സ്ക്കോട്ട്‌ലാന്‍ഡിലേക്ക് കുടുംബസമേതമൊരു യാത്ര. ഇക്കഴിഞ്ഞ നവംബര്‍ മാസം 24, 25, 26 തീയതികളിലാണതു് തരപ്പെട്ടതു്. കുറെ വര്‍ഷങ്ങള്‍ മുന്‍പുവരെ, സ്ക്കോട്ട്‌ലാന്‍ഡെന്നാല്‍ സ്കോച്ചു് വിസ്ക്കി ഉണ്ടാക്കുന്ന ഒരു രാജ്യമെന്നതില്‍ക്കൂടുതല്‍ ഒന്നുംതന്നെ അറിയില്ലായിരുന്നു. മെല്‍ ഗിബ്‌സന്റെ ഒരു ആരാധകനായതുകൊണ്ടു് ബ്രേവ്ഹാര്‍ട്ടു് എന്ന സിനിമയിലൂടെ ദേശസ്നേഹിയായ, സ്ക്കോട്ട്‌ലാന്‍ഡുകാരന്‍ വില്ല്യം വാല്ലസ്സിനെപ്പറ്റി കുറച്ചൊക്കെ മനസ്സിലാക്കിയതു് വളരെയടുത്തകാലത്താണു്.
എണ്ണപ്പാടത്തു് ജോലിചെയ്യാന്‍ തുടങ്ങിയതിനുശേഷം പരിചയമുള്ള രണ്ടുമൂന്നു് സ്ക്കോട്ട്‌ലാന്‍ഡുകാരുണ്ടു്. അമേരിക്കന്‍ കമ്പനിയായ G.R.C. യിലെ ജനറല്‍ മാനേജര്‍ ഇവാന്‍ ക്രോംബിയാണു് അതിലൊരാള്‍. പിന്നെ ഞങ്ങളുടെ സഹോദരസ്ഥാപനങ്ങളിലെ രണ്ടു് സ്ക്കോട്ട്‌ലന്‍ഡുകാര്‍. കമ്പനിയുടെ ചില പാര്‍ട്ടികളില്‍ ഈ വിദ്വാന്മാര്‍ അവരുടെ രാജ്യത്തെ തനതായ വേഷമായ മുട്ടുവരെയുള്ള ഞൊറിവച്ച പാവാടയും, ഷര്‍ട്ടും, കോട്ടും, അരയില്‍ മണിപ്പേഴ്സ് പോലുള്ള തുകല്‍ സഞ്ചിയും അണിഞ്ഞെത്തുന്നതു് കൌതുകത്തോടെയാണു് വീക്ഷിച്ചിരുന്നതു്. ഇത്രയൊക്കെയാണു് സ്ക്കോട്ട്‌ലാന്‍ഡിനെക്കുറിച്ചുള്ള അറിവുകളും ബന്ധങ്ങളും.
നവംബര്‍ 24 ന് ഇംഗ്ളണ്ടിലെ പീറ്റര്‍ബറോ എന്ന സ്ഥലത്തുനിന്നും നാലുമണിക്കൂര്‍ നീളുന്ന തീവണ്ടി യാത്രയ്ക്കുശേഷം സ്ക്കോട്ട്‌ലാന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറോയിലെത്തി. ബോയ്സ്ഡേറ്റ് എന്നൊരു ഹോട്ടലില്‍ താമസം നേരത്തേതന്നെ എര്‍പ്പാടുചെയ്തിരുന്നു. ഹോട്ടലെന്നു് തീര്‍ത്തുപറയാന്‍ പറ്റില്ല. അതൊരു വീടാണെന്നുതോന്നുന്നു. വൃദ്ധരായ വീട്ടുടമസ്ഥരൊരുമുറിയില്‍ താമസമുണ്ടു്. ബെഡ്ഡ് ആന്‍ഡു് ബ്രേക്കുഫാസ്റ്റ് എന്നുപറയുന്നതാവും കൂടുതല്‍ ഉചിതം.
ചെക്കിന്‍ ചെയ്തശേഷം വെളിയിലിറങ്ങി. എഡിന്‍ബറോ കാസില്‍ കാണുകയാണു ലക്ഷ്യം. ഒരുപാട് കാസിലുകളും, തടാകങ്ങളുമുള്ള രാജ്യമാണ് സ്ക്കോട്ട്‌ലാന്‍ഡ്. നൂറ്റാണ്ടുകള്‍ക്കു് മുന്‍പു് യുദ്ധാവശ്യങ്ങള്‍ക്കായുണ്ടാക്കിയ കാസിലുകള്‍ തുടങ്ങി, പ്രഭുക്കന്മാരും, പണക്കാരായ നാട്ടുപ്രമാണികളടക്കം പലരും ഉണ്ടാക്കിയ നൂറുകണക്കിന് കാസിലുകള്‍ സ്ക്കോട്ട്‌ലാന്‍ഡിലുണ്ട്. മിക്കവാറും എല്ലാ കാസിലുകളും ഉയരമുള്ള കുന്നുകളുടെ ഉച്ചിയിലാണ്. ഇതില്‍ത്തന്നെ പലതും അഗ്നിപര്‍വ്വതത്തിന്റെ ലാവ ഉറഞ്ഞുണ്ടായ കുന്നുകളാണ്.
