുമില്ലാത്ത കാട്ടുമരങ്ങള്‍ക്കിടയിലൂടെ ആദ്യത്തെ 200 മീറ്റര്‍ മുന്നോട്ട് നീങ്ങുന്നതുവരെ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പിന്നീടങ്ങോട്ട് എന്റെ ശ്വാസഗതി ഉയര്‍ന്നുയര്‍ന്നുവന്നു. തന്‍സീറിന്റെ കിതപ്പ് കേള്‍ക്കുന്നുണ്ടോന്ന് അറിയാന്‍ ഞാനൊന്ന് ശ്വാസം പിടിച്ച് നോക്കി. മോശമല്ലാത്ത രീതിയില്‍ തന്‍സീറും കിതയ്ക്കുന്നുണ്ട്. മൂന്ന് പ്രാവശ്യം വഴിയില്‍ ഇരുന്നതായി എണ്ണം വെച്ചെങ്കിലും പിന്നീട് എണ്ണമറ്റ പ്രാവശ്യം വിശ്രമിക്കാന്‍ ഇരുന്നതുകൊണ്ട് ഞാനാ കണക്കെടുപ്പ് പരിപാടി അവസാനിപ്പിച്ചു. ഇതൊക്കെയാണെങ്കിലും രാമേട്ടന്റെ സാധാരണ ഗതിയിലുള്ള ശ്വാസക്കാറ്റിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ കാതോര്‍ത്തു പിടിച്ചിട്ടും എനിക്കായില്ല. കാടിനോടും മേടിനോടും മല്ലിട്ട് ജീവിക്കുന്ന അദ്ധ്വാനിയായ പഴയതലമുറക്കാരനും മെയ്യനങ്ങാത്ത പുതുതലമുറക്കാരും തമ്മിലുള്ള അന്തരം ആ ട്രക്കിങ്ങിലുടനീളം അടിവരയിട്ടുനിന്നു.


മുന്നോട്ടുള്ള കയറ്റം കുറേക്കൂടെ കുത്തനെയുള്ളതായി മാറാന്‍ തുടങ്ങി. കുറേ താഴെയായി വാച്ച് ടവര്‍ ചെറുതായി കണ്ടപ്പോഴാണ് കയറിപ്പോയ ഉയരത്തെപ്പറ്റി ഒരു ധാരണയുണ്ടായത്. കുറേക്കൂടെ കഴിഞ്ഞപ്പോള്‍ കാട്ടുമരങ്ങള്‍ ഇല്ലാത്ത കുന്നിന്‍ ചെരിവിലൂടെയായി കയറ്റം. മരങ്ങള്‍ക്ക് പകരം ചോടപ്പുല്ലും കുറ്റിച്ചെടികളും തിങ്ങിനിറഞ്ഞ കുന്നിലൂടെ മനുഷ്യന്മാര്‍ക്ക് കയറിപ്പോകാന്‍ പാകത്തില്‍ വകഞ്ഞുണ്ടാക്കിയ ഇടുങ്ങിയ ഹെയര്‍ പിന്നുകളിലൂടെയായി പലപ്പോഴും കയറ്റം.

വഴികള്‍ക്കിരുവശവും ചോടപ്പുല്ലുകള്‍. പലയിടത്തും ഉരുളന്‍ കല്ലുകള്‍ അല്ലെങ്കില്‍ പശിമയുള്ള തെന്നുന്ന മണ്ണ്. സൂക്ഷിച്ചില്ലെങ്കില്‍ വഴുതിവീഴാന്‍ ഒരു ബുദ്ധിമുട്ടുമില്ല. രണ്ടുദിവസം മുന്നേ മലയില്‍ മഴ പെയ്തുകാണണം. അതുകൊണ്ടായിരിക്കാം ഈ നനവ് എന്ന് തോന്നി. നല്ല മഴയുള്ള അവസരത്തില്‍ മല കയറാന്‍ വരുന്നവരെ തിരിച്ചയക്കാറാണ് പതിവെങ്കിലും വിദേശികളുടെ കാര്യത്തില്‍ ഈ കടുംപിടുത്തം കാണിക്കാറില്ലെന്ന് രാമേട്ടനില്‍ നിന്ന് മനസ്സിലാക്കാനായി.

അരമണിക്കൂര്‍ ആയപ്പോഴേക്ക് കുറച്ച് നിരപ്പായ പ്രതലത്തില്‍ ചെന്നുകയറി. അവിടെ ഒരു ചെറിയ മരവും അതിനുതാഴെയായി വളരെക്കുറച്ചുമാത്രം വെള്ളമുള്ള ഒരു ചെറിയ തടാകവുമുണ്ട്. അപ്പോഴേക്കും താഴെയുള്ള വാച്ച് ടവര്‍ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞു. അതിനുപകരം ഇപ്പോള്‍ താഴ്വരയില്‍ കല്പ്പറ്റ പട്ടണവും അവിടുള്ള കെട്ടിടങ്ങളുമെല്ലാം തീപ്പട്ടിക്കൂടിന്റെ വലുപ്പത്തില്‍ കാണാം.


മുക്കിയും മൂളിയും ഞരങ്ങിയും മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്ന ഞങ്ങള്‍ക്കു വേണ്ടി പലപ്പോഴും രാമേട്ടന്‍ കാത്തുനില്ക്കേണ്ടിവന്നു. ജനിച്ചിട്ടിതുവരെ നാല് മൂട് വിറക് കീറാത്തവനും, ആറ് തൊട്ടി വെള്ളം വലിക്കാത്തവനുമൊക്കെ ട്രക്കിങ്ങിനുപോയാല്‍ ഇങ്ങനിരിക്കുമെന്ന് അദ്ദേഹം മനസ്സില്‍ പറഞ്ഞുകാണുമെന്ന് എനിക്കുറപ്പാണ്.

