Monday 22 September 2008

അമേരിക്കന്‍ മിലിട്ടറി സെമിത്തേരി

ണ്ടിങ്ങ് എന്ന പഴയ പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.
സ്സ് സെമിത്തേരിയുടെ മുന്നിലെത്തിയപ്പോള്‍ ബസ്സിലിരുന്ന് തന്നെ ഞാനാ കാഴ്ച്ച കണ്ടു.

---------------------------------------------------------------

രേപോലെയുള്ള ആയിരക്കണക്കിന് വെളുത്ത നിറത്തിലുള്ള കുരിശുകള്‍, പച്ചപ്പരവതാനി വിരിച്ചപോലെ പുല്ല് പിടിച്ച് കിടക്കുന്ന സെമിത്തേരിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

ഞാനടക്കമുള്ള എല്ലാ യാത്രക്കാരും ബസ്സില്‍ നിന്ന് സെമിത്തേരിയുടെ മുന്നിലെ സ്റ്റോപ്പിലിറങ്ങി.

സെമിത്തേരിയുടെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുന്നതിന് മുന്‍പ് ചുറ്റുവട്ടത്തൊക്കെ ഞാനൊന്ന് കണ്ണോടിച്ചു. അതെ, ഭോജനശാലകള്‍ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന കണ്ണോടിക്കല്‍ തന്നെ. വിശപ്പിന്റെ വിളി അവസാനിപ്പിക്കാതെ ഇനി മുന്നോട്ട് നീങ്ങാന്‍ പറ്റില്ലെന്നായിരിക്കുന്നു.

പക്ഷെ, ഇത്രയധികം സഞ്ചാരികള്‍‍ വന്നുപോകുന്ന സ്ഥലമായിട്ടും ഒരു ഫാസ്റ്റ് ഫുഡ് സെന്ററോ, ഒരു കോര്‍ണര്‍ ഷോപ്പോ ഇല്ലായിരുന്നു അവിടെയെങ്ങും. നമ്മുടെ നാട്ടിലാണെങ്കില്‍ നാല് ടൂറിസ്റ്റുകള്‍ വരുന്നിടത്ത് ഒരു ടോയ്‌ലറ്റ് ഒഴികെ എന്തെല്ലാം തരത്തിലുള്ള കടകളും കലാപരിപാടികളും കാണും ?!

ഭക്ഷണത്തിന്റെ കാര്യം ഉടനെയെങ്ങും നടക്കില്ല, പകരം ഒരുപാട് കാഴ്ച്ചകള്‍ കാണിച്ച് തരാമെന്ന് വിശന്ന് വലഞ്ഞിരിക്കുന്ന വയറിനെ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് തന്നെ നീങ്ങി. (വയറിന് കണ്ണുണ്ടോ എന്ന് ചോദിക്കരുത്. )

ഗേറ്റ് കടക്കുമ്പോള്‍ത്തന്നെ ഇടത്തുവശത്തായി സന്ദര്‍ശകര്‍ക്കുള്ള കെട്ടിടം കണ്ടു. സെമിത്തേരി സൂപ്രണ്ടിന്റെ ഓഫീസും, സന്ദര്‍ശകര്‍ക്കുള്ള ടോയ്‌ലറ്റുകളുമൊക്കെ ആ കെട്ടിടത്തിനകത്താണ്. സന്ദര്‍ശകക്കെട്ടിടത്തിന് തൊട്ടുമുന്നിലായി ഉയരമുള്ളൊരു(72 അടി) കൊടിമരത്തില്‍ അമേരിക്കന്‍ പതാക പാറിക്കളിക്കുന്നുണ്ട്.1943ഡിസംബര്‍ 7ന് എസ്‌റ്റാബ്ലിഷ് ചെയ്യപ്പെട്ട ഈ സെമിത്തേരി 1956 ജൂലായ് 16നാണ് ഡെഡിക്കേറ്റ് ചെയ്യപ്പെട്ടത്. 30.5 ഏക്കറില്‍ പരന്ന് കിടക്കുന്ന ഈ സെമിത്തേരിപ്പറമ്പ് കേം‍‌ബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയുടെ സംഭാവനയാണ്.

കടപ്പാട് - http://www.totaltravel.co.uk
കൊടിമരം എന്ന കേന്ദ്രബിന്ദുവിനെ ചുറ്റി A മുതല്‍ G വരെയുള്ള 7 കര്‍വുകളായാണ് (Curve) മാര്‍ബിളില്‍ തീര്‍ത്ത എല്ലാ തലക്കല്ലുകളും (Headstones) അഥവാ കുരിശുകളും സ്ഥാപിച്ചിരിക്കുന്നത്. അതിനിടയിലൂടെ ചെറുകല്ലുകള്‍ വിരിച്ച നടപ്പാതകളുമുണ്ട്. കൊടിമരത്തിന്റെ കീഴില്‍ നിന്നാണ് ആ കുരിശുകളുടെ‍ കാഴ്ച്ച ഏറ്റവും നന്നായിട്ട് കിട്ടുന്നതെന്നെനിക്ക് തോന്നി.

കൊടിമരത്തിനടുത്തുനിന്ന് കുരിശുകള്‍ക്കരികിലേക്ക് നടന്നു. സാധാരണ സെമിത്തേരികളില്‍ കല്ലറകള്‍ക്കിടയിലേക്ക് പോകുമ്പോള്‍ തോന്നുന്ന ഒരു ഭീതി ഇവിടെയെനിക്കനുഭവപ്പെട്ടില്ല. ആ കുരിശുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ മനസ്സിലൂടെ വല്ലാത്ത ചിന്തകളാണ് കടന്നുപോയത്. മൃഗങ്ങള്‍പോലും ഇരയ്ക്ക് വേണ്ടിമാത്രം മറ്റൊരു മൃഗത്തെ കൊല്ലുന്ന ഈ ഭൂമിയില്‍, അത്തരമൊരുകാരണമില്ലാതെ തന്നെ കൊലചെയ്യപ്പെട്ടിരിക്കുന്ന ഒരുപാട് മനുഷ്യന്മാര്‍ ഈ പച്ചപ്പുല്ലിനടിയില്‍ അന്ത്യനിദ്രകൊള്ളുന്നു. ആലോചിക്കുന്തോറും ചുറ്റുമുള്ള മനുഷ്യജന്മങ്ങളോടും സ്വജന്മത്തോടുതന്നെയും വെറുപ്പുതോന്നിപ്പോകുന്ന അവസ്ഥ. മനുഷ്യന്‍ എന്ന ഹീന ജന്തുകുലത്തില്‍ പിറന്നതില്‍ വ്യസനിക്കപ്പെട്ടുപോയ ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍.

സെമിത്തേരിയുടെ ചരിത്രം രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന ചേരി, ജര്‍മ്മനിയും ജപ്പാനുമൊക്കെയടങ്ങുന്ന മറുചേരിയുമായി നടത്തിയ പോരാട്ടവുമായി ബന്ധപ്പെട്ട് കിടക്കുന്നു. യുദ്ധത്തില്‍ മരിച്ച‍ 3812 പോരാളികള്‍ ഈ സ്മശാനത്തില്‍ അന്ത്യനിദ്രകൊള്ളുന്നു. പല രാജ്യങ്ങളിലായി 25 ല്‍പ്പരം സെമിത്തേരികള്‍ അമേരിക്കയ്ക്കുണ്ടെങ്കിലും ബ്രിട്ടീഷ് മണ്ണിലെ ഏക അമേരിക്കന്‍ സെമിത്തേരിയാണിത്. യുദ്ധത്തിനിടയില്‍ അപകടത്തില്‍പ്പെട്ടും, മുറിവുപറ്റിയും, അസുഖം പിടിപെട്ടും പരലോകം പ്രാപിച്ച ഈ പടയാളികളില്‍ ഭൂരിപക്ഷവും അമേരിക്കന്‍ ആര്‍മി എയര്‍ഫോര്‍സിലുള്ളവരായിരുന്നു. ബാക്കിയുള്ളവര്‍ ആര്‍മി, നേവി, മറൈന്‍ കോര്‍പ്പ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നീ സേനാവിഭാഗങ്ങളില്‍പ്പെടുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, അമേരിക്കന്‍ യുദ്ധ സ്മാരക കമ്മീഷന്‍ (American Battle Monuments Commission) യൂറോപ്പില്‍ ഇതുപോലെ ഉണ്ടായിരുന്ന അവരുടെ 8 സെമിത്തേരികളില്‍ ഓരോ ചാപ്പലും, ഓരോ യുദ്ധസ്മാരകവും പണിതുയര്‍ത്തി. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ മറ്റ് 17 സെമിത്തേരികള്‍ കൂടെ ലോകത്തിന്റെ പലഭാഗത്തായി ഉയര്‍ന്നുവന്നു. ശവമടക്കം ചെയ്യപ്പട്ട പട്ടാളക്കാരുടെ എണ്ണത്തിന്റെ 39 % മാത്രമേ ഇപ്പറഞ്ഞ എല്ലാ സെമിത്തേരികളിലും കൂടെ ഉള്ളൂ എന്നാണ് കണക്കുകള്‍. ബാക്കിയുള്ള 61 % പട്ടാളക്കാരുടെ ശരീരങ്ങള്‍ ബന്ധുജനങ്ങളുടെ ആവശ്യപ്രകാരം അവരവരുടെ നാടുകളിലേക്ക് തിരിച്ചെത്തിക്കുകയാണുണ്ടായത്.

