Tuesday 15 April 2008

I.N.S.വിക്രാന്ത്

2002 ന്റെ അവസാനത്തില്‍ എപ്പോഴോ ഒരിക്കല്‍ ജോലിസംബന്ധമായ ആവശ്യത്തിനുവേണ്ടി ബോബെയില്‍ താമസിക്കുമ്പോഴാണ്,സഹപ്രവര്‍ത്തകനായ ഗുരുവായൂരുകാരന്‍ ഭാസ്ക്കരേട്ടന്‍, നമുക്കൊന്ന് കൊളാബയിലും, വീ.ട്ടി.യിലുമൊക്കെ കറങ്ങിവരാമെന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബയില്‍ രണ്ട് മൂന്ന് വര്‍ഷം ജീവിച്ചിട്ടുണ്ട്. അന്നൊക്കെ ആവശ്യത്തിലധികം കറങ്ങിനടന്നിട്ടുള്ള സ്ഥലങ്ങളായതുകൊണ്ട്, മഹാനഗരത്തിലെ തിരക്കുള്ള തീവണ്ടിയില്‍ തൂങ്ങിക്കയറി ഒരു യാത്ര തീരെ താല്‍പ്പര്യമില്ലായിരുന്നു. പക്ഷെ പ്രായത്തില്‍ ഒരുപാട് മുതിര്‍ന്ന ഭാസ്ക്കരേട്ടനോട് മറുത്ത് പറയാന്‍ ഒരു വിഷമം.

അതുകൊണ്ടെന്തായി ? വിജ്ഞാനപ്രദമായ നല്ലൊരു യാത്ര ആ ദിവസം തരമായി.

കൂട്ടത്തില്‍ മറ്റൊരു സഹപ്രവര്‍ത്തകനും ഇത്തരം യാത്രകളില്‍ പലതിലും എന്റെ കൂടെയുണ്ടാകാറുള്ള ചങ്കരങ്കുളത്തുകാരന്‍ നിഷാദുമുണ്ട്. ട്രെയിനില്‍ ചര്‍ച്ച് ഗേറ്റ് വരെ, അവിടന്നങ്ങോട്ട് ടാക്സിയില്‍ കൊളാബയിലേക്ക്.

ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നില്‍ ചെന്നപ്പോളാണ് ഭാസ്ക്കരേട്ടന്‍ യാത്രാലക്ഷ്യം പുറത്തുവിടുന്നത്. ഗേറ്റ് വേ ഇന്ത്യയില്‍ നിന്ന് കുറച്ച് മാറി വെള്ളത്തില്‍ I.N.S. വിക്രാന്ത് എന്ന ഇന്ത്യന്‍ നേവിയുടെ പ്രശസ്തമായ പഴയ ഒരു വിമാനവാഹിനിക്കപ്പല്‍ കിടക്കുന്നുണ്ട്. 1997 ജനുവരി 31 മുതല്‍ അവളെ ഡീകമ്മിഷന്‍ ചെയ്തിരിക്കുകയാണ്. ഇപ്പോളത് ഒരു വാര്‍ മ്യൂസിയമാക്കി പൊതുജനത്തിന് തുറന്നുകൊടുത്തിരിക്കുന്നു. അവളിപ്പോള്‍ I.N.S.വിക്രാന്തല്ല, I.M.S.(ഇന്ത്യന്‍ മ്യൂസിയം ഷിപ്പ് )വിക്രാന്താണ്.

ഗേറ്റ് വേയില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം കപ്പലിലേക്ക് പോകാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കരയില്‍ നിന്നും നോക്കിയാല്‍ ദൂരെയായി അവളെ കാണുകയും ചെയ്യാം. പഴയ ഒരു പട്ടാളക്കാരനും, മര്‍ച്ചന്റ് നേവിക്കാരനുമൊക്കെയായ ഭാസ്ക്കരേട്ടന്‍ വിക്രാന്ത് കാണാന്‍ കൊതിക്കുന്നതില്‍ എനിക്കൊരതിശയവും തോന്നിയില്ല.

വിക്രാന്താണ് ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലെന്നൊക്കെയുള്ള സ്കൂളില്‍ പഠിക്കുന്ന കാലത്തുള്ള ചില വിവരങ്ങളല്ലാതെ അതിനുള്ളില്‍ കയറാന്‍ ഒരവസരം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.


