Wednesday, 11 May 2011

സെൻ നദിയിലൂടെ ഒരു യാത്ര

പാരീസ് യാത്രയുടെ ആദ്യഭാഗങ്ങൾ
------------------------------------------
ങ്ങളുടെ ബസ്സ് സെൻ(Seine) നദിക്കരയിലെത്തി. നദികളുടെ ദേവതയായ സെക്യുന (Sequana) യിൽ നിന്നാണ് പാരീസിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന 500 മൈൽ നീളമുള്ള ഈ നദിക്ക് സെൻ എന്ന പേര് വീണിരിക്കുന്നത്. നദിയിലൂടെ ഒരു യാത്രയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം.
സെൻ നദിയും കുറുകെയുള്ള പാലങ്ങളിൽ ചിലതും
സെൻ നദിയിലെ ബോട്ട് സവാരി പാരീസിലെത്തുന്ന സഞ്ചാരികൾക്ക് ഒഴിവാക്കപ്പെടാനാവാത്ത ഒരു കാര്യമാണ്. രാത്രിയും പകലുമായി പലതരം സെൻ നദീ സവാരികളുണ്ട്. ബോട്ടുകളുടെ ആകൃതിയിലും വലിപ്പത്തിലും യാത്രാസമയത്തിലുമൊക്കെയായി വ്യത്യസ്ത തരം ജലയാത്രകളാണവയൊക്കെ. പകൽ വെളിച്ചത്തിൽ ഇരുകരകളിലുമുള്ള പഴഞ്ചൻ കെട്ടിടങ്ങളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഒരു സവാരി ആകണമെന്നുള്ളവർക്ക് അങ്ങനേയും, സിറ്റി ഓഫ് ലൈറ്റ്സ് എന്നറിയപ്പെടുന്ന പാരീസ് നഗരത്തിന്റെ ദീപാലങ്കാരങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ട്, മുത്താഴമോ അത്താഴമോ കഴിച്ച് ജലപ്പരപ്പിലൂടെ തെന്നി നീങ്ങാൻ താല്‍പ്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ലഭ്യമാണ്. നല്ല കനത്ത മടിശ്ശീല കരുതിയിട്ടുണ്ടെങ്കിൽ ഇപ്പറഞ്ഞതെല്ലാം ആസ്വദിച്ചുതന്നെ പാരീസിലെ രാത്രികളും പകലുകളും അവിസ്മരണീയമാക്കാം.

ഞങ്ങളുടേത് പാക്കേജ് ടൂർ ആയതുകൊണ്ട് ബോട്ടിലെ സവാരിയുടെ ടിക്കറ്റിനായി സ്വന്തം മടിശ്ശീല തുറക്കേണ്ടതില്ല. ടിക്കറ്റെല്ലാം സ്റ്റാർ ടൂർ വകയാണ്. അല്‍പ്പനേരം എല്ലാവരും ബോട്ട് ജെട്ടിയിൽ കാഴ്ച്ചകൾ കണ്ടുനിന്നു. പലതരം ബോട്ടുകൾ വന്നടുക്കുന്നു, ജനങ്ങൾ കയറുന്നു ഇറങ്ങുന്നു, ഫോട്ടോകൾ എടുക്കുന്നു. ഭൂരിഭാഗം ജനങ്ങളും ഞങ്ങളെപ്പോലെ തന്നെ ഗ്രൂപ്പ് ടൂറിസ്റ്റുകളായി വന്നിട്ടുള്ളവരാണ്. സാമാന്യം വലിയൊരു ബോട്ടിലേക്ക് ഞങ്ങളും കയറി.

