Monday, 10 November 2008

ബാഹുബലി ചരിതം

ജൈനക്ഷേത്രങ്ങളിലേക്ക് എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

ശ്രീ ചന്ദ്രനാഥ ബസദി ക്ഷേത്രത്തില്‍ ഇനിയും ഞങ്ങള്‍ എത്തിയിട്ടില്ല. അവിടെക്കൂടെ പോകാനുള്ള സമയമേ ബാക്കിയുള്ളൂ. അതുകൂടെ കഴിയുമ്പോഴേക്കും ഇരുട്ടുവീണുതുടങ്ങും. ഹരി കാറ് തിരിച്ചു.

--------------------------------------------------------------

ഴിക്ക് രമേഷ് ബാബുവിന്റെ സഹോദരീ ഭര്‍ത്താവിനെ കണ്ടു. അദ്ദേഹത്തിന്റെ വീട് തൊട്ടടുത്ത് തന്നെയാണ്. അവിടന്ന് ഒരു ചായ കുടിച്ചിട്ടല്ലാതെ പോകാന്‍ പറ്റില്ലെന്ന് അദ്ദേഹത്തിന് നിര്‍ബദ്ധം. വൈകീട്ടത്തെ ചായയുടെ സമയത്ത് വയനാടന്‍ കാടുകളിലും കാപ്പിത്തോട്ടങ്ങളിലും കറങ്ങിനടക്കുമ്പോള്‍ സ്നേഹത്തോടെ കിട്ടിയ ഒരു ചായ എന്തിന് വേണ്ടെന്ന് വെക്കണം ?


ചായകുടികഴിഞ്ഞ് രണ്ട് പുരയിടത്തിനപ്പുറമുള്ള ചന്ദ്രനാഥ ബസദി ക്ഷേത്രത്തിലേക്ക് തിരിച്ചു. ക്ഷേത്രത്തിന്റെ വലത്തുവശത്ത് ഒരു വീട് കാണുന്നുണ്ട്. ഇടത്ത് വശത്ത് കാണുന്ന ഓടിട്ട കെട്ടിടം ക്ഷേത്രത്തിന്റെ ഓഫീസോ മറ്റോ ആകാനാണ് സാദ്ധ്യത.അവിടെ ആള്‍ത്താമസം ഉള്ളതുപോലെ തോ‍ന്നിയില്ല. കാറില്‍ നിന്നിറങ്ങിയപ്പോഴേക്കും തലവഴി കമ്പളിത്തൊപ്പിയിട്ട 60 വയസ്സിന് മുകളില്‍ പ്രായമുള്ളൊരാള്‍ വലത്തുവശത്തെ വീട്ടില്‍ നിന്നിറങ്ങി വന്നു. അടുത്തെത്തിയപ്പോള്‍ രമേഷ് ബാബുവിനെ അദ്ദേഹം തിരിച്ചറിഞ്ഞു, കുശലം ചോദിച്ചു. ക്ഷേത്രത്തിലെ പൂജാരിയായ അജിത് സ്വാമികളാണ് അദ്ദേഹം. കന്നടകലര്‍ന്ന മലയാളത്തിലുള്ള സംസാരത്തിന് ഒരു പ്രത്യേകതയുണ്ട്. പരിചയമില്ലാത്ത ഒരു ഭാഷ പുതുതായി പഠിച്ചതിനുശേഷം കേട്ട് മനസ്സിലാക്കുമ്പോള്‍ കിട്ടുന്നതുപോലുള്ള ഒരു സുഖം.

