Monday, 25 May 2009

കീരിപ്പാറയില്‍ ഒരു രാത്രി

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

വാനിപ്പുഴയുടെ തീരത്തിലൂടെ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്
---------------------------------------------------------------------------

ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സി എന്ന പേരില്‍ ഒരു എക്കോ ടൂറിസം സംവിധാനം മുക്കാളി ഫോറസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നടക്കുന്നുണ്ട്. തദ്ദേശീയരായ ആദിവാസികളേയും, അഭ്യസ്ഥവിദ്യരായ നാട്ടുകാരേയും ഒക്കെ ചേര്‍ത്ത് നടത്തുന്ന ഈ സംരംഭത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും പ്രധാന പങ്കാളിയാണ്.


കാട് സംരക്ഷിക്കുക, കാട്ടുതീ പോലുള്ള വിപത്തുകള്‍ തടയുക, കുടിയേറ്റങ്ങള്‍ നേരിടുക, അതോടൊപ്പം തന്നെ കാടുകാണാനെത്തുന്ന പ്രകൃതിസ്നേഹികള്‍ക്ക് സുരക്ഷിതമായി കാട്ടിനകത്ത് കറങ്ങിനടന്ന് മൃഗങ്ങളേയും പക്ഷികളേയുമൊക്കെ കാണാനുമൊക്കെയുള്ള സൌകര്യമൊരുക്കുക എന്നതൊക്കെയാണ് എക്കോ ടൂറിസം മാതൃകയാക്കി മുന്നോട്ട് പോ‍കുന്ന ഏജന്‍സിയുടെ ലക്ഷ്യം. സന്ദര്‍ശകരില്‍ നിന്ന് പിരിഞ്ഞ് കിട്ടുന്ന പണം ഈ സംരംഭത്തില്‍ പങ്കാളികളാകുന്ന ആദിവാസികള്‍ക്കും, ഓഫീസ് ജീവനക്കാര്‍ക്കും, കാടിന്റെ സംരക്ഷണത്തിനായുമൊക്കെ വിനിയോഗിക്കപ്പെടുന്നു. സൈലന്റ് വാലിയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ കാടുകളിലും ഇത്തരം ഏജന്‍സികള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന പക്ഷക്കാരനാണ് ഞാന്‍.


നടന്നുപോയാല്‍ 5 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് കീരിപ്പാറയിലേക്ക്. പക്ഷെ സമയം സന്ധ്യയാകാന്‍ പോകുന്നതുകൊണ്ട് നടന്ന് കാട്ടിലൂടെയുള്ള യാത്ര അഭികാമ്യമല്ല. ഞങ്ങള്‍ വന്നിരിക്കുന്ന കാറിന് പോകാന്‍ പറ്റിയ വഴിയുമല്ല അങ്ങോട്ട്. അതുകൊണ്ടാണ് ജീപ്പ് ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. ജീപ്പിലാകുമ്പോള്‍ മുക്കാളി കവലയില്‍ നിന്ന് വലത്തുവശത്തേക്ക് തിരിഞ്ഞ്, മുകളിലേക്കുള്ള കാട്ടുപാതയില്‍ കടന്ന് 10 കിലോമീറ്ററോളം പോകണം. സന്ദര്‍ശകര്‍ക്കായുള്ള കീരിപ്പാറ യാത്ര 3 മണിക്ക് ശേഷം മാത്രമേ തുടങ്ങുകയുള്ളൂ. രാത്രി അവിടെ തങ്ങാനാണ് മിക്കവാറും എല്ലാവരും പോകുന്നത്.

ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഒരു ജീവനക്കാരനും കൂടെ ജീപ്പിലുണ്ട്. കുറച്ച് മുന്നോട്ട് ചെന്നാല്‍ അതിക്രമിച്ച് കടക്കുന്ന വാഹനങ്ങളെ ഒഴിവാക്കാനായി ഒരു ആളില്ലാത്തെ ചെക്ക് പോസ്റ്റ് ഉണ്ട്. അതിന്റെ ഗേറ്റ് തുറന്ന് തരാനാണ് അയാള്‍‍ കൂടെ വരുന്നത്.

ഇടുങ്ങിയ പാതയുടെ ഇടതു വശത്ത് ഇറക്കവും, വലതുവശത്ത് മലയുമാണ് മിക്കവാറുമിടങ്ങളിൽ. ഭാഗ്യമുണ്ടെങ്കില്‍ ഈ വഴിയിലും ആനയെക്കാണാന്‍ പറ്റിയെന്ന് വരും. ജീപ്പ് കാട്ടിലേക്ക് കടന്ന് വളവുതിരിവുകളിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ത്തന്നെ പടിഞ്ഞാറ് വൃക്ഷങ്ങള്‍ക്കിടയിലൂടെ താഴേക്കിറങ്ങി അസ്തമിക്കാന്‍ തയ്യാറെടുക്കുന്ന കതിരോനെ കാണാനായി.


അധികം താമസിയാതെ കാടിന് നടുവിലുള്ള ഫോറസ്റ്റ് വാച്ച് ടവറിലെത്തി. ഞങ്ങളെ അവിടെക്കൊണ്ടാക്കി ജീപ്പ് മുക്കാളിയിലേക്ക് മടങ്ങി. നാളെ ഇവിടന്നുള്ള മടക്കയാത്ര കാട്ടിനുള്ളിലെ 4 കിലോമീറ്ററോളം വരുന്ന മറ്റൊരു വഴിയിലൂടെ നടന്നായതുകൊണ്ട് ജീപ്പിന്റെ ആവശ്യമില്ല.

രണ്ടുനിലയുള്ള ഒരു കെട്ടിടമാണ് വാച്ച് ടവര്‍. മുകളിലെ നിലയില്‍ നാലോ അഞ്ചോ പേര്‍ക്ക് തറയില്‍ നിരന്നുകിടക്കാന്‍ പാകത്തില്‍ ഒരൊറ്റ മുറി. താഴെ മറ്റൊരു മുറി, അടുക്കള, കുളിമുറി, കക്കൂസ് എന്നീ സൌകര്യങ്ങളെല്ലാം കാടിനുള്ളില്‍ കിട്ടാവുന്നതില്‍ ഭേദപ്പെട്ടതു തന്നെ.


വാച്ച് ടവറിന്റെ വടക്കുഭാഗത്തുകാണുന്ന ഒരു മലയ്ക്ക് കീരിയുടെ ആകൃതിയുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് കീരിപ്പാറ എന്ന പേരുകിട്ടിയതെന്ന സോമന്റെ വിശദീകരണം മാത്രം എനിക്കത്ര സംതൃപ്തി നല്‍കിയില്ല. പാറയുടെ ആകൃതിയും കീരിയുടെ രൂപവും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ ഞാന്‍ പരാജയപ്പെടുകയാണുണ്ടായത്.

ഞങ്ങള്‍ ചെല്ലുമ്പോള്‍ കാടിന്റെ മക്കള്‍ അഞ്ചുപേര്‍ അവിടുണ്ടായിരുന്നു.വെള്ളി, കക്കി, പളണി, മല്ലന്‍, കാടന്‍ എന്നിവരായിരുന്നു ആ 5 ആദിവാസി സഹോദരങ്ങള്‍. കാ‍ട്ടില്‍ ഫയര്‍ ലൈനിന്റെ ജോലി ചെയ്യുന്നവരാണ് അവര്‍. ജോലിക്ക് ശേഷം അന്തിയുറങ്ങുന്നത് വാച്ച് ടവറിലാണ്. കാട്ടിനുള്ളില്‍ വേറെ എവിടെയെങ്കിലും തങ്ങുന്നത് ആത്മഹത്യാപരമാണ്.


വാച്ച് ടവറിന് ചുറ്റും കരിങ്കല്ലുവെച്ചു കെട്ടിയ കിടങ്ങിന് വെളിയിലായി പലയിടത്തും ആനപ്പിണ്ടം കാണാം. ആനയോ മറ്റോ അധവാ കിടങ്ങ് മുറിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ കിടങ്ങില്‍ നിന്ന് കരകയറാന്‍ പറ്റാത്ത തരത്തിലാണ് അതിന്റെ നിര്‍മ്മിതി. ചില ഭാഗങ്ങളൊക്കെ ഇടിച്ചുനിരത്താന്‍ കരിവീരന്മാര്‍ ശ്രമങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ കാണാനുണ്ട്.

രാത്രിയായത് പെട്ടെന്നായിരുന്നു. പകല്‍‌സമയം ഭവാനിപ്പുഴക്കരികിലൂടെ നടത്തിയ ട്രെക്കിങ്ങ് കാരണമായിരിക്കണം നല്ല വിശപ്പുണ്ടായിരുന്നു. പാഴ്‌സല്‍ കൊണ്ടുവന്നിരുന്ന പൊറോട്ടയും ബീഫ് കറിക്കുമൊപ്പം ആദിവാസി സഹോദരങ്ങള്‍ കൊണ്ടുവന്നുതന്ന ഉണക്ക മാന്തല്‍ വറുത്തതുകൂടെയായപ്പോള്‍ കാട്ടിനുള്ളിലെ ഡിന്നര്‍ കുശാലായി.


ഇരുട്ടിന് കനം വെച്ചതിനൊപ്പം ചെറുതായി തണുപ്പടിക്കാനും തുടങ്ങി. വിറക് കൂട്ടിയിട്ട് കത്തിച്ച് അതിനുചുറ്റുമിരുന്നുള്ള വെടിവട്ടം രാവേറുവോളം നീണ്ടുപോയി. വനം കൊള്ള, കഞ്ചാവ് വേട്ട, കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ പേടിപ്പെടുത്തുന്ന വിവരണങ്ങള്‍ എന്നിങ്ങനെ കാട്ടിലെ കഥകള്‍ തന്നെയായിരുന്നു പ്രധാനവിഷയങ്ങള്‍. അതിനിടയില്‍ കാട്ടുമൃഗങ്ങളുടെ വിട്ടുവിട്ടുള്ള അലര്‍ച്ചയും വിളികളും, പക്ഷികളുടെ ചിറകടി ശബ്ദവുമൊക്കെ കേട്ടുകൊണ്ടിരുന്നു. നേരം വെളുത്താല്‍ ഏതെങ്കിലുമൊക്കെ മൃഗങ്ങളെ കാണാന്‍ പറ്റുമെന്ന് സോമന്‍ ഉറപ്പുതന്നു.

വേണുവിന്റെ കയ്യില്‍ സ്ലീപ്പിങ്ങ് ബാഗുകളുണ്ട്. മുകളിലെ മുറിയിലെ തറയില്‍ വിരിച്ച സ്ലീപ്പിങ്ങ് ബാഗില്‍ കിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു.

“ചേട്ടാ ആന, ആന, ബേഗം എഴുന്നേക്ക് “

അതിരാവിലെ ‘കിങ്ങ് ‘ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കക്കി ഒച്ചയിട്ട് വിളിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നത്.


നേരം പരപരാന്ന് വെളുത്ത് വരുന്നതേയുള്ളൂ. ഉറക്കം ശരിക്ക് തീര്‍ന്നിട്ടുമുണ്ടായിരുന്നില്ല. പക്ഷെ പുലര്‍കാല സൂര്യന്റെ വെളിച്ചത്തില്‍ വാച്ച് ടവറിന് ചുറ്റുമുള്ള കാട്ടിലെ കാഴ്ച്ച കണ്ടപ്പോള്‍ ഉറക്കമെല്ലാം ഓടി മറഞ്ഞു.


പടിഞ്ഞാറുഭാഗത്തായി രണ്ടാനകള്‍. ഒന്ന് കുട്ടിയാന, മറ്റേതതിന്റെ തള്ളയാന. രണ്ടുപേരും നോക്കുന്നത് വാച്ച് ടവറിലേക്കുതന്നെയാണ്. കുറേയധികം നേരം അങ്ങനെ നോക്കി നിന്നിട്ട് ആനകള്‍ രണ്ടും കാടിനുള്ളിലേക്ക് വലിഞ്ഞു.


