Monday, 30 June 2008

സൂര്യകാലടി മനയിലേക്ക്

സൂര്യകാലടി മനയിലേക്ക് എന്ന പേരില്‍ ഒരു യാത്രാവിവരണം 30 ജൂണ്‍ 2008 മുതല്‍, 6 ഡിസംബര്‍ 2010 വരെ ഇവിടെ ഉണ്ടായിരുന്നു. സൂര്യകാലടി മനയില്‍ ഇപ്പോള്‍ താമസിക്കുന്ന ശ്രീ. സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ പരാതി ഈ ലേഖനത്തില്‍ കമന്റ് രൂപത്തില്‍ വന്നതുകൊണ്ട് മനയെപ്പറ്റിയുള്ള ആ ലേഖനം ഇവിടെ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. കമന്റുകള്‍ എല്ലാം താഴെ കിടക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ കമന്റുകള്‍ വായിച്ചപ്പോള്‍ അത് അദ്ദേഹം തന്നെ ആണോ എന്ന് സംശയം തോന്നുകയുണ്ടായി. പല കാരണങ്ങളാണ് അതിനുള്ളത്.

1. ശ്രീ. സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ ആദ്യത്തെ കമന്റ് പ്രകാരം ഈ ലേഖനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോട്ടോ അനുവാദമില്ലാതെ ഞാന്‍ ഇട്ടിരിക്കുന്നു എന്ന് ആരോപണം ഉണ്ട്. അത് അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നില്ല എന്ന് തിരിച്ചറിയാന്‍ പോലും അദ്ദേഹത്തിന് സാധിക്കാതെ വന്നതുകൊണ്ട് കമന്റിട്ടത് അദ്ദേഹം തന്നെയാണോ എന്ന് സംശയം ജനിപ്പിക്കുകയുണ്ടായി. തുടര്‍ന്നുള്ള എന്റേയും അദ്ദേഹത്തിന്റേയും കമന്റുകള്‍ ആ ഫോട്ടോയെപ്പറ്റി വിശദമാക്കുന്നുണ്ട്. അത് തന്റെ ഭാര്യയല്ല എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുമുണ്ട്.

2. മൂന്നാമത് അദ്ദേഹം ഇട്ട കമന്റ് ഒരു അനോണിമസ് പ്രൊഫൈലില്‍ നിന്നാണ്. ആദ്യത്തെ രണ്ട് കമന്റുകളും മൂന്നാമത്തെ കമന്റുകളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.

ഇങ്ങനെയൊക്കെ സംഭവിച്ചപ്പോള്‍ കമന്റുകള്‍ ഇട്ടത് ഭട്ടതിരിപ്പാട് തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ എന്ന് സംശയം വര്‍ദ്ധിച്ചുവന്നു. ഈ ലേഖനത്തില്‍ ഞാന്‍ പരാമര്‍ശിച്ചിരുന്ന, അന്നത്തെ യാത്രയില്‍ എന്റെയൊപ്പം ഉണ്ടായിരുന്ന, കോട്ടയം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ സുഭാഷ് വഴി ഇക്കാര്യമൊക്കെ അന്വേഷിച്ചു. പോസ്റ്റില്‍ വീണിരിക്കുന്ന കമന്റുകളിലെ സാങ്കേതിക അപാകതകള്‍ എന്തൊക്കെ ആയാലും, അത് ഇട്ടിരിക്കുന്നത് ശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ അറിവോടെ ആണെന്ന് മനസ്സിലാക്കാനായി. അതൊന്ന് ഉറപ്പാക്കാനുള്ള കാലതാമസം മാത്രമേ ഈ പോസ്റ്റ് നീക്കം ചെയ്യാന്‍ എനിക്ക് വന്നിട്ടുള്ളൂ. ഇന്നലെ, അതായത് 5 ഡിസംബര്‍ 2010 ന് രാത്രിയാണ് ഇപ്പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കാനായത്. ഇന്ന് (6 ഡിസംബര്‍ 2010ന്) മനയെപ്പറ്റിയുള്ള ലേഖനം നീക്കം ചെയ്തിരിക്കുന്നു.

അല്ലാതെ ഭട്ടതിരിപ്പാട് അദ്ദേഹത്തിന്റെ മൂന്നാമത്തെ കമന്റില്‍ ആരോപിക്കുന്നത് പോലെ... സാമാന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, നിയമവ്യവസ്ഥിതി ഇതെന്തെങ്കിലുമൊക്കെ കേട്ടിട്ടില്ലാത്തതുകൊണ്ടല്ല ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ വൈകിയത്. അദ്ദേഹം എണ്ണിപ്പറഞ്ഞ ആ വക സംഭവങ്ങളൊക്കെ ചുരുങ്ങിയ അളവിലാണെങ്കിലും ഉള്ള ഒരു വ്യക്തി തന്നെയാണ് ഞാന്‍.

അദ്ദേഹത്തിന്റെ അനുജന്‍ ശ്രീ. സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ അനുവാദത്തോടെ അദ്ദേഹത്തിനൊപ്പം ആ മനയില്‍ ചെന്ന് നാലുകെട്ടിനകത്ത് കടന്ന് ഫോട്ടോകള്‍ എടുത്ത്, സ്വീകരണമുറിയില്‍ ഒരുമിച്ചിരുന്ന് സംസാരിച്ച്, ഗണപതിയുടെ പ്രസാദം സ്വീകരിച്ച് മടങ്ങിയ ഒരാളാണ് ഞാന്‍. ലേഖനത്തില്‍ അക്കാര്യമൊക്കെ വിശദമായി പ്രതിപാദിക്കുകയും ചെയ്തിരുന്നു. 3 വര്‍ഷത്തിലധികം സമയം, മനയെപ്പറ്റിയുള്ള ലേഖനം ഈ സ്പേസില്‍ കിടക്കുകയും ഒരുപാട് പേര്‍ വായിക്കുകയും ചെയ്തു.

ഞാന്‍ ചെന്ന സമയത്ത് ശ്രീ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് അവിടെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹവുമായും സംസാരിക്കുകയും അനുവാദം വാങ്ങുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു ലേഖനം തന്നെ ഈ സ്പേസില്‍ വരുകില്ലായിരുന്നു. അനുജന്‍ ശ്രീ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ അനുവാദം പോരാ മനയില്‍ കയറാനും ചിത്രങ്ങള്‍ എടുക്കാനും എന്ന് പറഞ്ഞ് ഇവിടുണ്ടായിരുന്ന യാത്രാവിവരണം നീക്കം ചെയ്യിച്ചപ്പോള്‍, എന്നെ മനയില്‍ നിന്ന് ഇറക്കിവിട്ടതുപോലെയാണ് എനിക്കനുഭവപ്പെടുന്നത്. എനിക്കതില്‍ അതിയായ വ്യസനമുണ്ട്. അത് പ്രകടിപ്പിക്കാതിരിക്കാന്‍ ആകുന്നില്ല എന്നതാണ് ഇങ്ങനെ ഒരു കുറിപ്പ് ഇവിടെ എഴുതിയിടാന്‍ കാരണം.

