Saturday 15 May 2010

മിര്‍ജാന്‍ ഫോര്‍ട്ട്

‘കൊച്ചി മുതല്‍ ഗോവ വരെ‘ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13.
------------------------------------------------------------

ന്നേക്ക് 5 ദിവസമാകുന്നു യാത്ര തുടങ്ങിയിട്ട്. മുരുദ്വേശ്വര്‍ പിന്നിട്ടതിനുശേഷം ഗോകര്‍ണ്ണം വഴി കാര്‍വാറില്‍ ചെന്ന് അന്ന് രാത്രി അവിടെത്തങ്ങാനായിരുന്നു പദ്ധതി. കാര്‍വാര്‍ ബീച്ചിനടുത്തായി തരംഗ് എന്ന ബീച്ച് റിസോര്‍ട്ടിലാണ് മുറി ഏര്‍പ്പാടാക്കിയിരുന്നത്. രാത്രിയാകുമ്പോഴേക്കും റിസോര്‍ട്ടിലേക്ക് എത്തിയാല്‍ മതി. അതിനിടയില്‍ ഗോകര്‍ണ്ണത്തും, ഓം ബീച്ചിലുമൊക്കെ ഒന്ന് ചുറ്റിയടിക്കണം.

വാഹനം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു. ചില നെടുനീളന്‍ പാലങ്ങളിലൂടെ പുഴകളെ മുറിച്ച് കടക്കുമ്പോള്‍ വെള്ളത്തില്‍ കൂട്ടം കൂട്ടമായി കാണാനിടയായ ചെറിയ കുറേ പച്ചത്തുരുത്തുകളെ നോക്കി

“ഹായ് ആര്‍ക്കിപലാഗോ ആര്‍ക്കിപലാഗോ

എന്ന് നേഹ സന്തോഷം പ്രകടിപ്പിക്കാന്‍ തുടങ്ങി. യാത്രകളില്‍ പൊതുവേ പുള്ളിക്കാരി ഉറക്കമാണ്, അല്ലെങ്കില്‍ നിശബ്ദയാണ്. പക്ഷെ സംസാരം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ നിറുത്തുകയുമില്ല.

“ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ബോറടി മാറ്റാന്‍ ഞാന്‍ ചില എന്റര്‍ടൈന്‍‌മെന്റുകള്‍ നടത്തുന്നതല്ലേ “

എന്നു പറഞ്ഞുകൊണ്ട് പ്രകടനം തുടര്‍ന്നു. ഉടനെ തന്നെ ഗോവയില്‍ എത്തുമല്ലോ എന്നതിന്റെ സന്തോഷപ്രകടനമാണ് ഇതൊക്കെയെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നേഹയുടെ വര്‍ത്തമാനങ്ങളും കഥകളുമൊക്കെ, തുടര്‍ച്ചയായി വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നതിന്റെ വിരസത പുറന്തള്ളുന്ന പ്രക്രിയ എളുപ്പമാക്കുന്നുണ്ട്. വണ്ടി കാര്‍വാര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടേയിരുന്നു.

ഉത്തര കന്നടയിലെ ‘കുംത്ത‘ എന്ന പട്ടണം ചന്ദനത്തടിയില്‍ കൊത്തുപണികള്‍ ചെയ്യുന്നതിന് പേരുകേട്ടതാണ്. കുംത്ത പിന്നിട്ട് 8 കിലോമീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോള്‍, പെട്ടെന്ന് ഞാനൊരു ബോര്‍ഡ് വായിച്ചു. ‘മിര്‍ജാന്‍ ഫോര്‍ട്ട് ‘. മുഴങ്ങോടിക്കാരി അത് വായിച്ചത് ‘മിര്‍ജാന്‍ പോര്‍ട്ട് ‘ എന്നാണ്. അത് പിന്നെ ഒരു തര്‍ക്കത്തിലേക്ക് നീങ്ങി.

തര്‍ക്കത്തിന്റെ കാര്യം പറയുമ്പോൾ‍..... സാധാരണ യാത്രകളില്‍ വഴി, ദൂരം എന്നിവ സംബന്ധമായി ചില തര്‍ക്കങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നേവിഗേറ്റര്‍ വന്നതിനുശേഷം ആ വക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. നേവിഗേറ്റര്‍ യാത്രയില്‍ മാത്രമല്ല സഹായിക്കുന്നത് കുടുംബജീവിതത്തില്‍ കൂടെയാണെന്ന് ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് തമാശയായിട്ടും കാര്യമായിട്ടും സ്മരിക്കാതിരുന്നില്ല.

എന്തായാലും വണ്ടി തിരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. മിര്‍ജാന്‍ പോര്‍ട്ട് ആണോ മിര്‍ജാന്‍ ഫോര്‍ട്ട് ആണോയെന്ന് അറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം. ഇതിലേതായാലും അവിടെവരെ ഒന്ന് പോകുന്നതില്‍ തെറ്റില്ലല്ലോ ? തിരികെ ചെന്ന് ബോര്‍ഡ് നോക്കിയപ്പോൾ‍, ഞങ്ങള്‍ രണ്ടുപേരും രണ്ട് വ്യത്യസ്ഥ ബോര്‍ഡുകളാണ് കണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനായി. ഒന്നില്‍ മിര്‍ജാന്‍ പോര്‍ട്ട് എന്നും മറ്റേതില്‍ മിര്‍ജാന്‍ ഫോര്‍ട്ട് എന്നും എഴുതിയിരിക്കുന്നു. തര്‍ക്കത്തില്‍ രണ്ടുപേരും ജയിച്ചിരിക്കുന്നു.

