Monday 18 January 2010

ആയക്കോട്ട

കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ രണ്ടാം ഭാഗമാണിത്.
ഒന്നാം ഭാഗം ‍
വായിക്കാന്‍ നമ്പറില്‍ ക്ലിക്ക് ചെയ്യുക 1
------------------------------------------------------------------------

റണാകുളം ജില്ലയിലെ മുനമ്പം , പള്ളിപ്പുറം, മൂത്തകുന്നം , കോട്ടയില്‍ കോവിലകം , ചേന്ദമംഗലം, തൃശൂര്‍ ജില്ലയിലെ ആഴീക്കോട്, കൊടുങ്ങല്ലൂര്‍ , കോട്ടപ്പുറം എന്നിവിടങ്ങളിലെയൊക്കെ ചരിത്രാവശിഷ്ടങ്ങളും, കോട്ടകളും, സ്മാരകങ്ങളും ആരാധനാലയങ്ങളുമൊക്കെ കൂട്ടിയിണക്കി ‘മുസരീസ് ഹെറിറ്റേജ് ‘ എന്ന പേരില്‍ ഒരു ടൂറിസം പദ്ധതി ആരംഭിച്ചതായി പത്രവാര്‍ത്തകളിലൂടെയാണ് അറിയാനിടയായത്. സത്യം പറഞ്ഞാല്‍ ആ വാര്‍ത്തകള്‍ കണ്ടപ്പോള്‍ മുതലാണ് ജനിച്ചുവളര്‍ന്ന നാടിന്റേയും പരിസരപ്രദേശങ്ങളുടേയും ചരിത്രപ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്കായത്.

വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്തുള്ള മുനമ്പത്തിനും തൃശൂര്‍ ജില്ലയിലെ അഴീക്കോടിന്റേയും ഇടയിലായിട്ടാണ് മുസരീസിന്റെ തുറമുഖ കവാടം. ഭാരതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു തുറമുഖ വ്യാപാര കേന്ദ്രമായിരുന്നു 13-)0 നൂറ്റാണ്ടിലെ മുസരീസ്. കാലക്രമത്തില്‍ കടല്‍ ഈ ഭാഗത്ത് പിന്‍വലിയുകയും വൈപ്പിന്‍ ദ്വീപിന്റെ തെക്കേ അറ്റത്ത് വൈപ്പിനേയും ഫോര്‍ട്ട് കൊച്ചിയേയും വേര്‍തിരിക്കുന്ന അഴിമുഖം വികസിച്ച് ഫോര്‍ട്ടുകൊച്ചി എന്ന തുറമുഖമായി മാറുകയുമാണു്‌ ഉണ്ടായത്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ 1341ല്‍ ഉണ്ടായ മഹാപ്രളയത്തിനുശേഷമാണ് മുസരീസ് ഇല്ലാതായതെന്ന് കരുതപ്പെടുന്നത്.
ഒരു ഫോര്‍ട്ട് കൊച്ചി തുറമുഖ ദൃശ്യം
തുറമുഖം ആയതുകൊണ്ട് ഫോര്‍ട്ട് കൊച്ചി (Fort Kochi) എന്ന പേരിനുപകരം പോര്‍ട്ട് കൊച്ചി(Port Kochi) എന്നല്ലേ പേര് വരേണ്ടത് എന്നുള്ളത് എന്റെയൊരു വലിയ സംശയമായിരുന്നു. ആ സംശയത്തിനു്‌ അറുതി വന്നത് ഈ യാത്ര കാരണമാണ്. ഫോര്‍ട്ട് കൊച്ചി എന്ന പേര് വരാനുള്ള കാരണം കൊച്ചി കടപ്പുറത്തുള്ള ഫോര്‍ട്ട് ഇമ്മാനുവല്‍ ആണ്. ഇപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞ് നാമാവശേഷമായി കിടക്കുന്ന ഈ കോട്ട 1503 ല്‍ പോര്‍ച്ചുഗീസുകാരാണ്‌ നിര്‍മ്മിച്ചത്. ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയും വരവോടെയുണ്ടായ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ട കോട്ടയുടെ ചില ഭാഗങ്ങള്‍ , കടല്‍വെള്ളം ഇറങ്ങുമ്പോള്‍ ഫോര്‍ട്ടുകൊച്ചി തീരത്ത് നിന്ന് തലയുയര്‍ത്തിനോക്കുന്നുണ്ട് ഇപ്പോഴും.
മുനമ്പം പുലിമുട്ടില്‍ നിന്നൊരു പഴയ അസ്തമയക്കാഴ്ച്ച
മുസരീസ് തുറമുഖം കാലക്രമേണെ ശോഷിച്ച് ശോഷിച്ച് മത്സ്യബന്ധന ബോട്ടുകള്‍ക്ക് പോലും അപകടഭീഷണിയില്ലാതെ കരയിലേക്ക് കടക്കാന്‍ പറ്റില്ല എന്ന അവസ്ഥയിലായി. 1970 -80 കാലഘട്ടത്തില്‍ തുറമുഖത്തെ മണ്‍തിട്ടയില്‍ ഇടിച്ചുകയറി അപകടത്തില്‍പ്പെട്ടിട്ടുള്ള ബോട്ടുകളും അങ്ങനെ നഷ്ടപ്പെട്ടിട്ടുള്ള ജീവനുകളും നിരവധിയാണ്. ഏകദേശം 20 കൊല്ലങ്ങള്‍ക്ക് മുന്‍പ് അഴിയുടെ ഇരുകരയിലും, അതായത് മുനമ്പത്തും അഴീക്കോടും പുലിമുട്ടുകള്‍ അഥവാ Break Water Wall‍ സ്ഥാപിച്ചതോടെയാണു്‌ ഈ അപകടങ്ങള്‍ക്ക് ഒരു അറുതി വന്നത്.
പുലിമുട്ടിന്റെ ഗൂഗിള്‍ ചിത്രം - കടപ്പാട് ഗൂഗിളിനോട് തന്നെ
ഇരുകരയില്‍ നിന്നും കടലിലേക്ക് ഏകദേശം 250 മീറ്ററോളം ദൂരത്തേക്ക് കല്ലുകളിട്ട് ഉണ്ടാക്കിയിട്ടുള്ള ഒരു വലിയ വരമ്പിനെയാണ് പുലിമുട്ടുകള്‍ എന്നുവിളിക്കുന്നത്. ഏതായാലും ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയതോടെ തുറമുഖത്തിന്റെ ആഴം കൂടുകയും മണ്ണടിയുന്നത് പുലിമുട്ടുകള്‍ക്കും കരയ്ക്കും ഇടയിലായി മാറുകയും ചെയ്തു. ഇങ്ങനെ മണ്ണടിഞ്ഞുണ്ടായ കര ഇരുവശത്തും മനോഹരമായ കടല്‍ത്തീരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
അഴീക്കോട് ബീച്ച് പുലിമുട്ടില്‍ നിന്ന് നോക്കുമ്പോള്‍
സര്‍ക്കാരിപ്പോള്‍ ഈ രണ്ടു ബീച്ചുകളിലും വിപുലമായ ടൂറിസം പരിപാടികള്‍ നടപ്പിലാക്കുകയും കടലിലേക്ക് നീണ്ടുകിടക്കുന്ന പുലിമുട്ടില്‍ തറയോടുകള്‍ വിരിച്ച് മനോഹരമാക്കുകയും ചെയ്തിരിക്കുന്നതുകൊണ്ട് വൈപ്പിന്‍ കരയിലെ പേരുകേട്ട ഒരു കടല്‍ക്കരയായ ചെറായി ബീച്ചില്‍ വരുന്ന സഞ്ചാരികളില്‍ ഭൂരിഭാഗത്തിനേയും മുനമ്പം ബീച്ചും അഴീക്കോട് ബീച്ചും ആകര്‍ഷിക്കുന്നുണ്ട്. അഴീക്കോട് കടല്‍ത്തീരത്തിന്റെ ഇപ്പോഴത്തെ പേര് മുസരീസ്-അഴീക്കോട്-മുനയ്ക്കല്‍ ബീച്ച് എന്നാണ്.
മുനമ്പം ബീച്ചും പുലിമുട്ടും ചീനവലകളും
മുസരീസിലെ ചരിത്രപ്രാധാന്യമുള്ള ഇടങ്ങളിലൊക്കെ ഒന്ന് ചുറ്റിയടിക്കാനായിരുന്നു ആദ്യദിവസത്തെ പരിപാടി. മുനമ്പത്തുള്ള എന്റെ തറവാട്ടുവീട്ടില്‍ നിന്ന് ഒരു മൈല്‍ ദൂരെയായിട്ടാണ് അലിക്കോട്ട, ആയക്കോട്ട എന്നൊക്കെ അറിയപ്പെടുന്ന പള്ളിപ്പുറം കോട്ട സ്ഥിതിചെയ്യുന്നത്. പക്ഷെ ചെറുപ്പം മുതല്‍ക്കേ ഞാനൊക്കെ കേട്ടിട്ടുള്ള പേര് ‘ടിപ്പുവിന്റെ കോട്ട‘ എന്നാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്‌ പള്ളിപ്പുറം പോലീസ് സ്റ്റേഷനോടും സര്‍ക്കാര്‍ ആശുപത്രിയോടും ചേര്‍ന്നുനില്‍ക്കുന്ന കോട്ട കാണാന്‍ ആദ്യമായിട്ട് ഞാന്‍ പോകുന്നത്.
ആയക്കോട്ട അഥവാ പള്ളിപ്പുറം കോട്ട
റോഡിലൂടെ പോകുന്ന ബസ്സിലിരുന്ന് മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ 3 നിലക്കെട്ടിടത്തിന്റെ ഉയരമുള്ള 6 വശങ്ങളോടുകൂടിയ കോട്ടയുടെ അവ്യക്തമായ ഒരു കാഴ്ച്ച ഇന്നും ലഭിക്കും. കോട്ടയുടെ താക്കോല്‍ കുറേക്കാലം മുന്‍പ് വരെ സൂക്ഷിച്ചിരുന്നത് മുനമ്പം പൊലീസ് സ്റ്റേഷനിലായിരുന്നു. അപൂര്‍വ്വമായി വന്നുപോയിരുന്ന സ്ക്കൂള്‍ കുട്ടികള്‍ക്കോ മറ്റ് ടൂറിസ്റ്റുകള്‍ക്കോ വേണ്ടി കോട്ട തുറന്നുകൊടുത്തിരുന്നതും പൊലീസുകാരായിരുന്നു.

