Saturday, 14 August 2010

മഴ നനയാന്‍ പറമ്പികുളത്തേക്ക്

കാട്ടിലേക്കുള്ള യാത്രകള്‍ സജീവമായപ്പോള്‍ മുതല്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമായിരുന്നു പറമ്പികുളത്തേക്ക് ഒരു യാത്ര. നാട്ടുകാരനും പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ശ്രീ എം.എം.നസീര്‍ അംഗമായ നേച്ചര്‍ ക്യാമ്പില്‍ കയറിപ്പറ്റി ആ ആഗ്രഹം സാക്ഷാല്‍ക്കരിക്കാന്‍ ഒരിക്കല്‍ നടത്തിയ ശ്രമം നിര്‍ഭാഗ്യവശാല്‍ ലക്ഷ്യം കണ്ടില്ല. അതോടെ പറമ്പികുളം മനസ്സിലൊരു അഭിനിവേശമായിത്തന്നെ മാറുകയായിരുന്നു. സാധാരണയായി അട്ടയെപ്പേടിച്ച് മഴക്കാലത്ത് കാട്ടിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുകയാണ് പതിവ്. പക്ഷെ, കാടിന്റെ സൌന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സമയം മഴക്കാലമാണെന്നിരിക്കേ ചെറിയൊരു ജീവിയായ അട്ടയെ പേടിച്ച് യാത്രകള്‍ ഒഴിവാക്കുന്നത് കുറച്ചിലല്ലേ ? ആനയേയോ പുലിയേയോ കരടിയേയോ മറ്റോ പേടിച്ചാണ് കാട്ടിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്നതെന്ന് പറയേണ്ടിവന്നാല്‍, അത് കേള്‍ക്കാന്‍ തന്നെ ഒരു അന്തസ്സില്ലേ ?

കാട്ടുയാത്രകളില്‍ പിന്നെ എനിക്കാശ്രയിക്കാന്‍ പറ്റിയ ഒരാള്‍ ബന്ധുവായ വേണു മാത്രമാണ്. വേണുവിന്റെ അച്ഛന്‍ ശ്രീ.ഗോപാലകൃഷ്ണന്‍ റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫീസര്‍ ആയതുകൊണ്ട് ഫോറസ്റ്റ് ഓഫീസുകളില്‍ നിന്ന് അനുവാദം വാങ്ങുന്ന കാര്യവും, കാടുകളെപ്പറ്റിയും കാണാനുള്ള ഇടങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സംഘടിപ്പിക്കുന്നതുമൊക്കെ എളുപ്പമാണ്. ചെറുപ്പം മുതല്‍ കാടിന്റെ സൌന്ദര്യം ആസ്വദിച്ചറിഞ്ഞ് വളര്‍ന്ന വ്യക്തിയാണ് വേണു. വിപ്രോയില്‍ ജോലി ചെയ്യുന്ന വേണുവിന്റെ പ്രധാന ഹോബി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി തന്നെയായതുകൊണ്ട് കാട്ടിനകത്തേക്ക് കയറാന്‍ പ്രത്യേകിച്ച് മോട്ടിവേഷനൊന്നും കൊടുക്കേണ്ട കാര്യമില്ലെന്ന് മാത്രമല്ല ശാസ്ത്രീയമായി ഫോട്ടോ എടുക്കാനറിയാത്ത എനിക്ക് ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുകയും വേണ്ട.

2 രാത്രിയും 3 പകലും യാത്രയ്ക്കായി മാറ്റിവെച്ചു. വേണു, വേണുവിന്റെ വാമഭാഗം നികിത, മുഴങ്ങോടിക്കാരി പിന്നെ ഞാന്‍; ഇത്രയും പേരാണ് യാത്രാ സംഘത്തില്‍. കാട്ടിലേക്കുള്ള യാത്രയായതുകൊണ്ട് മകള്‍ നേഹയെ കൊണ്ടുപോകാന്‍ നിര്‍വ്വാഹമില്ല. ഞങ്ങള്‍ നാലംഗ സംഘം വെള്ളിയാഴ്ച്ച രാവിലെ തന്നെ കാറില്‍ വടക്കഞ്ചേരി - നെന്മാറ - കൊല്ലംകോട് - ഗോവിന്ദപുരം - ആനമല - സേതുമട - ടോപ്പ്സ്ലിപ്പ് - വഴി ആനപ്പാടിയിലേക്ക് യാത്ര തിരിച്ചു.

ഒരു പാലക്കാടന്‍ കാഴ്ച്ച

പാലക്കാട് ജില്ലയിലേക്ക് കടന്നതോടെ മഴ കനത്തു. ഈ യാത്ര ഒരു മണ്‍സൂണ്‍ ട്രക്കിങ്ങ് ആയി മാറുമെന്ന് മുന്നേക്കൂട്ടി മനസ്സിലാക്കിയിരുന്നതുകൊണ്ട് എല്ലാവരും കുടകളും മഴക്കോട്ടുമൊക്കെ കരുതിയിട്ടുണ്ട്. ഒരു വശത്ത് സഹ്യന്റെ നീണ്ടനിരകളെ കാര്‍മേഘങ്ങള്‍ പൊതിഞ്ഞുനില്‍ക്കുന്നു. അങ്ങ് മലമുകളില്‍ മഴ പെയ്തുകൊണ്ടേയിരിക്കുന്നുണ്ടാവാം. താഴെ വയലേലകളില്‍ കൃഷിപ്പണി ചെയ്യുന്ന തൊഴിലാളികള്‍, പനമരക്കൂട്ടങ്ങള്‍, ചുറ്റിനും പച്ചപ്പിന്റെ പട്ടുവിരിച്ച പ്രകൃതി. മഴക്കാലമായതുകൊണ്ടാകാം പാലക്കാടന്‍ കാഴ്ച്ചകള്‍ കണ്ണിന് കുരിരേകുന്നതും, മനമയക്കുന്നതുമായിരുന്നു.

പുളിമരങ്ങള്‍ കുടനിവര്‍ത്തുന്ന പാതയിലൂടെ

പാലക്കാടന്‍ അതിര്‍‌‍ത്തി കടന്ന് തമിഴ്‌നാട് റോഡുകളിലേക്ക് കടന്നാല്‍ ഏറ്റവും ആകര്‍‌‍ഷകമായിട്ടുള്ളത് വീതിയുള്ളതും കുണ്ടും കുഴികളും ഇല്ലാത്തതുമായ റോഡും അതിനിരുവശവും കുടപിടിച്ച് തണല്‍‌വിരിച്ച് നില്‍‌ക്കുന്ന പുളിമരങ്ങളുമാണ്. അധികം വാഹനത്തിരക്കൊന്നും ഇല്ലാത്ത ആ പാതകളിലൂടെ വണ്ടി ഓടിച്ച് പോകുന്നത് തന്നെ ഒരു അനുഭൂതിയാണ്.

ടോപ്പ് സ്ലിപ്പ് എത്താറായാപ്പോഴേക്കും വേണുവിന് വീട്ടില്‍ നിന്ന് ഫോണ്‍ വന്നുകൊണ്ടേയിരുന്നു. വേണുവിന്റെ അമ്മയ്ക്ക് വേണുവിനെ അത്ര വിശ്വാസം പോര. വഴിയില്‍ ആന, പുലി ഇത്യാദി കൂട്ടുകാരെയൊക്കെ കണ്ടാല്‍ വേണു ക്യാമറയുമെടുത്ത് വെളിയിലിറങ്ങുമെന്ന് അവര്‍ക്കുറപ്പാണ്. കാട്ടിലൂടെയുള്ള യാത്രയ്ക്കിടയില്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങരുതെന്നുള്ളത് പാലിക്കപ്പെടേണ്ട(ലിഖിതമോ അലിഖിതമോ ആയ) ഒരു നിയമമാണ്. വേണുവിന്റെ അച്ഛന്‍ സര്‍വ്വീസില്‍ ഇരിക്കുന്ന കാലത്ത് ടോപ്പ് സ്ലിപ്പില്‍ നിന്ന് ആനപ്പാടിയിലേക്കുള്ള 12 കിലോമീറ്ററിനകത്ത് വേണുവിന്റെ അമ്മ പല പ്രാവശ്യം കാട്ടാനകളുടെ മുന്നില്‍ അപകടകരമായ രീതിയില്‍ പെട്ടുപോയിട്ടുള്ളതുകൊണ്ടാണ് വീട്ടിലുള്ളവര്‍ക്ക് ഇത്രയ്ക്ക് ആധി. ആനപ്പാടി ഫോറസ്റ്റ് ക്യാമ്പ് എത്തുന്നതുവരെ വളരെ ശ്രദ്ധിച്ച് കാതുകൂര്‍പ്പിച്ചാണ് ഞാന്‍ വണ്ടി ഓടിച്ചിരുന്നത്. ആനപ്പാടി എത്തുന്നതുവരെ മൃഗങ്ങളെയൊന്നും കണ്ടില്ലെന്നുള്ളത് നിരാശയ്ക്ക് കാരണമായി. മുന്‍പ് ഒരിക്കല്‍ വേണുവിന്റെ കൂടെ സൈലന്റ് വാലി ബഫര്‍ സോണില്‍ ഒരു യാത്ര പോയപ്പോള്‍ അവിടത്തെ ഫോറസ്റ്റ് ഗാര്‍ഡ് ഒരാള്‍ പറഞ്ഞ വാചകം മനസ്സിലോടിയെത്തി.

‘കാട്ടിലേക്ക് കടന്നുകഴിഞ്ഞാല്‍, നമ്മള്‍ എങ്ങനെയൊക്കെ നിശബ്ദമായി നടന്നാലും, 20 ജോഡി കണ്ണുകളെങ്കിലും നമ്മെ കണ്ടുകഴിയുമ്പോഴേ, നമ്മള്‍ ഒരു കാട്ടുമൃഗത്തിനെയെങ്കിലും കണ്ടിട്ടുണ്ടാകൂ‘. ആ ചൊല്ലിന്റെ ചുവട് പിടിച്ച് നോക്കിയാല്‍, ഞങ്ങള്‍ മൃഗങ്ങളെയൊന്നും കണ്ടില്ലെങ്കിലും നാലഞ്ച് മൃഗങ്ങളെങ്കിലും ഞങ്ങളെ കണ്ടുകാണണം.

ആനപ്പാടി ചെക്ക് പോസ്റ്റ്

ആനപ്പാടി ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമായി. കാട്ടിനകത്തേക്ക് മദ്യക്കുപ്പികള്‍ ഒന്നും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധന. ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ കെട്ടിടം പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന തരത്തില്‍ കലാപരമായ ഒരു സൃഷ്ടിയാണ്.

ആനപ്പാടി ചെക്ക് പോസ്റ്റ് കെട്ടിടത്തിലെ കലാചാതുരി

ചെക്ക് പോസ്റ്റ് കടന്ന് ഉടനെ കാട്ടിനകത്തുനിന്ന് വരവേറ്റത് സുന്ദരനായ ഒരു ആണ്‍ മയിലായിരുന്നു. തുടര്‍‌‍ന്നുള്ള യാത്രയില്‍ അങ്ങോളമിങ്ങോളം യാതൊരു ദൌര്‍‌ലഭ്യവുമില്ലാതെ മയിലുകളെ കാണാനായെങ്കിലും ആദ്യം തന്നെ കണ്ട മയിലിന്റെ ചിത്രമെടുക്കാനായി ഞങ്ങളാ ചെക്ക് പോസ്റ്റ് പരിസരത്ത് കുറച്ച് സമയം ചിലവഴിക്കുക തന്നെ ചെയ്തു.

