Wednesday 15 October 2008

ജൈനക്ഷേത്രങ്ങളിലേക്ക്

ഈ യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
-------------------------------------------------------------
യനാട് ജില്ലയോട് തോന്നിയിട്ടുള്ള താല്‍പ്പര്യം കേരളത്തിലെ മറ്റൊരു ജില്ലയോടും എനിക്കിതുവരെ തോന്നിയിട്ടില്ല. ഓരോ വയനാട് യാത്രയിലും ഓരോരോ പുതിയ സ്ഥലങ്ങള്‍ പുതിയ കാഴ്ച്ചകള്‍, അല്ലെങ്കില്‍ മുന്‍പ് പോയിട്ടുള്ള പഴയ സ്ഥലങ്ങളില്‍ നിന്നുതന്നെയുള്ള പുത്തന്‍ അറിവുകള്‍, ഇങ്ങനെയെന്തെങ്കിലും നല്ല അനുഭവങ്ങളുമായിട്ടായിരിക്കും വയനാട്ടില്‍ നിന്നും എറണാകുളത്തേക്ക് എന്റെ മടക്കയാത്ര. കണ്ടുതീര്‍ക്കാനുള്ള ഒരുപാട് സ്ഥലങ്ങള്‍ വയനാട്ടിലിനിയും ബാക്കിയുള്ളതുകൊണ്ട് താമരശ്ശേരി ചുരം എനിക്കിനിയും പലപ്രാവശ്യം കയറിയിറങ്ങേണ്ടി വരുമെന്നുറപ്പാണ്.

അവസാനത്തെ വയനാട് യാത്ര, കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതുപോലുള്ള ഒരു മഹാസംഭവമായിട്ടാണ് എനിക്ക് തോന്നിയത്.

വയനാട്ടിലേക്കുള്ള യാത്രയില്‍ പലപ്പോഴും റോഡരുകില്‍ ജൈന്‍ ക്ഷേത്രങ്ങളുടെ ചൂണ്ടുപലകകള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ നിന്നോ, എറണാകുളത്തുനിന്നോ ഉള്ള നീണ്ട ഏതെങ്കിലും ഒരു യാത്രയുടെ അന്ത്യമാകാറായിട്ടുണ്ടാകും അപ്പോള്‍. അതുകൊണ്ടുതന്നെ ആ നേരത്തൊന്നും വാഹനം നിറുത്തി ക്ഷേത്രത്തില്‍ കയറാന്‍ തോന്നാറില്ലെങ്കിലും ഇവിടെയെങ്ങിനെയാണ് ജൈനക്ഷേത്രങ്ങള്‍ വന്നതെന്ന് ഒരു സംശയം ബാക്കിനില്‍ക്കാറുണ്ട്. കൂടുതല്‍ സമയം കിട്ടുമ്പോള്‍ ആ ക്ഷേത്രങ്ങളിലൊക്കെ ഒന്ന് കയറിക്കാണണമെന്ന് മനസ്സില്‍ അപ്പോഴേ കുറിച്ചിട്ടിട്ടുള്ളതുമാണ്.

വയനാട്ടിലെ എന്റെ എല്ലാ യാത്രകളിലും കൂടെക്കൂടാറുള്ള മാനന്തവാടിക്കാരനായ സുഹൃത്ത് ഹരിയോട്, ഇക്കഴിഞ്ഞ യാത്രയില്‍ വിഷയം അവതരിപ്പിച്ചു. നല്ല മഴയുള്ള സമയമായതുകൊണ്ട് പുറം കാഴ്ച്ചകള്‍ കണ്ടുനടക്കാന്‍ പറ്റിയില്ലെങ്കിലും ക്ഷേത്രദര്‍ശനമൊക്കെ നടക്കുമല്ലോ ? പറഞ്ഞുതീരുന്നതിന് മുന്നേ ഹരി തയ്യാര്‍. ഹരിയുടെ, രമേഷ് ബാബു എന്ന സുഹൃത്ത് (ഇപ്പോള്‍ എന്റേയും) ജൈനമതസ്തനാണത്രേ ? വയനാട്ടില്‍, എന്തിന് കേരളത്തില്‍ത്തന്നെ ജൈനമതസ്തര്‍ ജീവിക്കുന്നുണ്ടോ എന്ന എന്റെ സംശയത്തിന് രമേഷ് ബാബു നിരത്തിയ കണക്കുകള്‍ അമ്പരപ്പിക്കുന്നതായിരുന്നു.

