ഈ യാത്രാവിവരണം എന്റെ അനുവാദത്തോടെ തന്നെ കലിക വെബ് പോര്‍ട്ടലില്‍ വന്നപ്പോള്‍
എവിടെയെങ്കിലും യാത്ര പോയിട്ട് കുറെ നാളുകളായി.
വെക്കേഷന് നാട്ടില്‍പ്പോകുമ്പോള്‍ കണ്ടമാനം സര്‍ക്കീട്ടടിക്കാറുണ്ടായിരുന്നു.
ഇതിപ്പോ ഈ യു.കെ. രാജ്യത്ത് വന്നിട്ട് മാസം ആറ് കഴിഞ്ഞു. കാണാന്‍ ഒരുപാട് സ്ഥലങ്ങള്‍ ഉണ്ടെങ്കിലും, യാത്ര പോയത് ആകെ ഒരിടത്ത് മാത്രം. നാട്ടില്‍ വെച്ച് കാറോടിച്ച് പോയിരുന്ന ദീര്‍ഘദൂര യാത്രകള്‍, ശരിക്ക് മിസ്സ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
അതെങ്ങനാ കാറെടുത്ത് എവിടെയെങ്കിലും പോകുന്നത്?
ഈ രാജ്യത്തെ ട്രാഫിക്ക് നിയമങ്ങളൊന്നും ശരിക്കറിയില്ല, ഇവിടത്തെ ഡ്രൈവിങ്ങ് ലൈസന്‍സും ഇല്ല.
ഇന്ത്യാമഹാരാജ്യത്തുനിന്ന് സംഘടിപ്പിച്ചുകൊണ്ടുവന്ന ഇന്റര്‍നാഷണല്‍ ലൈസന്‍സ് വെച്ച് ഒരു വര്‍ഷം വരെ ഇവിടെ വാഹനം ഓടിക്കാം. പക്ഷെ അത്‌വെച്ചൊന്നും ദൂരയാത്ര പോകാനുള്ള ധൈര്യമില്ല. എന്നുവെച്ച് എത്രനാള്‍ എന്നിലെ ‘സന്തോഷ് ജോര്‍ജ്ജ് കുളങ്ങര’യ്ക്ക് പിടിച്ചുനില്‍കാനാകും? വരുന്നതു വരട്ടെ, കാറില്‍ ഒരു ലോങ്ങ് ഡ്രൈവ് പോയിട്ടു തന്നെ ബാക്കി കാര്യം.
വളരെ അടുത്തുള്ള ഒരു പട്ടണമായ ലെയ്‌സ്റ്റര്‍ (Leicester)തന്നെ ലക്ഷ്യമിട്ടു.
ഞങ്ങള്‍ താമസിക്കുന്ന പീറ്റര്‍ബറൊ എന്ന പട്ടണത്തില്‍ നിന്നും വെറും 59 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ലെയ്‌സ്റ്റര്‍. കണ്‍ട്രി സൈഡിലൂടെയുള്ള മനോഹരമായ യാത്ര ട്രെയിനില്‍ പല പ്രാവശ്യം ചെയ്തിട്ടുണ്ടെങ്കിലും, കാറോടിച്ച് ഇതാദ്യത്തേതാണ്.
ലെയ്‌സ്റ്ററിന്റെ ഒരു പ്രത്യേകത എന്ന് പറയപ്പെടുന്നത്, ഇന്ത്യയ്ക്ക് വെളിയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ജീവിക്കുന്ന ഒരു സിറ്റി ഇതാണ് എന്നതാണത്രേ !! എന്നുവെച്ചാല്‍, 2006 ലെ കണക്കനുസരിച്ച് ഇവിടത്തെ മൊത്തം ജനസംഖ്യയായ 289,700 ജനങ്ങളില്‍, 22 % വരുന്ന ജനങ്ങള്‍ ഇന്ത്യന്‍ വംശജര്‍ തന്നെ. കൃത്യമായി പറഞ്ഞാല്‍ 63,734 ല്‍പ്പരം ഭാരതീയര്‍ ഇവിടെ തിന്നും, കുടിച്ചും അര്‍മ്മാദിച്ച് ജീവിക്കുന്നു.
നാട്ടില്‍ പോയിട്ട് ആറ് മാസത്തിലധികമായി. ലെയ്‌സ്റ്ററില്‍ പോയാല്‍ നാടിന്റെ ഒരു മണമെങ്കിലും കിട്ടുമെങ്കില്‍ അത് ആവോളം വലിച്ചു കയറ്റി തിരിച്ചുപോരുക. അതിനപ്പുറം, അവിടെ കാണാനും കറങ്ങാനുമൊന്നുമില്ലെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു.
