Friday 27 January 2012

തീരാ വേദനയായി ഒരു പെൺകുട്ടി.

---------------------------------------------------
യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ, എന്നിങ്ങനെ കുറച്ച് പേരുടെ മാത്രം തീരുമാനങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുന്നത് ലക്ഷക്കണക്കിന് വരുന്ന സാധാരണ ജനങ്ങളാണ്. അതിലേറെയും തിരിച്ചറിവില്ലാത്ത കൊച്ചുകുഞ്ഞുങ്ങളാകുമ്പോൾ, യുദ്ധങ്ങൾ മാപ്പർഹിക്കാത്ത നടപടികളായിത്തന്നെ മാറുന്നു.

ഒരു രണ്ടാം ലോക മഹായുദ്ധ ചിത്രം.*
യുദ്ധത്തിന്റെ ഭീകരതകൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളവരുടെ ലേഖനങ്ങളും കത്തുകളുമൊക്കെ വായിച്ചറിയാൻ ഒരുപാട് അവസരങ്ങൾ നമുക്കുണ്ടായിട്ടുണ്ട്. പക്ഷെ, യുദ്ധക്കെടുതികൾക്കും ക്രൂരതകൾക്കും പാത്രമാകേണ്ടിവന്ന കുട്ടികളുടെ മാനസ്സികാവസ്ഥ മനസ്സിലാക്കാൻ, അവരുടെ വിഷമങ്ങളും വ്യഥകളും നൊമ്പരങ്ങളും അക്ഷരങ്ങളിലൂടെയെങ്കിലും അടുത്തറിയാൻ വളരെക്കുറച്ച് അവസരങ്ങളേ ഉണ്ടായിട്ടുള്ളൂ. അത്തരം ലേഖനങ്ങളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനം ആൻ ഫ്രാങ്ക് എന്ന കൌമാരിക്കാരിയുടെ ഡയറിക്കുറിപ്പുകൾക്ക് തന്നെയാകണം. ‘ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ’ ഒട്ടനവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതിയാണ്. യുദ്ധവെറിയന്മാർ എത്ര പേർ അത് വായിച്ചിട്ടുണ്ടോ ആവോ ? കുട്ടികളെ സ്നേഹിക്കുന്ന യുദ്ധത്തെ വെറുക്കുന്ന എല്ലാവരും അവശ്യം വായിച്ചിരിക്കേണ്ട ഡയറിക്കുറിപ്പുകളാണത്.

ആൻ ഫ്രാങ്കും സ്വന്തം കൈപ്പടയും. *
രണ്ടാം ലോക മഹായുദ്ധകാലത്തെ സംഭവമാണ്. അക്കാലത്ത് ഡച്ച് പ്രവാസി ഗവൺ‌മെന്റിലെ ഒരംഗമായ ഗെറിറ്റ് ബോൾക്കെസ്റ്റീൻ ലണ്ടനിൽ നിന്ന് ആഹ്വാനം ചെയ്ത ഒരു റേഡിയോ പ്രക്ഷേപണത്തിൽ, യുദ്ധകാലത്ത് ജർമ്മൻ അധീനതയിൽ തന്റെ നാട്ടുകാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും യാതനകളും കുറിച്ചുവെക്കാൻ ആവശ്യപ്പെടുന്നു. ഇതനുസരിച്ച് ആൻ ഫ്രാങ്ക് എന്ന 13 വയസ്സുള്ള യഹൂദപ്പെൺകുട്ടി, ‘കിറ്റി‘ എന്ന ഓമനപ്പേരിട്ട് സ്വന്തം സുഹൃത്തിനെപ്പോലെ കരുതിയിരുന്ന തന്റെ ഡയറിയിൽ കുറിച്ചിട്ട അനുഭവങ്ങളാണ് ലോകമനസ്സാക്ഷിയെത്തന്നെ പിടിച്ചുലച്ച ‘The Diary Of a Young Girl'. അത് പക്ഷെ ആൻ ഫ്രാങ്ക് എന്ന കൌമാരക്കാരിയുടെ യാതനക്കുറിപ്പുകൾ മാത്രമാണോ ? തീർച്ചയായും അല്ല. ലോകമെമ്പാടും യുദ്ധക്കെടുതികൾ അനുഭവിക്കുകയും, പക്ഷെ ഒരിടത്തും അതൊന്നും പ്രകടിപ്പിക്കാൻ പോലും പറ്റാതെ പോയ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കൂട്ടായ രോദനമാണത്.

1942 ജൂൺ 12 മുതൽ 1944 ആഗസ്റ്റ് 1 വരെയുള്ള ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളാണ് പുസ്തകരൂപത്തിൽ ഇറങ്ങിയത്. ആംസ്റ്റർഡാമിലെ ഒരു കെട്ടിടത്തിന്റെ മുകൾഭാഗത്തെ നിലകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇക്കാലയളവിൽ ആൻ ഫ്രാങ്കും കുടുംബവും കുടുംബസുഹൃത്തുക്കളും.

ആൻ ഫ്രാങ്ക് ഭവനം. *
കനാൽ ബസ്സിൽ രാവിലെ മുതലുള്ള ഞങ്ങളുടെ സവാരിയിൽ ഒരു കാര്യം ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ആൻ ഫ്രാങ്ക് ഒളിവിൽ കഴിഞ്ഞിരുന്നു ആ ഭവനത്തിലേക്ക്, ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് 3 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ. ഹോളണ്ടിലേക്കുള്ള യാത്രയിൽ മറ്റൊരിടവും സന്ദർശിച്ചില്ലെങ്കിലും പോകണമെന്ന് ഞങ്ങൾ കരുതിയിരിക്കുന്നത് ഒരു മ്യൂസിയമായി മാറ്റിയിരിക്കുന്ന ഈ വീടാണ്. അവിടെ കൂടുതൽ സമയം ചിലവഴിക്കണമെന്നും തീരുമാനിച്ചിട്ടുള്ളതാണ്. വൈകുന്നേരം സമയം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം രാവിലെ എന്നതാണ് പദ്ധതി. വാൻ ഗോഗ് മ്യൂസിയത്തിൽ നിന്നിറങ്ങിയപ്പോൾ ആൻ ഫ്രാങ്ക് ഭവനം കൂടെ സന്ദർശിക്കാനുള്ള സമയം ബാക്കിയുണ്ടെന്ന് തോന്നിയതുകൊണ്ട് ഞങ്ങൾ നേരെ ഹോട്ടലിലേക്ക് മടങ്ങി. മുറിയിൽക്കയറി ഒന്ന് ഫ്രെഷ് ആയി. വീണ്ടും തെരുവിലിറങ്ങി കനാൽ മുറിച്ചുകടന്ന് ക്ഷണനേരം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി.

ആൻ ഫ്രാങ്ക് ഭവനം - കനാനിൽ നിന്ന് ഒരു ദൃശ്യം.
രണ്ടാൾക്ക് 17 യൂറോ പ്രവേശനഫീസ് കൊടുത്ത് ഞങ്ങൾ കെട്ടിടത്തിനകത്തേക്ക് കടന്നു. ഈ മ്യൂസിയം ഡച്ച് സർക്കാരിന്റെ കീഴിലുള്ളതല്ല. ആൻ ഫ്രാങ്ക് സൊസൈറ്റിയുടെ വ്യക്തിഗത ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണിത് നടന്നുപോകുന്നത്. മ്യൂസിയത്തിൽ ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല എന്നത് നിരാശാജനകമാണ്.

ഒളിവിൽക്കഴിഞ്ഞിരുന്ന കാലത്ത് ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആൻ ഫ്രാങ്കിന്റെ പിതാവായ ഓട്ടോ ഫ്രാങ്കിന്റെ ഓഫീസും വെയർ ഹൌസുമൊക്കെ ആയിരുന്നു. Miep Gies എന്ന സ്ത്രീയുടെ സഹായത്തോടെ കെട്ടിടത്തിന്റെ മുകൾ നിലകളിൽ 8 പേർ (1. Otto Frank, 2. Edith Frank, 3. Margot Frank, 4. Anne Frank, 5. Hermann Vanpels, 6. Fritz Pfeffer, 7. Auguste Van Pels, 8. Peter Van Pels.) ഒളിവിൽ കഴിഞ്ഞുകൂടി.

പിന്നീട് എല്ലാവരും പിടികൂടപ്പെട്ടപ്പോൾ ആൻ ഫ്രാങ്കിന്റെ ഡയറി സുരക്ഷിതമായി സൂക്ഷിച്ചതും Miep Gies തന്നെയാണ്. അവരുടെ ടൈപ്പ് റൈറ്റർ അടക്കമുള്ള വസ്തുക്കൾ ഇന്ന് മ്യൂസിയത്തിന്റെ ഭാഗമാണ്. ഇപ്പോൾ ഈ കെട്ടിടത്തിന് ഒരുപാട് നവീകരണമൊക്കെ നടത്തിയിട്ടുണ്ടെങ്കിലും ഒളിവിൽ കഴിയാൻ ഉപയോഗിച്ചിരുന്ന മുറികളും മറ്റും പഴയ പടിതന്നെ സംരക്ഷിച്ചിട്ടുണ്ട്. കുത്തനെയുള്ള മരപ്പടികളിലൂടെയാണ് മൂന്നാം നിലയിലേക്ക് പ്രവേശിക്കേണ്ടത്. ഫയലുകളും പുസ്തകങ്ങളും വെച്ചിരിക്കുന്ന ഒരാൾപ്പൊക്കത്തിലുള്ള ഒരു അലമാരയ്ക്ക് പിന്നിലൂടെയാണ് ഒളിസങ്കേതത്തിലേക്കുള്ള വഴി. ഒറ്റയടിക്ക് നോക്കിയാലോ, കുറച്ചധികം ശ്രദ്ധിച്ച് നോക്കിയാൽത്തന്നെയോ ആ അലമാരയ്ക്ക് പിന്നിൽ ഒരു രഹസ്യകവാടമാണെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. (ഈ വീഡിയോ കാണുക.)

അലമാരയ്ക്ക് പിന്നിലൂടെ രഹസ്യ വഴി. *
അലമാരിക്ക് പിന്നിലേക്ക് കടന്നാൽ 8 പേർ ഒരുപാട് കാലം ഒച്ചയും അനക്കവും ഇല്ലാതെ കഴിഞ്ഞുകൂടിയിരുന്ന മുറികൾ, അടുക്കള, ടോയ്‌ലറ്റ് എന്നിങ്ങനെ എല്ലാ സജ്ജീകരങ്ങളും കാണാം. കാൽ‌പ്പെരുമാറ്റം പോലും കേൾപ്പിക്കാതെ അതിനകത്ത് കഴിഞ്ഞുകൂടിയിരുന്ന ആ ദിവസങ്ങളെപ്പറ്റി വിശദമായിത്തന്നെ ആൻ ഫ്രാങ്ക് തന്റെ ഡയറിയിൽ പറയുന്നുണ്ട്. സൈക്കിൾ ചവിട്ടി നടക്കാനും കൂട്ടുകാർക്കൊപ്പം പാർക്കിൽ പോകാനുമൊക്കെ ആഗ്രഹിക്കുന്ന ആ പ്രായത്തിലുള്ള ഒരു കുട്ടിക്ക്, എത്ര വിരസമായിരിക്കും ഒരു കെട്ടിടത്തിനകത്തെ അടച്ചുപൂട്ടിയ ജീവിതമെന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശുദ്ധവായും ശ്വസിക്കാനും വൃക്ഷത്തലപ്പുകൾ കാണാനും മരങ്ങളിൽ വന്നിരിക്കുന്ന പക്ഷികളെ കാണാനുമൊക്കെ പാത്തും പതുങ്ങിയും കെട്ടിടത്തിന്റെ മച്ചിനെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനിടയ്ക്ക് തെരുവിൽ രണ്ട് ജ്യൂതന്മാരെ പട്ടാളക്കാർ ഭേദ്യം ചെയ്യുന്നത് ജനാലയിലൂടെ അവൾ കാണുന്നുണ്ട്. ആ ജനാലകളൊക്കെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.

ഒരുപാട് സ്വപ്നങ്ങളാണ് അവളെ മുന്നോട്ട് നയിക്കുന്നത്. 1943 ഡിസംബർ 24ന്റെ ഡയറിത്താളിൽ ആൻ ഫ്രാങ്ക് ഇങ്ങനെ എഴുതിയിരിക്കുന്നു.