പിന്നൊന്നും ആലോചിച്ചില്ല. വണ്ടി പോക്കറ്റ് റോഡിലേക്ക് തിരിച്ചു. ഒരു കിലോമീറ്ററോളം മുന്നോട്ട് ചെന്നപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന അവസ്ഥയില്‍ ഗാംഭീര്യത്തോടെ മിര്‍ജാന്‍ ഫോര്‍ട്ട് അതാ മുന്നിൽ‍.

മിര്‍ജാന്‍ ഫോര്‍ട്ട് - മുന്‍ഭാഗം
യാത്രയില്‍ ഇതിനകം പള്ളിപ്പുറം കോട്ട, കോട്ടപ്പുറം കോട്ട, കണ്ണൂര്‍ കോട്ട, ബേക്കല്‍ കോട്ട, ചന്ദ്രഗിരിക്കോട്ട എന്നിങ്ങനെ പല കോട്ടകളും കണ്ടുകഴിഞ്ഞു. അക്കൂട്ടത്തിലേക്ക് അപ്രതീക്ഷിതമായിട്ടിതാ ഒരു കോട്ട കൂടെ കടന്നു വന്നിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സന്തോഷമായി. നേഹയ്ക്ക് സങ്കടവും. ഗോവയിലേക്കെത്താന്‍ ഇനിയും ഒരുപാട് വൈകുമല്ലോ എന്ന സങ്കടം തന്നെ.

മിര്‍ജാന്‍ ഫോര്‍ട്ട് - ഒരു ഗൂഗിള്‍ ചിത്രം
കോട്ടയില്‍ നിന്ന് ഒരാള്‍ പെട്ടെന്ന് ഇറങ്ങി വന്നു. അദ്ദേഹം അതിന്റെ സൂക്ഷിപ്പുകാരനാണെന്ന് സംസാരത്തില്‍ നിന്ന് വ്യക്തം. കോട്ട പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഫോട്ടോയൊന്നും എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞതിനുശേഷം അദ്ദേഹം സ്ഥലം വിട്ടു. പുതുക്കിപ്പണി നടക്കുന്നതും ഫോട്ടോയുമായി എന്തുബന്ധം ? അദ്ദേഹം പറഞ്ഞത് വകവെയ്ക്കാതെ, ആവശ്യത്തിന് ഫോട്ടോകള്‍ എടുത്തു. അതിനിടയ്ക്ക് രണ്ടുമൂന്ന് ചെറുപ്പക്കാരും കോട്ടയില്‍ വന്നുകയറി അവരും യഥേഷ്ടം പടങ്ങളെടുക്കുന്നുണ്ട്.

കോട്ടയ്ക്ക് അകത്തെ കൊത്തളവും അതിന്റെ പടികളും
 
10 ഏക്കറിലായിട്ടാണ് മിര്‍ജാന്‍ ഫോര്‍ട്ട് പരന്നുകിടക്കുന്നത്. പ്രധാനകവാടത്തിന് മുന്നിലുള്ള ഭാഗം ഒഴിച്ച് കോട്ടയുടെ ചുറ്റും കിടങ്ങുണ്ട്. പ്രധാനകവാടത്തിനോട് ചേര്‍ന്നുള്ള മതിലുകള്‍, തുരങ്കങ്ങൾ‍, ഉള്‍മതിലുകള്‍ എന്നിവയൊക്കെ പുതുക്കിപ്പണിഞ്ഞതാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവില്ല. പണി ഇപ്പോഴും തുടങ്ങാത്ത പൊളിഞ്ഞുകിടക്കുന്ന കോട്ടഭാഗത്ത് ചെന്ന് നോക്കിയാല്‍ മാത്രമേ പുതുക്കിപ്പണിതഭാഗവും പഴയഭാഗവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാകൂ. പുനര്‍നിര്‍മ്മാണത്തിനുപയോഗിച്ച കല്ലുകള്‍ക്കും നിറം മങ്ങിക്കഴിഞ്ഞിരിക്കുന്നു. എന്തായാലും വെളിയില്‍ നിന്ന് കാണുന്ന കോട്ടയ്ക്ക്, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഒരു ദയനീയ ഭാവമില്ല.

