Friday 19 April 2013

‘ഓറോവില്ല’യിലേക്ക്

പോണ്ടിച്ചേരി യാത്രയുടെ ആദ്യഭാഗങ്ങൾ

1. പോണ്ടിച്ചേരിയിലേക്ക്.
2. ഓറോബിന്ദോയും മദറും ആശ്രമവും.

ച്ചഭക്ഷണത്തിന് ശേഷം ഓറോവില്ലയിൽ ചെന്ന് മാതൃമന്ദിർ അടക്കമുള്ള ഇടങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഓറോവില്ലയിൽ പോകാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. പക്ഷേ മാതൃമന്ദിറിൽ കയറുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓറോവില്ല ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയല്ല കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ ഒരു പ്രചരണമോ കച്ചവട മുതലെടുപ്പോ അവിടെ നടക്കുന്നില്ല. അതുകൊണ്ട് തന്നെ നേരിട്ട് കേറിച്ചെന്ന് മാതൃമന്ദിർ കാണാനാവില്ലെന്ന് ഞങ്ങൾക്ക് മുൻ‌ധാരണയുണ്ടായിരുന്നു.

ഓറോവില്ല, മാതൃമന്ദിർ എന്നതിനെയൊക്കെപ്പറ്റി വിശദമായി പറയണമെങ്കിൽ ഒരുപാട് വരികൾ നിരത്തേണ്ടിവരും. വളരെക്കുറച്ച് വിവരങ്ങൾ മാത്രമാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും മനസ്സിലാക്കാനായ വിവരങ്ങൾ ചിലത് പങ്കുവെക്കുന്നു.

മദർ എന്നറിയപ്പെടുന്ന മിറ അൽഫസ്സയുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള ഒരു പദ്ധതിയാണ് ഓറോവില്ല. അതിപ്രകാരമാണ്....

 " There should be somewhere on earth a place which no nation could claim as its own, where all human beings of good will who have a sincere aspiration, could live freely as citizens of the world and obey one single authority, that of the supreme truth; a place of peace, concord and harmony. "

ഒരു സ്വപ്നം.
പോണ്ടിച്ചേരി നഗരത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം വിട്ടുമാറി വില്ലുപുരം ജില്ലയിലാണ് ഓറോവില്ല. നേവിഗേറ്റർ ഉള്ളതുകൊണ്ട് വഴി കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായതേയില്ല. നേവിഗേറ്റർ ഒന്നും ഇല്ലെങ്കിലും പോണ്ടിച്ചേരിൽ ആരോട് ചോദിച്ചാലും ഓറോവില്ലയിലേക്കുള്ള വഴി കൃത്യമായിട്ട് പറഞ്ഞുതരും. ഓറോബിന്ദോയും ഓറോവില്ലയുമൊക്കെ പോണ്ടിച്ചേരിക്കാരുടെ നിത്യജീവിതത്തെ വളരെയേറെ സ്വാധിക്കുകയോ അല്ലെങ്കിൽ ദിവസത്തിൽ ഒരിക്കലെങ്കിലും ഒരു പരാമർശമായെങ്കിലും കടന്നുവരികയോ ചെയ്യുന്ന കാര്യങ്ങളാണെന്ന് വേണം മനസ്സിലാക്കാൻ.

ഇപ്പോഴും പൂർത്തീകരണത്തിന്റെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ് ഓറോവില്ല. ഞങ്ങൾ, ഉച്ചഭക്ഷണം കഴിച്ച് ഓറോവില്ലയിൽ എത്തിയപ്പോൾ വിചാരിച്ചതിലും വൈകി. പ്രധാന പാതയിൽ നിന്ന് ഓറോവില്ലയിലേക്ക് കടക്കുന്നതോടെ ഭൂപ്രകൃതിക്ക് തന്നെ മാറ്റം വന്നതായി കാണാം. നിറയെ മരങ്ങളും പച്ചപ്പുമുള്ള പാതയിലൂടെയാണ് പോകുമ്പോൾ വാഹനം പാർക്ക് ചെയ്യാനുള്ള ഇടം ശ്രദ്ധിക്കാതെ പോകില്ല. അവിടന്നങ്ങോട്ട് പ്രകൃതിയെ തൊട്ടറിഞ്ഞ്, മരങ്ങൾ വിരിച്ച തണലിലൂടെ അകത്തേക്ക്, നടന്നുതന്നെ വേണം പോകാൻ.

പാർക്കിങ്ങ് ഇടം.
ഈ കാർ പാർക്കിൽ, അറിഞ്ഞുകൊണ്ടുതന്നെ ഒരുപാട് സുഖസൌകര്യങ്ങൾക്ക് നാം അവധി നൽകുകയാണ്. പ്രകൃതിയോട് കൂടുതൽ അടുക്കുകയും, ആത്മീയതയുടേയും ആഗോള മാനുഷികതയുടേയും മറ്റൊരു ലോകത്തേക്ക് കാലെടുത്ത് കുത്തുകയുമാണിവിടെ.

മരങ്ങൾക്കിടയിലൂടെ അകത്തേക്കുള്ള കാട്ടുവഴി.
റിസപ്ഷനിൽ ചെല്ലുന്ന സന്ദർശകരെല്ലാം ചെറിയൊരു വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. എന്താണ് ഓറോവില്ല, എന്തിനുവേണ്ടിയാണ് ഓറോവില്ല എന്നൊക്കെ മനസ്സിലാക്കി അതിൽ അൽ‌പ്പമെങ്കിലും താൽ‌പ്പര്യമുള്ളവർ മാത്രമേ തുടർന്ന് ഓറോവില്ലയ്ക്കുള്ളിലേക്ക് കടന്ന് കൂടുതൽ കാഴ്ച്ചകൾ കാണേണ്ടതുള്ളൂ. ആദ്യമേ സൂചിപ്പിച്ചല്ലോ, ഓറോവില്ല ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല. അതുകൊണ്ടുതന്നെ താൽ‌പ്പര്യമില്ലാത്തവരെ പൂർണ്ണമായും മാറ്റി നിർത്താനായി അവർ കൈക്കൊണ്ടിർക്കുന്നത് ലളിതമായ ഒരു മാർഗ്ഗമാണത്.

പ്രവേശന കവാടം. വതുവശത്ത് റിസപ്ഷൻ.
വീഡിയോ കണ്ടതിനുശേഷം വീണ്ടും തൽ‌പ്പരരാണെങ്കിൽ മാത്രം ഓറോവില്ലയുടെ കേന്ദ്രബിന്ദുവായ മാതൃമന്ദിർ കാണാനായി നടക്കാം. മരങ്ങൾക്കിടയിലൂടുള്ള വഴിയിലൂടെ അവിടെച്ചെന്നാലും മാതൃമന്ദിൽ എന്ന വിസ്മയം നിശ്ചിതമായ ഒരു ദൂരത്തിൽ നിന്ന് കാണാനും ചിത്രങ്ങളെടുക്കാനും മാത്രമേ സാധിക്കൂ. ഇത്തരം ഇടങ്ങളുടെ ശാന്തമായ അന്തരീക്ഷം നിലനിർത്താൻ ആഗ്രഹമില്ലാത്ത മറ്റ് സന്ദർശകർ ഒപ്പമില്ലാത്ത സമയത്താണെങ്കിൽ ധ്യാനത്തിലെന്ന പോലെ അൽ‌പ്പനേരം ആ പ്രകൃതിയിൽ ലയിച്ചിരിക്കാം. കാറ്റിന്റെ ഓരോ മൂളലിനും, ഓരോ ഇലയനക്കത്തിനും ഇതുവരെയുണ്ടാകാത്ത താൽ‌പ്പര്യത്തോടെ ചെവിയോർത്തിരിക്കാം. അതിനുശേഷവും ഒരാ‍ൾക്ക് മാതൃമന്ദിരത്തിനകത്ത് കടക്കണമെന്ന് അതീ‍വ ആഗ്രഹമുണ്ടെങ്കിൽ റിസപ്ഷനിൽ തിരിച്ചെത്തുമ്പോൾ അടുത്ത ദിവസം മാതൃമന്ദിറിൽ കയറാനുള്ള പാസ്സ് എടുക്കാം. ഒരു ദിവസം കൂടെ വരേണ്ടി വരുമെന്ന് ചുരുക്കം. ഒരു സാധാരണ സന്ദർശകനെ അല്ലെങ്കിൽ ആത്മീയതയുടെ വിലയറിയാത്ത ഒരു ടൂറിസ്റ്റിനെ അകറ്റി നിർത്താൻ ഇതിൽ‌പ്പരം വലിയ ഒരു സംവിധാനം ഇല്ലെന്ന് തന്നെ വേണം മനസ്സിലാക്കാൻ.

വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും ഇന്ത്യയിൽ, തമിഴ്‌നാട് എന്ന ഒരു സംസ്ഥാനത്തിൽ, പഴയൊരു ഫ്രഞ്ച് കോളനിയുടെ പരിസരത്തുള്ള ഒരു ഭൂപ്രദേശത്തെവിടെയോ ആണെന്നുള്ള കാര്യം മനസ്സിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത് പോലെ. ഒരുതരം സ്ഥലജല വിഭ്രാന്തി തന്നെ. ഞങ്ങൾ മാതൃമന്ദിറിലേക്ക് നടന്നു.

ബഹളക്കാരായ സ്ക്കൂൾ കോളേജ് കുട്ടികളുടെ വലിയൊരു സംഘത്തിനൊപ്പമാണ് നടക്കുന്നതെന്നുള്ളത് വല്ലാത്ത അലോസരമായി. അവരെ വല്ലവിധേനയും ഒഴിവാക്കി നടത്തം തുടർന്നു. അവധി ദിവസങ്ങളിൽ വരാനേ പാടില്ല ഇത്തരം സ്ഥലങ്ങളിലേക്ക്.

ഒരു കിലോമീറ്റർ ദൂരമുണ്ട് മാതൃമന്ദിറിലേക്ക്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയാണ് നടത്തം. ചിലയിടത്ത് ടാറിട്ടതും കാര്യമായ വാഹനസഞ്ചാരമില്ലാത്തതുമായ റോഡ് മുറിച്ചുകടക്കേണ്ടിയും വന്നു.

കാടിന്റെ വന്യമായ ഒരു സ്വാഭാവികതയിലേക്ക് എത്തിച്ചേർന്നിട്ടില്ലെങ്കിലും അധികം താമസിയാതെ നല്ലൊരു വനമായി മാറാൻ സാദ്ധ്യതയുള്ള ഈ പ്രദേശം കുറേ നാളുകൾക്ക് മുൻപ് വരെ, അതായത് ഓറോവില്ല പദ്ധതി ആരംഭിക്കുന്നതിന് മുൻപ് വരെ വെറും തരിശ് നിലമായിരുന്നു. ലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ഇന്ന് കാണുന്ന ഈ പച്ചപ്പ് അവിടെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഒരിക്കലും വളരാത്ത കോൺക്രീറ്റ് കാടുകൾ മാത്രം നിർമ്മിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ സൌകര്യപൂർവ്വം വിസ്മരിക്കുന്നത്, വളർന്ന് പന്തലിക്കുകയും ജീവനെ നിലനിർത്തുകയും ചെയ്യുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കാനാണ്.

യാത്രാമദ്ധ്യേ കാണുന്ന പേരാൽ തന്റെ പ്രായം കാണിക്കുന്നത് പലയിടങ്ങളിലായി താഴേക്കിറക്കി ഊന്നുവടി പോലെ കുത്തിപ്പിടിച്ച് നിൽക്കുന്ന വള്ളികൾ പ്രദർശിപ്പിച്ചാണ്. അതിന്റെ കീഴെ അൽ‌പ്പനേരം വിശ്രമിക്കണമെന്നുള്ളവർക്കായി സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്.

മാർഗ്ഗമദ്ധ്യേയുള്ള കൂറ്റൻ പേരാൽ.
1250 ഏക്കറോളം ഭൂമിയിലായി 15 ലക്ഷത്തിലധികം മരങ്ങളാണ് ഇക്കാലയളവിൽ ഓറോവില്ലയിൽ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. 20 ചതുരശ്ര കിലോമീറ്ററോളം പച്ചപ്പുള്ള ഭൂമിയാണ്, 1968 ൽ ആരംഭിച്ച ഓറോവില്ല എന്ന പദ്ധതി പൂർണ്ണമാകുമ്പോൾ ലക്ഷ്യമിടുന്നത്. രോജർ ആഞ്ചർ എന്ന ഫ്രഞ്ച് ആർക്കിടെൿറ്റ് ആണ് ഓറോവില്ല രൂപ കൽ‌പ്പന ചെയ്തിരിക്കുന്നത്. കേന്ദ്രബിന്ദുവായ മാതൃമന്ദിറിനോട് ചേർന്നുള്ള നിർമ്മിതികളെല്ലാം പൂർത്തിയാകു‌മ്പോൾ, ഒരു ഗാലക്സിയുടെ രൂപമാണ് മാതൃമന്ദിറിനെ കേന്ദ്രമാക്കിയുള്ള ഓറോവില്ലയ്ക്ക് ഉണ്ടാകുക. ഇനിയും ഒരുപാട് വർഷങ്ങൾ എടുക്കും ലക്ഷ്യത്തിലെത്താനെങ്കിലും അത് സാദ്ധ്യമാകും എന്ന് തന്നെയാണ് 1968 മുതൽ ഇങ്ങോട്ടുള്ള പുരോഗതി വിലയിരുത്തിയാൽ മനസ്സിലാക്കാനാവുക.

ഗാലക്സി ടൌൺഷിപ്പിന്റെ മാതൃക.
നിലവിൽ 43 രാജ്യങ്ങളിൽ നിന്നായി 2100ൽ അധികം പേർ ഓറോവില്ലയിൽ അങ്ങിങ്ങായി ജീവിച്ചുപോരുന്നു. അതിൽ ഇന്ത്യക്കാർ 911 പേർ മാത്രം. 18 വയസ്സിൽ മേലെ പ്രായമുള്ളവർ 1680 പേർ. 7 ഓറോവില്ല സ്കൂളുകളിലായി 400ൽ‌പ്പരം വിദ്യാർത്ഥികൾ പഠിക്കുന്നു. 2 ആശുപത്രികൾ, 2 ദന്താശുപത്രികൾ എന്നിങ്ങനെ പോകുന്നു ഓറോവില്ലയിലെ സ്ഥിതി വിവരക്കണക്കുകൾ. ഓറോവില്ലയിലേക്കുള്ള മാർഗ്ഗമദ്ധ്യേ വിവിധ രാജ്യക്കാരായ ജനങ്ങളേയും അവർക്ക് വേണ്ടിയുള്ള ഭോജനശാലകളും ബേക്കറിയുമൊക്കെ കാണാൻ സാധിക്കുന്നത് ഈ ആഗോള സംഗമം കൊണ്ടുതന്നെ.

അത്രയുമധികം വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നുള്ളവർ ആത്മീയതയിൽ ഊന്നിയ വ്യത്യസ്തമായ ഒരു ജീവിതം നയിക്കുന്ന പ്രദേശത്ത് ഞാനിതിനുമുൻപ് അറിഞ്ഞുകൊണ്ട് പോയിട്ടില്ല. മരങ്ങൾക്കിടയിലൂടെയുള്ള ടാറിട്ട റോഡുകളിലൂടെ ഇരുചക്രവാഹനങ്ങളിൽ കടന്നുപോകുന്ന വിവിധ രാജ്യക്കാരായ ഓറോവില്ല നിവാസികളെ, ഇടയ്ക്കിടയ്ക്ക് നമുക്ക് കാണാനാകും. എല്ലാവരും ലളിത ജീവിതം നയിക്കുന്നവരാണെന്ന് വ്യക്തമാണ്. ഇത്രയും ദൂരം കാട്ടിലേക്ക് കടക്കാനും പുറം ലോകവുമായി ബന്ധം പുലർത്താനുമായി അവരാകെ ഉപയോഗിക്കുന്നത് ഒരു ഇരുചക്രവാഹനം മാത്രം. പലരും ചെറിയ ചെറിയ നിർമ്മാണപ്രവർത്തനങ്ങളും കൃഷിപ്പണികളുമൊക്കെ നടത്തി ജീവിച്ചുപോരുന്നു. നൂറുകണക്കിന് ആൾക്കാർ ഓറോവില്ലയിലെ ജീവനക്കാരായി ജീവിതം നയിക്കുന്നു. ഭോജനശാലകളിൽ ചിലത് നടത്തുന്നത് വിദേശികളാണ്.

ഓറോവില്ലയെക്കുറിച്ച് മദറിന്റെ കാഴ്ച്ചപ്പാടുകൾ ഒരുപാടുണ്ട്. അവരത് തന്റേതായ വരികളിലൂടെ പറഞ്ഞിരിക്കുന്നതിന് അതേ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്.

1. ഓറോവില്ല പ്രത്യേകിച്ച് ആരുടേതുമല്ല; മൊത്തത്തിൽ മനുഷ്യത്വത്തിന്റേതാണ്. പക്ഷെ, ഓറോവില്ലയിൽ ജീവിക്കണമെന്നുണ്ടെങ്കിൽ ഒരാൾ ദൈവീകമായ സ്വബോധത്തിന്റെ സേവകൻ ആയിരിക്കണം.

2. നിലയ്ക്കാത്ത വിദ്യാഭ്യാസത്തിന്റേയും നിരന്തരമായ പുരോഗതിയുടേയും ഒരിക്കലും പ്രായമാകാത്ത യുവത്വത്തിന്റേയും ഇടമായിരിക്കും ഓറോവില്ല.

3. പുരാതനവും ആധുനികവും ഭാവിയിൽ വരാൻ പോകുന്നതുമായ എല്ലാ മതങ്ങളേയും നിരാകരിക്കുകയും എന്നാൽ അതോടൊപ്പം തന്നെ അടിസ്ഥാനപരമായ ദൈവീകതയോടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ് ഓറോവില്ല.

