Monday, 29 October 2012

ഓറോബിന്ദോയും മദറും ആശ്രമവും

ണ്ടിച്ചരി യത്രുടആദ്യാഗ......
1. പണ്ടിച്ചരിയിലേക്ക്.

തിവുപോലെ രാവിലെ 05:30ന് എഴുന്നേറ്റു. പ്രഭാത കൃത്യങ്ങൾ നടത്തി, ട്രാക്ക് സ്യൂട്ടിൽ കയറി, പ്രോമനേഡ് ബീച്ചിലേക്ക് തിരിച്ചു. രാവിലെ ഗൌബർട്ട് അവന്യൂവിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. ജനങ്ങൾ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി നടക്കാനും ഓടാനും കസർത്തുകൾ ചെയ്യാനുമൊക്കെ ബീച്ചിൽ വരുന്ന സമയമാണത്. അവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി അതിരാവിലെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. ഇടവഴികളിൽ ഒന്നിൽ വാഹനം പാർക്ക് ചെയ്ത് ഗൌബർട്ട് അവന്യൂവിലേക്ക് കടന്ന് ഞാൻ ഓട്ടം ആരംഭിച്ചു. പലപ്രായക്കാർ, പല സംസ്ഥാനക്കാർ, പല രാജ്യക്കാർ എന്നിങ്ങനെ ബീച്ചിൽ വൈകുന്നേരത്തുണ്ടായിരുന്നത് പോലെ തന്നെ ജനത്തിരക്കാണ് അതിരാവിലേയും.

ഉച്ചസമയത്ത് തിരക്കൊഴിഞ്ഞ ബീച്ച്.
ഈ തിരക്കിന് ചില പ്രത്യേകതകളും ഉണ്ട്. രാവിലെ 5 മുതൽ 6 വരെയുള്ള സമയത്ത്, അല്ലെങ്കിൽ പ്രഭാതത്തിന്റെ ആദ്യസമയത്ത് സ്ത്രീജനങ്ങളായിരിക്കും ബീച്ചിൽ കൂടുതലുണ്ടാകുക. സ്ത്രീകൾ മടങ്ങിപ്പോകുന്നതോടെ പുരുഷന്മാരുടെ വരവായി. മറ്റ് സംസ്ഥാനക്കാർ എന്ന് പറയുമ്പോൾ ബംഗാളികളാണ് ബീച്ചിൽ ഏറ്റവും കൂടുതലുള്ളത്. വേഷവിധാനത്തിൽ നിന്ന് അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. അതിലേറെയും പ്രായമായവർ തന്നെ. ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയാണ് സ്ഥലം, തമിഴ്‌നാട്ടിലാണ് നിലകൊള്ളുന്നത്, എന്നിട്ടവിടെ ബംഗാളികൾ എങ്ങനെ ഇത്രയധികം ?!

പോണ്ടിച്ചേരിയുടെ ചരിത്രം നന്നായിട്ടറിയാമെങ്കിൽ ഈ ബംഗാളി ആധിപത്യം കണ്ട് കണ്ണുമിഴിക്കേണ്ടി വരില്ല. നമുക്കാ ചരിത്രത്തിലേക്ക് ഒന്നെത്തി നോക്കാം. സ്വാതന്ത്രത്തിന് മുൻപ് പോണ്ടിച്ചേരിയെന്നാൽ ഫ്രഞ്ച് എന്നായിരുന്നെങ്കിൽ, ഇപ്പോളത് ഓറോബിന്ദോ ആശ്രമവും അതുമായി ബന്ധപ്പെട്ട ഒരു വലിയ സമൂഹവുമാണെന്നാണ് മനസ്സിലാക്കേണ്ടത്.

സ്വാതന്ത്രസമരപ്പോരാളി, കവി, യോഗി, തത്വികാചാര്യൻ എന്നിങ്ങനെ ബഹുമുഖപ്രതിഭയുള്ള വ്യക്തിയായിരുന്നു കൽക്കട്ടയിൽ ഭൂജാതനായ ശ്രീ.ഓറോബിന്ദോ ഘോഷ്. 1872 ആഗസ്റ്റ് 15ന് ജനിച്ച അദ്ദേഹം തന്റെ എഴുപത്തെട്ടാമത്തെ വയസ്സിൽ 1950 ഡിസംബർ 5ന് സമാധിയായി. 1900ന്റെ ആദ്യകാലങ്ങളിൽ സ്വാതന്ത്രസമര പോരാട്ടങ്ങൾ ആരംഭിച്ച അദ്ദേഹത്തിന്റേത് അതീവ ശക്തവും തീവ്രവുമായ ആശയങ്ങോടെയുള്ള പ്രവർത്തനങ്ങളായിരുന്നു. ബോംബ് കേസുകളടക്കമുള്ള പല കുറ്റങ്ങളിലായി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ പിടികൂടുകയും ജയിലിൽ അടക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാനായി ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയിലേക്ക് അദ്ദേഹം താവളം മാറ്റി. പക്ഷേ, ഇവിടെവെച്ച് അദ്ദേഹം യോഗ പഠിക്കാനും അതേപ്പറ്റി എഴുതാനുമൊക്കെ തുടങ്ങുകയും, താമസിയാതെ ഒരു ആത്മീയാചാര്യൻ എന്ന് നിലയിലേക്ക് മാറുകയും ചെയ്തു.

