കൊടക്..... സുന്ദരികളില്‍ സുന്ദരികളായ സ്ത്രീകളുടെ നാടായ കൊടക്. യവന ചക്രവര്‍ത്തി അലക്‍സാണ്ടര്‍ ഇന്ത്യയില്‍ വന്നത് വഴി ഉള്ളവര്‍, ഇറാക്കിലെ കുര്‍ദ്ദില്‍ നിന്ന് വന്നവര്‍ എന്നിങ്ങനെയുള്ള സ്ഥിരീകരിക്കാത്ത വ്യാഖ്യാനങ്ങള്‍ക്ക് പുറമേ, മധുരാപുരി കടലെടുക്കുന്നതിന് മുന്നേ ഗോപികമാര്‍ കുടിയിരുത്തപ്പെട്ട സ്ഥലമെന്നും, വഴിവിട്ട സ്വര്‍ഗ്ഗജീവിതം നയിച്ച ദേവസ്ത്രീകള്‍ സൃഷ്ടാവിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്നുപിറന്ന ഇടമെന്നുമൊക്കെയുള്ള ഐതിഹ്യങ്ങളും കൊടകിനെപ്പറ്റി കേട്ടിട്ടുണ്ട്.
പുരാണവും ചരിത്രവുമൊക്കെ എന്തായാലും ശരി, എനിക്കറിയുന്ന കൊടക് സ്ത്രീകളൊക്കെ മുറ്റ് സുന്ദരികള്‍ തന്നെയാണ്. ഇക്കൂട്ടര്‍ക്ക് പരമ്പരാഗത തെക്കേ ഇന്ത്യന്‍ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായ മുഖസൌന്ദര്യമോ ശരീരപ്രകൃതമോ ആകാരവടിവോ ആണെന്നുള്ളതില്‍ സത്യമില്ലാതില്ല. ഇതൊക്കെ മുകളില്‍പ്പറഞ്ഞ കാര്യങ്ങളുമായി എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നു എന്നത് ആരെങ്കിലും ഗവേഷണം നടത്തി തെളിയിക്കേണ്ട കാര്യങ്ങളാണ്. മറാഠി സ്ത്രീകള്‍ കഴിഞ്ഞാല്‍ കൊടക് സ്ത്രീകളെയാണ് തന്റെ മോഡലുകളായി സാക്ഷാല്‍ രാജാ രവിവര്‍മ്മ പോലും തിരഞ്ഞെടുത്തിരുന്നതെന്നും കേള്‍വിയുണ്ട്.
കൂര്‍ഗ്ഗ് എന്നുകൂടെ അറിയപ്പെടുന്ന കര്‍ണ്ണാടകത്തിലെ ആ മനോഹര ഭൂവിലേക്ക് എത്രപ്രാവശ്യം ഞാന്‍ യാത്രപോയിട്ടുണ്ടെന്ന് കൃത്യമായി എണ്ണം വെച്ചിട്ടില്ല. കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി പോയതെന്ന് നന്നായിട്ട് ഓര്‍ക്കുന്നു. പിന്നീട് വയനാട് യാത്രകള്‍ ഒരു പതിവായി മാറിയപ്പോള്‍, വയനാട്ടില്‍ ചെന്ന് അവിടന്ന് പലവട്ടം. എന്തിനേറെ പറയുന്നു, വിവാഹം കഴിഞ്ഞ് മുഴങ്ങോടിക്കാരിയുമായി ആദ്യമായിട്ട് യാത്ര പോയതും കൊടകിലേക്ക് തന്നെയായിരുന്നു. (നാട്ടുനടപ്പ് പ്രകാരം പറഞ്ഞാല്‍ ഹണിമൂണ്‍ യാത്ര.) പിന്നീട് ബാംഗ്ലൂര്‍ ജീവിതകാലത്തും കൊടകിലേക്ക് പോകാനായിട്ടുണ്ടെങ്കിലും, മകള്‍ നേഹ വളര്‍ന്നതിനുശേഷം ഒരിക്കല്‍ക്കൂടെ പോകാന്‍ അവസരം ഒത്തുവന്നത് ഇക്കഴിഞ്ഞ ഓണക്കാലത്താണ്.
മുഴങ്ങോടിക്കാരിയുടെ സഹപ്രവര്‍ത്തക സുജാത മാധവ്, ഭര്‍ത്താവ് മാധവ് ചന്ദ്രന്‍, മക്കള്‍ ഋഷി, മിഹിര്‍ പിന്നെ ഞങ്ങള്‍ മൂന്ന് പേരുമടങ്ങുന്ന സംഘം, 2 കാറുകളിലായി എറണാകുളത്തുനിന്ന് യാത്ര തിരിച്ചത് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) എന്ന കമ്പനിയുടെ ഗോണിക്കുപ്പയിലുള്ള ഗസ്റ്റ് ഹൌസിലേക്കായിരുന്നു. അവിടെ താമസത്തിനുള്ള ഏര്‍പ്പാടെല്ലാം ശരിയാക്കി വെച്ചിരുന്നത് സുജാതയായിരുന്നു. ചില സുഹൃത്തുക്കളെ കാണാനായി ബാംഗ്ലൂര്‍ക്ക് ഒന്ന് പോകണമെന്ന് കരുതിയിരിക്കുമ്പോഴാണ് കൂര്‍ഗ്ഗിലേക്ക് പോകാനായി മാധവ് ഫാമിലിയുടെ ക്ഷണം കിട്ടുന്നത്. കൂര്‍ഗ്ഗില്‍ നിന്ന് ബാംഗ്ലൂര്‍ക്ക് പോകാന്‍ എളുപ്പമാണെന്നുള്ളത് ഈ യാത്രാക്ഷണം നിരസിക്കാതിരിക്കാന്‍ പ്രധാന കാരണമായി. എല്ലാം വളരെ പെട്ടെന്നായിരുന്നു. കാര്യമായ തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഇതുപോലെ തയ്യാറെടുപ്പൊന്നും ഇല്ലാതെ ഒരു യാത്ര പുറപ്പെട്ടിട്ടില്ല. പല പ്രാവശ്യം പോയിട്ടുള്ള സ്ഥലമായതുകൊണ്ടാകാം തയ്യാറെടുപ്പുകള്‍ ഇല്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നെങ്കിലും മുഴങ്ങോടിക്കാരി അസ്വസ്ഥയായിരുന്നു.
