ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
കുറച്ചുനാള്‍ മുന്‍പ് കെ.പി.സുധീരയുടെ ഒരു യാത്രാവിവരണം ‘നാട്ടുപച്ച’യില്‍ വായിച്ചതിനുശേഷമാണ് ഷേക്‍സ്പിയറിന്റെ നാട്ടിലേക്കും അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കും പോകണമെന്നുള്ള ആഗ്രഹം കലശലായത്.
അന്റാര്‍ട്ടിക്കയെപ്പറ്റിയുള്ള യാത്രാവിവരണം വായിച്ചിട്ട് അങ്ങോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നത് അതിമോഹമാണെന്നറിയാം. പക്ഷെ ഇംഗ്ലണ്ടില്‍ ഞങ്ങള്‍ ജീവിക്കുന്ന പീറ്റര്‍ബറോ എന്ന പട്ടണത്തില്‍ നിന്ന് 135 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ‘സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍ ’ (Stratford-Upon-Avon) എന്ന വിശ്വസാഹിത്യകാരന്റെ നാട്ടിലേക്ക് യാത്രപോകാന്‍ ഏതെങ്കിലും ഒരു യാത്രാവിവരണം വായിച്ച് ആവേശം കൊള്ളേണ്ട ആവശ്യം തന്നെയില്ലല്ലോ?!
ഒന്നരമണിക്കൂര്‍ യാത്രയുണ്ട് ലക്ഷ്യസ്ഥാനത്തേക്ക്. എനിക്ക് ഈ രാജ്യത്തെ ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാന്‍ സാവകാശം കിട്ടാതിരുന്നതുകൊണ്ട്, ലൈസന്‍സ് ഒരെണ്ണം സ്വന്തമായുള്ള മുഴങ്ങോടിക്കാരി നല്ലപാതി തന്നെയാണ് യാത്രയില്‍ അങ്ങോളമിങ്ങോളം കാറോടിച്ചത്. രാവിലെ 08:30ന് പീറ്റര്‍ബറോയില്‍ നിന്ന് യാത്രപുറപ്പെട്ടു. 7 വയസ്സുകാരി നേഹ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നതും ഉറക്കമാരംഭിച്ചു.
ഇംഗ്ലണ്ടിലെ യാത്രകളിലെല്ലാം വഴികാട്ടിയാകുന്നത് കാറിനകത്തുള്ള നേവിഗേറ്റര്‍ അഥവാ ടോം ടോം എന്ന ജി.പി.എസ്സ് (ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം) സംവിധാനമാണ്. മുന്‍പൊരു യാത്രയില്‍ ഞാനിതിനെപ്പറ്റി വര്‍ണ്ണിച്ച വരികള്‍ അതേ പടി വീണ്ടും ഇവിടെ പകര്‍ത്തുന്നു.
നാട്ടിലെപ്പോലെ വഴി ചോദിക്കാനും, മനസ്സിലാക്കാനും മുട്ടിന് മുട്ടിന് പെട്ടിക്കടയും, വീടുകളുമൊന്നും ഈ രാജ്യത്ത് ഇല്ലാത്തതുകൊണ്ട് കാറിനകത്തെ ജി.പി.എസ്. നേവിഗേറ്ററാണ് വഴികാട്ടി. പോകേണ്ട സ്ഥലത്തിന്റെ പേരും, സ്ട്രീറ്റിന്റെ പേരും, പിന്‍കോഡും ഒക്കെ നേവിഗേറ്ററില്‍ അടിച്ചുകയറ്റിയാല്‍പ്പിന്നെ, കളരിഗുരുക്കളുടെ പോലെ ഇടത് മാറി, വലത് തിരിഞ്ഞ്, റൌണ്‍ഡ് എബൌട്ടില്‍ നിന്ന് ഓതിരം തിരിഞ്ഞ്, പിന്നെ 15 കിലോമീറ്റര്‍ ഇരുന്നമര്‍ന്ന്, എന്നൊക്കെ പറഞ്ഞ് ഈ സത്യസന്ധനായ വഴികാട്ടി നമ്മളെ വളരെ കൃത്യമായി പോകേണ്ട സ്ഥലത്ത് കൊണ്ടെത്തിക്കും. ഇനി അധവാ ഈ വഴികാട്ടി പറഞ്ഞത് കേള്‍ക്കാതെയോ, മനസ്സിലാകാതെയോ, നമ്മള്‍ തെറ്റായ വല്ല വഴിയിലും കയറിപ്പോയാല്‍ , അവിടന്ന് വീണ്ടും നമ്മളെ നേര്‍വഴി കാട്ടിത്തന്ന് ഇവന്‍ ലക്ഷ്യസ്ഥാനത്തുതന്നെ എത്തിക്കും.
‘സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍ ’ (Stratford-Upon-Avon) ലേക്ക് എത്തുന്നതിന് വളരെ മുന്നേതന്നേ ഷേക്‍സ്പിയറിന്റെ ഗ്രാമത്തിലേക്ക് സ്വാഗതം ആശസിക്കുന്ന ചൂണ്ടുപലകകള്‍ കണ്ടുതുടങ്ങി. നേവിഗേറ്റര്‍ ഒന്നും ഇല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്താന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നവണ്ണം ആ ചൂണ്ടുപലകകള്‍ യാത്രയിലുടനീളം പാതവക്കുകളില്‍ നിലയുറപ്പിച്ചിരുന്നു.
