Wednesday 19 October 2011

ഗൌഡിയുടെ സൃഷ്ടികൾക്കിടയിലൂടെ

സ്പെ‌യിൻ യാത്രയുടെ ആദ്യഭാഗങ്ങൾ
1. സ്‌പെയിനിൽ 
2. ബാർസലോണ
--------------------------------------
വെൽ തുറമുഖത്തുനിന്ന് ലാസ് റാബ്ലാസ് തെരുവിലൂടെ തിരിച്ചുനടന്ന് ഞങ്ങൾ കാത്തലൂണിയ പ്ലാസയിലെത്തി. വിചാരിച്ചതിനേക്കാൾ കൂടുതൽ സമയം പലയിടത്തും ചിലവഴിച്ചതുകൊണ്ട് പകുതി ദിവസം പെട്ടെന്ന് തീർന്നിരിക്കുന്നു. അടുത്ത ഏതെങ്കിലും ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുൻപ് ബസ്സ് റൂട്ടുകളിലൂടെ വെറുതെ ഒരു യാത്ര നടത്താൻ തീരുമാനിച്ചു. ആ യാത്രയ്ക്കിടയിൽ ഒഴിവാക്കാൻ പറ്റാത്തതെന്ന് തോന്നുന്ന സ്ഥലങ്ങളിലേക്ക് വീണ്ടും ബസ്സിൽത്തന്നെ മടങ്ങിയെത്താൻ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ ?

ഹോഹോ ബസ്സ് റൂട്ട് മാപ്പ്.
ബസ്സിന്റെ മുകൾ ഡെക്കിൽ ഞങ്ങൾ ഇരുന്നതും മഴ ചാറാൻ തുടങ്ങി. പടങ്ങളെടുക്കാൻ ശ്രമിച്ചാൽ ക്യാമറ നനയും എന്നതുകൊണ്ട് ക്യാമറ ബാഗിനകത്താക്കി മഴ നനഞ്ഞുതന്നെ ഞങ്ങളാ യാത്ര തുടർന്നു. ഹെഡ്‌ഫോൺ ചെവിയിൽ തിരുകിയപ്പോൾ പോകുന്ന വഴിയിലുള്ള കാഴ്ച്ചകളെപ്പറ്റിയുള്ള വിവരണങ്ങൾ കേട്ടുതുടങ്ങി.

പ്രധാന തെരുവുകൾ ദീർഘവീക്ഷണത്തിന്റെ മകുടോദാഹരണങ്ങൾ ആണ്. ഒരു പാർക്കിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന പ്രതീതിയാണ് ആ റോഡുകളിലെ സവാരി പ്രദാനം ചെയ്യുന്നത്. വൺ വേ ട്രാഫിക്കുള്ള റോഡുകൾക്ക് നടുവിൽ റോഡിനേക്കാൾ വീതിയുള്ള മീഡിയൻ. അതിൽ വളർന്നുനിൽക്കുന്ന തണൽ വൃക്ഷങ്ങൾക്ക് ഇരുനില ബസ്സിന്റെ ഉയരത്തിനൊപ്പം ശാഖകൾ ഒന്നുമില്ല. അവിടന്ന് മുകളിലേക്ക് അത് ചില്ലകൾ വിരിച്ച് തണൽ പരത്തുന്നു. ഒരു മരം അശാസ്ത്രീയമായി വളർന്നുവന്ന്, പിന്നീടതിന്റെ ശാഖകൾ കണ്ടം തുണ്ടം മുറിച്ച് കളയുന്നതിനുപകരം, വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല.

തെരുവിന്റെ ദൃശ്യം.
വീതിയുള്ളതും വൃത്തിയുള്ളതുമായ നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, എന്നിവ കൊണ്ടൊക്കെ സമ്പന്നമാണ് ബാർസലോണയിലെ തെരുവുകൾ. ബാർസലോണയിൽ മാത്രം 100 കിലോമീറ്ററിലധികം നീളത്തിൽ സൈക്കിൾ ട്രാക്കുകൾ ഉണ്ടെന്നുള്ളത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

പഴയതും പുതിയതുമായ കെട്ടിടങ്ങൾ ഇടകലർന്ന് നിൽക്കുന്നു പാതയോരങ്ങളിൽ. ഓരോ നൂറ് മീറ്ററിലും എന്തെങ്കിലും ഒരു ശിൽ‌പ്പവേല വഴിയോരത്ത് കാണാനാകും. വയസ്സൻ കെട്ടിടങ്ങളിൽ എന്റെ കണ്ണുകൾ കൂടുതൻ നേരം ഉടക്കി നിന്നു. മനോഹരമാണ് അതിന്റെയൊക്കെ നിർമ്മിതി. കാസ്റ്റ് അയേണിൽ നിർമ്മിച്ചിരിക്കുന്ന ബാൽക്കണിയുടെ കൈവരികളൊക്കെ അനുകരണനീയമാണ്. സാങ്കേതികവിദ്യ അത്രകണ്ട് പുരോഗമിച്ചിട്ടില്ലാത്ത കാലഘട്ടത്തിൽ നിർമ്മിച്ച കെട്ടിടങ്ങളാണെന്നുള്ളത് വിസ്മയാവഹം തന്നെ.

കെട്ടിടങ്ങളുടെ നിർമ്മാണ ഭംഗി.
പല കെട്ടിടങ്ങളുടേയും നിർമ്മാണത്തിലുള്ള പ്രത്യേകതകൾ, അതിന്റെ ഡിസൈനർ ആര് എന്ന കാര്യങ്ങളൊക്കെ വിശദീകരിക്കപ്പെട്ടുകൊണ്ടിരുന്നു. അക്കൂട്ടത്തിൽ ഏറ്റവുമധികം കേട്ടത് ആന്റണി ഗൌഡി എന്ന പേരാണ്. സ്ട്രാറ്റ്ഫോർഡ് അപ്പോൺ എവണിൽ(ഇംഗ്ലണ്ട്) ചെന്നാൽ ഓരോ മിനിറ്റ് ഇടവിട്ട് ഷേക്സ്‌പിയറിന്റെ പേര് കേൾക്കുന്നതുപോലെ ആയിരുന്നു ബാർസലോണയിൽ ആന്റണി ഗൌഡിയുടെ പേര് പരാമർശിക്കപ്പെട്ടുകൊണ്ടിരുന്നത്. ഗൌഡിയുടെ ചില നിർമ്മിതികളെങ്കിലും സന്ദർശിക്കാതെ ബാർസലോണ യാത്ര പൂർത്തിയാക്കാൻ ഒരു സഞ്ചാരിക്കും ആവില്ല എന്നതുകൊണ്ട് അദ്ദേഹത്തെപ്പറ്റി അൽ‌പ്പം കൂടെ വിശദമാക്കാം.

ആന്റണി ഗൌഡി - (കടപ്പാട് വിക്കി)
കാത്തലൂണിയയിലെ ഏറ്റവും പ്രശസ്തനായ കലാകാരനായിട്ടാണ് ആന്റണി ഗൌഡി എന്ന ആർക്കിടെൿറ്റിനെ കണക്കാക്കുന്നത്.  അദ്ദേഹത്തിന്റെ കലാചാതുരി അന്താരാഷ്ട്രതലത്തിൽ ഒരുപാട് അംഗീകരിക്കപ്പെടുകയും അതേപ്പറ്റിയുള്ള ധാരാളം പഠനങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്. ആർക്കിടെൿച്ചർ, പ്രകൃതി, മതവിശ്വാസം, സ്വദേശമായ കാത്തലൂണിയയോടുള്ള സ്നേഹം എന്നതൊക്കെ ഗൌഡിയുടെ ഓരോ സൃഷ്ടിയിലും പ്രതിഫലിക്കുന്നുണ്ടെന്ന് നിരീക്ഷണമുണ്ട്. അദ്ദേഹത്തിന്റെ പ്രമുഖമായ ഏഴ് നിർമ്മിതികൾ UNESCO യുടെ ലോകപൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1926 ജൂൺ 7ന് തന്റെ 74-)ം വയസ്സിൽ, കാത്തലൂണിയൻ തെരുവിലൂടെ നിത്യപ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് നടന്നു പോകുകയായിരുന്ന ഗൌഡിയെ, ട്രാം തട്ടുകയും അവിടെവെച്ചുതന്നെ അദ്ദേഹം മരണമടയുകയുമാണ് ഉണ്ടായത്.

ഗൌഡിയുടെ Casa Batllo എന്ന സൃഷ്ടി.
1877 ൽ നിർമ്മിക്കപ്പെട്ടെങ്കിലും 1904 - 1906 കാലഘട്ടത്തിൽ ഗൌഡി പുതുക്കിപ്പണിഞ്ഞ Casa Batllo എന്ന ഒരു കെട്ടിടം റോഡരുകിൽത്തന്നെ കാണാം. ചുറ്റുമുള്ള മറ്റ് കെട്ടിടങ്ങളിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണത്. പലനിറത്തിലുള്ള ടൈലുകൾ കൊണ്ട് അതിന്റെ മനോഹാരിത വർദ്ധിപ്പിച്ചിരിക്കുന്നു. ഗൌഡിയുടെ സൃഷ്ടികളിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നത് ടൈൽ കൊണ്ടുള്ള ഇത്തരം മോടിപിടിപ്പിക്കലാണ്. Casa Mila എന്ന പേരിലുള്ള മറ്റൊരു ഗൌഡി കെട്ടിടവും തെരുവിൽ തല ഉയർത്തി നിൽക്കുന്നുണ്ട്.

കാത്തലൂണിയ തെരുവിൽത്തന്നെ മരിച്ചുവീണ ഗൌഡിയുടെ, ഓരോ സൃഷ്ടിയും മഹത്തരമായിത്തന്നെ സ്പാനിഷ് ജനത കണക്കാക്കുന്നു. അതുകൊണ്ടൊന്നും തീർന്നില്ല; ഗൌഡി മരിച്ച് 85 കൊല്ലത്തിനുശേഷവും അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ ഒരു നിർമ്മാണപ്രവർത്തനം ഇന്നും ബാർസലോണയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സഗ്രഡ ഫമിലിയ എന്ന ആ പള്ളിയിലേക്കാണ് ഞങ്ങളുടെ അടുത്ത യാത്ര.

സഗ്രഡ ഫമിലിയ - ഒരു അപൂർണ്ണ ചിത്രം.
സഗ്രഡ ഫമിലിയ എന്ന സൃഷ്ടിയെക്കുറിച്ച് വർണ്ണിക്കാൻ പോന്ന വാക്കുകളും വരികളുമൊന്നും എന്റെ പക്കലില്ല. അപൂർണ്ണമായ ഈ പള്ളിയാണ് ലോക പൈതൃകത്തിൽ UNESCO ഉൾപ്പെടുത്തിയ ഗൌഡിയുടെ മഹത്തായ ഒരു സൃഷ്ടി. 1882 ൽ പള്ളിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ ഗൌഡി ആ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നില്ല. ഒരു കൊല്ലം കൂടെ കഴിഞ്ഞാണ് അദ്ദേഹം ഈ പദ്ധതിൽ ചേരുന്നത്. ഗോത്തിൿ ശൈലിക്കൊപ്പം മറ്റ് പല സങ്കീർണ്ണമായ കലാശൈലികളും സമ്മേളിപ്പിച്ച് ഇന്ന് നാം കാണുന്നവിധത്തിൽ പള്ളിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് മാറ്റം വന്നത് ഗൌഡിയുടെ വരവോടെയാണ്. അതിനിടയ്ക്ക് 25 % പണികൾ മാത്രം കഴിഞ്ഞ അവസ്ഥയിൽ ഗൌഡി മരണമടയുകയും അദ്ദേഹത്തിന്റെ ശരീരം ഇതേ പള്ളിക്കകത്ത് തന്നെ മറവു ചെയ്യുകയും ചെയ്തു.

