Monday 15 February 2010

മാളിയേക്കലും മറിയുമ്മയും

'കൊച്ചി മുതല്‍ ഗോവ വരെ യാത്ര ഭാഗങ്ങള്‍' 1, 2, 3, 4, 5
------------------------------------------------------------------------

യാത്രയുടെ രണ്ടാം ദിവസം മുനമ്പത്തുനിന്ന് മാല്യങ്കര, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കോഴിക്കോട്, തലശ്ശേരി വഴി കണ്ണൂരെത്തി രാത്രി അവിടെ തങ്ങാനായിരുന്നു ഞങ്ങളുടെ പരിപാടി. 10 കൊല്ലമായി കൂടെ കൂടിയിട്ടും ഞാന്‍ പഠിച്ചെന്ന് പറയുന്ന കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജും, കോളേജ് ഹോസ്റ്റലും, കണ്ണൂര്‍ പട്ടണവുമൊക്കെ ഇതുവരെ കാണിച്ച് കൊടുത്തിട്ടില്ല എന്നുള്ള മുഴങ്ങോടിക്കാരിയുടെ സ്ഥിരം പരാതിയുടെ അവസാന ദിവസം കൂടെയാണിന്ന്.

അതിനിടയ്ക്കാണ് ആ വാര്‍ത്തയറിഞ്ഞത്. കണ്ണൂരില്‍ ചില കത്തിക്കലും പൊട്ടിക്കലുമൊക്കെ നടക്കുന്നുണ്ട്. ഹര്‍ത്താല്‍ ഉണ്ടാകാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. യാത്ര നീട്ടിവെച്ചുകൂടെ എന്നാണ് വീട്ടിലുള്ളവരുടെ ചോദ്യം. കണ്ണൂരിലെ പൊട്ടിക്കലും കലാപമൊക്കെ തീര്‍ന്നിട്ട് ഒരു കാലത്തും യാത്ര നടത്താനാവില്ലെന്നും, പൊതുജനം വിചാരിക്കുന്നതുപോലെ അത്ര വലിയ കുഴപ്പക്കാരല്ല കണ്ണൂര്‍ക്കാരെന്നും 4 കൊല്ലത്തിലധികം അവിടെ ജീവിച്ചിട്ടുള്ള എനിക്കല്ലേ അറിയൂ. വീട്ടുകാരെയും ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ സ്നേഹിക്കുന്നതുപോലെ സ്വന്തം പാര്‍ട്ടിയേയും അകമഴിഞ്ഞ് സ്നേഹിക്കുന്നതുകൊണ്ടുള്ള കുഴപ്പം മാത്രമേ കണ്ണൂര്‍ക്കാര്‍ക്കുള്ളൂ. ആ സ്നേഹം മുതലെടുക്കുന്ന നേതാക്കന്മാരുടെ കാപട്യം ജനങ്ങള്‍ മനസ്സിലാക്കുന്ന ദിവസം കണ്ണൂരൊരു സ്വര്‍ഗ്ഗരാജ്യമാണ്. കണ്ണൂരിലെ ജീവിതം എനിക്ക് തന്നിട്ടുള്ള ദര്‍ശനം അതാണ്.

യാത്ര നിശ്ചയിച്ചുറപ്പിച്ചതുപോലെ തന്നെ ആരംഭിച്ചു. കാറിലെ ദീര്‍ഘയാത്ര ശരിക്കും തുടങ്ങുന്നത് രണ്ടാം ദിവസമായ ഇന്നാണ്. അതായത് 2009 ഡിസംബര്‍ 23ന്. യാത്രയില്‍ ഉടനീളം കാറിന്റെ പിന്‍‌സീറ്റില്‍ കിടന്നുറങ്ങുന്ന സഞ്ചാരി എട്ടുവയസ്സുകാരി നേഹയും ഈ ദിവത്തോടെയാണ് യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം ചേരുന്നത്.

അല്‍പ്പം വൈകിയാണെങ്കിലും ബ്രേക്ക് ഫാസ്റ്റിനായി കോട്ടയ്ക്കലിന് മുന്‍പുള്ള സാമാന്യം വൃത്തിയുള്ള ഒരു റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഞാനത് ശ്രദ്ധിച്ചു. നേവിഗേറ്ററില്‍ ആ ഹോട്ടലിന്റെ പേരെഴുതി കാണിക്കുന്നുണ്ട്. കൊള്ളാവുന്ന ഹോട്ടലുകളെയെന്നപോലെ ടൂറിസ്റ്റ് പ്ലേസുകളേയുമൊക്കെ P.O.A.(Places of Interest) എന്ന വിഭാഗത്തില്‍‍പ്പെടുത്തി നേവിഗേറ്ററിന്റെ ഡാറ്റാബേസില്‍ ചേര്‍ത്തിട്ടുണ്ട് ‘മാപ്പ് മൈ ഇന്ത്യ’.

620 ല്‍പ്പരം നഗരങ്ങളെയാണ് നേവിഗേറ്റര്‍ മാപ്പ് ചെയ്യുന്നത്. 6 മാസത്തിലൊരിക്കല്‍ കൂടുതലായി ഈ ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടുന്ന നഗരങ്ങള്‍ക്കായി 'മാപ്പ് മൈ ഇന്ത്യ' യെ ഇന്റര്‍നെറ്റിലൂടെ അപ്പ്‌ഡേറ്റ് ചെയ്താല്‍ മാത്രം മതി. അതല്ലാതെ മറ്റ് വാര്‍ഷിക വരിസംഖ്യയോ ചാര്‍ജ്ജുകളോ ഒന്നുമില്ല.

ബ്രേക്ക് ഫാസ്റ്റിന് ശേഷം തലശ്ശേരിക്കിടയില്‍ ഒരിടത്തും നിര്‍ത്തുന്നില്ല. കോഴിക്കോട് ബൈപ്പാസ് വഴി മുന്നോട്ട് നീങ്ങിയപ്പോൾ.....

“നമ്മള്‍ ഇപ്പോള്‍ത്തന്നെ കണ്ണൂരെത്തുമല്ലോ ഇങ്ങനെ പോയാല്‍ “
എന്നായിരുന്നു മുഴങ്ങോടിക്കാരിയുടെ കമന്റ്. അവിടെയാണ് ഈ റൂട്ടില്‍ ഇതിന് മുന്നേ സഞ്ചരിച്ചിട്ടില്ലാത്തവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നത്. കോഴിക്കോട് വിട്ടാല്‍ കണ്ണൂരെത്തുന്നതിന് മുന്നേ 7 റെയില്‍ വേ ക്രോസിങ്ങുകളെങ്കിലും ഉണ്ട്. വിചാരിക്കുന്നതിലും കൂടുതല്‍ സമയമെടുക്കും കണ്ണൂരെത്താനെന്ന് എനിക്കുറപ്പാണ്.

കോഴിക്കോടിനപ്പുറത്തേക്ക് റോഡ് മാര്‍ഗ്ഗം ആദ്യമായിട്ടാണ്‌ മുഴങ്ങോടിക്കാരി യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ വടകര കഴിഞ്ഞ് മാഹിയിലേക്ക് കടന്നപ്പോള്‍ നിരനിരയായി മദ്യവില്‍പ്പനശാലകളുള്ള ഇടുങ്ങിയ വഴികളും, മാഹിപ്പള്ളിയും, ഗ്യാസ് സ്റ്റേഷനുമുന്നിലെ വാഹനങ്ങളുടെ വലിയ നിരകളുമൊക്കെ അവര്‍ക്ക് പുതുമയുള്ള കാഴ്ച്ചകളാണ്‌. യൂണിയന്‍ ടെറിട്ടറിയായ മാഹിയില്‍ വാഹനങ്ങള്‍ക്ക് അടിക്കുന്ന ഇന്ധനത്തിനും, നേരവും കാലവുമൊന്നും നോക്കാതെ മനുഷ്യന്മാര്‍ അടിക്കുന്ന ഇന്ധനത്തിനുമൊക്കെ വിലക്കുറവായതുകൊണ്ട് മാഹി വഴി കടന്നുപോകുന്നവര്‍ വാഹനത്തില്‍ ഇന്ധനം പള്ള നിറച്ചടിക്കുന്നതുകാരണം, മാഹിയിലെ ഗ്യാസ് സ്റ്റേഷനുകള്‍ക്ക് മുന്നിലെ നീണ്ടനിര ഒരു സ്ഥിരം കാഴ്ച്ചയാണ്.

മാഹി കഴിഞ്ഞാല്‍ തലശ്ശേരി. അവിടെ സഹപ്രവര്‍ത്തകനായ ടി.സി.നിസ്സാര്‍ എന്ന നിസ്സാറിക്കയുടെ വീട്ടില്‍ കയറണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്‌. ഈ യാത്ര ഒരു വിരുന്ന് പോക്ക് ആക്കുക എന്ന ലക്ഷ്യമൊന്നും എനിക്കില്ല. പക്ഷെ നിസ്സാറിക്കയെ കാണാന്‍ പോകുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം, അദ്ദേഹത്തിന്റെ കുടുംബവീടായ മാളിയേക്കല്‍ തറവാട് ഒന്ന് കയറിക്കാണാം എന്നുള്ളതാണ്. നിസ്സാറിക്കയുടെ തറവാട്ടില്‍ പോയിട്ടുള്ള മറ്റ് സഹപ്രവര്‍ത്തകര്‍ പലപ്പോഴായി പറഞ്ഞുകേട്ടിട്ടുള്ള മാളിയേക്കല്‍ തറവാട്, പഴയ വീടുകളിലും പഴയ ആക്രി സാധനങ്ങളിലും കമ്പമുള്ള എന്റെയുള്ളില്‍ ഒരു മോഹമായി കുടിയേറിയിട്ട് നാളൊരുപാടായിരിക്കുന്നു. അതിനിടയ്ക്കാണ് സമീപകാല സിനിമകളായ പഴശ്ശിരാജയിലും പാലേരി മാണിക്യത്തിലുമൊക്കെ മാളിയേക്കല്‍ തറവാട് കാണിക്കുന്നതായി അറിഞ്ഞതും സ്ക്രീനില്‍ നേരിട്ട് കണ്ടതും.

