Thursday 28 April 2011

പാരീസ് എന്ന സർപ്പസുന്ദരി

പാരീസ് യാത്രയുടെ ആദ്യഭാഗം.
1. ഫ്രാൻസിലേക്ക് - (ഷെങ്കൻ വിസ)
---------------------------------------------------
ഭൂമിശാസ്ത്രപരമായി ഇംഗ്ലണ്ടിനോട് ഏറ്റവും അടുത്ത് കിടക്കുന്ന വടക്കൻ ഫ്രാൻസിലെ ക്യാലെ(Calais) തുറമുഖത്തേക്കാണ് ഞങ്ങളുടെ ഫെറി ചെന്നടുത്തത്. നൂറ് കണക്കിന് വാഹനങ്ങളെ ഉള്ളിൽ പേറി കടൽ താണ്ടിയ ആ നൗക എനിക്കതൊരു സാധാരണ ഫെറിയല്ല ഒരു കപ്പൽ തന്നെ എന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. ക്യാലെ പോർട്ടിൽ നിന്ന് നോക്കിയാൽ തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളിൽ ചാനലിന് 34 കിലോമീറ്റർ അപ്പുറത്ത്, ഞങ്ങൾ യാത്ര പുറപ്പെട്ട ഡോവർ തുറമുഖം കാണാൻ സാധിക്കും. അന്നൊരു തെളിഞ്ഞ ആകാശമായിരുന്നില്ല എന്നത് ആ കാഴ്ച്ച നഷ്ടപ്പെടുത്താൻ കാരണമായി.

ക്യാലെ തുറമുഖ കവാടം
ക്യാലെ പോർട്ടിന്റെ കവാടമെന്ന പോലെ കടലിലേക്ക് തള്ളിനിൽക്കുന്ന മനുഷ്യനിർമ്മിതമായ രണ്ട് പാലങ്ങൾക്കിടയിലൂടെയാണ് ജലനൗകകൾ അകത്തേക്കും പുറത്തേക്കും കടക്കുന്നത്. അതിലൊരുവശത്തുള്ള പാലത്തിൽ 40 അടിയോളം ഉയരത്തിൽ പച്ചനിറത്തിലുള്ള ഒരു ദീപസ്തംഭം സ്ഥാപിച്ചിട്ടുണ്ട്.   കടൽക്കരയ്ക്ക് സമാന്തരമായി കുറച്ച്ദൂരം നീങ്ങിയതിനുശേഷം പോർട്ടിന് അകത്തേക്ക് കടന്ന് കപ്പൽ കരയ്ക്കടുത്തു.

ക്യാലെ തുറമുഖം മറ്റൊരു ദൃശ്യം
അപ്പോഴേക്കും യാത്രക്കാർ എല്ലാവരും കപ്പലിന്റെ ഡെക്കിലേക്ക് അവരവർ കയറിവന്ന പടികൾ, അതാത് നിറങ്ങൾ തന്നെ നോക്കി താഴേക്കിറങ്ങി, ഓരോ നിലയിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലേക്ക് കടന്നിരിക്കുന്ന തിരക്കിലായി. ഹോൺ അടിച്ച് തിക്കിത്തിരക്കി ബഹളമൊന്നും ഉണ്ടാക്കാതെ വാഹനങ്ങൾ ഒന്നൊന്നായി കപ്പലിൽ നിന്ന് കരയിലേക്ക് ഇറങ്ങി പലവഴിക്ക് പിരിഞ്ഞു. പാരീസ് എന്ന തലസ്ഥാന നഗരത്തെ ലക്ഷ്യമാക്കിക്കൊണ്ടുതന്നെയാണ് ഞങ്ങളുടെ ബസ്സ് നീങ്ങുന്നത്.