“എനിക്ക് സൈക്കിൾ ചവിട്ടണം, നൃത്തം ചെയ്യണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്ര്യവും അനുഭവിക്കണം”

1944 ഏപ്രിൽ 5 ന്റെ പേജിലെ വരികൾ ഇങ്ങനെ......

“എഴുതാൻ സാധിച്ചാൽ എനിക്ക് മറ്റെല്ലാം മറക്കാനാവുന്നു. എന്റെ ദുഃഖങ്ങൾ അപ്രത്യക്ഷമാകുന്നു, ധൈര്യം പുനഃർജനിക്കുന്നു. “

ഉള്ളിലടക്കിപ്പിടിച്ച നീറ്റലാണ് വരികളായി പുറത്ത് വരുന്നതെന്ന് മനസ്സിലാക്കുമ്പോൾ ഏതൊരു വായനക്കാരന്റേയും സന്ദർശകന്റേയും ഹൃദയം ആർദ്രമാകുന്നു. കിടപ്പുമുറിയുടെ ചുമരുകളിൽ പുസ്തകങ്ങളിൽ നിന്നും മറ്റും വെട്ടിയെടുത്ത് ആൻ ഫ്രാങ്കും സഹോദരി മാർഗോട്ട് ഫ്രാങ്കും ഒട്ടിച്ച ചിത്രങ്ങൾ ചിലതുണ്ട്. അതിലൂടെ വിരലോടിച്ചുകൊണ്ട് ചെവിയോർത്താൽ ആ കുഞ്ഞുമനസ്സുകളുടെ തേങ്ങൽ കേട്ടെന്ന് വരാം.

കിടക്കമുറിയും ചുമരിൽ ഒട്ടിച്ചിരിക്കുന്ന ചിത്രങ്ങളും. *
“ ഇങ്ങനെയൊക്കെ ആണെങ്കിലും ജനങ്ങൾ ശരിക്കും മനസ്സിൽ നന്മയുള്ളവരാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. എനിക്കെന്റെ പ്രതീക്ഷകൾ ചിന്താക്കുഴപ്പത്തിന്റേയും അസന്തുഷ്ടിയുടേയും മരണത്തിന്റേയും തറക്കല്ലിൽ നിന്ന് കെട്ടിപ്പൊക്കാനാവില്ല. “ അവളുടെ പ്രതീക്ഷകൾ അങ്ങനെയങ്ങനെ നീണ്ടുപോകുകയും ആ കൊച്ചു ഡയറിയിൽ മാത്രമായി ഒതുങ്ങപ്പെടുകയും ചെയ്തു. കാലം പിന്നീട് ആ വരികളൊക്കെയും ഏറ്റെടുക്കും എന്നവൾ മനസ്സിലാക്കിയിട്ടുണ്ടാകുമോ ആവോ ?

കിറ്റി എന്ന ഡയറി. *
ചതുര ഡിസൈനിൽ പിങ്ക് നിറത്തിലുള്ള കിറ്റി എന്ന ഡയറി തന്നെയാണ് മ്യൂസിയത്തിനകത്തെ പ്രധാന ആകർഷണം. പിടിക്കപ്പെട്ട് ജർമ്മനിയിലെ ബെർജൻ ബെൽ‌സൺ കോൺസൻ‌ട്രേഷൻ ക്യാമ്പിൽ എത്തപ്പെട്ട ആൻ ഫ്രാങ്ക് 1945 മാർച്ച് മാസത്തിന്റെ തുടക്കത്തിൽ ടൈഫസ് രോഗം വന്ന് മരണമടഞ്ഞു.

ആനിന്റേയും മാർഗോട്ടിന്റേയും അന്ത്യവിശ്രമസ്ഥലം. *
പിതാവായ ഓട്ടോ ഫാങ്ക് രക്ഷപ്പെട്ടു. പിന്നെയും ഏറെക്കാലം കഴിഞ്ഞാണ് അദ്ദേഹം മകളുടെ ഡയറി വായിക്കാൻ ഇടയാകുന്നത്. അദ്ദേഹത്തിന്റെ കിടയ്ക്കയ്ക്ക് അരുകിലുള്ള ഒരു പെട്ടിയിലാണ് ആൻ ഫ്രാങ്ക് ഡയറി സൂക്ഷിച്ചിരുന്നത്. അതൊരിക്കലും എടുക്കരുതെന്നും വായിക്കരുതെന്നും അവൾ പിതാവിനോട് ആവശ്യപ്പെടുകയും അദ്ദേഹമത് അതേപടി അനുസരിക്കുകയും ചെയ്തുപോന്നു. മകളുടെ മരണശേഷം ആ ഡയറി വായിക്കാൻ ഇടയായ മനുഷ്യന്റെ അപ്പോളത്തെ മനസ്സികാവസ്ഥ സങ്കൽ‌പ്പിക്കാൻ പോലും ആർക്കുമാകില്ല.

“ മാതാപിതാക്കൾ ആരും സ്വന്തം കുട്ടികളെ ശരിക്കും മനസ്സിലാക്കുന്നില്ല “ ഓട്ടോ ഫ്രാങ്ക് പറയുന്നു.

ശരിയാണോ? ..... ശരിയല്ലേ ? .......

അപ്പറഞ്ഞത് എന്റെ കാര്യത്തിൽ, ഒരു മകനെന്നെ നിലയ്ക്കല്ലെങ്കിലും, പിതാവെന്ന അർത്ഥത്തിൽ ശരിയാകാനേ തരമുള്ളൂ. നേഹ കൂടെയില്ല; അവളിപ്പോൾ എന്തുചെയ്യുകയാവും ? മനസ്സ് പെട്ടെന്ന് ടിക്കറ്റും പാർപ്പോർട്ടും എമിഗ്രേഷൻ കടമ്പകളൊന്നും ഇല്ലാതെ പിടിവിട്ട് അവൾക്കടുത്തേക്ക് പാഞ്ഞു. കെട്ടിടത്തിനകത്തെ കാഴ്ച്ചകൾ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും ശോകമൂകരായിരുന്നു. ആകെയൊരു മ്ലാനത. നെഞ്ചിൽ കനത്തത് എന്തോ ഒന്ന് കയറ്റി വെച്ചതുപോലെ.

മെമ്മോറിയൽ പുസ്തകത്തിൽ, ഹോളണ്ടിൽ നിന്ന് നാടുകടത്തപ്പെട്ട് നാസി കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലും മറ്റ് പീഢന കേന്ദ്രങ്ങളിലും വെച്ച് കൊല്ലപ്പെട്ട 103000 ൽ‌പ്പരം ജ്യൂതന്മാരുടെ പേരുകളുണ്ട്. ഒരു ജനതയെ ഉന്മൂലനം ചെയ്യാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയവർ കുട്ടികളെപ്പോലും ബാക്കി വെച്ചില്ല. യുദ്ധം, യുദ്ധമൊന്ന് മാത്രമാണ് ഒക്കെയും വരുത്തിവെച്ചത്. കഠിനഹൃദയനായ ഏതൊരു യുദ്ധക്കൊതിയൻ പോലും യുദ്ധത്തെ വെറുത്തുകൊണ്ടായിരിക്കും ആ കെട്ടിടത്തിൽ നിന്ന് വെളിയിൽ വരുക എന്നാണെനിക്ക് തോന്നിയത്. കൊല്ലാകൊല്ലം പതിനായിരക്കണക്കിന് ജനങ്ങളാണ് ആൻ ഫ്രാങ്കിന്റെ ഭവനത്തിലേക്ക് ചെന്നെത്തുന്നത്. 1960 മുതൽക്ക് ഇന്നുവരെ, 15 ലക്ഷത്തിലധികം പേർ സന്ദർശിച്ചെന്നാണ് കണക്കുകൾ. അതിൽ 90 % ജനങ്ങളും വിദേശികൾ തന്നെ. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോകമെമ്പാടും വായിക്കപ്പെടുകയും സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാകുന്നതുമൊക്കെയാണ് അവളുടെ വീട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ഓരോ കൊല്ലവും കൂടിക്കൂടിവരുന്നതിന്റെ പ്രധാന കാരണങ്ങൾ. 

സോവനീറായി എന്തെങ്കിലുമൊന്ന് വാങ്ങാതെ അവിടന്ന് മടങ്ങാനാവില്ലെന്ന് ഉറപ്പായിരുന്നു. 10 യൂറോ കൊടുത്ത് ആൻ ഫ്രാങ്കിന്റെ പുസ്തകം തന്നെ വാങ്ങി. അവളുടെ വീട്ടിൽ നിന്ന് വാങ്ങാനാവുന്ന ഏറ്റവും വലിയ ഓർമ്മവസ്തു അതുതന്നെയാണ്. കൂടെ സൌജന്യമായി കിട്ടിയ ബുക്ക് മാർക്കിൽ ‘കിറ്റി’യുടെ പടവും വീടിന്റെ പടവുമുണ്ട്. ഗസ്റ്റ് ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തി ഞങ്ങൾ ഒളിത്താവളത്തിന് വെളിയിൽ കടന്നു.

സോവനീർ പുസ്തകവും സൌജന്യ ബുക്ക് മാർക്കും.
ശരിക്കും ഇരുട്ട് പരന്നിരിക്കുന്നു. അത്രയ്ക്കൊന്നും പരിചയമില്ലാത്ത വഴികളിലൂടെ അത്താഴം കഴിക്കാൻ ഭോജനശാലകളിൽ ഒന്നിലേക്ക് നടക്കുമ്പോൾ കഴിഞ്ഞ ദിവസത്തേതുപോലെ പരിഭ്രമമൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. ഒരേ സമയം രണ്ട് വേദനകൾ ഉണ്ടെങ്കിൽ അതിലെ ഏറ്റവും വലിയ വേദന മാത്രമേ അനുഭവപ്പെടൂ എന്ന് കേട്ടിരിക്കുന്നത് എത്ര ശരിയാണ്. ആൻ ഫ്രാങ്കിനെപ്പറ്റിയുള്ള വേദന മറ്റെല്ലാം മറക്കാൻ പോന്ന വേദന തന്നെ. തലേന്ന് അത്താഴം കഴിച്ച തെരുവിൽ നിന്നുതന്നെ ഭക്ഷണം കഴിച്ചെന്ന് വരുത്തി ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. കലങ്ങിയ മനസ്സുമായാണ് ആ രാത്രി കടന്നുപോയത്.

2009 ജൂലായ് 11. ഇന്ന് നെതർലാൻ‌ഡ്‌സിലെ അവസാന ദിവസമാണ്. കാഴ്ച്ചകൾ ഒരുപാട് ബാക്കിയിട്ടുകൊണ്ടുള്ള മടക്കയാത്രയാണ്. എന്നാലും ഹോളണ്ടിൽ വന്നതിന്റെ പ്രധാന ഉദ്ദേശമായ ആൻ ഫ്രാങ്ക് ഭവനം കണ്ടിരിക്കുന്നു. തൽക്കാലം അതൊന്ന് മാത്രമായാലും യാത്രാലക്ഷ്യം സഫലമായിരിക്കുന്നു.

ഉച്ചവരെ സമയം ബാക്കിയുണ്ട്. തൊട്ടടുത്ത് തന്നെയാണ് ഡാം സ്ക്വയർ. കുറച്ച് തുറസ്സായ ഒരിടം, ചുറ്റും പ്രൌഢഗംഭീരമായ കെട്ടിടങ്ങൾ. ആംസ്റ്റർഡാം റോയൽ പാലസ്, കെമ്പൻസ്‌കി ഹോട്ടൽ, ഗോത്തിൿ ചർച്ച്,  മാഡം ടുസോട്ട് മ്യൂസിയം എന്നിങ്ങനെ ഒരുപാട് കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു ഡാം സ്ക്വയർ. ഇത്തരം സ്ഥലങ്ങളിൽ എവിടെയും കാണുന്നത് പോലെ നിറയെ പ്രാവുകൾ പറന്നു നടക്കുന്നു. പക്ഷികൾക്ക് തീറ്റകൊടുത്തും അല്ലാതെയുമൊക്കെയായി സഞ്ചാരികളും പൊതുജനങ്ങളുമൊക്കെ തടിച്ച് കൂടുന്ന ഒരിടമാണ് ഡാം സ്ക്വയർ. ഇക്കാരണങ്ങൾ ഒക്കെക്കൊണ്ടുതന്നെ പല പൊതുപരിപാടികളും ഇവിടെ വെച്ച് നടത്തപ്പെടുന്നു.