|
താമരശ്ശേരി ചുരത്തില്‍ നിന്ന് ഒരു താഴ്‌വരക്കാഴ്ച്ച. |
NH 17 വഴി കോഴീക്കോട്ട് ചെന്ന് താമരശ്ശേരി വഴി NH 212ല്‍ ക്കയറി വയനാട്ടിലേക്ക്. മാനന്തവാടിയില്‍ നിന്ന്
തിരുനെല്ലി റൂട്ടിലൂടെ നീങ്ങി,
കുട്ടേട്ടന്റെ ചായക്കടയിലെ പ്രശസ്തമായ ഉണ്ണിയപ്പത്തിന്റെ മണം പരക്കുന്ന തെറ്റ് റോഡില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ ചെന്നെത്തുന്നത് കര്‍ണ്ണാട സംസ്ഥാനത്തിലെ അതിര്‍ത്തി ഗ്രാമമായ ‘കുട്ട‘ യിലാണ്. കുട്ടയില്‍ നിന്ന് ഗോണിക്കുപ്പയിലേക്കുള്ള 30 കിലോമീറ്ററിലധികം ദൂരം എന്നത്തേയും പോലെ പൊട്ടിപ്പൊളിഞ്ഞ് തന്നെയാണ് കിടക്കുന്നത്.
ഗോണിക്കുപ്പയ്ക്കടുത്ത് യമ്മിഗുണ്ടിയിലുള്ള TCS ഗസ്റ്റ് ഹൌസിലേക്കുള്ള വഴി ഫോണിലൂടെ വിളിച്ച് ചോദിച്ച് മനസ്സിലാക്കിയാണ് എത്തിച്ചേര്‍ന്നത്. ഈ പ്രദേശമാകെ ടാറ്റയുടെ കാപ്പിത്തോട്ടങ്ങളാണ്. അതിനിടയില്‍ അവിടവിടെയായി ചില ഗസ്റ്റ് ഹൌസുകളും റിസോര്‍ട്ടുകളുമൊക്കെയായി പ്ലാന്റേഷന്‍ ട്രെയില്‍ എന്ന പേരില്‍ ടൂറിസവും നടന്നുപോകുന്നു. ടാറ്റ ജീവനക്കാരാണ് ഈ വഴി വന്ന് തങ്ങി ഒഴിവുദിവസങ്ങള്‍ ആസ്വദിച്ച് പോകുന്നതില്‍ ഭൂരിഭാഗവും. എലിഫന്റ് കോറിഡോര്‍ എന്ന് ബോര്‍ഡ് വെച്ചിരിക്കുന്ന കാട്ടുവഴിയിലൂടെയാണ് ‘യമ്മിഗുണ്ടി‘ കോട്ടേജ് എന്ന TCS ഗസ്റ്റ് ഹൌസിലേക്ക് ചെന്നുകയറിയത്. ആനയിറങ്ങുന്ന വഴിയാണെന്ന് പേരില്‍ നിന്ന് തന്നെ വ്യക്തം. സമയം ഉച്ചയ്ക്ക് 3 മണി കഴിഞ്ഞിരുന്നതുകൊണ്ട്, ദീര്‍ഘദൂരയാത്രയുടെ ക്ഷീണം തീര്‍ക്കാനായി ബാക്കിയുള്ള സമയം ഗസ്റ്റ് ഹൌസില്‍ത്തന്നെ വെടിവട്ടം കൂടി.
|
യമ്മിഗുണ്ടി കോട്ടേജ് - (TCS ഗസ്റ്റ് ഹൌസ്) |
മുന്‍കാലങ്ങളില്‍ കൊടകിലെ കുശാല്‍നഗര്‍, കാവേരി നിസര്‍ഗ്ഗധമ, എബ്ബി ഫാള്‍സ്, വീരഭൂമി, മര്‍ക്കാറ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായിട്ടുണ്ട്‍. എത്രപോയാലും ഒന്നുകൂടെ പോകാന്‍ ഞാന്‍ തയ്യാറുള്ള സ്ഥലങ്ങളാണിതൊക്കെ. ഇന്ത്യയുടെ സ്‌ക്കോട്ട്‌ലാന്‍ഡ് എന്നൊരു പേരുതന്നെയുണ്ട് കൂര്‍ഗ്ഗിന്. ആ പേര് വന്നതിന്റെ കാരണം കൃത്യമായി മനസ്സിലാക്കാനായത് ഒരിക്കല്‍
സ്‌ക്കോട്ട്‌ലാന്‍ഡ് സന്ദര്‍ശിക്കാനുള്ള അവസരമുണ്ടായതുകൊണ്ടാണ്. സ്‌ക്കോട്ട്‌ലാന്‍ഡിലേയും കൊടകിലേയും ചില പ്രദേശങ്ങളിലെയെങ്കിലും ഭൂപ്രകൃതി വളരെയധികം സാമ്യമുള്ളതാണ്. പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞതും നിമ്നോന്നതമായതുമായ കൃഷിയിടങ്ങള്‍ കൊണ്ട് അനുഗൃഹീതവുമായ കൊടകിന്റെ ഭംഗി പലപ്പോഴും, മറ്റേതോ രാജ്യത്ത് ചെന്നുപെട്ട പ്രതീതി ജനിപ്പിക്കാറുണ്ട്.
രണ്ടാം ദിവസം മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ചിലയിടത്തെങ്കിലും പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. രാവിലെ തന്നെ ഗസ്റ്റ് ഹൌസില്‍ എത്തിയ പ്ലാന്റേഷന്‍ ട്രെയില്‍ മാനേജര്‍ പൂവയ്യ വഴിയെല്ലാം വളരെ കൃത്യമായി പറഞ്ഞ് മനസ്സിലാക്കിത്തന്നു. ബാക്കിയുള്ള സഹായം നേവിഗേറ്ററും തരുമെന്നുള്ളതുകൊണ്ട് അതിനെയെടുത്ത് മാധവിന്റെ കാറില്‍ സ്ഥാപിച്ച് എല്ലാവരും കൂടെ ആ കാറില്‍ത്തന്നെ ഇടിച്ചുകയറി യാത്ര പുറപ്പെട്ടു. കുശാല്‍ നഗറില്‍ പട്ടണത്തില്‍ നിന്ന് അല്‍പ്പം വിട്ടുമാറി ബൈലക്കുപ്പയിലുള്ള (Bylakuppe) ടിബറ്റ്യന്‍ കോളനിയും ഗോള്‍ഡന്‍ ടെമ്പിളുമായിരുന്നു ആദ്യലക്ഷ്യം.