നിസ്സാര്‍ക്കയെ വിളിച്ചപ്പോള്‍ ഉച്ചഭക്ഷണം വീട്ടില്‍നിന്നാകാമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങള്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. കുറച്ചുകഴിഞ്ഞ് നിസ്സാര്‍ക്ക തിരിച്ച് വിളിച്ചു.

"ഇതുവരെ വരുന്നതല്ലെ ഇന്നുച്ചയ്ക്ക് ഭക്ഷണം ഇവിടന്ന് തന്നെ" എന്നുപറഞ്ഞപ്പോള്‍ ..‍...

മലബാര്‍ വിഭവങ്ങളുടെ രുചി അറിഞ്ഞിട്ടില്ലാത്ത മുഴങ്ങോടിക്കാരിക്ക് അതൊരു അനുഭവമായിക്കോട്ടേന്ന് കരുതി ആ ക്ഷണം ഞാന്‍ സ്വീകരിച്ചു. മാളിയേക്കല്‍ തറവാട്ടില്‍ നിന്ന് അല്‍പ്പം മാറിയാണ് നിസ്സാര്‍ക്കയുടെ സ്വന്തം വീട്. അതിന്റെ ചുറ്റുവട്ടത്തുള്ളതൊക്കെ പുള്ളിയുടെ ബന്ധുക്കളുടെ വീടുകള്‍ തന്നെ. ഭക്ഷണത്തിന് മുന്നേ തന്നെ ഞങ്ങള്‍ മാളിയേക്കല്‍ തറവാട്ടിലേക്കിറങ്ങി.


മാളിയേക്കല്‍ തറവാട്

നിസാര്‍ക്കയുള്ള ഉമ്മയുടെ ബാപ്പ, ശ്രീ കാടാങ്കണ്ടി കുട്ട്യാമു ഹ്യാജി 1919 ല്‍ പണികഴിപ്പിച്ചതാണ്‌ ഈ തറവാട്. അദ്ദേഹത്തിന്റെ പേരും വീടുണ്ടാക്കിയ വര്‍ഷവുമൊക്കെ പൂമുഖത്തെ മച്ചില്‍ വടിവൊത്ത ഇംഗ്ലീഷ് അക്ഷരങ്ങളിലും അക്കങ്ങളിലും കൊത്തിവെച്ചിട്ടുണ്ട്.


ശ്രീ കാടാങ്കണ്ടി കുട്ട്യാമു ഹാജി

ഉമ്മറത്തുതന്നെ ഉണ്ടായിരുന്ന നിസ്സാറിക്കയുടെ കസിന്‍ സാലി ഹാര്‍ദ്ദമായി സ്വീകരണം ചെയ്തു. അകത്തുള്ള സ്ത്രീജനങ്ങളേയുമൊക്കെ പരിചയപ്പെട്ടതിനുശേഷം ഞങ്ങള്‍ തറവാടിന്റെ ഉള്ളറകളിലേക്ക് കടന്നു.

പൂമുഖത്തുതന്നെ കാണുന്ന, വാതില്‍ കുറുകെ നിറുത്തിയതുപോലുള്ള നിരക്കിനീക്കുന്ന വലിയ ജനലുകള്‍ ആദ്യമായിട്ടാണ് ഏതെങ്കിലുമൊരു കെട്ടിടത്തില്‍ ഞാന്‍ കാണുന്നത്. ജനലുകള്‍ തുറന്നിട്ടാല്‍ അഴികള്‍ക്കിടയിലൂടെ ഒന്നോ രണ്ടോ ആള്‍ക്ക് സുഖമായി അകത്തേക്ക് അതിലൂടെ കടന്നുപോകാമെങ്കിലും അകത്തുനിന്ന് പാളികള്‍ തള്ളിയടച്ച് അതിലുറപ്പിച്ചിരിക്കുന്ന പ്രത്യേകതരം മരപ്പൂട്ടിട്ടുകഴിഞ്ഞാല്‍ എല്ലാം സുരക്ഷിതമാകുന്നു. വാതിലിന്റേയും ജനലിന്റേയുമൊക്കെ കനം അസാധാരണമാണ്.


നിരക്കു കതകുകളുള്ള വലിയ ജനല്‍

അടുക്കളപ്പുറത്ത് ഊണു്‌ കാലമാക്കുന്നതിന്റെ തിരക്കിലാണു്‌ സ്ത്രീകൾ. ദിവസവും നൂറിലധികം ആളുകള്‍ക്ക് വെച്ചുവിളമ്പിയിരുന്ന അടുക്കളയാണതെന്ന് അടുക്കളയുടെ വ്യാപ്തിയും നിരനിരയായിരിക്കുന്ന അമ്മിക്കല്ലുകളുമൊക്കെ കണ്ടാല്‍ മനസ്സിലാക്കാം. വിറകുകത്തിക്കുന്ന അടുക്കളഭാഗമൊക്കെ ഇപ്പോള്‍ വിറക്‌ ശേഖരിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

താഴെ നിലയില്‍ നിന്ന് മുകളിലേക്ക് കടക്കുന്ന മരത്തിനെ കോണിപ്പടികളുടെ പാര്‍ശ്വഭാഗങ്ങളൊക്കെ കൊത്തുപണികളും കൊച്ചുകൊച്ച് അഴികളും കൊണ്ട് സമ്പുഷ്ടമാണ്. മുകളിലേക്കുള്ള പ്രവേശനം വേണമെങ്കില്‍ നിയന്ത്രിക്കാവുന്ന തരത്തിലാണു്‌ കോണിപ്പടിയുടെ നിര്‍മ്മാണം.


കോണിപ്പടിയും അതിലെ മരപ്പണികളും

കോണിപ്പടി കയറി മുകളിലേക്ക് ചെന്നാല്‍ കാണുന്ന വിശാലമായ ഹാളിനെപ്പറ്റി വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. പഴയകാലത്തെ ഒരു തൂക്കുവിളക്കുകളുടെ ഷോ റൂമില്‍ പോയ പ്രതീതിയാണ്‌ മച്ചിലേക്ക് നോക്കിയാല്‍ കിട്ടുക. വിവിധനിറത്തിലും രൂപത്തിലുമുള്ള വിളക്കുകള്‍ മുറിയുടെ മാറ്റുകൂട്ടുന്നെന്ന് പറഞ്ഞാല്‍ അതൊരു വര്‍ണ്ണനയൊന്നുമാകില്ല.


ഒന്നാം നിലയിലെ മനോഹരമായ ഹാള്‍

ഹാളിനു്‌ ചുറ്റോട് ചുറ്റും കിടക്കുന്ന പുരാതന ദിവാനുകളിലും വട്ടമേശകളുമൊക്കെ എന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ എത്രനേരം ഉടക്കിനിന്നെന്ന് നിശ്ചയമില്ല.


തറയോടും ശില്‍പ്പഭംഗിയുള്ള ടീപ്പോയിയും

നിലത്തു്‌ പാകിയിരിക്കുന്നത് വിദേശനിര്‍മ്മിതമായ തറയോടുകളാണ്. മച്ചിലെ തൂക്കുവിളക്കുകളും കപ്പല്‍ കയറി വന്നതുതന്നെ. ചുമരിലെ ജനലുകളിലെ വര്‍ണ്ണച്ചില്ലുകളിലൂടെ മുറിക്കകത്തേക്ക് വീഴുന്ന വെളിച്ചത്തിന് ഒരു സിനിമാരംഗത്തിലേതുപോലെ ഭംഗി.




വര്‍ണ്ണച്ചില്ലുകളുള്ള ജനാലകള്‍

ഇക്കാരണങ്ങളൊക്കെക്കൊണ്ടുതന്നെയായിരിക്കണം സിനിമാക്കാര്‍ക്ക് ഈ തറവാടും ഹാളുമൊക്കെ പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നത്. പലേരിമാണിക്യം സിനിമയിലെ ക്ലൈമാക്സ് രംഗത്തിലും പഴശ്ശിരാജയിലെ പല പ്രധാനരംഗങ്ങളിലും ഒരു ഗാനരംഗത്തിലും,'ദൈവനാമത്തില്‍ ' എന്ന സിനിമയിലുമൊക്കെ 80 സെന്റോളം സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്ന മാളിയേക്കല്‍ തറവാട് പ്രത്യക്ഷപ്പെടുന്നുണ്ട്.

മുകളിലത്തെ നിലയിലേക്കു്‌ പിന്‍വശത്തുനിന്ന് മറ്റൊരു കോണിപ്പടികൂടെയുണ്ട്. അതിന്റെ കൈവിരികളും തടകളുമൊക്കെ കാസ്റ്റ് അയേണിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുറികള്‍ക്കൊക്കെ അസാധാരണമായ വലിപ്പമാണ്. കപ്പി ഉപയോഗിച്ച് താഴെയുള്ള കിണറ്റില്‍ നിന്നു്‌ വെള്ളം കോരിയെടുക്കാനാകും മുകളിലെ കുളിമുറികളിലേക്ക്. സാധാരണ വീടുകളിലെ കിടക്കമുറിയുടെ വലിപ്പമുണ്ട് കുളിമുറികള്‍ക്ക് പോലും.


ആതിഥേയര്‍ക്കൊപ്പം മുഴങ്ങോടിക്കാരിയും നേഹയും

എന്തെങ്കിലുമൊരു സല്‍ക്കാരം സ്വീകരിക്കാതെ മലബാറിലെ വീടുകളില്‍ നിന്ന് മടങ്ങാനാവില്ല. ഊണു്‌ സമയമായതുകൊണ്ട് ഒരു ഗ്ലാസ്സ് ഹോര്‍ലിക്സില്‍ ആ സ്നേഹം ഒതുക്കി ആതിഥേയരുമായി അല്‍പ്പനേരം ആ ഹാളില്‍ മാളിയേക്കലിന്റെ ചരിത്രങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ചിലവഴിച്ചു. ചുമരില്‍ കാണുന്ന ചിത്രങ്ങളൊക്കെ പല കഥകള്‍ക്കും സാക്ഷ്യം വഹിക്കുന്നുണ്ട്.