സെൻ നദിയിലൂടെ ഒരു യാത്ര - ഞങ്ങളുടെ ബോട്ടിലെ മറ്റ് സഞ്ചാരികൾ
ബോട്ടിനകത്തും പുറത്തുമായി 400 പേർക്കെങ്കിലും ഇരിക്കാനുള്ള സൗകര്യമുണ്ട്. കാഴ്ച്ചകൾ കാണാനും പടങ്ങളെടുക്കാനും എന്തുകൊണ്ടും സൗകര്യം ബോട്ടിന്റെ മുകൾഭാഗത്തുള്ള സീറ്റുകൾ തന്നെ എന്നതുകൊണ്ട് മുകളിൽത്തന്നെ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. ബോട്ട് സെൻ നദിയിലെ മറ്റ് നൗകകൾക്കിടയിലൂടെ യാത്രയാരംഭിച്ചു. കാഴ്ച്ചകൾ മനം കുളിർപ്പിച്ചപ്പോൾ ചെറുതായി വീശിത്തുടങ്ങിയ കാറ്റ് ശരീരവും കുളിർപ്പിച്ചു. ഓരോ പ്രധാന പാലങ്ങളും കെട്ടിടങ്ങളുമെല്ലാം എത്തുമ്പോൾ, ബോട്ടിന്റെ ഇലൿട്രോണിൿ ഡിസ്‌പ്ലേ ബോർഡിൽ സ്ഥലവിവരങ്ങൾ ഇംഗ്ലീഷിൽ എഴുതിക്കാണിക്കുന്നുണ്ട്.

സെൻ നദിയിൽ സവാരി നടത്തുന്ന മറ്റ് ബോട്ടുകൾ
സെൻ നദിയുടെ ഇടത്തേ തീരവും വലത്തേ തീരവും പാരീസിലെത്തുന്ന മിക്കവാറും എല്ലാ സഞ്ചാരികളേയും കുഴപ്പിക്കുന്നതുപോലെ എന്നേയും കുഴപ്പിച്ചുകളഞ്ഞു. കരയിലൂടെ പാരീസ് നഗരം നടന്നുകാണുന്നവർക്ക്, സെൻ നദിയുടെ ഇടത്തും, വലത്തും കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് നീങ്ങാനായില്ലെങ്കിൽ പാരീസിൽ വഴിയറിയാതെ ചുറ്റിയടിച്ച് മണിക്കൂറുകൾ തന്നെ നഷ്ടപ്പെട്ടെന്ന് വരും. ബോട്ടിലെ സവാരിയാകുമ്പോൾ ബോട്ട് ക്യാപ്റ്റൻ വിളിച്ച് പറയുന്നതനുസരിച്ച് ഇടത്തും വലത്തും നോക്കുക, ആവശ്യത്തിന് പടങ്ങളെടുക്കുക എന്നതിൽ കൂടുതലായി ഇരുകരകളെപ്പറ്റിയും കൂടുതൽ ഉൽക്കണ്ഠപ്പെടേണ്ട ആവശ്യം ആർക്കുമില്ല. കാഴ്ച്ചകളുടെ പൂരമാണ് ഈ ബോട്ട് സവാരി സമ്മാ‍നിക്കുന്നത്. ഇരുവശങ്ങളിലേയും കേൾവികേട്ട പുരാതനമായ കെട്ടിടങ്ങളുടെ ദൃശ്യങ്ങൾക്ക് പുറമേ സെൻ നദിയെ ഇരുകരകളുമായി ബന്ധിപ്പിക്കുന്ന മുപ്പത്തിഏഴോളം പാലങ്ങളും ദൃശ്യവിസ്മയം തന്നെയാണ്. പാലങ്ങളിൽ പലതും ഓരോ മ്യൂസിയത്തിന് സമാനമായിട്ടുള്ളതാണെന്ന് തോന്നിപ്പോകും. അത്രയ്ക്കധികം ശില്‍പ്പങ്ങൾ പാലങ്ങളില്‍പ്പോലും പണിതീർത്തിരിക്കുന്നു.


പോണ്ട് അലക്സാൺട്രേ III - പോണ്ട് എന്നാൽ പാലം തന്നെ.