എഡിന്‍ബറോ കാസിലിലെ ആദ്യതാമസക്കാര്‍ ബ്രോണ്സ് ഏജിലുള്ളവരാണെന്നാണ് അനുമാനം. ഇപ്പോളതു് ഒരു മ്യൂസിയവും, വാര്‍ മ്യൂസിയവുമൊക്കെയാണു്. ഓരോ മുക്കിലും മൂലയിലും കറങ്ങിനടന്നു. കാസിലിന്റെ ചരിത്രം അടക്കമുള്ള കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ പഠിച്ചു്, നടന്നുകാണണമെങ്കില്‍ 3 ദിവസമെങ്കിലുമെടുക്കും. 3 മണിക്കൂരിലധികം ചിലവഴിക്കാന്‍ ഞങ്ങള്‍ക്കില്ലാത്തതുകൊണ്ടും, ആറുവയസ്സുകാരി മകള്‍ നടന്നുവലഞ്ഞു്, വിശന്നു കരയുന്ന അവസ്ഥയിലെത്തിയതുകൊണ്ടും കാസിലില്‍ നിന്നും പുറത്തുകടന്നു.
മഞ്ഞുകാലം ആരംഭിച്ചതുകൊണ്ടു് വൈകീട്ടു 4 മണിക്കുതന്നെ നല്ല ഇരുട്ടായിക്കഴിഞ്ഞു. 5 നും 8നും ഇടയ്ക്കാണു താപനില. ശരാശരി 28 ഡിഗ്രിയില്‍ എന്നും ജീവിക്കുന്ന എന്നെപ്പോലെയുള്ള മലയാളിക്കതു് വെടിച്ചില്ലുപോലെ തുളച്ചുകയറുന്ന തണുപ്പാണു്.
കാസിലില്‍ നിന്നു് പുറത്തുകടന്നപ്പോള്‍ക്കണ്ട ഒരു കെട്ടിടത്തിലെ ബോര്‍ഡു് ശ്രദ്ധപിടിച്ചുപറ്റി.
''സ്ക്കോച്ച് എക്‌സ്പീരിയന്‍സ് '' എന്നായിരുന്നതു്. തലയൊന്നുക്കു് 8 പൌണ്ടിന്റെ ടിക്കറ്റെടുത്താല്‍ അകത്തുകയറാം. സ്ക്കോച്ച് ഉണ്ടാക്കുന്നതെങ്ങിനെയെന്നു് വിശദമായി പഠിക്കാം. നാട്ടില്‍ച്ചെന്നു് ചെറിയതോതില്‍ നല്ലൊരു വാറ്റുകേന്ദ്രം തുടങ്ങുകയുമാവാം. പക്ഷെ കൂടെയുള്ള "സ്ത്രീജനങ്ങള്‍ക്കു് " താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടു് വാറ്റ് പഠിക്കാന്‍ പറ്റിയില്ല.
കുറച്ചുനേരംകൂടെ തെരുവുകളിലെല്ലാം കറങ്ങിനടന്നു. ഞൊറിവച്ച പാവാടയടക്കമുള്ള ദേശീയവസ്ത്രവുമിട്ട് രണ്ടുപേര്‍ വഴിയോരത്തുനിന്നു് ബാഗ്‌പൈപ്പര്‍ വായിക്കുന്നു. സംഗീതത്തിനു് ദേശവും, ഭാഷയുമില്ലല്ലോ!! കുറച്ചുനേരം മനോഹരമായ ആ വാദ്യസംഗീതം കേട്ടുനിന്നു.
തിരിച്ചു ഹോട്ടലിലേക്കു് മടങ്ങാന്‍ ടാക്സിക്കുവേണ്ടി കുറെ ശ്രമിച്ചു. കിട്ടിയില്ല. അവസാനം വളരെ ബുദ്ധിമുട്ടി ഞങ്ങളുടെ റൂട്ടിലേക്കുള്ള ബസ്സ് കണ്ടുപിടിച്ചു. ബോയ്സ്ഡേറ്റിനു തൊട്ടടുത്തുള്ള ഒരു ചൈനീസ് റസ്റ്റോറന്റില്‍ നിന്നു് അത്താഴം കഴിച്ചു. നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട് രാത്രി നന്നായുറങ്ങി.
രണ്ടാം ദിവസം സ്ക്കോട്ട് ലൈന്‍ ടൂര്‍സ് എന്ന കമ്പനിയുടെ ബസ്സില്‍ ഒരു പാക്കേജു് ടൂര്‍ ബുക്കു് ചെയ്തിരുന്നു. രാവിലെ 8:30 നു് യാത്ര ആരംഭിച്ചു. ബസ്സില്‍ പലപല രാജ്യത്തുനിന്നുമായി 29 യാത്രക്കാര്‍. കൂടാതെ അലക്ക് എന്ന കര്‍ശനക്കാരനായ ഡ്രൈവറും, ഫ്രാന്‍ എന്ന 45 നു മേല്‍ പ്രായം വരുന്ന ഗൈഡും. വളരെ മനോഹരമായും, ആധികാരികമായും ഓരോ സ്ഥലങ്ങളെപ്പറ്റിയും, വ്യക്തികളെപ്പറ്റിയും, ചരിത്രസംഭവങ്ങളെപ്പറ്റിയും അവര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. തികച്ചും പ്രൊഫഷണലായ ഒരു ഗൈഡുതന്നെയായിരുന്നു ആ സ്ത്രീ.