1950 ലെ ചൈനയുടെ ടിബറ്റ് അധിനിവേശത്തിന് ശേഷം അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കെത്തിയ ഒന്നര ലക്ഷത്തോളം വരുന്ന ടിബറ്റുകാരില്‍ കുറേയേറെപ്പേര്‍ ഹിമാലയത്തിലെ ധര്‍മ്മശാലയില്‍ കുടിയേറി. അക്കൂട്ടത്തില്‍ നല്ലൊരു ഭാഗം ടിബറ്റുകാര്‍ ബൈലക്കുപ്പയിലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലേക്കാണ് ചേക്കേറിയത്.1961 ല്‍ ലുഗ്‌സം സാംഡുപ്ലിങ്ങ് (Lugsum Samdupling), 1969 ല്‍ ഡിക്കിയി ലാര്‍സോ(Dickyi Larsoe) എന്നീ പേരുകളുള്ള, ബൈലക്കുപ്പയിലെ രണ്ട് ടിബറ്റ്യന്‍ കോളനികളില്‍ അവര്‍ ജീവിതം കെട്ടിപ്പടുത്തു. പിന്നീടങ്ങോട്ട് തങ്ങളുടെ കൃഷിയിടങ്ങളില്‍ അവര്‍ പൊന്നുവിളയിച്ചു. ആരാധനാലയങ്ങള്‍ സ്ഥാപിച്ചു, മൊണാസ്‌ട്രികളും ആതുരാലയ സ്ഥാപനങ്ങളും വരെ പണിതുയര്‍ത്തി.
കുശാല്‍നഗറിലെ തെരുവുകളില്‍ ചില സമയത്ത് ചെന്നുപെട്ടാല്‍ ടിബറ്റില്‍ എവിടെയോ ആണെന്ന പ്രതീതിയാണ് ഓരോ സഞ്ചാരികള്‍ക്കും ഉണ്ടാകുക. മെറൂണും മഞ്ഞയും നിറത്തിലുള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് വലുതും ചെറുതുമായ ലാമമാരുടെ ഘോഷയാത്ര തന്നെ ചിലപ്പോള്‍ കണ്ടെന്ന് വരാം. പണം മുടക്കി ടിബറ്റ് വരെ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് കുറഞ്ഞ ചിലവില്‍ ടിബറ്റില്‍ ചെന്നുപെട്ടതിന്റെ അനുഭവമാണ് കുശാല്‍ നഗറും ബൈലക്കുപ്പയും പ്രദാനം ചെയ്യുന്നത്.
|
ലാമമാര്‍ക്കൊപ്പം മുഴങ്ങോടിക്കാരി - 10 വര്‍ഷം മുന്‍പെടുത്ത ചിത്രം. |
ഞാനിപ്പോഴും ഓര്‍ക്കുന്നു.... മുഴങ്ങോടിക്കാരിയുമായി കുശാല്‍ നഗറിലേക്കുള്ള ആദ്യത്തെ യാത്ര. തിരക്കുള്ള വീഥികളില്‍ ഒന്നില്‍ നിന്ന് രണ്ട് ലാമമാര്‍ ഞങ്ങള്‍ക്കൊപ്പം വാഹനത്തില്‍ കയറി, കോളനി വരെ വഴികാട്ടികളായി. കോളനിയിലേക്കുള്ള വഴിയിലേക്ക് കയറിയാല്‍ നമ്പറിട്ട് തിരിച്ചിരിക്കുന്ന സെറ്റില്‍മെന്റുകള്‍, കൊച്ചുകൊച്ച് ആരാധനാലയങ്ങള്‍, കടകള്‍, റോഡിനിരുവശത്തും ഏക്കറുകണക്കിന് ചോളപ്പാടങ്ങള്‍, അതിനിടയിലൂടെ നടന്നും ബൈക്കിലുമൊക്കെയായി സഞ്ചരിക്കുന്ന ലാമമാര്‍, പല പ്രായത്തിലുള്ള ലാമമാരല്ലാത്ത ടിബറ്റുകാര്‍. ആദ്യമായി കുശാല്‍നഗറില്‍ എത്തിയപ്പോള്‍ ഈ കാഴ്ച്ചകളൊക്കെ ഞാന്‍ നോക്കിക്കണ്ടത് അത്ഭുതം കൂറുന്ന കണ്ണുകളോടെയാണ്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും, പല പ്രാവശ്യം ഈ വഴി വന്ന് പോയിട്ടും ബൈലക്കുപ്പയിലെ കാഴ്ച്ചകള്‍ എനിക്കിന്നും പുതുമയുള്ളത് തന്നെയാണ്.
|
ഗോള്‍ഡന്‍ ടെമ്പിളിന്റെ കവാടം. |
കോളനികളും കഴിഞ്ഞ് നീളുന്ന വഴി അവസാനിക്കുന്നത് ഗോള്‍ഡന്‍ ടെമ്പിളിന്റെ ഗേറ്റിന് മുന്നിലാണ്. സുവര്‍ണ്ണ മകുടങ്ങളാല്‍ അലംകൃതമായ ചൈനീസ് മാതൃകയിലുള്ള കവാടം കാണുമ്പോള്‍ത്തന്നെ അകത്ത് കാത്തിരിക്കുന്ന കാഴ്ച്ചകളെപ്പറ്റി ആര്‍ക്കും ഊഹിക്കാനാവും. 15 വര്‍ഷം മുന്നേ ഞാന്‍ കണ്ടതുപോലല്ല ഇപ്പോള്‍ ഈ പ്രദേശം. നിറയെ കടകള്‍; ഷോപ്പിങ്ങ് കോമ്പ്ലക്സുകള്‍ എന്ന് തന്നെ പറയാം, ഭോജനശാലകള്‍, പേയ്ഡ് പാര്‍ക്കിങ്ങ് ഇടങ്ങള്‍. എല്ലാം കുറേക്കൂടെ വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. വാഹനം പാര്‍ക്ക് ചെയ്ത് എല്ലാവരും പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടന്നു. ചുറ്റിലും മോണാസ്‌ട്രിയില്‍ പഠിക്കാനെത്തിയിരിക്കുന്ന ലാമമാര്‍ക്കുള്ള ഹോസ്റ്റലുപോലെയുള്ള താമസ സ്ഥലങ്ങളാണ്.
|
ആദ്യ ദേവാലയത്തില്‍ സ്വാഗതം ചെയ്യുന്നത് ദലൈലാമയാണ്. |
|
മുകളിലെ ചിത്രത്തിലെ ദേവാലയം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. |
മുന്നോട്ട് നടക്കുമ്പോള്‍ ആദ്യം കാണുന്ന കൊച്ചു ദേവാലയത്തിന്, ഇക്കഴിഞ്ഞ 10 കൊല്ലത്തിനകം കാര്യമായ വ്യത്യാസങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു. കെട്ടിടത്തിന് മുകളില്‍ക്കാണുന്ന ദലൈലാമയുടെ വലിയ ചിത്രവും ക്ഷേത്ര ഗോപുരവുമൊക്കെ പുതുതായി കൂട്ടിച്ചേര്‍ത്തതാണ്. അവിടന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ കാണുന്നത് ചൈനീസ് വാസ്തുശില്‍പ്പ മാതൃകയിലുള്ള മനോഹരമായ സുവര്‍ണ്ണ ക്ഷേത്രമാണ്. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിന് മുന്നില്‍ ഉറപ്പിച്ചിരിക്കുന്ന വലിയ മണിയുമൊക്കെ ക്ഷേത്രഭംഗിയ്ക്ക് മാറ്റുകൂട്ടുന്നു.
