ശ്രീലങ്കൻ യാത്രയുടെ ആദ്യഭാഗങ്ങൾ
----------------------------------------------------
ആദ്യത്തെ ദിവസം കൊളംബോ വിമാനത്താവളത്തിൽ ഇറങ്ങി അവിടന്ന് നേരിട്ട് കാൻഡിയിലേക്കാണ് പോയത്. അതുകൊണ്ടുതന്നെ തലസ്ഥാനമായ കൊളംബോ നഗരം ഇതുവരെ കണ്ടിട്ടില്ല. കാൻഡിയിലേക്ക് പോയത് റോഡ് മാർഗ്ഗം ആയതുകൊണ്ട് മടക്കയാത്ര തീവണ്ടിയിൽ ആക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ തീവണ്ടിപ്പാതയാണ് കാൻഡിയിൽ നിന്ന് കൊളംബോയിലേക്കുള്ളത്. നൂവാർ അലിയയിലും മറ്റും വന്ന് കോളനികളുണ്ടാക്കി സ്ഥിരതാമസമാക്കിയ വെള്ളക്കാരന്, കൊളംബോയിൽ ചെന്ന് കപ്പലുകയറി ബിലാത്തിയിലേക്ക് പോകാൻ ഈ തീവണ്ടിപ്പാത ആയിരിക്കണം, റോഡ് മാർഗ്ഗത്തേക്കാൾ കൂടുതൽ പ്രയോജനപ്പെട്ടിരിക്കുക.
|
കാൻഡി റെയിൽ വേ സ്റ്റേഷൻ |
ബ്രേക്ക് ഫാസ്റ്റ് കഴിച്ച്, ഹോട്ടൽ മുറി ചെക്ക് ഔട്ട് ചെയ്ത് എല്ലാവരും തീവണ്ടിയാപ്പീസിലേക്ക് പുറപ്പെട്ടു. 10:30നാണ് തീവണ്ടി പുറപ്പെടുന്നത്. റോട്ടറിക്കാർ അടക്കം എല്ലാവരും 190 രൂപയ്ക്ക് രണ്ടാം ക്ലാസ്സ് ടിക്കറ്റ് എടുത്ത് വണ്ടിയിൽ ഇടം പിടിച്ചു. 115 കിലോമീറ്ററോളം ദൂരമുണ്ട് കൊളംബോയിലേക്ക്. പഴഞ്ചൻ വണ്ടിയാണ്, സാമാന്യം നല്ല കുലുക്കവും ഇളക്കവുമൊക്കെയുണ്ട്. വിൿറ്റോറിയൻ കാലഘട്ടത്തെ തീവണ്ടിപ്പാതയാണ്. അതിന്നും നിലനിന്ന് പോരുന്നു. റെയിൽ വേ സ്റ്റേഷൻ മുതൽ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം. തീവണ്ടിപ്പാളങ്ങൾ കക്കൂസുകളാക്കിയിട്ടില്ല. പാതയ്ക്കിരുവശവും മാലിന്യം വലിച്ചെറിഞ്ഞിട്ടില്ല. പ്ലാസ്റ്റിക്കിന്റെ ബോട്ടിലുകളോ സഞ്ചികളോ ഒന്നും പാളത്തിന് ഇരുവശത്തുമില്ല. കാൻഡിയിലെ അൽപ്പസ്വൽപ്പം ജനവാസമുള്ള ഇടങ്ങളൊക്കെ കഴിഞ്ഞ് തീവണ്ടി കാടിനുള്ളിലേക്ക് കടന്നു. നല്ല ഒന്നാന്തരം കന്യാവനം. മഴ ആരംഭിച്ചതോടെ ഒരുവശത്തുള്ള പാറക്കെട്ടുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. സരസവി ഉയന, പിലിമതലവ, കടുഗന്നവ, ബലന, എന്നിങ്ങനെ സ്റ്റേഷനുകൾ ഓരോന്നായി കടന്ന് യാത്ര പുരോഗമിച്ചു.
|
തീവണ്ടിയിൽ നിന്ന് കേരളത്തെ അനുസ്മരിപ്പിക്കുന്ന ഒരു കാഴ്ച്ച. |
ഒരു വശത്ത് വന നിബിഢമായ മലകൾ, മറുവശത്ത് പച്ചപ്പിന്റെ പട്ട് വിരിച്ച താഴ്വര, കുത്തിയൊലിക്കുന്ന വെള്ളച്ചാലുകൾ, ചിലപ്പോൾ പാടങ്ങളും തെങ്ങുകളുമൊക്കെയുള്ള കേരളത്തെ അനുസ്മരിപ്പിക്കുന്ന ഭൂപ്രകൃതി, വൈവിദ്ധ്യമാർന്ന കാഴ്ച്ചകൾ തന്നുകൊണ്ട് തീവണ്ടി നീങ്ങിക്കൊണ്ടിരുന്നു. മിക്കവാറും എല്ലാ സ്റ്റേഷനുകളിലും ചെറുതാണെങ്കിലും ഒരു ബുദ്ധപ്രതിമ കാണാം. പേരഡേനിയ സ്റ്റേഷനിൽ കുറേക്കൂടെ കൌതുകകരമായ ഒരു കാഴ്ച്ചയുണ്ട്. പാളങ്ങൾക്കപ്പുറത്തായി 1867 ൽ ഉണ്ടാക്കിയ പേരഡേനിയ തീവണ്ടിയാപ്പീസ് ഇന്നും സംരക്ഷിച്ചിട്ടുണ്ട് അവിടെ. രണ്ടുമുറികളുള്ള ഒരു കൊച്ചുവീട് പോലെയാണത്. മേൽക്കൂരയിലുള്ളത് പഴയകാലത്തുപയോഗിച്ചിരുന്ന അർദ്ധവൃത്താകൃതിയിലുള്ള ഓടുകളാണ്.