സഗ്രഡ ഫമിലിയ - മറ്റൊരു ഭാഗത്തിന്റെ ദൃശ്യം.
തുടർന്നങ്ങോട്ട് ചെയ്യാനുള്ള നിർമ്മാണപ്രവർത്തനങ്ങളുടെയൊക്കെ കൃത്യമായ രൂപരേഖകൾ അദ്ദേഹം ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നെങ്കിലും 1936ലെ സ്പാനിഷ് ആഭ്യന്തര യുദ്ധക്കാലത്ത് ആ രേഖകളും മാതൃകകളുമൊക്കെ ഭാഗികമായെങ്കിലും നശിപ്പിക്കപ്പെട്ടു. നഷ്ടപ്പെട്ടുപോയ ആ പ്ലാനുകൾ പുനർനിർമ്മിച്ചെടുത്ത് അതിൽ ചില ആധുനിക പരിവർത്തനങ്ങൾ കൂടെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്നത്. റോമൻ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള സഗ്രഡ ഫെമിലിയയ്ക്ക് 2010ൽ മൈനർ ബസിലിക്ക പദവി ലഭ്യമായിട്ടുണ്ട്.

തന്റെ ആയുസ്സിൽ നിന്ന് 40 വഷത്തോളം സമയമാണ് പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗൌഡി ചിലവഴിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ നീണ്ടുനീണ്ട് പോകുന്നത് കണ്ട് ചിലർ, ഗൌഡിയോട് അതേപ്പറ്റി ആരാഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.

“പണി തീരാൻ ഒരുപാട് വർഷങ്ങളോ തലമുറകൾ തന്നെയോ എടുത്തെന്ന് വരാം. പക്ഷെ, നിങ്ങൾ വിഷമിക്കേണ്ടതില്ല. എന്റെ ക്ലൈന്റിന് ഒരു തിരക്കും ഇല്ലെന്ന് മാത്രമല്ല, ലോകത്തുള്ള സമയം മുഴുവൻ ഉണ്ട് താനും.“

എത്ര ഉദാത്തമായ ചിന്തയും മറുപടിയും ! അല്ലേ ?

നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
ബസ്സ് പള്ളിക്കടുത്തേക്ക് എത്തുന്നതിന് മുന്നേതന്നെ കെട്ടിടങ്ങൾക്കിടയിലൂടെ പള്ളിയുടെ മിനാരങ്ങൾ കാണാനാകുന്നുണ്ട്. പണി നടക്കുന്നതുകൊണ്ട് പലയിടത്തും പള്ളി മറക്കപ്പെട്ട നിലയിലാണുള്ളത്. ഗൌഡി മരണമടയുമ്പോൾ ഈ മിനാരങ്ങളിൽ ഒരെണ്ണം മാത്രമേ പൂർത്തിയായിരുന്നുള്ളൂ. 16 കൊല്ലമാണ് ഗൌഡി ഈ ദേവാലയത്തിന്റെ പണി നടക്കുന്ന സൈറ്റിൽത്തന്നെ കഴിച്ചുകൂട്ടിയത്. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഒരു നിർമ്മിതിക്ക് അദ്ദേഹം കൊടുത്തിരുന്ന പ്രാധാന്യം അത്രയ്ക്കുണ്ടായിരുന്നു.

മുൻഭാഗത്തിന്റെ ഭാഗിക ദൃശ്യം.
ഞങ്ങൾ ബസ്സിൽ നിന്നിറങ്ങി പള്ളിക്ക് മുന്നിലേക്ക് നടന്നു. പുറത്തുനിന്നുള്ള കാഴ്ച്ചകളും ശിൽ‌പ്പവേലകളും കണ്ടിട്ടുതന്നെ എന്റെ കണ്ണുതള്ളി. കുറഞ്ഞ സമയം കൊണ്ടൊന്നും ഇതിനകവും പുറവുമൊക്കെ കണ്ടുതീർക്കാനാവില്ലെന്ന് ഒറ്റയടിക്ക് മനസ്സിലാക്കാം. പറ്റുന്നിടത്തോളം കാണുക, ബാക്കിയുള്ളത് കാണാൻ നാളെ രാവിലെ ഒരിക്കൽക്കൂടെ വരാം എന്ന് തീരുമാനിച്ചു. അകത്തേക്ക് കയറാനുള്ള നീണ്ട നിരതന്നെ മുന്നിലുണ്ട്. ഞങ്ങൾ അതിലിടം പിടിച്ചു.

സഗ്രഡ ഫമിലിയ - ഒരു പാർശ്വവീക്ഷണം.
സംഭാവനകൾ സ്വരൂപിച്ച് ആരംഭിച്ച പള്ളിയുടെ നിർമ്മാണപ്രവർത്തനങ്ങൾ 2028ൽ തീരുമെന്നാണ് കരുതപ്പെടുന്നത്. എന്നുവെച്ചാൽ, 146 കൊല്ലം നിർമ്മാണം പൂർത്തീകരിക്കാൻ മാത്രം എടുക്കുമെന്ന്. പള്ളി കാണാനെത്തി ക്യൂ നിൽക്കുന്നവരിൽ നിന്നുള്ള സംഭാവനകളേയും നിർമ്മാണപ്രവർത്തനങ്ങൾക്കായി ആശ്രയിക്കുന്നുണ്ട്. ചെറിയൊരു തുക നിർമ്മാണ ഫണ്ടിലേക്ക് നൽകാൻ ഞങ്ങളും മറന്നില്ല. തുലോം തുച്ഛമാണെങ്കിലും, ഞങ്ങളുടെ കൂടെ സംഭാവനകൊണ്ട് പണിയപ്പെട്ട മനോഹരമായ ഒരു ദേവാലയമാണ് അതെന്ന് അഹങ്കരിക്കാമല്ലോ ! എന്തൊക്കെ ആയാലും പണി പൂർത്തിയാക്കുന്ന കാലത്ത്, മനുഷ്യനിർമ്മിതമായ ലോക മഹാത്ഭുതങ്ങളിൽ ഒന്നായി സഗ്രഡ ഫമിലിയ ഇടം പിടിക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നിയത്.

സഗ്രഡ ഫമിലിയ ഒരു വിദൂര ദൃശ്യം - (കടപ്പാട് വിക്കി)
ടിക്കറ്റ് കൌണ്ടറിന്റെ മുന്നിലെത്തിയപ്പോളാണ് അവിടെ തൂക്കിയിരിക്കുന്ന ബോർഡ് കണ്ടത്. ലിഫ്റ്റ് പ്രവർത്തനരഹിതമായതുകൊണ്ട് അകത്ത് കയറാമെന്നല്ലാതെ പ്രധാനപ്പെട്ട ഭാഗങ്ങളൊന്നും കാണാൻ സാദ്ധ്യമല്ല. ഞങ്ങൾ ആകെ ചിന്താക്കുഴപ്പത്തിലായി. നാളെ രാവിലെ വീണ്ടും ഈ വഴി വന്ന് നോക്കാം. അപ്പോൾ ലിഫ്റ്റ് ശരിയായിട്ടുണ്ടെങ്കിൽ അകത്ത് കയറാം. അതല്ലെങ്കിൽ പൂർണ്ണമായും പണിതീർന്നതിനുശേഷം സഗ്രഡ ഫമിലിയ കാണാനായി മാത്രം മറ്റൊരിക്കൽ കൂടെ സ്പെയിൻ വന്നാലും നഷ്ടമില്ല. പണി തീർന്നതിന് ശേഷം പള്ളിക്കകത്ത് കയറിയാൽ ഒരൊറ്റ പ്രശ്നമേ എനിക്കുള്ളൂ. നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ കാണികളെ അകത്ത് കടത്തിവിടുമ്പോൾ എന്തൊക്കെ സുരക്ഷാ നടപടികൾ അകത്ത് സജ്ജീകരിച്ചിരുന്നു എന്നത് ഒരു പിടികിട്ടാ സംഭവമായി അവശേഷിക്കും.

കടൽത്തീരത്തെ സിമന്റ് ബെഞ്ചുകൾ.
ഞങ്ങൾ ബസ്സിൽ കയറി യാത്ര തുടർന്നു. പച്ച ബസ്സ് റൂട്ടും നീല ബസ്സ് റൂട്ടിന്റെ ചെറിയൊരു ഭാഗവും മെഡിറ്ററേനിയൻ കടത്തീരത്തുകൂടെ കടന്നുപോകുന്നുണ്ട്. നല്ല വൃത്തിയുള്ള കടൽത്തീരത്ത് അൽ‌പ്പവസ്ത്രധാരികളായ ജനങ്ങൾ വെയിൽ കായുന്നുണ്ട്. കടൽക്കരയിൽ ഇറങ്ങി കുറച്ച് സമയം ബെഞ്ചിൽ ഇരുന്നു, തീരത്തുകൂടെ അൽ‌പ്പദൂരം നടന്നു.

ബീച്ചിലെ ബസ്സ് സോപ്പിൽ നിന്ന് വീണ്ടും ബസ്സിൽ കയറിയപ്പോൾ ലക്ഷ്യം ഒളിമ്പിൿസ് സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള വില്ലേജുമായിരുന്നു. നീല ബസ്സ് റൂട്ടിൽ കയറി 1992 ഒളിമ്പിൿസിന്റെ പ്രധാന വേദിയായ Estadi സ്റ്റേഡിയത്തിന്റെ അടുത്തുള്ള സ്റ്റോപ്പിലിറങ്ങി. 1992 ഒളിമ്പിൿസിന്റെ സമയത്ത് 67000 പേർക്ക് ഇരിക്കാനുള്ള സൌകര്യം ഉണ്ടായിരുന്ന ഈ സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത് 1927ലാണ്.

1992 ഒളിമ്പിൿ സ്റ്റേഡിയത്തിന് മുന്നിൽ.
സ്റ്റേഡിയത്തിന് അകത്ത് കയറാൻ പ്രത്യേക അനുവാദം വേണം; അതിനുള്ള സമയവും ഇല്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കായിക താരങ്ങളുടെ ആരവം ഉയർന്നുപൊങ്ങിയ ഒരു സ്റ്റേഡിയത്തിന്റെ മുന്നിലാണ് നിൽക്കുന്നത്. ഏതെങ്കിലും ഒരു ഒളിമ്പിൿ സ്റ്റേഡിയത്തിന്റെ പരിസരത്ത് പോലും മുൻപൊരിക്കലും പോകാനായിട്ടില്ല. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായി.