ഒബാമയാണ് മെഴുക് പ്രതിമകൾക്ക് പേരുകേട്ട ടുസോട്ട് മ്യൂസിയത്തിലെ പുതിയ ആകർഷണം. ലണ്ടനിലെ മാഡം ടുസോട്ട് മ്യൂസിയത്തിൽ കയറി സകലമാന ലോകനേതാക്കളേയും സെലിബ്രിറ്റികളേയും കണ്ടിട്ടുള്ളതുകൊണ്ട് ഇതിനകത്ത് കയറാൻ മിനക്കെട്ടില്ല, മാത്രമല്ല മ്യൂസിയം തുറന്നിട്ടുമില്ല. ചില്ലുകളിലൂടെ ഒബാമയേയും എബ്രഹാം ലിങ്കനേയും ജനിഫർ ലോപ്പസിനേയുമൊക്കെ നോക്കിക്കണ്ടു.

മാഡം ടുസോട്ട് മ്യൂസിയം - ഒരു കണ്ണാടിക്കാഴ്ച്ച.
ഡാം സ്ക്വയറിന്റെ ഒരു ഭാഗത്തായിട്ടാണ് ദേശീയ സ്മാരകം (National Monument) സ്ഥാപിച്ചിരിക്കുന്നത്. വെളുത്ത കല്ലിൽ തീർത്തിട്ടുള്ള ഒരു സ്തൂപമാണത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞവരുടെ ഓർമ്മയ്ക്കായി 1956ൽ ആണ് ഈ സ്മാരകം സ്ഥാപിച്ചത്. സ്തൂപത്തിന് അൽ‌പ്പം മാറി ഇരുവശത്തുമായി വലിയ രണ്ട് സിംഹപ്രതിമകൾ.

ഡാം സ്ക്വയർ. നടുക്ക് ദേശീയ സ്മാരകം.
1945 മെയ് 7ന്, ജർമ്മൻ പട ചില നിബന്ധനകളോടെ കീഴടങ്ങിയതിന് പിന്നാലെ, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ നടന്ന ഒരു വെടിവെപ്പിന്റെ ഒരു കറുത്ത ചരിത്രമുണ്ട് ഡാം സ്ക്വയറിന്. സ്വാതന്ത്ര്യം ആഘോഷിക്കാൻ തടിച്ചുകൂടി ആർപ്പുവിളിച്ചും ബഹളം വെച്ചും നൃത്തം ചവിട്ടിയുമൊക്കെ നിന്നിരുന്ന ആയിരക്കണക്കിന് ഡച്ച് ജനങ്ങൾക്ക് നേരെ ജർമ്മൻ നേവിയുടെ ചില പട്ടാളക്കാർ പ്രേരണയൊന്നും കൂടാതെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് നടത്തിയ പട്ടാളക്കാർ മദ്യപിച്ചിരുന്നു എന്നും, വെടിവെപ്പിന് തൊട്ട് മുന്നേ രണ്ട് ജർമ്മൻ പട്ടാളക്കാർ തെരുവിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെന്നും, അതാകാം വെടിവെപ്പിന് കാരണമെന്നും ഒക്കെ ഊഹാപോഹങ്ങളല്ലാതെ കൃത്യമായ കാരണമൊന്നും ഇന്നും ലഭ്യമല്ല. 22 ഓളം പേർ വെടിവെപ്പിൽ മരണമടയുകയും  119 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡാം സ്ക്വയറിലെ മാഡം ടുസോട്ട് മ്യൂസിയം.
റോയൽ പാലസും ഗോത്തിൿ ചർച്ചും.
ഡാം സ്ക്വയറിന്റെ ഒരു മൂലയ്ക്കായി അശ്വാരൂഢരായും സൈക്കിളിലുമൊക്കെയായി പൊലീസുകാർ നിലയുറപ്പിച്ചിട്ടുണ്ട്. അൽ‌പ്പം കൂടെ അടുത്തേക്ക് ചെന്ന്; ഞാൻ അവരുടെ ഒന്നുരണ്ട് ചിത്രങ്ങളെടുത്തു. ട്രാമുകളും കാറുകളും സൈക്കിളുകളുമൊക്കെയായി ഒരുപാട് വാഹനങ്ങൾ ഡാം സ്ക്വയറിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും എങ്ങും തിരക്കോ ട്രാഫിൿ ബ്ലോക്കോ ഉണ്ടാകുന്നതേയില്ല.

കുതിരപ്പുറത്തും സൈക്കിളിലുമായി പൊലീസുകാർ.
ഹോളണ്ടിലെ പ്രസിദ്ധയായ ഒരു മോഡൽ വനിതയാണെന്ന് തോന്നുന്നു, ഒരു വാനിൽ ക്യാമറാക്കാരുടേയും മേക്കപ്പ് സഹായികളുടെയുമൊക്കെ അകമ്പടിയോടെ വന്നിറങ്ങി. കാലിൽ നീളമുള്ള തുകൽച്ചെരുപ്പുകൾ അണിഞ്ഞുകഴിഞ്ഞപ്പോൾ അവരെ എല്ലാവരും ചേർന്ന് സിംഹപ്രതിമയുടെ മുകളിലേക്ക് പൊക്കിവെച്ചു. ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന സുന്ദരിയുടെ ചിത്രങ്ങൾ ക്യാമറയിലേക്ക് പകർത്താനായി ശരീരം വളച്ച് പുളച്ച് ക്യാമറാമാന്റെ കഷ്ടപ്പാട് തുടങ്ങി.

ഡാം സ്ക്വയാറിൽ ഒരു ഫോട്ടോ ഷൂട്ട്
രാവിലത്തെ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം ഏതെങ്കിലും കണ്ടുപിടിക്കാനായി ഞങ്ങൾ ഡാം സ്ക്വയറിൽ നിന്നും നടന്നു നീങ്ങി. സെൻ‌ട്രൻ സ്റ്റേഷനിലേക്ക് പോകുന്ന തെരുവിൽ സാമാന്യം വലിയൊരു ബേക്കറിയിൽ വൈവിദ്ധ്യമാർന്ന ബ്രഡ്ഡുകൾ നിരത്തിയിരിക്കുന്നു. ഇത്രയധികം വ്യത്യസ്ഥമായ ബ്രെഡ്ഡുകളോ ? പ്രാതൽ, ബ്രെഡ്ഡിലും ജ്യൂസിലും ഒതുങ്ങി. കാണാൻ നല്ല ഭംഗി എന്നതുപോലെ തന്നെ രുചികരമായിരുന്നു ആ ബ്രെഡ്ഡുകൾ.

വിവിധതരം ബ്രഡുകൾ.
തൊട്ടടുത്ത് കണ്ട ഗിഫ്റ്റ് ഷോപ്പിൽ നിന്ന് നേഹയ്ക്ക് വേണ്ടി ചെറിയ സമ്മാനം ഒരെണ്ണം വാങ്ങിയപ്പോൾ അത് ടുളിപ്പ് പുഷ്പങ്ങളുടെ ആകൃതിയിലുള്ളത് തന്നെയാകാൻ ശ്രദ്ധിച്ചു. നെതർലാൻ‌ഡ്സിലെ പ്രധാന ആകർഷണമാണ് ടുളിപ്പ് പാടങ്ങൾ. എത്രയോ സിനിമകളിലും പോസ്റ്ററുകളിലുമായി കൊതിപ്പിച്ചിട്ടുണ്ട് കാർപ്പറ്റ് വിരിച്ചത് പോലെ പൂത്ത് നിൽക്കുന്ന ടുളിപ്പ് പൂക്കൾ. സീസൺ കഴിഞ്ഞതുകൊണ്ട് അത്തരമൊരു പൂന്തോട്ടം കാണാൻ ഞങ്ങൾക്കായില്ല. നഷ്ടപ്പെട്ട കാഴ്ച്ചകളുടെ കൂട്ടത്തിൽ മരം കൊണ്ടുള്ള ചെരുപ്പ് ഉണ്ടാക്കുന്ന ഫാൿടറികളിലേക്കുള്ള സന്ദർശനവും Madurodam ലുള്ള മിനിയേച്ചർ നഗരവുമൊക്കെ പെടും. 1:25 എന്ന അനുപാതത്തിൽ ഹോളണ്ടിലെ പ്രമുഖ കെട്ടിടങ്ങളും സ്ഥലങ്ങളുമൊക്കെ ഉണ്ടാക്കിവെച്ചിരിക്കുന്നത് അവിടെയാണ്. ഹോളണ്ടിലേക്ക് ഒന്നോ അതിലധികമോ പ്രാവശ്യം വീണ്ടും വരാനുള്ള കാരണങ്ങൾ ഞാനിപ്പോഴേ കണ്ടുവെച്ചിട്ടുണ്ട്.

അൽ‌പ്പം കൂടെ മുന്നോട്ട് നടന്നപ്പോൾ കണ്ടത് ‘സെക്സ് മ്യൂസിയം‘ എന്ന ബോർഡ്. ധൈര്യമില്ലാതെ പോയതുകൊണ്ട് റെഡ് ഡിസ്‌ട്രിൿറ്റിലെ കാഴ്ച്ചകൾ ഒന്നും തന്നെ ഇന്നലെ തരമായില്ലല്ലോ. എന്നാൽ‌പ്പിന്നെ സെക്സ് മ്യൂസിയത്തിലെങ്കിലും കയറി സമാധാനിക്കാം എന്ന ചിന്തയിൽ, 3 യൂറോയുടെ ടിക്കറ്റെടുത്ത് അകത്തേക്ക് കടന്നു. റെഡ് ഡിസ്‌ട്രിൿറ്റ് തെരുവിന്റെ ഒരു മാതൃക തന്നെ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാം യന്ത്രസഹായത്താൽ അനങ്ങുന്ന ആണിന്റേയും പെണ്ണിന്റേയുമൊക്കെ പാവകളാണ്. നിനച്ചിരിക്കാതെ അവറ്റകൾ വസ്ത്രങ്ങൾ ഉരിഞ്ഞ് കാണിക്കുന്നു, വികൃതശബ്ദങ്ങൾ ഉണ്ടാക്കുന്നു. കുറേക്കൂടെ ക്ലാസ്സിൿ ആയിട്ടുള്ളത് എന്തോ പ്രദർശിപ്പിക്കുമെന്നാണ് കരുതിയത് എന്ന് മുഴങ്ങോടിക്കാരിയുടെ പരാതി.

സെക്സ് മ്യൂസിയത്തിന്റെ കവാടം.
വാത്സ്യായനന്റേയും ചൈനീസ് കാമസൂത്രത്തിൽ നിന്നുമൊക്കെയുള്ള രംഗങ്ങൾ, ലൈംഗികാവയവങ്ങളുടെ ഭീമാകാരമായ രൂപങ്ങൾ, പരമശിവന് ശാപമേറ്റപ്പോൾ മേലാസകലം ലിംഗങ്ങൾ മുളച്ചുവന്ന കഥയെ അനുസ്മരിപ്പിക്കുന്ന ലിംഗങ്ങൾ കൊണ്ട് മാത്രം ഉണ്ടാക്കിയ പാത്രങ്ങൾ, ടെലിഫോൺ സെക്സിന്റെ മാതൃകകൾ, എന്നിങ്ങനെ ഒരുപാടുണ്ട് സെക്സ് മ്യൂസിയത്തിനകത്തെ കാഴ്‌ച്ചകൾ. ഒരു വാതിലിന്റെ വശങ്ങളിലായി വെച്ചിരിക്കുന്നത് ഒരാൾപ്പൊക്കത്തിലുള്ള രണ്ട് ലിംഗങ്ങളാണ്. സെക്സ് എന്ന് പറഞ്ഞാൽ, മർലിൻ മൺ‌റോയെ ഒഴിവാക്കാൻ പറ്റില്ല എന്ന് എല്ലാവർക്കും എന്തോ നിർബന്ധമുള്ളത് പോലെ. ഉടുപ്പ് പാറിപ്പറക്കുമ്പോൾ താഴേക്ക് പിടിച്ചിടുന്ന മൺ‌റോയുടെ ക്ലാസിക്ക് പ്രതിമ ഇതിനകത്തുമുണ്ട്.

മ്യൂസിയത്തിനകത്ത് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു അർദ്ധനഗ്നരൂപം ഹോളണ്ടിൽ ജനിച്ച Margareta Geertruida Zelle എന്ന മാതാ ഹരിയുടേതാണ്.  നഗ്നനൃത്തം അല്ലെങ്കിൽ ട്രിപ്പ് റ്റീസ് (Strip Tease) പബ്ലിക്കായിട്ട് ചെയ്ത ആദ്യത്തെ സ്ത്രീ മാതാ ഹരിയാണെന്നാണ് കരുതപ്പെടുന്നത്. താനൊരു ഇന്ത്യക്കാരിയാണെന്ന് പ്രചരിപ്പിച്ചും മാതാ ഹരി ജീവിച്ചുപോന്നിട്ടുണ്ട്.

