പാരീസ് യാത്രയുടെ ആദ്യഭാഗങ്ങൾ
------------------------------------------
വൈകീട്ട് 06:10ന് ഡിസ്‌നി ലാന്റിൽ നിന്ന് ബസ്സ് പാരീസ് നഗരത്തിലേക്ക് പുറപ്പെട്ടു. 7 മണിക്ക്, രാത്രി ഭക്ഷണം കഴിക്കാനായി ആദ്യ ദിവസത്തെ അതേ മാർവാടി ഹോട്ടലിൽ നിറുത്തി. വീണ്ടും ഇന്ത്യൻ ഭക്ഷണം തന്നെ കഴിക്കേണ്ടി വന്നത് എന്നെ ശരിക്കും ക്ഷുഭിതനാക്കി. ഏതെങ്കിലും ഒരു ദിവസം പാരീസിലെ ഏതെങ്കിലും പരമ്പരാഗത ഫ്രഞ്ച് ഭക്ഷണം വിളമ്പുന്ന ഹോട്ടലിൽ കൊണ്ടുപോകുമെന്നുള്ള എന്റെ പ്രതീക്ഷകളൊക്കെയും അസ്ഥാനത്തായി.അത്താഴത്തിനുശേഷം പാരീസ് നഗരത്തിന്റെ പ്രൗഢഗംഭീരമായ വീഥികളിലൂടെ ബസ്സ് മെല്ലെ നീങ്ങാൻ തുടങ്ങി. ‘പാരീസ് ബൈ നൈറ്റ് ‘ എന്ന പേരിൽ ദീപപ്രഭയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പാരീസിന്റെ തെരുവുകളിലൂടെ ഒരു സവാരി, ടൂർ കമ്പനികളുടെ പാക്കേജിലെ പ്രധാന ഇനമാണ്. പകൽ വെളിച്ചം പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. എങ്കിലും തെരുവുവിളക്കുകൾ പലതും കത്തിത്തുടങ്ങിയിരിക്കുന്നു. വഴിയോരത്ത് കാണുന്ന ഓരോ കെട്ടിടങ്ങളേയും ടൂർ ഗൈഡ് കല്‍പ്പേഷ് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ, മിക്കതിന്റെ പിന്നിലും കൽപ്പേഷിന് പറയാൻ എന്തെങ്കിലുമൊക്കെ ചരിത്രവുമുണ്ട്. ഒന്ന് പറഞ്ഞ് കഴിയുമ്പോഴേക്കും അടുത്തത്. പക്ഷെ ഒരിടത്തും ബസ്സ് നിറുത്തുന്നില്ല. ഓടിക്കൊണ്ടിരിക്കുന്ന എ.സി.ബസ്സിന്റെ കൊട്ടിയടച്ച ജനാല ചില്ലിനകത്തുകൂടെ ഇപ്പറഞ്ഞ കെട്ടിടങ്ങളുടെയൊന്നും ഒരു ഫോട്ടോ പോലും നേരേ ചൊവ്വേ എടുക്കാനാവുന്നില്ല. പാക്കേജ് ടൂർ കമ്പനികളുടെ കൂടെ വന്നാൽ കിട്ടാൻ പോകുന്ന ‘പാരീസ് ബൈ നൈറ്റ് ’ ഇതുതന്നെയാണെന്ന് അല്‍പ്പം സങ്കടത്തോടെ ഞാൻ മനസ്സിലാക്കി. അല്ലെങ്കിലും എന്നെപ്പോലൊരുവന് വിശദമായി പാരീസ് കണ്ടുതീർക്കാൻ മൂന്ന് ദിവസമൊന്നും പോര. ഇതിപ്പോൾ നേഹയ്ക്ക് കൊടുത്ത വാക്ക് പാലിച്ചതിന്റെ പേരിൽ ഞങ്ങൾക്ക് കിട്ടിയ ഒരു ബോണസ് മാത്രമാണെന്ന് ആശ്വസിക്കുകയേ നിവൃത്തിയുള്ളൂ.
സെൻ നദിയിലൂടെ ഒഴുകി നടക്കുമ്പോൾ കാണാൻ പറ്റാതെ പോയ ചില കാഴ്ച്ചകളും കെട്ടിടങ്ങളുമാണ് പ്രധാനമായും ഈ ബസ്സ് യാത്രയിൽ തരമായത്. ബസ്സ് സെൻ നദീതീരത്തുകൂടെ കടന്നുപോയപ്പോൾ വെള്ളത്തിൽ നിന്ന് കണ്ട സൗധങ്ങളുടെ കരയിൽ നിന്നുള്ള ദൃശ്യവും തരമായി.