പറക്കുന്ന സുവർണ്ണ അശ്വം - അല്‍പ്പം കൂടെ അടുത്ത്
പോണ്ട് അലക്സാൺട്രേ III (Pont Alexandre III) എന്ന ആർച്ച് പാലമാണ്. ഇത്തരത്തിൽ വളരെയധികം കലാരൂപങ്ങളും വിളക്കുകളുമൊക്കെ കൊണ്ട് മോടിപിടിപ്പിച്ചിട്ടുള്ളതിൽ പ്രഥമസ്ഥാനത്ത് വരുന്നത്. സുവർണ്ണ നിറത്തിൽ ചിറകുകളുള്ള കുതിരയേയും പിടിച്ച് കുഴലൂതി നിൽക്കുന്ന ബാലൻ പാലത്തിന്റെ ഇരുവശത്തുമുള്ള ഈരണ്ട് തൂണുകളിൽ നിൽക്കുന്നു. 19‌-)ം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഈ പാലത്തെ ഒരു ചരിത്രസ്മാരകമായാണ് പരിഗണിക്കുന്നത്. ഫഞ്ച്-റഷ്യൻ അലയൻസ് അവസാനിപ്പിച്ച സർ ചക്രവർത്തി അലക്സാണ്ടർ മൂന്നാമനോടുള്ള ആദരസൂചമായി നിർമ്മിച്ച് അദ്ദേഹത്തിന്റെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്.


പോണ്ട് അലക്സാൺട്രേ III ന്റെ ഒത്തനടുക്കുള്ള കലാവിരുന്ന്
പാലത്തിന് ഒത്ത നടുക്കായി മനോഹരമായ വിളക്കുകാലുകൾക്ക് നടുവിൽ ലോഹത്തിൽ തീർത്ത അർദ്ധനഗ്ന സ്ത്രീ പ്രതിമകൾ(Nymphs)ഒരു കൈയ്യിൽ സുവർണ്ണദണ്ഡും പേറി മാലാഖമാരെപ്പോലെ പറന്നുനിന്ന് ബോട്ടിലിരിക്കുന്ന യാത്രികരെ നോക്കി മന്ദഹസിക്കുന്നു. ഇത്തരം ലോഹപ്രതിമകൾ ഒരു പാലത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.

എറണാകുളത്ത് ഗോശ്രീ പാലത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള തൂണുകളിൽ ഇതുപോലെ കേരളത്തിലെ തനതായ കലാരൂപങ്ങൾ സിമന്റിൽ പണിതീർത്തിട്ടുണ്ട്. അതിൽ ചിലതിന്റെയൊക്കെ ഇന്നത്തെ ദുരവസ്ഥ ഒന്ന് പോയി കാണേണ്ടതുതന്നെയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് സാങ്കേതികവിദ്യ അത്രയ്ക്കൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത്, ലോഹത്തിൽ ഇത്തരം കലാരൂപങ്ങൾ സൃഷ്ടിക്കുകയും, അതൊക്കെ ഇന്നും പരിക്കുകൾ ഒന്നുമില്ലാതെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് എന്തുകൊണ്ടും അനുകരണീയമായ കാര്യമാണ്. പാലങ്ങളുടെ അടിവശം സകലമാന തോന്ന്യാസങ്ങൾക്കായും, മാലിന്യങ്ങൾ കൊണ്ട് തള്ളാനും മാത്രമായും ഉപയോഗിക്കുന്ന ഒരു സംസ്ക്കാരത്തിൽ നിന്ന് ചെന്ന് ഇത്തരം മനോഹരമായ കാഴ്ച്ചകൾ കാണുമ്പോൾ എന്തുകൊണ്ട് നമുക്കിതുപോലെ ആകുന്നില്ല എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരുന്നു.