മ്യൂസിയത്തിനകത്തെ മാതാ ഹരി.
യൂണിഫോമിനോടും യൂണിഫോം അണിഞ്ഞ ഉദ്യോഗസ്ഥരോടും മാതാ ഹരിക്ക് വലിയ അഭിനിവേശമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് മുന്നുള്ള കുറച്ച് കാലം ജർമ്മനിയിൽ ചിലവഴിച്ച മാതാ ഹരി ജർമ്മൻ ചാരവനിത ആണെന്ന് ഫ്രാൻസും ബ്രിട്ടണും സംശയിച്ചു. ഫ്രാൻസിന് വേണ്ടിയും മാതാ ഹരി ചാരപ്രവർത്തനം നടത്തിയിട്ടുണ്ട്. പിന്നീട് മാതാ ഹരി, ജർമ്മൻ ഡബിൾ ഏജന്റ് ആയി കണക്കാക്കപ്പെട്ടു. എന്തായാലും 41 കൊല്ലം മാത്രമാണ്, യൂറോപ്പിലെ ഒട്ടനേകം സമ്പന്നന്മാരുടേടേയും സൈനിക ഉദ്യോഗസ്ഥന്മാരുടേയും കിടക്കറ പങ്കിട്ട മാതാ ഹരിക്ക് ആയുസ്സുണ്ടായിരുന്നത്. 1917 ഒൿടോബർ 15ന് ചാരപ്രവർത്തനങ്ങളുടെ പേരിൽ മാതാഹരിയെ വെടിവെച്ച് കൊല്ലുകയാണുണ്ടായത്. വെടിയുതിർക്കപ്പെടുമ്പോൾ കണ്ണുകൾ അടച്ചുകെട്ടാൻ ധീരയായ മാതാ ഹരി കൂട്ടാക്കിയില്ല; അർദ്ധനഗ്നയായിത്തന്നെ തോക്കുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുകയും ചെയ്തു.

മ്യൂസിയത്തിനകത്തെ ചുവന്ന ജില്ലയുടെ കവാടം.
ഉച്ചയ്ക്ക് 2 മണിക്ക് ലന്തക്കാരോട് വിടപറഞ്ഞ് പറന്ന് പൊങ്ങാനുള്ളതാണ്. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യാനുള്ള സമയമാകുന്നു. ആംസ്റ്റർഡാമിൽ 6 % സിറ്റി ടാക്സ് കൂടെ നൽകണമത്രേ ! ആ വകയിൽ 6 യൂറോ പ്രതീക്ഷിക്കാത്ത ചിലവായി. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് സെൻ‌ട്രൽ സ്റ്റേഷനിലേക്ക് നടന്നു. 2 മിനിറ്റിനകം തീവണ്ടിയിൽ കയറിപ്പറ്റുകയും ചെയ്തു.  ഉച്ചഭക്ഷണമായി പൈയും ഹൈനിക്കൻ ബിയറും തീവണ്ടിയിലിരുന്ന് തന്നെ അകത്താക്കി.

മ്യൂസിയത്തിനകത്തെ ചുവന്ന ജില്ലയിൽ.
അധികം തിരക്കൊന്നുമില്ലാത്ത വിമാനത്താവളം. അകത്തെ ചുമർച്ചില്ലുകളിൽ ചെയ്തിരിക്കുന്ന പെയിന്റിങ്ങുകൾ അതിമനോഹരമാണ്. നീളമുള്ള എസ്ക്കലേറ്റർ ബെൽറ്റിലൂടെ അതിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാം.

ആംസ്റ്റർഡാം എയർപ്പോർട്ടിലെ ഗ്ലാസ് പെയിന്റിങ്ങുകൾ.
കിഴക്കിന്റെ വെനീസായ ആലപ്പുഴയാണല്ലോ നമ്മൾ മലയാളികൾക്ക് ഏറ്റവും പരിചയമുള്ള ഒരു സ്ഥലം. ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ സാക്ഷാൽ പടിഞ്ഞാറൻ വെനീസ് തന്നെയാണ്. വെനീസിനെക്കുറിച്ചുള്ള ചിന്തകൾക്കാണോ, അതോ കാര്യമായിട്ടൊന്നും കണ്ടുതീർക്കാത്ത നെതർലാൻഡ്‌സിനെക്കുറിച്ചുമുള്ള ചിന്തകൾക്കാണോ ഊന്നൽ നൽകേണ്ടതെന്ന കാര്യത്തിൽ അൽ‌പ്പം പോലും സംശയമില്ല.

കാരണം, അതിനേക്കാൾ വലിയൊരു പ്രശ്നം പൊന്തിവന്നിരിക്കുന്നു. നല്ല ഒന്നാന്തരം കാല് വേദന. അഞ്ച് ദിവസമായി യാത്ര തുടങ്ങിയിട്ട്. പോരാത്തതിന്, കഴിഞ്ഞ രണ്ട് ദിവസമായി ആംസ്റ്റർഡാം തെരുവുകളിലൂടെ തെണ്ടി നടന്നതിന് കൈയ്യും കണക്കുമില്ല.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


* - ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ. (Courtesy - Google)

Thursday 19 January 2012

വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും.

---------------------------------------------------
നാനൂറിലധികം വർഷത്തെ വജ്രവ്യാപാര ചരിത്രമുണ്ട് ആംസ്റ്റർഡാമിന് എന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. സൌത്ത് യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങളിൽ നിന്ന് ജ്യൂതന്മാർ തുരത്തപ്പെട്ടുകൊണ്ടിരുന്ന കാലത്ത് അവർ വന്ന് തമ്പടിച്ചത് ആംസ്റ്റർഡാമിലാണ്. പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ വളർച്ചയോടെ ഉന്നമനത്തിനുള്ള അവസരങ്ങൾ ജ്യൂതന്മാർക്കും കിട്ടിത്തുടങ്ങി. അക്കാലത്ത് ഡയമണ്ട് മിനുക്കലാണ് ജ്യൂതന്മാർക്ക് അനുവദിച്ച് കിട്ടിയിരുന്ന ചുരുക്കം ചില ജോലികളിൽ ഒന്ന്. ഡയമണ്ട് പോളിഷിങ്ങിന്റെ ആഗോള തലസ്ഥാനമായി തുടരേണ്ടതായിരുന്നു ഈ നഗരം. പക്ഷെ, 1930കളിൽ യൂറോപ്പിൽ ഉണ്ടായ മാന്ദ്യം കാരണം, ജോലി തേടി ആന്റ്‌വെർപ് (Antwerp) പോലുള്ള നഗരങ്ങളിലേക്ക് ഡയമണ്ട് തൊഴിലാളികൾ ചേക്കേറി. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ബാക്കിയുണ്ടായിരുന്ന ജ്യൂതന്മാരെക്കൂടെ നാസികൾ നാടുകടത്തുകയും പിന്നീട് വകവരുത്തുകയും ചെയ്തതോടെ ആംസ്റ്റർഡാമിന്റെ ഡയമണ്ട് പ്രതാപം മറ്റ് രാജ്യങ്ങൾ കൂടെ പങ്കിട്ടു. എന്നിരുന്നാലും, ഇന്നും ന്യൂയോർക്ക്, ലണ്ടൻ, ആന്റ്‌വെർപ്, ജോഹാന്നസ്‌ബർഗ് എന്നീ നഗരങ്ങൾക്കൊപ്പം വജ്രവ്യാപാരത്തിൽ ആംസ്റ്റർഡാമും മുന്നിട്ട് നിൽക്കുന്നു.

ഗാസൺ ഡയമണ്ട് ഫാൿടറി ആംസ്റ്റർഡാമിലെ നിരവധി ഡയമണ്ട് കമ്പനികളിൽ ഒന്ന് മാത്രം. കോസ്റ്റർ ഡയമണ്ട് എന്ന കമ്പനി നടത്തിക്കൊണ്ട് പോകുന്ന ഡയമണ്ട് മ്യൂസിയം അത്തരത്തിൽ പ്രസിദ്ധമായ ഒരിടമാണ്.

ഗാസൺ ഡയമണ്ട് കെട്ടിടം.
ഞങ്ങൾ ചെന്നുകയറുമ്പോൾ ഗാസൺ ഡയമണ്ടിൽ മറ്റ് സന്ദർശകരെ ആരെയും കണ്ടതേയില്ല. 1879 ൽ ഉണ്ടാക്കിയ കെട്ടിടമാണത്. മുന്നിൽ ഓട്ടുകമ്പനികളിലേത് പോലെ വളരെ ഉയരമുള്ള ചിമ്മിനി. മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു ആ പഴയ കെട്ടിടം. ആഗമനോദ്ദേശം റിസപ്ഷനിൽ പറഞ്ഞു. അധികം താമസിയാതെ ഉറുഗ്വേക്കാരനായ അലജാണ്ട്രോ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

വജ്രങ്ങൾ മിനുക്കിക്കൊണ്ടിരിക്കുന്ന ഒരു ജോലിക്കാരൻ.
ഫാൿറ്ററിയുടെ ഓരോ ഭാഗങ്ങളിലായി നടക്കുന്ന വിവിധതരം ജോലികൾ അദ്ദേഹം വിവരിച്ചുതന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് കല്ലുകൾ ചീകിമിനുക്കിക്കൊണ്ടിരിക്കുന്ന കുറച്ച് ജോലിക്കാരെ മാത്രമേ അകത്ത് കണ്ടുള്ളൂ. മൊത്തത്തിൽ നിശബ്ദമായ അന്തരീക്ഷമാണ്. ക്യാമറക്കണ്ണുകൾ സന്ദർശകരുടെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കുന്നുണ്ടെന്ന് നിശ്ചയം. ഒരു വശത്തായി വിശാലമായ ഷോ റൂം. ഐശ്വര്യാ റായിയുടെ പരസ്യ ചിത്രങ്ങൾ അതിന്റെ ചില ചുമരുകളെ അലങ്കരിക്കുന്നുണ്ട്. ‘ഷോ റൂമിലേക്ക് വരേണ്ടത് അവസാനമാണ്, അതിന് മുന്നേ ഡയമണ്ടിനെപ്പറ്റി ഒരുപാട് പഠിക്കാനുണ്ട് ‘എന്ന് പറഞ്ഞ് അലജാണ്ട്രോ ഞങ്ങളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. ഷോ റൂമിലേക്ക് തിരികെ വരാതെ കെട്ടിടത്തിന് പുറത്ത് കടക്കാനുള്ള വാതിലുകൾക്കായി എന്റെ കണ്ണുകൾ പരതി നടന്നു.

ഡയമണ്ട് ചെത്തി മിനുക്കൽ പ്രക്രിയ.
പഠിക്കാനുണ്ടെന്ന് പറഞ്ഞത് തമാശയ്ക്കല്ല എന്ന് അദ്ദേഹം നടത്തുന്ന ഒരുക്കൾ കണ്ടപ്പോൾ ബോദ്ധ്യമായി. മേശപ്പുറത്തുള്ള കടലാസുകളും സാമഗ്രികളുമെല്ലാം എടുത്തുമാറ്റി. സാമാന്യം വലിയൊരു വെളുത്ത പേപ്പർ മേശപ്പുറത്ത് വിരിച്ചു, ഹോർലിക്സ് കുപ്പി പോലുള്ള ഒന്നുരണ്ടെണ്ണം മേശ വലിപ്പിൽ നിന്ന് വെളിയിൽ വന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഡയമണ്ടുകളാണ് അതിനകത്ത്. കൊടിലുപയോഗിച്ച് അവയെല്ലാം വെളിയിലെടുക്കുകയും ഓരോന്നിന്റേയും പ്രത്യേകതകൾ വിവരിക്കുകയും ചെയ്തു.

ഒരു ഡയമണ്ട് പാഠം ഇവിടെ തുടങ്ങുന്നു.
വെളുത്ത കടലാസിൽ ഗ്രാഫുകളും കണക്കുകളും വരയ്ക്കപ്പെട്ടു. കാരറ്റ്, കളർ, ക്ലാരിറ്റി, കട്ട്, എന്നിങ്ങനെ ഡയമണ്ടിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ഓരോന്നും വിശദീകരിക്കപ്പെട്ടു. ഹോർലിക്സ് കുപ്പിയിലെ വജ്രങ്ങൾക്ക് പുറമേ ആഭരണങ്ങളാക്കി മാറ്റിയ നിരവധി കല്ലുകളും മേശപ്പുറത്ത് നിരന്നു. കല്ലുകളിൽ തൊട്ട് നോക്കാനും മോതിരം പോലുള്ള ആഭരണങ്ങൾ അണിഞ്ഞ് നോക്കാനും ഞങ്ങൾക്ക് അനുവാദം തന്നു.

