Monday, 29 October 2012

ഓറോബിന്ദോയും മദറും ആശ്രമവും

ണ്ടിച്ചരി യത്രുടആദ്യാഗ......
1. പണ്ടിച്ചരിയിലേക്ക്.

തിവുപോലെ രാവിലെ 05:30ന് എഴുന്നേറ്റു. പ്രഭാത കൃത്യങ്ങൾ നടത്തി, ട്രാക്ക് സ്യൂട്ടിൽ കയറി, പ്രോമനേഡ് ബീച്ചിലേക്ക് തിരിച്ചു. രാവിലെ ഗൌബർട്ട് അവന്യൂവിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. ജനങ്ങൾ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി നടക്കാനും ഓടാനും കസർത്തുകൾ ചെയ്യാനുമൊക്കെ ബീച്ചിൽ വരുന്ന സമയമാണത്. അവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി അതിരാവിലെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. ഇടവഴികളിൽ ഒന്നിൽ വാഹനം പാർക്ക് ചെയ്ത് ഗൌബർട്ട് അവന്യൂവിലേക്ക് കടന്ന് ഞാൻ ഓട്ടം ആരംഭിച്ചു. പലപ്രായക്കാർ, പല സംസ്ഥാനക്കാർ, പല രാജ്യക്കാർ എന്നിങ്ങനെ ബീച്ചിൽ വൈകുന്നേരത്തുണ്ടായിരുന്നത് പോലെ തന്നെ ജനത്തിരക്കാണ് അതിരാവിലേയും.

ഉച്ചസമയത്ത് തിരക്കൊഴിഞ്ഞ ബീച്ച്.
ഈ തിരക്കിന് ചില പ്രത്യേകതകളും ഉണ്ട്. രാവിലെ 5 മുതൽ 6 വരെയുള്ള സമയത്ത്, അല്ലെങ്കിൽ പ്രഭാതത്തിന്റെ ആദ്യസമയത്ത് സ്ത്രീജനങ്ങളായിരിക്കും ബീച്ചിൽ കൂടുതലുണ്ടാകുക. സ്ത്രീകൾ മടങ്ങിപ്പോകുന്നതോടെ പുരുഷന്മാരുടെ വരവായി. മറ്റ് സംസ്ഥാനക്കാർ എന്ന് പറയുമ്പോൾ ബംഗാളികളാണ് ബീച്ചിൽ ഏറ്റവും കൂടുതലുള്ളത്. വേഷവിധാനത്തിൽ നിന്ന് അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. അതിലേറെയും പ്രായമായവർ തന്നെ. ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയാണ് സ്ഥലം, തമിഴ്‌നാട്ടിലാണ് നിലകൊള്ളുന്നത്, എന്നിട്ടവിടെ ബംഗാളികൾ എങ്ങനെ ഇത്രയധികം ?!

പോണ്ടിച്ചേരിയുടെ ചരിത്രം നന്നായിട്ടറിയാമെങ്കിൽ ഈ ബംഗാളി ആധിപത്യം കണ്ട് കണ്ണുമിഴിക്കേണ്ടി വരില്ല. നമുക്കാ ചരിത്രത്തിലേക്ക് ഒന്നെത്തി നോക്കാം. സ്വാതന്ത്രത്തിന് മുൻപ് പോണ്ടിച്ചേരിയെന്നാൽ ഫ്രഞ്ച് എന്നായിരുന്നെങ്കിൽ, ഇപ്പോളത് ഓറോബിന്ദോ ആശ്രമവും അതുമായി ബന്ധപ്പെട്ട ഒരു വലിയ സമൂഹവുമാണെന്നാണ് മനസ്സിലാക്കേണ്ടത്.

സ്വാതന്ത്രസമരപ്പോരാളി, കവി, യോഗി, തത്വികാചാര്യൻ എന്നിങ്ങനെ ബഹുമുഖപ്രതിഭയുള്ള വ്യക്തിയായിരുന്നു കൽക്കട്ടയിൽ ഭൂജാതനായ ശ്രീ.ഓറോബിന്ദോ ഘോഷ്. 1872 ആഗസ്റ്റ് 15ന് ജനിച്ച അദ്ദേഹം തന്റെ എഴുപത്തെട്ടാമത്തെ വയസ്സിൽ 1950 ഡിസംബർ 5ന് സമാധിയായി. 1900ന്റെ ആദ്യകാലങ്ങളിൽ സ്വാതന്ത്രസമര പോരാട്ടങ്ങൾ ആരംഭിച്ച അദ്ദേഹത്തിന്റേത് അതീവ ശക്തവും തീവ്രവുമായ ആശയങ്ങോടെയുള്ള പ്രവർത്തനങ്ങളായിരുന്നു. ബോംബ് കേസുകളടക്കമുള്ള പല കുറ്റങ്ങളിലായി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ പിടികൂടുകയും ജയിലിൽ അടക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാനായി ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയിലേക്ക് അദ്ദേഹം താവളം മാറ്റി. പക്ഷേ, ഇവിടെവെച്ച് അദ്ദേഹം യോഗ പഠിക്കാനും അതേപ്പറ്റി എഴുതാനുമൊക്കെ തുടങ്ങുകയും, താമസിയാതെ ഒരു ആത്മീയാചാര്യൻ എന്ന് നിലയിലേക്ക് മാറുകയും ചെയ്തു.

ശ്രീ. ഓറോബിന്ദോ ഘോഷ് - രണ്ട് ചിത്രങ്ങൾ. (കടപ്പാട് - വിക്കിപീഡിയ)
ഓറോബിന്ദോ ഘോഷിനെപ്പറ്റി പറയുമ്പോൾ അതേ പ്രാധാന്യത്തൊടെ തന്നെ സ്മരിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് ‘മദർ’ എന്ന പേരിൽ അറിയപ്പെടുന്ന മിറ അൽഫാസ (Mirra Alfassa). ഫ്രഞ്ചുകാരിയായ മിറ അൽഫാസ ഒരു പെയിന്ററും സംഗീതജ്ഞയുമൊക്കെ ആയിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് തന്റെ ഭർത്താവുമൊന്നിച്ച് പോണ്ടിച്ചേരിയിൽ എത്തിയ അവർ ഓറോബിന്ദോയുടെ തത്വസംഹിതകളിൽ ആകർഷിക്കപ്പെട്ട് അദ്ദേഹത്തിന്റെ അനുയായിയായി ഇവിടെത്തന്നെ തങ്ങുകയായിരുന്നു. പീന്നീട് ഓറോബിന്ദോ ആശ്രമവും ഓറോവില്ലയുമൊക്കെ ഉണ്ടാക്കാൻ മുൻ‌കൈ എടുത്ത് ഓറോബിന്ദയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു വ്യക്തിത്വമായി മാറുകയായിരുന്നു അവർ.

'മദർ’ (Mirra Alfassa) - രണ്ട് ചിത്രങ്ങൾ

ഫ്രഞ്ചുകാർ മാത്രം താമസിച്ചിരുന്ന ഇടമായിരുന്നു വൈറ്റ് ടൌൺ. വളരെ ആസൂത്രിതമായി ഉണ്ടാക്കിയിരിക്കുന്ന ഒരിടമാണ് വൈറ്റ് ടൌൺ. ഒരു ഗ്രിഡ് മാതൃകയിൽ ആണ് അതിന്റെ നിർമ്മിതി. കെട്ടിടങ്ങൾക്കിടയിലുള്ള സമാന്തരമായ വഴികളെ, 90 ഡ്രിഗ്രിയിൽ നെടുകെ മുറിച്ച് കടന്നുപോകുന്ന മറ്റ് വഴികളും ചേർന്നാണ് ഈ ഗ്രിഡ് ഉണ്ടായിരിക്കുന്നത്. വഴികളുടെ പേരും വിവരങ്ങളും നീലയിൽ വെളുത്ത അക്ഷരങ്ങളുള്ള ബോർഡുകളായി കെട്ടിടങ്ങളുടെ ചുമരിലാണ് ഉറപ്പിച്ചിട്ടുള്ളത്. അതിനായി റോഡിൽ സ്ഥലം മെനക്കെടുത്തുന്നില്ല, തടസ്സങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല.

വൈറ്റ് ടൌണിൽത്തന്നെയാണ് ഓറോബിന്ദോ ആശ്രമം. ആശ്രമവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ കെട്ടിടങ്ങളും വൈറ്റ് ടൌണിൽത്തന്നെയാണ്. അതുമാത്രമല്ല, ആശ്രമത്തിന്റെ അന്തേവാസികൾ താമസിക്കുന്നതും അവരുടെ ഡൈനിങ്ങ് ഹാളും അവർ നടത്തിക്കൊണ്ടുപോകുന്ന തുന്നൽ ശാലകളും പേപ്പർ ഫാക്റ്ററി അടക്കമുള്ള മറ്റ് സംരംഭങ്ങളുമൊക്കെ നടക്കുന്നത് വൈറ്റ് ടൌണിനകത്ത് കാണുന്ന ഹെറിറ്റേജ് കെട്ടിടങ്ങളിലാണ്. വൈറ്റ് ടൌൺ എന്നു വെച്ചാൽ ഓറോബിന്ദോ ആശ്രമം എന്ന അവസ്ഥയാണിപ്പോൾ. പോണ്ടിച്ചേരിക്കാരായ സാധാരണ തമിഴ് വംശജർ ആരെങ്കിലും വൈറ്റ് ടൌണിനകത്ത് ഉണ്ടെങ്കിൽത്തന്നെ വിരലിൽ എണ്ണാവുന്ന തോതിൽ മാത്രം.

ഓറോബിന്ദോ ആശ്രമത്തിലേക്കുള്ള വഴി.

ഈ കെട്ടിടങ്ങളെല്ലാം എങ്ങനെ ഓറോബിന്ദോ ആശ്രമത്തിന്റെ ഭാഗമായി എന്നുള്ളത് കൌതുകകരമായ ഒരു വസ്തുതയാണ്. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുകൊണ്ടിരിക്കുന്ന കാലത്ത് അവരുടേതായ കെട്ടിടങ്ങളും സ്ഥാപനങ്ങളുമൊക്കെ കൈമാറ്റം ചെയ്യാൻ, അല്ലെങ്കിൽ വിൽക്കാൻ ശ്രമിക്കുമ്പോൾ അത് എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്നത് ഒരു ഫ്രഞ്ച് പൌരന് ആണല്ലോ ? ഫ്രാൻസിലുള്ള തന്റെ സ്വത്തുക്കളും ആസ്തിയുമെല്ലാം ഉപയോഗിച്ച് ‘മദർ’ വൈറ്റ് ടൌണിൽ വാങ്ങാൻ പറ്റുന്നത്രയും കെട്ടിടങ്ങൾ വാങ്ങിക്കൂട്ടുകയും ആ‍ശ്രമം അടക്കമുള്ള കാര്യങ്ങൾക്കായി അത് ഉപയോഗിക്കുകയും ചെയ്തു. സ്വാതന്ത്ര്യമോ സാമ്പത്തികമായി കാര്യമായ നീക്കിയിരിപ്പോ ഒന്നുമില്ല്ലാതെ കുഴഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യക്കാരായ തമിഴന്മാർക്ക് അങ്ങനെ വൈറ്റ് ടൌൺ വീണ്ടും അപ്രാപ്യമായി മാറി.

ഓറോബിന്ദോ ബംഗാളി ആയതുകൊണ്ട് സ്വാഭാവികമായും അദ്ദേഹത്തിന്റെ അനുയായികൾ കൂടുതലും ബംഗാളിൽ നിന്നുള്ളവരാണ്. ബീച്ചിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ഞാൻ കാണാനിടയായ ബംഗാളി ആധിക്യത്തിന്റെ രഹസ്യവും അതുതന്നെ.