ലോകാ സമസ്താ സുഖിനോ ഭവന്തു.


-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)

Saturday, 28 June 2008

‘ഭ്രാന്തന്‍ മല‘യിലേക്ക് ഒരു യാത്ര

മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍-
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചേമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര-
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍-
ചാത്തനും പാക്കനാരും.

പറയിപെറ്റ പന്തിരുകുലത്തിലെ ഇപ്പറഞ്ഞ കഥാപാത്രങ്ങളില്‍‍ ഏറ്റവും കൂടുതല്‍ കേട്ടിരിക്കുന്നത് പെരുന്തച്ചനെപ്പറ്റിയും, നാറാണത്ത് ഭ്രാന്തനെപ്പറ്റിയുമാണ്. പെരുന്തച്ചന്‍ പണിതീര്‍ത്ത ചില ക്ഷേത്രങ്ങളും മറ്റും വടക്കന്‍ ജില്ലകളില്‍ ഉള്ളതായി കേട്ടറിവുണ്ട്. പക്ഷേ, നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുകയും പിന്നീടത് തള്ളി താഴേക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന മല, ശരിക്കും ഉണ്ടെന്നറിഞ്ഞത് ഈയടുത്ത കാലത്തുമാത്രമാണ്. സഹപ്രവര്‍ത്തകനായ ഫൈസലാണ് ഒരിക്കല്‍ ഈ മലയെപ്പറ്റി സൂചിപ്പിച്ചത്. അന്നുമുതല്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് കല്ലുരുട്ടിയല്ലെങ്കിലും അതിലേക്ക് ഒന്ന് നടന്ന് കയറണമെന്ന്.

നല്ല മഴയുള്ളൊരു ദിവസം ഒരു ബിസിനസ്സ് മീറ്റിങ്ങിന് വേണ്ടിയാണ് മലപ്പുറത്തെത്തിയത്. മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ സമയം ഒരുപാട് ബാക്കി കിടക്കുന്നു. എറണാകുളത്ത് നിന്ന് മലപ്പുറം വരെ യാത്ര ചെയ്തത് മുതലാക്കണമെങ്കില്‍ മറ്റെവിടെയെങ്കിലും കൂടെ പോയേ തീരൂ. സഹപ്രവര്‍ത്തകരായ നിഷാദിന്റേയും, ഫൈസലിന്റേയും ഒപ്പം നിഷാദിന്റെ കാറില്‍ ഭ്രാന്തന്‍ കുന്നിലേക്ക് യാത്ര തിരിച്ചപ്പോഴേക്കും മഴ വീണ്ടും വഴിമുടക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് പട്ടാമ്പിക്ക് പോകുന്ന വഴിയില്‍ കൈപ്പുറത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് നാട്ടുവഴിയിലൂടെ വീണ്ടും മൂന്ന് കിലോമീറ്ററോളം‍ ഉള്ളിലേക്ക് പോയാല്‍ പാലക്കാട് ജില്ലയിലെ ‘രായിരാം കുന്നെന്ന് ‘ അറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്‍ കുന്നിന്റെ കീഴെയെത്താം.

കൈപ്പുറത്തെത്തി വഴി ഉറപ്പാക്കാന്‍ വേണ്ടി തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡില്‍ ചോദിച്ചപ്പോള്‍ ഓട്ടോക്കാരന്റെ വക മുന്നറിയിപ്പ്.

“മഴക്കാലത്ത് കയറാന്‍ പറ്റിയ മലയല്ല കേട്ടോ ? നല്ല വഴുക്കലുണ്ടാകും.“

അയാളുടെ മുന്നറിയിപ്പ് വകവെക്കാ‍തെ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞുകാണും.

“ നാറണത്തു ഭ്രാന്തനേക്കാളും വലിയ ഭ്രാന്തന്മാരോ ? “

നാട്ടുവഴി അവസാനിക്കുന്നിടത്ത് ചുമര്‍ തേക്കാത്ത പഴയ ഒരു വീട് കണ്ടു. നാറാണത്ത് മംഗലം ആമയൂര്‍ മനയാണ് അത്. അവിടന്നങ്ങോട്ട് മലയിലേക്കുള്ള പടിക്കെട്ടുകള്‍ കാണാം. മഴ കുറച്ചൊന്ന് ശമിച്ചിട്ടുണ്ട്. അടുത്ത മഴ തുടങ്ങുന്നതിന് മുന്‍പ്, സമയം കളയാതെ പടിക്കെട്ടുകള്‍ കയറാന്‍ തുടങ്ങി. ഓട്ടോക്കാരന്‍ പറഞ്ഞത് ശരിയാണ്. പടിക്കെട്ടിലെല്ലാം നല്ല വഴുക്കലുണ്ട്.

കുറച്ച് മുകളിലേക്ക് കയറിയപ്പോള്‍ സിമന്റിട്ട പടിക്കെട്ടുകള്‍ കഴിഞ്ഞു. ഇനി കുത്തനെയുള്ള പൊട്ടിപ്പൊളിഞ്ഞ പടികളിലൂടെയുള്ള കയറ്റമാണ്. ഇടയ്ക്കൊന്ന് താഴേക്ക് നോക്കിയപ്പോള്‍ കയറി വന്ന ഉയരത്തെപ്പറ്റി ഏകദേശ ധാരണ കിട്ടി.
അരമണിക്കൂറെടുത്തു കയറിപ്പറ്റാന്‍‍. മഴക്കാലമായിരുന്നിട്ടും, മലമുകളിലെത്തിയപ്പോള്‍ ചെറുതായിട്ട് വിയര്‍ത്തു, കിതപ്പ് വേറേയും. കല്ലുരുട്ടി ഇത്രയും ഉയരത്തിലേക്ക് കയറിയ നാറാണത്ത് ഭ്രാന്തന്റെ കായികക്ഷമത അപാരം തന്നെ !! മുകളിലെത്തിയപ്പോള്‍, മഴ അവഗണിച്ച് ഈ യാത്രയ്ക്കിറങ്ങിയത് അര്‍ത്ഥവത്തായെന്ന് തോന്നി.