മാളിയേക്കലില്‍ വന്നുപോയിട്ടുള്ളതും ഒളിവില്‍ കഴിഞ്ഞിട്ടുള്ളതുമായ പ്രമുഖരുടെ ഒരു നിര തന്നെയുണ്ട്. എ.കെ.ജി, സി.എച്ച്. കണാരന്‍ എന്നിവരാണ് മാളിയേക്കലില്‍ ഒളിവില്‍ കഴിഞ്ഞിട്ടുള്ള രാഷ്ട്രീയപ്രമുഖർ. നായനാർ, ജനറല്‍ കരിയപ്പ, കേശവമേനോൻ, പനമ്പള്ളി ഗോവിന്ദ മേനോൻ, ഡോ.ഗഫൂർ, കുട്ടിമാളു അമ്മ, എന്നിവര്‍ക്ക് പുറമേ പ്രേംനസീര്‍ തുടങ്ങി ഭാവന വരെയുള്ള സിനിമാക്കാരുടെ നിര വേറേയുമുണ്ട് മാളിയേക്കല്‍ സന്ദര്‍ശിച്ചിട്ടുള്ളവരുടെ ലിസ്റ്റിൽ.

ചുമരില്‍ തൂങ്ങുന്ന ചിത്രങ്ങളിലൊന്ന് ശ്രീ കൊച്ചിന്‍ ഹനീഫയുടേതാണ്. അദ്ദേഹം നിക്കാഹ് കഴിച്ചിരിക്കുന്നത് മാളിയേക്കലില്‍ നിന്നാണ്. ഞങ്ങള്‍ അവിടെ നില്‍ക്കുന്ന ആ ദിവസം അദ്ദേഹം ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിലും ഞാനീ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആ കലാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് ആദരാജ്ഞലികള്‍ .

കാര്യമായി അറ്റകുറ്റപ്പണികളൊന്നും ചെയ്യാത്തതുകൊണ്ട് തറവാടിന്റെ പഴയകാല ഐശ്വര്യം ഇപ്പോളില്ലെങ്കിലും ആയകാലത്തെ പ്രൌഢി പകര്‍ന്നുതരാന്‍ തറവാട്ടിലെ ഓരോ ബിംബങ്ങള്‍ക്കും നിഷ്‌പ്രയാസം ആകുന്നുണ്ട്. ഇത്രയും വലിയൊരു വീട് അറ്റകുറ്റപ്പണിയൊക്കെ ചെയ്ത് നോക്കി നടത്തി കൊണ്ടുപോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്രമികച്ച സാമ്പത്തികാവസ്ഥയുള്ളവരാണ് അന്തേവാസികളെങ്കിലും, 100ല്‍പ്പരം ആളുകളൊക്കെ കൂട്ടുകുടുംബമായി ജീവിച്ചിരുന്ന കാലത്ത് പണികഴിപ്പിച്ച ഇത്തരം വീടുകള്‍ കാലഹരണപ്പെടാതെ നയിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയാണ്.

മാളിയേക്കലില്‍ നിന്ന് മടങ്ങുന്നതിനുമുന്നായി അകത്തെ മുറിയിലൊന്നില്‍ രോഗശയ്യയിലുള്ള നിസ്സാര്‍ക്കയുടെ ഇളയമ്മ സാറുമ്മയെ ചെന്നു കണ്ടു. മുഴങ്ങോടിക്കാരിയേയും എന്നേയും കട്ടിലിനരുകിലിരുത്തി മാപ്പിളപ്പാട്ടുകള്‍ നിറുത്താതെ പാടിക്കൊണ്ടിരുന്നു 85 കഴിഞ്ഞ ആ മൂത്തമ്മ. മാളിയേക്കലിന്റെ ഓരോ പ്രജയുടെയും രക്തത്തില്‍ സംഗീതമുണ്ടെന്ന് തന്നെ വേണം കരുതാന്‍. നിസാര്‍ക്കയും കസിന്‍ മസൂദും ചേര്‍ന്ന് തുടങ്ങിവെച്ച ബ്ലൂ ജാക്സ് എന്ന ട്രൂപ്പ് അതിനൊരുദാഹരണമാണ്. യാതൊരു മടിയോ നാണമോ ഇല്ലാതെ മുന്‍പ് കണ്ടിട്ടില്ലാത്ത ഞങ്ങളുടെ മുന്നില്‍ സാറുമ്മായുടെ ഗാനാലാപനം കേട്ടപ്പോൾ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശുദ്ധസംഗീതത്തിന്റെ ഓര്‍മ്മയ്ക്കെന്ന നിലയിലോ, നാളിതുവരെ കേള്‍ക്കാത്തെ വരികളുടെ ലാളിത്യത്തിന്റെ സ്മരണയ്ക്കായിട്ടോ അതൊക്കെ കുറിച്ചെടുക്കേണ്ടതുതന്നെയാണെന്ന് എനിക്ക് തോന്നി.

മാളിയേക്കലില്‍ നിന്ന് എല്ലാവരോടും നന്ദി പറഞ്ഞിറങ്ങിയതിനുശേഷം തൊട്ടടുത്ത പുരയിടത്തിലുള്ള മറിയ മഹലിലേക്കാണു്‌ നിസ്സാറിക്ക ഞങ്ങളെ കൊണ്ടുപോയത്. മറിയ മഹലിലാണ്‌ മറിയുമ്മ താമസിക്കുന്നത്. തലശ്ശേരി വരെയോ, മാളിയേക്കല്‍ വരേയോ ചെന്നിട്ട് മറിയുമ്മയെ കാണാതെ തിരിച്ചുപോയാല്‍ വലിയൊരു നഷ്ടം തന്നെയാണെന്ന് പറയാതെ വയ്യ. അത്തരത്തിലൊരു വ്യക്തിപ്രഭാവത്തിനുടമയാണ് മറിയുമ്മ. കുറേക്കൂടെ വ്യക്തമായി പറഞ്ഞാല്‍ മലബാറിന്റെ ചരിത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു വിശിഷ്ട വനിതയാണ് തച്ചറക്കല്‍ കണ്ണോത്ത് പുതിയ മാളിയേക്കല്‍ മറിയുമ്മ.

മറിയുമ്മ സാഹിബ
മലബാറിലും മറ്റും മുസ്ലീം സ്ത്രീകള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും സ്വായത്തമാക്കാതെയിരുന്നിരുന്ന ഒരു കാല‌ഘട്ടത്തിലേക്ക് കണ്ണോടിക്കേണ്ടിവരും മറിയുമ്മ നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തിയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍.

ഫിഫ്റ്റ് ഫോം വരെ, അതായത് ഇന്നത്തെ പത്താം ക്ലാസ്സ് വരെ, മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ പഠിക്കുക വഴി ഇംഗ്ലീഷ് വിദ്യാഭ്യാസം കരസ്ഥമാക്കിയ മലബാറിലെ ആദ്യത്തെ മുസ്ലീം വനിത എന്ന ചരിത്ര സ്ഥാനമാണ് മറിയുമ്മ നേടിയെടുത്തത്. യാഥാസ്ഥിതികരായ സമുദായക്കാരുടെ വെല്ലുവിളിയും പരിഹാസവും അപമാനിക്കലുമൊക്കെ ഇക്കാലത്ത് അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. സ്വന്തം ബാപ്പ ഒ.വി.അബ്ദുള്ള സീനിയറിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വിദ്യാഭ്യാസകാര്യത്തില്‍ മറിയുമ്മയ്ക്ക് തുണയ്ക്കുണ്ടായിരുന്നു.

പേരിനുമാത്രം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുക എന്നതല്ല മറിയുമ്മയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മറിയുമ്മ ആ ഭാഷ ഇന്നും മനോഹരമായി സംസാരിക്കുന്നു, ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുന്നു, കത്തുകള്‍ ഇംഗ്ലീഷില്‍ എഴുതുന്നു എന്നതൊക്കെക്കൊണ്ട് തലശ്ശേരി ഭാഗത്തൊക്കെ ഇംഗ്ലീഷ് മറിയുമ്മ എന്ന് സ്നേഹത്തോടെ അവരെ വിളിക്കപ്പെടുന്നുണ്ടെന്നത് രസകരമായ ഒരു വസ്തുതയാണ്.

മലബാര്‍ ശൈലിയില്‍ ചുറുചുറുക്കോടെ മറിയുമ്മ വിശേഷങ്ങള്‍ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു. കുടുംബവിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം ആല്‍ബത്തിലെ ബ്ലാക്ക് & വൈറ്റ് പടങ്ങള്‍ കാണിച്ചുതന്നു. സംസാരത്തിനിടയ്ക്ക് കയറി വരുന്ന ആംഗലേയത്തിന്‌ തീരെ കൃത്രിമത്വമില്ലെന്ന് മാത്രമല്ല വളരെ സ്വാഭാവികവുമാണത്.

