ഇംഗ്ലണ്ടിലെ പീറ്റര്‍ബറോ എന്ന ഒരു കണ്ട്രിസൈഡ് പട്ടണത്തിലെ ഞങ്ങളുടെ വാടക വീട്ടില്‍ നിന്ന് നാഷണല്‍ എക്‍പ്രസ്സ് തീവണ്ടി കയറി കിങ്ങ്സ് ക്രോസ്സ് എന്ന പ്രധാന ജങ്ക്ഷനിലിറങ്ങി, അവിടന്ന് ലണ്ടന് മഹാനഗരത്തിന്റെ നാഡിഞരമ്പുകള്‍ പോലെ ഭൂമിക്കടിയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ട്യൂബ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന തീവണ്ടിപ്പാതകളിലെ നോര്‍ത്തേണ്‍ ശൃംഘലയിലേക്കും പിന്നീട് D.L.R. ശൃംഘലയിലേക്കുമൊക്കെ മാറിക്കയറി ‘കുട്ടി സാര്‍ക്ക് ‘ (Cutty Sark)എന്ന അവസാന സ്റ്റേഷനിലിറങ്ങുന്നതുവരെ, ചെറിയ ക്ലാസ്സുകളിലെ ഭൂമിശാസ്ത്ര പുസ്തകത്താളുകളിലെ എന്തെങ്കിലും പൊട്ടും പൊടിയുമൊക്കെ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
ചരിത്രബോധമില്ലാതെ നടത്തുന്ന യാത്രകള്‍ വിഫലമാണെന്ന ശ്രീ.സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ വാചകങ്ങള്‍ക്ക് ഈ അവസരത്തില്‍ ചെറുതായി ഒരു മാറ്റം വരുത്തി പറയേണ്ടിയിരിക്കുന്നു. ഈ യാത്രയില്‍ ചരിത്രത്തേക്കാളുപരി ഭൂമിശാസ്ത്രത്തെപ്പറ്റിയും, ബഹിരാകാശ ശാസ്ത്രത്തെപ്പറ്റിയുമൊക്കെയുള്ള ബോധമാണ് മുഖ്യം.
കുട്ടി സാര്‍ക്ക് സ്റ്റേഷനില്‍ ഇറങ്ങിയതിനുശേഷം നടന്നാണ് എന്റെ ലക്ഷ്യസ്ഥാനത്തേക്ക് പോകേണ്ടതെന്ന് മാത്രമേ എനിക്കറിയൂ. പക്ഷെ ഏത് ദിശയിലേക്കാണ് നടക്കേണ്ടതെന്ന് ഒരൂഹവുമില്ലായിരുന്നു. സ്റ്റേഷനുപുറത്തിറങ്ങി ഇടത്തുവശത്തേക്ക് നടന്നാല്‍ കാണുന്നത് നഗരത്തിന്റെ വിരിമാറിലൂടെ പ്രൌഢിയും ആഭിജാത്യവുമൊക്കെ പ്രകടിപ്പിച്ചുകൊണ്ടൊഴുകുന്ന തേംസ് നദിയാണ്. വലുതും ചെറുതുമായ ബോട്ടുകള്‍ നദിയിലൂടെ ഒഴുകുന്നു.
സ്വദേശികളും വിദേശികളുമായ യാത്രക്കാര്‍ കാഴ്ച്ചകള്‍ കാണാന്‍ ഇറങ്ങിയിരിക്കുന്ന ബോട്ടുകളാണ് അധികവും. ലണ്ടനില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തേംസിലൂടെയുള്ള ബോട്ട് യാത്ര. ചില ബോട്ട് സര്‍വ്വീസുകള്‍ കുട്ടി സാര്‍ക്കില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ആ ബോട്ടുകളൊന്നില്‍ കയറാനായി നദിക്കരയില്‍ തടിച്ചുകൂടിനില്‍ക്കുന്നവര്‍ക്കിടയില്‍ തേംസിലെ കാഴ്ച്ചകള്‍ കണ്ട് ഇളം കാറ്റേറ്റ് കുറച്ചുനേരം ഞാനും നിന്നു. ദൂരെ നദിക്കരയില്‍ മില്ല്യനിയം ഡോമും, ഗ്രീനിച്ച് പവര്‍ സ്റ്റേഷനുമൊക്കെ കാണാം.
ഇക്കരയിലുള്ള വളരെ പഴക്കം ചെന്ന ഒരു ഡോം ആരുടേയും ശ്രദ്ധപിടിച്ചുപറ്റും. തേംസ് നദിക്ക് അടിയിലൂടെ മറുകരയിലേക്കുള്ള ഗ്രീനിച്ച് ഫുട്ട് ടണലിന്റെ കവാടമാണത്. 1902 ല്‍ സാങ്കേതികവിദ്യകള്‍ അത്രയധികം പുരോഗമിക്കാത്ത കാലത്ത് ഉണ്ടാക്കി 100ല്‍പ്പരം വര്‍ഷങ്ങള്‍ക്കുശേഷവും അപകടങ്ങളൊന്നും ഇല്ലാതെ നിലനില്‍ക്കുന്ന ആ ടണല്‍ കണ്ടപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമാണ് എന്റെ മനസ്സിലേക്കോടി വന്നത്.
വഴി കൃത്യമായി അറിയാത്തത് ഒരുവിധത്തില്‍ നന്നായെന്ന് മനസ്സിലാക്കിയത് യാത്രയുടെ അന്ത്യത്തിലാണ്. വഴി കൃത്യമായി അറിയുമായിരുന്നെങ്കില്‍ നേരിട്ട് ലഷ്യസ്ഥാനത്ത് എത്തുമായിരുന്ന ഞാന്‍ വഴിയറിയാത്തതുകൊണ്ട് ചരിത്രപ്രാധാന്യമുള്ള ചില വീഥികളിലൂടെ നീങ്ങി, പുരാതനവും മനോഹരവുമായ ചില കെട്ടിടങ്ങളിലൂടെയൊക്കെ കയറിയിറങ്ങി ആ യാത്ര മറക്കാനാവാത്ത ഒരനുഭവമാക്കി മാറുകയായിരുന്നു.