താഴേക്ക് നോക്കിയാല്‍ നാലുചുറ്റും പച്ചപിടിച്ച് കിടക്കുന്ന മനോഹരമായ കാഴ്ച്ച. വലത്ത് വശത്തേക്ക് നോക്കിയപ്പോള്‍ ദൂരെയായി കറുത്ത നിറത്തിലെന്തോ ഉയരമുള്ള ഒന്ന് കണ്ടു. അവിടേക്ക് നടന്നു. അതിനടുത്തെത്തിയപ്പോള്‍ ഞെട്ടിപ്പോയി. സാക്ഷാല്‍ നാറാണത്ത് ഭ്രാന്തനതാ‍ ഉരുട്ടിക്കയറ്റിയ കല്ല് തള്ളി താഴേക്കിടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായി നിന്നുപോയി. 20 അടിയോളം ഉയരമുള്ള നാറാണത്ത് ഭ്രാന്തന്റെ പ്രതിമ അവിടെയുള്ളതായിട്ട് ഞങ്ങള്‍ക്കാര്‍ക്കും അറിവില്ലായിരുന്നു. മലയെപ്പറ്റിയല്ലാതെ ഇങ്ങനെയൊരു ശില്‍പ്പത്തെപ്പറ്റി കേട്ടിട്ടില്ലായിരുന്നെന്ന് ഫൈസലും ആണയിട്ടു. ഇടത് കാലില്‍ മന്ത്, നീണ്ട് വളര്‍ന്ന താടിയും മുടിയും. എന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന നാറാണത്ത് ഭ്രാന്തന്റെ രൂപം അച്ചിലിട്ട് വാര്‍ത്തിരിക്കുന്നതുപോലെ.
ശില്‍പ്പിയെ ഉള്ളാലെ അഭിനന്ദിച്ചുകൊണ്ട് ശില്‍പ്പഭംഗി ആസ്വദിച്ച് കുറേനേരം അവിടെ നിന്നു. മുള്ളുവേലികൊണ്ട് നാറാണത്ത് ഭ്രാന്തനെ ആ കുന്നില്‍നിന്ന് വേര്‍പെടുത്തി നിര്‍ത്തിയത് മാത്രം തീരെ ദഹിച്ചില്ല. ദുര്‍ഗ്ഗാ ദേവിയുടെ ഒരു ക്ഷേത്രമുണ്ട് മലമുകളില്‍. നാറാണത്ത് ഭ്രാന്തനുമുന്നില്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് ഈ മലമുകളില്‍ വെച്ചാണെന്നാണ് വിശ്വാസം. ദേവീക്ഷേത്രത്തിന് മുന്നിലേക്ക് നടന്നു. തുലാം ഒന്നിനാണ് ദുര്‍ഗ്ഗാദേവി നാറാണത്ത് ഭ്രാന്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില്‍ ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കെ. തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. സന്താനസൌഭാഗ്യത്തിനും, മംഗല്യസൌഭാഗ്യത്തിനും, മാറാരോഗനിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കായിരിക്കുമത്രേ തുലാം ഒന്നിന്.

സന്താനസൌഭാഗ്യത്തിന് വേണ്ടി മലകയറുന്നവര്‍ ആണ്‍കുട്ടിക്ക് വേണ്ടി കിണ്ടിയും, പെണ്‍കുട്ടിക്ക് വേണ്ടി ഓടവും കമഴ്ത്തി പ്രാര്‍ത്ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില്‍ നെയ്യ് നിറച്ച് മലര്‍ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം. സാമ്പത്തികചുറ്റുപാടിനനുസരിച്ച് ഓട്ടുപാത്രത്തിന് പകരം വെള്ളിയുടേയോ സ്വര്‍ണ്ണത്തിന്റേയോ പാത്രങ്ങളും കമഴ്ത്തുന്നവര്‍ ഉണ്ടത്രേ !!

ആമയൂര്‍ മനയിലെ അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടിനെപ്പറ്റിയും രായിരാം കുന്നിനെപ്പറ്റിയുമൊക്കെ കുറേനാളുകള്‍ക്ക് ശേഷം ചില പത്രവാര്‍ത്തകളും, ലേഖനങ്ങളും വായിക്കാനിടയായി.

കുന്നിന്റെ മുകളിലെ ദുര്‍ഗ്ഗാക്ഷേത്രത്തിലെ പൂജയൊക്കെ നടത്തുന്നത് അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടാണ്. മലയുടെ മുകളില്‍ ആവശ്യത്തിന് വെള്ളം കിട്ടാനുള്ള സാഹചര്യമൊക്കെ ഉണ്ടെങ്കിലും, പൂജാസാമഗ്രികളും വെള്ളവുമൊക്കെയായി 45 കൊല്ലത്തിലധികമായി ഭട്ടതിരിപ്പാട് മലകയറുന്നു. അതും വളരെ കുറഞ്ഞ സമയം കൊണ്ട്. ‘നിത്യാഭ്യാസി ആനയെ എടുക്കും‘ എന്നാണല്ലോ !

നാറാണത്ത് ഭ്രാന്തന്നെ ഭയപ്പെടുത്തി ചുടലപ്പറമ്പില്‍ നിന്ന് ഓടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഒരു വരം നാറാണത്തിന് നല്‍കാന്‍ തയ്യാറായ ചുടല ഭദ്രകാളിയുടെ കഥ ചെറുപ്പത്തില്‍ കേട്ടത് മനസ്സിലിപ്പോഴും പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്. ഞാനെന്നാ മരിക്കുന്നതെന്ന നാറാണത്തിന്റെ ചോദ്യത്തിന് 36 സംവത്സരവും, 6 മാസവും, 12 ദിവസവും, 5 നാഴികയും 3 വിനാഴികയും കഴിയുമ്പോള്‍ മരിക്കുമെന്ന് കൃത്യമായി കണക്ക് കൂട്ടി ഭദ്രകാളി പറഞ്ഞുകൊടുത്തു. എനിക്കൊരു ദിവസം കഴിഞ്ഞ് മരിച്ചാല്‍ മതിയെന്നായി നാറാണത്ത്. അത് നടക്കില്ലെന്ന് ഭദ്രകാളി കൈമലര്‍ത്തിയപ്പോള്‍ എങ്കില്‍ എനിക്കൊരു ദിവസം മുന്നേ മരിച്ചാല്‍ മതിയെന്നായി അദ്ദേഹം. അതും പറ്റില്ലെന്ന് ഭദ്രകാളി പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യം പോലും ചെയ്യാന്‍ പറ്റില്ലെങ്കില്‍ തന്റെ ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലേക്ക് മാറ്റിക്കൊടുത്താല്‍ മതിയെന്ന് ഭദ്രകാളിയെ പരിഹസിച്ചു നാറാണത്ത്. അപ്പോഴും, കാലിലെ മന്ത് പൂര്‍ണ്ണമായും മാറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെടാതിരുന്ന നാറാണത്ത് ഭ്രാന്തന്റെ ഈ കഥ ചെറുപ്പകാലത്തുതന്നെ അത്ഭുതം ജനിപ്പിച്ചിട്ടുണ്ട്.
മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയിരുന്നത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിന് സദൃശ്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്ത നാറാണത്തിനെ ഭ്രാന്തനായിക്കാണാന്‍ എനിക്കാവില്ല.

ആ ദിവ്യത്വത്തിന് മുന്നില്‍ മനസ്സാ നമിച്ചുകൊണ്ട് മലയിറങ്ങുമ്പോള്‍, ഒരു നൂ‍റുവട്ടമെങ്കിലും കേട്ടിട്ടുള്ള മധുസൂദനന്‍ നായരുടെ വരികള്‍ ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.

പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍,
പന്ത്രണ്ട് രാശിയും നീറ്റുമമ്മേ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍,
എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ,
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ല.
............
.......
------------------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട് - ഉമ്മര്‍ കക്കാട്ടിരി, ജാസ് സ്റ്റുഡിയോ, ആലൂര്‍

Thursday, 26 June 2008

തിരുനെല്ലി

ഈ യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
------------------------------------------------------------------------------

മാനന്തവാടിയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട് ‘ദക്ഷിണ‍ കാശി‘ എന്നറിയപ്പെടുന്ന തിരുനെല്ലിയിലേക്ക്. വളരെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലിയിലെ പ്രധാന ആകര്‍ഷണം. അമ്പലവും പ്രാര്‍ത്ഥനയുമൊക്കെ മനസ്സിലാണ് കൊണ്ടുനടക്കുന്നതെങ്കിലും മാനന്തവാടിയില്‍ പോകുമ്പോഴെല്ലാം, സമയം അനുവദിക്കുമെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ഞാന്‍ പോകാറുണ്ട്. ക്ഷേത്രം നിലകൊള്ളുന്ന സ്ഥലത്തിന്റെ പ്രകൃതിസൌന്ദര്യമാണ് ആ യാത്രയ്ക്കുള്ള ഒരു പ്രധാനകാരണം. രാത്രിയായാല്‍ ആനയിറങ്ങുന്ന കാട്ടുവഴികളിലെ, കൂറ്റന്‍ മരങ്ങളുടേയും ഇല്ലിക്കൂട്ടങ്ങളുടേയും‍ തണലിലൂടെ വണ്ടിയോടിച്ച് പോകുന്നതിന്റെ സുഖമാണ് മറ്റൊരു കാരണം.

കാട്ടിക്കുളം കഴിഞ്ഞ് വീണ്ടും മുന്നോട്ട് പോകുമ്പോള്‍ തെറ്റ് റോഡ്. അവിടന്ന് ഇടത്തേക്ക് തിരിഞ്ഞ് വളഞ്ഞ് പുളഞ്ഞ് റോഡ് ചെല്ലുന്നത് തിരുനെല്ലിയിലേക്കാണ്. വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്തുതന്നെ വലിയൊരു കെട്ടിടം കാണാം. അതാണ് പഞ്ചതീര്‍ത്ഥം ഗസ്റ്റ് ഹൌസ്.

ഞാന്‍ ആദ്യം തിരുനെല്ലി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഈ ഗസ്റ്റ് ഹൌസ് അവിടെയില്ല. ദൂരെനാടുകളില്‍ നിന്ന് വരുന്നവര്‍ക്ക് തങ്ങാനുള്ള സൌകര്യാര്‍ത്ഥം ഇതുണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചത് 2002 ല്‍ മാത്രമാണ്. മാനന്തവാടിയില്‍ നിന്ന് ബസ്സിന് തിരുനെല്ലിയിലേക്ക് പോകുന്നവര്‍ക്ക് ഗസ്റ്റ് ഹൌസ് കാണുമ്പോള്‍ ബസ്സില്‍ നിന്നിറങ്ങാം. 30 കിലോമീറ്റര്‍ യാത്രയില്‍ അത്രയും വലിയ കോണ്‍ക്രീറ്റ് കെട്ടിടം മറ്റൊരിടത്തുമില്ലാത്തതുകൊണ്ട് വഴിയൊരിക്കലും തെറ്റില്ല. പഞ്ചതീര്‍ത്ഥത്തിന് മുന്‍പില്‍ നിന്ന് നോക്കിയാല്‍ മുകളില്‍ മലനിരകളും, ക്ഷേത്രത്തിന്റെ ഒരു ഭാഗവും കാണാം. കൂട്ടത്തില്‍ , വഴിതെറ്റിയോ അല്ലെങ്കില്‍ ക്ഷേത്രദര്‍ശനത്തോ മറ്റോ വന്നതുപോലെ ഒരു കൂട്ടം മേഘങ്ങള്‍ ‍. കരിങ്കല്ലില്‍ തീര്‍ത്ത പടികളിലൂടെ മുകളിലേക്ക് കയറണം അമ്പലമുറ്റത്തെത്താന്‍. ചെരുപ്പെല്ലാം ഊരിയിട്ട് പടിക്കെട്ടുകള്‍ കയറിയാല്‍ ക്ഷേത്രത്തിന്റെ പുറകുവശത്താണ് ചെന്നെത്തുന്നത്.
ക്ഷേത്രത്തിന് ചുറ്റും കൊത്തിവെടിപ്പാക്കിയ നീളന്‍ കരിങ്കല്‍‌പ്പാളികള്‍ വിരിച്ചിരിക്കുന്നു. അതിലൂടെ നടന്നാല്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തെത്താം. മലനിരകള്‍ക്ക് മനോഹാരിതകൂട്ടാനെന്നപോലെ നിലകൊള്ളുന്ന ക്ഷേത്രത്തിന്റെ ഭംഗി, പുരാതന ക്ഷേത്രനിര്‍മ്മാണത്തിന്റെ മനോഹാരിതയെല്ലാം ഒത്തുചേര്‍ന്നതാണ്. സൃഷ്ടാവായ ബ്രഹ്മാവാണ് ഈ ക്ഷേത്രത്തിലെ വിഷ്ണുപ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. ചതുര്‍ഭുജനായ വിഷ്ണുവിന്റെ പ്രതിഷ്ഠയാണിവിടെ.

തിരുനെല്ലിയെപ്പറ്റി വടക്കന്‍ ഐതിഹ്യമാലയില്‍ പറയുന്നത് ഇപ്രകാരമാണ്.

ഭൂമിയില്‍ വെച്ച് യഥാവിധി ഒരു യാഗം നടത്തണമെന്നുള്ളത് ബ്രഹ്മാവിന്റെ ഒരു ചിരകാലമോഹമാണ്. അതിനുപറ്റിയ പവിത്രവും പരമരമണീയവുമായ ഒരിടം അന്വേഷിച്ചിറങ്ങിയ അദ്ദേഹം അവസാനം ബ്രഹ്മഗിരിയിലെത്തി. അനന്യസാധാരണമായ വിശുദ്ധിയും അലൌകിക സൌന്ദര്യവും കതിരണിഞ്ഞുനില്‍ക്കുന്ന ബ്രഹ്മഗിരി തടത്തിലൊരിടത്ത് ബ്രഹ്മദേവന്‍ കുറച്ചുനേരം വിശ്രമിച്ചു. അല്‍പ്പം അകലത്തായി ഒരു കുന്നും അതിന്റെ തലപ്പത്തായി തഴച്ചു‌വളര്‍ന്ന് തളിര്‍ചൂടി നില്‍ക്കുന്ന ഒരു നെല്ലിമരവും അദ്ദേഹം കണ്ടു. ബ്രഹ്മാവ് അങ്ങോട്ട് ചെന്നെങ്കിലും അവിടെച്ചെന്നപ്പോള്‍ നെല്ലിമരം കണ്ടേടത്ത് ‍ ശംഖചക്രഗദാപത്മധാരിയായി മഹാവിഷ്ണു നില്‍ക്കുന്നത് കണ്ട് ബ്രഹ്മാ‍വ് അത്ഭുതപ്പെട്ടു. പക്ഷെ, പെട്ടെന്ന് മഹാവിഷ്ണു അപ്രത്യക്ഷനായി. വിഷ്ണുവിന്റെ ഞൊടിയിടയിലുള്ള തിരോധാനം ബ്രഹ്മനെ അസ്വസ്ഥനാക്കി. വിഷ്ണുവിനെക്കണ്ട ആ വിശുദ്ധഭൂമിയില്‍ സ്വകരം കൊണ്ട് ബ്രഹ്മാവ് വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചു. അസാധാരണമായ ഈ സംഭവം ത്രിലോകങ്ങളിലും അത്ഭുതമുണര്‍ത്തി. സ്വര്‍ഗ്ഗഗായകര്‍ ഗാനാലാപം നിര്‍വ്വഹിച്ചു. സുരസുന്ദരിമാര്‍ നര്‍ത്തനമാടി. ദേവലോകം പൂമഴ ചൊരിഞ്ഞു.

