Monday, 30 June 2008

സൂര്യകാലടി മനയിലേക്ക്

കേരളപ്പഴമയോളം പുരാതനവും മന്ത്രവാദ പാരമ്പര്യത്തിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ സൂര്യകാലടിമനയിലേക്ക് ആദ്യമായി പോകാന്‍ അവസരം കിട്ടിയത് നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

സംഗീതവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ കുടുംബസുഹൃത്തും ബന്ധുവുമായ ലതികച്ചേച്ചി സൂര്യകാലടി മനയിലേക്ക് യാത്രപുറപ്പെട്ടപ്പോള്‍ സാഹചര്യവശാല്‍ ആ യാത്രയില്‍ ചേച്ചിയുടെ കൂടെ ഞാനുമുണ്ടായിരുന്നു. പ്രശസ്ത സംഗീതജ്ഞനായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്ന ആ ചടങ്ങില്‍ പങ്കെടുക്കാനും മ്യൂസിക്ക് തെറാപ്പിയെപ്പറ്റി അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പറ്റിയതുമൊക്കെ നല്ലൊരു യാത്രാനുഭവമായിരുന്നു.
കുറച്ച് ജനബാഹുല്യമുണ്ടായിരുന്നതുകൊണ്ട് ആ ദിവസം മനയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും മനയുടെ ഉള്‍വശം കാണാനുമൊന്നും സാധിച്ചില്ല. പിന്നീട് ഒരിക്കല്‍ക്കൂടെ അവിടെ പോകാനുള്ള അവസരം ഇക്കഴിഞ്ഞ ദിവസം ഉണ്ടാക്കിത്തന്നത് ലതികച്ചേച്ചി തന്നെയാണ്.

പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചുവെന്നാണ് ഐതിഹ്യം. അതില്‍ കേരളവാസികളുടെ രക്ഷയ്ക്കായി മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന‘. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാലടിമന പൊന്നാനി താലൂക്കില്‍ അധിവസിച്ചിരുന്നതായാണ് കൈവശവസ്തുക്കളുടേയും പാട്ടവസ്തുക്കളുടേയും പ്രമാണങ്ങളായ തെളിവുകള്‍ സൂചിപ്പിക്കുന്നത്. ആദ്യകാലത്ത് കേരളത്തില്‍ നമ്പൂതിരി ബ്രാഹ്മണന്മാരുടെ ആവാസസ്ഥാനം ഭാരതപ്പുഴയുടെ സമതലപ്രദേശഭാഗങ്ങളായിരുന്നത്രേ.

സൂര്യകാലടി എന്ന പേരില്‍ വിശ്വവിഖ്യാതനായി, ഇതിഹാസ കഥാപാത്രമായി മാറിയ ഒരു ഭട്ടതിരിയുടെ ആവിര്‍ഭാവത്തോടെയാണ് കാലടി എന്ന പൂര്‍വ്വിക കുടുംബനാമം ‘സൂര്യകാലടി’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹം സൂര്യനെ തപസ്സുചെയ്യുകയും മന്ത്രതന്ത്രങ്ങളുടെ താളിയോലകള്‍ സൂര്യഭഗവാന്‍ അദ്ദേഹത്തിന് നല്‍കിയെന്നുമാണ് ഐതിഹ്യം. ആറേഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ കുടുംബം സ്വദേശമായ പൊന്നാനി വിട്ട് കോട്ടയത്ത് കൌണി നദിയുടെ (മീനച്ചിലാര്‍) തീരത്ത് വന്ന് താമസമുറപ്പിച്ചതിന്റെ കാരണം അവ്യക്തമാണ്. മീനച്ചിലാറിന്റെ കരയിലുള്ള ഈ മന പണികഴിപ്പിച്ചത് സ്വാതി തിരുനാള്‍ മഹാരാജാവാണ്.

അത്രയുമൊക്കെ പാരമ്പര്യമുള്ള മനയിലേക്കുള്ള യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഭവം തന്നെയായിരുന്നു.

എറണാകുളം കോട്ടയം റൂട്ടില്‍, ചവിട്ടുവരിയില്‍ നിന്ന് വല‍ത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് പോയപ്പോള്‍ വലത്തുവശത്തായി മന കണ്ടു. മനയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും , പടങ്ങളെടുക്കാനും, പ്രവേശനം സാദ്ധ്യമാക്കാനും വേണ്ടി, തൊട്ടടുത്തുതന്നെ താമസിക്കുന്ന സൂര്യകാലടി ബ്രഹ്മശ്രീ സൂര്യന്‍ ജയസൂ‍ര്യന്‍ ഭട്ടതിരിപ്പാടിനെ അദ്ദേഹത്തിന്റെ ഇല്ലത്ത്‍ ചെന്നു കണ്ടു. സ്വയം ഉണ്ടാക്കിയ നല്ലൊരു ചായ വിളമ്പിക്കൊണ്ട് ആതിഥേയ മര്യാദ ഭംഗിയായി അദ്ദേഹം നിര്‍വ്വഹിച്ചു.