ഓട്ടവും കസർത്തുമൊക്കെ തീർത്ത് ഞാൻ ഹോട്ടലിലേക്ക് മടങ്ങി. ജിഞ്ചർ ഹോട്ടൽ ‘ബെഡ് & ബ്രേക്ക്ഫാസ്റ്റ് ‘ എന്ന സൌകര്യമാണ് നൽകുന്നത്. പ്രാതൽ അന്വേഷിച്ച് മറ്റൊരിടത്ത് പോകേണ്ട ആവശ്യമില്ല. പെട്ടെന്ന് തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വെളിയിലിറങ്ങി. ബീച്ചിൽ ഒരു ടൂറിസ്റ്റ് ഇൻ‌ഫർമേഷൻ സെന്ററുണ്ട്. അവിടന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക, പറ്റുമെങ്കിൽ ഒരു ഗൈഡിനെക്കൂടെ സംഘടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉച്ചസമയം വരെ കൂടെ വരാൻ 500 രൂപ വേതനത്തിൽ ഒരു ഗൈഡിനെ അവിടന്ന് കിട്ടി. പേര് സെൽ‌വരാജ്.

പോണ്ടിച്ചേരിക്കാരൻ ഗൈഡ് - ശെൽ‌വരാജ്
പോണ്ടിച്ചേരി യാത്രയിൽ തീർച്ചയായും സന്ദർശിച്ചിരിക്കണമെന്ന് ഞങ്ങൾ കരുതിയിരിക്കുന്ന രണ്ട് സ്ഥലങ്ങളാണ് ഓറോബിന്ദോ ആശ്രമവും ഓറോവില്ലയും. ഓറോബിന്ദോ ആശ്രമത്തിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. Heritage Walk ൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കെട്ടിടങ്ങളും അനുബന്ധകാര്യങ്ങളുമൊക്കെ സെൽ‌വരാജ് ഇതിനകം പങ്കുവെച്ചു. കെട്ടിടങ്ങളുടെ ജനലിന്റെ കമ്പിയഴികൾ അത്തരത്തിൽ വിശേഷപ്പെട്ട ഒരു കാര്യമാണ്. ഗ്രില്ലുകൾ ജനലിന് പുറത്ത് തെരുവിലേക്ക് തള്ളിയാണ്  നിൽക്കുന്നത്. കച്ചവടത്തിനാണെന്ന വ്യാജേനെ മറ്റൊരു രാജ്യത്തുചെന്ന് അവിടം പിടിച്ചടക്കി കഴിയുന്നവരാണെന്ന് നല്ല ബോദ്ധ്യമുള്ളതുകൊണ്ടാണ് അങ്ങനെയൊരു ജനൽ. ശത്രുവിന്റെ ഓരോ നീക്കങ്ങളും തെരുവിലെ ഓരോ ചെറിയ അനക്കങ്ങളും ശ്രദ്ധിക്കാൻ ഈ കമ്പിയഴികൾ സൌകര്യമൊരുക്കുന്നു.

പുറത്തേക്ക് തള്ളിയ ജനൽ ഗ്രില്ലുകൾ - റോഡിന്റെ പേരെഴുതിയ ബോർഡ് ചുമരിൽ.
ഓറോബിന്ദ ആശ്രമം ഒരു ഹെറിറ്റേജ് കെട്ടിടത്തിൽത്തന്നെയാണ്. ആശ്രമത്തിന് വെളിയിൽ ചെരിപ്പുകൾ സൂക്ഷിക്കാനുള്ള സൌകര്യം സൌജന്യമാണ്. നഗ്നപാദരായി എല്ലാവരും അകത്തേക്ക് കടന്നു. എല്ലായിടത്തും ഫോട്ടോഗ്രാഫി നിഷിദ്ധമാണ്. ബംഗാളി സാന്നിദ്ധ്യം ആശ്രമത്തിലും വളരെ കൂടുതലാണ്. സ്മശാന മൂകതയാണ് ആശ്രമത്തിനകത്ത്. കെട്ടിടത്തിന് വെളിയിലുള്ള നടുത്തളത്തിൽത്തന്നെ ഓറോബിന്ദോയുടേയും മദറിന്റേയും സമാധി. പുഷ്പാലംകൃതമായ സമാധിക്ക് ചുറ്റും അവിടവിടെയായി വെറും നിലത്ത് ധ്യാനമഗ്നരായി ഇരിക്കുന്ന അനുയായികൾ.

ഓറോബിന്ദോ ആശ്രമം.
ഫ്രഞ്ചുകാരിയായ മദറിന്റെ കൂടെ ആശ്രമമായതുകൊണ്ടാകാം വിദേശികളുടെ സാന്നിദ്ധ്യവും നല്ലവണ്ണമുണ്ട്. ഇന്നലെ മരിച്ച ഒരാളുടെ ഭൌതിക ശരീരത്തിനരുകിൽ ഇരിക്കുന്നവരുടെ ദുഃഖമാണ് ആ മുഖങ്ങളിൽ. ഓറോബിന്ദോ എന്ന ആചാര്യൻ അവർക്കൊക്കെ എത്ര പ്രിയപ്പെട്ടവനാണെന്ന് മനസ്സിലാക്കാൻ ആ മുഖഭാവങ്ങൾ ശ്രദ്ധിച്ചാൽ മതി. സന്ദർശകർ സമാധിയിൽ പൂക്കൾ അർപ്പിച്ച് തൊഴുത് നമസ്ക്കരിച്ച് പ്രാർത്ഥിച്ച് മുന്നോട്ട് നീങ്ങുന്നു, ചിലർ ബാക്കിയുള്ള സ്ഥലങ്ങളിൽ ധ്യാനത്തിനായി ഇരുപ്പുറപ്പിക്കുന്നു. എങ്ങനെ നമസ്ക്കരിക്കണം, പിന്നെന്ത് ചെയ്യണം എന്നൊന്നും അറിയില്ലെങ്കിലും, ക്യൂ നിന്ന് സമാധി സ്ഥലത്തു ചെന്ന് നിശബ്ദരായി നിന്നശേഷം ഞങ്ങൾ വീണ്ടും മുന്നോട്ട്.

സമാധി - (ചിത്രത്തിന് കടപ്പാട് -httpdivinepeopleandplaces.blogspot.in)
കെട്ടിടത്തിനകത്തെ മുറികളിൽ ഓറോബിന്ദോയുടേയും മദറിന്റേയും അപൂർവ്വമായ വലിയ ചിത്രങ്ങൾ നിരവധി. കെട്ടിടത്തിന്റെ മുകളിലേക്ക് കയറി മദറിന്റെ മുറികൾ കൂടെ കാണുന്നതോടെ ആശ്രമത്തിലെ കാഴ്ച്ചകൾ കഴിയുകയായി. ആശ്രമത്തിനകത്തെ ഒരു കൊച്ചു മുറിയിൽ പ്രവർത്തിക്കുന്ന പുസ്തകശാലയിൽ ഓറോബിന്ദോ അടക്കം ഒട്ടനവധി യോഗിവര്യന്മാരുടെ പുസ്തകങ്ങൾ ലഭ്യമാണ്. സോവനീയർ എന്ന നിലയ്ക്കും വായനയ്ക്കുമായി ചില പുസ്തകങ്ങൾ വാങ്ങി.

തീവ്രമായ സ്വാതന്ത്രസമരപ്രവർത്തനങ്ങളുമായി ബ്രിട്ടീഷുകാർക്കെതിരെ പോരാടി നിന്നിരുന്ന ബംഗാളിയായ ഓറോബിന്ദോ, എന്തൊക്കെ കാരണങ്ങൾ കൊണ്ടായാലും കൽക്കത്തയിൽ നിന്ന് ഇങ്ങ് തെക്കേ ഇന്ത്യയിൽ എത്തപ്പെടുന്നു. ഇവിടെ വെച്ച് അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തനങ്ങളും മറ്റൊരു വഴിക്ക് നീങ്ങുന്നു. ഫ്രഞ്ച് കോളനി സന്ദർശിക്കാൻ ഭർത്താവിനൊപ്പം എത്തിയ സംഗീതജ്ഞയും പെയിന്ററുമായിരുന്ന മറ്റൊരു വ്യക്തി, തന്റെ ബാക്കിയുള്ള ജീവിതം തന്നെ ഭൂലോകത്തിന്റെ ഈ കൊച്ചുകോണിനെ കേന്ദ്രീകരിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു. തന്റെ സമ്പാദ്യം മുഴുവൻ ഇവിടെ ചിലവഴിക്കുന്നു. ആലോചിച്ച് നോക്കിയാൽ എത്ര കൌതുകകരമാണ് ഇവരുടെ കാര്യം ?! എവിടെയോ ജനിച്ചു, എന്തൊക്കെയോ ലക്ഷ്യങ്ങളുമായി ജീവിതം മുന്നോട്ട് നീക്കുന്നു. പെട്ടെന്ന് അവർ പോലും നിനയ്ക്കാത്ത സന്ദർഭത്തിൽ ജീവിതം മറ്റൊരിടത്തേക്ക് പറിച്ച് നടപ്പെടുന്നു, ലക്ഷ്യങ്ങളിലും കാര്യമായ വ്യതിയാനങ്ങളുണ്ടാകുന്നു.

ആശ്രമത്തിൽ നിന്ന് വെളിയിലിറങ്ങി ചെരുപ്പുകൾ തിരിച്ചുവാങ്ങി ഞങ്ങൾ കെട്ടിടങ്ങൾക്കിടയിലൂടെ നടന്നു. ഫ്രഞ്ച് ഭരണകാലത്ത് അധികാരകേന്ദ്രങ്ങളായിരുന്ന പല കെട്ടിടങ്ങളും ഇന്ന് ബാങ്ക് കെട്ടിടമായും മറ്റും പ്രവർത്തിക്കുന്നു. പഴയ കെട്ടിടങ്ങളെല്ലാം അതുപോലെ തന്നെ സംരക്ഷിച്ചിരിക്കുന്നു എന്നത് നല്ല കാര്യം തന്നെ. വൈറ്റ് ടൌണിന്റെ മദ്ധ്യഭാഗത്തായിട്ട് കാണുന്നത് വിശാലമായ പാർക്കിന്റെ പേര് ഭാരതി പാർക്ക് എന്നാണ്. പാർക്കിന്റെ ഒത്ത നടുക്ക് ഗ്രീക്ക്-റോമൻ ശിൽ‌പ്പചാരുതയോടെ നിർമ്മിച്ചിരിക്കുന്ന വെളുത്ത കമാനമാണ് 'ആയി മണ്ഡപം'. പതിനാറാം നൂറ്റാണ്ടിലാണ് ഇതുണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. കിലോമീറ്ററുകൾക്കപ്പുറത്ത് സ്വന്തം വീടിരിക്കുന്ന ഭാഗം ഇടിച്ചു നിരത്തി വലിയൊരു തടാകം ഉണ്ടാക്കി അവിടന്ന് കനാലിലൂടെ പോണ്ടിച്ചേരിയിലേക്ക് വെള്ളമെത്തിക്കാൻ സഹകരിച്ച ആയി എന്ന സ്ത്രീയുടെ സ്മരണാർത്ഥമാണ് ഇതുണ്ടാക്കിയിരിക്കുന്നത്.