പീറ്റര്‍ബറോയെപ്പോലെ ചെറിയ ഒരു കണ്ട്രിസൈഡ് പട്ടണമാണ് ‘സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍ ‘ . പട്ടണത്തിലെ തിരക്കിലേക്ക് കടന്നപ്പോള്‍ മുതല്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒരിടം കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ടൌണ്‍ സെന്ററിന്റെ വലിയ കെട്ടിടത്തിനുചുറ്റുമുള്ള പാര്‍ക്കിങ്ങ് സ്ലോട്ടുകളില്‍ ഒന്നില്‍ വണ്ടി ഉപേക്ഷിച്ച് വെളിയിലിറങ്ങി ഒരു അന്വേഷണം നടത്താന്‍ തീരുമാനിച്ചു. എവിടന്ന് തുടങ്ങണം എങ്ങോട്ട് പോകണം എന്ന് അത്ര വലിയ പിടിപാടൊന്നും ഇല്ലായിരുന്നു.
പാതയോരത്തുകൂടെ കുറച്ച് നടന്നപ്പോള്‍ കാണാനായ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ബോര്‍ഡ് ആശ്വാസം നല്‍കി. ഇനി കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുകൊള്ളുമെന്നുറപ്പാണ്. സഞ്ചാരികള്‍ക്ക് അത്യധികം സൌകര്യപ്രദവും മാതൃകാപരവുമായ രീതിയിലാണ് ഈ രാജ്യത്തെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനരീതി. ഒരു ദിവസം കൊണ്ട് കണ്ടുതീര്‍ക്കാന്‍ പറ്റുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം കൌണ്ടറില്‍ ഇരിക്കുന്ന സ്ത്രീ പറഞ്ഞുമനസ്സിലാക്കിത്തന്നു. എല്ലാ കാഴ്ച്ചകളും വിശദമായി കണ്ടുതീര്‍ക്കാന്‍ ഒരുദിവസം പോരാതെ വരും.
പ്രധാനമായും മൂന്ന് വീടുകളാണ് കണ്ടിരിക്കേണ്ടത്. ഷേക്‍സ്പിയറിന്റെയും അദ്ദേഹത്തിന്റെ പത്നി ആന്‍ ഹാത്ത് വേ യുടേയും അദ്ദേഹത്തിന്റെ മാതാവ് മേരി ആര്‍ഡന്റേയും വീടുകളാണവ.
ഹോപ്പ് ഓണ്‍ -ഹോപ്പ് ഓഫ് ബസ്സുകളുടെ സര്‍വീസ് ഈ പട്ടണത്തിലും ഉണ്ടെന്ന്, ഇന്‍ഫര്‍മേഷന്‍ സെന്ററിനകത്തുനിന്ന് മനസ്സിലാക്കാനായി. ഹോപ്പ് ഓണ്‍ -ഹോപ്പ് ഓഫ് ബസ്സുകളുടെ പ്രവര്‍ത്തനരീതിയെപ്പറ്റി എന്റെ തന്നെ മറ്റൊരു പോസ്റ്റില്‍ നിന്നുള്ള വരികള്‍ ഞാനിവിടെ പകര്‍ത്തി എഴുതുന്നു. (എന്റെ വരികള്‍ ഞാന്‍ തന്നെ വീണ്ടും വീണ്ടും പകര്‍ത്തി എഴുതുന്നത് കോപ്പി റൈറ്റ് നിയമ ലംഘനമൊന്നും ആകില്ലെന്ന വിശ്വാസത്തോടെ.)
റൂട്ടിലുള്ള എല്ലാ സ്റ്റോപ്പുകളിലും ഈ ബസ്സ് നിറുത്തും. ഏത് സ്റ്റോപ്പില്‍ വേണമെങ്കിലും ഇറങ്ങാം. അവിടത്തെ കാഴ്ച്ചകള്‍ നടന്ന് കാണാം. ഓരോ 20 മിനിറ്റിലും അടുത്ത ബസ്സ് വരും. ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ചുതന്നെ അടുത്ത ബസ്സിലും കയറാം. അങ്ങിനെ ഓരോരോ സ്റ്റോപ്പുകളില്‍ കയറിയിറങ്ങി കാഴ്ച്ചകള്‍ കണ്ട് ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കാം. ഇതാണ് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ്സിന്റെ പ്രവര്‍ത്തനരീതി.
24 മണിക്കൂര്‍ വരെ ഈ ടിക്കറ്റ് ഉപയോഗിക്കുകയും ചെയ്യാമെന്ന് ഈ യാത്രയിലാണ് ഞാന്‍ മനസ്സിലാക്കിയത്. ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പുറകുവശത്തുതന്നെ ബസ്സ് റെഡിയായി യാത്രക്കാരേയും കാത്തുകിടക്കുന്നുണ്ട്. അടുത്ത 10 മിനിറ്റിനകം ബസ്സ് പുറപ്പെടുമെങ്കിലും യാത്രക്കാര്‍ ആരും എത്തിയിട്ടില്ല. ഞങ്ങള്‍ മൂന്നുപേരും ആ ഡബിള്‍ ഡക്കര്‍ ബെസ്സിന്റെ മേല്‍ക്കൂരയില്ലാത്ത മുകള്‍ത്തട്ടില്‍ ഇരുപ്പുറപ്പിച്ചു. കാഴ്ച്ചകള്‍ കാണാന്‍ ഏറ്റവും നല്ലത് മുകളിലെ ഡക്കാണ്. അതുകൊണ്ടുതന്നെ ആദ്യം നിറയുന്നതും മുകളിലുള്ള സീറ്റുകളാണ്.