ക്യാലെ പോർട്ടിൽ നിന്ന് പാരീസിലേക്ക് 3 മണിക്കൂറോളം ബസ്സ് യാത്രയുണ്ട്. ബസ്സിൽ അത്യാവശ്യം ചില അറിയിപ്പുകൾ നടത്തി ടൂർ ഗൈഡ് കല്‍പ്പേഷ്. അതിൽ പ്രധാനപ്പെട്ട ഒരു കാര്യം സമയത്തിന്റേതായിരുന്നു. പാക്കേജ് ടൂറായതുകൊണ്ട് ബസ്സ് എവിടെയെങ്കിലും നിറുത്തി കാഴ്ച്ചകൾ കാണാൻ അനുവദിക്കുന്ന സമയം വളരെ കൃത്യമായി പാലിക്കണം. ബസ്സ് ഡ്രൈവർ ജോൺ ഇംഗ്ലീഷുകാരനാണ്, ബസ്സിലുള്ളവരൊക്കെ ഇന്ത്യാക്കാരും. എന്നിരുന്നാലും ഇംഗ്ലീഷ് സമയം തന്നെ പാലിക്കണമെന്നാണ് കല്‍പ്പന. ഇംഗ്ലീഷുകാരന്റെ 10 മിനിറ്റല്ലല്ലല്ലോ ഇന്ത്യാക്കാർക്ക്. അത് ഒരു പതിനഞ്ച് ഇരുപത് മിനിറ്റ് വരെയൊക്കെ നീളുമെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ! ‘സമയം തെറ്റി വരുന്നവർക്കായി ഞാൻ കാത്തുനിൽക്കില്ല; എല്ലാവരും വാച്ചുകളിലെ സമയം ശരിയാക്കിക്കൊള്ളുക‘ എന്ന് ജോണിന്റെ ഉത്തരവ് കൂടെ വന്നതോടെ പ്രശ്നം  ഗുരുതരമാണെന്ന് യാത്രക്കാർക്കെല്ലാം ഉറപ്പായിക്കാണണം.

ഒരു പുതിയ രാജ്യത്ത് ചെന്നിറങ്ങിയാൽ പുറത്തെ കാഴ്ച്ചകൾ കാണാൻ എപ്പോഴും ഒരു ഉത്സാഹം എല്ലാവർക്കും കൂടുതലായിരിക്കുമല്ലോ? പക്ഷെ ഈ ബസ്സിനകത്തെ യാത്രക്കാർ എന്റെ പ്രതീക്ഷ മൊത്തം തെറ്റിച്ചുകളഞ്ഞു. ബസ്സിനകത്ത് പ്രദർശിപ്പിക്കുന്ന മൂന്നാം കിട ഹിന്ദി സിനിമയിൽ മാത്രമാണ് എല്ലാവരുടേയും ശ്രദ്ധ. അതിനകത്തെ നിലവാരം കുറഞ്ഞ തമാശകൾക്ക് പ്രതികരണമായി ഉയരുന്ന ചിരിയും അട്ടഹാസങ്ങളുമാണ് വെളിയിലേക്ക് മാത്രം കണ്ണുനട്ടിരിക്കുന്ന എന്റെ ശ്രദ്ധതിരിക്കുന്നത്.