എലിസബത്തു് ലിമോ എന്ന പ്രേതത്തെപ്പറ്റിയുള്ള വിവരണം രസകരമായിത്തോന്നി. രാതികാലങ്ങളില്‍ ഒരു ചെറിയ "സ്മാളെല്ലാം" അടിച്ചു വീട്ടിലേക്കുമടങ്ങുന്നവര്‍ പലരും ചോരയൊലിപ്പിച്ചുകൊണ്ടുനില്‍ക്കുന്ന ഈ സ്ത്രീ പ്രേതത്തെ കാണാറുണ്ടത്രേ?.
എഴുത്തുകാരനായ റോബര്‍ട്ടു ലൂയീസ് സ്റ്റീവന്‍സണിനെക്കുറിച്ചും, ദേശസ്നേഹിയായ വില്ല്യം വാലാസ്സിനെക്കുറിച്ചും വര്‍ണ്ണിക്കുമ്പോള്‍ അവര്‍ അത്യധികം വാചാലയായി കാണപ്പെട്ടു.
നഗരത്തിരക്കില്‍ നിന്നും വിട്ടു ബസ്സ് ഗ്രാമന്തരീക്ഷത്തിലേക്കുകടന്നു. റോഡിനിരുവശത്തുമുള്ള പ്രകൃതിരമണീയത എത്രനോക്കിയിരുന്നാലും മതിയാകില്ല. കുണ്ടും കുഴികളുമില്ലാത്ത റോഡിന്റെ വീതി ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു.
വയനാട്ടിലെ മാനന്തവാടിയിലുള്ള ചെറ്റപ്പാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു കൊച്ചുപാലത്തില്‍ ബസ്സ് കയറിയപ്പോള്‍ എല്ലാവരോടും ശ്വാസമടക്കിപ്പിടിച്ചുകൊള്ളാന്‍ പറഞ്ഞു ഫ്രാന്‍.കാരണം മറ്റൊന്നുമല്ല. കൊല്ലവര്‍ഷം 1500 ല്‍ ഉണ്ടാക്കിയപാലമാണതു്. ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ അതിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുന്നു. ഇനി കുഴപ്പം എപ്പോഴാണുണ്ടാകുക എന്നു് പറയാന്‍ പറ്റില്ലല്ലോ!!
ഗ്ളാസ്കോ, സ്റ്റെര്‍ലിങ്ങ് എന്നീ പട്ടണങ്ങള്‍ കഴിഞ്ഞു് വണ്ടി നീങ്ങുന്നതിനിടയില്‍ എണ്ണ സംസ്കരണകേന്ദ്രം കണ്ടപ്പോള്‍ എന്നിലെ ഓയല്‍ഫീല്‍ഡുകാരനു് സന്തോഷമായി.
ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ റസ്റ്റോറന്‍ഡിന്റെ വേലിക്കെട്ടിനപ്പുറത്തു്, വലിയ വളഞ്ഞ കൊമ്പുകളുള്ള ഹാമിഷ് എന്ന സൌഹൃദസ്വഭാവമുള്ള കൂറ്റന്‍ മൃഗത്തെ കണ്ടു.
വയനാടന്‍ കാടുകളിലും മറ്റും കണ്ടിട്ടുള്ള കാട്ടി എന്ന കാട്ടുപോത്തിനെയാണപ്പോള്‍ ഓര്‍മ്മവന്നതു്. അതിന്റെ കൊമ്പില്‍പ്പിടിച്ചും ഭക്ഷണം കൊടുത്തും ആളുകള്‍ പടങ്ങളെടുക്കുന്നുണ്ടായിരുന്നു. ഒന്നു രണ്ടു് പടങ്ങള്‍ ഞങ്ങളുമെടുത്തു.
ബ്രേക്കുഫാസ്റ്റ് കഴിഞ്ഞുള്ള യാത്രയില്‍ "ത്രീ സിസ്റ്റേഴ്സ്" എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതമലകളുടെ മുന്‍പില്‍ ഫോട്ടോ എടുക്കാന്‍വേണ്ടിമാത്രം 10 മിനിട്ടു് ബസ്സ് നിറുത്തി.
റോഡിന്റെ ഒരുവശത്തു് നിശ്ചലമായിക്കിടക്കുന്ന തടാകത്തിലെ വെള്ളത്തില്‍ മലനിരകളുടെ പ്രതിഫലനം കണ്ണാടിയിലെന്നപോലെ മനോഹരമായിരുന്നു. മലകളുടെ മുകളിലെല്ലാം മഞ്ഞ് ഘനീഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയുള്ള മാസങ്ങളില്‍ മലമുഴുവന്‍ മഞ്ഞുകൊണ്ടു് മൂടപ്പെടും. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലിരുന്നു് അതിന്റെ ഒരു ഫോട്ടോ എടുക്കുക എന്നതു് ദുഷ്ക്കരമായ ദൌത്യമായിരുന്നു.