വടക്കുകിഴക്കുഭാഗത്തായി കൂട്ടമായി നാലഞ്ച് ആനകള്‍ വേറെയുമുണ്ട്. സുരക്ഷിതമായ ദൂരത്തിലാണ് ആനക്കൂട്ടമെല്ലാം. ക്യാമറയിലെ സൂം പരമാവധി വലിച്ചുനീട്ടി ഒന്നുരണ്ട് ചിത്രങ്ങളൊക്കെ വേണുവും ഞാനും എടുത്തുകഴിഞ്ഞപ്പോഴേക്കും, ആനകളൊക്കെ കാടിനുള്ളിലേക്ക് മടങ്ങി. രാത്രിമുഴുവന്‍ ഈ കാട്ടുമൃഗങ്ങളൊക്കെ ഞങ്ങളിട്ട ക്യാമ്പ് ഫയര്‍ കണ്ട് ആ ഭാഗത്തൊക്കെ ചുറ്റിപ്പറ്റി നിന്നിട്ടുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.


പ്രഭാതകൃത്യങ്ങളൊക്കെ നടത്തി ഓരോ കട്ടന്‍ ചായയൊക്കെ കുടിച്ച് ബാഗെല്ലാമെടുത്ത് ആദിവാസി സുഹൃത്തുക്കളോട് യാത്രപറഞ്ഞ് കാട്ടിലേക്കിറങ്ങി. വാച്ച് ടവറിന് ചുറ്റും നിറയെ ആനപ്പിണ്ഡം കിടക്കുന്നുണ്ട്. ആനകള്‍ യഥേഷ്ടം വിഹരിക്കുന്ന ഇടമാണതെന്ന് ഉറപ്പ്.


ചോടപ്പുല്ലുകള്‍ നിറഞ്ഞ പരിസരത്തുനിന്ന് അല്‍പ്പം താഴേക്കിറങ്ങി ഒരു ചെറിയ ചോല കുറുകെ ചാടിക്കടന്ന് കാടിനുള്ളിലേക്ക് കടന്നു. അല്‍പ്പം മുന്‍പ് കണ്ട തള്ളയാനയും കുഞ്ഞാനയും ആ വഴിയാണ് പോയതെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ആവിപറക്കുന്ന ആനപ്പിണ്ഡം ആ ചോലയുടെ പരിസരത്തൊക്കെ കണ്ടു.

അതൊന്നും നോക്കി നിന്നിട്ട് കാര്യമില്ല. മുന്നോട്ട് നടക്കുക, ആന വന്നാല്‍ മുന്നോട്ട് ഓടുക, മുന്നിലൂടെ ആന വന്നാല്‍ പിന്നോട്ട് തിരിഞ്ഞോടുക, വല്ല മരത്തിലുമൊക്കെ വലിഞ്ഞുകയറുക. ആനയെപ്പേടിച്ച് മരത്തില്‍ കയറുകയാണെങ്കില്‍ വണ്ണമുള്ള മരത്തില്‍ കയറണമെന്നും, കരടിയെപ്പേടിച്ച് മരത്തില്‍ കയറുകയാണെങ്കില്‍ വണ്ണം കുറഞ്ഞ മരത്തില്‍ കയറണമെന്നും കേട്ടിട്ടുണ്ട്. വണ്ണമില്ലാത്ത മരമാണെങ്കില്‍ ആനയ്ക്ക് അത് പിടിച്ച് കുലുക്കി ശത്രുവിനെ താഴെ വീഴ്ത്താനാകും. കരടിയുടെ കാര്യത്തിലാണെങ്കില്‍ നേരെ മറിച്ചാണ്. വണ്ണമുള്ള മരത്തില്‍ കരടിക്ക് പൊത്തിപ്പിടിച്ച് കയറാന്‍ പറ്റും. അതുകൊണ്ട് കരടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വണ്ണം കുറഞ്ഞ മരത്തില്‍ കയറണം. ആനയും കരടിയും ഒരുമിച്ച് വന്നാലോ എന്നൊന്നും ആലോചിക്കാനേ പോകരുത്.

കാടിന്റെ ഉള്ളിലേക്ക് കടന്നതോടെ സൈലന്റ് വാലിക്ക് ആ പേര് വീഴാനുള്ള കാരണമെന്താണെന്ന് മനസ്സിലാക്കിയിരുന്നത് പരമാര്‍ത്ഥമാണെന്ന് മനസ്സിലായി. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദമില്ലാത്ത ഏത് കാടാണുള്ളത് ? പക്ഷെ സൈലന്റ് വാലിയില്‍ ചീവീടുകള്‍ ഇല്ല. നിശബ്ദതയുടെ താഴ്വര തന്നെയാണിത്.

ഐതിഹ്യങ്ങള്‍ പറയുന്നതുപ്രകാരം സൈലന്റ് വാലിക്ക് സൈരന്ധ്രിവനം എന്നൊരു പേരുകൂടെയുണ്ട്. വനവാസകാലത്ത് പാണ്ഡവരും, പാഞ്ചാലിയുമൊക്കെ (സൈരന്ധ്രി)ഈ കാടുകളില്‍ കഴിഞ്ഞുകൂടിയിട്ടുണ്ടത്രേ ? കാടിനകത്തുള്ള കുന്തിപ്പുഴയ്ക്ക് ആ പേര്‍ വീണതും ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടായിരിക്കാം. സൈരന്ധ്രിവനം എന്ന പേര് ആംഗലീകരിക്കപ്പെട്ടപ്പോള്‍ സൈലന്റ് വാലി എന്നായിപ്പോയി എന്നും പരാമര്‍ശമുണ്ട്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന, മക്കാക സൈലെനസ്(Macaca silenus)എന്ന ശാസ്ത്രീയ നാമമുള്ള സിംഹവാലന്‍ കുരങ്ങുകള്‍ ഈ കാടുകളില്‍ ഉള്ളതുകൊണ്ട്, കുരങ്ങന്റെ പേരില്‍ നിന്നാണ് സൈലന്റ് വാലി എന്ന നാമം ഉണ്ടായതെന്നാണ് മറ്റൊരു അനുമാനം.


പേര് വീ‍ണത് എങ്ങിനെയായാലും നിശബ്ദത ഈ കാടിന്റെ ഒരു പ്രത്യേകത തന്നെയാണ്. കാട്ടിലൂടെ നടക്കുമ്പോള്‍ കരിയിലകള്‍ കാലുകള്‍ക്കടിയില്‍ ഞെരിഞ്ഞമരുന്ന ശബ്ദത്തിന് നല്ല ഒന്നാന്തരം ഡോള്‍ബി സിസ്റ്റത്തിലൂടെ കേള്‍ക്കുന്നതിന്റെ ഇഫക്‍റ്റുണ്ട്. കാടിന്റെ സൌന്ദര്യം നന്നായി ആസ്വദിച്ച്, കാട്ടുമൃഗങ്ങളെയൊക്കെ കണ്ട് നടക്കണമെങ്കില്‍, ശബ്ദമുണ്ടാക്കാതെ സംസാരിക്കാതെ കാട്ടിലൂടെ നീങ്ങണമെന്നാണ് കാട്ടുയാത്രകളിലെ (അ)ലിഖിത നിയമം.

എങ്ങനെയൊക്കെ നിശബ്ദമായി നടന്നാലും, 20 മൃഗങ്ങളെങ്കിലും നമ്മെ കണ്ടുകഴിയുമ്പോഴേ, നമ്മള്‍ ഒരു മൃഗത്തിനെയെങ്കിലും കണ്ടിട്ടുണ്ടാകൂ എന്നൊരു പറച്ചിലുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കാടിനുള്ളിലൂടെ നടക്കുമ്പോള്‍ കണ്ണും കാതും മൂക്കുമൊക്കെ കൂര്‍പ്പിച്ച് വേണം നടക്കാന്‍.

പുള്ളിമാന്‍, സിംഹം, മയില്‍ എന്നിവയൊഴികെ മറ്റെല്ലാ മൃഗങ്ങളും പക്ഷികളും ഇവിടുണ്ടെന്നാണ് കണക്ക്. പുള്ളിമാന്‍ ഏതെങ്കിലും കാട്ടില്‍ ഉണ്ടെങ്കില്‍ ആ കാട്ടില്‍ അടിക്കാടുകള്‍ കുറവായിരിക്കും. പുള്ളിമാന് നിറയെ ശത്രുക്കളുണ്ട്. അല്‍പ്പദൂരം ഓടിയതിനുശേഷം നിന്ന് കിതയ്ക്കുന്ന കൂട്ടത്തിലാണ് പുള്ളിമാന്‍. അങ്ങനെ ഓടിക്കഴിഞ്ഞ ശേഷം, നിന്ന് കിതയ്ക്കാന്‍ പാകത്തില്‍ മരങ്ങളില്ലാത്ത ഒഴിഞ്ഞ ഇടമുള്ള കാടൊന്നുമല്ല സൈലന്റ് വാലി. ശത്രു ഏത് ഭാഗത്തും ഒളിഞ്ഞിരിപ്പുണ്ടാകാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.മയിലിന് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ അതിന്റെ നീളമുള്ള വാല് ഒരു തടസ്സമാണ്. നിറയെ മരങ്ങളും അടിക്കാടുമൊക്കെ തിങ്ങിനിറഞ്ഞ സൈലന്റ് വാലിയില്‍ അതുകൊണ്ടുതന്നെ മയിലിനെ കാണാറില്ല.


കാടിനുള്ളിലേക്ക് കടന്നപ്പോള്‍ മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ പിന്നിട്ടുപോന്ന വാച്ച് ടവര്‍ കാണാനാകുന്നുണ്ട്. നല്ലൊരു ദൂരം ഇതിനകം കാട്ടിനുള്ളിലേക്ക് കടന്നിരിക്കുന്നു. ദൂരെയായി മരങ്ങള്‍ക്ക് മുകളില്‍ മഴപ്പുള്ളുകള്‍ പറന്നുനടക്കുന്നുണ്ട്. മഴപ്പുള്ളുകള്‍ വളരെ താഴ്ന്ന് പറന്നാല്‍ മഴ പെയ്യുമെന്നാണ് സോമന്‍ പറയുന്നത്. ആനപ്പിണ്ഡത്തിനു പുറമേ വഴിയില്‍ അവിടവിടെയായി പലപല മൃഗങ്ങളുടെ കാട്ടങ്ങളും കണ്ടു. അതിലൊന്ന് കടുവക്കാട്ടമാണെന്നാണ് സോമന്‍ പറഞ്ഞപ്പോള്‍ ഉള്ളൊന്ന് കിടുങ്ങാതിരുന്നില്ല.


കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെ താണ്ടി, മലയുടെ ചരുവിലൂടെ തെന്നിവീഴാതെ ചപ്പുചവറുകള്‍ ചവിട്ടിമെതിച്ച് നടന്ന്, വലിഞ്ഞ് കയറാന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ നീളമുള്ള വടികള്‍ കുത്തിപ്പിടിച്ച് യാത്ര പുരോഗമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടയ്ക്ക് കാട്ടുവള്ളികളില്‍ ഇത്തിരി വിശ്രമവും, അലപ്പസ്വല്‍പ്പം പടം പിടിക്കലുമൊക്കെ അതിനിടയില്‍ സംഭവിക്കുന്നുണ്ടായിരുന്നു.സോമന്‍ കുറച്ച് മുന്നിലാണ് നടക്കുന്നത്. ഭവാനിപ്പുഴയുടെ തീരത്തെ കാടിലുള്ളതുപോലെ അല്‍പ്പമെങ്കിലും തെളിച്ചമുള്ള ഒരു വഴിയെന്ന് പറയാവുന്ന ഭൂപ്രകൃതി ഈ കാടിനുള്ളില്‍ ഉള്ളതായി കണ്ടില്ല. പലയിടത്തും സൂര്യപ്രകാശം നിലത്തുവീഴുന്നുപോലുമില്ല. തലങ്ങും വിലങ്ങുമൊക്കെ നടന്ന്, സോമന്‍ പോകുന്നതുകണ്ടാല്‍ കാട്ടില്‍ വഴിയറിയാതെ പെട്ടുപോയ ഒരാള്‍ പരിഭ്രാന്തനായി നടക്കുന്നതുപോലെ തോന്നും.