ആയി സ്ഥലത്തെ പ്രധാനപ്പെട്ട ‘ദേവദാസി‘ ആയിരുന്നെന്നും, ഇതറിയാതെ അവരുടെ വീടിന്റെ മുന്നിലൂടെ കടന്നുപോയ രാജാവ് അവിടത്തെ തിരക്ക് കണ്ട് ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ച് അവിടെ നിന്ന് തൊഴുതെന്നും, പിന്നീട് അബദ്ധം മനസ്സിലാക്കിയപ്പോൾ വീട് ഇടിച്ച് നിരത്താൻ ഉത്തരവിട്ടുകൊണ്ട് ആയിയെ ശിക്ഷിച്ചെന്നുമാണ് നാട്ടുകഥ.

ഭാരതി പാർക്കിലെ ‘ആയി‘ മണ്ഡപം.
ആയി നിർമ്മിച്ച തടാകത്തിൽ നിന്നും പോണ്ടിച്ചേരിയിലേക്ക് കുടിവെള്ളം കൊണ്ടുവരാനായി നിർമ്മിക്കപ്പെട്ട നെടുനീളൻ കനാൽ, പോണ്ടിച്ചേരി നഗരത്തെ രണ്ടായി തിരിക്കുന്നുണ്ട്. കനാൽ മുതൽ കടൽത്തീരം വരെയുള്ള പ്രദേശമാണ് ‘വൈറ്റ് ടൌൺ’. കനാലിന് മറുവശത്തുള്ള ഭാഗം ബ്ലാക്ക് ടൌണും.

ശുദ്ധജലം എത്തിച്ചുകൊണ്ടിരുന്ന ആ കനാൽ ഇന്ന് മലിനജലം ഒഴുക്കാനും, മാലിന്യം നിക്ഷേപിക്കാനും വേണ്ടിയുള്ള ഒരു ചാലായി മാറിയിരിക്കുന്നു. പുരോഗമനം, പുരോഗനം എന്ന് നാഴികയ്ക്ക് നാലുവട്ടം നമ്മൾ പുലമ്പുന്നത് ശുദ്ധഭോഷ്ക്ക് മാത്രമാണെന്ന് തെളിയിക്കുന്ന ചരിത്രസാക്ഷ്യങ്ങളിൽ ഒന്ന്. സത്യത്തിൽ അധോഗതിയാണ് ഉണ്ടായിരിക്കുന്നതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ കണ്ടെടുക്കാനാവും രാജ്യമൊട്ടാകെ ഒരു കണക്കെടുപ്പ് നടത്തിയാൽ !

പാർക്കിന്റെ ചുറ്റുവട്ടത്ത് തന്നെയാണ് രാജ് നിവാസും, ആശ്രമത്തിന്റെ ഡൈനിങ്ങ് ഹാളും, പോണ്ടിച്ചേരി സോഷ്യൽ & കൾച്ചറൽ കെട്ടിടവും, നിയമസഭയുമൊക്കെ. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടമാണിത്. ഫ്രഞ്ച് ഗവർണ്ണറായിരുന്ന Joseph Francois Dupleix ന്റെ ഭവനമായിരുന്നു രാജ് നിവാസ്. ഇന്നത് പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണ്ണറുടെ ഔദ്യോഗിക വസതിയാണ്. പൊതുജനത്തിന് കെട്ടിടത്തിനകത്തേക്ക് പ്രവേശനമില്ല. കെട്ടിടത്തിന്റെ പടമെടുക്കുന്ന എന്നെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട് പാറാവ് നിൽക്കുന്ന പട്ടാളക്കാർ.

രാജ് നിവാസ്.
സോഷ്യൽ & കൾച്ചറൽ സെന്റർ കെട്ടിടം.
പോണ്ടിച്ചേരി നിയമ സഭാ കെട്ടിടം.
നേരത്തെ കൂപ്പൺ എടുത്തിരുന്നെങ്കിൽ ആശ്രമത്തിന്റെ ഡൈനിങ്ങ് ഹാളിൽ നിന്ന് ചുരുങ്ങിയ നിരക്കിൽ ഭക്ഷണം തരമാക്കാമായിരുന്നു എന്നാണ് ശെൽ‌വരാജ് പറയുന്നത്. ഒരു നേരം ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല, കാണാവുന്നിടത്തോളം കാഴ്ച്ചകൾ കണ്ടുതീർക്കുക എന്നാണ് ഞങ്ങൾക്ക്.

ആശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ചില തുന്നൽ‌ശാലകളിൽ ഒന്നിലേക്ക് ഞങ്ങൾ കയറി. വളരെ ശാന്തമായ അന്തരീക്ഷത്തിൽ സ്വസ്ഥമായി ഇരുന്ന് എംബ്രോയ്‌ഡറി ജോലി ചെയ്യുന്ന സ്ത്രീകൾ. 60 ന് മേൽ പ്രായമുള്ളവർ തന്നെയാണ് ഏറെയും. കീടനാശിനികൾ ഉപയോഗിക്കാതെ സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികളും മറ്റും കഴിച്ച്, ആശ്രമത്തിന്റേതായ സമാധാനപരമായ അന്തരീക്ഷത്തിൽ ജീവിക്കുന്നത് അന്തേവാസികളുടെ ആയുസ്സിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തിൽ ഗുണകരമായിട്ടുണ്ടെന്നാണ് ശെൽ‌വരാജ് പറയുന്നത്. അത് എന്തൊക്കെ ആയാലും വൈറ്റ് ടൌൺ എന്നയിടം, പോണ്ടിച്ചേരിക്കാരായ സാധാരണ തമിഴന് അന്യമായിപ്പോയതിൽ ശെൽ‌വരാജിന് നിരാശയുമുണ്ട്. ഫ്രഞ്ചുകാരന്റെ കാലം കഴിഞ്ഞപ്പോൾ ബംഗാളികളുടെ കാലം. തമിഴൻ അന്നുമിന്നും പടിക്ക് പുറത്ത് തന്നെ.

തുന്നൽ‌ശാലകൾ എന്നതുപോലെ മറ്റനേകം സംരംഭങ്ങളും ആശ്രമത്തിന്റേതായി നടക്കുന്നുണ്ട്. 1959 ൽ സ്ഥാപിതമായ, കൈ കൊണ്ടുണ്ടാക്കുന്ന പേപ്പറിന്റെ ഫാക്ടറിയാണ് അതിലൊന്ന്. തിരുപ്പൂർ പോലുള്ള സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ബനിയൻ മെറ്റീരിയലിന്റെ വേസ്റ്റ് വെള്ളത്തിലിട്ട് കുതിർത്തി, അതിൽ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള പേപ്പറുകൾ ഉണ്ടാക്കുന്ന ഫാൿടറിയിൽ വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രം. പേപ്പറുണ്ടാക്കുന്നതും അതിന് നിറവും ഡിസൈനും നൽകുന്നതുമായ പ്രക്രിയകൾ നേഹയ്ക്ക് കൌതുകം ജനിപ്പിക്കാൻ പോന്നതായിരുന്നു. ഫാക്റ്ററിക്കകത്ത് ക്യാമറ അനുവദിക്കുന്നില്ല. ഈ ഫാക്ടറി നഷ്ടത്തിലാണ് നടന്നുപോകുന്നത്. എന്നിരുന്നാലും മദർ തുടങ്ങി വെച്ച സ്ഥാപനമായതുകൊണ്ട് അടച്ചുപൂട്ടാൻ അനുയായികൾക്ക് ഉദ്ദേശമില്ല. ഫാൿടറിയിലെ ഷോ റൂമിൽ നിന്ന് കുറേയേറെ വർണ്ണക്കടലാസുകൾ വാങ്ങി നേഹ.

ഞങ്ങളുടെ അടുത്ത ലക്ഷ്യം മനക്കുള വിനായക ക്ഷേത്രമാണ്. 500 കൊല്ലത്തോളം പഴക്കമുള്ള ക്ഷേത്രം ആശ്രമത്തിനടുത്ത് തന്നെയുള്ള ബ്ലാക്ക് ടൌണിലാണ്. ക്ഷേത്രത്തിന്റെ കമാനം റോഡിൽ ഉയർന്ന് നിൽക്കുന്നു. 40ൽ‌പ്പരം വൈവിദ്ധ്യമുള്ള ഗണപതിച്ചിത്രങ്ങൾ ക്ഷേത്രത്തിന്റെ ചുമരിനെ അലങ്കരിക്കുന്നുണ്ട്. ക്ഷേത്രത്തിലേക്കുള്ള തെരുവിൽ കച്ചവടക്കാരുടെ തിരക്കാണ്.

മനക്കുള വിനായക ക്ഷേത്രത്തിന്റെ കമാനം. 
ക്ഷേത്ര നട.
പെട്ടെന്ന് തന്നെ ക്ഷേത്രദർശനം കഴിച്ച് ഞങ്ങൾ വെളിയിലിറങ്ങി. ഉച്ചയ്ക്ക് മുൻപ് സേക്രട്ട് ഹാർട്ട് ബസിലിക്ക കൂടെ കണ്ടുതീർക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഏഷ്യയിലുള്ള 50 ബസിലിക്കകളിൽ സേക്രട്ട് ഹാർട്ട് ഓഫ് ജീസസിന് അർപ്പിച്ചിട്ടുള്ള ഒന്നേയൊന്നും ആദ്യത്തേതുമായ ബസിലിക്കയാണിത്. അനുയായികൾക്കും വിശ്വാസികൾക്കും തീർത്ഥാടകർക്കും സഞ്ചാരികൾക്കും ഒരു പോലെ സ്വാഗതമോതുന്ന ബോർഡുണ്ട് ബസിലിക്കയ്ക്ക് പുറത്ത്.

1902 - 1907 കാലഘട്ടത്തിൽ റവ:ഫാദർ ടെലസ്‌ഫോർ വെൽറ്റർ എന്ന പാതിരിയായിരുന്നു ദേവാലയത്തിന്റെ ആർക്കിടെൿറ്റും ആദ്യത്തെ പാതിരിയും. അതിമനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകൾ കൊണ്ടും നിറമുള്ള ഗ്ലാസ്സ് ജനലുകൾ കൊണ്ടും നിറഞ്ഞതാണ് ബസിലിക്ക. ഇത്തരത്തിലുള്ള ഗ്ല്ലാസ് പെയിന്റിങ്ങുകൾ, സാങ്കേതിക വിദ്യ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഇക്കാലത്ത്, പുതുതായി നിർമ്മിക്കുന്ന ദേവാലയങ്ങളിൽ കാണാൻ സാധിക്കുന്നില്ല എന്നതാണ് ഖേദകരം.

സേക്രട്ട് ഹാർട്ട് ബസിലിക്ക.
ബസിലിക്കയിലെ ഗ്ലാസ്സ് പെയിന്റിങ്ങുകളും ചില്ലുകളും.

റവ:ഫാദർ ടെലസ്‌ഫോർ വെൽറ്റർ
ഞങ്ങൾ ചെന്ന് കയറുമ്പോൾ ബസിലിക്കയിൽ ദിവ്യബലി നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നിരുന്നാലും അകത്ത് കടന്ന് എല്ലായിടവും കറങ്ങി നടക്കാനും ചിത്രങ്ങളെടുക്കാനും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. അൽ‌പ്പനേരം അവിടത്തെ ബഞ്ചിലിരുന്നു. ദിവ്യബലി കഴിഞ്ഞ് വിശ്വാസികൾ പിരിഞ്ഞതോടെ ഞങ്ങളും ബസിലിക്കയിൽ നിന്നിറങ്ങി.