ഇന്നിപ്പോള്‍ കാര്യങ്ങളൊക്കെ അല്‍പ്പം വ്യത്യാസപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് കോട്ടയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. റോഡിന്റെ ഒരു വശത്ത് പള്ളിപ്പുറം കോട്ട എന്ന ചൂണ്ടുപലകയും സ്ഥാപിച്ചിട്ടുണ്ട്. തുറന്ന് കിടക്കുന്ന കോട്ടയിലേക്ക് ആര്‍ക്കുവേണമെങ്കിലും ഇപ്പോള്‍ ചെന്നുകയറാം. ഞങ്ങളവിടെയെത്തുമ്പോള്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരി കോട്ടയിലേക്കുള്ള വഴിയൊക്കെ തൂത്ത് വൃത്തിയാക്കുകയായിരുന്നു.
കോട്ടയ്ക്ക് മുന്നിലെ തിരുവിതാംകൂര്‍ രാജമുദ്രയുള്ള ഫലകം
യൂറോപ്യന്മാരാന്‍ നിര്‍മ്മിതമായ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള കെട്ടിടം, 1507ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഈ കോട്ടയാണ് . പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമായി നടന്ന നിരവധി ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കോട്ടയാണിതെങ്കിലും ഇതിന് അവരാരും കാരണം നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. 1661 ല്‍ ഡച്ചുകാര്‍ കോട്ട പിടിച്ചടക്കിയെങ്കിലും, 1789ല്‍ കോട്ട അന്നത്തെ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വില്‍ക്കുകയും ചെയ്തു.
കോട്ടയുടെ കവാടം
ചെറുപ്പത്തില്‍ ഞങ്ങളൊക്കെ കേട്ടിരുന്നത്, കോട്ടയിലേക്ക് കയറിച്ചെല്ലുമ്പോള്‍ത്തന്നെയുള്ള പടികള്‍ക്കടിയില്‍ കാണുന്ന ഗുഹപോലുള്ള ഇരുട്ടുമുറി ഒരു തുരങ്കമാണെന്നും, അതിലൂടെ പോയാല്‍ മൈലുകള്‍ക്കപ്പുറമുള്ള കോട്ടപ്പുറം കോട്ടയിലേക്ക് കായലിന്റെ അടിയിലൂടെ എത്തിച്ചേരാമെന്നുമൊക്കെ ആയിരുന്നു. തൊട്ടടുത്തുള്ള പ്രസിദ്ധമായ പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളിക്ക് നേരെ കോട്ടയില്‍ നിന്നും ടിപ്പു ആക്രമിച്ചപ്പോള്‍ പള്ളിയെ മഞ്ഞുകൊണ്ട് മാതാവ് സംരക്ഷിച്ചു എന്നും അതുകൊണ്ടാണ് Lady Of Snow എന്ന് ഈ പള്ളി അറിയപ്പെടുന്നതെന്നും സ്ഥിരീകരിക്കപ്പെടാത്ത ഒരു നാട്ടുകഥയുമുണ്ടിവിടെ.
കോട്ടയ്ക്കകത്തെ ഒരു ദൃശ്യം
മുന്‍‌വാതിലിലൂടെ അകത്തേക്ക് കടന്നാല്‍ കാണുന്ന നാലഞ്ച് പടികള്‍ കയറിച്ചെല്ലുന്ന ഉള്‍ഭാഗത്ത് ചെറിയൊരു കിണറിന്റെ ദ്വാരം പോലുള്ളത് കമ്പിയിട്ട് അടച്ചിരിക്കുന്നു. പിന്നെയുള്ള ഒരു കാഴ്ച്ച കോട്ടമതിലിന്റെ ചുറ്റുമുള്ള ദ്വാരങ്ങളാണ്. പീരങ്കികളേക്കാളുപരി ദൂരദര്‍ശിനികള്‍ സ്ഥാപിക്കാനാണ് അവയെല്ലാം ഉപയോഗിച്ചിരുന്നത്. 200പ്പരം പടയാളികള്‍ക്ക് നിലയുറപ്പിക്കാവുന്ന തരത്തിലുള്ള ഒരു കാവല്‍നിലയം എന്നതായിരുന്നു കോട്ടയുടെ പ്രധാന ഉപയോഗം.
കോട്ടയ്ക്കകത്തെ ഒരു ദൃശ്യം
ശ്രീരംഗപട്ടണം പിടിച്ചടക്കാന്‍ ബ്രിട്ടീഷുകാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ കേരളം വിട്ട് മൈസൂരിലേക്ക് മടങ്ങുന്നതുവരെ, ഈ കോട്ട ടിപ്പു സുല്‍ത്താന്റെ കൈവശമിരുന്നതായിട്ടും പരാമര്‍ശമുണ്ട്. അങ്ങനെ നോക്കിയാല്‍ പറങ്കികളും , ഡച്ചുകാരും , തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മയും, ടിപ്പു സുല്‍ത്താനുമൊക്കെ കൈയ്യടക്കി വെച്ചിരുന്ന ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ടയ്ക്കുള്ള പ്രാധാന്യം തെല്ലൊന്നുമല്ല.
കോട്ടയ്ക്ക് മുന്നിലെ കായലും മാല്യങ്കര എന്ന മറുകരയും
കോട്ടയുടെ കിഴക്കുഭാഗത്തേക്ക് നടന്നാല്‍ കായലിന്റെ ഓരത്ത് ചെല്ലാം. മുസരീസ് പദ്ധതി വഴി ഇത്തരം സ്മാരകങ്ങളെയെല്ലാം ജലപാതയിലൂടെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കായല്‍ക്കരയില്‍ പോയി നിന്ന് കുറേ നേരം കോട്ടയെ വീക്ഷിക്കുന്നതിനിടയില്‍ കോട്ടയിലെ തുരങ്കത്തെപ്പറ്റി ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഗോപി സാറിനോട് ഫോണിലൂടെ ഞങ്ങളൊരു അന്വേഷണം നടത്തി. അങ്ങനെയൊരു തുരങ്കത്തെപ്പറ്റി പറയുന്നതൊന്നും സത്യമല്ലെന്നാണ് ഗോപി സാര്‍ പറയുന്നത്. കോട്ടയുടെ പടികള്‍ക്കടിയില്‍ കാണുന്നത് ഉയരം കുറഞ്ഞതും ഇടുങ്ങിയതുമായ ഒരു നിലവറ മാത്രമാണ്. വെടിമരുന്ന് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഇടമായിരുന്നു എന്നതൊഴിച്ചാല്‍ തുരങ്കമൊന്നും അതിലൂടെ ഉള്ളതായിട്ട് തെളിവില്ലെന്നാണ് അദ്ദേഹം പറയുന്നത്. വെള്ളത്തിനടിയിലൂടെ ഏറ്റവും കുറഞ്ഞത് 2 കിലോമീറ്ററെങ്കിലും തുരങ്കമുണ്ടാക്കാതെ കോട്ടപ്പുറം കോട്ടയിലേക്ക് എത്താനാകില്ല. അന്നത്തെ കാലത്ത് അഥവാ അങ്ങനെയൊരു തുരങ്കം ഉണ്ടായിരുന്നിട്ടുണ്ടെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളെങ്കിലും കണ്ടെടുക്കാന്‍ ഇപ്പോഴുള്ള സാങ്കേതികവിദ്യയുപയോഗിച്ച് നമുക്ക് പറ്റുമെന്നിരിക്കേ, ഗോപി സാറിന്റെ വാക്കുകള്‍ തന്നെയാണ് ആധികാരികമായിട്ട് എനിക്ക് തോന്നിയത്.‍

