Wednesday 14 September 2011

കൊളംബോ കാഴ്‌ച്ചകൾ

ശ്രീലങ്കൻ യാത്രയുടെ ആദ്യഭാഗങ്ങൾ
----------------------------------------------------

ന്ന് കൊളംബോയിലെ രണ്ടാമത്തെ ദിവസമാണ്, ലങ്കയിലെ നാലാമത്തേതും. കാഴ്ച്ചകൾക്കായുള്ള കൊളംബോയിലെ അവസാനത്തെ ദിവസം എന്ന് പറയുന്നതിലും തെറ്റില്ല.

രാവിലെ 6 മണിക്ക് ഉണർന്നു, റസ്റ്റോറന്റിൽ ചെന്ന് പ്രഭാതഭക്ഷണം കഴിച്ചു. തലേന്ന് രാത്രി ജെം സ്റ്റോറിൽ വെച്ച് പരിചയപ്പെട്ട തമിഴ്‌ വംശജനായ ഓട്ടോ ഡ്രൈവർ, മൊഹമ്മദ് സുൽത്താന്റെ ഫോണിലേക്ക് വിളിച്ചു. മണിക്കൂറിന് 300 രൂപാ നിരക്കിൽ കൊളംബോ നഗരം കാണിച്ച് തരാമെന്ന് സുൽത്താൻ ഏറ്റിരുന്നതാണ്. പക്ഷെ ഞാൻ വിളിച്ചപ്പോൾ സുൽത്താന് ഒഴിവില്ല, പകരം മറ്റൊരു ടക്ക് ടക്ക് അയക്കാമെന്ന് പറഞ്ഞു. അധികം വൈകാതെ ഒരു ടക്ക് ടക്ക് എത്തുകയും ചെയ്തു. ഡ്രൈവർ ശ്രീലങ്കക്കാരനാണ്, ഇംഗ്ലീഷ് അത്രയ്ക്ക് വശമില്ല, പേര് രമേഷ്. മണിക്കൂറിന് 300 രൂപ തന്നെയല്ലേ റേറ്റ് എന്ന് ഉറപ്പ് വരുത്തിയശേഷം ഞങ്ങൾ സവാരി ആരംഭിച്ചു.

കൊളംബോ നഗരം ഉറക്കമുണർന്ന് വരുന്നതേയുള്ളൂ. റോഡിലൊന്നും കാര്യമായി വാഹനങ്ങൾ ഇല്ല, അതിന്റേതായ തിരക്കുകളും ഇല്ല. നഗരപരിധിക്കുള്ളിൽത്തന്നെയുള്ള ഗംഗാരാമയ്യ ബുദ്ധക്ഷേത്രമാണ് ആദ്യലക്ഷ്യം.

ബെയ്‌റ തടാകത്തെ ചുറ്റി, 15 മിനിറ്റിനകം ക്ഷേത്രത്തിലെത്തി. റോഡരുകിൽ പഴയ ഒരു റോഡ് റോളർ, മ്യൂസിയത്തിലെന്ന പോലെ എടുത്തുവെച്ചിരിക്കുന്നു. സായിപ്പിന്റെ രാജ്യത്തുനിന്ന് കപ്പലുകയറി വന്നതാകാനേ സാദ്ധ്യതയുള്ളൂ. മെയ്ഡ് ഇൻ ഇംഗ്ലണ്ട് എന്ന് ഒരു ലേബലിന് വേണ്ടി ഞാനൊന്ന് പരതി നോക്കിയെങ്കിലും അങ്ങനൊന്നും കണ്ടുകിട്ടിയില്ല.

സ്വാഗതമേതിക്കൊണ്ട് പഴയൊരു റോഡ് റോളർ
രാവിലെ ആയതുകൊണ്ടാണോ എന്നറിയില്ല ക്ഷേത്രത്തിലും പരിസരപ്രദേശത്തും വലിയ തിരക്കൊന്നുമില്ല. എന്നിരുന്നാലും ദളിദ മലിഗവ പോലെതെന്നെ അന്താരാഷ്ട്ര തലത്തിൽ തീർത്ഥാടകർ വന്ന് പോകുന്ന ഒരു ക്ഷേത്രം തന്നെയാണ് ഇതും. തലയൊന്നുക്ക് 100 രൂപയാണ് പ്രവേശനഫീസ്. ക്ഷേത്രത്തിൽ പ്രവേശനഫീസ് വെക്കുന്നത് സുഖമുള്ള ഏർപ്പാടായി തോന്നിയില്ല. പക്ഷെ, ഇവിടെ പ്രവേശന ഫീസിൽ നിന്നുള്ള വരുമാനം സുനാമി ബാധിതരും, അതുപോലുള്ള പ്രശ്നങ്ങൾ നേരിട്ടവരിലേക്കുമാണ് പോകുന്നതെന്ന് അറിഞ്ഞപ്പോൾ, ആദ്യത്തെ മനോഭാവം മാറി.

ഗംഗാരാമയ്യ ക്ഷേത്രത്തിന്റെ മുൻഭാഗം.
120 കൊല്ലത്തിലധികം പഴക്കമുള്ള ക്ഷേത്രമാണിത്.  ശ്രീ സുമംഗല നായക തേര എന്ന് പേരുള്ള ജ്ഞാനിയായ ഒരു ബുദ്ധസന്യാസിയാണ് ഈ ക്ഷേത്രത്തിന് പിന്നിലെ പ്രധാന വ്യക്തി. അദ്ദേഹം തന്റെ പ്രധാന ശിഷ്യനായ ശ്രീ ജിനാർദ്ദന നായകേ തേരയെ ക്ഷേത്രച്ചുമതല ഏൽ‌പ്പിക്കുകയുണ്ടായി. ജിനാർദ്ദന നായകേയും അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായ ശ്രീ ദേവുന്ദേര വസിസ്സര നായക തേരയും ചേർന്നാണ് ക്ഷേത്രത്തിനെ ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയെടുത്തത്.

ക്ഷേത്രത്തിനകത്തെ പ്രധാനപ്രതിഷ്ഠകൾ
ഡ്രൈവർ രമേഷ് ഞങ്ങൾക്കൊപ്പം ക്ഷേത്രത്തിനകത്തേക്ക് കടന്നു. ഒരു ഗൈഡിന്റെ ജോലി കൂടെ അയാൾ തനിക്കാവുന്നതുപോലെ, ചെയ്യുന്നുണ്ട്. സത്യത്തിൽ രമേഷ് കൂടെ ഇല്ലായിരുന്നില്ലെങ്കിൽ ഒരു ബുദ്ധക്ഷേത്രത്തിലെ നടപടിക്രമങ്ങൾ അറിയാത്ത ഞങ്ങൾ ക്ഷേത്രത്തിനകത്ത് പരുങ്ങി നിൽക്കേണ്ടി വരുമായിരുന്നു.  ബുദ്ധപ്രതിഷ്ഠകൾകൊണ്ട് നിറഞ്ഞൊരു ക്ഷേത്രമാണിത്. ദളിദ മലിഗവയിൽ പോലും ഇത്രയധികം ബുദ്ധപ്രതിമകൾ ഞാൻ കണ്ടില്ല. ബുദ്ധന്റെ വിവിധ ഭാവങ്ങൾ, ലോഹങ്ങളിലും കല്ലുകളിലുമൊക്കെ ചെയ്തെടുത്തിരിക്കുന്നു.