തേംസിന്റെ അരികുപിടിച്ച് മുന്നോട്ട് നീങ്ങിയാല്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കും, ഓള്‍ഡ് നേവല്‍ കോളേജുമൊക്കെ അടങ്ങുന്ന ബാറോക്ക് ശൈലിയിലുള്ള കെട്ടിടസമുച്ചയത്തിന്റെ വിശാലമായ അങ്കണത്തിലേക്കാണ് ചെന്നുകയറുന്നത്. ക്യൂന്‍ മേരി (2)യുടെ ആഗ്രഹപ്രകാരം മുറിവേറ്റതും അംഗഭംഗം വന്നതുമായ നേവിക്കാര്‍ക്ക് വേണ്ടി നിര്‍മ്മിതമായ റോയല്‍ ഗ്രീന്‍വിച്ച് ആശുപത്രിയാണ് പിന്നീട് റോയല്‍ നേവി കോളേജ് ആയി മാറിയത്. ഇന്നാ കെട്ടിടങ്ങള്‍ ഗ്രീന്‍വിച്ച് യൂനിവേഴ്സിറ്റിയും ട്രിനിറ്റി കോളെജ് ഓഫ് മ്യൂസിക്കും ആയി പ്രവര്‍ത്തിക്കുന്നു. മ്യൂസിക്ക് കോളേജ് കെട്ടിടത്തിനകത്തുനിന്ന് കാറ്റിലൊഴുകിവരുന്ന വാദ്യോപകരണങ്ങളുടെ സംഗീതം ആസ്വദിച്ചുകൊണ്ട് ഞാനാ വിശാലമായ മതില്‍ക്കെട്ടിനകത്തുകൂടെ മുന്നോട്ടു നടന്നു.
നടപ്പാതകളൊന്നില്‍ കാല് കുത്തുമ്പോള്‍ ഹെന്‍റി 7-)മന്‍ ഉണ്ടാക്കിയതും ഹെന്‍റി 8-)മനും സഹോദരിമാരായ ക്യൂന്‍ മേരി (1)യും, ക്യൂന്‍ എലിസബത്ത് (1)ഉം ജനിച്ചുവളര്‍ന്നതുമായ ട്യൂ ഡോര്‍ കൊട്ടാരം ഇരുന്നതിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി തറയില്‍ സ്ഥാപിച്ചിട്ടുള്ള ഫലകം കാണാം. പാലസ് ഓഫ് പ്ലാസെന്‍ഷ്യ (Palace of Placentia) എന്നറിയപ്പെട്ടിരുന്ന ട്യൂഡോര്‍ കൊട്ടാരം ഇടിച്ചുനിരത്തിയാണ് റോയല്‍ ആശുപത്രി ഉണ്ടാക്കിയത്. 1427 നിര്‍മ്മിക്കപ്പെട്ട ട്യൂഡോര്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ 2005 ല്‍ നടത്തിയ ചില പുരാവസ്തു ഖനനത്തിന്റെ ഭാഗമായി കണ്ടെടുക്കുകയുണ്ടായി. രാജാക്കന്മാര്‍ കവാത്തുനടത്തിയിരുന്ന മുറ്റമാണതൊക്കെ എന്നോര്‍ക്കുമ്പോള്‍ ഒരുപാട് പുറകിലെവിടെയോ ഒരു കാലഘട്ടത്തില്‍ നില്‍ക്കുന്ന പ്രതീതിയാണ് ഉണ്ടാകുക.
ആശുപത്രി കെട്ടിടത്തിന്റെ ഒരു വശത്തായി പെയിന്റഡ് ഹാളും ചാപ്പലുമുണ്ട്. അള്‍ത്താരയിലും മേല്‍ക്കൂരയിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന പെയിന്റിങ്ങുകളാല്‍ മോടികൂട്ടിയിരിക്കുന്ന ചാപ്പലിന്റെ ഉള്‍ഭാഗം രാജകീയ പ്രൌഢി വിളിച്ചോതുന്ന തരത്തിലുള്ളതാണ്. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ മിനുങ്ങി നില്‍ക്കുന്ന പടുകൂറ്റന്‍ പൈപ്പ് ഓര്‍ഗന്‍ ഒരെണ്ണമാണ് ചാപ്പലിനകത്തെ വലിയൊരു ആകര്‍ഷണം. ഇംഗ്ലണ്ടിലെ പുരാതനമായ പള്ളികളിലെല്ലാം ഇത്തരം ഓര്‍ഗനുകള്‍ ഒരു സാധാരണ കാഴ്ച്ചമാത്രമാണ്.
ഓള്‍ഡ് നേവല്‍ കോളേജ് കാമ്പസിനകത്തെ കറക്കമൊക്കെ കഴിഞ്ഞെങ്കിലും ഞാനിപ്പോഴും ശരിയായ ലക്ഷ്യത്തിലെത്തിയിട്ടില്ല. കാമ്പസിന്റെ കിഴക്കുഭാഗത്തുള്ള ഗേറ്റ് വഴി പുറത്തിറങ്ങി കൂടുതല്‍ ജനങ്ങള്‍ സഞ്ചരിക്കുന്ന ദിശയിലേക്ക് ഒരു ഒഴുക്കിലെന്നപോലെ ഞാനും അലിഞ്ഞുചേര്‍ന്നു. പ്രൈം മെറീഡിയന്‍ ഈ ഭാഗത്തുകൂടെ എവിടെയോ കടന്നുപോകുന്നുണ്ട്. പക്ഷെ അതൊരു സാങ്കല്‍പ്പിക രേഖയായതുകൊണ്ട് അതിനെ ‘കാണണമെങ്കില്‍ ’ശാസ്ത്രീയമായി അത് രേഖപ്പെടുത്തിയിരിക്കുന്ന ഗ്രീന്‍വിച്ച് ഒബ്സര്‍വ്വേറ്ററി ടവറില്‍ത്തന്നെയെത്തണം. റോഡരുകില്‍ കണ്ട ഒരു ഭൂപടം സഹായിച്ചു. ഞാന്‍ നില്‍ക്കുന്നത് ഗ്രീന്‍വിച്ച് പാര്‍ക്കിന്റെ ഒരു കോണിലാണ്. പാര്‍ക്ക് മുറിച്ച് മുന്നോട്ട് നടന്നാല്‍ ഒബ്സര്‍വ്വേറ്ററി ടവറിലെത്താം. പക്ഷെ അതിനുമുന്‍പ് കാഴ്ച്ചകള്‍ ഒരുപാട് വഴിയില്‍ നിരനിരയായി നില്‍ക്കുന്നുണ്ട്.