1 കാരറ്റ് എന്നാൽ 0.2 ഗ്രാം ആണെന്ന് മാത്രം മനസ്സിലാക്കാനുള്ള മാനസ്സികാവസ്ഥയേ എനിക്കുണ്ടായിരുന്നുള്ളൂ. മുഴങ്ങോടിക്കാരി കൂടുതൽ കൂടുതൽ സംശയങ്ങൾ അലജാണ്ട്രോയോട് ചോദിച്ചുകൊണ്ടിരുന്നു. മേശപ്പുറത്ത് വിരിച്ചിരുന്ന വെള്ളക്കടലാസുകളിൽ വിശദീകരണങ്ങൾ കൂടിക്കൂടി വന്നപ്പോൾ അതേ അനുപാതത്തിൽ എന്റെ ചങ്കിടിപ്പും വർദ്ധിച്ചു വന്നു.

പാഠങ്ങൾക്ക് ശേഷം നിറഞ്ഞ ചിരിയുമായി ‘അലജാണ്ട്രോ‘
ഇത്രയും സമയം ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ടായിരുന്നു. വളരെ കൃത്യമായും വ്യക്തമായും തന്റെ ജോലി ചെയ്യുക മാത്രമാണ് അലജാണ്ട്രോ ചെയ്യുന്നത്. അരമണിക്കൂറിലധികം സമയം ഡയമണ്ടിനെപ്പറ്റി പഠിപ്പിക്കാൻ ചിലവഴിച്ചശേഷം ഒരു കല്ലെങ്കിലും വാങ്ങണമെന്ന് രീതിയിൽ വിൽ‌പ്പന തന്ത്രങ്ങളൊന്നും അദ്ദേഹം പുറത്തെടുക്കുന്നില്ല. “രത്നങ്ങളോ വജ്രങ്ങളോ വാങ്ങാൻ പോകുന്ന ഒരാൾ അറിഞ്ഞിരിക്കേണ്ട സാമാന്യവിവരങ്ങൾ എല്ലാം ഞാൻ പകർന്നുതന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് കൂടുതൽ വജ്രങ്ങൾ കാണാം, വേണമെന്നുണ്ടെങ്കിൽ അതിൽ ചിലത് വാങ്ങിയിട്ട് പോകാം, അതാണ് ഷോ റൂമിലേക്കുള്ള വഴി, ശുഭദിനം.“ എന്ന് പറഞ്ഞ് ഞങ്ങളെ യാത്രയാക്കി അലജാണ്ട്രോ എതിർദിശയിലേക്ക് നടന്നു നീങ്ങി.

ഗാസൺ ഡയമണ്ട് ഷോ റൂമിന്റെ ഉൾവശം.
ദൃഢതയാർന്ന കാർബൺ അധവാ കരിക്കട്ടകൾ, അതാണല്ലോ ഡയമണ്ട് !! അതിനെ രാകിരാകി കൃത്യതയാർന്ന മുഖങ്ങൾ ഉണ്ടാക്കിയെടുത്ത്, ആ മുഖങ്ങളിൽ പ്രകാശം വീണ് മറ്റനേകം വശങ്ങളിലേക്ക് പ്രതിഫലിച്ച് തിളങ്ങാൻ പാകത്തിന് മാറ്റിയെടുക്കുമ്പോൾ ലക്ഷങ്ങളോ കോടികളോ തന്നെ വിലമതിക്കുന്ന ഡയമണ്ട് ഉൽ‌പ്പന്നങ്ങളായി മാറുന്നു. 121 മുഖങ്ങൾ വരെ ചെത്തിയെടുത്തിട്ടുള്ള വജ്രങ്ങൾ ഗാസൺ ഡയമണ്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

വിലപിടിച്ച വജ്രങ്ങളിൽ ചിലത്
ഡയമണ്ടുകൾ എപ്പോൾ എവിടെ കണ്ടാലും ‘ബ്ലഡ് ഡയമണ്ട് ‘എന്ന ഹോളീവുഡ് സിനിമയാണ് ഓർമ്മയിലേക്ക് ഓടിവരുക. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡയമണ്ടിന്റെ പിന്നിൽ, അല്ലെങ്കിൽ ഡയമണ്ടിനായി ചൊരിയപ്പെടുന്ന ചോരയുടെ കഥയാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഖനനത്തിനായി ബലമായി പിടിച്ച് കൊണ്ടുപോകുന്ന കുട്ടികൾ, കൈകൾ മുറിച്ച് മാറ്റപ്പെടുന്ന കുട്ടികൾ, മറ്റ് ക്രൂരതകൾ അനുഭവിക്കേണ്ടി വരുന്ന തൊഴിലാളികൾ, എന്നിങ്ങനെ സിനിമയിൽ കാണിക്കുന്ന പല രംഗങ്ങളും യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണെന്നാണ് മനസ്സിലാക്കാനായത്. ഡയമണ്ട് വാങ്ങാൻ പോകുന്ന ഒരാൾക്ക് തിളങ്ങുന്ന ആ കല്ലിൽ രക്തക്കറ പുരണ്ടിട്ടില്ലെന്ന് ഉറപ്പ് വരുത്താനുള്ള സർട്ടിഫിക്കറ്റുകൾ എന്തെങ്കിലും കമ്പനിക്കാരൻ നൽകുന്നുണ്ടോ ആവോ ?

വജ്രങ്ങൾക്ക് പിന്നിലെ ചോരയുടെ കഥ.
സ്വർണ്ണത്തിനോട് വലിയ പ്രതിപത്തി ഇല്ലാത്ത ആളാണെങ്കിലും കല്ലുകളോട് കാര്യമായ താൽ‌പ്പര്യമുള്ള കക്ഷിയാണ് മുഴങ്ങോടിക്കാരിയെന്ന് എനിക്കറിയാം. പക്ഷെ യാത്രയ്ക്കിടയിൽ അങ്ങനെയൊരു വിലപിടിച്ച ഷോപ്പിങ്ങ് നടത്താനുള്ള താൽ‌പ്പര്യമില്ലത്രേ! ഡച്ച് പരമ്പര ദൈവങ്ങൾ കാത്തു. എന്നിരുന്നാലും സോവനീർ എന്ന നിലയ്ക്ക് അധികം വിലയൊന്നും ഇല്ലാത്ത ചെറിയൊരു കടുക്കൻ വാങ്ങിയിട്ട് തന്നെയാണ് ഗാസൺ ഡയമണ്ടിനോട് ഞങ്ങൾ വിടപറഞ്ഞത്.

ലോകപ്രശസ്ത വജ്രങ്ങൾ.
ഫാൿറ്ററിയിലെ സൌജന്യ കഫ്‌റ്റീരിയയിൽ ഫാൿറ്ററിക്കകത്തോ ഷോ റൂമിനകത്തോ കാണാത്ത അത്രയും ജനങ്ങളുണ്ട്. ഗാസൺ ഡയമണ്ട് ഫാൿറ്ററിക്ക് പിന്നിൽത്തന്നെയാണ് കനാൽ ബസ്സിന്റെ ജട്ടി. പക്ഷെ റൂട്ട് മാപ്പ് പ്രകാരം സെൻ‌ട്രൽ സ്റ്റേഷനിലേക്ക് നടന്ന് പോകാവുന്നതേയുള്ളൂ. ഞങ്ങൾ റോഡുകളിലൂടെ തന്നെ സെൻ‌ട്രലിലേക്ക് തിരിച്ചു. അവിടന്ന് വാൻ ഗോഗ് മ്യൂസിയത്തിലേക്ക് പോകാനുള്ള കനാൽ ബസ്സ് പിടിക്കുകയാണ് ലക്ഷ്യം. ഈ നടത്തത്തിന് ഇടയ്ക്ക് ഒരു സംഭവമുണ്ടായി.

പകൽ വെളിച്ചത്തിൽ ആയതുകൊണ്ട് ആശങ്കകളൊന്നുമില്ലാതെയാണ് തെരുവുകളിലൂടെയുള്ള നടത്തം. പെട്ടെന്ന്, ഒരു തെരുവിന്റെ മൂലയിലുള്ള ആദ്യകെട്ടിടത്തിന്റെ താഴത്തെ നിലയിൽ എന്റെ ശ്രദ്ധപതിഞ്ഞു. ചില്ലുകളിട്ട ഒരു വാതിലും രണ്ട് ജനലുകളുമാണ് അവിടെയുള്ളത്. അൽ‌പ്പവസ്ത്രധാരികളായ രണ്ട് സ്ത്രീരൂപങ്ങൾ ജനാലകൾക്ക് പിന്നിലായി നിലയുറപ്പിച്ചിരിക്കുന്നു. അതിൽ ഒരുവൾ എന്നെ മാടിവിളിച്ചു. രണ്ടാമത്തവൾ പിൻതിരിഞ്ഞ് നിൽക്കുകയാണ്. വാതിൽ തുറന്ന് ഒരു പുരുഷരൂപം വെളിയിലേക്ക് വന്ന്, ചുമരിൽ ചാരിനിന്ന് ഒരു സിഗററ്റിന് തീ കൊളുത്തി. കഷ്ടി പത്ത് മീറ്റർ അകലെയായി എനിക്ക് മുന്നിൽ കാണുന്നത് ഏതോ ഒരു ‘മാംസവിൽ‌പ്പനശാല‘ തന്നെ. സാധാരണ നിലയ്ക്ക് രാത്രി കാലങ്ങളിലാണ് ചുവന്ന തെരുവുകൾ ജനനിബിഢമാകുന്നതും കച്ചവടം പൊടിപൊടിക്കുന്നതും. ഇത് നേരത്തെ കാലത്തേ തുറന്ന ഏതോ സ്ഥാപനമാകാം. കനാൽ ബസ്സ് പിടിക്കാനായി മുന്നിൽ ആഞ്ഞ് നടക്കുന്ന മുഴങ്ങോടിക്കാരിക്ക് ആ കാഴ്ച്ച നഷ്ടപ്പെട്ടു. പിന്നിലേക്ക് ചെന്ന് ഒന്നുകൂടെ നോക്കാമെന്നുള്ള നല്ലപാതിയുടെ ആഗ്രഹം ഞാൻ നിരാകരിച്ചു. തിരിച്ച് ചെന്നാൽ അവരുടെ ബിസിനസ്സിൽ താൽ‌പ്പര്യം ഉണ്ടായിട്ട് ചെന്നതാണെന്ന് കരുതിയാൽ ആകെ കുഴയും.

ചുവന്ന തെരുവുകളെപ്പറ്റി അത്യാവശ്യം മനസ്സിലാക്കിയിട്ട് തന്നെയാണ് ഞാൻ ആംസ്റ്റർഡാമിലേക്ക് വണ്ടി കയറിയത്. ലോക ലൈംഗിക തലസ്ഥാനമായ ആംസ്റ്റർഡാമിൽ നടക്കാത്തതും നടത്താനാവാത്തതുമായ ലൈംഗിക വൈകൃതങ്ങൾ ഒന്നും തന്നെയില്ല. ആണിനും പെണ്ണിനും സ്വവർഗ്ഗക്കാർക്കുമൊക്കെ വെവ്വേറെ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പോരാത്തതിന് മയക്കുമരുന്നുകളും അതിനെയൊക്കെ ചുറ്റിപ്പറ്റി നിൽക്കുന്ന ക്രിമിനൽ ലോകവും. ടൂറിസം എന്നതുപോലെ സെക്സ് ടൂറിസവും ആംസ്റ്റർഡാമിന്റെ പ്രധാന വരുമാന മാർഗ്ഗമാണ്. ആംസ്റ്റർഡാമിൽ വ്യഭിചാരം നിയമ വിധേയമാണ്. തെരുവിൽ ഇറങ്ങിനിന്ന് കച്ചവടം നടത്തരുതെന്ന് മാത്രം. 20,000ൽ‌പ്പരം ലൈംഗികത്തൊഴിലാളികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ഇടപാടുകാരേയും കാത്ത് ഈ കൊച്ചുപ്രദേശത്ത് കഴിയുന്നു. 40 ലക്ഷത്തോളം ജനങ്ങളാണ് വർഷാവർഷം ഇവിടത്തെ ചുവന്ന തെരുവിൽ എത്തുന്നതെന്നാണ് കണക്കുകൾ. ഇടപാടുകാരെപ്പോലെ തന്നെ ലൈംഗികത്തൊഴിലാളികൾക്കും പൊതുവെ സുരക്ഷിതമായ ഇടമായാണ് ഇവിടത്തെ ചുവന്ന തെരുവിനെ (റെഡ് ഡിസ്‌ട്രിൿറ്റ്) കണക്കാക്കപ്പെടുന്നത്. ഇക്കാരണത്താലാകണം ആംസ്റ്റർഡാമിലെ ബ്രോത്തലുകളിലും ബാറുകളിലും ഡിസ്കോത്തിക്കുകളിലുമൊക്കെ ജോലി ചെയ്ത് ജീവിക്കുന്ന വിദേശീയരായ പെൺകുട്ടികൾ നിരവധിയാണ്.