ഒളിമ്പിൿ സ്റ്റേഡിയത്തിന് മുന്നിലെ വാർത്താവിനിമയ സ്തൂപം.
സ്റ്റേഡിയത്തിന്റെ മുന്നിൽ ഒളിമ്പിൿസ് വാർത്താ വിനിമയത്തിനായി ഉണ്ടാക്കിയ 446 അടി ഉയരമുള്ള Montjuic ടവർ ആകാശത്തിന് തുള ഇടാനുണ്ടാക്കിയ സൂചിയെപ്പോലെ കൂർത്ത് നിൽക്കുന്നു. ഒളിമ്പിൿ ദീപശിഖ കൈയ്യിലേന്തി നിൽക്കുന്ന കായിക താരം എന്നതാണ് ഈ ടവറിന്റെ ഡിസൈൻ സങ്കൽ‌പ്പം. വരിവരിയായി നിൽക്കുന്ന ആറാൾ പൊക്കത്തിലുള്ള മഞ്ഞനിറമുള്ള തൂണുകൾ, ഫൌണ്ടനുകൾ, പച്ചപ്പരവതാനികൾ, ഹാർബറിന്റെ തൊട്ടപ്പുറത്ത് തന്നെയുള്ള സ്റ്റേഡിയമായതുകൊണ്ട് എപ്പോഴും വീശിയടിക്കുന്ന കാറ്റ്.  എത്രനേരം വേണമെങ്കിലും ചിലവഴിക്കാൻ പറ്റിയ അന്തരീക്ഷമാണവിടെ. പക്ഷെ, ഇന്ന് സൂര്യൻ അസ്തമിക്കുന്നതിന് മുന്നേ ഞങ്ങൾക്ക് ഗൌഡിയുടെ മറ്റൊരു പ്രധാന നിർമ്മിതിയായ Guell Park കൂടെ കാണാനുണ്ട്.

നീല ബസ്സ് റൂട്ടിൽ നിന്ന് ചുവന്ന റൂട്ടിലേക്ക് കടന്നാലേ ഗുൽ പാർക്കിൽ എത്താനാവൂ. റൂട്ട് മാറിക്കയറാൻ വീണ്ടും കാത്തലൂണിയയിലേക്ക്. ഗുൽ പാർക്കിന്റെ ബസ്സ് സ്റ്റോപ്പിലിറങ്ങി 200 മീറ്ററോളം മുകളിലേക്ക് നടന്ന് കയറിയാലേ പാർക്കിലെത്തൂ. El Carmel എന്ന് പേരുള്ള കുന്നിന്റെ മുകളിലേക്കുള്ള കയറ്റമാണത്. അങ്ങോട്ട് നടന്ന് പോകുന്നവരെല്ലാം പാർക്കിലേക്ക് പോകുന്നവർ തന്നെയെന്ന് സ്പഷ്ടം. UNESCO ലോക പൈതൃക സൃഷ്ടിയായി തിരഞ്ഞെടുത്തിരിക്കുന്ന ആന്റണി ഗൌഡിയുടെ മറ്റൊരു സൃഷ്ടിയാണ് ഗുൽ പാർക്ക്. ‘ഇംഗ്ലീഷ് ഗാർഡൻ സിറ്റി മുന്നേറ്റ‘ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാർക്കാണ് ഇത്. 1900 മുതൽ 1914 വരെയുള്ള സമയം കൊണ്ടാണ് പാർക്ക് പണീതീർത്തത്.

ഗേറ്റ് കടന്നാൽ പാർക്കിന്റെ ആദ്യ ദൃശ്യം.
ഗേറ്റ് കടന്ന് മുകളിലേക്കുള്ള പടികൾ കയറുമ്പോൾ കാണുന്ന ടൈലുകൊണ്ട് തീർത്ത ഒരു ഡ്രാഗൺ ഫൌണ്ടന് ചുറ്റും ഫോട്ടോ എടുക്കാനുള്ള തിരക്ക്. ഗൌഡിയുടെ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു നിർമ്മിതിയാണിത്.

ഗൌഡിയുടെ ഡ്രാഗൺ ഫൌണ്ടൻ.
പടികൾ അവസാനിക്കുന്നത്, ഒരേപോലുള്ള തടിയൻ തൂണുകൾ നിറഞ്ഞതും വശങ്ങൾ തുറന്നുകിടക്കുന്നതുമായ ഒരു ഹാളിലാണ്. തൂണുകൾക്കിടയിലെ തണലിലൂടെ സഞ്ചാരികൾ നടന്ന് നീങ്ങുന്നു, കുട്ടികൾ സൈക്കിൾ ചവിട്ടി നടക്കുന്നു. തൂണുകൾക്ക് മുകളിലെ  മച്ചിൽ പലയിടത്തുമായി നിറമുള്ള ടൈലുകൾ കൊണ്ടുള്ള മനോഹരമായ കലാസൃഷ്ടികൾ.

തൂണുകൾ നിറഞ്ഞ തുറസ്സായ ഹാൾ.
മച്ചിൽ ടൈൽ കൊണ്ടുള്ള കലകൾ.
വീണ്ടും പടികൾ കയറിയാൽ ഈ തൂണുകൾക്ക് മുകളിലുള്ള ടെറസ്സിലെത്താം. പാർക്കിലെ ഏറ്റവും ശ്രദ്ധേയമായ ഇടമാണ് ഈ തൂണുകളും അതിന്റെ മുകളിലുള്ള ടെറസ്സും. ടെറസ്സിന്റെ അരികിൽ മുഴുവൻ ഇരിക്കാനുള്ള സൌകര്യമുണ്ട്. എല്ലാം ടൈലുകൾ കൊണ്ട് മനോഹരമാക്കിയ ഇരിപ്പിടങ്ങൾ. ടെറസ്സിൽ നിന്ന് നോക്കിയാൽ കാണുന്നത് പരന്നുകിടക്കുന്ന ബാർസലോണയുടെ ദൃശ്യമാണ്. സഗ്രഡ ഫമിലിയ അടക്കം മിക്കവാറും എല്ലാ കെട്ടിടങ്ങളും ഇവിടെ നിന്നാൽ കാണാം. നാല് വശങ്ങളുള്ള കുരിശും ഉയർത്തി നിൽക്കുന്ന സ്തൂപവും പാർക്കിനകത്ത് ശ്രദ്ധിക്കപ്പെടും. ഗൌഡിയുടെ മറ്റൊരു പ്രശസ്തമായ നിർമ്മിതിയാണ് 4D കുരിശ്.

ടെറസ്സിൽ നിന്നുള്ള ബാർസലോണയുടെ ദൃശ്യം.
ടെറസ്സിന്റെ ഇടതുവശത്ത് ഗൌഡിയുടെ 4 D കുരിശ്.
പരാജയപ്പെട്ടുപോയ ഒരു ഹൌസിങ്ങ് കോമ്പ്ലൿസായിരുന്നു പിന്നീട് ഗുൽ പാർക്കായി പരിവർത്തനം ചെയ്തെടുത്തത്. രണ്ടേ രണ്ട് വീടുകളാണ് ഹൌസിങ്ങ് കോമ്പ്ലൿസിന്റെ ഭാഗമായി ഉണ്ടാക്കിയത്. ഒരെണ്ണം ഒരു സാമ്പിൾ വീടായിരുന്നു. വിൽ‌പ്പനയ്ക്കായി ആകപ്പാടെ ഉണ്ടായിരുന്ന രണ്ടാമത്തെ വീട് പോലും ആരും വാങ്ങിയില്ല.

പാർക്കിനകത്തെ ഗൌഡി ഭവനം (കടപ്പാട്- വിക്കി)
പിന്നീട് സാക്ഷാൽ ഗൌഡി തന്നെ ആ വീട് വാങ്ങുകയും തന്റെ അവസാന കാലത്ത് (1906-1926) ഇതിൽ ജീവിക്കുകയും ചെയ്തു. ഇന്നത് ഒരു ഗൌഡി മ്യൂസിയവും ദേശീയ സ്മാരകവുമാണ്. പാർക്കിനകത്തേക്ക് പ്രവേശനം സൌജന്യമാണെങ്കിലും ഗൌഡിയുടെ വീടിനകത്ത് കടക്കണമെങ്കിൽ ടിക്കറ്റെടുക്കണം. ഗൌഡിയുടെ ഒട്ടനവധി സൃഷ്ടികൾ അതിനകത്ത് പ്രദർശിപ്പിച്ചിരിക്കുന്നു.

ടെറസ്സിന് മുകളിലെ ഗായകസംഘം.
നിറയെ ജനങ്ങളുണ്ട് ടെറസ്സിലെ ഇരിപ്പിടങ്ങളിലൊക്കെ. ഒരു ഗായകസംഘം തങ്ങളുടെ കലാപരിപാടി അവിടെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. മഹാനായ ഒരു കലാകാരൻ ഉണ്ടാക്കിയ സ്മരണീയമായ ഒരു നിർമ്മിതി, മറ്റ് ചില കലാകാരന്മാർ തങ്ങളുടെ കഴിവ് അവിടെവെച്ച് ജനങ്ങൾക്കായി കാഴ്ച്ചവെക്കുന്നു. കുറച്ചധികം സമയം അവിടെ ചിലവഴിക്കാൻ മറ്റെന്ത് കാരണമാണ് വേണ്ടത് ?!

പാർക്കിന്റെ മറ്റൊരു ദൃശ്യം.
17 ഹെൿടറിൽ പരന്ന് കിടക്കുന്ന പാർക്കിന്റെ മുക്കിലും മൂലയിലും കയറി ഇറങ്ങണമെങ്കിൽ ഒരു ദിവസം തന്നെ വേണം. അൽ‌പ്പസമയം പാർക്കിനകത്തുകൂടെ നടന്നതിനുശേഷം ഞങ്ങൾ മടക്കയാത്രയ്ക്കൊരുങ്ങി. രാവിലെ തുടങ്ങിയ ചുറ്റിയടിക്കലാണ്. അൽ‌പ്പസ്വൽ‌പ്പം ക്ഷീണം ബാധിച്ച് തുടങ്ങിയിട്ടുമുണ്ട്. ഗേറ്റിലുള്ള പവലിയൻ കെട്ടിടം സോവനീർ ഷോപ്പ് കൂടെയാണ്. ഗൌഡി എന്ന മഹാനായ കലാകാരനെപ്പെറ്റി മനസ്സിലാക്കാനായതും അദ്ദേഹത്തിന്റെ നിർമ്മിതികൾ ആസ്വദിക്കാനായതും ബാർസലോണിയയിൽ വന്നതുകൊണ്ട് മാത്രമാണ്. അതിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ഡിസൈനുകൾ ഉപയോഗിച്ചുണ്ടാക്കിയ ഫ്രിഡ്ജ് മാഗ്‌നറ്റുകൾ വാങ്ങിയശേഷം ഞങ്ങൾ ബസ്സ് സ്റ്റോപ്പിലേക്ക് തിരിച്ചുനടന്നു.