ബ്രിട്ടീഷുകാരുടെ കപ്പലോട്ടത്തിന്റെ കഥകളും, 16 മുതല്‍ 20-)ം നൂറ്റാണ്ടുവരെ കടലില്‍ വെച്ചുനടത്തിയിട്ടുള്ള ഏറ്റുമുട്ടലുകളും, വേലിയേറ്റം വേലിയിറക്കം തിരമാലകള്‍ എന്നിവയെപ്പറ്റിയുള്ള പഠനങ്ങളും, ദൈനംദിനജീവിതം കടലുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നിങ്ങനെയുള്ള അറിവുകളുമൊക്കെ പകര്‍ന്നുതരാനായി നിലനില്‍ക്കുന്ന നാഷണല്‍ മാരിടൈം മ്യൂസിയവും 17-)ം നൂറ്റാണ്ടിലെ ക്യൂന്‍സ് ഹൌസും മ്യൂസിയം ഗാലറിയുമൊക്കെ അക്കാഴ്ച്ചകളില്‍പ്പെടും.
1616ല്‍ നിര്‍മ്മാണം ആരംഭിച്ച ക്യൂന്‍സ് ഹൌസ് ബ്രിട്ടനിലെ ആദ്യകാല ക്ലാസ്സിക്ക് കെട്ടിടങ്ങളില്‍ ആദ്യത്തേതാണ്. 1805ല്‍ ജോര്‍ജ്ജ് മൂന്നാമന്‍ ക്യൂന്‍സ് ഹൌസിനെ റോയല്‍ നേവി അസൈലത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോള്‍ അതിനകം ലളിതകലാപ്രദര്‍ശനങ്ങള്‍ക്കുള്ള ഒരു ഗാലറിയായി ഉപയോഗിക്കുന്നതിനു പുറമേ, ആര്‍ഭാട വിവാഹങ്ങള്‍ക്കും കോര്‍പ്പറേറ്റ് കമ്പനി സമ്മേളനങ്ങള്‍ക്കും മറ്റ് സ്വകാര്യ ചടങ്ങുകള്‍ക്കുമായി ഉപയോഗിച്ചുപോരുന്നു.
പാര്‍ക്കിനകത്തേക്ക് കടന്നതോടെ വിശപ്പിന്റെ വിളി വന്നു. ഇത്തരം യാത്രകള്‍ക്ക് ഇറങ്ങുമ്പോള്‍ ഭക്ഷണം കഴിക്കാനായി സമയം പാഴാക്കുന്ന പതിവെനിക്കില്ല. കൈയ്യിലുള്ള സമയം കൊണ്ട് പരമാവധി കാഴ്ച്ചകള്‍ കണ്ടുതീര്‍ക്കുക എന്നതാണ് നയം. വ്യത്യസ്ഥ രാജ്യങ്ങളിലെ തനതായ ഭക്ഷണത്തിനുവേണ്ടി സമയം ചിലവാക്കുന്നത് അത്താഴത്തിന്റെ സമയത്ത് മാത്രമാണ്. ക്യൂന്‍സ് ഹൌസിനു വെളിയിലെ പച്ചപ്പുല്‍പ്പരവതാനിയില്‍ തട്ടിത്തിളങ്ങുന്ന രാജപ്രഭയുള്ള വെയിലില്‍ നിന്നൊഴിഞ്ഞ്,കൈയ്യില്‍ കരുതിയിരുന്ന സാന്‍വിച്ചും ജ്യൂസും കഴിക്കാനായി ഒരു മരത്തിന്റെ തണലിലേക്ക് ഞാനിരുന്നു.
സാന്‍വിച്ച് കഴിച്ച് ക്യൂന്‍സ് ഹൌസിലെ പടുകൂറ്റന്‍ ഓയില്‍ പെയിന്റിങ്ങുകള്‍ കണ്ടുതീര്‍ത്തതിനുശേഷം മാരിടൈം മ്യൂസിയത്തിനകത്തേക്ക് കടന്നു. ഈ രണ്ടിടങ്ങളിലും ക്യാമറ ഉപയോഗിക്കാന്‍ പാടില്ല. അവിടത്തെ കാഴ്ച്ചകള്‍ക്കൊക്കെ മനസ്സിലേക്കുതന്നെ ഒപ്പിയെടുത്ത് വെളിയില്‍ കടന്നപ്പോള്‍ മാരിടൈം മ്യൂസിയത്തിന് പുറകിലായി ടൈറ്റാനിക്ക് മെമ്മോറിയല്‍ പാര്‍ക്ക് കണ്ടു. ഓര്‍മ്മപ്പൂവുകള്‍ എന്ന പാരമ്പര്യത്തില്‍പ്പെടുന്ന റോസ് മേരി, പര്‍പ്പിള്‍ സേജ്, ഐറിഷ് ഗോള്‍ഡന്‍ യൂ, പീസ് റോസസ് എന്നിങ്ങനെ എനിക്കിതുവരെ പരിചയമില്ലാത്തെ ചെടികളും പൂക്കളുമൊക്കെ നിറഞ്ഞ്, പാര്‍ക്കിന്റെ മതിലിനോട് ചേന്നുള്ള വീതികുറഞ്ഞ ഒരു പൂന്തോട്ടമാണത്. 1912 ഏപ്രില് 15ന് കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിമറഞ്ഞ ടൈറ്റാനിക്ക് എന്ന പടുകൂറ്റന്‍ കപ്പലിന്റെ ദുരന്ത ഓര്‍മ്മയുടെ 83-)ം വാര്‍ഷികദിനത്തില്‍ ആ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അന്ന് 15 വയസ്സുമാത്രമുണ്ടായിരുന്ന ശ്രീമതി എഡിത്ത് ഹെയ്സ്‌മാന്‍ (Edith Haiman)ആണ് ഈ പാര്‍ക്ക് ഉത്ഘാടനം ചെയ്തത്. ശ്രീമതി ഹെയ്സ്മാന്‍ 1997 ജനുവരി 20ന് തന്റെ 100-)ം വയസ്സില്‍ ടൈറ്റാനിക്ക് സഹയാത്രികരുടെ അടുക്കലേക്ക് യാത്രയാവുകയും ചെയ്തു.