1400 ല്‍പ്പരം ജൈനമതക്കാര്‍ വയനാട്ടില്‍ മാത്രം ജീവിക്കുന്നുണ്ടത്രേ ? വീരേന്ദ്രകുമാര്‍ എം.പി.യെപ്പോലുള്ള പ്രശസ്തരായവരൊക്കെ‍ അവരില്‍ച്ചിലര്‍ മാത്രം. കേട്ടപ്പോള്‍ വാ പൊളിച്ച് നിന്നുപോയി. ഞാനൊരു കൂപമണ്ഡൂകം തന്നെ. ഇത്രയും വര്‍ഷക്കാലം ജീവിച്ച ഈ കേരളസംസ്ഥാനത്തെപ്പറ്റി എനിക്കൊന്നുമറിഞ്ഞുകൂടാ. ലജ്ജിച്ച് തല താഴ്‌ത്തേണ്ടിയിരിക്കുന്നു.

ജൈനക്ഷേത്രങ്ങളിലേക്കുള്ള യാത്രകള്‍ പിന്നീടൊരിക്കലേക്ക് വെച്ചാല്‍ ശരിയാകില്ല. ജൈനമതത്തെപ്പറ്റിയും,വയനാട്ടിലെ ജൈനക്ഷേത്രങ്ങളെപ്പറ്റിയുമൊക്കെ കുറച്ചെങ്കിലും മനസ്സിലാക്കിയേ തീരൂ, അതില്‍‍ ചിലതെങ്കിലുമൊക്കെ പോയേ തീരൂ. എല്ലാ എര്‍പ്പാടുകളും ഹരി തന്നെ നടത്താമെന്നേറ്റു.

എറണാകുളത്തുനിന്ന് സുല്‍ത്താന്‍ ബത്തേരി വരെ പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നതുകൊണ്ട് ബത്തേരിയിലെത്തിയപ്പോള്‍ വിമല്‍ ജ്യോതി വര്‍ക്കിങ്ങ് വിമണ്‍‌സ് ഹോസ്റ്റലിന് തൊട്ടടുത്ത് റോഡരുകില്‍ കാണുന്ന 13-)0 നൂറ്റാണ്ടിലേതെന്ന് അറിയപ്പെടുന്നതും ഇപ്പോള്‍ ‘ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ‘യുടെ സംരക്ഷണയില്‍ ഉള്ളതുമായ ജൈനക്ഷേത്രത്തില്‍ നിന്ന് ഞാനാ യാത്ര ആരംഭിച്ചു.


സുല്‍ത്താന്‍ ബത്തേരിയിലെ കിടങ്ങനാട്ടില്‍ 12 ജൈനത്തെരുവുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പഴയ വില്ലേജ് രേഖകളില്‍ അതൊക്കെ കാണിക്കുന്നുണ്ടത്രേ !! ‘ഹന്നറഡുബീദി ബസദി‘ എന്നാണ് ഈ ജൈനത്തെരുവുകള്‍ അറിയപ്പെട്ടിരുന്നത്. വളരെയധികം ജൈനര്‍ ജീവിച്ചിരുന്ന ബത്തേരിയില്‍ ഇപ്പോള്‍ ഒരൊറ്റ ജൈനകുടുംബം പോലുമില്ലെന്നുള്ളതൊരു വേദനാജനകമായ അവസ്ഥയാണ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മൈസൂരിന്റെ ആക്രമണവും, ബ്രിട്ടീഷുകാരും പഴശ്ശിരാജാവും തമ്മിലുള്ള പോരിനും പുറമെ ശൈവ-വൈഷ്ണവമതങ്ങളുടെ വളര്‍ച്ചയുമൊക്കെ കാരണം, ജൈനജനത ക്ഷയിച്ചതുകാരണം ജൈനക്ഷേത്രങ്ങള്‍ക്ക് സംരക്ഷകരില്ലാതാവുകയാണുണ്ടായത്. പിന്നീടതില്‍ പലതും ഹിന്ദുക്ഷേത്രങ്ങളായി മാറുകയും ചെയ്തു.എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ ഭഗവതിയുടെ ഗുഹാക്ഷേത്രവും കന്യാകുമാരി ജില്ലയില്‍ ചിതറാല്‍ എന്ന സ്ഥലത്ത് തിരുച്ചാരണമലയിലുള്ള ദേവീക്ഷേത്രവുമൊക്കെ അത്തരത്തിലുള്ള ജൈനക്ഷേത്രങ്ങള്‍ക്ക് ഉദാഹരണമാണ്.