ബ്രഹ്മഗിരി, ഉദയഗിരി, നരിനിരങ്ങിമല, കരിമല എന്നീ നാല് മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തിരുനെല്ലിയില്‍ വിഷ്ണുവിന്റെ മറ്റ് മൂന്ന് അവതാരങ്ങളായ പരശുരാമനും, രാമനും, കൃഷ്ണനും സന്ദര്‍ശിച്ചെന്ന് വിശ്വസിപ്പിക്കപ്പെടുന്നു.

എന്തൊക്കെയായാലും, ഗുരുവായൂരടക്കം പല ക്ഷേത്രങ്ങള്‍ക്ക് മുന്നിലെത്തുമ്പോഴും കാണുന്ന ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് തിരുനെല്ലിയിലും കാണുമ്പോള്‍ മനസ്സ് വേദനിക്കാറുണ്ട്. ക്ഷേത്രപ്രവേശനവിളംബരം അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ ‍, മനുഷ്യരാശിക്ക് മുഴുവനുമായി ഒരു ക്ഷേത്രപ്രവേശനവിളംബരം ഇനിയും വരേണ്ടിയിരിക്കുന്നു.

ഒരു കുടകന്‍ രാജാവാണ് തിരുനെല്ലി ക്ഷേതം ഉണ്ടാക്കിയതെന്നും, ക്ഷേത്രത്തിന്റെ പണിതീരുന്നതിന് മുന്‍പ് കുടകിന്റെ ഭാഗമായിരുന്ന തിരുനെല്ലി വയനാടിന്റെ ഭാഗമായെന്നൊക്കെയുള്ള ചില നാട്ടറിവുകളുടെ സത്യാവസ്ഥ ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള അപൂര്‍ണ്ണമായതുപോലെ കാണപ്പെടുന്ന മനോഹരമായ കല്‍ത്തൂണുകള്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിച്ചതാണെന്നും, അല്ലെന്നുമുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. പഴശ്ശിരാജാവിന്റെ കാലത്ത് മൈസൂര്‍പ്പടയുമായി യുദ്ധമുണ്ടായിട്ടുണ്ടെന്ന് ചരിത്രത്തില്‍ പറയുന്നതുകൊണ്ട് അന്ന് നശിപ്പിക്കപ്പെട്ടതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. കാട്ടില്‍ നിന്നാണ് ക്ഷേത്രത്തിലെ പൂജയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളം വരുന്നത്. വെള്ളം ഒഴുകി വരുന്ന കല്‍പ്പാത്തികള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കരിങ്കല്‍‌ത്തൂണുകള്‍ രസാവഹമായ കാഴ്ച്ചയാണ്.

കുറേയധികം നാളുകള്‍ക്ക് മുന്‍പ് അന്നത്തെ കോലത്തുനാട്ടുടയവര്‍ പത്നീസമേതനായി തിരുനെല്ലി ക്ഷേത്രദര്‍ശനത്തിനെത്തി. തലേന്ന് പെയ്തമഴയില്‍ തിരുമുറ്റത്ത് ചളിവെള്ളം നിറഞ്ഞിരുന്നതിനാല്‍ കെട്ടിലമ്മയുടെ കാലില്‍ നന്നേ ചെളി പുരണ്ടിരുന്നു. കാല് കഴുകാന്‍ വെള്ളമാവശ്യപ്പെട്ടപ്പോള്‍ പരിചാരകര്‍ ചെറിയൊരു കിണ്ടിയില്‍ കുറച്ച് വെള്ളമാണ് കൊണ്ടുവന്നത്. ‘ക്ഷേത്രക്കിണറില്‍ വെള്ളമില്ലാതെ പോയോ‘ എന്ന് ചോദിച്ചപ്പോള്‍ ക്ഷേത്രത്തിങ്കല്‍ കിണറില്ലെന്നും അടുത്തുള്ള തീര്‍ത്ഥങ്ങള്‍ ജനങ്ങള്‍ സ്നാനത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് അവ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ലെന്നും ഒരു നാഴികയിലേറെ ദൂരത്തുള്ള ബ്രഹ്മഗിരിയിലെ ഉറവില്‍ നിന്ന് കോരിയെടുത്ത് കൊണ്ടുവന്നിട്ടാണ് അഭിഷേകത്തിനും മറ്റും ഉപയോഗിക്കുന്നത് എന്ന് ക്ഷേത്രപരിചാരകര്‍ അറിയിച്ചു.

വിഷ്ണുഭക്തയായ കെട്ടിലമ്മ ക്ഷേത്രാവശ്യത്തിലേക്ക് വേണ്ടുവോളം വെള്ളം തടസ്സമില്ലാതെ ലഭിക്കുന്നതിന് വേണ്ടി വാസ്തുവിദ്യാവിദഗ്ധനും തന്നെ സഹോദരനുമായ വായിക്കര വലിയ നമ്പ്യാതിരിയുടെ മേല്‍‌നോട്ടത്തില്‍ സമര്‍ത്ഥരായ കരിങ്കല്‍പ്പണിക്കാരെക്കൊണ്ട് പണികഴിപ്പിച്ചതാണ് മുകളില്‍ കാണുന്ന സംവിധാനം.