ചെറിയൊരു ബോട്ടില്‍ 5 മിനിട്ടോളം യാത്ര ചെയ്തപ്പോള്‍ വിക്രാന്തിന്റെ ചുവട്ടിലെത്തി. കീഴെ മരത്തിന്റെ ഒരു ഏണിയുണ്ട്. അതിലൂടെ മുകളിലേക്ക് കയറിച്ചെന്നപ്പോള്‍ സ്വീകരിച്ചത് ജീവനുള്ളതും ഇല്ലാത്തതുമായ കുറെ നാവികരാണ്.

പിന്നീടങ്ങോട്ട് വിക്രാന്തിന്റെ യുദ്ധമാഹാത്മ്യവും ചരിത്രവുമൊക്കെ വിവരിക്കുന്ന ഉള്ളറകളിലൂടെ മണിക്കൂറുകളോളം കറങ്ങി നടന്നു.
1961 ല്‍ ഗോവാ ലിബറേഷനിലും, 1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിലും ഇവള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 2 മഹാവീര്‍ ചക്രവും, 12 വീരചക്രവും 20 വര്‍ഷത്തോളം ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായി നിലകൊണ്ട വിക്രാന്തിന് കിട്ടിയിട്ടുണ്ട്.

ഇതാണാ മഹത്തായ കപ്പലിന്റെ വീല്‍ ഹൌസ്. ഇന്നുള്ള പുത്തന്‍ തലമുറയിലെ കപ്പലുകളിലൊന്നും ഈ കാണുന്ന കാലഹരണപ്പെട്ട സംവിധാനങ്ങള്‍ ഒന്നും കാണാന്‍ കഴിഞ്ഞെന്ന് വരില്ല.

കപ്പലിന്റെ മുകളിലെ ഡക്കില്‍, അതിന്റെ റണ്‍‌വേ‌യില്‍ ഉയര്‍ന്ന് പൊങ്ങുകയും താഴുകയും ചെയ്തിരുന്ന പഴയ സീ ഹോക്ക് വിമാനവും, ചേതക്ക് ഹെലിക്കോപ്പ്‌റ്ററുമൊക്കെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എല്ലാത്തിനും അകത്ത് കയറി നോക്കി.

കൂറ്റന്‍ ഒരു ഹാങ്ങര്‍, സ്കൈ ജമ്പിങ്ങിനുള്ള സൌകര്യം തുടങ്ങിയതൊക്കെ വിക്രാന്തിനകത്തുണ്ട്.

മുങ്ങിക്കപ്പലുകളുടെ മോഡ്യൂളുകള്‍, നീന്തല്‍ വസ്ത്രങ്ങള്‍, മൈനുകള്‍, ബോംബുകള്‍,കൂടാതെ ഇന്ത്യന്‍ കര,വ്യോമ,നാവിക സേനകളുടെ പല വീരശൃഖലകളും മറ്റും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പോര്‍വിമാനങ്ങള്‍ വന്നിറങ്ങുകയും പൊങ്ങുകയും ചെയ്തിരുന്ന റണ്‍‌വേ കണ്ടില്ലേ ?

ഈ റണ്‍വേ‌യില്‍ എത്ര എത്ര വിമാനങ്ങള്‍ ഇരമ്പിക്കൊണ്ട് പറന്നുയരുകയും, ഇറങ്ങുകയും ചെയ്തുകാണും യുദ്ധകാലങ്ങളില്‍ ?!!!

വിക്രാന്തിന്റെ മുകളിലെ ഡെക്കില്‍നിന്ന് നോക്കുമ്പോള്‍ ദൂരെയായി മുംബൈ തീരം കാണാം.

കുറെ കറങ്ങി നടന്നപ്പോള്‍ ചെറുതായി ക്ഷീണിച്ചു. എന്തെങ്കിലും കുടിക്കാനും കഴിക്കാനുമൊക്കെയുള്ള താല്‍ക്കാലിക സൌകര്യമെന്ന നിലയില്‍ പ്രൊപ്പല്ലറിന്റെ ആകൃതിയിലുള്ള മേശകളുള്ള ഒരു കഫ്‌ത്തീരിയ കപ്പലിനകത്ത് ഒരുക്കിയിട്ടുണ്ട്.