ഗ്രീന്‍വിച്ച് പാര്‍ക്കിന്റെ പുല്‍ത്തകിടിയില്‍ ചിലയിടങ്ങളില്‍ ക്രിക്കറ്റ് കളിയും ബേസ് ബോള്‍ കളിയുമൊക്കെ നടക്കുന്നുണ്ട്. പാര്‍ക്കിന് നടുവിലൂടെ വൃക്ഷങ്ങള്‍ തണലുവിരിച്ച നടപ്പാതയിലൂടെ മുന്നോട്ട് നടന്ന് അല്‍പ്പം മുകളിലേക്ക് കയറിയാല്‍ ഓബ്സര്‍വേറ്ററി ടവറിലെത്താം. വേനല്‍ച്ചൂടില്‍ ടാന്‍ ഓയില്‍ മേലാകെ പുരട്ടി ഉണങ്ങാന്‍ കിടക്കുന്ന അര്‍ദ്ധനഗ്നരായ വെള്ളക്കാര്‍ക്ക് ഒരു ക്ഷാമവുമില്ല പാര്‍ക്കില്‍. സായിപ്പിന് ഇത് വേനല്‍ക്കാലമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണപ്പാടത്ത് പൊരിവെയിലില്‍ ജോലി ചെയ്യുന്ന എനിക്ക് 28 ഡിഗ്രി താപം ഒരിക്കലും വേനലല്ല.
ഏതോ ഒരു സ്കൂളില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളുടെ ഒരു വലിയ സംഘം നിരനിരയായി നീങ്ങുന്നത് ഒബസര്‍വേറ്ററി ടവറിലേക്കുതന്നെ ആയിരിക്കുമെന്ന് തോന്നി. അനുസരണയുള്ള ഒരു സ്കൂള്‍ കുട്ടിയെപ്പോലെ ഞാനും ആ ക്യൂവിന്റെ പുറകില്‍ ചേര്‍ന്ന് ഇരുമ്പ് കൈവരികള്‍ ഉറപ്പിച്ച പാതയിലൂടെ ഒബസര്‍വേറ്ററി ടവര്‍ ഇരിക്കുന്ന കൊച്ചു കുന്നിന്‍ മുകളിലേക്ക് കയറി.
ഒബ്സര്‍വേറ്ററി ടവറിന് മുന്നില്‍ നല്ല ജനത്തിരക്കുണ്ട്. 24 മണിക്കൂര്‍ ഡയലുള്ള 1852 ല്‍ സ്ഥാപിതമായ വട്ടത്തിലുള്ള ഷെപ്പേര്‍ഡ് ഗേറ്റ് ക്ലോക്കും, ഫീറ്റ് , യാര്‍ഡ് മുതലായ അളവുകള്‍ കാണിക്കുന്ന ഫലകങ്ങളുമൊക്കെയാണ് ടവറിനുമുന്നിലെ ആദ്യത്തെ കാഴ്ച്ച.
ഗേറ്റിനകത്ത് സന്ദര്‍ശകര്‍ നിരനിരയായി നില്‍ക്കുന്നതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാനല്‍പ്പം സമയമെടുത്തു. അവര്‍ ക്യൂ നില്‍ക്കുന്നത് കെട്ടിടത്തിനകത്തേക്ക് കയറാനല്ല. കെട്ടിടത്തിന് പുറത്തുതന്നെയുള്ള സ്റ്റീല്‍ നിര്‍മ്മിതമായതും അപൂര്‍ണ്ണവുമായ ഒരു ഗ്ലോബല്‍ മോഡലിന്റെ മുന്നിലേക്കാണ് ആ നിര നീളുന്നത്. ഓരോരുത്തരായി അച്ചുതണ്ടില്‍ ചരിഞ്ഞുനില്‍ക്കുന്ന ഭൂഗോളമാതൃകയുടെ കീഴിലൂടെ നീണ്ടു നിവര്‍ന്ന് കിടക്കുന്ന ലോഹത്തകിടിന് ഇരുവശത്തുമായി കാലുകളിട്ടും, ആ ലോഹത്തകിടിന്റെ ഇരുവശങ്ങളിലായി നിന്ന് ഹസ്തദാനം ചെയ്തുമൊക്കെ ഫോട്ടോകള്‍ എടുക്കുന്ന തിരക്കിലാണ്. ലോഹത്തകിടിന്റെ ഒരറ്റം ചുറ്റുമതിലിനടുത്ത് അവസാനിക്കുന്നു. മറ്റേ അറ്റം നീണ്ടുപോകുന്നത് ഒബ്സര്‍വേറ്ററി ടവറിനകത്തേക്കാണ്. പെട്ടെന്നെനിക്ക് കാര്യം പിടി കിട്ടി.
പ്രൈം മെറീഡിയന്‍ !!! അഥവാ 00 0‘ 0“ രേഖാംശം (Longitude).ആ സാങ്കല്‍പ്പികരേഖയെ ലോഹത്തകിടിന്റെ രൂപത്തിലിതാ തറയിലൂടെ വരച്ചുകാണിക്കുകയാണ്.
ഇക്വേറ്റര്‍ തെക്കിനേയും വടക്കിനേയും വേര്‍തിരിക്കുന്നതുപോലെ, കിഴക്കിനേയും പടിഞ്ഞാറിനേയും വേര്‍തിരിക്കുന്ന സാങ്കല്‍പ്പിക രേഖയാണ് പ്രൈം മെറീഡിയന്‍ അഥവാ ഗ്രീന്‍വിച്ച് മെറീഡിയന്‍. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ തറയില്‍ കാണുന്ന ലോഹത്തകിടിന്റെ ഒരു ഭാഗം കിഴക്കും മറുഭാഗം പടിഞ്ഞാറുമാണ്. സൂര്യന്‍ കൃത്യമായി പ്രൈം മെറീഡിയന് അല്ലെങ്കില്‍ ഈ ലോഹത്തകിടിന് മുകളില്‍ വരുമ്പോള്‍ ഗ്രീനിച്ച് സമയം ഉച്ചയ്ക്ക് 12 മണി എന്ന കണക്കാക്കപ്പെടുന്നു. നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് ഗ്രീനിച്ചിനെ അപേക്ഷിച്ച് (GMT) 5മണികൂര്‍ 30 മിനിറ്റ് മുന്നോട്ടാണ് സമയം.