നാട്ടിലെപ്പോലെ വഴി ചോദിക്കാനും, മനസ്സിലാക്കാനും മുട്ടിന് മുട്ടിന് പെട്ടിക്കടയും, വീടുകളുമൊന്നും ഈ രാജ്യത്ത് ഇല്ലാത്തതുകൊണ്ട് കാറിനകത്തെ ജി.പി.എസ്. നേവിഗേറ്ററാണ് വഴികാട്ടി. പോകേണ്ട സ്ഥലത്തിന്റെ പേരും, സ്ട്രീറ്റിന്റെ പേരും, പിന്‍കോഡും ഒക്കെ നേവിഗേറ്ററില്‍ അടിച്ചുകയറ്റിയാല്‍പ്പിന്നെ, കളരിഗുരുക്കളുടെ പോലെ ഇടത് മാറി, വലത് തിരിഞ്ഞ്, റൌണ്‍ഡ് എബൌട്ടില്‍ നിന്ന് ഓതിരം തിരിഞ്ഞ്, പിന്നെ 15 കിലോമീറ്റര്‍ ഇരുന്നമര്‍ന്ന്, എന്നൊക്കെ പറഞ്ഞ് ഈ സത്യസന്ധനായ വഴികാട്ടി നമ്മളെ വളരെ കൃത്യമായി പോകേണ്ട സ്ഥലത്ത് കൊണ്ടെത്തിക്കും. ഇനി അധവാ ഈ വഴികാട്ടി പറഞ്ഞത് കേള്‍ക്കാതെയോ, മനസ്സിലാകാതെയോ, നമ്മള്‍ തെറ്റായ വല്ല വഴിയിലും കയറിപ്പോയാല്‍, അവിടന്ന് വീണ്ടും നമ്മളെ നേര്‍വഴി കാട്ടിത്തന്ന് ഇവന്‍ ലക്ഷ്യസ്ഥാനത്തുതന്നെ എത്തിക്കും.
(ജിവിതത്തിലും ഇങ്ങനെ എപ്പോഴും നേര്‍വഴിയും, ലക്ഷ്യസ്ഥാനവും കാട്ടിത്തരുന്ന ഒരു ‘പോക്കറ്റ് ലൈഫ് നേവിഗേറ്റര്‍‘ എന്നാണ് വിപണിയിലെത്തുക സര്‍വ്വേശ്വരാ? “ദാ അവന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണ്, അവന്‍ ചതിക്കും. മറ്റേ ചെറുക്കന്‍ നല്ലവനാണ്, അവന്റെ കൂടെ കൂടിക്കോ. ലോ, ലവള് നിന്നെ ശരിക്കും പ്രേമിക്കുന്നൊന്നുമില്ല. ലവള്‍ക്ക് വേറൊരുത്തനുമായി ചുറ്റിക്കളിയുണ്ട്. ഈ ചിരീം കളീമൊക്കെ നിന്റെ പോക്കറ്റ് കാലിയാക്കാന്‍ വേണ്ടിയാണ് മോനേ ചെല്ലാ“ എന്നൊക്കെ പച്ചയ്ക്ക് വിളിച്ചു പറയുന്ന ഒരു ‘ജീവിത വഴികാട്ടി‘. വരുമായിരിക്കും അല്ലേ ? കാത്തിരിക്കാം.)
മൊത്തം യാത്രയില്‍ 40 % ഡൈവിങ്ങും ഞാന്‍ ആസ്വദിച്ചില്ല എന്നതാണ് സത്യം. കാരണം, ട്രാഫിക്ക് സൈന്‍ ബോര്‍ഡുകള്‍ പലതും കണ്ടിട്ട് മനസ്സിലാകുന്നില്ല എന്നതു തന്നെ. നോ എന്‍ട്രി എന്നെഴുതിയ ഒരു ചുവപ്പ് ബോര്‍ഡും, പിന്നെ ഒരു ചെറുക്കന്‍ ബാഗും പിടിച്ച് സ്കൂളിലേക്ക് നടന്നുപോകുന്ന പടമുള്ള വേറൊരു ബോര്‍ഡും മാത്രം കണ്ടുശീലിച്ചിട്ടുള്ള നമുക്കുണ്ടോ സായിപ്പിന്റെ ട്രാഫിക് പുരാണം മൊത്തം റോഡരുകിലും, പിന്നെ റോഡിലും എഴുതിവച്ചിരിക്കുന്നത് കണ്ടാല്‍ മനസ്സിലാകുന്നു !!
അതും പോരാഞ്ഞിട്ട് പലയിടത്തും സ്പീഡ് ലിമിറ്റ് ശരിക്ക് അറിയാത്തതുകൊണ്ട് പതുക്കെ ഓടിക്കുന്നതുകാരണം, പുറകില്‍ വരുന്ന വണ്ടികള്‍ക്ക് തടസ്സമുണ്ടാക്കണ്ടാ എന്ന് കരുതി, എല്ലാവരേം കേറ്റി വിട്ടുകൊണ്ടാണ് എന്റെ പോക്ക്. നാട്ടില്‍ വണ്ടി ഓടിക്കുമ്പോള്‍, ഒരുത്തനെപ്പോലും കയറിപ്പോകാന്‍ വിടാതെ, ആക്സിലേറ്ററില്‍ കയറി നിന്ന്, നരേന്‍ കാര്‍ത്തികേയനെപ്പോലെ കത്തിച്ച് പോയിരുന്ന എന്റെ, ഇപ്പോഴത്തെ ഈ പ്രകടനത്തില്‍, എനിക്കുതന്നെ പുച്ഛം തോന്നി.
