Friday 12 August 2011

ദളദ മലിഗവ (ടെമ്പിൾ ഓഫ് ടൂത്ത്)

ശ്രീലങ്കൻ യാത്രയുടെ ആദ്യഭാഗങ്ങൾ
----------------------------------------------------
ങ്ങൾ താമസിക്കുന്ന സൂസ്സി ഹോട്ടലിൽ നിന്ന്, ദളദ മലിഗവ (Dalada Maligawa) എന്ന ടെമ്പിൾ ഓഫ് ടൂത്തിലേക്ക് (Temple of Tooth) അധികം ദൂരമില്ല.  കാൻഡി തടാകത്തെ ചുറ്റിവളഞ്ഞ് പോകുന്നതായി തലേന്ന് രാത്രി ഞങ്ങൾ കണ്ട റോഡ് ചെന്നെത്തുന്നത് അമ്പലത്തിലേക്കാണ്. ശ്രീബുദ്ധന്റെ പല്ല് വെച്ച് ആരാധിക്കുന്ന ഒരു ക്ഷേത്രമെന്ന നിലയിൽ ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെ ഒരു വലിയ തീർത്ഥാനടകേന്ദ്രമാണ് കാൻഡിയും ദളദ മലിഗവ എന്ന ഞങ്ങളുടെ ലക്ഷ്യസ്ഥാനവും. വഴിയിലൊക്കെ നല്ല തിരക്കുണ്ട്. വാഹനം ഒതുക്കിയിടാൻ എങ്ങും സ്ഥലമില്ല. ഞങ്ങൾ ഇറങ്ങി കുറച്ചു ദൂരം നടന്നു.

സുരക്ഷയുടെ ഭാഗമായി ദേഹപരിശോധനയ്ക്കായി സ്ത്രീപുരുഷന്മാർക്ക് പ്രത്യേകമായി ടെലിഫോൺ ബൂത്ത് പോലുള്ള കൂടാരം ക്ഷേത്രപരിസരത്തുണ്ട്. നേഹ അവിടെ തടയപ്പെട്ടു. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ചില നിഷ്‌ക്കർഷകളൊക്കെ ഉണ്ട് ബുദ്ധദേവാലയങ്ങളിൽ. കാൽ മുട്ടിനു മുകളിലേക്ക് മറച്ചിരിക്കണം; തോളുകൾ മറയ്ക്കാത്ത വിധത്തിൽ കൈയ്യില്ലാത്ത കുപ്പായങ്ങൾ അനുവദിക്കില്ല. 10 വയസ്സുകാരിയായ നേഹയുടെ കയ്യില്ലാത്ത കുപ്പായത്തിന്റെ കാര്യത്തിലും ഇങ്ങനൊക്കെ സംഭവിച്ചേക്കാമെന്ന് നല്ലപാതി മുഴങ്ങോടിക്കാരി മുന്നേ മനസ്സിൽ കണ്ടിട്ടുണ്ടായിരുന്നു. ബാഗിലുണ്ടായിരുന്ന ഒരു ഷാൾ കൊണ്ട് നേഹയുടെ തോൾ മറച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഇതുപോലൊരു വസ്ത്രപ്രശ്നം കാണാൻ എനിക്കിടയുണ്ടായിട്ടുള്ളത് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. യൂറോപ്യന്മാർ എത്ര പരിഷ്ക്കാരികളും അൽപ്പവസ്ത്രധാരികളുമൊക്കെ ആണെന്ന് പറഞ്ഞാലും സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ അതൊന്നും വിലപ്പോകില്ല. അൽപ്പവസ്ത്രധാരികളെ പുതപ്പിക്കാനായി ഒരു മീറ്റർ തുണി 5 യൂറോയ്ക്ക് അവിടന്ന് തന്നെ വാങ്ങാൻ കിട്ടും. പള്ളിക്കകത്ത് കയറണമെന്ന് നിർബന്ധമുള്ളവർ അതുകൊണ്ട് ‘നഗ്നത’മറച്ചേ പറ്റൂ.

ദളദ മലിഗവ - ടെമ്പിൾ ഓഫ് ടൂത്ത്
ക്ഷേത്രത്തിലേക്കുള്ള പാതയിൽ തലയാട്ടിക്കൊണ്ട് ഒരു ചെറിയ ആന. അതിനടുത്ത് ചെന്ന് നിന്ന് ഫോട്ടോ എടുക്കണമെങ്കിൽ പാപ്പാന് പണം കൊടുക്കണമെന്ന് അയാളുടെ ശരീരഭാഷയിൽ നിന്ന് വ്യക്തമാണ്. ഇന്നലെ പിന്നവളയിൽ കണ്ട ആനക്കൂട്ടത്തിന്റെ ചിത്രം ഇതുവരെ മനസ്സിൽ നിന്ന് മാഞ്ഞട്ടില്ല, ആനച്ചൂര് വിട്ടിട്ടുമില്ല. അതുകൊണ്ട് ഈ കുട്ടിയാനയ്ക്കൊപ്പം സമയം ചിലവഴിക്കാൻ നിൽക്കാതെ നേരെ ക്ഷേത്രത്തിലേക്ക് നടന്നു. ഹരിതാഭമായ ഒരു അന്തരീക്ഷത്തിലാണ് ക്ഷേത്രം നിൽക്കുന്നത്. ക്ഷേത്രത്തിന്റെ നടുവിലുള്ള സുവർണ്ണ മേൽക്കൂര സൂര്യപ്രഭയിൽ തിളങ്ങി നിൽക്കുന്നു. വിദേശികൾക്ക് അകത്ത് കടക്കാൻ 500 ശ്രീലങ്കൻ രൂപയാണ്  ഫീസ്. കൌണ്ടറിൽ പാസ്സ്പ്പോർട്ട് ഈടായിട്ട് നൽ‌കിയാൽ സൌജന്യമായി ഓഡിയോ ഗൈഡ് ലഭിക്കും. അത് രണ്ടെണ്ണം വാങ്ങിയെങ്കിലും നിലവാരമില്ലാത്തത് ആയിരുന്നതിനാൽ കാര്യമായ പ്രയോജനം ഉണ്ടായില്ല. ചെരുപ്പിട്ട് അകത്ത് കടക്കാനാവില്ല. തൊട്ടടുത്ത കൌണ്ടറിൽ എല്ലാവരും ചെരുപ്പുകൾ നിക്ഷേപിച്ചു.

മൂൺ സ്റ്റോൺ.
കവാടത്തിന് മുന്നിൽ തറയിൽ വലിയ ചന്ദ്രക്കല്ല് (Moon Stone) വിരിച്ചിരിക്കുന്നു. പുരാതന ശ്രീലങ്കൻ വാസ്തുശിൽ‌പ്പകലയുടെ തനതായ സൃഷ്ടിയാണ് ‘സന്ദകദ പഹാന‘ (Sandakada Pahana) എന്നറിയപ്പെടുന്ന ചന്ദ്രക്കല്ലുകൾ. അർദ്ധവൃത്താകൃതിയിലോ തൃകോണാകൃതിയിലോ കൊത്തുപണികൾ ചെയ്തെടുക്കുന്ന ഇത്തരം വലിയ ഒറ്റക്കല്ലുകൾ ചവിട്ടുപടികൾക്കും വാതിലുകൾക്കും മുന്നിലാണ് വിരിക്കുക പതിവ്. സന്ദകദ പഹാന, ബുദ്ധിസ സംസ്കൃതി ചക്രത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

പൂജാദ്രവ്യങ്ങളും പുഷ്പങ്ങളും വിൽ‌പ്പനയ്ക്ക്
പൂജയ്ക്കുള്ള താമരപ്പൂക്കളും ചന്ദനത്തിരിയുമൊക്കെ വിൽ‌പ്പന നടക്കുന്നുണ്ട്. ക്ഷേത്രത്തിന് ചുറ്റും ഒരു കിടങ്ങാണ്. അതിലെ വെള്ളത്തിൽ ചെറിയ മത്സ്യങ്ങൾ പുളയ്ക്കുന്നു. എണ്ണയിട്ട് വിളക്കുകൾ തെളിയിക്കാനുള്ള കൊച്ചു കൊച്ചു സുഷിരങ്ങൾ കിടങ്ങിന്റെ ചുമരുകൾ നിറയെയുണ്ട്.