ഞങ്ങൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ പറ്റിയ ഒരു റസ്റ്റോറന്റിലേക്കുള്ള വഴി പറഞ്ഞുതന്നശേഷം ശെൽ‌വരാജ് യാത്രപറഞ്ഞ് പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷമുള്ള സമയം മുഴുവൻ ഓറോവില്ലയിലേക്ക് പോകാനും അവിടത്തെ സന്ദർശനത്തിനുമായി മാറ്റി വെച്ചിരിക്കുകയാണ്. പോണ്ടിച്ചേരിയിൽ പോയാൽ ഏതൊരാളും അവശ്യം പോയിരിക്കേണ്ട ഒരിടമാണ് ഓറോവില്ല. പക്ഷേ, അത്ര എളുപ്പമല്ല അതിനകത്ത് എല്ലാ ഭാഗങ്ങളിലേക്കുമുള്ള പ്രവേശനം. ഞങ്ങളത് അനുഭവിച്ചറിയുകയായിരുന്നു.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, 27 October 2012

പോണ്ടിച്ചേരിയിലേക്ക്

പ്രവാസം ഉപേക്ഷിച്ചത് കൂടുതൽ യാത്രകൾക്ക് അവസരമൊരുക്കാൻ കൂടെയാണ്. പക്ഷെ അരച്ചാൺ വയറിന്റെ പ്രശ്നം ഉദ്ദേശിച്ചതുപോലെയൊന്നും ആഗ്രഹങ്ങളെ പിന്തുണച്ചില്ല. അവധിക്ക് നാട്ടിൽ വരുന്നത് പോയെലല്ല, നാട്ടിൽ ജോലി ചെയ്യുന്നതും സ്ഥിരതാമസമാക്കുന്നതും. വിചാരിച്ചതുപോലെ യാത്രകൾ പലതും ചെയ്യാനായില്ല.

അൽ‌പ്പം വൈകിയാണെങ്കിലും ഒരു യാത്രാ സൌകര്യം ഒത്തുവന്നത് ഓണനാളുകളിലാണ്. ഓണം എല്ലാക്കൊല്ലവും ആഘോഷിക്കുന്നതല്ലേ ?  അതുകൊണ്ട് ഇപ്രാവശ്യത്തെ ഓണാവധിക്കാലത്ത് യാത്രയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തു. പല സ്ഥലങ്ങളും ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും അവസാനം നറുക്കുവീണത് പോണ്ടിച്ചേരി എന്ന പുതുശ്ശേരിക്കാണ്.

കുറേനാൾ കുടുംബത്തോടൊപ്പം മദ്രാസിൽ ജീവിക്കുകയും മഹാബലിപുരം വരെ പലപ്പോഴും യാത്ര ചെയ്തിട്ടും അവിടന്ന് നൂറ് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള പോണ്ടിച്ചേരി എന്തുകൊണ്ടോ ഞങ്ങൾക്ക് അന്യമായി നിൽക്കുകയായിരുന്നു.

പോണ്ടിച്ചേരി, കാരയ്‌ക്കൽ, മാഹി, യാനം എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഹെഡ് ക്വാർട്ടേർസ് ആയിരുന്നു പോണ്ടിച്ചേരി. ഈ നാല് പ്രധാന കോളനികളിൽ മാഹി കേരളത്തിൽ, കാരയ്ക്കലും പോണ്ടിച്ചേരിയും തമിഴ്‌നാട്ടിൽ, യാനം ആന്ധ്രാ പ്രദേശിൽ. സ്വതന്ത്ര ഇന്ത്യയിൽ ഈ നാലിടങ്ങളും യൂണിയൻ ടെറിട്ടറിയായി നിലകൊള്ളുന്നു. ഈ യാത്രയ്ക്ക് തയ്യാറെടുക്കുന്നത് വരെ, ഇതിൽക്കൂടുതൽ ചരിത്രമൊന്നും പോണ്ടിച്ചേരിയെപ്പറ്റി ഞാൻ മനസ്സിലാക്കിയിരുന്നില്ല. കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചതോടെ പോണ്ടിച്ചേരി ഒരു വിസ്മയമായി മാറുകയായിരുന്നു. ഇനി വായിച്ച്  മനസ്സിലാക്കിയ കാര്യങ്ങൾ നേരിൽ കണ്ടറിയാനുള്ള സമയമാണ്. മൂന്ന് ദിവസത്തെ സന്ദർശനം കൊണ്ട് പോണ്ടിച്ചേരിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളെങ്കിലും കണ്ടുതീർക്കാൻ പറ്റുമെന്ന് ഒരുറപ്പുമില്ല. എന്നിരുന്നാലും, ഒരിക്കൽ അതുവരെ പോയി ഒരു തീപ്പൊരി വീണുകിട്ടിയാൽ, പിന്നീടങ്ങോട്ട് പല പ്രാവശ്യമായി യാത്രകൾ ആളിക്കത്തിക്കോളുമെന്ന് ഉറപ്പാണ്.

പതിവ് പോലെ കിഴക്ക് വെള്ള കീറുന്നതിന് മുന്നേ എറണാകുളത്തുനിന്ന് യാത്ര തിരിച്ചു. തൃശൂർ മുതൽ പാലക്കാട് വരെയുള്ള ദേശീയ പാത, സൈക്കിൾ ഓടിക്കാൻ പോലും കൊള്ളാത്തതാണെന്ന് അനുഭവമുള്ളതുകൊണ്ട് വടക്കാഞ്ചേരി പട്ടാമ്പി വഴി പാലക്കാട്. അവിടന്ന് കോയമ്പത്തൂർ, സേലം, വില്ലുപുരം (തമിഴിൽ വിഴുപ്പുരം) വഴി ഏതാണ് 550 കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് പോണ്ടിച്ചേരിയിലേക്ക്.

കോയമ്പത്തൂർ മുതൽ 30 - 40 കിലോമീറ്റർ ഇടവിട്ട് 30 മുതൽ 70 രൂപ വരെ ഈടാക്കുന്ന ചുങ്കപ്പുരകളുണ്ട്.  തമിഴർ ഉണ്ടാക്കിയിട്ടിരിക്കുന്ന നെടുനീളൻ റബ്ബറൈസ്‌ഡ് റോഡുകളിൽ വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം,  ചുങ്കപ്പുരകളിൽ നിന്ന് പണം കൊടുത്ത് വാങ്ങണം. യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴേക്കും 800 രൂപയോളം ഇങ്ങനെ ചുങ്കത്തിന് മാത്രമായി ചിലവാക്കിയിരുന്നു. ചുങ്കം കൊടുത്തിട്ടായാലും നല്ല നിലവാരമുള്ള റോഡിലൂടെ യാത്ര ചെയ്യണോ, അതോ ചുങ്കപ്പിരിവെന്ന ഏർപ്പാടിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണോ എന്നത് ഓരോരുത്തരുടേയും യുക്തിക്കും കാഴ്ച്ചപ്പാടിനും അനുസരിച്ചിരിക്കും.

ആൾത്താമസം വളരെക്കുറഞ്ഞ ഇടങ്ങൾ, അതുകൊണ്ടുതന്നെ ആളൊഴിഞ്ഞ പാ‍തയോരങ്ങൾ,  വാഹനഗതാഗതവും വളരെച്ചുരുക്കം. ഓവർടേക്ക് ചെയ്യാനോ എതിരെ വരാനോ വാഹനങ്ങളൊന്നും ഇല്ലാതെ അനന്തമായി നീളുന്ന പരവതാനി പോലുള്ള പാത. അല്ലലൊന്നും ഇല്ലാതെ അഞ്ചായത്തെ ഗിയറിൽ ഞങ്ങളുടെ വാഹനം ദൂരങ്ങൾ താണ്ടിക്കൊണ്ടിരുന്നു. മാപ്പ് മൈ ഇന്ത്യയുടെ നേവിഗേറ്റർ നല്ലവണ്ണം സഹായിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി അപ്‌ഡേറ്റ് ചെയ്യാതെ വെച്ചിരിക്കുന്നതുകൊണ്ട് പുതുതായി വന്ന പാതകളൊന്നും അതിന് മനസ്സിലാകുന്നില്ല. ഏതോ കൃഷിയിടത്തിലൂടെ വാഹനം അതിവേഗത്തിൽ നീങ്ങുന്നതായാണ് നേവിഗേറ്ററിൽ തെളിയുന്നത്.

ഇപ്രാവശ്യം യാത്ര ഈ തേരിലാണ്.
ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ, പോണ്ടിച്ചേരിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് റോഡിന് നടുക്ക് നിൽക്കുന്ന കമാനം ദൂരെ നിന്ന് തന്നെ കാണാം. വാഹനത്തിരക്കും അതോടൊപ്പം ആരംഭിക്കുകയായി. ഇരുചക്രവാഹനങ്ങളുടെ മേളമാണ് പോണ്ടിച്ചേരിയിൽ. 100 രൂപ ഡൌൺ പേയ്‌മെന്റ് നടത്തി ഇരുചക്രവാഹനം ഒരെണ്ണം വീട്ടിൽക്കൊണ്ടുപോകാം എന്ന സ്ഥിതി വന്നതോടെ സൈക്കിൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും ബൈക്കിലേക്ക് മാറിയിരിക്കുന്നു. എന്നുവെച്ച് നിരത്തിൽ സൈക്കിളുകൾക്കും  ക്ഷാമമൊന്നുമില്ല. വളരെ സൂക്ഷിച്ച് മൂന്ന് കണ്ണാടികളിലും നോക്കി വാഹനമോടിച്ചില്ലെങ്കിൽ റോഡപകടത്തിൽ‌പ്പെടാൻ ഒരു ബുദ്ധിമുട്ടുമില്ല ചില തെരുവുകളിൽ.

ജിഞ്ചർ ഹോട്ടൽ - പോണ്ടിച്ചേരി
ജിഞ്ചർ ഹോട്ടലിലാണ് ഓൺലൈനായി മുറി ഏർപ്പാടാക്കിയിരിക്കുന്നത്.ബിസിനസ്സ് ആവശ്യങ്ങൾക്കായി കറങ്ങുന്നവർക്ക് പറ്റിയ ബഡ്ജറ്റ് ഹോട്ടൽ ശൃംഖലയാണത്. പോണ്ടിച്ചേരി ബീച്ചിലേക്ക്, ഹോട്ടലിൽ നിന്ന് അധികം ദൂരവുമില്ല. വൈകുന്നേരം മൂന്ന് മണിയോടെ ഹോട്ടലിൽ ചെന്നുകയറി. ഇരുട്ടുന്നത് വരെയുള്ള സമയം പാഴാക്കേണ്ടതില്ലല്ലോ ? ഒന്ന് ശുദ്ധി വരുത്തി വീണ്ടും തെരുവിലേക്കിറങ്ങി.

പ്രോമനേഡ് ബീച്ചിലേക്ക് ആദ്യം ചെന്നെത്തിയത്. പോണ്ടിച്ചേരിയിൽ പ്രധാനമായും നാല് ബീച്ചുകളാണുള്ളത്. അതിൽ ഏറ്റവും മുന്തിയതും ചരിത്രപ്രാധാന്യമുള്ള ഒട്ടനേകം സംഭവങ്ങൾ കൊണ്ട് സമ്പന്നമായതും പ്രോമനേഡ് (Promenade) ബീച്ചാണ്. പാരഡൈസ് ബീച്ച്, സെറീനിറ്റി ബീച്ച്, ഓറോവില്ല ബീച്ച് എന്നിവയാണ് മറ്റ് ബീച്ചുകൾ.