എന്തായാലും ഒരു മണിക്കൂറിനകം സ്ഥലത്തെത്തി. നഗരത്തിലെത്തി നടുനിവര്‍ത്താന്‍വേണ്ടി വണ്ടി ഒരിടത്ത് ചവിട്ടി ഒതുക്കിയപ്പോള്‍, ആദ്യം കാണുന്നത് ‘ബോംബെ ഫിഷ് ‘ എന്ന മീന്‍ കട. സകലമാന ഇന്ത്യന്‍ മത്സ്യങ്ങളും തണുപ്പൊന്നും വകവയ്ക്കാതെ ഐസിനുമുകളില്‍ ചിരിച്ചോണ്ട് എന്നേം നോക്കിക്കോണ്ട് കിടക്കുന്നു. തിരിച്ചുപോകുമ്പോള്‍ കുറച്ച് വാങ്ങാമെന്ന് തീരുമാനിച്ചു.
നമ്മ നാട്ടുകാര്‍ ജീവിക്കുന്ന സ്ഥലം കണ്ടുപിടിക്കാന്‍ വേണ്ടി വണ്ടിയിളക്കി. നാടിന്റെ മണം വലിച്ചുകേറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയല്ലേ !! ബല്‍ഗ്രേവ് റോഡ് എന്ന് പേരുള്ള ഒരു തെരുവിലെത്തി, ഒരു ഇടവഴിയില്‍ വണ്ടി പാര്‍ക്കുചെയ്തു. റോഡിനിരുവശവും നോക്കിയപ്പോള്‍ എന്താ കഥ ? കെട്ടിടങ്ങളൊക്കെ ഇംഗ്ലീഷ് സ്റ്റൈലിലാണെങ്കിലും ബാക്കിയെല്ലാം ഇന്ത്യന്‍ മയം. സാരിക്കട, അയ്യപ്പാസ്, ചാന്ത്-പൊട്ട്-വളക്കട, ബാങ്ക് ഓഫ് ബറോഡ, സ്വര്‍ണ്ണക്കടകള്‍, ഇന്ത്യന്‍ പലചരക്ക് കട, ഇന്ത്യന്‍ ഭോജനശാലകള്‍, സീ-ടി.വിയുടെയും, റിലയന്‍സിന്റേയും വലിയ പരസ്യ ബോര്‍ഡുകള്‍, അങ്ങിനെ മൊത്തം ഇന്ത്യ മയം തന്നെ.
റോഡിലാണെങ്കില്‍, നല്ല ടൂറിസ്റ്റ് സീസണില്‍ എറണാകുളത്ത് പോയാല്‍ കാണുന്നത്പോലെ അവിടവിടെ ഒന്ന്‌രണ്ട് സായിപ്പന്മാരും, മദാമ്മമാരും മാത്രം. ബാക്കിയൊക്കെ സാരിയും, ചുരീദാറും, സാല്‍വാരും, കുര്‍ത്തയുമൊക്കെയിട്ട നമ്മുടെ സ്വന്തം നാട്ടുകാര്‍. ഗുജറാത്തികളും, പഞ്ചാബികളും, ബംഗാളികളും, പാക്കിസ്ഥാനികളും ആണ് അധികവും.
പുറത്ത് നല്ല തണുപ്പും,കാറ്റും ഉണ്ടെങ്കിലും സിറ്റി സെന്റര്‍ വരെ നടന്ന്, ഒന്നുരണ്ട് ഷോപ്പിങ്ങ് സെന്ററിലൊക്കെ ചുമ്മാ വായില്‍ നോക്കി നടന്നു. എല്ലായിടത്തും ജോലി ചെയ്യുന്നതില്‍ പകുതിയിലധികവും ഇന്ത്യാക്കാരോ പാക്കിസ്ഥാനികളോ തന്നെ.
ഹാ..മനസ്സ് നിറഞ്ഞു. ഇനിയിപ്പോ നാട്ടില്‍ പോയില്ലെങ്കിലും ഒരു വിഷമവുമില്ല.
വഴിയില്‍ കണ്ട ഒരു പഴയ കെട്ടിടം ശ്രദ്ധ പിടിച്ചുപറ്റി.
ലെയ്‌സ്റ്ററിലെ ഒരു പ്രധാന ലാന്‍ഡ് മാര്‍ക്കാണ് 1870 ല്‍ പണികഴിപ്പിച്ച മാര്‍ക്ക്സ് പുണ്യാളന്റെ ഈ പള്ളി. പഴക്കം കാരണം 1986 മുതല്‍ എതാണ്ട് ഇരുപത് വര്‍ഷത്തോളം ഇത് അടഞ്ഞുകിടന്നെങ്കിലും, ജൂണ്‍ 2006 ല്‍ അതിനെ പുതുക്കിപ്പണിയിപ്പിച്ച് ‘ ദ എമ്പയര്‍ ’ എന്ന പേരില്‍ ഒരു കോണ്‍ഫറന്‍സ് ഹാളാക്കി ജനത്തിന് തുറന്നുകൊടുത്തു.