ശ്രീ. ഓറോബിന്ദോ ഘോഷ് - രണ്ട് ചിത്രങ്ങൾ. (കടപ്പാട് - വിക്കിപീഡിയ)
ഓറോബിന്ദോ ഘോഷിനെപ്പറ്റി പറയുമ്പോൾ അതേ പ്രാധാന്യത്തൊടെ തന്നെ സ്മരിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് ‘മദർ’ എന്ന പേരിൽ അറിയപ്പെടുന്ന മിറ അൽഫാസ (Mirra Alfassa). ഫ്രഞ്ചുകാരിയായ മിറ അൽഫാസ ഒരു പെയിന്ററും സംഗീതജ്ഞയുമൊക്കെ ആയിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് തന്റെ ഭർത്താവുമൊന്നിച്ച് പോണ്ടിച്ചേരിയിൽ എത്തിയ അവർ ഓറോബിന്ദോയുടെ തത്വസംഹിതകളിൽ ആകർഷിക്കപ്പെട്ട് അദ്ദേഹത്തിന്റെ അനുയായിയായി ഇവിടെത്തന്നെ തങ്ങുകയായിരുന്നു. പീന്നീട് ഓറോബിന്ദോ ആശ്രമവും ഓറോവില്ലയുമൊക്കെ ഉണ്ടാക്കാൻ മുൻ‌കൈ എടുത്ത് ഓറോബിന്ദയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു വ്യക്തിത്വമായി മാറുകയായിരുന്നു അവർ.

'മദർ’ (Mirra Alfassa) - രണ്ട് ചിത്രങ്ങൾ

ഫ്രഞ്ചുകാർ മാത്രം താമസിച്ചിരുന്ന ഇടമായിരുന്നു വൈറ്റ് ടൌൺ. വളരെ ആസൂത്രിതമായി ഉണ്ടാക്കിയിരിക്കുന്ന ഒരിടമാണ് വൈറ്റ് ടൌൺ. ഒരു ഗ്രിഡ് മാതൃകയിൽ ആണ് അതിന്റെ നിർമ്മിതി. കെട്ടിടങ്ങൾക്കിടയിലുള്ള സമാന്തരമായ വഴികളെ, 90 ഡ്രിഗ്രിയിൽ നെടുകെ മുറിച്ച് കടന്നുപോകുന്ന മറ്റ് വഴികളും ചേർന്നാണ് ഈ ഗ്രിഡ് ഉണ്ടായിരിക്കുന്നത്. വഴികളുടെ പേരും വിവരങ്ങളും നീലയിൽ വെളുത്ത അക്ഷരങ്ങളുള്ള ബോർഡുകളായി കെട്ടിടങ്ങളുടെ ചുമരിലാണ് ഉറപ്പിച്ചിട്ടുള്ളത്. അതിനായി റോഡിൽ സ്ഥലം മെനക്കെടുത്തുന്നില്ല, തടസ്സങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല.

വൈറ്റ് ടൌണിൽത്തന്നെയാണ് ഓറോബിന്ദോ ആശ്രമം. ആശ്രമവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ കെട്ടിടങ്ങളും വൈറ്റ് ടൌണിൽത്തന്നെയാണ്. അതുമാത്രമല്ല, ആശ്രമത്തിന്റെ അന്തേവാസികൾ താമസിക്കുന്നതും അവരുടെ ഡൈനിങ്ങ് ഹാളും അവർ നടത്തിക്കൊണ്ടുപോകുന്ന തുന്നൽ ശാലകളും പേപ്പർ ഫാക്റ്ററി അടക്കമുള്ള മറ്റ് സംരംഭങ്ങളുമൊക്കെ നടക്കുന്നത് വൈറ്റ് ടൌണിനകത്ത് കാണുന്ന ഹെറിറ്റേജ് കെട്ടിടങ്ങളിലാണ്. വൈറ്റ് ടൌൺ എന്നു വെച്ചാൽ ഓറോബിന്ദോ ആശ്രമം എന്ന അവസ്ഥയാണിപ്പോൾ. പോണ്ടിച്ചേരിക്കാരായ സാധാരണ തമിഴ് വംശജർ ആരെങ്കിലും വൈറ്റ് ടൌണിനകത്ത് ഉണ്ടെങ്കിൽത്തന്നെ വിരലിൽ എണ്ണാവുന്ന തോതിൽ മാത്രം.

ഓറോബിന്ദോ ആശ്രമത്തിലേക്കുള്ള വഴി.

ഈ കെട്ടിടങ്ങളെല്ലാം എങ്ങനെ ഓറോബിന്ദോ ആശ്രമത്തിന്റെ ഭാഗമായി എന്നുള്ളത് കൌതുകകരമായ ഒരു വസ്തുതയാണ്. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുകൊണ്ടിരിക്കുന്ന കാലത്ത് അവരുടേതായ കെട്ടിടങ്ങളും സ്ഥാപനങ്ങളുമൊക്കെ കൈമാറ്റം ചെയ്യാൻ, അല്ലെങ്കിൽ വിൽക്കാൻ ശ്രമിക്കുമ്പോൾ അത് എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്നത് ഒരു ഫ്രഞ്ച് പൌരന് ആണല്ലോ ? ഫ്രാൻസിലുള്ള തന്റെ സ്വത്തുക്കളും ആസ്തിയുമെല്ലാം ഉപയോഗിച്ച് ‘മദർ’ വൈറ്റ് ടൌണിൽ വാങ്ങാൻ പറ്റുന്നത്രയും കെട്ടിടങ്ങൾ വാങ്ങിക്കൂട്ടുകയും ആ‍ശ്രമം അടക്കമുള്ള കാര്യങ്ങൾക്കായി അത് ഉപയോഗിക്കുകയും ചെയ്തു. സ്വാതന്ത്ര്യമോ സാമ്പത്തികമായി കാര്യമായ നീക്കിയിരിപ്പോ ഒന്നുമില്ല്ലാതെ കുഴഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യക്കാരായ തമിഴന്മാർക്ക് അങ്ങനെ വൈറ്റ് ടൌൺ വീണ്ടും അപ്രാപ്യമായി മാറി.