ക്ഷേത്രത്തിന് ചുറ്റും വെള്ളം നിറച്ച കിടങ്ങ്.
ചന്ദ്രക്കല്ല് ചവിട്ടി എല്ലാവരും ക്ഷേത്രത്തിനകത്തേക്ക് കടന്നു. ചെന്ന് കയറുന്ന ഹാളിലുള്ള പ്രതിഷ്ഠയുടെ വാതിലുകൾ അടഞ്ഞാണ് കിടക്കുന്നത്. നീളമുള്ള ആനക്കൊമ്പുകൾ ആറെണ്ണം നടയ്ക്ക് ഇരുവശവുമായി സ്ഥാപിച്ചിരിക്കുന്നു. ബുദ്ധസന്യാസിമാർ ചിലരൊക്കെ അതിനുമുന്നിലുണ്ട്. അതിനകത്തല്ല ബുദ്ധന്റെ പല്ല് സംരക്ഷിച്ചിരിക്കുന്നതെന്ന് സ്പഷ്ടം.

ക്ഷേത്രത്തിന്റെ ഉൾവശം ഒരു വീക്ഷണം.
ജനങ്ങളുടെ ഒഴുക്കിനൊപ്പം ഞങ്ങളും നീങ്ങാൻ തുടങ്ങി. എല്ലാവരും മുകളിലേക്കുള്ള പടികൾ കയറിയാണ് പോകുകയാണ്. പടികളിൽ നല്ല തിരക്കുണ്ട്. ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കാനാകുമോ എന്ന് ഉറപ്പൊന്നും ഇല്ല. എങ്ങും ഫോട്ടോഗ്രാഫി നിരോധനാജ്ഞകൾ കണ്ടില്ല. ആരും കാണാതെ ഒന്നുരണ്ട് പ്രാവശ്യം എന്റെ ക്യാമറ കണ്ണടച്ച് തുറന്നു.

മുകളിലേക്കുള്ള പടികളിൽ ഭക്തജനങ്ങൾ
പ്രതീക്ഷിച്ചതിലും പെട്ടെന്ന് മുകളിലെ നടയ്ക്ക് മുന്നിൽ എത്തി. ക്ഷേത്രകവാടത്തിൽ നിന്ന് വാങ്ങാൻ കിട്ടുന്ന താമരപ്പൂവ് അടക്കമുള്ള പൂജാസാധനങ്ങളുമായാണ് ഭക്തർ ക്യൂ നിൽക്കുന്നത്. പ്രാർത്ഥിച്ച് കഴിഞ്ഞവർ, നടയിൽ നിന്ന് മാറിയുള്ള സ്ഥലത്തെല്ലാം ഭക്തിയിൽ ലയിച്ചിരിക്കുന്നു. തിരക്കിനിടയിൽ ഉള്ളിലിരിക്കുന്ന ഒരു പല്ലിന്റെ പടം എടുക്കാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. മാത്രവുമല്ല അവിടെ പടം എടുക്കുന്നത് നിഷിദ്ധമാണോ അല്ലയോ എന്നറിയാനും വയ്യ.

പല്ല് ഇരിക്കുന്ന പ്രധാന നടയുടെ മുന്നിലെ ദൃശ്യം
വിലപിടിപ്പുള്ള രത്നക്കല്ലുകളാൽ അലങ്കരിച്ച് ഒന്നിന് മുകളിൽ ഒന്നായി ഏഴ് പേടകങ്ങൾക്കുള്ളിലായി ഒരു സ്തൂപത്തിന്റെ (സിംഹള ഭാഷയിൽ തൂപ) ആകൃതിയിലാണ് പല്ല് സംരക്ഷിച്ചിരിക്കുന്നത്. തൊട്ടടുത്ത് ചെന്നുനിന്ന് സൂക്ഷിച്ച് നോക്കാതെ പല്ല് കാണാനാവില്ല.  ആ നടയിലുള്ളത് ബുദ്ധഭഗവാന്റെ ഭൌതികാവശിഷ്ടമാണെന്ന് മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കുകയാവണം ഭക്തരെല്ലാം ചെയ്യുന്നത്. മൂന്ന്‍ നേരം പൂജയുണ്ട് ക്ഷേത്രത്തില്‍. ബുധനാഴ്ച ദിവസം പനിനീരും മറ്റ്‌ സുഗന്ധ ദ്രവ്യങ്ങളുമൊക്കെ ചേര്‍ത്ത ജലത്തില്‍ പ്രതീകാത്മകമായി അഭിഷേകം നടത്തി ആ ജലം ഭക്തര്‍ക്കിടയില്‍ വിതരണം ചെയ്യുന്നു. മാറാരോഗ നിവാരണിയാണ് ഈ പുണ്യജലമെന്ന് വിശ്വസിക്കപ്പെടുന്നു. ‘നറുമണ മംഗല്യ‘ എന്ന പേരിലാണ് ഈ അഭിഷേകം അറിയപ്പെടുന്നത്.

പല്ല് സംരക്ഷിച്ചിരിക്കുന്ന സ്തൂപം. (Courtesy)
മഞ്ഞലോഹത്തിൽ പൊതിഞ്ഞതും മാർബിളിൽ തീർത്തതുമായ ഒന്നുരണ്ട് ബുദ്ധപ്രതിഷ്ഠകൾ കൂടെയുണ്ട് ഇറങ്ങിച്ചെല്ലുന്ന ഭാഗത്ത്. പിന്നെ നമ്മുടെ നാട്ടിലെ ഹൈന്ദവക്ഷേത്രങ്ങളിലെന്ന പോലെ ഒരുപാട് കൊച്ചുകൊച്ച് നടകളും അതിനകത്തൊക്കെ ബുദ്ധനും. അതിലൊന്നിന്റെ മുന്നിൽ കൂടെയുള്ളവരെ നിർത്തി ഫോട്ടോ എടുക്കാൻ മുതിർന്നപ്പോൾ പെട്ടെന്ന് ക്ഷേത്രഭാരവാഹികളിൽ ഒരാൾ തടഞ്ഞു; സിംഗള ഭാഷയിൽ എതിർത്ത് എന്തോ പറയുകയും ചെയ്തു. ഇതുവരെ കിട്ടിയ പടങ്ങളെല്ലാം ലാഭം. ഫോട്ടോഗ്രാഫി നിഷിദ്ധം എന്നുതന്നെയാണ് അപ്പോൾ ഗ്രഹിച്ചെടുത്തത്. പക്ഷെ അങ്ങനെയല്ല കാര്യങ്ങൾ എന്ന് പിന്നീട് മനസ്സിലാക്കാനായി. ഫോട്ടോയൊക്കെ എടുക്കാം; പക്ഷെ ഏതെങ്കിലും ഒരു മൂർത്തിക്ക് അഭിമുഖമായി നിന്നായിരിക്കണം എന്നുമാത്രം. മൂർത്തിക്കൊപ്പം ഒരേ ദിശയിൽനിന്ന് പടമെടുക്കാൻ പാടില്ല. മൂർത്തിക്ക് തുല്യരായി മനുഷ്യൻ വരരുത് എന്ന കാഴ്ച്ചപ്പാടാണിത്.