ഒരുവിധം എല്ലാ യാത്രകളിലും എന്റെ കൂടെ കൂടാറുള്ള മഴ, ഇപ്രാവശ്യവും മുടങ്ങാതെ തന്നെ കൂട്ടിനുണ്ട്.
ശ്രീ ജയസൂര്യന്‍ ഭട്ടതിരിപ്പാടുമൊത്ത് മനയുടെ മുന്നിലെത്തിയപ്പോള്‍, മഴ ഞങ്ങള്‍ക്കായി കുറച്ചുനേരം വിട്ടുനിന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ത്തന്നെ പ്രൌഢഗംഭീരമായി തലയുയര്‍ത്തിപ്പിടിച്ച് നി‍ല്‍ക്കുന്ന മന കണ്ടു.
മനയിലെ നടയില്‍ നിന്ന് വിഘ്നേശ്വരനെ തൊഴുതതിനുശേഷം ജയസൂര്യന്‍ തിരുമേനി മനയെപ്പറ്റിയും, മനയിലെ പ്രതിഷ്ഠകളെപ്പറ്റിയും, സൂര്യകാലടി നമ്പൂതിരിയെപ്പറ്റിയും, മറ്റ് ഐതിഹ്യങ്ങളെപ്പറ്റിയുമെല്ലാം സംസ്കൃത ശ്ലോകങ്ങളുടെ അകമ്പടിയോടെ വിശദീകരിക്കാന്‍ തുടങ്ങി.
കേരളപ്പഴമയുടേയും, പൈതൃകത്തിന്റേയും അന്യം നിന്നുകൊണ്ടിരിക്കുന്ന സംസ്ക്കാരത്തിന്റേയുമെല്ലാം പിന്നാമ്പുറത്തുകൂടെ മറ്റൊരു യാത്ര നടത്തിയതിന്റെ സുഖം കിട്ടിയ അസുലഭ നിമിഷങ്ങള്‍. മനസ്സിനെ വലിയൊരു തീര്‍ത്ഥാടനത്തിന് പറഞ്ഞുവിട്ടതുപോലെ.

നാലുകെട്ടിന്റേയും, അകത്തളങ്ങളുടേയും മറ്റും ചില ചിത്രങ്ങള്‍ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ മേല്‍‌വസ്ത്രം ഊരിയിട്ട് അകത്ത് കയറിക്കൊള്ളാന്‍ അനുമതി കിട്ടി. ധരിച്ചിരിക്കുന്ന ജുബ്ബ ഊരിമാറ്റി മനയുടെ അകത്തേക്ക് കടന്നു.കൂടെ വന്നിരിക്കുന്ന ലതികച്ചേച്ചിയും, സുഭാഷ് ചേട്ടനും, കോട്ടയത്തെ ഒരു പ്രമുഖ കമ്പ്യൂട്ടര്‍ വ്യവസായിയുമായ ഷിജോ കെ.തോമസ്സും പുറത്തുള്ള നെടുനീളന്‍ വരാന്തയില്‍ തിരുമേനിയുമായി സംസാരിച്ചുകൊണ്ടുനിന്നു.