മയിലിന്റെ പുറത്തേറിയ ബുദ്ധൻ
ബുദ്ധന്മാരുടെ ഗാലറി
മേൽക്കൂരയില്ലാത്ത വിശാലമായ ഒരു അങ്കണത്തിലെ ഗാലറിയിൽ നിറയെ ബുദ്ധന്മാർ. ലോഹത്തിൽ തീർത്ത് സുവർണ്ണ നിറം പൂശിയ മയിലിന്റെ പുറത്തിരിക്കുന്ന ബുദ്ധൻ പ്രത്യേക ശ്രദ്ധയാകർഷിച്ചു. രമേഷ് ഞങ്ങളെ ഒരു ബുദ്ധ സന്യാസിക്കരുകിലേക്കാണ് കൊണ്ടുപോയത്. പീഠത്തിലിരിക്കുന്ന ഒരു സുവർണ്ണ സ്തൂപം (ശ്രീലങ്കക്കാർക്ക് തൂപ) അദ്ദേഹം കൈയ്യിലെടുത്തു, അത് ഞങ്ങളുടെ ഓരോരുത്തരുടേയും ശിരസ്സിൽ ചേർത്തുവെച്ച് പ്രാർത്ഥിച്ചു, അനുഗ്രഹമെന്ന രൂപേണ കൈയ്യിൽ വെളുത്ത നൂല് കെട്ടിത്തന്നു.

വെളുത്തനൂൽ കൈയ്യിൽ കെട്ടിക്കൊടുക്കുന്ന ബുദ്ധസന്യാസി.
ക്ഷേത്രത്തിലെ പ്രധാന ആകർഷണമെന്ന് പറയാവുന്നത് ഗയയിൽ ശ്രീബുദ്ധന് ബോധോദയം ഉണ്ടായപ്പോൾ ഇരുന്നിരുന്ന ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ നിന്നുതന്നെ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച ആൽമരമാണ്. അതിന് കീഴെ വലതു കൈ ഉയർത്തി അനുഗ്രഹം നൽകിക്കൊണ്ട് കല്ലിൽ തീത്ത തേജസുറ്റ മുഖമുള്ള ബുദ്ധൻ. തൊട്ടടുത്തായി ഒരു മേശയിൽ ജലകുംഭങ്ങൾ നിരത്തിവെച്ചിരിക്കുന്നു. അൽ‌പ്പം ദൂരെയുള്ള ബഞ്ചുകളിൽ, ഭക്തർ വേദപുസ്തക പാരായണത്തിൽ മുഴുകിയിരിക്കുന്നുണ്ട്.

ഗയയിൽ നിന്നെത്തിയ ബോധിവൃക്ഷത്തിന് കീഴെ ബുദ്ധൻ
അർച്ചനയ്ക്കുള്ള ജലകുംഭങ്ങൾ
രമേഷ്, കുംഭത്തിൽ വെള്ളം നിറച്ച് ഞങ്ങൾക്ക് തന്നു. വൃക്ഷത്തെ മൂന്നുപ്രാവശ്യം വലം വെക്കുകയും, അതിനിടയ്ക്ക് നാല് ദിക്കിലും അതിന്റെ കടയ്ക്കൽ അൽ‌പ്പാൽ‌പ്പം വെള്ളമൊഴിക്കുകയും വേണം. അതാണവിടത്തെ ചടങ്ങ്. ബുദ്ധമതത്തെപ്പറ്റിയുള്ള കാര്യങ്ങൾ കൂടുതലായി അറിയണമെന്ന് ആഗ്രഹിക്കുന്തോറും ഓരോരോ പുതിയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.

ബുദ്ധഭിക്ഷുക്കൾ, അല്ലെങ്കിൽ ശരിയായ രീതിയിൽ ബുദ്ധമതം അനുഷ്ടിക്കുന്നവർ ഉച്ചഭക്ഷണത്തിന് ശേഷം ജലപാനമല്ലാതെ മറ്റൊരു ഖരഭക്ഷണവും കഴിക്കില്ല. പിന്നെ അടുത്ത ദിവസം പ്രാതലായിരിക്കും കഴിക്കുക. അങ്ങനെ നോക്കിയാൽ, ഓരോ ദിവസവും പന്ത്രണ്ട് മണിക്കൂറിലധികം ഒരു ബുദ്ധമതവിശ്വാസി ഉപവസിക്കുന്നു. ജൈന മതസ്ഥർ സന്ധ്യകഴിഞ്ഞാൽ, അല്ലെങ്കിൽ ഇരുട്ടുവീണുകഴിഞ്ഞാൽ ഭക്ഷണമൊന്നും കഴിക്കാറില്ല എന്നറിവുണ്ട്. ഇരുട്ടിൽ ഭക്ഷണത്തിനായി വായ തുറക്കുമ്പോൾ, അറിയാതെ ഒരു പ്രാണിപോലും വായിലേക്ക് കടന്ന് ജീവൻ നഷ്ടപ്പെടാതിരിക്കുക എന്ന വിശ്വാസമാണിതിന് പിന്നിൽ.

“നമോ തസ്സ ഭഗവതോ അഗവതോ അറഹതോ സമ്മ സംബുദ്ധസ്സ,
ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി,
ഇത്തിപിസോ ഭഗവ അറഹൻ സമ്മ സംബുദ്ധോ വിച്ച ചരണ സമ്പന്ന സുഗതോ
ലോകവിതു അനുതരോ പുരിസദമ്മ സാരഥി സത്ത ദേവ മനുസ്സാന ബുദ്ധോ ഭഗവതി.“

അബദ്ധവശാൽ പോലും ഒരു എറുമ്പിനേയോ മറ്റേതെങ്കിലും ഒരു ജീവിയേയോ കൊല്ലരുത്, കള്ളം പറയരുത്, കാമമോഹങ്ങൾക്ക് അടിമപ്പെടരുത്, മദ്യപാനത്തിന് അടിമയാകരുത്. ഒരു ബുദ്ധമത പ്രാർത്ഥനയുടെ അർത്ഥം അങ്ങനെ പോകുന്നു. മതമേതായാലും പ്രാർത്ഥനകളുടെയൊക്കെ അർത്ഥം മഹത്തരമാണ്, മനുഷ്യരാശിയുടേതെന്നപോലെ ഓരോ ചരാചരങ്ങളുടേയും നന്മയ്ക്ക് വേണ്ടിയുള്ളതാണ് അത് ഓരോന്നും. പ്രാവർത്തികമാക്കുന്നതിൽ മനുഷ്യൻ പരാജയപ്പെടുന്നെന്ന് മാത്രം.

