Monday 13 September 2010

വീട്ടിക്കുന്നില്‍ ഒരു രാത്രി

ആദ്യഭാഗം ‘മഴനനയാന്‍ പറമ്പികുളത്തേക്ക് ‘ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
---------------------------------------------------------------------------------------

ടെന്റില്‍ 2 പേര്‍ക്ക് ഒരു രാത്രി താമസം, കന്നിമാറ സഫാരി‍, ബാംബൂ റാഫ്‌റ്റിങ്ങ്, ട്രൈബല്‍ സിംഫണി, ഡസ്ക്ക് റൈഡ്, 3 നേരത്തെ ഭക്ഷണം, അതിരാവിലെയുള്ള പക്ഷിനിരീക്ഷണം, കാട്ടിലൂടെ ഫോറസ്റ്റ് ഗാര്‍ഡിന്റെ അകമ്പടിയോടെ ആറേഴ് കിലോമീറ്റര്‍ ട്രക്കിങ്ങ് ഇത്രയുമൊക്കെയാണ് 4000 രൂപയോളം ചിലവ് വരുന്ന ടെന്റഡ് നിച്ച് പാക്കേജിലെ ചേരുവകള്‍.

ട്രാം വേ ട്രക്കിങ്ങ്, പീപ്പ് ത്രൂ വാച്ച് ടവര്‍, തെള്ളിക്കല്‍ നൈറ്റ്സ്, ടെന്റഡ് നിച്ച്, ഐലന്റ് നെസ്റ്റ് എന്നിങ്ങനെ പലതരത്തിലുള്ള പാക്കേജുകള്‍ക്ക് പുറമേ ഫോറസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള സൌകര്യവും പറമ്പികുളത്ത് ലഭ്യമാണ്. ഓരോ ദിവസമെടുക്കും ഓരോരോ പാക്കേജുകള്‍ ശരിക്കും ആസ്വദിച്ച് അനുഭവിച്ചറിയാനെന്ന് മാത്രം.

ടെന്റിലെ രാത്രിയുറക്കത്തിന് കാവലെന്നോണം പുറത്ത് മഴ പെയ്‌തുകൊണ്ടേയിരുന്നു. ഇടയ്ക്കിടയ്ക്ക് വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിക്ക് പുറത്തെങ്ങുനിന്നോ പക്ഷിമൃഗാദികളുടെ സ്വരങ്ങള്‍; അതില്‍ തിരിച്ചറിയുന്നത് മയിലിന്റെ കൂജനം മാത്രം. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ പാക്കേജില്‍ ബാക്കിയുള്ളത് പക്ഷിനീരീക്ഷണവും കാട്ടിലൂടെയുള്ള ട്രക്കിങ്ങും മാത്രം. ഗൈഡ് ഹരിദാസിന്റെ നിര്‍ദ്ദേശപ്രകാരം ബ്രേക്ക്ഫാസ്റ്റിന് മുന്നേ പക്ഷിനിരീക്ഷണം നടത്താമെന്ന് വെച്ചു. അതുകഴിഞ്ഞ് ട്രക്കിങ്ങ്.

അതിരാവിലെ ഒരു പക്ഷിനിരീക്ഷണം

പക്ഷിനിരീക്ഷണത്തിന് സൌകര്യമൊരുക്കിക്കൊണ്ട് മഴ അല്‍പ്പനേരത്തേക്ക് മാറിനിന്നെങ്കിലും കുടയും വടിയും ട്രൈപ്പോഡും ക്യാമറകളുമൊക്കെയെടുത്ത് ഞങ്ങള്‍ അഞ്ചുപേരും കാട്ടിലേക്കിറങ്ങി. പക്ഷിനിരീക്ഷണത്തിന് പോകുന്ന കാട്ടുവഴി കുറേയൊക്കെ ടാറിട്ടതാണ്. രാവിലെ ആയതുകൊണ്ടാകാം പക്ഷികളെയൊക്കെ കുറേ കാണാനുമായി. ഹരിദാസ് പക്ഷികളെയൊക്കെ ദൂരെനിന്നുതന്നെ കാണുന്നുണ്ട്, അവറ്റകളുടെ ശബ്ദം തിരിച്ചറിയുന്നുണ്ട്. വീരപ്പനെപ്പോലെ കാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടുന്നവര്‍ പക്ഷികളുടേയും മറ്റും ശബ്ദത്തിലുള്ള വ്യതിയാനങ്ങള്‍ കൊണ്ടുമാത്രം കാട്ടിലെ സംഭവവികാസങ്ങള്‍ ഗ്രഹിക്കാന്‍ പ്രാപ്തിയുള്ളവരാണെന്നറിയാമല്ലോ ? നമ്മളെപ്പോലുള്ളവര്‍ക്കാണ് ഒന്നും അറിയാത്തത്. നമ്മള്‍ പ്രകൃതിയില്‍ നിന്നുതന്നെ ഒരുപാടൊരുപാട് ദൂരെ എവിടെയോ ജീവിക്കുന്ന അന്യഗ്രഹജീവികള്‍.

കണ്ടോ എന്റെ പീലിയുടെ ഭംഗി ?

ക്യാമറയുടെ സൂം ലെന്‍സിന് എത്തിപ്പിടിക്കാനാവുന്ന ദൂരത്തില്‍ കാണുന്ന പക്ഷികളെയൊക്കെ വേണു പടമാക്കിക്കൊണ്ടിരുന്നു. കാട്ടുമൈന, മരംകൊത്തി, ചെമ്പോത്ത്, ഇരട്ടവാലന്‍ കുരുവി, മയില്‍, അങ്ങനെ മുന്‍പ് കണ്ടിട്ടുള്ളതും ഇല്ലാത്തതുമായ കുറേയേറെ പക്ഷികള്‍...

അടുത്ത പ്രാവശ്യം ഒരു പക്ഷിനിരീക്ഷണത്തിന് അവസരം ഉണ്ടാകുന്നതിന് മുന്നേ പക്ഷിശാസ്ത്രത്തില്‍ അല്‍പ്പമെങ്കിലും അറിവുണ്ടാക്കണമെന്ന ആഗ്രഹത്തിന് തിരികൊളുത്താന്‍ ഈ പക്ഷിനിരീക്ഷണ സവാരിക്ക് കഴിഞ്ഞു. അതിന് പറ്റിയ പുസ്തകം ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍ എന്ന അമൂല്യ ഗ്രന്ഥം തന്നെ.