ഉച്ചഭക്ഷണം, ‘കറി പോട്ട് ‘ എന്ന ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ബുഫേ രൂപത്തില്‍ അകത്താക്കി. അവിടെ മാത്രം ഒരു ചെറിയ വ്യത്യാസം. ഞങ്ങളൊഴികെ മറ്റ് ടേബിളില്‍ ഇരിക്കുന്നതെല്ലാം ‘വിദേശികള്‍’ തന്നെ. ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കാന്‍ വന്ന സായിപ്പന്മാര്‍ തന്നെ എല്ലാവരും.
ഇനി കൂടുതലൊന്നും കാണാനില്ല. തണുപ്പുകാലമായതുകൊണ്ട് 5 മണി കഴിയുമ്പോളേക്കും ഇരുട്ട് വീണിരിക്കും. പിന്നെ എനിക്ക് വണ്ടി ഓടിക്കാന്‍ പ്രയാസമാകും. അതുകൊണ്ട് നാടിന്റെ ചൂര് മണത്തെടുത്തതോളം മതിയാക്കി, വേഗം സ്ഥലം വിടുക തന്നെ.
വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നിടത്തേക്ക് നടന്നപ്പോളാണ് ആദ്യം ശ്രദ്ധിക്കാതിരുന്ന ഒരു കട കണ്ണില്‍പ്പെട്ടത്. ‘പാന്‍ ഘര്‍ ’ എന്നാണതിന്റെ പേര്. നോര്‍ത്ത് ഇന്ത്യയില്‍ സാധാരണ കാണാറുള്ള മുറുക്കാന്‍ കടയുടെ, ഒരിത്തിരി വലിയ സെറ്റപ്പ്.
ഉടനെ തന്നെ എന്റെ ചിന്ത കാടുകയറി. വടക്കേ ഇന്ത്യയില്‍ ഒരു വിധം എല്ലായിടത്തും,ഏത് ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ അകത്തുപോലും ചില മൂലകളിലൊക്കെ ’മുറുക്കിച്ചുവന്നതോ മാരന്‍ മുത്തിച്ചുവപ്പിച്ചതോ’ എന്ന സ്റ്റൈലില്‍ മുറുക്കിത്തുപ്പി ചുവപ്പ് നിറത്തില്‍ വൃത്തികേടാക്കിവെച്ചിരിക്കുന്നത് എത്ര കണ്ടിരിക്കുന്നു!! റോഡിലും, ലിഫ്റ്റിലും, സ്റ്റെയര്‍കേസിന്റെ ഓരോ പടികളിലും, എന്നുവേണ്ട എതിവശത്തുള്ള ഫ്ലാറ്റില്‍ താമസിക്കുന്നവന്റേയും, സ്വന്തം ഫ്ലാറ്റിന്റേയും വാതിലിന് മുന്‍പില്‍ വരെ തുപ്പി നാറ്റിക്കുന്നത് നമ്മുടെ നാട്ടുകാരുടെ ഒരു സ്വഭാവസവിശേഷതയാണല്ലോ. ഇവിടെ മുറുക്കാന്‍ കട ഉണ്ടെങ്കില്‍, ഇവിടെയും അത് തിന്നുന്നത് ഇന്ത്യാക്കാരാണെങ്കില്‍ അവരിതുപോലെ തുപ്പാതെ തരമില്ലല്ലോ ?!
എന്റെ കണ്ണുകള്‍ ആ ‘മനോഹരമായ‘ കാഴ്ച്ചയ്ക്കുവേണ്ടി ഉഴറി നടന്നു.
നിരാശപ്പെടേണ്ടി വന്നില്ല. എല്ലായിടത്തുമുണ്ട് സംഭവം. റോഡിലും, കെട്ടിടങ്ങളുടെ സൈഡിലും, മൂലകളിലും, കാര്‍ പാര്‍ക്കിങ്ങിലും, കമ്പിത്തൂണിന് മുകളിലും, അടിയിലും എല്ലാം മുറുക്കിത്തുപ്പി വെച്ചിട്ടുണ്ട്.
ഹാവൂ..എന്തൊരാശ്വാസം. മനസ്സുനിറഞ്ഞുകവിഞ്ഞു.
ഇനി മടങ്ങാം, ശരിക്കും ഇന്ത്യാക്കാര്‍ തന്നെ ജീവിക്കുന്ന ഒരു വിദേശ നഗരം കണ്ടതിന്റെ ആനന്ദത്തോടെ തന്നെ.
എന്തായാലും പോയത് വെറുതെ ആയില്ലല്ലോ... സന്തോഷമായല്ലോ....
ReplyDeleteഭ്രാന്തന്‍ ചിന്തകള്‍..... തുടരുക..