തുറന്ന മേല്‍ഭാഗമുള്ള ഡബിള്‍ ഡക്കര്‍ ബസ്സില്‍ സഞ്ചരിക്കുന്നതിന്റെ സന്തോഷം നേഹയ്ക്കുണ്ടായിരുന്നെങ്കിലും ഫോട്ടോ എടുക്കുമ്പോള്‍ എന്നും കാണിക്കാറുള്ളതുപോലെ കോമാളിത്തരങ്ങള്‍ തന്നെയായിരുന്നു മുഖമുദ്ര.
അളൊഴിഞ്ഞ ബസ്സിന്റെ മുകള്‍ഭാഗം പത്തുമിനിറ്റുകൊണ്ട് നിറഞ്ഞു. സാധാരണ ഹോപ്പ് ഓണ്‍ -ഹോപ്പ് ഓഫ് ബസ്സില്‍ റെക്കോഡ് ചെയ്ത വിവരണങ്ങള്‍ ആയിരിക്കുമെങ്കിലും ഇപ്രാവശ്യം മൈക്കുമായി ഒരു ഗൈഡ് ബസ്സില്‍ ഉണ്ടായിരുന്നു.
ടൌണിനകത്ത് ചെറുതായി ഒന്ന് വലം വെച്ച് ആദ്യത്തെ സ്റ്റോപ്പായ ഹെന്‍ലി തെരുവില്‍ ബസ്സ് നിറുത്തി. ആ തെരുവില്‍ത്തന്നെയാണ് മഹാനായ കവിയുടെ ജന്മഗൃഹം. ബസ്സിന്റെ തുടക്കസ്ഥാനത്തുനിന്ന് 3 മിനിറ്റ് നടക്കാനുള്ള ദൂരമേ അങ്ങോട്ടുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ തല്‍ക്കാലം ആ സ്റ്റോപ്പില്‍ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചു. മറ്റ് കാഴ്ച്ചകള്‍ കണ്ടുനടന്ന് അല്‍പ്പം വൈകിയാലും മടങ്ങുന്നതിന് മുന്നേ ഇവിടെ വരാവുന്നതല്ലേയുള്ളൂ എന്നതായിരുന്നു ചിന്ത.
ബസ്സ് വീണ്ടും മുന്നോട്ട് നീങ്ങി. വഴിയരികിലുള്ള ഓരോ കെട്ടിടങ്ങളും പ്രത്യേകിച്ച് പഴയ വീടുകളൊക്കെ ഷേക്‍സ്പിയറുമായി ഏതെങ്കിലുമൊരു തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. വിവരണങ്ങളും തമാശ പറച്ചിലുമൊക്കെയായി യാത്രയ്ക്കിടയിലെ ഓരോ കാഴ്ച്ചകളും മികവുറ്റതാക്കികൊണ്ടിരുന്നു ഞങ്ങളുടെ ഗൈഡ്.
വഴിയില്‍ ഷേക്‍സ്പിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാണാം. പക്ഷെ അതിനടുത്തെത്തിയപ്പോള്‍ അല്‍പ്പം നിരാശ തോന്നി. അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ട് അവിടെ ഇറങ്ങിയിട്ട് കാര്യമില്ലെന്നതാണ് നിരാശയ്ക്ക് കാരണം . ഷേക്‍സ്പിയറിന്റെ സൃഷ്ടികളെപ്പറ്റിയുള്ള പഠനവും, അവതരണവും, വര്‍ക്ക് ഷോപ്പുകളുമൊക്കെയായി ആ സ്ഥാപനം എപ്പോഴും വളരെ സജ്ജീവമായിരിക്കുകയാണ് പതിവ്. ബസ്സിലിരുന്ന് ആ കെട്ടിടത്തെ മിഴിച്ചുനോക്കിക്കൊണ്ട് മുന്നോട്ട് നീങ്ങി.
ബസ്സ് വീണ്ടും കുറച്ചുദൂരം കൂടെ മുന്നോട്ട് നീങ്ങി, അല്‍പ്പം വലിയ 3 വളവുകള്‍ തിരിഞ്ഞ് ആറാമത്തെ സ്റ്റോപ്പില്‍ നിന്നു. അവിടന്ന് നോക്കിയാല്‍ ഹോളി ട്രിനിറ്റി ചര്‍ച്ച് കാണാം. ഷേക്‍സ്പിയറിനെ അടക്കം ചെയ്തിരിക്കുന്നത് ആ പള്ളിയിലാണ്. അദ്ദേഹത്തിന്റെ വീട് കാണുന്നതിനുമുന്‍പ് ശവകുടീരം കാണാന്‍ തോന്നാതിരുന്നതുകൊണ്ട് ആ സ്റ്റോപ്പിലും ഇറങ്ങിയില്ലെങ്കിലും ബസ്സിലിരുന്ന് പള്ളി ശരിക്കും കണ്ടു.
കവിയുടെ പ്രിയ പത്നി ആന്‍ ഹാത്ത് വേ യുടെ വീടിനുമുന്നില്‍ ബസ്സ് നിറുത്തിയപ്പോള്‍ ബസ്സില്‍ നിന്നിറങ്ങാന്‍ തന്നെ തീരുമാനിച്ചു. താരതമ്യേന പുതിയതെന്ന് തോന്നിക്കുന്ന ചരിഞ്ഞ മേല്‍ക്കൂരയുള്ള വീടിനകത്തുകൂടെ കടക്കുന്നത് പിന്നാമ്പുറത്തുള്ള വിശാലമായ തൊടിയിലേക്കാണ്. അവിടന്ന് നോക്കിയാല്‍ കാണുന്ന വൈക്കോല്‍ കൊണ്ട് മേഞ്ഞ (താച്ച്‌ട് റൂഫ്) പഴയ കോട്ടേജാണ് ആനിന്റേത്.
