Wednesday, 27 August 2008

ബൂലോക സഞ്ചാരം

റാമത് വേള്‍ഡ് മലയാളി കൌണ്‍സില്‍ (സിംഗപ്പൂര്‍) നടത്തിയ യാത്രാവിവരണ ബ്ലോഗ് മത്സരത്തിന്റെ ഫലവും, പങ്കെടുത്ത ബ്ലോഗുകളെപ്പറ്റിയുള്ള ജ്യൂറിയുടെ അഭിപ്രായവും അവരുടെ സോവനീയറായ ‘ റിഫ്‌ളെക്‍ഷന്‍സ് 2008 ‘ ല്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് സ്ക്കാന്‍ ചെയ്തെടുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ സാങ്കേതിക സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ച് മെച്ചപ്പെട്ട യാത്രാ വിവരണങ്ങള്‍ എഴുതാന്‍ നമുക്കാര്‍ക്കും പറ്റിയിട്ടില്ലെന്നുള്ള ജ്യൂറിയുടെ അഭിപ്രായത്തോട് യോജിക്കാതെ വയ്യ.

യാത്രാവിവരണം എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്കും, ഇനി എഴുതാന്‍ പോകുന്നവര്‍ക്കും ജ്യൂറി മെമ്പറുടെ ഈ കുറിപ്പ് വഴികാട്ടിയാകട്ടെ, മെച്ചപ്പെട്ട യാത്രാ വിവരണങ്ങള്‍ ബൂലോകത്ത് പിറക്കാനിടയാകട്ടെ, മലയാളികള്‍ അതൊക്കെ വായിച്ച് കൂടുതല്‍ യാത്രകള്‍ ചെയ്യാനിടയാകട്ടെ, വരും കാലങ്ങളിലെ മത്സരങ്ങള്‍ കൂടുതല്‍ വാശിയേറിയതാവട്ടെ.

ആശംസകളോടെ......

-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)
Tuesday, 12 August 2008

കൊളുക്കു മലൈ

ലപ്രാവശ്യം പോയിട്ടുള്ള സ്ഥലമാണ് മൂന്നാര്‍. ഇക്കഴിഞ്ഞ മാസം വീണ്ടും ഒരിക്കല്‍ക്കൂടെ മൂന്നാറിലേക്ക് പോകാന്‍ അവസരം കിട്ടിയപ്പോള്‍ മാട്ടുപ്പെട്ടിയും, ടോപ്പ് സ്റ്റേഷനും , ദേവികുളം തടാകവും, സി.എസ്സ്.ഐ. ചര്‍ച്ചുമല്ലാതെ പുതുതായി ഏതെങ്കിലും സ്ഥലം മൂന്നാറിലോ പരിസരത്തോ കാണാനുണ്ടോ എന്നായി ആലോചന.

ചില പുസ്തകങ്ങളിലൊക്കെ പരതി നോക്കി. കേരളത്തെക്കുറിച്ച് സചിത്രം വര്‍ണ്ണിക്കുകയും എവിടെ എപ്പോള്‍ എങ്ങിനെ പോകണമെന്നും എവിടെ താമസിക്കണമെന്നുമൊക്കെ വിശദീകരിക്കുന്നതുമായ ഗ്രന്ഥത്തിലൊന്നില്‍ നാലുവരികളില്‍ ഒതുങ്ങുന്ന ഒരു പാരഗ്രാഫ് ‘കൊളുക്കുമല‘ യെപ്പറ്റി കണ്ടു. ചിത്രങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. വലിയ പ്രാധാന്യമോ കാണാന്‍ ഭംഗിയുള്ള സ്ഥലമോ ആയിരിക്കില്ല. അതാകും കൂടുതല്‍ വിവരങ്ങള്‍ കൊളുക്കുമലയെപ്പറ്റി കൊടുക്കാത്തത് എന്നുള്ള അനുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു കൊളുക്കുമലയിലേക്കുള്ള യാത്രാനുഭവം.മൂന്നാറിലെത്തിയാല്‍ എന്നും താമസിക്കാറ് പതിവ് ചിന്നക്കനാല്‍ റൂട്ടിലെ ബ്ലൂ മോണ്‍‌ഡ് റിസോര്‍‌ട്ടി‍ലാണ് (ഫോൺ:‌- 9447131710) ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ടിന്റെ മാനേജര്‍ തമ്പി യാത്രയ്ക്കുള്ള ജീപ്പ് രാത്രി തന്നെ ഏര്‍പ്പാടാക്കിയിരുന്നു. കൊളുക്കുമലയിലേക്ക് ജീപ്പ് മാത്രമേ പോകൂ. തേയിലത്തോട്ടങ്ങളിലെ കൊളുന്തുകളുമായി പോകുന്ന ട്രാക്‍ടറുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ വഴിയിലൂടെ കാറുമായി ആരെങ്കിലും അഥവാ കൊളുക്കുമലയിലേക്ക് പോയാല്‍ത്തന്നെ പകുതി വഴിക്കെവിടെയെങ്കിലും സസ്പെന്‍ഷനെല്ലാം ഒടിഞ്ഞ് നുറുങ്ങി കിടപ്പിലാകുന്ന കാറിനെ തൂത്തുപെറുക്കി വല്ല ട്രാക്ടറിലോ മറ്റോ വാരിയിട്ട് തിരിച്ചെത്തിക്കേണ്ടിവരും.