ഇതിനിടയില്‍ കയ്യിലുള്ള വെള്ളം ഞങ്ങള്‍ കുടിച്ച് തീര്‍ത്തിരുന്നു. മലയുടെ ചരുവിലുള്ള ഒരു നീരൊഴുക്കില്‍ നിന്ന് നല്ല ഒന്നാന്തരം തണുത്തവെള്ളം രാമേട്ടന്‍ കുപ്പിയില്‍ നിറച്ചു തന്നു. മിനറല്‍ വാട്ടര്‍ തോറ്റുപോകുന്ന ആ വെള്ളം കുടിച്ച് ദാഹം തീര്‍ത്ത് മുകളിലേക്ക് കയറുന്തോറും താഴേക്കുള്ള കാഴ്ച്ച അതീവ മനോഹരമായിക്കൊണ്ടിരുന്നു.

അടുത്ത അരമണിക്കൂറിനുള്ളില്‍ താരതമ്യേന പരന്ന മറ്റൊരു തട്ടിലേക്ക് ചെന്നുകയറി. അവിടെക്കണ്ട കാഴ്ച്ച അതുവരെ സഹിച്ച ത്യാഗങ്ങളൊക്കെ മറന്നുകളയാന്‍ പോന്ന തരത്തിലുള്ളതായിരുന്നു. നല്ലൊരു തടാകം ആ മലയുടെ മുകളില്‍ മേഘങ്ങള്‍ക്കു നേരെ തിരിച്ച് പിടിച്ച കണ്ണാടിപോലെ നിശ്ചലമായി കിടക്കുന്നു. വലിയ ആഴമൊന്നും ഉണ്ടെന്ന് തോന്നിയില്ലെങ്കിലും 2 ആള്‍ ആഴത്തില്‍ ചെളി നിറഞ്ഞതാണ് തടാകത്തിന്റെ അടിത്തട്ടെന്ന് രാമേട്ടനറിയിച്ചു. ചിത്രങ്ങളിലെ ഹൃദയത്തിലെ ആകൃതിയാണ് സരസ്സിന്. അതുകൊണ്ടുതന്നെ ഹൃദയസരസ്സ് എന്ന പേരിലാണ് തടാകം അറിയപ്പെടുന്നത്.


തടാകത്തിലെ തെളിവെള്ളത്തില്‍ കൈയ്യും മുഖവും കഴുകിയപ്പോള്‍ നല്ല ഉന്മേഷം തോന്നിയെങ്കിലും ഒരു മണിക്കൂറോളമായി നടത്തി ക്കൊണ്ടിരിക്കുന്ന മലകയറ്റം നല്ല വിശപ്പുകൂടെ സമ്മാനിച്ചിരുന്നു. ഭക്ഷണം കഴിച്ചിട്ടാകാം ഇനിയെന്തും എന്ന് തീരുമാനമായി. തന്‍സീര്‍ ബാഗ് തുറന്നു ഭക്ഷണം മൂന്നായി പകുത്തു. രണ്ട് പൊറോട്ടയും കറിയും കഴിച്ചപ്പോള്‍ വിശപ്പ് തെല്ലൊന്നടങ്ങി.


ഇനി ഒരു അരമണിക്കൂര്‍ കൂടെ കയറിയാല്‍ മലയുടെ ഉച്ചിയിലെത്തും. അതിനും മുകളില്‍ മറ്റൊരുമലകൂടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 6890 അടിയാണ് (2100 മീറ്റര്) ചെമ്പറ പീക്കിന്റെ ഉയരം. താഴെയുള്ള ചെരുവുകളിലൂടെ ബസ്സില്‍ വന്നിറങ്ങിയ കര്‍ണ്ണാടകക്കാരായ ചെറുപ്പക്കാര്‍ മുകളിലേക്ക് കയറിത്തുടങ്ങുന്നത് കാണാം.


തടാകം നില്ക്കുന്നിടത്തുനിന്ന് കുറച്ച് മാറി സമനിരപ്പായ പ്രതലത്തില്‍ കുറച്ച് മരക്കൂട്ടമുണ്ട്. കൊല്ലിക്കൂട് എന്നാണ് രാമേട്ടന്‍ അതിനെ വിശേഷിപ്പിച്ചത്. തടാകക്കരയില്‍ നിന്ന് ചോടപ്പുല്ലുകള്‍ വകഞ്ഞുമാറ്റി മുന്നോട്ട് നീങ്ങുമ്പോള്‍, കാട്ടിലെ തങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനിറങ്ങിയവരോടുള്ള തങ്ങളുടെ പ്രതിഷേധം ഞങ്ങളുടെ കാലിലും കയ്യിലുമെല്ലാം ഉരഞ്ഞുകൊണ്ട് ആ പുല്‍ക്കൂട്ടം അറിയിച്ചുകൊണ്ടേയിരുന്നു. ചിലപ്പോഴെല്ലാം ആ പ്രതിഷേധം കഴുത്തൊപ്പം ഉയര്‍ന്നുവന്നു.