4. വിഭജിക്കപ്പെട്ടു എന്നതാണ് മതങ്ങളുടെ പരാജയത്തിന്റെ കാരണം. വിശ്വാസികൾ മറ്റ് മതങ്ങളെ ബഹിഷ്ക്കരിച്ചുകൊണ്ട് മതവിശ്വാസം പുലർത്താൻ നിലവിലുള്ള മതങ്ങൾ ആഗ്രഹിക്കുന്നു. വിജ്ഞാനത്തിന്റെ ഓരോ ശാഖകൾ വരെ ഇതുകാരണം പരാജയപ്പെടുന്നു. പുതിയ ദൈവീക സ്വബോധം ആഗ്രഹിക്കുന്നത്, ഇനിയൊരു വിഭജനം ഉണ്ടാകാൻ പാടില്ലെന്നും, പരമമായ ആത്മീയതയും വസ്തുപരമായ പാര‌മ്യതയും സമ്മേളിക്കുന്ന ബിന്ദു കണ്ടെത്തി അത് ഒരു വലിയ ശക്തിയാകുന്നത് മനസ്സിലാക്കണമെന്നുമാണ്.

5. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സ്ത്രീകളും പുരുഷന്മാരും സമാധാനത്തോടും സന്തോഷത്തോടും പുരോഗമിക്കുന്ന ഐക്യത്തോടും കൂടെ ജീവിക്കുന്ന ഒരു ആഗോള നഗരമായിരിക്കണം ഓറോവില്ല. സമാനാധം മാനുഷിക ഐക്യത്തിലൂടെയാണ് കൈവരേണ്ടത്. ഐക്യം ഐക്യരൂപത്തിലൂടെ വരണമെന്ന് പറയുന്നത് പരിഹാസ്യമാണ്. ഐക്യം ഒട്ടനവധി പേരുടെ സംഗമത്തിലൂടെയാണ് സഫലീകരിക്കപ്പെടേണ്ടത്. ഓരോരുത്തരും ഐക്യത്തിന്റെ ഭാഗമാണ്. ഓരോരുത്തരും അഖണ്ഡതയിൽ അനുപേക്ഷണീയരാണ്.

അങ്ങനെയങ്ങനെ ഒരുപാടുണ്ട് മദറിന്റെ പ്രബോധനങ്ങളും ഓറോവില്ലയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകളുമൊക്കെ.

മരങ്ങൾക്കിടയിലൂടെ ഓരോന്ന് സംസാരിച്ചുകൊണ്ട് നടന്നതുകൊണ്ട് ഒരു കിലോമീറ്റർ പെട്ടെന്ന് തന്നെ കടന്നുപോയി. ഭൂമി പിളർന്ന് വന്ന സുവർണ്ണ കുംഭം പോലെ നിൽക്കുന്ന മാതൃമന്ദിറിന്റെ മുന്നിലാണ് നടത്തം അവസാനിച്ചത്.

മാതൃമന്ദിർ
മാതൃമന്ദിറിന് മുൻപിൽ സകുടുംബം.(ടമർ ഫട്ടോ)
മാതൃമന്ദിൽ വെളിയിൽ നിന്നുതന്നെ ഒരു അത്ഭുത കാഴ്ച്ചയാണ്. 21 ഫെബ്രുവരി 1971ലാണ് അതിന്റെ ശിലാസ്ഥാപനം നടന്നത്. 1973 ആയപ്പോഴേക്കും പ്രധാനപ്പെട്ട 4 പില്ലറുകളുടെ പണി മാത്രമാണ് തീർക്കാനായത്. കൃത്യമായി പറഞ്ഞാൽ 1973 നവംബർ 17 എന്ന ആ ദിവസം വൈകീട്ട് 07:25 ഇതിന്റെയെല്ലാം പിന്നിൽ തെടുംതൂണായി നിന്നിരുന്ന മദർ ഇഹലോകവാസം വെടിയുകയും ചെയ്തു. 2003ൽ, 37 വർഷമെടുത്താണ് മാതൃമന്ദിറിന്റെ പണികൾ പൂർത്തിയാക്കിയത്.

മാതൃമന്ദിർ - നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ.
ഫാബ്രിക്കേറ്റ് ചെയ്തെടുത്ത 1400 സുവർണ്ണ വൃത്തങ്ങൾ കൊണ്ടാണ് പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്. സൌത്ത്(മഹേശ്വരി), നോർത്ത്(മഹാകാളി), ഈസ്റ്റ്(മഹാലക്ഷ്മി), വെസ്റ്റ്(മഹാസരസ്വതി) എന്നിങ്ങനെ നാല് പ്രവേശന കവാടമുള്ള മാതൃമന്ദിറിനുള്ളിൽ Sincerity, Humanity, Gratitude, Perseverance, Aspiration, Receptivity, Progress, Courage, Goodness, Generosity, Equality, Peace എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള 12 തരം ധ്യാനമുറികളാണുള്ളത്.

ധ്യാനമുറികൾ
ഇതിനൊക്കെ നടുക്കുള്ള ധവള നിറത്തിലുള്ള ‘ഇന്നർ ചേമ്പർ’ എന്നറിയപ്പെടുന്ന മുറിയിലെ, 70 സെന്റീമീറ്റർ വ്യാസമുള്ള ക്രിസ്റ്റൽ ഗ്ലോബ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്റ്റൽ ഗ്ലോബാണെന്നാണ് കരുതപ്പെടുന്നത്. മുകളിൽ നിന്ന് സൂര്യപ്രകാശം വീണ് ചിതറി ശോഭയുടെ വലയങ്ങൾ തീർക്കുന്ന ആ ക്രിസ്റ്റലിൽ, ഓറോബിന്ദോ പോണ്ടിച്ചേരിയിലെത്തിയ ഏപ്രിൽ 4ന്, കിഴക്കുഭാഗത്തു നിന്നാണ് പ്രകാശം പതിക്കുന്നത്.

ഇന്നർ ചേമ്പറിലെ ക്രിസ്റ്റൽ.
മെഡിറ്റേഷൻ റൂമുകളുടെ ക്രമീകരണം.
വലിയൊരു പേരാൽ മരവും നല്ലൊരു ആംഫി തീയറ്ററുമാണ് മന്ദിറിനടുത്തുള്ള മറ്റ് പ്രധാന കാഴ്ച്ചകൾ. 100 വർഷത്തിലേറെ പ്രായമുള്ള ഒരു പേരാലാണ് അത്.

മാതൃമന്ദിറിനടുത്തുള്ള 100 വയസ്സായ പേരാൽ
ആംഫി തീയറ്ററിന്റെ ഒത്ത നടുക്കുള്ള എന്ന ചെറിയ സ്തൂപത്തിൽ (Urn) 124 രാജ്യങ്ങളിൽ നിന്നും 23 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഓരോ പിടി മണ്ണ് നിറച്ചിരിക്കുന്നു. അത്രയും ദേശക്കാർ ഓറോവില്ലയുടെ ഉത്ഘാടന ദിവസത്തെ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വിവിധ ദേശങ്ങളിലെ മണ്ണുകൾക്കൊപ്പം, ഫ്രഞ്ച് ഭാഷയിൽ മദർ എഴുതിയ ഓറോവില്ലയുടെ പ്രമാണവും തുരുമ്പിക്കാത്ത പാത്രത്തിലാക്കി സ്തൂപത്തിൽ അടക്കം ചെയ്തിട്ടുണ്ട്.

URN
മാതൃമന്ദിറും പേരാലും ആംഫി തീയറും ഒക്കെ അടങ്ങിയ ഓവൽ ആകൃതിയിലുള്ള പ്രദേശം ‘പാർക്ക് ഓഫ് യൂണിറ്റി‘ എന്നറിയപ്പെടുന്നു. 12 തരത്തിലുള്ള കൊച്ചുകൊണ്ട് ആരാമങ്ങൾ അതിനുള്ളിൽ പണിതീർന്നുകൊണ്ടിരിക്കുന്നു. ‘പാർക്ക് ഓഫ് യൂണിറ്റി‘ ജലത്താൽ ചുറ്റപ്പെട്ടതാകണം എന്ന മദറിന്റെ കാഴ്ച്ചപ്പാട് നടപ്പിലാക്കുന്നത് ജലത്തിന്റെ ലഭ്യതയ്ക്കനുസരിച്ചാണ്. ഒരു ലേയ്ക്ക് തന്നെ പണി തീർക്കാനാണ് ഭാവി പരിപാടികൾ.