പേപ്പര്‍ ബീ നെസ്റ്റ്

കാട്ടില്‍ അതിനിടയില്‍ കാണാനായ മറ്റ് ചില പുതിയ കാഴ്ച്ചകള്‍ പുതിയ അറിവുകളും സമ്മാനിച്ചു. ‘പേപ്പര്‍ ബീ നെസ്റ്റ് ‘ ആയിരുന്നു അതിലൊന്ന്. തേനീച്ചയുടെ കൂട് തന്നെയാണത്. ഭാരം കുറഞ്ഞ ഇലകള്‍ ഒട്ടിച്ച് ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന കൂടുകള്‍ക്ക് നല്ലൊരു മത്തങ്ങയേക്കാള്‍ വലിപ്പമുണ്ട്. ആകാരത്തില്‍ വലുതാണെങ്കിലും ഭാരം കുറവായതുകൊണ്ട് കൊമ്പുകളില്‍ അതങ്ങനെ അനായാസമായി തൂങ്ങിക്കിടക്കുന്നു. ഈച്ചകള്‍ ഇലകള്‍ക്ക് മേലെ അരിച്ച് നടക്കുന്നുമുണ്ട്. കാടിളക്കി വന്ന് കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ പോന്നവയാണ് ഈ കടലാസ് തേനീച്ചകള്‍.

മരകൊത്തികള്‍ തുള വീഴ്‌ത്തിയ ഒരു മരം.

മരംകൊത്തികള്‍ കൊത്തിക്കൊത്തി പോത് ആക്കിവെച്ചിരിക്കുന്ന മരത്തിന്റെ തായ്‌ത്തടികള് അവിടവിടെ കാണാം‍. ചുറ്റുവട്ടത്തൊക്കെ കൊത്തുപണികള്‍ തുടരുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുമുണ്ട്. കൌതുകമുണര്‍ത്തിയ മറ്റൊരു കാഴ്ച്ച മുതലയുടെ പുറം പോലെയുള്ള മരത്തിന്റെ തടിയാണ്. അതുകൊണ്ടുതന്നെ മരത്തിന്റെ പേര് Crocodile Bark Tree എന്നാണ്.

Crocodile Bark Tree

കാട്ടിലെ ടാറിട്ട റോഡില്‍ നിന്ന് മരങ്ങള്‍ക്കിടയിലേക്ക് കടന്ന് ഷോട്ട്കട്ട് വഴിയിലൂടെ പ്രധാനപാതയില്‍ എത്തി അവിടന്ന് ക്യാമ്പില്‍ മടങ്ങിയെത്തിയപ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു. പ്രഭാതഭക്ഷണവും കഴിച്ച് വേഷമൊക്കെ മാറി വീണ്ടും കാട്ടിലേക്ക് തന്നെ കടന്നു. ഹരിദാസിന്റെ കൈയ്യില്‍ നല്ലൊരു വാക്കത്തിയുണ്ട്. ആനയും പുലിയുമൊക്കെ ഇറങ്ങിനടക്കുന്ന കാട്ടില്‍ ആയുധമെന്ന് പറയാവുന്നത് ഈ വാക്കത്തി മാത്രം. എന്റെ പോക്കറ്റില്‍ കിടക്കുന്ന സ്വിസ്സ് നൈഫ് ഉപയോഗിച്ച് ആക്രമിക്കാന്‍ വരുന്ന മൃഗങ്ങളെയൊക്കെ ഇക്കിളിയാക്കാന്‍ പറ്റുമോന്ന് പോലും സംശയമാണ്.

മഴ നനഞ്ഞ് കാട്ടിലൂടെ

മഴ വീണ്ടും യാത്രയില്‍ കൂട്ടുചേര്‍ന്നു. ബഫര്‍ സോണിലൂടെ കുറേ നടത്തം. സാമാന്യം ഉയരമുള്ള ഒരു പാറപ്പുറത്തേക്ക് നടന്ന് കയറി മുകളിലെത്തിയപ്പോള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ എപ്പോഴോ പുലികള്‍ തിന്നിട്ട് ഉപേക്ഷിച്ചുപോയ മാനിന്റെ അവശിഷ്ടങ്ങള്‍. മാനിനെ കൊന്നിട്ട ദിവസം തന്നെ ഹരിദാസ് ആ വഴി വന്ന് മാനിന്റെ ശരീരം കണ്ടിട്ടുണ്ടായിരുന്നത്രേ! കോര്‍ സോണിലേക്ക് കടക്കുമ്പോള്‍ കാട്ടിന്റെ കനം കൂടുതല്‍ കൃത്യമായി മനസ്സിലാക്കാനാവുന്നുണ്ട്. മുഴങ്ങോടിക്കാരിയെ അട്ടകടിച്ചപ്പോള്‍, മഴക്കാലത്ത് താണ്ഡവമാടാന്‍ സാദ്ധ്യതയുള്ള അട്ടയ്ക്ക് പ്രതിവിധിയായി ബാഗില്‍ കരുതിയിരുന്ന ഹാന്‍സ് പാക്കറ്റുകള്‍ പ്രയോജനപ്പെട്ടു.

ഇടയ്ക്കെവിടെയോ എത്തിയപ്പോള്‍....

“നിങ്ങളിവിടെ നില്‍ക്ക്, ഞാനിപ്പോ വരാം” എന്നുപറഞ്ഞ് ഹരിദാസ് കാട്ടിനുള്ളിലേയ്ക്ക് മറഞ്ഞു.

എന്തിനാണയള്‍ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയത്?
വല്ല മൃഗങ്ങളും വഴിയില്‍ ഉണ്ടോ ?
അതെങ്ങാനും അയാളെ ആക്രമിച്ചുകാണുമോ ?
അങ്ങനാണെങ്കില്‍ ഞങ്ങളെങ്ങനെ ഈ കാട്ടില്‍ നിന്ന് വെളിയില്‍ കടക്കും?

ഹരിദാസ് മടങ്ങിവരുന്നത് വരെയുള്ള 15 മിനിറ്റോളം സമയം, അല്‍പ്പം ഭീതിയുടേയും അതിലേറെ ആകാംക്ഷയുടേതുമായിരുന്നു.