‘ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ’യുടെ സംരക്ഷണയിലാണെങ്കിലും 800 വര്‍ഷത്തിലഷികം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ അവസ്ഥയും അത്ര മെച്ചമൊന്നുമല്ല. ഇടിഞ്ഞ് വീഴാതെ സംരക്ഷിച്ചിക്കുകയും ഒരു ഗാര്‍ഡിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പുറത്തെ നോട്ടീസ് ബോര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നതില്‍ക്കൂടുതല്‍ എന്തെങ്കിലും വിവരം ഗാര്‍ഡ് സോമന്‍ നായര്‍ക്ക് ഉണ്ടോയെന്നറിയാന്‍ ഞാന്‍ നടത്തിയ ശ്രമം ബൂമാറാങ്ങായി. മട്ടാഞ്ചേരി പാലസ്സിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന്റെ പിരിമുറുക്കത്തിലായിരുന്നു സോമന്‍ നാ‍യര്‍. ഞാന്‍ എറണാകുളത്തുകാരനാണെന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്ക് ചോദിക്കാനുള്ളതിനേക്കാളധികം അങ്ങേര്‍ക്ക് എന്നോട് ചോദിക്കാനുണ്ടായിരുന്നു. മട്ടാഞ്ചേരീന്ന് എറണാകുളം റെയില്‍‌വേ സ്റ്റേഷനിലേക്ക് എത്ര ദൂരമുണ്ട് ? ബസ്സ് എപ്പോഴും കിട്ടുമോ ? എത്ര സമയമെടുക്കും ബസ്സിന് ? ചോദ്യങ്ങളുടെ പെരുമഴ തന്നെ. എറണാകുളം ഒരു ‘സ്മാര്‍ട്ട് സിറ്റി‘ ആണെന്ന് സോമന്‍ നായരെ പറഞ്ഞ് മനസ്സിലാക്കി ക്ഷേത്രത്തിനകത്ത് കയറി വിജയനഗരശൈലിയിലുള്ള കൊത്തുപണികളുടെ സൌന്ദര്യമൊക്കെ ആസ്വദിച്ചു. കരിങ്കല്‍പ്പാളികള്‍ വിരിച്ച ചുറ്റുവഴിയിലൂടെ ഒന്നുരണ്ടുവട്ടം കറങ്ങി കുറേ പടങ്ങളൊക്കെയെടുത്തു. ശിലാപാളികള്‍ അടുക്കി നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ കവാടഗോപുരവും, മുഖമണ്ഡപവുമൊക്കെ തകര്‍ക്കപ്പെട്ട നിലയിലാണ്. ക്ഷേത്രത്തിനകത്ത് പടമെടുക്കാന്‍ സമ്മതിക്കാതിരുന്നതെന്താണെന്ന് മാത്രം ഒരു പിടിയും കിട്ടിയില്ല. അതിനെ ചോദ്യം ചെയ്യാന്‍ നിന്നാല്‍ സോമന്‍ നായരുടെ സംശയങ്ങള്‍ക്ക് വീണ്ടും മറുപടി പറയേണ്ടി വരും. കാണാനുള്ളതെല്ലാം കണ്ടുകഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് പെട്ടെന്ന് സ്ഥലം കാലിയാക്കുന്നതായിരിക്കും ബുദ്ധി. ഹരി മാനന്തവാടിയില്‍ കാത്തുനില്‍ക്കുന്നുമുണ്ട്.

18 -)0 നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്റെ മലബാര്‍ അധിനിവേശകാലത്ത് മൈസൂര്‍പ്പടയുടെ വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ ‘കിടങ്ങനാട് ബസദി‘ എന്ന ഈ ക്ഷേത്രം ഉപയോഗിച്ചതിനാലാണ് ഈ പട്ടണത്തിന് സുല്‍ത്താന്‍സ് ബാറ്ററി(Sultan's Battery) എന്ന് പേരുവീണത്. സുല്‍ത്താന്‍സ് ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരിയായി മാറുകയും ചെയ്തു.

ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടയില്‍ പുല്‍പ്പള്ളിയിലേക്ക് ഞാനൊന്ന് വണ്ടി തിരിച്ചു. സീതാലവകുശന്മാരുടെ ഒരു ക്ഷേത്രമുണ്ട് അവിടെയെന്ന് കേട്ടിട്ടുണ്ട്. കൂട്ടത്തില്‍ അവിടെയും ഒന്ന് കയറണമെന്ന് തോന്നി. അവിടെച്ചെന്ന് ക്ഷേത്രവളപ്പിലൊക്കെ ചുറ്റിനടന്ന്, അടഞ്ഞുകിടക്കുന്ന നടയ്ക്ക് മുന്നില്‍ നിന്ന് തൊഴുത്, വീണ്ടും മാനന്തവാടി റോഡിലേക്ക് കയറിയപ്പോഴേക്കും സമയം 4 മണി കഴിഞ്ഞിരുന്നു. മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങിയതുകൊണ്ടും, വിചാരിച്ച സമയത്ത് മാനന്തവാടിയില്‍ എത്താന്‍ പറ്റാഞ്ഞതുകൊണ്ടും കൂടുതല്‍ ജൈനക്ഷേത്രങ്ങളിലേക്ക് അടുത്ത ദിവസം പോകാമെന്ന് തീരുമാനിച്ചു.

അടുത്തദിവസം രമേഷ് ബാബുവിന്റെ പുതിയിടത്തുള്ള വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കണമെന്ന് സ്നേഹപൂര്‍വ്വമായ ക്ഷണം കിട്ടി. ജീവിതത്തിലിതുവരെ കഴിക്കാത്ത ചില വിഭവങ്ങളൊക്കെ കൂട്ടിയുള്ള പച്ചക്കറി സദ്യ ഞാന്‍ ശരിക്കുമാസ്വദിച്ചു. പഴുത്തതും, പഴുക്കാത്തതുമായ ചക്ക കൊണ്ടുണ്ടാക്കിയ പപ്പടങ്ങള്‍, ഒന്നുരണ്ട് തരം വ്യത്യസ്ഥ അച്ചാറുകള്‍, രണ്ട്തരം കൊണ്ടാട്ടം, പായസം, എന്നിങ്ങനെയുള്ള വിഭവങ്ങളുടെ അകമ്പടിയോടെ ഒരു മൈസൂര്‍ ശൈലിയിലുള്ള ഊണിന്റെ വ്യത്യസ്ഥമായ രുചി നാവിലിപ്പോഴുമുണ്ട്. എന്റെ ഉള്ളറിഞ്ഞിട്ടെന്നപോലെ ചില കൊണ്ടാട്ടങ്ങളും, ചക്കപ്പപ്പടവുമൊക്കെ രമേഷ് ബാബുവിന്റെ അമ്മയും ഭാര്യയും ചേര്‍ന്ന് പൊതികെട്ടിത്തരുകയും ചെയ്തു.

1.ഹൊസങ്കടി ബസദി(മാനന്തവാടി)
2.പുതിയടം ആദീശ്വര സ്വാമി ക്ഷേത്രം(മാനന്തവാടി)
3.ശ്രീ പാര്‍ശ്വനാഥ സ്വാമി ക്ഷേത്രം(അഞ്ചുകുന്ന്)
4.പാര്‍ശ്വനാഥ ക്ഷേത്രം(പാലുകുന്ന് )
5.ശ്രീ ചന്ദ്രനാഥ ബസദി(പുത്തങ്ങാടി)
6.വരദൂര്‍ ശ്രീ അനന്തനാഥസ്വാമി ക്ഷേത്രം(പനമരം മീനങ്ങാടി റോഡ്)
7.ഹന്നറഡുബീദി ബസദി(സുല്‍ത്താന്‍ ബത്തേരി)
8.ശാന്തി നാഥ ബസദി(വെണ്ണിയോട്)
9.പുത്തൂര്‍ വയലിലെ ഉമാമഹേശ്വര ശിലാക്ഷേത്രം.(ഇതിപ്പോള്‍ ഹിന്ദു ക്ഷേത്രമാണ്)
10.ശ്രീ അനന്തനാഥ സ്വാമി ബസദി(കല്‍പ്പറ്റ)
11.ചന്ദ്രനാഥഗിരി(കല്‍പ്പറ്റ-മൈലാടിപ്പാറ)
12.കുതിറക്കോട് ക്ഷേത്രം(തിരുനെല്ലി)
13.ഈച്ചറക്കൊല്ലി ക്ഷേത്രം-ബാവലി(ഇതിപ്പോള്‍ വിഷ്ണുക്ഷേത്രമാണ്)
14.സ്വാമിക്കല്ല് -ജെസ്സി എസ്റ്റേറ്റ് (ഇപ്പോള്‍ വിഷ്ണുക്ഷേത്രമാണ്)
15.എടയ്ക്കല്‍ ഗുഹാ ക്ഷേത്രം.