1930 ലെ പോണ്ടിച്ചേരി (പ്രോമനേഡ്) ബീച്ച്
സുനാമിയുടെ ക്ഷോഭം നല്ലൊരളവ് വരെ ഏറ്റുവാങ്ങേണ്ടിവന്ന ഒരു കടൽത്തീരമാണ് പ്രോമനേഡ് ബീച്ച്. തീരത്തെ മണ്ണ് ഭൂരിഭാഗവും ഒലിച്ചുപോയി. തീരം തന്നെ ഇല്ലാതായി എന്ന് പറയാം. തീരം നഷ്ടപ്പെടുമ്പോൾ കടലിന് കരയോട് പറയാനുള്ള കാര്യങ്ങൾക്ക് ഒരു പ്രതലം ഇല്ലാതാകുന്നു, കരയ്ക്കടുത്ത് തന്നെ കരയുണ്ടെങ്കിലും അവ തമ്മിലുള്ള അകലം കൂടുന്നതുപോലെ. തീരം കൂടുതലായി കടലെടുക്കാതിരിക്കാനായി, സർക്കാർ ഇപ്പോൾ കടൽഭിത്തി കെട്ടി സംരക്ഷിച്ചിരിക്കുന്നയാണ്. കടൽഭിത്തിക്ക് ഇപ്പുറം Goubert Avenue എന്നറിയപ്പെടുന്ന ബീച്ച് റോഡ്.

ജനത്തിരക്കാണ് ബീച്ചിൽ. അസ്തമയ സൂര്യന്റെ മഞ്ഞയും ഓറഞ്ചും ചുവപ്പുമൊക്കെ കലർന്ന പ്രഭ, തീരത്തെ നനഞ്ഞ മണ്ണിൽ വീഴുന്ന കാഴ്ച്ച ഈ ബീച്ചിൽ കിട്ടില്ല. കാല് കടൽ വെള്ളത്തിൽ നനയ്ക്കാൻ പറ്റാതെ, പാറപ്പുറത്തിരിക്കുന്ന സന്ദർശകർ. അവർക്ക് അപകടം ഒന്നും വരുന്നില്ലെന്ന് ഉറപ്പാക്കാൻ ദൂരെ അവിടവിടെയായി സൂക്ഷ്മനിരീക്ഷണം നടത്തുന്ന ചുവന്ന തൊപ്പി വെച്ച പൊലീസ് കണ്ണുകൾ. കുറെയേറെ ദൂരെയായി പുതിയ കടൽ‌പ്പാലം കാണാം. അങ്ങോട്ട് പ്രവേശനം നിഷേധിച്ചുകൊണ്ട് പൊലീസ് പാറാവുണ്ട്. ഞങ്ങൾ തിരക്കിന്റെ ഭാഗമായി ഗൌബർട്ട് അവന്യുവിലൂടെ കുറെയേറെ നടന്നു.

പുതിയ കടൽ‌പ്പാലവും ചുവന്ന തൊപ്പി വെച്ച പൊലീസുകാരനും
ബീച്ചിലേക്കുള്ള പ്രധാന വഴി വന്നവസാനിക്കുന്നിടത്ത് തന്നെയാണ് ‘War Memmorial'.  ഉയരമുള്ള നാല് തൂണുകൾക്ക് നടുവിലുള്ള മണ്ഡപത്തിൽ ബയണറ്റിൽ കുത്തിനിർത്തിയിരിക്കുന്ന നീളമുള്ള തോക്ക്. മറ്റ് പല യുദ്ധസ്മാരകങ്ങളേയും പോലെ തോക്കിന്റെ പാത്തിക്ക് മേൽ കമഴ്‌ത്തി വെച്ചിരിക്കുന്ന പട്ടാളത്തൊപ്പിയും ഉണ്ടായിരുന്നു കുറേക്കാലം മുൻപ് വരെ. പട്ടാളത്തൊപ്പി ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. യുദ്ധത്തിൽ തല നഷ്ടപ്പെട്ട പട്ടാളക്കാരന്റെ കഴുത്തുപോലെ, തോക്കിന്റെ പാത്തി അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.

പോണ്ടിച്ചേരി വാർ മെമ്മോറിയൽ.
ഗൌബർട്ട് അവന്യുവിൽ മറ്റൊരു യുദ്ധസ്മാരകം കൂടെയുണ്ട്. 1971 ൽ നിർമ്മിച്ച ഫ്രഞ്ച് വാർ മെമ്മോറിയലാണ് അത്. ഒന്നാം ലോക മഹായുദ്ധകാലത്ത് രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ പട്ടാളക്കാരുടെ ഓർമ്മയ്ക്കായാണ് ഈ സ്മാരകം നിലകൊള്ളുന്നത്. Bastille day എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനമായ ജൂലായ് 17ന് ഈ സ്മാരകത്തിൽ, വീരജവാന്മാർക്ക് സ്മരണാജ്ഞലികൾ അർപ്പിച്ചുപോരുന്നു.

ഇടത്തുവശത്ത് ഫ്രഞ്ച് വാർ മെമ്മോറിയൽ, വലത്തുവശത്ത് ലൈറ്റ് ഹൌസ്

ഫ്രഞ്ച് വാർ മെമ്മോറിയൽ.
ബീച്ച് - മറ്റൊരു ദൃശ്യം.
ഫ്രഞ്ച് കോളനി വാഴ്ച്ചക്കാലത്തെ പ്രൌഢി വിളിച്ചറിയിക്കാൻ പോന്ന പഴമയുടെ തനിമ പേറുന്ന കെട്ടിടങ്ങളാണ് ഗൌബർട്ട് അവന്യൂവിൽ. ഈ കെട്ടിടങ്ങൾക്കിടയിലൂടെ ചരിത്രവും ചികഞ്ഞുകൊണ്ടുള്ള നടത്തത്തെ ഹെറിറ്റേജ് വാക്ക് (Heritage Walk) എന്നാണ് വിളിക്കുന്നത്.

പഴയ ലൈറ്റ് ഹൌസ്, കസ്റ്റംസ് ഹൌസ്, കോർപ്പറേഷൻ ഓഫീസ് എന്നിങ്ങനെ മിക്കവാറും കെട്ടിടങ്ങളും കാര്യമായ അറ്റകുറ്റപ്പണികൾ ഒന്നും കിട്ടാത്തതിന്റെ ക്ഷീണം എടുത്തുകാണിക്കുന്നുണ്ട്. കടലിന് അഭിമുഖമായി നിൽക്കുന്ന ഹോട്ടലുകളും റിസോർട്ടുകളുമൊക്കെ നന്നായി സംരക്ഷിക്കപ്പെടുന്നുമുണ്ട്. വളരെ മനോഹരമായ Hotel De Ville എന്ന് പേരെഴുതി വെച്ചിരിക്കുന്ന ഹെറിറ്റേജ് കെട്ടിടമാണ് പോണ്ടിച്ചേരി മുൻസിപ്പാലിയുടെ ആസ്ഥാന മന്ദിരം. അതിനകത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.

പോണ്ടിച്ചേരി മുൻസിപ്പാലിറ്റി ആസ്ഥാനം
കസ്റ്റംസ് കെട്ടിടം.
റോഡിന്റെ മറുവശത്ത് കടലിനോട് തീരത്തിനോട് ചേർന്ന് ഒരേയൊരു കെട്ടിടം മാത്രമേയുള്ളൂ. Le Cafe എന്ന് പേരുള്ള റസ്റ്റോറന്റാണ് അത്. നടത്തിക്കൊണ്ടുപോകുന്നത് സർക്കാർ തന്നെ. സുനാമി വന്നപ്പോൾ കെട്ടിടത്തിന്റെ നല്ലൊരു ഭാഗം ഇടിഞ്ഞുവീണെങ്കിലും, ഇപ്പോൾ വീണ്ടും കെട്ടിയുയർത്തി നല്ല നിലയിൽ സംരക്ഷിച്ച് പോരുന്നു. പഴയ പോണ്ടിച്ചേരിയുടെ നിറം മങ്ങിയ ഒരുപാട് ചിത്രങ്ങൾ ചില്ലിട്ട് വെച്ചിരിക്കുന്നു റസ്റ്റോറന്റിനകത്ത്. പഴയ കാലത്ത് ഈ റസ്റ്റോറന്റ് പോണ്ടിച്ചേരി പോർട്ട് ഓഫീസായിരുന്നു. ആ കെട്ടിടത്തിന് മുകളിൽ കയറി നിന്നാൽ തെരുവിന്റെ നല്ലൊരു ദൃശ്യം ലഭ്യമാകും.

ലേ കഫേ റസ്റ്റോറന്റ് - (പഴയ പോർട്ട് ഓഫീസ്)
Le Cafe കെട്ടിടത്തിൽ നിന്നും കടലിലേക്ക് കടലിലേക്ക് നീണ്ടുനിന്നിരുന്ന പഴയ കടൽ‌പ്പാലം, ഇപ്പോൾ ചുമരിലെ ചില്ലിട്ട ചിത്രത്തിൽ തൂങ്ങുന്ന ഓർമ്മ മാത്രമായിരിക്കുന്നു. എന്നിരുന്നാലും അൽ‌പ്പം തെളിവുകൾ അവശേഷിപ്പിച്ചുകൊണ്ട് പാലത്തിന്റെ ചില അവശിഷ്ടങ്ങൾ ദൂരെ കടലിൽ ഉയർന്നുനിൽക്കുന്നുണ്ട്. ചരിത്രത്തിന്റെ ക്ലാവ് പിടിച്ച് കറുത്തുനിൽക്കുന്ന ചെമ്പിന്റെ കുറ്റികളാണ് അവയോരോന്നും.

കടലിൽ അവശേഷിക്കുന്ന പഴയ പാലത്തിന്റെ ചെമ്പുകുറ്റികൾ
ഫ്രഞ്ച് കോൺസുലേറ്റ് കെട്ടിടവും തെരുവിൽ നിന്ന് ഉള്ളിലേക്കായി കാണാം. മഞ്ഞയും വെള്ളയും നിറത്തോടെ നിൽക്കുന്ന മനോഹരമായ കെട്ടിടമാണത്. മുന്നിൽ സദാ പൊലീസ് കാവലുമുണ്ട്.

ഫ്രഞ്ച് കോൺസുലേറ്റ്.
ബീച്ചിലെ മറ്റൊരു പ്രധാന കാഴ്ച്ച ഗാന്ധിപ്രതിമയും അതോടൊപ്പമുള്ള കൽത്തൂണുകളുമാണ്. കൂടുതൽ ജനങ്ങൾ തങ്ങിനിൽക്കുന്നതും ഫോട്ടോയെടുക്കുന്നതും മഹാത്മാവിന്റെ ഈ പൂർണ്ണകായ പ്രതിമയുടെ പരിസരത്താണ്. പ്രതിമയ്ക്ക് ഇരുവശത്തുമായി ഒറ്റക്കല്ലിൽ തീർത്തതും നിറയെ കൊത്തുപണികൾ ഉള്ളതുമായ നാല് കൽത്തൂണുകൾ. 1866 ലാണ് ഈ തൂണുകൾ സ്ഥാപിക്കപ്പെട്ടത്. അക്കാലത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നില്ല. 70 കിലോമീറ്ററോളം ദൂരെയുള്ള വില്ലുപുരം ജില്ലയിലെ ഗിങ്കിയിൽ നിന്നാണ് ഈ തൂണുകൾ പോണ്ടിച്ചേരിയിൽ എത്തിച്ചത്. ഗാന്ധിപ്രതിമയ്ക്ക് കീഴെയുള്ള തുരങ്കത്തിലൂടെയാണ് തൂണുകൾ കൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കാത്ത നാട്ടുകഥകളും പോണ്ടിച്ചേരിക്കാർക്കിടയിലുണ്ട്.