അവിടന്ന് ഒരോ കാപ്പിയും, വടാ പാവും അടിച്ച് തല്‍ക്കാലം ക്ഷീണം മാറ്റി. ബാക്കി ഇനി കരയ്ക്ക് ചെന്നിട്ടാകാം.ക്യൂരിയോ ഷോപ്പ് ഒരെണ്ണമുണ്ട് അകത്ത്. വാങ്ങാന്‍ പറ്റിയ താല്‍പ്പര്യമുള്ളതൊന്നും അവിടെ കണാഞ്ഞതുകൊണ്ട് ഒന്നും വാങ്ങിയില്ല.

മടങ്ങുമ്പോള്‍ വെള്ളത്തില്‍ നിന്നും കാണുന്ന ഗേറ്റ് വേയുടെ ഒരു പടം എടുക്കാതിരിക്കാനായില്ല. കരയില്‍ നിന്നുള്ള പടം പലപ്രാവശ്യം എടുത്തിട്ടുള്ളതാണ്.

ഉച്ചഭക്ഷണം കൊളാബയിലെ സ്ഥിരം റസ്റ്റോറന്റായ കഫേ മോണ്‍‌ടേഗറില്‍ നിന്നു തന്നെയാക്കി. ചുമരിലെ കാര്‍ട്ടൂണുകളും,മച്ചിലെ പഴയ തടിയന്‍ ഫാനുകളും എല്ലാം കൂടെ വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കുന്നത്. വിദേശികളുടേയും, ഭാസ്ക്കരേട്ടനെപ്പോലുള്ള പഴയ നാവികന്മാരുടേയും, പുതിയ തലമുറക്കാരുടേയുമൊക്കെ പ്രിയപ്പെട്ട ഒരു ജോയന്റാണ് കഫേ മോണ്‍‌ടേഗര്‍.

വൈകീട്ട്, താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍, കൂറ്റന്‍ സ്റ്റീം എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിക്രാന്തിന്റെ എഞ്ചിന്‍ റൂമില്‍ കയറാന്‍ പറ്റിയില്ലെന്ന ദുഖം മാത്രം ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു.
-----------------------------------------------------
വിക്രാന്തിനെപ്പറ്റി കൂടുതല്‍ അറിയണമെന്നുള്ളവക്ക് വേണ്ടി ഒരു ലിങ്ക് ഇതാ.
http://www.globalsecurity.org/military/world/india/r-vikrant.htm

29 comments:

  1. വിജ്ഞാനപ്രദമായ യാത്ര...

    പിന്നേ... ഈ വിക്രാന്ത് അവളാണോ? അവനല്ലേ?

    ഒരുത്തിയെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവളെന്നു തോന്നും....

    ReplyDelete
  2. കിണ്ണംകാച്ചി പടങ്ങള്‌..

    ReplyDelete
  3. ഞാന്‍ ഇത് രാവിലെ കണ്ടിരുന്നു.കുറച്ചു വായിച്ചു ..എന്ന പിന്നെ എല്ലാം വായിച്ചിട്ട് പറയാം എന്ന് കരുതി.ഇപ്പോഴും മുഴുവന്‍ വായിച്ചില്ല .കുറച്ചു തിരക്ക്.പിന്നെ നമുക്കെ ഗവിത എഴുതാതിരിക്കാന്‍ പറ്റില്ലല്ലോ.അതുകൊണ്ട്.കോഴി എന്തിനാ മുട്ടയിട്ടതെന്നും പറഞ്ഞു ഞാന്‍ ഒരു കാച്ച് കാച്ചി ..രാത്രിയില്‍ മുയ്മെനും വായിക്കാം .പക്ഷെ ഇതില്‍ കുറെ നല്ല പടംസ് ഉണ്ട് ...അതു കണ്ടു ..ഗുഡ് വര്‍ക്ക്‌ ...:)

    ReplyDelete
  4. താന്‍ ഭയങ്കര സാധനം അപ്പ ..

    ReplyDelete
  5. വളരെ വളരെ ഇഷ്ടമായി നീരു. നമുക്കൊക്കെ ചിത്രങ്ങളിലൂടെ മാത്രമേ ഇതൊക്കെ കാണാന്‍ പറ്റൂ. ഇനിയും ഇതുപോലത്തെ കപ്പല്‍ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു.....
    ഓ.ടോ. ആ ചിത്രങ്ങളില്‍ നീരുവിന്റെ ഫോട്ടോ ഉണ്ടോ? ഉണ്ടെങ്കില്‍ ഏതാ?