|
പഴയ പേരഡേനിയ തീവണ്ടിയാപ്പീസ് - 1867ൽ നിർമ്മിതം |
ഒൻപതിൽ അധികം തുരങ്കങ്ങളിലൂടെയും ഇതിനിടയ്ക്ക് തീവണ്ടി കടന്നുപോയി. ആദ്യത്തെ കുറെ തുരങ്കങ്ങളുടെ എണ്ണമെടുക്കാൻ കുട്ടികൾ ശ്രദ്ധിച്ചെങ്കിലും തുരങ്കങ്ങൾ ഒരുപാട് ആയതോടെ അവരാ പരിപാടി മതിയാക്കി. തീവണ്ടിയിലെ കച്ചവടക്കാർക്ക് പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾക്ക് നമ്മുടെ നാട്ടിലെ ശബ്ദങ്ങളുമായി ഒരുപാട് സാമ്യമുണ്ട്. വടൈ വടൈ, കാപ്പി കാപ്പി എന്നതൊക്കെ അതുപോലെ തന്നെ കേൾക്കാം. വട സ്വൽപ്പം നോൺ വെജിറ്റേറിയനാണെന്ന് മാത്രം. പരിപ്പിന്റെ മുകളിൽ നല്ലൊരു വലിയ ചെമ്മീൻ, തോട് അടക്കം ചേർന്നിരിക്കുന്നു. എനിക്കതൊരെണ്ണം വാങ്ങിക്കഴിക്കണം എന്നുണ്ടായിരുന്നെങ്കിലും മുഴങ്ങോടിക്കാരി വിലക്കി. തോടോട് കൂടിയുള്ള ചെമ്മീനാണ്, വൃത്തിയുടെ കാര്യം എങ്ങനാണെന്ന് പറയാനാവില്ല. വയറിന് വല്ലതും പറ്റിയാൽ ഇനിയുള്ള ദിവസങ്ങളിലെ യാത്രയൊക്കെ അവതാളത്തിലാകും എന്ന മുന്നറിയിപ്പ് എന്നെ പിന്തിരിപ്പിച്ചു. അതേ സമയം തീവണ്ടിയിലുണ്ടായിരുന്ന വെള്ളക്കാർ ചിലർ അത് വാങ്ങി ഭേഷായിട്ട് കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്തായാലും ശ്രീലങ്ക വിടുന്നതിന് മുന്നേ അതൊരെണ്ണം വാങ്ങി കഴിക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചൂ.
|
ചെമ്മീൻ വട - തീവണ്ടി ഭക്ഷണങ്ങളിലൊന്ന്. |
ലോക്കൽ ട്രെയിൻ ആയതുകൊണ്ട് എല്ലാ സ്റ്റേഷനുകളിലും നിറുത്തി പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്ത് ഉച്ചയ്ക്ക് 02:30നാണ് വണ്ടി കൊളംബോയിൽ എത്തിയത്. കൊളംബോയിൽ എത്തുന്നതിന് മുന്നേയുള്ള വളരെ ചെറിയ ഒരു ദൂരം മാത്രമാണ് അൽപ്പം വൃത്തിഹീനവും നാറ്റവുമൊക്കെയുള്ള ഒരു ഭാഗം കാണാനായത്. ആ ഭാഗത്ത് താമസിക്കുന്നത് തമിഴ് വംശജരാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനും പറ്റുന്നുണ്ട്. കൊളംബോ റെയിൽ വേ സ്റ്റേഷനിൽ അത്രയധികം തിരക്കുണ്ടായിരുന്നില്ല. വെളിയിൽ കടന്ന് മൂന്നാൾ ചേർന്ന് ഓരോരോ ടക്ക് ടക്ക് പിടിച്ച് ഹോട്ടലിലേക്ക് നീങ്ങി. അരകിലോമീറ്റർ പോലും ദൂരത്തല്ലാത്ത ഹോട്ടലിലേക്ക് ടക്ക് ടക്കുകാർ വാങ്ങിയ ഏറ്റവും കുറഞ്ഞ തുക 200 രൂപയായിരുന്നു.