സൂര്യനെല്ലിക്കാരനായ ഡ്രൈവര്‍ രമേഷ് രാവിലെ തന്നെ ജീപ്പുമായി റിസോര്‍ട്ടിലെത്തി. നല്ലപാതിയും ഞാനും അടക്കമുള്ള നാലംഗ സംഘം പുതിയൊരു സ്ഥലം കാണാനുള്ള ആവേശത്തിലായിരുന്നു. കാഴ്ച്ചകള്‍ മറയൊന്നുമില്ലാതെ കാണാനും പടങ്ങളെടുക്കാനുമുള്ള സൌകര്യത്തിനുമായി ആര്‍ക്കും താല്‍പ്പര്യമില്ലാത്ത പിന്‍സീറ്റിലാണ് ഞാന്‍ ഇരിപ്പുറപ്പിച്ചത്.

റിസോര്‍ട്ടില്‍ നിന്ന് രണ്ടരക്കിലോമീറ്റര്‍ ചിന്നക്കനാല്‍ റൂട്ടിലൂടെ മുന്നോട്ട് പോയപ്പോള്‍ സൂര്യനെല്ലിയിലെത്തി. വഴിവക്കിലാരോടോ സംസാരിക്കാനായി രമേഷ് വണ്ടി നിറുത്തി. സംസാരമൊക്കെ കഴിഞ്ഞപ്പോള്‍ അഞ്ചെട്ട് പാക്കറ്റ് പാല് നിറച്ച ഒരു പ്ലാസ്റ്റിക്ക് ബാഗ് ഒരാള്‍ ജീപ്പിന്റെ പിന്നില്‍ ഞാനിരിക്കുന്ന സീറ്റിന്റെ എതിര്‍വശത്തുള്ള സീറ്റിനടിയിലേക്ക് ഒതുക്കിവെച്ചു.

കൊളുക്കുമലയില്‍ ചെന്നാല്‍ ഒരു ചായ കുടിക്കണമെങ്കില്‍ പാലൊന്നും അവിടെ കിട്ടില്ല. അതുകൊണ്ട് പാല് ഇവിടെനിന്ന് കൊണ്ടുപോകുകയാണ് പതിവെന്ന് തമിഴ് ചുവയുള്ള മലയാളത്തില്‍ രമേഷിന്റെ വിശദീകരണം.