    ReplyDelete
  6. വളരെ നന്നായി നിരക്ഷൂ...(ഈശ്വരാ പേരു തെറ്റീല്ലല്ലോ!)നമുക്കിതൊക്കെ ഇങ്ങനെല്ലേ കാണാന്‍ പറ്റൂ!വെള്ളത്തില്‍നിന്നുള്ള ഇന്ത്യാ ഗേറ്റിന്റെ പടവും ആദ്യമായി കാണുന്നു.
    ഓ.ടോ..
    ഗീത് ലക്ഷണം കണ്ടിട്ട് അഞ്ചാമത്തെ പടത്തില്‍ പുറത്ത് ചാക്കും,കയ്യില്‍ പഴയകാലിക്കുപ്പിയുമായി ഒരു “കുപ്പി പാട്ടാ” സ്റ്റയ്ലില്‍ നില്‍ക്കുന്ന ആളാണ് നിരക്ഷു.നിരക്ഷു ഇപ്പോ അബുദാബീല്‍ ഇല്ലെന്നു ആശ്വസിക്കുന്നു..:D

    ReplyDelete
  7. വിക്രാന്തിയെ കണ്ടു കേട്ടോ. അകമൊക്കെ കാണിച്ചു വിവരിച്ചു തന്നതിനു നന്ദി :)

    അതന്നേന്നു എനിക്കും തോന്നുന്നു ആഗ്നേയാ 5 മത്തെ ചിത്രത്തിലെ ആ കന്നാസും കടലാസും തന്നേ നിരക്ഷുവെന്നു തോന്നുന്നു. നിരക്ഷു ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലല്ലോ എന്നോര്‍ത്ത് ഞാനും ആശ്വസിക്കുന്നു. :)

    ReplyDelete
  8. നിരക്ഷരാ നന്ദി... ചിത്രങ്ങള്‍ക്കും വിവരണത്തിനും .

    ReplyDelete
  9. വീണ്ടും നല്ല, വിജ്ഞാനപ്രദമായ ഒരു പോസ്റ്റ് കൂടി...
    നന്ദി നിരക്ഷരന്‍ ചേട്ടാ‍. വിക്രാന്തില്‍ കയറി ഒന്നു കറങ്ങിയതു പോലെ.
    :)

    ReplyDelete
  10. കുറ്റിയാടിക്കാരാ - കപ്പലുകളെപ്പറ്റി പറയുമ്പോള്‍ സ്ത്രീലിംഗമാണ് ഉപയോഗിക്കുന്നതെന്നാണ് അക്ഷരമറിയാത്ത ഈയുള്ളവന്റെ വിജ്ഞാനം. പിന്നെ വിക്രാന്തെന്നുള്ള പേര് പുല്ലിംഗം ആണെന്നുള്ളത് വിരോധാഭാസം. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ അക്ഷരമറിയുന്ന മറ്റുള്ള ബൂലോകര്‍ ദയവായി തിരുത്തിത്തരണം. :) :)

    പാമരാ - നന്ദി.ഇത് പാമരന്‍ ആദ്യം ഇട്ട കമന്റാണ്. ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തപ്പോള്‍ ഞാന്‍ അവിടന്ന് ആ കമന്റ് വെട്ടി ഇവിടെ പോസ്റ്റിയതാണ്.

    പാമര രാജ വര്‍മ്മ - പാമരന്‍ തന്നെ ആണോ ഇത്. ആ വര്‍മ്മ പ്രേതം കൂടിയത് ഇനിയും ഇറങ്ങിയില്ലേ ?
    എന്തായാലും, ആരായാലും നന്ദി.

    ഗീതേച്ചീ - ചേച്ചി ഒന്ന് ഇറങ്ങിത്തിരിച്ചാല്‍ ചിത്രങ്ങളിലൂടെ അല്ലാതെയും ഈ കാഴ്ച്ചകളൊക്കെ കാണാം.അഞ്ചാമത്തെ ചിത്രത്തില്‍ ഇടത്തു വശത്ത് ഡെനിം ജീന്‍സും, ഇളം ചുവപ്പ് / പിങ്ക് ഷര്‍ട്ടും ഇട്ട് നില്‍ക്കുന്ന സുന്ദരകോമളന്‍ ഞാന്‍ തന്നെ. അന്നൊന്നും താടി, മീശ രോമങ്ങളും, മുടിയുമൊന്നും വളര്‍ന്ന് തുടങ്ങിയിട്ടില്ലായിരുന്നു. ബ്ലോഗാന്‍ തുടങ്ങിയതിനുശേഷമാണ് അവറ്റകളൊക്കെ വളര്‍ന്ന് തുടങ്ങിയത്. ബാര്‍ബര്‍ ഷോപ്പില്‍ പോയി മടുത്തപ്പോള്‍ അതെല്ലാം നീട്ടി വളര്‍ത്താന്‍ തുടങ്ങി. അത്ര തന്നെ. :) :) :)