വ്യാവസായിക മേഖലയുടെ ഒരു ദൃശ്യം.
തുറമുഖം പിന്നിട്ട ഉടനെ വ്യാവസായിക മേഖലയാണെന്ന് എളുപ്പം മനസ്സിലാക്കാം. വെളുത്ത പുകച്ചുരുളുകൾ ആകാശത്തേക്ക് തുപ്പിക്കൊണ്ട് നിൽക്കുന്ന ഫാൿറ്ററി കെട്ടിടങ്ങൾ അതിന്റെ തെളിവാണ്. മെല്ലെമെല്ലെ കെട്ടിടങ്ങളൊന്നുമില്ലാതെ വിജനമായി റോഡിനിരുവശവും. അധികം വൈകാതെ പാരീസ് നഗരത്തിലേക്ക് കടക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ദൂരെ അവിടവിടെയായി കണ്ടുതുടങ്ങിയ കെട്ടിടങ്ങൾ ഇപ്പോൾ അടുത്തായിത്തുടങ്ങിയിരിക്കുന്നു. പാരീസ് നഗരാതിർത്തിയിലേക്ക് കടന്നെന്ന് ഉറപ്പാക്കാൻ ഏറ്റവും നല്ല മാർഗ്ഗം കെട്ടിടങ്ങൾക്ക് ഇടയിലൂടെ ഈഫൽ ടവർ കാണുന്നുണ്ടോ എന്ന് നോക്കുകയാണ്. സ്വയം അത് കണ്ടുപിടിക്കാൻ എല്ലാവർക്കും ഒരു അവസരം നൽകി കല്‍പ്പേഷ്. പെട്ടെന്നതാ, ദൂരെയായി പാരീസിന്റെ പ്രതീകമായ പ്രശസ്തമായ ഈഫൽ ടവർ കാണാൻ തുടങ്ങി. ബസ്സിൽ ഒരു ആരവം ഉയർന്നു. കെട്ടിടങ്ങൾക്കിടയിലൂടെ മറഞ്ഞും തെളിഞ്ഞും പാരീസെത്തുന്നതുവരെ ഈഫൽ ടവർ കാഴ്ച്ചയിൽത്തന്നെ നിന്നു. നഗരത്തിലേക്ക് കടന്നതോടെ അത് അപ്രത്യക്ഷമാകുകയും ചെയ്തു.

പാരീസ് - ഒരു വീഥിയുടെ ദൃശ്യം.
ബസ്സ്, പാരീസ് എന്ന നഗരസുന്ദരിയുടെ നാഡീഞരമ്പുകളാകുന്ന റോഡുകളിലേക്ക് കടന്ന് അലക്ഷ്യമെന്നോണം മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. സാമാന്യം ഭേദപ്പെട്ട തിരക്കുണ്ട് റോഡിലെങ്കിലും വാഹനങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

റോഡിനിരുവശവും കൃത്യമായ അകലത്തിൽ വെട്ടിനിർത്തി പരിപാലിച്ചിരിക്കുന്ന വൃക്ഷങ്ങൾ. അതിനപ്പുറം വിശാലവും റോഡിനോളം തന്നെ വീതിയുള്ളതുമായ നടപ്പാതകൾ. അതിനുമപ്പുറം മനോഹരമായ കെട്ടിടങ്ങൾ. എല്ലാ കെട്ടിടങ്ങളും വാസ്തുഭംഗിയുടെ കാര്യത്തിൽ സൗന്ദര്യം നിറഞ്ഞുതുളുമ്പുന്നതും, പഴഞ്ചൻ കെട്ടിടങ്ങളിൽ ഭ്രമമുള്ള എന്നെപ്പോലൊരാളെ മോഹിപ്പിക്കുന്നതുമാണ്. ഓരോ കെട്ടിടവും തൊട്ടടുത്തുള്ള കെട്ടിടത്തോടും റോഡുകളോടും സമന്വയിപ്പിച്ച് പിഴവൊന്നും എടുത്തുപറയാനില്ലാത്തവിധത്തിൽ നിർമ്മിച്ചിരിക്കുന്നു.