പ്രധാന പ്രതിഷ്ഠകളുള്ള മുറിയിൽ ബുദ്ധന്റെ പൂർണ്ണകായ പ്രതിമകൾ ഒരുപാടെണ്ണം കാണാം. കവാടത്തിന്റെ ഇരുവശവും ദ്വാരപാലകരെപ്പോലെ നിൽക്കുന്നതും ബുദ്ധന്മാർ തന്നെ. പടമെടുക്കാൻ ശ്രമിക്കുമ്പോൾ ആരോ ഒരാൾ മൂർത്തിയ്ക്ക് അഭിമുഖമല്ലാതെ നിൽക്കുന്നുണ്ടായിരുന്നെന്ന് തോന്നുന്നു. ക്ഷേത്രഭാരവാഹികളിൽ ഒരാൾ പെട്ടെന്ന് എന്നെ വിലക്കി. മൂർത്തിക്ക് അഭിമുഖമായി നിന്ന് മാത്രമേ പടമെടുക്കാൻ അനുവാദമുള്ളൂ.

ദ്വാരപാലകരും ബുദ്ധന്മാർ തന്നെ.
ആനക്കൊമ്പുകളുടെ പരേഡ്
അതീവ നീളമുള്ള ആനക്കൊമ്പുകളാണ് ക്ഷേത്രത്തിൽ പ്രത്യേകമായി ദർശിക്കാനാവുന്ന ഒരു പ്രധാനവസ്തു. ആനക്കൊമ്പുകൾക്ക് ഒരു ക്ഷാമവുമില്ല ശ്രീലങ്കൻ ബുദ്ധക്ഷേത്രങ്ങളിൽ. ദളിദ മലിഗവയിൽ കണ്ട രാജ എന്ന കൊമ്പനാനയെപ്പോലെ, മരിച്ചിട്ടും മരിക്കാത്ത ആനയൊരെണ്ണം ഇവിടെയുമുണ്ട്. തുറസ്സായ സ്ഥലത്ത് നിൽക്കുന്നതുകൊണ്ട് സ്റ്റഫ് ചെയ്ത ആനയാകാൻ സാദ്ധ്യത കുറവാണ്. പക്ഷെ കൊമ്പ് യഥാർത്ഥ കൊമ്പുതന്നെയാണ്. കല്ലും മണ്ണും ചേർത്ത് ഉണ്ടാക്കിയതാണെങ്കിൽ‌പ്പോലും, കണ്ടാൽ സ്റ്റഫ് ചെയ്തുവെച്ചിരിക്കുന്നതുപോലെ തന്നെയുണ്ട്.

മരിച്ചിട്ടും മരിക്കാത്ത കൊമ്പൻ.
ഗംഗാരാമയ്യ ക്ഷേത്രം വെറുമൊരു ക്ഷേത്രം മാത്രമല്ല. ഇതിനകത്ത് ഒരു ലൈബ്രറിയുണ്ട് ; നല്ലൊരു മ്യൂസിയമുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെട്ട ഒരുപാട് പുരാതനമായ വസ്തുക്കൾ കൊണ്ടും, താളിയോലകൾ, ആനക്കൊമ്പിലുള്ള കൊത്തുപണികൾ, പഴയ ചില പീരങ്കികൾ, എന്നിവയൊക്കെ കൊണ്ടും മ്യൂസിയം സമ്പന്നമാണ്. ഗസ്റ്റ് ബുക്കിൽ പല പ്രമുഖരുടേയും അഭിപ്രായങ്ങൾ കാണാം. ചില വരികൾ ഞങ്ങളും അതിൽ കുറിച്ചിട്ടു. അനാഥാലയം, വൃദ്ധസദനങ്ങൾ എന്നിങ്ങനെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുറമേ സ്ക്കൂളുകളും ക്ഷേത്രത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് നടന്നുപോരുന്നു.

ക്ഷേത്രവളപ്പിൽ നിൽക്കുന്ന നീണ്ട കൊമ്പുള്ള ആനയെ കാണുന്നതോടെ, ഇത്രയും നീളമുള്ള ആനക്കൊമ്പുകൾ എവിടെ നിന്നാണ് കിട്ടുന്നതെന്ന സംശയം ഒറ്റയടിക്ക് മാറിക്കിട്ടും. ശ്രീലങ്കയിൽ ആനകളുടെ കൊമ്പ് മുറിക്കുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ നിലത്ത് കുത്തുന്നതുവരെ ആനക്കൊമ്പുകൾ വളർന്നുകൊണ്ടിരിക്കുന്നു.

നിലം മുട്ടുന്ന കൊമ്പുമായി ക്ഷേത്രത്തിലെ ആന.
ക്ഷേത്രത്തിന്റെ വെളിയിലെ ചുമരുകളിൽ ബുദ്ധന്റെ ജീവചരിത്രത്തിൽ നിന്നുള്ള ഏടുകൾ ത്രിമാന ചിത്രങ്ങളായി തീർത്തിരിക്കുന്നു. പുറത്ത് ചെറുതായി മഴപെയ്യുന്നുണ്ട്. ഞങ്ങൾ ക്ഷേത്രത്തിന് വെളിയിൽ കടന്നു. തൊട്ടടുത്ത് തന്നെയുള്ള മലൈക ക്ഷേത്രത്തിലേക്കാണ് ഇനി യാത്ര. മലൈക ക്ഷേത്രം ഗംഗാരാമയ്യ ക്ഷേത്രസമുച്ചയത്തിന്റെ ഭാഗം തന്നെ ആണെങ്കിലും അൽ‌പ്പം വിട്ടുമാറി കാണുന്ന ബെയ്‌റ (Beira) തടാകത്തിന്റെ ഉള്ളിലാണ് അത് നിൽക്കുന്നത്.

തടാകത്തിനുള്ളിലായി മലൈക ക്ഷേത്രം.
ബുദ്ധപ്രതിമകൾ ഒരുപാടുണ്ട് മലൈക ക്ഷേത്രത്തിലും. കൃത്യമായി പറഞ്ഞാൽ, ബുദ്ധസന്യാസിമാർക്ക് വേണ്ടിയുള്ള ഒരു സമ്മേളന ഹാൾ ആണിത്. ലോഹത്തിലുണ്ടാക്കിയ ബുദ്ധപ്രതിമകൾ ഹാളിന് ചുറ്റും സ്ഥാപിച്ചിരിക്കുന്നു. ജലാശയത്തിൽ അരയന്നങ്ങൾ ഒഴുകി നടക്കുന്നു. മുറ്റത്തുള്ള വലിയ ആൽമരച്ചുവട്ടിലിരിക്കുന്ന കല്ലിലുണ്ടാക്കിയ ബുദ്ധന്റെ മുഖത്ത് ആത്മീയതയുടെ പരമോന്നത ഭാവമാണ്. കാറ്റിൽ ഇളകുന്ന ആലിലകൾക്ക് അനിർവ്വചനീയമായ മറ്റേതോ ഭാവവും.