സന്ദര്‍ശകര്‍ ലോഹത്തകിടിന്റെ ഇരുവശത്തുമായി കാലുകള്‍ ഊന്നിനിന്ന് ഫോട്ടോ എടുക്കുന്നതിന്റെ കാര്യം രസകരം തന്നെ. ഒരു കാല്‍ കിഴക്കും മറ്റേക്കാല്‍ പടിഞ്ഞാറുമാക്കി നില്‍ക്കുന്നതിനൊപ്പം പ്രൈം മെറീഡിയനെ കവച്ചുവെച്ച് നില്‍ക്കാന്‍ പറ്റുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ! രാത്രിയാകുമ്പോള്‍ തറയിലുള്ള ഈ പ്രൈം മെറീഡിയന് സമാന്തരമായി ഒബ്സര്‍വേറ്ററിയില്‍ നിന്നും അകാശത്തിലൂടെ പച്ച നിറത്തിലുള്ള ലേസര്‍ പ്രകാശരശ്മി തേംസിനെ മുറിച്ച് ലണ്ടന്‍ പട്ടണത്തിലേക്ക് കടക്കും. അക്കാഴ്ച്ച കാണണമെങ്കില്‍ ഇരുട്ടുവീഴുന്നതുവരെ ഗ്രീന്‍വിച്ചില്‍ കറങ്ങിത്തിരിഞ്ഞ് നിന്നാല്‍ മതി.
ഗ്രേറ്റ് ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്പെയിന്‍, അള്‍ജീരിയ, മാലി, ടോഗോ, ബുര്‍ക്കിനാ ഫാസോ, ഘാന, അന്റാര്‍ട്ടിക്ക എന്നീവടങ്ങളിലൂടെയാണ് പ്രൈം മെറീഡിയന്‍ കടന്നുപോകുന്നത്. എന്നിരുന്നാലും ഇംഗ്ലണ്ടിലൂടെ കടന്നുപോകുന്ന പ്രൈം മെറീഡിയന്റെ ഈ ഭാഗത്തിനാണ് പ്രാധാന്യം കൂടുതല്‍. അതിനുകാരണം സമുദ്രനിരപ്പില്‍ നിന്നും 154.70 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ഒബ്സര്‍വേറ്ററി ടവറാണ്, ഈ ടവറിനകത്ത് സ്ഥാപിച്ചിരിക്കുന്ന പുരാതനമായതും The Airy Transit Circle എന്ന പേരില്‍ അറിയപ്പെടുന്നതുമായ ടെലിസ്ക്കോപ്പാണ്. 1884 മുതല്‍ 1920 വരെ ഈ ടെലിസ്ക്കോപ്പാണ് പ്രൈം മെറീഡിയനെ നിര്‍വ്വചിച്ചിരുന്നത്. കെട്ടിടത്തിനകത്തുള്ള മറ്റ് പല ടെലിസ്ക്കോപ്പുകളേയും പോലെ തന്നെ പുരാതനമായ ഈ ദൂരദര്‍ശിനിയും എപ്പോള്‍ എവിടെവെച്ചാണ് Clock stars എന്നറിയപ്പെടുന്ന നക്ഷത്രങ്ങള്‍ ഈ ഉപകരണത്തിന്റെ നോര്‍ത്ത് സൌത്ത് രേഖയെ അഥവാ മെറീഡിയനെ മുറിച്ചുകടക്കുന്നത് എന്ന് അതിസൂക്ഷ്മമായി വീക്ഷിക്കുകയും അതിനനുസരിച്ച് പ്രൈം മെറീഡിയന്‍ നിര്‍വ്വചിക്കുകയുമാണ് ചെയ്യുന്നത്. 19-)ം നൂറ്റാണ്ടുവരെ ഭൂപടങ്ങളിലും ചാര്‍ട്ടുകളിലുമൊക്കെ മറ്റ് പല മെറീഡിയനുകളും ഉപയോഗിച്ചിരുന്നു. പക്ഷെ 1884 ല്‍ എല്ലാ ലോഞ്ചിറ്റ്യൂഡുകളും, കിഴക്കോട്ടോ പടിഞ്ഞാറേക്കോ ഉള്ള ദൂരവുമൊക്കെ ഗ്രീന്‍വിച്ചില്‍ നിന്ന് അളക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടി വരുകയാണുണ്ടായത്.
Airy Transit Circle ടെലിസ്ക്കോപ്പ് ഡിസൈന്‍ ചെയ്തത് 1835 മുതല്‍ 1881 വരെയുള്ള കാലഘട്ടത്തില്‍ ഏഴാമത് റോയല്‍ അസ്ട്രോണമര്‍ ആയിരുന്ന ജോര്‍ജ്ജ് എയറി (George Airy)ആയിരുന്നു. 1954 വരെ നിരന്തരമായി ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുകയും അക്കാലയളവില്‍ ശാസ്ത്രജ്ഞര്‍ 600,000ല്‍പ്പരം നിരീക്ഷണങ്ങള്‍ ഈ ദൂരദര്‍ശിനിയിലൂടെ നടത്തിക്കഴിയുകയും ചെയ്തിരുന്നു. ഇപ്പോഴും പ്രവര്‍ത്തനസജ്ജമായ ആ മുതുമുത്തച്ഛന്‍ ദൂരദര്‍ശിനി പഴയകാല പ്രതാപത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി ടവറിനകത്തെ ഒരു മുറി മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ടെലിസ്കോപ്പും പരീക്ഷണവസ്തുക്കളും മ്യൂസിയവുമൊക്കെ അടങ്ങിയ ഈ ഒബ്സര്‍വേറ്ററി ഒരിക്കല്‍ ബോംബാക്രമണത്തിന് ഇരയായിട്ടുണ്ട്. 1894ല്‍ നടന്ന ആ സംഭവമായിരിക്കണം ബ്രിട്ടണില്‍ നടന്ന ആദ്യത്തെ അന്താരാഷ്ട്ര ഭീകരാക്രമണം. 26 വയസ്സുള്ള മാര്‍ട്ടില്‍ ബോര്‍ഡിന്‍ എന്ന ഫ്രെഞ്ചുകാരനാണ് ആ ബോംബാക്രമണത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നതെന്ന് തെളിഞ്ഞെങ്കിലും, അയാള്‍ എന്തിനത് ചെയ്തു എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.