സമയാസമയത്ത് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങള്‍ അപ്രകാരം ചെയ്യാതിരുന്നതുകൊണ്ടും, സ്മാരകങ്ങള്‍ നേരാംവണ്ണം സംരക്ഷിക്കാതിരുന്നതുകൊണ്ടും നമ്മളിന്ന് അതേ ചരിത്രത്തിന്റെ ഇടനാഴികളിലെ ഇരുട്ടില്‍ തപ്പിത്തടയുകയും, ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുകയും ചെയ്യുന്നു എന്നതാണ് സങ്കടകരമായ സത്യം.

---------തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക---------

37 comments:

  1. ഈ കാഴ്ചകള്‍ക്കും, വിവരണത്തിനും നന്ദി..!!

    ReplyDelete
  2. മനോജ്‌ ഭായി ,

    എന്റെ നാട്‌... അല്ല, നമ്മുടെ നാട്‌.. അതെത്ര സുന്ദരം അല്ലേ? പക്ഷെ, സത്യം പറയാം .. ചെറായി ബീച്ചിലേക്ക്‌ ഞാൻ എന്റെ കല്യാണത്തിന്റെ വീഡിയോ ഷൂട്ട്‌ ചെയ്യാനാണു അവസാനം പോയത്‌. 2006 ൽ.. നമ്മുടെ നാടിനു പുറത്തുള്ളവർ കേട്ടാൽ തല്ലിക്കൊല്ലും.. പക്ഷെ, എന്താ പറയാ.. മുറ്റത്തെ മുല്ലക്ക്‌ മണം കുറവാണാല്ലോ?