കാടിന്റെ വന്യഭംഗി

കാട്ടിലെവിടെയോ ഇല്ലി ഒടിയുന്നതിന്റെ ശബ്ദം കേട്ടിട്ടാണ് ഹരിദാസ് ഒറ്റയ്ക്ക് ഉള്ളിലേക്ക് കടന്നത്. ഇല്ലി ഒടിക്കുന്നെങ്കില്‍ വഴിയില്‍ എവിടെയോ ആനയുണ്ടെന്ന് സാരം. എല്ലാവരും കൂടെ ആനയ്ക്ക് മുന്നില്‍ ചെന്ന് ചാടി പരിഭ്രാന്തരായി പലവഴിക്ക് ഓടുന്നതിന് പകരം, ഉചിതമായ തീരുമാനമെടുത്ത് വഴിമാറിപ്പോകാനോ, മറ്റോ വേണ്ടിയാണ് ഇത്തരം നടപടികള്‍.

വേണുവും, നല്ലപാതി നികിതയും

8 കിലോമീറ്ററോളം കാട്ടിലൂടെ നടന്നപ്പോള്‍ മഴക്കാലത്ത് ട്രക്കിങ്ങ് നടത്തുന്നതിന്റെ ഗുണം എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. കൈയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പികള്‍ നിറഞ്ഞുതന്നെ ഇരിക്കുന്നു. ആര്‍ക്കും ദാഹമോ ക്ഷീണമോ തോന്നിയതുപോലുമില്ല. കാടിന്റെ വന്യഭംഗി ശരിക്കും അനുഭവിച്ചറിയണമെങ്കില്‍ മഴക്കാലത്തുതന്നെ കാട്ടിലേക്ക് പോകണം. ഒരു മണ്‍സൂണ്‍ ട്രക്കിങ്ങ് ഏറ്റവും കുറഞ്ഞത് 6 മാസത്തേക്കെങ്കിലുമുള്ള റീചാര്‍ജ്ജാണ് തരുന്നത്.

കാട്ടിലൊരു ഫോട്ടോ സെഷന്‍ - ക്യാമറ ടൈമറില്‍ ഇട്ടെടുത്ത ഫോട്ടോ.

കാട്ടില്‍ നിന്ന് വെളിയില്‍ക്കടന്ന് ചെന്ന് കയറിയത് തലേന്ന് കടന്നുപോയ ആനപ്പാടി ചെക്ക് പോസ്റ്റിന്റെ അടുത്തുള്ള റോഡിലേക്കാണ്. അവിടന്ന് ക്യാമ്പിലേക്ക് കുറച്ചധികം ദൂരമുണ്ട്. പക്ഷെ നടക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലല്ലോ ? കൂടെ നടക്കാന്‍ ചാറ്റല്‍ മഴ, മഴയെ എതിരേല്‍ക്കാന്‍ പീലിവിരിച്ച് ആട്ടമൊക്കെ കഴിഞ്ഞ് അവിടവിടെയായി മരച്ചില്ലകളില്‍ വിശ്രമിക്കുന്ന ആണ്‍‌മയിലുകള്‍. മൃഗങ്ങളെയൊക്കെ വഴിയില്‍ എവിടെയെങ്കിലും കണ്ടാലും വാഹനത്തില്‍ നിന്ന് റോഡിലേക്ക് ഇറങ്ങരുതെന്ന് നിഷ്‌ക്കര്‍ഷയുള്ള അതേ റോഡിലൂടെയാണ് നടക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ നിയമങ്ങളെല്ലാം ഒരു തമാശയായിത്തോന്നി. മനുഷ്യനല്ലാത്ത മറ്റൊരു മൃഗവും, ഭക്ഷണത്തിന് വേണ്ടിയല്ലാതെ കൊല്ലാനിറങ്ങില്ലെന്നുള്ളപ്പോള്‍ കാട്ടുപാതയിലൂടെ മഴയും നനഞ്ഞ് നടക്കാന്‍ എന്തിന് പേടിക്കണം?!

ക്യാമ്പിലെത്തിയ ഉടനെ സ്ഥാവരജംഗമവസ്തുക്കളൊക്കെ ടെന്റില്‍ നിന്നെടുത്ത് ചെക്ക് ഔട്ട് ചെയ്തു. സമയം 2 മണി ആയിക്കഴിഞ്ഞിരിക്കുന്നു. നന്നായി വിശക്കുന്നുണ്ടായിരുന്നു എല്ലാവര്‍ക്കും. ടെന്റഡ് നിച്ച് പാക്കേജിലെ 3 നേരത്തെ ഭക്ഷണം ഇന്നലെയും ഇന്നുമായി ഞങ്ങള്‍ അകത്താക്കിക്കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ ഇനി പറമ്പികുളത്തെ ഏതെങ്കിലും ചെറിയ ഹോട്ടലുകളെ ആശ്രയിക്കണം.

ഹരിദാസിന്റെ ഡ്യൂട്ടി ഇവിടെ അവസാനിക്കുകയാണ്. പകരം മറ്റൊരു ഫോറസ്റ്റ് ഗൈഡ് ഞങ്ങള്‍ക്കൊപ്പം അടുത്ത പ്രോഗ്രാമില്‍ അനുഗമിക്കും. അടുത്ത പ്രോഗ്രാം ‘ഐലന്റ് നെസ്റ്റ് ‘ ആണ്.

വൈകീട്ട് 3 മണി മുതല്‍ അടുത്ത ദിവസം രാവിലെ 8 മണി വരെ വീട്ടിക്കുന്ന് എന്ന ദ്വീപാണ് ഐലന്റ് നെറ്റ്സ് എന്ന പാക്കേജിനുള്ള വേദിയാകുന്നത്. 2 പേര്‍ക്ക് 4000 രൂപയാണ് ഐലന്റ് നെസ്റ്റിന്റെ റേറ്റ്.

