Sunday, 25 July 2010

മീരാമാറും ഡോണാപോളയും

‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍
1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18.
------------------------------------------------------------

ദിവസങ്ങളിലൊക്കെ ഗോവയിലെ ബീച്ചുകളിലാണ് കൂടുതല്‍ സമയവും ചിലവഴിച്ചത്. അവസാനദിവസമായ ഇന്നെങ്കിലും കുറേ പള്ളികളില്‍ കയറിയിറങ്ങണം. കൂട്ടത്തില്‍ പഞ്ചിം, മീരാമാര്‍, ഡോണാ പോള എന്നിവിടങ്ങളിലും പോകണം. നാളെ മടക്കയാത്രയ്ക്ക് ആവശ്യമായ വെള്ളം, ജ്യൂസ്, ബിസ്‌ക്കറ്റുകള്‍, ഗോവയില്‍ വന്നെന്നുള്ളതിന്റെ തെളിവിലേക്കായി പോര്‍ട്ട് വൈന്‍, ഫെനി തുടങ്ങിയ ദ്രാവകങ്ങള്‍ ഒക്കെ വാങ്ങണം. നേരത്തേ ഹോട്ടലില്‍ മടങ്ങിയെത്തി കിടന്നുറങ്ങണം. ഇതൊക്കെയാണ് പദ്ധതികള്‍.

റോഡിന് നടുവില്‍ ഒരു കപ്പേള.

പനാജി വഴി മീരാമാറിലേക്കും ഡോണാ പോളയിലേക്കുമുള്ള യാത്രയില്‍ പേരും നാളുമൊന്നും അറിയാത്ത പള്ളികളിലൊക്കെയും കയറിനോക്കി. വെളുത്ത ചായം പൂശി വൃത്തിയാക്കി ഇട്ടിരിക്കുന്നുണ്ട് പള്ളികളും ചുറ്റുമതിലുകളുമെല്ലാം. അതിലൊരു ചെറിയ കപ്പേള നില്‍ക്കുന്നത് റോഡിന്റെ ഒത്തനടുക്കാണ്. പള്ളിക്ക് വേണ്ടി റോഡ് രണ്ടായി പിരിഞ്ഞ്, പള്ളി പിന്നിട്ട ശേഷംവീണ്ടും ഒന്നാകുന്നു.

ഓപ്പണ്‍ എയര്‍ റസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണത്തിന് രുചി കൂടുതലാണ്.

വഴിയരുകിലുള്ള ഒരു റസ്റ്റോറന്റില്‍ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് മീരാമാറിലേക്ക് യാത്ര തുടര്‍ന്നു.
ഗോവന്‍ തലസ്ഥാനമായ പനാജി(Panaji)യില്‍ നിന്ന് അധികം ദൂരമില്ല മീരാമാറിലേക്ക്. പഞ്ചിം(Panjim) എന്ന പറങ്കിപ്പേരാണ് പിന്നീട് പനാജി ആയി മാറിയത്. പഞ്ചിം തുടങ്ങി മീരാമാര്‍ വരെയുള്ള ഏകദേശം 3 കിലോമീറ്റര്‍ വഴി എനിക്ക് വളരെ ഇഷ്ടമാണ്. സഹപ്രവര്‍ത്തകന്‍ നിഷാദുമായി അതിലൂടെ പലപ്രാവശ്യം ഞാന്‍ നടന്നിട്ടുണ്ട്. ഒരു രാജപാതപോലെ മനോഹരമാണത്. കൂറ്റന്‍ വടവൃക്ഷങ്ങള്‍ തണല്‍ വിരിക്കുന്ന ആ റോഡരുകിലെ നടപ്പാതയിലൂടെ മണ്ടോവിപ്പുഴയും കണ്ട് നടക്കുന്നതിന്റെ ഒരു സുഖം ഒന്ന് വേറെയാണ്.

മീരാമാറില്‍ തന്നെയാണ് എന്റെ മറ്റൊരു സഹപ്രവര്‍ത്തകനും പോര്‍ച്ചുഗീസ് പരമ്പരക്കാരനുമായ അന്റോണിയോ ഗ്രേഷ്യസ് താമസിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയ്യില്‍ ഇല്ലാതെ പോയി. കൃസ്‌തുമസ്സ് പ്രമാണിച്ച് ടോണി (ഞങ്ങള്‍ അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കുന്നത്) വീട്ടിലുണ്ടെന്നെനിക്കറിയാം. പലപ്രാവശ്യം ക്ഷണിച്ചിട്ടുള്ളതുമാണ് വീട്ടിലേക്ക്. ഒരു കണക്കിന് ഫോണ്‍ നമ്പര്‍ കൈയ്യില്‍ ഇല്ലാതിരുന്നത് നന്നായെന്ന് തോന്നി. ഈ യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ ആതിഥ്യത്തിനായി ചിലവാക്കാന്‍ സമയമില്ല. കണ്ടുമുട്ടിയാല്‍ വിശേഷങ്ങളൊക്കെപ്പറഞ്ഞ് ഒരു നേരത്തെ ഭക്ഷണമെങ്കിലും കഴിക്കാതെ പിരിയാനാവില്ല. അത്രയും സമയം ഞങ്ങള്‍ക്ക് വളരെ വിലപിടിച്ചതാണ്.

മീരാമാര്‍ ബീച്ചില്‍ നിന്ന് റോഡിലേക്കുള്ള കാഴ്ച്ച

മീരാമാറിനുമുണ്ട് ഗാസ്‌പര്‍ ഡയാസ് (Gasper Dias) എന്ന് രണ്ടാമതൊരു പേര്. ‘കടല്‍ കാണല്‍‘ (Viewing of the sea) എന്നതാണ് മീരാമാര്‍ എന്ന പോര്‍ച്ചുഗീസ് പദത്തിന്റെ അര്‍ത്ഥം. വിശാലമായ കടല്‍ക്കരയാണ് മീരമാറില്‍. പക്ഷെ വടക്കന്‍ ഗോവയിലെ മറ്റ് ബീച്ചുകളെപ്പോലെ ബീച്ച് ഷാക്കുകള്‍ മീരാമാറില്‍ ഇല്ല.
ബീച്ച് ഷാക്കുകള്‍ ഇല്ലാത്ത മീരാമാര്‍ ബീച്ച് ഒരു ദൃശ്യം.

ബീച്ചിലേക്കുള്ള റോഡ് കടന്നുപോകുന്ന വൃത്തത്തിനു നടുവില്‍ കാണുന്ന പ്രതിമകള്‍ ശ്രദ്ധേയമാണ്. അതിനുചുറ്റും ഒന്നുരണ്ട് പീരങ്കികള്‍ പൊയ്പ്പോയ പറങ്കിസാമ്രാജ്യത്തിന്റെ ഓര്‍മ്മയും പേറി നില്‍ക്കുന്നു. വൃത്തത്തിന്റെ ഇരുവശങ്ങളിലായി ഒരു ചെറിയ കുരിശടിയും ഒരു അമ്പലവുമുണ്ട്. ബീച്ചിലേക്കിറങ്ങി നിന്നാല്‍ അഴിമുഖത്തിനപ്പുറം ദൂരെ വടക്കുദിക്കിലായി തലേന്ന് കണ്ടുമടങ്ങിയ അഗ്വാഡ ഫോര്‍ട്ടും, ജയിലും, ലൈറ്റ് ഹൌസുകളുമൊക്കെ കാണാം.

മീരാമാര്‍ റൌണ്ട് എബൌട്ടിലെ പ്രതിമകള്‍.

മീരാമാര്‍ ബീച്ചില്‍ നിന്ന് കാണുന്ന അഗ്വാഡ ഫോര്‍ട്ടും, ജയിലും, ലൈറ്റ് ഹൌസുകളും.

ബീച്ചില്‍ നിന്ന് ഡോണാ പോളയിലേക്കുള്ള പാതയൊക്കെ അന്താരാഷ്ട്രനിലവാരത്തിലാണിപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നതും പരിപാലിക്കപ്പെടുന്നതും. നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുതകുന്ന തരത്തിലുള്ള പാര്‍ക്ക് ബെഞ്ചുകളോക്കെയിട്ട അത്തരം റോഡുകള്‍ കാണുന്നത് തന്നെ ഒരു കുളിര്‍മയാണ്.

മീരാമാര്‍ ഡോണാ പോള റോഡിന്റെ മനോഹാരിത.

മീരാമാര്‍ ബീച്ചിലെ Caranzalem പാര്‍ക്ക്.

ഞങ്ങള്‍ക്കിനി പോകാനുള്ളത് ഡോണാ പോളയിലേക്കാണ്. അങ്ങോട്ടുള്ള വഴിയിലാണ് Caranzalem പാര്‍ക്ക്. നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും ഈ മാര്‍ഗ്ഗമദ്ധ്യേ തന്നെ. ഡോണാ പോളവരെയുള്ള മുഴുവന്‍ ദൂരവും കാറില്‍ പോകാനാവില്ല. പാര്‍ക്ക് ചെയ്യാനുള്ള കുറവാണെന്നുള്ളതാണ് കാരണം. വാഹനം തൊട്ടടുത്തുള്ള ഒരു പഴയ പള്ളിയുടെ മുന്നിലിട്ട് ഞങ്ങളിറങ്ങി നടന്നു. തിരുപ്പിറവിയുടെ പ്രതിമകള്‍ കാലിത്തൊഴുത്തില്‍ ഉണ്ടെന്നുള്ളതൊഴിച്ചാല്‍ വിജനമാണ് പള്ളിപ്പരിസരമൊക്കെ.

ഡോണാ പോളയിലെ ആളൊഴിഞ്ഞ ഒരു പഴയ പള്ളി.

വഴി അല്‍പ്പം താഴേക്കിറങ്ങിച്ചെല്ലുന്നത് ഡോണാ പോളയിലേക്കാണ്. ഇവിടെ പക്ഷെ കടല്‍ക്കരയൊന്നും ഇല്ല. മൂന്ന് ചുറ്റിനും വെള്ളമാണ്. തുണിത്തരങ്ങള്‍ വില്‍ക്കുന്ന വഴിവാണിഭക്കാരുടെ പെട്ടിക്കടകളുടെ നീണ്ട നിരയുള്ള പാലത്തിലൂടെ കടന്നുചെല്ലുന്നത് ഒരു മുനമ്പിലേക്കും അവിടെയുള്ള ഉയര്‍ന്ന പാറപ്പുറത്തേക്കുമാണ്. പാലത്തിനിരുവശവും വഴിവിളക്കുകളൊക്കെ നാട്ടിയും നിലത്ത് തറയോടുകള്‍ വിരിച്ചും വഴി മോടിപിടിപ്പിച്ചിരിക്കുന്നു.

ഡോണാ പോള ഒരു ദൃശ്യം.

ഡോണാ പോളയെപ്പറ്റി പറയുമ്പോള്‍ ചരിത്രത്തിനും കേട്ടുകേള്‍വിക്കും ഇടയിലെവിടെയോ പെട്ടുപോയ ഒരു പ്രേമകഥ പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാവില്ല.

പോര്‍ച്ചുഗീസ് ഇന്ത്യയിലെ പഴയൊരു വൈസ്രോയിയുടെ മകളായ ഡോണാ പോളയാണ് (Dona Paula) പ്രേമകഥയിലെ നായിക. നിറയെ റിസോര്‍ട്ടുകളും ഹോട്ടലുകളുമൊക്കെ ഇന്നിവിടെ കാണാമെങ്കിലും പഴയൊരു മത്സബന്ധന ഗ്രാമമായിരുന്നു ഇത്. സ്വദേശിയായ ഗാസ്‌പര്‍ ഡയസ് എന്നുപേരുള്ള (Gaspar Dias)ഒരു സ്വദേശി മുക്കുവനുമായി കഥാനായിക അടുപ്പത്തിലാവുകയും ആ ബന്ധം വിവാഹത്തിലെത്തില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ഈ മുനമ്പിലെ പാറപ്പുറത്തുനിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു എന്നുമാണ് കെട്ടുകഥ.

വഴിവാണിഭക്കാര്‍ നിറഞ്ഞ ഡോണാ പോള പാലം - പാറപ്പുറത്ത് നിന്നൊരു കാഴ്ച്ച.

നിലാവില്‍ക്കുളിച്ച് നില്‍ക്കുന്ന രാത്രികളില്‍ എപ്പോഴൊക്കെയോ, കഴുത്തില്‍ മുത്തുമാല മാത്രമണിഞ്ഞ് കടല്‍ത്തിരകളില്‍ നിന്ന് ഡോണാ പോള ഉയര്‍ന്ന് വരുമെന്നുള്ള കഥയും പ്രചരിക്കുന്നതുകൊണ്ട് അങ്ങനൊരു കാഴ്ച്ചയ്ക്കായി രാത്രികാലങ്ങളില്‍ ഈ മുനമ്പിലെത്തുന്ന സഞ്ചാരികളും ഒട്ടും കുറവല്ല. മുന്‍പൊരിക്കല്‍, നല്ല നിലാവുള്ളൊരു രാത്രിയില്‍ ഒരു പാക്കേജ് ടൂര്‍ ടീമിന്റെ കൂടെ ഞാനുമെത്തിയിട്ടുണ്ട് ഡോണാ പോളയില്‍. മുത്തുമാല കഴുത്തിലിട്ട് ഡോണാ പോള ഉയിര്‍ത്തെഴുന്നേറ്റ് വന്നില്ലെങ്കിലും, ഇന്നീ പകലിനേക്കാള്‍ ഞാന്‍ ആസ്വദിച്ചത് നിലാവുള്ള ആ രാത്രി തന്നെയായിരുന്നു.