ചിത്രങ്ങളെടുക്കാനായ പ്രധാന ആകർഷണങ്ങളിൽ ഒന്ന് Academie Royale de Musique എന്ന ഫ്രഞ്ച് ഓപ്പറ കെട്ടിടമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചരിത്ര സ്മാരകം. 1669 ൽ ലൂയി പതിനാലാമനാണ് ഇത് സ്ഥാപിച്ചത്.
ഫ്രഞ്ച് ഓപ്പറ |
ലൂവർ മ്യൂസിയം - ബസ്സിൽ നിന്നെടുത്ത മുൻവശക്കാഴ്ച്ച |
വിപ്ലവാങ്കണം - Place de la Concorde |
പിന്നീട് കുറ്റവാളികളുടെ തല വെട്ടാനായി ഒരു ഗില്ലറ്റിൽ ഇവിടെ സ്ഥാപിക്കപ്പെട്ടു. ആ ഗില്ലറ്റിനിൽ വെച്ചാണ് ലൂയി പതിനാറാമന്റെ തല ഛേദിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ആരവങ്ങളും കൈയ്യടികളുമായി നിന്ന ജനങ്ങൾക്ക് നടുവിൽ വെച്ച് മേരി അന്റോയ്നെറ്റ് രാഞ്ജി, എലിസബത്ത് രാജകുമാരി എന്ന് തുടങ്ങി ഒരുപാട് പ്രമുഖരുടെ തലകൾ ഇവിടെവെച്ച് അറുത്തുമാറ്റപ്പെട്ടു. ആയിരങ്ങളുടെ ചോര ചിതറി വീണ് അങ്കണം ചുവന്നു തുടുത്തു. രണ്ട് കൊല്ലത്തിനിടയ്ക്ക് ഇത്തരത്തിൽ 1119 തലകളാണ് ഈ ചരിത്രപ്രധാനമായ അങ്കണത്തിൽ വെച്ച് അറുത്തുമാറ്റപ്പെട്ടത്.
ഫൌണ്ടനുകളും പ്രതിമകളും അങ്കണത്തിനെ മോടി പിടിപ്പിച്ച് പലഭാഗത്തായി നിലകൊള്ളുന്നു. അതിൽ പ്രധാനമായും എടുത്ത് പറയേണ്ടത് ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന് സ്ഥാപിച്ചിരിക്കുന്ന ശിലാസ്തംഭപമാണ്. ഈജിപ്റ്റിലെ ടെമ്പിൾ ഓഫ് റാംസെസിൽ നിന്നുള്ള 3200 കൊല്ലം പഴക്കമുള്ള ഈ സ്തംഭം (ഓബെലിസ്ക്)1831ൽ ഈജിപ്റ്റ്യൻ വൈസ്രോയി ലൂയി ഫിലിപ്പിന് നല്കിയ 3 സ്തംഭങ്ങളിൽ ഒന്നാണ്. മറ്റ് രണ്ട് സ്തംഭങ്ങളും ഈജിപ്റ്റിൽ നിന്ന് ഫ്രാൻസിലേക്ക് എത്തിച്ചില്ല. പിങ്ക് നിറമുള്ള ഒറ്റക്കല്ലിൽ തീർത്ത ഈ സ്തംഭത്തിന് 230 ടൺ ഭാരവും 75 അടി ഉയരവുമുണ്ട്. ഈജിപ്ഷ്യൻ ചിത്രലിപികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ശിലാസ്തംഭം. ഉയരമുള്ള സകലമാന നിർമ്മിതികൾക്കും മുകളിൽ സുരക്ഷാമാർഗ്ഗങ്ങൾ ഒന്നും അവലംബിക്കാതെ വലിഞ്ഞ് കയറുന്ന സ്പൈഡർമാൻ എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരനായ അലൈൻ റോബർട്ട് (Alain Robert)ഈ സ്തംഭത്തിന്റെ മുകളിലും പിടിച്ച് കയറിയിട്ടുണ്ട്. സെക്കന്റുകൾക്കകം ആ കയറ്റം തീർന്നുകാണുമെന്ന് ഉറപ്പ്.