പിന്നീടുള്ള യാത്രയില്‍ കുറെനേരം ബസ്സിലിരുന്നു് ഉറങ്ങി. ഉച്ചഭക്ഷണതിനു് വണ്ടി നിറുത്തി. നീണ്ട ക്യൂവില്‍ നിന്നു് ഭക്ഷണം വാങ്ങി.
ഭക്ഷണത്തിനുശേഷം സൌജന്യമായി സ്കോച്ചു് കൊടുക്കുന്നുണ്ടു്. ടോണിക്കു് കുപ്പിയുടെ അടപ്പിന്റെ വലിപ്പമുള്ള കൊച്ചുഗ്ളാസില്‍ നിരത്തിവച്ചിരിക്കുന്ന, വെള്ളം ചേര്‍ക്കാത്ത സിംഗില്‍ മാള്‍ട്ട് വിസ്ക്കി രണ്ടെണ്ണം ഞാനും അകത്താക്കി.
ബസ്സിലുണ്ടായിരുന്ന ഇന്ത്യാക്കാരികളടക്കമുള്ള മൂന്നാലു് പെണ്‍കുട്ടികള്‍ വിസ്ക്കി വീശിക്കഴിഞ്ഞതിനുശേഷമാണു് കൌണ്ടറിലിരിക്കുന്ന സ്ത്രീ സ്ഥലത്തെത്തിയതു്. വന്ന ഉടനെ എല്ലാവരുടേയും വയസ്സുതെളിയിക്കുന്ന രേഖകള്‍ കാണിക്കണമെന്നായി അവര്‍. എതോ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള കുട്ടികളായിരിക്കണം. എന്തായാലും എല്ലാവരും 18 വയസ്സിനുമുകളിലുള്ളവരായതുകൊണ്ടു് അതിനെച്ചൊല്ലി വേറെ പുകിലൊന്നുമുണ്ടായില്ല.
കൊല്ലവര്‍ഷം 1500 ല്‍ത്തന്നെ എപ്പോളോ ഉണ്ടാക്കിയ കമാനങ്ങളുള്ള മറ്റൊരു ഇരുമ്പുപാലത്തിലൂടെ കടന്നപ്പോള്‍ ആ പാലത്തിന്റെ കൌതുകം ജനിപ്പിക്കുന്ന കഥയാണു് ഫ്രാന്‍ പറഞ്ഞതു്. ഈ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നകാലത്തു് സ്ഥലത്തെ പ്രധാനിയായ ഒരു കക്ഷിയുടെ വക ഒരു പ്രവചനമുണ്ടായി. പാലം പണി തീര്‍ന്നുകഴിഞ്ഞാല്‍ സ്ക്കോട്ട്‌ലാന്‍ഡില്‍ വലിയ അനര്‍ഥങ്ങളുണ്ടാകുമെന്നായിരുന്നു ആ പ്രവചനം. ഈ കക്ഷി വര്‍ഷങ്ങള്‍ക്കുമുന്‍പുനടത്തിയ മറ്റൊരുപ്രവചനം അക്ഷരംപ്രതി സംഭവിച്ചിട്ടുണ്ടത്രേ!! ജലാംശം വളരെക്കുറവായിരുന്ന ആ താഴ്വരയില്‍ തടാകങ്ങളും അതില്‍ത്തെന്നിനടക്കുന്ന ബോട്ടുകളും അദ്ദേഹം ദിവ്യദൃക്ഷ്ടിയിലൂടെ കാണുകയും, പ്രവചിക്കുകയും ചെയ്തു. അപ്പോള്‍ എല്ലാവരുമത് തള്ളിക്കളഞ്ഞെങ്കിലും,വര്‍ഷങ്ങള്‍ക്കുശേഷം അത് സംഭവിച്ചു. ഒരു കനാലിന്റെ ആവശ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി, ആ താഴ്വരയില്‍ ഇപ്പോള്‍ തടാകവും ബോട്ടുകളുമുണ്ടു്.
എന്തായാലും അദ്ദേഹത്തിന്റെ പുതിയ പ്രവചനത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാതിരിക്കാന്‍വേണ്ടി, അന്നാട്ടുകാരാരോ പാലം പണിക്കുകൊണ്ടുവന്ന ഒരു ബോള്‍ട്ടും, നട്ടും അടിച്ചുമാറ്റിക്കളഞ്ഞു.ചുരുക്കിപ്പറഞ്ഞാല്‍ 1500 ല്‍ പണിതുടങ്ങിയ പാലത്തിന്റെ പണി ഇപ്പോളും തീര്‍ന്നിട്ടില്ലല്ലോ?!അതുകൊണ്ട് പ്രവചിക്കപ്പെട്ടപോലെ കുഴപ്പമൊന്നും സംഭവിച്ചുമില്ല. മോഷണം പോയ നട്ടും, ബോള്‍ട്ടും പിന്നീട് കണ്ടെടുത്തെങ്കിലും അതിപ്പോള്‍ സ്ഥലത്തെ പ്രധാനപ്പെട്ട മ്യൂസിയത്തിലാണു് ഇരിക്കുന്നതു്.