ഡോണാ പോള മുനമ്പ് - പാറപ്പുറത്തുനിന്നുള്ള ദൃശ്യം.

രസകരമായ കാര്യം അതല്ല. ഈ പ്രേമകഥയടക്കം കാല്‍ ഡസന്‍ കഥകള്‍ വേറെയും ഡോണാ പോളയുമായി ബന്ധപ്പെട്ട് പറയപ്പെടുന്നുണ്ട്. ഡോണയ്ക്കൊപ്പം കാമുകന്‍ ഗാസ്‌പര്‍ ഡയസും ഇവിടന്ന് കടലിലേക്ക് ചാടിച്ചത്തിട്ടുണ്ടെന്നാണ് കഥയുടെ മറ്റൊരു വേര്‍ഷന്‍. ഡോണയുടെ ഭര്‍ത്താവായ പോളോ മത്സ്യബന്ധനത്തിന് പോയിട്ട് മടങ്ങിവന്നില്ലെന്നും, കാത്തുകാത്ത് ഈ കടവില്‍ നിന്ന ഡോണ അവസാനം കല്ലായിപ്പോകുകയും ചെയ്തു എന്നാണ് അടുത്ത വേര്‍ഷന്‍.

ഡോണാ പോളയുടെ ചരിത്രം എങ്ങനെയാണ് കെട്ടുകഥകളായി മാറിയതെന്ന് ഗവേഷണങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. അത്തരത്തിലൊരു അന്വേഷണം വെളിച്ചത്ത് കൊണ്ടുവന്ന വിവരങ്ങള്‍ ഇപ്രകാരമാണ്. പോര്‍ച്ചുഗീസ് ആചാരപ്രകാരം ഡോണ എന്നത് വിവാഹിതകള്‍ക്ക് കൊടുക്കുന്ന ഒരു വിശേഷണമാണ്. ശ്രീലങ്കയിലെ പോര്‍ച്ചുഗീസ് വൈസ്രോയിയുടെ മകളായിരുന്ന Paula Amaral എന്ന വനിത കെട്ടുകഥകളിലല്ല ചരിത്രത്തില്‍ത്തന്നെ ഇടം പിടിച്ചിട്ടുള്ള സ്ത്രീയാണ്. തന്റെ കുടുംബത്തോടൊപ്പം 1644ല്‍ ഗോവയിലെത്തിയ അവര്‍ 1656 ഒരു സ്‌പെയിന്‍ കാരനായ Dom Antonio de Souto Maior എന്ന വ്യക്തിയെയാണ് വിവാഹം ചെയ്തത്. ഡോണാ പോള മുനമ്പിന്റെ തൊട്ടടുത്തുതന്നെയുള്ള രാജ് ഭവന്‍ ബംഗ്ലാവ് ഇരിക്കുന്ന സ്ഥലമടക്കമുള്ള പ്രദേശമൊക്കെ വളരെ ഉന്നത നിലയിലുള്ള ഈ കുടുബത്തിന്റേതായിരുന്നു.

ഡോണാ പോള ഒരുപാട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഒഡ്ഡാവെല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സ്ഥലത്തെ ഗ്രാമവാസികള്‍ക്കായി ഒരുപാട് സല്‍ക്കര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ളതായും രേഖകളുണ്ട്. പോളാ അമറാല്‍ 1682 ഡിസംബര്‍ 16ന് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു. അവരോടുള്ള ആദരസൂചകമായാണ് ഒഡ്ഡാവെല്‍(Oddavell)എന്ന സ്ഥലപ്പേര് ഗ്രാമവാസികള്‍ ഡോണാ പോള എന്നാക്കി മാറ്റിയത്. ഗവര്‍ണ്ണറുടെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള അവരുടെ കല്ലറയ്ക്ക് മുകളില്‍ ഭാഗികമായാണെങ്കിലും ഈ ചരിത്രമൊക്കെ കൊത്തിവെച്ചിട്ടുള്ളത് കണ്ടെടുത്തിട്ടുമുണ്ട്.

ആദ്യം പറഞ്ഞ നാട്ടുകഥകള്‍ കാരണമാകണം ഡോണാ പോളയ്ക്ക് ലവേഴ്സ് പാരഡൈസ് എന്നൊരു പേരുകൂടെ വീണിട്ടുണ്ട്. പടികള്‍ കയറി പാറക്കെട്ടിന്റെ മുകളിലേക്ക് ചെല്ലുമ്പോള്‍ കാണുന്ന അപൂര്‍ണ്ണമെന്ന് തോന്നിക്കുന്ന സ്ത്രീപുരുഷപ്രതിമകള്‍ ഈ കഥകള്‍ക്കൊക്കെ നിറം പകര്‍ന്നുകൊണ്ട് നിലകൊള്ളുന്നു. ഡോണാ പോളയേയും കാമുകനുമായും ബന്ധപ്പെടുത്തിയാണ് ഈ പ്രതിമകളും സ്മരിക്കപ്പെടുന്നതെങ്കിലും അതിന്റെ സത്യാവസ്ഥയും മറ്റൊന്നാണ്.

ശ്രീമാന്‍ ശ്രീമതി Robert Knox സ്മാരകം.

തത്ത്വചിന്തകനായിരുന്ന റോബര്‍ട്ട് നോക്സ് (Robert Knox) നോടുള്ള ആദരസൂചകമായി ഡച്ചുകാരിയായ Baroness Yrse Von Leistner എന്ന ശില്പിയാണ് ആ ശില്‍പ്പങ്ങള്‍ ഇവിടെ കൊത്തിവെച്ചത്. അക്കാര്യം ശില്‍പ്പത്തിനു താഴെ മാര്‍ബിള്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും ടൂറിസ്റ്റ് ഗൈഡുകള്‍ അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നത് ഡോണാ പോളയുടെ ഇല്ലാത്ത പ്രേമകഥയും, ആത്മാഹുതിക്കഥയുമൊക്കെ ആണെന്നുള്ളത് വിരോധാഭാസം മാത്രം.

ജലസാഹസിക വിനോദങ്ങള്‍ ഡോണാ പോളയിലും ഉണ്ട്.

ഡോണാ പോളയിലെ പാറപ്പുറത്തുനിന്ന് തീരത്തിന്റെ ഒരു ദൃശ്യം.

മുനമ്പിന്റെ മുകളില്‍ കയറിനിന്നാല്‍ Mormugao ഹാര്‍ബര്‍ അടക്കമുള്ള തീരങ്ങളുടെയൊക്കെ നല്ലൊരു കാഴ്ച്ച കിട്ടും. വാട്ടര്‍ സ്പോര്‍ട്ട്സ് തകൃതിയായി നടക്കുന്നുണ്ട് ഡോണാ പോളയിലും. ചെറിയ ഒറ്റക്കണ്ണന്‍ ദൂരദര്‍ശിനികളില്‍ കാഴ്ച്ചകളൊക്കെ കാണിച്ചുകൊടുത്ത് ചില്ലറ വരുമാനമുണ്ടാക്കുന്ന നാട്ടുകാരായ ബാലവേലക്കാര്‍, ചിരിച്ചുല്ലസിച്ച് ഒരു വലിയ മലയാളി സുഹൃത്‌സംഘം, വഴിവാണിഭക്കാര്‍...... കുറേ പടങ്ങളൊക്കെ എടുത്തും കാഴ്ച്ചകളൊക്കെ ആസ്വദിച്ചും അക്കൂട്ടത്തില്‍ ഞങ്ങളും.

ഡോണാ പോളയില്‍ നിന്ന് ഒരു കുടുംബചിത്രം.

ബ്രിട്ടീഷ് വാര്‍ മ്യൂസിയവും , രാജ് ഭവനും മീരാമാറീന് തൊട്ടടുത്ത് തന്നെയാണ്. രാജ് ഭവന് അകത്തേക്ക് പ്രവേശനം ഇല്ലെങ്കിലും, ഗേറ്റ് വരെ ഒന്ന് എത്തിനോക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ലല്ലോ ? ഞങ്ങള്‍ ഡോണാ പോളയോട് വിടവാങ്ങി.

കാബോ രാജ് ഭവന്റെ ഗേറ്റ്.
ഗോവ ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയെ കാബോ രാജ് ഭവന്‍ എന്ന പേരിലാണ് വിളിക്കുന്നത്. രാജ് ഭവനിലേക്കുള്ള വഴിയരുകില്‍ത്തന്നെ ബ്രിട്ടീഷ് വാര്‍ മ്യൂസിയം കാണാം. 1802 ലാണ് ഇംഗ്ലീഷുകാര്‍ ഈ സെമിത്തേരി നിര്‍മ്മിക്കുന്നത്. നെപ്പോളിയന്‍ കാലഘട്ടത്തിന്റെ ഓര്‍മ്മയ്ക്കായി ഗോവന്‍ പ്രദേശത്ത് അവശേഷിക്കുന്ന ഏക സ്മാരകമാണ് 208 വര്‍ഷത്തോളം പഴക്കമുള്ള ഈ സെമിത്തേരി.

ഡോണാ പോളയിലെ ബ്രിട്ടീഷ് വാര്‍ മ്യൂസിയം.

സമയം ഉച്ചയാകുന്നു. മീരാമാറില്‍ എവിടന്നാണ് നല്ല പോര്‍ട്ട് വൈനും ഫെനിയുമൊക്കെ കിട്ടുന്നതെന്ന് എനിക്ക് കൃത്യമായറിയാം. മീരാമാറില്‍ നിന്ന് പഞ്ചിമിലേക്കുള്ള മടക്കവഴിയില്‍ വിശാലമായി വാഹനം പാര്‍ക്ക് ചെയ്ത് ഇതൊക്കെ വാങ്ങാനുള്ള സൌകര്യമുണ്ട്. സഞ്ചാരികളുടെ ബസ്സുകളും മറ്റ് വാഹനങ്ങളുമൊക്കെയായി എപ്പോഴും നല്ല തിരക്കാണവിടെ. ഗോവയില്‍ നിന്ന് വാങ്ങുന്ന ഈ ‘പഴച്ചാറുകള്‍ ‘ സ്റ്റേറ്റിന് വെളിയില്‍ കൊണ്ടുപോകുന്നതിന് നിബന്ധനകള്‍ ഉണ്ട്. ഒരാള്‍ക്ക് 2 ബോട്ടില്‍ കൊണ്ടുപോകാനുള്ള പെര്‍മിറ്റ് കടയില്‍ നിന്ന് തന്നെ അവര്‍ എഴുതിത്തരും. അതുണ്ടെങ്കില്‍ കര്‍ണ്ണാടക-ഗോവ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ കുഴപ്പമൊന്നും ഇല്ല എന്നാണ് വെപ്പ്.

മറ്റൊരു പുരാതന ദേവാലയം.

ഒരു ദേവാലയത്തിന്റെ അള്‍ത്താരയും ഇരിപ്പിടങ്ങളും അടക്കമുള്ള ഉള്‍ഭാഗം.

മടക്കവഴിയില്‍ വീണ്ടും ചില പള്ളികളില്‍ കയറിയിറങ്ങി. പലതും പൂട്ടിയിട്ടിരിക്കുകയാണ്. അല്‍പ്പനേരം അതിനകത്തൊക്ക കയറി ഇരിക്കണമെന്ന ആഗ്രഹം നടന്നില്ല. ഗോവന്‍ പള്ളികളില്‍ ചിലതില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഗ്ലാസ്സ് പെയിന്റിങ്ങുകളുണ്ട്. അതിലൊന്ന് കാണാനായി ഞാനും സഹപ്രവര്‍ത്തകന്‍ നിഷാദും ഓട്ടോറിക്ഷ പിടിച്ച് കിലോമീറ്ററുകളോളം അലഞ്ഞിട്ടുണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഗോവന്‍ ടൂറിസത്തിന്റെ ചില പരസ്യഫോട്ടോകളില്‍ കാണുന്ന ഗ്ലാസ്സ് പെയിന്റുങ്ങുകളുടെ പടങ്ങളും കൈയ്യിലെടുത്തായിരുന്നു അന്വേഷണം. പള്ളിയുടെ പേരറിയില്ല, സ്ഥലപ്പേര് അറിയില്ല. എന്നിട്ടും ആ പള്ളി കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. രസകരമായ അനുഭവമായിരുന്നു അതൊക്കെ.

തോമാസ്ലീഹയുടെ കൂറ്റന്‍ ഗ്ലാസ് പെയിന്റിങ്ങ് - ഒരു ഗോവന്‍ ദേവാലയത്തില്‍ നിന്ന്.