പാതയോരത്തെ ഭംഗിയുള്ള കെട്ടിടങ്ങൾ.
റോഡിനിരുവശവുമുള്ള നടപ്പാതകളിൽ ഒറ്റയായും കൂട്ടമായും അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നവരുടെ തിരക്ക്. ലോക ഫാഷന്റെ തന്നെ കേന്ദ്രബിന്ദുവായ പാരീസിന്റെ പാതയോരങ്ങൾ ഓരോന്നും, ഫാഷൻ ഷോ പൂച്ചനടത്തത്തിന്റെ ഓരോരോ റാമ്പുകൾ ആണെന്നാണ് എനിക്ക് തോന്നിയത്. സ്ത്രീകളുടെ വസ്ത്രങ്ങളിൽ ഒന്നുപോലുള്ള മറ്റൊന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ സാധിച്ചാൽത്തന്നെ അത് അവിടത്തുകാരുടേതല്ല, മറിച്ച് ഞങ്ങളെപ്പോലെ സഞ്ചാരികളായി എത്തിയവരുടേത് ആയിരിക്കുമെന്നും എനിക്ക് തോന്നി. വസ്ത്രധാരണത്തിൽ തുടങ്ങി, കേശാലങ്കാരത്തിലും, പാദരക്ഷകളിലും, തൊപ്പികളിലും, തോൾബാഗുകളിലും, പൊങ്ങച്ചസഞ്ചികളിലുമൊക്കെ വൈവിധ്യത്തോട് വൈവിധ്യം തന്നെ. കണ്ണിനിമ്പമേകുന്ന വർണ്ണവിസ്മയവും, പറഞ്ഞറിയിക്കാനാകാത്ത പുതുമയും, ഫാഷന്റെ അതിപ്രസരവുമൊക്കെ ചേർന്ന് മൊത്തത്തിൽ ഒരു സർപ്പസൗന്ദര്യം തന്നെയാണ് പാരീസെന്ന നഗരത്തിന്. ലണ്ടനിൽ ഇതുപോലെ ബസ്സിൽ ഒരു സിറ്റി സവാരി ഞാൻ നടത്തിയിട്ടില്ലാത്തതുകൊണ്ട് അവിടത്തേക്കാൾ എത്ര കേമമാണ് ഇവിടത്തെ ഈ നഗര സൗന്ദര്യം എന്ന് ആധികാരികമായി പറയാനെനിക്കാവില്ല. പക്ഷെ ഫാഷന്റെ ഈറ്റില്ലമായ പാരീസ്, ലണ്ടനേക്കാൾ ഒട്ടും പിന്നോക്കമാകാൻ വഴിയില്ലല്ലോ!

റസ്റ്റോറന്റുകൾക്ക് വെളിയിലെ തീൻ‌മേശകളിലെ തിരക്ക്.
റസ്റ്റോറന്റുകൾക്ക് പുറത്തുള്ള കസേരകളിൽ ഇരുന്ന് കാഴ്ച്ചകൾ കണ്ട് ഭക്ഷണം കഴിക്കുന്നതിനോടാണ് ജനങ്ങൾക്ക് കൂടുതൽ താല്‍പ്പര്യമെന്ന്, തീൻ‌മേശകൾ നല്ലൊരുപങ്കും വെളിയിൽ കിടക്കുന്നത് കണ്ടാൽ മനസ്സിലാക്കാം. പാരീസിലെ തെരുവുകളിലൊന്നിൽ ഞങ്ങൾ കണ്ട, പ്രശസ്തമായ ഫാസ്റ്റ്ഫുഡ് ശൃംഖലയായ മാൿഡോണാൾഡ്സിന്റെ ഔട്ട്ലറ്റിന് ഒരു പ്രത്യേകതയുണ്ട്. മറ്റേതൊരു മാൿഡോണാൾഡ്സും ചുവന്ന പ്രതലത്തിൽ മഞ്ഞ അക്ഷരംകൊണ്ട് എഴുതിയതാണെങ്കിൽ, ഇവിടെ പാരീസിലെ ഈ മാൿ ഔട്ട്ലറ്റ് മാത്രം, ചാരപ്രതലത്തിൽ വെളുത്ത അക്ഷരങ്ങളോടുകൂടിയതാണ്. കല്‍പ്പേഷ് പറഞ്ഞുതന്നില്ലായിരുന്നെങ്കിൽ ആരും തന്നെ ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരു കാര്യമായിരുന്നു അത്.