ഇത്രയുമൊക്കെ മരിച്ചതിന് ശേഷം ഭാഗികമായെങ്കിലും മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ പറ്റിയ സൈനികരുടെ കണക്കുകളാണ്. യുദ്ധത്തിനുശേഷം കാണാതായ സൈനികരുടെ എണ്ണം ഇതിനേക്കാള്‍ വലുതാണ്. നോര്‍ത്ത് ആഫ്രിക്കയിലും, ഫ്രാന്‍സിലുമൊക്കെയായി കരയില്‍ത്തന്നെ മരിച്ചെങ്കിലും തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള ശരീരങ്ങളാകുകയും, അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടിലൊക്കെ അന്ത്യനിദ്രപ്രാപിക്കുകയും ചെയ്ത പോരാളികളില്‍ ഭൂരിഭാഗവും(3524) ആര്‍മിയില്‍ നിന്നും എയര്‍ ഫോര്‍സില്‍ നിന്നും തന്നെ. നേവി (1371), കോസ്റ്റ് ഗാര്‍ഡ് (201), മറൈന്‍ കോര്‍പ്പ്സ് (30) എന്നീ സേനകളിലെയാണ് ബാക്കിയുള്ള സൈനികര്‍.

സെമിത്തേരിയുടെ പുറകുവശത്തായി ഒരു റോഡ് കാണുന്നുണ്ട്. റോഡിന് പുറകില്‍ ദൂരെയായി മഞ്ഞനിറത്തില്‍ കനോലപ്പാടം (റേപ്പ് സീഡ്)പൂത്തുനില്‍ക്കുന്നതുകണ്ടു. പുറകിലെത്തിയപ്പോള്‍ അതാണ് മുന്‍‌വാതില്‍ എന്ന് തോന്നിക്കുന്ന വിധം അവിടെയും അമേരിക്കന്‍ മിലിട്ടറി സെമിത്തേരി എന്ന് വലുതാക്കി എഴുതി വെച്ചിട്ടുണ്ട്. റോഡ് മുറിച്ചുകടന്ന് കനോലപ്പാടത്തിന്റെ ചില ചിത്രങ്ങളെടുത്തു. പതിവ് ചിത്രങ്ങളെപ്പോലെ അതുമത്ര നന്നായി പതിഞ്ഞില്ല.

തിരിച്ച് വീണ്ടും സെമിത്തേരിയിലേക്ക് കടന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. മാര്‍ബിള്‍ കൊണ്ടുണ്ടാക്കി പരേതാന്മാവിന്റെ പേരും ജനനമരണത്തീയതിയും സൈന്യത്തിലെ റാങ്കുമെല്ലാം കൊത്തിവെച്ചിരിക്കുന്ന എല്ലാ തലക്കല്ലുകളും കുരിശുകളല്ല. ചിലത് നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങള്‍ വനിതാ സൈനികരുടേതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഊഹിച്ചു. പക്ഷെ ഉറപ്പിക്കാന്‍ വയ്യ. ആരോടെങ്കിലും ചോദിക്കാമെന്നുവെച്ചപ്പോള്‍ അടുത്തെങ്ങും ആരുമില്ല.

കുറച്ച് ദൂരെയായി മൂന്നാല് സ്ത്രീകള്‍ കുരിശൊക്കെ കഴുകി വൃത്തിയാക്കുന്നത് കണ്ടു. അവര്‍ക്കരികിലേക്ക് നടന്നു. മെയ് മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച്ച, മണ്ണടിഞ്ഞ അമേരിക്കന്‍ പട്ടാളക്കാരുടെ ഓര്‍മ്മ ദിവസമാണ്. നവംബര്‍ മാസത്തിലും ഇതുപോലൊരു ഓര്‍മ്മദിവസമുണ്ട്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കുരിശെല്ലാം വൃത്തിയാക്കുന്നത്. ആ ജോലി ചെയ്യുന്നവരെല്ലാവരും അമേരിക്കക്കാരാണ്. അവരുടെ ഒരു സൊസൈറ്റിയുണ്ട് കേംബ്രിഡ്‌ജില്‍. ഒരു സേവനമെന്ന നിലയ്ക്കാണ് ഈ വൃത്തിയാക്കല്‍ പരിപാടി നടക്കുന്നത്. കുരിശിനുപകരം നക്ഷത്രം വെച്ചിരിക്കുന്നതിനെപ്പറ്റി അക്കൂട്ടത്തിലെ മുതിര്‍ന്ന ഒരു സ്ത്രീയോട് ചോദിച്ചു.

ജ്യൂതന്മാരുടെ ശവകുടീരത്തിന് മുകളിലാണത്രേ കുരിശിന് പകരം നക്ഷത്രം കാണുന്നത്. അതൊരു വ്യത്യസ്ഥ അറിവായിയിരുന്നു. ജ്യൂതന്മാര്‍ പല കാര്യങ്ങളിലും പ്രത്യേകതയുള്ളവര്‍ തന്നെ. മട്ടാഞ്ചേരിയിലേയും, പറവൂരിലേയും ജ്യൂതത്തെരുവുകള്‍ വീടിന് വളരെ അടുത്തായിരുന്നിട്ടും ഇതൊക്കെ മുന്നേ മനസ്സിലാക്കാതെ പോയതില്‍‍ കുണ്ഡിതം തോന്നി.


കുരിശുകള്‍ വൃത്തിയാക്കുന്ന സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞ് കുരിശുകള്‍ക്കിടയിലൂടെ വീണ്ടും നടന്നു. കുറച്ച് ദൂരെയായി ചാപ്പല്‍ കാണുന്നുണ്ട്. അവിടെക്കയറി കുറച്ച് നേരം ഇരിക്കാമെന്ന് കരുതി. ചാപ്പലിന്റെ മരത്തിലുണ്ടാക്കിയ വലിയ ഇരട്ടപ്പാളി വാതിലില്‍ യുദ്ധക്കപ്പലുകളുടേയും, പാറ്റണ്‍ ടാങ്കുകളുടേയുമെല്ലാം ത്രിമാന മാതൃകകള്‍ കൊത്തിവെച്ചിരിക്കുന്നു. ചാപ്പലിനകത്ത് ഒരു ചുമര്‍ മുഴുവനായി‍ അമേരിക്ക നടത്തിയ യുദ്ധങ്ങളുടെ ഒരു കൂറ്റന്‍ മാപ്പ് സ്ഥാപിച്ചിരിക്കുന്നു.

അതിനുതാഴെ യുദ്ധചരിത്രമൊക്കെ എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ വായിച്ച് മനസ്സിലാക്കി അവിടെ കുറേ നേരം നിന്നു. കോണ്‍‌വെന്റ് സ്കൂളില്‍ പഠിച്ചിട്ടുള്ളതുകൊണ്ട് കുരിശ് വരയ്ക്കാനറിയാം. അള്‍ത്താരയ്ക്ക് മുന്നില്‍ നിന്ന് കുരിശ് വരച്ച് ചാപ്പലില്‍ നിന്നും പുറത്തുകടന്നു.