"സമുദായത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും എനക്ക് എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. ഇഷ്ടമല്ലായിരുന്നെങ്കിലും ബുര്‍ഖ ധരിച്ച് പോകുന്ന പതിവെനക്കുണ്ടായിരുന്നു. സ്കൂളിലെത്തി അതഴിച്ച് വെക്കുമ്പോള്‍ മറ്റ് കുട്ടികള്‍ അതണിഞ്ഞ് എന്നെ പരിഹസിക്കുമായിരുന്നു. സ്കൂള്‍ വിട്ട് ഓ.വി. റോഡ് വഴി ജഡ്ക്ക വണ്ടിയില്‍ വരുമ്പോള്‍ റോഡിനിരുവശവുമുള്ള കടകളില്‍ നിന്നിറങ്ങി വന്ന് ആള്‍ക്കാര്‍ മുഖത്തുവരെ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. മുസ്ല്യാരുടെ മോള് പള്ളിക്കൂടത്തില്‍ പോണത് അവര്‍ക്കൊക്കെ സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആ പീഡനം സഹിക്കാതായപ്പോള്‍ ഉച്ചയ്ക്ക് എനക്ക് ചോറ്‌ സ്കൂളിലേക്ക് കൊടുത്തുവിടണമെന്ന് ഞാന്‍ ഉപ്പയോട് പറഞ്ഞു. അങ്ങനെ ഭക്ഷണം സ്കൂളിലെത്താന്‍ തുടങ്ങി. നിസ്ക്കാരത്തിനുള്ള സൌകര്യമൊക്കെ സ്കൂള്‍ അധികൃതര്‍ ചെയ്തുതരുമായിരുന്നു. "

"ഉപ്പ മതവിദ്യാഭാസം നന്നായിട്ടുള്ള ആളായിരുന്നു. രണ്ടാം ക്ലാസ്സ് വരേയേ പഠിച്ചിട്ടുള്ളെങ്കിലും നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ഇംഗ്ലീഷില്‍ ലേഖനങ്ങള്‍ എഴുതുകയുമൊക്കെ ചെയ്യുമായിരുന്നു. ഹി വാസ് എ പയസ് മാന്‍." ബാപ്പയെപ്പറ്റി പറയുമ്പോള്‍ മറിയുമ്മയ്ക്ക് നൂറ് നാവ്.

എല്ലാ എതിര്‍പ്പുകളും അവഗണിച്ചും സഹിച്ചും മറിയുമ്മയും മാളിയേക്കലിലെ മറ്റ് സ്ത്രീ പ്രജകളും വിദ്യാഭ്യാസം കരസ്ഥമാക്കുകയും സമൂഹത്തിലെ മറ്റ് പല നല്ല കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഉമ്മ കുഞ്ഞായിശുമ്മയുടെ നേതൃത്വത്തില്‍ 1935 ല്‍ തലശ്ശേരി മുസ്ലീം മഹിളാ സമാജം രൂപം കൊടുത്തത് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രം. സാക്ഷരതാ ക്ലാസ്സുകൾ, തയ്യല്‍ ക്ലാസ്സുകൾ, കുടുംബാസൂത്രണ ക്ലാസ്സുകൾ, വിധവാ പെന്‍ഷന്‍ കലടാസു്‌ തയ്യാറാക്കാന്‍ സഹായിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ മാളിയേക്കലിന്റെ മുറ്റത്ത് വലിയൊരു സ്ത്രീജനക്കൂട്ടം തന്നെ ഉണ്ടാക്കുമായിരുന്നു അക്കാലങ്ങളിൽ.

ഫിഫ്റ്റ് ഫോം കഴിഞ്ഞ ഉടനെ ആര്‍മിയില്‍ റിക്രൂട്ടിങ്ങ് ഓഫീസറായിരുന്ന വി.ആർ. മായന്‍ ആലിയുമായി മറിയുമ്മയുടെ നിക്കാഹ് കഴിഞ്ഞു. അദ്ദേഹവും മറിയുമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ്‌ നല്‍കിപ്പോന്നത്. ഞങ്ങള്‍ മറിയ മഹലില്‍ ചെല്ലുമ്പോള്‍ മറിയുമ്മയുടെ മൂത്ത മകള്‍ കുഞ്ഞാച്ചു എന്ന ഓമനപ്പേരുള്ള അയിഷ അവിടെയുണ്ട്. വര്‍ത്തമാനങ്ങളില്‍ അയിഷത്താത്തയും ഞങ്ങള്‍ക്കൊപ്പം കൂടി. ഒരു ദിവസം മുഴുവന്‍ കേട്ടിരുന്നാലും തീരാത്തത്രയും കഥകള്‍ കേള്‍ക്കാന്‍ വളരെ പരിമിതമായ സമയവുമായാണ്‌ ഞങ്ങള്‍ ചെന്നതല്ലോ എന്ന സങ്കടം മാത്രമായിരുന്നു ഞങ്ങള്‍ക്ക്.

മാളിയേക്കലിലെ പുരോഗമനജീവിതരീതികളും മറ്റും പറയുന്ന കൂട്ടത്തില്‍ റേഡിയോ എന്ന കണ്ടുപിടുത്തം സംസാരത്തിലേക്ക് കടന്നുവന്നു. അക്കാലത്ത് റേഡിയോ എന്നത് സാധാരണക്കാര‌ന് ഒരു അത്ഭുത വസ്തുവാണ്‌. ദിവസം മുഴുവനും ശബ്ദം കേള്‍പ്പിച്ചുകൊണ്ടിരുന്ന ഈ പെട്ടി, ചെകുത്താന്റെ ആലയമാണ് എന്നൊക്കെ പലരും വിശ്വസിക്കുകയും ചെയ്തിരുന്നു.

അതിന്റെ ചുവടുപിടിച്ച് പഴയകാല കമ്മ്യൂണിസ്റ്റും അഭിഭാഷകനുമായിരുന്ന ശ്രീമാന്‍ ഓ. അബ്ദുള്ള എഴുതി, ശ്രീ. ടി.സി.ഉമ്മൂട്ടി സംഗീതം ചെയ്ത ഒരു മനോഹരമായ ഗാനമുണ്ട്. റേഡിയോയെപ്പറ്റിയുള്ള ആ ഗാനം കോഴിക്കോട് ആകാശവാണി നിലയത്തിനു വേണ്ടി മാളിയേക്കലിന്റെ മുകളിലെ നിലയിലെ പ്രൌഡഗംഭീരമായ വലിയ ഹാളില്‍ വെച്ച് റെക്കോഡ് ചെയ്തപ്പോള്‍ അതിനു്‌ തബല വായിച്ചത് ശ്രീ മസൂദും, ഹാര്‍മോണിയം വായിച്ചത് ട്യൂണ്‍ നല്‍കിയ ശ്രീ.ടി.സി.ഉമ്മൂട്ടിയുമാണ്. ഗാനാലാപനം മറിയുമ്മയുടെ മകളായ സാറയും, സെയ്ദ, ഫാത്തിമ എന്നീ കുടുംബാഗങ്ങളുമാണ്. അന്നതിനു്‌ കോറസ്സ് പാടിയ അയിഷത്താത്ത ഇപ്പോള്‍ ദാ ഞങ്ങളുടെ മുന്നിലുണ്ട്.

"ആ പാട്ടൊന്ന് പാടിക്കൊടുക്ക് മോളേ"

...എന്ന് മറിയുമ്മ പറഞ്ഞുതീരലും ഞങ്ങള്‍ക്ക് വേണ്ടി അയിഷത്താത്ത ആ ഗാനം ആലപിക്കുകയായി. ഞാന്‍ ആദ്യമേ പറഞ്ഞിരുന്നില്ലേ, സംഗീതം മാളിയേക്കലില്‍ എല്ലാവരുടെയും രക്തത്തിലുണ്ട്. അത് വെളിയില്‍ പ്രകടിപ്പിക്കാന്‍ യാതൊരു തരത്തിലുള്ള സങ്കോചവും ആര്‍ക്കുമില്ല. ഞാനെന്റെ മൊബൈല്‍ ഫോണിലെ വോയ്സ് റെക്കോഡര്‍ ഓണ്‍ ചെയ്യുന്നതിനുമുന്നേ മനോഹരമായ ആ വരികള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.



കേട്ടു ഞാന്‍ ഇന്നെന്റെ
ഖല്‍ബില്‍ കുളിര്‍ക്കുന്ന
മട്ടിലെന്റുമ്മാച്ചൂ

പരിശുദ്ധ ഖുറാനിലുള്ളോരു
സൂറത്തിന്റോത്താദ്
ഓത്താണെന്റുമ്മാച്ചൂ

നേരം വെളുത്തപ്പം
ഞാനെന്റെ റേഡിയോ
മെല്ലെത്തുറന്നാണേ

അന്നേരത്തെ നെഞ്ചില്‍
കുളിരില്‍ രാഗത്തില്‍ ഓതുന്ന
ഓത്തു ഞാന്‍ കേട്ടാണേ

രാഗവും താളവുമെന്‍
ഓത്തിന്റെയുള്ളിലെ
സംഗീതം വേറാണേ

എന്റുമ്മാച്ചൂ
ചായിപ്പിന്റുള്ളില്
കാണുന്ന റേഡിയോ
ശെയ്ത്താന്റെ വീടല്ല.


ഞങ്ങള്‍ ശരിക്കും ഭാഗ്യം ചെയ്തവര്‍ തന്നെയാണെന്നെനിക്ക് തോന്നി. മാളിയേക്കല്‍ വരാനും മറിയുമ്മയെ കാണാനും വിശേഷങ്ങള്‍ കേള്‍ക്കാനുമൊക്കെ സാധിച്ചതുകൂടാതെ ആകാശവാണിയുടെ തുടക്കകാലങ്ങളില്‍ റെക്കോഡ് ചെയ്യപ്പെട്ട ഒരു പഴയ ഗാനം അതന്ന് പാടിയ കൂട്ടത്തിലൊരാളുടെ ശബ്ദത്തില്‍ത്തന്നെ കേള്‍ക്കാന്‍ പറ്റിയിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും, മറവിയുടെ കയങ്ങളിലേക്കു്‌ വീണുപോകാത്ത നിമിഷങ്ങളായിരിക്കും ഇതെല്ലാം.