ക്ഷേത്രത്തിന് മുന്നില്‍ 15 അടിയോളം ഉയരമുള്ള കറുത്ത മാര്‍ബിളില്‍ തീര്‍ത്ത, ഒരു നഗ്ന പ്രതിമ കുറച്ച് ഉയരമുള്ള തറയില്‍ സ്ഥാപിച്ചിരിക്കുന്നു. അതിന്റെ കാലിലൂടെയും കൈയ്യിലൂടെയും വള്ളികള്‍ പടര്‍ന്ന് കയറിയിരിക്കുന്നു. പാമ്പിന്റെ പുറ്റില്‍ നില്‍ക്കുന്നരീതിയിലുള്ള ശില്‍‍പ്പമായതുകൊണ്ട് ഒന്നുരണ്ട് ചെറിയ പാമ്പുകളും പ്രതിമയുടെ കാല്‍ഭാഗത്തെ കൊത്തുപണിയില്‍ കണ്ടു. മുന്‍പ് എവിടെയൊക്കെയോ ചിത്രങ്ങളിലും പ്രതിമയായിട്ടുതന്നെയും കണ്ടിട്ടുള്ള ആ മൂര്‍ത്തിയുടെ പേരെനിക്കറിയില്ലായിരുന്നു. ജൈനപുരാണത്തെപ്പറ്റിയുള്ള അജ്ഞതയെന്ന് തന്നെ പറയണമല്ലോ ! എന്തായാലും ആ അജ്ഞത അജിത് സ്വാമികള്‍ തീര്‍ത്തുതന്നു. പ്രതിമയുടെ മുന്നിലുള്ള ചെറിയ ഗേറ്റ് തുറന്ന് അദ്ദേഹം ആ മൂര്‍ത്തിയുടെ മുന്നിലേക്ക് ക്ഷണിച്ചു, ജൈനപുരാണത്തിന്റെ ഉറുക്കഴിച്ചു.


ജൈനമതസ്തരുടെ പുരാണപ്രകാരമുള്ള ആദ്യത്തെ മോക്ഷഗാമിയായ ബാഹുബലിയുടെ പ്രതിമയാണത്. മോക്ഷഗാമിയെന്തെന്നും തീര്‍ത്ഥങ്കരെന്തെന്നും കേട്ടിട്ടുപോലുമില്ലാത്ത എന്നെ കുറഞ്ഞ സമയംകൊണ്ട് അജിത് സ്വാമികള്‍ കൂട്ടിക്കൊണ്ടുപോയത് പുത്തനറിവിന്റെ ആഴങ്ങളിലേക്കാണ്. ജൈനമതത്തില്‍ ദിംഗംബരെന്നും, ശ്വേതാംബരെന്നും രണ്ട് വിഭാഗമുണ്ടെന്ന് പഴയ ചരിത്രപാഠങ്ങളിള്‍ പഠിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ജൈനമതത്തെപ്പറ്റി വേറൊന്നും എന്റെ അറിവിലില്ലായിരുന്നു അതുവരെ.

നാഭിരാജാവിന്റെ മകനായ വൃഷഭതീര്‍ത്ഥങ്കരന് യശസ്വതി,സുനന്ദ എന്ന് രണ്ട് ഭാര്യമാര്‍.ഇതില്‍ യശസ്വതിക്ക് ഭരതന്‍ തുടങ്ങി 100 പുത്രന്മാരും ബ്രാഹ്മി എന്ന ഏക പുത്രിയും, സുനന്ദാദേവിക്ക് ബാഹുബലി എന്ന ഏകപുത്രനും സൌന്ദരി എന്ന പുത്രിയും ഉണ്ടായിരുന്നു.
പ്രജകള്‍ക്ക് അസി,കൃഷി,മഷി,വാണിജ്യം,പശുപാലനം,ശില്‍പ്പകല എന്നിങ്ങനെ 6 ജീവിതമാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയും അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും സഹായസഹകരണങ്ങളും ചെയ്തുകൊടുത്ത് ഉത്തമരീതിയില്‍ രാജ്യഭരണം ചെയ്തുപോന്നു വൃഷഭരാജന്‍. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായി വന്നതോടുകൂടി അവര്‍ക്ക് വിവാഹം മുതലായ മംഗളകര്‍മ്മങ്ങളൊക്കെ ചെയ്തുകൊടുക്കുകയും, തനിക്ക് ഈ ഐശ്വര്യങ്ങളും രാജപദവിയും മറ്റും കഴിഞ്ഞകാല പുണ്യപ്രഭാവമാണെന്നും, ഇവയൊന്നും ശാശ്വതമല്ലെന്ന്‍ ചിന്തിക്കുകയും ഒടുവില്‍ രാജ്യമെല്ലാം ഭാഗിച്ച് മക്കള്‍ക്ക് കൊടുക്കുകയും ചെയ്തു. മൂത്തമകനായ ഭരതന് അയോദ്ധ്യയും, ബാഹുബലി എന്ന പുത്രന് പൌദനാപുരവുമായിരുന്നു ഭാഗിച്ചുകൊടുത്തത്.രാജ്യഭാരമെല്ലാം മക്കളെ ഏല്‍പ്പിച്ച വൃഷഭരാജാവ് സന്യാസം സ്വീകരിച്ചു.

ഭരതരാജാവ് പിന്നീട് ദ്വിഗ് വിജയത്തിനിറങ്ങുകയും വര്‍ഷങ്ങളോളം നീണ്ട ദ്വിഗ് വിജയത്തില്‍ സാമന്തരാജാക്കന്മാരെല്ലാം യുദ്ധം ചെയ്യാതെ തന്നെ കീഴടങ്ങുകയും ചെയ്തു. ചില സാമന്തരാജാക്കന്മാര്‍ ഭരതരാജാവിനോടുള്ള ബഹുമാനാര്‍ത്ഥം തങ്ങളുടെ പുത്രിമാരെ അദ്ദേഹത്തിന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ദ്വിഗ് വിജയത്തില്‍ യാതൊരുവിധ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുകയോ,ഉണ്ടാക്കുകയോ ചോരപൊടിയുകപോലുമോ ചെയ്യാതെ ഭരതരാജന്‍ രാജധാനിക്ക് സമീപമെത്തിയെങ്കിലും, തന്റെ സഹോദരന്മാര്‍ ആരും കീഴടങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കി. അനുജന്മാര്‍ ആരും കീഴടങ്ങിയില്ലെന്ന് മാത്രമല്ല ബാഹുബലി ഒഴികെയുള്ളവര്‍ എല്ലാവരും ദീക്ഷ സ്വീകരിച്ച് സന്യാസത്തിന് പോകുകയും ചെയ്തു. ഇത് അദ്ദേഹത്തിന് വളരെ വിഷമമുണ്ടാക്കി. എന്തായാലും, മര്‍ക്കടമുഷ്ടിക്കാരനും ആജാനബാഹുവുമായ ബാഹുബലിയോട് യുദ്ധം ചെയ്യാതെ ദ്വിഗ് വിജയം അസാദ്ധ്യമായതുകൊണ്ട് യുദ്ധത്തിന് ഭരതരാജാവ് തയ്യാറെടുത്തു.

താരതമ്യേന ചെറിയ സൈന്യമാണ് തനിക്കുള്ളതെങ്കിലും, ബാഹുബലി തെല്ലും കുലുങ്ങാതെ തോറ്റാലും ജയിച്ചാലും അഭിമാനം എന്ന മട്ടില്‍ പോര്‍ക്കളത്തിലെത്തി. പക്ഷെ മരിച്ചുവീഴാന്‍ പോകുന്നത് നിരപരാധികളായ പടയാളികളാണെന്ന് മനസ്സിലാക്കിയ ഇരുപക്ഷത്തേയും മന്ത്രിമാര്‍ ഭരതചക്രവര്‍ത്തിയോട് ഇത്തരം ഹിംസാത്മകമായ യുദ്ധം ചെയ്യരുതെന്നും പകരം വൃഷഭരാജാവ് പിന്‍‌തുടര്‍ന്ന പാതയിലൂടെ അഹിംസാത്മകമായ ധര്‍മ്മയുദ്ധം ചെയ്യണമെന്നും അപേക്ഷിക്കുന്നു. ഭരതരാജാവും, ബാഹുബലിയും ആ നിര്‍ദ്ദേശം സ്വീകരിക്കുകയും ദൃഷ്ടിയുദ്ധം,ജലയുദ്ധം,മല്ലയുദ്ധം മൂന്ന് യുദ്ധമുറകളിലൂടെ വിജയിയെ തീരുമാനിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

ഉയരത്തിലും ശരീരപ്രകൃതിയിലും ഭരതനേക്കാള്‍ മികച്ചവനായ ബാഹുബലി ഈ മൂന്ന് യുദ്ധമുറകളിലും ജയം കൈവരിച്ചെങ്കിലും ജേഷ്ഠനോട് യുദ്ധം ചെയ്യേണ്ടിവന്നതില്‍ ബാഹുബലിയ്ക്ക് വല്ലാത്ത ഖേദം തോന്നുകയും, കുറ്റബോധം കാരണം അദ്ദേഹം ദീക്ഷയെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.ബാഹുബലിയുടെ ഈ തീരുമാനം ഭരതനെ വല്ലാതെ ദുഃഖിപ്പിച്ചു. അനുജനെ പിന്തിരിപ്പിക്കാന്‍ ആവുന്നതും അദ്ദേഹം ശ്രമിച്ചെങ്കിലും ബാഹുബലി വഴങ്ങിയില്ല.