യുദ്ധത്തിനുശേഷം, കാണാതായ 5126 പട്ടാളക്കാരുടേയും പേരുവിവരങ്ങള്‍ കൊത്തിവെച്ചിട്ടുള്ള 472 അടി നീളമുള്ള ഒരു വലിയ മതിലുതന്നെ ചാപ്പലിന്റെ ഇടതുവശത്ത് കണ്ടു. ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തുള്ള ക്വാറികളില്‍ നിന്നും കൊണ്ടുവന്ന പോര്‍ട്ട്‌ലാന്റ് സ്റ്റോണ്‍ എന്ന് വിളിക്കുന്ന കല്ലുകള്‍കൊണ്ടുണ്ടാക്കിയ ഈ മതിലിനെ ‘ടേബിള്‍ ഓഫ് മിസ്സിങ്ങ് ’ എന്നാണ് വിളിക്കുന്നത്.


‘റിഫ്ലക്‍ടിങ്ങ് പൂള്‍‘ എന്നുവിളിക്കുന്ന ജലാശയം ടേബിള്‍‍ ഓഫ് മിസ്സിങ്ങിന് സമാന്തരമായി നീണ്ടുനിവര്‍ന്ന് കിടക്കുന്നു. ടേബിള്‍ ഓഫ് മിസ്സിങ്ങിന്റെ മുകളിലായി ഒരറ്റത്തുനിന്ന് തുടങ്ങി മറ്റേ അറ്റം വരെ, വലിയ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഇങ്ങനെ കൊത്തിവെച്ചിട്ടുണ്ട്.

THE AMERICANS, WHOSE NAMES HERE APPEAR, WERE PART OF THE PRICE THAT FREE MEN FOR THE SECOND TIME IN THE CENTURY HAVE BEEN FORCED TO PAY TO DEFEND HUMAN LIBERTY AND RIGHTS. ALL WHO SHALL HEREAFTER LIVE IN FREEDOM WILL BE HERE REMINDED THAT TO THESE MEN AND THEIR COMRADES WE OWE A DEBT TO BE PAID WITH GRATEFUL REMEMBRANCE OF THEIR SACRIFICE AND WITH THE HIGH RESOLVE THAT THE CAUSE FOR WHICH THEY DIED SHALL LIVE ETERNALLY.

കൈയ്യിലുള്ള നോട്ടുബുക്കില്‍‍ അത് മുഴുവന്‍ എഴുതിയെടുത്ത് പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങുന്ന എന്നെ സെമിത്തേരിയിലെത്തിയ മറ്റ് ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി. ആര്‍മി, നേവി, മറൈന്‍ കോര്‍പ്പ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിങ്ങനെ എല്ലാ പട്ടാളക്കാരുടേയും ഓരോ പ്രതിമ വീതം ആ ചുമരില്‍ അലേഖനം ചെയ്തിട്ടുള്ള പേരുകള്‍ക്കിടയില്‍ പ്രൌഢഗംഭീരമായി നിലയുറപ്പിച്ചിട്ടുണ്ട്.

ചുമരിലുള്ള ഒരു പേരില്‍, അത് തെളിഞ്ഞ് കാണും വിധം നിറവ്യത്യാസമുള്ളത് ശ്രദ്ധിച്ചു. അതിന് കീഴെയായി കുറച്ച് പൂക്കളും കണ്ടു. ആ സൈനികന്റെ ഓര്‍മ്മദിവസം ആയിരിക്കണം ഇക്കഴിഞ്ഞ ദിവസങ്ങളിലേതോ ഒന്ന്. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോ, ബന്ധുജനങ്ങളോ, സുഹൃത്തുക്കളോ ആരെങ്കിലും കൊണ്ടുവെച്ച പൂക്കളാകാം അത്. പക്ഷെ, അതല്ല ആ നിറവ്യത്യാസത്തിന് കാരണമെന്ന് വീണ്ടും ഗേറ്റിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. ഗേറ്റിന് മുന്നില്‍ അകത്തേക്ക് കടക്കുമ്പോള്‍ ഞാന്‍ കാണാന്‍ വിട്ടുപോയ ഒരു ഫലകത്തില്‍ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ആദ്യം കാണാതായവരുടെ കൂട്ടത്തില്‍പ്പെട്ടുപോയെങ്കിലും പിന്നീട് കണ്ടെടുത്ത പട്ടാളക്കാരുടെ പേരുകളാണ് നിറവ്യത്യാസത്തില്‍ കാണുന്നത്.

രണ്ടേകാല്‍ മണിക്കൂറായിക്കാണും സെമിത്തേരിയില്‍ എത്തിയിട്ട്. അടുത്ത 5 മിനിറ്റിനകം ഒരു ബസ്സ് വരും. അതില്‍ മടങ്ങാന്‍ പറ്റുമായിരിക്കും. ഗേറ്റിലേക്ക് തിരികെ നടക്കുമ്പോള്‍ മനസ്സ് ശോകമൂകമായിരുന്നു.

പതിനായിരക്കണക്കിന് പട്ടാളക്കാര്‍‍ യാതൊരു താല്‍പ്പര്യമില്ലാതിരുന്നിട്ടും, കോര്‍ട്ട് മാര്‍ഷല്‍ നേരിടേണ്ടിവരുമെന്ന് പേടിച്ച് മാത്രം സൈന്യത്തില്‍ തുടരുന്നു, യുദ്ധങ്ങളില്‍ പങ്കെടുക്കുന്നു, ജീവന്‍ ബലിയര്‍പ്പിക്കുന്നു. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് പരുക്കനായിത്തോന്നുന്ന പട്ടാള യൂണിഫോമിനുള്ളിലെ നിസ്സഹായരായ ഒരുപറ്റം മനുഷ്യര്‍. ആരറിഞ്ഞു അവരുടെ ദുഖങ്ങള്‍ ? ആരറിഞ്ഞു അവരുടെ ഉറ്റവരുടേയും ഉടയവരുടേയും വ്യഥകള്‍ ?

ഞാനാ നില്‍ക്കുന്ന സിമിത്തേരിയില്‍ അന്ത്യനിദ്രപ്രാപിച്ചിരിക്കുന്ന സൈനികര്‍ക്കൊപ്പം, കാര്‍ഗില്‍, കാശ്‌മീര്‍, അഫ്‌ഗാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, കുവൈറ്റ്, വിയറ്റ്നാം എന്നുതുടങ്ങി കേട്ടറിവുള്ള എല്ലാ‍ യുദ്ധഭൂമികളിലും ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കെല്ലാം മനസ്സാ ഓരോപിടി വെളുത്ത പുഷ്പങ്ങള്‍ അര്‍പ്പിച്ച് ഗേറ്റിന് വെളിയില്‍ കടന്നപ്പോഴേക്കും ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ‘ബസ്സവിടെ എത്തിക്കഴിഞ്ഞിരുന്നു.

വിശപ്പും ദാഹവും ശരീരത്തിനേയും, സെമിത്തേരിയിലെ അനുഭവം മനസ്സിനേയും ശരിക്കും തളര്‍ത്തിക്കഴിഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ബസ്സില്‍ക്കയറി ഒരു സീറ്റിലിടം പിടിച്ചതുകൊണ്ട് കുഴഞ്ഞ് വീഴാതെ രക്ഷപ്പെട്ടു.

കൂടുതല്‍ പേര്‍ കയറാനുള്ളതുകൊണ്ട് ബസ്സ് പതിവിലധികനേരം അവിടെ കാത്തുനിന്നെങ്കിലും അധികം വൈകാതെ കേംബ്രിഡ്ജ് സിറ്റി സെന്ററിലേക്ക് യാത്രയായി. കൂടെ വന്നവര്‍ പീറ്റര്‍ബറോയിലേക്കുള്ള മടക്കയാത്രയ്ക്ക് റെഡിയായി കാത്തുനില്‍ക്കുന്നുണ്ടാകും.