സംസ്ഥാനാടിസ്ഥാനത്തില്‍ തലശ്ശേരിയില്‍ വെച്ചുനടന്ന പ്രഥമ മാപ്പിളപ്പാട്ട് മത്സരത്തിന്റെ സൂത്രധാരക, തലശ്ശേരിയുടെ തനത് ഭക്ഷണരുചി പകര്‍ന്നുകൊടുക്കാന്‍ ഭക്ഷണമേളകള്‍ സംഘടിപ്പിക്കുകയും, തലശ്ശേരി മുസ്ലീം വനിതാ സമാജത്തിന്റെ സാരഥിയായി നിന്ന് സാമൂഹ്യസേവനരംഗത്ത് തന്നാലാകുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരു മാതൃകാ വനിത. ഇങ്ങനെയൊക്കെയാണെങ്കിലും മറിയുമ്മയുടെ കാര്യത്തില്‍ കേരളം വേണ്ടത്രയ്ക്ക് ആദരവ് കാണിച്ചിട്ടുണ്ടോ ? ചരിത്രത്തില്‍ ഇടം പിടിച്ച ഒരു സ്ത്രീ എന്ന നിലയ്ക്ക് വേണ്ടത്ര പ്രാധാന്യം നമ്മളവര്‍ക്ക് കൊടുത്തിട്ടുണ്ടോ ? സംശയമാണ്. ഇടയ്ക്കിടയ്ക്ക് മലബാര്‍ മേഖലകളിലൊക്കെ ചില ബഹുമാനിക്കലും ആദരവ് പ്രകടിപ്പിക്കലുമൊക്കെ നടക്കുന്നുണ്ടെങ്കിലും സംസ്ഥാനം മറിയുമ്മയെ വേണ്ട വിധത്തില്‍ ഗൌനിച്ചിട്ടില്ലെന്ന് തന്നെയാണു്‌ എന്റെ അഭിപ്രായം.


തലശ്ശേരി മുസ്ലീം അസോസ്സിയേഷനും കേരള മാപ്പിള കേന്ദ്രയും ചേര്‍ന്ന് 2008 മാര്‍ച്ചില്‍ ആദരിക്കുന്നു

നിറഞ്ഞ മനസ്സോടെ മറിയ മഹളില്‍ നിന്ന് യാത്രപറഞ്ഞിറങ്ങുന്നതിന്‌ മുന്നായി എനിക്കഹങ്കരിക്കാനായി, എന്നെന്നും ഓര്‍ത്തുവെയ്ക്കാനായി, ആ സ്ത്രീരത്നം തന്റെ കൈകള്‍ എന്റെ ശിരസ്സിലേക്കുയര്‍ത്തി അനുഗ്രഹിച്ചു.

"God bless you son"

.......തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.....

Monday 8 February 2010

മാര്‍ത്തോമ്മാലയം

കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ ഭാഗം 5 ആണിത്.
മുന്‍ ഭാഗങ്ങള്‍ വായിക്കാന്‍ നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക 1, 2, 3, 4
----------------------------------------------------------------------------
കൊടുങ്ങലൂരിലെ പ്രസിദ്ധമായ മറ്റൊരു ദേവാലയമാണ്, ചേരമാന്‍ പള്ളിയില്‍ നിന്ന് ഗുരുവായൂര്‍ റൂട്ടില്‍ 2 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന പ്രസിദ്ധമായ കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്രം. കാവുതീണ്ടലും, കോഴിക്കല്ല് മൂടലും, ഭരണിപ്പാട്ട് അഥവാ തെറിപ്പാട്ടുമൊക്കെയായി കേരളത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള കുരുംബ ഭഗവതി ക്ഷേത്രം എന്ന കൊടുങ്ങലൂരമ്പലത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളുമൊക്കെ നിരവധിയാണ്.

കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്രം - ചിത്രത്തിനു്‌ കടപ്പാട് വിക്കിപ്പീഡിയ

പത്തനിക്കടവുള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കണ്ണകിയെ പ്രതിഷ്ഠിച്ച് ഈ ക്ഷേത്രമുണ്ടാക്കിയത് ചേരന്‍ ചെങ്കുട്ടുവന്‍ എന്ന രാജാവാണ്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ് സംഘകാലത്തുണ്ടാക്കിയ ഈ ഭഗവതിക്ഷേത്രം കരുതപ്പെടുന്നത്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഒരു ജൈനക്ഷേത്രമായിരുന്നു എന്നും ഒരു കേള്‍വിയുണ്ട്. എനിക്കേറ്റവും കൌതുകകരമായിത്തോന്നിയിട്ടുള്ള ഒരു ഭാഷ്യം അതാണ്. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതി ക്ഷേത്രമായി മാറിയെന്ന് പറയുന്നത്, പെരുമ്പാവൂരിനടുത്തുള്ള മറ്റൊരു ജൈനക്ഷേത്രമായ കല്ലില്‍ ഭഗവതി ക്ഷേത്രത്തിന്റെ ആവിര്‍ഭാവമൊക്കെ കണക്കിലെടുത്ത് നോക്കിയാല്‍ നിഷേധിക്കാന്‍ പറ്റാത്ത കാര്യങ്ങളായി കണക്കാക്കേണ്ടി വരും. ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികള്‍ വികസിപ്പിച്ചെടുത്ത ഓരോ വഴികളാണു്‌ തെറിപ്പാട്ടും കാവുതീണ്ടലുമൊക്കെയെന്നുള്ള പറച്ചിലുകള്‍ എത്രത്തോളം വാസ്തവമാണെന്ന് ഉറപ്പൊന്നുമില്ല. കേട്ടുകേള്‍വികള്‍ക്കും ഐതിഹ്യങ്ങള്‍ക്കും നാട്ടുകഥകള്‍ക്കുമിടയില്‍ ഇങ്ങനൊരു കഥ അധികം ആരും കേട്ടിട്ടുണ്ടാവില്ലെന്നുള്ളതാണ് വാസ്തവം.

സമയക്കുറവുകൊണ്ടും രാവിലെ മുതല്‍ മത്സ്യമാംസാദികള്‍ കഴിച്ചിരുന്നതുകൊണ്ടും കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്രത്തിലേക്കുള്ള യാത്ര ഞങ്ങള്‍ ഒഴിവാക്കി.

ഭാരതത്തിലെ ക്രൈസ്തവസഭയുടെ പിള്ളത്തൊട്ടില്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന മാര്‍ത്തോമ്മാലായത്തിലേക്കായിരുന്നു അടുത്ത യാത്ര. ചേരമാന്‍ മസ്ജിദില്‍ നിന്ന് അഴീക്കോട് ലക്ഷ്യമാക്കി 5 കിലോമീറ്ററോളം യാത്ര ചെയ്താല്‍ മാര്‍ത്തോമ്മാ നഗറില്‍ എത്താം.
മാര്‍ത്തോമ്മാലയം

ഇന്ത്യയിലെ ഇസ്ലാമിന്റെ ആദ്യത്തെ പള്ളി കൊടുങ്ങലൂര്‍ സ്ഥാപിതമായപ്പോള്‍,അതിനുമൊക്കെ മുന്‍പേതന്നെ യേശുവിന്റെ ശിഷ്യരില്‍ ഒരാളായ തോമസ്ലീഹ വന്നിറങ്ങിയതും ഇവിടെത്തന്നെയാണെന്നുള്ളത്, ചരിത്രം മുസരീസിനു്‌ സമ്മാനിച്ച യാദൃശ്ചികതകളില്‍ ഒന്നുമാത്രമായിരിക്കാം.
തോമാശ്ലീഹ - ഒരു രേഖാചിത്രം

ക്രിസ്തുവിന്റെ സന്ദേശവുമായി തോമാശ്ലീഹ കൊടുങ്ങലൂരിലെത്തിയത് എ.ഡി. 52 നവംബര്‍ 21നാണെന്നാണു്‌ കണക്കാക്കപ്പെടുന്നത്. 12 ശിഷ്യന്മാരില്‍ പത്രോസ് , യോഹന്നാന്‍ എന്നിവര്‍ കഴിഞ്ഞാല്‍ തോമശ്ലീഹയുടേതാണു്‌ ഏറ്റവും വിശിഷ്ട വ്യക്തിത്ത്വം എന്നാണു്‌ സുവിശേഷങ്ങളില്‍ . മുസരീസിലാണു്‌ തോമസ്ലീഹ കപ്പലിറങ്ങിയതെന്നും മദ്രാസിലെ മൈലാപ്പൂരില്‍ വെച്ചാണു്‌ തോമസ്ലീഹ മരണമടഞ്ഞതെന്നുമാണു്‌‌ വിശ്വാസം.
തോമാസ്ലീഹയുടെ കടല്‍ യാത്രകളുടെ മാപ്പ്

മുസരീസില്‍ വന്നിറങ്ങുന്ന തോമസ്ലീഹ

കേരളത്തില്‍ തോമാശ്ലീഹ ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചതിന്റെ ഫലമായി ഏഴു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈസ്തവ സമൂഹങ്ങള്‍ ഉണ്ടായി എന്നാണു്‌ വിശ്വസിക്കപ്പെടുന്നത്. ക്രൈസ്തവസഭകള്‍ രൂപം കൊണ്ട 7 സ്ഥലങ്ങളില്‍ ഒന്ന് എന്ന നിലയിലല്ലാതെ, മാര്‍ത്തോമ്മാലയം അടക്കമുള്ള ദേവാലയങ്ങള്‍ തോമാസ്ലീഹ പണികഴിപ്പിച്ചു എന്ന് കണക്കാക്കപ്പെടുന്നില്ല. എന്തായാലും ആ 7 ദേവാലയങ്ങളില്‍ ഒന്ന് കൊടുങ്ങലൂരെ ഈ പള്ളിതന്നെയാണ് എന്നുള്ളതാണ് ഇതിന്റെ പ്രാധാന്യം. പാലയൂര്‍ , കോട്ടക്കാവ്(പറവൂര്‍ ) , കോക്കമംഗലം(ചേര്‍ത്തല), നിരണം(തൃപ്പാലേശ്വരം), കൊല്ലം, നിലയ്ക്കല്‍ , ദേവാലയങ്ങളാണ് മറ്റുള്ള 6 ദേവാലയങ്ങള്‍ .
പള്ളിക്കകത്തുള്ള തോമാസ്ലീഹയുടെ പ്രതിമ