ReplyDeleteയാത്രകള്‍ എന്നും രസകരം തന്നെയാണ്..!
ReplyDeleteകാറിനകത്തെ ജി.പി.എസ്. നേവിഗേറ്ററാണ് വഴികാട്ടി. പോകേണ്ട സ്ഥലത്തിന്റെ പേരും, സ്ട്രീറ്റിന്റെ പേരും, പിന്‍കോഡും ഒക്കെ നേവിഗേറ്ററില്‍ അടിച്ചുകയറ്റിയാല്‍പ്പിന്നെ, കളരിഗുരുക്കളുടെ പോലെ ഇടത് മാറി, വലത് തിരിഞ്ഞ്, റൌണ്‍ഡ് എബൌട്ടില്‍ നിന്ന് ഓതിരം തിരിഞ്ഞ്, പിന്നെ 15 കിലോമീറ്റര്‍ ഇരുന്നമര്‍ന്ന്, എന്നൊക്കെ പറഞ്ഞ് ഈ സത്യസന്ധനായ വഴികാട്ടി നമ്മളെ വളരെ കൃത്യമായി പോകേണ്ട സ്ഥലത്ത് കൊണ്ടെത്തിക്കും.
ReplyDeleteActually what happend to you. Its very intersting to read, but I am not understanding that are you in UK or in arabunaattil, what a wonderful writing and explanation of the places, Keep it UP
സന്തോഷമായില്ലെ.. ഒന്നുല്ലേലും ഒരുപോസ്റ്റിടാനുള്ള അവസരം ഉണ്ടായില്ലെ..
ReplyDeleteexcellent mate!
ReplyDeleteഈ നിരക്ഷരകുക്ഷിയെ ആരാ യു.കെ. യില്‍ വിട്ടത്? അല്ലെങ്കില്‍ പിന്നെ ആരെങ്കിലും യു.കെ.യില്‍ പോയി മുറുക്കാന്‍ തുപ്പല്‍ അന്വേഷിച്ചു നടക്കുമോ?
ReplyDeleteയാത്രകള്‍ തുടരട്ടെ...
ReplyDeleteഓ.ടോ: തലേല്‍ എന്തോ ഒന്ന് മുറുക്കാനില്ലേ? ഉണ്ടോ? ഞാനോടി.....
വിവരണം വായിച്ചു! ഇത്തിരി വാ തുറന്നു! എന്തോ ഒരു രസം തോന്നീ!
ReplyDeleteപ്രിയ പറഞ്ഞതു ഞാന്‍ പറയില്ല. ഇവിടെ ആദ്യമാ? പക്ഷേ അയഞ്ഞതു വല്ലതും ഉണ്ടോ എന്നു ചിന്തിച്ചു!
ഹായ് മനോജ് വിവരണം നന്നായി....ഒരു യാത്ര പോകുന്ന അതേ സുഖം......അഭിനന്ദനങ്ങള്‍....
ReplyDeleteഒരു കൊച്ചു പൊറ്റക്കാട് അവിടെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നല്ലേ...
ReplyDeleteനല്ല യാത്രാവിവരണം, നിരക്ഷരന്‍- ചേട്ടാ...
ReplyDeleteഎന്നാലും അവിടം വരെ പോയിട്ട് മുറുക്കാന്‍ തുപ്പലും അന്വേഷിച്ച് നടക്കുവായിരുന്നോ... ?
;)
കൊള്ളാം,നല്ല വിവരണം..സാജന്റെ ഈ പൊസ്റ്റും ഓര്‍മ വന്നു
ReplyDeletehttp://sajanpattazhy.blogspot.com/2007/03/blog-post_12.html
kollam mashe
ReplyDeleteIndian Thanima Marakkaruthallo alle? :)
യാത്രയുടെ അനുഭവം നല്ല രീതിയില്‍ പങ്ക് വെച്ചതിന് നന്ദി..ഒരു പുതിയ സ്ഥലം കൂടി ഞാന്‍ കണ്ടു നിന്നിലൂടെ...
ReplyDeleteനിരക്ഷരന്‍...
ReplyDeleteമനോഹരമായ യാത്ര കുറിപ്പിനൊപ്പമുള്ള ആ
തുപ്പല്‍ ചിരിയുണര്‍ത്തി...
ഞാനും ഒന്ന് മുറുക്കി തുപ്പട്ടെ...കണ്ടാസ്വദികൂ...ഹിഹിഹി
ഇവിടെ റിയാദില്‍ വെള്ളിയാഴ്‌ച ബത്തയില്‍ തുപ്പല്‍ മല്‍സരമാണ്..അതില്‍ കൂടുതലും ബംഗാളികള്‍
അങ്ങിനെ വെള്ളിയാഴ്‌ച ബത്തയില്‍ പോകുന്നതിന് റെഡ് സ്ട്രീറ്റില്‍ പോവാം എന്ന പറയാറ് ഞങ്ങള്‍
പാവം പിറ്റേന്ന് മുന്‍സിപാലിറ്റികാരുടെ പണി കാണണം
കൊള്ളാം...അടിപൊളി...