“ലോകം മുഴുവന്‍ ഗതാഗതക്കുരുക്കുകളും, മലിനീകരണവും, വ്യവസായങ്ങളും, ശബ്ദകോലാഹലങ്ങളും, വിശ്രമമില്ലായ്മയെല്ലാം കൊണ്ട് നിറഞ്ഞുനില്‍ക്കുമ്പോള്‍ ഇവിടെയിതാ ഈ കാടിനുള്ളില്‍, ഈ ജലസംഭരണിക്ക് നടുവില്‍, ഒരു ദ്വീപ് ജനത്താമസമില്ലാതെ ശുദ്ധവായുവും ശാന്തതയും പേറി നിങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു” .....ആനപ്പാടി ഫോറസ്റ്റ് ഓഫീസില്‍ വെച്ചിരിക്കുന്ന ഐലന്റ് നെസ്റ്റിന്റെ പരസ്യവാചകം ഇങ്ങനെ പോകുന്നു.

പറമ്പികുളത്തുചെന്ന് തലേന്ന് മഴയും നനഞ്ഞ് ചായകുടിച്ചിരുന്ന പവിത്രന്റെ ചായക്കടയ്ക്ക് അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ മണി 3 കഴിഞ്ഞിരുന്നു. ഈ സമയത്ത് ഫോറസ്റ്റ് ഗൈഡ് രാകേഷ് ദ്വീപിലേക്ക് പോകാനുള്ള സന്നാഹങ്ങള്‍ ഒരുക്കുകയായിരുന്നു. ബാംബൂ റാഫ്‌റ്റിങ്ങ് നടത്തിയ അതേ കടവില്‍ നിന്ന് തന്നെയാണ് ഐലന്റിലേക്ക് പോകേണ്ടത്. പക്ഷെ ഇപ്രാവശ്യം യാത്ര ബാംബൂ റാഫ്‌റ്റിന് പകരം ഫൈബര്‍ ബോട്ടിലാണെന്ന് മാത്രം. റാഫ്‌റ്റിനേക്കാള്‍ വേഗത കിട്ടുമെന്നതുകൊണ്ടാണ് ഫൈബര്‍ ബോട്ടില്‍ യാത്ര ചെയ്യുന്നത്. ഒന്നേകാല്‍ മണിക്കൂറോളം ബോട്ട് തുഴഞ്ഞാലാണ് ദ്വീപില്‍ എത്തുക. അത്രയ്ക്ക് ദൂരമുണ്ടെങ്കില്‍ മോട്ടോര്‍ ബോട്ടില്‍ യാത്ര ആയിക്കൂടെ എന്നൊരു ന്യായമായ സംശയം ഈ അവസരത്തില്‍ ആര്‍ക്കും ഉണ്ടായെന്ന് വരാം. അന്യസംസ്ഥാനത്തിലേക്കടക്കം കുടിവെള്ളമായി ഉപയോഗിക്കുന്ന ജലമാണ് ഡാമിലേത്. അതുകൊണ്ടുതന്നെ യന്ത്രബോട്ടുകള്‍ ഈ വെള്ളത്തിലൂടെ ഓടിച്ച് ജലം മലിനപ്പെടുത്താതെയാണ് സൂക്ഷിച്ചുവരുന്നത്.

തുഴക്കാരായി 4 പേരുണ്ട്. കൂടാതെ ഫോറസ്റ്റ് ഗൈഡ് രാകേഷ്, പിന്നെ ഞങ്ങള്‍ 4 പേര്‍. ആകെ 9 യാത്രികള്‍. ഒരാള്‍ക്ക് വേണ്ടിയാണ് ദ്വീപിലേക്ക് പോകുന്നതെങ്കിലും കൂടെ ഇവര്‍ അഞ്ചുപേര്‍ വന്നേ പറ്റൂ എന്നതാണ് അവസ്ഥ. 9 പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികള്‍, വിളക്കുകള്‍, മഴക്കോട്ടുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നതൊക്കെ ഇവിടന്നുതന്നെ കൊണ്ടുപോകണം. രാത്രി എന്ത് ഭക്ഷണം വേണമെന്ന് നമ്മള്‍ക്ക് തന്നെ തീരുമാനിക്കാം. അതിനാവശ്യമായ പലചരക്ക് സാധനങ്ങള്‍ക്കുള്ള പണം കൊടുത്ത് ഏല്‍പ്പിച്ചിരുന്നതുകൊണ്ട് ഞങ്ങള്‍ ഉച്ചയൂണ് കഴിഞ്ഞപ്പോഴേക്കും സാധനങ്ങള്‍ എല്ലാം വാങ്ങി ചാക്കിലാക്കി ദ്വീപിലേക്ക് പോകാനുള്ള ക്രൂ തയ്യാറായിക്കഴിഞ്ഞിരുന്നു.

കടവിലേക്ക്... - കാത്തുകിടക്കുന്ന ചങ്ങാടങ്ങളും ഫൈബര്‍ ബോട്ടുകളും

ഇനി കയറിക്കളയാം - യാത്ര തുടങ്ങുകയായി.

കടവിലേക്ക് നടക്കുമ്പോള്‍ വീണ്ടും മഴ. കനിഞ്ഞിറങ്ങി കൂടെ വന്നിരിക്കുകയാണ് ഈ യാത്രയില്‍ മഴ ഞങ്ങള്‍ക്കൊപ്പം. ഫൈബര്‍ ബോട്ടുകളില്‍ കയറി എല്ലാവരും യാത്ര ആരംഭിച്ചു. ദൂരേയ്ക്ക് കാണാവുന്ന ചില തുരുത്തുകളുണ്ട്. അതില്‍ ഏതെങ്കിലും ഒന്നിലേക്കാണ് ഈ യാത്രയെന്ന് മനസ്സിലാക്കിയിരുന്നെങ്കിലും വീട്ടിക്കുന്നില്‍ ചെന്നുകയറുന്നതിന് 15 മിനിറ്റ് മുന്‍പല്ലാതെ അടുത്തുനിന്ന് കാണാനാവില്ല. കാഴ്ച്ചകള്‍ പലതും അതിനിടയ്ക്ക് വന്നും പോയുമിരുന്നു. മഴ പലപ്രാവശ്യം, പല ഭാവങ്ങളില്‍ വന്നും പോയും രംഗം കൊഴുപ്പിച്ചു.

ജലസംഭരണിയിലെ സഞ്ചാരക്കാഴ്ച്ചകളിലൊന്ന്.

ബോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത് നേര്‍പാതയിലാണെങ്കിലും, യാത്ര മൂന്നിലൊന്ന് പുരോഗമിച്ചശേഷം തിരിഞ്ഞ് നോക്കിയാല്‍ യാത്ര പുറപ്പെട്ട കടവ് കാണാനാകുന്നില്ല. ഇരുവശത്തും കന്യാവനങ്ങള്‍. മേഘങ്ങള്‍ വന്നുമൂടിനില്‍ക്കുന്ന മലമടക്കുകള്‍. മലകളില്‍ പലയിടത്തും മഴപെയ്യുന്നുണ്ട്. അത് ചിലപ്പോള്‍ മഴയായിട്ടോ മേഘമായിട്ടോ തന്നെ ഞങ്ങളെ പൊതിഞ്ഞ് നില്‍ക്കുകയോ ക്ഷണനേരത്തില്‍ കടന്നുപോകുകയോ ചെയ്യുന്നു. മലകളില്‍ മഴ പെയ്തിറങ്ങുമ്പോള്‍ വെള്ളിയരഞ്ഞാണങ്ങള്‍ തൂക്കിയിട്ടതുപോലെ.

ഫൈബല്‍ ബോട്ടില്‍ നിന്ന് മറ്റൊരു വന ചിത്രം.

മൊബൈല്‍ ടവറുകളും ഇലക്‍ട്രിക്ക് പോസ്റ്റുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ദൃഷ്ടിയില്‍ ഒരിടത്തും അലോസരമുണ്ടാക്കാത്തെ കന്യകാത്വം നഷ്ടപ്പെടാത്ത പ്രകൃതിയുടെ സൌന്ദര്യമാസ്വദിച്ച് വന്നും പോയുമിരുന്ന മഴ നനഞ്ഞ്, പടങ്ങളെടുത്ത്, തുഴകള്‍ സംഭരണിയിലെ ശുദ്ധജലത്തില്‍ വീഴുന്ന ശബ്ദം മാത്രം കേട്ട് ജലപ്പരപ്പിലൂടെയുള്ള ആ തെന്നിനീങ്ങല്‍ തന്നെയായിരുന്നു വീട്ടിക്കുന്ന് പാക്കേജിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഭാഗം.

ദൂരെ അവിടവിടെയായി കാടിന് വെളിയിലുള്ള കരകളില്‍ മാനുകള്‍ കൂട്ടം കൂട്ടമായി അലയുന്നു. തുഴക്കാര്‍ ആഴ്ച്ചയില്‍ 5 ദിവസമെങ്കിലും ഈ വഴി വന്നുപോകുന്നതുകൊണ്ട് അവര്‍ക്ക് ആ മാന്‍‌കൂട്ടത്തെപ്പോലും നല്ല പരിചയമാണ്. അപൂര്‍വ്വമായി കാണുന്ന കറുത്ത നിറത്തിലുള്ള ഒരു മാന്‍ അക്കൂട്ടത്തിലുണ്ടെന്ന് അവര്‍ പറഞ്ഞു. കണ്ണുകള്‍ക്ക് വ്യക്തമായി കാണാനാവാത്ത ദൂരത്തിലുള്ള ആ മാനിന്റെ പടമൊരെണ്ണം എടുക്കാനായി കുറേക്കൂടെ കരയിലേക്ക് ചേര്‍ത്ത് ബോട്ട് തുഴയാന്‍ അവര്‍ തയ്യാറാകുകയും ചെയ്തു. വേണുവിന്റെ 100-400 mm, f 4.5-5.6 എല്‍ സീരീസ് ലെന്‍സ് അതിന്റെ എല്ലാ ശക്തിയും സംഭരിച്ച് മാന്‍‌കൂട്ടത്തിന്റെ നീക്കങ്ങള്‍ ഒപ്പിയെടുത്തു. മറ്റുള്ള മാനുകളെ അപേക്ഷിച്ച് അല്‍പ്പം കൂടുതല്‍ കറുപ്പ് കലര്‍ന്ന നിറമാണ് ആ മാനിന്. ബോട്ട് കരയിലേക്ക് അടുക്കുന്നെന്ന് മനസ്സിലാക്കിയിട്ടാകണം മാന്‍‌കൂട്ടം മരങ്ങള്‍ക്കിടയിലേക്ക് മറയാന്‍ തയ്യാറായി നില്‍പ്പുറപ്പിച്ചു.

നിര്‍ഭയം മേയുന്ന മാനുകള്‍ - കൂട്ടത്തില്‍ കറുത്ത മാനും ഉണ്ട്.

ജലയാത്രയില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാഴ്ച്ച Little Cormorant എന്ന ‘ചെറിയ നീര്‍ക്കാക്ക‘കളുടെ സംഘങ്ങളായിരുന്നു. സത്യത്തില്‍ ഞാനാദ്യമായാണ് ഈ പക്ഷിവര്‍ഗ്ഗത്തെ കാണുന്നത് തന്നെ. കൂട്ടം കൂട്ടമായി കരയിലും വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന നശിച്ചുപോയ മരങ്ങളുടെ കുറ്റികളിലുമൊക്കെ അവ വിശ്രമിക്കുന്നുണ്ട്. ഇടയ്ക്ക് അവ കൂട്ടത്തോടെ പറന്നുയരുന്നു. താരതമ്യേന ഭാരമുള്ള ശരീരമുള്ളതുകൊണ്ടാകണം ജലോപരിതലത്തിലൂടെയാണ് പറക്കല്‍. ജലത്തില്‍ത്തട്ടിയുണ്ടാകുന്ന മര്‍ദ്ദം കൂടെ പറക്കലിന് സഹായകമാകുമെന്നതാണ് ഈ താഴ്‌ന്ന് പറക്കലിന്റെ രഹസ്യം. കൂട്ടത്തോടെയുള്ള പറക്കല്‍ വായുവിനെ കീറിമുറിക്കല്‍ പ്രക്രിയ എളുപ്പമാക്കുന്നു. കാക്കത്താറാവ് എന്നുകൂടെ ഈ പക്ഷിക്ക് പേരുള്ളതിന്റെ കാരണം അതിന്റെ ശരീരാകൃതിയില്‍ നിന്നുതന്നെ വ്യക്തമാണ്.

കാക്കത്താറാവ് അഥവാ ചെറിയ നീര്‍ക്കാക്ക.