ഈജിപ്ഷ്യൻ സ്തംഭം. |
അങ്കണത്തിന്റെ ഒരു ഭാഗത്ത് ഓട്ടോറിക്ഷയുടെ ചക്രത്തിന്റെ വ്യാസമുള്ള ഇരട്ടച്ചക്രമുള്ള Segway യിൽ സഞ്ചാരികൾ കറങ്ങിനടക്കുന്നു. സ്വയം ബാലൻസ് ചെയ്ത് നിൽക്കുന്ന, രണ്ട് ചക്രവും അതിന്മേൽ ഉറപ്പിച്ച് യാത്രികന്റെ അരയ്യ്ക്കൊപ്പം ഉയർന്ന് നിൽക്കുന്നാ ദണ്ഡുമാണ് സെഗ്‌വേയുടെ പ്രധാന ഭാഗങ്ങൾ. ദണ്ഡിൽ പിടിച്ച് ചക്രങ്ങൾക്കിടയിലുള്ള പരന്ന പ്രതലത്തിൽ നില്ക്കാം. ശരീരഭാഗം മുന്നോട്ട് ആയുമ്പോളാണ് സെഗ്‌വേ മുന്നോട്ട് നീങ്ങുന്നത്. അത്തരത്തിൽ ഒരു വാഹനം തന്നെയാണ് പാരീസ് നഗരം മുഴുവൻ നല്ല രീതിയിൽ കണ്ടുനടക്കാൻ അത്യുത്തമം.
സെഗ് വേ സഞ്ചാരികൾ |
ബസ്സ് പള്ളിയുടെ വശങ്ങളിലൂടെ ഒന്ന് ചുറ്റിയടിച്ച് പോയി. ബസ്സിലിരുന്ന് പേരിനെങ്കിലും ഒരു ഫോട്ടോയെടുക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി. പാരീസിലെ തന്നെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന പൈപ്പ് ഓർഗൻ അതിനകത്താണുള്ളത്. അതിശയിപ്പിക്കുന്ന അത്തരം ഒരുപാട് കാഴ്ച്ചകളും പേറി നിൽക്കുന്ന പള്ളിയുടെ അകം കാണാൻ ഇനിയെന്നാണ് അവസരമുണ്ടാകുക ? വായിൽ വെള്ളമൂറുന്ന പലതരത്തിലുള്ള മധുരപലഹാരങ്ങൾക്ക് മുന്നിൽ വായും കൈയ്യും ബന്ധനസ്ഥനാക്കി നോക്കിയിരിക്കാൻ ശിക്ഷിക്കപ്പെട്ട ഒരുവന്റെ അവസ്ഥയിലായിത്തീർന്നിരുന്നു ഞാൻ.
മാഡലിൻ റോമൻ കാത്തലിൿ ചർച്ച് |
മൊളോ റൂഷ് - ഒരു ഗൂഗിൾ ചിത്രം |
ഈ കാഴ്ച്ചകൾ എല്ലാം നൽകിക്കൊണ്ട് ബസ്സ് നിരങ്ങുന്നതിനിടയിൽ കെട്ടിടങ്ങൾക്ക് ഇടയിലൂടെ ഈഫൽ ടവർ കാണാനാകുന്നുണ്ട്. രാത്രിയായാൽ നിയോൺ വെളിച്ചത്തിന്റെ പ്രഭ കൂടാതെ, എല്ലാ മണിക്കൂറിലും 15 സെക്കന്റോളം ഈഫലിൽ നിന്ന് ക്യാമറാ ഫ്ലാഷ് പോലെയുള്ള ധവള വെളിച്ചം മിന്നിക്കൊണ്ടിരിക്കും. ഞങ്ങളുടെ ഭാഗ്യം കൊണ്ടായിരിക്കാം, കഴിഞ്ഞ കുറേ ദിവസങ്ങളായി എല്ലാ 10 മിനിറ്റിലും ഈ പ്രതിഭാസം നടക്കുന്നുണ്ട്. ബസ്സ് ഈഫലിന്റെ പുറകിലുള്ള പൂന്തോട്ടത്തിന്റെ സമീപം നിർത്തി. എല്ലാവരും ബസ്സിൽ നിന്നിറങ്ങുന്ന നേരത്ത് അത്തരം ഒരു മിന്നിമറയൽ ഒന്ന് കഴിഞ്ഞതേയുള്ളെന്ന് തോന്നുന്നു. അടുത്ത 10 മിനിറ്റിനകം ഈഫലിൽ നിന്ന് ഇനിയും ആ തിളക്കമുണ്ടാകും. ഞങ്ങൾ ക്യാമറയൊക്കെ കൈയ്യിലെടുത്ത് കാത്തുനിന്നു. ഒരുപാട് പ്രൊഫഷണൽ ക്യാമറക്കാർ ട്രൈപ്പോഡുകളിൽ ക്യാമറകൾ ഉറപ്പിച്ച് തയ്യാറായി നിൽക്കുന്നുണ്ട്. നല്ല നിലവാരമുള്ള പടം എടുക്കാനാണെന്ന് മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളൂ.