ഗ്രാൻഡ് പാലസ് - ബോട്ടിലിരുന്ന് കാണുന്ന മുകൾഭാഗം.
പോണ്ട് അലക്സാൺട്രേയുടെ വലതുതീരത്തായി കാണുന്ന ഗ്രാൻഡ് പാലസ്(Grand Palais) പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കൊട്ടാരമൊന്നും അല്ല. 1897 ൽ നിർമ്മാണം ആരംഭിച്ച് 1900 ൽ ഉത്ഘാടനം നിർവ്വഹിച്ച ഗ്രാൻഡ് പാലസിനെ ഒരു മ്യൂസിയം എന്നോ ഗാലറി എന്നോ വിശേഷിപ്പിക്കാം. ഇതിനകത്ത് രണ്ട് പ്രദർശന ഹാളുകളും ഒരു സ്ഥിരം ശാസ്ത്രസാങ്കേതിക മ്യൂസിയവുമാണുള്ളത്.


ഈഫൽ ടവർ - സെൻ നദിയിൽ നിന്ന് ഒരു ദൃശ്യം.
ഫ്രാൻസിലേക്ക് കടന്ന് പാരീസിലേക്ക് ബസ്സിൽ യാത്രതുടങ്ങിയപ്പോൾ ദൂരെയായി കാണാൻ കഴിഞ്ഞ ഈഫൽ ടവർ, നദിയുടെ ഇടതുകരയിലായി കുറേക്കൂടെ അടുത്ത് കാണാനാകുന്നുണ്ട്. വരുന്ന ഏതെങ്കിലും ദിവസങ്ങളിൽ ഈഫൽ ടവറിന് മുകളിൽ കയറുക എന്നുള്ളത്ത് ഈ പാക്കേജ് ടൂറിന്റെ ഭാഗമാണ്. എന്നിരുന്നാലും അടുത്ത് കാണുന്തോറും നിറയെ ഈഫൽ പടങ്ങൾ എടുക്കാതിരിക്കാൻ ആയില്ല.
നോത്രഡാം കത്തീഡ്രൽ

ബോട്ടിലെ സഞ്ചാരികൾക്ക് പിന്നിൽ നോത്രഡാം കത്തീഡ്രൽ
ജലയാത്രയ്ക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റുന്ന മറ്റൊരു പ്രധാനപ്പെട്ട നിർമ്മിതി 1345ൽ പണിതീർത്ത അതിപ്രശസ്തവും മനോഹരവുമായ നോത്രഡാം കത്തീഡ്രലാണ്. പഴമയും ഗോത്തിൿ ശില്‍പ്പചാരുതിയും ചേർന്ന് പ്രൗഢഗംഭീരമായാണ് കത്തീഡ്രലിന്റെ നില്‍പ്പ്. എന്തായാലും നോത്രഡാം നിൽക്കുന്നത് നദിയുടെ ഇടത്തേ തീരത്താണോ വലത്തേ തീരത്താണോ എന്ന ചിന്താക്കുഴപ്പത്തിന് സ്ഥാനമില്ല. കാരണം, നോത്രഡാം കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത് Ile de la Cite എന്ന ഒരു കൊച്ചു ദ്വീപിലാണ്. അതിമനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകളും കൂറ്റൻ പൈപ്പ് ഓർഗനുകളുമൊക്കെയുള്ള നോത്രഡാം കത്തീഡ്രൽ പാരീസിലെ തന്നെ പ്രധാനപ്പെട്ട മൂന്ന് കെട്ടിടങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. വിശ്വസാഹിത്യത്തിലൂടെ മാത്രം എനിക്ക് പരിചയമുള്ള കത്തീഡ്രലും കടന്ന് ബോട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