പല്ല് വെച്ചിരിക്കുന്ന പ്രധാന നടയിൽ നിന്നിറങ്ങി ഒൿടഗണിലേക്ക് കയറി. സ്വർണ്ണത്തിൽ നിർമ്മിച്ച സ്തൂപമാണതിനുള്ളിൽ. ഒൿടഗണിന്റെ ഈ ഭാഗമാണ് ക്ഷേത്രത്തിന്റെ വെളിയിൽ നിന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രധാന ഭാഗം. സ്തൂപത്തിന് മുന്നിൽ ഒരു ബുദ്ധപ്രതിമയും അതിന്റെ വശങ്ങളിലായി ആനക്കൊമ്പുകളുമുണ്ട്.

ഒൿടഗണിനകത്തെ പ്രതിഷ്ഠ
ഒൿടഗണിൽ നിന്ന് വെളിയിലേക്കുള്ള കാഴ്ച്ച
ഒൿടഗൺ - വെളിയിൽ നിന്നുള്ള ദൃശ്യം.
അതിപുരാതനമായ താളിയോല ഗ്രന്ഥങ്ങളാണ് ഈ മുറിയിലെ മറ്റൊരു പ്രധാന കാഴ്ച്ച. കുറുണാഗല കാലഘട്ടത്തിൽ എഴുതിയ ‘പൻസിയ പനസ്ജാതകായ‘ എന്ന 1600 പേജുകളുള്ള താളിയോലകളാണ് അതിൽ പ്രമുഖമായത്. ഗ്രന്ഥങ്ങളിൽ ഒന്നിൽ കണ്ണുനട്ട് ഒരു ബുദ്ധസന്യാസി ഒൿടഗണിനകത്തുണ്ട്. സ്തൂപത്തിന് മുന്നിൽ പണം നിക്ഷേപിച്ച് അതിനെ വലം വെച്ച് ഭക്തർ മടങ്ങുന്നു. ‘പല്ലെമല വിഹാരായ‘ എന്ന കോവിലിൽ കൂടെ കയറി ഞങ്ങൾ ക്ഷേത്രത്തിനു വെളിയിൽ കടന്നു. എല്ലാ കോവിലുകളിലുമുള്ളത് ബുദ്ധവിഗ്രഹങ്ങൾ തന്നെ.

പല്ലെമല വിഹാരായ
ക്ഷേത്രത്തിന്റെ പുരാതന ഭാഗമെന്ന് പറയാവുന്ന ഭാഗം ഇതോടെ കഴിയുന്നു. താഴേക്കിറങ്ങി ആദ്യം കണ്ട അടഞ്ഞുകിടക്കുന്ന നടയുടെ അരുകിലൂടെ നടന്ന് പുതിയ പ്രതിഷ്ഠകളുള്ള മൂന്ന് നില കെട്ടിടത്തിലേക്ക് കയറി. താഴത്തെ നിലയിൽ നീണ്ട് വിശാലമായതും അധികം തിരക്കില്ലാത്തതുമായ ഹാളിനകത്ത് നിറയെ ബുദ്ധപ്രതിമകൾ. മദ്ധ്യത്തിലുള്ളത് സുവർണ്ണ ബുദ്ധനാണ് ; വശങ്ങളിലൊക്കെ മാർബിൾ ബുദ്ധന്മാരും. പ്രതിമകളുടെ വശങ്ങൾ ആനക്കൊമ്പുകൾ കൊണ്ട് നിർലോഭം അലങ്കരിച്ചിരിക്കുന്നു. സുവർണ്ണ ബുദ്ധന് മുന്നിലെ നീളമുള്ള പീഢത്തിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചതിനുശേഷം ഭക്തർ നിലത്തിരുന്ന് മന്ത്രങ്ങൾ ഉരുവിടുന്നു. കൂടെ വന്നവരൊക്കെ കുട്ടികൽക്കൊപ്പം തറയിൽ ഇരുപ്പുറപ്പിച്ചു. കാണാക്കാഴ്‌ച്ചകൾക്കായി ഹാളിനകം അരിച്ചുപെറുക്കിയും പടങ്ങളെടുത്തും ഞാൻ മാത്രം അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പുതിയ പ്രതിഷ്ഠകൾ
ലുംബിനിയിൽ ജനിച്ച സിദ്ധാർത്ഥ രാജകുമാരൻ ബോധിവൃക്ഷത്തിനു കീഴെ ഇരുന്ന് ബോധോദയം ഉണ്ടായി ഗൌതമ ബുദ്ധനായതും, സമാധി ആയതിനുശേഷം അദ്ദേഹത്തിന്റെ പല്ല് ശ്രീലങ്കയിൽ എത്തിയതും പിന്നീടുണ്ടായ സംഭവങ്ങളും എല്ലാം വിശദമായി ലോഹത്തകിടുകളിൽ ലേഖനം ചെയ്ത് രേഖാചിത്രങ്ങൾക്കൊപ്പം തൂക്കിയിട്ടിരിക്കുന്നു, ഈ ഹാളിൽ.

പുതിയ ഹാളിന്റെ ദൃശ്യം - ഇരുവശങ്ങളിലും രേഖാചിത്രങ്ങൾ
ബുദ്ധന്റെ സമാധി മഹാപരിനിബ്ബണ എന്നാണ് അറിയപ്പെടുന്നത്. മഹാപരിനിബ്ബണയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സംസ്ക്കാരച്ചടങ്ങുകൾ നടത്തിയ ചന്ദനമുട്ടികൾക്കിടയിൽ നിന്ന് കേമ എന്ന ബുദ്ധസന്യാസിനിക്ക് ബുദ്ധന്റെ മുകളിലെ വരിയിലെ ഇടതുവശത്തെ കോമ്പല്ല് കിട്ടുന്നു. അവർ അത് ആരാധനയ്ക്കായി സംരക്ഷിക്കാൻ കലിംഗ(ഇന്നത്തെ ഒറീസ്സ) രാജാവായ ബ്രഹ്മദത്തനെ ഏൽ‌പ്പിക്കുന്നു. ബ്രഹ്മദത്തരാജാവ് ഒരു സുവർണ്ണക്ഷേത്രം നിർമ്മിച്ച് മുത്തുകളും പവിഴങ്ങളും കൊണ്ട് അലങ്കരിച്ച് പല്ലിനെ ആരാധിച്ചുപോന്നു. പക്ഷേ, പാണ്ഡ്യരാജ്യ ചക്രവർത്തിക്ക് ഇതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹം പല്ല് നശിപ്പിക്കാൻ അഞ്ച് പദ്ധതികൾ ആവിഷ്ക്കരിച്ചു. ചുറ്റികയ്ക്ക് അടിച്ച് നശിപ്പിക്കുക എന്നതായിരുന്നു അതിൽ രണ്ടാമത്തെ പദ്ധതി. അതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കേ യോഗിയായ സുഭാതയുടെ പ്രവചനം ഫലിക്കപ്പെട്ടു. പല്ല് ആകാശത്തിലേക്കുയർന്ന് തിളങ്ങുന്ന ഒരു നക്ഷത്രത്തെപ്പോലെ ശോഭ ചൊരിയാൻ തുടങ്ങിയെന്നാണ് വിശ്വാസം. ഇതോടുകൂടെ പല്ല് കൈവശം വെച്ച് സംരക്ഷിക്കുന്ന രാജാവിനും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകുമെന്ന വിശ്വാസം വരുകയും പല്ല് കൈക്കലാക്കാനായി പല രാജാക്കന്മാരും പട നയിക്കുകയും ചെയ്തു. എ.ഡി. മൂന്നാം നൂറ്റാണ്ടിലെ കലിങ്ക രാജവംശത്തിലെ ഗുഹശിവ രാജാവാണ് പല്ല് കൈവശം വെച്ച് ആരാധിച്ചിരുന്ന അവസാനത്തെ ഇന്ത്യൻ രാജാവ്.