    പിന്നെ ഈ അയക്കോട്ട എന്ന പേരു എനിക്കും പുതിയ അറിവാണു. ഞാനും കേട്ടിരിക്കുന്നത്‌ ടിപ്പുവിന്റെ കോട്ട എന്നും ആ തുരങ്കം ഇറങ്ങിയാൽ എത്തുന്നത്‌ കോട്ടയിൽ കോവിലകം കോട്ടയിലേക്കാണു എന്നുമാണു.. പണ്ട്‌ സ്കൂളിൽ നിന്നും ഒക്കെ അവിടെ പോകുമ്പോൾ ടീച്ചർമാർ പറയുമായിരുന്നു സൂക്ഷിക്കണമെന്നും ആരോ പരീക്ഷണാർത്ഥം ഒരു ആടിനെ അതിലെ ഇറക്കി വിട്ടിട്ട്‌ പിന്നെ ഒച്ച പോലൂം കേട്ടിട്ടില്ലെന്നും അതിനാൽ അവിടെക്കൊന്നും പോകരുതെന്നും. അതു തുരങ്കമല്ല എന്നതും നല്ല അറിവു തന്നെ... മറ്റൊരു കാര്യം, മനോജ്‌ മറന്നതാണെന്നു തോന്നുന്നു.. ആ കോട്ടയിലെ തുരങ്കത്തിന്റെ ഉൾഭിത്തികളിൽ തേച്ചിരിക്കുന്നത്‌ ഏതൊ ഒരു കായയും മണ്ണും കൂടി കുഴച്ച ഒരു മിശ്രണമാണെന്ന കാര്യം!! ഇന്നത്തെ കാലത്ത്‌ ചിന്തിക്കാൻ പോലും പറ്റാത്ത ഒരു മിക്സിംഗ്‌ അല്ലേ അത്‌. എന്റെ ഒരു സംശയം കൂടി ചോദിച്ചോട്ടെ.. ഒരു പക്ഷെ, തെറ്റാകാം കേട്ടോ.. ഫോട്ടോയിൽ കോട്ടയുടെ മുൻപിൽ നിന്നു നോക്കുമ്പോൾ കാണുന്ന മറുകര മാല്യങ്കരയാണോ അതോ പഷണം എന്ന് നമ്മളൊക്കെ പറയാറുള്ള പട്ടണം ആണോ? തർക്കം അല്ല സംശയം മാത്രമാണു..

    ReplyDelete
  3. നല്ല വിവരണം..
    ചരിത്രം വിലപിടിച്ച ഒർമകളാണു അവക്കു കൊട്ടം തട്ടാതെ എഴുതുക..

    ReplyDelete
  4. @ മനോരാജ്

    മുനമ്പം മുതല്‍ ഏതാണ്ട് കച്ചേരിപ്പടി വരെയുള്ള സ്ഥലത്തിന്റെ മറുകര മാല്യങ്കര തന്നെയാണ്. കച്ചേരിപ്പടി കഴിഞ്ഞാല്‍ അത് കുഞ്ഞിത്തെ എന്ന പേരാകും. പഷ്‌ണം എന്ന സ്ഥലത്തേക്കുമൊക്കെ ഈ വഴി പോകാം. പക്ഷേ പഷ്‌ണം കുറേക്കൂടെ കിഴക്കോട്ടുള്ള പ്രദേശമാണ്. ഞാന്‍ പഠിച്ചിട്ടുള്ളത് മാല്യങ്കരയില്‍ ആയതുകൊണ്ടാണ് ഇത്രയ്ക്കും ഉറപ്പിച്ച് പറയുന്നത്.

    പിന്നെ കോട്ടയുടെ ചുമര്‍ തേച്ചിരിക്കുന്ന മിശ്രിതത്തെപ്പറ്റി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഗോപി സാറിനോട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയതിനുശേഷം ഈ പോസ്റ്റില്‍ത്തന്നെ അപ്പ്ഡേറ്റ് ചെയ്യുന്നതാണ്. പുതിയ അറിവുകള്‍ക്കും വായനയ്ക്കും നന്ദി.

    @ ഖാന്‍ പോത്തന്‍കോട് - നന്ദി :)

    @പച്ചമനുഷ്യന്‍ - ചരിത്രം പറയുമ്പോള്‍ അതിയായി ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രദ്ധ തുടരുന്നതായിരിക്കും. നന്ദി :‌)

    ReplyDelete
  5. very much informative travellouges. Enjoying the trip ......thanks

    ReplyDelete
  6. ഗംഭീരമാകുന്നുണ്ട് മനോജേട്ടാ.. ഇതിനൊരു പുസ്തകയോഗം ഞാന്‍ കാണുന്നു. :)

    ReplyDelete
  7. മലബാര്‍ എത്തുന്നതിനു മുന്‍പ് തന്നെ ഇത്രയും കാഴ്ചകള്‍!! അപ്പോള്‍ ഇനി അങ്ങോട്ട്‌ എന്തായിരിക്കും.....
    ആയക്കോട്ട വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി മനോജേട്ടാ

    ReplyDelete
  8. നീരൂ,തുऽരൂ...തേംഗ്സ്..പുറപ്പാട് കലക്കണണ്ട്.
    സ്പീഡ് ഇത്രേം ധാരാളം,നല്ല മൈലേജുമുണ്ട്.
    ചരിത്രവിവരണമാവുമ്പോ,എഴുത്തിനൊഴുക്ക് കുറഞ്ഞോ?
    പോട്ടോം കൊള്ളാം!