ഉച്ചഭക്ഷണത്തിന് ഭാഗ ബീച്ചിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ഇത്രയൊക്കെ ആയിട്ടും ബീച്ചുകള്‍ ആസ്വദിച്ച് മതിയായിട്ടില്ല ഞങ്ങള്‍ക്കാര്‍ക്കും. ബീച്ച് ഷാക്കിലൊന്നില്‍ കയറുന്നതിന് മുന്നേ ടൂര്‍ പ്രമോട്ടര്‍ ഒരാള്‍ പിടികൂടി. ഇയാളുടെ സഹപ്രവര്‍ത്തകര്‍ മറ്റ് 3 പേര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങളുമായി മുട്ടിയതാണ്. ആദ്യത്തെ ആളെ കണ്ടുമുട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതവും ആഹ്ലാദവുമായിരുന്നു. അയാളുടെ കൈയ്യില്‍ ഉള്ള ഒരു ഗിഫ്റ്റ് വൌച്ചര്‍ ഞങ്ങള്‍ക്ക് തന്നു. അതിലെ മറച്ചുവെച്ചിരിക്കുന്ന ഒരു ഭാഗം ചുരണ്ടി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് സമ്മാനം കിട്ടിയിരിക്കുന്നു. ലാപ്പ്‌ടോപ്പ് ഒരെണ്ണമാണ് അടിച്ചിരിക്കുന്നത്. വൈകീട്ട് അവരുടെ റിസോര്‍ട്ടില്‍ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത് ലാപ്പ്‌ടോപ്പ് കൈപ്പറ്റിയാല്‍ മാത്രം മതി എന്നാണ് പറയുന്നത്. എനിക്കതത്ര പന്തിയായി തോന്നിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ ഗിഫ്റ്റ് വൌച്ചര്‍ വഴി, വിമാനടിക്കറ്റ് ടീ-ഷര്‍ട്ട്, ഐ-പോഡ് തുടങ്ങിയ പല സമ്മാനങ്ങളും കിട്ടി. ഇത്തരം സമ്മാനങ്ങള്‍ വാങ്ങാന്‍ അവിടെച്ചെന്നുകഴിയുമ്പോള്‍ അവര്‍ക്ക് മറ്റ് പല നിബന്ധനകളും ഉണ്ടായിരിക്കും. അതില്‍പ്പലതും നമ്മളുടെ കൈയ്യില്‍ നിന്ന് പണം പോകുന്ന സ്ഥിതിവിശേഷത്തിലേക്ക് മാത്രമേ കൊണ്ടെത്തിക്കൂ. ഒന്നും കാണാതെ പട്ടര് വെള്ളത്തില്‍ ചാടില്ലല്ലോ !

ബാഗ ബീച്ച് - ബീച്ച് ഷാക്കില്‍ നിന്നുള്ള കാഴ്ച്ച.

പതിവുപോലെ ഷാക്കിലെ ഭക്ഷണവും ഉറക്കവുമൊക്കെ കഴിഞ്ഞ്, അക്ഷരാര്‍ത്ഥത്തില്‍ ടൂര്‍ പ്രമോട്ടറുടെ കണ്ണ് വെട്ടിച്ചിട്ടാണ് അവിടന്ന് വെളിയില്‍ കടന്നത്. കലാഗ്യൂട്ട് ബീച്ചിലെ ജോളീസ് ഷാക്കിലായിരുന്നു രാത്രി ഭക്ഷണം. അത് അവസാനിച്ചത് ഒരു ചെറിയ വെടിക്കെട്ടോടുകൂടെയാണ്. പുതുവത്സരം കൂടുതല്‍ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഗോവ വീണ്ടും ആഘോഷത്തിമിര്‍പ്പില്‍ മുങ്ങാന്‍ പോകുകയാണ്.

തലേ ദിവസത്തെ പോലെ കലാഗ്യൂട്ട്-അഗ്വാഡ റൂട്ടില്‍ വണ്ടിയോടിച്ച് രാത്രിക്കാഴ്ച്ചകള്‍ കുറേ ആസ്വദിച്ചിട്ടുതന്നെയാണ് മനസ്സില്ലാമനസ്സോടെയാണെങ്കിലും ഹോട്ടലിലേക്ക് മടങ്ങിയത്.

ഗോവന്‍ ബീച്ചുകളിലൂടെ എത്ര നടന്നിട്ടും മതിവരാതെ....

29 ഡിസംബര്‍ 2009. നേരം പുലര്‍ന്നു. റോഡില്‍ തിരക്കേറുന്നതിന് മുന്നേ, തലേന്ന് രാത്രിയിലെ ആഘോഷമൊക്കെ കഴിഞ്ഞ് ഗാഢനിദ്രപൂണ്ടുകിടക്കുന്ന ഗോവയോട് ഞങ്ങള്‍ വിട പറഞ്ഞു.

മടക്കയാത്രയില്‍ മനസ്സുകൊണ്ട് ഒരു കണക്കെടുപ്പ് എന്നും പതിവുള്ളതാണ്. ഈ കുറിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, ഓള്‍ഡ് ഗോവയിലെ പല പ്രമുഖ പള്ളികളിലും പോകാന്‍ പലപ്പോഴായി എനിക്കായിട്ടുണ്ട്. എന്നാലും ഒരുപാട് സ്ഥലങ്ങളില്‍ ഇനിയും പോകാന്‍ ഇനിയും ബാക്കിയുണ്ട് ഓള്‍ഡ് ഗോവയില്‍. ഗോവയിലെ ബുധനാഴ്ച്ച ചന്ത (Wednesday Market) പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അത് കാണാന്‍ ഞങ്ങള്‍ക്കായിട്ടില്ല. നല്ല മഴയുള്ളപ്പോള്‍ ഗോവയുടെ സൌന്ദര്യം ഞാനിതുവരെ കണ്ടിട്ടില്ല. കാണാക്കാഴ്ച്ചകള്‍ക്കൊക്കെയായി പറങ്കികളുടെ ഈ പഴയ കോളനിയിലേക്ക് ഇനിയും പലപ്രാവശ്യം വരാതിരിക്കാനാവില്ല.

യാത്രയുടെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ കാമുകിയുടെ വീട്ടില്‍ തന്റെ കുട മനഃപ്പൂര്‍വ്വം മറന്ന് വെച്ചിട്ട് അതെടുക്കാനെന്ന ഭാവത്തില്‍ വീണ്ടും പോകുന്ന ഒരു കാമുകനെപ്പോലെ.... ചിലതൊക്കെ പിന്നില്‍ അറിഞ്ഞുകൊണ്ടുതന്നെ ബാക്കിയിട്ടിരിക്കുകയാണ്.... വീണ്ടുമൊരു ഗോവന്‍ യാത്രയ്ക്ക് വഴിയൊരുക്കാന്‍ വേണ്ടി.

ഇക്കണ്ട ദിവസങ്ങളൊക്കെ അലഞ്ഞുതിരിഞ്ഞിട്ടും ഞങ്ങള്‍ക്കാര്‍ക്കും ഒരു ബുദ്ധിമുട്ടോ ആരോഗ്യപ്രശ്നങ്ങളോ ടൂറിസ്റ്റ് ഇടങ്ങളില്‍ നിന്നുള്ള എന്തെങ്കിലും മോശം അനുഭവമോ ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയാതെ വയ്യ. ഒരു പഞ്ചര്‍ പോലും തരാതെ ഞങ്ങളുടെ വാഹനവും സഹകരിച്ചു. മോശം അനുഭവമെന്ന് പറയാന്‍ ഗോവ-കര്‍ണ്ണാടക ചെക്ക് പോസ്റ്റില്‍ ഉണ്ടായ പിടിച്ചുപറി മാത്രം.

അക്കഥ ഇപ്രകാരമാണ്. ഫെനിയും വൈനും വാങ്ങിയപ്പോള്‍ കിട്ടിയ പെര്‍മിറ്റ് ഗോവ-കര്‍ണ്ണാടക ചെക്ക് പോസ്റ്റിലുള്ള പൊലീസുകാരന്‍ വകവെച്ചില്ല. പഴച്ചാറുകള്‍ക്ക് ചിലവായതിന് തത്തുല്യമായ തുകയാണ് കര്‍ണ്ണാടക അതിര്‍ത്തി കാക്കുന്ന പൊലീസുകാരന്‍ പോക്കറ്റടിച്ചത്.

“ ഇത് ശാരായം, ഡൂ യൂ അണ്ടര്‍സ്റ്റാന്റ് ? “

ഫെനിയുടെ ബോട്ടില്‍ കാറിന്റെ പിന്നില്‍ നിന്ന് വെളിയിലെടുത്ത് പൊലീസുകാരന്‍ ആക്രോശിക്കുകയായിരുന്നു. കൈക്കൂലി വാങ്ങാനുള്ള ഒരു തന്ത്രം. പെര്‍മിറ്റിനെപ്പറ്റി പറഞ്ഞത് അദ്ദേഹം ചെവിക്കൊണ്ടില്ല. വിജനമായ ചെക്ക് പോസ്റ്റില്‍ പെര്‍മിറ്റ് പൊക്കിപ്പിടിച്ച് തര്‍ക്കിക്കുന്നതോ വാദപ്രതിവാദം നടത്തുന്നതോ ഗുണം ചെയ്യില്ലെന്ന് എനിക്കുറപ്പായിരുന്നു. ദ്രാവകങ്ങള്‍ രണ്ടും നിലത്തൊഴിച്ച് കളയാമെന്നുള്ള എന്റെ പരിഹാരനിര്‍ദ്ദേശമൊന്നും ചെവിക്കൊള്ളാന്‍ പൊലീസുകാരന്‍ തയ്യാറല്ലായിരുന്നു. അയാള്‍ക്ക് പണം വേണം അല്ലെങ്കില്‍ തൊണ്ടി വേണം. തൊണ്ടി കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അവസാനം പണം കൊടുത്ത് ഒഴിവാകുകയായിരുന്നു. മതിയായ രേഖകള്‍ കൈയ്യില്‍ ഉണ്ടായിരുന്നിട്ടും പിടിച്ചുപറിക്കപ്പെട്ട പണമാണത്. തസ്‌ക്കരന്‍ മണിയന്‍ പിള്ളയുടെ തത്ത്വശാസ്ത്രപ്രകാരം ആ പണം അയാള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകില്ല എന്ന് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

ബാംഗ്ലൂര് നിന്ന് ഒറ്റയടിക്ക് കൊച്ചിയിലേക്ക് വാഹനം ഓടിച്ച് വരുന്നത് പതിവായിരുന്നു ഞങ്ങളുടെ ബാംഗ്ലൂര്‍ ജീവിതകാലത്ത്. ഏകദേശം 550 കിലോമീറ്റര്‍ വരുന്ന ആ ദൈര്‍ഘ്യമാണ് ഒരു ദിവസത്തില്‍ വണ്ടി ഓടിച്ചിട്ടുള്ളതിന്റെ പേരില്‍ എനിക്കുള്ള റെക്കോര്‍ഡ്. ഇപ്പോള്‍ ഞാനത് ഭേദിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഗോവയില്‍ നിന്ന് വിട്ട് വൈകീട്ട് 7 മണിയോടെ ചെന്ന് കയറിയത് എന്റെ സ്വപ്നഭൂമിയായ വയനാട്ടിലേക്കാണ്. 690 കിലോമീറ്ററിന് മുകളിലുള്ള അത്രയും ദൂരം വണ്ടി ഓടിക്കാനുള്ള ഊര്‍ജ്ജം ഗോവയില്‍ നിന്ന് ഞാന്‍ സംഭരിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പായിരുന്നു. ഒരു തളര്‍ച്ചയും തോന്നിയില്ല മാനന്തവാടിയില്‍ എത്തിയിട്ടും.

വഴിക്കെവിടെ വെച്ചോ ആ വിവരം അറിഞ്ഞിരുന്നു. അറയ്ക്കല്‍ കെട്ടില്‍ നിന്ന് കളവുപോയ അമൂല്യമായ തമ്പുരാട്ടി വിളക്ക് പൊലീസ് കണ്ടെടുത്തിരിക്കുന്നു. വല്ലാത്ത സന്തോഷം തോന്നി.

കുറേയധികം കോട്ടകള്‍, വ്യത്യസ്തമായ ചില ആരാധനാലയങ്ങള്‍, മറിയുമ്മയേയും ഷേക്ക് പരീദിനേയും പോലുള്ള വ്യക്തിത്വങ്ങള്‍, പഠനകാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇടയാക്കിത്തന്നുകൊണ്ട് കണ്ണൂര്‍.... മറക്കാനാവാത്ത അനുഭങ്ങള്‍ തന്നെയായിരുന്നു ഈ യാത്രയിലുടനീളം കിട്ടിയത്.

എല്ലാ യാത്രകളും ഇതുപോലെ ആയിരുന്നെങ്കില്‍! കാണാത്ത കാഴ്ച്ചകളും, നിറയെ പുത്തനറിവുകളും തന്നുകനിഞ്ഞ് ഒരു ഒഴുക്കിലെന്ന പോലെ മനസ്സിനെ ശുദ്ധീകരിക്കാന്‍ എല്ലാ യാത്രകള്‍ക്കും ആയിരുന്നെങ്കില്‍ ! അഷ്ടവസുക്കളുടെ അനുഗ്രഹം എല്ലാ യാത്രകള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ !

......അവസാനിച്ചു.......