ഹാളിനകത്തെ മറ്റ് ബുദ്ധപ്രതിമകൾ
പല്ലിന് വേണ്ടിയുള്ള പോരുകൾ വർദ്ധിച്ച് വന്നപ്പോൾ അത് സുരക്ഷിതമായി സംരക്ഷിക്കാനായി ഗുഹശിവ രാജാവ്, മകളായ രാജകുമാരി ഹേമമലിയ്ക്കും ഭർത്താവ് സുതാന്ത ദന്തയ്ക്കും ഒപ്പം അത് ലങ്കാപട്ടണം എന്ന ദ്വീപിലേക്ക് കൊടുത്തയക്കുന്നു. ഇതാണ് പല്ല് ലങ്കയിൽ എത്തിയതിന്റെ ചുരുക്കത്തിലുള്ള ചരിത്രം.

1603 ൽ പറങ്കികൾ കാൻഡി നഗരം പിടിച്ചടക്കിയപ്പോൾ പല്ല് ശ്രീലങ്കയിലെ തന്നെ ദുംബാര (Dumbara) എന്ന സ്ഥലത്തേക്ക് കടത്തപ്പെട്ടു. കുറച്ച് കാലം ഇത് ബ്രിട്ടീഷുകാരുടെ കൈവശം ഇരുന്നതായും ചരിത്രം പറയുന്നു. എ.ഡി. 1853ൽ ബ്രിട്ടീഷ് ഗവർണ്ണർ ഇത് രാജാക്കന്മാരെ തിരിച്ചേൽ‌പ്പിച്ചു. പല പല രാജാക്കന്മാരും രാജ്യക്കാരും ആരാധനാലയങ്ങളും കൈമറിഞ്ഞ് രാജാ വീര നരേന്ദ്ര സിംഹരാജന്റെ കാലത്താണ് ഇപ്പോൾ കാണുന്ന ക്ഷേത്രത്തിനകത്ത് പല്ല് അരാധിക്കപ്പെടാൻ തുടങ്ങിയത്.

സ്വർണ്ണത്തിൽ പൊതിഞ്ഞതും മിനുസമുള്ള കല്ലുകളിൽ കടഞ്ഞതുമായ ശാന്തസുന്ദരമായ ബുദ്ധവിഗ്രഹങ്ങൾ, അത്യധികം നീളമുള്ള ആനക്കൊമ്പുകൾ, ചന്ദ്രക്കല്ലുകൾ, തേക്കിൽ കടഞ്ഞ ജനലുകളും വാതിലുകളും, കല്ലിൽ കൊത്തിയ തൂണുകൾ, വൃത്തിയുള്ള പരിസരപ്രദേശങ്ങൾ, തിരക്കുണ്ടെങ്കിലും ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷം.... ദളദ മലിഗവ എന്ന ടെമ്പിൾ ഓഫ് ടൂത്തിന്റെ ദർശനം ഇങ്ങനെയൊക്കെ വിലയിരുത്താം.

ഇവിടത്തെ ‘എസല പെരഹേര‘(Easala Perahera) എന്ന ഉത്സവം ശ്രീലങ്കയിലെ തന്നെ എറ്റവും വലിയ ഒരു ആഘോഷമാണ്. ഈ സമയത്ത് ബുദ്ധന്റെ പല്ല് ആനപ്പുറത്തേറ്റി കാൻഡി നർത്തകരും, പൊയ്‌ക്കാൽ രൂപങ്ങൾ അടക്കമുള്ള കലാകാരന്മാരുടെ പ്രകടനങ്ങളുടേയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയും കൂടെ നഗരപ്രദക്ഷിണം ചെയ്യിക്കുന്നു. ശ്രീലങ്കയിൽ വളരെക്കാലം നീണ്ടുനിന്ന ഒരു വരൾച്ചയ്ക്ക് പ്രതിവിധിയായി ബുദ്ധന്റെ ഈ പല്ല് പ്രത്യേക പ്രദർശനത്തിന് വെക്കുകയും അതിന്റെ ഫലമായി ധാരാളമായി മഴയുണ്ടാകുകയും അത് പിന്നെ ‘ദളത’ എന്നറിയപ്പെടുന്ന പ്രളയമായി മാറുകയും ചെയ്തെന്നൊക്കെ വിശ്വാസമുണ്ട്.

ക്ഷേത്രത്തിന് വെളിയിലായി കാന്‍ഡി കൊട്ടാരം പ്രൌഢഗംഭീരമായി നിലകൊള്ളുന്നു. പല്ല് സംരക്ഷിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാകും എന്നതുകൊണ്ടുതന്നെ ആ കർമ്മവും നിർവ്വഹിച്ച് ക്ഷേത്രത്തിനോട് ചേർന്നുതന്നെ രാജാക്കന്മാർ താമസിച്ചുപോന്നിരുന്നു, പഴയകാലത്ത്. പക്ഷെ, ഇപ്പോൾ കൊട്ടാരത്തിനകത്ത് രാജവംശത്തിൽ നിന്നുള്ളവർ ആരും താമസമില്ല, അങ്ങോട്ട് സന്ദർശകർക്ക് പ്രവേശനവുമില്ല.

കാൻഡി കൊട്ടാരം
കൊട്ടാരത്തിനു  സമാന്തരമായി തുറസ്സായതും നിറയെ തൂണുകളുള്ളതുമായ റോയൽ പ്ലാറ്റ്ഫോം. അതിൽനിന്ന് അൽ‌പ്പം വിട്ടുമാറി നീളത്തിലുള്ള മണ്ഡപത്തില്‍ ദീപങ്ങൾ കൊളുത്താനും ചന്ദനത്തിരി കത്തിക്കാനുമായി ഭക്തരുടെ വന്‍ തിരക്ക്.  ഉച്ചഭക്ഷണത്തിന്റെ സമയമാകുന്നു. കുട്ടികൾക്ക് മടുപ്പായിത്തുടങ്ങിയിരിക്കുന്നു.  എല്ലാവരും റോയൽ പ്ലാറ്റ്ഫോമിൽ അല്‍പ്പ സമയം വിശ്രമിച്ചു.

റോയൽ പ്ലാറ്റ്ഫോം.
രാജ അഥവാ മലിഗവ കൊമ്പന്‍ എന്നറിയപ്പെട്ടിരുന്ന ആനയ്ക്ക് വേണ്ടി മാത്രമുള്ള പ്രത്യേക മ്യൂസിയമാണ് റോയൽ പ്ലാറ്റ്‌ഫോമിന്റെ തൊട്ടപ്പുറത്തുള്ളത്. ബാറ്റിക്കുള (Battikkula) ജില്ലയിലെ എരാവൂര്‍ കാടുകളില്‍ നിന്ന്‍ 1925 ല്‍ ആണ് രാജയെ പിടികൂടുന്നത്. തിക്കിരി ബന്ദ മാപിട്ടിയ എന്ന വ്യക്തി 1937 ല്‍ 3300 രൂപയ്ക്ക് ഇവനെ വാങ്ങി ദലത മലിഗവ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തു. 1984 ല്‍ അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ ജെ.ആര്‍. ജയവര്‍ദ്ധന ഈ കൊമ്പനെ രാഷ്ട്രത്തിന്റെ നിധിയായി പ്രഖ്യാപിച്ചു. ഒരു ആനയെ രാജ്യസ്വത്തായി പ്രഖ്യാപിക്കുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ  സംഭവമായിരുന്നു അത്. 50 വര്‍ഷത്തോളം ക്ഷേത്രത്തിന്റെ ആനയെന്ന സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചതിനുശേഷം 1988 ജൂലായ്‌ 16 ന് രാജ ചരിഞ്ഞു.