തൂണുകൾക്കിടയിൽ അൽ‌പ്പ സമയം.
ഗൌഡിയുടെ ഓർമ്മയ്ക്ക് - ഫ്രിഡ്‌ജ് മാഗ്‌നറ്റുകൾ
സമയം ആറ് മണി കഴിഞ്ഞിരിക്കുന്നു. ഇനി രാത്രിക്കാഴ്ച്ചകൾക്കുള്ള സമയമാണ്. ചുവന്ന ബസ്സ് റൂട്ടിൽത്തന്നെയാണ് ബാർസലോണ നാഷണൽ മ്യൂസിയം. അതിരിക്കുന്നത് Montjuich എന്നറിയപ്പെടുന്ന കുന്നിൻ മുകളിലാണ്. തൊട്ടടുത്ത് തന്നെ ഒരു കോട്ടയും ഉണ്ട്. അതിലൊന്നും കയറാനുള്ള സമയം ഞങ്ങൾക്കുണ്ടാകില്ലെന്ന് ഉറപ്പാണ്. ഇരുട്ടുവീഴുന്നതോടെ മ്യൂസിയത്തിന് മുന്നിലുള്ള ഫൌണ്ടൻ, നിറങ്ങൾ വാരിവിതറി നൃത്തം ചെയ്യാൻ തുടങ്ങും. ബസ്സിലിരുന്ന തന്നെ ആ നൃത്തരംഗത്തിന്റെ തുടക്കം കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

നാഷണൽ മ്യൂസിയവും ഫൌണ്ടൻ നൃത്തവും.
മടക്കവഴിയിൽ റോഡിലാകെ തിക്കും തിരക്കും. ബസ്സിന് അനക്കമില്ലാതായി. ഒരു ജാഥ പോകുന്നതിന്റെ ബഹളമാണ്. തിരക്ക്, ട്രാഫിക്ക് ബ്ലോക്ക്, എന്നൊന്നും തീർത്ത് പറയാനാവില്ല. എണ്ണിപ്പെറുക്കിയാൽ 100 പേരുണ്ടാകും ജാഥയിൽ; മൂന്നര മിനിറ്റ് കൊണ്ട് എല്ലാം തീരുകയും ചെയ്തു. എന്തുകൊണ്ടാണെന്നറിയില്ല, തെങ്ങ് കണ്ടാൽ‌പ്പോലും ഓർമ്മ വരാത്ത സ്വന്തം നാട്, ജാഥ കാണുന്ന നിമിഷം എനിക്കോർമ്മ വരും.

ബാർസലോണയിൽ ഒരു ജാഥ.
ഇപ്രാവശ്യം കാത്തലൂണിയ സ്റ്റോപ്പിൽ ഇറങ്ങി ബസ്സ് മാറിക്കയറേണ്ട ആവശ്യമില്ല. ചുവന്ന ബസ്സ് ഹോട്ടലിന്റെ മുന്നിലെത്തും. എന്നാലും കാത്തലൂണിയയിൽ ഇറങ്ങി രാത്രി ഭക്ഷണം കഴിച്ച് ലാസ് റാംബ്ലാസ് തെരുവിലെ ഇനിയും അവസാനിച്ചിട്ടില്ലാത്ത തിരക്കിനെല്ലാം സാക്ഷ്യം വഹിച്ചതിനുശേഷമാണ് ഹോട്ടലിലേക്ക് മടങ്ങിയത്. ബാർസലോണയിലെ സംഭവബഹുലമായ ഒരു ദിവസം കഴിയുകയാണ്. നാളെ പകുതി ദിവസം കൂടെയാണ് ഞങ്ങൾക്കിവിടെ കിട്ടുക. അത് കഴിഞ്ഞാൽ സ്പെയിനോട് വിട പറയണം.

2009 ജൂലായ് 7; നേരം പുലർന്നു. ഹോട്ടലിലെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കി തൊട്ടടുത്ത് തന്നെയുള്ള ഓപ്പൺ റസ്റ്റോറന്റിൽ സ്പാനിഷ് പ്രാതൽ കഴിക്കാനിരുന്നു. ഒരു രാജ്യത്ത് ചെന്നാൽ ഒരു നേരമെങ്കിലും അവരുടേതായ ഭക്ഷണം കഴിക്കണമല്ലോ ? സ്പാനിഷ് ഓം‌ലറ്റ്, കൊത്തി നുറുക്കി പാകം ചെയ്ത ഉരുളക്കിഴങ്ങ്, കപ്പ് കേക്ക്, വയറ് നിറച്ച് കാപ്പി എന്നിങ്ങനെ പോയി തനത് സ്പാനിഷ് ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങൾ.

ഓപ്പൺ എയർ ഭോജനശാലയിൽ പ്രാതൽ.
ഫ്രേക്ക്ഫാസ്റ്റിന് ശേഷം സഗ്രഡ ഫമിലിയയ്ക്ക് ഉള്ളിൽ കയറാനായിരുന്നു പദ്ധതി. ബസ്സ് കയറി പള്ളിക്ക് മുന്നിൽ എത്തിയപ്പോൾ, ലിഫ്റ്റിന്റെ പണിമുടക്ക് അവസാനിപ്പിച്ചിട്ടില്ല. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ ? മനോഹരമായ ആ ദേവാലയത്തിനകത്ത് കടക്കാനുള്ള സമയമായിട്ടില്ല എന്ന് സമാധാനിച്ചു. പള്ളിയുടെ പണി പൂർണ്ണമായശേഷം വീണ്ടും സ്പെയിനിലേക്ക് വരാനുള്ള വകുപ്പായി. അല്ലെങ്കിലും കണ്ട കാഴ്ച്ചകൾ എത്രയോ തുഛം. തലസ്ഥാനമായ മാഡ്‌ഡ്രിഡ് അടക്കം എത്രയോ സ്ഥലങ്ങൾ സന്ദർശിക്കാൻ ബാക്കി കിടക്കുന്നു.

മറ്റൊരു നിർഭാഗ്യം കൂടെ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഫ്രാൻസിൽ നിന്ന് ഒരു സൈക്കിൾ റാലി കടന്നുപോകുന്നതുകൊണ്ട് അൽ‌പ്പസ്വൽ‌പ്പം ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും നഗരത്തിൽ. ബസ്സുകളൊക്കെ 10 മിനിറ്റോളം വൈകിയേക്കുമെന്ന് അറിയിപ്പുണ്ട്. ബസ്സ് റൂട്ടിൽ ദൂരെയുള്ള ഏതെങ്കിലും സ്ഥലത്ത് ചെന്നുപെട്ട്, മടങ്ങി വരാൻ പറ്റാത്ത അവസ്ഥയായാൽ കാര്യങ്ങളെല്ലാം കുഴയും. അതുകൊണ്ട്, ഉച്ചവരെയുള്ള സമയം തൊട്ടടുത്തുള്ള ബസ്സ് റൂട്ടുകളിൽ മാത്രം ചുറ്റിയടിച്ചാൽ മതി എന്ന് തീരുമാനിച്ചു.

അതിനിടയ്ക്ക് നന്നായി മഴ പെയ്തു. ബസ്സിന്റെ മുകൾ ഡെക്കിലേക്കുള്ള വാതിൽ കൊട്ടിയടക്കപ്പെട്ടു. മറ്റൊരു പദ്ധതി ആസൂത്രണം ചെയ്ത് ബസ്സിലെ യാത്ര ഞങ്ങൾ മതിയാക്കി. Tibidabo എന്ന മലമുകളിലേക്ക് പോകുന്ന ട്രാം ആരംഭിക്കുന്നത് ഞങ്ങളുടെ ഹോട്ടലിന്റെ തൊട്ടടുത്ത് നിന്നാണ്. അങ്ങോട്ട് പോയി വരുമ്പോഴേക്കും ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് എയർപ്പോർട്ടിലേക്ക് നീങ്ങാനുള്ള സമയമാകും. സ്പെയിനിലെ ട്രാമിൽ കയറാനുള്ള അവസരം കൂടെയാണിത്. ഞങ്ങൾ ട്രാം സ്റ്റോപ്പിലേക്ക് നടന്നു.

ഒരു അ‌മ്യൂസ്‌മെന്റ് പാർക്ക്, കൂറ്റനൊരു വാർത്താവിനിമയ ടവർ, 60 കൊല്ലത്തിലധികം സമയമെടുത്ത് ഉണ്ടാക്കിയ ഒരു പള്ളി, എന്നതൊക്കെയാണ് ടിബിഡാബോ മലയിലെ കാഴ്ച്ചകൾ. ഇതൊന്നും കണ്ടില്ലെങ്കിലും ബാർസലോണയുടെ നല്ലൊരു ആകാശവീക്ഷണം അവിടെ നിന്ന് കിട്ടുമെന്നാണ് കൈയ്യിലിരിക്കുന്ന ‘ഐ വിറ്റ്‌നെസ്സ് ‘ ട്രാവൽ ഗൈഡ് പറയുന്നത്.

ടിബിഡാബോ മലമുകളിലേക്കുള്ള ട്രാമിൽ.
നമ്മളൊന്ന് ആഗ്രഹിക്കുന്നു, മുഴുവൻ നിയന്ത്രണങ്ങളും കൈയ്യിലുള്ള മറ്റൊരാൾ മുകളിലിരുന്ന് വേറേ ചിലത് നടപ്പാക്കുന്നു എന്നാണല്ലോ ? 30 മിനിറ്റോളം ട്രാമിൽ ഇരുന്നിട്ടും അത് മുന്നോട്ട് നീങ്ങിയില്ല. ഞങ്ങളെക്കൂടാതെ മൂന്ന് പേർ മാത്രമാണ് ട്രാമിലുള്ളത്. അന്നാട്ടുകാരായ അവർ കണ്ടൿടറുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ തട്ടിമുട്ടിയുള്ള ഇംഗ്ലീഷിൽ കണ്ടൿടർ ഞങ്ങളേയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. മുകളിലുള്ള ട്രാം ട്രാക്കിൽ എന്തോ തടസ്സങ്ങളുണ്ട്. ട്രാമുകൾ അവിടെ കുടുങ്ങിക്കിടക്കുകയാണ് ; അത് ക്ലിയറാകാതെ ഇവിടന്ന് വണ്ടി നീങ്ങില്ല. ഞങ്ങൾ എടുത്തിരിക്കുന്ന 5.70 യൂറോയുടെ ടിക്കറ്റ് ഏത് സമയത്തും തിരിച്ചെടുത്ത് അതിന്റെ പണം മടക്കിത്തരാൻ അവർ തയ്യാറാണ്. യാത്ര ചെയ്തേ പറ്റൂ എന്നാണെങ്കിൽ കാത്തിരിക്കേണ്ടി വരും. അപ്പോഴേക്കും വീണ്ടും മഴയെത്തി. മഴയെന്തോ പറയുന്നുണ്ട് ;അതനുസരിക്കുന്നതാണ് നല്ലത്.  യാത്ര പുറപ്പെട്ടാൽത്തന്നെ മുകളിൽച്ചെന്ന് അവിടുള്ള സംഭവങ്ങളൊക്കെ കണ്ട് കൃത്യസമയത്ത് മടങ്ങിയെത്താൻ പറ്റിയില്ലെങ്കിലോ ?! 15 മിനിറ്റ് കൂടെ ട്രാമിൽ ഇരുന്നശേഷം ഞങ്ങളാ യാത്ര ഉപേക്ഷിച്ചു.