സ്വാഗതമേതിക്കൊണ്ട് കാത്തുനിന്ന ആണ്‍‌മയില്‍

ക്യാമ്പില്‍ എത്തി ബുക്ക് ചെയ്തിരുന്ന ‘ടെന്റഡ് നിച്ച് ‘ എന്ന പാക്കേജിനുള്ള പണമടച്ചതിനുശേഷം ഞങ്ങള്‍ ചെക്കിന്‍ ചെയ്തു. പാക്കേജ് പ്രകാരം രാത്രി താമസം ടെന്റിലാണ്. താല്‍ക്കാലികമാണല്ലോ ടെന്റുകള്‍? പക്ഷെ ഇവിടത്തെ ടെന്റുകള്‍ സ്ഥിരമാണ്.

ആനപ്പാടി ക്യാമ്പിന്റെ കവാടത്തിലെ കെട്ടിടം

ചിലവുകുറഞ്ഞ ടെന്റുകള്‍ക്ക് മീതെ മെറ്റല്‍ ഷീറ്റ് ഇട്ട് മേല്‍ക്കൂര തീര്‍ത്ത് അതിന് മുകളില്‍ പുല്ല് വിരിച്ചിരിക്കുന്നു. അത്തരം 7 ടെന്റുകളുണ്ട് ക്യാമ്പിനകത്ത്. കൂടാതെ ഡോര്‍മിറ്ററി, ഇന്‍‌ഫര്‍മേഷന്‍ സെന്റര്‍, റസ്റ്റോറന്റ് എന്നിവയ്ക്കായുള്ള കെട്ടിടങ്ങളും. എല്ലാം ക്യാമ്പിലെ മരങ്ങള്‍ക്കിടയില്‍ പ്രകൃതിക്ക് മാറ്റ് കൂട്ടുന്ന രീതിയില്‍ മുളങ്കാടുകളാണെന്ന് തോന്നിപ്പിക്കുന്ന വിധം ചായക്കൂട്ടുകള്‍ പൂശിയത്.

ടെന്റുകളും വൈദ്യുതി കടന്നുപോകുന്ന കമ്പിവേലികളും

ടെന്റുകള്‍ക്ക് ചുറ്റും മുളവേലികളും അതിനിടയിലൂടെ വൈദ്യുതി കടന്നുപോകുന്ന കമ്പികളും വലിച്ചുകെട്ടിയിട്ടുണ്ട്. അത്തരം ഒരു കാഴ്ച്ച കാണുമ്പോള്‍ത്തന്നെ ഒരു കാര്യം ഉറപ്പിക്കാം. രാത്രികാലങ്ങളില്‍, അതുമല്ലെങ്കില്‍ പകല്‍ സമയത്ത് തന്നെയും ഈ പരിസരപ്രദേശങ്ങളില്‍ സഹ്യന്റെ മക്കള്‍ യഥേഷ്ടം കറങ്ങിനടക്കാറുണ്ട്. പക്ഷെ ആക്രമിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ആനകള്‍ക്ക് ഈ കമ്പിവേലികള്‍ ഒരു തടസ്സമേയല്ല. ഉണങ്ങിയ മരക്കൊമ്പുകള്‍ കൊണ്ട് വൈദ്യുതി കമ്പിവേലികള്‍ അടിച്ചുവീഴ്ത്തി ആനകള്‍ അകത്ത് കടന്നിട്ടുള്ള കഥകള്‍ ഒരുപാട് കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്.

ടെന്റുകള്‍ അടങ്ങുന്ന ക്യാമ്പിനെ മറ്റൊരു ദൃശ്യം.

7 ടെന്റുകളും റസ്റ്റോറന്റുമാണ് വേലിക്കെട്ടിനകത്തുള്ളത്. ഒരോ ടെന്റിലും 2 പേര്‍ക്ക് കിടക്കാനുള്ള സൌകര്യവും ടോയ്‌ലറ്റുമൊക്കെയുണ്ട്. വേലിക്കെട്ടിന് പുറത്ത് 2 ഡോര്‍മിറ്ററികളിലായി 60ല്‍ അധികം കിടക്ക സൌകര്യം ക്യാമ്പിനകത്തുണ്ട്. ഇതിനൊക്കെ പുറമെ കാടിനകത്ത് അവിടവിടെയായി ട്രീ ഹൌസുകളും, വീട്ടിക്കുന്ന് ദ്വീപ്, ബൈസണ്‍ വാലി, കുറിയാര്‍ കുറ്റി, തൂനക്കടവ് എന്നിങ്ങനെ പലയിടത്തായി മൊത്തത്തില്‍ 130 പേര്‍ക്ക് തങ്ങാനുള്ള സൌകര്യങ്ങളുമായാണ് പറമ്പികുളം യാത്രികരെ കാത്തുനില്‍ക്കുന്നത്.

ടെന്റിന്റെ അടുത്തുനിന്നുള്ള ഒരു ദൃശ്യം.

മുത്താഴവും അത്താഴവും ഉള്‍പ്പെട്ടതാണ് ടെന്റഡ് നിച്ച് പാക്കേജ്. അതിന് പുറമേ കാട്ടിലൂടെ ബസ്സില്‍ ഒരു സഫാരിയും, ബാംബൂ റാഫ്റ്റിങ്ങും, ട്രൈബല്‍ സിംഫണിയുമൊക്കെയുണ്ട്. റസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച ഉടനെ ഫോറസ്റ്റിന്റെ മിനി ബസ്സ് വന്നു. എല്ലാവരും തിരക്കിട്ട് ബസ്സിലേക്ക് കയറി. ഞങ്ങള്‍ 4 പേരെക്കൂടാതെ ആണും പെണ്ണുമായി എട്ടുപത്ത് അയല്‍സംസ്ഥാനക്കാരും ഒരു ഫോറസ്റ്റ് ഗാര്‍ഡുമുണ്ട് ബസ്സില്‍. ബസ്സ് ഡ്രൈവര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ഫോറസ്റ്റ് ജീവനക്കാരൊക്കെ വേണുവിന്റെ പഴയ പരിചയക്കാരാണ്. രാധാകൃഷ്ണന്റെ എതിര്‍ സീറ്റില്‍ത്തന്നെ തന്റെ വലിയ സൂം ലെന്‍സ് പിടിപ്പിച്ച ക്യാമറയുമായി വേണു ഇരിപ്പുറപ്പിച്ചു, ഞങ്ങള്‍ മൂന്ന് പേര്‍ പുറകിലെ സീറ്റുകളില്‍ മറ്റുള്ളവര്‍ക്കൊപ്പവും.

ചിങ്കാരി അമ്മന്‍ കോവിലും 60 അടി ‘പൂ’ വിരിക്കാറുള്ള അങ്കണവും.

ക്യാമ്പില്‍ നിന്ന് കാട്ടിലേക്ക് കടക്കുന്നയിടത്തുതന്നെ ആദിവാസികളുടെ ചിങ്കാരി അമ്മന്‍ കോവില്‍ കാണാം. ഉത്സവകാലങ്ങളില്‍ കോവിലിന് മുന്നില്‍ അറുപത് അടി നീളത്തില്‍ പൂക്കള്‍ വിരിച്ച് അതിലൂടെ നടക്കുന്നത് ഒരു ആചാരമാണ്. പൂക്കള്‍ വിരിക്കുന്നു എന്ന് കേട്ട് അതിനുമുകളിലൂടെ ഒന്ന് നടന്നാല്‍ കൊള്ളാമെന്ന് ആരെങ്കിലും കൊതിച്ചുപോയാല്‍ അവര്‍ക്കൊക്കെ പണി കിട്ടുമെന്നുള്ളത് നിശ്ചയം. അറുപത് അടി നീളത്തില്‍ വിരിക്കുന്ന ചുട്ടുപഴുത്ത കനലിനെയാണ് പൂക്കള്‍ എന്ന് ഇവര്‍ വിശേഷിപ്പിക്കുന്നത്. സംസാരത്തിനിടയില്‍ ഒരിക്കല്‍‌പ്പോലും പൂ എന്നതിന് പകരം കനല്‍ എന്ന് അവരാരും പറഞ്ഞു കേട്ടില്ല. ഇത്രയും പൂക്കള്‍ എവിടന്ന് കൊണ്ടുവരും എന്ന് എടുത്ത് ചോദിച്ചപ്പോള്‍ മാത്രമാണ് കാര്യത്തിന്റെ ഗൌരവം വെളിവായത്. കഴിഞ്ഞ ഉത്സവകാലത്ത് വിരിച്ച 'പൂക്കളുടെ' അവശിഷ്ടങ്ങളൊക്കെ ക്ഷേത്രത്തിന് മുന്‍പില്‍ ഇപ്പോഴും കിടക്കുന്നുണ്ട്.

പറമ്പികുളം കാടുകളില്‍ കാടര്‍, മലശര്‍, മുദുവര്‍, മലമലശര്‍ എന്നിങ്ങനെ 4 ജാതി ആദിവാസികളാണുള്ളത്. 6 കോളനികളിലായി 1100ല്‍പ്പരം വരുന്ന ഈ ആദിവാസികള്‍ ഇവിടെ അധിവസിക്കുന്നു. ഇവരെയെല്ലാം ഉള്‍പ്പെടുത്തി വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുപോരുന്ന എക്കോ ഡവലപ്പ്‌മെന്റ് പ്രോഗ്രാം ആദിവാസികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടെയുള്ളതാണ്. കാട് കാണാന്‍ വരുന്നവര്‍ക്ക് ഗൈഡിന്റെ സേവനം നല്‍കുന്നതും മറ്റും ഇവരാണ്.

മഴ ചന്നം പിന്നം പെയ്തുകൊണ്ടിരിക്കുകയാണ്. കാട്ടിലൂടെ ബസ്സ് നീങ്ങിക്കൊണ്ടേയിരുന്നു. മാനുകള്‍ക്കും മയിലുകള്‍ക്കും ഒരു ക്ഷാമവുമില്ല വഴിയിലുടനീളം. എല്ലായിടത്തും രാധാകൃഷ്ണന്‍ വണ്ടി നിറുത്തി ഫോട്ടോയെടുക്കാനുള്ളവര്‍ക്ക് അതിനുള്ള സൌകര്യം ചെയ്തുകൊടുത്തുകൊണ്ടിരുന്നു.

ജലാശയത്തിനരികെയുള്ള ട്രീ ഹൌസ്.

അല്‍‍‌പ്പദൂരം ദൂരം കൂടെ മുന്നോട്ട് പോയപ്പോള്‍ ഡാമിന്റെ ജലാശയത്തിന്റെ പരിസരത്ത് ഉയര്‍ത്തിയിട്ടുള്ള ട്രീ ഹൌസിന് മുന്നില്‍ ബസ്സ് നിന്നു. ട്രീ ഹൌസിന് മുന്നില്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ള കാറ് ഒരെണ്ണം പാര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു ജോഡി നവദമ്പതികള്‍ മരവീട്ടില്‍ നിന്നിറങ്ങി ബസ്സിലേക്ക് കയറി. ബസ്സ് വീണ്ടും മുന്നോട്ട്. മരവീട്ടില്‍ മധുവിധു ആഘോഷിക്കുന്നവരോട് എനിക്ക് അരാധനയും അസൂയയുമൊക്കെ തോന്നാതിരുന്നില്ല.

തൂനക്കടവ് ഡാമിന്റെ മുന്നില്‍ നിന്നുള്ള ഒരു ദൃശ്യം.