ഇന്നത്തേക്ക് ഇത്രമതി യാത്ര. ഇരുട്ടുന്നതിന് മുന്നേ വീട്ടിലെത്തണം. അതിന് മുന്നേ സിറ്റി സെന്ററില്‍ നിന്ന് വല്ലതും കഴിക്കണം. വിശപ്പ് ഇനിയും പിടിച്ചുനിര്‍ത്തിയാല്‍, പട്ടിണി കിടന്ന് മരിച്ച മലയാളികള്‍ക്കുള്ള വല്ല സെമിത്തേരിയും കേംബ്രിഡ്‌ജില്‍ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടിവരും.

Saturday 13 September 2008

പണ്ടിങ്ങ്

കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലൊന്നും പഠിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. എന്നാല്‍പ്പിന്നെ അതിന്റെ പരിസരത്തൊക്കെ ഒന്ന് കറങ്ങി വന്നാലോ ? അതിനാരും തടസ്സം നില്‍ക്കില്ലല്ലോ ?!

കഴിഞ്ഞ കുറെ മാസങ്ങളായി, കുടുംബത്തോടൊപ്പം ജീവിക്കുന്നത് കേംബ്രിഡ്‌ജില്‍ നിന്ന് വെറും 24 മൈല്‍ ദൂരത്തില്‍ മാത്രം. എന്നിട്ടും അവിടെ പോകാതിരിക്കുന്നത് മോശമല്ലേ ?!

നല്ലൊരു ശനിയാഴ്ച്ച നോക്കി വാഹനവുമെടുത്ത് കുടുംബസമേതം കേംബ്രിഡ്‌ജിലേക്കിറങ്ങി, കൂടെ വാമഭാഗത്തിന്റെ ഒരു സഹപ്രവര്‍ത്തകയും ഉണ്ട്. കാറിലെ ജി.പി.എസ്സ് വഴികാട്ടിയുടെ സഹായത്തോടെ ഒരു മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി. വാഹനം സുരക്ഷിതമായി ഒരു കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള പാര്‍ക്കിങ്ങില്‍ ഇട്ടു.

കൂടെ വന്നിരിക്കുന്നവര്‍ മൂന്നുപേരും മുന്‍‌പും കേംബ്രിഡ്ജ് സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് അവരെല്ലാം ഒരു ഷോപ്പിങ്ങ് സെന്റര്‍ ലക്ഷ്യമാക്കി നീങ്ങി. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാണ് നല്ലത്. ഒരു ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ‘ ബസ്സിന്റെ ടിക്കറ്റെടുത്ത് ’യൂണിവേഴ്സിറ്റി നഗരത്തില്‍ ‘ ഒന്ന് ചുറ്റിയടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

24 സ്റ്റോപ്പുകളില്‍ ഈ ബസ്സ് നിറുത്തും. ഏത് സ്റ്റോപ്പില്‍ വേണമെങ്കിലും ഇറങ്ങാം. അവിടത്തെ കാഴ്ച്ചകള്‍ നടന്ന് കാണാം. ഓരോ 20 മിനിറ്റിലും അടുത്ത ബസ്സ് വരും. ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ചുതന്നെ അടുത്ത ബസ്സിലും‍ കയറാം. അങ്ങിനെ ഓരോരോ സ്റ്റോപ്പുകളില്‍ കയറിയിറങ്ങി കാഴ്ച്ചകള്‍ കണ്ട് ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കാം. ഇതാണ് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ്സിന്റെ പ്രവര്‍ത്തനരീതി.

മുകള്‍വശം തുറന്ന ഡബിള്‍ ഡക്കര്‍ ബസ്സുകളാണ് മിക്കവാറും എല്ലാ 'ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് 'ബസ്സുകളും. ബസ്സില്‍ കയറുമ്പോള്‍ത്ത‍ന്നെ ഡൈവര്‍ സീറ്റിന് പിന്നില്‍ നിന്ന് ഒരു സെറ്റ് ഇയര്‍ ഫോണും, റൂട്ട് മാപ്പും എടുക്കാം. ഓരോ സീറ്റിന്റെ വശങ്ങളിലും ഇയര്‍ ഫോണ്‍ കുത്താനുള്ള സൌകര്യമുണ്ട്. യാത്രയില്‍ ഉടനീളം വഴിവക്കിലുള്ള ഓരോരോ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, പ്രതിമകള്‍, കോളേജുകള്‍, ലൈബ്രറികള്‍ എന്ന് തുടങ്ങി എല്ലാ കാഴ്ച്ചകളെപ്പറ്റിയും ആധികാരികമായും ചരിത്രപരവുമായും വിവരിച്ചുകൊണ്ടാണ് ബസ്സ് മുന്നോട്ട് നീങ്ങുന്നത്. ഓരോ സ്റ്റോപ്പിലും യാത്രക്കാര്‍ അവരവര്‍ക്ക് താല്‍പ്പര്യമുള്ള സ്ഥലങ്ങളാണെങ്കില്‍ ഇറങ്ങുകയും, മുന്‍പ് പോയ ബസ്സില്‍ നിന്ന് ഇറങ്ങിയവര്‍ കയറിക്കൊണ്ടുമിരിക്കും.

സിറ്റി സെന്ററിന്റെ മുന്നില്‍ നിന്ന് ടിക്കറ്റെടുത്ത് ബസ്സില്‍ കയറിപ്പറ്റി. കാഴ്ച്ചകള്‍ കാണാന്‍ നല്ലത് മേല്‍മൂടിയില്ലാത്ത ബസ്സിന്റെ മുകളിലെ നിലയാണ്. അതുകൊണ്ട് തന്നെ മുകളിലെ സീറ്റുകളെല്ലാം ഒരുവിധം നിറഞ്ഞുകഴിഞ്ഞിരുന്നു. എങ്കിലും, ഒറ്റയ്ക്കായതുകൊണ്ട് ഒരു സീറ്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഹെഡ് സെറ്റ് സീറ്റിന്റെ സൈഡിലെ ജാക്കില്‍ ഘടിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും ബസ്സ് ഇളകിത്തുടങ്ങി. വളരെ വ്യക്തവും സ്പുടവുമായ, ഇംഗ്ലീഷിലുള്ള വിവരണം ഇയര്‍ ഫോണിലൂടെ ഒഴുകിവന്നു. സിറ്റി സെന്ററിന്റെ തിരക്കില്‍ നിന്നും വിട്ട് ബസ്സ് മുന്നോട്ട് നീങ്ങി.

റിവര്‍ ക്വീന്‍സ് കോളേജ്, ഡൌണിങ്ങ് സ്ട്രീറ്റ് മ്യൂസിയം, ലയണ്‍ യാര്‍ഡ്, ജീസസ് കോളേജ്, റോമന്‍ കാത്തലിക്ക് ചര്‍ച്ച്, കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക്ക് ഗാര്‍ഡന്‍, ഫോക്ക് മ്യൂസിയം, ഗാര്‍ഡന്‍ സെന്റര്‍, യൂണിവേഴ്‌സിറ്റി ലൈബ്രറി, അമേരിക്കന് മിലിറ്ററി സെമിത്തേരി എന്നിങ്ങനെ 24 സ്റ്റോപ്പുകളില്‍ ബസ്സ് നിറുത്തും.

അമേരിക്കന്‍ മിലിറ്ററി സെമിത്തേരിയും, 'പണ്ടിങ്ങും' ഒരിക്കലും അവഗണിക്കരുതെന്ന് നേരത്തേ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റ് സ്റ്റോപ്പുകളില്‍ ഇറങ്ങിയില്ല. ഹെഡ് സെറ്റിലൂടെയുള്ള വിവരണത്തില്‍ ആ കാഴ്ച്ചകള്‍ ഒതുക്കി. അരദിവസംകൊണ്ട് കാണാന്‍ പറ്റാവുന്ന കാഴ്ച്ചകള്‍ക്ക് ഒരു പരിധിയുണ്ട്. ഇനിയൊരിക്കല്‍ക്കൂടെ വന്നിട്ടായാലും എല്ലാ സ്റ്റോപ്പിലേയും കാഴ്ച്ചകള്‍ കാണണം. തല്‍ക്കാലം 'പണ്ടിങ്ങും', അമേരിക്കന്‍ മിലിറ്ററി സിമിത്തേരിയും കണ്ട് മടങ്ങാമെന്ന് തീരുമാനിച്ചു.