എന്റെ വീട്ടില്‍ നിന്ന് കഷ്ടി 15 മിനിറ്റ് പോയാല്‍ എത്തിച്ചേരാവുന്ന ഇത്രയും പ്രാധാന്യമുള്ളതും പുരാതനവുമായ മാര്‍‍ത്തോമ്മാലയത്തില്‍ എനിക്ക് വരാന്‍ യോഗമുണ്ടായത് ഇന്നുമാത്രം. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ പോകാനുണ്ടായ അവസരം അത്ര വലിയ സംഭവമൊന്നുമല്ല എന്ന തോന്നലാണ് മാര്‍ത്തോമ്മാനഗറില്‍ നില്‍ക്കുമ്പോള്‍ എനിക്കുണ്ടായത്. അതിന് കാരണം മാര്‍ത്തോമ്മാലായത്തിന്റെ മറ്റൊരു സവിശേഷതകൂടെയാണു്‌.
ഇന്ത്യയിലേക്ക് തിരിക്കുന്നതിനു്‌ മുന്‍പ് ഗലീലി തീരത്ത് തോമാസ്ലീഹ

മൈലാപ്പൂരില്‍ വെച്ച് അന്ത്യം സംഭവിച്ച തോമാസ്ലീഹയുടെ അസ്ഥികള്‍ മൂന്നാം നൂറ്റാണ്ടില്‍ ഏദാസായിലേക്ക് കൊണ്ടുപോയെന്ന് കണക്കാക്കപ്പെടുന്നു. മദ്ധ്യശതകത്തില്‍ കുരിശുയുദ്ധം നടക്കുന്നതിനിടയില്‍ തോമാസ്ലീഹയുടെ അസ്ഥികള്‍ ഇറ്റലിയിലേക്കും അവിടെനിന്ന് ഇറ്റലിയുടെ കിഴക്കേ തീരത്തുള്ള ‘ഒര്‍ത്തോണ’പട്ടണത്തിലേക്കും കൊണ്ടുപോകപ്പെട്ടു. ആ ദേവാലയത്തില്‍ നിന്ന് 1953ല്‍ കര്‍ദ്ദിനാള്‍ ടിസ്സറങ്ങ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കേരളസന്ദര്‍ശന സമയത്ത് ആ തിരുശേഷിപ്പിന്റെ ഒരു ഭാഗം, അഥവാ തോമാസ്ലീഹയുടെ വലതുകരത്തിന്റെ അസ്ഥി ഇവിടെ കൊണ്ടുവന്നു. ചുരുക്കിപ്പറഞ്ഞാല്‍ മാര്‍ത്തോമ്മാലയം തോമാസ്ലീഹയുടെ കേരളത്തിലെ ഖബറിടം കൂടെയാണ്.
അള്‍ത്താരയും അതിനകത്ത് തോമാസ്ലീഹയുടെ അസ്ഥി സൂക്ഷിക്കുന്ന പേടകവും

തോമാസ്ലീഹയുടെ വലതുകരത്തിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അസ്ഥി ഈ ദേവാലയത്തിലുണ്ടെന്ന് ഇത്രയും നാള്‍ എനിക്കറിയില്ലായിരുന്നു. ചേരമാന്‍ മ്യൂസിയത്തിലെ ജോലിക്കാരനാണ് ആ വിവരം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത്. ദേവാലയത്തിന്റെ അള്‍ത്താരയില്‍ ചില്ലുകൊണ്ടുള്ള ഒരു വലിയ ചുമരാണ് കാണുന്നത്. അതിനകത്തെവിടെയെങ്കിലുമായിരിക്കും അസ്ഥി സൂക്ഷിച്ചിരിക്കുന്നത് എന്നെനിക്ക് തോന്നി. പുറത്ത് സോവനീര്‍ ഷോപ്പിലെ സ്ത്രീയോട് അതിനെപ്പറ്റി തിരക്കി. അവര്‍ തന്നെയാണ് ആ അള്‍ത്താരയുടെ സൂക്ഷിപ്പുകാരി എന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. കാത്തുനിന്നിരുന്ന കന്യാസ്ത്രീകള്‍ അടക്കമുള്ള 20ല്‍ ത്താഴെ വരുന്ന വിശ്വാസികള്‍ക്കായി അവര്‍ ആ അള്‍ത്താരയുടെ ചില്ല് തുറക്കുകയും ഫോട്ടോഗ്രാഫി അനുവദനീയമല്ല എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊണ്ട് അതിനകത്തേക്ക് എല്ലാവരേയും കടക്കാന്‍ അനുവദിക്കുകയും ചെയ്തു. നിരനിരയായി നിന്ന് എല്ലാവരും ആ തിരുശേഷിപ്പിനെ വണങ്ങി. ചിലര്‍ ആ അസ്ഥി ഇട്ടുവെച്ചിരിക്കുന്ന കൊച്ച് ചില്ലുകൂടിനെ കൈതൊട്ട് മുത്തി.
മാര്‍ത്തോമ്മാലയത്തിന്റെ ഉള്‍വശം

മാര്‍ത്തോമ്മാ നഗറില്‍ നിന്ന് നോക്കിയാല്‍ കാണുന്ന മറുകര മുനമ്പമാണ്. മുനമ്പം ബീച്ചില്‍ നിന്ന് തുടങ്ങി അഴിമുഖത്തൂടെയൊക്കെ നീങ്ങി കായലിന്റേയും കടലിന്റേയുമൊക്കെ ഭംഗി സഞ്ചാരികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള ബോട്ട് സര്‍വ്വീസുകള്‍ വിപുലമായി നടക്കുന്നുണ്ടിപ്പോള്‍ ഇവിടെ.
കായലിലൂടെ വിനോദയാത്ര നടത്തുന്ന ബോട്ടുകളിലൊന്നു്‌

കുറേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരു ബോട്ടില്‍ വന്നിറങ്ങി, ഒപ്പം രണ്ട് ബസ്സ് നിറയെ നേപ്പാളില്‍ നിന്നുള്ള സഞ്ചാരികളും. മുസരീസ് പദ്ധതി ആവിഷ്ക്കരിക്കപ്പെടുന്നതിന് മുന്നേ തന്നെ തീര്‍ത്ഥാടകരുടെ ബാഹുല്യമാണ് കാണാന്‍ കഴിയുന്നത്. ജലപാതകളിലൂടെ പള്ളിപ്പുറം കോട്ട(ആയക്കോട്ട), കോട്ടപ്പുറം കോട്ട, കോട്ടയില്‍ കോവിലകം, മാര്‍ത്തോമ്മാലയം എന്നീയിടങ്ങളിലേക്ക് യാത്രാസൌകര്യമൊരുക്കിയാല്‍ കാലക്രമേണ മുസരീസിലേക്ക് അല്ലെങ്കില്‍ ക്രാങ്കനൂരെന്ന കൊടുങ്ങലൂരേക്ക് സഞ്ചാരികളുടെ ഒരു വലിയ തള്ളിച്ചതന്നെ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. 'മുസരീസ് ഹെറിറ്റേജ് ' എന്ന പദ്ധതികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശമാക്കുന്നതും അതുതന്നെയാണ്.

മുസരീസിലെ ഈ യാത്രയ്ക്കായി സ്ഥലകാല ചരിത്രമൊക്കെ ചികയുന്നതിനിടയില്‍ ചെറുപ്പം മുതലേ കൊണ്ടുനടക്കുന്ന ഒരു ചോദ്യത്തിനുത്തരം എനിക്ക് വീണുകിട്ടി. കുട്ടിക്കാലത്ത്‌ സ്ഥിരമായി ഇടപഴകിയിരുന്ന മുഹമ്മദുണ്ണി മാപ്പിളയും , പത്രോസ് മാപ്പിളയും എന്തുകൊണ്ട് മാപ്പിള എന്ന് ചേര്‍ത്ത് വിളിക്കപ്പെടുന്നു? ഒരാള്‍ മുസ്ലീമും മറ്റൊരാള്‍ കൃസ്ത്യാനിയുമാണല്ലോ ? ഒന്നിലധികം കാരണങ്ങള്‍ മനസ്സിലാക്കാനായെങ്കിലും എനിക്കതില്‍ രസകരവും വിശ്വാസയോഗ്യവുമായി തോന്നിയ വിശദീകരണം ഇപ്രകാരമാണു്‌.

ദ്രാവിഡസംസ്ക്കാര കാലത്ത്, ബുദ്ധമതം സ്വീകരിക്കുന്നതിനെ ബുദ്ധമാര്‍ഗ്ഗം ചേരുക അഥവാ ധര്‍മ്മമാര്‍ഗ്ഗം ചേരുക എന്നാണു്‌ പറഞ്ഞിരുന്നത്. പിന്നീട് എല്ലാ മതപരിവര്‍ത്തനങ്ങളും മാര്‍ഗ്ഗം കൂടുക എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അങ്ങിനെ മതം മാറുന്നവരെ മാര്‍ഗ്ഗപ്പിള്ള എന്നും പറയാന്‍ തുടങ്ങി. മാര്‍ഗ്ഗപ്പിള്ള ലോപിച്ച് മാപ്പിള എന്നു്‌ പറയപ്പെടാന്‍ തുടങ്ങിയെന്നാണു്‌ കരുതുന്നത്. കൃസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും ഒരേപോലെ മതപരിവര്‍ത്തനം നടന്നിരുന്ന ഇടമായതുകൊണ്ടാകാം മുസരീസ് ഭാഗത്ത് രണ്ട് തരത്തിലുള്ള മാപ്പിളമാരേയും ധാരാളമായി കാണാന്‍ കഴിയുന്നതെങ്കിലും തെക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും വടക്കന്‍ ജില്ലകളില്‍ മുസ്ലീങ്ങളുമാണു്‌‌ മാപ്പിള എന്ന പേരില്‍ കൂടുതലായും അറിയപ്പെടുന്നത്. ഇപ്പറഞ്ഞതൊക്കെ കഴിഞ്ഞ കഥകള്‍, അല്ലെങ്കില്‍ മറവിയുടെ താളുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന കഥകളാണു്‌. ഈ തലമുറയില്‍ ഇത്തരം വിളികള്‍ തന്നെ ഇല്ലെന്ന് മാത്രമല്ല അതിന്റെ പിന്നിലുള്ള ചരിത്രവും വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്‌.