Musée d'Orsay - മ്യൂസിയം
ഇടതുകരയിൽ നെടുനീളത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു കെട്ടിടവും അതിലെ കൂറ്റൻ ഘടികാരങ്ങളുമൊക്കെ ആരും ശ്രദ്ധിക്കാതെ പോകില്ല. ഒരു റെയിൽ‌വേ സ്റ്റേഷനാണോ അതെന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാനാവില്ല. 1939 വരെ റെയിൽ വേ സ്റ്റേഷനായിരുന്ന ഈ കെട്ടിടം ഇപ്പോൾ ഒരു മ്യൂസിയമാണ്(Musée d'Orsay). വലിയ തീവണ്ടികൾ വന്നതോടെ, തെക്കുപടിഞ്ഞാറൻ ഫ്രാൻസിന്റെ തീവണ്ടിപ്പാതകൾ അവസാനിച്ചിരുന്ന ഈ റെയിൽ‌വേ സ്റ്റേഷൻ കെട്ടിടം അപര്യാപ്തമായി മാറി. പിന്നീടത് സബ് അർബൻ തീവണ്ടിയാപ്പീസായും തപാൽ സ്റ്റേഷനായും സിനിമാ സെറ്റായും ഒക്കെ ഉപയോഗിച്ചതിനുശേഷം ഇപ്പോൾ പൂർണ്ണമായും മ്യൂസിയമായി പ്രവർത്തിക്കുന്നു. പഴയ തീവണ്ടിയാപ്പീസിന്റെ പ്രതാപങ്ങളും പേറി നിൽക്കുന്ന റോമൻ ലിപികളുള്ള രണ്ട് ക്ലോക്കുകൾ കെട്ടിടത്തിന്റെ രണ്ടറ്റത്തായി കാണാം.

മ്യൂസിയത്തിലെ ഘടികാരങ്ങളിൽ ഒന്ന്
മറ്റൊരു പ്രധാന കാഴ്ച്ച വലത്തേ തീരത്തുള്ള ലൂവർ (Louvre) മ്യൂസിയമാണ്. കേട്ടിട്ടുള്ളത് ശരിയാണെങ്കിൽ നല്ലൊരു സഞ്ചാരിക്ക് കുറഞ്ഞത് ഒരു ദിവസമെങ്കിലും എടുക്കും ലൂവർ മ്യൂസിയം ഒന്ന് ഓടി നടന്ന് കാണാൻ. അത്രയ്ക്കുണ്ടത്രേ വലിപ്പം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നായ ലൂവറിനകത്തെ പ്രദർശനങ്ങൾ. ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള മ്യൂസിയങ്ങളിൽ ഒന്ന് ലൂവറാണ്.

ലൂവർ മ്യൂസിയത്തിന്റെ ഒരു ഭാഗം.
ഡാവിഞ്ചിയുടെ അതിപ്രശസ്തമായ പെയിന്റിങ്ങായ മൊണാലിയ പ്രദർശിപ്പിച്ചിരിക്കുന്നത് ലൂവർ മ്യൂസിയത്തിലാണ്. സത്യമാണോ നുണയാണോ എന്നറിയാത്ത ചില കഥകൾ മൊണാലിസ ചിത്രവുമായി ബന്ധപ്പെട്ട് ഞാൻ കേട്ടിട്ടുണ്ട്. കനത്ത പ്രവേശന തുകയും കൊടുത്ത് ലൂവർ മ്യൂസിയത്തിനകത്ത് മോണാലിസയെ കാണാൻ മാത്രമായി പോകുന്നത് നഷ്ടമാണെന്നായിരുന്നു അക്കഥകളിൽ ഒന്ന്. അത്രയ്ക്കൊന്നുമില്ലത്രേ മോണാലിസ! രണ്ടര അടി നീളവും രണ്ടടിയിൽ താഴെ വീതിയുമുള്ള ഒരു ചിത്രം. ഫോട്ടോകളിൽ കാണുന്നതൊക്കെ തന്നെ ധാരാളമാണ് പോലും! മൊണാലിസയുടെ ‘ചിരിപ്പടം‘ വരച്ചതുപോലെ തന്നെ നഗ്നചിത്രവും ഡാവിഞ്ചി വരച്ചിട്ടുണ്ടെന്നുള്ളതാണ് അടുത്ത കഥ. അങ്ങനാണെങ്കിൽ ആ ചിത്രമെവിടെ ? അങ്ങനല്ലെങ്കിൽ എന്തിനിത്തരം കെട്ടുകഥകൾ പ്രചരിപ്പിക്കപ്പെടുന്നു ?