|
ബൈലക്കുപ്പയിലെ ടിബറ്റ്യന്‍ സുവര്‍ണ്ണ ക്ഷേത്രം. |
എത്രയോ വ്യത്യസ്തമായ ദേവാലയങ്ങള്‍ കണ്ടിരിക്കുന്നു ഈ കാലയളവില്‍! പക്ഷെ, ഈ ബുദ്ധദേവാലയത്തിന്റെ ഭംഗി, അതിലേക്ക് കടന്നാലുള്ള നിശബ്ദത, ഏകാന്തത... പല പ്രാവശ്യം ഞാനത് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. മുന്‍പൊക്കെ വന്നപ്പോള്‍ ആരും ഇല്ലാതെ കയറിയിറങ്ങി ആവശ്യത്തിന് പടങ്ങളെടുത്ത് വിഗ്രഹങ്ങളുടെ ഭംഗി ആവോളം ആസ്വദിച്ച് നില്‍ക്കാനായിട്ടുണ്ട്. പക്ഷെ, ഇപ്രാവശ്യം ലാമമാരുടെ പ്രാര്‍ത്ഥന അല്ലെങ്കില്‍ പഠനം നടക്കുന്ന സമയമായിരുന്നു. എന്നിട്ടും അവരതിനകത്തേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നു എന്നുള്ളത് ഒരു നല്ല കാര്യം തന്നെയായിത്തോന്നി. മൂര്‍ത്തികള്‍ക്ക് മുന്നിലേക്കും മറ്റ് ചില ഇടങ്ങളിലേക്കും കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ കെട്ടിയിട്ടുണ്ടായിരുന്നു.
|
ക്ഷേത്രത്തിനകത്ത് മന്ത്രോച്ഛാരണങ്ങളുമായി ലാമമാര്‍. |
പ്രധാന ഹാള്‍ നിറയെ
ലാമമാര്‍. ഉയരം കുറഞ്ഞ ഡെസ്‌ക്കുകള്‍ക്ക് മുന്നില്‍ അതിലേറേ ഉയരം കുറഞ്ഞ ഇരിപ്പിടങ്ങളില്‍ ഇരുന്നാണ് പഠനം. അത്രയധികം ലാമമാരെ ഒരുമിച്ച് ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഹാളില്‍ മന്ത്രോഛാരണങ്ങള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. കൈയ്യിലുള്ള തുകല്‍ ഉടുക്ക് പോലുള്ള വാദ്യോപകരണം എല്ലാവരും ഒരുമിച്ച് മുഴക്കുമ്പോള്‍ ഹാളാകെ മുഴങ്ങുന്നു, ഭക്തിസാന്ദ്രമാകുന്നു. ഇടയ്ക്കിടയ്ക്ക് നീളമുള്ള പൈപ്പ് പോലുള്ള വാദ്യോപകരണത്തിന്റെ ശബ്ദവും ഉയരുന്നുണ്ട്. പ്രധാന ക്ഷേത്രത്തിന് വെളിയിലുള്ള കെട്ടിടത്തില്‍ നിന്നും ശബ്ദഘോഷങ്ങള്‍ കേട്ടുകൊണ്ടേയിരുന്നു.
|
ക്ഷേത്രത്തിനകത്തെ സുവര്‍ണ്ണ വിഗ്രഹങ്ങള്‍. |
ദേവാലയത്തില്‍ തറയില്‍ നിന്ന് 60 അടി ഉയരത്തിലേക്ക് നില്‍ക്കുന്ന സ്വര്‍ണ്ണനിറത്തിലുള്ള 3 മൂര്‍ത്തികളാണുള്ളത്. പ്രതിമകളുടെ മാത്രം ഉയരം 30 അടിക്ക് മേലെ വരും. നടുവിലത്തേത് ശ്രീബുദ്ധന്‍ തന്നെ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല.
ശ്രീബുദ്ധനെപ്പറ്റി നമുക്കൊക്കെ അറിയുന്ന ഒരു കഥയുണ്ടല്ലോ ... 2547 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശുദ്ധോദന മഹാരാജാവിന്റേയും മായാദേവി രാജ്ഞിയുടേയും മകനായി ലുംബിനിയില്‍ (ഇന്നത്തെ നേപ്പാള്‍ പ്രവിശ്യ) ജനിച്ച സിദ്ധാര്‍ത്ഥന്‍ എന്ന രാജകുമാരന്റെ കഥ.... അക്കൂട്ടത്തില്‍ പഠിക്കാതെയും മനസ്സിലാക്കാതെയും പോയ ബുദ്ധമതത്തിലെ ഒരുപാട് കാര്യങ്ങള്‍ ഈ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്നാണ് എനിക്ക് അറിവായത്.
ശാക്യമുനി, എന്നാണ് ബുദ്ധിസത്തിന്റെ ഉപജ്ഞാതാവായ സിദ്ധാര്‍ത്ഥനെ അഥവാ ശ്രീബുദ്ധനെ ബുദ്ധമതത്തില്‍ പരാമര്‍ശിക്കുന്നത്. 1002 ബുദ്ധന്മാര്‍ ഈ ലോകത്ത് പല
കാലചക്രങ്ങളിലായി അവതരിക്കുമെന്നാണ് കരുതപ്പെടുന്നത്. ശാക്യമുനി അതില്‍ നാലാമത്തെ ബുദ്ധന്‍ മാത്രമാണ്. ഇനിയും എത്രയോ ബുദ്ധന്മാര്‍ വരാനിരിക്കുന്നു!