നന്‍മകള്‍ നേരുന്നു
’മുറുക്കിച്ചുവന്നതോ മാരന്‍ മുത്തിച്ചുവപ്പിച്ചതോ’ എന്ന സ്റ്റൈലില്‍ മുറുക്കിത്തുപ്പി ചുവപ്പ് നിറത്തില്‍ വൃത്തികേടാക്കിവെച്ചിരിക്കുന്നത് എത്ര കണ്ടിരിക്കുന്നു!!
ReplyDeleteഅതു കൊള്ളാം …
ന്യൂക്കാസ്സില് അപ്പോണ് ടയിന് എന്ന സ്ഥലം ഒന്നു സന്ദറ്ശിച്ചോളൂ … ഒട്ടും മുഷിയില്ല്യാ …
pakshe u 4got one thing.aa murukkithuppiyathinde chithrangal eduthirunnenkil athu koodi cherkkamaayirunnu.(just kidding).really this story was very informative coz i was not aware that the gps navigator inside a car is able to show the direction.
ReplyDeleteനല്ല വിവരണം...
ReplyDeleteതുടരട്ടെ...
Never knew you had such talent...keep up the good work...
ReplyDeletefrom Hemchandra Mohan hemujione@gmail.com 1:35 pm to manojravindran@gmail.com
ReplyDeletedate Feb 8, 2008 1:35 PM
subject Chat with Hemchandra Mohan
------------------------
Hemchandra: I read your blog on Liecester. Quite a tickler. I did have a good laugh.
നിരക്ഷരാ, നല്ല വിവരണം.
ReplyDeleteഇടക്കിടെ ഇങ്ങനെ രണ്ടുമൂന്നു മണിക്കൂര്‍ യാത്ര ചെയ്ത് ഒരു മസാലദോശയും മസാലറ്റീയുമടിച്ച്, സ്വര്‍ണ്ണക്കടയും തുണിക്കടയും കണ്ട് എഡിസണ്‍, ന്യൂജേര്‍സിയില്‍ നിന്ന് മടങ്ങുമ്പോള്‍ മനസ്സില്‍ നല്ലൊരു അനുഭൂതിയാണ്.
ഭാര്യയുള്ളപ്പോള്‍ വേറൊരു ജി പി എസ് വീട്ടില്‍ വേണോ? ഒരു പ്ര്ശ്നമേയുള്ളു, ഓഫ് ആക്കിയിടുവാന്‍ പറ്റൂല്ല.
wounderfull...
ReplyDeletei enjoyed your all blogs
നിരക്ഷരന്‍ ചേട്ടാ
ReplyDeleteആദ്യ കമന്റിനു നന്ദി
ഇന്നു മലയാളി എറ്റവും അധികം പേടിക്കുന്നത് ഈ കൊതുകിനെ അല്ലെ
ഒരു മന്ത്രിയെ (ശ്രീമതി ടീച്ചര്‍) വരെ മുള്‍മുനയില്‍ നിര്‍ത്താന്‍ മാത്രം ശക്തന്‍!
പിന്നെ കാര്യം വ്രത്തികെട്ടവനെങ്കിലും ജാതി, മതം ഒരു കോപ്പും ഇല്ലേനും
നല്ല എഴുത്ത് മാഷേ :)
ReplyDeleteഷാരൂ :-) പിന്നില്ലേ ബഹുസന്തോഷം :)
ReplyDeleteകാപ്പിലാനേ :-) എനിക്ക് ജോലി അറബിനാട്ടില്‍ത്തന്നെയാ. ഓയല്‍ ഫീല്‍ഡിലെ പണിയായതുകൊണ്ട്, ഒരു മാസം പണിയെടുത്താല്‍ ഒരു മാസം അവധി കിട്ടും. അപ്പോ ഞാന്‍ നല്ലപാതീനേം, കൊച്ചിനേം കാണാന്‍ യു.കെ.യിലേക്ക് വണ്ടി കയറും.ജീവിതമെന്ന അന്തമില്ലാത്ത വലിയ യാത്രയിലെ ചില കൊച്ചു കൊച്ചു യാത്രകള്‍!!
സജീ :-) സന്തോഷം. പോസ്റ്റിടാന്‍ വേണ്ടിക്കൂടെയാണ് ഇത്രയും യാത്രകള്‍ ചെയ്യുന്നതുതന്നെ.
വാല്‍മീകി :-) അല്ലപിന്നെ :)
പ്രിയ ഉണ്ണികൃഷ്ണന്‍ :-) ഒന്നൊന്നുമല്ല, ഒരുപാട് സാധനങ്ങള്‍ മുറുക്കാനുണ്ട് തലയില്‍. ഹാ..ഓടല്ലെ, ഒന്ന് മുറുക്കിത്തന്നിട്ട് പോ മാഷേ.. :)
ധ്വനി :-) പ്രിയ പറഞ്ഞത് സത്യം തന്നെ. പരമസത്യം. ഞാനിത്തിരി വാ തുറന്നല്ലേ ? എന്തുചെയ്യാം ശീലമായിപ്പോയി.