കോട്ടയ്ക്കകത്തെ കിണറ് - മുകളില്‍ നിന്നൊരു ദൃശ്യം
 
മിര്‍ജാന്‍ ഫോര്‍ട്ട് - മറ്റൊരു ദൃശ്യം
 
സംഭവബഹുലമായ ഒരു കോട്ടയാണിതെങ്കിലും ചരിത്രത്തില്‍ കോട്ടയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പലതും വ്യക്തവും കുറ്റമറ്റതുമല്ല എന്നതാണ് സങ്കടകരം. 1608-1640 കാലഘട്ടത്തിലാണ് കോട്ട പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ആരാണ് കോട്ട നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളാണുള്ളത്. വിദേശസഞ്ചാരികളായ De Barros, Barbosa, Hamilton, Buchanan എന്നിവരുടെ ഡയറിക്കുറിപ്പുകളാണ് ഇക്കാര്യത്തില്‍ നമ്മുടെ ചരിത്രകാരന്മാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുന്നത്. ബാറോസിന്റെ രേഖകളില്‍ മെര്‍ഗാന്‍(Mergan) എന്നാണ് കോട്ടയുടെ പേര് എഴുതപ്പെട്ടിരിക്കുന്നത്. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോട്ടയെന്നും ബാറോസ് പറയുന്നുണ്ട്. ഹാമില്‍‌ട്ടന്റെ 1720 ലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നത് മിര്‍ജാൻ‍, കുരുമുളക് കയറ്റുമതിക്ക് പേരുകേട്ട ഒരു കൊച്ചു തുറമുഖമായിരുന്നു എന്നാണ്. കുരുമുളക് മാത്രമല്ല ഇഞ്ചി, ഏലം ഗ്രാമ്പൂ മുതലായ സകല സുഗന്ധവ്യഞ്ജനങ്ങളും ഇവിടന്ന് കയറ്റുമതി ചെയ്തിട്ടുള്ളതായി കരുതപ്പെടുന്നു.

മിര്‍ജാന്‍ ഫോര്‍ട്ട് - വെളിയില്‍ നിന്ന് മറ്റൊരു ദൃശ്യം.
 
വിജയനഗര സാമ്രാജ്യത്തിലെ ജെറുസോപ്പ(Gerusoppa) രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോട്ട ഇരിക്കുന്നതടക്കമുള്ള പ്രവിശ്യ. ജെറുസോപ്പ രാജാക്കന്മാരുടെ വീഴ്ച്ചയ്ക്ക് ശേഷം ബീജാപ്പൂര്‍ സുല്‍ത്താന്മാര്‍ ഇവിടം കീഴടക്കുകയും അക്കാലത്തെ ഗോവന്‍ ഗവര്‍ണ്ണര്‍ ആയിരുന്ന ഷെരീഫ് ഉള്‍ മുള്‍ക്ക് (Sharief Ul Mulk) കോട്ട നിര്‍മ്മിക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്തെന്നാണ് ഒരു പരാമര്‍ശം. കോട്ട ആദ്യം ആരാണ് നിര്‍മ്മിച്ചതെന്ന് മനസ്സിലാക്കാനാകാത്ത വിധം തെളിവുകള്‍ ഇല്ലാതാക്കി ഷെരീഫ് കോട്ടയെ പുനര്‍നിര്‍മ്മിച്ചെന്നും അതിന് മുഗള്‍ വാസ്തുശില്‍പ്പ ശൈലി നല്‍കിയെന്നും സംസാരമുണ്ട്.

കേലാടി രാജ്ഞിയായിരുന്ന ചെന്നമ്മ എന്ന ചെന്നഭൈരദേവി ഈ പ്രവിശ്യ കീഴടക്കിയെന്നും ചെന്നമ്മയാണ് കോട്ട ഉണ്ടാക്കിയിട്ടുണ്ടാകാന്‍ സാദ്ധ്യതയെന്നുമുള്ള ഒരനുമാനം കൂടെ നിലനില്‍ക്കുന്നുണ്ട്. ജൈനമതസ്ഥയായിരുന്ന ചെന്നമ്മയ്ക്ക് കുരുമുളക് രാജ്ഞിയെന്ന് ഒരു പേരുകൂടെ ഉണ്ടെന്നുള്ളത് കൌതുകകരമായ ഒരു വസ്തുതയാണ്.

മിര്‍ജാന്‍ കോട്ടയില്‍ നിന്നും 25 കിലോമീറ്ററോളം അകലെയുള്ള മറ്റൊരു കോട്ടയാണ് അങ്കോള ഫോര്‍ട്ട്. അവിടന്ന് 4 കിലോമീറ്റര്‍ അകലെയുള്ള ‘ബസകള്‍ മല‘യുടെ മുകളിൽ‍, 2009 മാര്‍ച്ച് 11ന് ചില ചെറുപ്പക്കാര്‍ ഒരു തുരങ്കം കണ്ടെത്തുകയും അതിലൂടെ 150 മീറ്ററോളം സഞ്ചരിച്ചശേഷം ശ്വാസം കിട്ടാത്ത അവസ്ഥയിലെത്തിയപ്പോള്‍ വെളിയില്‍ വന്ന് ഈ വിവരം അധികൃതരെ അറിയിക്കുകയും ഉണ്ടായി. ഈ തുരങ്കം മിര്‍ജാന്‍ കോട്ടയിലേക്കാണ് നീളുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്കോള കോട്ട നിര്‍മ്മിച്ച Sarp Ul Mulk അഥവാ സര്‍പ്പമല്ലിക്‍ (1650-1672) രാജാവ് തന്നെയാണ് മിര്‍ജാന്‍ കോട്ടയും നിര്‍മ്മിച്ചതെന്നും ചരിത്രകാരന്മാര്‍ കരുതുന്നുണ്ട്.