ഇരപിടിക്കാനായി ജലത്തിലേക്ക് ഊളിയിടുകയും പിന്നീട് നനഞ്ഞ തൂവലുകള്‍ ഉണക്കാനായി മരക്കൊമ്പുകളില്‍ ഇരിക്കുകയും ചെയ്യുന്നത് ചെറിയ നീര്‍ക്കാക്കകളുടെ പതിവാണ്. സാധാരണ നീര്‍പ്പക്ഷികളെപ്പോലെ ഇതിന്റെ തൂവലുകള്‍ നനയാതിരിക്കുന്നില്ല. തൂവലുകള്‍ നനഞ്ഞില്ലെങ്കില്‍ ശരവേഗത്തില്‍ ജലത്തിലേക്ക് ഊളിയിട്ട് ഇരപിടിക്കുന്ന പ്രക്രിയയ്ക്ക് തടസ്സമാകും എന്നതാണ് കാരണം.

കാക്കത്താറാവുകള്‍ കൂട്ടത്തോടെ വിശ്രമിക്കുന്നു.

ഞങ്ങള്‍ക്ക് വീണ്ടും കുറേക്കൂടെ ദൂരം തുഴയെറിയാനുണ്ട്. അതിനിടയ്ക്ക് ചെന്ന് കറയാന്‍ പോകുന്ന വീട്ടിക്കുന്നിനെക്കുറിച്ച് കുറേക്കാര്യങ്ങള്‍ ഞങ്ങള്‍ ഗൈഡില്‍ നിന്ന് മനസ്സിലാക്കി. നല്ല മഴക്കാലത്ത് ഡാമില്‍ വെള്ളം ശരിക്ക് നിറയുമ്പോള്‍ ജലസംഭരണിയിലെ വീട്ടിക്കുന്നൊഴികെ മറ്റെല്ലാ ദ്വീപുകളും മുങ്ങിപ്പോകും. ഈ സമയത്തും അല്ലാത്തപ്പോഴുമൊക്കെ വീട്ടിക്കുന്നിലേക്ക് വന്യമൃഗങ്ങള്‍; പ്രധാനമായും ആനകള്‍ നീന്തിക്കയറി വരുകയും പോകുകയുമൊക്കെ പതിവാണ്. കഴിഞ്ഞ 2 ആഴ്ച്ച മുന്നേ നടത്തിയ കണക്കെടുപ്പ് പ്രകാരം വീട്ടിക്കുന്നില്‍ 36 ആനകളാണ് വിഹരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പറഞ്ഞ കൂട്ടരൊക്കെ ആ കൊച്ചുദ്വീപില്‍ നിന്ന് നീന്തിപ്പോയിട്ടില്ലെങ്കില്‍ ഞങ്ങളിന്ന് അന്തിയുറങ്ങാന്‍ പോകുന്നത് സഹ്യന്റെ മക്കളും, കാട്ടുപോത്തുകളും, മാനുകളും ഒക്കെച്ചേര്‍ന്ന വനത്തിന്റെ ശരിയായ അവകാശികളുടെയൊക്കെ നടുവിലാണ്. ആലോചിച്ചപ്പോള്‍ത്തന്നെ ആവേശം തിരതല്ലി.

വീട്ടിക്കുന്നെന്ന പേര് ഈ ഐലന്റിന് അനുയോജ്യമായ ഒരു പേരല്ല. ചന്ദനക്കുന്ന് എന്നോ മറ്റോ ആണ് ഇതിന് പേരിടേണ്ടിയിരുന്നത്. അത്രയ്ക്കധികം ചന്ദനമരങ്ങളാണ് ദ്വീപില്‍. പേരുകേട്ട് ആകര്‍ഷിതരായി വരുന്ന കാട്ടുകള്ളന്മാരുടെ ശല്യമൊഴിവാക്കാനായിരിക്കണം വീട്ടിക്കുന്ന്‍ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.

ഫൈബര്‍ ബോട്ട് കരയോടടുത്തപ്പോള്‍ വരവേല്‍ക്കാനായി കാത്തുനിന്നിരുന്നത് രണ്ട് കാട്ടുപോത്തുകളായിരുന്നു. ഉള്ളൊന്ന് ആളി.

സ്വാഗതമേകിക്കൊണ്ട് കാട്ടുപോത്തുകള്‍.

“നിങ്ങള്‍ക്കെന്ത് കാര്യം ഞങ്ങളുടെ കരയില്‍ ? “

എന്നോ മറ്റോ ചോദിച്ച് അതിലൊരെണ്ണം ഓടിച്ചിട്ട് ആക്രമിക്കാന്‍ ഒരു നീക്കം നടത്തിയാല്‍ വെള്ളത്തില്‍ ചാടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ല. വെള്ളത്തില്‍ ചാടിയാലും രക്ഷപ്പെടുകയൊന്നുമില്ല. വെള്ളത്തില്‍ മുതലകളുണ്ട്, ഞങ്ങളില്‍ പലര്‍ക്കും നീന്തലറിയുകയുമില്ല. എണ്ണപ്പാടത്തെ ജോലിയുടെ ആവശ്യത്തിനുവേണ്ടി ഞാന്‍ പരിശീലിച്ചുവെച്ചിട്ടുള്ള ചില അഭ്യാസങ്ങള്‍ ഇതുപോലുള്ള അവസരത്തില്‍ തീരെ പ്രയോജനപ്പെടുകയുമില്ല.

ഒന്നേകാല്‍ മണിക്കൂര്‍ യാത്രയ്ക്ക് ശേഷം കരപറ്റിയപ്പോള്‍.