മാന്ത്രിക താന്ത്രിക വിദ്യകളുടേയും ഐതിഹ്യങ്ങളുടേയുമൊക്കെ ചിന്തകളില്‍ മനസ്സ് വ്യാപൃതമായിരുന്നതുകൊണ്ടായിരിക്കണം, നാലുകെട്ടിനകത്ത് കാലുകുത്തിയപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. വിചാരിച്ചതുപോലെ ചിത്രങ്ങളെടുക്കാനോ പ്രധാന പ്രതിഷ്ഠയായ ശ്രീമഹാഗണപതിയും, വിഷ്ണുവും, ദേവിമാരും, സൂര്യകാലടി തിരുമേനിയുടെ ബ്രഹ്മരക്ഷസ്സടക്കം പതിനൊന്നോളം മൂര്‍ത്തികള്‍ കുടിയിരിക്കുന്ന ആ നടയിലേക്ക് ധൈര്യസമേതം തലയുയര്‍ത്തിനോക്കാന്‍ പോലുമോ എനിക്കായില്ല.
തന്റെ അച്ഛനെക്കൊന്ന യക്ഷിയോട് പ്രതികാരം ചെയ്ത് ഹോമിച്ച് ,അവസാനം യക്ഷിയുടെ ശാപമേറ്റ് നാല്‍പ്പത്തൊന്നാം നാള്‍ തിരുവാലൂര്‍ ക്ഷേത്രത്തില്‍ വെച്ച് അന്ത്യം സംഭവിച്ച സൂര്യകാലടി നമ്പൂതിരിയുടെ സ്തോഭജനകമായ കഥയൊന്നും ആ നിമിഷം എനിക്കറിയില്ലായിരുന്നെങ്കിലും, ഏകാന്തതയില്‍ നിന്നുണ്ടാകുന്ന തരത്തിലുള്ള നിര്‍വ്വചിക്കാനാകാത്ത ഒരു വികാരം എന്നില്‍ ആ നിമിഷങ്ങളില്‍ കടന്നുകൂടിയപോലെ തോന്നി‍.


മനയുടെ അകത്തളത്തിന്റെ സ്വകാര്യത നഷ്ടപ്പെടാത്ത രീതിയില്‍ ചില ചിത്രങ്ങള്‍ കൂടെ എടുത്ത് നാലുകെട്ടിന് വെളിയില്‍ കടന്നു. അപ്പോഴേക്കും, അത്രയും നേരം മാറിനിന്നിരുന്ന മഴ വീണ്ടും പൊടിഞ്ഞുതുടങ്ങി.
നന്ദിയുടെ ഒരു മനോഹരമായ കല്‍‌പ്രതിമ മഴ നനഞ്ഞ് തൊടിയില്‍ കിടക്കുന്നതുകണ്ടു.
മനയുടെ തെക്കുഭാഗത്തൂടെ മീനച്ചിലാര്‍‍ മഴയും എറ്റുവാങ്ങിക്കൊണ്ട് ഒഴുകുന്ന കാഴ്ച്ച നോക്കി എത്രനേരം വേണമെങ്കിലും നില്‍ക്കാന്‍ തോന്നിപ്പോകും. മീനച്ചിലാറിന്റെ ഭംഗിയും ആസ്വദിച്ച് ആ മനയില്‍ കഴിഞ്ഞിട്ടുള്ളവരോടെല്ലാം അസൂയ തോന്നിപ്പോയി.
മനയുടെ ഉള്ളറകളില്‍ നിന്ന് മീനച്ചിലാറിലേക്ക് നേരിട്ട് ഇറങ്ങിവരാനുള്ള കവാടങ്ങളും പടവുകളുമെല്ലാമുണ്ട്.
സ്വീകരണമുറിയില്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടുമായി കുറച്ചുനേരം കൂടെ ചിലവഴിച്ചു. ഒരുപാട് പുത്തനറിവുകള്‍ അദ്ദേഹം കുറഞ്ഞ സമയം കൊണ്ട് പകര്‍ന്നു തന്നു.
ശ്രീമഹാഗണപതിഹോമം സൂര്യകാലടിമനയിലെ നമ്പൂതിരിമാരുടെ ഒരു പ്രധാന കര്‍മ്മമായി കണക്കാക്കപ്പെട്ട് ലോകം മുഴുവന്‍ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ളതാണ്. ഗണപതിഹോമത്തിന് എല്ലാവരും ഒരു സാക്ഷി വിളക്ക് വെയ്ക്കുമ്പോള്‍ സൂര്യകാലടിമനയില്‍ സൂര്യനാണ് സാക്ഷിയെന്നത് ഒരു പ്രത്യേകതയാണ്. പുതിയ തലമുറയിലെ പ്രഗത്ഭനും പ്രസിദ്ധനുമായ ബ്രഹ്മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടാണ് 2007 ഏപ്രില്‍മാസം 22ന് കൊച്ചിയില്‍ വെച്ച് നടത്തപ്പെട്ട ലോകജനശ്രദ്ധ പിടിച്ചുപറ്റിയ ഒരുലക്ഷത്തിയെട്ട് നാളികേരം കൊണ്ടുള്ള വിശ്വമഹാഗണപതിഹോമത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.