മലയാളികള്‍ക്ക് ഗുരുവായൂര്‍ കേശവന്‍ എന്നപോലെ, മനസ്സിലൊരിടം നേടിയക്കഴിഞ്ഞ രാജയെ മണ്ണോട് ചേർക്കാൻ സിംഹളര്‍ക്കായില്ല. അവരവനെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കാൻ മാത്രമായി ഒരു മ്യൂസിയം ഉണ്ടാക്കി. അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ. പ്രേമദാസെ ഈ ആവശ്യത്തിലേക്ക് വേണ്ടതായ മുഴുവന്‍ ചിലവും പ്രസിഡന്റിന്റെ ഫണ്ടില്‍ നിന്ന്‍ ചിലവഴിച്ചു. അങ്ങനെ ലോകത്താദ്യമായി ഒരു ആനയെ സ്റ്റഫ് ചെയ്തുവെച്ച സംഭവമായി ഇത് മാറി. നിർമ്മാണം പൂർത്തിയായപ്പോള്‍, അന്നത്തെ പ്രധാനമന്ത്രി ശ്രീ. ഡി. ബി. വിജേതുങ്കേ (wijethunke) മ്യൂസിയം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. തലപ്പൊക്കം കാട്ടി ലങ്കയിലെ ഈ പുണ്യഭൂമിയിൽ ഇന്നും രാജ നിവർന്ന് നിൽക്കുന്നു.

ചരിഞ്ഞിട്ടും തലയുയർത്തി നിൽക്കുന്ന ലങ്കക്കാരുടെ കൊമ്പൻ.
ദളാദ ഘോഷയാത്ര സമയത്ത് രാജ അണിഞ്ഞിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയാണ് മ്യൂസിയത്തിനകത്തെ പ്രദര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത്. ചരിഞ്ഞ് കിടന്നപ്പോള്‍ അതേ വസ്ത്രം കൊണ്ടുതന്നെയാണ് രാജയെ പുതപ്പിച്ചിരുന്നത്. രാജയുടെ ചരിത്രം വിളിച്ചോതുന്ന എണ്ണമറ്റ ചിത്രങ്ങളാണ് മ്യൂസിയത്തിനകം നിറയെ. ലങ്കക്കാര്‍ക്ക് ആനകള്‍ എന്നാല്‍ എന്താണെന്നും അതിനോടുള്ള മതിപ്പെന്താനെന്നും ഈ മ്യൂസിയം കാട്ടിത്തരുന്നു. മ്യൂസിയത്തിൽ നിന്നിറങ്ങി എല്ലാവരും ക്ഷേത്രകവാടത്തിലേക്ക് നടന്നു.

ക്ഷേത്രചരിത്രം പറയുമ്പോൾ ഇവിടെ നടന്നിട്ടുള്ള ചില വിധ്വംസന പ്രവർത്തനങ്ങളെക്കൂടെ പരാമർശിക്കാതെ തരമില്ല. 1998 ജനുവരി 25ന് പ്രഭാകരന്റെ പുലികൾ നടത്തിയ ഒരു ചാവേർ ട്രക്ക് ബോംബാക്രമണം ക്ഷേത്രത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടാക്കി. 12 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പക്ഷെ, ഒട്ടും വൈകാതെ തന്നെ ക്ഷേത്രം പുനർനിർമ്മാണം നടത്തി പഴയപടി ആക്കുകയും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തു.

ക്ഷേത്രം ബോംബ് ആക്രമണത്തിന് ശേഷം - (Courtesy)
പുതിയ ഹാളിന്റെ രണ്ടും മൂന്നും നിലകളില്‍ ബോംബാക്രമണത്തിന്റെ ചരിത്രം, ചിത്രങ്ങള്‍ അടക്കം വിശദമായി പ്രദര്‍ശിപ്പിച്ചിട്ടിട്ടുണ്ട്. അമൂല്യമായ പല പുരാവസ്തുക്കളും അടങ്ങിയ ഒരു കൊച്ചു മ്യൂസിയം കൂടെയാണ് ആ രണ്ട് നിലകൾ. പക്ഷെ ഫോട്ടോ എടുക്കാന്‍ പാടില്ല.  ഞാനതില്‍ കയറി എല്ലാം കണ്ട് മടങ്ങി വരുന്നതുവരെ ക്ഷീണിച്ചു വലഞ്ഞ കുട്ടികള്‍ക്കൊപ്പം മറ്റുള്ളവര്‍ വെളിയിൽ കാത്തുനിന്നു.

റോട്ടറി സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിന് മുന്നിൽ
ക്ഷേത്രത്തിൽ നിന്നുള്ള മടക്കയാത്രയ്ക്ക് സമയമാകുന്നു. മറ്റുള്ള റോട്ടറിക്കാരൊക്കെ മടങ്ങാൻ തയ്യാറായി ക്ഷേത്രത്തിന് മുന്നിൽ ഹാജരായിട്ടുണ്ട്. എവിടെന്നെങ്കിലും ഭക്ഷണം കഴിച്ചിട്ട് ലങ്കക്കാരുടെ മൂന്നാർ എന്ന് വിശേഷിപ്പിക്കാവുന്ന ‘നുവാറ അലിയ‘ യിലേക്ക് പോകാനാണ് ഞങ്ങളുടെ പദ്ധതി. 72 മൈൽ ദൂരമുണ്ട് അങ്ങോട്ട്‌. മാധവും സുജാതയും മറ്റ് റോട്ടറിക്കാരും അത്രയ്ക്ക് നീണ്ട ഒരു യാത്രയ്ക്കില്ലെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി.

ഞങ്ങൾ കുട്ടികൾക്കൊപ്പം നുവാറ അലിയയിലേക്ക് പുറപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 6120 അടി ഉയരത്തിലാണ് നൂവാറ അലിയ. അങ്ങോട്ടുള്ള വഴികള്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതാണ്. വഴിവക്കിലൊന്നും ചപ്പുചവറുകള്‍ കിടക്കുന്ന കാഴ്ച്ചകളില്ല. തേനും പഴങ്ങളും വില്‍ക്കുന്ന കടകൾ ധാരാളമായി കാണാം. ശ്രീലങ്കയില്‍ പലതരം വാഴപ്പഴങ്ങള്‍ സുലഭമാണ്. പല നിറത്തിലുള്ള ആ പഴക്കുലകളൊക്കെ കടകളിൽ തൂക്കി ഇട്ടിരിക്കുന്നത് കാണാന്‍ തന്നെ നല്ല ചന്തമാണ്. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, യൂണിവേർസിറ്റി എന്നിവ കടന്ന് വാഹനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ലങ്കയിലെ ഏറ്റവും വലിയ നദിയായ ‘മഹാവാലി‘ ഇതിനിടയ്ക്ക് ഞങ്ങള്‍ മുറിച്ചു കടന്നു. യാത്രയിലുടനീളം മഴക്കാലത്തെ മൂന്നാർ യാത്രയെ അനുസ്മരിപ്പിക്കുന്നതുപോലെ അവിടവിടെയായി കൊച്ചുകൊച്ച് വെള്ളച്ചാട്ടങ്ങളുമുണ്ട്. കേരളത്തെക്കാള്‍ കടുത്ത പച്ചപ്പുണ്ട് ഗ്രാമാന്തർഭാഗത്തേക്കുള്ള വഴികള്‍ക്കൊക്കെയും.