ഓറോബിന്ദോ ബംഗാളി ആയതുകൊണ്ട് സ്വാഭാവികമായും അദ്ദേഹത്തിന്റെ അനുയായികൾ കൂടുതലും ബംഗാളിൽ നിന്നുള്ളവരാണ്. ബീച്ചിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ഞാൻ കാണാനിടയായ ബംഗാളി ആധിക്യത്തിന്റെ രഹസ്യവും അതുതന്നെ.

ഓട്ടവും കസർത്തുമൊക്കെ തീർത്ത് ഞാൻ ഹോട്ടലിലേക്ക് മടങ്ങി. ജിഞ്ചർ ഹോട്ടൽ ‘ബെഡ് & ബ്രേക്ക്ഫാസ്റ്റ് ‘ എന്ന സൌകര്യമാണ് നൽകുന്നത്. പ്രാതൽ അന്വേഷിച്ച് മറ്റൊരിടത്ത് പോകേണ്ട ആവശ്യമില്ല. പെട്ടെന്ന് തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വെളിയിലിറങ്ങി. ബീച്ചിൽ ഒരു ടൂറിസ്റ്റ് ഇൻ‌ഫർമേഷൻ സെന്ററുണ്ട്. അവിടന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക, പറ്റുമെങ്കിൽ ഒരു ഗൈഡിനെക്കൂടെ സംഘടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉച്ചസമയം വരെ കൂടെ വരാൻ 500 രൂപ വേതനത്തിൽ ഒരു ഗൈഡിനെ അവിടന്ന് കിട്ടി. പേര് സെൽ‌വരാജ്.

പോണ്ടിച്ചേരിക്കാരൻ ഗൈഡ് - ശെൽ‌വരാജ്
പോണ്ടിച്ചേരി യാത്രയിൽ തീർച്ചയായും സന്ദർശിച്ചിരിക്കണമെന്ന് ഞങ്ങൾ കരുതിയിരിക്കുന്ന രണ്ട് സ്ഥലങ്ങളാണ് ഓറോബിന്ദോ ആശ്രമവും ഓറോവില്ലയും. ഓറോബിന്ദോ ആശ്രമത്തിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. Heritage Walk ൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കെട്ടിടങ്ങളും അനുബന്ധകാര്യങ്ങളുമൊക്കെ സെൽ‌വരാജ് ഇതിനകം പങ്കുവെച്ചു. കെട്ടിടങ്ങളുടെ ജനലിന്റെ കമ്പിയഴികൾ അത്തരത്തിൽ വിശേഷപ്പെട്ട ഒരു കാര്യമാണ്. ഗ്രില്ലുകൾ ജനലിന് പുറത്ത് തെരുവിലേക്ക് തള്ളിയാണ്  നിൽക്കുന്നത്. കച്ചവടത്തിനാണെന്ന വ്യാജേനെ മറ്റൊരു രാജ്യത്തുചെന്ന് അവിടം പിടിച്ചടക്കി കഴിയുന്നവരാണെന്ന് നല്ല ബോദ്ധ്യമുള്ളതുകൊണ്ടാണ് അങ്ങനെയൊരു ജനൽ. ശത്രുവിന്റെ ഓരോ നീക്കങ്ങളും തെരുവിലെ ഓരോ ചെറിയ അനക്കങ്ങളും ശ്രദ്ധിക്കാൻ ഈ കമ്പിയഴികൾ സൌകര്യമൊരുക്കുന്നു.

പുറത്തേക്ക് തള്ളിയ ജനൽ ഗ്രില്ലുകൾ - റോഡിന്റെ പേരെഴുതിയ ബോർഡ് ചുമരിൽ.
ഓറോബിന്ദ ആശ്രമം ഒരു ഹെറിറ്റേജ് കെട്ടിടത്തിൽത്തന്നെയാണ്. ആശ്രമത്തിന് വെളിയിൽ ചെരിപ്പുകൾ സൂക്ഷിക്കാനുള്ള സൌകര്യം സൌജന്യമാണ്. നഗ്നപാദരായി എല്ലാവരും അകത്തേക്ക് കടന്നു. എല്ലായിടത്തും ഫോട്ടോഗ്രാഫി നിഷിദ്ധമാണ്. ബംഗാളി സാന്നിദ്ധ്യം ആശ്രമത്തിലും വളരെ കൂടുതലാണ്. സ്മശാന മൂകതയാണ് ആശ്രമത്തിനകത്ത്. കെട്ടിടത്തിന് വെളിയിലുള്ള നടുത്തളത്തിൽത്തന്നെ ഓറോബിന്ദോയുടേയും മദറിന്റേയും സമാധി. പുഷ്പാലംകൃതമായ സമാധിക്ക് ചുറ്റും അവിടവിടെയായി വെറും നിലത്ത് ധ്യാനമഗ്നരായി ഇരിക്കുന്ന അനുയായികൾ.