മൿഡൊണാൾഡ്സ് ഔട്ട്ലറ്റ് തവിട്ടുനിറത്തിൽ
റോഡിലെ ട്രാഫിക്ക് നിയന്ത്രണ വരകളും പാതവക്കിലെ ട്രാഫിക്ക് ബോർഡുകളുമൊക്കെ അനുസരിച്ച് ബസ്സ് നീങ്ങിക്കൊണ്ടിരുന്നത് അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു. ചില ഇടുങ്ങിയ പാതകളിലെ വളവുകൾ തിരിക്കുമ്പോൾ പാതയോരത്തെ പോസ്റ്റുകളിൽ ബസ്സിന്റെ മുൻ‌വശം ഉരസുമെന്ന് തോന്നിക്കുമെങ്കിലും, റോഡിന്റെ വീതി, അതിലൂടെ പോകാൻ പറ്റുന്ന വാഹനങ്ങളുടെ വീതി എന്നതൊക്കെ കൃത്യമായി കണക്കാക്കി അടയാളപ്പെടുത്തുകയും അതിനൊക്കെ അനുസരിച്ച് ഡ്രൈവർ വളയം തിരിക്കുകയും ചെയ്യുന്നതുകൊണ്ട് അനിഷ്ടങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല. വളരെ കൗതുകത്തോടെയാണ് ജോണിന്റെ അതിവിദഗ്ദ്ധമായ ഡ്രൈവിങ്ങ് പാടവം ഞാൻ നോക്കിയിരുന്നത്. യാത്രക്കാർ കൈയ്യും തലയും പുറത്ത് മാത്രം ഇടുകയും, ലക്കും ലഗാനുമില്ലാതെ ബസ്സുകൾ ഓടിക്കുകയും ചെയ്യുന്ന നമ്മുടെ നാടൻ ഡ്രൈവർമാർക്ക് വളയം പിടിക്കാൻ ഒരവസരം കൊടുത്താൽ, അപകടം ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല പാരീസിൽ.

ഉച്ചഭക്ഷണത്തിനുള്ള സമയമായി. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് ഏതോ ഊടുവഴിയിലൂടെ കയറി തീരെ തിരക്കില്ലാത്ത ഒരു പാതയോരത്ത് ഭക്ഷണം കഴിക്കാനായി ബസ്സ് നിറുത്തി. ഞങ്ങൾ ബസ്സിലുള്ളവരല്ലാതെ മറ്റൊരു പ്രാണിപോലും ആ പരിസരത്തെങ്ങുമില്ല. കോട്ടയം അയ്യപ്പാസ് പോലെ പുറമെ നിന്ന് നോക്കിയാൽ ചെറുതെന്ന് തോന്നിക്കുകയും, അകത്ത് വിശാലമായ സൗകര്യവും ഉള്ള ഒരു ഭോജനശാലയായിരുന്നു അത്. 'Specialities De l' Inde' എന്ന ഹോട്ടലിന്റെ പേര് കേട്ടാൽ തോന്നും എന്തോ ഭയങ്കര സംഭവമാണെന്ന്. മറ്റൊരു നാട്ടിൽച്ചെന്നാൽ അവിടത്തെ നടുക്കഷണം തന്നെ കഴിക്കണമെന്നാണല്ലോ! ആ ആഗ്രഹവുമായി അകത്തേക്ക് കയറിയപ്പോൾ അകത്തതാ തൂക്കിയിരിക്കുന്നു ‘ജയ് ശ്രീരാം ജീ‘ എന്ന മറ്റൊരു ബോർഡ്. നമ്മുടെ നാട്ടിലേത് പോലെ തന്നെ, പാക്കേജ് ടൂർ ഓപ്പറേറ്ററുമാരുമായുള്ള ഒത്താശയിലും കമ്മീഷൻ വ്യവസ്ഥയിലും നടന്നുപോകുന്ന ഏതോ ഒരു മാർവാഡിയുടെ ഹോട്ടലായിരുന്നു അത്. ബുഫേ ആയി നിരത്തിയിരിക്കുന്നതത്രയും ഉത്തരേന്ത്യൻ വിഭവങ്ങൾ. ഫ്രഞ്ച് വിഭവങ്ങളും പ്രതീക്ഷിച്ച് ചെന്ന എന്റെ മനസ്സ് അതോടെ ചത്തു.