ടവറിനകത്ത് ഫോട്ടോ എടുക്കാന്‍ പാടില്ല എന്ന് കര്‍ശനമായ ഉത്തരവുണ്ടെങ്കിലും പലരും ചിത്രങ്ങള്‍ എടുക്കുന്നുണ്ടായിരുന്നു. ക്യാമറാ ക്ലിക്കിന്റെ ശബ്ദം കേട്ട് ജീവനക്കാരന്‍ ഒരാള്‍ ഓടി വന്ന് അവരെ വിലക്കുന്നുണ്ടായിരുന്നുവെങ്കി
ഐസക്ക് ന്യൂട്ടനെപ്പോലുള്ളവരോട് സഹകരിച്ചും ഇടഞ്ഞുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന, വരും തലമുറയ്ക്ക് വേണ്ടി
ആകാശത്തെ നക്ഷത്രങ്ങളെ സൂക്ഷമായി പിന്തുടര്‍ന്ന്, മഞ്ഞും വെയിലും കൊണ്ട് പനി പിടിച്ച് അനാരോഗ്യം സമ്പാദിച്ച, ജോണ്‍ ഫ്ലാംസ്റ്റീഡ് എന്ന പ്രശസ്തനായ ശാസ്ത്രജ്ഞനെപ്പോലുള്ളവരുടെ കണ്ടുപിടുത്തങ്ങളുടേയും കഷ്ടപ്പാടുകളുടെയുമൊക്കെ കഥകള്‍ അവതരിപ്പിക്കുന്ന ഒരു മ്യൂസിയമാണ് ആ കെട്ടിടത്തിനകത്ത്. ഐസക്ക് ന്യൂട്ടണുമായിട്ടുണ്ടായ ഉരസുലകള്‍ കാരണം, ബ്രിട്ടണിലെ ആദ്യത്തെ റോയല്‍ അസ്ട്രോണമറായിരുന്ന ഫ്ലാംസ്റ്റീഡ് ആദ്ദേഹത്തിന്റെ തന്നെ ചില കണ്ടുപിടുത്തങ്ങള്‍ അടങ്ങിയ Historia Coelestis Britiannica എന്ന ഗ്രന്ഥങ്ങളുടെ കോപ്പികള്‍ സംഘടിപ്പിച്ച് പരസ്യമായിട്ട് കത്തിച്ചത് ഇതേ കെട്ടിടത്തിന്റെ നടുമുറ്റത്തിട്ടാണ്. 1712ല്‍ ഐസക്ക് ന്യൂട്ടനും മറ്റൊരു സഹപ്രവര്‍ത്തകനായ എഡ്മണ്ട് ഹാലിയും ചേര്‍ന്ന്‍ ഫ്ലാംസ്റ്റീഡിന്റെ അനുവാദമില്ലാതെ ആ ഗ്രന്ഥം പ്രസിദ്ധീകരിക്കുക മാത്രമല്ല അതില്‍ എഴുത്തുകാരനായ ഫ്ലാംസ്റ്റീഡിന്റെ പേര് വെക്കുകയുമുണ്ടായില്ല എന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
എന്തുകൊണ്ട് സമയം ? എന്തുകൊണ്ട് ലോഞ്ചിറ്റ്യൂഡ് ? എന്നീ ചോദ്യങ്ങള്‍ക്ക് കാര്യകാരണങ്ങളൊക്കെ നിരത്തി വളരെ വിശദമായിത്തന്നെ ഉത്തരം തരുന്നുണ്ട് മ്യൂസിയത്തിനകത്ത്.
ഷോവെല്ല് (Shovell) കപ്പലപകടമാണ് അതില്‍ പ്രധാനപ്പെട്ട ഒരു കാരണം അഡ്മിറല്‍ സര്‍ ക്ലൌഡിസ്‌ലി ഷോവെല്ല് (Sir Clowdisley Shovell) എന്ന പ്രശസ്ത നാവികന്‍ അദ്ദേഹത്തിന്റെ ഫ്ലീറ്റിലെ 1400ല്‍ പ്പരം സഹനാവികരുമായി 1707 ഒക്‍ടോബര്‍ 22ന് ജിബ്രാല്‍ട്ടറില്‍ നിന്ന് ബ്രിട്ടണിലേക്കുള്ള മടക്കവഴിയില്‍ Isles of Scilly യുടെ അടുത്തുള്ള പാറക്കെട്ടുകളില്‍ത്തട്ടി നിമിഷനേരംകൊണ്ട് കടല്‍ത്തട്ടിലേക്കമര്‍ന്നു. ആ കപ്പലപകടത്തിന്റെ പ്രധാനകാരണം രേഖാംശത്തിന്റെ കൃത്യതയില്ലാത്ത സ്ഥാനനിര്‍ണ്ണയവും നാവികര്‍ക്ക് അതിനെപ്പറ്റിയുള്ള അജ്ഞതയുമൊക്കെയായിരുന്നു.
സൂര്യന്‍ അസ്ഥമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ബ്രിട്ടീഷുകാരുടെ നാവികസേന വളര്‍ന്നുവരാന്‍ തുടങ്ങിയതോടെ ഒരുമിക്ക കുടുംബങ്ങളില്‍ നിന്നും ആരെങ്കിലും ഒരാള്‍, അല്ലെങ്കില്‍ ഒരു ബന്ധു നാവികനായി കടലില്‍ ജീവിക്കുന്നുണ്ടാകും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചു. അക്കാലത്ത് ഒരു കപ്പല്‍ച്ഛേദം ഉണ്ടാകുകയോ മറ്റോ ചെയ്താല്‍ അതിന്റെ ഔദ്യോഗിക വാര്‍ത്ത മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞായിരിക്കും ചിലപ്പോള്‍ നാവികരുടെ കുടുംബങ്ങള്‍ അറിയുന്നതുതന്നെ. പലപ്പോഴും അങ്ങനൊരു വാര്‍ത്ത ആര്‍ക്കും കിട്ടിയെന്ന് തന്നെ വരില്ല. അങ്ങനൊരു സാഹചര്യത്തിലാണ് ലോഞ്ചിറ്റ്യൂഡ് കൃത്യമായി നിര്‍വ്വചിക്കാനും ഏകീകരിക്കാനും അതുവഴി ഭൂപടത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കാനും കപ്പലപകടങ്ങള്‍ ഇല്ലാതാക്കാനുമൊക്കെ വേണ്ടി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാര്‍ ശ്രമം തുടങ്ങിയത്.
സമയവും ലോഞ്ചിറ്റ്യൂഡുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത് അപ്പോള്‍ മാത്രമാണ്. ലോഞ്ചിറ്റ്യൂഡിന്റെ ഓരോ ഡിഗ്രിയും 60 മിനിറ്റായി വിഭജിച്ചിരിക്കുന്നു. അതില്‍ ഓരോ വിഭാഗത്തേയും വീണ്ടും അറുപത് സെക്കന്റുകളായി വിഭജിച്ചിരിക്കുന്നു എന്നതാണ് ആ ബന്ധത്തിന്റെ രത്നച്ചുരുക്കം.