ഓറോബിന്ദോ ആശ്രമം.
ഫ്രഞ്ചുകാരിയായ മദറിന്റെ കൂടെ ആശ്രമമായതുകൊണ്ടാകാം വിദേശികളുടെ സാന്നിദ്ധ്യവും നല്ലവണ്ണമുണ്ട്. ഇന്നലെ മരിച്ച ഒരാളുടെ ഭൌതിക ശരീരത്തിനരുകിൽ ഇരിക്കുന്നവരുടെ ദുഃഖമാണ് ആ മുഖങ്ങളിൽ. ഓറോബിന്ദോ എന്ന ആചാര്യൻ അവർക്കൊക്കെ എത്ര പ്രിയപ്പെട്ടവനാണെന്ന് മനസ്സിലാക്കാൻ ആ മുഖഭാവങ്ങൾ ശ്രദ്ധിച്ചാൽ മതി. സന്ദർശകർ സമാധിയിൽ പൂക്കൾ അർപ്പിച്ച് തൊഴുത് നമസ്ക്കരിച്ച് പ്രാർത്ഥിച്ച് മുന്നോട്ട് നീങ്ങുന്നു, ചിലർ ബാക്കിയുള്ള സ്ഥലങ്ങളിൽ ധ്യാനത്തിനായി ഇരുപ്പുറപ്പിക്കുന്നു. എങ്ങനെ നമസ്ക്കരിക്കണം, പിന്നെന്ത് ചെയ്യണം എന്നൊന്നും അറിയില്ലെങ്കിലും, ക്യൂ നിന്ന് സമാധി സ്ഥലത്തു ചെന്ന് നിശബ്ദരായി നിന്നശേഷം ഞങ്ങൾ വീണ്ടും മുന്നോട്ട്.

സമാധി - (ചിത്രത്തിന് കടപ്പാട് -httpdivinepeopleandplaces.blogspot.in)
കെട്ടിടത്തിനകത്തെ മുറികളിൽ ഓറോബിന്ദോയുടേയും മദറിന്റേയും അപൂർവ്വമായ വലിയ ചിത്രങ്ങൾ നിരവധി. കെട്ടിടത്തിന്റെ മുകളിലേക്ക് കയറി മദറിന്റെ മുറികൾ കൂടെ കാണുന്നതോടെ ആശ്രമത്തിലെ കാഴ്ച്ചകൾ കഴിയുകയായി. ആശ്രമത്തിനകത്തെ ഒരു കൊച്ചു മുറിയിൽ പ്രവർത്തിക്കുന്ന പുസ്തകശാലയിൽ ഓറോബിന്ദോ അടക്കം ഒട്ടനവധി യോഗിവര്യന്മാരുടെ പുസ്തകങ്ങൾ ലഭ്യമാണ്. സോവനീയർ എന്ന നിലയ്ക്കും വായനയ്ക്കുമായി ചില പുസ്തകങ്ങൾ വാങ്ങി.

തീവ്രമായ സ്വാതന്ത്രസമരപ്രവർത്തനങ്ങളുമായി ബ്രിട്ടീഷുകാർക്കെതിരെ പോരാടി നിന്നിരുന്ന ബംഗാളിയായ ഓറോബിന്ദോ, എന്തൊക്കെ കാരണങ്ങൾ കൊണ്ടായാലും കൽക്കത്തയിൽ നിന്ന് ഇങ്ങ് തെക്കേ ഇന്ത്യയിൽ എത്തപ്പെടുന്നു. ഇവിടെ വെച്ച് അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തനങ്ങളും മറ്റൊരു വഴിക്ക് നീങ്ങുന്നു. ഫ്രഞ്ച് കോളനി സന്ദർശിക്കാൻ ഭർത്താവിനൊപ്പം എത്തിയ സംഗീതജ്ഞയും പെയിന്ററുമായിരുന്ന മറ്റൊരു വ്യക്തി, തന്റെ ബാക്കിയുള്ള ജീവിതം തന്നെ ഭൂലോകത്തിന്റെ ഈ കൊച്ചുകോണിനെ കേന്ദ്രീകരിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു. തന്റെ സമ്പാദ്യം മുഴുവൻ ഇവിടെ ചിലവഴിക്കുന്നു. ആലോചിച്ച് നോക്കിയാൽ എത്ര കൌതുകകരമാണ് ഇവരുടെ കാര്യം ?! എവിടെയോ ജനിച്ചു, എന്തൊക്കെയോ ലക്ഷ്യങ്ങളുമായി ജീവിതം മുന്നോട്ട് നീക്കുന്നു. പെട്ടെന്ന് അവർ പോലും നിനയ്ക്കാത്ത സന്ദർഭത്തിൽ ജീവിതം മറ്റൊരിടത്തേക്ക് പറിച്ച് നടപ്പെടുന്നു, ലക്ഷ്യങ്ങളിലും കാര്യമായ വ്യതിയാനങ്ങളുണ്ടാകുന്നു.

ആശ്രമത്തിൽ നിന്ന് വെളിയിലിറങ്ങി ചെരുപ്പുകൾ തിരിച്ചുവാങ്ങി ഞങ്ങൾ കെട്ടിടങ്ങൾക്കിടയിലൂടെ നടന്നു. ഫ്രഞ്ച് ഭരണകാലത്ത് അധികാരകേന്ദ്രങ്ങളായിരുന്ന പല കെട്ടിടങ്ങളും ഇന്ന് ബാങ്ക് കെട്ടിടമായും മറ്റും പ്രവർത്തിക്കുന്നു. പഴയ കെട്ടിടങ്ങളെല്ലാം അതുപോലെ തന്നെ സംരക്ഷിച്ചിരിക്കുന്നു എന്നത് നല്ല കാര്യം തന്നെ. വൈറ്റ് ടൌണിന്റെ മദ്ധ്യഭാഗത്തായിട്ട് കാണുന്നത് വിശാലമായ പാർക്കിന്റെ പേര് ഭാരതി പാർക്ക് എന്നാണ്. പാർക്കിന്റെ ഒത്ത നടുക്ക് ഗ്രീക്ക്-റോമൻ ശിൽ‌പ്പചാരുതയോടെ നിർമ്മിച്ചിരിക്കുന്ന വെളുത്ത കമാനമാണ് 'ആയി മണ്ഡപം'. പതിനാറാം നൂറ്റാണ്ടിലാണ് ഇതുണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. കിലോമീറ്ററുകൾക്കപ്പുറത്ത് സ്വന്തം വീടിരിക്കുന്ന ഭാഗം ഇടിച്ചു നിരത്തി വലിയൊരു തടാകം ഉണ്ടാക്കി അവിടന്ന് കനാലിലൂടെ പോണ്ടിച്ചേരിയിലേക്ക് വെള്ളമെത്തിക്കാൻ സഹകരിച്ച ആയി എന്ന സ്ത്രീയുടെ സ്മരണാർത്ഥമാണ് ഇതുണ്ടാക്കിയിരിക്കുന്നത്.