കിണറിനകത്തേക്കുള്ള തുരങ്കവും കിണറിന്റെ മുകള്‍ഭാഗവും
ചെറുതും വലുതുമായി ഒന്‍പതോളം കിണറുകളാണ് കോട്ടയ്ക്കകത്തുള്ളത്. ഏറ്റവും വലിയ 2 കിണറുകള്‍ക്കും സമീപത്തായി തുരങ്കത്തിലേക്കെന്ന പോലെ താഴേക്കിറങ്ങിപ്പോകുന്ന പടികള്‍ കാണാം. അതിലൂടെ ഞാനിറങ്ങിച്ചെന്നത് കിണറുകള്‍ക്ക് ഉള്ളിലേക്ക് തുറക്കുന്ന ദ്വാരത്തിലേക്കാണ്. അക്കാലത്ത് കോട്ടയ്ക്കകത്തുനിന്ന് ഇത്തരം തുരങ്കങ്ങളിലൂടെ വെളിയിലുള്ള കനാലുകള്‍ വഴി ജലഗതാഗതം ഉണ്ടായിരുന്നെന്നും കരുതപ്പെടുന്നു.

കിണറിനകത്തേക്കുള്ള തുരങ്കവും പടികളും

കിണറിനകത്തേക്കുള്ള തുരങ്കം ചെന്നവസാനിക്കുന്നയിടത്തെ കാഴ്ച്ച
 
ഒരു ദര്‍ബാര്‍ ഹാൾ‍, ഒരു അങ്ങാടി, ഒരു കൊച്ചുക്ഷേത്രം എന്നതൊക്കെ കോട്ടയ്ക്കകത്തുണ്ടായിരുന്നെന്ന് കോട്ടയുടെ അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നു. ഒരുപാട് പോരാട്ടങ്ങളും കൈമാറ്റങ്ങളും രക്തച്ചൊരിച്ചിലുകളും കയറ്റുമതിയുമൊക്കെ നടന്നിട്ടുണ്ടാകാന്‍ സാദ്ധ്യതയുള്ള ഈ കോട്ടയുടെ ശരിയായ ചരിത്രം കണ്ടുപിടിക്കാനായി 2000-2001 വര്‍ഷങ്ങളില്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റുകാര്‍ സമഗ്രമായ ഉദ്‌ഘനനം നടത്തുകയും വളരെയധികം അമൂല്യ വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

കിണറ്റിനകത്തെക്കുള്ള മറ്റൊരു തുരങ്കം

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത് 1652ല്‍ Joao നാലാമന്റെ കാലത്ത് പോര്‍ച്ചുഗീസ് വൈസ്രോയി Conde De Sarzedas പുറത്തിറക്കിയ സ്വര്‍ണ്ണനാണയമാണ്. 20 കിലോഗ്രാമിലധികം തൂക്കമുള്ള ഇരുമ്പുകട്ടികൾ‍, 50ല്‍പ്പരം ഇരുമ്പ് വെടിയുണ്ടകൾ‍, സര്‍പ്പമല്ലിക്‍ കാലഘട്ടതിലേതാണെന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങൾ‍, ചൈനീസ് പോര്‍സുലൈന്‍ പാത്രങ്ങൾ‍, ഇസ്ലാമിക്‍ ആലേഖനങ്ങളുള്ള കളിമണ്‍ ഫലകങ്ങള്‍ എന്നിവയൊക്കെയാണ് മറ്റ് പ്രധാനപ്പെട്ട കണ്ടെത്തലുകൾ‍. അതൊക്കെ പഠിച്ച് കഴിയുമ്പോൾ‍, പുരാവസ്തുവകുപ്പില്‍ നിന്ന് കോട്ടയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കോട്ടയുടെ മറ്റൊരു ദൃശ്യം
കോട്ടയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സാമാന്യം വലിപ്പമുള്ള ഒരു മരത്തിനടിയില്‍ കോട്ടയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ദേവന്മാരും മറ്റ് പ്രതിഷ്ഠകളും വിശ്രമിക്കുന്നു. ജൈനശില്‍പ്പകലയുമായി ഒത്തുപോകുന്നതാണ് സര്‍പ്പക്കല്ലുകള്‍ അടക്കമുള്ള പല കൊത്തുപണികളും.

കോട്ടയ്ക്കകത്തെ മരത്തിനടിയില്‍ ദേവശില്‍പ്പങ്ങളും കൊത്തുപണികളും
 
കോട്ടയുടെ ചരിത്രപ്രാധാന്യം പ്രചരിപ്പിക്കുന്നതിനും കോട്ടയിലേക്കുള്ള ടൂറിസം വളര്‍ത്തുന്നതിനുമൊക്കെയായി ‘കോട്ടേഹബ്ബ ’ എന്ന ഒരു ഉത്സവം തന്നെ നാട്ടുകാരുടേയും നാട്ടുപ്രമാണിമാരുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം സഹകരണത്തോടെ നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാക്കൊല്ലവും ഇത്തരം കോട്ടേഹബ്ബകള്‍ ഉണ്ടായാല്‍ കോട്ടയിലേക്കിനിയും ജനങ്ങള്‍ എത്തിച്ചേരുമെന്ന് ഉറപ്പാണ്.