മഹാവാലി നദി.
നുവാറ അലിയ മുഴുവന്‍ കണ്ടുതീർക്കാൻ അര ദിവസം ഒരിക്കലും തികയില്ല. കോളനി വാഴ്ച്ചക്കാലത്ത് ഇംഗ്ലീഷുകാർ വലിയ തോതില്‍ താമസിച്ചിരുന്ന ഇടമാണിത്. അതുകൊണ്ടുതന്നെ ഒരു ഇംഗ്ലണ്ട് ഛായ ഈ പ്രദേശത്തിന് ഉണ്ടെന്ന് മാത്രമല്ല ‘ലിറ്റിൽ ഇംഗ്ലണ്ട് ‘ എന്ന് അറിയപ്പെടുന്നുമുണ്ട്. ശ്രീലങ്കയിൽ തേയിലകൃഷിക്ക് പേരുകേട്ട ഇടം കൂടെയാണ് നുവാറ അലിയ.

റംബോഡ തുരങ്കം
റംബോട തുരങ്കം കഴിഞ്ഞാലുടൻ ചെന്നെത്തുന്നത് റംബോട വെള്ളച്ചാട്ടത്തിനടുത്താണ്. ഉയരത്തിന്റെ കാര്യത്തിൽ ശ്രീലങ്കയിലെ 11-)മത്തെ വെള്ളച്ചാട്ടമാണ് റംബോഡ. തൊട്ടടുത്തുള്ള ഭേദപ്പെട്ട ഒരു റസ്റ്റോറന്റില്‍ ഞങ്ങൾ ഉച്ചഭക്ഷണത്തിന് കയറി. ഒരു വശത്ത് 357 അടി ഉയരത്തില്‍ നിന്ന്‍ വീഴുന്ന വെള്ളച്ചാട്ടം; മറുവശത്ത് മനോഹരമായ താഴ്വാരത്തിന്റെ ദൃശ്യങ്ങൾ. ഊണ് കഴിക്കാതെ തന്നെ വയറും മനസ്സും നിറഞ്ഞതുപോലെ.

റംബോഡ വെള്ളച്ചാട്ടം.
അല്‍പ്പം വൈകിയാണെങ്കിലും മനോഹരമായ ഒരു സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റിയപ്പോള്‍ കുട്ടികള്‍ക്കും സന്തോഷം. മരങ്ങളിൽ നിന്ന് ഊർന്നിറങ്ങി, മേശകൾക്കിടയിലേക്ക് ചാടിക്കടക്കുന്ന കുരങ്ങന്മാരുടെ വികൃതികൾ കൂടെ ആയപ്പോൾ ബഹുരസം. റസ്റ്റോറന്റിലെ മറ്റ് തീൻ‌മേശകളിലൊക്കെ വെള്ളക്കാരാണ്. അല്ലെങ്കിലും ഇതുപോലെയുള്ള മനോഹരമായ സ്ഥലങ്ങള്‍ ചികഞ്ഞെടുത്ത് വന്ന് മണിക്കൂറുകളോളം ചിലവഴിക്കാന്‍ അവരെ കഴിഞ്ഞിട്ടല്ലേ മറ്റാരെങ്കിലുമുള്ളൂ.

വെള്ളച്ചാട്ടം നോക്കിയിരുന്ന് ഒരു ഉച്ചഭക്ഷണം
താഴ്‌വരയുടെ സൌന്ദര്യം
നുവാറ അലിയയുടെ ഹൃദയ ഭാഗത്തേക്ക് കടക്കാൻ സമയമില്ലാത്തതുകൊണ്ട് ഭക്ഷണത്തിനുശേഷം മനസ്സില്ല്ലാ മനസ്സോടെ കാൻഡിയിലേക്ക് മടങ്ങി. വണ്ടിയിലെ സീറ്റുകള്‍ നിവർത്തിയിട്ട് കിടക്കയാക്കി നേഹയും കൂട്ടുകാരും നന്നായി ഉറങ്ങി. വാഹനം കാൻഡിയില്‍ എത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു.

നാളെ കാൻഡിയില്‍ നിന്ന്‍ കൊളംബോയിലേക്ക് മടങ്ങുകയാണ്. അതിനു മുന്‍പേ ‘ഭഹിരവ കണ്ടി‘ൽ കൂടെ പോകണം എന്നുണ്ട് എനിക്ക്. കൂട്ടിനു വന്നത് മുഴങ്ങോടിക്കാരി മാത്രം. ദൂരം 2 കിലോമീറ്റർ മാത്രം. പക്ഷേ ഒരു വാഹനത്തിന് കയറിപ്പോകാനുള്ള വീതിയേ അങ്ങോട്ടുള്ള വഴിക്കുള്ളൂ. നാലഞ്ച് ഹെയർ പിന്നുകൾ വളഞ്ഞ് തിരിഞ്ഞ് അപകടം പിടിച്ച കുത്തനെയുള്ള കയറ്റമായിരുന്നു അത്.

ഭഹിരവ കുണ്ടിലെ ബുദ്ധൻ
പൈശാചിക ശക്തികളുള്ള ഭൈരവന്റെ ഒരു ക്ഷേത്രം ഈ കുന്നിന് മുകളിൽ ഉണ്ടായിരുന്നെന്നും കാൻഡി രാജാക്കന്മാരുടേയും രാജ്ഞിമാരുടേയും രഹസ്യനിധികളുടെ കാവൽക്കാരനായിരുന്നു ഭൈരവൻ എന്നും നാടോടിക്കഥകളുണ്ട്. സുന്ദരികളായ ഒരുപാട് പെൺകുട്ടികളെ ഇവിടെ കൊണ്ടുവന്ന് ഭൈരവന് ബലികൊടുത്തിട്ടുണ്ടെന്നുള്ള പേടിപ്പെടുത്തുന്ന കഥകൾ ഭഹിരവ കുണ്ടിനെപ്പറ്റിയുണ്ട്. പിന്നീട് അത്തരം ദുരാചാരങ്ങളൊക്കെ നിർത്തലാക്കി ഭൈരവക്ഷേത്രം നശിപ്പിച്ചുകളഞ്ഞു. 1972 ൽ മൊണാസ്‌ട്രി സ്ഥാപിക്കപ്പെടുകയും ഭീമാകാരമായ ബുദ്ധപ്രതിമ നിർമ്മിക്കപ്പെടുകയും ചെയ്തു.

കണ്ണ് തുറന്ന് ഭഹിരവ കുണ്ടിലെ ബുദ്ധൻ
200 രൂപ പ്രവേശന ഫീസ് കൊടുക്കണം ഭഹിരവ കുണ്ടിന്റെ പടികൾ കയറാൻ. ബുദ്ധപ്രതിമയ്ക്ക് മാത്രം 80 അടിയോളം ഉയരമുണ്ട്. പതിവിന് വിപരീതമായി കണ്ണ് തുറന്നാണ് ബുദ്ധനിരിക്കുന്നത്. പ്രതിമയുടെ പിൻ‌വശത്തുള്ള മുറികളിലുമുണ്ട് നിറയെ ബുദ്ധപ്രതിമകൾ. മുറികൾക്ക് വെളിയിലുള്ള പടികളിലൂടെ കയറിച്ചെന്നാല്‍ ബുദ്ധന്റെ തോളൊപ്പം ചെന്ന് നില്‍ക്കാം. അവിടന്ന് കിട്ടുന്നത് കാൻഡി നഗരത്തിന്റെ മനം മയക്കുന്ന ആകാശക്കാഴ്ച്ചയാണ്.