|
ഹോട്ടലിന് മുന്നിലെ കലാസൃഷ്ടി. |
ഗ്രാന്റ് ഓറിയന്റൽ ഹോട്ടൽ എന്ന ഹെറിറ്റേജ് ഹോട്ടലിലാണ് എല്ലാവർക്കുമുള്ള മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. ഒരു ഹെറിറ്റേജ് ഹോട്ടലാണത്. കോട്ടും സൂട്ടുമൊക്കെയിട്ട തൊപ്പിക്കാരൻ സായിപ്പിനെ റിക്ഷയിലിരുത്തി വലിക്കുന്ന ശ്രീലങ്കക്കാരന്റെ പ്രതിമ, കൊളോണിയലിസത്തിന്റെ അസ്തമിക്കാത്ത ബിംബം പോലെ ഹോട്ടലിന് മുന്നിൽത്തന്നെയുണ്ട്. ഹോട്ടലിന്റെ എതിർവശത്തുതന്നെ കൊളംബോ തുറമുഖത്തിന്റെ പ്രമുഖ കവാടം കാണം. ഹോട്ടലിനോട് ചേർന്നുള്ള മതിൽക്കെട്ട് ശ്രീലങ്കൻ പൊലീസ് ഹെഡ് ക്വാർട്ടേർസിന്റേതാണ്. സുനാമി ആക്രമണം നേരിടേണ്ടി വന്ന ഒരു ഹോട്ടൽ കൂടെയാണ് ഗ്രാൻഡ് ഓറിയെന്റൽ.
|
ഗ്രാന്റ് ഓറിയന്റൽ ഹോട്ടൽ. |
ഹോട്ടലിന്റെ ലോബിയിലെ ഫലകങ്ങൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. ചരിത്രമുറങ്ങുന്നുണ്ട് ഈ പുരാതന ഹോട്ടലിൽ. വെള്ളക്കാരന്റെ കാലത്തെ പട്ടാള ബാരക്കുകളിൽ ഒന്നായിരുന്നു ഈ കെട്ടിടം. വില്യം നാലാമന്റെ കാലത്ത്, കൃത്യമായി പറഞ്ഞാൽ 1835 ൽ ഇതിനെ നവീകരിക്കുന്നതിനായി 30,000 പൌണ്ടിന്റെ ഗ്രാന്റ് അനുവദിക്കുകയുണ്ടായി. 1837 ഫെബ്രുവരി 23ന് തുടങ്ങിയ നവീകരണ ജോലികൾ 1837 ഒൿടോബർ 27നാണ് അവസാനിച്ചത്. സർ റോബർട്ട് വിൽമോട്ട് ഹോർട്ടൺ ആയിരുന്നു അക്കാലത്ത് ശ്രീലങ്കയുടെ ഗവർണ്ണർ. ഹോട്ടലിൽ വന്ന് തങ്ങിയിട്ടുള്ളതായ അന്താരാഷ്ട്രതലത്തിലുള്ള പ്രമുഖരുടെ വിശദവിവരങ്ങൾ ഫലകങ്ങളിലുണ്ട്. പ്രസിദ്ധ റഷ്യൻ എഴുത്തുകാരനായ Anton Paulovich Chekhov 1890 നവംബറിൽ ഒരാഴ്ച്ചക്കാലം ഇവിടെ തങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘Gussev' എന്ന വിഖ്യാതമായ നോവൽ എഴുതിത്തുടങ്ങുന്നത് ഇവിടെ വെച്ചാണ്.
|
കൊളംബോ തുറമുഖത്തിന്റെ പ്രധാന കവാടം. |
ഫിലിപ്പൈൻസിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖനായ ഭിഷഗ്വരനും മാൻ ഓഫ് ലെറ്റേഴ്സ് എന്നൊക്കെ അറിയപ്പെട്ടിരുന്ന നാഷണൽ ഹീറോ ആയ ഡോ:ജോസ് മെർക്കാഡോ റിസാൽ, തന്റെ യൂറോപ്പ് യാത്രകൾക്കിടയിൽ നാല് പ്രാവശ്യം ശ്രീലങ്കയിലും തങ്ങി. ബാരക്കുകൾ, ക്ഷേത്രങ്ങൾ, മ്യൂസിയങ്ങൾ, ഇരുവശവും മരങ്ങൾ നിറഞ്ഞ പാതകൾ എന്നിങ്ങനെ ശ്രീലങ്കയിലെ കാഴ്ച്ചകൾ അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടു. "Colombo is more beautiful, smart and elegant than Singapore, Point Galle and Manila..."എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കിഴക്കൻ രാജ്യങ്ങളിലെ ഏറ്റവും മികച്ച സൌകര്യങ്ങളുള്ള ഹോട്ടൽ, എന്ന് അക്കാലത്ത് സഞ്ചാരികൾ വിശേഷിപ്പിച്ചിരുന്ന ഗ്രാന്റ് ഓറിയന്റിൽത്തന്നെ തങ്ങാൻ പറ്റിയത് ഭാഗ്യമായിട്ട് എനിക്കും തോന്നി. വിശേഷണങ്ങൾക്കൊക്കെ ചേരുന്ന വിധം ഞങ്ങൾക്ക് കിട്ടിയ മുറിയിലുണ്ടായിരുന്നത് ഒന്നാന്തരം ഒരു സപ്രമഞ്ചക്കട്ടിലായിരുന്നു. ഹോട്ടലിനകത്തുള്ള റസ്റ്റോറന്റിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്ന വഴുതനങ്ങാ തോരൻ ഞാൻ പ്രത്യേകം ആസ്വദിച്ചിരുന്നു. പൊതുവേ വഴുതനങ്ങാ കറികൾ അത്ര ഇഷ്ടമല്ലാത്ത ഞാൻ ശ്രീലങ്കൻ വഴുതനങ്ങാ കറിയിലേക്ക് ആകർഷിക്കപ്പെടുന്നതിന്റെ രഹസ്യം, അഥവാ ആ കറിയുടെ പാചകക്കുറിപ്പ് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ശ്രീലങ്കക്കാരനായ സഹപ്രവർത്തകൻ കമാലിനോട് ചോദിച്ച് പിന്നീട് ഞാൻ ആ രഹസ്യം മനസ്സിലാക്കി. ശ്രീലങ്കക്കാർ വഴുതനങ്ങാ തോരനിൽ മാൽദ്വീവ് ഫിഷ് എന്ന പേരിൽ അവർ വിളിക്കുന്ന സാമാന്യം വിലപിടിപ്പുള്ള ഒരു മത്സ്യം അരച്ച് ചേർക്കുക പതിവാണ്. പൊതുവെ എല്ലാ മത്സ്യവിഭവങ്ങളും നന്നായി കഴിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാൾ, ഒട്ടും ഇഷ്ടമല്ലാത്ത വഴുതനങ്ങാ തോരനിലേക്ക് ആകർഷിക്കപ്പെടാൻ മറ്റെന്ത് കാരണമാണ് വേണ്ടത് ?!