പലപ്പോഴും സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നത് ഇത്തരം ആളൊഴിഞ്ഞ വലിയ കോട്ടകളും കെട്ടിടങ്ങളുമെല്ലാമാണ്. കേരളത്തിലെ പ്രശസ്തമായ കണ്ണൂര്‍ കോട്ടയില്‍ പല മോശം സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി കണ്ണൂരിലെ എന്റെ പഠനകാലത്ത് മനസ്സിലാക്കാനായിട്ടുണ്ട്. ചില മോശം സംഭവങ്ങള്‍ മിര്‍ജാന്‍ കോട്ടയിലും ഉണ്ടായിട്ടുണ്ട്. അമൂല്യമായ ഇത്തരം ചരിത്രസ്മാരകങ്ങള്‍ മൊത്തമായും ചില്ലറയായും സാമൂഹ്യദ്രോഹികള്‍ പ്രയോജനപ്പെടുത്താന്‍ ഇടയാകുന്നത് ഭരണവര്‍ഗ്ഗത്തിന്റെ പിടിപ്പുകേടുകൊണ്ടുമാത്രമാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ചെയ്യുന്നതുപോലെ സ്വകാര്യവ്യക്തികള്‍ക്ക് അവരുടെ ചടങ്ങുകള്‍ നടത്താനായി ഇത്തരം കോട്ടകള്‍ വിട്ടുകൊടുക്കുക വഴി സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാനും സാമൂഹ്യവിരുദ്ധരെ അകറ്റിനിര്‍ത്താനും ആവുമെന്നതില്‍ സംശയമില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ സ്മാരകങ്ങള്‍ കേടുവരുത്തപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് കര്‍ശനമായിത്തന്നെ ഉറപ്പുവരുത്തുകയും അതിലേക്കായി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നുള്ളത് മാത്രമാണ് ഇത്തരം പദ്ധതികളുടെ ഒരു പ്രധാന ന്യൂനത.

കൊത്തളത്തിന്റെ പടികളില്‍ നേഹയോടൊപ്പം
അവിചാരിതമായി കാണാനിടയായതാണ് മിര്‍ജാന്‍ ഫോര്‍ട്ട്. ഒരു ബോണസ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. പക്ഷെ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം കോട്ടയില്‍ ചിലവഴിക്കപ്പെട്ടിരിക്കുന്നു. വൈകുന്നേരമാകുന്നതിനുമുന്‍പ് ഗോകര്‍ണ്ണവും, ഓം ബീച്ചും , കാര്‍വാറും കണ്ടുതീര്‍ക്കാനുണ്ട് . അതിനിടയ്ക്ക് ഉച്ചഭക്ഷണം കഴിക്കുകയും വേണം.

ഗോവയിലെ ബീച്ചുകളില്‍ ഉള്ളതുപോലെ സീ ഫുഡ്ഡൊക്കെ മിതമായ റേറ്റിന് കിട്ടുന്ന ബീച്ച് ഷാക്കുകൾ‍, ഓം ബീച്ചിലോ ഗോകര്‍ണ്ണത്തെ മറ്റേതെങ്കിലും ബീച്ചിലോ ഉണ്ടായിരുന്നെങ്കിൽ‍....? അതോര്‍ത്തപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും നാവില്‍ വെള്ളമൂറി.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക......

39 comments:

  1. അങ്ങനെ മിര്‍ജാന്‍ ഫോര്‍ട്ടിലും ചുളുവില്‍ ഒരു യാത്ര നടത്തി. ഒട്ടും ബോറടിപ്പിച്ചില്ല ഈ യാത്രയും. കൊതിയൂറും ഭക്ഷണവിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍.

    ആകെ ഒരു തിരുത്ത് ചന്ദ്രനത്തടി മാത്രം.

    ReplyDelete
  2. നിരക്ഷരന്റെ ബ്ലോഗ്‌ നു തേങ്ങ പൊട്ടിക്കാം എന്ന് വിചാരിച്ചു ..പക്ഷേ കിട്ടിയില്ല ..ബ്ലോഗ്‌ ഞാനും ഷമിനും കൂടി വായിച്ചു ..നേഹ പറഞ്ഞപോലെ 'ആര്‍ക്കി പലാഗോ 'എന്നും പറഞ്ഞു ഷമിന്‍ പോയി .കമന്റ്‌ ചെയുന്ന പണി എനിക്കും ..ഇത്കൊള്ളാം ട്ടോ .....

    ReplyDelete
  3. യാത്രാവിവരണങ്ങളും യാത്രയും ഇഷ്ട്ടമുള്ള എനിക്ക് ഇഷ്ട്ടമായി..........

    ReplyDelete
  4. പെട്ടെന്നു വായിച്ചു തീർന്ന പോലെ..

    ReplyDelete
  5. വായിക്കുന്നു...
    യാത്രകൾ തുടരട്ടെ!

    ReplyDelete
  6. ഒരു ‘റഫറന്‍സ്’മൂഡില്‍ വായിച്ച് കഴിഞ്ഞപ്പോള്‍
    സരസമായ വിവരണവും ശൈലിയും,ഇടക്ക് നേഹ
    മോള്‍ടെ ‘യുറീക്ക’യും മുരിങ്ങോടിക്കാരിയുമായുള്ള
    തര്‍ക്കവിതര്‍ക്കങ്ങളുമൊക്കെയായി പെട്ടന്നങ്ങ് വായിച്ച്
    തീര്‍ന്നല്ലോ എന്നൊരു‘ഇത്’..എന്തായാലും
    ഗോവന്‍ ബീച്ചുകളിലെ സുലഭമായ കടല്‍വിഭവങ്ങള്‍
    ഓര്‍ത്തപ്പോള്‍ തന്നെ വായില്‍ കപ്പലോടാന്‍ തുടങ്ങി...
    വേഗമിങ്ങ് പോരട്ട് !!