നിറയെ അപ്പൂപ്പന്‍ താടികള്‍ പറന്നുനടക്കുന്ന ഒരു പ്രദേശം കഴിഞ്ഞപ്പോള്‍ മൊബൈല്‍ സിഗ്നല്‍ കിട്ടിയതുകൊണ്ട് മടക്കയാത്രയ്ക്കുള്ള ജീപ്പ് അയക്കാന്‍ മുക്കാളിയിലേക്ക് വിളിച്ച് പറഞ്ഞു സോമന്‍. ഇനി ഒരു കിലോമീറ്റര്‍ കൂടെ നടന്നാല്‍ മെയിന്‍ റോഡില്‍ എത്തും. അതിനുമുന്‍പായി ചിത്രശലഭങ്ങള്‍ കൂട്ടമായി കാണാന്‍ സാദ്ധ്യതയുള്ള ഒരിടം ആ ഭാഗത്തെവിടെയോ ഉണ്ടെന്നും അങ്ങോട്ട് അല്‍പ്പം മാറി നടക്കണമെന്നും പറഞ്ഞ് സോമന്‍ മറ്റൊരു ദിശയിലേക്ക് നടന്നു.


കുറേ അലഞ്ഞുതിരിഞ്ഞപ്പോള്‍ ‘ബ്ലൂ ടൈഗര്‍‘ ഇനത്തിലുള്ള മൂന്നുനാല് ചിത്രശലഭങ്ങളെ കണ്ടു, അതിന്റെയൊക്കെ പടമെടുക്കുകയും ചെയ്തു. പക്ഷെ ഇതിലും കൂടുതല്‍ ചിത്രശലഭങ്ങള്‍ ഉള്ളയൊരിടം ഉണ്ടെന്നാണ് സോമന്‍ പറയുന്നത്.

പെട്ടെന്ന് സോമന്‍ വീണ്ടും മറ്റൊരു ദിശയിലേക്ക് അടിക്കാടിനിടയിലൂടെ നീങ്ങി. ശബ്ദമുണ്ടാക്കാതെ കടന്നുവരാന്‍ ഞങ്ങളോട് ആംഗ്യം കാണിക്കുകയും ചെയ്തു.

അവിടെക്കണ്ട കാഴ്ച്ച അതിമനോഹരം. ഉയരമുള്ള ഒരു തടിയന്‍ മരത്തിന്റെ ശാഖകളിലൊക്കെ ഇലകളെന്നപോലെ നൂറുകണക്കിന് ചിത്രശലഭങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഒട്ടനേകം ശലഭങ്ങള്‍ പറന്നുനടക്കുന്നുമുണ്ട്. ‘എല്ലാം ബ്ലൂ‘ ടൈഗര്‍ തന്നെ.


ശബ്ദമുണ്ടാ‍ക്കാതെ ആ കാഴ്ച്ചയും നോക്കി കണ്‍കുളിര്‍ക്കെ കുറേനേരം നിന്നു. ആവശ്യത്തിന് പടങ്ങളുമെടുത്തു. പെട്ടെന്ന് ഒരു ചെറിയ കാറ്റടിച്ചു. മരച്ചില്ലകളൊന്നുലഞ്ഞു , ശലഭങ്ങള്‍ പറന്നുപൊങ്ങി. ഒരു വസന്തം പൊട്ടിപ്പുറപ്പെട്ടപോലെ എണ്ണമറ്റ ചിത്രശലഭങ്ങള്‍ക്കിടയില്‍ ഞങ്ങള്‍. സിനിമകളിലൊക്കെ കാണുന്ന പോലത്തെ ഒരു സ്വപ്നരംഗം സൃഷ്ടിച്ചുകൊണ്ട് കുറേനേരം അവിടെയൊക്കെ പറന്നുനടന്നതിനുശേഷം അവയെല്ലാം വീണ്ടും മരച്ചില്ലകളില്‍ പറ്റിപ്പിടിച്ചിരുന്നു.


അവിടന്ന് മുന്നോട്ട് നീങ്ങാന്‍ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ നല്ല വിശപ്പ് തുടങ്ങിയിരിക്കുന്നു എന്നുമാത്രമല്ല ഞങ്ങളേയും കാത്ത് ജീപ്പ് വഴിയരുകില്‍ കിടക്കുന്നുമുണ്ടാകാം. അഞ്ചുമിനിറ്റ് കൂടെ നടന്നപ്പോള്‍ ടാറിട്ട റോഡില്‍ ചെന്നുകയറി. ജീപ്പ് കാത്തുകിടക്കുന്നുണ്ട്.


അതില്‍ക്കയറി മുക്കാളി ഫോറസ്റ്റ് ഓഫീസിലേക്ക് പോകുന്ന വഴിക്കുള്ള കവലയില്‍ ഇറങ്ങി. ഒന്നുരണ്ട് ചെറിയ റസ്റ്റോറന്റുകളുണ്ടവിടെ. അതിലൊന്നില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനുശേഷം ഫോറസ്റ്റ് ഓഫീസിലെത്തി ഫോറസ്റ്റ് ഓഫീസര്‍ ശിവദാസന്‍(I.F.S.) സാറിനോട് യാത്ര പറഞ്ഞു പിരിഞ്ഞു.

ഇതിപ്പോള്‍ സൈലന്റ് വാലി ബഫ്ഫര്‍ സോണുകളേ കണ്ടാസ്വദിക്കാന്‍ പറ്റിയിട്ടുള്ളൂ. കോര്‍ സോണിലേക്ക് പോകാന്‍ വേണ്ടി ഇനിയും രണ്ടോ മൂന്നോ പ്രാവശ്യം സൈലന്റ് വാലിയില്‍ വരേണ്ടിവരുമെന്ന് എനിക്കുറപ്പാണ്. അത്തറുപൂശി കാഞ്ചീപുരം പട്ടുസാരികള്‍ ചുറ്റിയ മലയാളിമങ്കമാരില്ലാത്ത ദിവസം നോക്കി, തിരക്കില്ലാത്ത സമയം നോക്കി വരണം. പറ്റുമെങ്കില്‍ പ്രവൃര്‍ത്തി ദിവസങ്ങളില്‍ത്തന്നെ. സോമനോട് ഇനിയും കാണുമെന്ന് പറഞ്ഞുതന്നെയാണ് പിരിഞ്ഞത്. എല്ലാ സഹായങ്ങളും സോമന്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി.

വൈകുന്നേരമാകാന്‍ ഇനിയും ഒരുപാട് സമയമുണ്ട്. മലിനപ്പെട്ടുകിടക്കുന്ന നഗരത്തിലേക്ക് ഇപ്പോള്‍ത്തന്നെ മടങ്ങിയിട്ട് എന്ത് പുണ്യം കിട്ടാനാണ് ? ഫോറസ്റ്റ് ഓഫീസിനു പിന്നിലൂടെ വീണ്ടും ഭവാനിപ്പുഴയുടെ തീരത്തേക്ക് നടന്നു. പുഴയിലെ തെളി‍വെള്ളം കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ല. ഉച്ചഭക്ഷണം കഴിഞ്ഞിട്ട് അധികസമയം ആയിട്ടില്ല. ഉണ്ട് കുളിച്ചവനെ കണ്ടാല്‍ക്കുളിക്കണമെന്നൊക്കെയാണ് വെപ്പ്. കാണുന്നവരെല്ലാം കുളിക്കട്ടെ. ഞങ്ങള്‍ക്കതൊന്നും അറിയേണ്ട കാര്യമില്ല. ഇന്നലെത്തന്നെ തോന്നിയതാണ് പുഴയിലിറങ്ങി കുറേനേരം കിടക്കണമെന്ന്. ഇന്നും അത് ചെയ്യാതെ പോയാല്‍ ഈ യാത്ര അപൂര്‍ണ്ണമായിപ്പോകും. കയ്യിലുള്ള തോര്‍ത്തുകള്‍ ചുറ്റി ഞാനും വേണുവും വെള്ളത്തിലേക്കിറങ്ങി. മുട്ടൊപ്പം കാല് വെള്ളത്തിലേക്കിട്ട് നികിത പുഴക്കരയിലിരുന്നു.

കുറേയധികം നേരം വെള്ളത്തിലങ്ങനെ നിശ്ചലമായി കിടന്നു. ഞങ്ങളുടെ മനസ്സും ശരീരവും തഴുകിത്തണുപ്പിച്ച് ശുദ്ധീകരിച്ച് കളകളാരവത്തോടെ ഭവാനിപ്പുഴ കിഴക്കോട്ട് ഒഴുകിക്കൊണ്ടേയിരുന്നു.
-------------------------------------------------------------------------
ചിത്രശലഭങ്ങളുടേതടക്കമുള്ള നല്ല ചിത്രങ്ങള്‍ക്ക് കടപ്പാട് വേണുവിനോട്.

Monday, 11 May 2009

ഭവാനിപ്പുഴയുടെ തീരത്തിലൂടെ

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

-----------------------------------------------------------
വേണുവിന് താല്‍പ്പര്യം യാതൊരുവിധ നിബന്ധനകളും തടസ്സങ്ങളുമില്ലാതെ വനാന്തര്‍ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനോടാണ്. എന്റെയൊരു കുടുംബസുഹൃത്തായ വേണു ജോലി ചെയ്യുന്നത് വിപ്രോ ഇന്‍ഫോടെക്കിലാണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയാണ് പ്രധാന ഹോബി. കക്ഷിയുടെ ചില പടങ്ങളെല്ലാം കണ്ട് അന്തം വിട്ടുനിന്നിട്ടുണ്ട് ഞാന്‍. അതുകൊണ്ടുതന്നെ വേണുവിനൊപ്പം ആദ്യമായി ഒരു യാത്ര പോയപ്പോള്‍ അത് കേരളത്തിലെ പേരും പെരുമയുമുള്ള ഒരു കാട്ടിലേക്കുതന്നെയാക്കാന്‍ പറ്റിയത് ഹൃദ്യമായ ഒരനുഭവമായി.

സൈലന്റ് വാലി. ഓര്‍മ്മവെച്ചനാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ആ പേര്. ഏഷ്യാനെറ്റ് ടി.വി. ഈയിടെ കേരളത്തിലെ സപ്തവിസ്മയങ്ങളില്‍ ഒന്നാമത്തേതായി സൈലന്റ് വാലിയെ തിരഞ്ഞെടുത്തതോടെ ഇതുവരെ കേള്‍ക്കാത്തവരും ആ പേര് കേട്ടുതുടങ്ങിയെന്ന് സൈലന്റ് വാലിയുടെ മുക്കാളിയിലുള്ള ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ മനസ്സിലാക്കാനായി. ഭയങ്കര തിരക്ക്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍സംഘങ്ങളും, ചെറുപ്പക്കാരുടെ സെറ്റുകളുമൊക്കെയായി നൂറുകണക്കിനാളുകള്‍ കാടുകാണാനിറങ്ങിയിരിക്കുന്നു.

സ്ഥലത്തെ ഫോറസ്റ്റ് ഓഫീ‍സര്‍ ശ്രീ.ശിവദാസന്‍(I.F.S.), റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫീസറായ വേണുവിന്റെ അച്ഛന്‍ ശ്രീ. ഗോപാലകൃഷ്ണന്റെ സുഹൃത്താണ്. ശിവദാസന്‍ സാറുമായി ഫോറസ്റ്റ് ഓഫീസിലെ വരാന്തയില്‍, ഒരു സൌഹൃദസംഭാഷണത്തിന് ശേഷം കാട്ടിലേക്ക് കയറാന്‍ ഞങ്ങള്‍ റെഡിയായി. ഞങ്ങളെന്ന് പറഞ്ഞാല്‍ വേണുവും, ഭാര്യ നികിതയും, ഫോറസ്റ്റ് ഗാര്‍ഡ് സോമനും, പിന്നെ ഞാനും. ഫോറസ്റ്റ് ഗാര്‍ഡില്ലാതെ കാട്ടിനുള്ളിലേക്ക് പോകാന്‍ അനുവാദം കിട്ടില്ല.