പക്ഷെ അദ്ദേഹത്തിന്റെ തപോവനത്തിലേക്കുള്ള യാത്രയില്‍ എവിടെച്ചെന്നാലും അത് ഭരത രാജ്യമാണെന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അത് കേള്‍ക്കുന്തോറും ബാഹുബലിയ്ക്ക് വീണ്ടും ദുരഭിമാനം തലപൊക്കാന്‍ തുടങ്ങി. അങ്ങനെ ബാഹുബലി അവസാനം ഒരു പാമ്പിന്റെ ചിതല്‍പ്പുറ്റിനടുത്തെത്തി. ഇതാരുടെ രാജ്യമാണ് എന്ന് പാമ്പിനോട് ചോദിച്ചപ്പോള്‍, ഇതെന്റെ രാജ്യമാണെന്ന് മറുപടി കിട്ടി. പാമ്പിന്റെ അനുവാദത്തോടെ ആ ചിതല്‍പ്പുറ്റില്‍ നിന്ന് ബാഹുബലി തപസ്സാരംഭിച്ചു. തപസ്സ് നീണ്ടുനീണ്ട് പോകുകയും വള്ളിയും പടര്‍പ്പുകളുമൊക്കെ ബാഹുബലിയുടെ ശരീരത്തിലൂ‍ടെ ചുറ്റിപ്പിടിക്കാനുമൊക്കെ തുടങ്ങി. പക്ഷെ ഒരുപാട് കാലം കഴിഞ്ഞിട്ടും ബാഹുബലിയ്ക്ക് മോക്ഷം കിട്ടാതെ വരുകയും സര്‍വ്വജ്ഞപദവി അലങ്കരിക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യുന്നത് കണ്ട് ഭരതചക്രവര്‍ത്തി‍ ചിന്താധീനനായി. ഭരതന്‍ ഉടനെപോയി പിതാവായ വൃഷഭ സ്വാമിയുടെ അടുത്തുചെന്ന് ഇക്കാര്യം അറിയിച്ചു.

“ബാഹുബലിയുടെ ഉള്ളില്‍ ഒരു മിഥ്യാഭിമാനം ഇന്നും നിലനില്‍ക്കുന്നു. താന്‍ തന്റെ ജേഷ്ഠന്റെ ഭൂമിയിലാണല്ലോ എന്നവിചാരം. ഉടനെ നീ പോയി അവന്റെ അഭിമാന പ്രശ്നം ഉന്മൂലനം ചെയ്യൂ. എന്നാല്‍ അവന്‍ സര്‍വ്വജ്ഞപദവി അലങ്കരിക്കുന്നതാണ്.” എന്ന് വൃഷഭ സ്വാമി അരുളിച്ചെയ്‌തതുപ്രകാരം ഭരതന്‍ ബാഹുബലിയുടെ അടുക്കല്‍ച്ചെന്ന്

“പുണ്യാത്മാവായ യോഗിവര്യാ ക്ഷമിക്കണം. ഇപ്പോള്‍ താങ്കള്‍ എന്റെ അനുജനല്ല, താപസശ്രേഷ്ടനാണ്. ഞാന്‍ ചക്രവര്‍ത്തിയുമാണ്. എങ്കിലും എനിക്ക് മനഃശ്ശാന്തിയില്ല. എല്ലാം ത്യജിച്ച താങ്കള്‍ക്ക് എന്ത് ചിന്തയും വ്യസനവുമാണുള്ളത്. അങ്ങനെ വല്ല സംശയവും ഉണ്ടെങ്കില്‍ അത് ത്യജിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇവിടെ ഭരത ചക്രവര്‍ത്തി തന്റെ അനുജനെയല്ല നമസ്ക്കരിക്കുന്നത്. പൂര്‍വ്വാജിത പുണ്യസമ്പത്താല്‍ തന്നേക്കാള്‍ മഹാനായ പുണ്യാത്മാവിനെയാണ് നമസ്ക്കരിച്ച് വന്ദിച്ചതെന്ന് ഓര്‍ക്കുമല്ലോ ?” എന്ന് പറയുകയും അതോടെ ബാഹുബലിയുടെ സംശയം നീങ്ങി സര്‍വ്വജ്ഞത്വം സമ്പാദിച്ച് ശാന്തിയുണ്ടാകുകയും, ലോകമെങ്ങും കീര്‍ത്തിയുണ്ടാകുകയും ചെയ്തു. പിന്നീട് ബാഹുബലി സ്വാമി, വൃഷഭ സ്വാമിയുടെ മുന്നില്‍ ധ്യാനാരൂഢനായി മുക്തിപദം പ്രാപിക്കുകയും ചെയ്തു.