ഈ വിഷയത്തിൽ താൽ‌പ്പര്യമുള്ളവർക്ക് എന്തായാലും ആ തെരുവുകളിലേക്ക് ചെന്നല്ലേ പറ്റൂ. അതുകൊണ്ടുതന്നെ, അതിന്റെ വരും വരായ്‌കകൾ അനുഭവിക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. പരിചയമില്ലാത്ത ഒരു രാജ്യത്ത് ചെന്ന് ഇത്തരം കുഴപ്പങ്ങളിൽ ഒന്നും പെടാൻ താൽ‌പ്പര്യം ഇല്ലാത്തവർക്ക്, കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ നടന്ന് നീങ്ങാം; ആരും നിർബന്ധിക്കാനോ ശല്യപ്പെടുത്താനോ വരില്ല. പക്ഷെ ഇതൊക്കെ അനുഭവിക്കാനാണെന്ന വ്യാജേന ചെന്ന് കയറിയിട്ട് എല്ലാം കണ്ടും കേട്ടും മനസ്സിലാക്കി, അവരെ ഇളിഭ്യരാക്കി മടങ്ങാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവിടെ അപകടം പതിയിരിക്കുന്നു. അങ്ങനെ ആർക്കെങ്കിലും, ഈ തെരുവുകളിലൂടെയും ഇവിടെ നടക്കുന്ന ലൈംഗിക വൈകൃത/വ്യാപാരത്തിന്റെയൊക്കെ പിന്നാമ്പുറത്തുകൂടെ സഞ്ചരിക്കണമെന്നുണ്ടെങ്കിൽ അതിനുള്ള സൌകര്യവും ആംസ്റ്റർഡാം ടൂറിസം നൽകുന്നുണ്ട്. സെക്സ് ടൂർ എന്ന പെരിൽ ഗൈഡിനൊപ്പം തന്നെ ഇതുവഴിയെല്ലാം സഞ്ചരിക്കാം, പ്രോസ്റ്റിസ്റ്റ്യൂഷൻ ഇൻ‌ഫർമേഷൻ കേന്ദ്രത്തിൽ ചെന്ന് ഈ വ്യവസായത്തിനെപ്പറ്റി ഒരാൾക്കുള്ള എല്ലാ സംശയങ്ങളും ദുരീകരിക്കാം, ചില ‘തൊഴിലാളി‘കളുമായെങ്കിലും നേരിട്ട് സംവദിക്കാം.

കുടുംബത്തോടൊപ്പം അങ്ങനെയൊരു ടൂർ നടത്താനുള്ള ധൈര്യം ഇല്ലായിരുന്നതുകൊണ്ട് ആദ്യമേ തന്നെ അത് യാത്രാപദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിനിമാ താരങ്ങളായ ജയറാമും പാർവ്വതിയും ചേർന്ന് സധൈര്യം നടത്തിയ ഇത്തരം ഒരു ടൂറിനെപ്പറ്റി ഒരു അഭിമുഖത്തിൽ വായിച്ചതോർമ്മയിലുണ്ടായിരുന്നു. തെരുവിൽ മൈക്ക് വെച്ച് അനൌൺസ്‌മെന്റും ബഹളവുമൊക്കെ നടക്കുന്നുണ്ട്. പെട്ടെന്ന് മൈക്കിലൂടെ മലയാളത്തിൽ ഒരു ചോദ്യം വന്നു. “അല്ലാ ഇതാര് ജയറാമും പാർവ്വതിയുമോ ? നിങ്ങളെന്താ ഈ വഴിക്ക് ? “ ഞെട്ടിത്തരിച്ചുനിന്ന സിനിമാ താരങ്ങൾ ജീവനും കൊണ്ട് ഓടി മറയുകയായിരുന്നത്രേ!

സെന്റ്രൽ സ്റ്റേഷനിൽ നിന്ന് കനാൽ ബസ്സിന്റെ പച്ച റൂട്ടിൽ കയറിയപ്പോൾ ലക്ഷ്യം വാൻ‌ഗോഗ് മ്യൂസിയമായിരുന്നു. അതിന് തൊട്ടടുത്ത് തന്നെയാണ് ഡച്ച് ദേശീയ മ്യൂസിയമായ Rijks. പക്ഷെ ഏതിലെങ്കിലും ഒന്നിൽ കയറാനുള്ള സമയമേ ഞങ്ങൾക്കുള്ളൂ. Rijks ലെ കാഴ്ച്ചകൾ കണ്ടുതീർക്കാൻ ഒരു ദിവസമെങ്കിലും എടുക്കും എന്നുള്ളതുകൊണ്ട് വെളിയിൽ നിന്ന് ചില ചിത്രങ്ങൾ മാത്രം എടുത്ത് ഞങ്ങൾ വാൻ ഗോഗ് മ്യൂസിയത്തിലേക്ക് ആഞ്ഞുനടന്നു.

Rijks മ്യൂസിയം.
വാൻ ഗോഗ് മ്യൂസിയം; പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലോകപ്രശസ്ത ചിത്രകാരനായ വിൻസെന്റ് വാൻ ഗോഗിന്റെ ഏറ്റവും കൂടുതൽ പെയിന്റിങ്ങുകളും വരകളും പ്രദർശിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. ഒരു കലാകാരനാകാൻ തീരുമാനിച്ചപ്പോൾ ചിത്രകലയെപ്പറ്റിയോ പെയിന്റിങ്ങിനെപ്പറ്റിയോ യാതൊരുവിധ അറിവുകളും പരിചയ സമ്പന്നതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വയം അങ്ങനെ എന്തെങ്കിലും കഴിവുകൾ ഉണ്ടോ എന്നുപോലും അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാലും ഒരു കലാകാരനാകണമെന്ന് അദ്ദേഹം തീരുമാനിക്കുകയും, സാമ്പ്രദായിക വഴികളും പാഠ്യരീതികളുമൊക്കെ ഉപേക്ഷിച്ച് തന്റേതായ മാർഗ്ഗത്തിലൂടെ നീങ്ങുകയായിരുന്നു.

വാൻ ഗോഗ് മ്യൂസിയം - ഭാഗികമായ ദൃശ്യം.
പ്രശസ്തമായ ഒട്ടനവധി വാൻ ഗോഗ് ചിത്രങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള, ചിത്രകാരന്റേതായ ജാഡകളില്ലാത്ത സൃഷ്ടികൾ. സ്വന്തം പോർട്രെയിറ്റ്, ചിത്രകാരനായി സ്വയം പ്രത്യക്ഷപ്പെടുന്ന ഏക ചിത്രം, അവസാനത്തെ പെയിന്റിങ്ങ് ആയി കരുതപ്പെടുന്ന ഗോതമ്പുപാടവും കാക്കകളും, തലയോട്ടിയും എരിയുന്ന സിഗററ്റും, കിടക്കമുറി, വിളവെടുപ്പ് എന്നിങ്ങനെ പ്രശസ്തമായ ഒട്ടനവധി ചിത്രങ്ങൾ. മ്യൂസിയത്തിനകത്ത് ഫോട്ടോഗ്രാഫി നിഷിദ്ധം.

വാൻ ഗോഗ് Self Portrait.
ദൂരെ നിന്ന് നോക്കുമ്പോൾ കൂടുതൽ ആഴത്തിൽ വരച്ചിരിക്കുന്നതായി തോന്നുന്ന സൃഷ്ടികൾ, ഓയിൽ പെയിന്റിങ്ങിനും പെൻസിൽ വരകൾക്കുമൊക്കെ പുറമേ കണക്കിലെ സമസ്യകൾ പോലുള്ള ചിത്രങ്ങൾ. 37-)മത്തെ വയസ്സിൽ സ്വയം വെടിവെച്ച് ജീവനൊടുക്കിയില്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് ചിത്രങ്ങൾ കൂടെ ലോകത്തിന് സമ്മാനിക്കുമായിരുന്ന പ്രതിഭയാണ് വാൻ ഗോഗ്.

ഗോതമ്പ് പാടവും കാക്കകളും.
മ്യൂസിയത്തിനകത്തെ സോവനീർ കടയിൽ നിന്ന് ‘വാൻ ഗോഗ് Self Portrait‘ ന്റെ ഒരു ഫ്രിഡ്ജ് മാഗ്‌നറ്റ് വാങ്ങി, സൌജന്യമായി കൊടുക്കുന്ന ബുക്ക് മാർക്കുകളും കൈപ്പറ്റി ഞങ്ങൾ വെളിയിൽ കടന്നു. ഇരുട്ട് വീഴുന്നതിന് മുന്നേ ഒരിടത്ത് കൂടെ പോകാനുണ്ട്. മറ്റെവിടെയും പോയില്ലെങ്കിലും ആംസ്റ്റർഡാം സന്ദർശിക്കുന്ന ഓരോ സഞ്ചാരിയും അവശ്യം പോയിരിക്കേണ്ട ഒരിടമാണത്.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday 17 January 2012

ആംസ്റ്റർഡാം കനാലുകളിലൂടെ

നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗം ‘ലന്തക്കാരുടെ നാട്ടിലേക്ക് ‘.
---------------------------------------------------------
പുറത്ത് മഴ ചന്നം പിന്നം ചാറുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം സമയം രാവിലെ എട്ടര മണി ആയിട്ടും തെരുവുകളെല്ലാം വിജനമാണ്. പുറത്തിറങ്ങണമെന്ന് വെച്ചാൽ, ഞങ്ങളുടെ കൈവശം കുടയോ മഴക്കോട്ടോ ഒന്നും തന്നെയില്ല. തുലാവർഷത്തിൽ കടപുഴകാത്തവരെ ചാറ്റൽ മഴ കാണിച്ച് പേടിപ്പിക്കുന്നോ ?!  ഞങ്ങൾ മഴ വകവെക്കാതെ വെളിയിലിറങ്ങി. മഴ മാത്രമല്ല, അതുമൂലം തണുപ്പിന്റെ വെല്ലുവിളിയും അധികരിച്ചിട്ടുണ്ടെന്ന് പുറത്തിറങ്ങിയപ്പോളാണ് തിരിച്ചറിഞ്ഞത്.

ആദ്യം കണ്ട ഫ്രഞ്ച് കോഫീ ഹൌസിലേക്ക് കയറി ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റും സ്‌ട്രോബറി പാൻ കേക്കും ഓർഡർ ചെയ്തു. റസ്റ്റോറന്റ് ജീവനക്കാരൻ ഒരാൾ റോഡ് മുറിച്ചുകടന്ന് എതിർവശത്തുള്ള പഴക്കടയിൽ നിന്ന് സ്‌ട്രോബറി വാങ്ങി മടങ്ങി വന്നു. അൽ‌പ്പം താമസമുണ്ടായെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഭംഗിയായി.

10 മണിക്ക് മുൻപേ ആംസ്റ്റർഡാം സെൻ‌ട്രൽ റെയിൽ വേ സ്റ്റേഷനിൽ എത്തണം. അവിടെ നിന്നാണ് ഈ ദിവസത്തെ ഞങ്ങളുടെ നഗരപ്രദക്ഷിണം ആരംഭിക്കുന്നത്. ഇത്തവണ അൽ‌പ്പം പുതുമയുള്ള ചുറ്റിക്കറങ്ങലാണ്. ആംസ്റ്റർഡാം മുഴുവൻ കറങ്ങിക്കാണാൻ ഏറ്റവും നല്ല മാർഗ്ഗം ഹോപ് ഓൺ ഹോപ് ഓഫ് (ഹോഹോ)കനാൽ ബസ്സുകളാണ്.

