സുഹൃത്തുക്കളെ
2007 ഒക്‌ടോബർ 27 മുതൽക്കാണ് ബ്‌ളോഗുകൾ എഴുതിത്തുടങ്ങിയത്. യാത്രാവിവരണങ്ങൾ മാത്രം എഴുതിയിരുന്ന ചില യാത്രകൾ എന്ന ഈ ബ്‌ളോഗിന് പുറമേ നിരക്ഷരൻ, ചില ചിത്രങ്ങൾ, Niraksharan's Travelogues എന്നിങ്ങനെ മൊത്തം നാല് ബ്‌ളോഗുകൾ കൊണ്ടുനടന്നിരുന്നു ഇതുവരെ.
എല്ലാ ബ്‌ളോഗുകളിലേയും ലേഖനങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനെപ്പറ്റി മുന്നേ തന്നെ ആലോചിക്കുന്നതാണെങ്കിലും ഇപ്പോഴാണ് അത് നടപ്പിലാക്കാൻ സൗകര്യപ്പെട്ടത്. മേൽപ്പറഞ്ഞ എല്ലാ ബ്‌ളോഗുകളിലേയും ലേഖനങ്ങൾ ഇപ്പോൾ http://niraksharan.in എന്ന സൈറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. മേൽപ്പറഞ്ഞ നാല് ബ്‌ളോഗുകളിലും തുടർന്നങ്ങോട്ട് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ല.
യാത്ര, Travelogues, സാമൂഹികം, പുസ്തകം, സിനിമ, ഓർമ്മ, പലവക എന്നിങ്ങനെ ലേഖനങ്ങളെ തരം തിരിച്ച് സൈറ്റിൽ ചേർത്തിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ലേഖനം തിരയാനായി Find സൗകര്യവും ഉണ്ട്.
ഗൂഗിളിലെ റീഡർ സൗകര്യം ഉപയോഗിച്ച് ബ്‌ളോഗുകൾ പിന്തുടർന്നിരുന്നവർക്ക്, പുതിയ സൈറ്റിൽ ലേഖനങ്ങൾ വരുമ്പോൾ അറിയാൻ പറ്റുന്നില്ല എന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് എഴുതിയിടുന്നത്. ബ്‌ളോഗിൽ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നെങ്കിലും ഞാനൊരു ബ്ളോഗർ അല്ലാതാകുന്നില്ല. Web + logger = Blogger എന്ന സൂത്രവാക്യം കണക്കിലെടുത്താൽ, ബ്ളോഗിലോ പോർട്ടലിലോ സൈറ്റിലോ ഫേസ്‌ബുക്കിലോ ഗൂഗിൾ പ്‌ളസ്സിലോ, ഇതൊന്നുമല്ലാത്ത മറ്റേത് ഓൺലൈനിൽ ഇടങ്ങളിലോ ലേഖനങ്ങൾ എഴുതുന്ന ഒരാൾ ബ്‌ളോഗർ തന്നെ ആണെന്നാണ് എന്റെ വിശ്വാസം.
ഇതുവരെ വായനയിലൂടെയും അഭിപ്രായങ്ങളിലൂടെയും പ്രോത്സാഹനം തന്നവർക്കെല്ലാം നന്ദി. തുടർന്ന് വായിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നിരക്ഷരൻ സൈറ്റിലൂടെ കടന്നുപോകേണ്ടി വരുമെന്ന് വിനയപൂർവ്വം അറിയിക്കുന്നു.
സസ്നേഹം
- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)
Wednesday 23 July 2014
Wednesday 12 February 2014
'പത്താം മൈൽ' രഹസ്യം തേടി.
കൊച്ചിൻ ട്രക്കിങ്ങ് ക്ലബ്ബ് ശ്രീ.സിബി മൂന്നാറിന്റെ നേതൃത്വത്തിൽ കുറെയേറെ നാളുകളായിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ്. പക്ഷേ, എനിക്കതിൽ ചേരാനുള്ള അവസരം ഒത്തുവന്നത് ഇക്കൊല്ലം മാത്രമാണ്. ചേർന്നതിന് ശേഷം ഒന്നുരണ്ട് ട്രക്കിങ്ങുകൾ കഴിഞ്ഞെങ്കിലും പങ്കെടുക്കാനായില്ല. അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാനാവില്ലല്ലോ ? അതുകൊണ്ട് ഫെബ്രുവരി 8ന് ക്ലബ്ബ് പദ്ധതിയിട്ട ‘പത്താം മൈൽ‘ നടത്തത്തിൽ പങ്കുകൊള്ളാൻ തന്നെ തീരുമാനമെടുത്തു.
ട്രക്കിങ്ങിനെപ്പറ്റി പറയുന്നതിന് മുന്നേ സിബി മൂന്നാറുമായുള്ള സൌഹൃദത്തെപ്പറ്റി അൽപ്പം പറയാതെ വയ്യ. 2011 ഡിസംബറിൽ മലയാളം വാരികയിൽ ഗീരീഷ് ജനാർദ്ദനൻ എഴുതിയ ലേഖനത്തിലൂടെയാണ് സിബിയെപ്പറ്റി അറിയുന്നത്. പിന്നീട് ഓൺലൈനിലും ഫോണിലുമൊക്കെ പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും നേരിൽ കാണാൻ പലകാരണങ്ങൾകൊണ്ടും സാധിച്ചില്ല. അതിനുള്ള അവസരം കൂടെയാണ് ഈ ട്രക്കിങ്ങിലൂടെ കിട്ടാൻ പോകുന്നത്.