പ്രാർത്ഥനാ നിരതനായി ഒരു ബുദ്ധസന്യാസി
നഗരവിളക്കുകൾ എല്ലാം തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരു ബുദ്ധസന്യാസി പ്രാർത്ഥനാ നിരതനായി പ്രതിമയുടെ ഇടതുവശത്തുള്ള ആൽമരച്ചുവട്ടിലുണ്ട്. എന്താണ് ഒരു ബുദ്ധവിശ്വാസിയുടെ പ്രാർത്ഥന ? എന്തൊക്കെയാണ് മറ്റ് മതാചാരങ്ങളും അനുഷ്ടാനങ്ങളും. ശ്രീലങ്കയിലെ രണ്ടാമത്തെ ദിവസം കഴിഞ്ഞപ്പോഴേക്കും ബുദ്ധമതത്തെക്കുറിച്ച് ഒരുപാട് താൽ‌പ്പര്യങ്ങൾ എന്നിൽ ജനിച്ചുകഴിഞ്ഞിരുന്നു.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

24 comments:

  1. എന്താണ് ഒരു ബുദ്ധവിശ്വാസിയുടെ പ്രാർത്ഥന ? എന്തൊക്കെയാണ് മറ്റ് മതാചാരങ്ങളും അനുഷ്ടാനങ്ങളും. ശ്രീലങ്കയിലെ രണ്ടാമത്തെ ദിവസം കഴിഞ്ഞപ്പോഴേക്കും ബുദ്ധമതത്തെക്കുറിച്ച് ഒരുപാട് താൽ‌പ്പര്യങ്ങൾ എന്നിൽ ജനിച്ചുകഴിഞ്ഞിരുന്നു.

    ReplyDelete
  2. കണ്ണു തുറന്ന ബുദ്ധപ്രതിമ ആദ്യമായി കാണുകയാണ്. വിവരണം നന്നായിരിക്കുന്നു.

    ReplyDelete
  3. റിട്ടയർ ചെയ്തതിനു ശേഷം ഒന്നു പോകണം.

    ReplyDelete
  4. എന്നത്തെയ്യും പോലെ മനോഹരം..ലേഖനത്തില്‍ പറഞ്ഞ പോലെ ,പഴയകാലത്തെ അമ്പലങ്ങളും കൊട്ടാരങ്ങളും ഒക്കെ തേടിയുള്ള യാത്ര നമ്മൊളൊക്കെ ആസ്വദിക്കുമെങ്കിലും കുട്ടികള്‍ക്ക് ബോര്‍ ആവും അല്ലെ... എന്റെയും അനുഭവം അതാണ്‌...ഇനിയിപ്പോ കുട്ടികളൊക്കെ വലുതായിക്കഴിഞ്ഞു കിളവനും കിളവിയും ആയിക്കഴിയുമ്പോള്‍ യുറോപ്യന്‍സ്നെ പോലെ ചരിത്രാവശിഷ്ടങ്ങള്‍ തേടി നടക്കാം...ശ്രീലങ്ക ഇത്രയ്ക്കു ഭംഗി ഉള്ള സ്ഥലമാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല... പേടിപ്പെടുത്തുന്ന ഒരു ഇമേജ് ആയിരുന്നു മനസ്സില്‍....ഫോട്ടോസ് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.... നല്ല വൃത്തിയുള്ള സ്ഥലം അല്ലെ....
    ഒരു ചെറിയ തിരുത്തല്‍ ചൂണ്ടി കാണിക്കട്ടെ..
    "ഒരു വശത്ത് 357 അടി ഉയരത്തില്‍ നിന്ന്‍ വീഴുന്ന വെള്ളച്ചാട്ടം ഒരുവശത്ത് ;"...ഇതില്‍ ഒരുവശത്ത് ഒരു പ്രാവശ്യം മതിയല്ലോ ....
    വിവരണത്തിന് നന്ദി മനോജ്‌...

    ReplyDelete
  5. മനോജ്...വളരെ നന്നായിരിക്കുന്നു ...ബുദ്ധമതചരിത്രം എനിക്കും വളരെ താത്പര്യമുള്ള വിഷയമാണ്..പല ലേഖനങ്ങളും യാത്രാവിവരണങ്ങളും വായിച്ച്,ബുദ്ധമതത്തെസംബന്ധിച്ചുള്ള പുതുമയേറിയ പലകാര്യങ്ങളും മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും, ഈ വിവരണം, അതിൽനിന്നൊക്കെ തികച്ചും വ്യത്യസ്തത പുലർത്തുന്നു...പ്രത്യേകിച്ച് ബുദ്ധന്റെ പല്ലിനെയും,അതിനോടുചേർന്നുള്ള വിശ്വാസങ്ങളെയും കുറിച്ച് ആദ്യമായി മനസ്സിലാക്കുന്നതന്നെ ഇപ്പോഴാണ്..കൂടുതൽ യാത്രാവിവരണങ്ങൾക്കായി കാത്തിരിക്കുന്നു..ആശംസകൾ..
    (മേഘമല യാത്രയുടെ വിശദാംശങ്ങൾ ഞാൻ ഉടൻ അറിയാക്കാം..മറന്നതല്ല.)

    ReplyDelete
  6. nannayittundu Niruchetta. :))

    ReplyDelete
  7. I love the way you write. Go ahead and publish a book when you have enough :D

    ReplyDelete
  8. നയനമോഹനമായ ചിത്രങ്ങള്‍ കൊണ്ടും ലളിതമായ വിവരണം കൊണ്ടും വായനക്കാരേയും സഹായത്രികരാക്കിയ പോസ്റ്റിനു നന്ദി മനോജേ...

    ReplyDelete
  9. "എന്താണ് ഒരു ബുദ്ധവിശ്വാസിയുടെ പ്രാർത്ഥന ? എന്തൊക്കെയാണ് മറ്റ് മതാചാരങ്ങളും അനുഷ്ടാനങ്ങളും. ശ്രീലങ്കയിലെ രണ്ടാമത്തെ ദിവസം കഴിഞ്ഞപ്പോഴേക്കും ബുദ്ധമതത്തെക്കുറിച്ച് ഒരുപാട് താൽ‌പ്പര്യങ്ങൾ എന്നിൽ ജനിച്ചുകഴിഞ്ഞിരുന്നു"....കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു

    ReplyDelete
  10. @പാര്‍ത്ഥന്‍ - എണ്ണത്തിൽ കുറവാണെങ്കിലും കണ്ണ് തുറന്ന ബുദ്ധപ്രതിമകൺ ഞാൻ വേറേയും കണ്ടിട്ടുണ്ട്.

    @സീഡിയൻ. - താങ്കളുടെ ബ്ലോഗിൽ ഒരു ബുദ്ധപ്രതിമ കാണുന്നുണ്ടല്ലോ. താങ്കൾക്ക് ഈ വിഷയത്തിൽ കൂടുതൽ അറിവുണ്ടെന്ന് ഞാൻ കരുതുന്നു.