തൂനക്കടവ് ഡാമിന്റെ പരിസരത്ത് എത്തിയപ്പോള്‍ മാനുകളുടെ സംസ്ഥാനസമ്മേളനം നടക്കുകയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിധം വലിയ മാന്‍ കൂട്ടം തടിച്ചുകൂടിയിരിക്കുന്നു. മാന്‍, മയില്‍, ആമ, കാട്ടി, കുരങ്ങ്, മലയണ്ണാന്‍ എന്നിങ്ങനെ എല്ലാ ജന്തുക്കളേയും വളരെ ദൂരെ നിന്ന് തന്നെ നമ്മള്‍ കാണുന്നതിന് മുന്നേ രാധാകൃഷ്ണന്‍ കാണുന്നത് എല്ലാവരിലും അത്ഭുതം ജനിപ്പിച്ചുകൊണ്ടിരുന്നു.

തൂനക്കടവ് ഡാമിന് മുന്നില്‍ കണ്ട പിടിയും കുട്ടിയാനയും.

ഇല്ലിക്കമ്പുകള്‍ ഒടിച്ച് തിന്ന് അല്‍പ്പനേരം ഞങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍ കറങ്ങിത്തിരിഞ്ഞ് നിന്നതിനുശേഷം ഒരു പിടിയും അവളുടെ കുട്ടിയാനയും മരങ്ങള്‍ക്കിടയിലേക്ക് മറഞ്ഞു. ‘നിങ്ങള്‍ക്ക് മതിയായെങ്കില്‍ നിങ്ങള്‍ സ്ഥലം കാലിയാക്ക്, ഞങ്ങളിവിടൊക്കെത്തന്നെ കാണും‘ എന്ന മട്ടില്‍ മാനുകളും കുരങ്ങന്മാരുമൊക്കെ നിര്‍ഭയം റോഡരുകിലൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്.

സംരക്ഷിത വനമായതുകൊണ്ട് രസായനമാകാതെ രക്ഷപ്പെട്ടു കഴിയുന്ന കരിങ്കുരങ്ങ്.

കണ്വാശ്രമത്തില്‍ നിന്നുള്ള കാഴ്ച്ചയല്ല. പറമ്പികുളത്തുനിന്ന് തന്നെ.

മോനേ.... ക്യാമറയുമായി നില്‍ക്കുന്ന അക്കൂട്ടരെ സൂക്ഷിക്കണം കേട്ടോ ?

കാണിച്ചുതന്നാലും ദൂരെയായി പല മൃഗങ്ങളെയും ദര്‍ശിക്കാന്‍ നഗരത്തിന്റെ അന്ധകാരത്തില്‍ നിന്ന് വന്ന ഞങ്ങളെപ്പോലുള്ളവര്‍ ബുദ്ധിമുട്ടുന്നു. രാധാകൃഷ്ണന്‍ കണ്ണുകൊണ്ടും മൂക്കുകൊണ്ടും ചെവികൊണ്ടുമൊക്കെ കാടിന്റെ ചലനങ്ങള്‍ അറിയുന്നതുകൊണ്ടാണ് പെട്ടെന്നുതന്നെ കാട്ടുമൃഗങ്ങളില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കുന്നതെന്ന് നിശ്ചയം. ഉദാഹരണമായി പറഞ്ഞാല്‍..... പെട്ടെന്നൊരിടത്ത് വണ്ടി നിര്‍ത്തിയിട്ട് ‘ചീങ്കണ്ണി‘ എന്ന് അദ്ദേഹം പറഞ്ഞു. അല്‍പ്പം താഴെയായി ഒരു കൈത്തോടിന്റെ കരയിലേക്ക് ചൂണ്ടിയാണ് പറയുന്നത്. ഞങ്ങള്‍ക്കാര്‍ക്കും അങ്ങനൊരു ചീങ്കണ്ണിയെ കാണാന്‍ പറ്റുന്നില്ല. കുറ്റിച്ചെടികള്‍ക്കിടയില്‍ എന്തോ ഒന്ന് ഉണ്ടാകാം. ചീങ്കണ്ണി പോലെയൊന്നും കാണാനേ സാധിക്കുന്നില്ല. വേണു തന്റെ ക്യാമറയുടെ സൂം പരമാവധി പ്രയോജനപ്പെടുത്തി ചീങ്കണ്ണിയെ ക്യാമറയ്ക്കുള്ളിലാക്കി കാണിച്ച് തന്നപ്പോഴാണ്, രാധാകൃഷ്ണന്‍ വണ്ടി ഓടിക്കുന്നതിനിടയില്‍ കണ്ട കാഴ്ച്ച, തിമിരം ബാധിച്ച നാഗരികക്കണ്ണുകളുമായി നടക്കുന്ന ഞങ്ങള്‍ക്ക് തെളിഞ്ഞുവന്നത്.

തടവിലല്ലാത്ത ഒരു ചീങ്കണ്ണിയിതാ...

പിന്‍‌സീറ്റില്‍ ഇരിക്കുന്ന ചെറുപ്പക്കാര്‍ കാട് കാണാനൊന്നുമല്ല വന്നിരിക്കുന്നത്. അക്കൂട്ടരുടെ ഒച്ചയും ബഹളവും നിയന്ത്രണാധീനമായപ്പോള്‍ ബസ്സിലുള്ള ഫോറസ്റ്റ് ഗാര്‍ഡ് വിലക്കി. കാട്ടില്‍ ഇത്രയുമൊക്കെ ബഹളമുണ്ടാക്കി പോയാല്‍ മൃഗങ്ങളെയൊന്നും കാണാന്‍ പറ്റില്ല. നിവൃത്തിയില്ലാത്തതുകൊണ്ട് അല്‍പ്പനേരം അവര്‍ സഹകരിച്ചെങ്കിലും കോലാഹലം വീണ്ടും ഉയര്‍ന്നുവന്നു.

കന്നിമാറ തേക്ക് മുത്തശ്ശി - പ്രായം 450ല്‍ മുകളില്‍

പറമ്പികുളത്ത് എത്തിയാല്‍, ലോകത്തിലെ തന്നെ എറ്റവും വലിയതും 450 വര്‍ഷത്തിലധികം പ്രായമുള്ളതുമായ കന്നിമാറ തേക്ക് കാണാതെ മടങ്ങിയാല്‍ അതൊരു നഷ്ടം തന്നെയാണ്. പ്രധാന റോഡില്‍ നിന്ന് തെന്നി ബസ്സ് ഒരല്‍‌പ്പം ചെറിയ വഴിയിലേക്ക് വളഞ്ഞു. ആ വഴി ചെന്നവസാനിക്കുന്നത് കന്നിമാറ തേക്കിന്റെ മുന്നിലാണ്. നിലംബൂരിലെ തേക്ക് മ്യൂസിയത്തിനകത്ത് ഒരിക്കല്‍ കയറിയപ്പോള്‍ അവിടെ ഫോട്ടോയില്‍ കാണാനായ ആ തേക്ക് മുത്തശ്ശിയുടെ മുന്നില്‍ അവസാനം ഞാനിതാ എത്തിപ്പെട്ടിരിക്കുന്നു. ഇത്തരം ചില അവസരങ്ങളില്‍ മാത്രം ഇതൊരു ചെറിയ ലോകമാണെന്ന് തോന്നിപ്പോയിട്ടുണ്ട്.

കന്നിമാറ തേക്കിന് ആ പേര് വീഴാനുള്ള കാരണം ആദിവാസികളുടെ ഒരു കാട്ടുകഥയുമായി ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ശരാശരി തേക്ക് മുറിച്ച് മാറ്റുന്ന കാലത്ത് ഈ തേക്കിലും മഴു വീണു; പെട്ടെന്ന് ആ മുറിവില്‍ നിന്നും ചോര വാര്‍ന്നൊഴുകാന്‍ തുടങ്ങി. മരം മുറിക്കല്‍ അവിടെ അവസാനിച്ചു. അന്നുമുതല്‍ ഇതിനെ ഒരു ‘കന്നി‘ (കന്യക) തേക്ക് ആയി പൂജിക്കാന്‍ തുടങ്ങി കാടിന്റെ മക്കള്‍. 1994 - 1995 ഇന്ത്യന്‍ സര്‍ക്കാറിന്റെ ‘മഹാവൃക്ഷ പുരസ്ക്കാരം’ നേടിയിട്ടുള്ള ഈ തേക്ക് മുത്തശ്ശിക്ക് ഇന്നിപ്പോള്‍ 48.5 മീറ്റര്‍ ഉയരവും 6.57 മീറ്റര്‍ ചുറ്റളവും ഉണ്ട്.

1921 ല്‍ ആണ് പറമ്പികുളത്ത് തേക്ക് നടാന്‍ ആരംഭിച്ചത്. 1983ല്‍ ആയിരുന്നു അവസാനത്തെ തേക്ക് പ്ലാന്റേഷന്‍ നടന്നത്. അക്കാലത്ത് പറമ്പികുളത്തുനിന്ന് ചാലക്കുടി വരെ ഉണ്ടായിരുന്ന Tram Way യിലൂടെ ഈ തേക്കുമരങ്ങളൊക്കെ കാട്ടില്‍ നിന്ന് നാട്ടിലെത്തി ‘കൊച്ചിന്‍ ടീക്ക് ‘ എന്ന പേരില്‍ കടല്‍കടന്ന് ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും പൊയ്ക്കൊണ്ടിരുന്നു. ഉപയോഗശൂന്യമായിക്കിടക്കുന്ന ആ Tram പാളങ്ങളിലൂടെ ട്രക്കിങ്ങ് നടത്താനുള്ള സൌകര്യവും പറമ്പികുളത്തുണ്ട്.

കേരളത്തിന്റെ തേക്ക് ചരിത്രമറിയണമെന്ന് താല്‍‌പ്പര്യമുള്ളവര്‍ അവശ്യം സന്ദര്‍ശിക്കേണ്ട ഒരിടമാണ് നിലംബൂര്‍ ടീക്ക് മ്യൂസിയം.‍ ചരിത്രം മാത്രമല്ല, തേക്കിനെ സംബന്ധിച്ച് ഒന്നൊഴിയാതെ എല്ലാ കാര്യങ്ങളും തേക്ക് മ്യൂസിയത്തില്‍ വിശദീകരിക്കുന്നുണ്ട്.

മഴയില്‍ കുതിര്‍ന്ന തേക്ക് തോട്ടങ്ങള്‍ - വാഹനത്തിന്റെ ചില്ലിലൂടെ ഒരു കാഴ്ച്ച.

തേക്ക് മുത്തശ്ശിയുടെ കൂടെ നിന്ന് ഒറ്റയ്ക്കും കൂട്ടമായും പടമെടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. അപ്പോഴേയ്ക്കും മഴ കനത്തു. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സംഗീതക്കച്ചേരി മഴയുടെ ആരവത്തില്‍ മുങ്ങിപ്പോയി. എല്ലാവരും ബസ്സിലേക്ക് ഓടിക്കയറി. ബസ്സ് വീണ്ടും മുന്നോട്ട്.

കോടമഞ്ഞ് പുതച്ച വഴികളിലൂടെ....

വിണ്ണിനെ വിട്ട് മേഘങ്ങള്‍ മണ്ണിലിറങ്ങിയപ്പോള്‍...

മഴ ഒന്നടങ്ങിയപ്പോള്‍ കോട വന്നുമൂടി വഴികളൊക്കെ. ആദ്യമാദ്യം ചെറിയതോതിലാണെങ്കില്‍ പിന്നീടങ്ങോട്ട് വ്യാപകമായിത്തന്നെ. കോടയ്ക്ക് അകത്തുകൂടെയാണ് യാത്രപുരോഗമിക്കുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ പ്രകൃതിയെ തൊട്ടറിയുന്നതിന്റെ അനിര്‍‌‍‌വ്വചനീയമായ അനുഭൂതിയാണ് കൈവരുന്നത്.

ആകാശവും ഭൂമിയും കോടമഞ്ഞില്‍ മുങ്ങിയപ്പോള്‍.....