മലയാളം വാരികയിൽ സിബി മൂന്നാറിനെപ്പറ്റി.... |
രാവിലെ 01:30ന് എറണാകുളം ട്രാൻസ്പോർട്ട് ബസ്സ് സ്റ്റാന്റിൽ നിന്ന് മൂന്നാർ ബസ്സ് ഒരെണ്ണം പുറപ്പെടുന്നുണ്ട്. നേരം വെളുക്കുന്നതോടെ അത് മൂന്നാറെത്തും. ബസ്സിലിരുന്ന് മൂന്നോ നാലോ മണിക്കൂർ ഉറങ്ങാം. ഉറങ്ങിയേ പറ്റൂ. അല്ലെങ്കിൽ 16 കിലോമീറ്റർ നടത്തം വിചാരിച്ചത് പോലെ അനായാസം പൂർത്തിയാക്കാൻ പറ്റിയെന്ന് വരില്ല.
കച്ചേരിപ്പടിയിൽ നിന്ന് ഓട്ടോ പിടിച്ച് ബസ്സ് സ്റ്റാന്റിൽ എത്താമെന്നുള്ള ആഗ്രഹം ഓട്ടോ റിക്ഷാ സമരം കാരണം നടന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ട്രക്കിങ്ങ് ഇങ്ങ് എറണാകുളത്ത് വെച്ചു അർദ്ധരാത്രിക്ക് തന്നെ ആരംഭിച്ചു. സ്റ്റാന്റിൽ ചെന്നപ്പോൽ ഒരു പടയ്ക്കുള്ള ജനമുണ്ട് അവിടെ. എന്നാലും ക്ലബ്ബ് അംഗങ്ങളിൽ പലരേയും ആ തിരിക്കിനിടയിലും തിരിച്ചറിഞ്ഞു. രമേശ് ബാബു. അനിൽ, ജോസ് ജസ്റ്റിൻ, മനു ജസ്റ്റിൻ, അതുൽ ഡോമിച്ചൻ എന്നിങ്ങനെ 10 പേരുണ്ട് എറണാകുളത്തുനിന്ന്. ഒരാൾ ആലുവയിൽ നിന്ന് കയറും. എല്ലാവരും പെട്ടെന്ന് തന്നെ പരിചയക്കാരായി. ഒരാൾ തന്നെ എല്ലാവരുടേയും ടിക്കറ്റെടുത്തു. ബസ്സ് മൂന്നാറിലേക്ക്. ആലുവ എത്തുന്നതിന് മുന്നേതന്നെ ഞാൻ നിദ്രാദേവിയുമായി ചങ്ങാത്തത്തിലായി.
ഉറക്കത്തിനിടയിൽ എപ്പോഴോ കാലാവസ്ഥ മാറിയത് തിരിച്ചറിഞ്ഞു. തണുപ്പ് ചെവി തുളച്ച് കടക്കാൻ തുടങ്ങിയിരിക്കുന്നു. മങ്കിത്തൊപ്പി എടുത്തണിഞ്ഞു. കുറേക്കൂടെ കഴിഞ്ഞപ്പോൾ തണൂപ്പ് ശരീരത്തിലേക്കും പടർന്നുകയറി. ബാഗിലുള്ള വിൻഡ് ചീറ്റർ താൽക്കാലിക രക്ഷയായി.
ശങ്കുപ്പടി സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. പ്രാഥമിക കർമ്മങ്ങൾക്കുള്ള സൌകര്യം ഏർപ്പാടാക്കിയിരിക്കുന്നത് അവിടെയാണ്. ബസ്സിറങ്ങിയപ്പോൾ ആലിംഗനം ചെയ്ത് സ്വീകരിക്കാൻ ഇരുട്ടത്ത് സ്റ്റോപ്പിൽത്തന്നെ മൂന്നാറിന്റെ തണുപ്പ് വകവെക്കാതെ ആറരയടിയോളം ഉയരത്തിൽ സിബിയുണ്ട്. കാടിന്റെ മർമ്മമറിഞ്ഞ, മലകളുടെ മറുവശം കണ്ട, പ്രകൃതിയുടെ നേരറിഞ്ഞ, സിബിയെ തണുപ്പ് സ്പർശിക്കുന്നുപോലുമില്ലെന്ന് തോന്നി.
എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. ഇരുട്ട് അൽപ്പം നീണ്ടുനിൽക്കുന്നതുകൊണ്ടും പ്രതീക്ഷിക്കാത്തതിലധികം തണുപ്പുള്ളതുകൊണ്ടും 7 മണിക്ക് ആരംഭിക്കാമെന്ന് കരുതിയിരുന്ന യാത്ര ഒരു മണിക്കൂർ നേരം വൈകിപ്പിച്ചു.