മലൈക ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.
മലൈക ക്ഷേത്രം - മറ്റൊരു കാഴ്ച്ച.
ബെയ്‌റ തടാകത്തിന്റെ മറുഭാഗത്ത് കാണുന്ന ഭൂപ്രദേശം സ്ലേവ് ഐലന്റ് (Slave Island) എന്ന പേരിലാണ് അറിയപ്പെടുന്നത്. മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശം മാത്രമാണതെങ്കിലും അടിമ ദ്വീപ് എന്ന് വിളിച്ചുപോരുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് ആ പേര് വീഴുന്നത്. ആഫ്രിക്കയിൽ നിന്നുള്ള അടിമകളെ അക്കാലത്ത് ഇവിടെ പാർപ്പിച്ചിരുന്നതാണ് ഈ പേര് വീഴാൻ കാരണം. കാലക്രമേണ അടിമകൾ പലരും ആഫ്രിക്കയിലേക്ക് തന്നെ മടങ്ങിപ്പോയി. ശ്രീലങ്കയിൽത്തന്നെ തങ്ങിയ അടിമകളെ ‘ശ്രീലങ്കൻ കാഫിർ‘ എന്ന് വിളിക്കപ്പെടുന്നു. പക്ഷെ, രൂപത്തിലോ ഭാവത്തിലോ ആഫ്രിക്കൻ അടിമകളുടെ പിന്തുടർച്ചക്കാരാണെന്ന് തോന്നിക്കുന്ന ഒരാളെപ്പോലും ശ്രീലങ്കയിലെങ്ങും ഞങ്ങൾക്ക് കാണാനായില്ല.

അടിമ ദ്വീപിന്റെ മാപ്പ് - കടപ്പാട് ഗൂഗിളിനോട്.
മലൈക ക്ഷേത്രത്തിലെ ബോധിമരച്ചുവട്ടിലെ ബുദ്ധൻ.
ബുദ്ധം ശരണം., സംഘം ശരണം, ധർമ്മം ശരണം.
മലൈക ക്ഷേത്രത്തിൽ നിന്നിറങ്ങി തിരക്കൊഴിഞ്ഞ നഗരത്തിലൂടെ ഒന്ന് ചുറ്റിയടിച്ചു. പ്രധാനമന്ത്രിയുടെ ഭവനം, നാഷണൽ മ്യൂസിയം, മാരിടൈം മ്യൂസിയം, കൊളോണിയൽ മാതൃകയിലുള്ള പഴയ ടൌൺ ഹാൾ, എന്നീ കെട്ടിടങ്ങൾക്കരുകിലൂടെ നീങ്ങുമ്പോൾ അതെല്ലാം രമേഷ് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു.

നാഷണൽ മ്യൂസിയം
തലേന്ന് രാത്രി, രാജപക്ഷയുടെ പ്രസംഗം കേട്ടുനിന്ന പഴയ ടൌൺ ഹാൾ കെട്ടിടത്തിന് എതിർവശത്താണ് വിഹാര മഹാദേവി പാർക്ക്. കൊളംബോ നഗരത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പാർക്കാണിത്.

കൊളോണിയൽ മാതൃകയിലുള്ള പഴയ ടൌൺഹാൾ
പാർക്കുണ്ടാക്കിയത് ബ്രിട്ടീഷ് ഭരണകാലത്തായതുകൊണ്ട് വിൿടോറിയ പാർക്ക് എന്നും, ദുട്ടുദാമനു രാജാവിന്റെ മാതാവ് വിഹാര മഹാദേവിയുടെ പേരിൽ ഉണ്ടാക്കിയതുകൊണ്ട് ആ പേരിലും ഇത് അറിയപ്പെടുന്നു. പാർക്ക് തുറക്കുന്ന സമയം ആയിട്ടില്ല. വെളിയിൽ നിന്ന് നോക്കിയാൽ കാണുന്ന അതീവ വലിപ്പമുള്ള ബുദ്ധപ്രതിമ തന്നെയാണ് പാർക്കിലേയും പ്രധാന ആകർഷണം.

വിഹാര മഹാദേവി പാർക്കിന്റെ അകത്തെ ബുദ്ധൻ
ഇതിനിടയ്ക്ക് ഡ്രൈവർ ഞങ്ങൾ പോലും അറിയാതെ വണ്ടി ഒരു ജെം മ്യൂസിയത്തിൽ എത്തിച്ചു. അധികം സമയം അവിടെ ചിലവഴിക്കാതെ ഞങ്ങൾ പെട്ടെന്ന് പുറത്തുചാടി. മണിക്കൂറിന് 300 രൂപ വാടകയുള്ള ടക്ക് ടക്ക് പുറത്ത് കാത്തുനിൽക്കുമ്പോൾ ഷോപ്പിങ്ങിനായി സമയം പാഴാക്കുന്നതിൽ അർത്ഥമില്ലല്ലോ.

കോട്ടഹന സെന്റ് ലൂസിയ കത്തീഡ്രൽ ആ‍ദ്യമേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ദേവാലയമായിരുന്നു. കൊളംബോ പോർട്ട് ഭാഗത്ത്, അതായത് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ ഭാഗത്ത് തന്നെയാണ് കോട്ടഹന എന്ന സ്ഥലം. പോർട്ടിന്റെ മതിലിനെ ചുറ്റിവളഞ്ഞ് വേണം ഗോത്തിക്ക് ശൈലിയിൽ നിർമ്മിച്ചിട്ടുള്ള പള്ളിയിലേക്കെത്താൻ.

കോട്ടഹന സെന്റ് ലൂസിയ കത്തീഡ്രൽ
1760 ൽ, ശ്രീലങ്ക ഡച്ച് അധീനതയിൽ ആയിരുന്ന കാലത്താണ് ഈ റോമൻ കത്തോലിക്ക് ദേവാലയം സ്ഥാപിതമായത്. 1838ൽ ഇത് കത്തീഡ്രൽ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയാണ് ഇപ്പോൾ ഈ ദേവാലയത്തിന്. ഏതൊരു യൂറോപ്യൻ പള്ളികളിലേയുമെന്ന പോലെ കൂറ്റൻ പൈപ്പ് ഓർഗനും, ഗ്ലാസ്സ് പെയിന്റിങ്ങുകൾ നിറഞ്ഞ ജനലുകളുമൊക്കെ ലൂസിയ കത്തീഡ്രലിലും ഉണ്ട്. പള്ളിക്കകത്ത് ഭക്തർ വിരലിൽ എണ്ണാവുന്നവർ മാത്രം. കുറേ ചിത്രങ്ങൾ എടുത്ത്, ഏതൊരു കൃസ്ത്രീയ ദേവാലയത്തിൽ ചെന്നാലും ചെയ്യാറുള്ളതുപോലെ, അൽ‌പ്പസമയം ബഞ്ചുകളിലൊന്നിൽ നിശബ്ദമായിരുന്ന ശേഷം ഹോട്ടലിലേക്ക് മടങ്ങി.

കത്തീഡ്രലിന്റെ ഉൾഭാഗം.
ഈ പള്ളിക്ക് പുറമേ സെന്റ് ആന്റണീസ് ചർച്ചും കോട്ടഹനയിൽത്തന്നെ ആയതുകൊണ്ട് ഈ ഭാഗത്ത് കൊളംബോയിലെ കൃസ്ത്യാനികളിൽ നല്ലൊരു പങ്ക് ജനങ്ങൾ അധിവസിക്കുന്നു. മതത്തിന്റെ കണക്കനുസരിച്ച് ജനപ്പെരുപ്പം പറയുകയാണെങ്കിൽ, ശ്രീലങ്കയിൽ 70% ബുദ്ധമതക്കാരും 15% ഹിന്ദുക്കളും 7.5% കൃസ്ത്യാനികളും 7.5% മുസ്ലീങ്ങളുമാണുള്ളത്.