വളവുകളും കയറ്റങ്ങളും കയറി യാത്ര പുരോഗമിച്ചുകൊണ്ടിരുന്നു. ഡാമിന്റെ കാഴ്ച്ച ഉയരത്തില്‍ നിന്ന് കാണാനായി സാധാരണ നിര്‍‌‍ത്താറുള്ള സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ കണ്ടത് കോടമൂടിയ ഡാമിന്റെ ഒരു ദൃശ്യമാണ്. ആകാശമേത് ഭൂമിമേത് എന്ന് മനസ്സിലാകാതെ കോടമഞ്ഞ് പോലും വിസ്മയിച്ച് നില്‍ക്കുന്ന കാഴ്ച്ചയാണത്.

പറമ്പികുളത്തെ അശോകസ്തംഭം.

പറമ്പികുളം റോഡ് ചെന്നവസാനിക്കുന്നത് അശോകസ്തംഭവും താങ്ങി നില്‍ക്കുന്ന 30 അടിക്ക് മേല്‍ ഉയരത്തിലുള്ള ഒരു സ്തൂഭത്തിന് മുന്നിലാണ്. അവിടം തന്നെയാണ് കേരളത്തില്‍ നിന്നും മറുനാട്ടില്‍ നിന്നും വരുന്ന സര്‍ക്കാര്‍ ബസ്സുകളുടെയൊക്കെ അവസാനത്തെ സ്റ്റോപ്പ്. അതുകൊണ്ടുതന്നെ പരിസരപ്രദേശത്ത് കുറച്ച് കടകളും, ചെറിയ ചായക്കടകളും, കെട്ടിടങ്ങളുമൊക്കെയുണ്ട്. റോഡരുകില്‍ ഞങ്ങളുടെ ബസ്സ് പാര്‍ക്ക് ചെയ്തതോടെ മഴ വീണ്ടും കനത്തു. ഡാമിന്റെ ജലസംഭരണ പ്രദേശത്തേക്ക് റെയിന്‍ കോട്ട് ഇട്ട് കുടകളുമൊക്കെ ചൂടി എല്ലാവരും നടന്നിറങ്ങി. കാര്യപരിപാടിയിലെ അടുത്തയിനം ബാംബൂ റാഫ്റ്റിങ്ങാണ്.

വെള്ളത്തില്‍ പലതരം ബോട്ടുകള്‍ കിടക്കുന്നുണ്ട്. ഫൈബര്‍ ബോട്ടുകള്‍ എനിക്ക് സുപരിചിതമാണെങ്കിലും മുളകൊണ്ടുണ്ടാക്കിയ ചങ്ങാടങ്ങള്‍ പുതുമയുള്ള കാഴ്ച്ചയായിരുന്നു. ഫോറസ്റ്റ് ഗാര്‍ഡിനുപുറമേ തുഴക്കാര്‍ കുറച്ചുപേര്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.

റാഫ്റ്റിങ്ങിന് തയ്യാറായിക്കിടക്കുന്ന മുളഞ്ചങ്ങാടങ്ങള്‍.

മഴയായതുകൊണ്ട് റാഫ്റ്റിലേക്ക് കയറാതെ കരയിലുള്ള ഇല്ലിക്കൂട്ടത്തിനടിയില്‍ എല്ലാവരും അല്‍പ്പനേരം നിന്നു. മഴ തീര്‍ന്നിട്ട് ബാംബൂ റാഫിറ്റ്ങ്ങ് നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ നാലുപേരും ഒരു ചങ്ങാടത്തിലേക്ക് കയറി. ഞങ്ങള്‍ക്ക് പിന്നാലെ ബസ്സിലുണ്ടായിരുന്ന മറ്റുള്ളവരും ഓരോരോ ചങ്ങാടങ്ങളില്‍ ഇരുപ്പുറപ്പിച്ചു.

സഞ്ചാരികള്‍ ചങ്ങാടങ്ങളിലേക്ക് കയറിത്തുടങ്ങി.

ദൂരെയുള്ള തുരുത്തുകള്‍ക്കിടയിലൂടെ മഴ നനഞ്ഞ് ഇനിയൊരു യാത്ര.

കൂട്ടിക്കെട്ടിയ മുളകള്‍ക്ക് മേലെ പൊളിച്ചെടുത്ത മുളകൊണ്ട് തട്ടുണ്ടാക്കി അടിച്ചുറപ്പിച്ചിരിക്കുന്നു. ചങ്ങാടത്തിന്റെ നടുവിലായി ഇരുവശങ്ങളിലും മൂന്ന് പേര്‍ക്ക് വീതം ചാരിയിരിക്കാന്‍ പാകത്തില്‍ അല്‍പ്പം ഉയരത്തില്‍ ഇരിപ്പിടങ്ങള്‍. മുന്നിലും പിന്നിലുമായി 4 തുഴകള്‍. ഇത്രയുമാണ് 20 അടിയോളം നീളവും 5 അടിയോളം വീതിയുമുള്ള ചങ്ങാടത്തിന്റെ ഏകദേശരൂപം.

പാതിമുങ്ങിയ മുളകള്‍ ചിത്രത്തില്‍ വ്യക്തമായി കാണാം.

തേക്കടിയിലെ ബോട്ടപകടത്തിന് ശേഷമാണോ അതോ അല്ലാതെ തന്നെ നടപ്പിലാക്കിയ സുരക്ഷാ നടപടിയാണോ എന്നറിയില്ല, എല്ലാവരും ലൈഫ് വെസ്റ്റ് ഇട്ടതിനുശേഷമാണ് ചങ്ങാടങ്ങള്‍ മുന്നോട്ട് നീങ്ങിയത്. എണ്ണപ്പാടജീവിതത്തില്‍ എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ഇത്തരം ലൈഫ് വെസ്റ്റുകള്‍. ഗരുഡന്‍ തൂക്കം നടത്തുമ്പോളും, മങ്കി ജമ്പിങ്ങ് നടത്തുമ്പോളുമൊക്കെ ലൈഫ് വെസ്റ്റുകള്‍ ഇട്ടേ തീരു.

ബാംബൂ റാഫ്റ്റിങ്ങ് നല്‍കുന്ന അനുഭൂതി യാത്രികരുടെ മുഖത്ത് തെളിഞ്ഞപ്പോള്‍.

ഇതുപോലെ കാടിന്റെ സൌന്ദര്യം നുകരാനും, മഴയുടെ സംഗീതം ആസ്വദിക്കാനുമൊക്കെ വരുമ്പോള്‍ വീണ്ടും ഇത്തരം ലൈഫ് വെസ്റ്റുകള്‍ ഇടുന്നത് എനിക്ക് അരോചകമായിത്തോന്നി. ബാംബൂ റാഫ്റ്റ് മുങ്ങാനുള്ള സാദ്ധ്യത വളരെ വിരളമാണ്. കൂട്ടിക്കെട്ടിയ മുളകള്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങിയാണ് കിടക്കുന്നത്. ബലം പ്രയോഗിച്ച് ചങ്ങാടമൊന്ന് മറിച്ചിടണമെങ്കില്‍പ്പോലും നന്നായി വിയര്‍ക്കേണ്ടി വരും. പക്ഷെ, സുരക്ഷ വളരെ പ്രധാനപ്പെട്ട വിഷയമായതുകൊണ്ട് മനസ്സില്ലാമനസ്സോടെ ലൈഫ് വെസ്റ്റ് എടുത്തണിഞ്ഞു.

ഈ മഴയില്‍, ഈ ജലാശയത്തില്‍ ഏതൊരു സഞ്ചാരിയും അലിഞ്ഞില്ലാതാകുന്നു.

തുഴകള്‍ വെള്ളത്തില്‍ ആഞ്ഞുപതിച്ചു. ചങ്ങാടങ്ങള്‍ ഒന്നൊന്നായി മുന്നോട്ട് നീങ്ങി. ഞങ്ങളുടെ ചങ്ങാടത്തില്‍ 3 തുഴക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് നാലാമത്തെ തുഴ ഞാന്‍ കൈയ്യിലെടുത്തു. പുഷ്ക്കരകാലത്ത് മച്ചുവാ തുഴയാന്‍ ശ്രമിച്ചുനോക്കിയിട്ടുള്ളതുകൊണ്ട് ബാംബൂ റാഫ്റ്റ് തുഴയാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. മുങ്ങിനില്‍ക്കുന്ന മുളകള്‍ക്കിടയിലൂടെ മുകളിലേക്ക് വരുന്ന വെള്ളത്തില്‍ കാലുകള്‍ നനയുമ്പോള്‍ മറ്റൊരു ജലനൌകയിലും യാത്രചെയ്യുമ്പോള്‍ അനുഭവിക്കാത്ത നിര്‍വൃതി ഞാന്‍ അനുഭവിച്ചറിഞ്ഞു. ലോലമായ മഴക്കോട്ടുകള്‍ക്കിടയിലൂടെ ഉള്ളിലേക്ക് കടന്ന് ദേഹം നനച്ചുകൊണ്ടിരുന്ന മഴ, ബാംബൂ റാഫ്റ്റിങ്ങിനെ പൂര്‍ണ്ണതയിലെത്തിച്ചു. മഴ നനയുന്നത് പിന്നീടങ്ങോട്ട് ഒരു ഹരമായി മാറി.

പുറകില്‍ അനുഗമിക്കുന്ന മറ്റ് ചങ്ങാടങ്ങള്‍.

ജലസംഭരണിയില്‍ തൊട്ടടുത്തും ദൂരെയുമൊക്കെയായി ചെറുതും വലുതുമായ കുറേ തുരുത്തുകള്‍ കാണാം. മഴപെയ്ത് ഡാമില്‍ വെള്ളം നിറയുമ്പോള്‍ മുങ്ങിപ്പോകുന്നതാണ് അതില്‍ ഭൂരിഭാഗവും. മൊബൈല്‍ ടവറുകളോ, ഇലക്‍ട്രിക്‍ പോസ്റ്റുകളോ ഇല്ലാത്ത പ്രകൃതി കാണാന്‍ പറ്റുകയെന്നത് ഇക്കാലത്ത് ബുദ്ധിമുട്ടാണ്. ആ സാഹചര്യം കണക്കിലെടുത്താല്‍, മഴപെയ്ത് കുതിര്‍ന്ന് ഡാമിന് ചുറ്റിനും കാണപ്പെടുന്ന കന്യാവനങ്ങള്‍ കാണാക്കാഴ്ച്ച തന്നെയാണ്. ഇതുപോലുള്ള അല്‍പ്പമെങ്കിലും ഇടങ്ങള്‍ എന്നും ഇതുപോലെ നിലനിന്നിരുന്നെങ്കില്‍. മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള കടന്നുകയറ്റത്തില്‍ നിന്ന് രക്ഷപ്പെട്ട് കുറച്ച് ഭൂമിയെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍!

മഴത്തുള്ളികളുടെ കണ്ണുവെട്ടിച്ച് ആ മനോഹര ദൃശ്യങ്ങളൊക്കെ വേണു ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. സമയാസമയത്ത് ലെന്‍സുകളും മറ്റും എടുത്ത് കൊടുത്തുകൊണ്ട് ക്യാമറാ അസിസ്റ്റന്റിന്റെ ജോലി നികിത ഭംഗിയായി നിര്‍വ്വഹിച്ചുപോന്നു.

മഴയില്‍ കുതിര്‍ന്ന സഞ്ചാരിക്കൂട്ടം.