ശങ്കുപ്പടി ജോയ്സ് പാലസിന് മുന്നിൽ സംഘാംഗങ്ങൾ. |
തൊട്ടടുത്ത നാടൻ ചായക്കടയിൽ നിന്ന് അപ്പം മുട്ടക്കറി പുട്ട് എന്നിങ്ങനെ വീട്ടിലുണ്ടാക്കിയ രുചിയുള്ള പ്രാതൽ കഴിച്ച ശേഷം ആദ്യം വന്ന ബസ്സിൽ ട്രക്കിങ്ങ് സംഘം മൂന്നാർ പട്ടണത്തിലേക്ക് തിരിച്ചു. ശങ്കുപ്പടിയിൽ നിന്ന് 15 കിലോമീറ്ററുണ്ട് മൂന്നാർ പട്ടണത്തിലേക്ക്. അതിനിടയ്ക്ക് ചായക്കടയിലെ പത്രത്തിൽ കണ്ട വാർത്ത ഞെട്ടിച്ചു. “മൂന്നാറിൽ താപനില മൈനസ് മൂന്ന് ഡിഗ്രി“.
പലവട്ടം മൂന്നാറിൽ പോയിട്ടുണ്ടെങ്കിലും ആ വഴി ബസ്സിൽ ഇതാദ്യമാണ്. അതുകൊണ്ടുതന്നെ രണ്ടാം മൈൽ അഞ്ചാം മൈൽ എന്നൊക്കെയുള്ള സ്റ്റോപ്പുകൾ ശ്രദ്ധിക്കുന്നതും ആദ്യമായിട്ടാണ്. പത്താം മൈൽ ചരിത്രം കണ്ടെത്താൻ ഇനിയധികം ദൂരമില്ല.
ട്രക്കിങ്ങ് തുടങ്ങുന്നത് അനുകരണീയമായ ഒരു സംരംഭത്തിന് മുന്നിൽ നിന്നാണ്. ‘കുറിഞ്ഞി‘ എന്നാണതിന്റെ പേര്. തോട്ടം തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള ശാരീരിക ബലഹീനതകൾ ഉള്ള കുട്ടികളാണ് അതിന്റെ പിന്നണിയിൽ. ബേക്കറി മുതൽ കൈകൊണ്ട് ഉണ്ടാക്കുന്ന കടലാസ്, പ്രകൃതിദത്തമായ ഡൈയിംങ്ങ് യൂണിറ്റ്, തുന്നൽപ്പണികൾ, തോട്ടപ്പണികൾ, എന്നിങ്ങനെ പലതുമുണ്ട് ആ സംരംഭത്തിൽ. തോട്ടങ്ങളിലെ മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെയുള്ളവരുടെ ഭാര്യമാരുടെ സമയവും കാര്യക്ഷമതയും നല്ല നിലയ്ക്ക് പ്രയോജനപ്പെടുത്താനായി ടാറ്റ സൺസ് ഡയറൿടർ പദവി വരെ എത്തിയ ആദ്യ മലയാളിയായ ശ്രീ.കൃഷ്ണകുമാറിന്റെ ഭാര്യ രത്ന കൃഷ്ണകുമാറാണ് കുറിഞ്ഞി ആസൂത്രണം ചെയ്തത്. അവിടന്ന് എന്തെങ്കിലും വാങ്ങിയാൽ ആ കുട്ടികൾക്ക് അതൊരു പ്രോത്സാഹനമാകും, നടത്തത്തിനിടയിൽ ഞങ്ങൾ കഴിക്കുകയുമാവാം എന്നതുകൊണ്ട് കുറച്ച് ഫ്രൂട്ട് കേക്ക്, വീട്ടിലുണ്ടാക്കുന്ന ചോൿളേറ്റ് എന്നതൊക്കെ അൽപ്പസ്വൽപ്പം പലരും വാങ്ങി ബാക്ക് പാക്കിൽ സ്ഥാപിച്ച് എട്ടേമുക്കാൽ മണിയോടെ ട്രക്കിങ്ങ് ആരംഭിച്ചു.
യാത്ര ഇവിടെ തുടങ്ങുന്നു. |
വഴികൾ, കഥകൾ, കാഴ്ച്ചകൾ... |
സർക്കാർ ഉടമസ്ഥതയിലുള്ള ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ്ങ് സെന്ററാണ് തൊട്ടടുത്ത്. 1970 വരെ പ്രശസ്തമായിരുന്ന ഒരു കുതിരയോട്ട മൈതാനമായിരുന്നു അത്. ദേവികുളം താലൂക്കിലെ ഏറ്റവും വലിയ ചതുപ്പുനിലം കോടികൾ മുടക്കി മണ്ണിട്ട് നികത്തിയാണ് ഈ ഗ്രൌണ്ട് നിർമ്മിച്ചത്. വികസന മോഹങ്ങൾ മനുഷ്യന് പുന:സൃഷ്ടിക്കാൻ കഴിയാത്ത, വീണ്ടെടുക്കാൻ ആകാത്ത പരിസ്ഥിതി നാശം ഉണ്ടാക്കുന്നത് എങ്ങിനെയെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ മൈതാനം.