    ആഗ്നേയാ - എന്നെ കുപ്പി പാട്ടാ പെറുക്കുന്ന കന്നാസ് / കടലാസ് ആക്കി അല്ലേ ? അബുദാബീല് ഞാന്‍ ഇനീം വരും. അപ്പോഴും അവിടെത്തന്നെയൊക്കെ ഉണ്ടാകുമല്ലോ അല്ലേ ? :) :) നന്ദീട്ടോ :)

    ആഷാ - അതെ അത് ഞാന്‍ തന്നെ. അഗ്നേയയോട് പറഞ്ഞത് തന്നെ ഞാന്‍ ആഷയോടും പറയുന്നു. ഞാന്‍ ഇന്ത്യയിലും ഹൈദരാബാദിലുമൊക്കെ വരും. അവിടത്തന്നെ കാണണം കേട്ടോ ? നന്ദീട്ടോ :)

    ജാബീ, ഇത്തിരിവെട്ടം, ശ്രീ, - നന്ദീ

    3 പ്രാവശ്യം പല തരത്തിലും പോസ്റ്റിയിട്ടും അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെടാതെ പോയ ഹതഭാഗ്യനായ പോസ്റ്റാണിത്. വന്ന് കമന്റിയവര്‍ക്കൊക്കെ നന്ദി.

    ReplyDelete
  11. നല്ല പോസ്റ്റ്..നല്ല ചിത്രങ്ങളും. കപ്പലുകളുടെ ലോകം പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. :)

    ReplyDelete
  12. hai,

    thanks a lot for this nice post......

    ReplyDelete
  13. വളരെ വിജ്ഞാനപ്രദമായ ലേഖനം.

    ReplyDelete
  14. good one.. പിന്നെ ഈ കഫേ മോണ്‍‌ടേഗറില്‍ എന്താ കഴിക്കാന്‍ കിട്ടുക? (കപ്പലു കാണാന്‍ പോകണോ എന്ന് ഒന്നാലോചിക്കാനാ :)

    ReplyDelete
  15. ഷാരൂ - എണ്ണപ്പാടത്തെ,മുബാറക്ക എന്ന ഒരു കപ്പലിനെ പണ്ട് ഞാന്‍ പരിചയപ്പെടുത്തിയിരുന്നു. ഇനി ഞാന്‍ ഒരു കപ്പല് വാങ്ങട്ടെ എന്നിട്ട് പരിചയപ്പെടുത്താം :)

    വീണ - മുംബൈയില്‍ താമസിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും പോയിരിക്കണം കഫേ മോണ്‍‌ടേഗറില്‍. കുറേ അധികം പഴക്കമുള്ളതാണ് ആ റസ്റ്റോറന്റ്. പഴയ ‘ജൂക്ക് ബോക്സ്‘ എന്ന സംഭവം ഇനി ലോകത്ത് വളരെ ചുരുക്കും സ്ഥലത്ത് മാത്രമേ കാണൂ. അതിലൊന്ന് കഫേ മോണ്‍‌ടേഗറാണ്. കഴിക്കാന്‍ സൌത്ത് ഇന്ത്യന്‍ ഭക്ഷണം ഒഴികെ എന്തും കിട്ടും. കൂടുതലും സന്ദര്‍ശകര്‍ വിദേശികളായതുകൊണ്ട് അവരുടെ തരത്തിലുള്ള ശാപ്പാടും സുലഭമാണ്. ചൂട് ശമിപ്പിക്കാന്‍ ഒരു ബിയര്‍ കഴിക്കണമെങ്കില്‍ അതും അവിടെ കിട്ടും. ഇതില്‍ക്കൂടുതല്‍ മെനു പറഞ്ഞുതരാന്‍ ഞാനെന്താ അവിടത്തെ സപ്ലെയറോ മറ്റോ ആണോ ? ചുമ്മാ മനുഷ്യനെ മെനക്കെടുത്താതെ നേരിട്ട് പോയി കഴിച്ച് നോക്ക് കൊച്ചേ :) :) (തമാശിച്ചതാണേ)

    ശിവകുമാര്‍, കുട്ടന്‍‌മേനോന്‍, വിക്രാന്തില്‍ വന്നതിന് നന്ദി.