ആയി സ്ഥലത്തെ പ്രധാനപ്പെട്ട ‘ദേവദാസി‘ ആയിരുന്നെന്നും, ഇതറിയാതെ അവരുടെ വീടിന്റെ മുന്നിലൂടെ കടന്നുപോയ രാജാവ് അവിടത്തെ തിരക്ക് കണ്ട് ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ച് അവിടെ നിന്ന് തൊഴുതെന്നും, പിന്നീട് അബദ്ധം മനസ്സിലാക്കിയപ്പോൾ വീട് ഇടിച്ച് നിരത്താൻ ഉത്തരവിട്ടുകൊണ്ട് ആയിയെ ശിക്ഷിച്ചെന്നുമാണ് നാട്ടുകഥ.

ഭാരതി പാർക്കിലെ ‘ആയി‘ മണ്ഡപം.
ആയി നിർമ്മിച്ച തടാകത്തിൽ നിന്നും പോണ്ടിച്ചേരിയിലേക്ക് കുടിവെള്ളം കൊണ്ടുവരാനായി നിർമ്മിക്കപ്പെട്ട നെടുനീളൻ കനാൽ, പോണ്ടിച്ചേരി നഗരത്തെ രണ്ടായി തിരിക്കുന്നുണ്ട്. കനാൽ മുതൽ കടൽത്തീരം വരെയുള്ള പ്രദേശമാണ് ‘വൈറ്റ് ടൌൺ’. കനാലിന് മറുവശത്തുള്ള ഭാഗം ബ്ലാക്ക് ടൌണും.

ശുദ്ധജലം എത്തിച്ചുകൊണ്ടിരുന്ന ആ കനാൽ ഇന്ന് മലിനജലം ഒഴുക്കാനും, മാലിന്യം നിക്ഷേപിക്കാനും വേണ്ടിയുള്ള ഒരു ചാലായി മാറിയിരിക്കുന്നു. പുരോഗമനം, പുരോഗനം എന്ന് നാഴികയ്ക്ക് നാലുവട്ടം നമ്മൾ പുലമ്പുന്നത് ശുദ്ധഭോഷ്ക്ക് മാത്രമാണെന്ന് തെളിയിക്കുന്ന ചരിത്രസാക്ഷ്യങ്ങളിൽ ഒന്ന്. സത്യത്തിൽ അധോഗതിയാണ് ഉണ്ടായിരിക്കുന്നതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ കണ്ടെടുക്കാനാവും രാജ്യമൊട്ടാകെ ഒരു കണക്കെടുപ്പ് നടത്തിയാൽ !

പാർക്കിന്റെ ചുറ്റുവട്ടത്ത് തന്നെയാണ് രാജ് നിവാസും, ആശ്രമത്തിന്റെ ഡൈനിങ്ങ് ഹാളും, പോണ്ടിച്ചേരി സോഷ്യൽ & കൾച്ചറൽ കെട്ടിടവും, നിയമസഭയുമൊക്കെ. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടമാണിത്. ഫ്രഞ്ച് ഗവർണ്ണറായിരുന്ന Joseph Francois Dupleix ന്റെ ഭവനമായിരുന്നു രാജ് നിവാസ്. ഇന്നത് പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണ്ണറുടെ ഔദ്യോഗിക വസതിയാണ്. പൊതുജനത്തിന് കെട്ടിടത്തിനകത്തേക്ക് പ്രവേശനമില്ല. കെട്ടിടത്തിന്റെ പടമെടുക്കുന്ന എന്നെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട് പാറാവ് നിൽക്കുന്ന പട്ടാളക്കാർ.

രാജ് നിവാസ്.
സോഷ്യൽ & കൾച്ചറൽ സെന്റർ കെട്ടിടം.
പോണ്ടിച്ചേരി നിയമ സഭാ കെട്ടിടം.
നേരത്തെ കൂപ്പൺ എടുത്തിരുന്നെങ്കിൽ ആശ്രമത്തിന്റെ ഡൈനിങ്ങ് ഹാളിൽ നിന്ന് ചുരുങ്ങിയ നിരക്കിൽ ഭക്ഷണം തരമാക്കാമായിരുന്നു എന്നാണ് ശെൽ‌വരാജ് പറയുന്നത്. ഒരു നേരം ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല, കാണാവുന്നിടത്തോളം കാഴ്ച്ചകൾ കണ്ടുതീർക്കുക എന്നാണ് ഞങ്ങൾക്ക്.

ആശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ചില തുന്നൽ‌ശാലകളിൽ ഒന്നിലേക്ക് ഞങ്ങൾ കയറി. വളരെ ശാന്തമായ അന്തരീക്ഷത്തിൽ സ്വസ്ഥമായി ഇരുന്ന് എംബ്രോയ്‌ഡറി ജോലി ചെയ്യുന്ന സ്ത്രീകൾ. 60 ന് മേൽ പ്രായമുള്ളവർ തന്നെയാണ് ഏറെയും. കീടനാശിനികൾ ഉപയോഗിക്കാതെ സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികളും മറ്റും കഴിച്ച്, ആശ്രമത്തിന്റേതായ സമാധാനപരമായ അന്തരീക്ഷത്തിൽ ജീവിക്കുന്നത് അന്തേവാസികളുടെ ആയുസ്സിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തിൽ ഗുണകരമായിട്ടുണ്ടെന്നാണ് ശെൽ‌വരാജ് പറയുന്നത്. അത് എന്തൊക്കെ ആയാലും വൈറ്റ് ടൌൺ എന്നയിടം, പോണ്ടിച്ചേരിക്കാരായ സാധാരണ തമിഴന് അന്യമായിപ്പോയതിൽ ശെൽ‌വരാജിന് നിരാശയുമുണ്ട്. ഫ്രഞ്ചുകാരന്റെ കാലം കഴിഞ്ഞപ്പോൾ ബംഗാളികളുടെ കാലം. തമിഴൻ അന്നുമിന്നും പടിക്ക് പുറത്ത് തന്നെ.

തുന്നൽ‌ശാലകൾ എന്നതുപോലെ മറ്റനേകം സംരംഭങ്ങളും ആശ്രമത്തിന്റേതായി നടക്കുന്നുണ്ട്. 1959 ൽ സ്ഥാപിതമായ, കൈ കൊണ്ടുണ്ടാക്കുന്ന പേപ്പറിന്റെ ഫാക്ടറിയാണ് അതിലൊന്ന്. തിരുപ്പൂർ പോലുള്ള സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ബനിയൻ മെറ്റീരിയലിന്റെ വേസ്റ്റ് വെള്ളത്തിലിട്ട് കുതിർത്തി, അതിൽ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള പേപ്പറുകൾ ഉണ്ടാക്കുന്ന ഫാൿടറിയിൽ വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രം. പേപ്പറുണ്ടാക്കുന്നതും അതിന് നിറവും ഡിസൈനും നൽകുന്നതുമായ പ്രക്രിയകൾ നേഹയ്ക്ക് കൌതുകം ജനിപ്പിക്കാൻ പോന്നതായിരുന്നു. ഫാക്റ്ററിക്കകത്ത് ക്യാമറ അനുവദിക്കുന്നില്ല. ഈ ഫാക്ടറി നഷ്ടത്തിലാണ് നടന്നുപോകുന്നത്. എന്നിരുന്നാലും മദർ തുടങ്ങി വെച്ച സ്ഥാപനമായതുകൊണ്ട് അടച്ചുപൂട്ടാൻ അനുയായികൾക്ക് ഉദ്ദേശമില്ല. ഫാൿടറിയിലെ ഷോ റൂമിൽ നിന്ന് കുറേയേറെ വർണ്ണക്കടലാസുകൾ വാങ്ങി നേഹ.

ഞങ്ങളുടെ അടുത്ത ലക്ഷ്യം മനക്കുള വിനായക ക്ഷേത്രമാണ്. 500 കൊല്ലത്തോളം പഴക്കമുള്ള ക്ഷേത്രം ആശ്രമത്തിനടുത്ത് തന്നെയുള്ള ബ്ലാക്ക് ടൌണിലാണ്. ക്ഷേത്രത്തിന്റെ കമാനം റോഡിൽ ഉയർന്ന് നിൽക്കുന്നു. 40ൽ‌പ്പരം വൈവിദ്ധ്യമുള്ള ഗണപതിച്ചിത്രങ്ങൾ ക്ഷേത്രത്തിന്റെ ചുമരിനെ അലങ്കരിക്കുന്നുണ്ട്. ക്ഷേത്രത്തിലേക്കുള്ള തെരുവിൽ കച്ചവടക്കാരുടെ തിരക്കാണ്.

മനക്കുള വിനായക ക്ഷേത്രത്തിന്റെ കമാനം. 
ക്ഷേത്ര നട.
പെട്ടെന്ന് തന്നെ ക്ഷേത്രദർശനം കഴിച്ച് ഞങ്ങൾ വെളിയിലിറങ്ങി. ഉച്ചയ്ക്ക് മുൻപ് സേക്രട്ട് ഹാർട്ട് ബസിലിക്ക കൂടെ കണ്ടുതീർക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഏഷ്യയിലുള്ള 50 ബസിലിക്കകളിൽ സേക്രട്ട് ഹാർട്ട് ഓഫ് ജീസസിന് അർപ്പിച്ചിട്ടുള്ള ഒന്നേയൊന്നും ആദ്യത്തേതുമായ ബസിലിക്കയാണിത്. അനുയായികൾക്കും വിശ്വാസികൾക്കും തീർത്ഥാടകർക്കും സഞ്ചാരികൾക്കും ഒരു പോലെ സ്വാഗതമോതുന്ന ബോർഡുണ്ട് ബസിലിക്കയ്ക്ക് പുറത്ത്.

1902 - 1907 കാലഘട്ടത്തിൽ റവ:ഫാദർ ടെലസ്‌ഫോർ വെൽറ്റർ എന്ന പാതിരിയായിരുന്നു ദേവാലയത്തിന്റെ ആർക്കിടെൿറ്റും ആദ്യത്തെ പാതിരിയും. അതിമനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകൾ കൊണ്ടും നിറമുള്ള ഗ്ലാസ്സ് ജനലുകൾ കൊണ്ടും നിറഞ്ഞതാണ് ബസിലിക്ക. ഇത്തരത്തിലുള്ള ഗ്ല്ലാസ് പെയിന്റിങ്ങുകൾ, സാങ്കേതിക വിദ്യ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഇക്കാലത്ത്, പുതുതായി നിർമ്മിക്കുന്ന ദേവാലയങ്ങളിൽ കാണാൻ സാധിക്കുന്നില്ല എന്നതാണ് ഖേദകരം.