വഴി മുന്നിലങ്ങനെ നീണ്ട് നീണ്ട് ..... |
നേരത്തേ പറഞ്ഞിരുന്നത് പോലെ തീരെ ഗതാഗതം ഇല്ലാത്ത സ്ഥലങ്ങളിലൂടെയോ കാട്ടിലൂടെയോ ഒന്നുമല്ല ഈ ട്രക്കിങ്ങ്. ലച്ച്മി എസ്റ്റേറ്റ് വഴി മാങ്കുളത്തേക്ക് പോകുന്ന വഴിയാണ് ട്രക്കിങ്ങ് റൂട്ട്. ചില വാഹനങ്ങളെങ്കിലും ഇടയ്ക്കൊക്കെ കടന്ന് പോകുന്ന ഒരു വഴിയാണത്. കാറിലോ ജീപ്പിലോ ബസ്സിലോ അതല്ല മറ്റേതൊരു ടൂറിസ്റ്റ് വാഹനത്തിൽ ഇരുന്നോ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്ന ഒരു കാഴ്ച്ച കുറേ അധികം നേരം നോക്കി നിൽക്കാൻ, തേയിലത്തോട്ടങ്ങളിലെ ജീവിതങ്ങൾ അടുത്ത് നിന്ന് കാണാൻ. പത്താം മൈലിന്റെ രഹസ്യം കണ്ടുപിടിക്കാൻ.
തണലുകൾ, തളിരുകൾ, പൂക്കൾ... |
തൂക്കുപാലം ഒരെണ്ണം കണ്ടപ്പോൾ, പോകേണ്ട വഴി അതല്ലെങ്കിലും എല്ലാവരും അതിലേക്ക് കയറി നിന്നു, കുറേ ക്യാമറകൾ കണ്ണടച്ച് തുറന്നു. വലിയ ആൾനാശവും കൃഷിനാശവും ഉണ്ടാക്കിയ 1924 ലെ മൂന്നാർ വെള്ളപ്പൊക്കത്തിനു ശേഷം നിർമ്മിച്ച തൂക്കുപാലമാണത്. അത്രയും പേർ കയറി നിന്നിട്ടും വയസ്സൻ പാലത്തിന് കാര്യമായ മൂളലും ഞരക്കവുമൊന്നുമില്ല.
തൂക്കുപാലത്തിന്റെ ബലം പരിശോധിക്കുന്നു. |
ചായക്കടക്കാരൻ സ്ഥലത്തില്ല. ആരോ പോയി വിളിച്ചുകൊണ്ടുവന്നു. ചായയും കട്ടൻ ചായയും ബോണ്ടയും ഉഴുന്ന് വടയും പരിപ്പുവടയുമൊക്കെ അകത്താക്കി യാത്ര തുടർന്നു. ലച്ച്‌മി എസ്റ്റേറ്റിന്റെ തേയിലക്കാടുകൾ കണ്ണെത്താ ദൂരത്തേക്ക് നീണ്ടുകിടക്കുന്നു. ലക്ഷ്മി എന്നല്ല ലച്ച്മി (Letchmi) എന്ന് തന്നെയാണ് പറയുന്നതും എഴുത്തി വെച്ചിരിക്കുന്നതുമൊക്കെ.തമിഴ് വംശജരാണ് തോട്ടം തൊഴിലാളികളിൽ ബഹുഭൂരിഭാഗവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? നമ്മളിപ്പോൾ തമിഴ്‌നാട്ടിലാണോ എന്ന് ചില അംഗങ്ങൾക്ക് സംശയമുണ്ടായത് സ്വാഭാവികം.
ചായക്കട, ക്ലബ്ബ്, റേഷൻ ഷാപ്പ് ...സമുച്ചയം. |
ചായക്കടയുടെ ഉൾവശം. |
ഇതിനൊരു മറുവശം കൂടെ ഈ ട്രക്കിങ്ങിനിടയിൽ ദർശിക്കാനായെന്ന് വരും. ചുരുങ്ങിയ സൌകര്യങ്ങളിലാണ് അവർ ജീവിക്കുന്നത്. ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള ലൈൻ വീടുകൾ. പക്ഷെ ശുചിത്വമുണ്ട് അവിടെയെല്ലാം. മാലിന്യം എങ്ങും അലക്ഷ്യമായി കുമിഞ്ഞ് കൂടിക്കിടക്കുന്നില്ല. വഴിയിലെങ്ങും പ്ലാസ്റ്റിക്ക് ബാഗുകളൊന്നും കാണാൻ ഞങ്ങൾക്കായില്ല. ശുദ്ധവായുവാണ് അവർ ശ്വസിക്കുന്നത്. നഗരവാസികൾക്ക് ഏറ്റവും മികച്ച എല്ലാ സൌകര്യങ്ങൾക്കിടയിലും നഷ്ടമാകുന്ന പ്രകൃതിയുടെ തലോടൽ, തോട്ടം തൊഴിലാളികൾക്കിവിടെ ആവോളം കിട്ടുന്നുണ്ട്.