“ ഞങ്ങള്‍ നാലുപേര്‍ക്ക് ചായകുടിക്കാന്‍ എട്ട് പാക്കറ്റ് പാലിന്റെ ആവശ്യമുണ്ടോ ? ”
“ ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് സാറേ. ഇനിയും ടൂറിസ്റ്റുകള്‍ വന്നാലോ “

വണ്ടി വീണ്ടും രണ്ട് കിലോമീറ്ററോളം മുന്നോട്ട് നീങ്ങി ഹരിസ്സണ്‍ മലയാളത്തിന്റെ ഗേറ്റിന് മുന്നില്‍ നിന്നു. അവരുടെ ടീ പ്ലാന്റേഷനിലൂടെ കടന്നുപോകണമെങ്കില്‍ 50 രൂപായുടെ ടിക്കറ്റെടുക്കണം. രമേഷ് തന്നെ പോയി ടിക്കറ്റെടുത്ത് വന്നു. ജീപ്പ് വീണ്ടും മുന്നോട്ട്. 10 കിലോമീറ്ററിനും 15 നും ഇടയില്‍ സ്പീഡോമീറ്ററിന്റെ സൂചി തങ്ങിനില്‍ക്കുന്നു. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ 15 കിലോമീറ്ററോളം യാത്ര ചെയ്യാന്‍ ഒരു മണിക്കൂറിലധികം‍ സമയമെടുത്തു. ദുര്‍ഘടമായ പാതയാണ് പ്രധാന കാരണം. മുകളില്‍ എത്തുന്നതുവരെ ഫസ്റ്റ് ഗിയറില്‍ത്തന്നെയാണ് യാത്ര. പിന്നിലെ സീറ്റില്‍ ഇരിക്കുന്നതുകൊണ്ട് ചില സമയത്തെല്ലാം എടുത്തെറിയപ്പടുന്നതുപോലുള്ള ഇളക്കമാണ് ജീപ്പിന്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിലിരുന്ന് പടം എടുക്കാമെന്നുള്ള വ്യാമോഹം ഞാന്‍ ഉപേക്ഷിച്ചു. ആവശ്യമുള്ളിടത്തൊക്കെ പടമെടുക്കാന്‍ വേണ്ടി മാത്രം രമേഷ് ജീപ്പ് നിറുത്തിത്തന്നു. യാത്രയിലുടനീളം ഒരു പ്രൊഫഷണല്‍ ഗൈഡിനേക്കാള്‍ മനോഹരമായി തമിഴ് ചുവയില്‍ രമേഷിന്റെ വക വിവരണങ്ങള്‍ ഉണ്ടായിരുന്നു. തോട്ടം തൊഴിലാളികളുടെ മകനായതുകൊണ്ട് തോട്ടത്തിലെ കാര്യങ്ങളെല്ലാം രമേഷിന് നന്നായിട്ടറിയാം.
ഇരുവശത്തും പച്ചപ്പരവതാനി വിരിച്ചതുപോലെ തേയിലത്തോട്ടങ്ങള്‍ കണ്ടപ്പോള്‍ ‘നീലവാനിനു താഴെ പച്ചനാക്കില വെച്ചതുപോലെ‘ എന്നെവിടെയോ വായിച്ചത് ഓര്‍മ്മവന്നു. തേയിലപ്പരവതാനിയിലെ വിള്ളലുപോലെ തോന്നിക്കുന്ന വീതി കുറഞ്ഞതും തീരെ നിരപ്പല്ലാത്തതുമായ വഴിയിലൂടെ ജീപ്പ് ഒച്ചിന്റെ വേഗത്തില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. കുറേക്കൂടെ മുന്നോട്ട് നീങ്ങിയപ്പോള്‍ ‘ ബെന്‍ഡ് 1 ‘ എന്നെഴുതിവെച്ചിരിക്കുന്നത് കണ്ടു. അതുപോലെ 12 ബെന്‍ഡുകളാണ് ഉള്ളത്. ഒറ്റയടിക്ക് ഒരു ബെന്‍ഡ് പോലും കയറാന്‍ ജീപ്പിനാകുന്നില്ല. ഒരു പ്രാവശ്യം പിന്നോട്ടെടുത്ത് ഒതുക്കിയതിനുശേഷമാണ് ജീപ്പ് വളവ് തിരിയുന്നത്. പലതരം ഹെയര്‍ പിന്നുകളും ബെന്‍ഡുകളും ഇക്കാലത്തിനിടയ്ക്ക് കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു ബെന്‍ഡ് ആദ്യാനുഭവമായിരുന്നു.