Monday, 19 July 2010

അഗ്വാഡാ ഫോര്‍ട്ട്

‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17.
------------------------------------------------------

ബീച്ച് ഷാക്കിലെ ഉച്ചമയക്കത്തിന് ശേഷം കടല്‍ത്തീരത്ത് അല്‍പ്പസമയം നേഹയുമായി ചിലവഴിച്ചതിനുശേഷം കാറില്‍ക്കയറി വീണ്ടും യാത്ര തുടര്‍ന്നു. അഗ്വാഡ ഫോര്‍ട്ട് ആയിരുന്നു അടുത്ത ലക്ഷ്യം. ഫോര്‍ട്ടിലേക്കെത്തുന്നതിന്റെ മുന്നായി അഗ്വാഡ സെന്‍‌ട്രല്‍ ജയിലിന്റെ മുന്നിലും ചെന്ന് ചാടി. ഗോവയിലെ ഏറ്റവും വലിയ തടവറയാണ് അഗ്വാഡ ജയില്‍. നോര്‍ത്ത് ഗോവയിലെ മറ്റൊരു ബീച്ചായ മീരാമാറില്‍ നിന്ന് ഒരു വിദൂരദൃശ്യമായി ഈ ജയില്‍ പലപ്രാവശ്യം കണ്ടിട്ടുണ്ട്. ജയിലിന്റെ ഗേറ്റിനകത്തേക്ക് കയറാന്‍ അനുമതി ആവശ്യമാണ്. അതുകൊണ്ട് അഗ്വാഡ ജയില്‍ക്കാഴ്ച്ച ഗെയിറ്റിന് വെളിയില്‍ത്തന്നെ അവസാനിച്ചു.

കുറ്റം ചെയ്തിട്ടായാലും അല്ലാതെ ആയാലും ഏതെങ്കിലും ഒരു ജയിലിനകത്ത് ഇതുവരെ കയറിയിട്ടില്ല. കണ്ണൂര് പഠിക്കുന്ന കാലത്ത് കോളേജിന്റെ ബാലാരിഷ്ടതകള്‍ തീര്‍ക്കാനുള്ള സമരങ്ങളുടെ ഭാഗമായി അഞ്ചെട്ട് സഹപാഠികളുമായി ജില്ലാ കളക്‍ടറുടെ ചേംബറില്‍ ഇടിച്ചുകയറി മുദ്രാവാക്യം വിളിക്കുകയും കളക്‍ടറെ തടഞ്ഞുവെക്കുകയും ചെയ്തതിന്, അറസ്റ്റ് കൈവരിച്ച് പൊലീസ് സ്റ്റേഷനകത്ത് ഒരു ദിവസം മുഴുവന്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് പോലും ലോക്കപ്പിനകത്ത് കയറാനുള്ള ‘ഭാഗ്യ’മുണ്ടായില്ല. വെളിയില്‍ ഇരുന്നാല്‍ മതിയെന്ന് പൊലീസുകാര്‍ പറഞ്ഞതുകൊണ്ട് ഇരുമ്പഴിക്ക് അകത്തുള്ള കുറ്റവാളികളുമായി സൊറപറഞ്ഞിരുന്ന് സമയം കൊന്നു. അകത്ത് കയറി കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു ജയില്‍ കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലാണ്. എന്നെങ്കിലും ഒരിക്കല്‍ തരപ്പെടുമായിരിക്കും.

മണ്ടോവിപ്പുഴ കടലിലേക്ക് ചേരുന്ന മുനമ്പിന്റെ വടക്കുഭാഗത്ത് വളരെ തന്ത്രപ്രധാനമായ ഇടത്തിലാണ് അഗ്വാഡ ഫോര്‍ട്ട് നിലകൊള്ളുന്നത്. ഇതുവരെയുള്ള യാത്രയില്‍ ഞങ്ങള്‍ കണ്ട കോട്ടകളെ അപേക്ഷിച്ച് വലുപ്പത്തില്‍ താരതമ്യേന ചെറുതാണ് ചപ്പോറ ഫോര്‍ട്ടും അഗ്വാഡ ഫോര്‍ട്ടും.

1612 ലാണ് പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ പ്രധാന ശത്രുക്കളായ മാറാഠകളുടേയും ലന്തക്കാരുടേയും (ഡച്ച്) ആക്രമണത്തെ ചെറുക്കാനായി അഗ്വാഡ ഫോര്‍ട്ട് പണിതീര്‍ത്തത്. 79 ല്‍ അധികം പീരങ്കികളും, വെള്ളം നിറച്ച കിടങ്ങുകളും, കനത്ത കോട്ടമതിലുകളും അഗ്വാഡ ഫോര്‍ട്ടിനെ അജയ്യമാക്കി. 450 കൊല്ലം നീണ്ടുനിന്ന പറങ്കിഭരണത്തിനിടയില്‍ ശത്രുക്കളാല്‍ കീഴടക്കപ്പെടാത്ത ഏക പോര്‍ച്ചുഗീസ് കോട്ട എന്ന ബഹുമതി അഗ്വാഡ ഫോര്‍ട്ടിനുള്ളതാണ്.
കോട്ടയ്ക്കകത്തേക്ക് കിടങ്ങിനെ മുറിച്ച് കടക്കുന്ന പാലം
സാമാന്യം നല്ല തിരക്കുണ്ട് കോട്ടയ്ക്കകത്തും പുറത്തും. ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷണത്തിലാണ് കോട്ടയിപ്പോള്‍. വാഹനം കോട്ടയ്ക്കരുകില്‍ ഒതുക്കിയിട്ട്, കിടങ്ങിനെ മുറിച്ചുകടക്കുന്ന പാലത്തിലൂടെ ഞങ്ങള്‍ കോട്ടയ്ക്കകത്തേക്ക് കടന്നു. സാമാന്യം നല്ല ഉയരമുള്ള തുരങ്കം പോലുള്ള ഇടനാഴിയിലൂടെ നീങ്ങിയാല്‍ കോട്ടയുടെ ഉള്‍ഭാഗത്തെ തുറസ്സായ ഭാഗത്തെത്താം.
ഇടനാഴിയിലൂടെ കോട്ടയ്ക്കകത്തേക്കുള്ള മാര്‍ഗ്ഗം
കോട്ടയ്ക്കകത്തെ പ്രധാന ആകര്‍ഷണം നാല് നിലകളുള്ള ലൈറ്റ് ഹൌസ് ആണ്. ഈ ശ്രേണിയിലുള്ള ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ലൈറ്റ് ഹൌസാണ് ഇതെന്ന് പറയപ്പെടുന്നു. ലൈറ്റ് ഹൌസ് കോട്ടയ്ക്കകത്ത് സ്ഥാപിക്കപ്പെട്ട വര്‍ഷത്തെപ്പറ്റി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ലഭ്യമായത്.

1864ല്‍ ആണ് ഈ ദീപസ്തംഭം കോട്ടയ്ക്കകത്ത് ഉയര്‍ത്തപ്പെട്ടത് എന്നാണ് ചിലയിടങ്ങളില്‍ നിന്ന് മനസ്സിലാക്കാനായത്. പക്ഷെ കോട്ടയ്ക്കകത്ത് ആര്‍ക്കിയോളജി വിഭാഗം നല്‍കുന്ന വിവരപ്രകാരം, 1834 ന് മുന്‍പ് 7 മിനിറ്റില്‍ ഒരിക്കല്‍ ലൈറ്റ് ഹൌസ് പ്രകാശം പരത്തിയിരുന്നുവെന്നും പിന്നീട് അത് 30 സെക്കന്റില്‍ ഒരിക്കലാക്കി മാറ്റി എന്നും പറയുന്നുണ്ട്. എന്തായാലും കോട്ടയുടെ നിര്‍മ്മാണശേഷമാണ് ലൈറ്റ് ഹൌസ് ഉയര്‍ത്തിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1976 ല്‍ ലൈറ്റ് ഹൌസിന്റെ പ്രവര്‍ത്തനം നിലച്ചു എന്നും ആര്‍ക്കിയോളജി രേഖകള്‍ പറയുന്നു.
കോട്ടയ്ക്കകത്തെ ലൈറ്റ് ഹൌസ്
പ്രവര്‍ത്തനം നിലച്ച പഴഞ്ചന്‍ പറങ്കി ലൈറ്റ് ഹൌസിന് പകരം ആധുനിക രീതിയിലുള്ള ലൈറ്റ് ഹൌസ് ഒരെണ്ണം കോട്ടയ്ക്ക് വെളിയില്‍ സ്ഥാപക്കപ്പെട്ടിട്ടുണ്ട്. കോട്ടയില്‍ നിന്ന് വളരെ വ്യക്തമായി പുതിയ ലൈറ്റ് ഹൌസ് കാണാം. അടുത്തടുത്ത് രണ്ട് ലൈറ്റ് ഹൌസുകള്‍. പുതുമയുള്ള കാഴ്ച്ച തന്നെ.
ആധുനിക അഗ്വാഡാ ലൈറ്റ് ഹൌസ്
അഗ്വാഡാ (Aguada) എന്നാല്‍ Watering Place എന്നാണ് പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ത്ഥം. കോട്ടയ്ക്കും, കോട്ട നില്‍ക്കുന്ന ഇടത്തിനും പേര് വീഴാനുണ്ടായ കാരണം കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ ? യൂറോപ്പില്‍ നിന്ന് വരുന്ന കപ്പലുകള്‍ക്ക് ഒരു പ്രധാനപ്പെട്ട അടയാളമായി വര്‍ത്തിക്കുകയും, ജലവിതരണം എന്ന അവശ്യ സേവനം നല്‍കുകയുമായിരുന്നു കോട്ടയുടെ പ്രധാന കര്‍മ്മങ്ങള്‍.

കോട്ടയ്ക്കകത്തുകൂടെ ഒഴുകുന്ന ഒരു ശുദ്ധജല ഉറവ് കോട്ടയില്‍ത്തന്നെ ശേഖരിക്കപ്പെടുകയും ഈ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. 23,76,000 ഗാലന്‍ വെള്ളം ശേഖരിക്കാന്‍ കോട്ടയ്ക്കുള്ളിലെ ടാങ്കിന് ശേഷിയുണ്ട്. ജലശേഖരണവും വിതരണവും നടത്തുന്നതോ നടത്തിയിരുന്നതോ ആയ മറ്റൊരു കോട്ടയും ഞാനതുവരെ കണ്ടിട്ടില്ലായിരുന്നു.
ലൈറ്റ് ഹൌസും കിടങ്ങുകളും - കോട്ടയുടെ മറ്റൊരു ദൃശ്യം
കോട്ടയുടെ അകത്തെ തറനിരപ്പില്‍ ജലസംഭരണിയുടെ വെന്റിലേറ്റര്‍ പോലുള്ള മുകള്‍ഭാഗങ്ങള്‍ ഒരുപാട് കാണാം. താഴേക്കുള്ള പടികള്‍ ഇറങ്ങിച്ചെന്നാല്‍ താഴിട്ട് പൂട്ടിയ കൊച്ചുകൊച്ചുഗേറ്റുകള്‍ തടഞ്ഞുനിര്‍ത്തും. കോട്ടമതിലിനോട് ചേര്‍ന്ന് കാണുന്ന സാമാന്യം വലിപ്പമുള്ള ഉള്ളറകളും താഴിട്ട് പൂട്ടിയ നിലയില്‍ത്തന്നെയാണ്. അത്തരം ഉള്ളറകള്‍ ഭൂരിഭാഗവും മതില്‍ കെട്ടി അടച്ചുകളഞ്ഞിട്ടുമുണ്ട്.
വാട്ടര്‍ ടാങ്കിന്റെ മുകള്‍ ഭാഗമാണ് ചിത്രത്തില്‍ നടുവിലായി കാണുന്നത്
ചുരുക്കം ചിലയിടങ്ങളില്‍ മാത്രം അല്‍പ്പസ്വല്‍പ്പം കേടുപാടുകള്‍ സംഭവിച്ചതുപോലെ കാണുന്നുണ്ട് കോട്ടയില്‍. അതിനെപ്പറ്റി കൂടുതലെന്തെങ്കിലും ചോദിച്ച് മനസ്സിലാക്കാമെന്ന് വെച്ചാല്‍ ആര്‍ക്കിയോളജിക്കാരെ ആരെയും കോട്ടയില്‍ കാണാന്‍ പോലും കിട്ടിയില്ല.
ചില നാശങ്ങള്‍ കോട്ടയ്ക്ക് സംഭവിച്ചിട്ടുണ്ട്. അതെങ്ങനെ ?