ലച്ച്‌മി എസ്റ്റേറ്റ്. |
മാലിന്യനിക്ഷേപത്തിനുള്ള സംവിധാനങ്ങൾ. |
നമ്മുടെ നാട്ടിൽ ഏതെങ്കിലും ഒരു പഞ്ചായത്തിൽ അല്ലെങ്കിൽ ഒരു വാർഡിലെങ്കിലും ഇത്തരം ഒന്ന് നടത്തി നോക്കാൻ എന്തുകൊണ്ട് അധികൃതർ ശ്രമിക്കുന്നില്ല. അധികൃതർക്കാവുന്നില്ലെങ്കിൽ എന്തുകൊണ്ട് പാർട്ടി പ്രവർത്തകരോ പൊതുപ്രവർത്തകരോ ദുരിതം അനുഭവിക്കുന്ന ജനങ്ങൾ തന്നെയോ ശ്രമിക്കുന്നില്ല. ഒരു പഞ്ചായത്തിൽ നടപ്പിലാക്കാനായാൽ മറ്റുള്ളയിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കുന്ന ഇത്തരമൊരു പ്രവർത്തനം ആലോചിക്കേണ്ട വിഷയമല്ലേ ?
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ട് പോകുന്ന കുട്ടിയുടെ കൈയിലുള്ളത് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ചാക്കുവള്ളികൊണ്ട് കെട്ടിയ പൊതിയാണ്. പ്ലാസ്റ്റിക്ക് ബാഗുകൾ ഉപയോഗത്തിലില്ല എന്ന് സാരം.
ലച്ച്മി എസ്റ്റേറ്റ് കെട്ടിടവും പിന്നിട്ട് ട്രക്കിങ്ങ് പുരോഗമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് കൂട്ടം തെറ്റി പിന്നിൽ നിൽക്കുന്നവരെ ഒപ്പം ചേർക്കാനായി മുന്നിൽ പോകുന്ന സംഘം അൽപ്പനേരം നിൽക്കും. ആ സമയത്തൊക്കെ തോട്ടം ചരിത്രവും കാട് പരിസ്ഥിതി എന്ന് തുടങ്ങി കസ്തൂരിരംഗൻ വരെയുള്ള ആരോഗ്യപരമായ ചർച്ചകൾക്ക് മരുന്നിടുന്നുണ്ട് സിബി. ഇപ്പറഞ്ഞ വിഷയങ്ങളിലെല്ലാം എന്ത് ചോദിച്ചാലും സുദീർഘം സംസാരിക്കാനുള്ള ജ്ഞാനമുണ്ട് അദ്ദേഹത്തിന്.
അൽപ്പവിശ്രമം, കുറച്ച് അറിവ് പങ്കുവെക്കലും. |
നഴ്സറികൾ, മരങ്ങൾക്ക് കീഴെയുള്ള ദേവപ്രതിഷ്ഠകൾ, പാർട്ടിക്കൊടികൾക്ക് വേണ്ടിയുള്ള സിമന്റ് തറകൾ, തേയില തൂക്കിനോക്കാൻ വേണ്ടിയുള്ള കുറ്റികൾ, മീനുമായി വരുന്ന കച്ചവടക്കാരനെ വാലാട്ടിയും കുരച്ചും തടുത്ത് നിർത്തുന്ന വളർത്തുനായ്ക്കൾ, തേയില ഉണാക്കാനുള്ള തറകൾ, മഴമാപിനി, എന്നിങ്ങനെ റോഡരുകിലുള്ള കാഴ്ച്ചകൾക്കൊപ്പം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം കൂടെയുണ്ട്. മൂന്ന് നാലടിയോളം ഉയരമുള്ള അൽപ്പം വലിപ്പമുള്ള ശവകുടീരങ്ങളെപ്പോലുള്ള കൂനകൾ. ചാണകവും തേയിലയുടെ വേസ്റ്റും ചേർത്ത് കമ്പോസ്റ്റാക്കാൻ വേണ്ടി ഇട്ടിരിക്കുന്ന കൂനകളാണത്. ചിലയിടങ്ങളിൽ ജോലിക്കാർ അത് ഇളക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്ന ജോലിയും നടക്കുന്നുണ്ട്.
തേയില + ചാണകം കമ്പോസ്റ്റ്. |
കമ്പോസ്റ്റ് ഇളക്കിയെടുക്കുന്നു. |
യാത്ര അവസാനഘട്ടത്തിലേക്കെത്തുകയാണ്. പത്താം മൈലിന്റെ രഹസ്യം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല.