യാത്രയുടെ അവസാനത്തെ ഇടമായ ലോക്ക്‌നെസ്സിലെത്തിയപ്പോള്‍ മനം കുളിര്‍ത്തു.അതിമനോഹരമായ കാഴ്ചതന്നെ. യുദ്ധകാലത്തു നശിക്കപ്പെട്ട ഒരു കാസില്‍ ഇക്കരയില്‍. അതിനപ്പുറം വിശാലമായ തടാകം. അതിനുമപ്പുറം കാടുപിടിച്ചുകിടക്കുന്ന പച്ചക്കുന്നുകള്‍.
തടാകത്തിലൂടെയുള്ള ബോട്ടുസവാരിയേക്കാള്‍ കരയിലിരുന്നുള്ള വിശാലമായ കാഴ്ചതന്നെയാണു് ഞങ്ങള്‍ക്കു് ഭേദമായിത്തോന്നിയതു്. കുറച്ചധികം സമയം അവിടെ കറങ്ങി നടന്നു.
കാസിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കറങ്ങിനടക്കുമ്പൊളാണു് രാഹുലിനെ പരിചയപ്പെട്ടതു്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പത്രാധിപരാണു് കക്ഷി. ഡല്‍ഹിക്കാരന്‍. ഇപ്പോള്‍ സ്ഥിരമായി ഡിഫന്‍സാണു് കവര്‍ ചെയ്യുന്നതു്. ഞാനൊരു മലയാളിയാണെന്നുപറഞ്ഞപ്പോള്‍ ഡിഫന്‍സു് മിനിസ്റ്റര്‍ ശ്രീ എ.കെ.ആന്റണിയെ മണിയടിക്കാന്‍വേണ്ടി പഠിച്ചുവെച്ചിട്ടുള്ള ചില മുറി മലയാളമെല്ലാം എന്നോടു വെച്ച് കാച്ചി.
മുത്തശ്ശിക്കഥപോലെ മനോഹരമായ ഒരു കൊച്ചുനുണക്കഥ ലോക്കുനെസ്സിനെപ്പറ്റിയുമുണ്ടു്. ഈ ഭാഗത്തു് ഒരു "മിത്തോളജിക്കല്‍ മോണ്‍സ്റ്റര്‍" ഉണ്ടുപോലും. പലരും കണ്ടിരിക്കുന്നു. ഇപ്പോഴും ഉണ്ടു്. പക്ഷെ കൃത്യമായി ആര്‍ക്കും ഒരുപിടിയുമില്ല. നമ്മള്‍ ചാത്തന്‍, ഒടിയന്‍, മറുതാ, എന്നൊക്കെപ്പറയുന്നപോലൊരു സാധനം. വളരെ സൌഹൃദസ്വഭാവക്കാരനായ ഈ മോണ്‍സ്റ്ററിനു് ഇവിടുത്തുകാര്‍ "നെസ്സി" എന്നുപേരിട്ടിരിക്കുന്നു എന്നുമാത്രമല്ല, അതിന്റെ സങ്കല്‍പ്പരൂപം വരെ ഉണ്ടാക്കിയിരിക്കുനു. അതെല്ലാം പല രൂപത്തിലും ആകൃതിയിലുമെല്ലാം സോവനീര്‍ ആയി കടകളില്‍ വില്‍പ്പനയ്ക്കും വെച്ചിട്ടുണ്ടു്.
നെസ്സിയുടെ ആകൃതിയിലുള്ള ഒരുകുപ്പി സ്കോച്ചുവരെ അക്കൂട്ടത്തില്‍ ഞാന്‍ കണ്ടു.
നെസ്സിയുടെയും, പാലംപണിയുടേയും, എലിസബത്തു ലിമോ എന്ന പ്രേതത്തിന്റേയും കഥകള്‍ കേട്ടപ്പോള്‍ എനിക്കുതോന്നിയതു് ഈ രാജ്യക്കാര്‍ നമ്മള്‍ മലയാളികളേക്കാളും ഗാഢമായി പ്രവചനങ്ങളിലും, പ്രേതങ്ങളിലും വിശ്വസിക്കുന്നവരാണെന്നാണു്.
തിരിച്ചുള്ള യാത്ര തുടങ്ങിയപ്പോളേക്കും ഇരുട്ടുവീണുകഴിഞ്ഞിരുന്നു. മടക്കയാത്രയിലും ഫ്രാന്‍ വാതോരാതെ വിവരണങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. പക്ഷെ പുറത്തു് ഇരുട്ടായിരുന്നതുകാരണം ഒന്നും കാണാന്‍ പറ്റാത്തതുകൊണ്ടു്, വിവരണങ്ങളിലൊന്നും വലിയ താല്‍പ്പര്യം തോന്നിയില്ല.