തുടങ്ങിയ ക്ഷേത്രങ്ങളാണ് പ്രധാനമായും വയനാട്ടിലെ ജൈന ക്ഷേത്രങ്ങളായിട്ടുള്ളത്. ഇതില്‍ പല ക്ഷേത്രങ്ങളും ഇന്ന് ഹിന്ദു ക്ഷേത്രങ്ങളാണ്, പലതിലും പൂജയും കാര്യങ്ങളുമൊന്നും ഇല്ല. പല ക്ഷേത്രങ്ങളിലും കാ‍ണുന്ന ഹൊയ്‌സള (ജൈനരായിരുന്നു ഹൊയ്‌സള‍ രാജാക്കന്മാര്‍) ലിപിയിലുള്ള ആലേഖനങ്ങള്‍, ക്ഷേത്രങ്ങളുടെയൊക്കെ പഴക്കം, ദേവശില്‍പ്പങ്ങളുടെ ഘടനകള്‍‍, സര്‍പ്പപ്രതിഷ്ഠകളുടെ പത്തികളിലെ പ്രത്യേകതകള്‍, ശില്‍പ്പങ്ങളുടെ ശൈലി, എന്നീ കാര്യങ്ങള്‍ ഈ ക്ഷേത്രങ്ങളൊക്കെ ജൈനക്ഷേത്രങ്ങളാണെന്ന് സമര്‍ത്ഥിക്കാന്‍ പോന്ന തെളിവുകളായി കണക്കാക്കപ്പെടുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണ്ണാടത്തില്‍ പ്രബലരായിരുന്ന ഹൊയ്‌സള രാജാക്കന്മാരുടെ അധീനതയില്‍ കര്‍ണ്ണാടകത്തിന്റെ ഭാഗമായിരുന്നു വയനാട് അക്കാലത്ത്. ഹൊയ്‌സള രാജാവായ ബിട്ടിദേവ ജൈനമതത്തില്‍നിന്ന് വൈഷ്ണവമതത്തിലേക്ക് മാറിയതോടെയാണ് അദ്ദേഹത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളിലെ ജൈനക്ഷേത്രങ്ങളില്‍ പലതും വൈഷ്ണവാരാധനാലയങ്ങളായി രൂപാന്തരപ്പെട്ടതെന്ന് ശ്രീ.ഓ.കെ.ജോണിയെപ്പോലുള്ള ചരിത്രകാരന്മാരുടെ പഠനങ്ങള്‍ വിലയിരുത്തുന്നു.

ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ മൂന്നുപേരും വെളിയിലിറങ്ങിയപ്പോള്‍ പുറത്ത് മഴ ചന്നം പിന്നം ചാറിക്കൊണ്ട് നില്‍ക്കുന്നുണ്ട്. മഴമാറിയിട്ട് ഒരുകാര്യവും നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പായതുകൊണ്ട് യാത്ര തീരുമാനിച്ചുറപ്പിച്ചപോലെ തന്നെ ആരംഭിച്ചു. പുത്തങ്ങാടിയിലെ ശ്രീ ചന്ദ്രനാഥ ബസദി ക്ഷേത്രമായിരുന്നു ആദ്യത്തെ ലക്ഷ്യം. പുതിയിടത്തുനിന്ന് 10 കിലോമീറ്ററോളം ദൂരമുണ്ട് പുത്തങ്ങാടിയിലേക്ക്.

വാഹനം പുത്തങ്ങാടിയില്‍ എത്താനായപ്പോള്‍ റോഡരുകില്‍ കാപ്പിത്തോട്ടത്തിനുള്ളിലായി പൊട്ടിപ്പൊളിഞ്ഞ് കാടും പടലുമൊക്കെപ്പിടിച്ച് കിടക്കുന്ന ഒരു ക്ഷേത്രത്തിന് മുന്നില്‍ ഹരി വണ്ടിയൊതുക്കി നിറുത്തി. കാടും വള്ളികളുമൊക്കെ ‍ വകഞ്ഞുമാറ്റി ഞങ്ങള്‍ കാപ്പിത്തോട്ടത്തിനകത്തേക്ക് കടന്നു.