കോട്ടഹന സെന്റ് ആന്റണീസ് ചർച്ച്.
കോട്ടഹനയിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങി, മാധവ് ചന്ദ്രനും കുടുംബത്തേയും കൂട്ടിയാണ് ബാക്കിയുള്ള സവാരി ഉദ്ദേശിച്ചിരുന്നത്. മടക്കയാത്ര പ്രസിദ്ധമായ കൊളംബോ പേട്ട മാർക്കറ്റ് വഴിയായിരുന്നു. മിക്കവാറും ഇന്ത്യൻ സാധനങ്ങളെല്ലാം പേട്ട മാർക്കറ്റിൽ ലഭ്യമാണ്. ഒരു ഇന്ത്യൻ തെരുവിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഒരു വീഥിയാണത്.

ഹോട്ടലിൽ മടങ്ങിയെത്തിയപ്പോൾ മണിക്കൂറിന് 300 രൂപ നിരക്കിൽ സവാരി സമ്മതിച്ചിരുന്ന ഡ്രൈവർ കാലുമാറി. 900 രൂപയ്ക്ക് പകരം, അയാൾക്ക് 1700 രൂപയെങ്കിലും കിട്ടിയേ പറ്റൂ. ഞാൻ ഫോണെടുത്ത് മൊഹമ്മദ് സുൽത്താനെ വിളിച്ചു. അയാളും ചേർന്നുള്ള തരികിടയാണിതെന്ന് മനസ്സിലാക്കാൻ അധികം സമയമെടുത്തില്ല. അവസാനം, ഇന്ത്യൻ രൂപ 500 എങ്കിലും തന്നൂടെ എന്ന് കെഞ്ചലായി. എല്ലാം കൂടെ 15 കിലോമീറ്റർ പോലും സഞ്ചരിച്ചിട്ടുണ്ടാകില്ലെന്ന് ഉറപ്പാണ്. ശ്രീലങ്കയിൽ ടക്ക് ടക്ക് യാത്രയ്ക്ക് ചിലവാക്കിയ പണത്തിന്റെ കാര്യത്തിൽ മാത്രമാണ് കബളിക്കപ്പെട്ടു എന്ന് തോന്നൽ ഞങ്ങൾക്കുണ്ടായത് ; അതിന് കാരണവുമുണ്ട്. വൈകീട്ട് കടൽക്കരയിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങാൻ കയറിയ ഓട്ടോയുടെ ഡ്രൈവർ, നഗരത്തിലെ കറക്കത്തിന് ആവശ്യപ്പെട്ടത് മണിക്കൂറിന് 75 രൂപ മാത്രം.

ഹോട്ടലിൽ മടങ്ങിച്ചെന്ന് അൽ‌പ്പം വിശ്രമിച്ചിട്ട് ബാക്കിയുള്ള സ്ഥലങ്ങൾ കൂടെ കാണാനായിരുന്നു പദ്ധതി. ‘ഹാർബർ റൂമിൽ‘ ചെന്നുനിന്ന് പകൽ വെളിച്ചത്തിൽ കൊളംബോ പോർട്ടിന്റെ ദൃശ്യം ഞാൻ മനസ്സിലാവാഹിച്ചു. ആരും കാണാതെ കൈയ്യിലിരിക്കുന്ന ക്യാമറയും ആ കാഴ്ച്ച നോക്കി ഒന്ന് കണ്ണിറുക്കി.

ഹാർബർ റൂമിൽ നിന്ന് കൊളംബോ പോർട്ടിന്റെ ദൃശ്യം - ഫ്ലൈറ്റ് മാഗസിന് കടപ്പാട്
അടുത്ത യാത്ര ഒരു ടാക്സി കാറിലായിരുന്നു. ഉച്ചവരെ മാത്രമാണ് കാഴ്ച്ചകൾക്കായി നീക്കിവെച്ചിട്ടുള്ളത്. ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം ഷോപ്പിങ്ങിന് വേണ്ടിയുള്ളതാത്.  അതുവരെ പോയിവന്ന സ്ഥലങ്ങളിലൊക്കെ ഒന്നുകൂടെ ഞങ്ങൾ ചുറ്റിയടിച്ചു. പഴയ പാർലിമെന്റ് കെട്ടിടം കടൽക്കരയിൽത്തന്നെ കടലിലേക്ക് മുഖം നട്ടുള്ളതാണെങ്കിൽ, പുതിയ ശ്രീലങ്കൻ പാർലിമെന്റ് ഹൌസ് ഒരു ദ്വീപിന് നടുവിലാണ്. വാഹനങ്ങൾ അങ്ങോട്ട് കടത്തിവിടില്ല. കാറിലിരുന്ന് തന്നെ ദൂരെയായി അത് കാണാം.

പുതിയ ശ്രീലങ്കൻ പാർലിമെന്റ് ഹൌസ്.
പാർലിമെന്റ് ഹൌസിന് തൊട്ടടുത്ത് തന്നെയായി നല്ല ഉയരത്തിൽ ഒരു യുദ്ധസ്മാരകമുണ്ട്. കാറിൽ നിന്നിറങ്ങി അതിന്റെ പടമെടുക്കാൻ ശ്രമിച്ചപ്പോൾ കാവൽ നിന്നിരുന്ന പട്ടാളക്കാരൻ വിലക്കി. പടമെടുക്കുന്നതിനല്ല വിലക്ക്. കാറ് അവിടെ റോഡറുകിൽ അങ്ങനെ നിർത്താൻ പാടില്ല. കാറിലിരുന്നു തന്നെ ഒരു പടമെടുത്ത് ഞങ്ങൾ സ്ഥലം വിട്ടു.

പാർലിമെന്റിന് സമീപമുള്ള യുദ്ധസ്മാരകം.
പിന്നീട് ചെന്നെത്തിയത് സ്വാതന്ത്ര്യ സ്മാരക ഹാളിലാണ്. ഇൻഡിപെൻഡൻസ് സ്ക്വയർ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നിരവധി തൂണുകളിൽ ഉയർന്ന് നിൽക്കുന്ന ഈ മണ്ഡപം 1948 ഫെബ്രുവരി നാലിന്, ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയതിന്റെ ഓർമ്മയ്ക്കായി പണിതീർത്തതാണ്. ശ്രീലങ്കയുടെ സ്വാതന്ത്രദിന ആഘോഷങ്ങൾ നടക്കുന്നതും ഇവിടെയാണ്. മണ്ഡപത്തിന് മുന്നിലായി സ്വാതന്ത്ര്യസമര സേനാനിയും ലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന ഡോൺ സ്റ്റീഫൻ സേനാനായകേയുടെ (Don Stephen Senanayake) പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി എന്നതുപോലെ ശ്രീലങ്കയുടെ രാഷ്ട്രപിതാവ് കൂടെയാണ് ഡോൺ സ്റ്റീഫൻ സേനാനായകേ.