9 ബെന്‍ഡുകള്‍ കയറിക്കഴിഞ്ഞപ്പോള്‍ 7130 അടി മുകളില്‍ ഒരു വരമ്പിലെത്തി. കേരള-തമിഴ് നാട് അതിര്‍ത്തിയാണത്. ഇടത്തേക്ക് നോക്കിയാല്‍ കാണുന്ന താഴ്‌വര മുഴുവന്‍ കേരളം. വലത്തുവശത്തെ താഴ്വര തമിഴ്‌നാട്. മുന്‍പില്‍ മറ്റൊരു മല തലയുയര്‍ത്തി നില്‍ക്കുന്നു. അതാണ് തിപാട മല. തലയ്ക്ക് മുകളില്‍ തൊട്ടുതൊട്ടില്ലെന്ന ഉയരത്തില്‍ കടന്നുപോകുന്ന മേഘങ്ങളുമായി സല്ലപിച്ച് കുറച്ചുനേരം അവിടെ നിന്നു. കൂട്ടം തെറ്റിയും വഴിമാറിപ്പോയും കുറേ മേഘങ്ങള്‍ താഴെ മലമടക്കുകളില്‍ തേയിലത്തോട്ടങ്ങള്‍ക്ക് മുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്. എത്ര കണ്ടാലും മതിയാവാത്ത കണ്ണും കരളും കവരുന്ന കാഴ്ച്ച തന്നെ. പുറകിലൊരു ജീപ്പുകൂടെ വന്നുനിന്നു. ഒരു ഹണിമൂണ്‍ ജോഡിയാണ് അതിനകത്ത്. ഇനി ഞങ്ങള്‍ മുന്നോട്ട് പോകാതെ അവര്‍ക്ക് നീങ്ങാനാകില്ല. പക്ഷെ ഉടനെയൊന്നും അവിടന്ന് പോകണമെന്ന് അവര്‍ക്കും താല്‍പ്പര്യം ഇല്ലാത്തതുപോലെ തോന്നി. തിരക്കുപിടിച്ച ജീവിതത്തിന്റേയും ജോലിയുടേയും ഇടയില്‍ നിന്നും ഇത്രയും ദൂ‍രം നീളത്തിലും ഉയരത്തിലുമൊക്കെ ജനങ്ങള്‍ വരുന്നത് പിന്നേയും ഓട്ടപ്പാച്ചില്‍ നടത്താനല്ലല്ലോ ? ഇനിയങ്ങോട്ട് 3 ബെന്‍ഡുകള്‍ ഇറക്കത്തിലേക്കാണ്. അവിടം മുതലങ്ങോട്ട് കോട്ടഗുഡി പ്ലാന്റേഷന്‍സിന്റെ കൊളുക്കുമലൈ ടീ എസ്റ്റേറ്റ് 6625 മുതല്‍ 7980 അടി വരെ ഉയരത്തില്‍ 300 ഏക്കറിലായി പരന്നുകിടക്കുന്നു. അരകിലോമീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോള്‍ രമേഷ് വണ്ടി നിറുത്തി. അതൊരു എക്കോ പോയന്റാണ്. എല്ലാവരും വെളിയിലിറങ്ങി കൂക്കിവിളിച്ച് നോക്കി. ഒന്നും രണ്ടുമല്ല മൂന്ന് പ്രാവശ്യമാണ് ശബ്ദം പ്രതിധ്വനിക്കുന്നത്. അപ്പോഴേക്കും മധുവിധു ദമ്പതികളുടെ ജീപ്പ് വീണ്ടും പുറകിലെത്തി. ഞങ്ങള്‍ വീണ്ടും മുന്നോട്ട്. . ദൂരെയായി തേയിലത്തോട്ടത്തിനിടയില്‍ ചില കെട്ടിടങ്ങള്‍ കാണാന്‍ തുടങ്ങി. വലിയ ഉയരമുള്ള കെട്ടിടം തേയില ഫാക്ടറിയാണ്. അതിന് തൊട്ടടുത്ത് കാണുന്നത് ഓഫീസ് കെട്ടിടം. ബാക്കിയുള്ളതൊക്കെ സ്റ്റാഫ് ക്വാര്‍ട്ടേര്‍സുകളാണ്. തങ്ങളുടെ വാസ-വിഹാരത്തിനും മുകളില്‍ കൂടുകൂട്ടിയിരിക്കുന്ന മനുഷ്യന്മാരെ സ്ഥിരമായി കണ്ടും കേട്ടും സഹിച്ചും ഒരു പരാതിയുമില്ലാതെ മേഘങ്ങള്‍ ആ കെട്ടിടങ്ങള്‍ക്കിടയിലൂടെയൊക്കെ നിര്‍ഭയം കറങ്ങിനടക്കുന്നു. അടുത്ത 5 മിനിറ്റിനകം തേയില ഫാക്ടറിയില്‍ എത്തി. ഓഫീസ് കെട്ടിടത്തില്‍ വണ്ടിയിലിരുന്ന പാലിന്റെ പാക്കറ്റുകള്‍ കൊടുത്ത് അവിടെയുള്ള കസേരകളില്‍ വിശ്രമിക്കാന്‍ രമേഷ് അറിയിച്ചു. സ്ഥിരമായി യാത്രക്കാരുമായി വരുന്നതുകൊണ്ട് രമേശ് തന്നെയാണ് സ്വാതന്ത്രത്തോടെ അവിടെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. ആതിഥ്യമര്യാദയുടെ ഭാഗമായി ആദ്യം ഒരു ചായ തന്നതിന് ശേഷം ഫാക്ടറിയിലെ തൊഴിലാളിയായ മണി ഞങ്ങളെ ഫാക്ടറിയുടെ അകത്തേക്ക് കൊണ്ടുപോയി. പരമ്പരാഗതമായ രീതിയിലാണ് സായിപ്പ് ഇംഗ്ലണ്ടില്‍ നിന്ന് 1930 ല്‍ കൊണ്ടുവന്ന് സ്ഥാപിച്ച യന്ത്രങ്ങള്‍ കൊണ്ട് തെയിലക്കൊളുന്തുകള്‍ ഇവിടെ സംസ്ക്കരിക്കുന്നത്. ഫാക്ടറിക്കകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം വിശദീകരിച്ച് സംശയങ്ങളെല്ലാം തീര്‍ത്തുതന്ന് മുക്കാല്‍ മണിക്കൂറോളം മണി കൂടെത്തന്നെയുണ്ടായിരുന്നു.