മുന്‍ ഉപരാഷ്ടപതി കെ.എം.മുന്‍ഷി, ജയപ്രകാശ് നാരായണന്‍, മഹര്‍ഷി മഹേഷ് യോഗി തുടങ്ങിയവര്‍ സൂര്യകാലടി മന സന്ദര്‍ശിച്ചിട്ടുണ്ട്. കാരൂര്‍, എം.പി.പോള്‍, ഡി.സി.കിഴക്കേമുറി, അഭയദേവ്, തുടങ്ങി പ്രശസ്തരായ ഒട്ടനവധിപേര്‍ മനയിലെ നിത്യ സന്ദര്‍ശകരായിരുന്നു. ഗാനഗന്ധര്‍വ്വന്‍ ശ്രീ യേശുദാസ് സൂര്യകാലടി മനയില്‍ച്ചെന്ന് മഹാഗണപതിയെ സേവിച്ചുപോരുന്നു. അദ്ദേഹത്തിന്റെ മകന്‍ വിജയ് യേശുദാസിന്റെ കച്ചേരിക്ക് അരങ്ങേറ്റം കുറിച്ചത് ആ തിരുനടയില്‍ വെച്ചാണ്. അത്രയുമൊക്കെ പ്രശസ്തവും പുരാതനവുമായ സൂര്യകാലടിമനയില്‍ കുറച്ചു സമയമെങ്കിലും ചിലവഴിക്കാന്‍ എനിക്കും ഭാഗ്യം കിട്ടിയതില്‍ അഭിമാനം തോന്നി. സമയം ഒരുപാട് കടന്നുപോയതറിഞ്ഞില്ല. കഥകളും, ഐതിഹ്യങ്ങളും, നാട്ടറിവുകളും ചര്‍ച്ച ചെയ്ത് ഒരുദിവസം മുഴുവനും അങ്ങിനെയിരിക്കാന്‍ എനിക്കാവുമെങ്കിലും കൂടെവന്നിരിക്കുന്നവര്‍ മറ്റുപല തിരക്കുകളും ഉള്ളവരാണ്. ഇരുട്ടുന്നതിന് മുന്‍പ് എറണാകുളത്ത് തിരിച്ചെത്തണം. മനയിലെ പ്രസാദമായ തേങ്ങാപ്പൂളുകളും ശര്‍ക്കരയും പൂക്കളും ചന്ദനവുമെല്ലാം ഏറ്റുവാങ്ങി, ശ്രീമഹാഗണപതിയെ ഒന്നുകൂടെ തൊഴുത് സകലവിഘ്നങ്ങളും തീര്‍ത്തുതരണേയെന്ന് പ്രാര്‍ത്ഥിച്ച് മനയില്‍ നിന്ന് മടങ്ങുമ്പോഴേക്കും മഴയുടെ ശക്തി പതിന്മടങ്ങായിക്കഴിഞ്ഞിരുന്നു.

40 comments / കമന്റുകള്‍:

പൊറാടത്ത് said...

വൌ.. സൂപ്പര്‍ നിരന്‍.. കണ്ടിട്ട് കൊതിയായി.. വളരെ നന്ദി ഈ പോസ്റ്റിന്..

ഈ മഴയെന്താ കൂടെപിറപ്പായി പോയത്..!!?

ശാലിനി said...

malayalam keyman is not working.

:)

പച്ചാളം : pachalam said...

നന്ദി നിരക്ഷരാ.
സൂര്യകാലടി മനയില്‍ പണ്ട് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് സഖാക്കള് ഒളിവില്‍ താമസിച്ചിട്ടില്ലെ? (അതോ എനിക്കു തെറ്റിയോ? )

ശ്രീ said...

നല്ല വിവരണവും ചിത്രങ്ങളും. മഴയുള്ളപ്പോഴെടുത്ത ചിത്രങ്ങള്‍ കൂടുതലിഷ്ടമായി.
:)

കുഞ്ഞന്‍ said...

നിരു മാഷെ..

നല്ലൊരു വിവരണം..

ആ മനയില്‍ ആള്‍ത്താമസം ഉണ്ടൊ..അതായിത് കുടുംബം..?

ആ പുഴയുടെ തീരത്തങ്ങിനെ നില്‍ക്കാന്‍ എന്തു രസമായിരിക്കും. മാഷെ നന്ദി പറയുന്നു.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ വിശദമായി സൂര്യകാലടി ഭട്ടതിരിയെപ്പറ്റി പറയുന്നുണ്ട്.

വാല്‍മീകി said...

എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ് ഇങ്ങനെയുള്ള ഒരു മനയില്‍ ഒന്നു രണ്ടു ദിവസം താമസിക്കുക എന്ന്.
എന്തായാലും വിവരണവും പടങ്ങളും ഇഷ്ടമായി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ഒരു ഒന്നൊന്നര വിവരണമായിപ്പോയി കെട്ടാ..
ആ ചിത്രങ്ങള്‍ എനിക്ക് ഒത്തിരി ഇഷ്ടായി
കൊതിയാകുന്നു അവിടെ ഒന്ന് പോകാന്‍

കുതിരവട്ടന്‍ :: kuthiravattan said...