    ReplyDelete
  9. ചരിത്ര പുസ്തകം വായിക്കുന്ന ലാഘവത്തോടെ വായിച്ച് രസിക്കാം....ചിത്രങ്ങൾ അടിപൊളി......നന്ദി നീരൂ.....

    “സമയാസമയത്ത് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങള്‍ അപ്രകാരം ചെയ്യാതിരുന്നതുകൊണ്ടും, സ്മാരകങ്ങള്‍ നേരാംവണ്ണം സംരക്ഷിക്കാതിരുന്നതുകൊണ്ടും നമ്മളിന്ന് അതേ ചരിത്രത്തിന്റെ ഇടനാഴികളിലെ ഇരുട്ടില്‍ തപ്പിത്തടയുകയും, ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുകയും ചെയ്യുന്നു എന്നതാണ് സങ്കടകരമായ സത്യം.....” -

    തീർച്ചയായും, ഈ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു...

    ഓടോ: ഇന്നത്തെ യാത്ര കഴിഞ്ഞില്ലെ, അപ്പോ എവിടെയാ ഇന്നത്തെ ഡിന്നർ.....ഞാൻ വണ്ടീടെ ഡിക്കിയിലുള്ള കാര്യം മറക്കല്ലെ....:):):):):)

    ReplyDelete
  10. നിരക്ഷരന്‍,

    മനോഹരമായിരിക്കുന്നു.സത്യത്തില്‍ ഇതു പോലെ എത്ര അദ്ധ്യായങ്ങള്‍ എഴുതാനുമുള്ള സ്ഥലങ്ങള്‍ നമ്മൂടെ നാട്ടില്‍ കിടക്കുന്നു..അതുപേക്ഷിച്ച് നമ്മള്‍ ലോകം മുഴുവന്‍ കറങ്ങുന്നു..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  11. രണ്ടാം ഭാഗം നോക്കിയിരിക്കുകയായിരുന്നു,
    സത്യത്തില്‍ നമ്മുടെ നാടിനെ പറ്റി വായിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു ആനന്ദം പറഞ്ഞറിയിക്കാന്‍ വയ്യ. കണ്മുന്നില്‍ കാണും പോലെയുള്ള നീരുവിന്റെ വിവരണത്തിനു ഒരായിരം അഭിനന്ദനങ്ങള്‍....
    ‘മുസരീസ് ഹെറിറ്റേജ് ‘ എന്ന പേരില്‍ ഒരു ടൂറിസം പദ്ധതി ആരംഭിച്ചത് വളരെ നല്ല സം‌രംഭം.
    നീരുവിന്റെ ഈ ലേഖനങ്ങള്‍ വരും തലമുറയ്ക് മുതല്‍കൂട്ടാകട്ടെ!

    സഹയാത്രികര്ക്ക് സുഖം തന്നെയല്ലേ?

    ReplyDelete
  12. ഒരു ചരിത്ര പാഠത്തിന്റെ തികവോടെ അവതരിപിച്ച വിവരണങ്ങള്‍ തികച്ചും അഭിനന്ദനം തന്നെ

    ReplyDelete
  13. വായിച്ചറിയുന്ന അറിവുകള്‍ അനുഭവത്തിന്റെ സ്വത്തം കൂടിയുണ്ടങ്കില്‍ അവ എന്നും വിലപ്പെട്ടതാകും നിരക്ഷരന്റെ ശ്രമം ആ വഴിക്കായതുകൊണ്ട് എന്നും ഓര്‍ക്കപെടും

    ReplyDelete
  14. ഈ യാത്രയില്‍ ഉടനീളം ചരിത്രവും ഐതിഹ്യങ്ങളും നാട്ടുകഥകളുമൊക്കെത്തന്നെയായിരിക്കും മുഴച്ചുനില്‍‌ക്കുക. ബോറടിപ്പിക്കുന്നെങ്കില്‍ സദയം ക്ഷമിക്കുമല്ലോ.

    @ ചാണ്‍ക്യന്‍ - ഇനീം 3 പോസ്റ്റെങ്കിലും എടുക്കും ആദ്യദിവസം അവസാനിക്കാന്‍. അതുവരെ ഡിക്കിയില്‍ പട്ടിണി കിടന്ന് തട്ടിപ്പോകാതെ നോക്കിക്കോണം :)

    @ രജ്ഞിത് വിശ്വം - പുസ്തകം നഹി നഹി :)

    ഖാന്‍ പോത്തന്‍കോട്, മനോരാജ്, പച്ചമനുഷ്യന്‍, ജയലഷ്മി, രജ്ഞിത് വിശ്വം, വിഷ്ണു, ഒരു നുറുങ്ങ്, ചാണക്യന്‍, സുനില്‍ കൃഷ്ണന്‍, മാണിക്യം, കേളി കലാസാംസ്ക്കാരിക വേദി, പാവപ്പെട്ടവന്‍.....