ഒരു ലഘുഭക്ഷണത്തിനുവേണ്ടി ബസ്സ് നിറുത്തി. ആറുവയസ്സുകാരി മകള്‍ക്കുവേണ്ടി ഒരു സാന്‍വിച്ചു വാങ്ങിവന്നു. അതിനു ചൂടുണ്ടെങ്കില്‍ ബസ്സില്‍ കയറ്റരുതെന്നു് അലക്ക് പറഞ്ഞു. യാത്രക്കിടയില്‍ ചൂടുള്ള ചായ,കാപ്പി, തുടങ്ങിയ ഒന്നും ബസ്സില്‍വച്ചു് കഴിക്കരുതെന്നു യാത്ര പുറപ്പെടുന്നതിനുമുന്‍പുതന്നെ, സേഫ്റ്റി വീഡിയോയില്‍ കാണിച്ചിരുന്നതു് ഞാനോര്‍ത്തു. വിമാനത്തിലും, ഹെലിക്കോപ്റ്ററിലും മറ്റും സേഫ്റ്റി വീഡിയോ കണ്ടിട്ടുണ്ടെങ്കിലും, ഒരു ബസ്സ് യാത്രയ്ക്കുവേണ്ടി സേഫ്റ്റി വീഡിയോ കാണുന്നതു് അന്നാദ്യമായിട്ടായിരുന്നു. ചൂടുള്ള ചായയുമായി വന്ന പലര്‍ക്കും അതു് പുറത്തുനിന്നുതന്നെ കുടിക്കേണ്ടിവന്നു. യാത്ര പുനരാരംഭിച്ചപ്പോള്‍ അലക്കു് അസ്വസ്ഥനായിരുന്നു. ബസ്സില്‍നിന്നും ചൂടുള്ള ഭക്ഷണത്തിന്റെ മണം വരുന്നുണ്ട്. അതു പുറത്തുകളയാതെ വണ്ടി മുന്നോട്ടെടുക്കാന്‍ പറ്റില്ലെന്നായി അലക്കു്. അദ്ദേഹതിന്റെ തൊട്ടുപുറകിലിരുന്ന യുവതിയുടെ ബാഗിനുള്ളില്‍ നിന്നും ചൂടുള്ള ചിപ്സ് കണ്ടെടുത്തു തൊട്ടടുത്തുള്ള വേസ്റ്റ് ബിന്നില്‍ കളഞ്ഞതിനുശേഷമാണു് യാത്ര തുടര്‍ന്നതു്.
രാത്രി 8 മണിയോടെ 630 കിലോമീറ്റര്‍ നീണ്ട യാത്രയ്ക്കു് അന്ത്യമായി. എഡിന്‍ബറോ റയില്‍വേസ്റ്റേഷനു സമീപമുള്ള ഫ്രഞ്ച് മാര്‍ക്കറ്റില്‍ ബസ്സ് നിറുത്തി. ഫ്രാനിനും, അലക്കിനും നന്ദി പറഞ്ഞു് എല്ലാവരും അവരവരുടെ വഴിക്കു് പിരിഞ്ഞു.
കുറച്ചുനേരം ക്രിസ്‌മസ് കച്ചവടം പൊടിപൊടിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റിലെ തിരക്കിലൂടെ നടന്നു. ലഘുവായിട്ടുള്ള രാത്രിഭക്ഷണം അവിടുന്നുതന്നെ കഴിച്ചു. തിരിച്ചു് ഹോട്ടലിലേക്കു് മടങ്ങാന്‍ ടാക്സിയുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ നേരെ റെയില്‍വേസ്റ്റേഷനിലേക്കു നടന്നു. അവിടെ എപ്പോഴും ടാക്സികള്‍ സുലഭം.
മൂന്നാം ദിവസം രാവിലെ കാഴ്ചബംഗ്ളാവില്‍ പോകാന്‍ വേണ്ടി ഇറങ്ങി. ഹോട്ടലില്‍ നിന്നും കുറച്ചു നടക്കണം. ചിണുങ്ങിച്ചിണുങ്ങിയാണെങ്കിലും, നടന്നവിടെയെത്തിയപ്പോള്‍ മകള്‍ക്കു് അതിനകത്തു് കയറണ്ട. ഒന്നുരണ്ടു് കാഴ്ച്ചബംഗ്ളാവുകള്‍ അവള്‍ കണ്ടിട്ടുണ്ട് പക്ഷികളും മൃഗങ്ങളും ലോകത്തെല്ലായിടത്തും ഒരുപോലെതന്നെയാണെന്ന് അവള്‍ മനസ്സിലാക്കിയിരിക്കും. നല്ലതു്.
മടക്കയാത്രയ്ക്ക് സമയമാകുന്നു. ചെക്ക് ഔട്ട് ചെയ്തിട്ടാണ് കാഴ്ച്ചബംഗ്ളാവിലേക്കിറങ്ങിയത്. അതുകൊണ്ട്, പ്രിന്‍സസ്സ് റോഡ് വഴി പോകുന്ന ഒരു ബസ്സില്‍ കയറി. അതുചെല്ലുന്നത് റെയില്‍വേസ്റ്റേഷനിലേക്കാണെന്ന് ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
സ്റ്റേഷനുമുന്‍പില്‍ ഇറങ്ങിയപ്പോള്‍ പരമ്പരാഗതവേഷമണിഞ്ഞ ഒരു വൃദ്ധന്‍ ഞങ്ങള്‍ക്കുള്ള മംഗളഗീതംപോലെ ബാഗ്‌പൈപ്പര്‍ വായിക്കാനുള്ള ശ്രമത്തിലാണ്. പൈപ്പിനെന്തോ കുഴപ്പമുള്ളത് ശരിയാക്കാന്‍ കുറച്ചുസമയമെടുത്തു. ട്രയിന്‍ വിടാന്‍ ഒരുപാട് സമയമുള്ളതുകൊണ്ട് കുറനേരം വാദ്യസംഗീതത്തില്‍ ലയിച്ചുനിന്നു. പിരിയാന്‍നേരം ചില നാണയത്തുട്ടുകള്‍ വൃദ്ധന്റെ മുന്‍പിലുള്ള ബാഗ്‌പൈപ്പറിന്റെ പെട്ടിയിലിട്ടപ്പോള്‍, അദ്ദേഹത്തിന്റെ വക ക്ഷമാപണം. പൈപ്പിന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത്തുകൊണ്ടാണ് കാത്തുനിര്‍ത്തേണ്ടിവന്നത്. പക്ഷെ കാത്തുനിന്നതിന് അര്‍ത്ഥമുണ്ടായിരിക്കുന്നെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ചുളിവുവീണമുഖത്ത് സന്തോഷം.