പ്രകൃതിയിലേക്കുള്ള മടക്കയാത്രയായിരുന്നു അതെന്ന് എനിക്ക് തോന്നി. അരമണിക്കൂര്‍ സമയം മാത്രമേ ആ മനോഹരമായ യാത്ര നീണ്ടുനിന്നുള്ളൂ. നഞ്ചെന്തിനാണ് നാനാഴി ? ഡാമിലെ കൊച്ചുകൊച്ച് തുരുത്തുകള്‍ക്കിടയിലൂടെ കൂടുതല്‍ സമയം യാത്ര നടത്തണമെങ്കില്‍ ‘വീട്ടിക്കുന്ന് പാക്കേജ് ‘ എടുക്കണമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. റാഫ്റ്റിങ്ങ് കഴിഞ്ഞപ്പോഴേക്കും എല്ലാവരും അത്യാവശ്യം നനഞ്ഞുകുതിര്‍ന്നിട്ടുണ്ടായിരുന്നു. ഈ യാത്രയില്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതും അതായിരുന്നല്ലോ.

ബാംബൂ റാഫ്റ്റിങ്ങിന് ശേഷം ഞങ്ങളെ കാത്തിരിക്കുന്നത് ‘ട്രൈബല്‍ സിംഫണി‘ ആണ്. കരയ്ക്കിറങ്ങി തൊട്ടടുത്തുള്ള ചെറിയ ഓഡിറ്റോറിയത്തില്‍ സിംഫണി കാണാന്‍ പോകുന്നതിന് മുന്നേ എല്ലാവരും ഓരോരോ ചായക്കടകളിലേക്ക് കയറി. പുറത്ത് ചന്നം പിന്നം മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ മുളങ്കാലുകള്‍ നാട്ടി ഓലമേഞ്ഞ ഒരു കൊച്ചു ചായക്കടയിലെ മുളപ്പാളികള്‍ വിരിച്ച ബെഞ്ചില്‍ ചെറുതായി നനഞ്ഞ ശരീരവുമായി ഇരുന്ന് കട്ടന്‍ ചായ മൊത്തിക്കുടിക്കുന്നതിന്റെ സുഖം ഏതെങ്കിലും പഞ്ചനക്ഷത്രഹോട്ടലിലെ ശീതീകരിച്ച മുറികളിലെ പതുപതുത്ത ഇരിപ്പിടങ്ങളില്‍ കിട്ടുമോ എന്ന് സംശയമാണ്.

എനിക്കിതൊരു പഞ്ചനക്ഷത്ര ചായക്കട തന്നെ.

പത്ത് പതിനഞ്ച് പേര്‍ ഒറ്റയടിക്ക് കയറിവന്നപ്പോള്‍ ചായക്കടക്കാരന്‍ പവിത്രനും ഭാര്യയും ശരിക്കും വിഷമിച്ചുപോയി. ആകെയൊരു മണ്ണെണ്ണ സ്റ്റൌവ് ആണ് അവര്‍ക്കുള്ളത്. ഓം‌ലെറ്റും ചായയും കാപ്പിയും ഒക്കെ പരിമിതമായ ഈ സൌകര്യങ്ങള്‍ വെച്ച് വേണം തയ്യാറാക്കാന്‍.

പവിത്രന്റെ ജീവിതവും അത്രയ്ക്കൊക്കെ ചുരുങ്ങിയ സാഹചര്യത്തില്‍ത്തന്നെ. ചായക്കടയുടെ പിന്നാമ്പുറത്ത് തന്നെയാണ് നാലഞ്ചുപേരും ഒരു കൈക്കുഞ്ഞും അടങ്ങുന്ന ആ കുടുംബം കഴിയുന്നത്. എന്റെ മനസ്സ് വായിച്ചതുപോലെ വേണു പെട്ടെന്നൊരു കാര്യം ചോദിച്ചു .

“ ഒരു ദിവസം എത്ര രൂപ സമ്പാദിക്കുന്നുണ്ടാകും ഈ പവിത്രന്‍ ? അതിലെത്ര ലാഭം കിട്ടും? 50 രൂപ അല്ലെങ്കില്‍ പരമാവധി 100 രൂപ. അതും വെച്ച് അയാളും ജീവിച്ച് പോകുന്നില്ലേ ഈ ലോകത്ത് ? നൂറ് രൂപ കൊണ്ട് ഒരു ദിവസത്തെ ജീവിതച്ചിലവുകള്‍ അറ്റം മുട്ടിക്കാന്‍ നമുക്കാവുമോ “

പവിത്രനും ഭാര്യയും ചായ ഉണ്ടാക്കുന്ന തിരക്കിലാണ്; വേണു പടമെടുക്കുന്ന തിരക്കിലും.

ശരിക്കും ആലോചിക്കേണ്ട വിഷയമാണ്. ജനിച്ചുവളര്‍ന്ന സാഹചര്യവും സൌകര്യങ്ങളും പരിമിതമായതുകൊണ്ട് പവിത്രന് ഇത് ചിലപ്പോള്‍ ബുദ്ധിമുട്ടാവില്ല. 50 രൂപയ്ക്ക് പകരം 100 രൂപ കിട്ടുമ്പോള്‍ വേടന് കാരാമയെ കിട്ടിയ സന്തോഷമായിരിക്കാം അദ്ദേഹത്തിന്. ജീവിതപ്രാരാബ്‌ദ്ധം കാരണമോ അല്ലെങ്കില്‍ ഒരു പ്രകൃതി ദുരന്തം കാരണമോ ഇങ്ങനെയൊരു കൂരയിലേക്ക് ജീവിതം മാറ്റി നടേണ്ടി വന്നാല്‍ നമ്മള്‍ക്കതുമായി പൊരുത്തപ്പെടാന്‍ പറ്റുമോ ? നിവൃത്തികേടുകൊണ്ട് അങ്ങനെ പറിച്ച് നടപ്പെട്ടാലും മനസ്സുകൊണ്ട് നമ്മള്‍ക്ക് അങ്ങനൊരു ജീവിതം ആസ്വദിച്ച് മുന്നോട്ട് കൊണ്ടുപോകാനാവുമോ ? അതുമായി ഇണങ്ങിച്ചേരാനാകുമോ ? അനുഭവിച്ചറിഞ്ഞാലേ ഉത്തരം പറയാനാകൂ.

ക്യാമ്പിലേക്കുള്ള മടക്കയാത്ര വൈകിക്കൊണ്ടിരിക്കുകയാണ്. ചായക്കടയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ചിലവഴിച്ചിരിക്കുന്നു ഞങ്ങള്‍. ട്രൈബല്‍ സിംഫണി കാഴ്ച്ചവെക്കുന്ന കലാകാരന്മാര്‍ കാത്തിരിക്കുകയാണെന്നും അതുകൂടെ കഴിഞ്ഞാല്‍ മടങ്ങാനുള്ളതെന്നും പറഞ്ഞ് രാധാകൃഷ്ണനും ഫോറസ്റ്റ് ഗാര്‍ഡും തിരക്കുകൂട്ടാന്‍ തുടങ്ങി. വലിയ തിളക്കമില്ലാത്ത ചേലകള്‍ ചുറ്റി, പ്ലാസ്റ്റിക്ക് പൂക്കള്‍ തലയില്‍ ചൂടി, കൈയ്യില്‍ ഓരോ തോര്‍ത്തും പിടിച്ച് കലാകാരികളും, വാദ്യോപകരണങ്ങളുമായി കലാകാരന്മാരും ഞങ്ങളേയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് സമയമേറി ആയിക്കാണണം. ഞങ്ങള്‍ നാലഞ്ച് പേര്‍ ഹാളിലേക്ക് കടന്നതോടെ വൈദ്യുതിപ്രവാഹം നിലച്ചു. ഹാളില്‍ ചെറുതായി ഇരുട്ടുവീണുതുടങ്ങിയിട്ടുമുണ്ട്. അതും പ്രകൃതിയുടെ ഒരു സ്റ്റേജ് അറേഞ്ച്‌മെന്റായിട്ടാണ് എനിക്ക് തോന്നിയത്. ട്രൈബല്‍ സിംഫണി കാണേണ്ടത് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലോ ഓഡിറ്റോറിയത്തിലോ അല്ല. ഓരോരോ കലയ്ക്കും അനുയോജ്യമായ വേദികളുണ്ട്. ഒരു ആദിവാസി നൃത്തം, കാണേണ്ടത് ആദിവാസി ഊരില്‍ അവരുടെ വീടുകളിരിക്കുന്ന ഇടത്ത് പറ്റുമെങ്കില്‍ അവരുടെ ആഘോഷ ദിവസങ്ങളില്‍ ആകണമെന്നതാണ് എന്റെയൊരു ആഗ്രഹം. അതിനൊരു അവസരം പിന്നീടുണ്ടാകുമായിരിക്കാം. തല്‍ക്കാലം ഇത്രയെങ്കിലും നടക്കുമല്ലോ.

ട്രൈബല്‍ സിംഫണി - ഫ്ലാഷ് ഉപയോഗിച്ചെടുത്ത ചിത്രം.

വ്യത്യസ്തമായ വാദ്യമേളവും, മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുള്ള വരികളുള്ള ഗാനവും, അതിനൊത്ത ചുവടുകളുമൊക്കെയായി അരമണിക്കൂറോളം സമയം പരിപാടി നീണ്ടുപോയി. ഗാനങ്ങള്‍ക്ക് പഴശ്ശിരാജ സിനിമയിലെ ഒരു ഗാനത്തില്‍ കേട്ട ശീലുണ്ടെന്നത്, സിനിമാക്കാര്‍ പഠിച്ച് കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെയാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതെന്ന് മനസ്സിലാക്കിത്തന്നു.

പകല്‍വെളിച്ചം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. സ്റ്റേജില്‍ നടക്കുന്ന നൃത്തച്ചുവടുകള്‍ കാണിച്ച് തരാനായി കൈയ്യിലിള്ള ടോര്‍ച്ച് ചുമരിലേക്ക് അടിച്ച് രാധാകൃഷ്ണന്‍ അവസരത്തിനൊത്ത് ഉയര്‍ന്നു.

ട്രൈബല്‍ സിംഫണി - ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ എടുത്ത ചിത്രം.

സമയം കഷ്ടിച്ച് ആറേമുക്കാലേ ആയിട്ടുള്ളൂ. പക്ഷെ, കാടായതുകൊണ്ടാകണം ഇരുട്ട് പെട്ടെന്ന് തന്നെ പൂര്‍ണ്ണതയിലേക്ക് കടന്നിരിക്കുന്നു. ഇനി ക്യാമ്പിലേക്കുള്ള മടക്കയാത്രയാണ്. അരമണിക്കൂറിലധികം യാത്രയുണ്ട്. ഇതൊരു നൈറ്റ് സഫാരി കൂടെയാണ്. രാത്രിയായാല്‍ കാട്ടുമൃഗങ്ങള്‍ നിര്‍ഭയം വെളിയിലിറങ്ങാന്‍ തുടങ്ങും. തിളങ്ങുന്ന കണ്ണുകള്‍ മൂലം പെട്ടെന്ന് തന്നെ മൃഗങ്ങളില്‍ നോട്ടമെത്തും എന്നൊരു ഒരു ആനുകൂല്യം നൈറ്റ് സഫാരിക്കുണ്ട്. വാഹനത്തിന്റെ പ്രകാശം വീഴുന്ന പരിമിതമായ പ്രദേശങ്ങളില്‍ ശ്രദ്ധിച്ച് നോക്കണമെന്ന് മാത്രം. മാനുകളും കാട്ടുപോത്തുകളുമൊക്കെ നിരവധിയാണ് അങ്ങനെ കാണാനായത്.