ഉച്ചഭക്ഷണത്തിനുശേഷം എല്ലാവരും ഒരുമിച്ച് ഹോട്ടലിന് വെളിയിലിറങ്ങി റോഡിലൂടെ നടന്നു. തലസ്ഥാനത്തിന്റെ രാജപ്രൌഡി പ്രകടിപ്പിക്കുന്ന വീതിയുള്ള വൃത്തിയുള്ള റോഡുകളാണ് പരിസരത്തൊക്കെ. നൂറ് മീറ്ററിൽ താഴെ ദൂരയായി തലയുയർത്തി നിൽക്കുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടക്കെട്ടിടങ്ങൾ, അതിന് തൊട്ടടുത്തായി ബാങ്ക് ഓഫ് സിലോണിന്റെ കൂറ്റൻ കെട്ടിടം, കാൻഡിയിൽ കാണാൻ സാധിച്ചതുപോലെ, പ്രധാന കവലകളിലെല്ലാം ക്ലോക്ക് ടവറുകൾ.
|
നാൽക്കവലകളിലെ ക്ലോക്ക് ടവറുകളിൽ ഒന്ന്. |
വേൾഡ് ട്രേഡ് സെന്ററിന്റെ കെട്ടിടത്തിൽ നിന്ന് അധികദൂരമില്ല കടൽക്കരയിലേക്ക്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഈ ഭാഗത്തുതന്നെയാണ്. അതുകൊണ്ടുതന്നെ ഈ ഭാഗം പൊലീസിന്റെ നിരീക്ഷണവലയത്തിലാണ്. വിദേശസഞ്ചാരികൾ ആയതുകൊണ്ടാകണം ആ ഭാഗത്തൊക്കെ ചുറ്റിത്തിരിഞ്ഞ് നിന്നിട്ടും പൊലീസുകാർ ഞങ്ങളെ സാകൂതം വീക്ഷിക്കുക മാത്രമാണ് ചെയ്തത്.
|
വേൾഡ് ട്രേഡ് സെന്ററും, ബാങ്ക് ഓഫ് സിലോൺ കെട്ടിടങ്ങളും. |
കടലിന് അഭിമുഖമായിട്ടുള്ള റോഡിന്റെ മറുവശത്താണ് പഴയ പാർലിമെന്റ് കെട്ടിടം നിലകൊള്ളുന്നത്. പ്രൌഢഗംഭീരമായ ഒരു കെട്ടിടമാണത്. ഇപ്പോളത് പ്രസിഡന്റിന്റെ സക്രട്ടറിയേറ്റ് ആയി പ്രവർത്തിച്ചു പോരുന്നു.
|
കടലിന് അഭിമുഖമായി പഴയ പാർലിമെന്റ് കെട്ടിടം. |
കാര്യമായിട്ട് പരിപാടികൾ ഒന്നും ആരും പദ്ധതിയിട്ടിട്ടില്ല. നല്ല ഏതെങ്കിലും ഒരു ഷോപ്പിങ്ങ് മാളിലേക്ക് പോകാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറി. എങ്ങോട്ട് പോകണമെങ്കിലും ഏറ്റവും കുറഞ്ഞത് 200 രൂപയാണ് ടക്ക് ടക്കുകാർ ചോദിക്കുന്നത്. ദൂരമാണെങ്കിലോ ഒരുകിലോമീറ്റർ പോലും ഇല്ലതാനും. ഷോപ്പിങ്ങ് മാളിനടുത്ത് എത്തിയപ്പോൾ അവിടെ അവധിയാണ്. ഭരണകക്ഷിയുടെ വലിയൊരു ജാഥയും സമ്മേളനവുമൊക്കെ ഉണ്ട് ആ ഭാഗത്ത്. അതുകൊണ്ടുള്ള അവധിയാണ്. റോഡിൽ നിറയെ ജനങ്ങൾ, കൊടികളും അലങ്കാരങ്ങളും ഉച്ചഭാഷിണികളും തോരണങ്ങളുമൊക്കെയായി ആകെ തിരക്ക്. തൊട്ടടുത്തുള്ള മുൻസിപ്പൽ മൈതാനത്ത് പ്രസിഡന്റ് മഹീന്ദ രാജപക്ഷയുടെ പ്രസംഗമാണ് കേൾക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ എനിക്കദ്ദേഹത്തെ കാണണമെന്നായി. മുഴങ്ങോടിക്കാരിയേയും നേഹയേയും മറ്റുള്ളവർക്കൊപ്പം നിറുത്തി ക്യാമറയുമെടുത്ത് ഞാൻ മെല്ലെ ജനത്തിരക്കിനിടയിലേക്ക് കടന്ന് ഒഴുക്കിനൊപ്പം നീങ്ങി. ഒരു വിദേശി എന്ന നിലയ്ക്ക് ശ്രീലങ്കൻ ജനങ്ങളും പൊലീസുമൊക്കെ എന്നെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ മറ്റ് കുഴപ്പങ്ങൾ ഒന്നും തന്നെയില്ല. ഞാൻ മൈതാനത്തിന്റെ മുന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. വേദിയിൽ നിന്ന് കുറെ വിട്ടുമാറി സ്ഥാപിച്ചിട്ടുള്ള കൂറ്റൻ സ്ക്രീനിൽ പ്രസിഡന്റിനെ കാണാം. പക്ഷെ ആളെ നേരിട്ട് കാണണം എന്നുതന്നെയായി എനിക്ക്. ജനങ്ങൾക്കിടയിലൂടെ കുറേക്കൂടെ മുന്നിൽച്ചെന്നുനിന്ന് പ്രസിഡന്റിന്റെ പ്രസംഗവും കേട്ട് അൽപ്പസമയം അവിടെ ചിലവഴിച്ചു. പ്രഭാകരനെപ്പറ്റിയൊക്കെ പ്രസംഗത്തിൽ ചില പരാമർശങ്ങൾ വരുന്നുണ്ട്, കൈയ്യടികൾ ഉയരുന്നുണ്ട്. മറ്റേതെങ്കിലും ഒരു രാജ്യത്ത് ചെന്ന് ഒരു പൊതുചടങ്ങിൽ വെച്ച് രാഷ്ട്രത്തലവനെ കാണുകയും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുകയും ചെയ്യുന്നത് ഇതാദ്യമാണെന്നുള്ള സന്തോഷം എനിക്കുണ്ടായിരുന്നു.
|
മുൻസിപ്പൽ മൈതാനത്ത് രാജപക്ഷെയുടെ പ്രസംഗം. |
രാത്രി അത്രയ്ക്ക് വൈകിയിട്ടൊന്നും ഇല്ല. എവിടെയെങ്കിലും സന്ദർശിക്കാൻ പറ്റിയ സ്ഥലം ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ തൊട്ടടുത്ത് ഒരു മ്യൂസിയം ഉണ്ടെന്ന് ചില ഓട്ടോക്കാർ പറഞ്ഞതനുസരിച്ച് രണ്ട് ഓട്ടോകളിലായി ഞങ്ങൾ മ്യൂസിയത്തിലേക്ക് നീങ്ങി. ശ്രീലങ്കയിൽ ചെന്നെത്തുന്ന സഞ്ചാരികൾ കാര്യമായി കബളിപ്പിക്കപ്പെടുന്ന ഒരിടമാണ് ഈ പറഞ്ഞ ‘മ്യൂസിയങ്ങൾ‘. പ്രഷ്യസ് & സെമി പ്രഷ്യസ് സ്റ്റോണുകൾക്ക് പേരുകേട്ട ഇടമാണ് ശ്രീലങ്ക. പക്ഷെ കല്ലുകളെപ്പറ്റി അറിയാത്തവരും, അതിന്റെ വിലയും ഗുണനിലവാരവുമൊക്കെ കൃത്യമായി അറിയാത്തവരുമൊക്കെ ഇവിടെ മനോഹരമായി കബളിപ്പിക്കപ്പെടുന്നു. ഓട്ടോ റിക്ഷക്കാരും ഇപ്പറഞ്ഞ കല്ല് കടക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ ഞങ്ങളന്ന് ആദ്യമായി പെട്ടു. അതിനടുത്ത 24 മണിക്കൂറിനകം വീണ്ടും 2 പ്രാവശ്യം കൂടെ പെട്ടു. പക്ഷെ അതിനകം കല്ല് കച്ചവടത്തിനുള്ളിലെ കള്ളക്കളി; ശുദ്ധഗതിക്കാരനായ ഒരു തമിഴ് ഓട്ടോക്കാരനിൽ നിന്നും ഞങ്ങൾ മനസ്സിലാക്കി. സഞ്ചാരികളെ ആരെയെങ്കിലും വലവീശി ഈ കടകളിൽ എത്തിച്ചാൽ ഓട്ടോക്കാർക്ക് ഒരു ലിറ്റർ പെട്രോളിനുള്ള പണം കടക്കാർ കൊടുക്കും. പോരാത്തതിന് ഓട്ടോക്കാശ് സഞ്ചാരികളുടെ കൈയ്യിൽ നിന്നും കിട്ടും. കൊളംബോയിലെ അവസാനത്തെ ദിവസം ഹോട്ടലിലേക്ക് മടങ്ങാനായി കടൽക്കരയിൽ നിന്നും ഞങ്ങൾ കയറിയ ഓട്ടോയുടെ ഡ്രൈവർ ഞങ്ങളോട് കെഞ്ചി. 