ഗതാഗത സൌകര്യവും വാർത്താവിനിമയവും ഒന്നും ഇല്ലാതിരുന്ന പഴയ കാലഘട്ടത്തിൽ താഴ്വരയിൽ നിന്ന് ദിവസേന പത്ത് മൈലും അതിലധികം ദൂരവും നടന്ന്, അങ്ങനെ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസങ്ങൾ നടന്നാണ് തൊഴിലാളികളും തോട്ടമുടമകളും തൊഴിലിടങ്ങളിൽ എത്തിയിരുന്നത്. ഓരോ പത്തു മൈലിലും രാത്രി താങ്ങാനുള്ള സത്രങ്ങൾ അന്നുണ്ടായിരുന്നു. അത്തരം സത്രങ്ങൾ സ്ഥാപിച്ചിരുന്ന പ്രദേശങ്ങളാണ് പിന്നീട് 'പത്താം മൈൽ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അക്കാലത്ത് തോട്ടം പണിക്ക് ആളെയെടുക്കാനുള്ള ഒരു മാനദണ്ഡം കൂടെയായിരുന്നു പത്താം മൈൽ നടത്തം. സായിപ്പ് കുതിരപ്പുറത്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. അയാളുടേതടക്കം സംഘാങ്ങളുടെയൊക്കെ സാധനസാമഗ്രികൾ 10 മൈൽ ദൂരം ചുമന്ന് കൊണ്ട് നടക്കാൻ കെൽപ്പുള്ളവരെ ജോലിക്കെടുക്കും. അതാണ് ഉദ്യോഗാർത്ഥി നേരിടേണ്ട റിക്രൂട്ട്മെന്റ് പരീക്ഷ.
ഇത്തരത്തിൽ ഉണ്ടായ എല്ലാ പത്താം മൈലുകളും ഇന്ന് തെറ്റില്ലാത്ത ടൌൺഷിപ്പുകൾ ആയിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അതിലേക്ക് ഒരു ട്രക്കിങ്ങ് സംഘം ചെന്നുകയറുന്നതിൽ വലിയ കാര്യമില്ലല്ലോ ?
2014 ജനുവരി 5ന് ഇന്ത്യയിലെ തേയില കൃഷിക്ക് പ്രായം 175 പൂർത്തിയായി. മധുര രാജാവിന്റെ പ്രജകൾക്കൊപ്പം കടലുകൾ താണ്ടി എത്തിയ സ്കോട്ട്‌ലാന്റുകാർ മലകൾ ചുരന്ന് കയറി കണ്ണൻ ദേവൻ കുന്നുകളിൽ എത്തി തമ്പടിച്ച് ചോര നീരാക്കി ഉണ്ടാക്കിയ മൂന്നാർ തേയില കൃഷിയാകട്ടെ 134 വയസ്സ് തികച്ചിരിക്കുന്നു. ‘ഒരു ചായ കുടിക്കുന്നത് പോലെ‘ എന്ന പ്രയോഗം എത്ര ലളിതം. പക്ഷെ അതിന് പിന്നിലുള്ള ത്യാഗങ്ങൾ, അതിന് വേണ്ടി വന്ന അദ്ധ്വാനം, അതിന്റെ ചരിത്രം, അതൊന്നും അത്ര നിസ്സാരമല്ല.
തേയിലത്തോട്ടത്തിന്റെ ഒരു ദൃശ്യം. |
തോട്ടത്തിൽ മരുന്നടിക്കുന്നു. |
ഇടയ്ക്ക് ചില ഇടവഴികളിലോ മരത്തണലിലോ തേയില പ്ലാറ്റ്‌ഫോമിലോ അൽപ്പം വിശ്രമം. അതിനിടയ്ക്ക് ചിലപ്പോൾ ഒരു ഗ്രൂപ്പ് ഫോട്ടോ. ഇടതടവില്ലാതെ സിബിയുടെ വിശദീകരണങ്ങളും ബോധവൽക്കരണങ്ങളും. അവസാനപാദത്തിൽ തേയിലത്തോട്ടം വിട്ട് വി.എസ്.അച്ചുതാനന്ദൻ ഇടിച്ചിട്ട ചില കെട്ടിടങ്ങൾക്കിടയിലൂടെ കാട് മുറിച്ച് കടന്ന് വീണ്ടും റോഡിലേക്കിറങ്ങി മുന്നോട്ട് നീങ്ങി. തകർക്കപ്പെട്ട കെട്ടിടങ്ങൾ ഏതോ പുരാതനമായ കെട്ടിടങ്ങളുടെ അവസ്ഥയിലായിട്ടുണ്ട് ഇപ്പോൾ.
ഇടിച്ചിട്ട കെട്ടിടങ്ങൾക്കിടയിലൂടെ... |
റോഡിലേക്ക് ഒരു ഷോർട്ട് കട്ട്. |
ട്രക്കിങ്ങ് അവസാനിക്കുന്നയിടത്ത് അരുവിയിലെ ഒരു കുളി പാക്കേജിൽ ഓഫറുണ്ട്. അവിടന്ന് തന്നെ ഉച്ചഭക്ഷണവും കഴിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് സിബി. യാത്ര അവസാനിക്കാറായെങ്കിലും അധികമാരും ക്ഷീണിതരാണെന്ന് തോന്നിയില്ല. അവസാനത്തെ നാല് കിലോമീറ്ററോളം ഇറക്കമാണ്. ഇറങ്ങുമ്പോൾ ഷൂ ഇട്ടിരിക്കുന്നവർക്ക് വിരലെല്ലാം തിങ്ങി ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു മധുരനൊമ്പരം മാത്രമാണ് എനിക്കുള്ളത്. ശ്രീമതി ജീനയ്ക്ക് അവസാനപാദത്തിൽ അൽപ്പം വേഗത കുറഞ്ഞിട്ടുണ്ട്. ഇത്രയും ദൂരം നടക്കാൻ തയ്യാറായത് എല്ലാവർക്കും ഒരു വെല്ലുവിളി തന്നെയാണ്. അത് വിജയത്തിലേക്കെത്താൽ പോകുന്നതുകൊണ്ട് നടന്ന് തന്നെ ട്രക്കിങ്ങ് പൂർത്തിയാക്കുമെന്ന വാശി നടപ്പിലാക്കുക തന്നെ ചെയ്തു ജീന. ഇതിനിടയ്ക്ക് ഭക്ഷണവുമായി ഞങ്ങളെ കടന്നുപോയ ജീപ്പിന്റെ സൌകര്യം അവസാനത്തെ ഒരു കിലോമീറ്റർ ദൂരത്തേക്ക് പ്രയോജനപ്പെടുത്താൻ അൻസാറും ജീനയും തയ്യാറായില്ല.