കോട്ടയുടെ മദ്ധ്യഭാഗം. അടച്ചുകളഞ്ഞ ഉള്ളറകളും കാണാം.
കോട്ടമതിലിനോട് ചേര്‍ന്നുള്ള ചരിവിലൂടെ മുകളിലേക്ക് കയറി, ചുമരിന്റെ അരികുപറ്റി പുറത്തേക്കുള്ള കാഴ്ച്ചയും കണ്ട് നടക്കുന്ന സഞ്ചാരികളെ ഞങ്ങളും പിന്‍‌തുടര്‍ന്നു. ചിലയിടത്ത് വീതി കൂടിയും ചിലയിടത്ത് വീതി കുറഞ്ഞും ഇരിക്കുന്ന ഈ വഴിയിലൂടെ നാലുചുറ്റും നടക്കാനാവും.
കോട്ടമതിലിന് മുകളിലേയ്ക്കുള്ള ചരിഞ്ഞ പാത.
ചെറിയ ക്യാമറ കൈയ്യിലെടുത്ത് പടങ്ങള്‍ എടുത്ത് നടക്കുകയാണ് നേഹ. അതുകൊണ്ടുതന്നെയാകണം ഇപ്രാവശ്യം കോട്ടയില്‍ കറങ്ങിനടക്കുന്നത് വലിയ പരാതികളൊന്നും ഇല്ലാതെയാണ്. ഈ പ്രായത്തില്‍ ഇത്തരം കോട്ട സന്ദര്‍ശനമൊക്കെ അവള്‍ക്കൊരു വിരസത തന്നെയായിരിക്കാം. പക്ഷെ എനിക്കുറപ്പാണ്, കുറേ നാളുകള്‍ക്ക് ശേഷം ഓര്‍മ്മയില്‍ എവിടെയെങ്കിലും നേഹയ്ക്കിത് രസകരമായ അനുഭവങ്ങളായി തെളിഞ്ഞ് വരാതിരിക്കില്ല. കുറഞ്ഞപക്ഷം ഈ കുറിപ്പുകളെങ്കിലും അതിന് ഇടയാക്കുമാറാകട്ടെ.
കോട്ടമതിലിന് മുകളില്‍ നേഹയോടൊപ്പം
1932 മുതല്‍ 1968 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന സാലസാര്‍ (António de Oliveira Salazar)ന്റെ കാലത്ത് അഗ്വാഡ ഫോര്‍ട്ട് ഒരു ജയിലായും ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെയാണ് പ്രധാനമായും ഈ ജയിലില്‍ അടച്ചിരുന്നതെന്നും പറച്ചിലുണ്ട്. കോട്ടമതിലിന് ഉള്ളിലുള്ള ഭാഗം മാത്രമല്ല, മറിച്ച് ലൈറ്റ് ഹൌസ് നില്‍ക്കുന്ന ഈ കോട്ടയുടെ സമീപമുള്ള ഒരുപാട് പ്രദേശവും കോട്ടയുടെ ഭാഗമായി പരന്നുകിടക്കുകയാണ്. തുടക്കത്തില്‍ കാണാനായ ജയില്‍ കോട്ടയ്ക്ക് കീഴെയുള്ള ഭാഗത്തായിട്ടാണ് വരുന്നത്. ഇതെല്ലാം ചേര്‍ന്ന മുനമ്പ് മുഴുവനും അഗ്വാഡ കോട്ടയുടെ ഭാഗങ്ങള്‍ തന്നെ.
ഇത് കാണാന്‍ പറ്റാതെ പോയ ദൃശ്യം. കടപ്പാട് വിക്കിയോട്
കോട്ടയുടെ ചുറ്റുമൂള്ള പലഭാഗങ്ങളും ഇപ്പോള്‍ വമ്പന്‍ ഹോട്ടല്‍ ഗ്രൂപ്പുകളുടെ കൈവശമാണ്. ഫോര്‍ട്ട് അഗ്വാഡാ ബീച്ച് റിസോര്‍ട്ട്, ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി എന്നതൊക്കെ അവയില്‍ ചിലത് മാത്രം. അത്തരം ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുള്ള, കടലിലേക്ക് തള്ളിനില്‍ക്കുന്ന കൊത്തളത്തിന്റെ ദൃശ്യം അതിമനോഹരമാണ്. കന്‍‌ഡോലിം ബീച്ചിന്റേയും തീരത്ത് അടിഞ്ഞിരിക്കുന്ന റിവര്‍ പ്രിന്‍സസ്സിന്റേയുമൊക്കെ മറ്റൊരു ദിശയില്‍ നിന്നുള്ള കാഴ്ച്ച സമ്മാനിക്കുന്നുണ്ട് ചില ബീച്ച് റിസോര്‍ട്ടുകള്‍. നിര്‍ഭാഗ്യവശാന്‍ ചിത്രങ്ങളിലൂടെ മാത്രം കണ്ടിട്ടുള്ള ആ റിസോര്‍ട്ടുകളുടെ പിന്നാമ്പുറത്തേക്കെത്തിപ്പറ്റി അത്തരം കാഴ്ച്ചകള്‍ നേരില്‍ക്കാണാന്‍ ഞങ്ങള്‍ക്കായില്ല.
കോട്ടമതിലും കിടങ്ങുകളും
കോട്ടയില്‍ നിന്നിറങ്ങി വീണ്ടും കന്‍ണ്ടോലിം ബീച്ചില്‍ ചെന്ന് ‘റിവര്‍ പ്രിന്‍സസ്സി‘നെ ഒരിക്കല്‍ക്കൂടെ കണ്ട് കലാഗ്യൂട്ടിലേക്ക് മടങ്ങിയപ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു. തലേന്ന് ഭക്ഷണം കഴിഞ്ഞ ജോളീസ് ഷാക്കില്‍ നിന്നുതന്നെ അത്താഴം കഴിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നുകയറിയപ്പോള്‍ സ്വീകരിച്ചത് ഒരു വെടിക്കെട്ടാണ്. ബീച്ചില്‍ നിരത്തിവെച്ചിരിക്കുന്ന കതിനകള്‍ ഇടതടവില്ലാതെ ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് വര്‍ണ്ണങ്ങള്‍ വാരി വിതറി. 5 മിനിറ്റോളം നീണ്ടുനിന്ന വെടിക്കെട്ടായിരുന്നു അത്. എല്ലാ ബീച്ച് ഷാക്കുകളിലും സാമാന്യം നല്ല തിരക്കുണ്ട്. ഡിസംബര്‍ 28 ആയതേ ഉള്ളെങ്കിലും ഗോവയില്‍ ന്യൂയര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ദീപാലങ്കാരങ്ങള്‍ കൊണ്ടും കൃസ്തുമസ്സിന് തൂക്കിയ നക്ഷത്രങ്ങള്‍ കൊണ്ടും ഷാക്കുകള്‍ എല്ലാം നന്നായി അലങ്കരിച്ചിരിക്കുന്നു. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളും കപ്പലുമൊക്കെ ദീപപ്രഭ ചൊരിയുന്നുണ്ട്. പകല്‍ കാണുന്ന ബീച്ചിന്റെ മുഖത്തിനോടൊപ്പം രാത്രിയിലെ വ്യത്യസ്തമായ മറ്റൊരു ദൃശ്യം കൂടെ ആസ്വദിക്കുമ്പോഴേ ഗോവന്‍ ബീച്ചുകളുടെയും ഷാക്കുകളുടേയും മനോഹാരിതയ്ക്ക് പൂര്‍ണ്ണത കൈവരുന്നുള്ളൂ.
ബീച്ച് ഷാക്കുകള്‍ക്ക് മുന്നിലെ ദീപാലങ്കാരങ്ങള്‍
കടല്‍ക്കാറ്റിപ്പോള്‍ ഡിസംബറിലെ ഇളം തണുപ്പോടെയാണ് വീശുന്നത്. ഭക്ഷണം വന്നു. മെഴുകുതിരി വെളിച്ചത്തിലുള്ള ഡിന്നറാണ്. മുന്തിരിച്ചാറും കടല്‍ഭക്ഷണവും അകത്താക്കിക്കഴിഞ്ഞപ്പോഴേക്കും സായിപ്പ് ഒരാള്‍ ഒരു ട്രേയില്‍ കേക്കുമായി ഞങ്ങളുടെ ടേബിളില്‍ എത്തി. തൊട്ടടുത്ത മറ്റേതോ ഷാക്കില്‍ ആരുടേയോ പിറന്നാളാഘോഷമാണ്. അതിന്റെ കേക്ക് വിതരണം ചെയ്യുന്നത് വിദേശിയായ ഈ മനുഷ്യനാണ്. ഈ ബീച്ചില്‍ ദേശ ഭാഷ വ്യത്യാസമില്ലാതെ എല്ലാം മറന്ന് തിന്നുകയും കുടിക്കുകയും ആഘോഷിക്കുകയുമൊക്കെ ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും. വല്ലാത്ത സന്തോഷം തോന്നി.

ഇടയ്ക്കിടയ്ക്ക് അല്‍പ്പം ദൂരെയും വെടിക്കെട്ടുകള്‍ നടക്കുന്നുണ്ട്. രാവേറെ ചെല്ലുന്നത് വരെ ഈ ആഘോഷങ്ങള്‍ നീണ്ടുപോയെന്ന് വരും. നേരം വെളുക്കുന്നതുവരെ അവിടങ്ങനെ ഇരിക്കാന്‍ എനിക്കാഗ്രഹമുണ്ട്. പക്ഷെ, യാത്രയുടെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ നല്ല ഉറക്കം, നല്ല ഭക്ഷണം എന്നത് കൃത്യമായി പാലിച്ചില്ലെങ്കില്‍ അത് അടുത്ത ദിവസത്തെ യാത്രയെ ബാധിക്കും, ഡ്രൈവിങ്ങിനെ ബാധിക്കും. എന്നിരുന്നാലും ഗോവയുടെ നൈറ്റ് ലൈഫും, രാത്രിത്തെരുവുകളും അല്‍പ്പം കൂടെ കണ്ടാസ്വദിച്ചതിനുശേഷം മാത്രമേ ഹോട്ടലിലേക്ക് മടങ്ങാന്‍ മനസ്സ് വന്നുള്ളൂ.

കലാഗ്യൂട്ട് -അഗ്വാഡ റൂട്ടിലൂടെ വളരെ പതിയെ ഒരു നൈറ്റ് ഡ്രൈവ് ആയിരുന്നു അത്. നന്നായി വസ്ത്രം ധരിച്ച വിദേശികളും അല്‍പ്പവസ്ത്രധാരികളായ സ്വദേശി യൌവനങ്ങളുമൊക്കെ റോഡ് നിറഞ്ഞൊഴുകുകയാണ് രാത്രി 11 മണി സമയത്തും. വഴിയില്‍ എവിടെയോ സണ്‍‌ബേണ്‍ എന്ന ടീമിന്റെ ഒരു പാര്‍ട്ടിയോ കണ്‍സേര്‍ട്ടോ മറ്റോ നടക്കുന്നുണ്ട്. അങ്ങോട്ടുള്ള ഒഴുക്കാണ്. നിഖില്‍ ചിന്നപ്പയാണ് ഡി.ജെ. എന്ന് പരസ്യ ബോര്‍ഡുകളില്‍ നിന്ന് മനസ്സിലാക്കാം. തലയൊന്നുക്ക് 1500 രൂപയാണ് പ്രവേശന ഫീസ്. കണ്‍സേര്‍ട്ട് നടക്കുന്ന സ്ഥലത്ത് പോകാതെ തന്നെ അതിന്റെ ഒരു പള്‍സ് റോഡില്‍ നിന്ന് കിട്ടും. അലങ്കാര ദീപങ്ങള്‍, യുവമിഥുനങ്ങള്‍, അവരുടെ അല്‍പ്പവസ്ത്രങ്ങള്‍ക്ക് വെളിയില്‍ കാണുന്ന ടാറ്റൂ, പിയേഴ്‌സിങ്ങ് തുടങ്ങിയ ബോഡീ ഡക്കറേഷനുകള്‍, പാട്ട്, ആര്‍പ്പ് വിളികള്‍, ഹോണ്‍ അടികള്‍, അട്ടഹാസങ്ങള്‍, മുന്തിയ ഇനം വാഹനങ്ങള്‍..... ഞങ്ങളാ നൈറ്റ് ഡ്രൈവ് ശരിക്കും ആസ്വദിച്ചു. ഇത്രയൊക്കെയേ ഒരു ഗോവന്‍ യാത്രയില്‍ ആഗ്രഹിച്ചിരുന്നുള്ളൂ. അതൊക്കെ ഏതാണ് സാധിച്ചിരിക്കുന്നു. അതിനപ്പുറം കിട്ടിയതൊക്കെ ക്രിസ്തുമസ്സ്-ന്യൂ ഇയര്‍ ബോണസ് മാത്രം.