200 രൂപയ്ക്ക് പകരം 50 രൂപയ്ക്ക് അയാൾ ഞങ്ങളെ ഹോട്ടലിൽ എത്തിക്കാമെന്നാണ് പറയുന്നത്. പക്ഷെ, അതിനുപകരമായി ഞങ്ങൾ അയാൾക്കൊപ്പം ഒരു ജെം സ്റ്റോറിൽ ചെല്ലണം. ചെന്നാൽ മാത്രം മതി, ഒന്നും വാങ്ങണമെന്നില്ല. ഞാനത് സമ്മതിച്ചു. ഒരുപാട് ദൂരെയുള്ള ഒരു ജെം സ്റ്റോറിൽ കൊണ്ടുപോയി അത്രയും ദൂരം തന്നെ മടക്കിക്കൊണ്ടുവരുന്നതിന്, ശ്രീലങ്കയിലെ ഞങ്ങളുടെ അനുഭവം വെച്ച് നോക്കിയാൽ 1000 രൂപയെങ്കിലും ചാർജ്ജ് ചെയ്യേണ്ടതാണ്. പക്ഷെ വെറും 50 രൂപയിൽ അയാൾ അത്രയും ദൂരം ടക്ക് ടക്ക് ഓടിച്ചപ്പോളാണ് ഇതുവരെയുള്ള ഓട്ടോ സവാരികളിലെല്ലാം ഞങ്ങൾ കളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ഞങ്ങൾക്ക് ഉറപ്പായത്. ജെം സ്റ്റോറുകളിൽ, അന്താരാഷ്ട്ര മാർക്കറ്റിലേക്കാൾ വലിയ വിലയാണ് അവർ ചോദിക്കുന്നത്. കല്ലുകളുടെ ശരിയായ വില അറിയാത്തവർ ഇവിടെ ശരിക്കും പറ്റിക്കപ്പെടുന്നു.
ജെം സ്റ്റോറിന് അകത്ത് സ്ത്രീജനങ്ങൾ കല്ലുകൾ കണ്ടാസ്വദിച്ച് നടക്കുമ്പോൾ വെളിയിൽ ഞാൻ ടക്ക് ടക്ക് ഡ്രൈവറുമാരുമായി എനിക്കറിയാവുന്ന തമിഴ് ഭാഷയുടെ ബലത്തിൽ ചിറ്റം കൂടി. മൊഹമ്മദ് സുൽത്താൻ എന്ന കക്ഷി വടപളനിക്കാരനാണ്, ഗണേശൻ കന്യാകുമാരിക്കാരനും. തമിഴ് വംശജർ ആണെങ്കിലും രണ്ടുപേർക്കും പ്രഭാകരനോട് തെല്ലും മമതയില്ല. പ്രഭാകരനാണ് ഇക്കാലമത്രയും ശ്രീലങ്കയുടെ വളർച്ചയെ പിന്നോട്ടടിച്ചതെന്നാണ് അവരുടെ അഭിപ്രായം. മഹേന്ദ രാജപക്ഷെ, പ്രഭാകരനെ അടിച്ചമർത്താൻ സ്വീകരിച്ച കടുത്ത നടപടികളിൽ അവർ പരിപൂർണ്ണ സംതൃപ്തരാണ്. ചുണക്കുട്ടിയാണ് രാജപക്ഷെ എന്നാണവരുടെ അഭിപ്രായം. വരുന്ന 5 കൊല്ലത്തിനുള്ളിൽ ശ്രീലങ്ക സിംഗപ്പൂരിനെ കവച്ചുവെക്കും എന്നും അവർ വിശ്വസിക്കുന്നു.
ജെം സ്റ്റോറുകളിൽ ഒരുപാട് സമയം ചിലവഴിച്ചെങ്കിലും അവിടെ നിന്ന് കല്ലുകൾ ഒന്നും ഞങ്ങൾ വാങ്ങിയതേയില്ല. ഹോട്ടലിൽ മടങ്ങിയെത്തി മുകളിലെ നിലയിലെ റസ്റ്റോറന്റായ ‘ഹാർബർ റൂമിൽ’ ഡിന്നറിനായി പ്രവേശിച്ചു. ഹാർബർ റൂമിൽ നിന്ന് താഴേക്ക് നോക്കിയാൽ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കൊളംബോ ഹാർബർ കാണാം. നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ഒരു ക്രെയിൻ ലോകത്തിൽ ഇനി കൊളംബോ ഹാർബറിൽ മാത്രമാണ് അവശേഷിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ഹാർബർ ഭംഗിയായി കാണാമെന്നല്ലാതെ ഇവിടെനിന്ന് ഹാർബറിന്റെ ഫോട്ടോ എടുക്കാൻ പാടില്ല. സുരക്ഷാനടപടികളുടെ ഭാഗമാണത്. ഹോട്ടലുകാർ അക്കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്.
|
കൊളംബോ തുറമുഖം - ഒരു പഴയ ചിത്രം (ഹോട്ടലിന്റെ ചുമരിൽ നിന്ന് പകർത്തിയത്) |
ഭക്ഷണം തീൻമേശകളിലെത്തി. ഹാളിനകത്ത് 60 ന് മേൽ പ്രായമുള്ള ഗായകന്റെ സംഗീതം പൊടിപൊടിക്കുന്നു. സാൿസഫോൺ വായിക്കുന്നതുകൂടാതെ മനോഹരമായി ഗാനങ്ങൾ ആലപിക്കുന്നുമുണ്ട് അദ്ദേഹം.