ജെട്ടിയിൽ കനാൽ ബസ്സ് കാത്തുനിൽക്കുന്ന സഞ്ചാരികൾ.
ഇംഗ്ലണ്ടിലും സ്പെയിനിലുമൊക്കെ ‘ഹോഹോ‘ ബസ്സുകളിൽ കയറിയിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് ‘ഹോഹോ‘ ബോട്ടുകളിൽ സഞ്ചരിക്കാൻ പോകുന്നത്. സംഗതി ബോട്ട് ആണെങ്കിലും അവരതിനെ വിളിക്കുന്നത് കനാൽ ബസ്സ് എന്നാണ്. ഒരുപാട് കമ്പനികളുടെ കനാൽ ബസ്സുകൾ ആംസ്റ്റർഡാമിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

കനാൽ ബസ്സ് സർവ്വീസ് ഒരു ദൃശ്യം.
റൂട്ട് മാപ്പ് നോക്കി മനസ്സിലാക്കി പോകാനുള്ള സ്ഥലങ്ങളിലേക്കുള്ള പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ബോട്ടുകളിൽ മാറിമാറിക്കയറി ജലസവാരി നടത്താം. 100 കിലോമീറ്ററിലധികം കനാൽ റൂട്ടുകൾ ആംസ്റ്റർഡാമിൽ മാത്രമുണ്ട് എന്നു പറയുമ്പോൾ ജലഗതാഗതത്തിന് ഈ നഗരത്തിലുള്ള പ്രാധാന്യം എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

കനാൽ ബസ്സിന്റെ റൂട്ട് മാപ്പ്.
പച്ചയും ചുവപ്പും റൂട്ടുകളിൽ ഒരു പ്രാവശ്യം കറങ്ങിവരാൻ കനാൽ ബസ്സുകൾ ഒന്നര മണിക്കൂർ എടുക്കുമ്പോൾ നീല റൂട്ടിൽ ഒന്നേകാൽ മണിക്കൂറുകൊണ്ട് കറക്കം പൂർത്തിയാകും. ഇപ്പറഞ്ഞത് ബോട്ട് പോയിവരാനുള്ള സമയം മാത്രമാണ്. അതിനിടയ്ക്കുള്ള കാഴ്ച്ചകൾ മുഴുവനും ഓരോ ജട്ടിയിലും ഇറങ്ങി കണ്ട് ആസ്വദിച്ച് വരണമെങ്കിലും ദിവസങ്ങൾ തന്നെ എടുക്കും. ഞങ്ങൾക്ക് കൈയ്യിലുള്ള സമയം കൊണ്ട് കാണാൻ പറ്റുന്ന സ്ഥലങ്ങളെപ്പറ്റി ഒരു ധാരണ ഉണ്ടാക്കിവെച്ചിട്ടുണ്ട്. വാൻ ഗോഗ് മ്യൂസിയം, നെമോ, സീ പാലസ്, പാസഞ്ചർ ടെർമിനൽ, സീ പാലസ്, ഗാസൺ ഡയമണ്ട്സ്, ആൻ ഫ്രാങ്ക് ഭവനം എന്നിങ്ങനെ ചുരുക്കം ചിലത് മാത്രമാണത്.

കനാൽ ബസ്സിന്റെ ഉൾഭാഗം.
പച്ചനിറത്തിലുള്ള റൂട്ടിൽ നിന്ന് ബോട്ട് യാത്ര ആരംഭിച്ചു. ഉയരം കുറഞ്ഞതാണെങ്കിലും നല്ല നീളവും വീതിയുമുള്ള ബോട്ടുകളാണ് എല്ലാം. ഒന്നാന്തരം സീറ്റുകൾ, വൃത്തിയുള്ള ഉൾഭാഗം, കാഴ്ച്ചകൾക്ക് ഒരു തടസ്സവും നേരിടാതിരിക്കാനായി വശങ്ങളിലും മുകൾഭാഗത്തുമൊക്കെ ചില്ലുജാലകങ്ങൾ നിറയെയുണ്ട്. ഒന്നിടവിട്ടുള്ള സീറ്റുകൾക്കിടയിൽ സീറ്റിനൊപ്പം നീളത്തിലുള്ള മേശ. രാത്രി സമയത്ത് മെഴുകുതിരി വെളിച്ചത്തിൽ അത്താഴം വിളമ്പിക്കൊണ്ടുള്ള സവാരികളും കനാൽ ബസ്സുകൾ നൽകുന്നുണ്ട്. ബോട്ട് ഓടിക്കുന്നതും കരയിലേക്ക് അടുക്കുമ്പോൾ ജെട്ടിയിൽ ബോട്ട് കെട്ടിയിടുന്നതുമെല്ലാം ഡ്രൈവർ എന്ന ഏകാംഗ ജോലിക്കാരൻ തന്നെ. വളരെ സൂക്ഷമതയോടെയും കൃത്യതയുമോടെയാണ് ബോട്ട് അടുപ്പിക്കുന്നത്. പാലത്തിൽ ഇടിച്ച് ഇളക്കമോ അനക്കമോ ഒന്നും ഉണ്ടാകുന്നതേയില്ല. കടന്നുപോകുന്ന സ്ഥലങ്ങളെപ്പറ്റിയും കാണുന്ന ഓരോ കെട്ടിടങ്ങളെപ്പറ്റിയും പാലങ്ങളെപ്പറ്റിയുമുള്ള വിവരണങ്ങൾ ബോട്ടിനകത്തെ സ്പീക്കറിലൂടെ ഒഴുകി വരുന്നു.

കനാൽ സവാരി പുരോഗമിക്കുമ്പോൾ ശ്രദ്ധയിൽ‌പ്പെടുന്നത് കനാലിന് അരുകിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന രീതിയാണ്. വണ്ടികൾ വെള്ളത്തിലേക്ക് വീഴാതെ തടുത്ത് നിർത്തിയിരിക്കുന്നത് ഒരടിയോളം ഉയരത്തിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്ന ലോഹക്കമ്പികളാണ്. മുൻ‌വശത്തെ ടയറുകൾ ഈ കമ്പികളിൽ മുട്ടുമ്പോൾ വാഹനം പാർക്ക് ചെയ്ത് പോകാം.

വാഹനങ്ങൾ കനാലിലേക്ക് വീഴാതിരിക്കാനുള്ള സംവിധാനം.
ഈ സംവിധാനം വരുന്നതിന് മുന്നേ, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനിടയ്ക്ക് വെള്ളത്തിലേക്ക് വീഴുന്നത് നിത്യസംഭവമായിരുന്നു. ഇൻഷൂറൻസ് കമ്പനികളായിരുന്നു അതിന്റെ കഷ്ടനഷ്ടങ്ങൾ സഹിച്ചു പോന്നിരുന്നത്. വെള്ളത്തിൽ നിന്ന് വാഹനം പൊക്കിയെടുക്കാനുള്ള ചിലവ് താങ്ങാനാവാതെ വന്നപ്പോൾ അതിനൊരു പരിഹാരം കണ്ടുപിടിച്ച് നടപ്പിലാക്കേണ്ടത് അത്യാവശ്യമായി മാറി. വാഹനങ്ങൾ കായലിൽ നിന്ന് പൊക്കിയെടുക്കാൻ ചിലവായ തുകയേക്കാൾ കുറഞ്ഞ തുകയ്ക്ക് പരിഹാരം പ്രാവർത്തികമാക്കുകയും ചെയ്തു.

കനാൽ ബസ്സുകളാണ് തോടുകളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടുകളിൽ അധികവും. സ്വകാര്യ ബോട്ടുകളും മേൽക്കൂരയില്ലാത്ത കൊച്ചുബോട്ടുകളും കനാൽ ബൈക്കുകൾ എന്ന് വിളിക്കുന്ന മുകൾഭാഗമില്ലാത്ത ബോട്ടുകളുമൊക്കെ യഥേഷ്ടം ലഭ്യമാണിവിടെ. ഇതിനൊക്കെ പുറമെ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതുപോലെ കനാലുകളുടെ വശങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന നിരവധി ഹൌസ് ബോട്ടുകളും സ്ഥിരം കാഴ്ച്ച തന്നെ.




കനാൽ ബൈക്ക്, ഹൌസ് ബോട്ട് ഇത്യാദി നൌകകൾ.
ഹൌസ് ബോട്ടുകൾ എന്നാൽ കേരളത്തിലേത് പോലെ വിരളിൽ എണ്ണാവുന്ന ദിവസങ്ങളിലേക്ക് വാടകയ്ക്ക് ലഭിക്കുന്ന സൌകര്യമല്ല ഇവിടെ. മറിച്ച്  ജനങ്ങൾ സ്ഥിരമായി ജീവിക്കുന്ന ബോട്ടുകളാണ് അതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. താമസക്കാരന്റെ സൈക്കിൾ, വളർത്ത് നായകൾ, അടുക്കളത്തോട്ടം എന്നുതുടങ്ങി ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ വരെ അതിന്റെ തെളിവുകളാണ്. കരയിലുള്ള വീടുകൾ പോലെ തന്നെ കരമടച്ച് കാലങ്ങളോളം അവർ ഇതിനകത്ത് സ്വാഭാവിക ജീവിതം നയിക്കുന്നു. ആംസ്റ്റർഡാമിൽ മാത്രം 2500 ൽ അധികം ഹൌസ് ബോട്ടുകളാണ് ഉള്ളത്. ഗ്യാസിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നതാണ് ഇവിടത്തെ ഹൌസ് ബോട്ടുകൾ.

റംബ്രൻഡ് സ്ക്വയർ ഒരു ദൃശ്യം.
ഞങ്ങൾ ആദ്യമിറങ്ങിയത് റംബ്രൻഡ് സ്ക്വയറിലെ (Rembrandt Square) ജട്ടിയിലാണ്. ആദ്യകാലത്ത് ഇതൊരു ബട്ടർ മാർക്കറ്റ് ആയിരുന്നു. പിന്നീട് ഹോട്ടലുകളും കഫേകളും കാസിനോകളും ഡിസ്‌ക്കോത്തിക്കുകളും നൈറ്റ് ക്ലബ്ബുകളും ഒക്കെ വളർന്നുവന്ന് ആംസ്റ്റർഡാം നിശാജീവിതത്തിന്റെ മുഖമുദ്രയായി മാറിയ ഈ സ്ക്വയർ അറിയപ്പെടുന്നത് വിഖ്യാത ഡച്ച് ചിത്രകാരനായ Rembrandt Van Rijn ന്റെ പേരിലാണ്. സ്ക്വയറിന് നടുക്ക് തന്നെ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. റംബ്രൻഡിന്റെ വീടും  തൊട്ടടുത്ത് തന്നയാണുള്ളത്.

Rembrandt Van Rijn ന്റെ പ്രതിമ
ഞങ്ങൾ നടന്ന് നടന്ന് അൽ‌പ്പം മാറിയുള്ള ഫ്ലവർ മാർക്കറ്റിൽ എത്തി. ഈ മാർക്കറ്റിന് ഒരു പ്രത്യേകതയുണ്ട്. ഇതൊരു ഒഴുകുന്ന മാർക്കറ്റ് (Floating Market) ആണ്. തെരുവിലൂടെ കടന്ന് വന്നാൽ ഒരു വശം മുഴുവൻ പൂക്കടകൾ കാണാം. വൈവിദ്ധ്യമാർന്ന പൂച്ചെടികൾ, പൂക്കൾ, ഉണങ്ങിയ പൂക്കൾ, അതിന്റെയൊക്കെ വിത്തുകൾ, ചിത്രങ്ങൾ, ചെടിച്ചട്ടികൾ, തൂക്കിയിടുന്ന ചെടികളും പാത്രങ്ങളും, സോവനീറുകൾ എന്നുവേണ്ട കണ്ണഞ്ചിപ്പിക്കുന്ന ശേഖരം തന്നെ ഇവിടെയുണ്ട്. മുട്ടിമുട്ടി നിൽക്കുന്ന ആ കടകളിൽ പ്രവേശിച്ചാലോ അടുത്ത് നിന്ന് നോക്കിയാലോ അതൊരു ഫ്ലോട്ടിങ്ങ് മാർക്കറ്റ് ആണെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. തെരുവിൽ നിന്ന് വെളിയിൽ വന്ന് തൊട്ടടുത്തുള്ള പാലത്തിൽ കയറി നോക്കിയാലാണ് ചിത്രം വ്യക്തമാകുക.

ഇടതുവശത്ത് നിരന്ന് കാണുന്നതാണ് ഫ്ലോട്ടിങ്ങ് ഫ്ലവർ മാർക്കറ്റ്
തെരുവിന്റെ ഒരു വശം കനാലാണ്. കനാലിന്റെ കരയോട് ചേർന്ന് നങ്കൂരമിട്ട്, തൊട്ടുതൊട്ടെന്ന മട്ടിൽ നിൽക്കുകയാണ് ഇക്കണ്ട പൂക്കടകളെല്ലാം. കരയിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഡച്ചുകാർ തോടുകളിലും ചെയ്യുന്നു, അത്രേയുള്ളൂ.