സേക്രട്ട് ഹാർട്ട് ബസിലിക്ക.
ബസിലിക്കയിലെ ഗ്ലാസ്സ് പെയിന്റിങ്ങുകളും ചില്ലുകളും.

റവ:ഫാദർ ടെലസ്‌ഫോർ വെൽറ്റർ
ഞങ്ങൾ ചെന്ന് കയറുമ്പോൾ ബസിലിക്കയിൽ ദിവ്യബലി നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നിരുന്നാലും അകത്ത് കടന്ന് എല്ലായിടവും കറങ്ങി നടക്കാനും ചിത്രങ്ങളെടുക്കാനും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. അൽ‌പ്പനേരം അവിടത്തെ ബഞ്ചിലിരുന്നു. ദിവ്യബലി കഴിഞ്ഞ് വിശ്വാസികൾ പിരിഞ്ഞതോടെ ഞങ്ങളും ബസിലിക്കയിൽ നിന്നിറങ്ങി.

ഞങ്ങൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ പറ്റിയ ഒരു റസ്റ്റോറന്റിലേക്കുള്ള വഴി പറഞ്ഞുതന്നശേഷം ശെൽ‌വരാജ് യാത്രപറഞ്ഞ് പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷമുള്ള സമയം മുഴുവൻ ഓറോവില്ലയിലേക്ക് പോകാനും അവിടത്തെ സന്ദർശനത്തിനുമായി മാറ്റി വെച്ചിരിക്കുകയാണ്. പോണ്ടിച്ചേരിയിൽ പോയാൽ ഏതൊരാളും അവശ്യം പോയിരിക്കേണ്ട ഒരിടമാണ് ഓറോവില്ല. പക്ഷേ, അത്ര എളുപ്പമല്ല അതിനകത്ത് എല്ലാ ഭാഗങ്ങളിലേക്കുമുള്ള പ്രവേശനം. ഞങ്ങളത് അനുഭവിച്ചറിയുകയായിരുന്നു.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

27 comments:

  1. യാത്രാവിവരണം തുടരട്ടെ.....

    പോണ്ടിച്ചേരിയില്‍ പലതവണ പോകണം പോകണം എന്നു കരുതിയതാണ്. ഇതുവരെ പോകാന്‍ പറ്റിയില്ല. ഇതുവായിച്ച് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഒന്നുകൂടി ഉറപ്പിച്ചു തീരുമാനിക്കുന്നു.. പോണ്ടിച്ചേരിയില്‍ പോകും പോകും പോകും.

    ReplyDelete
  2. ഒന്നാം ഭാഗത്തില്‍ കമന്‍റു എഴുതീല. ഇതില്‍ ആദ്യം തന്നെയിരിക്കട്ടെ. പോരട്ടെ അടുത്ത ഭാഗം..

    ReplyDelete
  3. Informative. Thanks for sharing.

    ReplyDelete
  4. മഹാബലി പുരം അടുത്താണല്ലോ അവിടെ പോയില്ലേ ...

    ReplyDelete
  5. രണ്ടു ഭാഗങ്ങളും വായിച്ചു..കുറെ നാലിന് ശേഷം മനോജേട്ടന്റെ വിവരണം വായിച്ചപ്പോള്‍ ആകെ ഒരു കുളിര്‍മ്മ..അടുത്തതിനായി കാത്തിരിക്കുന്നു.

    ReplyDelete
  6. മഹാബലി പുരം പോയില്ലേ....

    ReplyDelete
  7. ഓരോബിന്ധോ എന്ന് ബെന്ഗാളി കള്‍ പറയുന്നതല്ലേ
    നമുക്ക് "അരവിന്ദ മഹര്‍ഷിയുടെ ആശ്രമം എന്ന് പറയുന്നതല്ലേ ഉചിതം ?

    ReplyDelete
    Replies
    1. @ Shreel Unnithan - ഞാൻ അരവിന്ദ എന്ന് പറഞ്ഞിരുന്നെങ്കിൽ ഇതിന്റെ മറുചോദ്യം തീർച്ചയായും ഉണ്ടാകുമായിരുന്നു. എനിക്കത് അനുഭവം ഉണ്ട്. കാര്യം മനസ്സിലാക്കുക എന്നതാണല്ലോ മുഖ്യം. ഉച്ചാരണത്തിലുള്ള വ്യതിയാനങ്ങൾ നമുക്ക് വിസ്മരിക്കാം. അതല്ലേ ഭംഗി ?

      Delete
    2. Devadas Kizhakke Mazhuvancheril29 October 2012 at 18:05

      ഓറോബിന്ദോയാണ് ഭംഗി. സരസ്വതി എന്ന പേര് ബംഗാളികള്‍ സൊര്‍സോതി എന്നാണ് ഉച്ചരിക്കുക. എന്നാലും കേള്‍ക്കാന്‍ ഒരു സുഖമുണ്ട്. പേര് ഇങ്ങനെയൊക്കെയേ ഉച്ചരിക്കാന്‍ പാടുള്ളൂ എന്നൊരു നിയമമൊന്നും ഇല്ലല്ലോ..

      Delete
    3. In Pondicherry.. if you say Aravinda.. they will take you to the eye hospital. Ashram is Aurobindo. Its known so. Not just this word, many words even the Pondy Tamilians use here are from French, which they think is a Tamil word.

      My maid once asked me if there is a "fathey" for my kid's birthday. I really couldnt understand nor could she explain it in Tamil. Later I understood that she meant party. The word - fête - means party in French. ormma vannathu paranjennu mathram. Ineem kure und atharam words.