വീടിനകത്ത് കടന്ന് കാഴ്ച്ചകള്‍ കാണുന്നതിനൊപ്പം ക്യാമറയില്‍ ഒന്നുരണ്ട് പടങ്ങള്‍ ഞാനെടുത്തു. മുഴങ്ങോടിക്കാരി പെട്ടെന്നെന്നെ തടഞ്ഞു. വീടിനകത്ത് പടമെടുക്കുന്നത് നിഷിദ്ധമാണത്രേ ! ഞാന്‍ അങ്ങനൊരു മുന്നറിയിപ്പ് എങ്ങും കണ്ടില്ലായിരുന്നു. എന്തായാലും അപ്പോഴേക്കും കവി ഉപയോഗിച്ചിരുന്ന 17 -)ം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓക്ക് മരത്തിലുണ്ടാക്കിയ കൈപ്പിടികളുള്ള ഒരു കസേര എന്റെ ക്യാമറയ്ക്കകത്തായിക്കഴിഞ്ഞിരുന്നു.
ആ കസേരയ്ക്ക് പിന്നിലെ ചരിത്രം രസകരമാണ്. കവിയുടെ പേരക്കുട്ടി ലേഡി എലിസബത്ത് ബര്‍ണാട് വഴി ഈ കസേര ഹാത്ത് വേ കുടുംബത്തിലെത്തുന്നു. ദാരിദ്യം കാരണം അവരത് സഞ്ചാര സാഹിത്യകാരനായ സാമുവല്‍ അയര്‍ലണ്ടിന് വില്‍ക്കുന്നു. അദ്ദേഹം അത് തന്റെ ലണ്ടനിലുള്ള വീട്ടില്‍ എത്തിക്കുന്നു. പിന്നീട് 200ല്‍ പ്പരം വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ ‘ഷേക്‍സ്പിയര്‍ ബര്‍ത്ത് പ്ലേസ് ‘ മ്യൂസിയത്തിലെ ജീവനക്കാര്‍ ഒരു ലേലത്തില്‍ ഈ കസേര തിരിച്ചുപിടിച്ച് ഇവിടെത്തന്നെയെത്തിക്കുന്നു.
കസേരയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന വലിയ കട്ടിലിനും ഒരു കഥ പറയാനുണ്ട്. ഷേക്‍സ്പിയറിന്റെ കല്യാണക്കട്ടിലെന്നോ , രണ്ടാമത്തെ നല്ല കട്ടിലെന്നോ പറയാവുന്ന ഈ ഉരുപ്പടിയും എലിസബത്ത് ബര്‍ണാട് വഴിയാണ് ഈ വീട്ടില്‍ എത്തുന്നത്. 18-)ം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സാമുവല്‍ അയര്‍ലണ്ട് ഈ കട്ടിലും വാങ്ങാന്‍ ഒരു ശ്രമം നടത്തി. പക്ഷെ താന്‍ ചെറുപ്പം മുതല്‍ക്കേ ഉറങ്ങിയ കട്ടിലായതുകൊണ്ട് അത് വില്‍ക്കുന്നില്ല എന്നുപറഞ്ഞ് അതിന്റെ അന്നത്തെ അവകാശിയായിരുന്ന സൂസന്ന ഹാത്ത് വേ കട്ടില്‍ വില്‍ക്കാന്‍ വിസമ്മതിച്ചു. പില്‍ക്കാലത്ത് കട്ടിലില്‍ പലതരം മിനുക്കുപണികളും മാറ്റങ്ങളുമൊക്കെ വന്നതായി രേഖകളിലുണ്ട്.
ഷേക്‍സ്പിയറിന്റെ പ്രശസ്തി അപ്പോഴേക്കും പല തരത്തില്‍ സൂസന്ന ഹാത്ത് വേ വിറ്റ് വരുമാനമുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. അടുക്കളയിലെ നെരിപ്പോടിനടുത്ത് കവി സ്ഥിരമായി വന്നിരിക്കുമായിരുന്ന ഒരു ബെഞ്ചിലെ മുറിപ്പാടുകള്‍ അതിന്റെ സാക്ഷ്യപത്രങ്ങളാണ്. അദ്ദേഹം വന്നിരിക്കുമായിരുന്ന ബഞ്ചാണിത് എന്നുപറഞ്ഞ് അവര്‍ അതില്‍ നിന്ന് കൊച്ചു കൊച്ചു മരക്കഷണങ്ങള്‍ മുറിച്ചെടുത്ത് വില്‍ക്കുമായിരുന്നു.
അപ്രധാനമെന്ന് തോന്നുമെങ്കിലും ചരിത്രത്താളുകളില്‍ ഇടം പിടിക്കപ്പെട്ട ഇത്തരത്തിലുള്ള ഓരോ സാധനങ്ങളും അത്ഭുതം കൂറിയ കണ്ണുകളോടെ എത്ര നേരം വേണമെങ്കിലും നോക്കിനില്‍ക്കാന്‍ തോന്നും.