സ്റ്റേഷനില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചു. 4 മണിക്ക് ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോളേക്കും വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു.
ഇനിയും വരണം, സ്ക്കോട്ട്‌ലാന്‍ഡിനെപ്പറ്റി കൂടുതല്‍ വായിച്ചുമനസ്സിലാക്കിയതിനുശേഷം. ട്രെയിനിലിരുന്ന് മൂന്നുദിവസത്തെ കാഴ്ചകളും യാത്രകളും അയവിറക്കുന്നതിനിടയില്‍ ഫ്രാന്‍ പറഞ്ഞ ഒരു വാചകം മനസ്സിലോടിയെത്തിയപ്പോള്‍ അറിയാതെ ചിരിച്ചുപോയി.
" സ്കോച്ച് ഞങ്ങളുടെ രാജ്യത്താണുണ്ടാക്കുന്നതെങ്കിലും, ഞങ്ങളെ ഒരിക്കലും സ്കോച്ച് എന്ന് വിളിക്കരുത്. പകരം സ്കോട്ട് എന്നുതന്നെ വിളിക്കണം. "
സ്കോച്ച് ഉണ്ടാക്കുന്ന രാജ്യത്തെ സ്കോട്ട് സഹോദരീസഹോദരന്മാരെ, ഇനിയൊരു വരവുണ്ടാകുന്നതുവരെ തല്‍ക്കാലം വിട. അല്‍വിദ, ഖുദാഫിസ്.
Wednesday 12 December 2007
Subscribe to:
Post Comments (Atom)
vivaranam nannaayittunT.
ReplyDeleteനിരക്ഷരന്‍ ചേട്ടാ....
ReplyDeleteഈ വിവരണവും വളരെ ഹൃദ്യമായി. ഒരുമിച്ച് സ്കോട്ട്‌ലാന്റ് ചുറ്റിക്കണ്ട ഒരു സുഖം.
:)
ഹാമിഷിന്റെയും ആ പാലത്തിന്റെയുമെല്ലാം ചിത്രങ്ങളും കൂടെ ചേര്‍ക്കാമായിരുന്നു.
[എന്താ ഒന്നിലും ചിത്രങ്ങള്‍ ചേര്‍ക്കാത്തത്?]]
നല്ല വിവരണം.
ReplyDeleteശ്രീ പറഞ്ഞപോലെ ചിത്രങ്ങള്‍ കൂടി ആകാമായിരുന്നു. ചുമ്മാ കാണാന്‍.
:)
ReplyDeleteഹ്യദ്യമായ വിവരണം.
ReplyDeleteഎനിക്കൊരു സംശയം എന്താ ചൂടുള്ള ഭക്ഷണം ബസ്സിനുള്ളില്‍ കഴിച്ചാല്‍?
അതു കൊണ്ട് എന്തു പ്രശ്നമുണ്ടാവും?
പിന്നെ നട്ടും ബോള്‍ട്ടും ഇളക്കിയവന്റെ ബുദ്ധി കൊള്ളാം. :)
നല്ല വിവരണം..ഫോട്ടോകള്‍ എവിടെ?
ReplyDeleteആഷയുടെ സംശയം ന്യായമാണ്. ഈയുള്ളവന്റെ ചെറിയ ജ്ഞാനം താഴെ കുറിക്കുന്നു.
ReplyDeleteസേഫ്റ്റി നിയമങ്ങള്‍ പ്രകാരം, ചൂടുള്ള ചായയും,കാപ്പിയും മറ്റും ബസ്സിന്റെ കുലുക്കത്തില്‍ നമ്മുടെതന്നെ ദേഹത്തുവീണ് പൊള്ളലുണ്ടാക്കാം. ചൂടുള്ള ഭക്ഷണത്തിന്റെ കാര്യത്തില്‍ മറ്റൊരു വസ്തുത കൂടെയുണ്ട്. അടച്ചിട്ട എയര്‍ക്കണ്ടീഷന്‍ ബസ്സില്‍ ഭക്ഷണത്തിന്റെ മണം ചില യാത്രക്കാര്‍ക്ക് ട്രാവല്‍ സിക്ക്നെസ്സ് ഉണ്ടാക്കുമത്രെ!!