കൃഷ്ണനായിട്ടോ, കൃസ്തുവായിട്ടോ, അള്ളാ ആയിട്ടോ, ആരെങ്കിലും ഒരാളായിട്ട് നീ തിരിച്ച് വരൂ. പുതിയ തലമുറയ്ക്ക് ഒരു അദ്ധ്യാപകന്റെ ആവശ്യമുണ്ട്, അത് നീ മാത്രമാണ്. ചെയ്ത തെറ്റുകള്‍ എല്ലാം ഞങ്ങളോട് പൊറുക്കണം. ഞങ്ങള്‍ കാത്തിരിക്കുന്നു, നീ തിരിച്ച് വരൂ, പെട്ടെന്ന് തിരിച്ച് വരൂ, കൃഷ്ണാ നീ ബേഗനേ ബാരോ................. എന്ന് നീളുന്ന, ലെസ്‌ലി - ഹരിഹരന്‍ ടീമിന്റെ ‘കോളോണിയല്‍ കസിന്‍സ് ‘ എന്ന ആല്‍ബത്തിലെ മനോഹരമായ ഒരു ഗാനം ഈ അവസരത്തില്‍ ഓര്‍മ്മവരുന്നു.
29-)ം വയസ്സില്‍ സകലസൌഭാഗ്യങ്ങളും ഉപേക്ഷിച്ച് കൊട്ടാരം വീട്ടിറങ്ങി ജനനത്തിന്റേയും വാര്‍ദ്ധക്യത്തിന്റേയും മരണത്തിന്റേയും പൊരുള്‍ തേടി അലഞ്ഞ മഹാത്മാവേ... ആയിരത്തില്‍ താഴെ അവതാരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുമ്പോള്‍, ലോകത്താകമാനം അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, ജീവിതയാഥാര്‍ത്ഥ്യത്തിന്റേയും, അഹിംസയുടേയും പാഠങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞ് തരാന്‍ നീ പെട്ടെന്ന് തന്നെ അവതരിക്കൂ. നൂറ് കണക്കിന് ലാമമാര്‍, എനിക്ക് അജ്ഞാതമായ ഭാഷയില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഉരുവിടുന്ന പ്രാര്‍ത്ഥന അതുതന്നെയാണെന്ന് കരുതാനാണ് എനിക്കിഷ്ടം.
|
ക്ഷേത്രത്തിനകത്തെ നീളമുള്ള കുഴല്‍ വാദ്യോപകരണം. |
ക്ഷേത്രത്തിനകത്ത് ബുദ്ധന്റെ പ്രതിമയ്ക്ക് വലത്തുവശം കാണുന്നത് അമിതായുസ്സ് ബുദ്ധന്റെ(Buddha of long life) പ്രതിമയാണ്. യുഗയുഗാന്തരങ്ങള്‍ക്ക് മുന്നേ തന്നെ ബോധോദയം ഉണ്ടായ ബുദ്ധനാണ് അമിതായുസ്സ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജീവജാലങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുന്നതെന്നാണ് വിശ്വാസം. ഈ ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ കുറഞ്ഞ് കുറഞ്ഞ് വരുകയാണെന്നും മനസ്സിലാക്കിപ്പോരുന്നു. അമിതായുസ്സ് ഭഗവാന്റെ നാമം, അദ്ദേഹത്തിന്റെ മന്ത്രങ്ങള്‍, ഗുണഗണങ്ങള്‍, ഇതൊക്കെ ചൊല്ലിയാല്‍ മരണത്തോട് അടുക്കുന്ന ഒരാള്‍ക്ക് പോലും ജീവിത ദൈര്‍ഘ്യം നീട്ടിക്കിട്ടുമെന്ന് വിശ്വസിച്ച് പോരുന്നു.
|
ക്ഷേത്രത്തിനകത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന ലാമമാര്‍. |
ബുദ്ധപ്രതിമയുടെ ഇടത്തുവശത്ത് കാണുന്നത് ഗുരു പത്മസംഭവ അഥവാ ‘ഗുരു റിമ്പോച്ചേ‘ യുടെ പ്രതിമയാണ്. ശ്രീബുദ്ധന്‍ മരിച്ച് 12 കൊല്ലത്തിനുശേഷം ഓഡിയാനയിലെ(ഇന്നത്തെ പാക്ക്-അഫ്‌ഗാന്‍ അതിര്‍ത്തി) സിന്ധു തടാകത്തിന്‍ കരയിലാണ് റിമ്പോച്ചേ ജനിച്ചത്. ഈ ജന്മരഹസ്യം ബുദ്ധഭഗവാന്‍ തന്നെ പ്രവചിച്ചിട്ടുള്ളതാണ്. 8-)ം നൂറ്റാണ്ടില്‍ ടിബറ്റിലെ 38-)മത്തെ രാജാവായ ട്രിസോങ്ങ് ഡ്യൂറ്റ്‌സാന്‍ (Trisong Deutsan) ബുദ്ധിസം സ്ഥാപിക്കാനും പ്രചരിപ്പിക്കാനുമൊക്കെയായി റിമ്പോച്ചെയെ ടിബറ്റിലേക്ക് ക്ഷണിച്ചു. റിമ്പോച്ചെയുടെ ശക്തിയിലും പ്രഭാവത്തിലും ടിബറ്റിലെ ദുഷ്ടശക്തികള്‍ ക്ഷയിക്കുകയുണ്ടായി. അന്നത്തെ ടിബറ്റ് ജനതയ്ക്ക് എന്നപോലെ ഭാവിതലമുറയ്ക്കും ഗുണകരമാകുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ പകര്‍ന്നുനല്‍കിയെന്ന കാരണത്താല്‍, രണ്ടാമത്തെ ശ്രീബുദ്ധനായിട്ടാണ് ടിബറ്റുകാര്‍ ഗുരു റിമ്പോച്ചയെ കണക്കാക്കുന്നത്.
|
പഠനത്തില്‍ മുഴുകിയിരിക്കുന്ന ഒരു ലാമ വിദ്യാര്‍ത്ഥി. |
3 പ്രതിമകളും ചെമ്പില്‍ നിര്‍മ്മിച്ച് അതിനുമേല്‍ സ്വര്‍ണ്ണം പൂശിയിട്ടുള്ളതാണ്. ഓരോ പ്രതിമകള്‍ക്ക് അകത്തും ബുദ്ധന്റെ മൊഴികള്‍ അടങ്ങുന്ന ലിഖിതങ്ങളും മറ്റ് ജീവജാലകങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൊച്ച് കൊച്ച് പ്രതിമകളുമൊക്കെ അടക്കം ചെയ്തിട്ടുണ്ട്. ഈ മൂര്‍ത്തികള്‍ക്ക് മുന്നില്‍ നിന്നുള്ള പ്രാര്‍ത്ഥന, വിശ്വാസവും സമാധാനവും സ്നേഹവും അനുകമ്പയും കനിവുമൊക്കെ മനസ്സിലുണ്ടാക്കി ദുഷ്ടവിചാരങ്ങളേയും ദുഷ്‌പ്രവര്‍ത്തികളേയും പുറന്തള്ളാന്‍ സഹായിക്കുമെന്നാണ് ബുദ്ധമത വിശ്വാസം.