ഭരതചക്രവര്‍ത്തി ബാഹുബലി സ്വാമിയുടെ സ്മാരകമായി പൌദനാപുരത്ത് ഒരു പ്രതിമ സ്ഥാപിച്ചു. ബാഹുബലിയുടെ ധര്‍മ്മതത്വത്തേക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കി.ബാഹുബലിയുടെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു.ബാഹുബലിയാണ് ജൈനരുടെ ആദ്യത്തെ മോക്ഷഗാമിയായി അറിയപ്പെടുന്നത്.

അജിത് സ്വാമികള്‍ ഇക്കഥയൊക്കെ പറഞ്ഞുതരുന്നതിനോടൊപ്പം ലക്ഷക്കണക്കിന് രൂപാ ചിലവാക്കി രാജസ്ഥാനില്‍നിന്നുണ്ടാക്കി റോഡുമാര്‍ഗ്ഗം കൊണ്ടുവന്ന ഒറ്റക്കല്ലിലുള്ള ബാഹുബലി പ്രതിമയെ ചുറ്റിനടന്ന് കാണാനും തൊട്ടുനോക്കാനുമെല്ലാം അനുവദിച്ചു. രമേഷ് ബാബു ആ മോക്ഷഗാമിക്കു മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത്, എങ്ങിനെയാണ് ആ മൂര്‍ത്തിക്ക് മുന്നില്‍ വണങ്ങേണ്ടതെന്നറിയാതെ അതുവരെ കേട്ട പുരാണകഥയുടെ മായാപ്രപഞ്ചത്തില്‍ മിഴിച്ചുനില്‍ക്കുകയായിരുന്നു ഞാന്‍.

ഇന്ത്യാമഹാരാജ്യത്തിന് ഭാരതം എന്ന പേരുവരാനുള്ള കാരണം വൃഷഭരാജന്റെ മകനായ ഭരതന്‍ എന്ന രാജാവ് കാരണമാണെന്നുള്ള ഒരു പുതിയ ഭാഷ്യവും എനിക്കവിടന്ന് കിട്ടി. ദുഷ്യന്തന്റെ മകനായ ഭരതനാണ് ഭാരതം എന്ന പേരിന് പിന്നിലെന്നുള്ള എന്റെ അറിവിന് മറ്റൊരു വ്യാഖ്യാനമുണ്ടെന്നറിഞ്ഞപ്പോള്‍ അതിനുപുറകിലുള്ള ചരിത്രം അല്ലെങ്കില്‍ പുരാണം മനസ്സിലാക്കണമെന്ന് കലശലായ ആഗ്രഹം തോന്നാതിരുന്നില്ല.

ബാഹുബലിയുടെ മുന്നില്‍ നിന്നിറങ്ങി വലത്തുവശത്തുള്ള പ്രധാന ക്ഷേത്രത്തിനകത്തേക്ക് കയറി. മുറയ്ക്ക് പൂജയും കാര്യങ്ങളുമൊക്കെ നടത്തി സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രം അത്ര പഴക്കമുള്ളതൊന്നുമല്ല. അകത്ത് പരിചയമില്ലാത്ത ഒന്നിലധികം വിഗ്രഹങ്ങളുണ്ട്. കൂടെക്കൊണ്ടുവന്ന തേങ്ങയും പൂക്കളും നടയില്‍ വെച്ച് രമേഷ് ബാബു തൊഴുതു നിന്നപ്പോള്‍ എന്റെ മനസ്സും പ്രാര്‍ത്ഥനാ നിരതമായി.