‘മനുഷ്യരേ നിങ്ങള്‍ക്കനുവദിച്ചിരിക്കുന്ന സമയമിതാ കഴിഞ്ഞിരിക്കുന്നു, ഇനി ഈ കാടിന്റെ അവകാശികളായ ഞങ്ങള്‍ക്ക്, നിര്‍ഭയം ഇറങ്ങിനടക്കാനുള്ള ഇടവേളയാണ് ‘ എന്നമട്ടില്‍ മൃഗങ്ങളെല്ലാം റോഡിലേക്കിറങ്ങിക്കഴിഞ്ഞിരിക്കുന്നു. വെളിച്ചം കണ്ണിലടിച്ച് പകച്ചുപോയ കരടികള്‍ രണ്ടെണ്ണം അല്‍പ്പനേരം ബസ്സിന്റെ തൊട്ടടുത്തുതന്നെ പമ്മിനിന്നതിനുശേഷം കാട്ടിലേക്ക് ഓടി മറഞ്ഞു. കൂട്ടിനകത്തല്ലാതെ ഒരു കരടിയെ ഞാനാദ്യമായിട്ട് അപ്പോഴാണ് കാണുന്നത്. പുലി ഒഴികെ കേരളത്തിന്റെ വനങ്ങളിലുള്ള ഒരുവിധം എല്ലാ മൃഗങ്ങളേയും ഈ ഒറ്റദിവസം തന്നെ ഞങ്ങള്‍ കണ്ടുകഴിഞ്ഞിരിക്കുന്നുവെന്നത് സന്തോഷത്തിനിടയാക്കിയെങ്കിലും, വെളിച്ചക്കുറവും കരടികളുടെ ചലനവും കാരണം അവറ്റകളുടെ ഫോട്ടോ ഒരെണ്ണം എടുക്കാന്‍ പറ്റിയില്ലെന്നുള്ളത് മാത്രം സങ്കടമായി.

പെട്ടെന്ന് രാധാകൃഷ്ണന്‍ ബസ്സിന്റെ വേഗത കുറച്ചു. റോഡില്‍ നിറയെ ആവി പറക്കുന്ന ആനപ്പിണ്ഡം കാണാം. ആനകള്‍ തൊട്ടടുത്ത് തന്നെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കണക്കുകൂട്ടല്‍ തെറ്റിയില്ല. മുന്നില്‍ അതാ ഒരാനക്കൂട്ടം റോഡിലൂടെ തന്നെ നടന്ന് നീങ്ങുകയാണ്. പിടിയും, കൊമ്പനും, പല വലിപ്പത്തിലുള്ള ആനക്കുട്ടികളുമൊക്കെ അടക്കം എട്ടോ ഒന്‍പതോ വരുന്ന ഒരു കുടുംബമാണത്. ആനക്കൂട്ടം നടക്കുന്നതിനനുസരിച്ച് രാധാകൃഷ്ണന്‍ വണ്ടി അവര്‍ക്ക് പിന്നാലെ നിരക്കിനീക്കി.

വഴിതടയാനെത്തിയ കാടിന്റെ അവകാശികള്‍; ഭൂമിയുടേയും....

കാട്ടിലൂടെ ഞങ്ങള്‍ ആരെങ്കിലും വാഹനം ഓടിച്ചുവരുന്ന സമയത്ത്, ഇതുപോലെ ഒരാനക്കൂട്ടത്തിന് പിന്നിലോ മുന്നിലോ ചെന്ന് ചാടിയാല്‍ എന്താകുമായിക്കും ചെയ്യുക, എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും. വാഹനം പിന്നോട്ടെടുത്ത് പോകാനോ വളച്ച് പോകാനോ പറ്റുന്നതിന് മുന്നേ ഒരു ആക്രമണം ഉണ്ടായാല്‍ ?!! ഇതിപ്പോള്‍ അല്‍പ്പം വലിയ ഒരു വാഹനം ആയതുകൊണ്ടും രാധാകൃഷ്ണന്‍ കാടിന്റെ മര്‍മ്മമറിയുന്ന ഒരാളായതുകൊണ്ടും വരും വരായ്കകള്‍ ഒന്നും ആലോചിക്കാതെ ബസ്സിനകത്തിരിക്കാന്‍ എല്ലാവര്‍ക്കുമാകുന്നു.

മുന്നില്‍ ജാഥയായിട്ട് പോകുന്ന കക്ഷികള്‍ പെട്ടെന്ന് ഒരിടത്ത് നിലയുറപ്പിച്ചു. റോഡരുകില്‍ വീണുകിടക്കുന്ന ഒരു മരത്തിന്റെ ഇലകളൊക്കെ പറിച്ച് അകത്താക്കിക്കൊണ്ടിരിക്കുകയാണ് അവര്‍. അവര്‍ക്ക് ഡിന്നര്‍ സമയം അല്‍പ്പം നേരത്തേ ആണെന്ന് തോന്നുന്നു.

ബസ്സിന്റെ എഞ്ചിന്‍ ഓഫാക്കി ഹെഡ്ഡ് ലൈറ്റ് മാത്രം ഇട്ട് വെറും 30 അടി പിന്നിലായി ഞങ്ങള്‍ കാത്തുകിടന്നു അവരുടെ ഡിന്നര്‍ കഴിയാന്‍. പക്ഷെ നമ്മളെപ്പോലല്ലല്ലോ അവരുടെ ഡിന്നര്‍. അത്രയും വലിയ ശരീരത്തിന് കണക്കായ ഡിന്നറായതുകൊണ്ട് അതങ്ങ് നീണ്ടുനീണ്ട് പോകുകയായിരുന്നു.

ഞങ്ങള്‍ അത്താഴം കഴിക്കുകയാണ്; ശല്യപ്പെടുത്തരുത്.

ആനകളില്‍ ചിലത് ഇപ്പോള്‍ റോഡിന് വട്ടം നില്‍ക്കുകയാണ്. രാധാകൃഷ്ണന്‍ പെട്ടെന്നൊരു ബുദ്ധി പ്രയോഗിച്ചു. മാര്‍ക്കറ്റ് റോഡില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടുപോകുമ്പോള്‍ ചെയ്യുന്നതുപോലെ ഹോണ്‍ നീട്ടി അടിക്കാന്‍ തുടങ്ങി. വഴിമുടക്കികളില്‍ ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കിടയില്‍ ശല്യപ്പെടുത്തുന്നവരെ തലചരിച്ച് നോക്കിയതുപോലെ. ചില അനക്കങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നുണ്ട്.

ഇതിനിടെ ബസ്സ് വരാന്‍ വൈകുന്നതെന്താണെന്ന് അറിയാനായി ക്യാമ്പില്‍ നിന്നും ഗാര്‍ഡിന് ഫോണ്‍ വന്നു. ആനകള്‍ വഴി തടഞ്ഞിരിക്കുകയാണെന്ന മറുപടി അങ്ങേത്തലയ്ക്കുള്ളവര്‍ക്ക് പുതുമയുള്ളതാകാന്‍ വഴിയില്ല. ഹോണ്‍ അടി രൂക്ഷമായപ്പോള്‍ ആനകളില്‍ ചിലത് മുന്‍‌കാലുകള്‍ മാത്രം റോഡിന് വെളിയിലേക്ക് ഇറക്കിവെച്ച് ഒന്നൊതുങ്ങി അക്ഷരാര്‍ത്ഥത്തില്‍ ബസ്സിന് സൈഡ് തന്നു. നിമിഷനേരം കൊണ്ട് രാധാകൃഷ്ണന്‍ വണ്ടി മുന്നോട്ടെടുത്ത് ആനക്കൂട്ടത്തിന്റെ മുന്നിലെത്തി.

ആക്രമിക്കാന്‍ സാദ്ധ്യതയുള്ള കാട്ടുമൃഗങ്ങളെ, കാടറിയുന്ന, കാട്ടില്‍ ജനിച്ച് വളര്‍ന്ന രാധാകൃഷ്ണനെപ്പോലുള്ളവര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരിക്കണം. പരസ്പരം ശല്യം ചെയ്യാത്ത ഒരു സഹജീവനമാണ് അവര്‍ കാട്ടിനകത്ത് നടപ്പിലാക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഭയമില്ലാത്തതുപോലെയാണ് അവര്‍ പെരുമാറുന്നതുതന്നെ.

കാടറിയാത്ത, കാട്ടുമൃഗങ്ങളുടെ പ്രകൃതം അറിയാത്ത, കാട്ടിലെ ജീവിതങ്ങളും, കഷ്ടപ്പാടുകളും, കാടിന്റെ ചൂടും ചൂരുമറിയാത്ത എന്നെപ്പോലുള്ളവര്‍ക്ക് ഇതൊക്കെ അത്ഭുതക്കാഴ്ച്ചകളാണ് ; മറക്കാനാവാത്ത അനുഭവങ്ങളാണ്. ഓര്‍മ്മയുടെ പളുങ്കുപാത്രത്തില്‍ ഒരായുസ്സ് മുഴുവന്‍ സൂക്ഷിച്ചുവെക്കാന്‍ പോന്ന വിലമതിക്കാനാവാത്ത അനുഭവങ്ങള്‍.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കാണാന്‍ കൊള്ളാവുന്ന എല്ലാ ചിത്രങ്ങള്‍ക്കും കടപ്പാട് വേണുവിനോട്

62 comments:

 1. സൂപ്പര്‍ കേട്ടോ ഞാന്‍ ഇതൊന്നു release ആകാന്‍ കാത്തിരുക്കുകായിരുന്നു

  ReplyDelete
 2. പ്രിയ സുഹൃത്തേ,
  പ്രണാമം.കഴിഞ്ഞ മെയ്‌മാസത്തില്‍ കാര്‍മാര്‍ഗ്ഗം 14 സംസ്ഥാനങ്ങള്‍ പിന്തള്ളി ഞാന്‍ കശ്‌മീരില്‍ പോയിരുന്നു.ഒരു മാസം താമസിച്ചു.ഫോട്ടോകളെടുത്തു.അതല്ലാതെയും ഒരുപാട്‌ ഒരുപാട്‌ യാത്രകള്‍.പക്ഷേ,ഒരു വരി എഴുതിയിട്ടില്ല.കഴിഞ്ഞിട്ടില്ല.
  താങ്കളുടെ യാത്രകള്‍ കമ്പോടുകമ്പ്‌ വായിക്കുന്നതായിരിക്കും.ആശംസകള്‍..

  ReplyDelete
  Replies
  1. @ സുസ്മേഷ് ചന്ത്രോത്ത് - അതൊക്കെ ഒന്ന് എഴുതിയിടൂ സുഹൃത്തേ. സാഹിത്യഭംഗിയുള്ള നല്ല കുറേ യാത്രാവിവരണങ്ങൾ വായിക്കാൻ ഞങ്ങൾക്കൊരു അവസരം തരൂ.

   Delete
  2. യാത്രകള്‍ കുറെ നടത്തിയിട്ടുന്ടെങ്ങിലും സാഹിത്യ വാസന ഒന്നും ഇല്ലാത്തത് കൊണ്ട് ഒന്നും എഴുതിയിട്ടില്ല, പിന്നെ ആകെയുള്ളത് യാത്രയില്‍ എടുത്ത കുറേ ചിത്രങ്ങള്‍ മാത്രം.

   Delete
 3. അയ്യോ....എന്നെ കൊല്ല് ....എന്നെ കൊല്ല്......ഈ മനുഷ്യനെ കൊണ്ട് ഞാന്‍ തോറ്റു.....ബാംബൂ രാഫ്ടിലെ ഇരിപ്പ് കണ്ടില്ലേ......സഹിക്കൂലാ മാഷേ സഹിക്കൂല ..............സസ്നേഹം

  ReplyDelete
 4. highly exciting experience......amazing read........

  ReplyDelete
 5. ഗംഭീരം!
  സാഷ്ടാംഗപ്രണാമം!