സൈലന്റ് വാലി കാണാനാണ് രാവിലെതന്നെ എറണാകുളത്തുനിന്ന് പാലക്കാട് ജില്ലവരെ ഞങ്ങള്‍ കാ‍റോടിച്ച് എത്തിയതെങ്കിലും, പലതരം യാത്രാപദ്ധതികള്‍ സൈലന്റ് വാലിയിലും അതിന്റെ ബഫ്ഫര്‍ സോണിലുമായി ഉണ്ടെന്ന് മനസ്സിലാക്കിയത് മുക്കാളി ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ മാത്രമാണ്.

പാത്രക്കടവ് ട്രക്കിങ്ങ്, കരുവാര വാട്ടര്‍ ഫാള്‍, റോക്ക് ഹോള്‍ ഹട്ട്, കീരിപ്പാറ വാച്ച് ടവര്‍, എന്നിങ്ങനെ പലയിനം ടൂര്‍ പ്രോഗ്രാമുകള്‍ അവിടെയുണ്ട്. എല്ലാറ്റിനും പ്രത്യേകം ടിക്കറ്റെടുക്കുകയും ഫോറസ്റ്റ് ഗാര്‍ഡിനെ അറേഞ്ച് ചെയ്യുകയും വേണം. ഫോറസ്റ്റ് ഓഫീസില്‍ ജനത്തിരക്ക് കാരണം നിന്നുതിരിയാന്‍ സ്ഥലമില്ല. കാട്ടില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില മിനിമം മര്യാദകളും (അ)ലിഖിത നിയമങ്ങളുമൊക്കെ ലംഘിച്ചുകൊണ്ടാണ് സ്ത്രീകളില്‍ ബഹുഭൂരിഭാഗവും അണിഞ്ഞൊരുങ്ങി ആടയാഭരണങ്ങളൊക്കെ ചാര്‍ത്തി വന്നിരിക്കുന്നത്. വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടുസാരികള്‍, മൂക്കടിച്ചുപോകുന്ന തരത്തിലുള്ള കടുത്ത മണമുള്ള സ്പ്രേ എന്നതൊക്കെ കാട്ടിലെ യാത്രയ്ക്ക് യോജിച്ചതല്ല.

സൈലന്റ് വാലിയിലേക്ക് നേരിട്ട് കടക്കുന്നതിന് മുന്‍പ് അതിന്റെ ബഫ്ഫര്‍ സോണിലൊക്കെ കറങ്ങി കാര്യങ്ങള്‍ മനസ്സിലാക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടുതീര്‍ക്കാവുന്ന ഒരു വനമല്ല സൈലന്റ് വാലിയും, ബഫ്ഫര്‍ സോണുമെല്ലാം.ഞങ്ങള്‍ക്ക് 2 ദിവസമാണ് കൈയ്യിലുള്ളത്. ഭവാനി റിവര്‍ ട്രെയില്‍ എന്ന ട്രിപ്പ് ആദ്യത്തെ ദിവസം നടത്താമെന്ന് ഉറപ്പിച്ചു.

യാത്ര ആരംഭിച്ചപ്പോള്‍ത്തന്നെ രണ്ട് കൊച്ചുസഞ്ചാരികള്‍ ഞങ്ങളുടെ കൂടെ കൂടി. ഫോറസ്റ്റ് ഗാര്‍ഡ് ശ്രീ. സോമന്റെ മക്കള്‍ 6 വയസ്സുകാരന്‍ അഭിഷേകും, 3 വയസ്സുകാരന്‍ ആഷിഷുമായിരുന്നു ആ മിടുക്കന്മാര്‍.

“സ്ക്കൂളില്ലാത്ത ദിവസമാണ്, കാട്ടിലെ എന്റെ കഷ്ടപ്പാടൊക്കെ അവന്മാരു കാണട്ടെ“

എന്നുപറഞ്ഞാണ് സോമന്‍ കുട്ടികളെ കാട്ടിലേക്ക് കൊണ്ടുപോകുന്നത്. ആനയിറങ്ങി തേരാപ്പാര മേഞ്ഞുനടക്കുന്ന കാട്. സഹ്യപുത്രന്മാരുടെ മുന്നിലെങ്ങാനും ചെന്നുചാടിയാല്‍ തിരിഞ്ഞുനോക്കാതെ ഓടേണ്ടിവരും. അതിനിടയില്‍ ഈ കൊച്ചുകുഞ്ഞുങ്ങള്‍. ഓര്‍ത്തപ്പോള്‍ത്തന്നെ എന്റെ ഉള്ളൊന്ന് പിടച്ചെങ്കിലും കുട്ടികളുടെ ഉത്സാഹവും, സോമന്റെ ധൈര്യവും കണ്ടപ്പോള്‍ ആശങ്കകളൊക്കെ പമ്പകടന്നു.

ഫോറസ്റ്റ് ഓഫീസിന്റെ പുറകിലൂടെ നടന്നാല്‍‍ ഭവാനി, കുന്തി എന്നീ 2 കോട്ടേജുകള്‍ക്ക് പുറകിലായി കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഒന്നായ ഭവാനിപ്പുഴ കാണാം. കബനീനദി, പാമ്പാര്‍ എന്നിവയാണ് കിഴക്കോട്ടൊഴുകുന്ന മറ്റ് നദികള്‍. പാമ്പാര്‍, ഭവാനി എന്നീ നദികള്‍ കിഴക്കോട്ടൊഴുകി തമിഴ്‌നാട്ടില്‍ എത്തുമ്പോള്‍, കബനീനദി കിഴക്കോട്ട് സഞ്ചരിച്ച് കര്‍ണ്ണാടകത്തില്‍ ചെല്ലുന്നു.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മഴക്കാട് സംരക്ഷിക്കപ്പെടേണ്ടതിനുപകരം ഹൈഡ്രോഇലക്‍ട്രിക്ക് പ്രോജക്‍ടിന് വേണ്ടി നീക്കിവെക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ കോലാഹലങ്ങളൊക്കെ കെട്ടടങ്ങിയത് 1985 സെപ്റ്റംബര്‍ 7 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധി 89.52 സ്ക്വയര്‍ കിലോമീറ്ററോളം വരുന്ന സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി രാജ്യത്തിന് സമര്‍പ്പിച്ചതോടെയാണ്.

2007 സെപ്റ്റംബര്‍ 23ന്, 148 സ്ക്വയല്‍ കിലോമീറ്റര്‍ കാടുകള്‍ കൂടെ സൈലന്റ് വാലിയുടെ പ്രൊട്ടക്‍റ്റീവ് സോണായി പ്രഖ്യാപിച്ച്, കേരളാ മുഖ്യമന്ത്രി ശ്രീ.അച്ചുതാനന്ദന്‍ ഉത്ഘാടനം ചെയ്തു.മണ്ണാര്‍കാട് ഫോറസ്റ്റ് ഡിവിഷന്റെ അട്ടപ്പാടി, മണ്ണാര്‍കാട് റേഞ്ചുകളും നിലംബൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കാളിക്കാവ് റേഞ്ചുമൊക്കെ ചേര്‍ന്നതാണ് സൈലന്റ് വാലി കോര്‍ സോണിന്റെ സംരക്ഷരണ വലയമായ ബഫ്ഫര്‍ സോണ്‍ കാടുകള്‍.

ലോകത്തെ 34 ബയോഡൈവേഴ്സിറ്റിയുള്ള ഹോട്ട് സ്പോട്ടുകളില്‍ ഒന്ന്,
ഇന്ത്യയില്‍ ഹിമാലയസാനുക്കള്‍ കഴിഞ്ഞാല്‍ അതേ പ്രാധാന്യമുള്ള മറ്റൊരിടം,
മഴവേഴാമ്പലുകള്‍ അടക്കമുള്ള 200 തരം പക്ഷികള്‍,
128 തരം ചിത്രശലഭങ്ങള്‍,
400 ല്‍പ്പരം വണ്ടുകള്‍,
12 ല്‍പ്പരം മത്സ്യങ്ങള്‍,
19 ല്‍പ്പരം ഉഭയജീവികള്‍,
35 ല്‍പ്പരം ഉരഗങ്ങള്‍,
13 ല്‍പ്പരം സസ്തനികള്‍,
അന്യം നിന്നുകൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍,
കടിച്ചാല്‍ ഉടന്‍ മരണം സമ്മാനിക്കുന്ന, 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ടൈഗര്‍ ചിലന്തികള്‍,
40 ല്‍പ്പരം ദേശാടനപ്പക്ഷികള്‍ വന്നുപോ‍കുന്നയിടം,
20,000 തരത്തിലുള്ള ഔഷധസസ്യങ്ങള്‍,
1000 ല്‍പ്പരം പൂച്ചെടികള്‍,
20 X 20 - മീറ്റര്‍ സ്ഥലം എടുത്താല്‍ 70 മുതല്‍ 700 വരെ ഔഷധസസ്യങ്ങള്‍ കിട്ടുന്ന ഇടം,
പാലക്കാട് ജില്ലയില്‍ കൊടും ചൂട് അനുഭവപ്പെടുമ്പോളും നല്ല തണുപ്പനുവപ്പെടുന്ന ഉള്‍ക്കാടുകളുള്ളയിടം,
ഒരേക്കര്‍ സ്ഥലത്ത് ഒന്നരലക്ഷം ലിറ്റര്‍ ജലം സ്റ്റോര്‍ ചെയ്യാനുള്ള കഴിവുള്ള മഴക്കാട്.....,എന്നിങ്ങനെ സൈലന്റ് വാലിയെപ്പറ്റി പറയാന്‍ പോയാല്‍ ഒരിടത്തുമെത്തില്ല.

സോമന്റെ വാക്കുകള്‍ അതേപടി പകര്‍ത്തിയാല്‍,

“ആയിരത്തൊന്ന് രാവുകള്‍ പോലെ പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയും പ്രത്യേകതകളുള്ളൊരു കാടാണ് സൈലന്റ് വാലി.”

പുഴക്കരയില്‍ നിന്ന് കാടിനെപ്പറ്റി നല്ലൊരു വിശദീകരണം തന്നതിനുശേഷം പുഴമുറിച്ച് കടക്കാമെന്നായി സോമന്‍. മുട്ടൊപ്പം വെള്ളമേ പുഴ മുറിച്ചുകടക്കുന്ന ഭാഗത്തുള്ളൂ. അടിത്തട്ടില്‍ കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ വ്യക്തമായി കാണാന്‍ പാകത്തിന് തെളിമയുണ്ട് വെള്ളത്തിന്. ആഷിഷിനെ കൈയ്യിലെടുത്ത് സോമന്‍ വെള്ളത്തിലേക്കിറങ്ങി,പിന്നാലെ അഭിഷേകും, നികിതയും, വേണുവും. ഷൂ ഊരി, ലേസുകള്‍ തമ്മില്‍ പിണച്ച് തോളിലൂടെ ഇട്ട് ഞാനും നദിയിലേക്കിറങ്ങി.
പെട്ടെന്ന് അക്കരെക്കാടിനുള്ളില്‍ ഒരു ജനകൂ‍ട്ടം പ്രത്യക്ഷപ്പെട്ടു. പുഴക്കരയില്‍ എത്തിയപാടെ അവരും പുഴമുറിച്ച് കടക്കാനാരംഭിച്ചു. അക്കൂട്ടത്തിലുണ്ടായിരുന്ന ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ പ്രൊഫസറായിരുന്ന ശ്രീ.ശോഭീന്ദ്രന്‍ മാഷായിരുന്നു. കൈയ്യിലുള്ള സോണിയുടെ ഡിജിറ്റല്‍ ക്യാമറ കൊണ്ട്‍, പുഴ മുറിച്ച് കടക്കുന്നവരുടെ പടമെടുത്തതിനുശേഷം തന്റെ ഫിഡല്‍ കാസ്ട്രോ വേഷം മുട്ടോളം നനച്ചുകൊണ്ടുതന്നെ ആ അദ്ധ്യാപകനും പുഴയിലേക്കിറങ്ങി. ‘ഒരു മരം പദ്ധതി‘യുടെ പ്രവര്‍ത്തകരായ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന സംഘമായിരുന്നത്.