ക്ഷേത്രത്തിലെ ചില സര്‍പ്പവിഗ്രഹമൊക്കെ കാണിച്ചുതന്ന് ആ വിഗ്രഹങ്ങളും ഹിന്ദുക്കളുടെ സര്‍പ്പവിഗ്രഹങ്ങളുമായുള്ള വ്യത്യാസമൊക്കെ അജിത് സ്വാമികള്‍ വിശദീകരിച്ച് തരുകയും എല്ലായിടത്തും യഥേഷ്ടം പടങ്ങള്‍ എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. ജൈനക്ഷേത്രങ്ങളിലെ സര്‍പ്പപ്രതിഷ്ഠയില്‍ സര്‍പ്പത്തിനെക്കൂടാതെ ദേവന്മാരുടെ കൊത്തുപണികളും ഉണ്ടാകുമത്രേ !


ക്ഷേത്രത്തിന് ഒരു വലം വെച്ച് വെളിയില്‍ കടന്നപ്പോള്‍ ഒരു ചായ കുടിച്ച് മടങ്ങിയാല്‍ മതിയെന്ന് അജിത് സ്വാമികളുടെ ക്ഷണം. അദ്ദേഹത്തിന്റെ വീട്ടിലെ വരാന്തയിലിരുന്ന് ഓരോ ചാ‍യ മൊത്തിക്കുടിക്കുന്നതിനിടയില്‍ ബാഹുബലി പ്രതിഷ്ഠാകര്‍മ്മം നടന്നപ്പോള്‍ എടുത്ത ഫോട്ടോകളുടെ ആല്‍ബം ഞങ്ങള്‍ മറിച്ചുകണ്ടു. വയനാട്ടിലെ ഒരുവിധം എല്ലാ ജൈനമതസ്ഥരും ആ ആല്‍ബത്തിന്റെ താളുകളിലുണ്ട്.


പതുക്കെപ്പതുക്കെ എല്ലാവരുടേയും സംസാരം വയനാട്ടിലെ കൃഷിയെപ്പറ്റിയും,കൃഷിജോലിക്ക് ആളെക്കിട്ടാനുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും, വിളവെടുപ്പിനെപ്പറ്റിയുമൊക്കെയായി. ഇരുട്ടാന്‍ തുടങ്ങിയിരിക്കുന്നു. രമേഷ് ബാബുവിനെ തിരിച്ച് പുതിയിടത്ത് വീട്ടിലാക്കിയതിനുശേഷം എനിക്കും ഹരിക്കും മാനന്തവാടിയില്‍ എത്താനുള്ളതാണ്. അജിത് സ്വാമികളോട് നന്ദി പറഞ്ഞിറങ്ങി.

ജൈനമതത്തെപ്പറ്റിയും ക്ഷേത്രങ്ങളെപ്പറ്റിയുമൊക്കെ കൂടുതല്‍ മനസ്സിലാക്കാനുതകുന്ന ചില പുസ്തകങ്ങളും ബാഹുബലി പ്രതിഷ്ഠാകര്‍മ്മത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ബാഹുബലി ചരിത്ര‘വുമൊക്കെ രമേഷ് ബാബുവിന്റെ വീട്ടില്‍ നിന്ന് കിട്ടി. ജൈനമതത്തെപ്പറ്റി കൂടുതല്‍ അറിവ് പകര്‍ന്നുതരാന്‍ ആ പുസ്തകങ്ങള്‍ക്കായി.

പോരാ, ഇനിയുമുണ്ട് ഒരുപാട് മനസ്സിലാക്കാന്‍, ഇനിയുമുണ്ട് ഒരുപാട് ജൈനക്ഷേത്രങ്ങള്‍ വയനാട്ടിലും കേരളത്തിലെ മറ്റ് പല ജില്ലകളിലും‍. എല്ലായിടത്തും പോകണം, എല്ലാം മനസ്സിലാക്കണം. ബാബുവിനെ വീട്ടില്‍ തിരിച്ചാക്കി മാനന്തവാടിയിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചുകഴിഞ്ഞിരുന്നു.
--------------------------------------------------------------------
ഇടയ്ക്കല്‍ ഗുഹയിലേക്കും, കല്ലില്‍ ക്ഷേത്രത്തിലേക്കും, തിരുച്ചിറാല്‍ മലയിലേക്കുമെല്ലാം ഈ യാത്ര തുടര്‍ന്നേക്കാം.