'Specialities De l' Inde' - ഉച്ചഭക്ഷണം തരപ്പെട്ട മാർവാടി ഭോജനശാല
എന്നിരുന്നാലും ശരീരം ചാകാതിരിക്കാനായി എന്തെന്നും ഏതെന്നും നോക്കാതെ കുറച്ച് ഭക്ഷണം കഴിച്ചെന്ന് വരുത്തി നിരാശനായി ബസ്സിൽ പോയിരുന്നു. മുഴങ്ങോടിക്കാരിക്കും ഈ ഏർപ്പാട് അത്ര ഇഷ്ടമായില്ല. 365 ദിവസവും റൊട്ടിയും ദാലും കഴിച്ചിട്ട്, ഒരു മറുരാജ്യത്ത് ചെല്ലുമ്പോഴും അതേ വിഭവങ്ങൾ തന്നെ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർ കൂട്ടത്തിൽ ഉണ്ടായെന്ന് വരാം. പക്ഷെ, താല്‍പ്പര്യമുള്ളവർക്ക് അതാത് രാജ്യങ്ങളിലെ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം തരപ്പെടുത്തി കൊടുക്കാതെയുള്ള ഈ പാക്കേജ് ടൂറിനെപ്പറ്റി സ്റ്റാർ ടൂറിർ പാരാതി പറയണമെന്നുതന്നെ ഞങ്ങൾ തീരുമാനിച്ചു.

ഭക്ഷണത്തിന് ശേഷം സീൻ (Seine) നദിയിൽ ഒന്നരമണിക്കൂറോളം നീളുന്ന ബോട്ട് സവാരിയാണ്. സമയത്തിന്റെ കാര്യം ഡ്രൈവർ പറഞ്ഞ് പേടിപ്പിച്ചിരിക്കുന്നതുകൊണ്ട് എല്ലാവരും കൃത്യസമയത്ത് സീറ്റുകളിൽ ഇരിപ്പുപിടിച്ചു. ബസ്സ് മെല്ലെ നീങ്ങിത്തുടങ്ങി. മഹാനായ യാത്രികൻ എസ്.കെ.പൊറ്റക്കാടിന്റെ വരികളിലൂടെ മാത്രം സഞ്ചരിച്ചിട്ടുള്ള സീൻ നദിക്കരയിലേക്ക്, അതിന്റെ ഇരുവശവുമുള്ള സ്ഥലങ്ങളും അതിപ്രശസ്തമായ കെട്ടിടങ്ങളുമൊക്കെ നേരിട്ട് കാണാനാണ് പോകുന്നത്. ഉച്ച ഭക്ഷണത്തിന്റെ കാര്യത്തിലുണ്ടായ നിരാശയൊക്കെ മറന്ന് ഞാൻ വീണ്ടും ഉന്മേഷവാനായി.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

23 comments:

  1. പോസ്റ്റുകൾക്ക് നീളം കൂടിപ്പോകുന്നു എന്ന പരാതി ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്.

    ReplyDelete
  2. മനോജേട്ടാ നന്ദി. പാരീസ് യാത്രയുടെ ഈ അനുഭവങ്ങൾ പങ്കുവെച്ചതിന്. തുടർന്നുള്ള വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

    ReplyDelete
  3. ലോകത്തിലെ ഈ ഫാഷന്‍ നഗരത്തില്‍ ഒന്ന് ചുറ്റിക്കറങ്ങുക..അതൊരു സ്വപ്നം തന്നെയാണ് ..ആ ഭാഗ്യം സിദ്ധിച്ച നിരക്ഷരന്‍ ആ വര്ണ കാഴ്ചകള്‍ പങ്കു വയ്ക്കുന്നതില്‍ സന്തോഷം ..:)

    ReplyDelete
  4. ഇല്ല..ഈ കേസിൽ കുറച്ച് നീളം കൂടിയാലും സാരമില്ല...യൂറോപ്യൻ യാത്രകൾ വരുമ്പോഴാണ് മനോജേട്ടന്റെ ആ വേവ് ലെൺഗ്ത് കറക്ടാകുന്നത്..

    ReplyDelete
  5. നല്ല യാത്ര... നല്ല വിവരണം.
    തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    ReplyDelete
  6. Well Done Man!!!
    "A quotation in a speech & an article of Niraksharan's blog" both will act like a weapon in the hands of a skilled warrior."It speaks with authority."
    Great Work...