'പണ്ടിങ്ങ് 'നടക്കുന്ന കേം നദിക്കരയിലെ(River Cam) സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സമയം ഉച്ചയ്ക്ക് 12 മണി. നല്ല വിശപ്പ്. ഒരു നേരം ഉച്ചയ്ക്ക് പട്ടിണിയായാലൊന്നും വാടിപ്പോകുന്നതല്ല എന്നിലെ സഞ്ചാരി. 'പണ്ടിങ്ങ് 'കഴിഞ്ഞിട്ടാകാം ഉച്ചഭക്ഷണമെന്ന് തീരുമാനിച്ച്, ബസ്സില്‍ നിന്നിറങ്ങി നദിക്കരയിലേക്ക് നടന്നപ്പോള്‍ത്തന്നെ പങ്ങിങ്ങ് പ്രമോട്ട് ചെയ്യുന്ന ചില കക്ഷികള്‍ ബ്രോഷറുമായി സമീപിച്ചു. ടിക്കറ്റെടുത്താല്‍ 12 പൌണ്ടിന് പണ്ടിങ്ങ് നടത്താം. ഇന്ത്യാക്കാരനായ ഒരു ദാരിദ്ര്യവാസി ടൂറിസ്റ്റാണെന്ന് മനസ്സിലാക്കിയിട്ടാകും, എനിക്കൊരു പ്രമോട്ടര്‍ 10 പൌണ്ടിന് ടിക്കറ്റ് ഓഫര്‍ ചെയ്തു. തല്‍ക്കാലം ആ സൌജന്യം എടുത്തില്ല. എല്ലാം ഒന്ന് നോക്കിക്കണ്ട് മനസ്സിലാക്കിയതിനുശേഷമാകാം ടിക്കറ്റെടുക്കുന്നതൊക്കെ. മാത്രമല്ല ഇത് തന്നെയാണ് ശരിയായ ടിക്കറ്റ് നിരക്കെന്ന് എനിക്കുറപ്പില്ലല്ലോ ?

പുഴക്കരയില്‍ ചെന്നപ്പോള്‍ നല്ല ജനത്തിരക്ക്. പുഴക്കരയില്‍ പണ്ടിങ്ങ് കാണാന്‍ വലിയൊരു ജനക്കൂട്ടംതന്നെ ഉണ്ട്. തൊട്ടടുത്തുള്ള റസ്റ്റോറന്റിന്റെ മേശകളില്‍ ഇരുന്ന് പണ്ടിങ്ങ് കണ്ടാസ്വദിച്ച് ഭക്ഷണം കഴിക്കുന്ന വേറേയും കുറേ ജനങ്ങളേയും കണ്ടു.

പുഴയില്‍ 6-7 മീറ്റര്‍ നീളവും, 1-2 മീറ്റര്‍ വീതിയുള്ളതുമായ അടിപരന്ന ബോട്ടുകള്‍ കിടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വഞ്ചികളോട് താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും, കാശ്മീര്‍ തടാകത്തില്‍ കാണുന്ന വഞ്ചികളോട് സാമ്യമുണ്ടെന്ന് തോന്നിക്കുന്ന ഈ ബോട്ടുകളെ സായിപ്പ് ‘പണ്ട് ‘ എന്നാണ് വിളിക്കുന്നത്. വള്ളം ഊന്നുന്നതുപോലെയാണ് ‘പണ്ട് ’ കുത്തി നീക്കുന്നത്. നാം മുളയുടെ കഴുക്കോല്‍ ഉപയോഗിക്കുന്നിടത്ത് ഇവര്‍ ഭാരം കുറഞ്ഞ ലോഹത്തിന്റെ 5 മീറ്ററോളം നീളമുള്ള ‘കഴുക്കോലാ‘ണ് ഉപയോഗിക്കുന്നതെന്ന് മാത്രം. പണ്ടിലൂടെയുള്ള സവാരിയായതുകൊണ്ട് ഈ യാത്രയെ ‘പണ്ടിങ്ങ് ‘ എന്ന് വിളിക്കുന്നു.

പലതരം സവാരികളുണ്ട്. ഒറ്റയ്ക്ക് ഒരു പണ്ടില്‍ ഊന്നലു‍കാരനുമായി സവാരിയാകാം. അല്ലെങ്കില്‍ സ്വയം ‘പണ്ട് ‘ ഊന്നി പുഴയില്‍ കറങ്ങി നടക്കാം. ഊന്നലുകാരനുള്ളതും, പത്ത് പേര്‍ക്ക് ഇരിക്കാവുന്നതുമായ പണ്ടില്‍ സംഘമായി സവാരിയാകാം.

1. ഗൈഡ് ടു കോളേജ് ബാക്ക്‌‍സ്,
2. ഗൈഡ് ടു ഗ്രാന്‍‌‌‍ഡ്‌ചെസ്‌റ്റര്‍,
3. ഗൈഡ് ടു കേംബ്രിഡ്‌ജ് പബ്‌സ്,....ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഇതെല്ലാം ഒന്നൊന്നായി ചെയ്യുകയുമാവാം.

തൊട്ടടുത്ത കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് ഊന്നലുകാരില്‍ ഭൂരിഭാഗവും. പോക്കറ്റ് മണിയുണ്ടാക്കാനും ജീവിതച്ചിലവുകള്‍ നടത്തിക്കൊണ്ടുപോകാനും അവര്‍ക്ക് പണ്ടിങ്ങ് നല്ലൊരു ഉപാധിയാണ്.

പിന്നീട് കൂടുതല്‍ സമയം കളയാനൊന്നും നിന്നില്ല. 10 പൌണ്ടിന്റെ ടിക്കറ്റെടുത്ത് (അതിലും കുറച്ച് കിട്ടിയില്ല) 5 മിനിറ്റ് കാത്ത് നിന്നപ്പോഴേക്കും നാലഞ്ച് യാത്രക്കാര്‍ കൂടെ വന്നു. യാത്രക്കാര്‍ വന്നാലും ഇല്ലെങ്കിലും ഒരാളെ വെച്ചും പറഞ്ഞ സമയത്ത് തന്നെ ‘പണ്ട് ‘ വിട്ടിരിക്കും. ഞങ്ങളുടെ പണ്ടില്‍ ഞാനടക്കം വിവിധ രാജ്യക്കാരായ 7 പേര്‍ ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ പതുക്കെ കരയില്‍ നിന്ന് നീങ്ങിത്തുടങ്ങി.

യൂണിവേഴ്‌സിറ്റി ബാക്ക് റൈഡ് എന്ന യാത്രയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. കേംബ്രിഡ്ജിലെ 31 കോളേജുകളില്‍ പേരുകേട്ട പല കോളേജുകളുടേയും പുറകിലൂടെ കേം നദി ഒഴുകുന്നുണ്ട്. 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന യാത്രയില്‍ എല്ലാ കോളേജുകളുടെ ചരിത്രവും അവിടെ നടന്നിട്ടുള്ള കാര്യങ്ങളുമൊക്കെ രസകരമായി വിശദീകരിച്ചുതന്നു സ്റ്റീവെന്ന് പേരുള്ള ചുറുചുറുക്കുള്ള ഊന്നലു‍കാരന്‍.

‘പണ്ടിങ്ങ് ‘ തുടങ്ങുന്ന കരയുടെ മറുവശത്തുതന്നെ 1542 ല്‍ ഹെന്‍‌ട്രി എട്ടാമന്‍ സ്ഥാപിച്ച മൌഡ്‌ലിന്‍ കോളേജ് (Magdalene College-Pronounced "Maudlin") കണ്ടു. ഉടനെ തന്നെ ‘പണ്ട് ‘ തൊട്ടടുത്തുള്ള ഒരു ഉയരം കുറഞ്ഞ പാലത്തിനടിയിലേക്ക് കടന്നു. ഈ സമയത്ത് സ്റ്റീവ് ഊന്നലൊക്കെ നിറുത്തി‍ കുമ്പിട്ടിരുന്നു. അല്ലെങ്കില്‍, പാലത്തില്‍ ‘മൂക്കിന്റെ പാലം‘ ഇടിച്ച് അയാള്‍ വെള്ളത്തില്‍ വീഴുമെന്നതിന് ഒരു സംശയവും വേണ്ട.