ആദ്യമാ, പുതിയ ആളാ എന്നൊന്നുമുള്ള ശങ്കയൊന്നും വേണ്ട. മനസ്സിലുള്ളത് ചുമ്മാ തുറന്നടിച്ചോ. എനിക്കൊരു പ്രശ്നവും ഇല്ല :) :)
കുറ്റിയാടിക്കാരാ :-) പൊറ്റക്കാട് കേള്‍ക്കണ്ട. അങ്ങേര് രണ്ടാമത് ജന്മമെടുത്ത് വന്ന്, അത്മഹത്യ ചെയ്തുകളയും.
ശ്രീ :-) എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാനല്ലേ മലയാളിക്ക് എന്നും താല്‍പ്പര്യം. ഞാനും ഒട്ടും മോശക്കാരനല്ല :)
പ്രിയംവദ :-) സാജന്റെ ലിങ്ക് തന്നതിന് ഒരുപാട് നന്ദി. ഞങ്ങള്‍ വല്യ സുഹൃത്തുക്കളൊക്കെയായിട്ടും ഞാനത് കണ്ടിരുന്നില്ല.
നിഷ്ക്കളങ്കന്‍ :-) അതെ, താങ്കള്‍ പറഞ്ഞതാണ് അതിന്റെ ശരി.
കുഞ്ഞായി :-) എനിക്ക് ചിലവായ തുട്ടിന്റെ ഒരു വിഹിതം തരണം. അല്ലാണ്ടിപ്പോ ഓസിന് സ്ഥലം കാണണ്ട :) :)
മന്‍സൂറേ :-)ഹാവൂ, ആശ്വാസമായി. ഞാന്‍ ഉദ്ദേശിച്ച സംഭവം മന്‍സൂറിനെങ്കിലും പിടികിട്ടിയല്ലോ ?! ബാക്കിയുള്ളോരെല്ലാം ഞാന്‍ വട്ട് കേസാണെന്ന് വിധിയെഴുതി സ്ഥലം കാലിയാക്കി.
അപ്പോ നമ്മള് നെരിട്ട് കാണുമ്പോ ഞാന്‍ മുട്ടായി വാങ്ങിത്തരാട്ടോ :) :)
സാക്ഷരാ :-) ന്യൂക്കാസ്സില് അപ്പോണ്ടയിന്‍ ഞാന്‍ പോകും. യൂറോപ്പ് മുഴുവന്‍ കറങ്ങിയിട്ടേ ഞാന്‍ അടങ്ങൂ. അത് മുഴുവന്‍ ബൂലോകര് പോസ്റ്റ് രൂപത്തില്‍ സഹിക്കേണ്ടി വരുമെന്ന് മാത്രം :) :)
സിന്ധൂ :-) അങ്ങിനെ ജി.പി.എസ്സിനെപ്പറ്റി പഠിച്ചില്ലേ ? ഇതിനൊക്കെ ചിലവുണ്ട് കേട്ടോ ?തുപ്പിയിട്ടിരിക്കുന്നതിന്റെ പടം എടുക്കണമെന്ന് കരുതിയതാണ്.പക്ഷെ മഹാവൃത്തികേട്...ഹോ. :) :)
അഷ്‌റഫേ :-) എനിക്ക് ആളെ ശരിക്ക് മനസ്സിലായില്ല കേട്ടോ. ഒരുപാട് അഷറഫുമാരുണ്ട് പരിചയക്കാര്‍. അതുകൊണ്ടാ :)
റീനീ :-) എന്റെ ജി.പി.എസ്സ്. കാറില് ബില്‍റ്റ് ഇന്നാണ്. പിന്നെ നല്ലപാതി ജി.പി.എസ്സിന്റെ കാര്യം. അത് ആവശ്യമുള്ള നേരത്ത് ഓണാകത്തുമില്ല.
:) :) :)
എനിക്ക് കിട്ടിയ ആ അനുഭൂതി റീനിക്ക് മനസ്സിലായെന്നറിഞ്ഞതില്‍ സന്തോഷം.
ശല്യക്കാരാ :-)ഇതെന്താ ഇവിടെ ഇങ്ങനൊരു കമന്റ്? ഞങ്ങളിവിടെ കൊതുകിനെപ്പറ്റിയല്ല, തുപ്പലിനെപ്പറ്റിയാ ഘോരഘോരം ചര്‍ച്ച ചെയ്യുന്നത്.