നിരക്ഷരാ, കഥകള്‍ കൊട്ടാരത്തില്‍ ശന്കുണ്ണിയുടെ ഐതിഹ്യമായില്‍ വായിച്ചിട്ടുണ്ട്. ഭട്ടതിരി യക്ഷീശാപം നിമിത്തം മൂത്രം മുട്ടിമരിക്കുകയായിരുന്നോ? മരണവെപ്രാളത്തില്‍ അദ്ദേഹം ചാടിക്കടിച്ചപാടുകള്‍ തിരുവാലൂര്‍ ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഇപ്പോഴും കാണാമോ? സൂര്യകാലടിമനയെക്കുറിച്ച് എവിടെയും വായിക്കാത്ത കുറെ വിവരങ്ങള്‍ പന്കുവച്ചതിനു നന്ദി.

MANIKANDAN [മണികണ്ഠന്‍] said...

മനോജ്‌ചേട്ടാ വാക്കുകള്‍‌ ഇല്ല ഈ വിവരങ്ങള്‍‌ക്കു നന്ദി പറയാന്‍‌. വളരെ മനോഹരം.

ഗീതാഗീതികള്‍ said...

സൂപ്പര്‍ നീരൂ.

ഞാനും വിചാരിക്കയായിരുന്നു, നീരുവിന്റെ എല്ലാ യാത്രകളിലും മഴ ഒരു കൂട്ടുകാരനായി എത്തുന്നുണ്ടല്ലോ എന്ന്‌.....

പിന്നെ ഒരു കാര്യം. നന്ദി, ശിവന്റെ വാഹനമായ നന്ദിയാണെങ്കില്‍, അതു കാള അല്ലേ? (നന്ദികേശന്‍).
അതുപോലെ ലാസ്റ്റ് പാരായില്‍ തേങ്ങാപ്പൂള്‍ എന്നതിനു പകരം തേണ്ടാപ്പൂള്‍ എന്നായിപ്പോയിരിക്കുന്നു. തിരുത്തണേ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ വഴി ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട്. ശങ്കരാചാ‍ര്യ മഠവും അവിടെയല്ലേ?

നല്ല വിവരണം

പാമരന്‍ said...

വീണ്ടും വീണ്ടും കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുവാണല്ലോ ഈ നിരച്ചരന്‍..

കാവലാന്‍ said...

നിരക്ഷരാ അസൂയകൊണ്ടു നില്‍ക്കക്കള്ളിയില്ല,കരിങ്കോഴിത്തലയറുത്തൊരു കൂടോത്രം ചെയ്യാന്‍ എന്റെ കൈ തരിക്കുകയാണ്.പിന്നെ ശത്രു നിരച്ചരനായ കാരണം ക്ഷമിച്ചു,ഹും.

ചക്രശ്വാസം വലിച്ചു മരിക്കുക എന്നു പണ്ടു കേട്ടിരുന്നപ്പോള്‍ എന്താണതെന്നു പിടികിട്ടിയിരുന്നില്ല പിന്നീട് ഐതിഹ്യമാലയില്‍ നിന്നാണെന്നു തോന്നുന്നു സൂര്യകാലടി നമ്പൂതിരിപ്പാടിന്റെ മരണം വിവരിക്കുന്നിടത്തു നിന്നാണതു മനസ്സിലായത്.

Sharu.... said...

നല്ല പോസ്റ്റ്. പിന്നെ ചിത്രങ്ങളില്‍ കയ്യരിവന്ന മഴ വല്ലാതെ കൊതിപ്പിക്കുന്നു. മഴയും ആ പുഴയും... സൂപ്പര്‍

Rare Rose said...

നിരക്ഷരന്‍ ജീ..,..ഈ യാത്രാവിവരണം വളരെയേറെ ഇഷ്ടമായി....മന്ത്രതന്ത്രങ്ങളുടെ ശക്തമായ പാരമ്പര്യമുള്ള സൂര്യകാലടിമനയില്‍ പോവാന്‍ കഴിയുന്നത് തന്നെ എത്ര ഭാഗ്യമാണു...മനയെ കുറിച്ച് കൂടുതലറിയാന്‍ ഈ വിവരണം ഒരുപാട് സഹായിച്ചു...
സൂര്യകാലടി ഭട്ടതിരിയെ പറ്റി മുന്‍പ് ഐതിഹ്യമാലയില്‍ വായിച്ചതോര്‍ക്കുന്നു.....ഇതു കണ്ടപ്പോള്‍ ഒന്നൂടെ ആ ഐതിഹ്യമെല്ലാം വായിക്കാന്‍ തോന്നുന്നു...