    ReplyDelete
  16. ഞാന്‍ പ്രതിഷേധിക്കുന്നു.കാരണം നന്ദി പ്രകാശന കര്‍മ്മം നടത്തിയപ്പോള്‍ എന്‍റെ പേര് വിട്ടുകലഞ്ഞതിലും ,നാടകം നടത്താം ,അതു നടത്താം ഇത് നടത്താം എന്നൊക്കെ പറഞ്ഞു മനുഷ്യനെ പറ്റിച്ചു ഈ കപ്പല്‍ കള്ളന്‍ .INS വിക്രന്ത് വരെ അടിച്ചു മാറ്റുകയോ ,അതിനു വില പറയാന്‍ വേണ്ടിയോ ഈ ലോകം മുയ്മെനും കറങ്ങുന്ന ..നിര്‍ അക്ഷരാ. ഞാന്‍ ഇറങ്ങുന്നു ..ഈ കപ്പലില്‍ നിന്നും .നാളെ പത്രത്തില്‍ വെണ്ടക്ക അക്ഷരത്തില്‍ അച്ചടിച്ചു വരും.കാപ്പി ..വക്കൌട്ട് നടത്തി എന്നും പറഞ്ഞു.നാട്ടുകാരെ ..പ്രതിക്ഷേടിക്കൂ ..

    ReplyDelete
  17. കാപ്പിലാനേ...നന്ദി പ്രകാശനം മനപ്പൂര്‍വ്വം വിട്ടുപോയതല്ലെങ്കിലും, ഞാനിപ്പോ കുത്തിയിരുന്നു അതിനൊരു കാരണം കണ്ടുപിടിച്ചു. മുഴുവന്‍ വായിച്ച് വിജ്ഞാനം വര്‍ദ്ധിപ്പിച്ചതിനുശേഷം ഈ വഴി വന്നാല്‍ നന്ദിപ്രകടനം നടത്താന്‍ മാറ്റിവെച്ചതാ.
    (എന്തൊരു പുത്തി. രക്ഷപ്പെട്ടു!!!)

    നാടകം നടത്തില്ല എന്ന് ആര് പറഞ്ഞു. ഒരു സീന്‍ എഴുതി നോക്കി. അപ്പോള്‍ അത് തോപ്പില്‍ ഭാസി എഴുതുന്നതിനേക്കാള്‍ കേമം. അതുകൊണ്ട് ആ രംഗം വേണ്ടാ എന്ന് വെച്ചു. ഇനി വേറേ ഒന്ന് എഴുതി നോക്കട്ടെ.

    പത്രത്തിലൊന്നും വിളമ്പി അലമ്പാക്കല്ലേ. നമുക്ക് പരിഹാരം ഉണ്ടാക്കാം.

    ReplyDelete
  18. വീണിടം വിഷ്ണുലോകം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌ .ഇതാ ഇപ്പൊ കണ്ടു.അങ്ങനെ ഉരുണ്ടു കളിക്കണ്ടാ ..നിരക്ഷരാ.എന്നെ തിരികെയും വിളിക്കണ്ടാ. ഞാന്‍ നോക്കട്ടെ ..ഞാന്‍ വിചാരിച്ചാലും ഒരു ചെറിയ കപ്പല്‍ വാങ്ങാന്‍ പറ്റുമോന്ന്.കളി കാപ്പിയോടാ ?

    ReplyDelete
  19. ഈ കാപ്പിലാനെക്കൊണ്ട് ത്വാറ്റ്. സ്വന്തമായി ഷാപ്പ്, തട്ട് കട, നാടകക്കമ്പനി, ഇനി കപ്പലിന്റെ ഒരു കുറവ് മാത്രമേ ബാക്കിയുള്ളൂ.