പാർക്ക് ഓഫ് യൂണിറ്റി - രേഖാചിത്രം
ഞങ്ങൾ കുറച്ചധികം നേരം മാതൃമന്ദിറിന്റെ പരിസരത്ത് ചിലവഴിച്ചു. നിയമപ്രകാരം, മാതൃമന്ദിറിന്റെ അകത്തെ കാഴ്ച്ചകൾക്കായി ഇനിയൊരു ദിവസം കൂടെ വരണം. തൊട്ടടുത്ത ദിവസം തന്നെ അതിനുള്ള പാസ്സ് എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി ഒരു ദിവസം കൂടെ പോണ്ടിച്ചേരിയിൽ തങ്ങേണ്ടി വന്നാലും ഒരു നഷ്ടവുമില്ല. പക്ഷേ ഞങ്ങൾക്കതിനുള്ള സമയമായിട്ടില്ലെന്ന് റിസപ്ഷനിൽ ചെന്നപ്പോൾ തെളിഞ്ഞു. സാധാരണ ഞായറാഴ്ച്ച ദിവസങ്ങളിൽ മാത്രമാണ് മാതൃമന്ദിറിനകത്തേക്ക് സന്ദർശകരെ അനുവദിക്കാത്തത്. പക്ഷെ അന്നൊരു ചൊവ്വാഴ്ച്ച ആയിരുന്നിട്ട് പോലും പ്രത്യേകമായ ചില കാരണങ്ങളാൽ അടുത്ത ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. നിരാശയുടെ നെല്ലിപ്പടി കണ്ടതുപോലായി. എന്നിരുന്നാലും ഒരു കാര്യം ഉറപ്പായിരുന്നു. മാതൃമന്ദിറിലേക്ക് കയറാനായാലും അല്ലെങ്കിലും ഓറോവില്ലയിൽ ഇനിയും പലവട്ടം വരേണ്ടതുണ്ട്. ഒരു സന്ദർശനം കൊണ്ട് ഒന്നുമാകുന്നില്ല.

ഓറോവില്ലയിലെ അടുക്കളകളിൽ സൌരോർജ്ജം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മാലിന്യസംസ്ക്കരണത്തിലും വനവൽക്കരണത്തിന്റെ കാര്യത്തിലുമൊക്കെ എന്തൊക്കെ ചെയ്യണമെന്ന് വലിയ ബോർഡുകളിൽ ഇംഗ്ലീഷിലും തമിഴിലുമായി എഴുതി ഫോട്ടോകൾ സഹിതം പ്രദർശിപ്പിച്ചിട്ടുണ്ട്, അതൊക്കെ നടപ്പാക്കുന്നുമുണ്ട്. കുടിവെള്ളം എന്ന അമൂല്യവസ്തുവിനെ എങ്ങനെ സംഭരിക്കാമെന്നും ഉപയോഗപ്പെടുത്താമെന്നുമൊക്കെ മനസ്സിലാക്കാൻ ഓറോവില്ലയിൽ പോയാൽ മതി.  കുളങ്ങൾ ഉണ്ടാക്കി മഴവെള്ളം സംഭരിക്കുന്ന ഓറോവില്ലയിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് Dynamised Water എന്ന പേരിൽ ഉണ്ടാക്കുന്ന ശുദ്ധജലം മറുനാടുകളിലേക്ക് കയറ്റി അയക്കുന്നു പോലുമുണ്ട് !!
 
സൌരോർജ്ജ അടുപ്പിന്റമാതൃക.

എല്ലാത്തിനോടും വിരക്തി തോന്നുന്ന ഒരു നേരത്തോ, എല്ലാവരാലും നിഷ്ക്കാഷിതനാവുന്ന ഒരു സമയത്തോ, ഇപ്പോളുള്ളതിനേക്കാൾ ശാന്തവും ഏകാന്തവും ഏകാഗ്രതയുമൊക്കെയുള്ള ഒരു ജീവിതം വേണമെന്ന് തോന്നുന്ന ഒരു ഘട്ടത്തിലോ, ചെന്ന് ചേക്കേറേൻ പറ്റിയ ഒരു സ്ഥലമായിട്ടാണ് ഓറോവില്ല എനിക്കനുഭവപ്പെട്ടത്. ജീവിതത്തിന്റെ അവസാനകാലം എന്നുപറയാവുന്ന സമയത്ത്, ഇതുപോലൊരിടത്ത് പ്രകൃതിയിൽ അലിഞ്ഞ് വേണം ജീവിക്കാനും ഇല്ലാതാകാനും.  

ഓറോവില്ലയെപ്പറ്റി കൂടുതലറിയാൻ, റിസപ്ഷൻ കെട്ടിടത്തിലുള്ള പുസ്തകശാലയിൽ നിന്ന് ചില പുസ്തകങ്ങൾ വാങ്ങി. ചെറുപ്പക്കാരിയായ റിസപ്ഷനിസ്റ്റ് കാനഡക്കാരിയാണ്. അവരുടെ ഭർത്താവ് കുറേയധികം നാൾ ഓറോവില്ലയിൽ ഉണ്ടായിരുന്നു. പക്ഷെ തമ്മിൽ പരിചയപ്പെടുമ്പോളോ വിവാഹം ചെയ്യുമ്പോളോ ഈ സ്ത്രീയ്ക്ക് ഓറോവില്ലയെപ്പറ്റി കൂടുതലൊന്നും അറിയില്ലായിരുന്നു. പിന്നീട് വിശദമായി ഒക്കെയും മനസ്സിലാക്കിയപ്പോൾ ഓറോവില്ലയിൽത്തന്നെ ജീവിക്കാമെന്ന് അവർ താൽ‌പ്പര്യം പ്രകടിപ്പിച്ചു. ഇന്നവർക്ക് 2 വയസ്സുള്ള ഒരു കുട്ടിക്കും ഭർത്താവിനുമൊപ്പമാണ് അവിടെ കഴിയുന്നത്. രണ്ട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ കുട്ടി ചെറുപ്പത്തിലേ മരിച്ചുപോയി.

“എങ്ങനെയുണ്ട് ഓറോവില്ലയിലെ ജീവിതം“ എന്ന എന്റെ ചോദ്യത്തിന് അവരുടെ മറുപടിക്കായി കാത്തുനിൽക്കേണ്ടി വന്നില്ല. തുടുത്ത് വിടർന്ന മുഖവും കണ്ണുകളും മൊഴികളേക്കാൾ വേഗത്തിൽ എനിക്കുത്തരം തന്നുകഴിഞ്ഞിരുന്നു. വർഷത്തിൽ ഒരിക്കൽ അവർ സ്വന്തം നാട്ടിലേക്ക് പോകാറുണ്ട്. പക്ഷെ, എത്രയും പെട്ടെന്ന് തന്നെ ആ നാഗരികതയിൽ നിന്ന് ഓറോവില്ലയിലേക്ക് തിരിച്ചോടിപ്പോരുകയാണ് പതിവത്രേ ! ഓറോവില്ലയിൽ താമസിക്കുന്ന വിദേശികൾക്കായി പ്രത്യേക വിസാ നടപടിക്രമങ്ങളും ഉണ്ടത്രേ! 

പ്രത്യേകിച്ച് ആരുടേയുമല്ലാത്ത ഒരു ലോകമാണ് മദർ വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും ഒരു രാജ്യത്തിന്റെ നടപടിക്രമങ്ങൾ പലതും അതിന് ഒരു പരിധിവരെയെങ്കിലും വിലങ്ങുതടിയാവുന്നു. വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത പക്ഷികളെപ്പോലെ, വിസയും പാസ്സ്പ്പോർട്ടുമൊന്നും ഇല്ലാതെ ദേശാടനം നടത്താനും വേണം ഒരു ഭാഗ്യം.

ഓറോവില്ല ബേക്കറി.


ഓറോവില്ല ബേക്കറി സന്ദർശിക്കാതെ ഓറോവില്ലയിൽ നിന്ന് മടങ്ങരുതെന്ന് ആരോ ഓർമ്മിപ്പിച്ചത് അനുസരിച്ച് മടക്ക വഴിയിലുള്ള ഓറോ-ബേക്കറിയിലേക്ക് കയറി. വിദേശികൾ ഒരുപാടുള്ളതുകൊണ്ടാകാം നാളിതുവരെ ഇന്ത്യയിലൊന്നും കാണാത്ത തരത്തിലുള്ള വിവിധതരം ബ്രെഡുകൾ അവിടെ കാണാനായത്. കസ്റ്റമേർസ് കൂടുതലും വിദേശികൾ തന്നെയാണ്. അതുകൊണ്ടുതന്നെ, ജോലിക്കാരായ തമിഴർ എല്ലാവരും വിശേദഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. മടക്ക യാത്രയിൽ കാറിലിരുന്ന് കഴിക്കാൻ, ചില വ്യത്യസ്തമായ ബ്രഡ്ഡുകൾ ഞങ്ങളും വാങ്ങി.