ചുവന്ന ബസ്സ് റൂട്ടിൽ തൊട്ടടുത്തുള്ള ചില സ്ഥലങ്ങളിൽ, തലേന്ന് കണ്ട വഴികളിൽ, ട്രാഫിക്ക് ബ്ലോക്ക് പ്രശ്നം ഉണ്ടാക്കില്ലെന്ന് ഉറപ്പുള്ള ഇടങ്ങളിലൂടെ വീണ്ടുമൊരു കറക്കം നടത്തുക മാത്രമേ ഇനി രക്ഷയുള്ളൂ. ഞങ്ങൾ വീണ്ടും ബസ്സിലേക്ക് തന്നെ കയറി. യൂണിവേഴ്‌സിറ്റി കെട്ടിടമാണ് ഈ പ്രദേശത്തുള്ള പ്രധാനപ്പെട്ട ഒരു കാഴ്ച്ച. 5 നൂറ്റാണ്ട് പഴക്കമുള്ള യൂണിവേഴ്‌സിറ്റിയാണ് ബാഴ്‌സലോണ യൂണിവേർസിറ്റി. ഇതടക്കം 8ൽ‌പ്പരം യൂണിവേഴ്‌സിറ്റികൾ ഇന്ന് ബാർസലോണയിൽ ഉണ്ട്.

ബാർസലോണ യൂണിവേഴ്‌സിറ്റി കെട്ടിടം.
യൂണിവേഴ്‌സിറ്റി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് പെഡ്രൽബെസ് എന്ന സ്ഥലത്തെ മൊണാസ്‌ട്രിയും കോൺ‌വെന്റും ആണ്. വളരെ ശാന്തമായ ഒരു ജനവാസകേന്ദ്രമാണ് പെഡ്രൽബെസ്. ഞങ്ങൾ അവിടെയിറങ്ങി മൊണാസ്‌ട്രിയിലേക്ക് നടന്നു. 1326 ൽ Elisenda രാജ്ഞി സ്ഥാപിച്ച മൊണാസ്‌ട്രിയാണിത്. പഴമയുടെ എല്ലാ ലക്ഷണങ്ങളും ഗോത്തിൿ ശൈലിയിലുള്ള കെട്ടിടങ്ങളിൽ നിഴലിക്കുന്നുണ്ട്. നെടുനീളൻ പടികൾ കയറി മുകളിലെത്തിയപ്പോൾ പ്രധാന കവാടം അടഞ്ഞുകിടക്കുന്നു. കെട്ടിടത്തിന്റെ മറുഭാഗത്തുള്ള ഏകാന്തമായ പാർക്കിൽ ഞങ്ങളിരുന്നു, അത്യാവശ്യം ചിത്രങ്ങളെടുത്തു.

പെഡ്രൽബെസ് മൊണാസ്‌ട്രിയുടെ പടവുകൾ.
മൊണാസ്‌ട്രി കെട്ടിടത്തിന്റെ ഒരു ദൃശ്യം.
മോണാസ്‌ട്രിയുടെ കവാടങ്ങളിൽ ഒന്ന്.
മൊണാസ്‌ട്രി കഴിഞ്ഞുള്ള രണ്ടാമത്തെ സ്റ്റോപ്പ് ബാർസലോണ ഫുട്‌ബോൾ ക്ലബ്ബാണ്. ഫുട്ബോൾ സ്റ്റേഡിയത്തിനകത്ത് കയറാൻ ക്യൂ നിൽക്കുന്ന യൂണിഫോം അണിഞ്ഞ കുട്ടികളെ വഴിവക്കിൽ കാണാം. ഒരു ലക്ഷം പേർക്ക് ഇരിക്കാൻ സൌകര്യമുള്ള സ്റ്റേഡിയമാണത്. ടിക്കറ്റെടുത്ത് അകത്ത് കയറിയാൽ ഡയറൿടറുടെ മുറിയിലടക്കം കയറി അവിടന്നുള്ള സ്റ്റേഡിയത്തിന്റെ കാഴ്ച്ചയൊക്കെ ആസ്വദിക്കാം.

ബാർസലോണ ഫുട്ബോൾ സ്റ്റേഡിയം.
യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം സ്റ്റേഡിയങ്ങൾ പോലും സന്ദർശന ഇടങ്ങളാക്കി മാറ്റി വരുമാനമുണ്ടാക്കുന്നുണ്ട്. ലക്ഷക്കണക്കിണ് ജനങ്ങൾ വർഷാവർഷം സ്റ്റേഡിയവും അതോടനുബന്ധിച്ചുള്ള ചരിത്ര മ്യൂസിയവും സന്ദർശിച്ച് പോരുന്നു. ഞങ്ങൾ, ഹെഡ് സെറ്റിലൂടെയുള്ള വിവരണത്തിലും ബസ്സിലിരുന്നുള്ള കാഴ്ച്ചയിലും മാത്രം സന്ദർശനം ഒതുക്കി. സ്റ്റേഡിയത്തിന് തൊട്ടടുത്തായ് പണ്ട് കാലത്ത് കളിക്കാർ താമസിച്ചിരുന്ന ഒരു പഴയ വീടുണ്ട്. അതും ഒരു സ്മാരകമായി നിലനിർത്തിയിരിക്കുന്നു.

ബാർസലോണ ഫുട്ബോൾ സ്റ്റേഡിയത്തിന് വെളിയിലെ കാഴ്ക.
ഇനി ഹോട്ടലിലേക്ക് മടങ്ങി ചെക്ക് ഔട്ട് ചെയ്യാനുള്ള സമയം മാത്രമാണ് അവശേഷിക്കുന്നത്. ടിബിഡാബോ മലയിലേക്ക് പോകാതിരുന്നത് നന്നായെന്ന് എയർപ്പോർട്ടിലേക്കുള്ള മടക്കയാത്രയിൽ ഞങ്ങൾക്ക് ബോദ്ധ്യമായി. എയർപ്പോർട്ടിലേക്ക് നേരിട്ടുള്ള തീവണ്ടി ടിക്കറ്റെടുക്കാൻ ഞങ്ങൾക്കായില്ല. വന്നതുപോലെ തന്നെ രണ്ടിലധികം തീവണ്ടികൾ മാറിക്കയറേണ്ടി വന്നു. മടക്കയാത്ര പകൽ സമയത്തായതുകൊണ്ട് തീവണ്ടിയിലൊക്കെ സാമാന്യം നല്ല തിരക്കുണ്ട്. മംഗളഗാനം ആലപിച്ചുകൊണ്ട് ഒരു കലാകാരന്റെ വാദ്യോപകരണ സംഗീതം തീവണ്ടിയിൽ ഒഴുകി നടക്കുന്നു.

മെട്രോ തീവണ്ടിയിലെ സംഗീതജ്ഞൻ.
തീവണ്ടിയിൽ ഇരുന്ന് ഞാനൊരു കണക്കെടുപ്പ് നടത്തി. ബാർസലോണയുടെ നാലിൽ ഒന്ന് പോലും ഇപ്പോഴും കണ്ടിട്ടില്ല. എന്നിട്ടും കുറേയധികം കാഴ്ച്ചകൾ കണ്ടതിന്റെ സന്തോഷം അലതല്ലുന്നുണ്ട്. ബാർസലോണ മുഴുവനായി കണ്ടുതീർക്കാൻ, ഏറ്റവും കുറഞ്ഞത് ഹോഹോ ബസ്സ് റൂട്ടിലെ എല്ലാ സ്റ്റോപ്പിലും ഇറങ്ങി നടന്ന് കണ്ടുതീർക്കാൻ മാത്രം ഒരാഴ്ച്ച സമയമെടുക്കും. ഭാഷാ പ്രശ്നമാകാൻ സാദ്ധ്യതയുള്ള സ്ഥലമാണെങ്കിലും വഴികൾ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. വന്നിറങ്ങിയ രാത്രിയിൽ സ്വന്തം മനോവ്യാപാരം ഉണ്ടാക്കിയ പ്രശ്നങ്ങളല്ലാതെ, മോശം അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.  വളരെ സൌഹാർദ്ദപൂർവ്വം പെരുമാറുന്നവരാണ് സ്പെ‌യിൻകാർ. മാപ്പ് നിവർത്തി ബസ്സ് സ്റ്റോപ്പിൽ എവിടെയോ നിൽക്കുമ്പോൾ ഞങ്ങൾക്കടുത്തേക്ക് വന്ന് വഴിയടക്കമുള്ള മൊത്തം കാര്യങ്ങൾ മുറി ഇംഗ്ലീഷിലും സ്പാനിഷിലും കാത്തലോണിലുമൊക്കെ പറഞ്ഞുതന്ന വൃദ്ധൻ മനസ്സിലിപ്പോഴുമുണ്ട്. യൂറോപ്പ് യാത്രയിൽ സ്‌പെയിനായി കൂടുതൽ ദിവസം നീക്കിവെക്കണമായിരുന്നു.

ഓടിപ്പിടഞ്ഞാണ് ഉച്ചയ്ക്ക് 2 മണിയോടെ എയർപ്പോർട്ടിൽ എത്തിയത്. 03:15നാണ് ബാർസലോണയിൽ നിന്നുള്ള വിമാനം ലന്തക്കാരുടെ നാട്ടിലേക്ക് പറന്നുപൊങ്ങുന്നത്.


തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday 16 October 2011

ബാർസലോണ

സ്പെ‌യിൻ യാത്രയുടെ ആദ്യഭാഗം 
1.സ്‌പെയിനിൽ 
------------------------------
റക്കം ഉണർന്നപ്പോൾ സമയം രാവിലെ 7 മണി. തലേന്ന് രാത്രിയിലെ സംഭവങ്ങളൊക്കെ ഒരു സ്വപ്നം പോലെ തോന്നി. എന്തായാലും അതൊക്കെ ആലോചിച്ചിരിക്കാൻ സമയമില്ലായിരുന്നു. പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി. ബെഡ് & ബ്രേക്ക്ഫാസ്റ്റ് എന്ന സമ്പ്രദായമാണ് ഹോട്ടലിൽ. മുറിക്ക് പണം കൊടുത്താൽ അടുത്ത ദിവസത്തെ പ്രാതൽ സൌജന്യം എന്ന് സാരം. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് തന്നെ ആയിരിക്കും ബി & ബി സംവിധാനമുള്ള മിക്കവാറും ഹോട്ടലുകളിൽ. ബ്രെഡ്, ബട്ടർ, ജാം, ബേക്കൺ, ഓം‌ലറ്റ്, ചുവന്ന ബീൻസ്, ജ്യൂസ്, ഫ്രൂട്ട്സ്, ചായ, കാപ്പി എന്നിങ്ങനെയുള്ളതെല്ലാം റസ്റ്റോറന്റിൽ നിരന്നിട്ടുണ്ട്. ഉച്ചവരെ പിടിച്ചുനിൽക്കാനുള്ളത് അകത്താക്കി ഹോട്ടലിന് വെളിയിൽ കടക്കുന്നതിന് മുന്നേ റിസപ്ഷനിൽ വെച്ചിരിക്കുന്ന സൌജന്യ ലീഫ് ലെറ്റുകൾ എല്ലാം ഓരോന്നെടുത്തു. രണ്ട് ദിവസം കൊണ്ട് കാണാവുന്നത്ര സ്ഥലങ്ങൾ കാണുക എന്നതാണ് ലക്ഷ്യം. എന്നാലും ഏറ്റവും കുറഞ്ഞത് എവിടെയൊക്കെ പോകണമെന്ന് കൃത്യമായ ധാരണ ഞങ്ങൾക്കുണ്ടായിരുന്നു.