അവിടന്നങ്ങോട്ടുള്ള കയറ്റം ശരിക്കും ദുസ്സഹമായിരുന്നതുകൊണ്ട് രണ്ടു കൈയ്യും കാലും ഉപയോഗിച്ച് കയറാനുള്ള സൌകര്യത്തിനുവേണ്ടി ക്യാമറയുടെ മുക്കാലി ഞാന്‍ രാമേട്ടനെ ഏല്‍പ്പിച്ചു. വെള്ളിമേഘങ്ങളിപ്പോള്‍ ഞങ്ങളുടെ തൊട്ടുമുകളിലുണ്ട്. അവയെത്തൊടാന്‍ ആ മലയുടെ മുകളില്‍ കയറിച്ചെന്നില്ലെങ്കിലും അവ താഴേക്കിറങ്ങിവന്ന് ഞങ്ങളെത്തൊട്ടുപോകുമെന്ന അവസ്ഥ. അവസാനത്തെ 100 മീറ്റര്‍ കയറ്റം കയറുമ്പോള്‍ എനിക്ക് താഴേക്ക് നോക്കാന്‍ പറ്റാതായി. രണ്ടുവശവും താഴ്ച്ച. അതിനിടയില്‍ ഒരു വരമ്പ് പോലെയുള്ള ഇടുങ്ങിയ പാതയിലൂടെ പൊത്തിപ്പിടിച്ചാണ് കുത്തനെ കയറിക്കൊണ്ടിരിക്കുന്നത്. കാലൊന്ന് തെന്നിയാല്‍ മൊത്തം ഒടിഞ്ഞ് നുറുങ്ങുമെന്നുള്ളതിന് ഒരു സംശയവുമില്ല. യാത്ര അവിടെ അവസാനിപ്പിക്കാമെന്ന് ആദ്യം ഞാന്‍ പറഞ്ഞെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് മുകളറ്റം വരെ കയറി. പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്ന നല്ല ശുദ്ധവായു കിട്ടുന്ന അത്തരം ഒരിടത്തേക്ക് ചെന്നിട്ട് പേടിച്ച് പിന്മാറിയാല്‍ എങ്ങിനെയാണ് ശരിയാകുക ?

താഴെ ഹൃദയസരസ്സ് ഇപ്പോള്‍ കുറേക്കൂടെ ചെറുതായിരിക്കുന്നു. കര്‍ണ്ണാടക സംഘത്തിലെ വേഗത കൂടിയ ട്രക്കേഴ്സ് ഇതിനകം തടാകമിരിക്കുന്ന നിരപ്പിലെത്താറായിരിക്കുന്നു. ദൂരെയായി മണിമലയും, ഇടയ്ക്കല്‍ മലയും, കല്പ്പറ്റയും, മേപ്പാടിയുമടക്കമുള്ള വയനാട്ടിലെ ഒരുപാട് പട്ടണങ്ങളുടെ ആകാശത്തു നിന്നുള്ള കാഴ്ച്ചയുമൊക്കെ കണ്‍കുളിര്‍ക്കെ കണ്ട് എത്ര നേരം അവിടെ ഇരുന്നാലും മതിയാകില്ലെന്ന് തോന്നി.


പെട്ടെന്ന് ഞങ്ങളിരിക്കുന്ന ഭാഗം മേഘങ്ങള്‍ വന്ന് നിറഞ്ഞു. മുകളിലെ മലയുടെ ശൃംഗവും താഴെയുള്ള തടാകവും കാണാന്‍ പറ്റാതായി. തൊട്ടടുത്തിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് പരസ്പരം കാണാന്‍ പറ്റുന്നുണ്ടെന്ന് മാത്രം. നവംബര്‍ മാസത്തിന്റെ അവസാന ദിവസങ്ങളിലെ തണുത്ത കാലാവസ്ഥയ്ക്ക് പുറമെ, മേഘങ്ങള്‍ പുതപ്പിച്ച് തന്നിട്ടുപോയ ആവരണത്തിന് കുറച്ചുകൂടെ തണുപ്പനുഭവപ്പെട്ടു.

ജീവിതത്തില്‍ അസുലഭമായി മാത്രം വീണുകിട്ടുന്ന പ്രകൃതിയുടെ തലോടലും, സൌന്ദര്യവും, ആസ്വദിച്ച് കുറെ നേരം ചെമ്പ്രയുടെ ആ മലമുകളില്‍ ഇരുന്നപ്പോള് എവറസ്റ്റ് കീഴടക്കിയ സന്തോഷവും, അഭിമാനവും തോന്നി.

പിന്നിലുള്ള അവസാനത്തെ മലയിലേക്ക് കയറണമെങ്കില്‍ ഇനിയും ഒന്നരമണിക്കൂര്‍ സമയമെടുക്കുമെന്നാണ് രാമേട്ടന്‍ പറയുന്നത്. അവിടെക്കൂടെ കയറണമെങ്കില്‍ ഇന്ന് ഒരു ദിവസം പോരാ. പറ്റുമെങ്കില്‍ ഒരു ദിവസം കൊല്ലിക്കൂടില്‍ ടെന്റടിച്ച് ക്യാമ്പ് ചെയ്ത് അടുത്തദിവസം മുകളിലേക്ക് കയറാന്‍ പാകത്തിന് കൂടുതല്‍ ഭക്ഷണവുമൊക്കെയായി വരേണ്ടിവരും. സാഹസികരായ ഒരുപറ്റം സുഹൃത്തുക്കളുമായി ചെമ്പ്രയിലേക്ക് വീണ്ടുമൊരു ട്രക്കിങ്ങും രാത്രിയില്‍ ക്യാമ്പ് ചെയ്യലുമൊക്കെ ഞാനപ്പോള്‍തന്നെ മനസ്സില്‍ കുറിച്ചിട്ടു.

“ഒരു ദിവസം ക്യാമ്പ് ചെയ്യുക എന്നൊക്കെ വെച്ചാല് പാമ്പിന്റെയും മറ്റും ശല്യം ഉണ്ടാകില്ലേ രാമേട്ടാ ? “ എന്റെ സംശയം ന്യായമായിരുന്നു.