    ReplyDelete
  7. പാരീസ് എത്ര കണ്ടാലും കേട്ടാലും മതിവരില്ല
    എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അതാവും വിവരണം
    കുറഞ്ഞു പോയോ, എന്നെനിക്കൊരു തോന്നല്‍... :)
    അനുഭവങ്ങള്‍ പങ്കുവച്ചതില്‍ സന്തോഷം.

    ReplyDelete
  8. @Lipi Ranju - വിവരണം കുറഞ്ഞുപോയി എന്നത് തോന്നലല്ല, സത്യമാണ്. ഇപ്പോൾ എഴുതിയില്ലെങ്കിൽ ഈ പോസ്റ്റ് ഇനിയും ഒരുപാട് നീണ്ടുപോകും എന്നതുകൊണ്ട് തിരക്കുപിടിച്ച് എഴുതുകയായിരുന്നു. കുറേക്കൂടെ വിവരണങ്ങൾ അടുത്ത പോസ്റ്റുകളിൽ ചേർക്കാൻ ശ്രമിക്കാം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  9. Bon voyage...........allthe very best for the next voyage........

    ReplyDelete
  10. ശോ!! അതിനിടയില്‍ അങ്ങനെയും ആരോ പറഞ്ഞോ??!!.അതൊക്കെ അസൂയക്കാര്‍ പറഞ്ഞുണ്ടാക്കുന്നതാ നീരു.ചേട്ടന്‍ ധൈര്യമായി എഴുതിക്കോ വായിക്കുന്ന കാര്യം ഞങ്ങളേറ്റു.
    Anyway i enjoyed the post.

    ReplyDelete
  11. ഡിയര്‍ മനോജ്‌
    മനോഹരമായ വിവരണം. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു. നീളം വല്ലാതെ കുറഞ്ഞു പോയി.

    യാത്രകള്‍ ഒരുപടിഷ്ടപെടുന്ന

    സജീവ്‌

    ReplyDelete
  12. നല്ല യാത്ര... നല്ല വിവരണം...

    ReplyDelete
  13. പെട്ടെന്ന് നോക്കുമ്പോൾ ....റസ്റ്റോറന്റുകൾക്ക് വെളിയിലെ തീൻ‌മേശകളിലെ തിരക്ക് എന്ന ഫോട്ടോ മുതൽ താഴേക്കുള്ള ഭാഗം ഡിലീറ്റ് ചെയ്യപ്പെട്ടതായി കണ്ടു. എന്ത് പറ്റിയതാണെന്ന് മനസ്സിലായില്ല. ആ ഭാഗം വീണ്ടും ചേർത്തിട്ടുണ്ട്. നീളം കുറഞ്ഞുപോയി എന്ന് സജീവും ലിപി രാജുവും ഒക്കെ പറഞ്ഞപ്പോൽ ഈ ഭാഗം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് വ്യക്തമല്ല :(

    ReplyDelete
  14. ലോകത്തിന്റെ സ്വപ്നനഗരത്തിൽ സർപ്പനടനം നടത്തി ശരിക്കും ഒരുയാത്രാനുഭവങ്ങളുടെ വിവരണം തന്നെയിത്....!
    അല്ലാതെ ഞാനൊക്കെ വെറും പ്യാരിയായി പാരീസ് ചുറ്റിക്കറങ്ങി പിന്നീടെഴുതിയ കുറിപ്പുകൾ പോലെയല്ലയിത്,
    തികച്ചും ഇൻഫൊർമേറ്റീവായ താങ്കളുടെ വർണ്ണനകൾ കേട്ടൊ മനോജ് ഭായ്

    ReplyDelete
  15. "ഫ്രഞ്ച് വിഭവങ്ങളും പ്രതീക്ഷിച്ച് ചെന്ന എന്റെ മനസ്സ് അതോടെ ചത്തു."
    ഹ ഹ.എനിക്ക് പലപ്പോഴും പറ്റിയിട്ടുള്ളതും,ഇപ്പോഴും പറ്റിക്കൊണ്ടിരിക്കുന്നതുമായ ഒരു സംഗതി ഇതു തന്നെ മനോജ്...