പലയിടത്തും വായിച്ചറിവ് മാത്രമുള്ള ശോഭീന്ദ്രന്‍ മാഷിനെപ്പോലുള്ള ഒരു പ്രകൃതിസ്നേഹിയെ കണ്ടുമുട്ടാന്‍ സൈലന്റ് വാലി ബഫ്ഫര്‍ സോണിലെ ഭവാനിപ്പുഴയുടെ മദ്ധ്യഭാഗത്തേക്കാള്‍ നല്ലൊരിടം ഇനിയുണ്ടാകാനില്ല. മാഷിന്റെ ചൈതന്യമുള്ള മുഖം കണ്ടപ്പോള്‍, അത് പുഴയുടെ നടുവില്‍ വെച്ചായാലും ക്യാമറയില്‍പ്പകര്‍ത്തണമെന്ന് വേണുവിന് തോന്നിയതില്‍ അത്ഭുതം കൂറേണ്ടിവന്നില്ല. ചിരിച്ചുകൊണ്ട് വേണുവിന്റെ ക്യാമറയ്ക്ക് പോസുചെയ്യുന്ന മാഷിന്റെ ചിത്രമൊരെണ്ണം ഞാനും ക്യാമറയില്‍ ഒപ്പിയെടുത്തു.

വെള്ളത്തിനടിയിലെ ഉരുളന്‍ കല്ലുകള്‍ക്കൊക്കെ നല്ല വഴുക്കലുണ്ട്. തെന്നി വെള്ളത്തില്‍ വീണാല്‍ കൈയ്യിലുള്ള ക്യാമറ പിന്നൊന്നിനും പ്രയോജനപ്പെടില്ല. ഓരോ കാലടിയും ശ്രദ്ധിച്ചെടുത്തുവെച്ച് പുഴമുറിച്ചുകടന്നു.

പുഴക്കകരെ എത്തിയപ്പോള്‍ രണ്ട് റൂട്ടുകള്‍ സോമന്‍ നിര്‍ദ്ദേശിച്ചു. 2 കിലോമീ‍റ്ററോളമാണ് കാട്ടിലൂടെയുള്ള ട്രക്കിങ്ങ്. അത് പുഴക്കരുകിലൂടെ ആകണമെങ്കില്‍ അങ്ങനെയാകാം. അല്ലെങ്കില്‍ പകുതിവഴി കാട്ടിനുള്ളിലൂടെ നടന്ന് മടക്കയാത്ര മുഴുവന്‍ പുഴക്കരുകിലൂടെയാക്കാം. രണ്ടാമത്തെ മാര്‍ഗ്ഗമായിരിക്കും കൂടുതല്‍ നല്ലത്. മടക്കയാത്ര ഇരുട്ടുന്നതോടെയായിരിക്കും. ആ സമയത്ത് ആനകള്‍ വെള്ളം കുടിക്കാനായി പുഴയരുകിലേക്കിറങ്ങാന്‍ സാദ്ധ്യതയുണ്ട്.അപ്പോ‍ള്‍ പുഴക്കരയിലൂടെ വന്നാല്‍ അവറ്റകളെ ദൂരെ നിന്നുതന്നെ കണ്ട് ഓടി രക്ഷപ്പെടാനാകും.

സോമന്‍ പറയുന്നതുതന്നെ ഞങ്ങള്‍ക്ക് വേദവാക്യം. കാട്ടിനുള്ളിലൂടെ നടന്ന് പുഴക്കരയിലൂടെ മടക്കയാത്രയാകാമെന്ന് തീരുമാനമായി. 3 വയസ്സുകാരന്‍ എറ്റവും മുന്നില്‍ അതിന് പുറകേ സോമന്‍, പിന്നെ 6 വയസ്സുകാരന്‍, വേണു, നികിത, ഏറ്റവും പുറകില്‍ ഞാന്‍. പന്തിക്ക് മുന്നേ പടയ്ക്ക് പിന്നേ എന്നാണല്ലോ?

ഡോ. സാലിം അലിയും, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന ശ്രീ എം.എസ്സ്.സ്വാമിനാഥനുമൊക്കെ വര്‍ഷങ്ങളോളം ചിലവഴിച്ച് പഠനം നടത്തിയ കാടിനുള്ളിലേക്കാണ് കടക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ത്തന്നെ അഭിമാനം തോന്നി. കാടിനുള്ളില്‍, കാണാന്‍ തുടങ്ങിയ ഓരോരോ കാട്ടുചെടികളുടേയും, മരങ്ങളുടേയും പേരും, നാളും, മാഹാത്മ്യവുമെല്ലാം സോ‍മന്‍ വിശദീകരിച്ചുകൊണ്ടേയിരുന്നു. ഒരു ഫോറസ്റ്റ് ഗാര്‍ഡ് എന്നതിനുപരി നല്ലൊരു പ്രകൃതിസ്നേഹിയും കാടിന്റെ മര്‍മ്മം അറിഞ്ഞവനുമാണ് സോമനെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അടിവരയിട്ടു.

കാട്ടിനുള്ളിലേക്ക് കൂടുതല്‍ കടന്നതോടെ ആനകള്‍ വിഹരിക്കുന്ന വഴികളാണ് അതെന്ന് തെളിയിക്കുന്ന മട്ടില്‍ ഓരോ 100 മീറ്ററിലും ഉണങ്ങിയതും ഉണങ്ങാത്തതുമായ ആനപ്പിണ്ഡങ്ങള്‍ കാണാന്‍ തുടങ്ങി. ആനപ്പിണ്ഡം നോക്കി അതിട്ടുപോയ ആനയുടെ പ്രായം വരെ സോമന്‍ പറയുന്നുണ്ടായിരുന്നു.പ്രായത്തില്‍ ഇളയതായാലും മൂത്തതായാലും ആനയിറങ്ങുന്ന കാടുതന്നെയാണതെന്ന് ഉറപ്പായി. കൂടുതല്‍ തെളിവെന്ന വണ്ണം ചടച്ചി എന്നുപേരുള്ള ഒരു മരത്തിന്റെ മധുരമുള്ള തൊലി കാട്ടാന കൊമ്പുവെച്ച് കുത്തിപ്പറിച്ചെടുത്ത് തിന്നിരിക്കുന്നതും കാണാനായി. ഇനി ആനയെ മാത്രമേ നേരിട്ട് കാണാ‍നുള്ളൂ. ആനച്ചൂരടിച്ചാല്‍ സോമന് മനസ്സിലാക്കാ‍ന്‍ പറ്റുമെന്ന് പറയുന്നതുകൊണ്ട് ഓടിരക്ഷപ്പെടാനുള്ള സാവകാശം കിട്ടുമെന്ന ധൈര്യത്തിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള നീക്കം. കരിയിലകള്‍ ചവിട്ടി നടക്കുമ്പോള്‍ അതിനടിയില്‍ പാമ്പുണ്ടാകുമോ എന്നുള്ള സ്ഥിരം ചിന്തയൊന്നും ഈ കാട്ടിനുള്ളില്‍ എന്നെ അലട്ടിയിരുന്നില്ല. ഇവിടെ പ്രധാന ശത്രു ആ‍നമാത്രമാണ്.

കാട്ടിനുള്ളിലെ ഓരോ ചലനങ്ങളും സോമന്‍ മനസ്സിലാക്കുന്നുണ്ടെന്ന് എനിക്കുറപ്പായത് മരത്തിനുമുകളിലിരിക്കുന്ന ഒരു മലയണ്ണാറക്കണ്ണനെ ഇലകള്‍ക്കിടയിലൂടെ അദ്ദേഹം കാണിച്ചുതന്നപ്പോഴാണ്. ‘മലയണ്ണാക്കണ്ണന്‍ മാര്‍ഗ്ഗഴിത്തുമ്പിയെ മണവാട്ടിയാക്കും നേരമായി‘ എന്നൊക്കെ പാട്ടുകേട്ടിട്ടുണ്ടെന്നല്ലാതെ മലയണ്ണാറക്കണ്ണനെ ഞാനാദ്യമായിട്ടായിരുന്നു കാണുന്നത്. പാട്ടെഴുതിയ കവി മലയണ്ണാക്കണ്ണനെ നേരില്‍ കണ്ടുകാണുമായിരിക്കും.

രണ്ടടിയോളം നീളം വരുന്ന വാല് മരക്കൊമ്പിലൂടെ താഴേക്ക് നീട്ടിയിട്ടുകൊണ്ട് വിശ്രമിക്കുകയായിരുന്ന മലയണ്ണാന് ഒരു മുയലിന്റെ വലിപ്പമുണ്ടായിരുന്നു. ക്യാമറയില്‍ വലിയൊരു സൂം ലെന്‍സ് മാറ്റിപ്പിടിപ്പിച്ചുകൊണ്ട് ശബ്ദമുണ്ടാക്കാതെ മരത്തിനടിയില്‍ ചെന്നുനിന്ന് അണ്ണാക്കണ്ണനെ തന്റെ ക്യാമറയിലേക്ക് വേണു ആവാഹിച്ചെടുത്തു. വേണുവിന്റെ ലെന്‍സുകള്‍ , ഫില്‍ട്ടറുകള്‍ തുടങ്ങിയ ക്യാമറാ ആക്‍സ്സസറികള്‍ കൊണ്ടുനടക്കുകയും, സമയാസമയം അത് എടുത്തുകൊടുക്കുകയും ചെയ്യുക എന്ന ഒരു ക്യാമറാ അസിസ്റ്റന്റിന്റെ ജോലി വളരെ ഭംഗിയായിട്ട് നികിത നിര്‍വ്വഹിക്കുന്നുണ്ട്.

അടുത്തടുത്തുള്ള മരങ്ങളിലായി മലയണ്ണാന്റെ ഒന്നിലധികം കൂടുകള്‍ കാണാം. പ്രധാന ശത്രുവായ പരുന്തില്‍ നിന്ന് രക്ഷപ്പെടാനായി അണ്ണാറക്കണ്ണന്‍ പുറത്തിറക്കുന്ന ഒരു തന്ത്രമാണത്രേ ഒന്നിലധികം കൂടുകള്‍! സന്ധ്യയാകുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടിലേക്ക് കടക്കുന്ന അണ്ണാന്‍, ശത്രുവിനെ കബളിപ്പിക്കാനായി കുറച്ചുനേരത്തിനുശേഷം ഒച്ചയനക്കമുണ്ടാക്കാതെ മറ്റൊരു കൂട്ടിലേക്ക് കടക്കും. അണ്ണാറക്കണ്ണന്റെ നീക്കങ്ങള്‍ പകല്‍ വെളിച്ചത്തില്‍ നോക്കിയിരിക്കുന്ന ശത്രുക്കള്‍ ഇളിഭ്യരാകാന്‍ മറ്റെന്തു വേണം ?!

കാടിനുള്ളിലൂടെ നടക്കുന്നതിനിടയില്‍, വളരെ വിരളമായാണെങ്കിലും കാണാനിടയാകുന്ന പ്ലാസ്റ്റിക്കിന്റെ കടലാസുകളോ കുപ്പികളൊ ഒക്കെ പെറുക്കി കയ്യിലുള്ള ഒരു സഞ്ചിയിലില്‍ സോമന്‍ ശേഖരിക്കുന്നുണ്ടായിരുന്നു. ഫോറസ്റ്റ് ഗാര്‍ഡായി ജോലി ചെയ്യുന്നതിനോടൊപ്പം പ്രകൃതിയോട് കാണിക്കുന്ന സ്നേഹവും, ജോലിയോടുള്ള ആത്മാര്‍ത്ഥതയുമൊക്കെ എടുത്തുകാണിക്കുന്നതായിരുന്നു ആ പ്രവര്‍ത്തി.