ഈ കമന്റ് ശല്ലൂന്റെ പോസ്റ്റില്‍ എന്റെ കമന്റിന് താഴെത്തന്നെ എഴുതിയാല്‍ മതിയായിരുന്നല്ലോ. ഞാന്‍ ഇവിടിരുന്ന് എല്ലാം അറിയില്ലേ ? കമന്റ് ഫോളോ അപ്പ് ചെയ്യാന്‍ മാര്‍ഗ്ഗമുണ്ട് ശല്ലുക്കുട്ടാ. ഞാന്‍ അത് ചെയ്തിട്ടുണ്ട്. എന്തായാലും ഈ വഴി വന്നതിന് നന്ദി. തുടക്കത്തില്‍ എനിക്കും ഇത്തരം ബൂലോകരഹസ്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു. ഇപ്പോഴും പലതും അറിയില്ല.എന്നാലും എനിക്കറിയുന്നതൊക്കെ പറഞ്ഞുതരുന്നതിന് സന്തോഷമേയുള്ളൂ. ചോദിച്ചോണ്ടാ മാത്രം മതി :) :)
പ്രയാസീ,ഗോപന്‍,ശിവകുമാര്‍,ഹരിശ്രീ, ഹേമുമാമന്‍, കെ.എം.എഫ്, പരീക്കുട്ടി...
തുപ്പല്‍ മാഹാത്മ്യം കേള്‍ക്കാന്‍ വന്ന എല്ലാവര്‍ക്കും വളരെ വളരെ നന്ദി.
അവസാനം ഞാന്‍ ചിരിച്ചു പോയി തുപ്പല്‍ മാഹത്മ്യം കേട്ട്.
ReplyDeleteദൈവമേ നാട്ടില്‍ അക്സിലേറ്ററില്‍ കയറി നിന്നായിരുന്നോ വണ്ടി ഓട്ടിച്ചോണ്ടിരുന്നേ?
പൊക്കം എത്രയാ?
ഗിന്നസ് ബുക്ക് കാരെ വിളിക്കണോ? ;)
ഈശ്വരന്മാരെ .....ഇവിടെ ഇങ്ങനെയും ഒരു പട്ടണമുണ്ടോ????നന്നായി അടുത്ത ശനിയാഴ്ചകു ജി.പി.എസ്,നു പണിയായി..
ReplyDeleteകെട്ടിയ പെണ്ണിന്റെ വാക്ക് കേട്ടില്ലേലും..... ജി.പി.എസ്.ന്റെ വാക്കു കേട്ടില്ലേല്‍;
ഇവിടെ പെരുവഴി തന്നെ ശരണം..
:)
മാഷെ, ഈ പോസ്റ്റ് ഇന്നലത്തെ (ഫെബ്രുവരി 14/2010) ചന്ദ്രിക വാരാന്തപ്പതിപ്പില്‍ അച്ചടിച്ച് വന്നിട്ടിണ്ട്
ReplyDeleteമാഷിന്റെ പേരും (നിരക്ഷരന്‍ ) ബ്ലോഗ് അഡ്രെസ്സും എല്ലാം കൊടുത്തിട്ടുണ്ട്.
ലാസ്റ്റ് പേജില്‍ പകുതിയോളം നിറഞ്ഞ് നിക്കാ...
മള്‍ട്ടി കളറില്‍.. :)
പുട്ടിനു തെങ്ങ ഇടുന്ന പോലെ ഇടയ്ക്കു ഹാസ്യം കലര്തിയതിനാല്‍ വായന തീരെ ബോറാകുന്നില്ല . വളരെ നല്ല അവതരണം.ഭാവുകങ്ങള്‍!!
ReplyDeleteഈ യാത്രാവിവരണം എന്നോട് അനുവാദം ചോദിക്കുക എന്ന സാമാന്യ മര്യാദപോലും കാണിക്കാതെ നഗ്നമായ കോപ്പിറൈറ്റ് വയലേഷന്‍ നടത്തി ചന്ദ്രിക ദിനപ്പത്രത്തിന്റെ 2010 ഫ്രെബ്രുവരി 14 ഞായറാഴ്ച്ചയിലെ വാരാന്ത്യപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിന്റെ സ്ക്രീന്‍ ഷോട്ടാണ് പോസ്റ്റിന് മുന്നില്‍ ഞാന്‍ അപ്പ്ഡേറ്റ് ചെയ്തിരിക്കുന്നത്.
ReplyDeleteബ്ലോഗുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനത്തിന് നന്ദി ചന്ദ്രികാ. പക്ഷെ അതോടൊപ്പം തന്നെ നിങ്ങളെപ്പോലുള്ള പ്രമുഖ മാദ്ധ്യമങ്ങള്‍ പത്രധര്‍മ്മവും കോപ്പിറൈറ്റ് ആക്‍ടുമൊക്കെ കാറ്റില്‍പ്പറത്തിയതില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു.
അവിടെ വേറെ ഒന്നും കാണാനില്ലെങ്കിലും ഇന്ത്യന്‍ പട്ടണം അതിനെ ഒറീജിനാലിറ്റിയോടു കൂടിതന്നെ കണ്ടല്ലൊ...
ReplyDeleteപിന്നെ അവിടെയുള്ള വല്ല ഗ്രാമങ്ങളിലേക്കും വണ്ടി തിരിക്കെന്നേ.. അപ്പോ കുടുതല്‍ നല്ല വല്ലതും തടയും...
ആശംസകള്‍...
This comment has been removed by the author.
ReplyDelete