മഴ ഇടയ്ക്കിടയ്ക്ക് തനിസ്വരൂപം കാണിക്കാൻ തുടങ്ങി. പനിയോ മറ്റോ പിടിച്ച് തുടർന്നുള്ള ദിവസങ്ങളിലെ യാത്രകൾ അലങ്കോലമാകരുതെന്ന ഒറ്റക്കാരണത്താൽ ഒരു റെയിൻ കോട്ട് വാങ്ങാൻ ഞാൻ നിർബന്ധിതനായി. മുഴങ്ങോടിക്കാരി ജാക്കറ്റിന്റെ ഹുഡ് ഉപയോഗിച്ച് മഴയെ പ്രതിരോധിച്ചു. മഴക്കോട്ട് വാങ്ങിയ സിറിയക്കാരന്റെ കടയിൽ നിന്ന് തന്നെ പ്രസിദ്ധമായ ആംസ്റ്റർഡാം വിൻഡ് മില്ലുകളുടെ രൂപത്തിലുള്ള ഒരു സോവനീറും ഞങ്ങൾ കരസ്ഥമാക്കി.

ഫ്ലോട്ടിങ്ങ് ഫ്ലവർ മാർക്കറ്റിന് മുന്നിൽ മഴക്കോട്ടിൽ പൊതിഞ്ഞ്.
സമയം 12 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ പച്ച റൂട്ടിലെ സവാരി അവസാനിപ്പിച്ച് നീല റൂട്ടിലേക്ക് കടന്നു. ആംസ്റ്റർഡാമിലെ ഏറ്റവും വലിയ സയൻസ് സെന്ററായ നെമോ ആണ് ആദ്യലക്ഷ്യം. കപ്പലിന്റെ ആകൃതിയിലുള്ള ഒരു ബഹുനിലക്കെട്ടിടമാണ് നെമോ.

പച്ചനിറത്തിൽ നോമോ.
നെമോയുടെ തൊട്ടടുത്ത് തന്നെയാണ് മാരിടൈം മ്യൂസിയം. നെമോ കെട്ടിടത്തിനോട് ചേർന്ന് വെള്ളത്തിൽ കിടക്കുന്ന ‘ആംസ്റ്റർഡാം’ എന്ന് പേരുള്ള പായക്കപ്പലിന് പറയാൻ കഥകൾ ഒരുപാടുണ്ട്. 18-)ം  നൂറ്റാണ്ടിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപയോഗിച്ചിരുന്ന ചരക്ക് കപ്പലാണ് ‘ആംസ്റ്റർഡാം’. 1748 നവംബറിൽ കന്നിയാത്ര ആരംഭിച്ച കപ്പൽ 1749 ജനുവരി ആയപ്പോഴേക്കും കരയ്ക്ക് ഉറയ്ക്കുകയും മുങ്ങിത്താഴുകയും ചെയ്തു. 20-)ം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിന്റെ അതേ മാതൃകയിൽ മറ്റൊരു കപ്പൽ ഉണ്ടാക്കി മാരിടൈം മ്യൂസിയത്തിന് സമീപം പ്രദർശിപ്പിക്കാൻ തുടങ്ങി. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ. 18-)ം നൂറ്റാണ്ടിൽ ഈ കപ്പൽ ഉണ്ടാക്കാൻ എടുത്തത് 6 മാസമാണെങ്കിൽ സാങ്കേതികവിദ്യകളൊക്കെ പുരോഗമിച്ച പുത്തൻ കാലഘട്ടത്തിൽ കപ്പലിന്റെ റപ്ലിക്ക ഉണ്ടാക്കാൻ 6.5 കൊല്ലമെടുത്തു.

‘ആംസ്റ്റർഡാം‘ മാതൃകയിലെ പുതിയ പായക്കപ്പൽ.
കനാൽ ബസ്സിലിരുന്നാൽ മാരിടൈം മ്യൂസിയത്തിന്റേയും, ‘ആംസ്റ്റർഡാമി’ന്റേയും, നെമോയുടെയുമെല്ലാം വ്യത്യസ്ത കോണുകളിലുള്ള ദൃശ്യങ്ങൾ സാദ്ധ്യമാകുന്നു. ഞങ്ങൾ പാസഞ്ചർ ടെർമിനൽ ജെട്ടിയിലേക്ക് നീങ്ങി. ആംസ്റ്റർഡാം സീ പോർട്ട് ആണ് അവിടെയുള്ളത്. സീ പോർട്ടുകൾ പലതും മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഒരു നൂതന എയർപ്പോർട്ടിന്റേത് പോലെ ഭംഗിയുള്ള സീ പോർട്ട് ഞാനാദ്യമായിട്ടാണ് കാണുന്നത്. ‘കോസ്റ്റ ലൂമിനോസ‘ എന്ന കൂറ്റൻ യാത്രാക്കപ്പൽ തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്നുണ്ട്. ഒരു കപ്പിത്താന്റെ മകളായതുകൊണ്ടാകണം ബോട്ട് പോർട്ടിന് അടുത്തേക്ക് എത്തുന്തോറും മുഴങ്ങോടിക്കാരി ആവേശഭരിതയായിക്കൊണ്ടിരുന്നു.

ആംസ്റ്റർഡാം പാസഞ്ചർ ടെർമിനൽ കവാടം.
മടങ്ങിച്ചെല്ലുമ്പോൾ പിതാശ്രീക്ക് നൽകാനായി എന്തെങ്കിലും സമ്മാനം വാങ്ങണമെന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു. പോർട്ടിന് അകത്തേക്ക് കടക്കാതെ എന്തെങ്കിലും വാങ്ങാൻ പറ്റുന്ന ലക്ഷണമില്ല. യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന കപ്പലിലേക്ക് കയറാനായി  സഞ്ചാരികൾ ടാക്സിയിൽ വന്നിറങ്ങുകയും ബാഗൊക്കെ എടുത്ത് അകത്തേക്ക് കടക്കുകയും ചെയ്യുന്നുണ്ട്. കവാടത്തിൽ ആരും ടിക്കറ്റ് പരിശോധിക്കുന്നതായി കണ്ടില്ല. ഇന്നാട്ടിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ സ്റ്റാമ്പ് പോലും പാസ്പ്പോർട്ടിൽ കുത്തിയിട്ടില്ല. ഈ രാജ്യത്ത് ഇത്തരം കാര്യങ്ങളൊന്നും വലിയ പ്രശ്നമല്ലായിരിക്കാം. ഞങ്ങൾ ധൈര്യം സംഭരിച്ച് പെട്ടെന്ന് അകത്തേക്ക് കടന്നു. ഒന്നും സംഭവിച്ചില്ല, ആരും ശ്രദ്ധിക്കുന്നുപോലുമില്ല. പോർട്ടിന്റെ താഴത്തെ നിലയിലും മുകളിലെ നിലയിലുമൊക്കെ യാത്രക്കാരെന്ന വ്യാജേന ഞങ്ങൾ കറങ്ങി നടന്നു. വീട്ടിലുള്ള ക്യാപ്റ്റന് നൽകാനുള്ള സമ്മാനം കപ്പലിന്റെ മാതൃകയിലുള്ളത് തന്നെ വാങ്ങുകയും ചെയ്തു.

പോർട്ടിനകത്ത് നിന്ന് നോക്കിയാൽ കപ്പലിന്റെ ഒരു ഭാഗം മാത്രം കാണാം. ഒരു ബഹുനിലക്കെട്ടിടമാണ് അതെന്നേ തോന്നൂ. പള്ളയിലേക്ക് നീണ്ടുചെല്ലുന്ന പാലത്തിലൂടെ സഞ്ചാരികൾ ആ കൂറ്റൻ നൌകയ്ക്ക് ഉള്ളിൽ കടന്നുകൊണ്ടിരിക്കുന്നു. പോർട്ടിന് വെളിയിൽക്കടന്ന് കപ്പലിന്റെ ഒരു മുഴുവൻ ചിത്രമെടുക്കുന്ന കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു. ഫ്രെയിമിൽ ഒതുക്കാനാവാത്ത വലിപ്പമാണതിന്.

നങ്കൂരമിട്ടിരിക്കുന്ന കപ്പലിന്റെ കാഴ്ച്ച സീ പോർട്ടിന് അകത്തുനിന്ന്.
യാത്രാക്കപ്പലിന് മുൻപിൽ മുഴങ്ങോടിക്കാരിക്കൊപ്പം.
ടെർമിനലിന്റെ മുന്നിലുള്ള മനൊഹരമായ ഒരു പാലം.
ടെർമിനലിന്റെ മുന്നിലുള്ള ബോട്ട് ജട്ടിയിൽ നിന്ന് കനാൽ ബസ്സിൽ കയറുന്നതിന് പകരം റോഡ് മുറിച്ചുകടന്ന് ഞങ്ങൾ നീമോയിലേക്ക് നടന്നു. ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ലക്ഷ്യം. സീ പാലസ് എന്ന ചൈനീസ് ഫ്ലോട്ടിങ്ങ് റസ്റ്റോറന്റാണ് നിമോ ജട്ടിയിലെ പ്രധാന ആകർഷണം. ആംസ്റ്റർഡാമിൽ ഫ്ലോട്ട് ചെയ്യാത്തതായി ഒന്നുമില്ല എന്ന് വേണം കരുതാൻ. പഗോഡ മാതൃകയിലുള്ള ഈ ഭോജനശാലയാണ് യൂറോപ്പിലെ തന്നെ ആദ്യത്തെ ഫ്ലോട്ടിങ്ങ് റസ്റ്റോറന്റ്.

സീ പാലസ് - ഫ്ലോട്ടിങ്ങ് ചൈനീസ് റസ്റ്റോറന്റ്
ബോട്ട് വരാൻ ഇനിയും സമയമുണ്ട്. ഭൂപടം പ്രകാരം, അടുത്ത ഡെസ്റ്റിനേഷനായ ഗാസൺ ഡയമണ്ടിലേക്ക് നടന്ന് പോകാനുള്ള ദൂരമേയുള്ളൂ. ഞങ്ങൾ നടക്കാൻ തന്നെ തീരുമാനിച്ചു. ഉച്ച സമയമാണെങ്കിലും തുറമുഖത്തുനിന്ന് നല്ല തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്.

400 കൊല്ലത്തിലധികമുള്ള ഡയമണ്ട് വ്യവസായ ചരിത്രമുണ്ട് ആംസ്റ്റർഡാമിന്. ‘കരിക്കട്ട’കണ്ടെടുക്കുന്നത് മുതൽ അതിനെ ചെത്തിച്ചീകി മിനുക്കി, മോഹിപ്പിക്കുന്ന തരത്തിലുള്ള ചെറുതും വലുതുമായ തിളക്കമുള്ള കല്ലുകളാക്കി മാറ്റുന്ന പ്രക്രിയകളെല്ലാം ഗാസൺ ഡയമണ്ട് ഫാൿറ്ററിയിൽ ചെന്നാൽ വിശദമായിത്തന്നെ കാണാൻ സാധിക്കും. എല്ലാം കണ്ട് ബോധിച്ചതിനുശേഷം ഡയമണ്ടുകൾ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഒരു ഡയമണ്ട് ഫാൿറ്ററിയിൽ ഇതിനു മുൻപ് കയറിയിട്ടില്ല. അതുകൊണ്ടുതന്നെ ഗാസൺ ഫാൿറ്ററിയും ഷോ റൂമും സന്ദർശിക്കണമെന്നുണ്ട്.

സംഭവമെല്ലാം കൊള്ളാം. പക്ഷെ, ‘Diamonds are a girl‘s best friend‘ എന്നൊരു ഇംഗ്ലീഷ് ചൊല്ലുണ്ട്. നമ്മുടെ കാരണവന്മാർ ചൊല്ലിയിരിക്കുന്നത് ‘കന്നിനെ കയം കാണിക്കരുത് ‘ എന്നാണ്. ചൊല്ലുകളെല്ലാം അറിഞ്ഞിരുന്നുകൊണ്ടുതന്നെ ഞാനിപ്പോൾ ഇതാ ഗുരുകാരണവന്മാരെയെല്ലാം ധിക്കരിക്കാൻ പോകുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റിലും വിയർപ്പ് പൊടിഞ്ഞതുപോലെ. പിതൃക്കളേ പൊറുക്കണേ.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.