|
ക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങളിലൊന്ന്. |
വിഗ്രഹങ്ങളുടെ ഇരുഭാഗങ്ങളിലെ ചുമരുകളെപ്പോലെ മറ്റ് ക്ഷേത്രച്ചുമരുകളും ചിത്രങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. ശ്രീബുദ്ധന്റെ ജിവിതത്തില്‍ നിന്നുള്ള ഏടുകളും റിമ്പോച്ചെയുടെ ചിത്രങ്ങളും അതില്‍ പ്രധാനപ്പെട്ടതാണ്. താന്ത്രിക്‍ ബുദ്ധിസത്തിന്റെ സ്വാധീനവും ഈ ചിത്രങ്ങളില്‍ പ്രകടമാണ്. താന്ത്രിക്‍ ബുദ്ധിസം പ്രകാരം സമാധാനത്തിന്റെ ദേവന്മാര്‍ സില്‍ക്ക് കൊണ്ടുള്ള വസ്ത്രങ്ങളും വിലപിടിച്ച ലോഹങ്ങളും കല്ലുകളും കൊണ്ടുമുള്ള ആഭരണങ്ങള്‍ അണിയുന്നവരാണ്. അതേ സമയം ഭീകരതയുള്ള (wrathful) ദേവന്മാര്‍ തുകല്‍ വസ്ത്രങ്ങളും എല്ലുകള്‍ കൊണ്ടുള്ള ആഭരണങ്ങളുമാണ് ധരിക്കുക. ചുവര്‍ച്ചിത്രങ്ങളില്‍ പലതിലും ഇത്തരം താന്ത്രിക്‍ ദേവന്മാര്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ബുദ്ധിസത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മനസ്സിലാക്കേണ്ട ഇത്തരം കാര്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും ക്ഷേത്രത്തിനകത്ത് വിശദീകരിക്കപ്പെടുന്നുണ്ട്. ബുദ്ധിസത്തെപ്പറ്റി കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹം കുശാല്‍ നഗറിലും ബൈലക്കുപ്പയിലും പോകുമ്പോഴെല്ലാം എന്നെ പിടികൂടാറുണ്ടെങ്കിലും, ഇപ്രാവശ്യം അത് കുറേക്കൂടെ കലശലായിത്തന്നെ സംഭവിച്ചിട്ടുണ്ട്.
|
സുവര്‍ണ്ണ ക്ഷേത്രപരിസരത്ത് യാത്രാസംഘം. |
കുറേ കുടുംബചിത്രങ്ങള്‍ എടുത്ത് ക്ഷേത്രപരിസരത്ത് അല്‍പ്പനേരംകൂടെ ചിലവഴിച്ചതിനുശേഷം എല്ലാവരും ഉച്ചഭക്ഷണത്തിനായി കുശാല്‍നഗറിലെ കനിക റസ്റ്റോറന്റിലേക്ക് നീങ്ങി. ഭക്ഷണത്തിന് ശേഷം തൊട്ടടുത്തുള്ള കുടിഗേ(Kudige) എന്ന സ്ഥലത്തുള്ള ടാറ്റയുടെ കോഫി ഫാക്‍റ്ററിയില്‍ ഒരു സന്ദര്‍ശനം തരപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഒരിക്കല്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീ പ്ലാന്റേഷന്‍ ആയ
കൊളുക്കുമലയില്‍ പോയപ്പോള്‍ തേയില ഫാക്‍റ്ററി കാണാനായിട്ടുണ്ട്. തേയില അല്ലെങ്കില്‍ ചായയുടെ ആവിര്‍ഭാവത്തെപ്പറ്റി കേട്ടിട്ടുള്ള കഥ.... 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഒരു ഭരണാധികാരി സ്ഥിരമായി വെള്ളം ചൂടാക്കിയാണ് കുടിച്ചിരുന്നതെന്നും, ആ വെള്ളത്തില്‍ ഒരു കാട്ടുതേയില മരത്തില്‍ നിന്ന് ഇലകള്‍ പറന്ന് വീണ് വെള്ളത്തിന് രുചിവ്യത്യാസവും മണവും ഉണ്ടായെന്നും, പിന്നീടങ്ങോട്ട് അതിനെപ്പറ്റി നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളുമാണ് ചായപ്പൊടി എന്ന കണ്ടുപിടുത്തത്തിലേക്ക് എത്തിയത് എന്നുമാണ്.
അങ്ങിനെയാണെങ്കില്‍ കുരുവില്‍ നിന്നുള്ള ഉല്‍പ്പന്നമായ കാപ്പിപ്പൊടി അല്ലെങ്കില്‍ കാപ്പിയുടെ ആവിര്‍ഭാവം അതിനേക്കാള്‍ രസകരമായിരിക്കണമല്ലോ ?!
ടാറ്റയുടെ തന്നെ ജീവനക്കാരും കുടുംബവുമാണല്ലോ സന്ദര്‍ശകര്‍. അതുകൊണ്ടുതന്നെയായിരിക്കണം കാപ്പികൃഷി മുതല്‍ കാപ്പിക്കുരു ഫാക്‍റ്ററിയില്‍ എത്തുന്നതും തൊണ്ട് കളയുന്നതും ഗുണനിലവാരത്തിനനുസരിച്ച് തരം തിരിക്കുന്നതും വറുക്കുന്നതും പൊടിക്കുന്നതും പാക്കറ്റിലാക്കുന്നതിന് മുന്നേ ചിക്കറി ചേര്‍ക്കുന്നതുമൊക്കെ അടങ്ങിയ എല്ലാ കാര്യങ്ങളും ഫാക്‍റ്ററിലെ ഉദ്യോഗസ്ഥന്‍ വിശദമായിത്തന്നെ കൊണ്ടുനടന്ന് കാണിച്ചുതന്നു. വറുത്തുപൊടിച്ച കാപ്പിക്കുരുവിന്റെ രൂക്ഷഗന്ധം, പല കെട്ടിടങ്ങളില്‍ നിന്നും നാസാദ്വാരങ്ങളിലേക്ക് തുളച്ചുകയറി.