പെട്ടെന്ന്, ഇരുട്ടിന്റെ മറവിൽ ഒളിപ്പിച്ചുവെച്ച ഒരു വജ്രമാലയിൽ പ്രകാശം വീണാലെന്ന പോലെ ഈഫലിൽ നിന്ന് തൂവെള്ള വെളിച്ചം മിന്നിത്തിളങ്ങാൻ തുടങ്ങി. 15 സെക്കന്റോളം സമയം മനസ്സിന്റെ പിടിവിട്ടുപോയി; ഈഫലോളം ഉയരത്തിലേക്ക് അതുയർന്ന് പൊങ്ങി. അത്ര മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്. ക്യാമറയിൽ ആ ദൃശ്യം പകർത്താൻ ശ്രമിച്ച ഞാൻ അമ്പേ പരാജയപ്പെട്ടു. വെളിച്ചക്കുറവ് ഉള്ളതുകൊണ്ട് ഷട്ടർ സ്പീഡ് കുറവാക്കി, പടമെടുക്കുമ്പോൾ കൈവിറയ്ക്കാതെ നോക്കണം. വെട്ടിത്തിളക്കത്തിന്റെ ചിത്രമെടുക്കാൻ ടൈപ്പോഡുകൾ ഉപയോഗിക്കുന്ന പടം പിടുത്തക്കാരെപ്പറ്റി ഞാനപ്പോളാണ് കൃത്യമായി മനസ്സിലാക്കിയത്. ഇനി ഹോട്ടലിലേക്ക് മടങ്ങുകയാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ കൂടുതൽ സമയം അവിടെ ചിലവഴിക്കാൻ ഞങ്ങളെ അനുവദിച്ചു. അടുത്ത 10 മിനിറ്റിൽ ഈഫലിൽ നിന്നുള്ള ആ പ്രകാശവിസ്മയം എന്നാലാവുന്നതുപോലെ ഞാനും ക്യാമറയിൽ പകർത്തി.
ഈഫൽ - സാധാരണ പ്രകാശവും, ഫ്ലാഷ് ലൈറ്റുകളുടെ പ്രകാശവും ചൊരിഞ്ഞ് |
ഹോട്ടലിൽ ചെന്ന് കയറിയപ്പോൾ രാത്രി 11:30. കിടന്നാൽ എനിക്കുറക്കം വരില്ലെന്നാണ് തോന്നിയത്. ഇനിയും യൌവ്വനം നഷ്ടപ്പെടാതെ നിൽക്കുന്ന നിശയ്ക്കൊപ്പം മനസ്സ് പാരീസ് നഗരത്തിലെവിടെയോ കറങ്ങിനടക്കുകയാണ്. പക്ഷെ, രാവിലെ മുതൽ ഡിസ്‌നി ലാന്റിലെ അലച്ചിലും മറ്റുമായി ശരീരം നന്നേ ക്ഷീണിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് കിടക്കയിൽ നീണ്ടുനിവർന്ന് കിടക്കുന്നതിനുമുന്നേ ഉറക്കം കണ്ണുകളെ വന്നു മൂടി. സുഖനിദ്ര.
നേരം പുലർന്നു. പാരീസിലെ മൂന്നാമത്തേതും അവസാനത്തേതുമായ ദിവസമാണിത്. രാവിലെ 08:30 ന് തന്നെ ഹോട്ടലിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് എല്ലാവരും ബസ്സിൽക്കയറി. 12 മൈൽ ദൂരമുണ്ട് ഈഫലിലേക്ക്.