ഓരോ മുറികളിലും അവിടെയുള്ള കാര്യങ്ങളൊക്കെ വിശദീകരിച്ചുതരാന്‍ ജീവനക്കാരുണ്ട്. അടുക്കളയുടെ ഇടുങ്ങിയ ചിമ്മിനി മനുഷ്യര്‍ക്ക് കടന്നുചെന്ന് വൃത്തിയാക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണ്. അത് വൃത്തിയാക്കിയിരുന്നതോ അല്‍പ്പം മൃഗീയമായിട്ടുമായിരുന്നു.
താറാവിനേയോ കോഴിയേയോ അല്ലെങ്കില്‍ ഏതെങ്കിലും കാട്ടുപക്ഷികളേയോ കാലില്‍ കയറ് കെട്ടി ചിമ്മിനിയുടെ മുകളില്‍ നിന്ന് താഴേക്കിറക്കുന്നു. തലകീഴായിക്കിടക്കുന്ന പക്ഷി അപ്പോള്‍ സ്വാഭാവികമായും ചിറകിട്ടടിക്കുകയും ആ അവസരത്തില്‍ ചിമ്മിനിയുടെ അഴുക്കെല്ലാം താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഈ ക്ലീനിങ്ങ് പരിപാടി കഴിയുന്നതോടെ പാവം പക്ഷി ഇഹലോകവാസം വെടിയുകയും ചെയ്യുന്നു.
വീടിനകത്തെ കാഴ്ച്ചകള്‍ കണ്ടുകഴിഞ്ഞാല്‍ പിന്നാമ്പുറത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെയൊക്കെ ഒന്ന് നടന്നുവരാം. അവിടെ ഒരുക്കിയിട്ടുള്ള ഒരു വള്ളിക്കുടിലിലെ പ്രത്യേകതരം മരക്കസേരയില്‍ ഇരുന്നു കവിയൂടെ സോണറ്റുകള്‍ കേള്‍ക്കാം.
കുറച്ചുനേരം ആ ബഞ്ചിലിരുന്നു. അല്‍പ്പദൂരം പച്ചപ്പുല്‍ത്തകിടിയില്ലൂടെ മരങ്ങളുടെ തണലുപറ്റി നടന്നു. പിന്നീട് ആനിന്റെ കോട്ടേജിനോട് ചേര്‍ന്നുള്ള സോവനീര്‍ ഷോപ്പില്‍ നിന്ന് കോട്ടേജിന്റെ പടമുള്ള ഫ്രിഡ്ജ് മാഗ്‌നറ്റൊരെണ്ണം വാങ്ങിയശേഷം ഞങ്ങള്‍ അടുത്ത സ്റ്റോപ്പിലേക്ക് ബസ്സ് പിടിക്കാന്‍ തീരുമാനിച്ചു.
അടുത്തതായി പോകേണ്ടത് വില്ല്യമിന്റെ മാതാവ് മേരി ആര്‍ഡന്റെ വീട്ടിലേക്കാണ്‍. ബെസ്സില്‍ നിന്നിറങ്ങി കടന്നു ചെല്ലുന്നത് സോവനീര്‍ ഷോപ്പും റിസപ്ഷനുമൊക്കെ ചേര്‍ന്ന കെട്ടിടത്തിലേക്കാണ്. അവിടന്ന് അകത്തേക്കുള്ള വഴിയും അയല്‍വാസികളായിരുന്ന പാമര്‍ ഫാമിലിയുടെ കൃഷിയിടങ്ങളിലേക്കും മറ്റുമുള്ള വഴിയൊക്കെ പറഞ്ഞ് മനസ്സിലാക്കിത്തന്നു.
അവിടുള്ള കാലിത്തൊഴുത്തും 650ല്‍പ്പരം പ്രാവുകളെ വളര്‍ത്തിയിരുന്ന കൂടുകളുമൊക്കെ ഇപ്പോഴും അതേപടി സംരക്ഷിച്ചിരിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ കാലികളെ നോക്കുന്നതും മറ്റും 17-)ം നൂറ്റാണ്ടിലെ വേഷഭൂഷാദികള്‍ അണിഞ്ഞവരാണ്.
രണ്ടാഴ്ച്ച മുന്നേ പ്രസവിച്ച ഒരു പശുക്കുട്ടിയെക്കാണാന്‍ തോട്ടത്തിനുപുറകിലൂടെ അല്‍പ്പം നടന്നു. നേഹയെപ്പോലുള്ള പുതിയ തലമുറക്കാര്‍ക്ക് ഇതൊക്കെ കാണാന്‍ പറ്റുന്നത് ഒരു ഭാഗ്യമാണെന്ന് കരുതിയാല്‍ മതി. 50 പെന്‍സ് കൊടുത്താല്‍ വേലിക്കകത്തുള്ള ആടുകള്‍ക്കുള്ള തീറ്റി വാങ്ങാന്‍ കിട്ടും. അല്‍പ്പനേരം നേഹ ആടുകള്‍ക്ക് തീറ്റയൊക്കെ കൊടുത്ത് ഉല്ലസിച്ച് നിന്നു. പ്ലാവില ഈര്‍ക്കിലില്‍ കുത്തിയെടുത്ത് ആടിനെ തീറ്റിച്ചിരുന്ന എന്റെ ബാല്യകാലത്തേക്ക് ഞാനതിനിടയ്ക്ക് ഒന്ന് പോയി വന്നു.
സമയം 2 മണി കഴിഞ്ഞിരിക്കുന്നു. വിശപ്പിന്റെ വിളി രൂക്ഷമായപ്പോള്‍ രാവിലെ വീട്ടില്‍ നിന്ന് പൊതികെട്ടിക്കൊണ്ടുവന്നിരുന്ന ബര്‍ഗറും ജ്യൂസുമൊക്കെ അകത്താക്കി. തോട്ടത്തിലെ തൊടിയില്‍ ഊഞ്ഞാലാടാനും മറ്റ് കസറത്തുകള്‍ക്കുമൊക്കെ കുറേസമയം കൂടെ നേഹ ചിലവാക്കി.