രാത്രി ഭക്ഷണം കഴിക്കാൻ നോട്ടമിട്ട് വെച്ചിരുന്നത് കാസിനോ ഗ്രൂപ്പിന്റെ പോണ്ടിച്ചേരിയിലെ ഹോട്ടലായ മെയ്സൺ പെരുമാൾ ആയിരുന്നു. മാനേജർ ദിനു രാമകൃഷ്ണൻ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. കേരളീയ ശൈലിയിൽ മുണ്ടും ഷർട്ടുമാണ് മെയ്സൺ പെരുമാളിലെ ജീവനക്കാരുടെ വേഷം. കാസിനോ ഗ്രൂപ്പിന്റെ ഒരു പാർട്ടനർ ഭക്ഷണം കഴിക്കാൻ അന്നവിടെ കുടുംബത്തോടൊപ്പം ഉണ്ട്. എന്നിരുന്നാലും അവർ തങ്ങുന്നത് മെയ്സൺ പെരുമാളിന് പകരം, ഓറോവില്ലയ്ക്കടുത്ത് മരങ്ങൾ തിങ്ങിനിറഞ്ഞ മറ്റേതോ ഹോട്ടലിലാണ്. സ്വന്തമായി സ്ഥാപനമുണ്ടായിട്ടും, ഓറോവില്ലയുടെ മുഴുവൻ ഊർജ്ജവും അനുഭവിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഉറപ്പ്.

മെയ്സൺ പെരുമാൾ - പോണ്ടിച്ചേരി.
ദിനുവിനോട് സംസാരിച്ചിരുന്നപ്പോൾ അറിയാൻ കഴിഞ്ഞ പോണ്ടിച്ചേരിയുടെ ചില സ്കൂൾ വിശേഷങ്ങൾ പുതുമയുള്ളതായിരുന്നു. ഹൈസ്ക്കൂളിൽ പഠിക്കുന്ന ഒരു മകളുണ്ട് അദ്ദേഹത്തിന്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ നീണ്ടുപോകുന്നു ആ സ്ക്കൂളിലെ പഠന സമയം. കുട്ടി വീട്ടിലെത്തുമ്പോഴേക്കും ഇരുട്ടുവീണുതുടങ്ങിയിരിക്കും! മറ്റ് പല സ്കൂളുകളിലും ഇതുപോലൊക്കെത്തന്നെ. ചിലയിടങ്ങളിൽ 7 മുതൽ 5 വരെയാണെന്ന് മാത്രം. കാര്യമായി വിദ്യാഭ്യാസമൊന്നും സമ്പാദിക്കാനാകാതെ പോയ രക്ഷകർത്താക്കളുടെ മനോവികാരമാകാം ഇത്തരത്തിൽ ഒരു പഠനസമയം സ്കൂളുകളിൽ ചിട്ടപ്പെടുത്താൻ കാരണമെന്നാണ് ദിനുവിന്റെ പക്ഷം. എനിക്കാ കുട്ടികളുടെ കാര്യത്തിൽ വല്ലാത്ത വിഷമം തോന്നി. തുമ്പികളെക്കൊണ്ട് എന്തിനാണിങ്ങനെ കല്ലെടുപ്പിച്ചുകൊണ്ടിരിക്കുന്നത് ?

രാത്രിയ്ക്ക് തീരെ ദൈർഘ്യമില്ലായിരുന്നു. നേരം പുലർന്നാൽ മഹാബലിപുരം വഴി മദ്രാസിലേക്കാണ് യാത്ര. ഈസ്റ്റ് കോസ്റ്റ് റോഡ് വഴിയുള്ള പോക്കിൽ വീണ്ടും ഓറോവില്ലയിൽ കയറേണ്ടതുണ്ട്. മെയ്സൺ പെരുമാളിൽ കാണാനായ പ്രത്യേക തരം ചെടിച്ചട്ടികളാണ് അതിന് കാരണം. അതുണ്ടാക്കുന്നത് ഓറോവില്ലയിലാണ്. ദിനു അവിടേയ്ക്കുള്ള വഴി പറഞ്ഞു തന്നു; ബന്ധപ്പെടേണ്ട വ്യക്തിയുടെ ഫോൺ നമ്പറും തന്നു.

ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോൺക്രീറ്റുകൊണ്ട് ഉണ്ടാക്കുന്ന ആ ചട്ടികൾ തീരെ നേർത്തതാണ് എന്നൊരു പ്രത്യേകതയുണ്ട്. ഓറഞ്ച് നിറം പൂശി വെച്ചാൽ വലിയ കളിമൺ ചട്ടിയാണെന്ന് തെറ്റിദ്ധരിക്കും. ചട്ടി വാങ്ങാൻ പോയ കൂട്ടത്തിൽ ഓറോവില്ലയിലെ കാടുകളുടെ മറ്റൊരു ഭാഗം കൂടെ ഞങ്ങൾക്ക് കാണാനായി. കണ്ടതിനേക്കാൾ അധികമാണ് ഓറോവില്ലയിൽ കാണാൻ ബാക്കി കിടക്കുന്നതെന്നതിൽ ഒരു സംശയവുമില്ല.

വ്യത്യസ്മായ കോൺക്രീറ്റ് ചട്ടികൾ.
വിവിധ തരം ചട്ടികൾ ഉണ്ടാക്കുന്ന സ്ഥാപനം നടത്തുന്നത് ഒരു തമിഴനാണ്. ഓറോവില്ലയിലെ അന്തേവാസി ആയതുകൊണ്ടാകണം പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഒരു അന്താരാഷ്ട്ര സമീപനമാണ് അയാളിലും സഹപ്രവർത്തകരിലുമുള്ളത്. ടെറസ്സിൽ കൃഷി ചെയ്യാനും വലിയ ചെടികളോ മരങ്ങളോ വളർത്താനുമൊക്കെ ഇത്തരം വലിയ ചട്ടികൾ പ്രയോജനപ്പെടുമെങ്കിലും കേരളത്തിൽ ഇതുപോലുള്ള ചട്ടികൾ ഞാനിതുവരെ കണ്ടിട്ടില്ല. കേരളത്തിലേക്ക് കയറ്റി അയച്ചാൽ, ചെക്ക് പോസ്റ്റിലുള്ള തലവേദനകൾ കാരണം കേരളത്തിൽ നിന്നുള്ള ഓർഡറുകൾ ഇവർ എടുക്കുന്നില്ല. സ്വന്തം ഉത്തരവാദിത്വത്തിൽ കൊണ്ടുപോകാമെങ്കിൽ എത്രവേണമെങ്കിലും ഉണ്ടാക്കിത്തരാം എന്നതാണ് നിലപാട്. ഇടത്തരം ചട്ടി ഒരെണ്ണം പൊക്കി കാറിന്റെ പിന്നിലിട്ടു. പോണ്ടിച്ചേരിയുടേയും ഓറോവില്ലയുടേയും ഓർമ്മയ്ക്കായി അതിലും നല്ലൊരു സോവനീർ കണ്ടുപിടിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല.

സോവനീർ ചട്ടി.
പോണ്ടിച്ചേരിയും ഓറോവില്ലയുമൊക്കെ, എഴുതിപ്പിടിപ്പിക്കാൻ പറ്റുന്നതിനേക്കാളും വലിയ അനുഭവങ്ങൾ തന്നെയാണ് എനിക്കുതന്നത്. കാണാനും അറിയാനും ഇനിയും ഒരുപാട് സംഭവങ്ങൾ ബാക്കിയുണ്ടെന്നതും സത്യമാണ്. റിസപ്ഷനിൽ നിന്ന് വാങ്ങിയ പുസ്തകങ്ങൾ കുറേയധികം വിവരങ്ങൾ പകർന്നുതരുന്നുണ്ടെങ്കിലും ഒക്കെയും നേരിൽ‌പ്പോയി കണ്ടറിഞ്ഞ് അനുഭവിക്കേണ്ടതുണ്ട്. അങ്ങനെ പലപല കാരണങ്ങളാൽ ഓറോവില്ലയിലേക്കുള്ള ഈ യാത്ര അപൂർണ്ണമായി നിൽക്കുകയാണ്. അടുത്ത പോണ്ടിച്ചേരി യാത്രയിൽ മാതൃമന്ദിറിന്റെ ഉള്ളിൽ കയറുകയെന്നതും ധ്യാനത്തിൽ ഇരിക്കുക എന്നതുമൊക്കെ അടക്കം ഒട്ടനവധി ലക്ഷ്യങ്ങളുണ്ട്.

പിന്നെ അവസാനകാലത്തെ കാര്യം. അത് ‘പ്രപ്പോസ്‘ ചെയ്ത് നോക്കാനല്ലേ പറ്റൂ.

------------------------------------------------
ചിത്രങ്ങളിൽ പലതിനും കടപ്പാട്:- ഓറോവില്ലയിലെ ‘മാതൃമന്ദിർ‘ ലീഫ് ലെറ്റിനോട്

Sunday 31 March 2013

കാടിന്റെ ശ്രീകോവിലിലേക്ക്.

വൃക്ഷങ്ങളിൽ നിങ്ങളെന്തെങ്കിലും ദൈവീകത കാണുന്നുണ്ടെങ്കിൽ, നിറയെ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് നല്ലൊരു കാട് തന്നെ സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരു പുരയിടത്തിന് ‘ശ്രീകോവിൽ‘ എന്നല്ലാതെ മറ്റെന്ത് പേരാണ് ചേരുക ?