താഴത്തെ നിലയിലുള്ള മ്യൂസിയത്തിലെ ചില മുറികള്‍ 30 വര്‍ഷത്തിലധികം കാലം ജോണ്‍ ഫ്ലാംസ്റ്റീഡിന്റെ താമസയിടമായിരുന്നു. അദ്ദേഹത്തിന്റെ കിടക്ക, കട്ടില്‍, മേശ, കസേര, കിടപ്പുമുറി, തുടങ്ങിയതെല്ലാം ഇപ്പോള്‍ മ്യൂസിയത്തിന്റെ ഭാഗമാണ്. താഴത്തെ നിലയിലെ കാഴ്ച്ചകള്‍ക്കുശേഷം മുകളിലെ നിലയിലുള്ള ഒക്‍ടഗണ്‍ റൂമിലേക്ക് കയറിയാല്‍ 32 ഇഞ്ചിന്റെ അസ്ട്രോണമിക്കല്‍ ക്വാഡ്രന്റും, വലിയ ചില ടെലിസ്കോപ്പുകളുടെ മാതൃകയുമൊക്ക കാണാം.
ഒബ്സര്‍വേറ്ററി കെട്ടിടത്തിന് പുറകിലുള്ള താരതമ്യേന പുതിയ പ്ലാനറ്റോറിയം കെട്ടിടത്തില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് സിനിമാ പ്രദര്‍ശനമുണ്ട്. 6 പൌണ്‍ കൊടുത്ത് ടിക്കറ്റെടുത്ത്, 22 മെയ് 2007ന് രാജ്ഞി ഉത്ഘാടനം ചെയ്ത ‘പീറ്റര്‍ ഹാരിസ്സണ്‍ പ്ലാനറ്റോറിയം‘ എന്ന കെട്ടിടത്തിനകത്തേക്ക് വലിയൊരു ജനക്കൂട്ടത്തിനൊപ്പം ഞാനും കടന്നു. 200 പേര്‍ക്കെങ്കിലും ഇരിക്കാവുന്ന വൃത്താകൃതിയിലുള്ള പ്ലാനറ്റോറിയത്തിലെ സ്ക്രീന്‍, തലയ്ക്ക് മുകള്‍ ഭാഗത്തായി 360 ഡിഗ്രിയില്‍ ചുറ്റി നില്‍ക്കുന്നു. കട്ടിയുള്ള ലോഹാവരണത്തിനുള്ളിലായതുകൊണ്ട് തീയറ്ററിനകത്ത് കടക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് വിശദമാക്കിത്തന്നതിനുശേഷം ജീവനക്കാരില്‍ ഒരാള്‍ ജനങ്ങള്‍ക്ക് നടുവില്‍ത്തന്നെയിരിക്കുന്ന പ്രത്യേകതരം പ്രൊജക്‍ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി.
മുകളിലേക്ക് മലര്‍ന്നുകിടന്ന് ‘ഐസ് വേള്‍ഡ് ‘ എന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും നമ്മള്‍ ജീവിക്കുന്ന ഈ കൊച്ചുഭൂമി,സൌരയൂഥത്തിലെ എത്ര മനോഹരവും അനുഗ്രഹീതവുമായ ഒരിടമാണെന്നുള്ള അറിവ് നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരുത്തന്റെ അഹങ്കാരവും അഭിമാനവും എനിക്കുണ്ടായിരുന്നു.നമ്മളെല്ലാ
ഞാന്‍ വീണ്ടും ഹെക്‍ടഗണ്‍ കെട്ടിടത്തിനടുത്തേക്ക് നടന്നു. നാണയം ഇട്ടാല്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും സംസാരിക്കുന്നതുമായ ഒരു ഇടത്തരം ടെലസ്ക്കോപ്പ് അവിടെയുണ്ട്. അതിലൂടെ ഗ്രീന്‍വിച്ചിന്റെ പരിസരമൊട്ടാകെ ഞാന്‍ നോക്കിക്കണ്ടു. വാന്‍ബറോ കാസില്‍, ലണ്ടന്‍ സിറ്റി എയര്‍പ്പോര്‍ട്ട്, മില്ല്യനിയം ഡോം, പവര്‍ സ്റ്റേഷന്‍, വണ്‍ കാനഡാ സ്ക്വയര്‍, പോസ്റ്റ് ഓഫീസ് ടവര്‍, സെന്റ് പോള്‍സ് കത്തീഡ്രല്‍, ടവര്‍ ബ്രിഡ്ജ്, നാറ്റ്‌വെസ്റ്റ്റ് ടവര്‍ തുടങ്ങിയ ദൂരക്കാഴ്ച്ചകളൊക്കെ അപ്പോള്‍ എന്റെ കൈയ്യെത്തുന്ന അത്ര അടുത്തായിരുന്നു.
ടെലിസ്ക്കോപ്പിനടുത്ത് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു കൊച്ചുമുറിയിലേക്ക് കറുത്ത കര്‍ട്ടന്‍ വകഞ്ഞുമാറ്റി കടന്നുപോകുന്ന ചുരുക്കം ചിലരെ ഞാനപ്പോള്‍ ശ്രദ്ധിച്ചു. നമ്മളൊക്കെ കയ്യില്‍ കൊണ്ടുനടക്കുന്ന ക്യാമറ എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ച ശാസ്ത്രവിദ്യയായ ക്യാമറ ഒബ്സ്ക്യൂറ (Camera Obscura) അവതരിപ്പിക്കുന്നത് ഈ ഇരുട്ടുമുറിയിലാണ്.
ക്യാമറ ഒബ്സ്ക്യൂറ (Camera Obscura) എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം ഇരുട്ടുമുറി (Darkened Chamber) എന്നാണ്‍. ഇരുളടഞ്ഞ ഒരു മുറിയിലെ ഒരു ചുമരിലെ ചെറുദ്വാരത്തിലൂടെ വീഴുന്ന പ്രകാശത്തിലൂടെ പുറത്തുള്ള ലോകത്തിന്റെ തലകീഴായ പ്രതിബിംബം മറുചുമരില്‍ കാണാമെന്നുള്ള സാങ്കേതികജ്ഞാനമാണ്, പിന്നീട് നൂറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങളിലൂടെ ലെന്‍സും കണ്ണാടികളുമൊക്കെ ഉപയോഗിച്ച് കൈയ്യില്‍ കൊണ്ടുനടക്കാന്‍ പാകത്തിനുള്ള ഒരു ‘ഡാര്‍ക്ക് റൂം‘ ആയ ക്യാമറയിലേക്ക് എത്തിച്ചേര്‍ന്നത്.