താഴ്വരയിലെ നീരൊഴുക്ക്. |
പൂത്ത് നിൽക്കുന്ന താഴ്വാരം. |
താഴ്വരയിൽ പിങ്ക് നിറത്തിൽ കാട്ടുപൂക്കൾ പൂത്ത് പരന്ന് നിൽക്കുന്നു. അരുവി ഒഴുകി വന്ന് ഒരു ചെറിയ വെള്ളച്ചാട്ടമായിട്ട് പതിക്കുന്ന ഈ ഭാഗത്ത് മറ്റ് സഞ്ചാരികൾ വാഹനം നിർത്തി വെള്ളത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ കുറേപ്പേർ അങ്ങോട്ടിറങ്ങി. ചിലർ വസ്ത്രമെല്ലാം മാറ്റി വെള്ളത്തിൽ ഇറങ്ങുകയും ചെയ്തു. പക്ഷെ സിബി ഞങ്ങളെ കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന കുളിക്കടവ് അതല്ല. അൽപ്പം മാറി കാടിനുള്ളിൽ ഒരു സ്വകാര്യ കടവുതന്നെ സിബിക്കുണ്ട്. എല്ലാവരും അങ്ങോട്ട് നീങ്ങി.
അടിത്തട്ട് കാണിച്ചുകൊണ്ട് തെളിനീർ ഒഴുകി വരുന്നത് കണ്ടാൽത്തന്നെ എന്തെങ്കിലും ക്ഷീണമുള്ളതെല്ലാം മാറും. ഒട്ടും സമയം പാഴാക്കാതെ വസ്ത്രം മാറി എല്ലാവരും വെള്ളത്തിലേക്കിറങ്ങാൻ തയ്യാറെടുത്തു. കുളിക്കാനുള്ള സൌകര്യമുള്ളതുകൊണ്ട് ഒരു ജോഡി വസ്ത്രം കൂടെക്കരുതണമെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നതുകൊണ്ട് വസ്ത്രമില്ലല്ലോ തോർത്ത് ഇല്ലെന്നോ ഉള്ള പ്രശ്നങ്ങളൊന്നും ആർക്കുമില്ല.
പക്ഷെ വിചാരിച്ച പോലെ അത്ര എളുപ്പമല്ല വെള്ളത്തിലേക്കിറങ്ങാൻ. കാലെടുത്ത് കുത്തുമ്പോൾത്തന്നെ കോച്ചിവലിക്കുന്ന തണുപ്പാണ് ജലത്തിന്. ശരീരം മുഴുവൻ വെള്ളത്തിൽ മുക്കിയാൽ മരവിച്ച് പോകുമെന്ന അവസ്ഥ. ഘട്ടം ഘട്ടമായി വെള്ളത്തിലേക്ക് ഇറങ്ങുക മാത്രമാണ് പോം വഴി. വെള്ളമെടുത്ത് അൽപ്പാൽപ്പമായി ശരീരത്തിൽ തൂകി അരുവിയുടേയും ശരീരത്തിന്റേയും താപമാനം ഏതാണ് ഒരേ നിലയിൽ കൊണ്ടുവന്നാൽ അൽപ്പമെങ്കിലും ആശ്വാസം കിട്ടും. എന്നിട്ടും വെള്ളത്തിലിറങ്ങിയപ്പോൾ ഓരോ കോശവും വെട്ടിപ്പിളരുന്ന പോലുള്ള തണുപ്പ്. ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള തണുപ്പ് ഇങ്ങനെയാണെങ്കിൽ രാവിലെയോ മറ്റോ ഇവിടെ കുളിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. “വെള്ളത്തിലേക്കിറങ്ങാനും തോന്നുന്നില്ല ഇറങ്ങിയാൽ കയറാനും തോന്നുന്നില്ല“ എന്നായിരുന്നു റാസിയുടെ കമന്റ്. അക്ഷരം പ്രതി ശരിയായിരുന്നു ആ അഭിപ്രായം.