ക്ഷേത്രത്തിന്റെ വടക്ക്പടിഞ്ഞാറുഭാഗത്തെ പടികളിറങ്ങി താഴേക്ക് നടന്നാല്‍ പഞ്ചതീര്‍ത്ഥക്കുളം കാണാം. ഭഗവാന്‍ ശ്രീരാമന്റെ കാല്‍പ്പാടുകള്‍ ഇവിടെ പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിച്ച് പോരുന്നു. അതിന്റെ പ്രതീകമായി കൊത്തിവച്ചതായിരിക്കണം താഴെക്കാണുന്ന കാല്‍പ്പാടുകള്‍. ലങ്കയില്‍ നിന്ന് യുദ്ധം ജയിച്ച് മടങ്ങുകയായിരുന്ന രാമന്‍ കൂര്‍ഗ്ഗിലേക്കുള്ള യാത്രാമദ്ധ്യേ ബ്രഹ്മഗിരി മലകടക്കുന്നതിന് മുന്‍പായി തിരുനെല്ലിയില്‍ ദശരധന് വേണ്ടി പിതൃകര്‍മ്മങ്ങള്‍ ചെയ്തെന്നും അന്നുമുതലാണ് തിരുനെല്ലിയില്‍ ഭക്തജനങ്ങള്‍ പൂര്‍വ്വികര്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തുപോരുന്നതെന്നുമാണ് വിശ്വാസം.
പഞ്ചതീര്‍ത്ഥക്കുളത്തില്‍ നിന്ന് മുന്നോട്ട് കാണുന്ന വഴിയിലൂടെ വീണ്ടും കുറേ നടന്നാല്‍ പാപനാശിനിയിലെത്താം. പൂര്‍വ്വികര്‍ക്ക് ബലിയിടാനും, ചിതാഭസ്മം ഒഴുക്കാനുമെല്ലാം വിശ്വാസികള്‍ കാതങ്ങള്‍ താണ്ടി തിരുനെല്ലിയിലെ പാപനാശിനിയില്‍‍ വരുന്നത്, കാട്ടില്‍ നിന്ന് ഒഴുകിവരുന്ന ഈ ചോലയില്‍ മുങ്ങിക്കുളിച്ചാല്‍ സകലപാപങ്ങളും തീര്‍ന്നുകിട്ടുമെന്നുള്ള വിശ്വാസവുമായാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകുമെങ്കിലും വേനല്‍ക്കാലത്ത് പാപനാശിനിയില്‍ മുങ്ങിക്കുളിക്കാന്‍ മാത്രമൊന്നും വെള്ളം ഒഴുകിവരുന്നത് ഞാനിതുവരെ കണ്ടിട്ടില്ല.

തന്റെ മാതാവിന്റെ പാപമോചനത്തിനായി അമൃതകുംഭവുമായി പറക്കുകയായിരുന്ന ഗരുഡന്‍ തിരുനെല്ലി വഴി പോയെന്നും, തന്റെ യജമാനനായ വിഷ്ണുവിന്റെ വിഗ്രഹ പ്രതിഷ്ഠയുടെ സമയത്ത് തിരുനെല്ലിയില്‍ മൂന്ന് പ്രാവശ്യം വട്ടമിട്ട് പറന്ന സമയത്ത് അമൃതകുംഭത്തില്‍ ഒരു തുള്ളി അമൃത് പാപനാശിനിയില്‍ ഇറ്റിയെന്നും അങ്ങിനെയാണ് പാപനാശിനിക്ക് എല്ലാ പാപങ്ങളേയും ശുദ്ധീകരിക്കാനുള്ള ദിവ്യശക്തി കിട്ടിയതെന്നുമാണ് ഐതിഹ്യം.

പിതാവായ ജമദഗ്നിക്ക് വേണ്ടി സ്വന്തം അമ്മ രേണുകയെ വധിക്കേണ്ടി വന്ന പരശുരാമന്‍, അമ്മയെ കൊന്ന പാപത്തിന്റെ രക്തക്കറപുരണ്ട കൈകള്‍ ഏതൊക്കെ പുണ്യജലത്തില്‍ കഴുകിയിട്ടും മുക്തി കിട്ടാതെ അവസാനം തിരുനെല്ലിയില്‍ എത്തിച്ചെര്‍ന്നെന്നും പാപനാശിനിയില്‍ അദ്ദേഹത്തിന്റെ കൈകളിലെ രക്തക്കറ നിശ്ശേഷം മാറിയെന്നുമാണ് വിശ്വാസം. അന്നുമുതല്‍ക്കാണ്. പാപനാശിനിക്ക് ആ പേര് വീണതും പാപനാശിനിയുടെ ശക്തി അറിയപ്പെടുകയും ചെയ്തതെന്ന് വിശ്വസിച്ച് പോരുന്നു.

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയില്‍ ഒഴുക്കിയിട്ടുണ്ട്. ആ സംഭവത്തോടെയാണ് വടക്കേ ഇന്ത്യയിലും തിരുനെല്ലി പ്രശസ്തമായത്. അതുകൊണ്ടുതന്നെ ഇന്ന് തിരുനെല്ലിയില്‍ വരുന്ന വടക്കേ ഇന്ത്യാക്കാരായ തീര്‍ത്ഥാടകരുടെ എണ്ണം വളരെ കൂടുതലാണ്.

അധികം തിക്കും തിരക്കുമൊന്നുമില്ലാത്ത ദിവസങ്ങളില്‍ തിരുനെല്ലിയിലെത്തി കാഴ്ച്ചകള്‍ കണ്ട്, ക്ഷേത്രത്തിലൊന്ന് തൊഴുത്, പാപനാശിനിയില്‍ കൈകാലുകളും മുഖവുമൊക്കെ കഴുകി മടങ്ങാനാണ് എനിക്കിഷ്ടം.

പാപങ്ങളെല്ലാം തീര്‍ന്നെങ്കില്‍ വയനാട്ടിലെ മറ്റ് മനോഹരമായ ഇടങ്ങളിലേക്ക് യാത്ര തുടരാം. ’പക്ഷിപാതാളം‘ ഇവിടന്ന് അധികം ദൂരെയല്ല. വാഹനത്തിലൊന്നും പോകാന്‍ പറ്റില്ല. കാട്ടിലൂടെ നടന്ന് തന്നെ പോകണം. സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ട്രക്കിങ്ങ് ‘. പക്ഷിനിരീക്ഷകര്‍ക്ക് പറ്റിയ സ്ഥലമാണ് പക്ഷിപാതാളം. പക്ഷെ, മഴക്കാലത്ത് അവിടേയ്ക്കുള്ള യാത്ര ദുഷ്ക്കരമാണ്. അട്ടകളുടെ ശല്യമാണ് പ്രധാന തടസ്സം. മഴമാറിയിട്ട് ഞാനേതായാലും ആ വഴി പോകുന്നുണ്ട്. ആര്‍ക്കെങ്കിലും എന്റെ കൂടെ കൂടണമെന്നുണ്ടെങ്കില്‍ സ്വാഗതം.
---------------------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട് - അജയ് ജോയ് & ഹരി മാനന്തവാടി.

Sunday, 22 June 2008

പൂക്കോട് തടാകം

കോഴിക്കോട് നിന്ന് വയനാടിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സായ കല്‍പ്പറ്റയിലേക്ക് പോകുമ്പോള്‍, താമരശ്ശേരി ചുരം കയറി, വൈത്തിരിയും കടന്ന്, വീണ്ടും 5 കിലോമീറ്ററോളം മുന്നോട്ട് പോകുമ്പോള്‍ പൂക്കോട് തടാകത്തിലേക്കുള്ള വഴി ഇടത്തേക്ക് തിരിയും. പൂക്കോട് നിന്ന് കല്‍പ്പറ്റയിലേക്ക് പോകണമെങ്കില്‍ 13കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്യണം.