യാരിദ്‌|~|Yarid said...

അടിപൊളി ഫോട്ടൊകളും വിവരണവും, നന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും.!

രാജേഷ് മേനോന്‍ said...

വളരെ ഇഷ്ടപ്പെട്ടു. മനസ്സില്‍ തൊടുന്ന ചിത്രങ്ങളും വിവരണവും.

ഹൊ.. ഈ മഴ... വല്ലാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്നു.

അനൂപ്‌ കോതനല്ലൂര്‍ said...

ഞങ്ങള്‍ക്ക് വളരെ അടുത്താണ് സൂര്യകാലടി മന
പക്ഷെ ഇതു വരെ പോയിട്ടില്ല
ഇനി എന്തായാലും പോണം
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തെ കുറിച്ചും
കേരളത്തിലെ ഏക സൂര്യ ക്ഷേത്രമായ ആദ്യപുരത്തെ കുറിച്ചും ഒരു ഫീച്ചര്‍ തയ്യാറാക്കു
നിരേട്ടാ

ബൈജു (Baiju) said...

പോസ്റ്റിഷ്ടായി മാഷേ, പിന്നെ മീനച്ചിലാറിന്‍റ്റെ തീരത്തുള്ള മനയില്‍താമസിച്ചവരോടുള്ള അസൂയയില്‍ (അനസൂയവിശുദ്ധം) ഞാനും പങ്കുചേരുന്നു.

ജിഹേഷ് said...

മനോജേട്ടാ...പൊറാടത്ത് പറഞ്ഞതു തന്നെയേ എനിക്കും പറയാനുള്ളൂ...വൌ :)


qw_er_ty

ഹരീഷ് തൊടുപുഴ said...

നിരന്‍ ചേട്ടാ;
ഒരിക്കല്‍ കൂടി വിജ്ഞാനപ്രദമയ പോസ്റ്റിട്ടതിനു നന്ദി...പിന്നെ ഒരായിരം അഭിനന്ദനങ്ങള്‍

ലതി said...

അമ്പാടീ,
അസ്സലായി വിവരണവും പടങ്ങളും. ഞാനിപ്പൊഴാ വായിച്ചത്. ജയസൂര്യനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
അനൂപ് കോതനല്ലൂര്‍ പറഞ്ഞതുപോലെ ആദിത്യപുരത്തും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്ര
ത്തിലും ഉടന്‍ പോകണേ..

Gopan (ഗോപന്‍) said...

മനോജ്,
സൂര്യകാലടി മനയെ കുറിച്ചു ഇത്രയും വിവരങ്ങള്‍ ചിത്രസഹിതം പോസ്ടിയതിനു ആദ്യം നന്ദി പറയട്ടെ. വളരെയധികം ആസ്വദിച്ചു ഈ യാത്രക്കുറിപ്പ്‌. ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്.
അനൂപിനെ ഇരുത്തുവാന്‍ പറ്റിയ ഒരു അമ്പലം കൂടെ കണ്ടു പിടിക്കണേ.. :)

sindu said...

really worth.but u did not reveal the story behind the yakshi and the curse.

മാണിക്യം said...

മനോജ്,
സൂര്യകലടി മനയുടെ അയല്‍പക്കമാണെങ്കിലും
ഒരിക്കലും കണ്ടിട്ടില്ല, മനയേയും ഭട്ടതിരിപ്പാടിനെയും പറ്റി കേട്ടിരുന്നു എങ്കിലും
ഇത്ര തെളിഞ്ഞ ഒരു സചിത്ര ലേഖനം വായിക്കാന്‍ കഴിഞ്ഞതു ഭാഗ്യം തന്നെ. മനോഹരമായ വിവരണം രണ്ടുമൂന്നു വട്ടം വായിച്ചു ഇപ്പൊള്‍ ആകെ ഒരു വിഭ്രാന്തി ഞാനും മനയിലേയ്ക്ക് വന്നിരുന്നൊ?
ഇനിയും ഒരുപാട് വിവരണങ്ങള്‍ എഴുതാന്
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

കുറ്റ്യാടിക്കാരന്‍ said...

ഈ യാത്രയെ പറ്റി ഇനി ഞാന്‍ എന്ത് പറയാന്‍... ആദ്യം വന്നവരെല്ലാം പറഞ്ഞുതീര്‍ത്തില്ലേ...