  ReplyDelete
 6. ആടിപൊളി, വളരെ നന്നായിട്ടുണ്ട്‌ , ഞാനും ഒരിക്കൽ പോയിയ്ട്ടുണ്ട്‌, അടുത്ത തവണ അദീരപ്പിള്ളീ , മലക്കപാറ വഴി പോകുവാൻ ട്രൈ ചെയ്തു നോക്കു, veegalandum, കാടും തിരിഛറിയാതത്ത കൊറെ ടീമുകൾ എവിടെ പൊയാലും ഉണ്ടാകും

  ReplyDelete
 7. അടിപൊളി. എനിക്കിപ്പോള്‍ തന്നെ ഈ സ്ഥലങ്ങള്‍ കാണണമെന്നു തോന്നുന്നു. വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു.

  ReplyDelete
 8. കാടും അവകാശികളെയും ഇങ്ങനെ കണ്ടാൽ മാത്രം മതി, അതും ഒരു ഭാഗ്യം തന്നെയാ,

  ReplyDelete
 9. ....തുടരും....
  ദയവായി തുടരണം ....
  ആദ്യത്തെ ഭാഗം നന്നായി ആസ്വദിച്ചു

  ReplyDelete
 10. സത്യത്തില്‍ ഞാന്‍ ഈ യാത്രയില്‍ ഇത് വരെ ഞാന്‍ ഉണ്ടായിരുന്ന ഒരു ഫീല്‍ ഉണ്ടാക്കി. പച്ചപ്പ് നിറഞ്ഞ ചിത്രങ്ങള്‍ അത്ഭുതം തോന്നി.അതിനേക്കാളേറെ അവിടെ കാണുന്ന , സാധാരണക്കാര്‍ അവഗണിക്കുന്ന ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിക്കുന്നു. ഏതായാലും അടുത്ത ഭാഗം വരട്ടെ. കാത്തിരിക്കുന്നു

  ReplyDelete
 11. ഇങ്ങനെ വായിച്ചെങ്കിലും ആശ തീര്‍ക്കട്ടെ....

  ReplyDelete
 12. Chithrakaaraaa ningalude yaathrakal vaayikkumpol yaathrakalodulla haram koodi koodi varunnu...

  ReplyDelete
 13. @Hamd - യാത്രാവിവരണം എഴുതിയത് നിരക്ഷരന്‍, അതിന്റെ ക്രെഡിറ്റ് ചിത്രകാരനോ ? :)
  ചുമ്മാ തമാശിച്ചതാ :)

  ReplyDelete
 14. കുടുംബസമേതം യാത്ര നടത്തുന്ന ഒരു ബ്ലോഗും, ഫീച്ചറും ഞാന്‍ എന്റെ ചുള്ളിക്ക് കാണിച്ചുകൊടുക്കാറില്ല. ഇതൊക്കെ വായിച്ചാല്‍ ചുള്ളി പറയില്ലേ.....

  “നോക്കടാ മൊട്ടേ, എങ്ങിനെയാണ് സ്നേഹമുള്ള ഭര്‍ത്താക്കന്മാര്‍ ഭാര്യയേയും കൊണ്ട് യാത്ര പോവുന്നത്”

  ഇങ്ങനെയുള്ള പോസ്റ്റുകള്‍ നിങ്ങള്‍ക്ക് സ്വന്തമായി സൂക്ഷിച്ചുകൂടെ........ നാണമില്ലേ ഭാര്യയുമായി ഒക്കെ നടത്തിയ യാത്രകള്‍ ഇങ്ങനെ പരസ്യം ചെയ്യാന്‍.

  ച്ഛേ........ചേച്ച്ചേ.. മോശം

  ReplyDelete
 15. നന്നായിട്ടുണ്ട്. വളരെ വളരെ
  ചിത്രങ്ങളും വിവരണവും

  ReplyDelete
 16. പറമ്പിക്കുളത്തെ തേക്ക് മുത്തശ്ശിയുടെ ചിത്രം കണ്ടപ്പോള്‍ കോളേജ് യാത്രകളുടെ സ്മരണകള്‍ ഉണര്‍ന്നു. കൊടും കാടിനു നടുക്ക് ഫോറസ്റ്റിനു കീഴിലുള്ള കെട്ടിടത്തില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സെടുത്ത വന്യജീവികളുടെ മികച്ച കുറേ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു. കണ്ടിരുന്നോ?

  നട്ടപ്പിരാന്തന്‍ പറഞ്ഞതിനെ നട്ടപ്പിരാന്തായി കാണേണ്ട കേട്ടോ. നിരക്ഷരചരിതമെടുക്കുമ്പോള്‍ ഞാനും എന്റെ പാതിയെ തന്ത്രപരമായി ഒഴിവാക്കാറാണ് പതിവ്.

  ReplyDelete
 17. മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോള്‍ മഴയുടെ നനവും കാടിന്റെ കുളിരും ശരിക്കും ഒരു അനുഭൂതിയായി മനസ്സില്‍ തങ്ങിനില്‍ക്കുന്നു. വേണു കൂടെയുള്ളത് കാരണം ചിത്രങ്ങള്‍ക്ക് പിശുക്കും ഉണ്ടായില്ല. ഇനിയുള്ള യാത്രകളിലൊക്കെ വേണുകൂടി ഉണ്ടെങ്കില്‍ സംഗതി ഉഷാര്‍...!
  O.T: വേണുവിന്റെ ബ്ലോഗോ സൈറ്റോ ഉണ്ടെങ്കില്‍ ലിങ്ക് തരാമോ, ബാക്കി ചിത്രങ്ങള്‍ കൂടി കാണാനുള്ള ഒരു അത്യാഗ്രഹം...

  ReplyDelete
 18. മനോജേ, ഈ ആനകൾക്കൊക്കേ എന്താ ഇത്ര ക്ഷീണം? ഇത് ഒക്കെ കണ്ടതും പോയതും ഒക്കെ പോട്ടെ, പക്ഷെ, ഇത്രയും വേഗം ഇത്രയും ഒക്കെ എങ്ങനെ റ്റൈപ്പി ഇടുന്നു താൻ? വല്ല ആർട്ടിക്കിൾ റൈറ്ററെ എങ്ങാനും ഏൽ‌പ്പിച്ചിട്ടുണ്ടോ? :)

  ReplyDelete
 19. മനോജേട്ടാ, ഇങ്ങനെയും സ്ഥലങ്ങൾ നാട്ടിലുണ്ടല്ലേ..വല്ലാത്തൊരു കൊതിപ്പിക്കൽ അനുഭവം.! പറമ്പിക്കുളമെന്ന് കേട്ടിട്ടുള്ളതല്ലാതെ ഇത്രേം സെറ്റപ്പ് പരിപാടിയാന്നിപ്പ അറിയുന്നു..

  ReplyDelete
 20. നിരക്ഷരാ, കൊതിപ്പിച്ചു കളഞ്ഞു. വല്ലാത്ത അസൂയയുണ്ട്.

  ReplyDelete
 21. നന്നായിട്ടുണ്ട്.. ഭാവുകങ്ങള്‍!

  ReplyDelete
 22. ഹോ...എനിയ്ക്ക്‌ ഒട്ടും അസൂയ തോന്നിനില്ല... ;) ;)

  ReplyDelete
 23. പ്രകൃതിയെ അടുത്തറിഞ്ഞുകൊണ്ട്, അനുഭവിച്ചുകൊണ്ടുള്ള യാത്രയുടെ സുഖം...അതൊന്ന് വേറെ തന്നെയാലേ..മഴയും..മഞ്ഞും...കാറ്റും..തിരിച്ചറിയാനാവാത്ത ശബ്ദങ്ങളും..

  യാത്ര ലഹരിയായി മാറുന്ന അവസരങ്ങൾ.. വളരെ നന്നായി എഴുതിയിരിക്കുന്നു..

  ReplyDelete
 24. ''ഓര്‍മ്മയുടെ പളുങ്കുപാത്രത്തില്‍ ഒരായുസ്സ് മുഴുവന്‍ സൂക്ഷിച്ചുവെക്കാന്‍ പോന്ന വിലമതിക്കാനാവാത്ത അനുഭവങ്ങള്‍''ഇവിടെ എഴുതി തീര്‍ത്തതിനും നന്ദി ,ബാക്കി കൂടി വായിച്ചാല്‍

  ഇനി പറമ്പികുളത്തേക്ക്പോകണം എന്ന് തോന്നുന്നില്ല ,അത്രയും നന്നായി എഴുതിയിരിക്കുന്നു!!!

  ReplyDelete
 25. നല്ല തകര്‍പ്പന്‍ ചിത്രങ്ങള്‍.വിവരണത്തെ പറ്റി പറയേണ്ട കാര്യമില്ലല്ലോ!

  ReplyDelete
 26. ഇങ്ങനെ ഇത്രയധികം യാത്ര ചെയ്യാന്‍ പറ്റുന്നത് തന്നെ ഒരു മഹാഭാഗ്യമാണ്. അതിങ്ങനെ എഴുതി കൊതുപ്പിച്ചു പണ്ടാരടങ്ങ്‌...
  ചുമ്മാ അടിപൊളിന്നൊന്നും പറഞ്ഞാ പോരാ...ശരിക്കും കിടു :-)

  ഫോട്ടോസ് എടുത്ത വേണു ചേട്ടന് ഒരു special താങ്ക്സ്.

  ReplyDelete
 27. എല്ലാ പോസ്റ്റിലും കമന്റിട്ടതൊക്കെ ശരി
  ഇതിനു കമന്റില്ല ...
  കുശുമ്പും സങ്കടൊം കരച്ചിലും ചിരിയും സന്തോഷവും എല്ലാം കൂടികൂട്ടി കെട്ടിയാല്‍ അതിനു എന്താ പേരുപറയുക?
  ആ അവസ്ഥയിലാ .....

  നട്ട്സ് പറഞ്ഞത് നേരാ!!

  ReplyDelete
 28. @നട്ടപിരാന്തന്‍ - ഒരു നിരക്ഷരന്റെ ബ്ലോഗ് ഹിറ്റായില്ലെങ്കിലും കുഴപ്പമില്ല, സ്വന്തം കുടുംബം തകരരുത് എന്ന മനോഭാവം കൈവെടിയൂ. എനിക്കത്രയേ പറയാനുള്ളൂ.

  @Hari | (Maths) - ആ ഫോട്ടോകള്‍ ഒക്കെയും ഇപ്പോഴും ഉണ്ട് അവിടെ. നേരിട്ട് കാണാം എന്നുള്ളപ്പോള്‍ ഫോട്ടോകള്‍ കാണാന്‍ ഞാന്‍ സമയം അധികം പാഴാക്കിയില്ല. നട്ടപ്രാന്ത്രനോട് പറഞ്ഞ മറുപടി തന്നെ ഹരി സാറിനോടും ഞാന്‍ പറയട്ടേ :)

  @അതുല്യ - ചേച്ചീ അങ്ങനൊരു ആര്‍ട്ടിക്കിള്‍ റൈറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ എന്റെ യൂറോപ്പ് യാത്രാവിവരണം ഞാന്‍ എന്നേ എഴുതിപ്പിക്കുമായിരുന്നു. ഇതില്‍ ഒരു നിരക്ഷരന്‍ ടച്ച് മനസ്സിലാക്കാനാവുന്നില്ലേ ? വാക്കുകള്‍ക്കായി തപ്പിത്തടയുന്ന ഒരു ഫീല്‍ :)

  @ഏകലവ്യന്‍ - വേണുവിന്റെ ബ്ലോഗിന്റേയും, ഓര്‍ക്കുട്ടിന്റേയും ലിങ്കുകള്‍ ഇതേ പോസ്റ്റില്‍ അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ട്.