അഞ്ചുമിനിറ്റിനകം അടുത്ത ബസ്സ് വരും. കവിയുടെ വീട് കാണാന്‍ ഇനിയും വൈകിക്കൂടാ. ഇപ്രാവശ്യം ബസ്സിനകത്തെ വിവരണങ്ങളെല്ലാം ഡ്രൈവറുടെ വകയായിരുന്നു. ബസ്സ് നീങ്ങിക്കൊണ്ടിരുന്ന ആ വഴികളിലൂടെയൊക്കെത്തന്നെയായിരിക്കണം ഷേക്‍സ്പിയര്‍ തന്റെ ഭാര്യയുമായി അവരുടെ വിവാഹത്തിനുവേണ്ടി ബിഷപ്പിന്റെ പ്രത്യേക അനുവാദം വാങ്ങാനായി പോയതെന്നൊക്കെ ഡ്രൈവര്‍ ആവേശഭരിതനാകുന്നുണ്ട്. വിവാഹത്തിനായി ബിഷപ്പിന്റെ പ്രത്യേക അനുവാദം വാങ്ങാന്‍ പോകുന്നതിന് 2 കാരണങ്ങളുണ്ടായിരുന്നിരിക്കണം. ഒന്നാമത്തെ കാരണം വിവാഹസമയത്ത് ഷേക്‍സ്പിയറിന് 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ കാരണം ആ സമയത്ത് അദ്ദേഹത്തിന്റെ 26 കാരിയായ പ്രിയതമ 3 മാസത്തോളം ഗര്‍ഭിണിയായിരുന്നു എന്നതാണ്.
എല്ലാ തെരുവുകള്‍ക്കും ഷേക്‍സ്പിയറുമായി എന്തെങ്കിലും തരത്തിലുള്ള ഒരു ബന്ധമുള്ളതുപോലെ. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും, ആ തെരുവുകളിലെ കാറ്റിനുപോലും തങ്ങളുടെ പ്രിയപ്പെട്ട വില്ല്യമിന്റെ കഥകള്‍ ഒരുപാട് പറയാനുള്ളതുപോലെ.
ബസ്സ് സിറ്റിയില്‍ തിരിച്ചെത്തി. അവിടന്ന് നടന്ന് ഹെന്‍ലി തെരുവിലേക്ക് പോകാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ ബസ്സില്‍ പോയതുപോലല്ല നടന്ന് പോകുമ്പോള്‍ . പെട്ടെന്ന് വഴി തെറ്റി. തൊട്ടടുത്തു തന്നെ എന്നുകരുതിയിരുന്ന ആ വീഥിയിലേക്ക് അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും അവസാനം ഞങ്ങള്‍ ചെന്നുകയറി.
ഷേക്‍സ്പിയറിന്റെ ‘ആസ് യു ലൈക്ക് ഇറ്റ് ‘ എന്ന നാടകത്തിലെ O noble fool. A Worthy fool എന്ന വരികള്‍ എഴുതി വെച്ചിരിക്കുന്ന ഒരു കോമാളിശില്‍പ്പത്തിന്റെ മുന്നില്‍ നിന്നാണ് ആ തെരുവ് തുടങ്ങുന്നത്. തെരുവിലെ ഒരു വീടൊഴിച്ച് മറ്റെല്ലാ കെട്ടിടങ്ങളും താരതമ്യേന പുതുമയുള്ളതാണ്. പഴഞ്ചനായ ആ വീടുതന്നെയാണ് മഹാനായ സാഹിത്യകാരന്റെ ജന്മഗൃഹം. ഞങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ തിടുക്കമായി.
ജന്മഗൃഹത്തിന്റെ രണ്ട് മതിലുകള്‍ക്കിപ്പുറത്തുള്ള സ്വീകരണമുറിവഴിയാണ് ഷേക്‍സ്പിയര്‍ സെന്റര്‍ എന്ന് പേരുള്ള ആ സമുച്ചയത്തിനകത്തേക്ക് കടക്കേണ്ടത്. ഒരു ചെറിയ വീഡിയോ പ്രദര്‍ശനമൊക്കെ നടത്തി അല്‍പ്പം ചരിത്രമൊക്കെ പഠിപ്പിച്ചതിനുശേഷം സ്വീകരണമുറിയുള്ള കെട്ടിടത്തിന്റെ പിന്‍ഭാഗത്തേക്ക് കടത്തിവിട്ടു. ജന്മഗൃഹത്തിന്റെ പുറകിലെ വാതില്‍ വഴി അകത്തേക്ക് കയറാനായി കുറച്ചുനേരം കാത്തുനില്‍ക്കേണ്ടി വന്നു. ഉള്ളില്‍ അല്‍പ്പം തിരക്കുണ്ട്. ആദ്യം കയറിപ്പോയവര്‍ മുറിക്കകത്തുനിന്ന് നീങ്ങാതെ അകത്തേക്ക് കടക്കാനാവില്ല.