ഇൻഡിപെൻഡൻസ് മെമ്മോറിയൽ ഹാൾ - മുന്നിൽ രാഷ്ട്രപിതാവ്
കൊളംബോയിലെ പ്രമുഖ ഷോപ്പിങ്ങ് മാൾ ആയ ‘ഹൌസ് ഓഫ് ഫാഷനി‘ൽ ഉച്ചയോടെ ഞങ്ങൾ ചെന്നിറങ്ങി. വസ്ത്രങ്ങൾ സാമാന്യം വിലക്കുറവായതുകൊണ്ട് മുഴങ്ങോടിക്കാരി അൽ‌പ്പസ്വൽ‌പ്പം തുണികൾ വാങ്ങിച്ചു. ഉച്ചഭക്ഷണം മഞ്ഞ ‘ന’ യിൽ (കടപ്പാട് :- രാം മോഹൻ പാലിയത്ത്) നിന്ന് കഴിച്ചു. ഒരു ഷോപ്പിങ്ങ് മാളിൽ ഒതുങ്ങാതെ, അൽ‌പ്പം ദൂരെയുള്ള ഒടേൽ(Odel) എന്ന രണ്ടാമത്തെ മാളിലേക്ക് ഷോപ്പിങ്ങ് നീണ്ടുപോയി. എന്റെ ഷോപ്പിങ്ങ് പതിവുപോലെ ചില സോവനീറുകളിൽ മാത്രം ഒതുങ്ങി. ആനപ്പിണ്ഡത്തിൽ നിന്നുണ്ടാക്കിയ കുറച്ച് പേപ്പറും ഒന്ന് രണ്ട് ഫ്രിഡ്ജ് മാഗ്‌നറ്റുമായിരുന്നു അത്.

രാവിലെ മുതലുള്ള യാത്രയേക്കാൾ എന്നെ ക്ഷീണിപ്പിച്ചത് ഷോപ്പിങ്ങ് മാളുകളിലെ നിരങ്ങലായിരുന്നു. അൽ‌പ്പനേരം വിശ്രമിക്കണമെന്ന് തോന്നിയതുകൊണ്ട് ഹോട്ടലിലേക്ക് മടങ്ങി. വൈകീട്ട് ഗ്രീൻ ഗലേയിൽ ഒരു നടത്തം കൂടെ ബാക്കിയുണ്ട്. പഴയ പാർലിമെന്റ് ഹൌസ് മുതൽ കടൽക്കരയ്ക്ക് സമാന്തരമായി കിടക്കുന്ന പച്ചവിരിച്ച പുൽത്തകിടി, ഗ്രീൻ ഗലേ (green galle) എന്നാണ് അറിയപ്പെടുന്നത്. സന്ധ്യയാകുന്നതോടെ ഒരു പൂരപ്പറമ്പ് പോലെ തിരക്കുണ്ടാകും, നീളത്തിൽ കിടക്കുന്ന ഈ മൈതാനത്തിൽ. കടൽക്കരയോട് ചേർന്ന് താൽക്കാലികമായ ടെന്റുകളിൽ കൊച്ചുകൊച്ചു ഭോജനശാലകൾ ഈ സമയത്ത് ഗ്രീൻ ഗലേയിൽ പ്രത്യക്ഷപ്പെടും. രാത്രി ഭക്ഷണം ഇവിടന്ന് കഴിക്കണമെന്ന് നേരത്തേ ആഗ്രഹിച്ചിരുന്നതാണ്. നല്ലയിനം മീൻ കറിയും ചെമ്മീൻ കറിയുമൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടപ്പോൾത്തന്നെ വായിൽ വെള്ളമൂറി.

ഭക്ഷണത്തിന് ഓർഡർ കൊടുക്കുന്നതിന് മുന്നേ, പച്ച മൈതാനത്തിന്റെ ഒരറ്റത്തായി വൈദ്യുതി വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന മനോഹരമായ കെട്ടിടം വരെ ഞാനൊന്ന് നടന്നു. 1864 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച  ഗലേ ഫേസ് എന്ന ഹോട്ടലാണത്. യൂറി ഗഗാറിൻ, പ്രിൻസ് ഫിലിപ്പ്, റോജർ മൂർ, റിച്ചാർഡ് നിക്സൺ, സർ ഏഡ്‌വേർഡ് ഹീത്ത് എന്നിങ്ങനെ ഒരുപാട് പ്രമുഖർ വന്ന് താമസിച്ച് പോയിട്ടുള്ള ഈ ഹോട്ടൽ സൂയസിന് കിഴക്കുള്ള ഏറ്റവും പഴക്കമുള്ള ഹോട്ടലായി കണക്കാക്കപ്പെടുന്നു.

ഗലേ ഫേസ് ഹെറിറ്റേജ് ഹോട്ടൽ
ബീച്ചിലെ ബഞ്ചുകളിലൊന്നിൽ അൽ‌പ്പനേരം വിശ്രമിക്കാനിരുന്നപ്പോൾ തണുത്ത കടൽക്കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. പിന്നിൽ അൽ‌പ്പം ദൂരെയായി വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടക്കെട്ടിടങ്ങൾ തെളിഞ്ഞ് കാണാം. ഇതുപോലൊരു വേൾഡ് ട്രേഡ് സെന്റർ ഇരട്ടക്കെട്ടിടം ഇടിച്ചിട്ടതിന്റെ സൂത്രധാരനെ കൊലപ്പെടുത്തിയതിന്റെ വാർത്തകളാണ് വൈകുന്നേരം മുതൽ ടീവി ചാനലുകളിലെല്ലാം. കടൽക്കരയോട് ചേർന്നുള്ള പാതകളിലൊക്കെ വളരെ ജാഗരൂകരായി ആയുധമേന്തിയ ഒരുപാട് പട്ടാളക്കാർ നിരന്നിരിക്കുന്നത്, രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയിൽ ആണെന്നുള്ളതിന്റെ ലക്ഷണം തന്നെ.

ഗ്രീൻ ഗലേയിലെ ഭോജനശാലകൾ - പിന്നിൽ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടക്കെട്ടിടങ്ങൾ.
പൊറോട്ട, തൊലി കളയാത്ത ചെമ്മീൻ കറി, ചിക്കൻ കറി എന്നിവയ്ക്ക് ഓർഡർ കൊടുത്തു. നല്ല എരിവും രുചിയുമുള്ള ഭക്ഷണമായിരുന്നത്. നാല് ദിവസം നീണ്ട ലങ്കൻ പര്യടനത്തിന് തിരശ്ശീല വീഴാൻ പോകുകയാണ്. നാളെ രാവിലെ സൂര്യനുദിക്കുന്നതിന് മുന്നേ എയർപ്പോർട്ടിലേക്ക് മടങ്ങാനുള്ളതാണ്. ഇത് പക്ഷേ താൽക്കാലികമായ ഒരു മടക്കയാത്ര മാത്രമാണ്. എത്രയോ മനോഹരമായ ബീച്ചുകളും ബുദ്ധക്ഷേത്രങ്ങളുമൊക്കെ ഇനിയും കാണാൻ ബാക്കി കിടക്കുന്നു, സുന്ദരമായ ഈ ദ്വീപിൽ. രാമായണ ട്രെയിൽ, ആഡംസ് പീക്ക്, എന്നിവയ്ക്കൊക്കെ പുറമേ പ്രഭാകരന്റെ പിടിയിൽ നിന്ന് മോചിതമായ ഭൂമിയിലേക്കുമൊക്കെ പോകാതെ ലങ്കയിലേക്കുള്ള യാത്ര പൂർണ്ണമാകുന്നതെങ്ങനെ ?!