ബാഴ്‌സലോണ ചുറ്റിയടിച്ച് നടക്കാൻ ഏറ്റവും നല്ലത് Hop On Hop Off (ഞാനതിനെ തൽക്കാലം ഹോഹോ ബസ്സെന്ന് വിളിക്കുന്നു.) തന്നെയാണ്. ഒരു ടിക്കറ്റെടുത്താൽ ആ ദിവസം മുഴുവൻ ബസ്സിൽ കറങ്ങിയടിച്ച് നടക്കാൻ അതുമതിയാകും. എത്ര പ്രാവശ്യം വേണമെങ്കിലും ബസ്സിൽ കയറുകയും ഇറങ്ങുകയും ചെയ്യാം. എല്ലാ സീറ്റിന്റെ വശങ്ങളിലും ഹെഡ് ഫോൺ കുത്താനുള്ള സൌകര്യമുണ്ട്. ബസ്സിൽ നിന്ന് സൌജന്യമായി കിട്ടുന്ന ഹെഡ് ഫോണിലൂടെ വിവിധ ഭാഷകളിലുള്ള വിവരണങ്ങൾ ഒഴുകിവരും. രണ്ടുനിലയുള്ള ബസ്സുകളുടെ മുകൾ നിലയ്ക്ക് മേൽക്കൂരയില്ല. അതുകൊണ്ടുതന്നെ വെളിയിലെ കാഴ്ച്ചകൾ ആസ്വദിച്ചിരിക്കാൻ സൌകര്യപ്രദം മുകൾഭാഗം തന്നെയാണ്. മിക്കവാറും യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ഈ ബസ്സ് സംവിധാനം ഉണ്ട്. ഈയടുത്ത കാലത്ത് അബുദാബിയിലും ഇത്തരം സിറ്റി ടൂർ ബസ്സുകൾ കണ്ടിരുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തുമൊക്കെ സഞ്ചാരികളുടെ സൌകര്യാർത്ഥം ഇത്തരം ബസ്സുകൾക്ക് വളരെയധികം സാദ്ധ്യതകളാണുള്ളത്.

ബാർസലോണയിലെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബസ്സ്
ചുവപ്പ്, നീല, പച്ച എന്നിങ്ങനെ മൂന്ന് നിറത്തിലുള്ള ഹോഹോ ബസ്സ് റൂട്ടുകളാണ് ബാർസലോണയിലുള്ളത്. ബസ്സിൽ കയറിയ ശേഷം ഒരു ടിക്കറ്റെടുക്കാൻ 54 യൂറോ കൊടുക്കണം. പക്ഷെ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, ഹോട്ടലിന്റെ റിസപ്ഷനിൽ ടിക്കറ്റിന് 50 യൂറോ കൊടുത്താൽ മതി. 8 യൂറോ ലാഭിക്കുന്ന കാര്യമല്ലേ, മാത്രമല്ല രണ്ട് ദിവസം ഈ ടിക്കറ്റ് ഉപയോഗിക്കുകയും ചെയ്യാം. രണ്ട് ടിക്കറ്റ് കൈയ്യോടെ വാങ്ങി. 9 മണി ആകാതെ ബസ്സ് ഓടിത്തുടങ്ങില്ലെങ്കിലും റൂട്ട് മാപ്പ് നിവർത്തിപ്പിടിച്ച് വെളിയിലേക്കിറങ്ങി. തലേന്ന് രാത്രി നെഞ്ചിൽ തീയുമായി കറങ്ങിയ വഴികളിലൂടെയൊക്കെ അതേ നെഞ്ചുതന്നെ വിരിച്ചുപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടക്കുന്നതിനിടയിൽ ഹോട്ടലിനടുത്തുള്ള ഹോഹോ ബസ്സ് സ്റ്റോപ്പ് കണ്ടുപിടിക്കുകയും ചെയ്തു. ചുവന്ന ബസ്സിന്റെ റൂട്ടിലാണ് ഹോട്ടലുള്ളത്.

ഹോഹോ ബസ്സ് റൂട്ട് മാപ്പ്.
ഹോഹോ ബസ്സിന്റെ മുകൾഭാഗം.
ആദ്യത്തെ ബസ്സായതുകൊണ്ടാകണം യാത്രക്കാരായി ഞങ്ങൾ രണ്ടുപേർ മാത്രമേ ബസ്സിലുള്ളൂ. മേൽക്കൂരയില്ലാത്ത മുകൾ ഡക്കിൽ ഇരുപ്പുറപ്പിച്ചു. Catalonia* യിലേക്കാണ് യാത്ര. ചുവപ്പും പച്ചയും നീലയും റൂട്ടുകളിലേക്കുള്ള ബസ്സുകൾ കാത്തലൂണിയയിൽ കൂടെ കടന്നുപോകുന്നു.

കാത്തലൂണിയ പ്ലാസ സ്ക്വയർ ഒരു ദൃശ്യം.
നഗരത്തിന്റെ വളരെ തിരക്കുപിടിച്ച ഒരു സംഗമസ്ഥാനമാണ് കാത്തലൂണിയ സ്ക്വയർ. 50,000 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള കാത്തലൂണിയ പ്ലാസയാണ് ഇവിടത്തെ പ്രധാന ആകർഷണം. ഹോട്ടലുകളും, ഭോജനശാലകളും ഫൌണ്ടനുകളും പ്രതിമകളുമൊക്കെ ധാരാളമുള്ള പ്ലാസയുടെ ഭൂഗർഭത്തിൽ ഷോപ്പിങ്ങ് സൌകര്യങ്ങളും, മെട്രോ റെയിൽ സ്റ്റേഷനും, ടൂറിസ്റ്റ് ഇൻ‌ഫർമേഷൻ സെന്ററുമൊക്കെ ഉണ്ട്.

കാത്തലൂണിയ പ്ലാസയിലെ പ്രാവുകൾ
നിറയെ പ്രാവുകൾ പ്ലാസയിൽ പറന്നുനടക്കുന്നു. സഞ്ചാരികൾ ധാരാളമുണ്ട് അവിടെ. അവരെപ്പോലെ തന്നെ പ്രാവുകൾക്ക് തീറ്റ കൊടുത്തും പടങ്ങളെടുത്തുമൊക്കെ അൽ‌പ്പസമയം കാത്താലൂണിയ പ്ലാസയിൽ ഞങ്ങളും ചിലവഴിച്ചു.

കാത്തലൂണിയ പ്ലാസ - മറ്റൊരു ദൃശ്യം.
കാത്തലൂണിയ - ഒരു ദൃശ്യം കൂടെ.
ആദ്യദിവസം കഴിഞ്ഞപ്പോഴേക്കും ഹോഹോ ബസ്സുകൾ മാറിക്കയറാനായി പല പ്രാവശ്യം ഞങ്ങൾ കാത്തലൂണിയ പ്ലാസയിലൂടെ കടന്നുപോവുകയും തൃശൂർ റൌണ്ടിനേക്കാൾ പരിചിതമായ ഒരിടമായി അത് മാറുകയും ചെയ്തു. പ്ലാസയിൽ നാം കാണുന്ന ജനങ്ങളിൽ ഭൂരിപക്ഷം പേരും തൊട്ടടുത്തുള്ള ഒരു പാതയിലേക്ക് ഒഴുകി നീങ്ങുന്നതായി കാണാനാകും. സ്പെയിനിലെ തന്നെ ഏറ്റവും തിരക്കുള്ളതും പ്രസിദ്ധവുമായ Las Ramblas* തെരുവാണ് അത്.

ലാസ് റാബ്ലാസ് തെരുവിലെ തിരക്ക്.
പാതയുടെ ഇരുവശത്തുനിന്നും വളർന്ന് പന്തലിച്ച് തണലേകി നിൽക്കുന്ന മരങ്ങൾ, അതിനപ്പുറം ബഹുനില കെട്ടിടങ്ങൾ. പാതയോരത്ത് കാണാനാകുന്നത് കഫേകൾ, വഴിവാണിജ്യക്കാർ, സോവനീർ ഷോപ്പുകൾ, പുസ്തകശാലകൾ, കലാകാരന്മാർ, തെരുക്കൂത്തുകാർ, മുച്ചീട്ടുകളിപോലുള്ള പ്രകടനക്കാർ എന്നതൊക്കെയാണ്. വാഹന ഗതാഗതം ഇല്ലാത്ത ഈ തെരുവിലൂടെ നാട്ടുകാരും വിദേശികളുമായ ജനങ്ങൾ കൂത്തും കാഴ്ച്ചകളുമൊക്കെ കണ്ട് ഉല്ലസിച്ച് നീങ്ങുമ്പോൾ ലാസ് റാംബ്ലാസ് ഒരു പൂരപ്പറമ്പായി മാറുന്നു. രാപ്പകൽ എന്നില്ലാതെ ഈ തിരക്കും കച്ചവടവുമൊക്കെ നീണ്ടുപോകും. പാസ്സ്പോർട്ട് അടക്കമുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ ഏറ്റവും പറ്റിയ ഒരു തെരുവാണിത്. അത്തരം ചില അനുഭവങ്ങൾ കേട്ടറിഞ്ഞിട്ടുള്ളതുകൊണ്ട് അതിലൂടെ നടക്കുമ്പോൾ ഞങ്ങൾ അതീവ ശ്രദ്ധാലുക്കളായിരുന്നു. പാസ്സ്പോർട്ടും പണവുമൊക്കെ നഷ്ടപ്പെട്ടാൽ, ബാക്കിയുള്ള ദിവസത്തെ വിമാന ബുക്കിങ്ങ്, ഹോട്ടൽ ബുക്കിങ്ങ് തുടങ്ങി എല്ലാം അവതാളത്തിലാകുകയും ആനപ്പുറത്തിരിക്കാൻ കൊതിച്ചവൻ ശൂലത്തിൽ കയറി എന്ന അവസ്ഥയായിത്തീരും.

തെരുവിന്റെ ഒരു ഭാഗത്ത് ഭീകര സത്വങ്ങളെപ്പോലെ അറപ്പിക്കുന്ന തരത്തിലുള്ള മേക്കപ്പും ഗോഷ്ടി വേഷങ്ങളുമൊക്കെ അണിഞ്ഞ് നിരന്നിരിക്കുന്ന കൂട്ടരെക്കാണാം. പാതയുടെ ഇരുവശവും ഇടം പിടിച്ചിരിക്കുന്ന ഇത്തരക്കാർ നിശ്ചലരായാണ് നിൽക്കുക. അവർക്ക് മുന്നിൽ കാണികൾ നാണയത്തുട്ടുകൾ ഇടുന്നത് വരെ അവർ അനങ്ങില്ല.