10 മിനിറ്റോളം നീണ്ട ആ കാത്തുനില്‍പ്പിനിടയില്‍ തെരുവില്‍ ഒരു അസാധാരണമായ ശബ്ദവും ബഹളവും എന്റെ ശ്രദ്ധയാകര്‍ഷിച്ചു. അല്‍പ്പം പുരാതനമായ രീതിയില്‍ വേഷം ധരിച്ച 2 യുവതികളും ഒരു യുവാവും സ്വീകരണ കെട്ടിടത്തിനകത്തേക്ക് കയറാന്‍ ക്യൂ നില്‍ക്കുന്നവര്‍ക്കിടയിലൂടെ ഓടി നടന്ന് ഉറക്കെയുറക്കെ സംസാരിക്കുന്നുണ്ട്. യുവാവിന്റെ അരയില്‍ നീളമുള്ള തുകലുറയില്‍ വാള്‍ ഒരെണ്ണം തൂങ്ങിക്കിടക്കുന്നുണ്ട്.
പെട്ടെന്ന് എനിക്ക് കാര്യം പിടികിട്ടി. ഷേക്‍സ്പിയര്‍ കഥാപാത്രങ്ങള്‍ !!
ഏതോ നാടകത്തിലേയോ മറ്റോ ആയിരിക്കാം ആ കഥാപാത്രങ്ങള്‍ . ജനങ്ങളെ ഉല്ലസിപ്പിച്ച് നാടകത്തിലെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു ചെറുപ്രകടനം തന്നെയായിരുന്നു അത്. അവര്‍ പെട്ടെന്ന് സ്വീകരണ കെട്ടിടത്തിനകത്തേക്ക് കടന്നു.
അപ്പോഴേക്കും ഞങ്ങള്‍ക്കും അകത്തേക്ക് കയറാമെന്നായി. ഓരോ മുറിയിലുമുള്ള കാഴ്ച്ചകളൊക്കെ വിശദമായി പറഞ്ഞുതന്ന് ജീവനക്കാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ കവിയുടെ പിതാവ് കൈയ്യുറകള്‍ ഉണ്ടാക്കി തെരുവിലൂടെ പോയിരുന്നവര്‍ക്ക് വിറ്റിരുന്ന ജനാല കാണാം.
അവിടന്ന് മുകളിലെ നിലയിലെ മുറികളിലേക്ക് കടന്നാല്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറികള്‍ , കസേര, കട്ടില്‍ , റാന്തലുകള്‍ തുടങ്ങിയ വസ്തുക്കളൊക്കെ കിടക്കുന്ന മുറികള്‍ . അതിലൂടെ നടക്കുമ്പോള്‍ , പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വലിയൊരു കലാകാരന്റെ, മഹാനായ ഒരു സാഹിത്യകാരന്റെ ഓര്‍മ്മകളും പേറി നില്‍ക്കുകയാണ് ഞങ്ങള്‍ , എന്നു പറയുന്നവണ്ണം തറയിലെ മരപ്പാളികള്‍ ഞരക്കമുണ്ടാക്കുന്നു.
ഒന്നുരണ്ട് ഉണങ്ങിയ പുഷ്പങ്ങള്‍ കവിയുടെ കസേരയില്‍ കിടക്കുന്നുണ്ട്. ആ കസേരയില്‍ ഒരു നിമിഷം ഇരുന്നാല്‍ കൊള്ളാമെന്നുള്ള എന്റെ ആഗ്രഹം മാത്രം നടന്നില്ല. ഫോട്ടോ എടുക്കുന്നത് തന്നെ നിഷിദ്ധമാണെന്നാണ് തോന്നിയതെങ്കിലും ആരും കാണാതെ ഞാനും ഒന്നുരണ്ട് പടങ്ങള്‍ എടുത്തൊപ്പിച്ചു.
മുന്‍വശത്തുള്ള ജനാലകളിലൂടെ നോക്കിയാല്‍ തെരുവിന്റെ ദൃശ്യം കാണാം. പിന്‍വശത്തുള്ള ജനാലകളിലൂടെ നോക്കുമ്പോള്‍ ഇപ്പോള്‍ കാണുന്ന പൂന്തോട്ടമൊന്നും ഷേക്‍സ്പിയറിന്റെ കാലത്ത് ഉണ്ടായിരുന്നില്ല പോലും! മ്യൂസിയം ആയതിനുശേഷം ആ പിന്നാമ്പുറമൊക്കെ മനോഹരമാക്കിയെടുത്ത് നല്ല രീതിയില്‍ സംരക്ഷിച്ചുകൊണ്ടുപോകുകയാണ്.
ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ കുറച്ചുമുന്‍പ് തെരുവില്‍ കലപില കൂട്ടിക്കൊണ്ടിരുന്ന ഷേക്‍സ്പിയര്‍ കഥാപാത്രങ്ങള്‍ ജന്മഗൃഹം കാണാനെത്തിയ സദസ്സിന് നടുവില്‍ പ്രകടനം കാഴ്ച്ചവെക്കുന്നത് കണ്ടു. താഴേക്കിറങ്ങി അക്കൂട്ടത്തിലേക്ക് ലയിച്ചു. കുറച്ചുനേരം ആ കലാവിരുന്ന് കണ്ടുനിന്നതിനുശേഷം ഹാംലെറ്റിനെ അവതരിപ്പിക്കുന്ന കലാകാരന്റെ കൂടെ നിന്ന് ഒരു ഫോട്ടോയും എടുക്കാന്‍ എനിക്കായി.
അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന തലയോട്ടി കണ്ടിട്ടാവണം ഫോട്ടോയില്‍ കൂടെ നില്‍ക്കാന്‍ നേഹ വിസമ്മതിച്ചു. ഒരു ഷേക്‍സ്പിയര്‍ കഥാപാത്രത്തിന്റെ തോളുരുമ്മി, മഹാനായ ആ സാഹിത്യകാരന്‍ ഓടിക്കളിച്ച് നടന്നിട്ടുള്ള ആ വീടിന്റെ പിന്നാമ്പുറത്ത് ഒരു ഫോട്ടോയ്ക്ക് പോസുചെയ്യാന്‍ പറ്റിയതിന്റെ അത്യധികമായ ആനന്ദത്തിലായിരുന്നു ഞാനപ്പോള്‍ .
വീടിനകത്തുതന്നെയുള്ള സോവനീര്‍ ഷോപ്പില്‍ നിന്ന് ഈയത്തില്‍ തീര്‍ത്ത ഷേക്‍സ്പിയറിന്റെ ഒരു കൊച്ചു ശില്‍പ്പം വാങ്ങിയതിനുശേഷം വെളിയിലേക്ക് കടന്ന് കുറേനേരം കൂടെ ആ തെരുവില്‍ ചുറ്റിപ്പറ്റി നിന്നു.
ഞങ്ങളെപ്പോലെ തന്നെ ആ തെരുവില്‍ കറങ്ങിത്തിരിഞ്ഞ് നില്‍ക്കുകയാണ് മറ്റ് സന്ദര്‍ശകരില്‍ ഭൂരിഭാഗവും. 2000 ത്തിന് അടുക്കെയാണ് ഈ കൊച്ചുപട്ടണത്തിലെ ജനസംഖ്യ. പക്ഷെ വില്ല്യം ഷേക്‍സ്പിയര്‍ എന്ന സാഹിത്യകാരന്റെ പ്രശസ്തി അല്ലെങ്കില്‍ കരിഷ്മ, കൊല്ലാകൊല്ലം 5 കോടിയില്‍പ്പരം ജനങ്ങളെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ട് ആകര്‍ഷിച്ചടുപ്പിച്ചുകൊണ്ടേയിരിക്കുന്നു.
നിറഞ്ഞ മനസ്സുമായി തെരുവില്‍ നിന്ന് നടന്നകന്നു. ഇനി ബാക്കിയുള്ളത് വില്ല്യമിന്റെ ശവകുടീരം കാണുക എന്നതുമാത്രമാണ്. വാഹനവുമെടുത്ത് ഹോളി ട്രിനിറ്റി ചര്‍ച്ചിലേക്ക് പോകുക എന്നതായിരുന്നു പദ്ധതി. കാറിനകത്തെ ജി.പി.എസ്സില്‍ ഹോളി ട്രിനിറ്റി ചര്‍ച്ച് എന്ന് കൃത്യമായി ഫീഡ് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. ട്രിനിറ്റി ചര്‍ച്ച് എന്ന് ഫീഡ് ചെയ്തിട്ട് ജി.പി.എസ്സിന് മനസ്സിലാകുന്നില്ല. അല്‍പ്പം പഴക്കമുള്ള ഒരു മോഡലാണ് ഞങ്ങളുടെ ജി.പി.എസ്സ്.ന്റേത്. അതിന്റെ ഡാറ്റാബേസ് അത്രയ്ക്കധികം കുറ്റമറ്റതല്ലായിരിക്കാം. എന്തായാലും അല്‍പ്പദൂരം മുന്നോട്ട് പോയപ്പോള്‍ വഴി തെറ്റിയെന്ന് ഞങ്ങള്‍ക്കുറപ്പായി. ഒന്നുകൂടെ ശരിയായ വഴി കണ്ടുപിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കിയെങ്കിലും വിജയിക്കാനായില്ല.
ഇരുട്ടുവീഴാന്‍ ഇനി അധിക സമയമില്ല. കൂടുതല്‍ അലഞ്ഞുതിരിയേണ്ടെന്ന് തീരുമാനിച്ച്, മടക്കയാത്രയ്ക്കുള്ള സ്ഥലപ്പേര് ജി.പി.എസ്സില്‍ ഫീഡ് ചെയ്തു. കവിയുടെ ശവകുടീരം കാണാന്‍ പറ്റാത്തതിലുള്ള ദുഖം ഒരുവശത്തുണ്ടായിരുന്നെങ്കിലും, ഇന്നും ജനകോടികളുടെ മനസ്സില്‍ അനശ്വരനായി നില്‍ക്കുന്ന ആ അതുല്യ പ്രതിഭയുടെ ഓര്‍മ്മകള്‍ പച്ചപിടിച്ചുനില്‍ക്കുന്ന തെരുവുകളിലൂടെ അലഞ്ഞുതിരിയാന്‍ പറ്റിയതിന്റെ, അദ്ദേഹത്തിന്റെ ജന്മഹൃഹത്തില്‍ കാലെടുത്ത് കുത്താന്‍ പറ്റിയതിന്റെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ നേരിട്ട് കാണാന്‍ പറ്റിയതിന്റെയൊക്കെ സന്തോഷം അലയടിച്ചുകൊണ്ടുള്ള ഒരു മടക്കയാത്ര തന്നെയായിരുന്നത്.
The lunatic , The lover , The poet..... എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഷേക്‍സ്പിയറിന്റെ ഏതെങ്കിലും ഒരു നാടകം കൂടെ നേരില്‍ക്കാണണമെന്നുള്ള അത്യാഗ്രഹം അപ്പോള്‍ മനസ്സില്‍ മുളപൊട്ടുന്നുണ്ടായിരുന്നു.
Monday 6 July 2009
Subscribe to:
Posts (Atom)