    ‘ഓം ബീച്ച്’കണ്ടു..ആര്‍ക്കിപലാഗോയും..
    ആശംസകള്‍ !

    ReplyDelete
  7. ഏതായാലും എന്റെ യാത്രകൾ ഈ മോണിറ്ററിനു മുന്നിൽ മാത്രം. ഇനിയെന്തിനു വേറൊരു യാത്ര! എല്ലാം വായിക്കുന്നുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. യാദൃശ്ചികമായി കിട്ടുന്ന ഇത്തരം സ്ഥലങ്ങളുടെ ചരിത്രം തപ്പിയെടുത്ത് തരുന്ന താങ്കളുടെ പ്രകൃതം ഏറെ അഭിനന്ദനമര്‍ഹിയ്ക്കുന്നു...

    ReplyDelete
  9. "തര്‍ക്കത്തില്‍ രണ്ടുപേരും ജയിച്ചിരിക്കുന്നു"

    സുന്ദരമായ കുടുംബജീവിതത്തിന് അത്യന്താപേക്ഷിതമായ കാര്യം. തമ്പുരാന്‍റെ ആ പരീക്ഷണത്തിലും രണ്ടാളും വിജയിച്ചു.

    "അമൂല്യമായ ഇത്തരം ചരിത്രസ്മാരകങ്ങള്‍ മൊത്തമായും ചില്ലറയായും സാമൂഹ്യദ്രോഹികള്‍ പ്രയോജനപ്പെടുത്താന്‍ ഇടയാകുന്നത് ഭരണവര്‍ഗ്ഗത്തിന്റെ പിടിപ്പുകേടുകൊണ്ടുമാത്രമാണ്"

    സംശയമില്ല. ഈ വരിക്ക് 3 വട്ടം അടിവരയിടുന്നു. സാംസ്കാരികപൈതൃകങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ബോധപൂര്‍വ്വമായ അജ്ഞതയ്ക്ക് ഭരണപ്രതിപക്ഷഭേദമില്ലാത്തതിലാണ് അത്ഭുതം. നമ്മുടെ പള്ളിപ്പുറം വട്ടക്കോട്ടയുടെ കാര്യം തന്നെ മികച്ച ഉദാഹരണമാണല്ലോ.

    പിന്നെ, കഴിഞ്ഞ ദിവസം ട്രൂത്ത് ഫുള്‍ റിപ്പോര്‍ട്ട് എന്ന മാഗസിനില്‍ 'സാങ്കല്പിക രേഖയിലേക്കൊരു യാത്ര' എന്ന ലേഖനം കണ്ടു. (Vol No:1, issue No:4, Zolo March 1) നാലഞ്ച് പേജുകള്‍ തന്നെ ചിത്ര സഹിതം അവരത് പകര്‍ത്തിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ ഒരു ഫോട്ടോയും കണ്ടു. യുണീക്കോട് ഫോണ്ടുകള്‍ക്ക് ടി.ടി.ഫോണ്ടുകളുടെ അച്ചടിമഷി പുരണ്ടതു കണ്ടപ്പോള്‍ സന്തോഷം തോന്നി. എന്നാണ് ഈ യാത്രകളുടെ പുസ്തകം പുറത്തിറങ്ങുക?

    മാത്‍സ് ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെട്ട പസിലുകളും ഇ-പുസ്തകരൂപത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഗുരുകുലത്തിലെ ഉമേഷ് സാറാണ് അതിനു പിന്നില്‍

    ReplyDelete
  10. നന്ദി,മനോജ്,..............ഞങ്ങള്‍ ക്കും ബോണസ് കിട്ടി..........

    ReplyDelete
  11. ശെടാ..ഇതിപ്പോ കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക കഥ പോലെ ആയല്ലോ...വായിച്ചു രസം കേറി വന്നപ്പോള്‍..."തുടരും" എന്ന് പറഞ്ഞു ഒറ്റ നിര്‍ത്ത്..!!

    :)

    ബാക്കി വിശേഷങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  12. അങ്ങനെ അബദ്ധത്തില്‍ ഒരു കോട്ട കൂടി കിട്ട്യല്ലേ.....
    പക്ഷെ
    ഇത് പെട്ടന്ന് നിര്‍ത്തിയല്ലോ സജി അച്ചായന്‍ കാണിച്ച പോലെ :(