“ഏയ് ഇവിടെ കുഴപ്പക്കാരായ പാമ്പുകളെയൊന്നും ഇതുവരെ കണ്ടിട്ടില്ല.“

“പാമ്പല്ലാതെ മറ്റുവല്ല ശല്യക്കാരേയും കണ്ടിട്ടുണ്ടോ ?”

“പുലിയെ കാണാനുള്ള സാദ്ധ്യതയുണ്ട്.“

“പുലിയോ? “ എന്റെ കിതപ്പും ശ്വാസവുമെല്ലാം ഒന്നിച്ച് നിലച്ചു.

“ഏയ് കുഴപ്പമൊന്നുമില്ല. പുലിക്കുട്ടികളുടെ കൂടെയാണെങ്കില്‍ മാത്രമേ അവറ്റകള്‍ അപകടകാരികളാകൂ. പുലിക്കുട്ടികള്‍ നമ്മുടെ പിന്നാലെ പൂച്ചക്കുട്ടികളെപ്പോലെ കൂടും. അപ്പോള്‍ തള്ളപ്പുലി കുട്ടിപ്പുലികളെ സംരക്ഷിക്കാന്‍ വേണ്ടി നമ്മളെ ആക്രമിച്ചെന്ന് വരാം. അല്ലെങ്കില്‍പ്പിന്നെ നമ്മള്‍ അതിന്റെ മുന്നില്‍പ്പോയി ചാടണം. അല്ലാതെ അവറ്റകള്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയൊന്നുമില്ല. അതിനുമില്ലേ നമ്മളെ പേടി? ”

രാമേട്ടന്റെ വിശദീകരണം, കാടിന്റേയും കാട്ടുമൃഗങ്ങളുടെയുമൊക്കെ മനഃശാസ്ത്രമറിഞ്ഞ ഒരാളുടേതായിരുന്നു.

ചെമ്പ്ര മലയില്‍ പുലികള്‍ വസിക്കുന്നില്ല. മണിമലയില്‍ നിന്നാണത്രേ പുലിയിറങ്ങുന്നത് ! കല്പറ്റയില്‍ കളക്ടര്‍ ബംഗ്ലാവിന്റെ പുറകില്‍ വരെ പുലിശല്യം ഉണ്ടായതുകാരണം അവിടെയിപ്പോള്‍ പുലിക്കെണി വെച്ചിരിക്കുകയാണെന്ന് പത്രവാര്‍ത്ത ഈയടുത്ത ദിവസങ്ങളില്‍ വന്നിരുന്നു. കഴിഞ്ഞവര്‍ഷം ചെമ്പ്ര തോട്ടത്തിലെ ക്വാര്‍ട്ടേര്‍സിലും പുലിയിറങ്ങിയിരുന്നു. ആടുകളുടെ കരച്ചില്‍ കേട്ട് ചെന്ന് നോക്കിയ ആരെയോ പുലിമാന്തുകയും ചെയ്തത്രേ!!!

സമയം ഉച്ചയ്ക്ക് രണ്ടു മണി ആയിരിക്കുന്നു. ഇപ്പോള്‍ ഇറങ്ങിയാല്‍, പുലിയുടെ കണ്ണിലൊന്നും പെട്ടില്ലെങ്കില്‍ 4 മണിയോടെയെങ്കിലും താഴെയെത്താം.


ഇറങ്ങാന്‍ തുടങ്ങുന്നതിന് മുന്‍പ് ഞാനൊന്നുകൂടെ ചെമ്പ്രയുടെ മുകളിലേക്ക് നോക്കി. ഇപ്പോള്‍ മേഘങ്ങള്‍ക്കിടയിലൂടെ മലയുടെ ഉച്ചി കാണാം. വയനാടിന്റെ കിരീടമെന്നപോലെ അതങ്ങനെ ഗര്‍‌വ്വോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്, സാഹസികരായ സഞ്ചാരികളേയും കാത്ത്.

----------------------------------------------------------------------
ഈ യാത്രാവിവരണം ആദ്യമായി വെളിച്ചം കണ്ടത്.
നാട്ടുപച്ചയിലൂടെ ആണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ഈ ബ്ലോഗിലേക്ക് പകര്‍ത്തിയിടുന്നു. നാട്ടുപച്ചയില്‍ച്ചെന്ന് വായിക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ ഈ വഴി നാട്ടുപച്ചയിലേക്ക് പോകൂ.

Tuesday 9 December 2008

പാണിയേലി പോര്

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .--------------------------------------------------------------------
പാണിയേലി പോരില്‍ ജലവൈദ്യുതപദ്ധതിക്ക് അനുമതിയായി“

കഴിഞ്ഞയാഴ്ച്ചയിലെ ആ പത്രവാര്‍ത്ത വായിച്ചത് ചെറിയൊരു നഷ്ടബോധത്തോടെയാണ്. കൂട്ടത്തില്‍ തീം പാര്‍ക്കും വരുന്നുണ്ടത്രേ ? നാഗരികതയ്ക്കും, ജനപ്പെരുപ്പത്തിനും മാറ്റ് കൂട്ടാന്‍ വേണ്ടി നദികളും, കാടുകളും, മേടുകളും വെള്ളച്ചാട്ടങ്ങളും ബലികഴിക്കപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ലെങ്കിലും ജനങ്ങള്‍ അറിഞ്ഞുതുടങ്ങുന്നതിനും ആസ്വദിച്ച് തുടങ്ങുന്നതിനും മുന്‍പേ തന്നെ ഒരു വെള്ളച്ചാട്ടമിതാ കെട്ടിയടയ്ക്കപ്പെടാന്‍ പോകുന്നു.