മുറിക്കകത്തെ കൂരിരുട്ടിനോട് കണ്ണൂകള്‍ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞപ്പോള്‍ മുറിയുടെ മദ്ധ്യത്തിലായി കിടക്കുന്ന വട്ടത്തിലുള്ള വെളുത്തനിറമുള്ള മേശ കാണാനായി. തൊട്ടുമുന്‍പ് സംസാരിക്കുന്ന ദൂരദര്‍ശിനിയിലൂടെ ഞാന്‍ കണ്ട കാഴ്ച്ചകളും, ഗ്രീന്‍വിച്ച് പാര്‍ക്ക്, ക്യൂന്‍സ് ഹൌസ്, മാരിടൈം മ്യൂസിയം എന്നിങ്ങനെയുള്ള തൊട്ടടുത്തുള്ള ദൃശ്യങ്ങളുടെയുമൊക്കെ ചലിക്കുന്ന പ്രതിബിംബം ആ മേശമുകളില്‍ നിറങ്ങളോട് കൂടെത്തന്നെ തെളിഞ്ഞുവന്നു. ഒരു ക്യാമറയ്ക്കുള്ളില്‍ നില്‍ക്കുന്ന പ്രതീതിയാണപ്പോള്‍ എനിക്കുണ്ടായത്. തുടക്ക കാലത്ത് ജോണ്‍ ഫ്ലാംസ്റ്റീഡ് സൂര്യന്റെ ഗതിവിഗതികള്‍ നീരീക്ഷിക്കാനായി ഉപയോഗിച്ചിരുന്ന ആ ഇരുട്ടുമുറിയില്‍ നിന്ന് ഞാന്‍ പുറത്തുകടന്നപ്പോഴേക്കും സമയം വൈകീട്ട് 5:30 കഴിഞ്ഞിരിരുന്നു. ഒബ്സര്‍വേറ്ററി ടവറിന് പുറത്ത് പ്രൈം മെറീഡിയന് മുന്‍പില്‍ അപ്പോഴും ഫോട്ടോ എടുക്കാനുള്ള നീണ്ട നിരയുണ്ട്.
ഒരു സാങ്കല്‍പ്പിക രേഖ കാണാന്‍ മാത്രമായി ഇറങ്ങിത്തിരിച്ച ഞാനിതാ ഒരുപാട് അനുഭവങ്ങളും അറിവുകളും ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു.മടങ്ങാനുള്ള സമയമാകുന്നു. പക്ഷെ എന്റെ മടക്കയാത്ര വീട്ടിലേക്കല്ല. ഷേക്‍സ്പിയര്‍ നാടകങ്ങള്‍ അരങ്ങേറുന്ന ലണ്ടനിലെ അതിപ്രശസ്തമായ ഗ്ലോബ് തീയറ്ററിലേക്കാണ് എനിക്ക് പോകേണ്ടത് .
‘As you like it’ എന്ന ഷേക്‍സ്പിയര്‍ നാടകത്തിന്റെ ടിക്കറ്റുമെടുത്ത് മുഴങ്ങോടിക്കാരി നല്ലപാതി തീയറ്ററിലേക്കുള്ള വഴിയില്‍ കാത്തുനില്‍ക്കുന്നുണ്ട്. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയുമൊക്കെ ലോകമായ ആ കുന്നിന്‍പുറത്തുനിന്ന് കിട്ടിയ അറിവുകളും അനുഭവങ്ങളുമൊക്കെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ ആഞ്ഞുനടന്നു, കലയുടെ ലോകത്തേക്ക്.....
.......അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.......
-------------------------------------------------------------
ബാംഗ്ലൂര്‍ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ പ്രബോധിനിയുടെ 3-)ം വാര്‍ഷികത്തോടനുബന്ധിച്ച് ‘വൈഖരി‘ എന്ന സോവനീര്‍ നവംബര്‍ 1ന് വൈകീട്ട് ശ്രീമതി ശ്രീദേവി ഉണ്ണി ടീച്ചര്‍ പ്രകാശനം ചെയ്യുകയുണ്ടായി.
ജീവിതത്തില്‍ ആദ്യമായി എന്റെ ഒരു യാത്രാവിവരണം (മറ്റേതെങ്കിലുമൊരു മാധ്യമത്തില്‍ വരുന്നതിന് മുന്‍പേ) അച്ചടിമഷി പുരണ്ടതിന്റെ ഒരു സ്വകാര്യസന്തോഷവും അഹങ്കാരവുമൊക്കെ അന്നേ ദിവസം എനിക്കുണ്ടായിരുന്നു.
അങ്ങനൊരു ധീരകൃത്യം ചെയ്ത പ്രബോധിനിയുടെ അണിയറ ശില്‍പ്പികള്‍ക്ക് നന്ദി പറയേണ്ട കാര്യം വരുമ്പോള്‍ ഞാന്‍ എന്നത്തേയും പോലെ നിരക്ഷരനായി അക്ഷരങ്ങള്‍ക്കായി തപ്പിത്തടയുന്നു. ആത്യന്തികമായി ഇപ്പോഴും ഒരു ബ്ലോഗര്‍ മാത്രമായതുകൊണ്ട് പ്രബോധിനിയില്‍ വന്ന ഈ യാത്രാവിവരണത്തിന്റെ പേജുകള്‍ ഞാന്‍ താഴെ സ്ക്കാന്‍ ചെയ്ത് ഇടുന്നു.
വൈഖരി സമര്‍പ്പിച്ചിരിക്കുന്നത് എല്ലാ പ്രവാസികള്‍ക്കും ഭാഷാപ്രേമികള്‍ക്കും പുറമേ ഇന്റര്‍നെറ്റിലൂടെ സാഹിത്യത്തിന് പുതിയ മാനം കണ്ടെത്താന്‍ ശ്രമിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് കൂടെയാണ്. പ്രബോധിനിയെ ഒരിക്കല്‍ക്കൂടെ ഉള്ളുനിറഞ്ഞ നന്ദി അറിയിക്കുന്നു.
സസ്നേഹം
-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)
---------------------------------------------------------------------
To read the English versin of this travelogue - Click Here