അധികം ആരും അറിയപ്പെടാതെ കിടക്കുകയായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഈ മനോഹരമായ തടാകം. കേരളത്തില്‍ ടൂറിസം ഇപ്പോള്‍ ഒരുപാട് അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കിലും പൂക്കോട് തടാകത്തിനെപ്പറ്റി കേട്ടിട്ടുള്ളവര്‍ ഇന്നും ചുരുക്കമാണ്. വയനാട്ടിലെ ഏറ്റവും മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായിട്ട് വിശേഷിപ്പിക്കാവുന്ന ഈ പ്രകൃതിദത്തമായ ശുദ്ധജലതടാകം സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്ററിലധികം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ ഇത്രയും ഉയരത്തില്‍ നിലകൊള്ളുന്ന മറ്റൊരു തടാകം ഉണ്ടെന്ന് തോന്നുന്നില്ല. കബനീനദിയുടെ ഒരു ശാഖയായ പനമരം അരുവിയുടെ ഉത്ഭവം പൂക്കോട് തടാകത്തില്‍ നിന്നാണ്. പച്ചപിടിച്ച് കിടക്കുന്ന മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു എന്നതാണ് പൂക്കോട് തടാകത്തിന്റെ മറ്റൊരു പ്രത്യേകത.
തടാകത്തിനെ ചുറ്റി ഒരു അരഞ്ഞാണം എന്നപോലെ, കാട്ടുമരങ്ങളുടെ തണല്‍ വിരിച്ച ഒരു പാതയുണ്ട്. നല്ല ഒരു നടത്തത്തിന് മനസ്സുള്ളവര്‍ക്ക്, മരങ്ങളുടെ ശീതളച്ഛായയും കാലാവസ്ഥയുടെ കുളിര്‍മയും നുകര്‍ന്ന് ആ കാട്ടുവഴിയിലൂടെ ഒന്ന് കറങ്ങിവരാം. ഇടയ്ക്കിടയ്ക്ക് ക്ഷീണം തീര്‍ക്കാന്‍ കൊച്ചു കൊച്ചു ഇരിപ്പിട സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തടാകത്തിലേക്ക് നോക്കി കുറച്ചുനേരം അതിലിരിക്കാം.
തടാകത്തില്‍ ബോട്ടിങ്ങ് നടത്തണമെന്നുള്ളവര്‍ക്ക് അതാകാം. ബോട്ട് സവാരിയാണ് പൂക്കോട് തടാകത്തിലെ പ്രധാന ആകര്‍ഷണം. ഈ ബോട്ട് യാത്ര തന്നെയാണ് എനിക്കും അവിടെ ഏറ്റവും ഇഷ്ടമുള്ളത്.

തടാകത്തിലെ തെളിഞ്ഞ വെള്ളത്തില്‍ മേഘങ്ങളുടെ പ്രതിബിംബം കണ്ണാടിയിലെന്നപോലെ കാണാം. “ തടാകത്തില്‍ ബോട്ട് യാത്രകള്‍ നിരോധിക്കണം. മേഘങ്ങള്‍ സ്വച്ഛമായി തടാകത്തില്‍ മുഖം നോക്കിക്കോട്ടെ “ എന്ന് എം.ടി.യുടെ ഒരു കഥാപാത്രം പറഞ്ഞത് ഓര്‍ത്തുപോകും ആ കാഴ്ച്ച കാണുമ്പോള്‍.


ആവശ്യത്തിന് ഫൈബര്‍ ബോട്ടുകള്‍ കരയില്‍ സവാരിക്കാരെ കാത്ത് കിടക്കുന്നുണ്ട്. ഒറ്റയ്ക്ക് തുഴഞ്ഞ് നടുവൊടിക്കേണ്ടതില്ല. തുഴക്കാരന്‍ ഒരാള്‍ കൂടെ വരും. 6 മീറ്ററിലധികം ആഴമുണ്ടെങ്കിലും, പായലും താമരയും ആമ്പലുമില്ലാത്തിടത്തൊക്കെ തടാകത്തിന്റെ അടിത്തട്ട് നന്നായി തെളിഞ്ഞുകാണുന്നുണ്ട്. ആമ്പലും താമരയും നിറയെ പിടിച്ച് കിടക്കുന്ന വെള്ളത്തിലൂടെ ഫൈബര്‍ ബോട്ടിലുള്ള സവാരി പകര്‍ന്നുതരുന്ന ഉന്മേഷം ചെറുതൊന്നുമല്ല. ഊട്ടിയിലെ തടാകത്തിലെ തിരക്കുപിടിച്ച ബോട്ട് സവാരി, പൂക്കോട് തടാകത്തിലെ ബോട്ടിങ്ങിന് മുന്നില്‍ ഒന്നുമല്ല.

ബോട്ട് സവാരിയില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് തടാകക്കരയിലെ ഫാസ്റ്റ് ഫുഡ് സ്റ്റാളില്‍ നിന്ന് ഒരു ചൂട് കാപ്പിയോ ചായയോ കുടിച്ച് പ്രകൃതിസൌന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കാം. തടാകത്തിന് സമീപത്തുള്ള അക്വേറിയത്തില്‍ നിറമുള്ള മീനുകളെ കണ്ട് കുറേ നേരം ചിലവഴിക്കാം.
കുടില്‍ വ്യവസായമായി മുളകൊണ്ടും ടെറാക്കോട്ടയിലും ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് വീട്ടുപയോഗത്തിനുള്ള സാധനങ്ങള്‍, തേന്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയതൊക്കെ വാങ്ങാം.
പൂച്ചെടികള്‍ ഒരുപാട് വളര്‍ന്ന് നില്‍ക്കുന്നുണ്ട് കരയിലുള്ള നേഴ്‌സറിയില്‍. ചെടികളോ, അതിന്റെ വിത്തുകളോ വേണമെന്നുള്ളവര്‍ക്ക് അതൊക്കെ വാങ്ങാം. കുറേ ഡാലിയപ്പൂക്കളാണ് എന്നെ ആകര്‍ഷിച്ചത്.
വീഗാലാന്റിന്റെ അത്ര വരില്ലെങ്കിലും കുട്ടികള്‍ക്ക് ചാടാനും മറിയാനുമൊക്കെയുള്ള സൌകര്യങ്ങള്‍ തടാകക്കരയിലെ ചെറിയ പാര്‍ക്കില്‍ ഉണ്ട്.

കൂട്ടുകാരുടെ കൂടെയും, കുടുംബത്തിനൊപ്പവുമൊക്കെയായി മൂന്ന് പ്രാവശ്യത്തിലധികം ഞാന്‍ പൂക്കോട് പോയിട്ടുണ്ടെങ്കിലും, “പൂക്കോട് തടാകത്തിലേക്ക് വരുന്നോ ? “ എന്നാരെങ്കിലും എപ്പോള്‍ ചോദിച്ചാലും ആ ക്ഷണം ഞാന്‍ തയ്യാര്‍. ഒരൊറ്റ പ്രാവശ്യം പോയതുകൊണ്ടോ കറങ്ങിനടന്നതുകൊണ്ടോ ഒരു സ്ഥലവും എനിക്കിതുവരെ മടുത്തിട്ടില്ല. പിന്നെയാണോ പ്രകൃതി സൌന്ദര്യം വഴിഞ്ഞൊഴുകുന്ന പൂക്കോട് തടാകം മടുക്കുന്നത് !!