തെറുവിലെ നിശ്ചല കോമാളികൾ
പണം കൊടുത്താൽ കൂടെ നിന്ന് ക്യാമറയ്ക്ക് പോസ് ചെയ്യാനും അനങ്ങാനും അവർ തയ്യാറാകും. തുട്ട് മുന്നിൽ വീഴാത്തതുകൊണ്ടായിരിക്കണം കൈയ്യിലിരിക്കുന്ന കൊച്ച് കണ്ണാടിച്ചില്ലുകൊണ്ട് അതിലൊരുത്തൻ എന്റെ ക്യാമറിലേക്ക് പ്രകാശം പ്രതിഫലിപ്പിച്ചുകൊണ്ടിരുന്നു. മറ്റൊരുത്തൻ ഇംഗ്ലീഷ് ഭാഷയിൽ വളരെ സാമാന്യമായി പറയുന്ന ഒരു തെറി സഞ്ചാരികളെ നോക്കി നിർലോഭം വിളിച്ചുകൊണ്ടിരുന്നു.

സ്വർണ്ണവർണ്ണത്തിലുള്ള ഒരു ജീവിക്കൊപ്പം മുഴങ്ങോടിക്കാരി.
പണം കിട്ടിയാൽ പ്രശ്നം തീരുമെന്ന് മനസ്സിലാക്കിയപ്പോൾ മേലാസകലം സ്വർണ്ണവർണ്ണം പൂശി പിറകിൽ ചിറകുകളൊക്കെ പിടിപ്പിച്ച് നിൽക്കുന്ന ഒരു ‘ജീവി‘ക്ക് നാണയം കൊടുത്ത് അതിന്റെ കൂടെ നിന്ന് മുഴങ്ങോടിക്കാരി ഫോട്ടോയ്ക്ക് പോസ് ചെയ്തു. പോകാൻ നേരത്ത് തിളങ്ങുന്ന ഒരു കൊച്ചു നക്ഷത്രം അതിന്റടുത്തുനിന്ന് കൈപ്പറ്റുകയും ചെയ്തു.

മറ്റൊരു ഭീകര സത്വത്തിനൊപ്പം സഞ്ചാരികൾ.
ഇക്കൂട്ടത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കരിക്കട്ടകൊണ്ട് ഒരു കൊച്ചുകുട്ടിയുടെ കാരിക്കേച്ചർ വരച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ്. സമയക്കുറവ്, പണച്ചിലവ്, തുടർന്നുള്ള ദിവസങ്ങളിൽ വഹിച്ചുകൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ട് എന്നീ കാരണങ്ങൾ കൊണ്ട് കാരിക്കേച്ചർ വരപ്പിക്കാൻ എനിക്കായില്ലെങ്കിലും അൽ‌പ്പസമയം ഞാനാ സൃഷ്ടി ആസ്വദിച്ച് അവിടെ നിന്നു.

തെരുവിലെ ചിത്രകാരൻ തന്റെ ജോലിയിൽ വ്യാപൃതനാണ്.
അൽ‌പ്പം കൂടെ മുന്നിലായി ഒരാൾക്കൂട്ടമുണ്ട്. തൊട്ടടുത്തെത്തിയപ്പോൾ സംഭവം കൃത്യമായി മനസ്സിലാക്കാനായി. നമ്മളുടെ മുച്ചീട്ട് കളിയുടെ മറ്റൊരു രൂപം അരങ്ങേറുകയാണവിടെ. മൂന്ന് തീപ്പെട്ടിക്കൂടുകളൊന്നിൽ മറച്ച് വെക്കുന്ന വസ്തു കൃത്യമായി പറയുന്ന ആൾക്ക് പണം കിട്ടും. മുന്നോട്ട് നടന്ന് പോകുന്ന പോക്കിൽ ആ ചടങ്ങിന്റെ ചില പടങ്ങൾ എടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ അതിന്റെ നടത്തിപ്പുകാരി ആണെന്ന് തോന്നുന്നു, ‘ബ്രാവോ’ എന്ന് ഉറക്കെ ആക്രോശിച്ചു.

‘മുച്ചീട്ടുകളി’ കാണാനുള്ള തിരക്ക്.
‘മുച്ചീട്ടുകളി‘ പുരോഗമിക്കുന്നു.
അവർ ചെയ്യുന്ന ട്രിക്ക് ക്യാമറയ്ക്ക് പിടികിട്ടുമെന്ന ധാരണ കൊണ്ടാകാം ബഹളമുണ്ടാക്കിയതെന്ന് ഞാൻ ഊഹിച്ചു. നിറയെ ആളുകൾ ഉള്ള സ്ഥലമാണെങ്കിലും എന്തിനും പോന്നവർ അക്കൂട്ടത്തിനുള്ളിലൊക്കെ ഉണ്ടെന്ന് വേണം കരുതാൻ. അവരുടെ അഭ്യാസങ്ങൾക്ക് തടസ്സം നേരിടേണ്ടി വരുമ്പോൾ എത്തരത്തിൽ അവർ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയണം. പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായാൽ നിയന്ത്രിക്കാൻ ഇക്കൂട്ടത്തിൽ ഒരിടത്തും പൊലീസുകാരെ ആരെയും കണ്ടതേയില്ല.

ലാസ് റാബ്ലാസ് തെരുവ് അവസാനിക്കുന്നത് മെഡിറ്ററേനിയനിലെ ഏറ്റവും തിരക്കുപിടിച്ച തുറമുഖങ്ങളിലൊന്നായ Vell* ൽ ആണ്. മനോഹരമായ ഒരു കാഴ്ച്ചതന്നെയാണ് വെൽ തുറമുഖം. വൃത്തിയുള്ള വഴികളും വെള്ളവുമാണവിടെ കാണാനാകുന്നത്. നങ്കൂരമിട്ടുകിടക്കുന്ന പായ്‌ക്കപ്പലുക്കൾ എണ്ണിയാലൊടുങ്ങില്ല. ഉരുണ്ട് നീങ്ങുന്ന Segway കൾക്ക് മുകളിൽ കാഴ്ച്ചകൾ കണ്ട് നീങ്ങുന്ന യാത്രികർ. വളരെ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള തൂണുകൾക്ക് മുകളിലൂടെ കേബിൾ കാറുകൾ തുറമുഖത്തെ മുറിച്ച് കടന്നുപോകുന്നു.

തുറമുഖത്തിന് മുകളിലൂടെയുള്ള കേബിൾ കാർ സർവ്വീസ്.
തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പായ്‌വഞ്ചികൾ.
ആകാശത്തേക്കങ്ങനെ മിഴിച്ച് നോക്കി നിൽക്കുമ്പോൾ, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത മഹാനായ വ്യക്തിയുടെ പ്രതിമയൊരെണ്ണം കണ്ണിൽപ്പെടും. അത് മറ്റാരുമല്ല, സാക്ഷാൽ ക്രിസ്റ്റഫർ കൊളംബസ് തന്നെ. ചുരുട്ടിയ ഭൂപടം ഇടതു കൈയ്യിൽ പിടിച്ചുകൊണ്ട്, വലതുകൈ കടലിലേക്ക് ചൂണ്ടിയാണ് അദ്ദേഹം നിൽക്കുന്നത്.

കൊളംബസ്സിന്റെ പ്രതിമ സ്തൂപത്തിന് മുകളിൽ.
‘സഞ്ചാരികളേ ഞാൻ നിങ്ങൾക്കായി കണ്ടുപിടിച്ച മറ്റൊരു ഭൂഖണ്ഡം ദാ അവിടെയുണ്ട്, അങ്ങോട്ടാകട്ടെ നിങ്ങളുടെ അടുത്ത യാത്ര’ എന്നാണോ അദ്ദേഹം പറയുന്നതെന്ന് നിൽ‌പ്പ് കണ്ടാൽ ആർക്കും തോന്നിപ്പോകും  ! ആ തോന്നൽ വളരെയധികം ശരിയാണ്. കൊളംബസ്, അമേരിക്കൻ ഭൂഖണ്ഡത്തെ ചൂണ്ടി നിൽക്കുന്നതായിട്ടാണ് തന്നെയാണ് ശിൽ‌പ്പസങ്കൽ‌പ്പം. പക്ഷെ, അദ്ദേഹം ചൂണ്ടിനിൽക്കുന്നത് പടിഞ്ഞാറേക്കല്ല, മറിച്ച് സ്വന്തം ജന്മസ്ഥലമായ ഇറ്റലിയിലെ Genua* യിലേക്കാണെന്ന് മാത്രം.

കൊളംബസിന്റെ ജന്മസ്ഥലത്തിന്റെ കാര്യം പറയുമ്പോൾ ചരിത്രകാരന്മാർക്കിടയിൽ നിലനിൽക്കുന്ന ചില തർക്കങ്ങൾ കൂടെ പറഞ്ഞേ പറ്റൂ. കൊളംബസ് ജനൂവയിൽ പിറന്നു എന്നത് ചിലർക്ക് ഇന്നും ഒരു അനുമാനം മാത്രമാണ്. അദ്ദേഹം പിന്നീട് പോർച്ചുഗലിലേക്ക് ജീവിതം പറിച്ചുനട്ടെന്നും അവസാനം സ്പെയിൽ ചെന്ന് സ്ഥിരതാമസമാക്കി എന്ന് ഒരു കൂട്ടം ചരിത്രകാരന്മാർ കരുതുന്നു. പക്ഷെ കൊളംബസ് കാത്തലൂണീയയിൽ ആണ് ജനിച്ചതെന്ന് വാദിക്കുന്ന ചരിത്രകാരന്മാരും ഉള്ളതുകൊണ്ട് കാത്തലൂണിയയിലെ ഈ കൊളംബസ് സ്മാരകത്തിന് മറ്റേതൊരു കൊളംബസ് സ്മാരകത്തേക്കാളും പ്രാധാന്യം ഇവിടത്തുകാർ കൽ‌പ്പിക്കുന്നു.

സഞ്ചാരികളേ ദാ അങ്ങോട്ട് നോക്കൂ...
200 അടിയോളം ഉയരമുള്ള ആ സ്തൂപത്തിന്റെ കീഴിൽ നിൽക്കുമ്പോൾ, സഞ്ചാരചരിത്രത്തിൽ ഇടംപിടിച്ച അതിപ്രധാനമായ ഒരു സംഭവവുമായി ബന്ധമുള്ള, ഒരു സ്മാരകത്തിന്റെ കീഴിലാണ് നിൽക്കുന്നതെന്നുള്ളത് ഏതൊരു യാത്രികനേയും പുളകം കൊള്ളിക്കും. അമേരിക്കൻ ഭൂഖണ്ഡം കണ്ടുപിടിച്ച് ഒരു വർഷം കഴിഞ്ഞ്, അതായത് 1493ൽ കൊളംബസ് മടങ്ങിവന്നത് ബാർസലോണ തുറമുഖത്തേക്കാണ്. അന്ന് അദ്ദേഹത്തേയും കാത്ത് ഇസബെല്ല രാജ്ഞിയും ഫെർഡിനാൻഡ് രാജാവും തുറമുഖത്തുണ്ടായിരുന്നു. ആ ചരിത്ര സംഭവത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ബ്രോൻസിൽ തീർത്ത കൊളംബസിന്റെ സ്മാരകം പിന്നീട് ഇവിടെ സ്ഥാപിക്കപ്പെട്ടത്. കൊളംബസിന്റെ പ്രതിമയ്ക്ക് മാത്രം 24 അടി ഉയരമുണ്ട്. കാസ്റ്റ് അയേണിൽ തീർത്ത സ്തൂപത്തിന്റെ കീഴെ, രാജ്ഞിയുമായി കൊളംബസ് നടത്തിയ കൂടിക്കാഴ്ച്ചയുടെ രംഗം ലോഹത്തിൽ ആലേഖനവും ചെയ്ത് വെച്ചിട്ടുണ്ട്. മറ്റനേകം ശിൽ‌പ്പവേലകൾ കൊണ്ടും മനോഹരമാക്കിയിട്ടുള്ള ഒരു സ്മാ‍രകമാണത്. ഇതടക്കം പലതരത്തിലുള്ള 64ൽ‌പ്പരം സ്മാരകങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, കൊളംബസ് എന്ന മഹാനായ പര്യവേഷകന്റെ ഓർമ്മയ്ക്കായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