അരമണിക്കൂറിലധികം കഴുത്തോളം വെള്ളത്തിലങ്ങനെ കിടന്നു. അവസാനം വന്നവരെ വെള്ളം തെറിപ്പിച്ച് തണുപ്പറിയിപ്പിച്ച് ആസ്വദിച്ചു ആദ്യമിറങ്ങിയവർ. തണുത്ത വെള്ളത്തിലെ കുളി നൽകിയത് പുത്തനൊരു ഉണർവ് തന്നെയാണ്. ഇനിയുമൊരു പത്ത് മൈൽ നടക്കാൻ ബാല്യമുള്ളത് പോലെ. പക്ഷെ അതിനുള്ള സമയമില്ല. 15 കിലോമീറ്റർ ദൂരം വരുന്ന മടക്കയാത്ര ജീപ്പുകളിലാണ്. ഉച്ചയൂണുമായി വന്ന ജീപ്പുകളിൽ പ്രധാന റോഡിലേക്ക് മടങ്ങാം.
കുളിസീൻ. |
അയ്യേ.... പിന്നേം കുളിസീൻ. |
കാട്ടുചോലയ്ക്കരികിൽ ഉച്ചഭക്ഷണം. |
പതിനാറ് കിലോമീറ്റർ ദൈർഘ്യമുള്ള ട്രക്കിങ്ങും അരമണിക്കൂർ നീണ്ട കുളിയുമൊക്കെ കഴിഞ്ഞതുകൊണ്ടാകാം വാഴയിലയിൽ പൊതിഞ്ഞ വെജിറ്റേറിയൻ പൊതിച്ചോറിന് ഇരട്ടി സ്വാദായിരുന്നു.
ട്രക്കിങ്ങ് സംഘം - ഫോട്ടോ: മനു ജസ്റ്റിൻ |
അടുത്ത ട്രക്കിങ്ങിനെക്കുറിച്ചുള്ള ചർച്ചകൾ ആദ്യാവസാനം നടക്കുന്നുണ്ടായിരുന്നു. കൊളുക്കുമലയിൽ നിന്ന് താഴെ ബോഡിനായ്ക്കനൂർ വരെ ഒരു ട്രക്കിങ്ങ് ആണ് എനിക്കാഗ്രഹം. സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമലയിലേക്ക് ഒരു ട്രക്കിങ്ങിനെപ്പറ്റിയും ആലോചിക്കാവുന്നതാണ്. സിബിയുടെ ലിസ്റ്റിൽ അതിനേക്കാളൊക്കെ ഗംഭീരമായ അര ഡസൺ ട്രക്കിങ്ങ് റൂട്ടുകൾ വേറെയുണ്ട്. വരും നാളുകളിൽ അതൊക്കെയും നടപ്പിലാക്കപ്പെടും. ഒരുവിധം തിരക്കുകളൊക്കെ കണ്ടില്ലെന്ന് നടിച്ച് അതിലെല്ലാം പങ്കെടുക്കാൻ തന്നെയാണ് എന്റെ തീരുമാനം.
കുറച്ച് ദൂരമായാലും അധികദൂരമായാലും നഗരത്തിൽ ഐ.ടി.ജോലികളിലും മറ്റും പെട്ട് കമ്പ്യൂട്ടറിന് മുന്നിൽ മാത്രമായി ജീവിതം ഒതുങ്ങിപ്പോകുന്നവർ വല്ലപ്പോഴുമെങ്കിലും ഇങ്ങനെയൊരു ട്രക്കിങ്ങ് നടത്തിയിരിക്കണം. പിരിയാൻ നേരത്ത് സിബി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.
ട്രക്കിങ്ങ് ലീഡർക്കൊപ്പം ഒരു ചിത്രം. |
“അടുത്ത കൊല്ലം ഈ ട്രക്കിങ്ങിന്റെ ചിത്രങ്ങൾ എടുത്ത് നോക്കുമ്പോൾ,... ഹോ ഇങ്ങനെയൊക്കെ അന്ന് ചെയ്തിരുന്നല്ലേ എന്ന് തോന്നും. കുറേയേറെ വർഷങ്ങൾക്ക് ശേഷം ഇതേ ചിത്രങ്ങൾ വീണ്ടും എടുത്ത് നോക്കുമ്പോൾ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ. ” അതെ അപ്പറഞ്ഞതാണ് സത്യം.
ഇതിനിടയിൽ കിട്ടിയ കുറേ അറിവുകളും സൌഹൃദങ്ങളുമെല്ലാം ഏത് കണക്കിൽ വേണമെങ്കിലും വകയിരുത്താം. ആദായ നികുതിയോ ആർഭാട നികുതിയോ കൊടുക്കേണ്ട ആവശ്യമില്ലാത്ത മുതൽക്കൂട്ടാണ് അതൊക്കെയും.
------------------------------------------------------
ചിത്രങ്ങൾക്ക് കടപ്പാട്:-
അൻസാർ, രമേഷ് ബാബു, മനു ജസ്റ്റിൻ.
------------------------------------------------------
കൊച്ചിൻ ട്രക്കിങ്ങ് ക്ലബ്ബുമായി ബന്ധപ്പെടാൻ.
cochin-trekking-club@googlegroups.com
Subscribe to:
Posts (Atom)