പക്ഷെ ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് കാട്ടിയുടെ കാര്യത്തിലും സത്യം തന്നെയാണ്. ഞങ്ങള്‍ ബോട്ടില്‍ നിന്ന് കരയ്ക്കിറങ്ങിയതോടെ ടണ്‍കണക്കിന് ഭാരമുള്ള ആ മൃഗങ്ങളെല്ലാം കാട്ടിനുള്ളിലേക്ക് വലിഞ്ഞു. ഒളിച്ചിരുന്ന് വല്ല ആക്രമണം മാത്രമേ ഇനി അപകടം ഉണ്ടാക്കാനിടയുള്ളൂ. ചെളിപുരണ്ടുകിടക്കുന്ന തീരത്തിലൂടെ മുകളിലേക്ക് കയറി മരങ്ങള്‍ക്കിടയിലേക്ക് കടക്കുന്നതിന് മുന്നേ ഞങ്ങള്‍ വന്ന ബോട്ട് പിന്നീടെപ്പോഴെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയമായാലോ എന്നൊരു സംശയം എനിക്കുണ്ടാകാതിരുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ആനപ്പാടി ക്യാമ്പില്‍ നിന്ന് വേറേ ബോട്ടുമായി രക്ഷാപ്രവര്‍ത്തകര്‍ വരുന്നതുവരെ ഈ ദ്വീപില്‍ത്തന്നെ പെട്ടുപോയെന്ന് വരും.

ബോട്ടില്‍ നിന്ന് എല്ലാ സാമഗ്രികളും ഇറക്കി കരയില്‍ വെച്ചതിനുശേഷം അവിടെ നടന്ന ചടങ്ങ് കൌതുകം ജനിപ്പിക്കുന്നതായിരുന്നു. കരയില്‍ നിന്ന് അല്‍പ്പം വിട്ടുമാറി വെള്ളത്തില്‍ പണ്ടെങ്ങോ കെട്ടുപോയ ഒരു മരത്തിന്റെ തായ്‌ത്തടി നില്‍ക്കുന്നുണ്ട്. എല്ലാവരേയും ഇറക്കിയതിനുശേഷം തുഴക്കാരില്‍ ഒരാള്‍ മാത്രം ഫൈബര്‍ ബോട്ടുമായി ആ മരക്കുറ്റിക്കരുകിലേക്ക് തുഴഞ്ഞുനീങ്ങി. മരക്കുറ്റിയില്‍ ഒരു മുളഞ്ചങ്ങാടം കെട്ടിയിട്ടിട്ടുണ്ട്. ബോട്ടിനെ കുറ്റിയില്‍ ബന്ധിച്ചതിനുശേഷം മുളഞ്ചങ്ങാടത്തില്‍ക്കയറി അദ്ദേഹം കരയിലേക്ക് വന്നു. ചങ്ങാടത്തിനെ ഒറ്റയ്ക്ക് തന്നെ കരയിലേക്ക് വലിച്ചുകയറ്റി ഒഴുകിപ്പോകാത്തവിധം സുരക്ഷിതമാക്കി. ഇനിയിപ്പോള്‍ ചങ്ങാടം നശിപ്പിക്കപ്പെട്ടാലും നീന്തിച്ചെന്ന്‍ ഫൈബര്‍ ബോട്ടില്‍ കയറി മടങ്ങിപ്പോകാനാകും.

മുളഞ്ചങ്ങാടത്തില്‍ കരയിലേക്ക് വരുന്ന തുഴക്കാരന്‍.

ഉരുളന്‍ തടികളും മുളകളും ഇട്ടുണ്ടാക്കിയിട്ടുള്ള പടികള്‍ ചവിട്ടി എല്ലാവരും മുകളിലേക്ക്; കാട്ടിനകത്തേക്ക് കയറി. വഴിക്ക് ഇരുവശവും ചന്ദനമരങ്ങളാണ്. അഞ്ചെട്ട് പേര്‍ക്ക് താമസിക്കാന്‍ തക്ക സൌകര്യമുള്ള ഒരു കൊച്ചുകെട്ടിടത്തിലേക്കാണ് ആ വഴി ചെന്നവസാനിക്കുന്നത്. അതാണ് ഈ ദ്വീപിലെ കൂട് അഥവാ ഐലന്റ് നെസ്റ്റ്. ആനപ്പാടിയിലേതുപോലെ മുളകളുടെ ഡിസൈനോട് കൂടിയ കടുംപച്ച നിറം പൂശിയതാണ് കെട്ടിടം. കെട്ടിടത്തിന് ചുറ്റും കിടങ്ങ് കുഴിച്ചിരിക്കുന്നു. മുറ്റത്ത് വിശ്രമിക്കാന്‍ മുളകൊണ്ടുള്ള ബെഞ്ചും മേശകളുമൊക്കെയുണ്ട്. ദ്വീപിലെ സ്ഥിരം വാസക്കാരായ ആനകളുടെയോ കാട്ടുപോത്തിന്റേയോ ശല്യം, എല്ലാ കണക്കുകൂട്ടലും ശരിയാണെങ്കില്‍ കിടങ്ങുകള്‍ക്കപ്പുറം വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

കാട്ടുപടികളിലൂടെ വീട്ടിക്കുന്നിലേക്ക്

ഐലന്റ് നെസ്റ്റ് എന്ന വീട്ടിക്കുന്നിലെ കൂട്.

കെട്ടിടത്തിനകത്ത് ഒരു കൊച്ചു ഇടനാളി കഴിഞ്ഞാല്‍ പിന്നെ ഒരു ഹാള്‍, അതില്‍ അഞ്ചെട്ട് കട്ടിലുകള്‍. പുറകില്‍ ഒരു കൊച്ചു ടോയ്‌ലറ്റ്. മേല്‍ക്കൂര ആസ്‌ബസ്റ്റോസ് ഷീറ്റുകൊണ്ടുള്ളതാണ്. പിന്‍‌വശത്തുള്ള അടുക്കളയും അതിനോട് ചേര്‍ന്നുള്ള പരിമിതമായ സൌകര്യത്തിലുമായി കൂടെയുള്ള 5 പേര്‍ ഒതുങ്ങിക്കൂടുമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. അവര്‍ കുറഞ്ഞ ജീവിതസൌകര്യങ്ങളില്‍ ജീവിക്കുന്നവരാണ്; മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അതാണ് അവരുടെ ജീവിതം.