മൌഡ്‌ലിന്‍ പാലമായിരുന്നു കേംബ്രിഡ്‌ജിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിഡ്‌ജിങ്ങ് കേന്ദ്രം. കൊല്ലവര്‍ഷം 731 ല്‍ ‘ഗ്രേറ്റ് ബ്രിഡ്‌ജ് ‘ എന്ന് വിളിക്കപ്പെട്ട നഗരത്തിലെ ആദ്യത്തെ പാലം ഈ സ്ഥാനത്ത് ഉണ്ടാക്കപ്പെട്ടു. അത് ‘ കേം ബ്രിഡ്‌ജ് ‘എന്ന പേരില്‍ അറിയപ്പെടുകയും, പിന്നീട് ഈ നഗരത്തിന്റെ തന്നെ പേരായി മാറുകയും ചെയ്തു. ഇപ്പോളവിടെയുള്ള കാസ്റ്റ് അയേണ്‍ പാലം 1823 ല്‍ പുതുക്കി നിര്‍മ്മിച്ചതാണ്.

‘പണ്ട് ‘ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടാക്കിയ ബ്രിഡ്‌ജ് ഓഫ് സൈസ് (Bridge of sighs) കണ്ടു. ഈ പാലമാണ് കേം നദിക്ക് കുറുകെയുള്ളതില്‍ ഏറ്റവും പേര് കേട്ടതത്രേ. മറ്റ് പാലങ്ങള്‍ക്കൊന്നും ഇല്ലാത്ത ഒരു മേല്‍ക്കൂര ഉണ്ടെന്നത് ഈ പാലത്തിന്റെ പ്രത്യേകതയാണ്.

സെന്റ് ജോണ്‍‌സ് കോളേജിന് പുറകിലാണ് ബ്രിഡ്‌ജ് ഓഫ് സൈസ്. 1511 ല്‍ ഉണ്ടാക്കിയ സെന്റ് ജോണ്‍‌സ് കോളേജ് പുഴക്കരയില്‍ നിന്നും മരങ്ങള്‍‍ക്കിടയിലൂടെ കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു.

രണ്ട് പാലങ്ങള്‍ പുറകിലുള്ള കോളേജെന്ന ബഹുമതി കൂടെ സെന്റ് ജോണ്‍സ് കോളേജിനുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലുണ്ടാക്കിയ രണ്ടാമത്തെ പാലത്തെ കിച്ചണ്‍ ബ്രിഡ്‌ജ് എന്നാണ് വിളിക്കുന്നത്.

ഓരോ പാലവും കഴിയുമ്പോഴേക്കും ഓരോ കോളേജുകള്‍. എല്ലാം പഴയകാല കെട്ടിടനിര്‍മ്മാണരീതിയുടെ മനോഹാരിത വിളിച്ചോതുന്ന തരത്തിലുള്ളത്. അതൊക്കെ കണ്‍നിറയെ കണ്ട് പടങ്ങളൊക്കെ എടുത്ത് കഴിയുമ്പോഴേക്കും അടുത്ത കോളേജിന്റെയോ പാലത്തിന്റേയോ വരവായി. അതിനിടയില്‍ ചുറ്റുമുള്ള വള്ളങ്ങളും, കാഴ്ച്ചകളും, കരയിലും പാലങ്ങളിലുമൊക്കെ നില്‍ക്കുന്ന ജനങ്ങളേയുമൊക്കെ ശ്രദ്ധിക്കണം. രണ്ട് കണ്ണും ഒരു ക്യാമറാക്കണ്ണും ഒന്നിനും തികയാതെ പോയ നിമിഷങ്ങള്‍.

അപ്പോഴതാ പ്രശസ്തമായ ട്രിനിറ്റി കോളേജ് കാണായിത്തുടങ്ങി. പ്രിന്‍സ് ചാള്‍സിന്റെ ട്രിനിറ്റി കോളേജിലെ മുറി പണ്ടില്‍ ഇരുന്നുതന്നെ കണ്ടു. മുറികള്‍ എന്ന് പറയുന്നതാവും ഭംഗി. ചാള്‍സിന്റെ ആവശ്യപ്രകാരം 12 മുറികള്‍ക്ക് തത്തുല്യമായ ഇടമാണത്രേ യൂണിവേഴ്സിറ്റിക്കാര്‍ വിട്ട് കൊടുത്തത്. നാലാള്‍ തിങ്ങി ഞെരിഞ്ഞ് ജീവിച്ചിരുന്ന കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 207 )ം നമ്പര്‍ മുറി പെട്ടെന്ന് മനസ്സിലൂടെ കടന്നുപോയി. രാജകുടുംബത്തില്‍ ജനിച്ചില്ലെങ്കില്‍ അങ്ങിനെയൊക്കെ ഹോസ്റ്റല്‍ ജീവിതം നയിക്കേണ്ടിവരുമെന്ന് സ്വയം ആശ്വസിപ്പിക്കുകയും ചെയ്തു.

ചാള്‍സ് രാജകുമാരനും, ജവഹര്‍ലാല്‍ നെഹ്രുവും കൊച്ചുമകന്‍ രാജീവ് ഗാന്ധിയുമടക്കം ലോകം കണ്ട ഒരുപാട് പ്രമുഖരും, പ്രശസ്തരുമാക്കെ പഠിച്ചിരുന്ന, 1546 ല്‍ ഹെട്രി എട്ടാമന്‍ സ്ഥാപിച്ച, 460 കൊല്ലത്തിലധികം പഴക്കമുള്ളതും, സര്‍ ഐസക്ക് ന്യൂട്ടന്റെ പുസ്തകങ്ങളും, സ്വകാര്യ കുറിപ്പുകളും,കടലാസുകളുമൊക്കെ സൂക്ഷിക്കുന്ന ലൈബ്രറിയുമൊക്കെയുള്ള ട്രിനിറ്റി കോളേജ് ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു. കുറച്ചൊക്കെ ക്യാമറയേയും കാണിച്ചുകൊടുത്തു.

നദിക്കരയില്‍ വെള്ളത്തിലേക്ക് കാലുകള്‍ നീട്ടിയിട്ട് കാഴ്ച്ചകള്‍ കണ്ടും, മനോഹരമായ പുല്‍ത്തകിടിയില്‍ പുസ്തകങ്ങള്‍ വായിച്ചും ഇരിക്കുന്ന വിദ്യാര്‍ത്ഥികളെക്കൂടാതെ, പരസ്പരം പുണര്‍ന്ന് കൊക്കുരുമ്മിയിരിക്കുന്ന കാമുകീകാമുകന്മാരേയും അവിടവിടെയായി കണ്ടു. ആരിലും പ്രണയം ജനിപ്പിക്കാന്‍ പോന്ന ഒരു അന്തരീക്ഷം ആ കോളേജുകളുടെയെല്ലാം കാമ്പസിനകത്തും നദിക്കരയിലും ഉണ്ടെന്നുള്ളതില്‍‍ ഒരു സംശയവും വേണ്ട. കുറേയധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേം നദിക്കരയിലെ മനം മയക്കുന്ന ഈ പുല്‍ത്തകിടിയിലും, ഉദ്യാനങ്ങളിലുമൊക്കെ രാജീവ് ഗാന്ധി തന്റെ പ്രിയതമ സോണിയാ മെയ്‌നോയുമായി കറങ്ങിനടന്നിരുന്നുകാണുമല്ലേ ?!

ട്രിനിറ്റി കോളേജ് കഴിഞ്ഞ് പുഴ ചെറുതായൊന്ന് വളഞ്ഞ് നിവരുമ്പോഴേക്കുമതാ ട്രിനിറ്റി ബ്രിഡ്‌ജിന്റെ വരവായി. ആഭ്യന്തരയുദ്ധം നടക്കുന്ന കാലത്ത് 1643ല്‍ നശിപ്പിക്കപ്പെട്ട മറ്റൊരു പാലത്തിന് പകരമായാണ് ട്രിനിറ്റി ബ്രിഡ്‌ജ് പണികഴിപ്പിക്കപ്പെട്ടത്.