    ആയക്കോട്ട കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  15. എന്നെന്നും ഓര്‍മ്മിക്കാനും വരും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കാനും ഉതകുന്ന അറിവുകള്‍ :)
    നന്ദി മനോജേട്ടാ :), അടുത്ത ഭാഗം ഉടനെ വരട്ടെ :)

    ReplyDelete
  16. നല്ല അറിവ് പകര്‍ന്നു തരുന്ന ഒരു വിവരണം..നന്ദി

    ReplyDelete
  17. മനോജ്‌ ഭായി ,
    സംശയങ്ങൾ നിവാരണം ചെയ്തതിനു നന്ദി.. മിശ്രണത്തെ കുറിച്ച്‌ ഞാനും ശരിക്ക്‌ ഒന്ന് അന്വേഷിക്കാം കേട്ടോ.. പഠിച്ചിരുന്ന കാലത്തുള്ള വിവരമാ ഇതൊക്കെ.. വർഷം കുറെ കഴിഞ്ഞല്ലോ? മാല്യങ്കരയിൽ തന്നെയാണു എന്റെയും പ്രീഡിഗ്രി പഠനം.. പുതുതായി എന്തെലും അറിയാൻ കഴിഞ്ഞാൽ തീർച്ചയായും അറിയിക്കാം...

    ReplyDelete
  18. ചെരമാൻ പെരുമാൾ ഈ കൊട്ടയും ആയി ബൺധം ഒണ്ടൊ ? കൊട്ടപുറത് അല്ലെ മൂപ്പരുടെ സമ്മാധിയും, first മുസ്ലീം പള്ളിയിം ഒക്കെ. അതൊ അത് ഇതിനു വളരെ മുമ്പ് ആയിരുന്നൊ ?

    ReplyDelete
  19. @ ക്യാപ്റ്റന്‍ ഹാഡോക്ക് -

    ചേരമാന്‍ പെരുമാള്‍ക്ക് ഈ കോട്ടയുമായി ബന്ധമുണ്ടാകാന്‍ സാദ്ധ്യത തീരെയില്ല. അദ്ദേഹം ജീവിച്ചിരുന്നത് 9-)0 നൂറ്റാണ്ടിലാണ്. ഇതിന് അത്രയ്ക്ക് പഴക്കമില്ലല്ലോ ?

    ചേരമാന്‍ പള്ളിയും മുസരീസിലെ മറ്റ് സംഭവങ്ങളുമൊക്കെ വരും പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം. നന്ദി.

    ReplyDelete
  20. Beautiful write-up and getting inspired for a well planned trip during our next vacation.

    Regarding the plastering mixture used to plaster walls - as per my knowledge, there is a creeper called “oonjal valli”. Oonjal valli is mashed to get a sticky fluid and that fluid is mixed along with sand to plaster the walls. My amma’s house is plastered with same mixture and her house is almost 75 years old. Still that house is strong enough. Amma used to talk about this creeper seen in the “kaavukal” .It is strong enough to tie swings also. I don’t know whether Manoraj mentioned same mixture. May be or may not be….

    ReplyDelete
  21. നീരുജി...നേതാവേ ധീരതയോടെ നയിച്ചോളു...കോടി..കോടി പിന്നാലെ.. സസ്നേഹം

    ReplyDelete
  22. ആയക്കോട്ട കണ്ടു... അടുത്തത്..

    ReplyDelete
  23. സമയാസമയത്ത് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങള്‍ അപ്രകാരം ചെയ്യാതിരുന്നതുകൊണ്ടും, സ്മാരകങ്ങള്‍ നേരാംവണ്ണം സംരക്ഷിക്കാതിരുന്നതുകൊണ്ടും നമ്മളിന്ന് അതേ ചരിത്രത്തിന്റെ ഇടനാഴികളിലെ ഇരുട്ടില്‍ തപ്പിത്തടയുകയും, ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുകയും ചെയ്യുന്നു എന്നതാണ് സങ്കടകരമായ സത്യം.....”


    ഇത് വളരെ ശരിയാണ് നീരു ഭായ്. ഈ യാത്രാവിവരണങ്ങള്‍ ചരിത്ര സ്നേഹികളായ വിദ്യാര്‍ത്ഥി തലമുറകള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവട്ടെ.

    ഓ.ടോ : ഒന്നാം ഭാഗം ഇറങ്ങിയത് ഞാന്‍ അറിഞ്ഞിരുന്നില്ല. :( പുതിയ പോസ്റ്റിടുമ്പോള്‍ ദയവായി ഒരു മെയില്‍ അയയ്ക്കണെ.

    ReplyDelete
  24. നല്ല കാഴ്ചകൾ;നല്ല വിവരണം!
    എനിക്കിതൊക്കെ പുതിയ അറിവാണ്.
    ചെറായി മീറ്റാണ് ആകെ ഉള്ള പരിചയം!
    നന്ദി!