ഗാന്ധിപ്രതിമയും ചുറ്റുമുള്ള 8 ഒറ്റക്കൽത്തൂണുകളും.
ഗാന്ധി പ്രതിമ നിൽക്കുന്നിടത്തു നിന്നാണ് കടൽ‌പ്പാലം ആരംഭിച്ചിരുന്നത്. Le Cafeയിൽ തൂക്കിയിരിക്കുന്ന പഴയ കാല ചിത്രങ്ങളിൽ പഴയ ആ പാലമുണ്ട്, ലൈറ്റ് ഹൌസ് ഉണ്ട്, എട്ട്  കൽത്തൂണുകളുമുണ്ട്, പക്ഷേ ഗാന്ധി പ്രതിമ മാത്രമില്ല്ല.

കടൽ‌പ്പാലം - Le Cafe യിൽ തൂങ്ങുന്ന ലെ ഒരു പഴയ ചിത്രം
ഗാന്ധി പ്രതിമയ്ക്ക് നേരെ എതിർവശത്തായി നെഹ്രുവിന്റെ പ്രതിമയുമുണ്ട്. അത്യാവശ്യം കലാപരിപാടികളൊക്കെ നടത്താൻ പറ്റിയ കുറച്ച് വിശാലമായ ഒരു അങ്കണമാണ് ആ ഭാഗത്ത്. അതിന്റെ നാല് ഭാഗത്തുമുണ്ട് ഒറ്റക്കല്ലിൽ കൊത്തിയ തൂണുകൾ.

ഗാന്ധി പ്രതിമയ്ക്ക് എതിർവശത്തുള്ള നെഹ്‌റു പ്രതിമ.
Our Lady of Angels പള്ളിക്ക് അഭിമുഖമായി നിൽക്കുന്ന Joan Of Arc ന്റെ പ്രതിമ അടക്കം വേറെയും അനവധി പ്രതിമകളുണ്ട് ബീച്ചിൽ. ഗൌബർട്ട് അവന്യൂ ബീച്ചിൽ നിന്ന് തിരിയുന്നിടത്തുള്ള ചെറിയ പാർക്കിൽ 1742 മുതൽ ഫ്രഞ്ച് ഇന്ത്യയുടെ ഗവർണ്ണറായിരുന്ന Joseph François Dupleix ന്റെ പ്രതിമയ്ക്ക് ക്ലാവിന്റെ  പച്ചനിറമാണ്. തെരുവിലൂടെ നീങ്ങുന്ന ജനങ്ങളെ നോക്കി ഗവർണ്ണർ പ്രൌഢിയോടെ തലയുയർത്തി നിൽക്കുന്നു.

ഫ്രഞ്ച് ഗവർണ്ണറായിരുന്ന Joseph Francois Dupleix
ഗവർണ്ണറുടെ തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന, തോളിന് മുകളിലെ ഭാഗം മാത്രമുള്ള മറ്റൊരു പ്രതിമയ്ക്ക് മുകളിൽ കയറിയിരിക്കുന്ന  വികൃതിപ്പയ്യൻ, പ്രതിമയുടെ ഫോട്ടോ എടുക്കാൻ എനിക്കവസരം തരില്ലെന്ന് ബെറ്റുവെച്ചിരിക്കുന്നത് പോലെ. അവനില്ലാതെ ആ ലോഹ പ്രതിമ മാത്രം ഫ്രെയിമിലൊതുക്കാൻ ഞാൻ ശരിക്കും വിയർത്തു. പക്ഷെ, അതാരുടെ പ്രതിമയാണെന്ന് മനസ്സിലാക്കാൻ മാർഗ്ഗമൊന്നുമില്ലായിരുന്നു.

പേരറിയാത്ത പ്രതിമ.
പോണ്ടിച്ചേരിയിൽ ഇത്തരത്തിലുള്ള പല സ്മാരകങ്ങൾക്കും കീഴെ എഴുതിയിരിക്കുന്നത് ഫ്രഞ്ച് ഭാഷയിൽ മാത്രമാണ്. ഒട്ടൊരുപാട് തെരുവ് ബോർഡുകളും ഫ്രഞ്ചിലാണ് എഴുതിവെച്ചിരിക്കുന്നത്. കോളനിക്കാലത്ത് സ്ഥാപിച്ചിരുന്ന അത്തരം ബോർഡുകൾ ഇന്നും യാതൊരു കേടുപാടുകളുമില്ലാതെ നീലയിൽ വെള്ള അക്ഷരവുമായി തെരുവോരങ്ങളിലും കെട്ടിടങ്ങളുടെ കോണുകളിലുമൊക്കെ കാണാം.

അടുത്ത കാലത്തായി ബീച്ചിൽ വന്നിരിക്കുന്ന മറ്റൊരു പ്രതിമ ഡോ:അംബേഡ്‌കറിന്റേതാണ്. ശിൽ‌പ്പചാതുര്യം കണക്കുകൾ തെറ്റിച്ച് നിൽക്കുന്ന ഒരു പ്രതിമയാണത്. അതിരിക്കുന്ന മണിമണ്ഡപത്തിന്റെ ഭാഗത്ത് നല്ല സുരക്ഷയുണ്ട്, ആ സ്ഥലം നന്നായി പരിപാലിക്കുന്നുമുണ്ട്.

അംബേഡ്‌കർ പ്രതിമയ്ക്ക് മുന്നിൽ.
ഇരുട്ട് വീണ് കഴിഞ്ഞിരിക്കുന്നു. രാവിലെ 4:30 തുടങ്ങിയ യാത്രയാണ്. ശരീരം വിശ്രമം ആവശ്യപ്പെടുന്നുണ്ട്, അതവഗണിക്കാൻ വയ്യ. രാത്രി ഭക്ഷണം കഴിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ നേരത്തേ നോക്കി വെച്ചിരുന്നു. Le Club ൽ നിന്ന് ഭക്ഷണത്തോടൊപ്പം വീഞ്ഞും നുകർന്ന് ജിഞ്ചറിലേക്ക് മടങ്ങി. രാത്രിയേറെ ആകുന്നതിന് മുൻപ് നിദ്ര പൂകണം. ഈയിടെയായി രാവിലെ സ്ഥിരമായി ചെയ്യാറുള്ള ഓട്ടവും കസർത്തുമൊക്കെ യാത്രാ ദിവസങ്ങളിൽപ്പോലും ഉപേക്ഷിക്കാൻ എനിക്കുദ്ദേശമില്ല.

നാളെ രാവിലെ ഓടാനുള്ള റൂട്ടിന്റെ കാര്യത്തിൽ തർക്കമൊന്നുമില്ല. ഒരു വശത്ത് പ്രോമനേഡ് ബീച്ചിന്റെ മനോഹാരിതയും മറുവശത്ത് പുരാതനമായ കെട്ടിടങ്ങളുടെ കാഴ്‌ച്ചയുമായി ഗൌബർട്ട് അവന്യൂ നീണ്ട് നിവർന്ന് കിടക്കുകയല്ലേ ?

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, 6 April 2012

കുരിശിന്റെ വഴിയേ ഒരു യാത്ര

“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.

കുട്ടിക്കാലം മുതൽ കാണുന്ന ചില കാഴ്ച്ചകളും ശബ്ദങ്ങളുമൊക്കെ നമ്മിൽ ഒരുപാട് താൽ‌പ്പര്യം ജനിപ്പിക്കും, അതുമായി മാനസ്സികമായി കൂടുതൽ അടുപ്പിച്ച് നിർത്തും. ഈസ്റ്റർ സമയം ആകുന്നതോടെ കുരിശുചുമന്ന് മരമണിയുമടിച്ച് മലയാറ്റൂർക്ക് പോകുന്ന കാവിവസ്ത്രധാരികളായ വിശ്വാസികളുടെ ദൃശ്യം, പള്ളിപ്പുറം ഇടവക അതിർത്തിക്കാരനായ എനിക്ക് അത്തരമൊന്നാണ്. മറ്റ് പല കുന്നുകളും മലകളും ഇക്കാലത്തിനിടയ്ക്ക് പലവട്ടം കയറിയിട്ടുണ്ടെങ്കിലും മലയാറ്റൂർ മല കയറാനായിട്ടില്ല. പ്രവാസമൊക്കെ മതിയാക്കി നാട്ടിൽ സ്ഥിരതാമസമായ സ്ഥിതിയ്ക്ക്, അതാത് കാലങ്ങളിൽ എല്ലാ ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കാളിയാകുക തന്നെ. ദുഖഃവെള്ളിയാഴ്ച്ചയ്ക്ക് മുന്നേ മലയാറ്റൂർ മല കയറണമെന്ന് തീരുമാനമെടുത്തപ്പോൾ ആദ്യം വിളിച്ചത് ജോ യെ ആണ്.

വിശ്വാസികൾ കുരിശ് ചുമന്ന് മലയാറ്റൂർ മലയിലേക്ക്.
“വെള്ളിയാഴ്ച്ച നല്ല തിരക്കായിരിക്കും, പെസഹാ വ്യാഴാഴ്ച്ച അതിരാവിലെ പോയാൽ തിരക്ക് കൂടുന്നതിന് മുന്നേ തിരിച്ചിറങ്ങാം. കുടുംബവും കുടുംബസുഹൃത്തുക്കളുമൊക്കെയായി ഞാൻ പോകുന്നുണ്ട്.” ജോ യുടെ മറുപടി കിട്ടിയ പാടെ ഞാനാ സംഘത്തിലെ ഒരാളായി.

യാത്ര ഈ ശുഭ്രവസ്ത്രധാരിക്ക് മുകളിലാണ്.
രാവിലെ ആറര മണിക്ക് നെടുമ്പാശ്ശേരി എയർപ്പോർട്ടിന്റെ മുന്നിൽ ഒത്തുചേർന്ന് അവിടന്ന് കാലടി വഴി മലയാറ്റൂർ; അതായിരുന്നു പദ്ധതി. എന്റെ യാത്ര, പുതുതായി വാങ്ങിയ ഹോണ്ട ഏവിയേറ്ററിൽ ആണ്. വർഷങ്ങൾ ഒരുപാടാകുന്നു ഇത്രയധികം ദൂരം ഏതെങ്കിലും ഇരുചക്രവാഹനം ഓടിച്ചിട്ട്. ചൂടുകാലമാണെങ്കിലും അതിരാവിലെ ആയതുകൊണ്ട് ചെറിയൊരു തണുപ്പ് അനുഭവപ്പെടുന്നുണ്ട്. റോഡിൽ വാഹനത്തിരക്ക് ആയിത്തുടങ്ങിയിട്ടില്ല; എന്നാലും വഴിയിലെങ്ങും പല വലിപ്പത്തിലുള്ള കുരിശുകളും ചുമന്ന് കാൽനടയായി നീങ്ങുന്ന വിശ്വാസികളുണ്ട്. ചിലർ ഒരുപാട് ദൂരെ നിന്ന് കുറേയധികം ദിവസങ്ങളെടുത്ത് വരുന്നവരാണെന്ന് വ്യക്തം. പലരും വേച്ചുവേച്ചാണ് നടക്കുന്നത്. ദൈവപുത്രൻ അനുഭവിച്ച ത്യാഗത്തോളം വരുന്നില്ല തങ്ങളുടെ ഈ നേർച്ചയെന്ന് കൃത്യമായി ധാരണയുള്ള വിശ്വാസികൾ തന്നെയാണെല്ലാവരും. ചാട്ടവാറടിയും മുൾക്കിരീടവും അവർക്കനുഭവിക്കേണ്ടി വരുന്നില്ലല്ലോ.