Palais Bourbon എന്നറിയപ്പെടുന്ന ഫ്രഞ്ച് അസംബ്ലി കെട്ടിടമാണ് സെൻ നദിയിലൂടെയുള്ള യാത്രയിലെ മറ്റൊരു പ്രധാന കാഴ്ച്ച. പതിനെട്ടാം നൂറ്റാണ്ടിലെ കെട്ടിടമാണത്. ബോട്ടിലിരുന്ന് കണ്ടതൊക്കെയും നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ തന്നെ.

ഫ്രഞ്ച് അസംബ്ലി കെട്ടിടം.
ഫ്രഞ്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് ആണ് മറ്റൊരു മുഖ്യ കാഴ്ച്ച. ഫ്രഞ്ച് അക്കാഡമി, എത്തിൿസ് & പൊളിറ്റിക്കൽ സയൻസ് അക്കാഡമി, സയൻസ് അക്കാഡമികൾ, ഫൈൻ ആർട്ട്സ് അക്കാഡമി, എന്നുതുടങ്ങിയ അഞ്ച് പ്രമുഖ അക്കാഡമികളെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒരുമിപ്പിക്കുന്നു. ഒരു പബ്ലിക്ക് ലൈബ്രറിയും ചാപ്പലും ഈ കെട്ടിടത്തിനകത്തുണ്ട്. ബോട്ടിൽ ഇരുന്ന് കാണാനാകുന്നതും ശ്രദ്ധ പിടിച്ചുപറ്റുന്നതും കെട്ടിടത്തിന്റെ മദ്ധ്യഭാഗത്തുള്ള മകുടമാണ്.

ഫ്രഞ്ച് ഇൻസ്റ്റിസ്റ്റ്യൂട്ട്
ഒരു പാലത്തിനടിയിലേക്ക് കടന്നപ്പോൾ കണ്ട ശില്‍പ്പങ്ങൾ കൗതുകമുണർത്തി. പാലത്തിന്റെ പണി ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ലോഹശില്‍പ്പങ്ങൾ പെരുമാറുന്നത്. അവർ പാലത്തിന്റെ റിവെറ്റുകൾ അടിച്ചുറപ്പിക്കുന്ന ജോലിയിലാണ്. ശില്‍പ്പിയുടെ കുസൃതി കലർന്ന ചിന്തയിൽ പിറന്ന മനോഹരമായ ഒരു സൃഷ്ടിയായി അതെനിക്ക് അനുഭവപ്പെട്ടു. ഉദാത്തമായ അത്തരം അനേകം ശില്‍പ്പങ്ങളും പ്രതിമകളും പാലങ്ങളിലും കരയിലുള്ള കെട്ടിടങ്ങളിലും നിറഞ്ഞുനിൽക്കുന്നു. സെൻ നദിയിലൂടെയുള്ള യാത്ര ഏതൊരാൾക്കും ഒരു അനുഭവമാകണമെന്ന് നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ തീരുമാനിച്ചുറപ്പിച്ച് നടത്തിയ നിർമ്മാണപ്രക്രിയകൾ. കാലത്തിന് മങ്ങലേല്‍പ്പിക്കാനാവാത്ത തെളിവുകളായി സഞ്ചാരികളേയും കാത്ത് നിൽക്കുകയാണ് അവയൊക്കെയും.