കൊഞ്ച് കറി, പൊറോട്ട, ചിക്കൻ കറി - ഗ്രീൻ ഗലേയിലെ ഡിന്നർ
വിസയൊന്നും ആവശ്യമില്ലാത്തതുകൊണ്ട്, പെട്ടെന്നൊരു വിദേശയാത്ര പോകണമെന്ന് തോന്നിയാൽ ഞാനാദ്യം ചിന്തിക്കുന്നത് ശ്രീലങ്കയെപ്പറ്റി ആയിരിക്കും. മറ്റൊരു രാജ്യത്ത് പോയി അന്നാട്ടിലെ പ്രജയായി സ്ഥിരതാമസമാക്കേണ്ട ഒരവസ്ഥ സംജാതമായാലും, ഞാനാലോചിക്കുന്നത് ശ്രീലങ്കയെപ്പറ്റിത്തന്നെ ആയിരിക്കും. നാല് ദിവസം കൊണ്ട് ലങ്കാലക്ഷ്മി അത്രയ്ക്കധികം എന്നെ സ്വാധീനിച്ചുകഴിഞ്ഞിരുന്നു.

ശുഭം.

23 comments:

  1. ശ്രീലങ്കൻ യാത്ര താൽക്കാലികമായി ഇവിടെ അവസാനിക്കുന്നു. യാത്രയിൽ എനിക്കൊപ്പം കൂടിയ എല്ലാവർക്കും നന്ദി.

    ReplyDelete
  2. മനോഹരമായ വിവരണത്തിന് നന്ദി മനോജ്‌. " മറ്റൊരു രാജ്യത്ത് പോയി അന്നാട്ടിലെ പ്രജയായി സ്ഥിരതാമസമാക്കേണ്ട ഒരവസ്ഥ സംജാതമായാലും, ഞാനാലോചിക്കുന്നത് ശ്രീലങ്കയെപ്പറ്റിത്തന്നെ ആയിരിക്കും" ഈ വരികള്‍ ശ്രീലകയെക്കുറിച്ചുള്ള ഒരുപാട് തെറ്റിധാരണകള്‍
    മാറ്റുവാന്‍ സഹായിച്ചു.

    ReplyDelete
  3. എന്റെ ഒരു സുഹൃത്ത് ശ്രീലങ്കയിലെ virtusa എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്ത് കൊളംബോ പോകാൻ പ്ളാൻ ചെയ്തിതിരുന്നു. അന്നത് നടന്നില്ല. ഇനി നടക്കും എന്നും തോന്നുന്നില്ല. ശ്രീലങ്ക കാണിച്ചു തന്നതിനു വളരെ നന്ദി നിരക്ഷരാ,,

    ReplyDelete
  4. മനോജ്...മനോഹരമായിരിക്കുന്നു ശ്രീലങ്കൻ യാത്രാവിവരണം..സുന്ദരമായ വരികളും, ചിത്രങ്ങളും ഒരു ലങ്കൻ യാത്രക്ക് മനസ്സിനെ പ്രേരിപ്പിക്കുന്നു..നീളൻ കൊമ്പുമായി നിൽക്കുന്ന ആനയുടെ ചിത്രം മനോഹരം.ഇത്രയും നീളമുള്ള കൊമ്പിനായി അവർ എന്തെങ്കിലും സൂത്രപ്പണികൾ ചെയ്യുന്നുണ്ടാകുമോ..?കാരണം ഒരിക്കലും കൊമ്പുമുറിക്കാത്ത കാട്ടാനകളിലും ഇത്രയും നീളമുള്ള കൊമ്പുകൾ വളരെ അപൂർവ്വമാണ്.അതുകൊണ്ട് ഉണ്ടായ സംശയമാണേ മനോജ്..ഈ മനോഹരമായ അയൽരാജ്യത്തെ പരിചയപ്പെടുത്തിയതിന് പ്രത്യേകം നന്ദി.. ഒപ്പം ആശംസകളും..

    ReplyDelete
  5. ശ്രീലങ്കൻ യാത്രാവിവരണം ഗംഭീരം.... 1 തവണ പോയിട്ടുണ്ടെങ്കിലും കറങ്ങൽ നടന്നിട്ടില്ല. ഇനി കറങ്ങണം..

    “മാൽദീവ് ഫിഷ്” എന്ന് പറയുന്ന സാധനം ഉണക്ക ചൂരയാണ്‌ (ട്യൂണ). ഇതേ സെയിം സാധനം ലക്ഷദ്വീപിലും കിട്ടും - "മാസ്" എന്നു പറഞ്ഞ്...

    http://en.wikipedia.org/wiki/Maldive_fish

    അച്ഛൻ അത് ഒരിക്കൽ ലക്ഷദ്വീപിൽ നിന്ന് കൊണ്ടുവന്നിരുന്നു. തടിക്കഷണം പോലെയിരിക്കും - അത്ര കട്ടിയും ബലവും ഉള്ള സാധനമാ - അത് ശരിക്ക് കുതിർക്കാതെ സമ്മന്തി ഉണ്ടാക്കാമെന്ന് പറഞ്ഞ് മിക്സിയിലിട്ട് അടിച്ച് മിക്സിയുടെ ഒരു ബ്ളേഡ് പോയി എന്നു പറഞ്ഞാ അതിന്റെ കട്ടി മനസ്സിലാകുമല്ലോ...
    മാൽദീവ് ഫിഷ് വച്ചുള്ളൊരു റെസീപ്പീ ദാ:
    http://www.chintha.com/paachakam/srilanka-pol-sambol.html

    ReplyDelete
  6. @ഷിബു തോവാള - കാട്ടാനകളുടെ കൊമ്പ് മുറിച്ചില്ലെങ്കിലും അവറ്റകൾ അവിടെയും ഇവിടെയും ഒക്കെ കുത്തിയും തോണ്ടിയുമൊക്കെ കൊമ്പിന് തേയ്‌മാനവും ഒടിവുമൊക്കെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. നാട്ടാനയ്ക്ക് അതിനുള്ള സാദ്ധ്യതകൾ കുറവാണ്. അതുകൊണ്ട് കാട്ടാനകളെ വെച്ച് ഒരു താരതമ്യം എത്രകണ്ട് ശരിയാകുമെന്ന് പറയാൻ പറ്റില്ല.