Thursday, 19 June 2008

പഴശ്ശികുടീരം

യനാട്ടിലേക്കുള്ള എന്റെ യാത്രകള്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് തുടങ്ങിയതാണ്. ഉറ്റ സുഹൃത്തായ സുനില്‍ തോമസ്സിന്റെ മാനന്തവാടിയിലുള്ള വീട്ടില്‍ യാത്രപോകുമ്പോഴൊക്കെ ഒരു വിനോദയാത്രപോകുന്ന സുഖമാണ് കിട്ടിയിരുന്നത്. ആ യാത്രകള്‍, അതേ സുഖത്തോടെ ഇന്നും തുടരുന്നു.

വയനാട്ടില്‍ എത്തിക്കഴിയുമ്പോള്‍ത്തന്നെ മനസ്സും ശരീരവും ഒന്ന് തണുക്കും. അത്ര വലിയ ചൂടൊന്നുമില്ലാത്ത കാലാവസ്ഥ തന്നെ പ്രധാന കാരണം. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് എറ്റവും ചൂട് കുറവുള്ളത് വയനാട്ടില്‍ത്തന്നെയായിരിക്കണം.

മിക്കവാറും എല്ലാ മാനന്തവാടി യാത്രകളിലും മുടങ്ങാതെ പോകുന്ന ഒരിടമുണ്ട്. അതാണ് പഴശ്ശികുടീരം. മാനന്തവാടി ടൌണില്‍ സര്‍ക്കാര്‍ ആശുപത്രിയുടേയും വില്ലേജാപ്പീസിന്റേയും അടുത്തായിട്ടാണ് പഴശ്ശികുടീരം. വൈകുന്നേരങ്ങളില്‍ മാനന്തവാടിയിലെ ചില സുഹൃത്തുക്കളുമായി വെടിവട്ടം കൂടിയിരുന്നത് പഴശ്ശികുടീരത്തിനടുത്താണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ ആദ്യം കാണുമ്പോള്‍ പഴശ്ശികുടീരത്തില്‍ ഈ ചുറ്റുമതിലുകളില്ല. ഒരു വലിയ മരവും അതിന്റെ ഒരു തറയും അവിടെ ഉണ്ടായിരുന്നു. ശവം അടക്കം ചെയ്തിടത്ത് നട്ട ആ മരം വളര്‍ന്ന് വലുതായി, ശവകുടീരത്തിനെ തന്റെ വേരുകള്‍ കൊണ്ട് മൂടിയാണ് നിന്നിരുന്നത്. കാലക്രമേണ ആ മരം ചാഞ്ഞു. സമയാസമയങ്ങളില്‍ നമ്മുടെ സര്‍ക്കാര്‍ വേണ്ടവിധം ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചുകൂടെ നല്ല നിലയില്‍ ആ ശവകുടീരം സംരക്ഷിക്കാമായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഗറില്ലാ യുദ്ധമുറകളിലൂടെ ഫിരങ്കിപ്പടയെ വെള്ളം കുടിപ്പിച്ച വീരകേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജാവ് 1805 നവംബര്‍ 30ന് മാവിലാം തോട് എന്ന സ്ഥലത്തുവെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് വീരമൃത്യുവരിച്ചത്. വെള്ളക്കാര്‍ക്ക് പിടികൊടുക്കാതെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നൊക്കെ പലകഥകള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. അതിന്റെ സത്യാവസ്ഥയൊന്നും അറിയില്ല. ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചെന്നാണ് ചരിത്രരേഖകളില്‍.

എം.ടി.വാസുദേവന്‍‌നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി പഴശ്ശിരാജയായി അഭിനയിക്കുന്ന സിനിമ ഉടനെ പുറത്തിറങ്ങുന്നുണ്ട്. എം.ടി.നല്ലൊരു ഗവേഷണം തന്നെ നടത്തിക്കാണും ആ തിരക്കഥയെഴുതാന്‍. വാണിജ്യ സിനിമയ്ക്ക് അവശ്യമായ മസാലയൊക്കെ നല്ലവണ്ണം ചേര്‍ത്തിട്ടാണെങ്കില്‍ കൂടിയും പഴശ്ശിരാജയെപ്പറ്റി എം.ടി.യിലൂടെ കൂടുതല്‍ അറിവ് കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പഴശ്ശികുടീരത്തിന് തൊട്ടടുത്ത് തന്നെ ഒരു ചെറിയ മ്യൂസിയവും ഉണ്ട്. പഴയകാലഘട്ടങ്ങളിലെ ചില കല്‍‌പ്രതിമകള്‍, നന്നങ്ങാടികള്‍, ശിലകള്‍, വീരക്കല്ലുകള്‍, ആയുധങ്ങള്‍ എന്നിവയൊക്കെ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഉയര്‍ന്ന് നില്‍ക്കുന്ന പ്രദേശമായതുകൊണ്ട് പഴശ്ശികുടീരത്തിനരികെ നല്ല കാറ്റാണ്. താഴേക്ക് നോക്കിയാല്‍ കബനീ നദിയുടെ ഒരു ശാഖ കാണാം.
കുറെ അധികം സമയം കാറ്റും കൊണ്ട് അവിടെയിരിക്കാന്‍ ആര്‍ക്കും തോന്നിപ്പോകും. കൈയ്യില്‍ ഒരു ചരിത്രപുസ്തകം കൂടെ കരുതിയാല്‍ വായിച്ച് തീരുന്നത് അറിയുകപോലുമില്ല.

പടിഞ്ഞാറ് ചക്രവാളത്തില്‍ സൂര്യന്‍ ചുവന്ന ചായം പൂശിത്തുടങ്ങുന്നതും ഇവിടെ നിന്നാല്‍ കാണാം.

കാഴ്ച്ചകള്‍ ഒരുപാട് ബാക്കിയുണ്ട് വയനാട്ടില്‍ ഇനിയും. ഞാന്‍ യാത്ര തുടരുകയാണ്....
------------------------------------------------------------
പഴശ്ശിരാജയെപ്പറ്റി കൂടുതല്‍ അറിയണമെന്നുള്ളവര്‍ ഈ ലിങ്ക് നോക്കുക. 2003 ന്റെ അവസാനത്തില്‍ ഞാന്‍ എടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. ഞാന്‍ സൂചിപ്പിച്ച വലിയ മരത്തിന്റെ കീഴില്‍ നില്‍ക്കുന്ന പഴശ്ശികുടീരവും, ഇപ്പോഴത്തെ പുതിയ പഴശ്ശികുടീരവും ഈ ലിങ്ക് വഴി കാണാന്‍ സാധിക്കും.

മിസ്സ്. അനു ഈ പോസ്റ്റിനെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത് കാണാന്‍ ഈ ലിങ്ക് വഴി പോകൂ.