പെരുമ്പാ‍വൂര്‍ പട്ടണത്തില്‍ നിന്ന് 17 കിലോമീറ്റര്‍ വടക്ക് കിഴക്കുമാറിയാണ് പാണിയേലി പോര്. ഇരുവശവും മനുഷ്യവാസമൊന്നുമില്ലാത്ത കിടക്കുന്ന മലമുകളില്‍ നിന്ന് ഉത്ഭവിച്ച് മലീമസമാക്കപ്പെടാതെ ഒഴുകിവരുന്ന പെരിയാറുതന്നെയാണ് പാണിയേലി പോരിന്റേയും പ്രധാന ആകര്‍ഷണം. പാണിയേലിയില്‍ എത്തുമ്പോഴേക്കും ‘പര്‍വ്വതനിരയുടെ പനിനീര് ‘ പാറക്കൂട്ടങ്ങളില്‍ത്തട്ടി പോരടിച്ച് കലപില ശബ്ദം ഉണ്ടാക്കിവരുന്നതുകൊണ്ടാണ് പാണിയേലി പോര് എന്ന പേര് വീണതത്രേ !!

ഇക്കൊല്ലം ആഗസ്റ്റ് മാസത്തിലാണ് ആദ്യമായി പാണിയേലി പോരിലേക്ക് യാത്രയായത്. കൂടെ മുഴങ്ങോടിക്കാരി നല്ലപാതിയും, കുറുപ്പമ്പടിയിലെ സുഹൃത്തായ ജോര്‍ജ്ജേട്ടനുമുണ്ടായിരുന്നു.

പെരുമ്പാവൂര്‍‍ നിന്ന് നാല് കിലോമീറ്ററോളം പോയാല്‍ കുറുപ്പമ്പടി. അവിടന്ന് മനക്കപ്പടി,വേങ്ങൂര്‍,കൊമ്പനാട്,ക്രാരിയേലി,തെക്കേക്കവല വഴി 13 കിലോമീറ്ററോളം ചെന്നപ്പോള്‍ പാണിയേലിയിലെത്തി. പെരുമ്പാവൂരിനടുത്തുള്ള ആനവളര്‍ത്തല്‍ കേന്ദ്രമായ കോടനാട് നിന്ന് കൊമ്പനാട് വഴിയും പാണിയേലി പോരിലേക്ക് പോ‍കാന്‍ മാര്‍ഗ്ഗമുണ്ട്.

പോരിലെത്തിയപ്പോഴേക്കും റോഡ് പൊട്ടിപ്പൊളിഞ്ഞതായി മാറി. അത് കാട്ടിലേക്കുള്ള പാതയായതുകൊണ്ടായിരിക്കണം ടാറൊന്നും ചെയ്യാതെ കിടക്കുന്നത്. കാട് തുടങ്ങുന്നിടത്തുതന്നെയുള്ള വനസംരക്ഷരസമിതിയുടെ കൌണ്ടറില്‍ നിന്ന് ടിക്കറ്റെടുത്ത് കുറച്ചുകൂടെ മുന്നോട്ട് പോയപ്പോള്‍ വാഹനമിടാനുള്ള തുറസ്സായ ഒരിടം കണ്ടു. അവിടെയും ഫോറസ്റ്റിന്റെ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്.

വനത്തില്‍ പ്ലാസ്റ്റിക്ക് നിക്ഷേപിക്കരുത്, മദ്യപിക്കരുത്, പുഴയിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം എന്നൊക്കെയുള്ള ബോര്‍ഡുകള്‍ അവിടവിടെയായി കാണാം. കാറില്‍ നിന്നിറങ്ങി കാട്ടുപാതയിലൂടെ മരങ്ങളുടെ തണലുപറ്റി മുന്നോട്ട് നടന്നു.

മുന്നൂറ് മീറ്റര്‍ നടന്നപ്പോഴേക്കും പുഴയരികിലെത്തി. പിന്നീടുള്ള നടത്തം ഇടതുവശത്തെ പെരിയാറും അതിനക്കരെയുള്ള മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ വനഭംഗിയും ആസ്വദിച്ചുകൊണ്ടായിരുന്നു.



നടന്ന് ക്ഷീണിച്ചവര്‍ക്ക് ഇരിക്കാനുള്ള മുളകൊണ്ടുണ്ടാക്കിയ ബെഞ്ചും ഏറുമാടവുമൊക്കെ പുഴയരികിലുണ്ട്. അതിന്റെ പരിസരത്തായി വിശ്രമിക്കുന്ന കുറേ യുവതീയുവാക്കളുടെ സ്വസ്ഥത നഷ്ടപ്പെടുത്താതെ ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു.

അവിടന്നങ്ങോട്ട് പുഴയുടെ സൌമ്യഭാവം അവസാനിക്കുകയായിരുന്നു. കാടിന്റെ വന്യതയ്ക്ക് കിടപിടിക്കാനെന്ന വണ്ണം പുഴയുടെ ശബ്ദവും പുഴക്കരയിലുള്ള കല്ലുകളുടെ വലുപ്പവുമെല്ലാം കൂടിക്കൂടി വന്നു.

ദൂരെയായി പുഴയുടെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ട്. തല്ലിയലച്ചുവരുന്നതുകാരണം വെള്ളത്തിലിപ്പോള്‍ നുരയും പതയും കാണാറായിത്തുടങ്ങിയിരിക്കുന്നു.