ഫാക്ടറിയുടെ പുറകിലുള്ള വ്യൂ പോയന്റില്‍ നിന്ന് നോക്കിയാല്‍ ടോപ്പ് സ്റ്റേഷനും, കൊടൈക്കനാലിന്റെ മലയും, പഴനി മലയും, മീശപുലി മലയും, ബോഡിനായ്ക്കനൂരുമൊക്കെ കാണാം.

കൊളുക്കുമലയിലേക്ക് കേരളത്തില്‍ നിന്ന് മാത്രമേ റോഡ് മാര്‍ഗ്ഗം പോകാന്‍ സാധിക്കൂ. 7000 അടിയോളം താഴേക്ക് ഇറങ്ങി ഏകദേശം 9 കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ തമിഴ്‌നാട്ടിലെ ‘കുരങ്ങിനി‘യില്‍ എത്താം. അവിടന്ന് റോഡ് മാര്‍ഗ്ഗം ബോഡിനായ്ക്കനൂര്‍ ചെല്ലാമെന്നെല്ലാതെ നേരിട്ട് റോഡ് മാര്‍ഗ്ഗം തമിഴ്‌നാട്ടിലേക്ക് പോകാനാവില്ല. കേരളത്തിലേക്കുള്ള റോഡ് തെളിഞ്ഞ് വരുന്നതിന് മുന്‍പ് തേയിലപ്പാക്കറ്റുകളുമായി തൊഴിലാളികള്‍ മലയിറങ്ങി താഴ്‌വാരത്തില്‍ തേയില വിറ്റ് നിത്യാവശ്യത്തിനുള്ള പലചരക്ക് സാധനങ്ങളൊക്കെ വാങ്ങി തിരിച്ച് മലകയറുകയായിരുന്നു പതിവ്.