പടങ്ങള്‍ ഇടാഞ്ഞതിന് ക്ഷമിക്കണം. ചില ഫോട്ടോകള്‍ ഞാന്‍ ഉടനെ തന്നെ ഇടാം. എന്റെ "ചില ചിത്രങ്ങള്‍" എന്ന ബ്ലോഗില്‍.
പ്രിയ ഉണ്ണികൃഷ്ണന്‍, ശ്രീ, സണ്ണിക്കുട്ടന്‍, അങ്കിള്‍, ആഷ, മൂര്‍ത്തി..എല്ലാവര്‍ക്കും നന്ദി
മാഷേ,നല്ല അസലന്‍ വിവരണം.
ReplyDeleteചിത്രങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നു.
സ്കോട്‌ലാന്റില്‍ പോയി വന്നപോലെ ഒരു ഫീലിങ്ങ്....കലക്കന്‍ വിവരണം .നിന്റെ മറ്റു യാത്രകളും ഇതുപോലെ പോസ്റ്റണം ,ചുമ്മാ പറഞ്ഞതല്ല ,ഇതുപൊലെയുള്ള സ്തലങ്ങള്‍ പൊകാന്‍ പറ്റാത്തവര്‍ക്ക് അറിവുപകരാനും ,ഭാവിയില്‍ പോകാനുദ്ദേശിക്കുന്നവര്‍ക്ക് സ്തലങ്ങളെ ക്കുറിച്ച് മുന്‍ധാരണ ഉണ്ടാക്കാനും ഉപകരിക്കും
ReplyDeleteനല്ലവിവരണം...
ReplyDeleteനന്നായി ബാക്കിയുള്ള യാത്രാ വിവരണങ്ങളും പോരട്ടെ..:)
ReplyDeleteമാഷെ ഇച്ചിരി ചുരുക്കാം.. ഹൊ! എന്തൊരു നീളമാ..
സതീഷ് മാക്കോത്ത് , കുഞ്ഞായി, ഹരിശ്രീ, പ്രയാസി, എല്ലാവര്‍ക്കും നന്ദി.
ReplyDeleteശ്രീയും, സണ്ണിക്കുട്ടനും, മൂര്‍ത്തിയും ആവശ്യപ്പെട്ടതുപ്രകാരം കുറച്ച് പടങ്ങള്‍ ഞാനിതിനിടയില്‍ കുത്തിക്കയറ്റിയിട്ടുണ്ട്.
ഈ സ്കോട്ട്‌ലാന്റ് യാത്രയില്‍ കൂട്ടുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി.
എന്റമ്മൊ.. അക്ഷരാ.... നിരക്ഷരന്‍ എന്നു പറയരുതു. .എന്നിട്ടു വാക്കുകല്‍ക്കൊരു പഞ്ഞവും കാണുന്നില്ലല്ലോ..!!!!!!!!!!
ReplyDeleteനിരക്ഷരാ......
ReplyDeleteനായക്ക് തേങ്ങ കിട്ടിയ പോലെയാണ് എന്റെ അവസ്ഥ ഇപ്പോള്‍
ഇതെന്തു ചെയ്യണമെന്നു അറിയില്ല. കുറെ അവിടെ നോക്കും കുറെ ഇവിടെ നോക്കും.
സത്യത്തില്‍ "സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ"....... എന്നാ സ്ഥിതി. കാരണം ഇത്രയും നല്ലതും കൂടുതലും ആയ യാത്രാ വിവരണം എവിടെയും കണ്ടില്ല.
പിന്നെ ബൂലോകം തുടങ്ങാന്‍ പോകുന്ന പുതിയ ബ്ലോഗും സന്തോഷത്തിനു കൂടുതല്‍ വക നല്‍കുന്നു.
ഒടുവില്‍ "ചിന്ത (മൌനത്തെ ഞാനങ്ങു മാറ്റി) വിദ്വാനു ഭൂഷണം" എന്നാ എന്‍റെ പുതിയ ആപ്ത വാക്യം ഓര്‍ത്തു കുറച്ചു നേരം കണ്ണടച്ചിരുന്നു.
"ഓം നിരക്ഷരായ നമഹ" എന്നുച്ചരിച്ചതും . മാര്‍ഗം തെളിഞ്ഞു വന്നു.
ഓരോന്നോരോന്നായി തുടക്കം മുതല്‍ വായിക്കുക. സാവധാനം.
സ്കോട്ട്ലാന്‍ഡ് വിവരണം അസ്സലായി. പടങ്ങള്‍ കുറഞ്ഞു പോയി എന്ന് തോന്നി. (ഇത് തന്നെ ഒപ്പിച്ചെടുക്കാന്‍ പെട്ട പാട് അല്ലെ. ഹും ഹും )
ഇവിടെ തുടങ്ങുന്നു. കാണാം. ഇനിയും .
ഈ വഴിക്ക് വന്നിട്ട് കുറേ നാളായി. ഇത്തരം യാത്രകള്‍ കാണുമ്പോള്‍ എനിക്കും തോന്നും ഇങ്ങിനെയൊക്കെ ചുറ്റിക്കറങ്ങാന്‍,
ReplyDeleteഇനി ഈ പ്രായത്തിലെന്തു കറക്കം.
പുതിയ പോസ്റ്റിന്റെ ലിങ്കുകള്‍ അയക്കുമല്ലോ
കലക്കി
ReplyDelete