    ReplyDelete
  16. മുകുന്ദന്റെ നോവലുകളിലൂടേയാണ് എന്നും ഫ്രാന്‍സിനെ അറിഞ്ഞിട്ടുള്ളത്. ഈയിടെ പ്രവാസത്തില്‍ വായിച്ചിരുന്നു പാരീസിലെ റോഡുകളിലെ ചില ട്രാഫിക് ടിപ്ലിനെ പറ്റി. അവിടെയൊക്കെ പിസ്സാഹട്ടുകളില്‍ എം.ബി.എക്കാരും മറ്റ് ഗവേഷണ വിദ്യാര്‍ത്ഥികളൊക്കെയാണ് സെര്‍വ് ചെയ്യുന്നതെന്നും മറ്റും. ഇനിയും യാത്ര അങ്ങിനെ തുടരട്ടെ.. വായനക്കായി കാത്തിരിക്കുന്നു ..

    ReplyDelete
  17. ഹായ് ..ഹായ് .... പാരീസെത്തി.....കൂടെ ഉണ്ട്. ഞാനവിടെ ജര്‍മനിയില്‍ തുടങ്ങി........സസ്നേഹം

    ReplyDelete
  18. പാരീസ് എന്ന സ്വപ്ന നഗരത്തിലെ യാത്രാനുഭവം, വായിച്ചു തുടങ്ങിയപ്പോഴേക്കും തീര്‍ന്നു പോയല്ലോ എന്ന് കരുതി.'തുടരും' എന്ന് കണ്ടപ്പോള്‍ ഒരു സന്തോഷവും....

    നിരക്ഷരന്റെ വിവരണം,യാത്ര ചെയ്യുന്ന പോലുള്ള അനുഭൂതിയാണ് ഉളവാക്കുക..
    (എന്റെ ആ പഴയ അസൂയ കൂടിയോന്നു സംശയം...)

    ReplyDelete
  19. ഹാ... പാരീസ്...
    The sea is calm to-night.
    The tide is full, the moon lies fair
    Upon the straits; —on the French coast the light
    Gleams and is gone; the cliffs of England stand,
    Glimmering and vast, out in the tranquil bay.
    (from "Dover Beach" by Mathew Arnold)

    ReplyDelete
  20. യാത്രാ വിവരണം വളരെ മനോഹരമായിരിക്കുന്നു

    ReplyDelete
  21. കാത്തിരുന്ന ഒരു യാത്ര വിവരണം....നീളം കുറഞ്ഞു പോയിട്ടാണ് എനിക്ക് തോന്നിയത്...മനോജ്‌ ഒരുപാട് യാത്ര ചെയ്യുന്നത് കൊണ്ടാവും എവിടെ ചെന്നാലും അവിടുത്തെ ഭക്ഷണം കഴിക്കണം എന്ന് തോന്നുന്നത്.. ഞാനും അങ്ങനെ വിചാരിക്കുന്ന ആളാണ്..പക്ഷെ ഇന്ത്യന്‍സ്‌ പൊതുവേ എവിടെ ചെന്നാലും ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപെടുന്നവര്‍ ആണ് എന്നാണ് കണ്ടിട്ടുള്ളത്...
    ബാക്കി വിവരണത്തിനായി കാത്തിരിക്കുന്നു....

    ReplyDelete
  22. കഴിഞ്ഞ തവണത്തെ പോലെ നിരാശ ഉണ്ടായില്ലാട്ടോ ...
    ഒരു മനോഹര വിവരണം കിട്ടിയതിന്‍റെ സന്തോഷമുണ്ട് ... :)
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

    ReplyDelete
  23. മനോജെട്ടെന്റെ കൂടെ ടിക്കറ്റ്‌ എടുക്കതെയുള്ള യാത്ര എങ്ങനെ പറഞ്ഞരിയിക്കും !
    യാത്ര തുടരുക കൂടെ ഞങ്ങളും ഉണ്ട് ഒരു ധൈര്യത്തിന് ! എന്ത്യേ ?

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.