കാട്ടുപാതയ്ക്കിടയില്‍ക്കണ്ട ചില നീരൊഴുക്കുകള്‍ ചാടിക്കടന്ന് ആ നടത്തം ചെന്നവസാനിച്ചത് സാമാന്യം വലിയ ഒരു പാറയിലാണ്. അവിടെ പുഴയുടെ ഒഴുക്കിന് കുറച്ചുകൂടെ ശക്തിയുണ്ടായിരുന്നു.

ആഴം എത്രയുണ്ടെന്ന് പറയുക എളുപ്പമല്ല. പക്ഷെ പാറയിലൊക്കെ നല്ല വഴുക്കലുണ്ട്.ശ്രദ്ദിച്ച് കാല് വെച്ചില്ലെങ്കില്‍ വീഴുമെന്നുറപ്പാണ്.

നല്ല മഴയുള്ള ദിവസങ്ങളായിരുന്നു അത്. മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകാന്‍ തുടങ്ങിയാല്‍ പോരിന്റെ കലപില ശബ്ദവും ഭീകരതയുമൊക്കെ വര്‍ദ്ധിക്കും. താരതമ്യേനെ ഉയരം കുറഞ്ഞതാണെങ്കിലും പോരിന്റെ മുഴുവന്‍ ഭംഗിയും ഒതുക്കിവെച്ചിരിക്കുന്ന വെള്ളച്ചാട്ടം വരെ പോകണമെങ്കില്‍ അവിടന്നങ്ങോട്ട് നദി മുറിച്ച് കടക്കണം.

ആ പാറയുടെ മുകളില്‍ പോരിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്ക് ഭംഗം നേരിട്ടു. മഴക്കാലമായതുകൊണ്ട് നദി നിറഞ്ഞൊഴുകുന്ന സമയത്ത് മറുകരയിലേക്ക് കടക്കുക അസാദ്ധ്യമാണ്. ജീവനില്‍ കൊതിയില്ല്ലാത്തവര്‍ക്ക് ഒന്ന് ശ്രമിച്ച് നോക്കാം. പോരില് ജീവന്‍ വെടിഞ്ഞിട്ടുള്ള ഒരുപാട് മനുഷ്യന്മാരുടെ കഥകള്‍ ഞങ്ങളെ ആ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.

പാറക്കൂട്ടത്തിന് മുകളിലൂടെ കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളത്തില്‍ ജീവന് പണയം വെച്ച് അക്കരയിലേക്ക് കടക്കാന്‍ അഥവാ ആരെങ്കിലും ശ്രമിച്ചാല്‍ത്തന്നെ, അവരെക്കുടുക്കാന്‍ പാറയില്‍ ചതിക്കുഴികളുണ്ട്.

മൂന്നും നാലും അടിവരെ ആഴത്തിലുള്ള ഈ കുഴികളില്‍പ്പെട്ടിട്ടാണ് പലപ്പോഴും അപകടമുണ്ടാകാറ്. ആഴം കുറവാണെങ്കിലും കുഴികളില്‍ കാല് കുടുങ്ങിയും, ഒഴുക്കില്‍പ്പെട്ട് പാറയില്‍ തലയടിച്ചുമൊക്കെ ഒരുപാട് പേരിവിടെ മരിച്ചിട്ടുണ്ട്. നദിയിലൂടെ ഒഴുകിവരുന്ന ചെറിയ കല്ലുകള്‍ ചുഴിപോലെ പാറയുടെ മുകളില്‍ കറങ്ങിത്തിരിഞ്ഞാണ് ഒരുപാട് കാലം കൊണ്ട് ഈ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

കുറേനേരം നദിയുടെ ഇക്കരയില്‍ നിന്ന് ദൂരെ വെള്ളച്ചാട്ടത്തിന്റെ ശബ്ദത്തിന് ചെവിയോര്‍ത്ത് ആ മനോഹരദൃശ്യം കാണാനാകാത്തതിന്റെ മോഹഭംഗവുമായി മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ മടങ്ങിപ്പോന്നു, പിന്നീടൊരിക്കല്‍ വരുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ. ജോര്‍ജ്ജേട്ടന്‍ പലപ്രാവശ്യം അവിടെ പോകുകയും പുഴയില്‍ കുളിക്കുകയുമൊക്കെ ചെയ്തിട്ടുള്ള ആളായതുകൊണ്ട് അദ്ദേഹത്തിന് അത്ര വിഷമം ഉണ്ടായിക്കാണില്ല.

മഴയൊക്കെ മാറിയിട്ട് വീണ്ടുമൊരിക്കല്‍ക്കൂടെ പോരിലേക്ക് പോകണമെന്ന് കരുതിയിരിക്കുമ്പോഴാണ് ജലവൈദ്യുതപദ്ധതിവരുന്ന വിശേഷം പത്രത്തില്‍ കണ്ടത്. താമസിയാതെ അങ്ങോട്ടുള്ള പ്രവേശനം നിഷേധിക്കപ്പെടും. ഇതിപ്പോള്‍ ഡിസംബര്‍ മാസമായതുകൊണ്ട് മഴയൊന്നുമില്ല. പോരിനെ തടയും, മറയുമൊന്നുമില്ലാതെ അവസാനമായൊന്ന് കാണണമെങ്കില്‍ ഇതുപോലൊരവസരം ഇനിയുണ്ടായെന്ന് വരില്ല.