താമസിയാതെ പ്ലാസ്റ്റിക്ക് പെറുക്കല്‍ കര്‍മ്മത്തില്‍ ഞങ്ങളും സോമനോടൊപ്പം കൂടി. കാട്ടുവഴികളില്‍ അവിടവിടെയായി മരക്കമ്പുകള്‍ വെച്ചുകെട്ടിയുണ്ടാക്കിയ നീ‍ളമുള്ള ചൂല് ഉപയോഗിച്ച് സ്വന്തം വീട്ടുവളപ്പെന്നപോലെ നടപ്പാതകള്‍ അടിച്ച് വൃത്തിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു സോമന്‍.

ഒരു കിലോമീറ്ററോളം യാത്ര കഴിഞ്ഞപ്പോള്‍ വീണ്ടും പുഴക്കരയിലേക്ക് ചെന്നുകയറി. അവിടന്ന് വലത്തേക്ക് കടന്ന് കാട്ടിലൂടെ യാത്ര തുടര്‍ന്നപ്പോള്‍ ഒരു കൊച്ചുമരത്തിനടിയില്‍ കിടക്കുന്ന കുറേ കല്ലുകളിലേക്ക് ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, ആ കാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഒരു ആദിവാസി ഊരിന്റെ കഥയിലേക്ക് സോമന്‍ കടന്നു.

1940ന് മുന്നേ പൊട്ടിക്കല്‍ എന്നപേരില്‍ ഒരു ആദിവാസി ഊര് ഈ ഭാഗത്തുണ്ടായിരുന്നു. അക്കാലത്തുണ്ടായ ഒരു ഉരുള്‍ പൊട്ടലില്‍, ഒരാള്‍ ഒഴികെ ഊരിലുണ്ടായിരുന്ന എല്ലാവരും മരണമടഞ്ഞു. കക്കി എന്നുപേരുള്ള രക്ഷപ്പെട്ട ആദിവാസി പുഴക്കക്കരെ എന്തോ ആവശ്യത്തിന് പോയ സമയത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അതുകൊണ്ട് അയാള്‍ മാത്രം രക്ഷപ്പെട്ടു. ബാക്കിയെല്ലാവരും ഈ മണ്ണിനടിയില്‍ ഉണ്ട്. 1951, 1952, 1953 കൊല്ലങ്ങളില്‍ അതിന് മുകളില്‍ സര്‍ക്കാര്‍ തേക്കുതൈകള്‍ നട്ടു.

അവര്‍ക്കവിടെ ഒരു അമ്പലമൊക്കെ ഉണ്ടായിരുന്നതായി അവശിഷ്ടമൊക്കെ കണ്ടാല്‍ മനസ്സിലാക്കാം. വാള്, പരിച മുതലായവയൊക്കെ കല്ലിലെ കൊത്തുപണികളില്‍ കാണുന്നതില്‍ നിന്ന് അവര്‍ യോദ്ധാക്കളായിരുന്നിരിക്കണം എന്ന് അനുമാക്കിക്കപ്പെടുന്നു. അട്ടപ്പാടിക്കാര്‍ സാമൂതിരിയുടെ സാമന്തന്മാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. സാമൂതിരി വന്നാല്‍ മണ്ണാര്‍ക്കാട് മുതല്‍ ആദിവാസി ഊരുകള്‍ വരെ കാടിന്റെ മക്കള്‍ ചുമന്നുകൊണ്ടുവരും. തൊവര, റാഗി, മറ്റ് ധാന്യങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, തേന്‍, പെണ്ണുങ്ങള്‍, എന്നിങ്ങനെയുള്ള കാഴ്ച്ചവസ്തുക്കളുമൊക്കെയായിട്ടായിരിക്കും സാമൂതിരിയുടെ മടക്കയാത്ര.

മണ്ണടിഞ്ഞുപോയ ആ ഊരിനുമുകളിലാണ്, ആ സംസ്ക്കാരത്തിനു മുകളിലാണ് ഞങ്ങളും തൊട്ടടുത്തുള്ള തേക്കിന്റെ മരങ്ങളുമൊക്കെ നിവര്‍ന്നുനില്‍ക്കുന്നത്.

സൈലന്റ് വാലിയില്‍ ആദിവാസികള്‍ താമസ്സമില്ലെങ്കിലും, പലപല ഊരുകളിലായി ഇരുളര്‍, മുഡുകര്‍, കുടുംബര്‍ എന്നീ 3 വിഭാഗം ആദിവാസികള്‍ ബഫ്ഫര്‍ സോണിനകത്ത് ഇപ്പോഴും വസിക്കുന്നുണ്ട്.

കാടിന്റെ മനം മയക്കുന്ന കഥകള്‍ കേട്ടും, കാട്ടാറിന്റെ പൊട്ടിച്ചിരിക്ക് കാതോര്‍ത്ത് അതിന്റെ കരയിലിരുന്നും, ദാഹം വന്നപ്പോള്‍ പനിനീരുപോലുള്ള പുഴവെള്ളം കുപ്പിയില്‍ നിറച്ച് യഥേഷ്ടം കുടിച്ചുമൊക്കെ, കാട്ടിലൂടെയുള്ള ആ നടത്തം മനസ്സിനും ശരീരത്തിനും ഉണര്‍വ്വും ഉന്മേഷവും പകര്‍ന്നു നല്‍കി.

പശ്ചിമഘട്ടത്തിലെ വനങ്ങളില്‍ മരങ്ങള്‍ വളരുന്ന രീതി, അതിന്റെ വേരോട്ടത്തിന്റെ പ്രത്യേകതകള്‍, പാലമരത്തിന്റെ കീഴെ രാത്രികാലങ്ങളില്‍ വന്നിരുന്നാല്‍ ഓക്സിജന്റെ കുറവുകാരണം തലകറക്കം തോന്നാവുന്നതുകൊണ്ട് പാലമരത്തില്‍ യക്ഷിയുണ്ടെന്നുള്ള അന്ധവിശ്വാസം, തേക്ക്, വീട്ടി, ചടച്ചി, പുന്ന, ഇരുമ്പകം എന്നീ മരങ്ങളുടെ പ്രത്യേകതകള്‍, രൂപപരിണാമമൊന്നും സംഭവിക്കാത്ത ഈന്ത് എന്ന പൊക്കം കുറഞ്ഞ ചെടി, പാണല്‍ച്ചെടിയുടെ ഇലയുടെ ഔഷധഗുണങ്ങള്‍, കാട്ടുതീ പടരുന്നതിനെപ്പറ്റിയുള്ള ആധികാരികമായ കണക്കുകള്‍, ഫോട്ടോ സിന്തസിസ്, ജൈവമണ്ഡലം, സൈലന്റ് വാലിയിലെ മരങ്ങള്‍ ഇലപൊഴിക്കുന്നതിന്റെ ആനുപാതക്കണക്കുകള്‍ എന്നുതുടങ്ങി കാടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയും സോമന്‍ വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു.

പോകുന്നവഴിയിലുള്ള മരത്തിലൊന്ന് തട്ടി, അതിനെയൊന്ന് കുലുക്കി, മെല്ലെ തലോടിയൊക്കെ നടക്കണമെന്നാണ് സോമന്‍ പറയുന്നത്. കാറ്റൊന്നുമില്ലെങ്കിലും പെട്ടെന്നാ മരം ഇലകളൊക്കെ ഒന്നിളക്കിയെന്ന് വരും. അതൊരു സ്നേഹമാണ് , അടുപ്പമാണ്, നമ്മളോടുള്ള അതിന്റെ സന്തോഷം പങ്കുവെക്കലാണ്.

ചുണ്ടക്കല്‍ വെള്ളക്കെട്ടിനടുത്തുനിന്ന് പുഴമുറിച്ച് കടന്ന് വീണ്ടും കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോള്‍ വാഹനങ്ങള്‍ പോകുന്ന റോഡിലെത്തി. അല്‍പ്പസ്വല്‍പ്പം ജനജീവിതം ഉള്ള ഭാഗമാണത്.

പിന്നിലേക്ക് നോക്കിയാല്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കരുവാരമലനിരകള്‍ കാണാം. ഉത്സവകാലത്ത് ആദിവാസിമൂപ്പന്‍ അതിനുമുകളിലുള്ള കോവിലില്‍ ദീപം തെളിയിക്കുക പതിവാണ്.

റോഡിലൂടെ കുറച്ചൂടെ മുന്നിലേക്ക് ചെന്ന് വീണ്ടും പുഴക്കരയിലൂടെ മടങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. റോഡിലൂടെ 4 കിലോമീറ്ററോളം പുറകോട്ട് പോയാല്‍ ചെന്നെത്തുന്നത് ഒരു ആദിവാസി നടത്തുന്ന ‘വള്ളിയമ്മ ക്യാന്‍സര്‍ ചികിത്സാകേന്ദ്ര‘ത്തിലാണ്. കാടിനുള്ളില്‍ ഇപ്പറഞ്ഞയാള്‍ താമസിക്കുന്നത് വലിയ ബംഗ്ലാവിലും, യാത്ര ചെയ്യുന്നത് ഷെവര്‍ലേ കാറിലുമാണ് പോലും! ക്യാന്‍സര്‍ ചികിത്സയുടെ ആധികാരികതയെപ്പറ്റിയും, ഫലപ്രാപ്തിയെപ്പറ്റിയുമൊക്കെ കാര്യമായ അറിവ് സോമനുമില്ല.

റോഡിലൂടെ കുറച്ച് മുന്നോട്ട് നടന്ന് വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് പുഴക്കരയിലെത്തി. ആ ഭാഗത്തും പുഴയ്ക്ക് ആഴം കുറവാണ്. പുഴമുറിച്ചുകടക്കാന്‍ തുടങ്ങിയപ്പോള്‍ അതുവഴിവന്ന ഒരു സ്ത്രീ ആ വഴി പോകേണ്ടെന്ന് വിലക്കി. അപ്പുറത്തെവിടെയോ‍ കുറച്ചുമുന്‍പ് ആനയുണ്ടായിരുന്നുപോലും. അതറിഞ്ഞിട്ട് തിരിച്ചുനടക്കുകയാണവര്‍. ആനയുണ്ടെങ്കിലെന്താ നമുക്കൊരുമിച്ച് പോകാമെന്ന് പറഞ്ഞ് മടങ്ങിപ്പോകുകയായിരുന്ന ആ സ്ത്രീയേയും അവരുടെ മകളേയും നിര്‍ബന്ധിച്ച് ഞങ്ങള്‍ക്കൊപ്പം കൂട്ടി സോമന്‍.

അല്‍പ്പം ഭയത്തോടെയാണ് പിന്നീട് മുന്നോട്ട് നീങ്ങീയത്. ആനയവിടെത്തന്നെയുണ്ടെങ്കില്‍ ഓടേണ്ടിവരുമല്ലോ എന്നുകരുതി ക്യാമറയൊക്കെ ബാഗിനകത്ത് സുരക്ഷിതമാക്കി. ഇതിനിടയില്‍ പലപ്പോഴും ആഷിഷ് സോമന്റെ തോളില്‍ക്കയറി യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഒരു 3 വയസ്സുകാരന് താങ്ങാവുന്നതിലും വലുതാണ് കാട്ടിലൂടെ 2 കിലോമീറ്ററോളം വരുന്ന ആ നടത്തമെന്നുള്ളതില്‍ സംശയമില്ല.

പുഴക്കരയിലെ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ നടന്ന് കുന്തി-ഭവാനി കോട്ടേജുകള്‍ക്ക് പിന്നില്‍ എല്ലാവരും തിരിച്ചെത്തി. ആന ഇതിനകം അതിന്റെ വഴിക്ക് പോയതുകാരണം പ്രശ്നമൊന്നുമില്ലാതെ ആ യാത്ര അവസാനിച്ചു. കോട്ടേജിന്റെ പിന്നിലുള്ള നദിക്കരയിലെ അല്‍പ്പം വലുപ്പമുള്ള ഉരുണ്ട പാറകള്‍ക്ക് മുകളിലായി വൈകുന്നേരത്തെ കുളി പാസാക്കാന്‍ വന്ന് വെള്ളത്തിലേക്ക് ചാടിയും മറിഞ്ഞുമൊക്കെ കളിക്കുന്ന തദ്ദേശീയരാ‍യ കുട്ടികള്‍. കൈലിയും തോര്‍ത്തുമൊക്കെ ചുറ്റി 2 വിദേശി ചെറുപ്പക്കാരും അക്കൂട്ടത്തിലുണ്ട്.