പുറത്ത് ഏറ്റക്കുറച്ചിലോടെ മഴ വിട്ടുമാറാതെ നിന്നു. ഞങ്ങള്‍ ഇടനാഴിയില്‍ അല്‍പ്പനേരം വെടിവട്ടം കൂടിയ നേരത്ത് ജീവനക്കാര്‍ കിടക്കകളും പുതപ്പുകളുമൊക്കെ കട്ടിലുകളില്‍ വിരിച്ച് ഞങ്ങള്‍ക്കുള്ള കിടക്കകള്‍ തയ്യാറാക്കി, ഭക്ഷണം ഉണ്ടാക്കി. നേരം ഇരുട്ടിയത് പെട്ടെന്നായിരുന്നു. മഴയത്ത് ചിറകുമുളച്ച് പറക്കാനിറങ്ങിയ ഈയാമ്പാറ്റകള്‍ കുറെ ചത്തുവീണു. കൊതുകുകള്‍ അത്യാവശ്യം നന്നായിത്തന്നെ സംഗതികളൊന്നും തെറ്റിക്കാതെ മൂളിപ്പറക്കുന്നുണ്ടായിരുന്നു. അവയ്ക്കുള്ള മരുന്നായി ഒന്നുരണ്ട് ആമത്തിരികള്‍ കത്തിയമര്‍ന്നു. കൊണ്ടുവന്നിരിക്കുന്ന ചാര്‍ജ്ജ് ചെയ്ത വിളക്കുകള്‍ അണയുന്നതിന് മുന്നേ അത്താഴം മുന്നിലെത്തി. ഭക്ഷണം കഴിച്ച് ഇരുട്ടത്തിരുന്ന് വീണ്ടും ലോകകാര്യങ്ങള്‍ പറഞ്ഞ്, എന്നാല്‍ ലോകരില്‍ നിന്നകന്ന് വൈദ്യുതിയും മൊബൈല്‍ സിഗ്നലും മറ്റ് പ്രസരണങ്ങള്‍ ഒന്നുമില്ലാത്ത ഒരിടത്ത് തികച്ചും വ്യത്യസ്തമായ ഒരു രാത്രി.

രാത്രി മഴ തകര്‍ത്തുപെയ്തു, ഇടയ്ക്കിടയ്ക്ക് നന്നായി ഇടിവെട്ടി. രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അതിന്റെ ബാക്കിപത്രമെന്ന നിലയ്ക്ക് ജലസംഭരണി മുഴുവന്‍ കോടനിറഞ്ഞ് നില്‍ക്കുകയായിരുന്നു. മോശം കാലാവസ്ഥയാണെങ്കില്‍ അല്‍പ്പം വൈകി മാത്രമേ മടങ്ങാന്‍ പറ്റൂ എന്നും, ഐലന്റ് നെസ്റ്റ് പാക്കേജിന്റെ ഭാഗമായുള്ള പക്ഷിനിരീക്ഷണം നടക്കില്ലെന്നും അറിയിപ്പുണ്ടായി. മഴക്കാലമല്ലെങ്കില്‍ ഐലന്‍‌ഡിലെ അത്യാവശ്യം ചില ഭാഗങ്ങളില്‍ പോകാന്‍ പാക്കേജ് പ്രകാരം സാദ്ധ്യമാണ്. പക്ഷെ വിപരീത കാലാവസ്ഥയില്‍ സുരക്ഷിതത്വം നോക്കാതെ പറ്റില്ലല്ലോ. കോട ഒന്ന് അണഞ്ഞപ്പോള്‍ എല്ലാവരും മടക്കയാത്രയ്ക്ക് തയ്യാറായി.

വീട്ടിക്കുന്നില്‍ നിന്ന് ജലസംഭരണിയുടെ ഒരു കാഴ്ച്ച.

കടവില്‍ സാധനങ്ങളൊക്കെ ബോട്ടില്‍ക്കയറ്റി ക്രൂ തയ്യാറായി നില്‍ക്കുകയാണ്. വീട്ടിക്കുന്നിനോട് വിട. വീണ്ടും ഒന്നേകാല്‍ മണിക്കൂര്‍ ജലാശയത്തിലൂടെ ഒരു ബോട്ട് യാത്ര, ഒട്ടുംതന്നെ മടുപ്പ് തോന്നാത്ത മടക്കയാത്ര. മടങ്ങി ആനപ്പാടിയിലെത്തി അവിടന്ന് വൈകുന്നേരത്തിന് മുന്നേ എറണാകുളത്തെത്താന്‍ ആര്‍ക്കും തിരക്കൊന്നും ഇല്ലാതിരുന്നതുപോലെ തോന്നി.

ഇനി മടക്കം.... മധുരസ്മരണകളുടെ കൂമ്പാരവുമായി.

മലിനീകരിക്കപ്പെട്ട നഗരത്തിലേക്കും അതിന്റെ തിരക്കുകളിലേക്കുമൊക്കെയുള്ള നിര്‍ബന്ധിത പ്രയാണത്തിനും അവിടത്തെ ജീവിതത്തിനുമൊക്കെ ആവശ്യമായ ജീവവായു തന്നിരിക്കുന്നു ഇക്കഴിഞ്ഞ നല്ല രണ്ട് ദിവസങ്ങള്‍.

ആനപ്പാടി ഫോറസ്റ്റ് ക്യാമ്പിന്റെ മുന്നിലുള്ള ഒരു പരസ്യപ്പലകയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകങ്ങള്‍ ശ്രദ്ധേയമാണ്.

Don't leave anything but footprints.
Take nothing but memories.


അതെങ്ങനെ സാദ്ധ്യമാകും ?! ഓര്‍മ്മകളല്ലാതെ ഒന്നും കൊണ്ടുപോകുന്നില്ല ഇവിടന്ന്, സമ്മതിച്ചു. അത് തലച്ചോറിന്റെ കാര്യം. പക്ഷെ ഇതിനിടയ്ക്ക് ഹൃദയം ഇവിടെയെങ്ങോ നഷ്ടപ്പെട്ടിരിക്കുന്നു. അത് കണ്ടെടുക്കാന്‍ പലപ്രാവശ്യം ഈ വഴി വരേണ്ടിവരും, സംശയമില്ല.

അവസാനിച്ചു.

കാണാന്‍ കൊള്ളാവുന്ന എല്ലാ ചിത്രങ്ങള്‍ക്കും കടപ്പാട് വേണുവിനോട്
---------------------------------------------------------------------------
പറമ്പികുളത്തേക്ക് പോകാന്‍ ബുക്കിങ്ങിന്

Parambikulam Wildlife Sanctuary
Anappady, Thunakkadavu P.O.
Pollachi (Via) Palakkad,
Kerala 678 661

Ph:- 04253 245025, 09442201690

www.parambikulam.org