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച്ച ദിവസം രാവിലെ 11 മണിക്ക് ഞാൻ ചെന്നുകയറിയത് അത്തരമൊരു ശ്രീകോവിലിലേക്കാണ്. ശ്രീ.കെ.വി.ദയാൽ എന്ന പ്രകൃതിസ്നേഹി നട്ടുവളർത്തിയെടുത്ത മരങ്ങൾ തണൽ വിരിച്ച്, വേനൽച്ചൂടിലും കുളിർമ പ്രദാനം ചെയ്യുന്ന കാടിന്റെ ശ്രീകോവിലിലേക്ക്.

ദുഃഖവെള്ളിയാഴ്ച്ച, വാഹനമോടിച്ച് ദൂരയാത്രകൾ പോകാൻ പറ്റിയ ദിവസമാണ്. നിരത്തിൽ പതിവുപോലെ അത്രയ്ക്കധികം വാഹനങ്ങൾ ഉണ്ടാകില്ല എന്നത് തന്നെയാണ് പ്രധാന കാരണം. മൂന്നാറിലേക്കും വയനാട്ടിലേക്കുമൊക്കെ പോകാൻ പദ്ധതിയിട്ടെങ്കിലും പല കാരണങ്ങളാൽ അതൊന്നും നടന്നില്ല. ഇത്രയും യാത്രാസൌകര്യമുള്ള ഒരു ദിവസം പാഴാക്കുന്നതെങ്ങനെ ? അപ്പോഴാണ് രണ്ട് ദിവസം മുൻപ് നാട്ടിലുള്ള ഒരു സുഹൃത്ത്, ദയാൽ സാറിനെപ്പറ്റി വാചാലയായത് ഓർമ്മ വന്നത്. ഉടനെ തന്നെ അദ്ദേഹത്തിന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. നല്ല സുഖമില്ലാതിരിക്കുകയാണെങ്കിലും 11 മണിയോടെ ചെന്നാൽ അൽ‌പ്പസമയം സംസാരിച്ച് ഇരിക്കാം എന്ന് ഉറപ്പുകിട്ടിയതനുസരിച്ച് യാത്ര പുറപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മുഹമ്മയ്ക്കടുത്തുള്ള കായിപ്പുറത്താണ് ‘ശ്രീകോവിൽ‘. മുഹമ്മ എനിക്ക് നല്ല പരിചയമുള്ള സ്ഥലമാണ്. വൂൾഫ് ഗ്യാങ്ങ് എന്ന ഓസ്ട്രിയക്കാരൻ സായിപ്പിന്റെ മുഹമ്മയിലുള്ള വീട്ടിൽ വർഷങ്ങൾക്ക് മുൻപ് തങ്ങിയിട്ടുണ്ട്.

ഒരു മണിക്കൂറുകൊണ്ട് മുഹമ്മയിലെത്തി. കായിപ്പുറത്ത് ദയാൽ സാറിന്റെ വീട് എവിടെയാണെന്ന് ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ച് വാഹനത്തിന് വേഗത കുറച്ചപ്പോൾ, കവലയിൽ ഓട്ടോ റിക്ഷാസ്റ്റാന്റിന് അപ്പുറത്തുള്ള തൊടി ഞാൻ ശ്രദ്ധിച്ചു. സൂര്യപ്രകാശം നിലത്ത് വീഴാത്തവിധം കാടുപിടിച്ച് കിടക്കുന്ന ഒരു പുരയിടം. കേട്ടറിഞ്ഞിടത്തോളം ഇതുതന്നെയാകണം ഞാൻ അന്വേഷിക്കുന്ന കാട്. അപ്പോഴേക്കും മതിലിനുമേൽ ശ്രീകോവിൽ എന്ന പേര് കണ്ടു. കാടുകൾ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്ന സംസ്ഥാനത്ത് ആൾവാസമുള്ള ഒരിടത്ത് കാടുപിടിച്ച് കിടക്കുന്ന ഒരു തൊടി ആരുടേയും ശ്രദ്ധയാകർഷിക്കും. അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ആവശ്യം വരുന്നുമില്ല. വാഹനം പുരയിടത്തിനകത്തേക്ക് ഒതുക്കി വെളിയിലിറങ്ങി. വേനൽച്ചൂടിൽ വെന്തുകിടക്കുന്ന ഭൂമിയല്ല ശ്രീകോവിലിനുള്ളിൽ. മാനം മുട്ടെ മരങ്ങൾ വളർന്നുനിൽക്കുന്നിടത്ത് സ്വാഭാവികമായും ഉണ്ടാകുന്ന കുളിർമയാണവിടെയുള്ളത്. അധികം താമസിയാതെ ദയാൽ സാർ പൂമുഖത്തെത്തി, ഞങ്ങളെ കാട്ടിനുള്ളിലേക്ക് നയിച്ചു.

കാടിനുള്ളിൽ ‘ശ്രീകോവിലി‘ന്റെ ഒരു ഭാഗം.
പുരയിടത്തിലൂടെ ഒരുചുറ്റ് നടക്കുമ്പോൾ വ്യത്യസ്തമായ ഒട്ടനവധി മരങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി. പലതും നട്ടുവളർത്തിയത് തന്നെയാണെങ്കിലും വിത്ത് വാരിയെറിഞ്ഞ് വളർന്നുവന്ന മരങ്ങളും ധാരാളമുണ്ട്. പ്ലാവ് നടുമ്പോൾ കുഴികുത്തി അതിൽ വെക്കരുതെന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു. മേൽമണ്ണിന് മുകളിൽത്തന്നെ മണ്ണ് കൂട്ടി വെച്ച് അതിൽ വേണം പ്ലാവിൻ തൈ നടാൻ. കീഴോട്ട് വേരോടിയാൽ പ്ലാവ് നന്നായി കായ്ക്കില്ലത്രേ ! കുഴികുത്തിവെക്കുമ്പോൾ തായ്‌വേരിനടിൽ ഒരു കട്ടയോ കല്ലോ എടുത്തുവെച്ച് അതിനെ ആഴത്തിലേക്ക് പോകാതെ വഴിതിരിച്ച് വിട്ടാലും മതി. “ചക്ക കഴിക്കുമോ“ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് “ചക്ക മാത്രമേ കഴിക്കൂ“ എന്നായിരുന്നു എന്റെ മറുപടി. പുരയിടത്തിൽ കായ്ച്ച് നിൽക്കുന്ന പ്ലാവ് ഒരെണ്ണം ഞാൻ നോട്ടമിട്ട് നിൽക്കുമ്പോളാണ് രോഗി ഇച്ഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും ചക്ക എന്ന മട്ടിൽ അദ്ദേഹത്തിന്റെ ചോദ്യം. ഒരു പ്ലേറ്റ് ചക്ക ഇരുന്ന ഇരിപ്പിൽ ഞാൻ അകത്താക്കി.