അല്ലെങ്കില്‍ത്തന്നെയും ഈ നൈറ്റ് ഡ്രൈവ് ഞങ്ങള്‍ ശരിക്കും ആസ്വദിച്ചേ പറ്റൂ. കാരണം, നാളെ രാത്രി ഇതുപോലെ നൈറ്റ് ലൈഫ് ആസ്വദിക്കാനായി നിശയുടെ വൈകിയ യാമങ്ങളില്‍ കറങ്ങിനടക്കാന്‍ ഞങ്ങള്‍ക്കാവില്ല. മറ്റന്നാള്‍ അതിരാവിലെ മടക്കയാത്രയാണ്, നാളെ ഗോവയിലെ അവസാനത്തെ ദിവസവും.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, 14 July 2010

ചപ്പോറ ഫോര്‍ട്ട്

‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍
1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16.
---------------------------------------------------

ഗോവയില്‍ ഇത് ഞങ്ങളുടെ രണ്ടാമത്തെ ദിവസമാണ്. കൃത്യമായി ചാര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, വാഹനം ഓടിച്ച് ബീച്ചുകളില്‍ നിന്ന് ബീച്ചുകളിലേക്ക് പോകാനും വഴിയില്‍ കാണുന്ന പള്ളികളിലും കോട്ടകളിലുമൊക്കെ കയറിയിറങ്ങാനുമായിരുന്നു പദ്ധതി. മുന്‍പ് പല പ്രാവശ്യം ഗോവയില്‍ വന്നപ്പോഴൊക്കെയും സ്വന്തം വാഹനത്തിലല്ല വന്നത് എന്നത് ഒരു ന്യൂനതയായി ഞങ്ങള്‍ക്ക് അനുവപ്പെട്ടിരുന്നു. ലക്ഷ്യമൊന്നും ഇല്ലാതെ കറങ്ങിനടക്കണമെങ്കില്‍ സ്വന്തം വാഹനത്തിലായിരിക്കണം യാത്ര. ഗോവയുടെ തീരദേശത്തേക്ക് ചെല്ലുന്നതോടെ ഓട്ടോറിക്ഷകളേയും മറ്റും ആശ്രയിച്ച് സമയവും ധനവും നഷ്ടപ്പെടുത്തുന്നതിലും ഭേദം വാടകയ്ക്ക് ഒരു ബൈക്കോ സ്ക്കൂട്ടറോ എടുത്ത് അതില്‍ യാത്ര ചെയ്യുന്നതാവും. 500 രൂപ കൊടുത്താല്‍ ഗിയറില്ലാത്ത ഇരുചക്രവാഹനവും 1000 രൂപ കൊടുത്താല്‍ ഗിയറുള്ള വണ്ടികളും ദിവസവാടകയ്ക്ക് ലഭ്യമാണ് ഗോവയില്‍. വാഹനം വാടകയ്ക്ക് എടുക്കുന്നവര്‍ ഇന്ധനം സ്വന്തം ചിലവില്‍ അടിക്കണമെന്ന് മാത്രം.

രാവിലെ തന്നെ ഓസ്‌ബോണ്‍ ഹോട്ടലില്‍ നിന്നിറങ്ങി. രാവേറെ ചെല്ലുന്നതുവരെയുള്ള ആഘോഷങ്ങള്‍ കഴിഞ്ഞ് രാവിലെ തുറക്കുന്ന ഭോജനശാലകള്‍ വിരളമാണ്. റോഡരുകില്‍ കണ്ട കമ്മത്ത് ഹോട്ടലില്‍ നിന്ന് പ്രാതല്‍ കഴിച്ച് പുതിയ ബീച്ചുകളിലേക്കുള്ള യാത്ര തുടര്‍ന്നു.

സിന്‍‌ക്വേരിം(Sinquerim), കാന്‍ഡോലിം(Candolim), കലാഗ്യൂട്ട് (Calangute), ബാഗ(Baga), അന്‍‌ജുന(Anjuna), വാഗത്തോര്‍(Vagator), മോര്‍ജിം(Morjim), (Mandream) ആഷ്‌വെം(Ashwem), അരാംബോള്‍(Arambol)‍, കേരി(Keri), എന്നിവയാണ് വടക്കന്‍ ഗോവയിലെ പ്രധാന ബീച്ചുകള്‍. ഇതില്‍ അന്‍‌ജുന, വാഗത്തോര്‍, ബാഗ എന്നീ ബീച്ചുകളിലെങ്കിലും പോകണമെന്നതായിരുന്നു ലക്ഷ്യം. അന്‍‌ജുനയിലും ബാഗയിലും ഞാന്‍ ഇതിന് മുന്‍പ് പോയിട്ടുണ്ടെങ്കിലും മുഴങ്ങോടിക്കാരിക്കും നേഹയ്ക്കും ഇത് ആദ്യത്തെ സന്ദര്‍ശനമാണ്.

കലാഗ്യൂട്ടില്‍ നിന്ന് ബാഗ ബീച്ചിലേക്കും അവിടെ നിന്ന് അന്‍‌ജുന ബീച്ചിലേക്കുമൊക്കെ നാട്ടുവഴികളിലൂടെ കറങ്ങിനടക്കുമ്പോള്‍ വഴിതെറ്റിപ്പോകുമോ, വന്ന വഴി തിരിച്ച് പിടിക്കാന്‍ പറ്റുമോ എന്നൊക്കെയുള്ള വേവലാതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അതിന് നന്ദി പറയേണ്ടത് നേവിഗേറ്ററിനോട് തന്നെയാണ്. യാതൊരു ബേജാറുമില്ലാതെ കണ്ണില്‍ക്കണ്ട വഴികളിലൂടൊക്കെ കറങ്ങിനടക്കാന്‍ നേവിഗേറ്റര്‍ തന്ന ധൈര്യം എടുത്ത് പറയേണ്ടതാണ്.
അന്‍‌ജുന ബീച്ച് - ഒരു ദൃശ്യം
അന്‍‌ജുന ബീച്ചിലേക്കുള്ള വഴി, ഓം ബീച്ചിലെ പോലെ ഉയരമുള്ള ചെങ്കല്‍ കുന്നിലാണ് ചെന്നവസാനിക്കുന്നത്. കടല്‍ത്തീരത്തും നിറയെ ചെങ്കല്ലുകളാണ്. വാഹനത്തില്‍ ചെന്നിറങ്ങുമ്പോള്‍ പാറയുടെ മുകളില്‍ നിന്ന് താഴേക്ക് കാണുന്ന ബീച്ചിലെ വെള്ളവും മറ്റുള്ള ബീച്ചുകളെ അപേക്ഷിച്ച് കറുത്ത തീരവും താഴേയ്ക്ക് ഇറങ്ങണമെന്ന് തോന്നല്‍ ഞങ്ങളില്‍ ആര്‍ക്കും ഉണ്ടാക്കിയില്ല. ദൂരേക്ക് നോക്കുമ്പോള്‍ മുകളില്‍ നിന്ന് കടല്‍ കാണാമെന്നതും കടല്‍ക്കരയടക്കമുള്ള ഭൂപ്രകൃതി ഉയരത്തില്‍ നിന്ന് ആസ്വദിക്കാമെന്നുമുള്ളതാണ് അന്‍‌ജുനയുടെ പ്രത്യേകത. ബീച്ചില്‍ ഇപ്പോള്‍ ഭോജനശാലകളും ടാറ്റൂ ഷോപ്പുകളും മറ്റ് കച്ചവട സ്ഥാപനങ്ങളുമൊക്കെയായി, 5 വര്‍ഷം മുന്‍പ് ഞാന്‍ കണ്ടിട്ടുള്ളതിനേക്കാള്‍ തിരക്കാണ്.
അന്‍‌ജുന ബീച്ച് - ഒരു ഭോജനശാലയില്‍ നിന്നുള്ള ദൃശ്യം
താല്‍ക്കാലിക ടാറ്റൂ ഒരെണ്ണം കുത്തിയാലോന്ന് മുഴങ്ങോടിക്കാരിക്ക് ഒരു ആലോചന ഇല്ലാതിരുന്നില്ല. ടാറ്റൂ കുത്തുന്ന ആര്‍ട്ടിസ്റ്റ് തന്നെയാണ് തൊട്ടടുത്ത് കരിക്ക് വില്‍ക്കുന്നതും. കരിക്ക് കടയിലെ തിരക്ക് കാരണം ടാറ്റൂ കുത്താന്‍ സമയം മെനക്കെടുത്തേണ്ടി വന്നില്ല. സ്ഥിരമായിട്ട് ഒരു ടാറ്റൂ കൈയ്യിലുള്ളതുകൊണ്ട് എനിക്ക് കാര്യമായ നഷ്ടബോധം തോന്നിയതുമില്ല.

ഇന്നത്തെ കാലത്ത് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു അടയാളമെന്ന നിലയ്ക്ക് ടാറ്റൂ ഒന്നെങ്കിലുമുള്ളത് നല്ലതു തന്നെയാണെന്നാണ് എന്റെ അഭിപ്രായം. ഒരു ബസ്സ് യാത്ര, അല്ലെങ്കില്‍ ഒരു തീവണ്ടി യാത്ര, അതുമല്ലെങ്കിലൊരു വിമാനയാത്ര.... ഇതിലെപ്പോഴെങ്കിലും യന്ത്രത്തകരാറുമൂലമോ, സഹജീവികളില്‍ ചിലരുടെ അതിരുകടന്ന രാഷ്ട്രീയത്തിന്റെ ഭാഗമായോ, മതഭ്രാന്തിന്റെ ഭാഗമായോ ചിന്നിച്ചിതറിപ്പോകാനുള്ളതേയുള്ളൂ ആറ്റുനോറ്റ് നമ്മള്‍ കൊണ്ടുനടക്കുന്ന ഈ ഭൌതികശരീരം. പെറുക്കിക്കൂട്ടിയെടുത്ത് വീട്ടുകാര്‍ക്കെത്തിച്ച് കൊടുക്കേണ്ട ആവശ്യത്തിലേക്ക് ചിലപ്പോള്‍ ടാറ്റൂ സഹായകമായെന്ന് വരും.

എന്റെ അച്ഛന്റെ കൈത്തണ്ടയിലും ഉണ്ടായിരുന്നു ഒരു ടാറ്റൂ. അതായിരുന്നു യാഥാര്‍ത്ഥ പച്ചകുത്ത്. അതില്‍ പച്ചനിറം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിറങ്ങള്‍ കുത്താമെന്നുള്ള സാങ്കേതിക വിദ്യ പഴയ കാലത്തുണ്ടായിരുന്നെങ്കില്‍ അച്ഛനും എന്നെപ്പോലെ കളര്‍ ടാറ്റൂ തന്നെ കുത്തുമായിരുന്നിരിക്കണം. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുന്നേ ശബരിമലയില്‍ നിന്നാണ് അച്ഛന്‍ പച്ചകുത്തിയതെന്ന് എനിക്കോര്‍മ്മയുണ്ട്. ജടയില്‍ ഗംഗയേയും കഴുത്തില്‍ പാമ്പുകളേയും പേറി നില്‍ക്കുന്ന മുക്കണ്ണന്റെ മനോഹരമായ ചിത്രമായിരുന്നു ആ ടാറ്റുവില്‍. ആവശ്യമുള്ളതും ഇല്ലാത്തതുമായ ആയിരക്കണക്കിന് ഫോട്ടോകള്‍ കൈവശമുള്ള എന്റടുത്ത് ആ മുക്കണ്ണന്‍ ടാറ്റൂവിന്റെ ഒരു പടം പോലുമില്ല. ഇനിയൊരിക്കലും അങ്ങനൊരു പടമെടുക്കാന്‍ എനിക്കാവുകയുമില്ല.
വാഗത്തോര്‍ ബീച്ച് - ഒരു ദൃശ്യം
അല്‍പ്പനേരം കൂടെ അന്‍‌ജുന ബീച്ചില്‍ കറങ്ങിനിന്നതിനുശേഷം വാഗത്തോര്‍ ബീച്ചിലേക്ക് തിരിച്ചു. അതിനിടയ്ക്ക് മാപുസ എന്നത് ഒരു ബീച്ചിന്റെ പേരാണ് എന്ന് തെറ്റിദ്ധരിച്ച് അവിടേയ്ക്ക് എത്താന്‍ ഒരു ശ്രമം നടത്തുകയുണ്ടായെങ്കിലും അധികം വൈകാതെ മാപുസ എന്നത് ഒരു ബീച്ചല്ല എന്ന് മനസ്സിലാക്കാനായി. ഹൈവേയിലേക്ക് പോകുന്ന വഴിക്കുള്ള ഒരു സ്ഥലത്തിന്റെ പേരാണ് മാപുസ.