    ReplyDelete
  13. സ്കൂളില്‍ വച്ച് ഹിസ്റ്ററി പഠിത്തം നിര്‍ത്തിയതാ ഡേറ്റും പേരും ഒന്നും ഓര്‍ക്കുന്നത് എനിക്ക് ഇഷ്ടമില്ലായിരുന്നു ..
    പക്ഷെ ഇന്ന് തോന്നുന്നു നീരുവിന്റെ ബ്ലോഗ് അന്നുണ്ടായിരുന്നങ്കില്‍ ഞാന്‍ ഇന്ന് ഹിസ്റ്ററി റ്റീച്ചര്‍ ആയേനെ.. അത്രക്ക് ഇന്ററസ്റ്റിങ്ങ് ആണീ യാത്രാ വിവരണവും കൊട്ടയെ പറ്റിയുള്ള ചരിത്രങ്ങളും - ചെന്നഭൈരദേവി,ഷെരീഫ് ഉള്‍ മുള്‍ക്ക്,സര്‍പ്പമല്ലിക്‍ പണ്ട് ആണേല്‍ ഈ പേരുകള്‍ വായിക്കാതെ ഞാന്‍ പേജ് മറിക്കും!!
    നീരൂ നല്ല വിവരണം
    ॐ ബീച്ച് വിവരണം കാത്തിരിക്കുന്നു ..
    ॐ ബീച്ച് അതു കാണാന്‍ നല്ല ചന്തം

    ReplyDelete
  14. ഇത്തരം സംഭവങ്ങൾ ആ പ്രദേശത്ത് ഉള്ളതായി ഇപ്പോൾ മാത്രമാണ് അറിയുന്നത്. (ഇനി നന്ദിയൊന്നും പറഞ്ഞ് കൊളമാക്കുന്നില്ല) സത്യം പറഞ്ഞാൽ, ശരിയായ നഷ്ടബോധം തോന്നി. ഒരുപാട് കാലങ്ങൾ ആ വഴിയ്ക്ക് പോയിട്ടും, ഇങ്ങനെ ഒന്ന് കാണാതെ പോയതിൽ.

    യാത്രയെക്കുറിച്ച് പ്രത്യ്യെകിച്ചൊന്നും പറയുന്നില്ല. ഓരോന്നും വായിക്കുമ്പോൾ അടുത്തതെന്തായിരിക്കും എന്നുള്ള ആകാംക്ഷ... ഓരോന്നും പഴയതിനെക്കാൾ വ്യത്യസ്തം..

    നേഹമോളുടെ വിശേഷങ്ങൾ ശരിക്കും സുഖിക്കുന്നുണ്ട്. കൂടുതൽ ഉൾപ്പെടുത്തൂ..

    ഒരു കമന്റിൽ “മുരിങ്ങോടിക്കാരിയുമായുള്ള“ എന്ന് കണ്ടപ്പോൾ പിന്നേം സംശയം... അതാരാ? :)

    ഉത്തര കന്നടയിലെ ‘കുംത്ത‘ എന്ന പട്ടണം

    ഞങ്ങൾ “കുംഠ“ എന്നായിരുന്നു ഇത്രേം നാൾ കരുതിയിരുന്നത്.

    ReplyDelete
  15. ഇതിനു മുംബ് ഉണ്ടായിരുന്ന പോസ്ടിനെക്കാള്‍ ഇതാണ് ഇഷ്ടായത് ..
    (ഞാന്‍ ഒരു മത മൌലിക വാദി ആയതുകൊണ്ടല്ല ട്ടോ )
    ആ പോസ്റ്റ്‌ ഭയങ്കര സീരിയസ് ആയിരുന്നു .. ഉഗ്രന്‍ ഒരു ഡോകുമെന്ററി പോലെ ..
    നേഹയുടെ കുഞ്ഞു തമാശയും .. നിങ്ങള്‍ടെ തര്‍ക്കവും ഒക്കെ രസകരമായി തോന്നി ..
    ഇഷ്ടപ്പെടഞ്ഞത് പോസ്റ്റിന്റെ ലെങ്ങ്ത് മാത്രം ..
    ഇറ്റ്‌ ഈസ്‌ ടൂ ഷോര്‍ട്ട് ..

    ReplyDelete
  16. vayichu theernathu arinjilla..good post

    ReplyDelete
  17. മിര്‍ജാ‍ന്‍ കോട്ടക്ക് ,ബേക്കല്‍ ഫോര്‍ട്ടുമായി സാമ്യം വല്ലതുമുണ്ടോ?നിര്‍മ്മാണ രീതികളില്‍ സമാനത, ചിത്രത്തില്‍ നിന്ന്, തോന്നി.

    ReplyDelete
  18. മനോജിന്റെ കൂടെയുള്ള ഈ യാത്രയില്‍ കാഴ്ചകള്‍ ഒന്നും നഷ്ടമാവുന്നില്ല..... എല്ലായിടവും സ്വയം കാണുന്ന പ്രതീതി ഉളവാക്കുന്ന സരസവും ലളിതവുമായ അവതരണം...!

    ReplyDelete
  19. മനോജ് ഭായി,
    ഈ കോട്ടയും അങ്ങിനെ ഞാൻ കണ്ടു. പോസ്റ്റ് അല്പം ചുരുങ്ങിപോയോ എന്നൊരു സംശയം. സാരമില്ല.. വിശപ്പിന്റെ വിളി മനസ്സിലാവും. ഒപ്പം നേഹമോളുടെ പ്രാർത്ഥനയുമുണ്ടല്ലോ.. ഇതിനിടയിലും എനിക്ക് അത്ഭുതം മറ്റൊന്നാ.. ഭായിയെ ഏത് ടീച്ചറാ ചരിത്രം പഠിപ്പിച്ചേ..? അത്രക്ക് മനോഹരമാണു വിവരണങ്ങൾ. .വർഷവും കണക്കും സഹിതം. അതും അപ്രതീക്ഷിതമായി പോയ ഒരു സ്ഥലത്തെ കാര്യങ്ങൾ വരെ..