  മഴ നനയാന്‍ പറമ്പികുളത്തെത്തിയ എല്ലാ സഞ്ചാരികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 29. ഇനിയുള്ള യാത്രകളില്‍ വേണു ചേട്ടനയും കൂട്ടു...നല്ല ചിത്രങ്ങള്‍...പിന്നെ ഇത്തവണ എഴുത്തിനു കുറച്ചു വ്യത്യാസം ഉള്ളതുപോലെ....

  ReplyDelete
 30. മനോജേട്ടാ അല്പം വൈകിയാണെങ്കിലും ഞാനും ഈ യാത്രയിൽ എത്തി. മനോഹരമായ ചിത്രങ്ങൾ. നല്ല വിവരണം. എന്നത്തേയും പോലെ ഈ യാത്രയും കൊതിപ്പിച്ചു. യാത്രയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 31. മാത്തേരാന്‍ യാത്ര പൂര്‍ത്തീകരിച്ചു. അത് വഴി ഒന്ന് കയറിയേക്കണേ..

  ReplyDelete
 32. valare valare nannaayittundu tto. svantham nattinnaduthulla parambikulam kaNdilla ennu parayuvaan madi. soukaryappedumO ennariyilla. enkilum vaayichu oru yaathra cheytha anubhavam athava anubhoothi. valare nandi namaskaram
  chandrasekharan Menon

  ReplyDelete
 33. കാടിറങ്ങുവരെയുള്ള ബാക്കി യാത്രാവിവരണത്തിനായി കാത്തിരിക്കുന്നു...
  ആശംസകള്‍..

  ReplyDelete
 34. ആദ്യായിട്ടാ ഇവിടെ, നമ്മുടെ നരിയും വരയും,വരിയും പറഞ്ഞിട്ടു വന്നതാ, എന്റെ പൊന്നേ, യാത്രാവിവരണമെന്നാലിതാണ്, സ്ന്തോഷം, ഗ്രേറ്റ്!

  ReplyDelete
 35. അനിയാ,സൂപ്പര്‍.അനിയനോട് അസൂയ തോന്നുന്നു.
  ആശംസകള്‍.....

  ReplyDelete
 36. very good, thank you for sharing this rare experience.Nice photos and presentation!
  regards

  ReplyDelete
 37. പ്രിയ കൂട്ടുകാരാ ,
  വണക്കം , വളരെ നന്നായിട്ടുണ്ട് വര്‍ണന പക്ഷെ ഒരു കാര്യം പറഞ്ഞിട്ടില്ല പാക്കേജ് തുക എത്രയാണ്?

  ReplyDelete
 38. മനോജിന്റെ ഓരോ പോസ്റ്റ്‌ വരുമ്പോഴും ഞാന്‍ കരുതും ദാ ഇതാണ് ഇതുവരെ കണ്ടതില്‍ ഏറ്റവും നല്ലത് എന്ന്... ഇവിടെയും കാര്യങ്ങള്‍ വ്യത്യസ്തമല്ല..... ഇത് തന്നെ ബെസ്റ്റ്‌ എന്ന് തോന്നുന്നു എനിക്ക്....ഈ സ്ഥലത്തേക്ക് ഒരു യാത്ര നടത്തണം എന്ന് ശരിക്കും നല്ല ആഗ്രഹം ഉണ്ട്....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ആശംസകളോടെ...

  ReplyDelete
 39. കിട്ടുന്ന കാശും കെട്ടിപ്പിടിച്ചു കിടക്കാതെ കെട്ട്യോളെയും കുട്ടിയെയും കൊണ്ട് ഊര് ചുറ്റി അത് മറ്റുള്ളൂര്‍ക്കായി പകര്‍ത്തി വെക്കുന്ന മനോജേട്ടാ, അങ്ങേയ്ക്ക് കണ്ണൂരാന്‍ കുടുംബത്തിന്റെ ആശംസകള്‍.

  ReplyDelete
 40. wow! കിടു... കിടിലു... പണ്ടൊരിക്കൽ ഞാനും പോയിട്ടുണ്ട്... എന്നാലും ശരിക്കും അസൂയ...

  ReplyDelete
 41. വളരെ വളരെ,നന്നായിട്ടുണ്ട്.ചിത്രങ്ങളും വിവരണവും

  ReplyDelete
 42. wonderful.i have been to parambikulam a decade ago...nice memories...

  ReplyDelete
 43. മഴ നനയാന്‍ വൈകിയെത്തിയതില്‍ വിഷമമുണ്ട്, എന്നാലും, ശരിക്കും നനഞ്ഞു മനോജേ..

  ‘ടെന്റഡ് നിച്ച് ‘, ‘വീട്ടിക്കുന്ന് പാക്കേജ് ‘ എന്നിവയൊക്കെ വഴിയെ വിശദമാക്കും എന്ന് കരുതുന്നു.

  ആശംസകള്‍.

  ReplyDelete
 44. പച്ചപ്പ് നിറഞ്ഞ ചിത്രങ്ങള്‍ വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു.painting polundu.

  ReplyDelete
 45. ഭാഗ്യവാന്‍, അതും കണ്ടെത്തിയല്ലോ!

  ReplyDelete
 46. യാത്ര തുടരുന്നു. ഈ യാത്രയുടെ രണ്ടാം ഭാഗം ‘വീട്ടിക്കുന്നില്‍ ഒരു രാത്രി’ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

  ReplyDelete
 47. പാലക്കാടുകാരിയായ എനിക്ക് കാണാന്‍ പറ്റാത്ത എത്ര സ്ഥലങ്ങള്‍....സൈലന്‍റ്വാലി,പറന്പികുളം,കാട്ടിലൂടെയുള്ള യാത...പറഞ്ഞറിയാക്കാനാവാത്ത സന്തോഷം തോന്നുന്നു താങ്കളുടെ യാത്ര വിവരണം വായിക്കുന്പോള്‍...മഴ,പുഴ,കാട്...ആകെ കൂടി ഹൃദ്യമായ അനുഭവം....നന്ദി.....

  ReplyDelete
 48. " ശരിക്കും ഈ യാത്ര മനസ്സിന്‍ കുരിരേകുന്നതും, മനമയക്കുന്നതുമായിരുന്നു.
  കോടമഞ്ഞ് പുതച്ച വഴികളിലൂടെ....പ്രകൃതിയെ തൊട്ടറിയുന്നതിന്റെ അനിര്വ്വചനീയമായ അനുഭൂതിയാണ് കൈവരുന്നത്.

  """സത്യസന്ധമായി പറയട്ടെ.......ഈ പോസ്റ്റ് ...........വായിച്ചപ്പോ ശരിക്കും എനിക്ക് കിട്ടിയ അനുഭവവും പ്രകൃതിയെ തൊട്ടറിയുന്നതിന്റെ അതെ അനുഭൂതി തന്നെ ആയിരുന്നു. ഇനിയും യാത്രകള്‍‍ ജീവിത വഴിയില്‍ കൂട്ടാകട്ടെ!!!!""

  ReplyDelete
 49. പോവാന്‍ കൊതി തോന്നുന്ന യാത്ര :)

  ReplyDelete
 50. entha njan ezhuthuka...?manassinte theerangalellam mazhayil kuthirnnu nilkukayaanu...nannayittund....,ELLAM......

  ReplyDelete
 51. നമസ്കാരം മാഷെ....താങ്കള്‍ അറിയപ്പെടുന്ന ബ്ലോഗര്‍ നെയിം നിരക്ഷരന്‍ എന്നാണെങ്കിലും ആ പേരിനോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താന്‍ താങ്കള്‍ക്കാവുന്നില്ല എന്ന സത്യം ഞാന്‍ തുറന്നു പറഞ്ഞു കൊള്ളട്ടെ... ഞാന്‍ സുമേഷ്...റേഡിയോ ജോക്കി ആണ്... റേഡിയോക്ക് വേണ്ടി ഞാന്‍ യാത്രകള്‍ നടത്താറുണ്ട്‌...അവയൊക്കെ ശുഭയാത്ര എന്ന പേരില്‍ അവതരിപ്പിക്കാറുമുണ്ട്...പക്ഷെ ഞാന്‍ പലപ്പോഴും നടത്തുന്ന യാത്രകളില്‍ ഞാന്‍ വിട്ടു പോകുന്ന പലതും നിങ്ങള്‍ കണ്ടെത്തുന്നു....അല്ലെങ്കില്‍ ആസ്വദിക്കുന്നു....ആ പരിപാടി അവതരിപ്പിക്കുമ്പോള്‍ ഞാന്‍ കണ്ടറിഞ്ഞ വിവരങ്ങളില്‍ കൂടുതല്‍ നെറ്റില്‍ നോക്കി ഞാന്‍ അതില്‍ ചേര്‍ക്കാറുണ്ട്... അതിനു താങ്കളെ പോലെ ഉള്ളവരുടെ യാത്ര വിവരണങ്ങളും വിക്കിപീടിയയും ഒരുപാട് സഹായിക്കുന്നു... ഒരിക്കല്‍ ഞാന്‍ മധു മാമനോട് "താങ്കളുടെ ബ്ലോഗില്‍ നിന്നും ഞാന്‍ അല്പം വിശദാംശങ്ങള്‍ എടുത്തു കൊള്ളട്ടെ...റേഡിയോ പരിപടിക്കാണ് " എന്ന് പറഞ്ഞപ്പോള്‍ " തീര്‍ച്ചയായും ...എന്തു വേണമെങ്കിലും എടുത്തു കൊള്ളൂ..." എന്ന സന്തോഷ ദായകമായ മറുപടിയാണ് ലഭിച്ചത്... അദ്ധേഹത്തിന്റെ യാത്രകളിലെ വിശദാംശങ്ങള്‍ പലതും എനിക്ക് ഉപകാരപ്പെട്ടു...ആ നന്ദി ഇവിടെയും രേഖപ്പെടുത്തുന്നു... ഞാന്‍ പല സ്ഥലത്തും പോയിട്ടും ഇത്രത്തോളം എനിക്ക് ആസ്വദിക്കാന്‍ പറ്റിയിട്ടില്ല....ഈ തേക്കിന്റെ ചരിത്രം....അങ്ങനെ പലതും എനിക്ക് പുതിയ അറിവായിരുന്നു.... ആ പരിപാടിക്ക് വേണ്ടി ഈ ബ്ലോഗില്‍ നിന്നും ചില വിശദാംശങ്ങള്‍ എടുക്കുന്നതിനു ഇതിനാല്‍ ഞാന്‍ അനുവാദം ചോദിച്ചു കൊള്ളുന്നു... തീര്‍ച്ചയായും ഇതേ പോലുള്ള വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
  Replies
  1. @ ശ്യാം സുകുമാര്‍ /ചുങ്കന്‍))))) - വായനയ്ക്കും അഭിപ്രായത്തിനും നന്ദി. താങ്കൾക്കാവശ്യമുള്ള വിവരങ്ങൾ ഈ ബ്ലോഗിൽ നിന്ന് എടുക്കുന്നതിന് പ്രത്യേകിച്ച് അനുമതി ചോദിക്കേണ്ടതില്ല.

   Delete
 52. പ്രിയ ചേട്ടാ,

  വിവരണങ്ങൾ വളരെ നന്നായി, ഫോട്ടോകൾ അതി മനോഹരം, ഇത്രയും കഷ്ടപ്പെട്ട് എഴുതിയ ചേട്ടന് അഭിനന്തനങ്ങൾ. ഇത് വായിച്ചപ്പോൾ ഞാനും നിങ്ങളുടെ കൂടെ ഉണ്ടായതു പോലെ ഉള്ള അനുഭവം ഉണ്ടായി.

  ReplyDelete
 53. തകര്‍പ്പന്‍ മഴയില്‍ നനഞ്ഞു കുളിച്ചു

  ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.