ജോര്‍ജ്ജേട്ടനെ വിളിച്ച് ശട്ടം കെട്ടി പെരുമ്പാവൂര്‍ വഴി വീണ്ടും കുറുപ്പമ്പടിയിലെത്തി. ഇപ്രാവശ്യം നല്ലപാതി കൂടെയില്ല. ജോര്‍ജ്ജേട്ടനവിടെ വഴിയരുകില്‍ കാത്തുനില്‍ക്കുന്നുണ്ട്. പോകുന്ന വഴി മറ്റൊരു സുഹൃത്തായ ഗോപിച്ചേട്ടനെക്കൂടെ കൂട്ടി. തന്റെ കപ്പത്തോട്ടത്തില്‍ കപ്പപറിക്കാനുള്ള നീക്കങ്ങളൊക്കെ നടത്തി നില്‍ക്കുന്ന ഗോപിച്ചേട്ടന്റെ തോട്ടത്തിലെ രണ്ട് മൂട് കപ്പ പറിച്ച് കാറിന്റെ പിന്നില്‍ കയറ്റാന്‍ ഞാനതിനിടയില്‍ മറന്നില്ല.
ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിലെത്തിയപ്പോള്‍ രണ്ട് മുന്നറിയിപ്പുകള്‍ കിട്ടി.

മുന്നറിയിപ്പ് 1. ഭൂതത്താന്‍കെട്ട് അടച്ചിരിക്കുന്നതുകൊണ്ട് പുഴയില്‍ വെള്ളം കുറവാണ്. എന്നുവെച്ച് അപകടസാദ്ധ്യത കുറയുന്നില്ല. വെള്ളത്തിനടിയിലായിരുന്ന പാറകളിപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത് പായലുമായിട്ടാണ്. പാറകളില്‍ ഒന്നില്‍ച്ചവിട്ടി മറ്റൊന്നിലേക്ക് ചാടുമ്പോള്‍ തെന്നിവീഴാതെ നോക്കണം.

മുന്നറിയിപ്പ് 2. ഭൂതത്താന്‍കെട്ട് ഏത് സമയത്തും തുറന്നുവിട്ടെന്ന് വരാം. മുന്നറിയിപ്പൊന്നും തരാന്‍ ആരും വന്നെന്ന് വരില്ല. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നുണ്ടെന്ന് തോന്നിയാല്‍ പെട്ടെന്ന് കരയിലേക്ക് ഓടിക്കോളണം.

ട്രൈപ്പോഡുള്ള ക്യാമറ കൈയ്യിലുള്ളത് ഒരു പ്രശ്നമാണ് പലയിടത്തും. വീഡിയോ ക്യാമറയാണതെന്ന് അധികൃതര്‍ വിധിയെഴുതും. ചിലയിടത്ത് വീഡിയോ ക്യാമറ നിഷിദ്ദമാണ്. ചിലയിടത്ത് അതിന് പ്രവേശനം കിട്ടാന്‍ കൊള്ളപ്പണം കൊടുക്കുകയും വേണം. പാണിയേലി പോരില്‍ സ്റ്റില്‍ ക്യാമറയ്ക്ക് പണം കൊടുക്കേണ്ടതില്ല. ട്രൈപ്പോഡുള്ളതുകാരണം എന്റേത് വീഡിയോ ക്യാമറയാണെന്ന് പറഞ്ഞ് അതിന് പ്രത്യേകം പണം ഈടാക്കി.

ആദ്യത്തെ പോര് യാത്ര അവസാനിച്ച പാറയുടെ മുകളിലെത്തിയപ്പോള്‍ പുഴ മുറിച്ച് കടക്കാന്‍ പാകത്തിനുള്ള വെള്ളമേ പുഴയില്‍ കാണുന്നുള്ളൂ. പുഴ വറ്റിവരണ്ട് അടിത്തട്ടിലൊളിച്ചിരുന്ന പാറകളുടെയെല്ലാം നഗ്നത വെളിയില്‍ക്കാണിച്ച് നില്‍ക്കുന്നു. എന്നാലും കാതിലിപ്പോഴും വെള്ളച്ചാട്ടത്തിന്റെ ശബ്ദം വന്നുവീഴുന്നുണ്ട്.

പാറകളിലൊന്നും തെന്നിവീഴാതെ, ക്യാമറയും മുക്കാലിയുമൊക്കെ തോളില്‍ത്തൂക്കി പുഴചാടിക്കടന്ന് വീണ്ടും മുന്നോട്ട് നീണ്ടി. നല്ലൊരു മരക്കൂട്ടത്തിന്റെ തണലില്‍ ജോര്‍ജ്ജേട്ടനും ഗോപിച്ചേട്ടനും എത്തിക്കഴിഞ്ഞിരിക്കുന്നു. മഴക്കാലത്ത് ആ മരക്കൂട്ടമൊക്കെ വെള്ളത്തിനടിയിലായിപ്പോകുമായിരിക്കും.

പിന്നീടധികം നടക്കുന്നതിനുമുന്‍പ് തന്നെ ആ മനോഹരദൃശ്യം കാണാനായി. നീലവാനിലെ പഞ്ഞിക്കെട്ടുകള്‍ക്ക് താഴെ മലയാറ്റൂര്‍ മലനിരകള്‍. അതിനുതാഴെയായി കാടിനിടയിലൂടെ പാറക്കെട്ടുകളില്‍ ഇടിച്ചുവീണ് നുരഞ്ഞ് താഴേക്കൊഴുകുന്ന പുഴ. അധികം ഉയരത്തില്‍ നിന്നൊന്നുമല്ല വീഴുന്നതെങ്കിലും രണ്ട് തട്ടായി താഴേക്ക് വീഴുന്ന ആ ചാട്ടത്തിനും ഒരു പ്രത്യേകഭംഗിയുണ്ട്. മഴക്കാലത്ത് ആ ഭംഗി വര്‍ദ്ധിക്കുമെന്നുള്ളതില്‍ തര്‍ക്കമില്ല. പക്ഷെ ആ സമയത്ത് മനുഷ്യജീവികള്‍ക്ക് അങ്ങോട്ട് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് പ്രകൃതി.