നാട്ടിൽ വെച്ച് സുധീർ എന്ന് ഒരു സുഹൃത്ത് പറഞ്ഞുകേട്ടിട്ടുള്ളത് ഓർമ്മയിൽ വന്നു.
“എത്രയൊക്കെ ഫോട്ടോകൾ കണ്ടിട്ടുണ്ടെങ്കിലും, എത്രയൊക്കെ സിനിമകളിലും വീഡിയോകളിലും ഒക്കെ ദർശിച്ചിട്ടുണ്ടെങ്കിലും, ഈഫൽ ടവർ എന്ന് പറയുന്നതിന്റെ തൊട്ടടുത്ത്, അതിന്റെ അടിയിൽ ചെന്ന് നിന്ന് കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. മുൻപ് കണ്ടിട്ടുള്ള ഈഫൽ ദൃശ്യങ്ങളൊന്നും നേരിട്ട് കാണുന്നതും അനുഭവിക്കുന്നതുമായ ഈഫലിന്റെ അയൽപക്കത്ത് പോലും വരില്ല “
ഇപ്പറയുന്നത് ഇന്നത്തെ തലമുറയാണെങ്കിൽ പൊറ്റക്കാടിനെപ്പോലുള്ള പഴയ തലമുറയുടെ കൂടെ വാക്കുകൾ ഈ അവസരത്തിൽ ചേർത്ത് കേൾക്കേണ്ടതാണ്. തന്റെ പാരീസ് യാത്രാവിവരണത്തിൽ ഈഫലിനെപ്പറ്റി അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.
“ എഞ്ചിനീയറിങ്ങിന്റെ ഒരത്ഭുത സൃഷ്ടിയാണെന്നിരിക്കിലും കലാസുഭഗമായ പാരീസിന്റെ അന്തരീക്ഷത്തെ കുറഞ്ഞൊന്ന് അലങ്കോലപ്പെടുത്തുന്ന ഒന്നാണ് ഈഫൽ ഗോപുരം. നഗരമദ്ധ്യത്തിൽ എവിടെ നിന്ന് നോക്കിയാലും ഒഴിവിലൂടെ, ഭൂതത്തിന്റെ അസ്ഥിപഞ്ജരം കുത്തിനിർത്തിയതുപോലെ ആകാശം മുട്ടി നിൽക്കുന്ന ഈ വികൃതഗോപുരം കണ്ണിൽ വന്ന് പെടുന്നുണ്ടാകും “
സംഭവം സത്യമാണ്. ഈഫലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ആദ്യകാലങ്ങൾ മുതൽക്കേ ഇത്തരമൊരു സൃഷ്ടി പാരീസിന് ചെരില്ലെന്ന് മുറവിളി ഉണ്ടായിരുന്നു. ഇത് തച്ചുടയ്ക്കാൻ ജനങ്ങൾ കോപ്പുകൂട്ടുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിപുരാതനവും കലാമൂല്യം നിറഞ്ഞ് തുളുമ്പുന്നതുമായ മറ്റ് കെട്ടിടങ്ങൾക്ക് നടുവിൽ ഇങ്ങനെയൊരു സൃഷ്ടി അന്നത്തെ പാരീസ് ജനതയ്ക്കും ലോകജനതയ്ക്ക് തന്നെയും ഒരു അത്യന്താധുനിക നിർമ്മിതി മാത്രമായേ സങ്കൽപ്പിക്കാൻ സാധിച്ചു കാണൂ. പക്ഷെ ഇന്നതാണോ അവസ്ഥ. ഇന്ന് ഈഫൽ ഗോപുരമെന്നാൽ പാരീസാണ്, പാരീസെന്നാൽ ഈഫൽ ഗോപുരമാണ്.
ബസ്സ് ഈഫലിന്റെ തൊട്ടടുത്ത് തന്നെ പാർക്ക് ചെയ്തു. എല്ലാവരും ഈഫലിന്റെ കീഴെയെത്തി. എല്ലാവർക്കും ഈഫലിന് മുകളിലേക്ക് കയറാനുള്ള ടിക്കറ്റുകൾ, കൽപ്പേഷ് നേരത്തേ തന്നെ എടുത്തിട്ടുണ്ട്. ഇനി ക്യൂ നിന്ന് മുകളിലേക്ക് കയറിയാൽ മാത്രം മതി. 11 മണി വരെ ഈഫലിന് മുകളിലോ താഴെയോ ഒക്കെയായി ചിലവഴിക്കാം. അതുകഴിഞ്ഞ് എല്ലാവരും ബസ്സിൽ ഹാജരാകണമെന്നാണ് നിബന്ധന.