കഥകള്‍ ഓരോന്ന് പറഞ്ഞുതന്ന്, പണ്ട് ഊന്നി നീക്കിക്കൊണ്ടിരുന്നു നിയമ വിദ്യാര്‍ത്ഥിയായ സ്റ്റീവ്. അപ്പുറത്തും ഇപ്പുറത്തും നീങ്ങുന്ന പണ്ടിലുള്ളവരെല്ലം ഈ കഥകള്‍ ശ്രദ്ധിക്കുന്നുണ്ട്. മറ്റ് പണ്ടുകള്‍ ഊന്നുന്നവരുടെ വിവരണങ്ങള്‍ ഞങ്ങള്‍ക്കും കേള്‍ക്കാം. എല്ലാവരും പരസ്പരം സംസാരിച്ച് കളിച്ച് ചിരിച്ച് കോളേജ് കാലഘട്ടത്തിലേതുപോലൊരു ഉല്ലാസ യാത്ര.

പണ്ട് വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍‍ ആധുനിക ഭാവങ്ങളുള്ള ഒരു പാലം കണ്ടു. കണ്ടാല്‍ ആധുനികനാണെങ്കിലും ഇതിനും 48 കൊല്ലത്തെ പഴക്കമുണ്ട്. 1950 ല്‍ ട്രിനിറ്റി കോളേജിനും, ട്രിനിറ്റി ഹാളിനും ഇടയില്‍ ഒരു പാലം പണിയാനുള്ള ഡിസൈനുവേണ്ടി ഒരു മത്സരം തന്നെ സംഘടിപ്പിക്കുകയുണ്ടായി. ഒരു വിദ്യാര്‍ത്ഥിയാണ് വളരെ ബലമുള്ളതും അതേസമയം ഭാരം കുറഞ്ഞതുമായ ഡിസൈന്‍ ഉണ്ടാക്കി മത്സരത്തില്‍ വിജയിച്ചത്. 1960 പണികഴിപ്പിച്ച ഈ പാലം ഗാരെറ്റ് ഹോസ്റ്റല്‍ ബ്രിഡ്ജ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഗാരെറ്റ് ഹോസ്റ്റല്‍ ബ്രിഡ്ജിനോട് ചേര്‍ന്ന് കുറച്ച് ആധുനികതയുള്ള മറ്റൊരു കെട്ടിടം കണ്ടു. നിയമപഠനത്തിന് പേരുകേട്ടതും 1350 സ്ഥാപിക്കപ്പെട്ടതുമായ ട്രിനിറ്റി ഹാളിന്റെ പിന്നാമ്പുറത്ത് 1999 ല്‍ നിര്‍മ്മിച്ച ജെര്‍വുഡ് ലൈബ്രറി കെട്ടിടമാണത്. പാലത്തിനുമുകളിലും ലൈബ്രറിയുടെ വെളിയിലുമൊക്കെയായി പണ്ടിങ്ങൊക്കെ കണ്ടാസ്വദിച്ച് നില്‍ക്കുന്ന ജനങ്ങളെ കൂടുതലും ഇവിടെയാണ് കാണാന്‍ സാധിച്ചത്.

അടുത്തതായി കണ്ടത് 17 ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതും നിലവില്‍ കാം നദിയ്ക്ക് കുറുകെയുള്ളതില്‍ ഏറ്റവും പഴക്കമുള്ളതുമായ ക്ലേര്‍ ബ്രിഡ്‌ജാണ്. കേംബ്രിഡ്‌ജിലെ കോളേജുകളുടെ പഴക്കത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന 1326 സ്ഥാപിതമായ ക്ലേര്‍‍ കോളേജ്(Clare College) , അവിടന്ന് അധികം ദൂരെയല്ലാതെ കാണുന്നുണ്ട്. ഈ കോളേജിന്റെ പൂന്തോട്ടമാണ് കേംബ്രിഡ്‌ജിലെ ഏറ്റവും മികച്ച കോളേജ് പൂന്തോട്ടമായി കണക്കാക്കപ്പെടുന്നത്. പക്ഷെ, പണ്ടിലിരുന്ന് മതില്‍ക്കെട്ടിനകത്തുള്ള ആ പൂന്തോട്ടം കാണാന്‍ പറ്റില്ലെന്നുള്ളത് ഒരു സങ്കടമായി.

ക്ലേര്‍ കോളേജിനെ തൊട്ടുരുമ്മിയാണ് കിങ്ങ്‌സ് കോളേജ് നില്‍ക്കുന്നത്. 1441 ല്‍ ഹെന്‍‌ട്രി ആറാമനാണ് കിങ്ങ്‌സ് കോളേജ് സ്ഥാപിച്ചതെങ്കിലും അദ്ദേഹത്തിന് ഈ കോളേജിനെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. 100 കൊല്ലത്തിന് മേല്‍ സമയം എടുക്കുകയും 5 രാജാക്കന്മാരുടെ കാലങ്ങളിലൂടെയുമാണ് ഈ കോളേജ് അതിന്റെ പൂണ്ണാവസ്ഥയിലെത്തിച്ചേര്‍ന്നത്. ശരിക്കും കിങ്ങ്‌സ് കോളേജ് എന്ന പേരിന് ഈ സ്ഥാപനം അര്‍ഹിക്കുന്നുണ്ടെന്നാണ് ആ കഥ കേട്ടപ്പോള്‍ തോന്നിയത്.

അവിടന്നങ്ങോട്ട് ഒരു ഇടവേളയ്ക്ക് ശേഷമാണ് ക്വീന്‍സ് കോളേജ് കാണാറായത്. 1448 ല്‍ ഹെന്‍‌ട്രി ആറാമന്റെ ഭാര്യയാണ് ഈ കോളേജ് സ്ഥാപിച്ചതെങ്കിലും പിന്നീട് എഡ്‌വേഡ് നാലാമന്റെ ഭാര്യ ഈ കോളേജിനെ പുനഃസ്ഥാപിക്കുകയുണ്ടായി.

ക്വീന്‍സ് കോളേജിന് പുറകിലായി കാം നദിക്ക് കുറുകെ മരത്തിലുണ്ടാക്കിയിട്ടുള്ള ഒരേയൊരു ബ്രിഡ്ജ് ആരുടേയും ശ്രദ്ധപിടിച്ചുപറ്റും. ഒരു സിവില്‍ എഞ്ചിനീയറുടെ കൌതുകമുണര്‍ത്താന്‍ പോന്ന എല്ലാ ചേരുവകളും ആ പാലത്തിലുണ്ട്. ഈ പാലം ആദ്യം ഉണ്ടാക്കിയത് 1749 ല്‍ ആണെങ്കിലും, ഇപ്പോളവിടെയുള്ളത് തേക്ക് മര‍ത്തിലുണ്ടാക്കിയ അതിന്റെ രണ്ടാമത്തെ അനുകരണമാണ്. ഈ പാലത്തിനെ ഒരു രാത്രികൊണ്ട് അഴിച്ച് നോക്കിയ രണ്ട് വിദ്യാര്‍ത്ഥികള്‍, അത് തിരികെ കൂട്ടിച്ചേര്‍ക്കാന്‍ പരാജയപ്പെട്ട് ആപ്പിലായ കഥ സ്റ്റീവ് പറഞ്ഞത് കേട്ടപ്പോള്‍ ചിരി പൊട്ടി.

ക്വീന്‍സ് കോളേജ് കഴിഞ്ഞ് കുറച്ചൂടെ മുന്നോട്ട് നീങ്ങുന്നതോടെ ജലയാത്രയുടെ അവസാനമായി. ഇനി വന്നവഴിയിലൂടെ തന്നെ മടക്കയാത്ര. സ്റ്റീവ് ‘പണ്ട് ‘ തിരിച്ചു. മടക്കയാത്രയില്‍, ഇതുവരെ കണ്ടതിലും കേട്ടതിലുമൊക്കെ സംശയമുള്ള കോളേജുകളെപ്പറ്റിയും പാലങ്ങളെപ്പറ്റിയും പലരും സ്റ്റീവിനോട് വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും, പ്രഗത്ഭന്മാരായ പല വ്യക്തികളും പഠിച്ചിരുന്നതുമായ പേരുകേട്ട ഒരുപാട് കോളേജുകളുടെ പിന്നാമ്പുറത്തൂടെ ഒരു ജലയാത്ര നടത്താനുള്ള ഭാഗ്യമെങ്കിലും എനിക്കിതാ കിട്ടിയിരിക്കുന്നു. കേംബ്രിഡ്ജിലൊന്നും പഠിച്ചില്ലെന്നുള്ള വിഷമം ഇതോടെ അവസാനിച്ചിരിക്കുന്നു. ഇനി ഒരു പരാതിയുമില്ല.