    ReplyDelete
  20. വിക്രാന്ത് കിട്ടിയിരുന്നെന്കില്‍ ഒരു തട്ടുകടയാക്കാമായിരുന്നു! വിവരണം കൊള്ളാം. :-)

    ReplyDelete
  21. ശ്ശെടാ...
    ഞാന്‍ ഒരു ക്രിട്ടിക്കായി എന്നൊക്കെ വിചാരിച്ചാണ് കമന്റിട്ടത്. പക്ഷേ ചീറ്റിപ്പോയി...

    ഈ ഇന്ത്യന്‍ നേവിക്ക് വിക്രാന്ത് എന്ന് പേരിനു പകരം വല്ല വിക്രാന്തിനി എന്നോ, വിക്രാന്തിക എന്നോ ഇട്ടാല്‍ പോരായിരുന്നോ?

    ഓടോ: വിക്രാന്ത് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് കപ്പലല്ല, ഒരു മിനിഡ്രാഫ്റ്റര്‍ ആണ്.

    ReplyDelete
  22. മനോജേട്ടാ, ഈ നിലക്ക് പോയാല്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്ക്ക് ഒരു എതിരാളിയാകും..:)

    വിജ്ഞാനപ്രദമായ ലേഖനം..


    qw_er_ty

    ReplyDelete
  23. എന്തൊരു വിവരണം പൊറ്റെക്കാട് തോറ്റുപോകും, പൊറ്റെക്കാടിനെ വെല്ലാന്‍ ഇതാ.........ഒരു _____( fill the blanks) എന്നൊക്കെ പറഞ്ഞ് മനോജേട്ടനെ സോപ്പിടാനൊന്നും ഞാനില്ല എന്നാലും


    മനോജേട്ടാ നന്നായിട്ടുണ്ട്

    വിക്രാന്തിന്റെ വിടവാങ്ങല് ചടങ്ങ് ദൂരദര്‍ശ്ശന്‍ സപ്രേഷണം ചെയ്തത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നെങ്കിലും വായിച്ചപ്പോള്‍ മനോഹരമായി തോന്നി

    നന്ദി മനോജേട്ടാ

    ReplyDelete
  24. ശ്രീവല്ലഭന്‍ - തട്ടുകടയെന്നാണല്ലോ പറഞ്ഞത്, കള്ള് ഷാപ്പ് എന്നല്ലല്ലോ ? :)

    കുറ്റിയാടിക്കാരാ - ക്രിട്ടിക്കാകാന്‍ അത്ര എളുപ്പമൊന്നുമല്ലന്ന് ഇപ്പോള്‍ മനസ്സിലായോ ? :)വിക്രാന്തെന്ന പേരില്‍ മിനി ഡ്രാഫ്റ്ററും ഉണ്ടായിരുന്നോ ?

    ജിഹേഷേ - താങ്കളുടെ നാക്ക് പൊന്നാകട്ടെ. പാവം സതോഷ് ജോര്‍ജ്ജ് കുളങ്ങര. :)

    സുഗേഷേ - പൊറ്റക്കാടില്‍ കുറഞ്ഞ ആരേയും കിട്ടീലേ കോമ്പറ്റീഷനാക്കാന്‍. അങ്ങേര് പ്രേതമായിട്ട് വന്ന് എന്നെ ഞെക്കിക്കൊല്ലും:)

    വിക്രാന്ത് കാണാനെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി.

    കാപ്പിലാന് നേരത്തെ പറയാന്‍ വിട്ടുപോയ നന്ദി അടക്കം 2 നന്ദി വരവ് വെച്ചോ.

    ReplyDelete
  25. പുതിയ അറിവിന് നന്ദി..ഫോട്ടോ ഉഗ്രനെന്ന് പറയാതെ വയ്യ,വിവരണവും ഒട്ടും മോഷമയിട്ടില്ല.

    ReplyDelete
  26. Excellent post, Manoj..
    Very informative.

    ReplyDelete
  27. കഫെ മോണ്ടെഗരില്‍ മിരാണ്ടയോടൊപ്പം ബീയര്‍ കഴിച്ചത് പറയാന്‍ വിട്ടുപോയല്ലോ മാഷേ!

    ReplyDelete
  28. വിക്രാന്തില്‍ ജോലി ചെയ്തിട്ടുള്ള ഒരു അമ്മാവന്‍ പറഞ്ഞ കുറെ അറിവുകളുണ്ട്.....ഇപ്പം നേരില്‍ കണ്ട സുഖം .....

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.