ഈഫൽ - ഭാഗികമായ ഒരു കാഴ്ച്ച. |
ഈഫൽ - തൊട്ടുതാഴെ നിന്ന് മുകളിലേക്ക് ഒരു നോട്ടം. |
ഈഫലിന്റെ കീഴ്ഭാഗം - ഒരു ദൃശ്യം. |
ഈഫലിന്റെ ശിൽപ്പി ഈഫൽ അലൿസാണ്ട്രേ ഗുസ്താവ് |
ഈഫലിന് മുകളിലേക്ക് കയറാനുള്ള സന്ദർശക നിര. |
ലിഫ്റ്റിൽ 20 പേർക്കോളം കയറാനാകും. ടവറിന്റെ കാലുകൾ അൽപ്പം വളഞ്ഞതായതുകൊണ്ട് ലിഫ്റ്റിന്റെ പാതയുടെ തുടക്കത്തിലും ആ വളവുണ്ട്. തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോക്കറ്റടിക്കപ്പെടുക എന്നത് അന്താരാഷ്ട്ര നിയമമാണെന്ന് സംശയം ജനിപ്പിക്കുന്ന വിധത്തിൽ ‘പോക്കറ്റടിക്കാരെ സൂക്ഷിക്കുക‘ എന്ന ബോർഡുണ്ട് ലിഫ്റ്റിന്റെ പരിസരത്ത്. എല്ലാവരും ലിഫ്റ്റിൽ കയറി. അത് മുകളിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ തണുത്ത കാറ്റ് ഉള്ളിലേക്ക് അടിച്ചുകയറി. താഴേക്കുള്ള കാഴ്ച്ചകൾക്ക് മറുപടിയെന്നവണ്ണം ലിഫ്റ്റിൽ നിന്ന് ഒരു ആരവമുയർന്നു. ഒന്നാമത്തെ തട്ടിൽ ഞങ്ങൾ ഇറങ്ങിയില്ല. അത് തൽക്കാലം ലിഫ്റ്റിന്റെ ചില്ലിലൂടെ കാണാമെന്ന് വെച്ചു.
ലിഫ്റ്റിൽ നിന്ന് താഴേക്ക് ഒരു കാഴ്ച്ച. |
മഞ്ഞയും ചുവപ്പും നിറത്തിൽ ലിഫ്റ്റുകൾ |
സെൻ നദി - ഈഫലിൽ നിന്നുള്ള ദൃശ്യം |
ആർക്ക് ഓഫ് ട്രയംഫ് - ഈഫലിന് മുകളിൽ നിന്ന് ഒരു കാഴ്ച്ച |
ദൂരദർശിനിയിലൂടെ ഒരു നോട്ടം. |
ഈഫലിന് പതിക്കാനുള്ള പച്ചപ്പപരവതാനി. |
ഈഫലിന് മുകളിൽ അൽപ്പം വിശ്രമം |
“പാരീസിൽ എവിടെച്ചെന്നിരുന്നാലും ഈ അസ്ഥിപഞ്ജരം കാണാനാകും. ഈയൊരിടം മാത്രമാണ് അതിന് അപവാദം.“
ദിവസവും ഇവിടെ വന്നിരുന്ന് ഉച്ചഭക്ഷണം കഴിക്കാനായില്ലെങ്കിലും ഒരിക്കലെങ്കിലും അത് സാദ്ധ്യമാക്കാൻ കൊതിക്കുന്ന എത്രയോ പേർ ലോകത്തുണ്ടെന്ന് കുഴിമാടത്തിനകത്തിരുന്ന് Maupassant അറിയുന്നുണ്ടോ ആവോ ?