ഇന്ത്യാമഹാരാജ്യത്തിലെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടം കൊളുക്കുമലയാണെന്ന് യാത്ര തിരിക്കുന്നതിന് മുന്‍പേ മനസ്സിലാക്കിയിരുന്നു. ഫാക്ടറിയിലെ കാഴ്ച്ചകളും പടമെടുപ്പുമൊക്കെ കഴിഞ്ഞ് കുറച്ച് ഗാര്‍ഡന്‍ ഫ്രെഷ് ചായപ്പൊടി വാങ്ങാന്‍ ഓഫീസ് കെട്ടിടത്തിലെത്തിയപ്പോളാണ് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഞങ്ങള്‍ മനസ്സിലാക്കിയത്. കൊളുക്കുമല ഇന്ത്യയിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടമാണ്. തേയിലപ്പാക്കറ്റുകളിലൊക്കെ അത് പ്രിന്റ് ചെയ്ത് വച്ചിട്ടുമുണ്ട്. കൊളുക്കുമലയിലെ തേയില വളരെ ചുരുക്കമേ വെളിയില്‍ വില്‍പ്പനയ്ക്ക് എത്തുകയുള്ളൂ. മിക്കവാറും തേയിലയെല്ലാം അവിടെച്ചെല്ലുന്ന സഞ്ചാരികള്‍ തന്നെ വാങ്ങിക്കൊണ്ടുപോകും. ബാക്കിയുള്ള തേയില മൂന്നാറിലുള്ള ചുരുക്കം ചില റിസോര്‍ട്ടുകളൊഴിച്ചാല്‍ മറ്റൊരു കടകളിലും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ഞങ്ങളാരും കണ്ടില്ല. അതുകൊണ്ടുതന്നെയായിരിക്കണം 2007 ലെ ഗോള്‍ഡന്‍ ലീഫ് അവാര്‍ഡൊക്കെ കിട്ടിയിട്ടും കൊളുക്കുമലയെപ്പറ്റി പുറം ലോകത്തിന് കാര്യമായ പിടിപാടില്ലാതെ പോയത്. കേരള സര്‍ക്കാര്‍ മുന്‍‌കൈയ്യെടുത്ത് ടൂറിസം മാപ്പില്‍ കൊളുക്കുമലയ്ക്ക് ഒരു സ്ഥാനം നല്‍കിയാല്‍ അതിന്റെ മുഴുവന്‍ മെച്ചവും കേരള സര്‍ക്കാറിന് മാത്രം വസൂലാക്കാന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നിയത്.

മടക്കയാത്രയ്ക്ക് മുന്‍പ് വീണ്ടുമൊരു ചായകൂടെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് തന്ന് സല്‍ക്കരിച്ചു. കൊല്ലത്തിലൊരിക്കല്‍ ഒരു യൂറിയ പ്രയോഗം നടത്തുന്നതൊഴിച്ചാല്‍ മറ്റൊരു രാസവളമോ കീടനാശിനിയോ പ്രയോഗിക്കാതെയാണ് കൊളുക്കുമലയില്‍ തേയിലച്ചെടികള്‍ വളരുന്നത്ത്. മറ്റ് തോട്ടങ്ങളിലെ പോലെ നനച്ച് കൊടുക്കേണ്ട ആവശ്യവും ഇവിടത്തെ തേയിലച്ചെടികള്‍ക്കില്ല. മേഘങ്ങള്‍ നിരന്തരം തൊട്ടുരുമ്മി ഈര്‍പ്പം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതുകൊണ്ടാണ് ഇതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തേയിലയുടെ സംസ്ക്കരണം കഴിഞ്ഞതിനുശേഷം കിട്ടുന്ന വേസ്റ്റ് തേയിലച്ചെടികള്‍ക്ക് വളമായിത്തന്നെ ഉപയോഗിക്കുന്നു.