|
സാമിന്റെ സാൿസഫോൺ സംഗീതം. |
പെട്ടെന്ന് ഞങ്ങൾ ഇന്ത്യാക്കാർ ഇരിക്കുന്ന ടേബിളിലേക്ക് അദ്ദേഹമെത്തി, എല്ലാവരേയും പരിചയപ്പെട്ടു. ലോകമെമ്പാടും അദ്ദേഹം പാടിനടന്നിട്ടുണ്ട്. മുംബൈയിൽ പല പ്രമുഖ ഹിന്ദി സംഗീതഞ്ജർക്കൊപ്പവും പാടിയിട്ടുണ്ട്. 42 വർഷക്കാലമായി സംഗീതലോകത്തുണ്ട് ഈ ഗായകൻ. സാം എന്നാണ് അദ്ദേഹത്തിന്റെ പേര്. ‘സാം ദ മാൻ‘ എന്നാണ് സ്വയം അദ്ദേഹം പരിചയപ്പെടുത്തുന്നത്. അടുത്ത ഗാനം ഇന്ത്യയിൽ നിന്നെത്തിയ ഞങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് പ്രഖ്യാപനമുണ്ടായി. ആലാപനം തുടങ്ങിതോടെ മൈക്കുമായി അദ്ദേഹം ഞങ്ങൾ ഓരോരുത്തരുടേയും അടുത്തെത്തി. ഞങ്ങൾ സാമിനൊപ്പം ഒരേ സ്വരത്തിൽ ഏറ്റുപാടി.
“യേ ദോസ്‌ത്തീ ഹം നഹി ഛോടേംഗേ.
ഛോടേംഗേ ദം മഗർ, തേരേ സാത്ത് ന ഛോടേംഗേ.“
|
സാം ഗാനമാലപിക്കുന്നു. |
സാമിന്റെ അടുത്ത ഗാനം, തൊട്ടടുത്ത മേശമേൽ പ്രായമായ അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന സിംഗള കുടുംബത്തിന് വേണ്ടിയുള്ളതായിരുന്നു. അവരും സാമിനൊപ്പം പാട്ട് ഏറ്റുപാടി; കേക്ക് മുറിച്ച് ഞങ്ങൾക്കെല്ലാവർക്കും വിതരണം ചെയ്തു. ‘ഹാപ്പി ബർത്ത് ഡേ റ്റു യൂ’ ആലപിച്ച് ഞങ്ങളവർക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു, സിംഗള ഗാനത്തിനൊപ്പം താളം പിടിച്ചു.
|
ഒരു പിറന്നാളാഘോഷം. |
സംഗീതത്തിന് ഭാഷയില്ലെന്ന് തെളിയിച്ച നിമിഷങ്ങൾ, സൌഹൃദത്തിനും ആഘോഷങ്ങൾക്കും രാജ്യങ്ങളുടെ അതിർവരമ്പുകൾ വിഘ്നമാകില്ലെന്ന് തെളിയിച്ച മുഹൂർത്തങ്ങൾ. ശ്രീലങ്കയിൽ വന്നതിന് ശേഷം മൂന്നാമത്തെ രാത്രിയാണിത്. അതിമനോഹരമായ ഒരു രാത്രി എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അങ്ങിനെ കൊളമ്പോയും കണ്ടുകൊണ്ടിരിക്കുന്നു. തുടർ ഭാഗങ്ങളും പോരട്ടെ...
ReplyDeleteആശംസകൾ!
പതിവു പോലെ തകര്‍പ്പന്‍,മനോജ്...
ReplyDeleteവായിച്ചു. പതിവ് പോലെ നല്ല വിവരണം. ശരിക്കും, വരുന്ന അഞ്ചു കൊല്ലത്തിനുള്ളിൽ ശ്രീലങ്ക സിംഗപ്പൂരിനെ കവച്ചുവെക്കുമോ?
ReplyDeleteനല്ല വിവരണം. ഇഷ്ടപ്പെട്ടു. തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ReplyDeleteസജീവ്
ഐ എസ്സ് ഐ സ്റ്റാൻഡേർഡിനും താഴെയാണ് കാര്യങ്ങളൊക്കെ അല്ലേ?
ReplyDelete@Kalavallabhan - ഇന്ത്യയിലേ ഏതൊരു സംസ്ഥാനത്തേക്കാളും ഭേദമാണ് ശ്രീലങ്കയിലേത്. എന്റെ എഴുത്തിൽ നിന്ന് മറിച്ചൊരു ധ്വനി ഉണ്ടായിട്ടുണ്ടെങ്കിൽ അതെന്റെ പിഴയാണ്.
ReplyDeleteഇഷ്ടപ്പെട്ടു........
ReplyDeleteനന്നായി ഇഷ്ടപ്പെട്ടു..ശ്രീലങ്കൻ വിവരണങ്ങളിൽ ഏറ്റവും നന്നായി ഈ കുറിപ്പ്...
ReplyDeleteYou are doing an amazing job with your blog.keep up the good work and keep it coming buddy.cheers!