20വർഷം മുൻപ് അദ്ദേഹം ഈ സ്ഥലം വാങ്ങുമ്പോൾ ആലപ്പുഴ ഭാഗത്തൊക്കെ സാധാരണയായി കാണുന്ന തരത്തിലുള്ള വെളുത്ത നിറത്തിലുള്ള മണൽ മാത്രമായിരുന്നു ഇവിടെ. നിറയെ തെങ്ങുകൾ വെച്ചുപിടിപ്പിച്ചു. ഒക്കെയും നന്നായി വളർന്നുവന്നു. പക്ഷെ കുലയ്ക്കുന്ന സമയമായപ്പോഴേക്കും എല്ലാത്തിനും രോഗം ബാധിച്ചു. കൃഷിവകുപ്പുകാർ പറഞ്ഞുകൊടുത്ത മാർഗ്ഗങ്ങൾ എല്ലാം നടപ്പിലാക്കി. രാസവളവും ജൈവവളവും എന്നുവേണ്ട എല്ലാം പ്രയോഗിച്ച് നോക്കി. പക്ഷെ രക്ഷപ്പെട്ടില്ല. പിന്നെന്ത് ചെയ്യും എന്നുള്ള ചിന്ത കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ജാപ്പാനീസ് കർഷകനായ മസനോബു ഫുക്കുവോക്കയുടെ പ്രകൃതി കൃഷിയെപ്പറ്റിയുള്ള ‘One Straw Revolution' എന്ന പുസ്തകം വായിക്കാനിടയായത്. അതൊരു വഴിത്തിരിവായിരുന്നു. മനസ്സുകൊണ്ട് ഫുക്കുവോക്ക, ദയാൽ സാർ അടക്കമുള്ള ഒരുപാട് പേരുടെ ആചാര്യൻ കൂടെയാണിപ്പോൾ. ഫുക്കുവോക്കയുടെ ചിത്രമൊരെണ്ണം പൂമുഖപ്പടിയിൽ തൂങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മസനോബു ഫുക്കുവോക്ക. (ചിത്രം:-വിക്കിപീഡിയ)
അങ്ങനെയാണ് കാട് വെച്ച് പിടിപ്പിക്കാം എന്ന ആശയം ഉടലെടുത്തത്. ആദ്യമാദ്യം പലരും എതിർത്തു. കാടുപിടിച്ച് കിടന്നാൽ പാമ്പും എലീം ഒക്കെ വരും, തലവേദനയാകും എന്ന അഭിപ്രായങ്ങൾ ഉയർന്നു. പറമ്പായാൽ വെട്ടിത്തെളിച്ച് സമയാസമയത്ത് കിളച്ച് ചപ്പുചവറുകൾ തീയിട്ട് സംരക്ഷിക്കുന്നതാണല്ലോ നമ്മുടെ ശീലം. അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട ദയാൽ സാർ പറയുന്നത് ചവറൊന്നും തീയിടരുത് എന്നാണ്. എല്ലാം മണ്ണിൽ അലിഞ്ഞ് ഇല്ലാതാകണം. സൂര്യനാണ് ഏക ഊർജ്ജസ്രോതസ്സ് എന്നത് നമ്മൾക്കറിയാം. പക്ഷെ നമ്മൾ ആ സ്രോതസ്സിനെ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നില്ല. അൽ‌പ്പം പോലും വെയിൽ ഭൂമിയിൽ വീഴാൻ അനുവദിച്ചുകൂടാ. ചപ്പും ചവറും ഇലകളുമൊക്കെക്കൊണ്ട് ഭൂമി നിറഞ്ഞുനിൽക്കണം. അതിലേക്കാവണം വെയിൽ വീഴേണ്ടത്. അത് ഭൂമിയിൽ പൊടിഞ്ഞ് അലിഞ്ഞ് ചേരുമ്പോൾ അത്രയും ഊർജ്ജം ഭൂമിയിലേക്കെത്തുകയായി. മരങ്ങളിൽ ശേഖരിക്കപ്പെടുന്ന കാർബൺ ആണ് മണ്ണിലടിഞ്ഞ് കറുത്തനിറമുള്ള കാർബോഹൈഡ്രേറ്റ് ആയി മാറുന്നത്. ഇലകളും മറ്റും കത്തിക്കുന്നതോടെ ഈ കാർബണും, സൂര്യപ്രകാശത്തിൽ നിന്ന് അതിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ഊർജ്ജവുമാണ് ഇല്ലാതാകുന്നത്. ഊർജ്ജം ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യാനാകും പക്ഷെ ഉണ്ടാക്കിയെടുക്കാനാവില്ല എന്ന് ചെറിയ ക്ലാസ്സുകളിൽ നാം പഠിച്ചിട്ടുള്ളതാണ്. ഹൈസ്ക്കൂളിൽ പഠിച്ച ഊർജ്ജതന്ത്രവും രസതന്ത്രവും പ്രായോഗികമാക്കുന്നില്ല എന്നതാണ് നമ്മുടെ പരാജയം. ഹരിത വിപ്ലവം വന്നപ്പോൾ മുതൽ ശാസ്ത്രീയമെന്ന് പേരിൽ നടപ്പിലാക്കി വരുന്നത് പലതും അശാസ്ത്രീയമായ കൃഷി രീതികളാണ്.

ഒന്നരയേക്കർ വീടിനുചുറ്റും കാണുന്ന മരങ്ങളിൽ പലതും കുരു ഏറിഞ്ഞ് മുളപ്പിച്ച് വളർത്തിയെടുത്തതാണ്. ദയാൽ സാറിന്റെ കാട്ടിൽ ഇപ്പോൾ 250ൽ‌പ്പരം വൃക്ഷലതാദികൾ വളരുന്നുണ്ട്. മരങ്ങളിലേക്ക് കുരുമുളക് പോലുള്ള വള്ളികൾ പറ്റുന്നത്രയ്ക്ക് പടർത്തിയിരിക്കുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമൊക്കെ കിട്ടാൻ സാദ്ധ്യതയുള്ള എല്ലാ വൃക്ഷങ്ങളും സംഘടിപ്പിച്ച് അദ്ദേഹം ഇവിടെ വളർത്തുന്നുണ്ട്. രണ്ട് കുളങ്ങൾ കുഴിച്ച് അതിൽ നിന്നുള്ള വെള്ളം വൃക്ഷങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു. തൊടിയുടെ ഒരുഭാഗത്ത് പച്ചക്കറിത്തോട്ടമാണ്. ചുരയ്ക്ക അടക്കം ഒരുവിധം എല്ലാ പടർപ്പുകളും ഇവിടെയുണ്ട്. ഇതിനൊക്കെ പുറമേ ഒട്ടനവഴി ഷട്പദങ്ങളും ജീവജാലങ്ങളും ഈ കാട്ടിൽ വളരുന്നു. മഴപ്പാറ്റ എന്ന് വിളിക്കുന്ന ചുവന്ന നിറത്തിലുള്ള ജീവിയെ പ്രകൃതിദത്തമായ കാടുകളിൽ പോലും വളരെ ദുർലഭമായിട്ടേ കാണാനാവൂ. ഇവിടെയതിനെ ചവിട്ടിയിട്ട് നടക്കാനാവില്ല എന്ന അവസ്ഥയാണ്. തേനീച്ചകൾക്കും പക്ഷികൾക്കുമൊക്കെയായി കൂടുകളും ഒരുക്കിക്കൊടുത്തിട്ടുണ്ട്, വൃക്ഷങ്ങൾക്ക് മുകളിൽ.

മഴപ്പാറ്റകൾ
പച്ചക്കറി കൃഷി നടക്കുന്ന ഭാഗത്തുള്ള രണ്ടാമത്തെ കുളത്തിനോട് ചേർന്ന് അൽ‌പ്പം ഉയരത്തിൽ മണ്ണ് കൂട്ടിയിട്ട് അതിനുള്ളിൽ സാധാരണ സർപ്പക്കാവുകളിൽ കാണാറുള്ള മരങ്ങളൊക്കെ നട്ടുപിടിപ്പിച്ച് ഒരു കാവുതന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മേമ്പൊടിക്ക്, കല്ലിൽ തീർത്ത ഒരു സർപ്പ പ്രതിഷ്ഠയുമുണ്ട്. അതൊരു പരീക്ഷണത്തിന്റെ ഭാഗമായി തീർത്ത പ്രദേശം കൂടെയാണ്. വല്ലാത്ത കാറ്റുള്ള ഇടങ്ങളിൽ കാറ്റിനെ നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും എന്നതിന്റെ ഉദാഹരണമാണ് ആ കാവും അതിനോട് ചേർന്ന കുളവും. ഒരു പരിധിവരെ കാറ്റിനെ തടഞ്ഞ് നിർത്താൻ മരങ്ങൾക്കാവുമെങ്കിലും കാറ്റ് ശമിപ്പിക്കണമെങ്കിൽ തൊട്ടടുത്ത് തന്നെ ഒരു താഴ്ന്ന പ്രദേശം ഉണ്ടായിരിക്കണം. കുളം ആ ജോലി നിർവ്വഹിക്കുന്നു. കൃഷിയിടങ്ങളിൽ കാറ്റിന്റെ വല്ലാത്ത ശല്യമുള്ള തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ പലരും ഈ മോഡൽ പ്രാവർത്തികമാക്കാൻ തുടങ്ങിയിരിക്കുന്നു. പോരാത്തതിന് മരങ്ങളിൽ തട്ടി പെയ്തിറങ്ങുന്ന മഴവെള്ളം കുളത്തിലെ ജലവിതാനം ഉയർത്തുകയും ചെയ്യുന്നു.

പുഴയരികിലുള്ള സ്ഥലത്ത് അൽ‌പ്പം ഉപ്പിന്റെ കനമുള്ള വെള്ളം എങ്ങനെ ശുദ്ധമാക്കിയെടുക്കാൻ എന്ന എന്റെ ചോദ്യത്തിന് ദയാൽ സാറിന്റടുത്ത് ഉത്തരം റെഡിയാണ്. കണ്ടൽക്കാടും കൈതയും മുളയുമൊക്കെ വെച്ചുപിടിപ്പിക്കുക. ഇതിന്റെയൊക്കെ വേരോടാൻ തുടങ്ങിക്കഴിഞ്ഞാൽ‌പ്പിന്നെ വേലിയേറ്റത്തിന് പോലും ഉപ്പ് വെള്ളം ഭൂമിയിലേക്ക് കടക്കില്ല. മഴ പെയ്തിറങ്ങുന്ന വെള്ളം വീണുവീണ് ഭൂമിക്കടിയിലെ ജലവും തൻ‌മൂലം കുളത്തിലേയും കിണറ്റിലേയും വെള്ളം ശുദ്ധമാകുകയും ചെയ്യും.