ഞങ്ങൾ ലിഫ്റ്റിൽ കയറി രണ്ടാമത്തെ തട്ടിലെത്തി, സോവനീർ ഷോപ്പിൽ ഒന്ന് കയറി നോക്കി. പല സാധനങ്ങൾക്കും വഴിവാണിഭക്കാരുടേതിനേക്കാൾ വിലയാണ്. സോവനീറുകളുടെ കൂട്ടത്തിൽ ഗർഭനിരോധന ഉറ തൂങ്ങുന്ന കീ ചെയിൻ വരെയുണ്ട്. പേരിനൊരു ഈഫലിന്റെ കൊച്ച് മാതൃക വാങ്ങി, അൽപ്പനേരം താഴേക്ക് നോക്കി നിന്നതിനുശേഷം വീണ്ടും ലിഫ്റ്റിൽ കയറി. പക്ഷെ ഒന്നാമത്തെ തട്ടിലെത്തിയപ്പോൾ ഇറങ്ങാൻ പറ്റാത്ത അത്ര തിരക്ക്. ഇവിടെയുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് വേണ്ടപ്പെട്ടവർക്ക് ഒരു കത്തയക്കുകയോ കാർഡ് അയക്കുകയോ ചെയ്യുന്നത് അഭിമാനത്തിന്റേയും, അത് കൈപ്പറ്റുന്നത് നല്ലൊരു ഓർമ്മയുടേയും ഭാഗമായും കാണുന്നവർ നിയയെയുണ്ട്. ഞങ്ങൾക്ക് ബസ്സിലെത്താനുള്ള സമയം ആയിക്കഴിഞ്ഞു. ഒന്നാം തട്ടിൽ ഇറങ്ങാൻ പറ്റിയാലും പടികൾ വഴി താഴേക്ക് ഇറങ്ങാനുള്ള സമയമില്ല. ഇതുവരെയുള്ള ദിവസങ്ങൾ പോലെയല്ല ഇന്ന്. ബസ്സ് വിട്ടുപോയാൽ സ്വന്തം ചിലവിൽ ഇംഗ്ലണ്ടിലെത്തേണ്ടിവരും. അതുകൊണ്ട് ഇന്ന് കൃത്യനിഷ്ഠ പാലിച്ചേ പറ്റൂ. ഞങ്ങൾ നേരെ താഴേക്ക് ചെന്നിറങ്ങി ബസ്സിനടുത്തേക്ക് നടന്നു. പക്ഷെ ബസ്സിൽ ആരും തന്നെ എത്തിയിട്ടില്ല. എന്നാൽപ്പിന്നെ പച്ചപ്പരവതാനി വിരിച്ചയിടത്ത് ചെന്നുനിന്ന് ഈഫലിന്റെ പശ്ചാത്തലത്തിൽ കുറച്ച് ചിത്രങ്ങൾ എടുക്കാമെന്ന് തീരുമാനിച്ചു. അവിടെ നിന്ന് നോക്കുമ്പോൾ ഒന്നാം നിലയ്ക്ക് താഴെയായി ലോഹത്തകിടുകളിൽ മുഴച്ചുനിൽക്കുന്ന കുറെ പേരുകൾ കാണാം. ഈഫലിന്റെ നിർമ്മാണത്തിന്റെ പങ്കാളികളായവരുടെ പേരുകളാണത്.
നേഹയ്ക്കൊപ്പം ഈഫലിന് കീഴെ |
ആർക്ക് ഓഫ് ട്രയംഫ് |
ഒരു ഓർമ്മച്ചിത്രം |
ബസ്സിലിരുന്ന് ഞാൻ കണക്കെടുപ്പ് തുടങ്ങി. കണ്ട കാഴ്ച്ചകളേക്കാൾ കാണാത്ത കാഴ്ച്ചകളുടെ കണക്കെടുക്കുന്നതായിരിക്കും സൌകര്യം. മോളോ റൂഷ് കാണാത്ത, നോത്രഡാമിനകത്തും, ലൂവർ മ്യൂസിയത്തിനകത്തുമുള്ള കാഴ്ച്ചകൾ കാണാത്ത, നെപ്പോളിയന്റെ ശവകുടീരം കാണാത്ത ഈ യാത്രയെ പാരീസ് യാത്രയായി കണക്കാക്കാൻ എനിക്കാവില്ല്ല. ഫ്രാൻസിൽ പോയിട്ടുണ്ടോ എന്ന് ചോദിച്ചാൽ പോയിട്ടുണ്ട് എന്ന് പറയാമെന്ന് മാത്രം. വെടിപ്പായിട്ട് പാരീസൊന്ന് കണ്ടുതീർക്കണമെങ്കിൽ മറ്റൊരു പാരീസ് യാത്ര അവശ്യം വേണ്ടിവരും.
ശുഭം.