കരിങ്കല്ലില്‍ മനോഹരമായ കൊത്തുപണികളൊക്കെ ചെയ്തുണ്ടാക്കിയ ക്ഷേത്രത്തിന്റെ ചുമരുകളും തൂണുകളുമൊക്കെ ഇടിഞ്ഞ് വീണുതുടങ്ങിയിരിക്കുന്നു. വലിയ കരിങ്കല്‍പ്പാളികളില്‍‍ത്തന്നെ തീര്‍ത്ത മേല്‍ക്കൂരയില്‍ പലയിടത്തും വിള്ളലിലൂടെ ചോര്‍ന്നൊലിക്കുന്നുണ്ട്. അകത്ത് നല്ല ഇരുട്ടും, നിശബ്ദതയും. മുന്‍പ് പറഞ്ഞ ലിസ്റ്റില്‍ പെടുന്നതല്ല ഈ ക്ഷേത്രം. പക്ഷെ ഇതൊരു ജൈനക്ഷേത്രം തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുത്തങ്ങാടി ജനാര്‍ദ്ദനക്ഷേത്രം എന്ന് ചിലയിടത്ത് വായിച്ചുകണ്ടത് ഈ ക്ഷേത്രം തന്നെ.

തീപ്പെട്ടിക്കൊള്ളി ഉരച്ചുകത്തിച്ച് ക്ഷേത്രച്ചുമരിലും മേല്‍ക്കൂരയിലുമൊക്കെയുള്ള കൊത്തുപണികളും, പ്രതിഷ്ഠകളും മറ്റും നോക്കി നോക്കി രമേഷ് ബാബു ഇരുട്ടിലേക്ക് കയറി, പുറകെ ഹരിയും ഞാനും. മച്ചിലൊക്കെ മാറാലയും നരിച്ചീറുകളും മാത്രം. ഏതാണ്ട് മുഴുവനായി നശിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്ന അവസ്ഥയിലുള്ള ആ ക്ഷേത്രം ഉദ്ധരിച്ചെടുക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും വേണ്ടിവരില്ലെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നിയത്.

ചുമരിലുള്ള ചില വിള്ളലുകളിലൂടെ അരിച്ചരിച്ച് അകത്തേക്ക് വീഴുന്ന വെളിച്ചത്തില്‍, മനഃസ്സമാധാനത്തോടെ ഒളിച്ചിരിക്കുന്ന ചില ദേവന്മാരേയും ദേവിമാരേയും ഞങ്ങള്‍ കണ്‍‌കുളിര്‍ക്കെ കണ്ടു. കുറച്ച് ചിത്രങ്ങളൊക്കെ എടുത്ത് വെളിയില്‍ വന്ന് ക്ഷേത്രത്തിനെ ഒന്ന് ചുറ്റി നടന്നുനോക്കിയപ്പോള്‍ വേറെയും ഒരുപാട് ദേവന്മാരെ ഞങ്ങളാ പടര്‍പ്പുകള്‍ക്കിടയില്‍ കണ്ടു.

നന്നായി കഴുകി വൃത്തിയാക്കി കാടൊക്കെ വെട്ടിത്തെളിച്ചെടുത്ത് സംരക്ഷിക്കപ്പെടേണ്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്ക്കാരത്തിന്റേയും വിശ്വാസങ്ങളുടേയും തെളിവുകള്‍ ജീര്‍ണ്ണിച്ച് മണ്ണടിയാന്‍ വിട്ടുകൊടുത്ത് പുറം തിരിഞ്ഞിരിക്കുന്ന ഭരണവര്‍ഗ്ഗത്തിനോട് പറഞ്ഞറിയിക്കാനാകാത്ത വിദ്വേഷമാണപ്പോള്‍ തോന്നിയത്. ദേവസ്വം ബോര്‍ഡിനോ, ടൂറിസം വകുപ്പിനോ, പുരാവസ്തു വകുപ്പിനോ, ആര്‍ക്കെങ്കിലും ഇതൊന്ന് ഉദ്ധരിച്ചെടുക്കണമെന്ന് തോന്നാത്തതെന്താണ് ദൈവമേ ? നിങ്ങളുടെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊരവഗണന എങ്ങനെ സഹിക്കാനാകുന്നു നിങ്ങള്‍ക്ക് ?