ആ രാത്രി വേണമെങ്കില്‍ കോട്ടേജുകളില്‍ ഒന്നില്‍ തങ്ങാമായിരുന്നു. ഉരഗങ്ങളെ പേടിയൊന്നുമില്ല്ലെങ്കില്‍ ഭവാനിപ്പുഴയില്‍ ഇറങ്ങിക്കിടന്ന് രാത്രിസമയത്ത് പുഴയില്‍ വെള്ളം കുടിക്കാന്‍ വരുന്ന സഹ്യപുത്രന്മാരെക്കാണാനൊക്കെ സാധിച്ചെന്നുവരും. പക്ഷെ ഞങ്ങള്‍ക്കന്നു രാത്രി താമസിക്കാന്‍ ഇടമൊരുക്കിയിരുന്നത് കീരിപ്പാറ വാച്ച് ടവറിലായിരുന്നു. അവിടാകുമ്പോള്‍ കൂടുതല്‍ കാട്ടുമൃഗങ്ങളെ കാണാന്‍ സാധിക്കും.

ആഷിഷിനേയും, അഭിഷേകിനേയും ഫോറസ്റ്റ് ഓഫീസിനു പുറകിലുള്ള തന്റെ ക്വാര്‍ട്ടേര്‍സില്‍ ഭാര്യയുടെ അടുത്ത് തിരിച്ചാക്കാന്‍ പോയപ്പോള്‍ ഞങ്ങളേയും നിര്‍ബദ്ധിച്ച് അങ്ങോട്ട് വിളിച്ചുകൊണ്ടുപോയി ചായയും പലഹാരവുമൊക്കെ തന്ന് സല്‍ക്കരിച്ചു സോമന്‍.

മുക്കാളി കവലയില്‍ നിന്ന് രാത്രി കഴിക്കാനുള്ള ഭക്ഷണവും,കീരിപ്പാറയിലേക്ക് പോകാനുള്ള ജീപ്പുമൊക്കെ സോമന്‍ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. വേണുവും, നികിതയും പലപല കാടുകളില്‍ അതിസാഹസികമായി രാത്രികാലങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളവരാണ്. ഫോറസ്റ്റ് ഗാര്‍ഡായ സോമന്റെ കാര്യം പറയാനുമില്ല.

പക്ഷെ, ഏതെങ്കിലും ഒരു കാട്ടിനുള്ളില്‍ ആദ്യമായിട്ടാണ് ഞാന്‍ അന്തിയുറങ്ങാന്‍ പോകുന്നത്. എനിക്കതോര്‍ത്തപ്പോള്‍ത്തന്നെ ആഹ്ലാദം നുരഞ്ഞുപൊങ്ങി.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മലയണ്ണാറക്കണ്ണന്റേതടക്കമുള്ള നല്ല ചിത്രങ്ങള്‍ക്ക് കടപ്പാട് വേണുവിനോട്.

Monday, 4 May 2009

ഐല്‍ ഓഫ് വൈറ്റ്

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .


വാരാന്ത്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോഴാണ് ഗില്‍ഫോര്‍ഡ് പട്ടണത്തിലുള്ള സുഹൃത്ത് സാ‍ജന്‍ ജേക്കബ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. പുതിയൊരു പട്ടണം കാണാ‍ന്‍ കിട്ടുന്ന അവസരമെന്തിന് പാഴാക്കണം? മുഴങ്ങോടിക്കാരി നല്ലപാതിക്കൊപ്പം അടുത്ത തീവണ്ടിയില്‍ക്കയറി ഗില്‍ഫോര്‍ഡിലേക്ക് വിട്ടു. സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ അഡ്‌മിനിസ്ട്രേറ്റീവ് തലസ്ഥാനം കൂടെയാണ് ഗില്‍ഫോര്‍ഡ് പട്ടണം.

സാജന്റെ വീട്ടിലെത്തി കുശലമൊക്കെ പറഞ്ഞിരുന്ന് ആ ദിവസം കടന്നുപോയി. അടുത്തദിവസം(ശനിയാഴ്ച്ച)‘ഐല്‍ ഓഫ് വൈറ്റ് ‘(Isle of Wight) എന്ന ദ്വീപിലേക്ക് പോകണമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിനുള്ള ഒരുക്കങ്ങള്‍ ഒന്നും നടത്തിയിട്ടില്ലായിരുന്നു. ഇംഗ്ലണ്ടിലെ ഒരു കൌണ്ടി കൂടെയാണ് ഐല്‍ ഓഫ് വൈറ്റ്. (രാജ്യത്തിനകത്തുതന്നെയുള്ള പ്രാദേശിക സര്‍ക്കാരിനുകീഴെയുള്ള പട്ടണങ്ങളും നഗരങ്ങളുമൊക്കെ ചേര്‍ന്ന സ്ഥലത്തെയാണ് കൌണ്ടി എന്ന് പറയുന്നത്.)

ശനിയാഴ്ച്ച രാവിലെ യാത്രയ്ക്കുള്ള ചില തയ്യാറെടുപ്പുകളൊക്കെ ഇന്റര്‍നെറ്റിലൂടെ നടത്തിയശേഷം സാജന്റെ കാറില്‍ പോര്‍ട്ട്സ്‌മൌത്ത് (Portsmouth)എന്ന തുറമുഖ പട്ടണത്തിലേക്ക് യാത്ര തിരിച്ചു.

ഒരു ഹാ‍ര്‍ബര്‍ പട്ടണമെന്നതിലുപരി ചാള്‍സ് ഡിക്കന്‍സ് എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരന്റെ ജന്മം കൊണ്ട് ധന്യമായ ഒരിടം കൂടെയാണ് പോര്‍ട്ട്‌സ്‌മൌത്ത്. ഗില്‍ഫോര്‍ഡില്‍ നിന്ന് 70 കിലോമീറ്ററോളം യാത്ര ചെയ്ത് പോര്‍ട്ട്‌മൌത്തില്‍ എത്തിയപ്പോള്‍ ഉച്ചയ്ക്ക് 12:30 കഴിഞ്ഞിരുന്നു. 13:00 മണിക്കുള്ള ഫെറി അഥവാ‍ ഒരു കൂറ്റന്‍ ജങ്കാറിലാണ് ഐലന്റിലേക്ക് പോകാനുള്ള ടിക്കറ്റ് ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്തിരിക്കുന്നത്.

കൃത്യസമയത്ത് തന്നെ ജെട്ടി കണ്ടുപിടിച്ച് വാഹനങ്ങളുടെ ക്യൂവില്‍ ഹാജരായി. സാജന്റെ കാറിന് ഒരു ചെറിയ പ്രശ്നമുണ്ട്. അതില്‍ വഴികാട്ടിയായി ഈ രാജ്യത്തെ എല്ലാ മനുഷ്യന്മാരും ഉപയോഗിക്കുന്ന നേവിഗേറ്റര്‍ സംവിധാനം ഇല്ല. അതുകൊണ്ടുതന്നെ സാജന് റോഡുകളെപ്പറ്റിയൊക്കെ നല്ലൊരു ധാരണയുണ്ട്. തെക്ക് വടക്കൊക്കെ നന്നായി തിരിയുകയും ചെയ്യും. വാഹനത്തില്‍ നേവിഗേറ്റര്‍ ഉള്ളവര്‍ക്ക് അവരുടെ വീടിന്റെ തൊട്ടടുത്ത സ്ഥലങ്ങള്‍ പോലും കൃത്യമായി നേവിഗേറ്ററിന്റെ സഹായമില്ലാതെ പോകാന്‍ പറ്റിയെന്ന് വരില്ല.

ഞങ്ങളുടെ വാഹനം ജങ്കാറിനകത്തേക്ക് കയറി അധികം താമസിയാതെ തന്നെ ജങ്കാര്‍ കരയുമായുള്ള ബന്ധം വേര്‍പെടുത്തി ഉള്‍ക്കടലിലേക്ക് നീങ്ങി. തീരത്തുള്ള‍ കണ്ട ഒരു ആധുനിക കെട്ടിടം, ദുബായിയില്‍ വെള്ളത്തിന് നടുക്ക് പണിതീര്‍ത്തിരിക്കുന്ന ‘ബുര്‍ജ് അല്‍ അറബ് ‘ എന്ന നക്ഷത്ര ഹോട്ടലാണ് എന്നെ ഓര്‍മ്മപ്പെടുത്തിയത്.

മെയിന്‍ ലാന്‍ഡ് ബ്രിട്ടണിനും, ഐല്‍ ഓഫ് വൈറ്റിനും(Isle of Wight) ഇടയിലുള്ള കടലിടുക്ക് സോളന്റ് (Solent) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ കടലിടുക്ക് ഒരു പ്രമുഖ കപ്പല്‍ച്ചാല്‍ എന്നതിലുപരി ജലവിനോദങ്ങള്‍ക്ക് കൂടെ പേരുകേട്ടതാണ്. വളരെ സങ്കീര്‍ണ്ണമായ വേലിയേറ്റവും വേലിയിറക്കവുമൊക്കെയുള്ള ഒരു കടലിടുക്കാണിത്. ഇംഗ്ലണ്ടിന്റെ കരയോട് വളരെ ചേര്‍ന്നാണ് കിടക്കുന്നതെങ്കിലും, ഇംഗ്ലീഷ് ചാനലിന് ഇടയില്‍ കിടക്കുന്നതുകൊണ്ട് ഈ ദ്വീപിനെ ചാനല്‍ ഐലന്‍ഡ് എന്നുവിളിക്കുന്നതിലും തെറ്റില്ലെന്ന് തോന്നുന്നു.

1826 മുതല്‍ കൌസ് വീക്ക് (Cowes Week) എന്നപേരില്‍ ലോകത്തിലെ ഏറ്റവും ദീര്‍ഘദൂര റെഗാട്ട (Regatta) നടക്കുന്നതും സോളന്റ് കടലിടുക്കിലാണ്. ഒരു ബോട്ട് റേസ് അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള ബോട്ട് റേസുകള്‍ എന്നാണ് റെഗാട്ട (Regatta)എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.


റേസിന് പങ്കെടുക്കുന്ന യാട്ടുകളും ബോട്ടുകളുമൊക്കെ ഈ കടലിടുക്കിലും ഐലന്റിന്റെ തീരത്തുമൊക്കെയായി ധാരാളമായി നങ്കൂരമിട്ട് കിടക്കുന്നുണ്ട്. വെള്ളത്തിലൂടെ കാറ്റ് പിടിച്ചും യന്ത്രമുപയോഗിച്ചും ഓടി നടക്കുന്ന ബോട്ടുകള്‍ വേറെയും.

ഇതിനൊക്കെപ്പുറമേ ഇംഗ്ലീഷ് ചാനലിന്റെ ഭാഗമായ ഈ ഉള്‍ക്കടലില്‍ നിരവധി മറ്റിനം ബോട്ടുകളും, വലിയ യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളുമൊക്കെ യാത്രയിലുടനീളം കണ്ടുകൊണ്ടേയിരുന്നു.

ജനിച്ച നാള്‍ മുതല്‍ കോളേജ് വിദ്യാഭ്യാസമൊക്കെ കഴിയ്യുന്നതുവരെ ഒന്നാന്തരമൊരു വെള്ളക്കുഴിയില്‍ ജീവിച്ചിരുന്നതുകൊണ്ടും, ഔദ്യോഗികമായി ഒരുപാട് ബോട്ട് യാത്രകള്‍ നടത്തുക പതിവുള്ളതുകൊണ്ടും ജലസവാരികള്‍ എന്നെ പലപ്പോഴും അത്രയധികം ഉന്മത്തനാക്കാറില്ല. പക്ഷെ ഇതിപ്പോള്‍ ഇംഗ്ലീഷ് ചാനലിന്റെ ഭാഗമായ ഒരു കടലിടുക്കാണല്ലോ മുറിച്ച് കടക്കുന്നത് എന്നുള്ള ചിന്ത ഒരു പ്രത്യേക അനുഭൂതിയാണ് തന്നത്.