രണ്ടുപേർ ചേർന്ന് വലിയ കുരിശുമായി.
കുരിശ് ചുമന്നുള്ള മലകയറ്റത്തിന്റെ നേർച്ച പല തരത്തിലാണ്. കൈയ്യിൽ ഒതുങ്ങിയിരിക്കുന്ന കൊച്ചുകൊച്ച് കുരിശുകൾ മുതൽ കൃസ്തുദേവൻ ചുവന്ന വലിപ്പത്തോളം പോന്നതും അതിനേക്കാൾ വലിയതുമായ കുരിശുകൾ ചുമക്കാമെന്ന് നേർച്ചനേരാം. ഒന്നിലധികം പേർ ചേർന്നും ഒറ്റയ്ക്കുമൊക്കെ അത്തരത്തിലുള്ള വലിയ കുരിശുകളും ചുമന്ന് പ്രാർത്ഥനകൾ ചൊല്ലി മരമണി മുഴക്കി നടന്നുനീങ്ങുന്ന വിശ്വാസികളുടെ എണ്ണം മലയാറ്റൂരെത്തുന്നതോടെ അധികമായി കണ്ടുതുടങ്ങി.

മരമണി
താഴ്‌വാരത്തിലുള്ള തടാകത്തിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. സ്കൂട്ടർ പാർക്ക് ചെയ്ത് കഴിയുന്നതിനുമുന്നേ മെഴുകുതിരി കച്ചവടക്കാർ വളഞ്ഞു. മലകയറാൻ തുടങ്ങിയാൽ ഇടയ്ക്കിടയ്ക്കുള്ള എല്ലാ കുരിശടികളിലും കത്തിക്കാനുള്ള തിരികളാണത്. സീസണായാൽ താഴ്വാരം മുഴുവൻ വഴിവാണിഭക്കാരെക്കൊണ്ട് നിറയുന്നു. മെഴുകുതിരി കച്ചവടം തന്നെയാണ് പ്രധാനം. വെള്ളിപൂശിയ ആൾരൂപം മുതൽ നാഗരൂപങ്ങൾ വരെ നേർച്ചക്കാർക്ക് വേണ്ടി നിരത്തിയിട്ടുണ്ട്. കയറ്റം ആരംഭിക്കുന്നതിന് മുന്നേ രണ്ട് കൂട് മെഴുകുതിരിയും ഒരു കുപ്പി വെള്ളവും വാങ്ങി തോൾസഞ്ചിയിൽ നിക്ഷേപിച്ചു. കുത്തിനടക്കാനുള്ള ചൂരലിന്റെ വടി ഒരെണ്ണം വാങ്ങുക കൂടെ ചെയ്തപ്പോൾ മലകയറാൻ തയ്യാർ. കയറ്റത്തിൽ കാര്യമായ ആവശ്യം വരില്ലെങ്കിലും, ഇറങ്ങുന്ന സമയത്ത് കുത്തിപ്പിടിക്കാൻ പാകത്തിന് ഒരു വടി നന്നായി പ്രയോജനപ്പെടുമെന്ന് എനിക്കനുഭവമുണ്ട്.

പൊന്മല കേറ്റം മുത്തപ്പാ...
പലയിടത്തും മുഴുത്ത ഉരുളൻ കല്ലുകൾക്കിടയിലൂടെയാണ് കയറ്റം. ആദ്യത്തെ കുരിശടി വരെ കുറച്ച് ദൂരമുണ്ട്. പിന്നീടങ്ങോട്ട് അടുത്തടുത്താണ് കുരിശടികൾ. സമുദ്രനിരപ്പിൽ നിന്ന് 1990 അടിയോളം ഉയരത്തിലേക്കാണ് കയറേണ്ടത്. ആകെ 14 കുരിശടികളാണുള്ളത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതുമുതൽ ഗാഗുൽത്താ മലയിലേക്കുള്ള പീഢന യാത്രയും കുരിശ് മരണവും കല്ലറയിൽ അടക്കം ചെയ്യുന്നതുമടക്കമുള്ള പ്രധാന സംഭവങ്ങളെയാണ് 14 കുരിശടികൾ പ്രതിനിധാനം ചെയ്യുന്നത്. കുരിശിനോടൊപ്പമുള്ള ചിത്രങ്ങളിൽ ആ സംഭവങ്ങളെല്ലാം കാണിക്കുന്നുണ്ട്. എല്ലായിടത്തും തിരികൾ കത്തിക്കാനുള്ള സംവിധാനമുണ്ട്. ഓരോ കുരിശടിയിലും തിരി കൊളുത്തി അൽ‌പ്പനേരം പ്രാർത്ഥിച്ച് നിന്നതിന് ശേഷമാണ് വിശ്വാസികളുടെ യാത്ര പുരോഗമിക്കുന്നത്. കുരിശുചുമക്കുന്നവർ എല്ലാ കുരിശടികൾക്കും കീഴെ, തോളിൽ നിന്ന് കുരിശിറക്കി പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു, വീണ്ടും അടുത്ത കുരിശടിയിലേക്ക് നീങ്ങുന്നു.

പ്രാർത്ഥനാ നിരതരായി സംഘാഗങ്ങൾ.
ജോയുടെ മകൻ മിലിന്ദ് അടക്കം, സംഘത്തിലുള്ള കുട്ടികൾ ഓടിയോടിയാണ് മല കയറുന്നത്. ബാല്യത്തിന്റെ നിഷ്ക്കളങ്കത നഷ്ടമാകുന്നതോടെ എല്ലാ മനുഷ്യന്റേയും പാപഭാരം കൂടിക്കൂടി വരുന്നു. ചെറിയ കയറ്റങ്ങൾ പോലും അവർക്ക് വലിയ പീഡാനുഭവങ്ങളായി മാറുന്നു. പാപം ചെയ്തവരും ചെയ്യാത്തവരുമെല്ലാം മലകയറുന്നത് നല്ലതാണ്. ലോകജനതയ്ക്ക് വേണ്ടി പീഡനങ്ങൾ മുഴുവൻ ഏറ്റുവാങ്ങിയ ദൈവപുത്രനോടുള്ള ആദരവ് പ്രകടിപ്പിക്കാം; അതോടൊപ്പം, ശരീരത്തിൽ കുമിഞ്ഞ് കൂടിയ ദുർമ്മേദസ്സ് കുറേയെങ്കിലും വിയർപ്പായി ഒഴുക്കിക്കളയാം.

ഒന്നാമത്തെ കുരിശടി.
കുരിശടിക്ക് കീഴെ വിശ്വാസികൾ
കുരിശ് ചുമന്ന് മലകയറാമെന്ന് നേർച്ച എടുക്കുന്നത് പോലെ തന്നെ, മുട്ടിലിഴഞ്ഞ് മല കയറാമെന്ന് നേരുന്നവരും വിശ്വാസികൾക്കിടയിലുണ്ട്. അൻപതിനടുക്കെ പ്രായം ചെന്ന ഒരു സ്ത്രീ മുട്ടിലിഴഞ്ഞ് മല കയറാൻ പ്രയാസപ്പെടുന്നു. ഒരിക്കൽ അതുപോലെ മുട്ടിലിഴഞ്ഞ് മലകയറിയാൽ പിന്നീടൊരിക്കലും പാപം ചെയ്യാൻ തോന്നിയെന്ന് തന്നെ വരില്ല. വെള്ളിയാഴ്ച്ച ആകുന്നതോടെ മുട്ടിലിഴഞ്ഞ് മല കയറുന്നവരുടേതടക്കം മലയാറ്റൂർ മല ജനസമുദ്രമായി മാറും. കാലടി കഴിഞ്ഞാൽ റോഡുകളിൽ വാഹനങ്ങൾ തിങ്ങിനിറയും.

പാറക്കല്ലുകൾക്കിടയിലൂടെ മുകളിലേക്ക്.
കുരിശ് ചുമന്നുകൊണ്ട് വന്ന ഒരുപാട് പേർ ഞങ്ങളേയും കടന്ന് മുകളിലേക്ക് കയറിപ്പോയി. ദിവസങ്ങളോളം നീണ്ട യാത്രയുടെ അവസാന പാദമാണതെങ്കിലും അവരുടെ വേഗതയ്ക്ക് കുറവൊന്നുമില്ല.

പൊന്നും കുരിശ് മുത്തപ്പാ
പൊന്മല കേറ്റം,
പാപികൾ ഞങ്ങൾ
പാദം ബലം താ,
പാപികൾ ഞങ്ങൾ
ദേഹം ബലം താ.

എന്നിങ്ങനെയുടെ ഭക്തിനിർഭരമായ വിളികളാണ് അവരുടെ കയറ്റം അനായാസമാക്കുന്നത്. ആ പ്രാർത്ഥനയ്ക്ക് ഏതൊരു മല കയറ്റത്തിന്റേയും ശ്വാസതാളമാണ്.

മറ്റൊരു വിശ്വാസി സംഘം കുരിശുകളുമായി.
മൂന്നാമത്തെ കുരിശടിക്ക് കീഴെ വിശ്വാസികൾ.
ഒൻപതാമത്തെ കുരിശടി.
എല്ലാ കുരിശടികളിലും തിരികൾ കത്തിച്ച് ഫോട്ടോകളെടുത്ത് എന്റെ മലകയറ്റവും പുരോഗമിച്ചുകൊണ്ടിരുന്നു. കുട്ടികൾ പലരും ഇതിനിടയ്ക്ക് ഞങ്ങളുടെ സംഘത്തിൽ നിന്ന് അപ്രത്യക്ഷമായി. മകനെവിടെ എന്ന് ജോയോട് ചോദിച്ചപ്പോൾ ‘മുകളിൽ എത്തിക്കാണും’ എന്നായിരുന്നു മറുപടി. ഇത്രയും ആൾക്കാർക്കിടയിൽ കുട്ടി കൂട്ടം തെറ്റിപ്പോകുമെന്ന ആധി തീരെയില്ല ആ വാക്കുകളിൽ. ദൈവ സമക്ഷത്തിലേക്കല്ലേ പോയിരിക്കുന്നത്, കുഴപ്പമൊന്നും സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസമാണത്. ആദ്യത്തെ മൂന്ന് കുരിശടികൾ കഴിഞ്ഞതോടെ ഞാനും കൂട്ടത്തിൽ നിന്ന് വേർപിരിഞ്ഞുകഴിഞ്ഞിരുന്നു.

തിരിതെളിയിച്ച് പ്രാർത്ഥനയോടെ.....
അവസാനത്തെ കുറച്ച് ഭാഗങ്ങളിൽ പടികൾ കെട്ടിയിട്ടുണ്ട്. 14 കുരിശടികളും കഴിഞ്ഞാൽ വലത്തുഭാഗത്തുള്ള മരങ്ങളോട് ചേർന്ന് എല്ലാ കുരിശുകളും ഉപേക്ഷിക്കപ്പെടുന്നു. വലിയ കുരിശുകൾ മരങ്ങളോട് ചേർത്ത് കെട്ടി നിർത്തിയിട്ടുണ്ട്. തൊട്ടുമുന്നേ കയറി വന്ന ഒരു സംഘം കുരിശ് മരത്തിൽ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഞാൻ അവരുടെ കുറച്ച് ചിത്രങ്ങളെടുത്തു.