അസ്തമിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കതിരോന്‍ പടിഞ്ഞാറേച്ചക്രവാളത്തില്‍ നിറക്കൂട്ടുകള്‍ വാരിത്തേക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ക്ക് മുനമ്പത്തുള്ള തറവാട്ടുവീട്ടിലേക്ക് മടങ്ങാനുള്ള സമയമാകുന്നു. അഴീക്കോടുനിന്ന് 'തുറമുഖം' മുറിച്ചുകടക്കുന്ന ജങ്കാറില്‍ വാഹനങ്ങള്‍ മുനമ്പത്തേക്ക് കൊണ്ടുപോകാനുള്ള സൌകര്യമുണ്ടിപ്പോള്‍ . മുസരീസിലെ കാഴ്ച്ചകള്‍ തീര്‍ന്നിട്ടില്ല എന്നെനിക്കറിയാം . പക്ഷെ ഒരു ദിവസം ഇത്രയൊക്കെയേ കണ്ടുതീര്‍ക്കാനാവൂ. ചേന്ദമംഗലത്തെ പാലിയം കൊട്ടാരം , പറവൂരിലെ ജ്യൂതപ്പള്ളി എന്നിങ്ങനെ ചരിത്രപ്രാധാന്യമുള്ള ഒരുപാട് വഴികളിലൂടെ ഇനിയും പോകാനുണ്ട്. അധികം വൈകാതെ തന്നെ മുസരീസിലെ ബാക്കിയുള്ള കാഴ്ച്ചകള്‍ ഒന്നൊഴിയാതെ കണ്ടുതീര്‍ക്കണമെന്നും മനസ്സിലാക്കണമെന്നും ഞാന്‍ ഉറപ്പിച്ചിട്ടുള്ളതുതന്നെയാണു്‌.

ചക്രവാളത്തിലെ നിറങ്ങള്‍ നിശയുടെ കറുത്ത തിരശ്ശീലയ്ക്കു പിന്നില്‍ പോയൊളിക്കുന്നതിനു മുന്‍പേ വീടണയണം, അത്താഴത്തിനുശേഷം പെട്ടെന്നുതന്നെ നിദ്രപൂകണം. രണ്ടാം ദിവസമായ നാളെ, തീരദേശപാതയിലൂടെ(N.H.17)വടക്കന്‍ ജില്ലകളിലേക്കുള്ള യാത്ര അല്‍പ്പം ദൈര്‍ഘ്യമുള്ളതാണ്.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 1 February 2010

ചേരമാന്‍ പള്ളി

കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ നാലാം ഭാഗമാണിത്.
മുന്‍ ഭാഗങ്ങള്‍ വായിക്കാന്‍ നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക
1, 2, 3
--------------------------------------------------------
ചേരമാന്‍ പറമ്പില്‍ നിന്ന്‌ കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് കടക്കുന്നതിന്‌ ഒരു കിലോമീറ്റര്‍ മുന്നേ നാഷണല്‍ ഹൈവേയില്‍ത്തന്നെ(N.H. 17) എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ചേരമാന്‍ ജുമാ മസ്ജിദ് നിലകൊള്ളുന്നത്. എണ്ണിത്തിട്ടപ്പെടുത്താന്‍ ആകാത്തത്രയും പ്രാവശ്യം ഞാനീ മസ്ജിദിന് മുന്നിലൂടെ കടന്നുപോയിരിക്കുന്നെങ്കിലും ഇതിപ്പോള്‍ ആദ്യമായിട്ടാണ് ആ പള്ളിവളപ്പിലേക്ക് കടക്കുന്നത്.

ഭാരതത്തിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ മസ്ജിദ് എന്നതുകൊണ്ടുതന്നെ ഈ ദേവാലയത്തിനൊപ്പം കൊടുങ്ങല്ലൂരിന്റേയും ചരിത്രത്തിലുള്ള സ്ഥാനം വളരെ വലുതാണ്‌.
ചേരമാന്‍ ജുമാ മസ്ജിദ് - കൊടുങ്ങലൂര്‍

കൊടുങ്ങലൂര്‍ തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഒരിക്കല്‍ ആകാശത്ത് ചന്ദ്രന്‍ രണ്ടായി പിളര്‍ന്ന് പോകുന്നതായ അസാധാരണമായ ഒരു സ്വപ്നം കാണുകയുണ്ടായി. ശ്രീലങ്കയിലെ ആദം മലയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ആദം നബിയുടെ കാല്‍പ്പാട് കാണാനായി ഇറങ്ങിത്തിരിച്ച അറബ് വംശജരായ തീര്‍ത്ഥാടകസംഘം(കച്ചവടസംഘമാണെന്നും പറയപ്പെടുന്നു) മുസരീസിലെത്തി പെരുമാളിനെ സന്ദര്‍ശിച്ചപ്പോള്‍ , വിശുദ്ധ ഖുറാനിലെ 54:1-5 ഭാഗത്തിലൂടെ ഈ സ്വപ്നത്തെപ്പറ്റി നല്‍കിയ വ്യാഖ്യാനം പെരുമാളിന് ബോദ്ധ്യപ്പെടുകയും, മുഹമ്മദ് നബിയെപ്പറ്റിയൊക്കെ അവരുടെ അടുക്കല്‍ നിന്ന് മനസ്സിലാക്കി ഇസ്ലാമില്‍ ആകൃഷ്ടനായ പെരുമാള്‍ തന്റെ സാമ്രാജ്യം പലതായി വിഭജിച്ച് പ്രാദേശിക പ്രമുഖരെ ഏല്‍പ്പിച്ച് സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് മക്കയിലേക്ക് യാത്രയാകുകയും പ്രവാചക സന്നിധിയില്‍ എത്തിച്ചേര്‍ന്ന് താജുദ്ദീന്‍ എന്ന് നാമപരിവര്‍ത്തനം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് വിശ്വാസം.

കുറേക്കാലം മുഹമ്മദ് നബിയോടൊപ്പം ചിലവഴിച്ച ചേരമാന്‍ പെരുമാള്‍ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചുതന്നെ മരണമടഞ്ഞു. മരിക്കുന്നതിന് മുന്നേ ചേരമാന്‍ പെരുമാള്‍ ചില കുറിമാനങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മാലിക്‍ ഇബ്‌നു ദിനാര്‍ എന്ന യോഗിവര്യന് കൈമാറി. മാലിക് ദിനാര്‍ പിന്നീട് കേരളത്തില്‍ എത്തുകയും, പെരുമാളിന്റെ കത്തുകള്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് കൈമാറുകയും, കേരളത്തില്‍ വിവിധയിടങ്ങളിലായി മുസ്ലീം പള്ളികള്‍ പണിയാനുള്ള അനുമതി പ്രാദേശിക ഭരണകര്‍ത്താക്കളില്‍നിന്നും നേടുകയും ചെയ്തു. അങ്ങനെ മാലിക്ക് ദിനാര്‍ തന്നെ പ്രഥമ ഖാസിയായി ഇന്ത്യയിലെ ആദ്യത്തെ ഈ മുസ്ലീം പള്ളി, A.D. 629 ല്‍ കൊടുങ്ങലൂരില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.

ചേരമാന്‍ പെരുമാളിന്റേയും ചേരമാന്‍ പള്ളിയുടേയും ചരിത്രം പറയുമ്പോള്‍ ചരിത്രകാരന്മാര്‍ തമ്മിലുള്ള തര്‍ക്കവിഷയങ്ങളും പറയാതിരിക്കാനാവില്ല. ഒരു പഴയ ബുദ്ധവിഹാരം പള്ളി പണിയാനായി വിട്ടുകൊടുത്തു എന്നാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വ്യാഖ്യാനിക്കുന്നത്. ചേരമാന്‍ പെരുമാള്‍ ബുദ്ധമതമാണ് സ്വീകരിച്ചതെന്നും അക്കാലത്ത് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല എന്നും , ചേരമാന്‍ പെരുമാള്‍ തന്നെയാണോ പള്ളിബാണ പെരുമാള്‍ എന്നും , ഇതില്‍ ഏത് പെരുമാളാണ് മക്കയിലേക്ക് പോയത് , എന്നുമൊക്കെയുള്ള കാര്യങ്ങള്‍ ഇന്നും ചരിത്രകാരന്മാര്‍ക്ക് തര്‍ക്കവിഷയം തന്നെയാണെങ്കിലും മാലിക്ക് ദിനാറുമായി ബന്ധമുള്ള ഒരു ചേരരാജാവ് ഉണ്ടായിരുന്നു എന്നും, അദ്ദേഹം മുസ്ലീമായിട്ടുണ്ടെന്നും , മക്കയിലേക്ക് പോകുകയും മടക്കയാത്രയ്ക്കിടയില്‍ അറബ് ഉപഭൂഖണ്ഡത്തില്‍ വെച്ച് കാലം ചെയ്തു എന്നുള്ള കാര്യത്തിലും, ചേരമാന്‍ പള്ളി തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന കാര്യത്തിലുമൊക്കെ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വില്യം ലോഗന്റെ മലബാര്‍ മാനുവലിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

പതിനൊന്നാം നൂറ്റാണ്ടില്‍ ഈ പള്ളി ആദ്യമായി പുനരുദ്ധരിക്കപ്പെട്ടു എന്ന് കരുതിപ്പോരുന്നു. 1974 ല്‍ പള്ളിയുടെ ഉള്‍ഭാഗത്തെ പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്‍ഭാഗമൊക്കെ ഉടച്ച് വാര്‍ക്കുകയുണ്ടായി. 1994ലും 2001ലും പഴയ പള്ളിയില്‍ പുനര്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ട്.
ചേരമാന്‍ പള്ളിയുടെ ഒരു പഴയ ചിത്രം - ( കടപ്പാട് - ചേരമാന്‍ മസ്ജിദ്)

എന്തുകൊണ്ടോ പഴയ പള്ളിയുടെ 100ല്‍ ഒന്ന് മനോഹാരിതപോലും പുതുക്കിപ്പണിത മുന്‍ഭാഗത്ത് എനിക്കിതുവരെ കാണാനായിട്ടില്ല. കേരളത്തനിമയുണ്ടായിരുന്ന പള്ളി അതുപോലെ തന്നെ പുതുക്കിപ്പണിഞ്ഞ് പൈതൃകം നിലനിര്‍ത്തുന്നതിന് പകരം ആധുനികതയുടെ പുറംചട്ടയിടീച്ചപ്പോള്‍ , ചരിത്രത്തില്‍ നിന്നുതന്നെ അകന്ന് മാറിപ്പോയതായി എനിക്ക് തോന്നുന്നത് ഞാനൊരു പഴഞ്ചനായതുകൊണ്ടാകാം. പ്രസംഗപീഠവും തൂക്കുവിളക്കുമൊക്കെയിരിക്കുന്ന ഉള്‍ഭാഗത്തിന്റെ പഴമ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്.