      Ivide ulla aalukalude perukalum athu pole aanu.. nammude Indian perukal aayirikkum, but if you ask them to spell it it would look like a French word. Carounagarin (Karunakaran), Latchoumi (Lakshmi), Soukoumarane (Sukumaran), Krshnamourty (Krishnamoorthi), Radjeisouri (Rajeswari)... ingane pokunnu.. ormmayil vanna chilavarude perukalaaniva.

      Delete
  8. പോണ്ടിച്ചേരി ഇഷ്ടപ്പെട്ടു

    ReplyDelete
  9. മനോജ്,ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചാണു വായിച്ചത്.ഇത് കഴിഞ്ഞിട്ടു വേണം പോണ്ടിച്ചേരി യാത്ര....

    ReplyDelete
  10. മനോജ്‌ രസിച്ചു വായിച്ചു . പോണ്ടി ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്. പക്ഷെ എനിക്കെന്തോ പോണ്ടി ഒട്ടും ഇഷ്ടമായില്ല. പക്ഷെ അതിനു ശേഷം പോയ പിച്ചാവരം സുപെര്ബ്. മനോജ്‌ പിച്ചാവരം പോയോ ?

    ReplyDelete
    Replies
    1. @ കാഴ്ചകളിലൂടെ - പിച്ചാവരത്ത് ഇതുവരെ പോയിട്ടില്ല. അവിടത്തെ കണ്ടൽക്കാടുകളെപ്പറ്റിയുള്ള സുനിൽ കുമാറിന്റെ ലേഖനം വായിച്ചിരുന്നു ഈയടുത്ത്. എന്നെ പോണ്ടിച്ചേരി ആകർഷിച്ചത് പല തരത്തിലാണ്. പ്രധാന കാരണം ഹെറിറ്റേജ് കെട്ടിടങ്ങൾ തന്നെ. പിന്നെ ഓറോവില്ല എന്ന മഹത്തായ ആശയവും. അതേപ്പറ്റി കൂടുതൽ അടുത്ത ഭാഗത്തിൽ പറയാൻ ശ്രമിക്കാം.

      Delete
  11. എഴുത്തിന്റെ ശൈലി പഴയരീതിയിലേയ്ക്ക് തിരിച്ചെത്തിയത് ഇപ്പോഴാണ്. ഒന്നാം ഭാഗത്തേക്കാൾ ഇവിടത്തെ വിവരണങ്ങൾ നന്നായിട്ടുണ്ട്. പോണ്ടിച്ചേരിയുടെ തുടർന്നുള്ള വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

    ReplyDelete
  12. മനോജ്, പോണ്ടിച്ചേരി യാത്രയുടെ രണ്ടാം ഭാഗം ഏറെ മനോഹരമായിട്ടുണ്ട്... കാണാത്തതും, കേല്ക്കാത്തതുമായ കാഴ്ചകൾ മനോജിന്റെ മനോഹരമായ വിവരണത്തിലൂടെ വായിച്ചറിയുമ്പോൾ കാഴ്ചകൾ കണ്ടുപോകുന്ന അനുഭവം ലഭ്യമാകുന്നുണ്ട്.. ഓറോബിന്ദോയും, മദറും, ആശ്രമവും, പള്ളിയുമെല്ലാം ഏറെ ആകർഷകമായിരിയ്ക്കുന്നു..

    കുറേക്കാലത്തിനുശേഷം കേരളവും ബംഗാളികളുടെ കേന്ദ്രമായിമാറുമെന്നുറപ്പ്.. പോണ്ടിച്ചേരിയിലെ തമിഴന്റെ അവസ്ഥ എന്നാണ് നമുക്ക് സംഭവിയ്ക്കുന്നത് എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.. :(

    ബാക്കി യാത്രകൾക്കായി കാത്തിരിയ്ക്കുന്നു...

    ReplyDelete
  13. രണ്ടും വായിച്ചു. പോണ്ടിച്ചേരിയെ ഇത്രയും ഭംഗിയായി ആരും വിവരിച്ചിട്ടില്ല. അതിന്റെ ഔദ്യോഗിക വെബ് സൈറ്റു പോലും. വളരെ സന്തോഷം തോന്നുന്നു ഇത് വായിക്കാന്‍. വന്നതറിയാതെ പോയതില്‍ ഖേദവും.

    ReplyDelete
  14. നന്നായി...എല്ലാം വിശദമായി പറഞ്ഞിരിക്കുന്നു.......

    ReplyDelete
  15. ഓറോവില്ലയെ കുറിച്ച് നല്ല ഓർമ്മക്കുറിപ്പുകൾ ...!

    ReplyDelete
  16. മനോജേ,
    പോണ്ടിച്ചേരിയിൽ പോയ പ്രതീതി.നന്ദി.

    ReplyDelete
  17. kollamallo

    ee vazhikku aadyamaayaanu
    varaaaaaam veendu\

    greetings from trichur

    ReplyDelete
  18. വളരെ നല്ല യാത്ര വിവരണം, ഫോട്ടോസും കൊള്ളാം.

    ReplyDelete
  19. ഫോട്ടോസും വിവരണവും നന്നായിട്ടുണ്ട് .........

    ReplyDelete
  20. പോണ്ടിച്ചേരി യാത്രയുടെ അവസാനഭാഗം.
    ‘ഓറോവില്ല‘യിലേക്ക്....

    http://chilayaathrakal.blogspot.in/2013/04/blog-post_9322.html

    ReplyDelete
  21. Oru praavashyam njaan sandharshicha sthalamaanu enkilum thaankalude varnaabhamaaya vivaranam moolam orikkal koodi sandharshan nadathaan oraasha.. :)

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.