കുരിശുകൾ മരങ്ങളിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
മരത്തിൽ കുരിശ് ഉറപ്പിക്കുന്നു.
‘മോശ ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചു പറഞ്ഞു. കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്‌സോപ്പുകമ്പ് മുക്കി രണ്ട്  കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. എന്തെന്നാല്‍, ഈജിപ്റ്റുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവ് കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവ് നിങ്ങളുടെ വാതില്‍ പിന്നിട്ട് കടന്നുപോകും. സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങള്‍ക്ക് തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിന് ശേഷവും ഈ കര്‍മ്മം ആചരിക്കണം. ഇതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം. ഇത് കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്റ്റിലുണ്ടായിരുന്ന ഇസ്രായേല്‍കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്റ്റുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായേല്‍കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട് ദൈവത്തെ ആരാധിച്ചു. അനന്തരം ഇസ്രായേല്‍കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവ് മോശയോടും അഹറോനോടും കല്‍പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു.‘

മല മുകളിലുള്ള പള്ളിയിൽ കുർബാന ആരംഭിച്ചിരിക്കുന്നു. വൈദികന്റെ ശബ്ദം മലഞ്ചെരുവുകളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളിലൂടെ ഒഴുകിവന്നുകൊണ്ടിരുന്നു.

കുരിശുകളുടെ കൂമ്പാരം.
കുരിശുകൾക്കിടയിലൂടെ.....
എനിക്കെന്തായാലും ഇന്നൊരു സ്മരണ ദിവസം തന്നെ. നാളിത്രയും മരമണിയും മുഴക്കി കുരിശും ചുമന്ന് മുന്നിലൂടെ കടന്നുപോയിരുന്ന വിശ്വാസികളുടെ ഭാഗമാകാൻ ഈ പെസഹാ വ്യാഴാഴ്ച്ച എനിക്കായിരിക്കുന്നു.

14 കുരിശടിയും കഴിഞ്ഞാൽ മാർത്തോമ്മാ മണ്ഡപത്തിലേക്കാണ് ചെന്ന് കയറുന്നത്. തോമാസ്ലീഹയുടെ വലിയൊരു പ്രതിമയാണ് അതിനകത്ത്.

മാർത്തോമ്മാ മണ്ഡപം.
മണ്ഡപത്തിനകത്തെ തോമസ് സ്ലീഹായുടെ രൂപം.
മണ്ഡപത്തിന് പിന്നിൽ പുതിയ പള്ളിയുടെ തുറന്ന അൾത്താര. മൈക്കിളാഞ്ചലോയുടെ പ്രശസ്തമായ ‘പിയാത്ത’ ശിൽ‌പ്പത്തിന്റെ മാതൃക അൾത്താരയ്ക്ക് മുകളിലായി കാണാം. കുരിശുമരണം വരിച്ച യേശുവിനെ മടിയിൽ കിടത്തിയ മാതാവിന്റെ ശിൽ‌പ്പമാണ് 'പിയാത്ത'. ദിവ്യബലി കഴിഞ്ഞിട്ടില്ല. വിശ്വാസികൾ തുറസ്സായ ഇടങ്ങളിൽ ഇരുന്ന് പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.

പുതിയ പള്ളിയുടെ അൾത്താര.
മലകയറുന്നതിന് മുന്നേ മധുരമിട്ട ചായ കുടിക്കരുതെന്നാണ് ജോഹർ പറഞ്ഞിരുന്നത്. വെള്ളം പോലും കുടിക്കേണ്ടതില്ല. മുകളിൽ സഭയുടെ സ്റ്റാളിൽ നിന്ന് ചുക്ക് കാപ്പി കിട്ടും. അതൊരെണ്ണം മതി ക്ഷീണമകറ്റാൻ. സംഭവം ശരിയാണ്. ഒരു ചുക്കുകാപ്പി പകർന്ന് തന്നത് ചോർന്നുപോയ അത്രയും ഊർജ്ജമാണെന്ന് തോന്നി.

പുതിയ പള്ളിയുടെ വലത് വശത്തായി കാണുന്നത് ആനകുത്തിയ പള്ളിയാണ്. 1595ലാണ് ഇത് ഉണ്ടാക്കപ്പെട്ടത്. 1968 വരെ മലയാറ്റൂർ കുരിശുമുടി ഘോരവനമായിരുന്നതുകൊണ്ട് കാട്ടാനകളുടെ ആക്രമണം നിത്യസംഭവമ്മായിരുന്നു. ഇതിന്റെ പുറകുവശത്തെ ചുമരിൽ ഒരടിയോളം ആഴത്തിൽ ആനക്കൊമ്പ് തുളഞ്ഞ് കയറിയതിന്റെ പാടുകളുണ്ട്. ഇപ്പോൾ അതെല്ലാം ചില്ലിട്ട് സംരക്ഷിച്ചിരിക്കുന്നു.

ആനകുത്തിയ പള്ളിയുടെ പിൻഭാഗത്തെ ചുമർ. കുത്തിയ പാടുകൾ ഇവിടെ കാണാം.
ആനകുത്തിയ പള്ളിയുടെ മുൻ‌ഭാഗം.
ആനകുത്തിയ കപ്പേളയ്ക്ക് മുന്നിലായി പഴയ പള്ളി. വളരെ പഴക്കമുള്ള ഒരു കെട്ടിടമാണത്. വാതിലുകളുടേയും ജനലുകളുടേയും കട്ടിളകൾ തീർത്തിരിക്കുന്നത് കല്ലിലാണ്. വരാന്തയിലുള്ള തൂണുകളും കല്ലുകൊണ്ടുള്ളതാണ്.

പഴയ പള്ളിയ്ക്ക് പഴമയുടെ പ്രൌഢി.
പഴയ പള്ളി ഒരു പാർശ്വ വീക്ഷണം.
ജനലുകൾക്കും വാതിലുകൾക്കുമൊക്കെ പഴമയുടെ ഭംഗിയും വ്യത്യസ്തതയുമുണ്ട്. പഴയ പള്ളിക്ക് മുൻപിലായി പൊൻ‌കുരിശിന്റെ കൂടാരം. അവിടെ തിരി കത്തിക്കാൻ അനുവാദമില്ല. വിശ്വാസികൾ കുരിശിന്റെ കൂടിൽ മുത്തി തൊഴുത് പ്രാർത്ഥിക്കുന്നു. എ.ഡി. 52ൽ ഭാരത സന്ദർശന വേളയിൽ തോമാസ്ലീഹ ഈ മലമുകളിൽ വന്നെന്നും പ്രാർത്ഥിച്ചെന്നുമാണ് ഐതിഹ്യം. പൊന്നിൻ കുരിശ് മുത്തപ്പൻ എന്ന് പ്രകീർത്തിക്കുന്നത് യേശുവിന്റെ ശിഷ്യനായ വിശുദ്ധ തോമസ്സിനെത്തന്നെയാണ്.

മലയുടെ ചരിവിൽ നിന്നുള്ള താഴ്വരക്കാഴ്ച്ച അതിമനോഹമാണ്. ചിലയിടങ്ങളിൽ കൃഷിക്കായി അതിരുകൾ കെട്ടി തിരിച്ചിട്ട ഭൂമിയും കാണാം. മലകയറി ക്ഷീണിച്ച് വന്നവർ കുരിശിന്റെ ഭാരം തീർക്കാനായി ചരിവിലുള്ള പാറപ്പുറത്ത് വിശ്രമിക്കുന്നു.

ഇനി പ്രകൃതിയിൽ ലയിച്ച് അൽ‌പ്പം വിശ്രമം.
പഴയ പള്ളിക്ക് മുന്നിലൂടെ താഴേക്കിറങ്ങിയാൽ മറ്റൊരു പ്രധാന കാഴ്ച്ചകൂടെയുണ്ട്. തോമാസ്ലീഹയുടെ കാൽമുട്ടും പാദങ്ങളും പതിഞ്ഞ ഒരു പാറയാണ് അത്. ചില്ലുകൂടിനുള്ളിലൂടെ പാദമുദ്ര കാണുക തന്നെ വളരെ ശ്രമകരമാണ്. ഫോട്ടോ എടുക്കുക അതിനേക്കാൾ ബുദ്ധിമുട്ട്.

സെന്റ് തോമസിന്റെ പാദമുദ്ര പതിഞ്ഞ കല്ലുള്ള തിരുക്കൂട്.
എനിക്ക് മലയിറങ്ങാനുള്ള സമയമായി. മൊബൈൽ സിഗ്നൽ ഇല്ലാത്ത സ്ഥലമായതുകൊണ്ട് കൂടെ വന്ന സംഘത്തെ കണ്ടുപിടിക്കാൻ മാർഗ്ഗമൊന്നുമില്ല. ഞാൻ മലയിറങ്ങാൻ തുടങ്ങി. പെട്ടെന്ന് പുറകിൽ നിന്ന് ജോയുടെ ശബ്ദം. ഒരു സമൂഹഫോട്ടോ കൂടെ എടുത്തശേഷം ഞങ്ങൾ പിരിഞ്ഞു. അൽ‌പ്പനേരം കൂടെ പ്രാർത്ഥനകളിൽ പങ്കുകൊണ്ടതിനുശേഷമേ ജോയും സംഘവും മടങ്ങൂ.

യാത്രാസംഘം.
വിശ്വാസിസംഘങ്ങൾ കൂടുതലായി മലകയറി വന്നുകൊണ്ടേയിരുന്നു. തിരക്ക് വർദ്ധിച്ച് വരുകയാണ്. ദുഖവെള്ളി ആകുന്നതോടെ രാവും പകലും ഭക്തർ മലകയറിക്കൊണ്ടേയിരിക്കും. വഴിയിൽ ഉടനീളം മരങ്ങളിലും തൂണുകളിലുമൊക്കെ വെളിച്ചത്തിനായി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. എത്രയൊക്കെ തിരക്കുണ്ടെന്ന് പറഞ്ഞാലും ഈസ്റ്റർ ദിനങ്ങളിൽത്തന്നെ മലയാറ്റൂർ കുരിശുമല കയറുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. വിശ്വാസത്തിന്റേയും ഭക്തിയുടേയും നേർക്കാഴ്ച്ചയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്.

കൂടുതൽ വിശ്വാസികൾ മലമുകളിലേക്ക്...
ഈസ്റ്ററൊക്കെ കഴിഞ്ഞയുടനെ ആൾത്തിരക്കൊന്നുമില്ലാത്ത ഒരു സാധാരണ ദിവസം ഒരു പ്രത്യേക ലക്ഷ്യത്തോടെ മലയാറ്റൂർ മല വീണ്ടും കയറാൻ ഞാനൊരുക്കമാണ്. ഇക്കഴിഞ്ഞ ശബരിമല മണ്ഡലകാലത്തിന് ശേഷം, പമ്പ മുതൽ സന്നിധാനം വരെയുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കുമൊക്കെ വാരിക്കൂട്ടി വൃത്തിയാക്കിയ ഒരു സ്വകാര്യം കമ്പനിയെപ്പറ്റി എനിക്കറിയാം.

മാലിന്യക്കൂമ്പാരം - ഇതൊരു സാമ്പിൾ മാത്രം
അങ്ങനെ ഏതെങ്കിലും ഒരു സ്ഥാപനത്തിന്റേയോ സന്നദ്ധരായ ജനങ്ങളുടെ സഹകരണത്തോടെയോ ഒരു വൃത്തിയാക്കൽ മലയാറ്റൂർ പൊന്മലയിലും ആവശ്യമാണ്. അത്രയ്ക്കുണ്ട് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഈ തീർത്ഥാടന കേന്ദ്രത്തിൽ. പ്രകൃതിയിൽ നിന്നകന്ന് പോകുമ്പോൾ ഈശ്വരനിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നെന്ന് മനസ്സിലാക്കാൻ വിശ്വാസികളും അധികാരികളും വൈകുന്നിടത്തോളം കാലം ഇത്തരം വൃത്തിയാക്കലുകൾ ആരെങ്കിലുമൊക്കെ ഏറ്റെടുത്തേ പറ്റൂ.
..
..