മാലിക്ക് ദിനാര്‍ തന്നെ സ്ഥാപിച്ചിട്ടുള്ള കാസര്‍ഗോട് ജില്ലയിലെ തളങ്ങരയിലുള്ള ‘മാലിക്ക് ദിനാര്‍ ‘ എന്ന പള്ളി പഴക്കം നഷ്ടപ്പെടാതെ ഇന്നും നിലനിര്‍ത്തിയിരിക്കുന്നു എന്നത് ഇക്കൂട്ടത്തില്‍ പ്രത്യേകം സ്മരിക്കേണ്ടതാണ്.

മതസൌഹാര്‍ദ്ദത്തിനും പേരുകേട്ടതാണ്‌ ചേരമാന്‍ പള്ളി. റമദാന്‍ നാളുകളില്‍ മറ്റ് മതസ്ഥര്‍ നടത്തുന്ന ഇഫ്‌ത്താര്‍ വിരുന്നുകളും വിജയദശമി നാളുകളില്‍ ഇവിടെ വെച്ച് വിദ്യാരംഭം നടത്താന്‍ മുസ്ലീം ഇതര സമുദായക്കാര്‍ വരുന്നതുമൊക്കെ ഇവിടത്തെ അതുല്യമായ മതമൈത്രിയുടെ ഉദാഹരണങ്ങളാണ്.


പള്ളിയിലെ അതിപുരാതനമായ തൂക്കുവിളക്ക് (കടപ്പാട് - ചേരമാന്‍ മസ്ജിദ്)

വിളക്ക് കത്തിച്ചുവെച്ചിരുന്ന ഇന്ത്യയിലെ ഏക മുസ്ലീം പള്ളി ഇതുമാത്രമായിരിക്കണം. ഇസ്ലാമിലില്ലാത്ത കാര്യങ്ങളാണ് വിളക്ക് കത്തിക്കുക എന്നതൊക്കെയെങ്കിലും ചേരമാന്‍ പള്ളിയില്‍ അതൊക്കെ പാരമ്പര്യത്തിന്റെ ഭാഗമായി തുടര്‍ന്ന് പോരുകയായിരുന്നു. ആദ്യകാലത്ത് വെളിച്ചം കിട്ടാന്‍ വേണ്ടി കത്തിച്ചുവെച്ചിരുന്ന വിളക്ക്, വൈദ്യുതി കടന്നുവന്നിട്ടും നിറയെ എണ്ണയിട്ട് കത്തിനിന്നിരുന്നെങ്കിലും ഈയടുത്ത കാലത്ത് വിളക്കിലെ തിരി അണയുകയായിരുന്നു. കരിയും പുകയുമൊക്കെയാണ് വിളക്കണയാനുള്ള കാരണങ്ങളായി പറയപ്പെടുന്നത്. എന്നിരുന്നാലും ജാതിമതഭേദമെന്യേ പള്ളി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ആഗ്രഹസാഫല്യത്തിനായി ഈ വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കുന്ന പതിവ് ഇന്നും തുടര്‍ന്നുപോരുന്നുണ്ട്.

വിദേശികളടക്കം ഒരുപാട് സഞ്ചാരികള്‍ പള്ളിവളപ്പില്‍ കറങ്ങിനടക്കുന്നുണ്ട്, ഞങ്ങളവിടെ ചെല്ലുമ്പോള്‍ . നിസ്ക്കാര സമയമായതുകൊണ്ടോ മറ്റോ ആകണം ഇപ്പോള്‍ പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ പറ്റില്ല എന്നാണു്‌ ഓഫീസില്‍ നിന്നും പറഞ്ഞത്. സാധാരണഗതിയില്‍ ചില ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രമേ അന്യമതസ്ഥര്‍ക്ക് കയറുന്നതിന് വിലക്കുള്ളൂ. മുസ്ലീം പള്ളികളിലും കൃസ്ത്യന്‍ പള്ളികളിലും ആര്‍ക്കും കയറുന്നതിന് വിലക്കൊന്നും പറഞ്ഞുകേട്ടിട്ടില്ല. എനിക്കങ്ങനെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടുമില്ല.

പ്രധാനവാതിലിന് ‌ മുന്നില്‍ നിന്നാല്‍ അകത്തേക്ക്‌ കയറാതെ തന്നെ പള്ളിക്കകത്തെ കാഴ്ചകള്‍ എല്ലാം വ്യക്തമാണ്‌. ഉത്തരത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന വെങ്കലത്തില്‍ തീര്‍ത്ത അതുപുരാതനമായ തൂക്കുവിളക്കും , മിഹ്‌റാബും , 900 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള പച്ചിലച്ചാറുകൊണ്ട് നിറം കൊടുത്തിരിക്കുന്ന‌ പ്രസംഗപീഠവുമെല്ലാം നോക്കി കുറച്ചുനേരം നിന്നതിനുശേഷം ഞങ്ങള്‍ പള്ളിക്ക് ഒരു വലം വെച്ചു.
പള്ളിയുടെ പുതുക്കിപ്പണിയൊന്നും നടത്താത്ത ഉള്‍ഭാഗം (കടപ്പാട്- ചേരമാന്‍ മസ്ജിദ്)

തന്റെ മകനായ ഹബീബ് ബിന്‍ മാലിക്കിനെ അടുത്ത ഖാസിയായി നിയമിച്ചതിനുശേഷം മാലിക്ക് ദിനാര്‍ കേരളത്തിലുടനീളം വിപുലമായി യാത്ര ചെയ്തു, പലയിടങ്ങളിലും പള്ളികള്‍ നിര്‍മ്മിച്ചു. പിന്നീട് അദ്ദേഹം അറേബ്യയിലേക്ക് മടങ്ങുകയും അവിടെ വെച്ച് മരണമടയുകയും ചെയ്തു.

സ്ത്രീകളുടെ നിസ്ക്കാര മുറിയോട് ചേര്‍ന്ന് കാണുന്ന ഖബറിടങ്ങള്‍ (മഖ്ബറ) ഹബീബ് ബിന്‍ മാലിക്കിന്റേയും അദ്ദേഹത്തിന്റെ ഭാര്യ ഖുമൈറിയുടേയും ആണെന്ന് വിശ്വസിക്കപ്പെടുന്നു.
മാലിക്ക് ദിനാറിന്റെ പുത്രന്റേയും പുത്രഭാര്യയുടേയും ഖബറുകള്‍

പള്ളിക്ക് പുറകിലായുള്ള കുളത്തിന്റെ പാര്‍ശ്വഭാഗങ്ങള്‍ നന്നായി മോടി പിടിപ്പിച്ചിരിക്കുന്നു. കുളത്തിന്റെ വശത്തൂടെ നടന്ന് വിശ്രമകേന്ദ്രവും ചേരമാന്‍ മ്യൂസിയവും ചേര്‍ന്ന കെട്ടിടത്തിനടുത്തെത്തി.
പള്ളിപ്പറമ്പിലെ കുളം - (ചിത്രത്തിന് കടപ്പാട് - ചേരമാന്‍ മസ്ജിദ്)

മ്യൂസിയത്തിനകത്ത് കാര്യമായൊന്നും ഇല്ല. മിനിയേച്ചര്‍ കലാകാരന്‍ കെ.പി.ശ്രീകുമാര്‍ നിര്‍മ്മിച്ച മസ്ജിദിന്റെ പഴയൊരു മാതൃകയാണ്‌ എടുത്തുപറയാനുള്ള ഏക ആകര്‍ഷണം . പഴയ ഒന്നുരണ്ട് ശവമഞ്ചങ്ങളും തലക്കല്ലുമൊക്കെ മ്യൂസിയത്തിലുണ്ട്.
പഴയ പള്ളിയുടെ കൊച്ചു മാതൃക - മ്യൂസിയത്തിലെ ഒരു കാഴ്ച്ച

അറബികളടക്കം ഒന്നുരണ്ട് യാത്രികര്‍ക്ക് പള്ളിയുടെ ചരിത്രം അറബിയില്‍ത്തന്നെ വിശദീകരിച്ചുകൊടുക്കുന്നുണ്ട്‌ ഒരു അച്ഛനും മകനും. അവര്‍ ഗള്‍ഫ് നാടുകളിലെവിടെയോ ജോലി ചെയ്യുന്ന വടക്കേ ഇന്ത്യക്കാരാണെന്ന് സംസാരത്തില്‍ നിന്ന് വ്യക്തം. ‘മുസരീസ് ഹെറിറ്റേജ് ‘ പദ്ധതി ശരിക്കും ചൂടുപിടിച്ചുതുടങ്ങിയിട്ടുണ്ടെന്ന് തന്നെ വേണം കരുതാന്‍.

പള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഞങ്ങള്‍ കാറിനടുത്തേക്ക് നടന്നു. വൈകുന്നേരമാകുന്നതിനുമുന്നേ ചരിത്രവും ഐതിഹ്യവുമൊക്കെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന 2 മുസരീസ് ദേവാലയങ്ങള്‍ കൂടെ കണ്ടുതീര്‍ക്കാനുണ്ട്.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.