    @Manju Manoj - ശ്രീലങ്കയെപ്പറ്റി ഇനിയങ്ങോട്ട് ഒട്ടും പേടിക്കാനില്ല. തൊട്ടടുത്ത രാജ്യമെന്ന നിലയ്ക്ക് എല്ലാ ഇന്ത്യക്കാരും ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണത്. എന്റെ ചില വിലയിരുത്തലുകൾ ഇനിയുള്ള പോസ്റ്റുകളിൽ ഉണ്ടാകും. ‘ഒർവശത്ത് പിശക് തിരുത്തിയിട്ടുണ്ട്. നന്ദി. ശ്രദ്ധിച്ച് നോക്കിയാൽ ഈ പോസ്റ്റിൽ ഇനിയും ഒരുപാട് തിരുത്തുകൾ ഉണ്ടാകും. മണികണ്ഠൻ വന്നാലേ അതൊക്കെ വെളിയിൽ വരൂ :)

    @ഷിബു തോവാള - നന്ദി.

    @Ram - നന്ദി.

    @Geekiest - ബ്ലോഗിൽ പബ്ലിഷ് ചെയ്ത യാത്രാവിവരണങ്ങൾ പുസ്തകമാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. മറ്റൊരു യാത്രയുടെ വിവരണം പുസ്തകമാക്കുന്നതിന്റെ പണിപ്പുരയിലാണ്. (പണിപ്പുരയിൽ മടിപിടിച്ചിരിക്കുകയാണ്.)

    @കുഞ്ഞൂസ് (Kunjuss) - നന്ദി.

    @Nambiar - നന്ദി.

    ദളിദ മലിഗവയിൽദർശനത്തിനെത്തിയ എല്ലാവർക്കും നന്ദി.

    ReplyDelete
  11. ചുരുക്കി പറഞ്ഞാൽ ബുദ്ദന്റെ ഒരു ഫാനായി അല്ലേ..?. എഴുത്തുകൾ തുടരുക..

    ReplyDelete
  12. ബുദ്ധമതം എന്നല്ല ഈ ലോകത്തെ ഏതു മതവും മനുഷ്യനെ സ്നേഹിക്കാനും ഒരുമയോടെ ജീവിക്കാനുമാണ് ഉപദേശിച്ചത്.
    മതം എന്നാല്‍ അഭിപ്രായം എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. (നമ്മള്‍ അങ്ങിനെ അല്ല കരുതുന്നത് എങ്കിലും.)

    നല്ല വിവരണം . കൊമ്പന്റെ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ല.

    ഒരു സംശയം. കാഴ്ചയില്‍ ഒരു സമ്പന്ന രാജ്യം പോലെ തോന്നുന്നു ശ്രീലങ്ക. പക്ഷെ അറിവ് ഒരു ദരിദ്ര രാജ്യമാണെന്നും. ഏതാണ്‌ ശരി?
    താങ്കള്‍ക്ക് ഏതെങ്കിലും ഗ്രാമങ്ങളില്‍ പോകാന്‍ കഴിഞ്ഞോ ?
    തുടരുക

    ReplyDelete
  13. @കാഴ്ചകളിലൂടെ - സമ്പത്തിന്റെ കാര്യത്തിൽ ചിലപ്പോൾ ശ്രീലങ്ക ഇന്ത്യയ്ക്കൊപ്പമോ മറ്റ് രാജ്യങ്ങൾക്കൊപ്പമോ എത്തില്ലായിരിക്കാം. പക്ഷെ റോഡുകൾ, മാലിന്യസംസ്ക്കരണം എന്നിങ്ങനെയുള്ള കാര്യത്തിൽ ഇന്ത്യയേക്കാളൊക്കെ മുന്നിൽത്തന്നെയാണ്. ശ്രീലങ്കയെപ്പറ്റി എനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകൾ ഒക്കെ മാറ്റിമറിക്കുന്നതായിരുന്നു ഈ സന്ദർശനം.

    ReplyDelete
  14. നല്ല വിവരണം. ബുദ്ധന്റെ പല്ലു സംരക്ഷിക്കുന്നതിന്റെ കഥ അത് ആദ്യമായി അറിയുന്നതാണ്. മറ്റു പല വിവരങ്ങളും ആദ്യം അറിയുന്നത് തന്നെയെങ്കിലും പല്ല് സൂക്ഷിക്കുന്നതിന്റെ കഥ വളരെയേറെ ഹൌണ്ട് ചെയ്തു. പിന്നെ പെട്ടന്ന് പൂജാദ്രവ്യങ്ങളും പുഷ്പങ്ങളും വില്പനക്ക് എന്ന ഫോട്ടോ കണ്ടപ്പോള്‍, അതില്‍ പിന്നില്‍ നില്‍ക്കുന്ന ആള്‍ക്ക് നമ്മുടെ മനുജിയുടെ ഒരു ഛായ തോന്നി!. ഓഫ് കമന്റാണ്. എങ്കിലും പറയുന്നു.

    ReplyDelete
  15. മനോജേട്ടാ നന്നായിരിക്കുന്നു. കഴിഞ്ഞ തവണ വിവാഹവിശേഷങ്ങൾ ആണെങ്കിൽ ഇത്തവണ പ്രകൃതിഭംഗിയും, ക്ഷേത്രവും. ബുദ്ധമതത്തിലെ ആചാരങ്ങളെക്കുറിച്ചറിയാൻ ആഗ്രഹമുണ്ട്. അതിനാൽ തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ.

    ReplyDelete
  16. ഒന്നാന്തരം വിവരണവും ചിത്രങ്ങളും. സൂക്ഷ്മതലത്തിൽ വരെ ശ്രദ്ധിച്ചിരിക്കുന്നു.

    ReplyDelete
  17. പതിവ് പോലെ തകര്‍പ്പന്‍............

    ReplyDelete
  18. വിവരണവും ചിത്രങ്ങളും മനോഹരം. പ്രത്യേകിച്ച് റംബോഡ വെള്ളച്ചാട്ടം.
    കാഴ്ചകളിലൂടെ എന്ന ബ്ലോഗ്ഗര്‍ ഉന്നയിച്ച സംശയവും അതിന് മനോജേട്ടന്റെ മറുപടിയും കണ്ടു. ഈ അടുത്തകാലം വരെ ആഭ്യന്തരയുദ്ധത്തില്‍ പൊറുതിമുട്ടിയിരുന്ന ഈ ദ്വീപുരാജ്യത്തെ ടൂറിസത്തിന്റെ കാര്യത്തിലെങ്കിലും നമ്മള്‍ മാതൃകയാക്കണം എന്ന് തോന്നുന്നു.

    ReplyDelete
  19. Grt work............
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me!

    ReplyDelete
  20. നിരക്ഷരാ..ശ്രീലങ്കൻ യാത്ര രസകരമാകുന്നുണ്ട്...തുടരൂ കൂടെയുണ്ട്
    പിന്നെ ശ്രീലങ്ക ഒരു ദരിദ്ര രാജ്യമൊന്നുമല്ല. ആളോഹരി വരുമാനത്തിലും Human development Index ലും ഇൻഡ്യയെക്കാൾ വളരെ മുന്നിലാണ്‌ ശ്രീലങ്ക..

    ReplyDelete
  21. superb! waiting for the next episode..

    ReplyDelete
  22. ഇന്നാണ് ഈ സിംഹള പുരാണത്തിലൂടെ സഞ്ചരിച്ചത് കേട്ടൊ ഭായ്

    ReplyDelete
  23. "ഒരു ആനയെ രാജ്യസ്വത്തായി പ്രഖ്യാപിക്കുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ സംഭവമായിരുന്നു അത്"

    അങ്ങനെയെങ്കില്‍ ആദ്യം അങ്ങനെ ചെയ്ത സംഭവം ഏതാണ്?

    ReplyDelete
  24. @anEEEsh ആ സംഭവം ഏതാണെന്ന് എനിക്കും അറിയില്ല. അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.