വാഗത്തോര്‍ ബീച്ചില്‍ ചെന്നാലുടനെ ലക്ഷ്യമിട്ടിരുന്നത് അമീര്‍ ഖാന്റെ ‘ദില്‍ ചാഹ്‌താ ഹെ’ എന്ന ഹിറ്റ് ഹിന്ദി സിനിമയില്‍ കണ്ടിട്ടുള്ള ചപ്പോറ ഫോര്‍ട്ട് കണ്ടുപിടിക്കുക എന്നതായിരുന്നു. വാഗത്തൂര്‍ ബീച്ചില്‍ നിന്ന് കുറേ മാറി ബീച്ചിന്റെ പശ്ചാത്തലത്തിന് മാറ്റുകൂട്ടി കുന്നിന്‍ മുകളിലായി ചപ്പോറ ഫോര്‍ട്ട് തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. ഇനി അങ്ങോട്ടുള്ള വഴി കണ്ടുപിടിച്ചാല്‍ മതി.
വാഗത്തോര്‍ ബീച്ച് - പശ്ചാത്തലത്തില്‍ ചപ്പോറ ഫോര്‍ട്ട്
കോട്ടയിലേക്കുള്ള വഴി അവിടവിടെയായി എഴുതിവെച്ചിട്ടുണ്ട്. കുന്നിന്റെ താഴെ വരെ കാറ് ചെന്നെത്തി. പിന്നീടങ്ങോട്ട് കയറ്റമാണ്. കോട്ടമതില്‍ കുന്നിന്‍ മുകളിലായി കാണാം. പക്ഷെ അങ്ങോട്ട് കയറിച്ചെല്ലാനുള്ള വഴി അത്ര കൃത്യമായിട്ടൊന്നും കാണുന്നില്ല. എന്തായാലും കുന്നിന്‍മുകളിലേക്ക് എല്ലാവരും നടന്നുകയറി.
ചപ്പോറ കോട്ടയിലേക്ക് കുത്തനെയുള്ള കയറ്റം.
ചപ്പോറ ഫോര്‍ട്ട് - കുറേക്കൂടെ അടുത്ത്
വഴി കൃത്യമായി കാണാനോ പ്രധാന കവാടത്തിലേക്കുള്ള പാതയോ കാണാതെയുള്ള കയറ്റമായതുകൊണ്ട് കോട്ട മതിലിനെ ചുറ്റി താഴെയുള്ള കൊല്ലിയില്‍ വീഴാതെ അല്‍പ്പം സാഹസികമായിട്ട് തീരത്തോട് ചേര്‍ന്നുള്ള കോട്ടമതിലിലൂടെ വലിഞ്ഞ് കയറിയാണ് ഞങ്ങള്‍ മൂവരും കോട്ടയ്ക്കുള്ളിലെത്തിയത്.
കോട്ടയെ ചുറ്റിയുള്ള അപകടകരമായ വഴി
കോട്ടയ്ക്കകത്ത് ഒരു റഷ്യന്‍ ചെറുപ്പക്കാരി ക്യാമറ ടൈമറില്‍ ക്രമീകരിച്ച് സ്വയം പോസ് ചെയ്ത് പടങ്ങളെടുക്കുന്ന തിരക്കിലാണ്. പരിചയമില്ലാത്ത ഒരു രാജ്യത്ത് ഒറ്റപ്പെട്ട് ആളൊഴിഞ്ഞ ഒരിടത്തുള്ള കോട്ടയ്ക്കുള്ളില്‍ തനിയെ ചെന്നുകയറി ഇതുപോലെ സമയം ചിലവഴിക്കുന്ന വിദേശി വനിതയുടെ ധൈര്യം സമ്മതിച്ച്കൊടുത്തേ പറ്റൂ. ഗോവയില്‍ വിദേശി വനിതകള്‍ക്ക് നേരെ നടന്നിട്ടുള്ള അക്രമങ്ങള്‍ ചിലതിനെപ്പറ്റി ഈ റഷ്യക്കാരിക്ക് അറിയില്ലെന്ന് നിശ്ചയം.
കോട്ടയ്ക്കകത്തെ ധൈര്യശാലിയായ റഷ്യക്കാരി

കോട്ടയുടെ ഒരു പാര്‍ശ്വവീക്ഷണം
എന്തായാലും മനസ്സില്‍ ആഗ്രഹിച്ചതുപോലെ ‘ദില്‍ ചാഹ്‌താ ഹെ‘ കോട്ടയില്‍ എത്തിപ്പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. സിനിമയിലെ, അമീര്‍ഖാനും സുഹൃത്തുക്കളും ചേര്‍ന്നുള്ള പല ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തി. പ്രസ്തുത സിനിമ അവസാനിക്കുന്നതും ചപ്പോറ ഫോര്‍ട്ടില്‍ത്തന്നെയാണ്.
അമീര്‍ ഖാനും കൂട്ടരും ഇവിടെയല്ലേ കടലും നോക്കി ഇരുന്നിരുന്നത് ?
ബീജാപ്പൂരിലെ ആദ്യത്തെ ഭരണാധികാരിയായ അദില്‍ ഷാ(Adil Shah) ആണ് ചെങ്കല്ലുകൊണ്ടുള്ള ഈ കോട്ട പണിതീര്‍ത്തത്. അക്കാരണം കൊണ്ട് ‘ഷാ പുര‘ എന്ന പേരിലും കോട്ട അറിയപ്പെട്ടിരുന്നു. അദില്‍ ഷായുടെ കാലശേഷം കോട്ട നശിപ്പിക്കപ്പെടുകയും പിന്നീട് 1617 ല്‍ പോര്‍ച്ചുഗീസുകാര്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. 1892 കാലഘട്ടത്തില്‍ പോര്‍ച്ചുഗീസുകാരാല്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായി കോട്ട. പിന്നീടങ്ങോട്ട് കോട്ടയുടെ ഉപയോഗം ആര്‍ക്കും ഉണ്ടായിട്ടുമില്ല.
കോട്ടയില്‍ നിന്ന് വെളിയിലേക്കുള്ള ഒരു ദൃശ്യം
മറ്റ് പല കോട്ടകളെപ്പറ്റിയെന്നപോലെ തന്നെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ ചപ്പോറ ഫോര്‍ട്ടിനും ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അങ്ങനൊന്നും അവിടെ കാണാന്‍ എനിക്കായില്ല. പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലൊന്നുമല്ല കോട്ടയെങ്കിലും നോട്ടക്കുറവിന്റേതായ കേടുപാടുകള്‍ സംഭവിട്ടുണ്ട് താനും. ടൂറിസത്തില്‍ നിന്ന് കോടികള്‍ വരുമാനം ഉണ്ടാക്കുന്ന ഗോവന്‍ സര്‍ക്കാറിന് ചപ്പോറ ഫോര്‍ട്ടിനെ നല്ല രീതിയില്‍ സംരക്ഷിക്കുന്നതുമൂലം കൂടുതല്‍ ടൂറിസ്റ്റുകളെ കോട്ടയിലേക്ക് ആകര്‍ഷിക്കാന്‍ പറ്റുമെന്നിരിക്കെ അത് ചെയ്യാത്തതെന്താണെന്ന് മാത്രം ഒരു പിടിയും കിട്ടിയില്ല.
കോട്ടയില്‍ നിന്നുള്ള കടലിന്റെ മനോഹരമായ ഒരു ദൃശ്യം
തകര്‍ന്ന കോട്ടമതിലും കടലിലേക്കുള്ള ദൃശ്യവും
കോട്ടയ്ക്ക് വെളിയിലേക്കുള്ള മറ്റൊരു ദൃശ്യം
ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളുടെയെല്ലാം 360 ഡിഗ്രിയിലുള്ള വീക്ഷണം കോട്ടയ്ക്കകത്തുനിന്ന് സാദ്ധ്യമാണ്. കോട്ടയില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഇരുവശങ്ങളിലുമായി കാണുന്ന തീരങ്ങളുടെ മനോഹാരിതയുടെ മാറ്റ് പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണ്. കോട്ടയിലെത്തിയാല്‍ ദൂരെ കടലിന്റെ നീലപ്പരപ്പിലേക്ക് നോക്കി എത്രനേരം വേണമെങ്കിലും ആ കോട്ടമതിലില്‍ ഇരിക്കാന്‍ ഏകാന്തതയെ പ്രണയിക്കുന്ന ഏതൊരാള്‍ക്കുമാവും.
കോട്ടയ്ക്ക് വെളിയിലെ മറ്റൊരു കാഴ്ച്ച
മറ്റൊരു ദൃശ്യം
ഉണങ്ങിയ പുല്ലുകളും പാറകളുമാണ് കോട്ടയ്ക്കകം നിറയെ

കോട്ടയുടെ പ്രധാന കവാടം
അല്‍പ്പനേരം കൂടെ കോട്ടയ്ക്കകത്ത് ചുറ്റിക്കറങ്ങിയപ്പോളാണ് കോട്ടയുടെ ശരിക്കുള്ള കവാടം കണ്ടുപിടിക്കാനായത്. പെട്ടെന്ന് കുറേ പെണ്‍കുട്ടികളും സ്ത്രീകളും ആ വഴി കോട്ടയിലേക്ക് വന്നുകയറി. കോട്ടയ്ക്കകം ശബ്ദമുഖരിതമായി. റഷ്യക്കാരി ഇപ്പോഴും ഫോട്ടോയെടുപ്പ് നിര്‍ബാധം തുടരുകയാണ്. ബീച്ചിലൊക്കെ യഥേഷ്ടം കറങ്ങാമെന്ന് പറഞ്ഞ് ഗോവയിലേക്കെത്തിയിട്ടും അച്ഛനും അമ്മയും കോട്ടകളില്‍ സമയം ചിലവഴിക്കുന്നതിന്റെ പ്രതിഷേധം നേഹയുടെ മുഖത്ത് തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ പതുക്കെ കോട്ടയില്‍ നിന്നിറങ്ങി കാറിലേക്ക് നടന്നു.
കോട്ടയിറങ്ങി, കുന്നിറങ്ങി കടല്‍ത്തീരത്തേക്ക്
ഉച്ചഭക്ഷണം വാഗത്തൂര്‍ ബീച്ചില്‍ നിന്ന് തന്നെ കഴിക്കാമെന്നാണ് ആദ്യം കരുതിയതെങ്കിലും ഭക്ഷണത്തിന് സമയമായിട്ടില്ല എന്നതുകൊണ്ട് കന്‍‌ഡോലിം ബീച്ചിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ഇന്നലെ കലാഗ്യൂട്ട് ബീച്ചില്‍ നില്‍ക്കുമ്പോള്‍ തെക്ക് ദിശയില്‍ ദൂരെയായി കടല്‍ക്കരയോട് ചേര്‍ന്ന് ഒരു കപ്പല്‍ കണ്ടതോര്‍മ്മയുണ്ട്. കന്‍ഡോലിം ബീച്ചിലാണ് ആ കപ്പലുള്ളത്.

അങ്ങോട്ടുള്ള വഴിയിലൂടെ ഒറ്റയടിക്ക് വണ്ടിയോടിച്ച് പോകാനൊന്നും ഞങ്ങള്‍ക്ക് ഉദ്ദേശമില്ലായിരുന്നു. ഇടവഴികളികല്‍ കയറി ഇറങ്ങി എന്തെങ്കിലും അസാധാരണ കാഴ്ച്ചകള്‍ കിട്ടാനാകുമെങ്കില്‍ അതൊക്കെയും തരപ്പെടുത്തുക. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘വെട്ടുവഴി തെങ്ങുകേറല്‍’.

ചുറ്റിക്കറങ്ങി ചാപ്പോറയിലെ ഒരു കൊച്ചു ഹാര്‍ബറില്‍ ചെന്നെത്തി. ബീച്ച് ഷാക്കുകളില്‍ ചെന്നിരിന്ന് അകത്താക്കുന്ന കടല്‍ മീനുകളും മറ്റും കരയില്‍ വന്നുചേരുന്ന തീരമാണത്.
മത്സ്യബന്ധന ബോട്ടുകള്‍ അടുക്കുന്ന ഒരു കടവ്

ഗ്രാമീണ വഴിയോരങ്ങളില്‍ ചില വീടുകള്‍ക്ക് മുന്നിലും കടകള്‍ക്ക് മുന്നിലുമെല്ലാം പ്ലാസ്റ്റിക്ക് കുപ്പികളില്‍ ഓറഞ്ച് നിറത്തിലുള്ള ദ്രാവകം വെച്ചിരിക്കുന്നത് വില്‍പ്പനയ്ക്ക് തന്നെ ആണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ കടകളോ മറ്റോ ഇല്ലാത്ത സ്ഥലങ്ങളിലും ഇതുപോലെ ഓറഞ്ച് ദ്രാവകം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ഗോവയിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്. വല്ല നാടന്‍ ജ്യൂസോ മറ്റോ ആകാം, അല്ലെങ്കില്‍ ഫെനിയുടെ തന്നെ വല്ല വകഭേദവും ആകാം എന്നാണ് കരുതിപ്പോന്നത്. കുറെയധികം കറങ്ങിനടന്നിട്ടാണ് ഓറഞ്ച് ദ്രാവകത്തിന്റെ രഹസ്യം മനസ്സിലാക്കാനായത്. ഗോവയില്‍ ബൈക്ക് സ്ക്കൂട്ടര്‍ എന്നതൊക്കെ യഥേഷ്ടം വാടകയ്ക്ക് ലഭിക്കും. നൂറുകണക്കിന് വിദേശികളും സ്വദേശികളുമൊക്കെയാണ് വാടകയ്ക്കെടുത്ത ഇത്തരം ഇരുചക്രവാഹനങ്ങളില്‍ ചുറ്റിയടിച്ച് നടക്കുന്നത്. ഇവര്‍ക്ക് വാഹനത്തില്‍ ഒഴിക്കാനുള്ള പെട്രോളാണ് ഓറഞ്ചുനിറത്തില്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ വിശ്രമിക്കുന്നത്. വെട്ടുവഴി തെങ്ങുകയറ്റത്തിനിടയില്‍ പെട്രോള്‍ അടിക്കാനായി പട്ടണത്തിലേക്ക് പോകാന്‍ ആര്‍ക്കാണ് സമയം. ആ ബുദ്ധിമുട്ടിന്റെ വാണിജ്യസാദ്ധ്യത ഇവിടെ മുതലെടുക്കപ്പെടുകയാണെങ്കിലും ഇങ്ങനെ വഴിയരുകില്‍ വെച്ച് പെട്രോള്‍ വില്‍ക്കുന്നത് നിയമാനുസൃതവും സുരക്ഷിതവും ആണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

മനോഹരമായ ഒരു അമ്പലമോ മറ്റോ ആണെന്ന് കരുതി കാറ് നിര്‍ത്തി ഞാന്‍ ചെന്ന് കയറിയത് ഒരു കമ്മ്യൂണിറ്റി ഹാളില്‍ ആയിരുന്നു. ഒരു കെട്ടിടം കണ്ടിട്ട് അത് ഇന്നതായിരിക്കും എന്ന് കൃത്യമായി പറയാന്‍ പറ്റിയെന്ന് വരില്ല പറങ്കികളുടെ ഈ പഴയ കോളനിയില്‍. അമ്പലങ്ങള്‍ക്ക് പലതിനും പള്ളിയുടെ മാതൃകയാണ് ഇവിടെ.