|
കാപ്പിക്കുരുകള്‍ തരം തിരിക്കപ്പെടുന്നു. |
ഒരു കുരു, അതിന്റെ തോടിനുള്ളില്‍ രണ്ട് പരിപ്പുകള്‍, ഈ പരിപ്പുകള്‍ക്കും വളരെ സുതാര്യമായ ഓരോ തോടുകള്‍ ഉണ്ട്. ഈ കവചങ്ങള്‍ക്കൊക്കെ ഉള്ളില്‍ നിന്ന് പരിപ്പ് പുറത്തെടുത്ത് ഉണക്കി, വറുത്ത്, പൊടിച്ച് അത് ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാലുള്ള സ്വാദിന്റേയും മണത്തിന്റേയും പിന്നാലെ പോയത്; അത് കണ്ട് പിടിച്ചത് ആരാണാവോ ? കാപ്പിക്കുരുവുമായി ഒരു ബന്ധവുമില്ലാത്ത ചിക്കറി ചേര്‍ത്താല്‍ കാപ്പിക്ക് കൂടുതല്‍ രുചി വരും എന്ന് കണ്ടുപിടിച്ചത് ആരാണാവോ ? ചിക്കറിയല്ലാത്ത മറ്റെന്തൊക്കെ വസ്തുക്കള്‍, ഇതുപോലെ കാപ്പിപ്പൊടിയില്‍ ചേര്‍ത്ത് നോക്കി പരീക്ഷിച്ചിട്ടുണ്ടാകാം, ഇന്ന് നാം ആസ്വദിക്കുന്ന കാപ്പിപ്പൊടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നതിന് മുന്നേ ?
|
കോഫീ ടേസ്റ്റിങ്ങ് ടേബിളിന് ചുറ്റും അല്‍പ്പസമയം. |
എനിക്ക് കൂടുതല്‍ കൌതുകകരമായി തോന്നിയത് ടീ ടേസ്റ്റര്‍ അല്ലെങ്കില്‍ കോഫി ടേസ്റ്റര്‍ എന്ന ജോലി ചെയ്യുന്നവരുടെ കാര്യമാണ്. ഒരാള്‍ക്ക് സ്വന്തം ജീവിതകാലത്ത് ലഭ്യമാകുന്ന ഒരുപാട് നല്ല രുചികള്‍ അവര്‍ ഈ ജോലിക്ക് വേണ്ടി ഉപേക്ഷിക്കുന്നു. എരിവ്, പുളി, ചവര്‍പ്പ് എന്നിങ്ങനെ എത്രയെത്ര രുചികള്‍ ആഗോള ജനതയ്ക്ക് വേണ്ടി ഇവര്‍ ത്യജിക്കുന്നു. പുകവലി, മദ്യപാനം എന്ന കലാപരിപാടികളൊക്കെ പാടേ നിഷിദ്ധം. അതൊക്കെ പോകട്ടെ, നേരെ ചൊവ്വേ ഒരു സദ്യയോ സല്‍ക്കാരമോ കൂടാനാകുമോ ? ഒന്നൊന്നര കൊല്ലത്തെ പരിശീലനമൊക്കെ കഴിഞ്ഞ് ഈ ജോലിയിലേക്ക് കടക്കുന്നവര്‍ ടേസ്റ്റിങ്ങ് ഉദ്യോഗം 6 മാസത്തിലധികം ചെയ്യാതിരുന്നാല്‍ രുചി വ്യത്യാസം അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്നതുകൂടെ എടുത്ത് പറയേണ്ട കാര്യമാണ്. എന്തെല്ലാം ത്യാഗങ്ങള്‍ ലോകത്തെവിടെയൊക്കെയോ ഉള്ള അജ്ഞാതരായ ഒരുപാട് വ്യക്തികള്‍ സഹിക്കുന്നതുകൊണ്ടാണ് പല സുഖസൌകര്യങ്ങളും നമ്മളനുഭവിക്കുന്നത്! എന്നിട്ട് ഇക്കാര്യമൊക്കെ ഓര്‍ക്കാന്‍ നമുക്കവസരമുണ്ടാകുന്നത് ഇത്തരം ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രം.
കോഫി ഫാക്‍റ്ററിയില്‍ നിന്ന് ഗോണിക്കുപ്പയിലേക്കുള്ള മടക്കവഴിയിലെ, ദുബാരേ എലിഫന്റ് സങ്കേതതില്‍ കുറച്ചുനേരം ചിലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അങ്ങോട്ടെത്തിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. കാവേരി നദി മുറിച്ച് കടന്നാല്‍ ആനപ്പുറത്ത് ഒരു സവാരിയും, അല്ലെങ്കില്‍ പുഴയില്‍ത്തന്നെ റാഫ്റ്റിങ്ങിനുമൊക്കെയുള്ള സൌകര്യം ഇവിടെയുണ്ട്. യാത്രകളില്‍ പൂരിപ്പിക്കപ്പെടാതെ ചില പാതകള്‍ അവശേഷിപ്പിക്കുന്നത് എപ്പോഴും നല്ലതാണ്. വീണ്ടും വീണ്ടുമുള്ള സന്ദര്‍ശനങ്ങള്‍ക്ക് കാരണമുണ്ടാക്കാന്‍ എളുപ്പ മാര്‍ഗ്ഗമാണത്.
|
ദുബാരേയിലെ കാവേരീ തീരം. |
ഗസ്റ്റ് ഹൌസില്‍ മടങ്ങിയെത്തിയപ്പോള്‍ ഇരുട്ടായിക്കഴിഞ്ഞിരുന്നു. വഴി തെറ്റി കുറേ ദൂരം വണ്ടി ഓടിക്കേണ്ടിയും വന്നു. അടുത്ത ദിവസം രാവിലെ മാധവ് കുടുംബം കേരളത്തിലേക്ക് മടങ്ങി. ഞങ്ങള്‍ക്ക് ഇനി ഇന്നൊരു ദിവസം മുഴുവനും കൈയ്യിലുണ്ട്. ഒന്നുകൂടെ ബൈലക്കുപ്പയില്‍ പോകണം, ഗോള്‍ഡന്‍ ടെമ്പിളിലേക്ക് പോകുന്ന വഴിയുടെ ഇടതുവശത്തായി ചോളപ്പാടങ്ങള്‍ക്കപ്പുറം ഉയര്‍ന്ന് കാണാനിടയായ ഒരു കെട്ടിടം ഏതാണെന്ന് കണ്ടുപിടിക്കണമെന്നുണ്ടായിരുന്നു എനിക്ക്. കറക്കമൊക്കെ കഴിഞ്ഞ് ഇരുട്ട് വീഴുന്നതിന് മുന്നേ ബാംഗ്ലൂരെത്തിയാല്‍ മതി. ആവശ്യത്തിലധികം സമയം കൈയ്യിലുണ്ട്.