ഇത്രയുമൊക്കെ മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ ചായയ്ക്ക് രുചി കൂ‍ടിയതുപോലെ തോന്നി. അല്ല തോന്നിയതല്ല. രുചി വ്യത്യാസം ശരിക്കും ഉണ്ട്. ലോകത്തിന്റെ നെറുകയില്‍ ഉള്ള തേയിലത്തോട്ടത്തില്‍ ഉണ്ടാക്കുന്ന ചായ അവിടെനിന്നുതന്നെ കുടിച്ചപ്പോള്‍ ഉണ്ടാ‍യ അനുഭൂതി ആ രുചിയ്ക്ക് ഒന്ന് മാറ്റ് കൂട്ടിയെന്ന് മാത്രം.

ഡസ്റ്റ്, ലീഫ് എന്നിങ്ങനെ വിവിധയിനം തേയില വാങ്ങാന്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തന്നെ അളവില്‍ വാങ്ങി മടങ്ങാന്‍ തയ്യാറായി.

താഴേക്കുള്ള യാത്രയില്‍ രമേഷ് ജീപ്പ് ന്യൂട്രലില്‍ ഇറക്കുന്നത് തെല്ലൊന്ന് ഭയപ്പെടുത്താതിരുന്നില്ല. പക്ഷെ സ്ഥിരം ആ റൂട്ടില്‍ വണ്ടിയോടിക്കുന്ന രമേഷിന്റെ പരിചയസമ്പന്നതയെ ചോദ്യം ചെയ്യാന്‍ വയ്യ. താഴെ നിന്ന് ഒന്നുരണ്ട് ജീപ്പുകള് മുകളിലേക്ക് വരുന്നത് ഞങ്ങള്‍ അറിയുന്നത് അത് അടുത്തെത്തുമ്പോള്‍ മാത്രമാണ്. രമേഷ് അത് മുന്നേ തന്നെ മനസ്സിലാക്കുന്നുണ്ട്. വളവുകളില്‍ മാത്രമേ രണ്ട് ജീപ്പുകള്‍ക്ക് ഈ വഴിയിലൂടെ സൈഡ് കൊടുത്ത് പോകാന്‍ പറ്റൂ. ഏതെങ്കിലും ഒരു ജീപ്പ് വളവില്‍ കാത്തുനിക്കണം. ആ കണക്കുകൂട്ടല്‍ പിഴച്ചാല്‍ പിന്നെ തൊട്ടടുത്ത ബെന്‍ഡ് വരെ ഏതെങ്കിലും ഒരു ജീപ്പ് പിന്നോട്ട് ഓടിച്ചേ പറ്റൂ.

തേയിലക്കാടുകള്‍ക്കിടയിലൂടെ മേഘങ്ങളെ തൊട്ടുരുമ്മിയുള്ള മടക്കയാത്രയില്‍ കോടവന്ന് വഴിയൊക്കെ പലപ്രാവശ്യം മൂടി. യാത്രയുടെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടിയ അസുലഭ മുഹൂര്‍ത്തങ്ങളായിരുന്നു അതൊക്കെ.

മടങ്ങി ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ടില്‍ എത്തിയപ്പോഴേക്കും വൈകുന്നേരമായി. ക്യാമ്പ് ഫയറൊക്കെയിട്ട് ഒരു രാത്രികൂടെ അവിടെത്തന്നെ തങ്ങി.

അടുത്ത ദിവസം എറണാകുളത്തേക്കുള്ള മടക്കയാത്രയില്‍ വഴിയില്‍ ഇടയ്ക്കിടെ കണ്ട ചെറിയ ചില ബോര്‍ഡുകള്‍ ശ്രദ്ധയാകര്‍ഷിച്ചു.

-അറിയുക, ആസ്വദിക്കുക, മടങ്ങുക.-കേരള വനം-വന്യജീവി വകുപ്പ്.

ആവോളം അറിഞ്ഞു, അതിലേറെ ആസ്വദിച്ചു, പക്ഷെ പൂര്‍ണ്ണമായും മടങ്ങാന്‍ സാധിക്കുന്നില്ല. ശരീരം മാത്രമല്ലേ വാഹനത്തില്‍ കയറ്റി കൊണ്ടുപോരാന്‍ പറ്റൂ. മനസ്സിപ്പോഴും 8000 അടി മുകളില്‍ കൊളുക്കുമലയില്‍ത്തന്നെ.