കൊളംബസ് സ്മാരകത്തിൽ നിന്ന് നോക്കിയാൽ വെൽ തുറമുഖത്തിലെ മരപ്പാലം കാ‍ണാം. പാലത്തിന്റെ വശങ്ങളിൽ ഉയർന്ന് നിൽക്കുന്ന ലോഹനിർമ്മിത തൂണുകൾക്ക് പ്രത്യേക ഭംഗിതന്നെയാണ്. വെള്ളത്തിന്റെ തൊട്ടുമുകളിലായാണ് സാമാന്യം നല്ല വീതിയിൽ നടുഭാഗം ഉയർന്ന ഈ പാലം നിലകൊള്ളുന്നത്. നൌകകൾക്ക് തുറമുഖത്തിന്റെ ഇരുവശങ്ങളിലേക്കും കടന്നുപോകാൻ വേണ്ടി തെന്നി നീക്കാവുന്ന തരത്തിലാണ് പാലത്തിന്റെ നടുഭാഗം നിർമ്മിച്ചിരിക്കുന്നത്. പാലം നീങ്ങുന്നത് കാണാൻ യൂ ട്യൂബിലെ ഈ വീഡിയോ സഹായിച്ചെന്ന് വരും.

വെൽ തുറമുഖത്തെ മരപ്പാലം.
പാലത്തിന്റെ മറ്റൊരു ദൃശ്യം.
കടകളും ഷോപ്പിങ്ങ് കേന്ദ്രങ്ങളും ഭോജനശാലകളും ബാറുകളും സിനിമാ തീയറ്ററുകളുമൊക്കെ ചേർന്ന Maremagnum* എന്ന വലിയൊരു കെട്ടിട സമുച്ചയത്തിലേക്കാണ് പാലം ചെന്നെത്തുന്നത്. ആ കെട്ടിടങ്ങൾക്ക് പിന്നിലായി വെള്ളത്തിനടിയിൽ സജ്ജീകരിച്ചിരിക്കുന്ന മനോഹരമായ ഒരു അക്വേറിയവും ഉണ്ട്.

ഞങ്ങളുടെ അടുത്ത ലക്ഷ്യം ഈ Under water അക്വേറിയമായിരുന്നു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ ഇത്തരം അക്വേറിയത്തിൽ രണ്ട് പ്രാവശ്യം പോകാൻ എനിക്കായിട്ടുണ്ട്. പക്ഷെ മുഴങ്ങോടിക്കാരിക്ക് ഇതാദ്യമായാണ് ഇങ്ങനൊരു അണ്ടർ വാട്ടർ അക്വേറിയം കാണാൻ അവസരമുണ്ടാകുന്നത്. യൂറോപ്പിലെ തന്നെ വലിയൊരു അക്വേറിയമാണിത്. സത്യത്തിൽ അക്വേറിയം എന്ന പേരിനേക്കാൾ ഓഷ്യനേറിയം എന്ന പേരാണ് ഇത്തരം സംരംഭങ്ങൾക്ക് കൂടുതൽ യോജിക്കുക.

ഹോട്ടലിൽ നിന്ന് തന്നിരിക്കുന്ന വൌച്ചറുകൾ കാണിച്ചാൽ അക്വേറിയം ടിക്കറ്റിനും ഇളവുണ്ട്. ടിക്കറ്റെടുത്ത് അൽ‌പ്പം നേരം ക്യൂ നിൽക്കണമെന്ന് മനസ്സിലാക്കിയപ്പോൾ തൊട്ടടുത്തുള്ള ഭോജനശാലയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് അത്രയും സമയം ലാഭിക്കാൻ ഞങ്ങൾക്കായി.

8000 ൽ അധികം മത്സ്യങ്ങളെ ഈ ഓഷ്യനോറിയത്തിൽ വളർത്തുന്നുണ്ട്. വെള്ളത്തിനടിയിലൂടെ കടന്നുപോകുന്ന 80 മീറ്റർ നീളമുള്ള ട്യൂബിലൂടെ കാണികൾക്ക് നടന്നു നീങ്ങാം. ഇതുവരെ കണ്ടിട്ടുള്ളതും കാണാത്തതുമായ എല്ലാത്തരം മത്സ്യങ്ങളേയും കടൽജീവികളേയും അവയുടെ ആവാസ വ്യവസ്ഥിതിയുമൊക്കെ കണ്ട് കണ്ണ് മിഴിച്ച് നിന്നുപോകും ഇതിനകത്ത്.

നിറമുള്ള പവിഴപ്പുറ്റുകൾ
ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ള Common Sole എന്ന പരന്ന മത്സ്യം, Mediterranean Moray എന്നറിയപ്പെടുന്ന അപകടകാരിയായ മത്സ്യം, കടൽക്കുതിര, നിരവധി സ്രാവുകൾ എന്നതൊക്കെയാണ് എടുത്ത് പറയേണ്ട കാഴ്ച്ചകൾ. റോമൻ കാലഘട്ടത്തിൽ മെഡിറ്ററേനിയൻ മോറെയുടെ രക്തം ഒരു വിഷമായി ഉപയോഗപ്പെടുത്തിയിരുന്നു പോലും !!

ഓഷ്യനോറിയത്തിലെ ഒരു രംഗം.
സുതാര്യമായ ട്യൂബിനകത്തുകൂടെ നീങ്ങുന്ന കാണികൾ.
ചന്ദ്രനിലെ കൊച്ചുകൊച്ചു കാര്യങ്ങൾ പോലും വളരെ വിശദമായി അറിയാമെങ്കിലും, നാം വസിക്കുന്ന ഭൂമിയുടെ മുക്കാൽ ഭാഗം വരുന്ന ജലാന്തർഭാഗത്തെക്കുറിച്ച് കാര്യമായൊന്നും നമുക്കറിയില്ലെന്നും, അതൊന്നും മനസ്സിലാക്കാൻ നാം ശ്രമിച്ചിട്ടില്ലെന്നുമുള്ള തോന്നലാണ് ഈ ഓഷ്യനോറിയത്തിൽ നിന്ന് വെളിയിൽ കടക്കുമ്പോൾ ഒരാൾക്കുണ്ടാകുക.

ഓഷ്യനോറിയത്തിലെ മറ്റൊരു കാഴ്ച്ച.
വെൽ തുറമുഖത്തെപ്പറ്റി പറഞ്ഞുപോകുമ്പോൾ എടുത്തുപറയേണ്ട ചില ചരിത്രവസ്തുതകളുണ്ട്. അത്രയധികം പഴക്കമൊന്നുമില്ല ഈ ചരിത്രത്തിന്. 1992 ലെ ഒളിമ്പിൿസിന് മുൻപ്, അതായത് കേവലം 19 വർഷങ്ങൾക്ക് മുൻപ്, കുറേ ഒഴിഞ്ഞ സംഭരണശാലകളും വ്യവസായിക സംരഭങ്ങളുടെ കെട്ടിടങ്ങളും തീവണ്ടി യാഡുകളും, തീരെ ശ്രദ്ധപിടിച്ചുപറ്റാൻ സാദ്ധ്യതയില്ലാത്ത മറ്റ് കാര്യങ്ങളും മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഒളിമ്പിൿസിന്റെ ഭാഗമായി വന്ന മാറ്റങ്ങളാണ് ഇപ്പോൾ കാണുന്ന തരത്തിൽ വെൽ തുറമുഖത്തിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചത്.

ഇക്കാര്യം പറയുമ്പോൾ, ശ്രീ. ശശി തരൂർ എം.പി. കേരളത്തിൽ കൊണ്ടുവരാൻ പദ്ധതിയിട്ടിരുന്ന ഒരു വികസന നടപടി കൂടെ മനസ്സിൽ ഓടിയെത്തുന്നു. തിരുവന്തപുരം നഗരത്തെ ഒരു ബാർസലോണ ആക്കി മാറ്റുന്ന തരത്തിലുള്ള പദ്ധതിയായിരുന്നു അത്. അതെവിടെ വരെ എത്തി, എന്തെങ്കിലും നടപടി ഉണ്ടായോ, ഉണ്ടായെങ്കിൽ എവിടെ വരെയായി എന്നൊന്നും പിന്നെ കേട്ടിട്ടില്ല്ല. പറഞ്ഞ് വന്ന വിഷയം ആ പദ്ധതിയുടെ പുരോഗതിയല്ല. മറിച്ച്, ആ പദ്ധതിക്ക് എന്തുകൊണ്ടും ഇണങ്ങിയ സ്ഥലം തിരുവനന്തപുരത്തേക്കാൾ കൊച്ചി ആണെന്നാണ്. തിരുവനന്തപുരവും കൊച്ചിയും ബാർസലോണയും കണ്ടിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ഇതെന്റെ അഭിപ്രായം മാത്രമാണ്. അപ്പോൾപ്പിന്നെ ശശി തരൂർ ഈ മൂന്ന് സ്ഥലങ്ങളും കാണാത്ത വ്യക്തിയാണോ എന്ന മറുചോദ്യത്തിന് എനിക്കൊരു മറുപടിയേ ഉള്ളൂ. അദ്ദേഹം തിരുവനന്തപുരത്തെ എം.പി. ആയതുകൊണ്ട് മാത്രമാണ് പദ്ധതിക്ക് തലസ്ഥാന നഗരിയെ പരിഗണിച്ചിരിക്കുക.

വെൽ തുറമുഖത്ത് മുഴങ്ങോടിക്കാരിക്കൊപ്പം. പിന്നിൽ മരപ്പാലം
ഒരു തർക്കത്തിനൊന്നും ഞാനില്ല. പക്ഷെ ഒരഭിപ്രായം കൂടെ പറയാതെ വയ്യ. കൊച്ചിയുടെ പടിഞ്ഞാറോട്ടുള്ള വളർച്ചയും വികസനവുമൊക്കെ കഴിഞ്ഞിരിക്കുന്നു എന്നാണല്ലോ പറച്ചിൽ. അതുകൊണ്ടാണല്ലോ ഇപ്പോൾ കാക്കനാട് മുതൽ കിഴക്കോട്ട് വളർത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ കൊച്ചിക്കിനിയും പടിഞ്ഞാറോട്ട് വളരാൻ കഴിയും. ഏറ്റവും കുറഞ്ഞത്, ബാർസലോണയിലും സിംഗപ്പൂരുമൊക്കെയുള്ളതുപോലെ ഒരു ഓഷ്യനോറിയം നിർമ്മിച്ചുകൊണ്ടെങ്കിലും.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

*സ്ഥലനാമങ്ങൾ പലതിന്റേയും കൃത്യമായ ഉച്ഛാരണം എനിക്കന്യമാണ്.