ഫിനിഷിങ്ങ് പോയന്റില്‍ നിന്നും മടങ്ങി സ്റ്റാര്‍ട്ടിങ്ങ് പോയന്റിലേക്കുള്ള യാത്രയില്‍ പലയിടത്തും പണ്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതുകണ്ടു. പെട്ടെന്ന് മറിഞ്ഞ് വെള്ളം കയറുന്നതരത്തിലുള്ളതാണ് ഈ പണ്ടുകള്‍ എന്ന് തോന്നുമെങ്കിലും ഇവയെല്ലാം വളരെ സന്തുലിതമായിട്ടുള്ളതാണ്.

അതിനിടയില്‍, സ്വയം പണ്ട് ഊന്നാന്‍ ഇറങ്ങിത്തിരിച്ച് പെട്ടുപോയ ചിലരെ പലയിടത്തായി കാണുകയുണ്ടായി. വിദേശികളും, ദൈവത്തിന്റെ സ്വന്തം നാട്ടുകാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ജീവിതത്തിലൊരിക്കലെങ്കിലും ഒരു വള്ളത്തിന്റെ തുഴയോ മറ്റോ കൈയ്യിലെടുക്കാത്തവര്‍ക്ക് ഊന്ന് വള്ളം കുത്തിനീക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യാത്രക്കാരുടെ മേല്‍ വെള്ളം വീഴാതിരിക്കാനായി കഴുക്കോല്‍ മേലോട്ട് തന്നെ ഉയര്‍ത്തണമെന്നതാണ് ഒരു അലിഖിത നിയമം. വെള്ളത്തില്‍ ഊന്നിയ കഴുക്കോല്‍ ചെറുതായി ഒന്ന് തിരിച്ചതിന് ശേഷമാണ് ഊരിയെടുക്കേണ്ടത്. അല്ലെങ്കില്‍ ചിലപ്പോള്‍ കഴുക്കോല്‍ വെള്ളത്തിനടിയിലെ ചെളിയില്‍ത്തന്നെ പുതഞ്ഞിരിക്കും.

പെട്ടെന്ന് രണ്ട് പണ്ടുകള്‍‍ തമ്മില്‍ കൂട്ടിയിടിച്ചു. അതിലൊരു ‘പണ്ട് ‘ ഇത്തിരി വേഗതയിലായിരുന്നതുകൊണ്ട് എല്ലാവരും ആ ഇടി പ്രതീക്ഷിച്ചതായിരുന്നെന്ന് തോന്നി. പക്ഷെ ഇടികൊണ്ട പണ്ടിനെ ഊന്നുന്ന ചെറുപ്പക്കാരന്‍, ആ ഇടിക്ക് അത്ര പ്രാധാന്യം കൊടുത്തില്ലെന്ന് തോന്നുന്നു. അതിന്റെ അനന്തരഫലമോ ? ബാലന്‍സ് നഷ്ടപ്പെട്ട് അയാള്‍ തലയും കുത്തി വെള്ളത്തിലേക്ക് വീണു. പക്ഷെ, സെക്കന്റുകള്‍ക്കകം വെള്ളത്തില്‍ നിന്ന് അയാള്‍ പണ്ടിലേക്ക് നീന്തിക്കയറിയപ്പോള്‍ ചുറ്റുമുള്ള പണ്ടുകളില്‍ നിന്ന് കയ്യടിശബ്ദം ഉയര്‍ന്നു. ചിലരെല്ലാം പുള്ളിയുടെ വീഴ്ച്ച ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പകച്ചിരുന്ന് പോയതുകാരണം എനിക്കതിനായില്ല. എങ്കിലും ഞാനാ കയ്യടിയില്‍ പങ്കുചേര്‍ന്നു.

“നീയെത്ര പ്രാവശ്യം വെള്ളത്തില്‍ ഇതുപോലെ വീണിട്ടുണ്ട് സ്റ്റീവേ ? “

എന്റെ മുന്നിലിരിക്കുന്ന കക്ഷിയുടേതാണ് ചോദ്യം.

“ 11 പ്രാവശ്യം “ തെല്ലുപോലും ആലോചിച്ച് നില്‍ക്കാതെ സ്റ്റീവിന്റെ മറുപടി വന്നു.

ഞാനപ്പോഴാണ് നദിയുടെ ആഴം ശ്രദ്ധിച്ചത്. 8 – 10 അടി, അത്രേയുള്ളൂ. പക്ഷെ നീന്തലറിയാത്തവര്‍ക്ക് മുങ്ങിച്ചാകാന്‍ ഒരു ബക്കറ്റ് വെള്ളമായാലും മതിയല്ലോ ?!

പണ്ട് കരയില്‍ അടുക്കുന്നതിന് മുന്‍പായി തൊട്ട് മുന്‍പിലിരുന്നിരുന്ന ഫാമിലി അവരുടെ ക്യാമറ എന്റെ നേര്‍ക്ക് നീട്ടി. അവരുടെ ഒരു കുടുംബചിത്രം എടുത്തുകൊടുത്തതിന് പകരം അവര്‍ എന്റേയും ഒന്നുരണ്ട് പടങ്ങള്‍ എടുത്തുതന്നു.

പണ്ട് കരയിലേക്ക് അടുത്തു. സ്റ്റീവിന് നന്ദി പറഞ്ഞ് എല്ലാവരും കരയ്ക്കിറങ്ങി. പണ്ടിങ്ങിനിടയില്‍ മറന്നുകിടക്കുകയായിരുന്ന വിശപ്പ് വീണ്ടും തലപൊക്കിത്തുടങ്ങി. റസ്റ്റോറന്റിലേക്ക് നടക്കുമ്പോഴേക്കും ഹോപ്പ് ഓണ് ഹോപ്പ് ഓഫ് ബസ്സ് വരുന്നതു കണ്ടു. ഭക്ഷണം പിന്നെ കഴിക്കാമെന്ന് കരുതി ഓടിച്ചെന്ന് ബസ്സില്‍ കയറി. ആ സ്റ്റോപ്പില്‍ നിന്ന് കുറച്ചധികം ആളുകള്‍ കയറിയതുകാരണം ബസ്സിന്റെ മുകളില്‍ സീറ്റ് കിട്ടിയില്ല. ബസ്സ് അടുത്ത സ്റ്റോപ്പിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോഴേക്കും അവിടന്ന് ബസ്സില്‍ കയറിയവരെ സ്വാഗതം ചെയ്തുകൊണ്ട് ഹെഡ് സെറ്റിലൂടെ വിവരണങ്ങള്‍ പുനരാരംഭിച്ചു.

പതിമൂന്നാമത്തെ സ്റ്റോപ്പായ അമേരിക്കന്‍ മിലിറ്ററി സെമിത്തേരികൂടെ കാണാനുള്ള സമയമേ എനിക്കിനി അവശേഷിക്കുന്നുള്ളൂ. അതിനിടയില്‍ വിശപ്പിന്റെ വിളി ഒതുക്കാനുള്ള എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടാക്കണം.

സെമിത്തേരിയുടെ മുന്നില്‍ ഒരു തട്ടുകടയെങ്കിലും കാണാതിരിക്കില്ല. അങ്ങെത്തട്ടെ എന്നിട്ടാലോചിക്കാം. പിന്നീടുള്ള എല്ലാ സ്റ്റോപ്പുകളിലും ബസ്സ് നിറുത്തിയെങ്കിലും അധികം ആരും ഇറങ്ങുകയും കയറുകയും ചെയ്യുന്നില്ലായിരുന്നു.

ബസ്സ് സെമിത്തേരിയുടെ മുന്നിലെത്തിയപ്പോള്‍ ബസ്സിലിരുന്ന് തന്നെ ഞാനാ കാഴ്ച്ച കണ്ടു.

തുടരും......