ഇത്തരം ഒരു ക്ഷേത്രം കൂടെ പുത്തങ്ങാടിയിലുണ്ട്. കേരളാ ടൂറിസം വകുപ്പിന്റെ ചൂണ്ടുപലക ജൈന്‍ ക്ഷേത്രം എന്ന സര്‍ട്ടിഫിക്കറ്റും പൊക്കിപ്പിടിച്ച് വഴികാട്ടിയായി റോഡരുകില്‍ നില്‍ക്കുന്നുണ്ട്. റോഡില്‍ നിന്നും കുറച്ചുള്ളിലേക്ക് മാറി മറ്റൊരു കാപ്പിത്തോട്ടത്തിനകത്താണ് ഈ ക്ഷേത്രം. അതിനകത്തേക്കും കയറി നോക്കി. മുന്‍പ് കണ്ട ക്ഷേത്രത്തിന്റെ ശോചനീയാവസ്ഥ തന്നെ അവിടെയുമുണ്ട്. ആരോ ഒരു ചക്ക വെട്ടിപ്പൊളിച്ച് അവടെയിരുന്ന് തിന്ന് ചണ്ടിയും മടലുമൊക്കെ തിരുനടയില്‍ത്തന്നെ നിക്ഷേപിച്ച് പോയിട്ടുണ്ട്.

വല്ലാത്ത വേദന തോന്നി ആ ക്ഷേത്രങ്ങളുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ ‍. പൂജയും,പുഷ്പാര്‍ച്ചനയൊന്നും നടത്തിയില്ലെങ്കിലും സംരക്ഷിക്കപ്പെടേണ്ടതല്ലേ ആ സാംസ്ക്കാരിക പൈതൃകങ്ങള്‍ ? ജീവതത്തിരക്കിന്റെ കുത്തൊഴുക്കില്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് നാം എങ്ങോട്ടാണ് പോകുന്നത് ? ഒരിക്കലും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ കൂട്ടത്തില്‍ വേറൊരു ചോദ്യം കൂടെ.

മഴ കുറച്ചൂടെ ശക്തിപ്രാപിച്ചുതുടങ്ങിയിരിക്കുന്നു. ശ്രീ ചന്ദ്രനാഥ ബസദി ക്ഷേത്രത്തില്‍ ഇനിയും ഞങ്ങള്‍ എത്തിയിട്ടില്ല. അവിടെക്കൂടെ പോകാനുള്ള സമയമേ ബാക്കിയുള്ളൂ. അതുകൂടെ കഴിയുമ്പോഴേക്കും ഇരുട്ടുവീണുതുടങ്ങും. ഹരി കാറ് തിരിച്ചു.

(തുടരും)
----------------------------------------------------------------------------------
ജൈനക്ഷേത്രങ്ങളെപ്പറ്റിയുള്ള ഒരു പഠനമൊന്നുമല്ല ഇത്. എന്റെ യാത്രയില്‍ ഞാന്‍ കണ്ട കാഴ്ച്ചകളുടെ കൂടെ, കുറച്ച് വിവരങ്ങള്‍ ശേഖരിച്ച് എഴുതാന്‍ ശ്രമിച്ചിരിക്കുന്നെന്ന് മാത്രം. ആരുടേയും വിശ്വാസങ്ങളെ ഹനിക്കണമെന്നും ഈ പോസ്റ്റുകൊണ്ട് ഞാനുദ്ദേശിച്ചിട്ടില്ല.

കടപ്പാട് :-
അമൃതവര്‍ഷിണി(പ്ലാറ്റിനം ജ്യൂബിലി സ്മരണിക 2008)- അനന്ദനാഥ സ്വാമി ക്ഷേത്രം കല്‍പ്പറ്റ,
ശ്രീ.ഓ.കെ.ജോണി - ചരിത്രകാരന്‍, മാനേജര്‍ ബുക്ക് ഡവലപ്പ്മെന്റ്, മാതൃഭൂമി പ്രിന്റിങ്ങ് & പബ്ലിഷിങ്ങ് കമ്പനി,ശ്രീ.വി.വി.ജിനേന്ദ്രപ്രസാദ്, ശ്രീ.രമേഷ് ബാബു, ശ്രീ ഹരി, കണ്ണൂര്‍ മെഡിക്കത്സ്, മാനന്തവാടി.