|
കാവേരി നിസര്‍ഗ്ഗധമയിലേക്കുള്ള തൂക്കുപാലം. |
ഞങ്ങളും ചെക്ക് ഔട്ട് ചെയ്ത് യമ്മിഗുണ്ടി ഗസ്റ്റ് ഹൌസില്‍ നിന്നിറങ്ങി. അവിടന്ന് ബൈലക്കുപ്പയിലേക്കുള്ള വഴിയില്‍ത്തന്നെയാണ് കാവേരി നിസര്‍ഗ്ഗധമ. കാവേരി നദിയാല്‍ ചുറ്റപ്പെട്ട 64 ഏക്കര്‍ വിസ്തൃതിയുള്ള ഒരു കൊച്ചുദ്വീപാണ് കാവേരി നിസര്‍ഗ്ഗധമ. വാഹനം പാര്‍ക്ക് ചെയ്ത് ടിക്കറ്റെടുത്ത് ഞങ്ങള്‍ നിസര്‍ഗ്ഗധമയിലേക്ക് കടന്നു. ദ്വീപിലേക്ക് കടക്കാന്‍ തൂക്കുപാലമുണ്ട്. പാലത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരത്തിലൂടെ കുരങ്ങുകള്‍ പാലത്തിലേക്ക് ചാടിക്കടന്ന് സഞ്ചാരികള്‍ക്ക് കൌതുകക്കാഴ്ച്ചയൊരുക്കുന്നു. നേരത്തേ ബുക്ക് ചെയ്താല്‍ ദ്വീപിലെ ട്രീ ഹൌസുകളില്‍ രാത്രി താമസം സൌകര്യപ്പെടുത്താം. ദ്വീപിലേക്ക് കടന്ന് അതിനകത്തെ മുളങ്കാടുകള്‍ക്കിടയിലൂടെ കുറേ നടന്ന്, നദിക്കരയിലേക്കിറങ്ങി അതിന്റെ കളകളാരവം ആസ്വദിച്ച് കുറേ നേരം നിന്നപ്പോള്‍ പെട്ടെന്നൊരു ഊര്‍ജ്ജസ്വലത വന്നുചേര്‍ന്നു.
|
കാവേരി പാടാം ഇനി.... - കാവേരി നിസര്‍ഗ്ഗധമയില്‍ നിന്ന് ഒരു കാഴ്ച്ച. |
|
ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും... - മറ്റൊരു ദൃശ്യം. |
|
കാവേരീ തീരത്ത് അല്‍പ്പനേരം... റീചാര്‍ജ്ജിങ്ങ് പോയന്റ് |
ഉച്ചഭക്ഷണത്തിന് മുന്നേ കുശാല്‍നഗറില്‍ നിന്ന് പിരിയണമെന്നുള്ളതുകൊണ്ട് പെട്ടെന്ന് തന്നെ ഗോള്‍ഡന്‍ ടെമ്പിളിലേക്കുള്ള വഴിയിലേക്ക് യാത്ര തുടര്‍ന്നു. കണ്ടുപിടിക്കണമെന്ന്‍ ആഗ്രഹിച്ചിരുന്ന കെട്ടിടത്തിന് മുന്നിലേക്ക് വണ്ടി ഓടിച്ച് നേരിട്ട് ചെന്നുകയറാനായി. അതും ഒരു ക്ഷേത്രമാണ്, പുതുതായി നിര്‍മ്മിച്ചത്.
|
ചോളപ്പാടങ്ങള്‍ക്കിടയില്‍ മറ്റൊരു ബുദ്ധക്ഷേത്രം. |
കുത്തനെയുള്ള പടികള്‍ കയറി വേണം ക്ഷേത്രത്തിനകത്തേക്ക് കടക്കാന്‍. പെട്ടെന്ന് യൂണിഫോം ധരിച്ച കാവല്‍ക്കാരന്‍ തടഞ്ഞു. അകത്ത് ഫോട്ടോ എടുക്കാന്‍ പാടില്ല. ക്യാമറ കാറിനകത്ത് വെച്ച് പടികള്‍ കയറി അകത്തേക്ക് ചെന്നപ്പോള്‍ കണ്ണുകള്‍ക്ക് ഒരു സദ്യ തരപ്പെട്ടതുപോലെ.
45 അടിയ്ക്ക് മുകളില്‍ ഉയരം വരുന്ന സുവര്‍ണ്ണ ബുദ്ധപ്രതിമയാണ് അകത്തുള്ളത്. ചുറ്റുമുള്ള തൂണുകളില്‍ ചൈനീസ് ഡ്രാഗണുകള്‍ ചുറ്റിപ്പിടിച്ച് വായ് പിളര്‍ന്ന് തീ തുപ്പി നിലകൊള്ളുന്നു. നോക്കി നിന്നുപോയി കുറേയേറേ നേരം. പിന്നീട് ഹാളിന്റെ ഒത്തനടുക്ക് ആ തറയില്‍ ഇരുന്നു മൂവരും.
ഒരു ആരാധനാലയം ഒറ്റയ്ക്ക് തുറന്ന് കിട്ടിയിരിക്കുന്നു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ചുരുക്കം ചിലപ്പോള്‍ ഇതുപോലുള്ള നിശബ്ദമായ പ്രാര്‍ത്ഥനകള്‍ക്ക് അവസരം ഒത്തുവരുന്നത് ഒരു ഭാഗ്യംതന്നെ. പുതിയ ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയാന്‍ ആരെ സമീപിക്കണം എന്ന് കാവല്‍ക്കാരനോട് ആരാഞ്ഞപ്പോള്‍ നിരാശാജനകമായ മറുപടിയാണ് കിട്ടിയത്. ദലൈലാമയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഔദ്യോഗിക മീറ്റിങ്ങുകള്‍ നടക്കുന്നതുകൊണ്ട് ആരേയും ഇപ്പോള്‍ കാണാനാകില്ല. മനസ്സില്ലാമനസ്സോടെ പടികള്‍ ഇറങ്ങി കാറിനടുത്തേക്ക് നടന്നു, വെളിയില്‍ നിന്ന് ക്ഷേത്രത്തിന്റെ ചിത്രങ്ങളെടുത്തു.
|
പുതിയ ക്ഷേത്രത്തിന്റെ മുന്‍വശം. |
കിഴക്കിന്റെ സ്‌ക്കോട്ട്‌ലാന്‍ഡിനോട് തല്‍ക്കാലം വിട. ബാംഗ്ലൂരിലെ ചില പഴയ സുഹൃത്തുക്കളെ കാണാനായിട്ടാണ് അടുത്ത രണ്ട് ദിവസം മാറ്റിവെച്ചിരിക്കുന്നത്. അതുകഴിഞ്ഞ് കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍, നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ടൂറിന് പോയ ഒരു സ്ഥലത്തിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ക്ക് മിഴിവേകാനുള്ള ചില പദ്ധതികളൊക്കെ എന്റെ മനസ്സിലുണ്ടായിരുന്നു.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.