പാലം പണി നൂറ്റാണ്ടുകളായിട്ടും തീർന്നിട്ടില്ല.
ബോട്ടിൽ നിന്ന്, സെൻ നദിയുടെ ഇരുതീരങ്ങളിലേക്കും ക്യാമറക്കണ്ണുകൾ ചിമ്മിയണയുകയും ഫ്ലാഷുകൾ മിന്നൽ വെളിച്ചം തൂവുകയും ചെയ്തുകൊണ്ടിരുന്നു. പ്രധാന കെട്ടിടങ്ങളെത്തുമ്പോൾ പലതരത്തിൽ അവയ്ക്ക് മുന്നിൽ പോസുചെയ്ത് ചിത്രങ്ങളെടുത്ത് യാത്രികർ ഓർമ്മച്ചിത്രങ്ങൾ സ്വന്തമാക്കിക്കൊണ്ടിരുന്നു. ഫോട്ടോ എടുത്ത്, അപ്പോൾത്തന്നെ അതിന്റെ പ്രിന്റ് പുറത്തുവരുന്ന ഒരു ക്യാമറയുമായി, ഒരു സ്ത്രീ ഇതിനിടയ്ക്ക് ഞങ്ങളെ സമീപിച്ചു. 10 യൂറോ കൊടുത്താൽ അവർ പടമെടുത്ത് തരും. മൂന്നുപേരും ചേർന്നുള്ള അത്തരത്തിലൊരു പടം സെൻ നദീ യാത്രയുടെ ഓർമ്മയ്ക്കായി ഞങ്ങൾ കൈക്കലാക്കി.

സെൻ നദീയാത്രയുടെ ഓർമ്മയ്ക്ക്
കാഴ്ച്ചകൾ എന്തൊക്കെ ഏതൊക്കെ കൃത്യമായി കാണാനായെന്നും നഷ്ടപ്പെടുത്തിയെന്നും നിശ്ചയമില്ല, ചിത്രങ്ങൾ എത്രയൊക്കെ എടുത്തെന്നും എടുക്കാനാകാതെ പോയെന്നും നിശ്ചയമില്ല. അവിസ്മരണീയമായിരുന്നു സെൻ നദീയാത്ര. ജീവിതത്തിലെ അസുലഭ ജലയാത്രകളുടെ പട്ടികയിലേക്ക് ഒന്നുകൂടെ. നദിക്കരയിൽ ഇരുവശത്തും യൂണിവേഴ്സിറ്റികളും നദിയെ കുറുകെ മുറിച്ച് ഒരുപാട് പാലങ്ങളുമൊക്കെയുള്ള കേംബ്രിഡ്ജിലെ, പണ്ടിങ്ങ്  എനിക്കോർമ്മ വന്നു. ഇതുപോലെ തന്നെ മറക്കാനാവാത്ത ഒരു ജലയാത്രയായിരുന്നു പണ്ടിങ്ങ്.

സെൻ ജലസവാരി കഴിഞ്ഞ് ബോട്ട് കരയ്ക്കടുത്തു. എല്ലാവരും ബോട്ടിൽ നിന്നിറങ്ങി ബസ്സിലേക്ക് കയറി. ഇരുൾ വീഴാൻ തുടങ്ങുകയാണ്. അന്തിയുറക്കം ഏർപ്പാടാക്കിയിട്ടുള്ള ഹോട്ടൽ നോവാട്ടെലിലേക്ക് (Novatel) ബസ്സ് നീങ്ങാൻ തുടങ്ങി. പോകുന്ന വഴിക്ക്, ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച മാർവാടി റസ്റ്റോറന്റിന് മുന്നിൽ ഡിന്നർ കഴിക്കാനായി ഒരിക്കൽക്കൂടെ ബസ്സ് നിറുത്തുന്നുണ്ട്.

അടുത്ത ദിവസം നേഹയെ പാരീസിൽ എന്തിന് കൊണ്ടുവന്നിരിക്കുന്നുവോ, ആ ചടങ്ങിനാണ് പ്രാധാന്യം. എനിക്കാണെങ്കിലോ അതിലത്ര താല്‍പ്പര്യമില്ലതാനും.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.