വീണ്ടുമൊരു നല്ല യാത്രാവിവരണം.

ആഷ | Asha said...

നിരക്ഷരോ,
“പതിവു പോലെ..
എന്നു പറഞ്ഞിട്ടു പോണൂ.
മഴയുമായി ചെന്നു മഴയുമായി പോന്നൂ അല്ലേ :)

നിസ് said...

നമസ്ക്കാരം മാഷേ,
ഐതിഹ്യമാലയില്‍ വായിച്ച കാലം മുതം മനസിലുള്ള ഒരാഗ്രഹമാണ് സൂര്യകാലടി മന കാണുക എന്നത്, ദേ ഇപ്പോ കണ്ട പോലെ തന്നെ...

നന്ദി..
പിന്നെ ഇവിടെ വരാന്‍ വൈകിയല്ലോ എന്നൊരു സങ്കടോം..

നിരക്ഷരന്‍ said...

പൊറാടത്ത് - മഴ എന്റെ ഒരു ദൌര്‍ബല്യമാണ് മാഷേ. പപ്പേട്ടന്റെ ക്ലാരയേയും മഴയേയും ഓര്‍ക്കുന്നില്ലേ ? :) :)

ശാലിനി - ഒന്നൂടെ റീ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്ക്.

പച്ചാളം - അങ്ങിനെയൊന്ന് പറഞ്ഞ് കേട്ടില്ല. അതിനുള്ള സാദ്ധ്യത കുറവാണ്. വളരെ ശുദ്ധിയും കാര്യങ്ങളുമൊക്കെയുള്ള സ്ഥലമാണ്. പാര്‍ട്ടിക്കാര്‍ ഒളിവില്‍ കയറിയിട്ടുണ്ടോ എന്ന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിനോട് ചോദിച്ചിട്ട് പറയാം.

കുഞ്ഞന്‍ - ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ ജേഷ്ഠനാണ് ഇപ്പോള്‍ മനയില്‍ താമസിക്കുന്നത്. ഐതിഹ്യമാലയിലെ കാലടി ഭട്ടതിരിപ്പാടിനെപ്പറ്റി ഞാന്‍ വളരെ വളരെ മുന്‍പാണ് വായിച്ചത്. മനയില്‍ പോകുമ്പോള്‍ അതൊന്നും മനസ്സിലുണ്ടായിരുന്നില്ല. ഇപ്പോള്‍ വീണ്ടും പല ആവര്‍ത്തി വായിച്ചു.

വാല്‍മീകി - ഇതുപോലുള്ള മനയിലൊക്കെ പോയി താമസിച്ച് വല്ല യക്ഷീം പിടികൂടാതെ നോക്കിക്കോ മാഷേ :) :)

കുതിരവട്ടന്‍ - മൂത്രശങ്കയാല്‍ മരിക്കുമെന്നായിരുന്നു യക്ഷി, കാലറ്റി ഭട്ടതിരിപ്പാടിനെ ശപിച്ചത്. തിരുവാലൂര്‍ ക്ഷേത്രത്തില്‍ ഭട്ടതിരിപ്പാട് ഉപ്പൂറ്റികുത്തി ചാടിക്കടിച്ചെന്ന് പറയുന്ന ആ പാടുകള്‍ ഇപ്പോഴും ഉണ്ടത്രേ !! ഞാന്‍ അവിടെ പോയിട്ടില്ല. പക്ഷെ പോകും, കാണും, പടമെടുത്ത് പോസ്റ്റാക്കുകയും ചെയ്യും :) :)

ഗീതേച്ചീ - കാണിച്ചുതന്ന തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. ചേച്ചിയെപ്പോലെ ആരെങ്കിലുമൊക്കെ ഇതുപോലെ തിരുത്താനുള്ളത് ഈ നിരക്ഷരന്റെ ഭാഗ്യം തന്നെ :) :) നന്ദീട്ടോ :)

പ്രിയ ഉണ്ണികൃഷ്ണന്‍ - പോസ്റ്റ് മുഴുവന്‍ ശരിക്കും വായിച്ച് നോക്കാത്തതിന് നല്ല അടി മേടിക്കും കേട്ടോ ? ശങ്കരാചാര്യ മഠം ആലുവയ്ക്കടുത്തുള്ള കാലടിയിലാണ്. ഈ മനയുടെ പേര് കാലടിമന എന്നാണെങ്കിലും ഇത് നിലകൊള്ളുന്നത് കോട്ടയത്ത് മീനച്ചിലാറിന്റെ കരയിലാണ്.