അവിടവിടെയായി കൊറ്റികള്‍ വട്ടമിട്ട് പറക്കുകയും ഇടയ്ക്കിടക്ക് വെള്ളത്തില്‍ മുങ്ങി മീന്‍പിടിക്കുകയും ചെയ്യുന്നുണ്ട്.
ചെന്നപാടെ കയ്യില്‍ കരുതിയിരുന്ന തോര്‍ത്ത് ചുറ്റി ജോര്‍ജ്ജേട്ടന്‍ വെള്ളത്തിലിറങ്ങിക്കിടപ്പായി. അതൊന്നും അധികനേരം കണ്ടുനില്‍ക്കാനുള്ള ത്രാണിയൊന്നുമില്ലാതിരുന്നതുകൊണ്ട് പെട്ടെന്നുതന്നെ ഞാനും വെള്ളത്തിലേക്ക് പതിച്ചു. പാദരക്ഷ ഊരി മാറ്റിയപ്പോഴാണ് പാറക്കല്ലുകളുടെ ശരിക്കുള്ള സ്വഭാവം മനസ്സിലായത്. ചുട്ടുപഴുത്ത് കിടക്കുകയാണ് പാറകളെല്ലാം. എന്നാലും വെള്ളത്തിന് നല്ല കുളിര്‍മയുണ്ട്. മലമുകളില്‍ നിന്ന് ഒഴുകിവരുന്ന ഈ വെള്ളത്തിന് ഔഷധഗുണങ്ങള്‍ ഉണ്ടാകുമായിരിക്കും. കുറേ നേരം വെള്ളച്ചാട്ടത്തിലേക്ക് നോ‍ക്കി ആ വെള്ളത്തിലങ്ങനെ കിടന്നു.

ഉച്ചവെയിലിന് കാഠിന്യം കൂടാന്‍ തുടങ്ങിയിരുന്നു. ഭൂതത്താന്‍കെട്ട് തുറന്ന് വിട്ടാല്‍ മനസ്സിലാക്കുവാന്‍ പറ്റുമായിരിക്കും. സുനാമി പോലൊന്നും വെള്ളം പൊങ്ങില്ലെന്ന് തോന്നുന്നു. എന്തായാലും ഇനി മടങ്ങാമെന്ന് തീരുമാനിച്ചു. ‍

പെട്ടെന്നാണ് വീ‍ശുവലയുമായി ബേബിച്ചേട്ടന്‍ വെള്ളച്ചാട്ടത്തിനരുകില്‍ പ്രത്യക്ഷപ്പെട്ടത്. ഗോപിച്ചേട്ടന് ബേബിച്ചേട്ടനെ മുന്‍പരിചയമുണ്ട്. അപകടം പിടിച്ച പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റത്തോര്‍ത്ത് മാത്രം ഉടുത്ത് സാഹസികനായ ബേബിച്ചേട്ടന്‍ വലവീശുന്നു. ഇടയ്ക്കിടയ്ക്ക് കൊറ്റികളെപ്പോലെ മുങ്ങാംകൂളിയിടുന്നുണ്ട്. പൊങ്ങിനിവരുമ്പോള്‍ കയ്യില്‍ ഓരോ മത്സ്യങ്ങള്‍. തൊട്ടടുത്തുള്ള ചതിക്കുഴിയില്‍ ആ മീനുകളൊയൊക്കെ ഇട്ടുവെക്കുന്നതിനു പുറമെ ചില ചെറിയ മീനുകളെ ഉടുത്തിരിക്കുന്ന തോര്‍ത്തിന്റെ അരയില്‍ ചുറ്റിയിരിക്കുന്ന ഭാഗത്തൊക്കെ തിരുകി വെക്കുന്നുമുണ്ട് കക്ഷി. ആ കാഴ്ച്ച നോക്കി വീണ്ടും കുറേ നേരം അവിടെ നില്‍ക്കാതിരിക്കാനായില്ല.
ബേബിച്ചേട്ടന്‍ വീശുവലയുമായി വന്നതോടെ കൊറ്റികള്‍ തല്‍ക്കാലം മീന്‍പിടുത്തം മതിയാക്കി തൊട്ടടുത്ത പാ‍റക്കൂട്ടത്തില്‍ വിശ്രമിക്കാന്‍ തുടങ്ങി. ജലവൈദ്യുതപദ്ധതി വരുന്നതോടെ ബേബിച്ചേട്ടന്റെ മീന്‍പിടുത്തം അവസാനിച്ചെന്ന് വരും.

കൊറ്റികള്‍ക്കെങ്കിലും തുടര്‍ന്നും മീന്‍പിടിക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു. ആ കാഴ്ച്ചയൊക്കെ കാണാനും വെള്ളത്തിലിറങ്ങി മനസ്സും ശരീരവും ശുദ്ധമാക്കാനുമൊക്കെയായി സഞ്ചാരികള്‍ക്ക് വീണ്ടും ഈ വഴി വരാന്‍ പറ്റുന്ന രീതിയില്‍ത്തന്നെ പുതിയ ജലവൈദ്യുതപദ്ധതി വന്നിരുന്നെങ്കില്‍! മടക്കയാത്രയില്‍ മനസ്സിലുണ്ടായിരുന്നത് ആ ഒരാഗ്രഹം മാത്രമായിരുന്നു.