    ശ്രീലങ്കക്കാർ ആനക്കൊമ്പ് വളരാനായി ആനയ്ക്ക് വല്ല കാൽ‌സ്യം സാൻഡോഡ് ഗുളികയോ മറ്റോ കൊടുക്കുന്നുണ്ടോന്ന് രഹസ്യമായിട്ട് അന്വേഷിക്കേണ്ടിയിരിക്കുന്നു :):)

    @Kalesh Kumar - എനിക്കും നേരിട്ട് കാണാൻ സാധിച്ചു ഈ പറഞ്ഞ മാൽദീവ് ഫിഷിനെ. മരക്കഷ്ണം പോലുള്ള മീൻ കഷണത്തിൽ നിന്ന് കത്തി വെച്ച് ചുരണ്ടിച്ചുരണ്ടി പൊടി എടുത്ത് വഴുതനങ്ങയിൽ മിക്സ് ചെയ്യുന്നതും നേരിട്ട് കണ്ടു. പാക്കറ്റിലെ പടം കണ്ടപ്പോൾ ചൂര തന്നെ ആണെന്ന് തോന്നിയെങ്കിലും മാൽ‌ദീവ് ഫിഷ് എന്ന പേര് സംശയം ജനിപ്പിച്ചതുകൊണ്ടാണ് ചൂര(ട്യൂണ) എന്ന് എടുത്ത് പറയാതിരുന്നത്. ഒരിക്കൽ ലങ്കയിൽ പോയിട്ടുള്ള കക്ഷിയാണല്ലേ ഒന്നുമറിയാത്തത് പോലെ വന്ന് വായിച്ച് പോകുന്നത്. :)

    ReplyDelete
  7. ദ്വീപുരാജ്യത്തെ അല്പംകൂടി മനസിലാക്കാന്‍ ഈ വിവരണങ്ങള്‍ സഹായിച്ചു.ആഭ്യന്തരയുദ്ധം ഇത്രയധികം നീണ്ടുപോയിരുന്നില്ലാ എങ്കില്‍ ടൂറിസം വഴി വന്‍നേട്ടങ്ങള്‍ കൊയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ശ്രീലങ്കയും ഉള്‍പ്പെടുമായിരുന്നു എന്ന് തോന്നുന്നു അല്ലെ?.

    ReplyDelete
  8. ഈ യാത്രാ വിവരണം വായിച്ചിട്ട് ഒന്നും പറയാതെ പോകാന്‍ തോന്നി യില്ല ..അവിടത്തെ എല്ലാ വിശേഷവും അത്ര വിശദമായി എഴുതിയിട്ടുണ്ട് ..നന്ദി .

    ,ആ ടക്ക് ടക്ക് യാത്ര യും, ഭക്ഷണവും എല്ലാം നന്നായി .

    ReplyDelete
  9. മനോജിന്നു വളരെ വളരെ നന്ദി. 1969 ല്‍ ഞങ്ങള്ക്ക് അവിടെ പോകാനൊരു അവസരം ലഭിച്ചിരുന്നു. അന്ന് ഈ Galle Face Hotelല്‍ കയറിയിറങ്ങിയ ഓര്മ്മ മനസ്സില്‍ തികട്ടിവരുന്നു. ഇത്രയും ഭംഗിയുള്ള ബുദ്ധ ക്ഷേത്രങ്ങള്‍ അന്നു കാണുവാന്‍ സാധിച്ചിരുന്നില്ല. ഫോട്ടോ സഹിതം അതു സാധിപ്പിച്ചു തന്നതിന്നു ഒരായിരം നന്ദികള്‍ ഇതൊന്നിച്ചു വെക്കുന്നു.
    ചന്ദ്രശേഖരന്

    ReplyDelete
  10. ശ്രീലങ്കയെക്കുറിച്ച് വളരെയധികം പുതിയ അറിവുകൾ പകർന്നുതന്നു ഈ വിവരണങ്ങൾ. മനോജേട്ടന് ഒരിക്കൽകൂടി നന്ദി.

    ReplyDelete
  11. മുറ്റത്തു മുട്ടുന്ന മുടി അംഗനക്കെന്ന പോലെ ആനക്ക് മുറ്റത്തു മുട്ടുന്ന കൊമ്പുകൾ അഴകു തന്നെ. ബുദ്ധന്മാരെ തട്ടിയിട്ടു നടക്കാൻ പാടില്ലാത്ത ഈ നാട്ടിലാണല്ലോ അശാന്തിയുടെ അനേക വർഷങ്ങൾ ഉണ്ടായത് എന്ന വൈരുദ്ധ്യം ഓർത്തു പോയി. ശ്രീലങ്ക ഒരനുഭവമാക്കി തന്നതിന് താങ്കൾക്ക് നന്ദി.

    ReplyDelete
  12. മറ്റൊരു മനോഹരമായ യാത്രാ വിവരണം..നന്ദി ഈ വിവരങ്ങള്‍ക്ക് ചിത്രങ്ങള്‍ക്ക്

    ReplyDelete
  13. വളരെ നല്ല ലേഖനം..... തുടരുക..

    സെന്റ് ലൂസിയ കത്തീഡ്രൽ ഗോത്തിക്ക് മാതൃകയില്‍ അല്ല എന്നാണു തോന്നുന്നത്. പടം കണ്ടിട്ട് റിനൈസന്‍സ് വാസ്തുശില്പം പോലെ.

    ReplyDelete
  14. എത്ര വിശദമായ വിവരണം. അതീവ സുന്ദരം.ചിത്രങ്ങളും ഗംഭീരം .....സസ്നേഹം

    ReplyDelete
  15. വളരെ നല്ല വിവരണം. മനോഹരമായ ചിത്രങ്ങള്‍.

    ReplyDelete
  16. വിശദമായ ലേഖനം. ശ്രീലങ്കയെ നേരില്‍ കണ്ടപോലൊരു അനുഭൂതി. വിവരണാനുഭവം അവിസ്മരണീയം.

    ReplyDelete
  17. ശ്രീലങ്കയിലൂടെ കടന്നുപോയതുപോലെ.. നന്ദി...

    ReplyDelete
  18. nice virtual tour on srilanka

    ReplyDelete
  19. ലങ്കാവസാനം ഇന്നാണ് വായിച്ചത് കേട്ടൊ ഭായ്

    ReplyDelete
  20. ഈ ട്യുണയെ ചുരണ്ടി എടുത്തു മറ്റുള്ള വിഭവങ്ങളില്‍ ചേര്‍ക്കുന്നത് ജപ്പാനിലും പതിവാണ്.:))
    ശ്രീലങ്കയെ കുറിച്ചുള്ള ഇമേജ് ആണ് ഈ വിവരണം മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മാറിപ്പോയത്...നന്ദി മനോജ്‌...

    ReplyDelete
  21. ഒരു യാത്രാവേളയില്‍ ഒരു പകല്‍ മുഴുവനും കൊളംബോ ഒന്നു ഓടിച്ചു കണ്ടിട്ടുണ്ട്. മനസ്സ് നിറയേ പ്രണയിനിയെ പിരിഞ്ഞതിന്റെ വിരഹവേദനയാലാവാം, നിറങ്ങളൊന്നും ഞാന്‍ കണ്‍ടില്ല, കാറ്റിന്റെ സംഗീതം കേട്ടില്ല എന്തിന് എന്റെ ക്യാമറ പോലും ചലിച്ചില്ല. കൈപിടിച്ചു നടത്തുന്ന പോലുള്ള ഈ വിവരണം മനോഹരമായിരിക്കുന്നു, കഥ പറയുന്ന ചിത്രങ്ങളും

    ReplyDelete
  22. മഞ്ഞ ‘ന’ യുടെ ഉപജ്ഞാതാവ് അന്തരിച്ച നടന്‍ മുരളിയാണ്; കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്

    ReplyDelete
  23. മഞ്ഞ ‘ന’ യുടെ ഉപജ്ഞാതാവ് അന്തരിച്ച നടന്‍ മുരളിയാണ്; കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.