കാവലാന്‍ - കടും കൈ ഒന്നും ചെയ്തേക്കല്ലേ :) :)

ഷാരൂ - മഴ കണ്ട് കൊതിച്ചോ. മരുഭൂമിയില്‍ എന്ത് മഴ അല്ലേ ? :) :)

അനൂപ് കോതനെല്ലൂര്‍ - മള്ളിയൂരും , ആദ്യപുരത്തും പോകണം. പോയാല്‍ വിവരണം താനെ വരും :) കാത്തിരുന്നോ :)

ബൈജു - അസൂയക്കാര് വേറേം ഉണ്ടല്ലേ ? :) :)

ലതികച്ചേച്ചീ - ഞാന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഇഷ്ടമായി എന്ന് പറഞ്ഞപ്പോള്‍ ആശ്വാസമായി.

സിന്ധൂ - കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ആ യക്ഷിക്കഥ വിശദമായി പറയുന്നുണ്ട്. എടുത്ത് വായിക്കൂ :)

മാണിക്യേച്ചീ - രണ്ട് മൂന്ന് വട്ടം വായിക്കാനൊക്കെ ഇതിലുണ്ടായിരുന്നോ ? നന്ദീട്ടോ :)

ശ്രീ, സജീ, മണികണ്ഠന്‍ , പാമരന്‍, റെയര്‍ റോസ്, യാരിദ്, രാജേഷ് മേനോന്‍, ജിഹേഷ്, ഹരീഷ് തൊടുപുഴ, ഗോപന്‍ , കുറ്റ്യാടിക്കാരന്‍ , ആഷ, നിസ്......

മന്ത്രവാദപാരമ്പര്യത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്ക് എന്റെയൊപ്പം വന്ന എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

അപ്പൂപ്പന്‍താടി said...

മഴയത്ത് സൂര്യകാലടിമാനയില്‍ ...
അല്പം പേടിയോടെയാണ് വായിച്ചത് . :)
വളരെ നന്ദി.

ഒരു സ്നേഹിതന്‍ said...

കൊള്ളാം...

വിവരങ്ങൾക്കു നന്ദി...

ഇരട്ടി മധുരം.. said...

കുറിപ്പുകളും ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്.

jp said...

Anna all your posts are very good, waiting for new post

vinayadasms said...
This post has been removed by the author.
vinayadas said...

ഇനിയും എഴുതണം ....

വാക്കുകള്‍ വര്‍ണ്ണങ്ങളാവുകയാണ`.....
ചിന്തകള്‍ ചിത്രങ്ങളാവുകയാണ`.......!

vinayadasms said...

ഇനിയും എഴുതണം ....

വാക്കുകള്‍ വര്‍ണ്ണങ്ങളാവുകയാണ`.....ചിന്തകള്‍ ചിത്രങ്ങളാവുകയാണ`.......!

ശ്രീ ഇടശ്ശേരി. said...

ഇവിടെ എത്താന്‍ ഇത്തിരി വൈകി.
ആ ഫോട്ടോയ്ക്കു തന്നെ ഒരു വല്ലാത്ത ഭാവമുണ്ട്.
അറിയാതെ ഉള്ള് ഒന്ന് വിറച്ചു പോയി. കഥകള്‍ ഒരു പാട് കേട്ടീട്ടുണ്ടെങ്കിലും ഫോട്ടോ ഇപ്പോഴാണ് കാണുന്നത്. നന്ദി.
അഭിനന്ദ്നങ്ങള്‍.
:)

Rani Ajay said...

സൂര്യകാലടി മനയില്‍ ഒന്ന് പോകാന്‍ ആഗ്രഹം തോന്നുന്നു ...
ചിത്രങ്ങള്‍ക്ക് വല്ലാത്ത ഒരു വശ്യത ...

pazhassyraja1 said...

ഹായ് ഞാന്‍ ഈ സ്കൂളിലെ പുതിയ കുട്ടിയാട്ടോ .ഞാന്‍ മഴയെയും ക്ലാരെയെയും ഒക്കെ ആലോചിച്ചു ഇരിക്കുകയായിരുന്നു . വെറുതെ പേജ് മറിച്ച്നോക്കിയതാ അപ്പോള്‍ ദാ വരുന്നു മഴ.... ,പുഴ .....പിന്നെ മനസ്സ് നിറയുന്ന വരികളും..............................

Raji said...

മനയും പരിസരവും പിന്നെ മഴയുടെ വരവും ഒക്കെ അതി മനോഹരമായി...നന്ദി :-)