ജലനൌകകള്‍ക്കിടയിലൂടെയുള്ള ആ യാത്ര അര മണിക്കൂറിലധികം നീണ്ടുനിന്നു. കാഴ്ച്ചകള്‍ കാണാനായി ബോട്ടിന്റെ തുറസ്സായ ഡെക്കിലിരിക്കണമെന്നുള്ളവര്‍ക്ക് അത്യാവശ്യം വെയില്‍കായുകയും ആവാം. ആ ആഗ്രഹത്തോടെ നല്ലൊരു കൂട്ടം ജനം തുറസ്സായ ഡക്കില്‍ ഇരിക്കുന്നുണ്ട്. കാഴ്‌ച്ചകള്‍ കാണാനും ശുദ്ധവായു ശ്വസിക്കാനുമൊക്കെ നല്ലത് അവിടമായതുകൊണ്ട് മറുകരയെത്തുന്നതുവരെ ഞങ്ങളും അവിടെത്തന്നെ ചിലവഴിച്ചു. അധികം വെയില്‍ കായണമെന്നില്ലാത്തവര്‍ക്കുവേണ്ടി രണ്ടാമത്തെ ഡക്കില്‍ വിശാലമായ ഇരിപ്പിടങ്ങളും, ഭക്ഷണം കഴിക്കാനുള്ള സൌകര്യവുമൊക്കെയുണ്ട്.

ഫെറി ദ്വീപിനോട് അടുത്തുതുടങ്ങിയപ്പോള്‍ ആ കരയിലും ഒരുപാട് നൌകകള്‍ നങ്കൂരമിട്ട് കിടക്കുന്നത് കാണാറായി. ഇവിടെയുള്ള കൌസ് സീപോര്‍ട്ടാണ് റെഗാട്ടയുടെ മത്സരങ്ങളുടെ അസ്ഥാനം എന്നതാണ് അവിടേയും നൌകകള്‍ കാണപ്പെടാനുള്ള‍ കാരണം.

ജങ്കാര്‍ കരയ്ക്കടുത്തു. നിരനിരയായി വാഹനങ്ങള്‍ കരയ്ക്കിറങ്ങി. ഞങ്ങളുടെ പ്രശ്നങ്ങള്‍ അവിടന്ന് തുടങ്ങുകയായി. പ്രശ്നങ്ങള്‍ എന്നുപറഞ്ഞാല്‍ യാത്ര മുന്‍‌കൂട്ടി നല്ലവണ്ണം പ്ലാന്‍ ചെയ്യാതിരുന്നതുകൊണ്ടും വാഹനത്തില്‍ നേവിഗേറ്റര്‍ ഇല്ലാതിരുന്നതുകൊണ്ടുമുള്ള കുഴപ്പങ്ങള്‍.

ഏറ്റവും വലിയ പ്രശ്നം വിശപ്പുതന്നെ. 2 മണികഴിഞ്ഞിട്ടും ഒന്നും അകത്തേക്ക് ചെന്നിട്ടില്ല. ദ്വീപില്‍ മിക്കവാറും റസ്റ്റോറന്റുകള്‍ എല്ലാം അടഞ്ഞാണ് കിടക്കുന്നത്. ചെറിയൊരു സൂപ്പര്‍മാര്‍ക്കറ്റ് തുറന്നിരിക്കുന്നത് രക്ഷയായി. അവിടന്ന് അത്യാവശ്യം സാന്‍‌വിച്ചും ജ്യൂസുമൊക്കെ വാങ്ങിക്കഴിച്ച് വിശപ്പടക്കി. അവിടെക്കണ്ട ഒരു സായിപ്പിനോട് വഴി ചോദിച്ച് മനസ്സിലാക്കാന്‍ സാജനൊരു ശ്രമം നടത്തി. നേവിഗേറ്ററില്‍‍ സെറ്റ് ചെയ്യേണ്ട ചില ലാന്‍ഡ് മാര്‍ക്കുകളൊക്കെ കക്ഷി സാജനോട് പറയാന്‍ തുടങ്ങിയപ്പോള്‍ നേവിഗേറ്റര്‍ ഇല്ലെന്ന കാര്യം സാജന്‍ മെല്ലെ അവതരിപ്പിച്ചു. എങ്കില്‍പ്പിന്നെ മാപ്പ് എടുക്ക്, വഴി പറഞ്ഞ് തരാമെന്ന മട്ടിലാണ് സായിപ്പിന്റെ നില്‍പ്പ്. അതും ഇല്ല സായിപ്പേ എന്ന് പറഞ്ഞപ്പോള്‍ ‘ഇവന്‍ ഇതെവിടുന്ന് ചാനല് നീന്തിവന്നിരിക്കുന്നു ?‘ എന്ന മട്ടിലൊരു നോട്ടം സായിപ്പിന്റെ വക.

പെട്ടെന്നുതന്നെ അതേ കടയില്‍ നിന്ന് ഒരു മാപ്പ് വാങ്ങി ആ പ്രശ്നം അവസാനിപ്പിച്ചു. അത്യാവശ്യം വഴികളൊക്കെ സായിപ്പ് പറഞ്ഞുമനസ്സിലാക്കിക്കൊടുത്തു. പക്ഷെ അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ അലക്ഷ്യമായി ദ്വീപിലുടനീളം വാഹനത്തില്‍ കറങ്ങിനടന്നു. അങ്ങനെ ചുറ്റിയടിക്കുന്നതിനും ഒരു പ്രത്യേക സുഖമുണ്ടെന്ന് പറയാതെ വയ്യ.

ദ്വീപിനെ ചുറ്റി കടലോരത്തോട് ചേര്‍ന്നുള്ള വഴികളിലൂടെയും, പച്ചപ്പരവതാനി വിരിച്ചപോലെ പുല്ലുപിടിച്ച് കിടക്കുന്ന മനോഹരമായ പ്രകൃതിക്കിടയിലൂടെയും വാഹനം മെല്ലെ മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നു.

വിക്‍ടോറിയന്‍ കാലഘട്ടം മുതല്‍ക്കുതന്നെ ഹോളീഡേ റിസോര്‍ട്ടുകള്‍ക്ക് പേരുകേട്ടയിടമാണ് ഐല്‍ ഓഫ് വൈറ്റ്. കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രകൃതിസൌന്ദര്യവും, കൌസ് ആസ്ഥാനമാക്കിയുള്ള ലോകപ്രശസ്തമായ ബോട്ട് റേസുമൊക്കെയാണ് ഈ ദ്വീപിന്റെ മറ്റ് ആകര്‍ഷണങ്ങള്‍.

ഇടയ്ക്കിടയ്ക്ക് ബീച്ചിനോട് ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങളുണ്ട്.വണ്ടിയില്‍ നിന്നിറങ്ങി ബീച്ചില്‍ നിന്നും കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന പാറമുകളില്‍പ്പോയി നിന്ന്‍ ഇളം കാറ്റേറ്റ് കടല്‍ക്കരയുടെ സൌന്ദര്യമാസ്വദിച്ചും, കരയിലേയും കടലിലേയും ആകാശത്തിലേയുമൊക്കെ മറ്റ് കാഴ്കകള്‍ കണ്ടും സമയം കടന്നുപോയ്‌ക്കൊണ്ടേയിരുന്നു.


അലക്ഷ്യമായി നീണ്ടുപോയ ആ യാത്രയ്ക്ക് പക്ഷേ, ഒരു ലക്ഷ്യമെങ്കിലും ഉണ്ടായിരുന്നെന്ന് പറയാതെ വയ്യ. ദ്വീപിലെ ഏറ്റവും പ്രധാന ആകര്‍ഷണമായ നീഡില്‍‌സ് കാണുകയായിരുന്നു ആ ലക്ഷ്യം. അധികം വൈകാതെ ഞങ്ങളാ ലക്ഷ്യത്തിലെത്തി. കാറ് പാര്‍ക്ക് ചെയ്ത് ഒരു കിലോമീറ്ററോളം ദൂരം മുന്നോട്ട് നടന്നാലേ നീഡില്‍‌സിന്റെ വ്യൂ പോയന്റില്‍ എത്താനാകൂ.

പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഒരു സൂചിയെപ്പോലെ കടലിലേക്ക് നീണ്ടുനില്‍ക്കുന്ന ചുണ്ണാമ്പുകല്ലിന്റെ 3 പാറകളാണ് നീഡില്‍‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്.

കാലാകാലങ്ങളിലായി കടലിലേക്ക് ഇടിഞ്ഞ് വീണ് ഈ അവസ്ഥയിലായിരിക്കുന്ന നീഡിലിന്റെ അറ്റത്തായി സ്ക്കോട്ട്‌ലാന്‍ഡുകാരനായ സിവില്‍ എഞ്ചിനീയര്‍ ജയിംസ് വാക്കര്‍ രൂപകല്‍പ്പന ചെയ്ത് 1859ല്‍ സ്ഥാപിച്ച ഒരു ലൈറ്റ് ഹൌസ് നിലകൊള്ളുന്നുണ്ട്.

കരയില്‍ നിന്ന് കാണുന്ന ഒന്നാമത്തേയും രണ്ടാമത്തേയും പാറയ്ക്കിടയില്‍ സൂചിപോലെ കുത്തനെ മുകളിലേക്ക് ഉയര്‍ന്നുനിന്നിരുന്ന വീതികുറഞ്ഞ മറ്റൊരു പാറകൂടെ ഉണ്ടായിരുന്നു. 1764 ല്‍ ഉണ്ടായ ഒരു കൊടുങ്കാറ്റില്‍ അത് കടപുഴകി കടലിലേക്ക് പതിക്കുകയാണുണ്ടായത്.

സമയം വൈകിച്ചെന്നതുകാരണം നീഡിലിനോട് ചേര്‍ന്നുള്ള തീരത്തുള്ള‍ നീഡില്‍സ് ഓള്‍ഡ് ബാറ്ററി, നീഡില്‍‌സ് ന്യൂ ബാറ്ററി, റോക്കറ്റ് പരീക്ഷണ കേന്ദ്രം, റോക്കറ്റ് പ്രദര്‍ശനകേന്ദ്രം തുടങ്ങിയ ഒരിടത്തും ഞങ്ങള്‍ക്ക് കയറാനായില്ല. മറ്റൊരുപാട് കാര്യങ്ങള്‍ കൂടെ ഐല്‍ ഓഫ് വൈറ്റില്‍ ഞങ്ങള്‍ക്ക് നഷ്ടമായെന്ന് പിന്നീട് ഒരു കണക്കെടുപ്പ് നടത്തിയപ്പോളാണ് മനസ്സിലാക്കാനായത്.പ്ലാന്‍ ചെയ്യാതെ യാത്ര നടത്തിയതിനുള്ള കടുത്ത ശിക്ഷയായിട്ടതിനെ കണക്കാക്കി അല്‍പ്പം നിരാശരായിട്ടുതന്നെയാണ് ഞങ്ങള്‍ തിരിച്ച് കാറിനടുത്തേക്ക് നടന്നത്.

യാത്രയുടെ കാര്യത്തില്‍ ഈ തലമുറയിലെ അഗ്രഗണ്യനായ ശ്രീ.സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ വാക്കുകള്‍ ഈയവസരത്തില്‍ ഓര്‍ക്കാതെ വയ്യ.

‘ചരിത്രബോധമാണ് യാത്രയുടെ കാതല്‍. ചരിത്രബോധമില്ലാത്ത യാത്രകള്‍ വ്യര്‍ത്ഥമാണ്.’

ചരിത്രബോധത്തിനൊപ്പം, മുന്‍‌കൂട്ടി പ്ലാന്‍ ചെയ്യാത്ത യാത്രകളും വ്യര്‍ത്ഥമാണെന്ന് പറയാതെ വയ്യ.
---------------------------------------------------------------------------
ഐലന്‍ഡിന്റെ മാപ്പിന് കടപ്പാട് ഗൂഗിളിനോട്.
‘ഐല്‍ ഓഫ് വൈറ്റ് ‘നെപ്പറ്റി കൂടുതലറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.