    ReplyDelete
  25. നിരക്ഷെ,
    ഇതിനു ശേഷം, നമ്മള്‍
    അന്ന് ഓഫീസില്‍ വെച്ച് തീരുമാനിച്ചപോലെ
    ‘എന്റെ ജലാന്തരയാത്രകള്‍’ എന്ന പേരില്‍
    ആ ഗള്‍ഫ്യന്‍ സ്ക്യൂബാ ഊളാക്കുകളെക്കുറിച്ച് എഴുതിയില്ലെങ്കിലുണ്ടല്ലൊ, ഈ കളി മാറും... ഷുബര്‍

    ReplyDelete
  26. നീരു...കലക്കി....നല്ല വിവരണം !
    ഞാൻ കാണാത്ത ഒരു ലോകവും അവിടുത്തെ സുന്ദരകാഴ്ച്ചകളും കണ്ട്‌ ഈയാത്രയിൽ ഉടനീളം ഞാൻ ഉണ്ടവും.എറണാകുളം ജില്ല വിടുന്നതിനു
    മുമ്പുതന്നെ ഇത്രയും കാഴ്ച്ചകളും വിവരണങ്ങളും.....എന്റെമ്മോ.....ഗോവയിലെത്തുമ്പോഴേക്കും....!!! ത്രില്ലടിച്ചിട്ടു വയ്യ.!!!

    ReplyDelete
  27. കൊടുങ്ങല്ലൂര്‍ പല പ്രാവശ്യം പോയിട്ടുന്റെന്കിലും ഈ കാഴ്ച പുതിയതായിരുന്നു .എത്ര ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ടൂറിസം മാപ്പിലും മറ്റും ചേര്‍ത്തിരുന്നെങ്കില്‍ ....എന്നാഗ്രഹിച്ചു പോവുകയാണ് .കുറഞ്ഞപക്ഷം ഇവയെ വേണ്ട വിധം സംരക്ഷിക്കാനുള്ള വരുമാനം എങ്കിലും അതില്‍ നിന്ന് കിട്ടിയേനെ .യാത്ര പ്ലാന്‍ ചെയ്യുന്നത് മുതലുള്ള വിവരണം അസ്സലായി .keep writing...aasamsakal.

    ReplyDelete
  28. Nice description mashe..

    koode undarunnu :)

    ReplyDelete
  29. ഇതു വായിച്ചപ്പോള്‍ ഞാന്‍ ഇതാ ലജ്ജിച്ചു തല താഴ്‌ത്തുന്നു. വീടിന്റെ ഇത്രയും അടുത്ത് ചരിത്രപ്രാധാന്യമുള്ള ഈ ഒരു സ്മാരകം ഇതുവരെ സന്ദര്‍ശിക്കാത്തതിന്. പലപ്പോഴും പോകണം എന്നു കരുതും. അന്വേഷിക്കുമ്പോള്‍ കോട്ട ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്നും ആര്‍ക്കും പ്രവേശനം ഇല്ലെന്നുമുള്ള മറുപടിയാവും കൂട്ടുകാരില്‍ നിന്നും ലഭിക്കുക. മനോരാജ് പറഞ്ഞകാര്യങ്ങള്‍ തന്നെയാണ് ഞാനും പള്ളിപ്പുറം കോട്ടയെക്കുറിച്ച് മനസ്സിലാക്കിയിരുന്നത്. ആ തെറ്റിദ്ധാരണകള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. അതുപോലെ പട്ടണവും പറവൂര്‍തോടിന്റെ ഭാഗങ്ങളും ചേര്‍ന്നതാണ് പഴയ മുസരീസ് എന്ന തുറമുഖനഗരം എന്ന അറിവും മാറ്റപ്പെട്ടിരിക്കുന്നു. ഈ അടുത്തകാലത്ത് പട്ടണത്തില്‍ നടന്ന പുരാവസ്തു ഖനനത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് അതായിരുന്നു. കൂടുതല്‍ പുതിയ അറിവുകള്‍ നല്‍കുന്ന യാത്രയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  30. നല്ല വിവരണം..
    iniyum vaayikkanhayi kathirikkunnu

    ReplyDelete
  31. ആയക്കോട്ട കാണാനെത്തിയവര്‍ക്കെല്ലാം നന്ദി. കൊച്ചി മുതല്‍ ഗോവ വരെ യാത്ര തുടരുന്നു. മൂന്നാം ഭാഗം - കോട്ടപ്പുറം കോട്ട

    ReplyDelete
  32. രണ്ടാം ഭാഗം ഇപ്പോഴാണ് ശ്രദ്ധിച്ചത്
    :)

    ReplyDelete
  33. http://puramkazhchakal.blogspot.com/2010/03/munambam.html#comments
    വിവരണവും ചിത്രങ്ങളും കൊള്ളാം...
    ഇവ കണ്ട് നോക്കൂ...

    ReplyDelete
  34. കൊറേ കാലം കൊച്ചിയില്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ തികച്ചും പുതിയ അറിവുകള്‍ തന്നെ ആണ്. thanks alot !!

    ReplyDelete
  35. കേട്ടുകേള്‍‌വി പോലുമില്ലായിരുന്നു എനിക്കീ കാര്യങ്ങള്‍. ഇതെല്ലാം അറിയിച്ചതിന് നന്ദി. യാത്ര തുടരട്ടെ. :)

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.