ReplyDeleteഭാരതത്തിലെ ഏതൊരു പ്രമുഖ നഗരത്തെയും പോലെ വിഘടനവാദത്തിന്റെ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ഒരു നഗരമാണ് കൊളംബോ. ആ നഗരത്തിന്റെ മനോഹരമായ ചിത്രം തന്നെ ലഭ്യമായിരിക്കുന്നു, മനോജേട്ടന്റെ വിവരണങ്ങളിലൂടെ. ആ ദുരന്തങ്ങളുടെ സ്മാരകങ്ങൾ വല്ലതും തലസ്ഥാന നഗരത്തിൽ ഉണ്ടോ? ശ്രീലങ്കയിലെ വഴുതനങ്ങാതോരൻ നോൺവെജ് ആണെന്ന വാസ്തവം പറഞ്ഞതും ഇഷ്ടപ്പെട്ടു.
ReplyDeleteവിനോദസഞ്ചാരത്തെ ശ്രീലങ്കയുടെ സമ്പദ്ഘടന വളരെയധികം ആശ്രയിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കാര്യമായ നടപടികൾ ഒന്നും ഉണ്ടാവുന്നില്ലെ? ഓട്ടോറിക്ഷകൾ, വാണിജ്യസ്ഥാപനങ്ങൾ എല്ലാം വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നു എന്നത് എന്തായാലും വിനോദസഞ്ചാരം പ്രധാന ധനാഗമനമാർഗ്ഗങ്ങളിൽ ഒന്നായ ഒരു രാജ്യത്തിന് ഭൂഷണമല്ല.
ഓഫ്‌ടോപിക്: കച്ചവടക്കാർക്ക് (കച്ചവടക്കാർ), റോട്ടിൽ (റോഡിൽ)
“യേ ദോസ്‌ത്തീ ഹം നഹി ഛോടേംങ്കേ.
ഛോടേംങ്കേ ഗം മഗർ, തേരാ സാത്ത് ന ഛോടേംങ്കേ.“
(യേ ദോസ്‌തി ഹം നഹീം തോടേംഗെ
തോടേംഗെ ദം മഗർ തേരാ സാഥ് നാ ഛോടേംഗെ)
‘ഗം‘ ദുഃഖവും ‘ദം‘ ജീവനും ആകുമ്പോൾ സംഭവം ആകെ മാറുമല്ലൊ :) ഷോലെയിലെ മനോഹരമായ ഈ ഗാനം ഓർമ്മിപ്പിച്ചതിനും നന്ദി.
@MANIKANDAN [ മണികണ്ഠൻ ] - ഓഫ് ടോപ്പിക്ക് അല്ല മണീ. ഒന്നാന്തരം ടോപ്പിക്ക് തന്നെയാണ് മണി പറയുന്നത്. ഇത് ടോപ്പിക്ക് അല്ലെങ്കിൽ പിന്നെന്താണ് ടോപ്പിക്ക് ? :) പ്രസിദ്ധമായ ആ ഹിന്ദി ഗാനം എഴുതിയപ്പോൾ വരുത്തിയ അക്ഷരപ്പിശകിന്റെ പാപഭാരം ഏത് ഗംഗയിൽ മുങ്ങിയാലും തീരില്ല. ഞാനതെല്ലാം തിരുത്തുന്നു. വളരെ നന്ദി ഒക്കെയും കണ്ടു പിടിച്ച് തന്നതിന്. കൊളംബോ കാഴ്ചകൾ കഴിഞ്ഞില്ല, തുടങ്ങിയിട്ടേയുള്ളൂ.
ReplyDeleteyaathra cheythu cheythu santhosh kulangaraye tholpikkumo?
ReplyDeleteമനോജേട്ടാ, വിവരണം നന്നായി. ശ്രീലങ്കയില്‍ ഒരു വേള്‍ഡ് ട്രേഡ് സെന്റര്‍ ഉണ്ടെന്നത് എനിക്ക് പുതിയ അറിവാണ്. തുടരട്ടെ..
ReplyDeleteഈ വിവരണങ്ങളിലൂടേ ശ്രീലങ്ക പരിചിതമായിക്കൊണ്ടിരിക്കുന്നു, നന്ദി.
ReplyDeleteThis comment has been removed by the author.
ReplyDeleteമനോജേട്ടാ കൂടെയുണ്ട്. ശ്രീലങ്കയുടെ പുതിയ മുഖം കാണണമെന്ന മോഹം ഏറുന്നു. വര്‍ഷങ്ങള്‍ക് മുന്‍പ് ഞാന്‍ പോയപ്പോള്‍ എവിടെയും പട്ടാളക്കാരും ചെക്ക് പോസ്റ്റ്കളും. പുറത്തിറങ്ങി നടക്കാന്‍ തന്നെ മടി ആയിരുന്നു. കേരളത്തെ അനുസ്മരിപ്പിക്കുന്ന പ്രകൃതി ഭംഗി ഇപ്പോഴും മനസ്സില്‍ തങ്ങി നില്കുന്നു.വെറും ഒന്നര ദിവസം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.അതുകൊണ്ട് തന്നെ ഒന്നും കണ്ടില്ല എന്ന് തന്നെ പറയാം. ഈ വിശദവിവരങ്ങള്‍ സന്തോഷദായകം തന്നെ........സസ്നേഹം
ReplyDeleteഎന്തൊരു മനോഹരമായ രാത്രി അല്ലെ അത്??കൊളംബോ ശെരിക്കും ആകര്‍ഷിക്കുന്നുണ്ട്...
ReplyDelete