കലാഗ്യൂട്ടില്‍ നിന്ന് അഗ്വാഡ വരെയുള്ള വഴിയിലൂടെ പോകുമ്പോള്‍ പാര്‍ക്കിങ്ങ് കിട്ടുന്ന ഏവിടെയും വാഹനം നിര്‍ത്തി കെട്ടിടങ്ങള്‍ക്കിടയിലൂടെ ബീച്ചിലേക്ക് കടക്കാം. എല്ലായിടത്തും ബീച്ച് ഷാക്കുകള്‍ സുലഭമാണ്. ഇതേ വഴിയില്‍ത്തന്നെ എവിടെയോ ആണ് മദ്യരാജാവ് വിജയ് മല്ലിയയുടെ ഗോവയിലെ ബംഗ്ലാവായ ‘കിങ്ങ് ഫിഷര്‍ ഹൌസ് ’ എന്ന് ഏതോ ഇന്‍ ഫ്ലൈറ്റ് മാഗസിനില്‍ കണ്ടതോര്‍മ്മയുണ്ട്. ബംഗ്ലാവിന്റെ ഉള്‍ഭാഗത്തെ ചിത്രങ്ങളടക്കം മോഹിപ്പിക്കുന്ന ഒരു വിവരണമായിരുന്നു അത്.
കിങ്ങ് ഫിഷര്‍ ഹൌസിന്റെ ഉയരമുള്ള ഗേറ്റ്
റോഡരുകില്‍ നിന്ന് ബംഗ്ലാവിന്റെ കൂറ്റന്‍ ഗെയിറ്റ് മാത്രം കാണാം. ഗെയിറ്റിനും കെട്ടിടത്തിനും അപ്പുറം എല്ലാവര്‍ക്കും പ്രാപ്യമായ ബീച്ച്. കെട്ടിടത്തിനകത്ത് ധനവാനായ മല്ലിയയ്ക്ക് മാത്രം പ്രാപ്ര്യമായ സുഖസൌകര്യങ്ങള്‍. നമ്മളെപ്പോലുള്ളവര്‍ക്ക് എത്തിപ്പിടിക്കാവുന്ന സൌകര്യങ്ങളൊക്കെയുള്ള ബീച്ച് ഷാക്കുകളില്‍ മല്ലിയ തന്നെ നിര്‍മ്മിച്ച് കുപ്പിയിലാക്കി ഇറക്കുന്ന കടുക്കവെള്ളത്തോടൊപ്പം രുചികരമായ സീഫുഡ് വിഭവങ്ങള്‍ ഞങ്ങളേയും കാത്തിരിക്കുകയാണ്. നേരെ ‘രാമാസ് ‘ ബീച്ച് ഷാക്കില്‍ ചെന്ന് കയറി.
ബീച്ച് ഷാക്ക് - ഗോവന്‍ ബീച്ചുകളിലെ പ്രധാന ആകര്‍ഷണം
ഭക്ഷണവും കടുക്കവെള്ളവുമൊക്കെ ഓര്‍ഡര്‍ ചെയ്ത് മേശ ബുക്ക് ചെയ്ത് ബീച്ചിലേക്കിറങ്ങി. കലാഗ്യൂട്ടില്‍ നിന്ന് കാണുന്ന കപ്പലിപ്പോള്‍ വളരെ അടുത്തുതന്നെയുണ്ട്. കരയില്‍ നിന്ന് 100 അല്ലെങ്കില്‍ 150 മീറ്റര്‍ ദൂരമേ അതിലേക്കുള്ളൂ. ചില വിദേശികള്‍ അതിലേക്ക് നെഞ്ചൊപ്പം വെള്ളത്തില്‍ നടന്നുപോകുന്നുണ്ട്. തീരത്തെ കരയില്‍ ഉറച്ച് പോയിരിക്കുകയാണ് ‘റിവര്‍ പ്രിന്‍സസ്സ് ’ എന്ന ആ ഹതഭാഗ്യ. കരയിലേക്ക് ഒന്നുരണ്ട് വടം ഉപയോഗിച്ച് അവളെ കെട്ടി നിര്‍ത്തിയിട്ടുണ്ട്‍. തിരകളടിച്ചുണ്ടാകുന്ന മണല്‍ത്തിട്ടയ്ക്ക് കപ്പലിന്റെ ഒരുവശത്ത് കനം വെക്കുന്നതോടെ ഭാവിയില്‍ അവള്‍ കടലിലേക്ക് മറിഞ്ഞെന്നും വരാം.
കരയില്‍ ഉറച്ചുപോയ ‘റിവര്‍ പ്രിന്‍സസ്സ് ‘ എന്ന കപ്പല്‍
വര്‍ഷങ്ങള്‍ കുറെയായി അവള്‍ ആ കിടപ്പ് കിടക്കുന്നു. 2000 ല്‍ ആണ് കപ്പല്‍ കരയ്ക്കടിഞ്ഞത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തിരകള്‍ അവളെ കരയോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. ഇന്‍ഷൂറന്‍സ് കമ്പനിയുടെ നിയമ നൂലാമാലകള്‍ കാരണം, കപ്പലിനെ പൊളിച്ച് വിറ്റ് ആക്രിവില പോലും മുതലാക്കാന്‍ പറ്റാത്ത അവസ്ഥയായിത്തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഒരു കപ്പല്‍ക്കമ്പനിക്ക് കോടികള്‍ നഷ്ടം സഹിക്കേണ്ടി വന്നിട്ടുണ്ടാകുമെങ്കിലും റിവര്‍ പ്രിന്‍സസ്സിന്റെ തീരത്ത് അണഞ്ഞുള്ള ഈ കിടപ്പ് കന്‍‌ഡോലിം ബീച്ചിന് ഒരു രാജ പ്രൊഢിയാണ് നല്‍കിയിരിക്കുന്നത്.
സണ്‍ ബാത്ത്, കപ്പല്‍, പാര സര്‍ഫിങ്ങ് - കന്‍‌ഡോലിം ബീച്ചിലെ ഒരു കാഴ്ച്ച
എന്നിരുന്നാലും റിവര്‍ പ്രിന്‍സസ്സിനെപ്പറ്റി ഇപ്പോള്‍ പറഞ്ഞ് കേള്‍ക്കുന്നത് അത്ര നല്ല കാര്യങ്ങളൊന്നുമല്ല. ഗോവയിലെ മയക്കുമരുന്ന് കൈമാറ്റങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി ഇവളുടെ ഉള്ളറകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ആരോപണങ്ങള്‍. ഇക്കാര്യത്തെ ചൊല്ലി ഗോവന്‍ അസംബ്ലിയില്‍ ഇടയ്ക്കിടയ്ക്ക് ഒച്ചപ്പാടും ബഹളവും ഒക്കെ ഉണ്ടായിട്ടുമുണ്ട്.
കന്‍‌ഡോലിം ബീച്ചിലെ വാട്ടര്‍ സ്കൂട്ടറുകള്‍
സ്ഥലം ഗോവയായതുകൊണ്ട് മയക്കുമരുന്നിന്റെയൊക്കെ കാര്യത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ചുമ്മാതങ്ങ് തള്ളിക്കളയാനും പറ്റില്ല. നമ്മളൊക്കെ വിചാരിക്കുന്നതിലും മനസ്സിലാക്കിയിരിക്കുന്നതിലുമൊക്കെ വലിയ ഡ്രഗ്ഗ് മാഫിയകള്‍ ഗോവന്‍ ഗ്രാമങ്ങളെ വരെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. ഇടപെടാതെ, കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ ഒരു ടൂറിസ്റ്റ് മാത്രമായി നടന്നാല്‍ ഗോവ ഒരു പറുദീസ തന്നെ. അല്ലെങ്കില്‍ പരലോകത്തേക്കുള്ള പാസ്സ്പ്പോര്‍ട്ട് എളുപ്പം കിട്ടുന്ന ഒരിടം.

ബീച്ച് ഷാക്കുകളില്‍ ഒന്നില്‍ നിന്ന് കടലിലേക്കും, തിരകളോട് തോറ്റ കപ്പലിലേക്കും ദൃഷ്ടി പതിപ്പിച്ച് കടല്‍ക്കാറ്റേറ്റ് ‍ഇരിക്കുമ്പോള്‍, സൂപ്പര്‍ സോണിക്ക് വേഗതയില്‍ പായുന്ന ജീവിതത്തിന്റെ സ്ഥിരഗതിയില്‍ നിന്ന് തെന്നിമാറി മറ്റേതോ മനോഹരലോകത്ത് ഒളിവില്‍ കഴിയുന്ന ഒരു അവസ്ഥയാണ് കൈവരുന്നത്.

കന്‍‌ഡോലിം ബീച്ചില്‍ വിദേശികളാണ് അധികവും. എല്ലാവരും സൂര്യതാപം ഏറ്റ് ശരീരഭംഗി വര്‍ദ്ധിപ്പിക്കാനായി ടാന്‍ ഓയല്‍ തേച്ച് കിടക്കുന്നവര്‍ തന്നെ. വാട്ടര്‍ സ്ക്കൂട്ടര്‍, ബനാന റൈഡ് എന്നിങ്ങനെയുള്ള സാഹസിക വിനോദങ്ങള്‍ ധാരാളമായി ഇവിടെയും ഉണ്ടെങ്കിലും മറ്റ് ബീച്ചുകളില്‍ കാണാന്‍ പറ്റാതിരുന്ന വിന്‍ഡ് സര്‍ഫിങ്ങ് ഇവിടെക്കാണാനായി. കാലില്‍ സര്‍ഫ് ബോര്‍ഡ് ഉറപ്പിച്ച് കൈകളില്‍ ഉയര്‍ന്ന് പറക്കുന്ന ഗ്ലൈഡറിനെ നിയന്ത്രിച്ച് കടല്‍ത്തിരകളുടെ മുകളിലൂടെ തെന്നിനീങ്ങുവാന്‍ അസാമാന്യ മെയ്‌വഴക്കം ആവശ്യമാണെന്നാണ് എനിക്ക് തോന്നിയത്. ഒരിക്കല്‍ പാരാ സെയിലിങ്ങ് നടത്തി അതിന്റെ ആവേശം മുഴുവന്‍ അനുഭവിച്ചിട്ടുള്ളതുകൊണ്ട് വിന്‍ഡ് സര്‍ഫിങ്ങ് നടത്തിക്കൊണ്ടിരിക്കുന്ന ഭാഗ്യവാന്റെ മാനസ്സിക ഉല്ലാസം കുറേയൊക്കെ എനിക്ക് ഊഹിക്കാനാവും. വടക്കുദിശയില്‍ കടലിലൂടെ തെന്നിത്തെന്നി കപ്പലിന്റെ അടുത്ത് വന്ന് അയാള്‍ യാത്ര അവസാനിപ്പിക്കുന്നു. വീണ്ടും ഗ്ലൈഡറുമായി തീരത്തൂടെ നടന്ന് തെക്ക് ദിശയില്‍ ചെന്ന് കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ഗ്ലൈഡര്‍ നിയന്ത്രിച്ച് കടല്‍പ്പരപ്പിലൂടെ ചടുലമായ നീക്കം. കണ്ടിരുന്നാല്‍ത്തന്നെ ആവേശം അണപൊട്ടുള്ള കാഴ്ച്ചയാണത്.
ബീച്ച് ഷാക്കിലിരുന്ന് ഒരു മയക്കം
പതിവുപോലെ ഷാക്കിലെ സീ ഫുഡ് രുചിയോടെ അകത്താക്കി. ചപ്പോറ ഫോര്‍ട്ടിലേക്കുള്ള കയറ്റവും ബീച്ചിലെ കളികളുമൊക്കെയായി നേഹ അല്‍പ്പം ക്ഷീണതയാണ്. ഇളം കാറ്റേറ്റ് ആ കസേരകളിലൊന്നില്‍ മയങ്ങുന്നതിന് ബീച്ച് ഷാക്കുകാര്‍ ആരും തടസ്സം പറയില്ല. അവര്‍ക്ക് അതൊക്കെ സന്തോഷം തന്നെ.

നേഹയ്ക്കൊപ്പം ഞാനും അല്‍പ്പസമയം കണ്ണടച്ചു. സ്ഥാവരജംഗമ വസ്തുക്കള്‍ക്ക് കാവലിന് ‘റിവര്‍ പ്രിന്‍സസ്സും‘ മുഴങ്ങോടിക്കാരിയും ഉണ്ടല്ലോ.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.