സർപ്പക്കാവും പ്രതിഷ്ഠയും
കൃഷിക്ക് വേണ്ടി മണ്ണിനെപ്പറ്റി പഠിക്കാൻ തുടങ്ങിയതോടെ മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തെപ്പറ്റിയും അവന്റെ ആരോഗ്യത്തെപ്പറ്റിയും പഠിക്കാൻ ആരംഭിച്ചു. മണ്ണിന്റെ pH ബാലൻസിങ്ങിനെ കുറിച്ച് പഠിക്കാൻ തുടങ്ങിയപ്പോൾ മനുഷ്യരക്തത്തിന്റെ pH ബാലൻസിങ്ങിനെപ്പറ്റി മനസ്സിലാക്കാനായി. രക്തത്തിലും മജ്ജയിലുമൊക്കെ pH 7.41 ന് അടുക്കെ നിയന്ത്രിച്ച് നിർത്താനാകുമെങ്കിൽ കാര്യമായ രോഗങ്ങൾ ഒന്നും വരില്ലെന്നും പിടികിട്ടി. യോഗ പഠിപ്പിക്കാനായി ചിലിയിലേക്ക് പോയ സുഹൃത്തിനോട് അവിടെയുള്ള സുന്ദരന്മാരും സുന്ദരികളുമായ ജനങ്ങളെ നിരീക്ഷിച്ച് അവരുടെ ഭക്ഷണ രീതി മനസ്സിലാക്കി വരാൻ ആവശ്യപ്പെട്ടു. മൂന്ന് നേരവും അവിടെയുള്ളവർ കഴിക്കുന്നത് ബട്ടർ ഫ്രൂട്ട് അഥവാ അവക്കാഡോ ആണെന്ന് മനസ്സിലായി. pH ന്യൂട്രലായിട്ടുള്ള ഒരു ഫലമാണ് അവക്കാഡോ. നല്ലവണ്ണം ഫാറ്റ് ഉള്ള പഴവുമാണത്. ഏഴെട്ട് വർഷം കൊണ്ട് വളർത്തി കായിച്ചെടുക്കാൻ പറ്റുന്ന ബട്ടർ ഫ്രൂട്ട് അദ്ദേഹം പിടിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ട് മരമെങ്കിലും ഇല്ലെങ്കിൽ കായുണ്ടാകില്ല എന്നത് ശ്രദ്ധിക്കണമെന്ന് മാത്രം. ഒരേ മരത്തിൽ തന്നെയാണ് ആൺ‌പൂവും പെൺ‌പൂവും ഉണ്ടാകുന്നത്. പക്ഷേ, പെൺ‌പൂവ് വിരിഞ്ഞ് താഴെ വീണ് കഴിഞ്ഞതിന് ശേഷം മാത്രമേ ആണ് പൂവ് വിരിയൂ. അതുകാരണം പരാഗണം നടക്കാനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. രണ്ട് മരങ്ങൾ ഉണ്ടെങ്കിലേ ഈ പ്രശ്നം പരിഹരിക്കാനാവൂ.

ഭക്ഷണത്തിൽ ഫാറ്റ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ ഉണ്ടാകണമെങ്കിൽ മണ്ണിലും ഫാറ്റ് എത്തണം. അതുകൊണ്ട് മീൻ‌വളം എല്ലുപൊടി എന്നുള്ളതിനൊക്കെ പ്രസക്തി കൂടുതലാണ്.അവക്കാഡോ പോലുള്ള ഫലങ്ങൾക്ക് മീൻ‌വളം നന്നായി ആവശ്യമാണ്. മലയാളികൾ പീനട്ട് ബട്ടർ ഫ്രൂട്ട്, അവക്കാഡോ എന്നീ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഇഷ്ടം പോലെ ചെറുപ്പക്കാർ ജൈവകൃഷിയിലും മറ്റും താൽ‌പ്പര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു എന്നത് നല്ലൊരു ലക്ഷണമായിട്ടാണ് അദ്ദേഹം കാണുന്നത്. പോയ കാടുകളൊക്കെയും തിരിച്ചുവരും എന്ന പ്രതീക്ഷയിലാണദ്ദേഹം. ഗാന്ധിജി യൂണിവേർസിറ്റിയിൽ ഒരു കോർസ് തന്നെ തുടങ്ങിയെടുക്കാൻ ദയാൽ സാറിനും സഹപ്രവർത്തകർക്കും ആയിട്ടുണ്ട്. 20 ദിവസം കൊണ്ട് കൃഷിയെപ്പറ്റി പഠിപ്പിക്കുന്ന ഒരു സർട്ടിഫിക്കറ്റ് കോഴ്സാണത്. ജൈവകർഷ സമിതി എന്ന പേരിൽ പ്രായോഗിക കൃഷിരീതികൾ സ്വയം കണ്ടെത്തി മറ്റ് കർഷകരുമായി ഒത്തുകൂടെ അതിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു സമിതിയുടെ കൺ‌വീനർ കൂടെയാണ് അദ്ദേഹം. കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച് ക്ലാസ്സുകൾ എടുക്കുകയും കൃഷിരീതികൾ പ്രചരിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് ‘അണ്ണൻ‘.

ദയാൽ സാറിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ.
നാട്ടുകാരും അടുപ്പക്കാരുമൊക്കെ അദ്ദേഹത്തെ വിളിക്കുന്നത് അണ്ണൻ എന്നാണ്. എനിക്ക് പക്ഷെ സാർ എന്നോ മാഷേ എന്നോ വിളിക്കാനാണ് താൽ‌പ്പര്യം. ചുറ്റുമുള്ള പ്രകൃതിക്ക് കോട്ടം വരാതെ അതിനെക്കൂടെ സംരക്ഷിച്ചുകൊണ്ട് അതിജീവനത്തിന്റെ പാഠങ്ങൾ ഉദാഹരണ സഹിതം ജനങ്ങളിലേക്ക് പകർന്നുകൊടുക്കുന്ന ഒരാൾ എന്തുകൊണ്ടും ഗുരുസ്ഥാനത്തിന് തന്നെ അർഹനാണ്.

ഏതൊക്കെ മരങ്ങൾ എങ്ങനൊക്കെ നട്ടുപിടിപ്പിക്കണം, എന്തൊക്കെ വളങ്ങൾ ഉപയോഗിക്കണം, അടുക്കളകൃഷി എങ്ങനെ പരിരക്ഷിക്കണം, എന്തൊക്കെ ഭക്ഷണങ്ങൾ വർജ്ജിക്കണം, എന്തൊക്കെ കഴിക്കണം, എന്നിങ്ങനെ ഒരുപാടൊരുപാട് അറിവുകളാണ് അദ്ദേഹം പകർന്നുതന്നത്. മുഴുവനായി എഴുതി ഫലിപ്പിക്കാൻ എനിക്കാവില്ല. എത്തിപ്പറ്റാൻ സാധിക്കുന്നവർ ഒരിക്കലെങ്കിലും കായിപ്പുറത്തെ ഈ ശ്രീകോവിലിലേക്ക് ഒരു യാത്ര തരപ്പെടുത്തണം. കുറേനേരം ദയാൽ സാറുമായി സംസാരിച്ചിരിക്കണം. ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് തന്നെ ചിലപ്പോൾ മാറിമറിഞ്ഞെന്ന് വരും, അങ്ങനെയൊരു യാത്രയ്ക്ക് മുതിർന്നാൽ.


മൂന്നാറിലേക്കോ വയനാട്ടിലേക്കോ പോകാൻ സാധിക്കാതിരുന്നതിൽ എനിക്കിപ്പോൾ അൽ‌പ്പം പോലും ഖേദമില്ല. ഈ ദിവസത്തെ ദുഃഖവെള്ളി എന്ന് വിളിക്കാനും ഞാൻ തയ്യാറല്ല. എനിക്കതൊരു ഗുഡ് ഫ്രൈഡേ തന്നെ ആയിരുന്നു. ---------------------------------------------------------------------------------------------------------------------  
ദയാൽ സാറിനെപ്പറ്റി കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
  1. ജനയുഗം ലേഖനം.
  2. മാധ്യമം 2009 ഓണപ്പതിപ്പ് ലേഖനം. -

Monday 14 January 2013

ഒരു ഗോണ്ടോളാ സവാരി

2012 മാർച്ച് മാസം 27ന് വെനീസിലെ സെന്റ് മാർക്സ് സ്ക്വയറിൽ ഒരു ഗോണ്ടോളാ സവാരിയുടെ കടവിൽ സഹയാത്രികരെ ഉപേക്ഷിച്ച് പോയ ഞാൻ കടുത്ത ശിക്ഷയ്ക്ക് അർഹനാണെന്ന കാര്യത്തിൽ തർക്കമില്ല.

ശിക്ഷ വിധിച്ച് നടപ്പാക്കുന്നതിന് മുന്നേ ‘വെനീസിൽ ഒരു ഗോണ്ടോളാ സവാരി‘ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാതൃഭൂമിയുടെ ‘യാത്ര’ മാഗസിൻ 2013 ജനുവരി ലക്കത്തിലാണ് ആ യാത്രാവിവരണം വന്നിരിക്കുന്നത്. യൂറോപ്യൻ യാത്രയുടെ തുടർച്ചയായി വായിക്കാൻ അഭ്യർത്ഥിക്കുന്നു. പേജുകളിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്താൽ വലുതായി വായിക്കാം.

തുടരും...