    ReplyDelete
  20. വളരെ മനോഹരമായ വിവരണം !
    യാത്രകള്‍ അവസാനിക്കുന്നില്ല ...

    ReplyDelete
  21. മഞ്ജു മനോജ്15 May 2010 at 21:55

    MAnoj..... Yathravivaranam vayichu.... nannayittundu ennu parayendallo....eniku ithokke vayikumbol nashtabodham thonnunnu.... Maths padikkan poya nerathu charithram padichal mathiyayirunnu ennu.... ennittu maths kondu valla gunavum undo.. illa..... charithram padichirunnenkil athrem vivaram kittiyene.....

    ReplyDelete
  22. @ മണികണ്ഠന്‍‌ - ഞാന്‍ അക്ഷരമൊക്കെ പഠിച്ച് തുടങ്ങി അല്ലേ ? തിരുത്തിയിട്ടുണ്ട്. വായനയ്ക്കും എഡിറ്റിങ്ങിനും നന്ദി:)

    @ siya - തേങ്ങ അടി എക്‍പേര്‍ട്ട്‌സിനോട് ചോദിച്ചാല്‍ അതിന്റെ രഹസ്യം പറഞ്ഞ് തരും. വായനയ്ക്ക് നന്ദി :)

    @ Hari - ഹരി സാര്‍, ട്രൂത്ത്ഫുള്‍ റിപ്പോര്‍ട്ടില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ചില യാത്രകള്‍ മഷി പുരണ്ട് വരുന്നത്. അത്രയൊക്കെ മതി സാര്‍. ഈ കുറിപ്പുകള്‍ക്ക് അത്രയൊക്കെയേ അര്‍ഹതയുള്ളൂ. പുസ്തകമാക്കാനൊന്നും ഞാനില്ല. ഏതെങ്കിലും വിവരദോഷി അതിന് മുതിര്‍ന്നാല്‍ ഞാനതിന് തടസ്സം നില്‍ക്കുകയുമില്ല. ഞാന്‍ നയാ പൈസ മുടക്കി ഇത് പുസ്തകമാകില്ലെന്ന് ചുരുക്കം. മാക്സ് ബ്ലോഗിന്റെ ഈ-പുസ്തകത്തിന് ആശംസകള്‍. വിവരങ്ങള്‍ അറിയുന്നുണ്ട്.

    @ രഘുനാഥന് - സാമാന്യം നല്ല നീളമുണ്ട് മാഷേ പോസ്റ്റിന്. നിറുത്തിയത് സടണ്‍ ബ്രേക്കിട്ടായതുകൊണ്ടാണ് പ്രശ്നമായത്.

    @ മാണിക്യേച്ചീ - ഒന്നൊന്നര കമന്റിന് പ്രത്യേകം നന്ദി :)

    @ പൊറാടത്ത് - മുഴങ്ങോടിക്കാരിയെ അറിയില്ലെന്നോ ഹ ഹ:) കുംഠ എന്നത് തന്നെയാണോ ശരി എന്ന് ഞാന്‍ അന്വേഷിക്കട്ടെ. ഇംഗ്ലീഷ് ബോര്‍ഡുകളാണല്ലോ ഞാന്‍ വായിക്കുന്നത്. ഉച്ഛാരണം കേട്ടിട്ടില്ല എന്നത് ഒരു ന്യൂനതയാണ്.

    @ ചേച്ചിപ്പെണ്ണ് - അടുത്ത ഭാഗം മതമൌലികവാദം സ്പെഷ്യലാണ്. ഞാന്‍ തമാശിച്ചതാ. സീ.പി. കാര്യായിട്ടെടുക്കണ്ട :) നന്ദി.

    @ krishnakumar513 - ഇന്നത്തെ അവസ്ഥയില്‍ ബേക്കലുമായി ഈ കോട്ടയെ താരതമ്യം ചെയ്യാനാവില്ല. പുതിക്കിയ ഭാഗങ്ങള്‍ക്കൊക്കെ മുഗള്‍ ശൈലി കാണുന്നുണ്ട്. മറ്റ് ചില ഭാഗങ്ങള്‍ എല്ലാ കോട്ടകള്‍ക്കും ഒരു സ്റ്റൈല്‍ തന്നെ. അത് തിരിച്ചറിയാനും ആധികാരികമായി പറയാനും ഞാനാളല്ല.

    @ Manoraj - എട്ടാം ക്ലാസ്സില്‍ പത്മജാക്ഷി ടീച്ചര്‍ ചരിത്രം പഠിപ്പിക്കാന്‍ വരുന്നതുവരെ ആ വിഷയം എനിക്കൊരു കീറാമുട്ടി ആയിരുന്നു. ചരിത്രം പഠിക്കുന്നതിന് ഒരു പ്രത്യേക രീതിയുണ്ടെന്ന് മനസ്സിലാക്കിത്തന്നത് ടീച്ചറാണ്. ചരിത്രത്തോടുള്ള താല്‍പ്പര്യം ഉണ്ടാക്കിത്തന്നതും പത്മജാക്ഷിട്ടീച്ചര്‍ തന്നെ.

    @ മഞ്ജു മനോജ് - കണക്കിനേക്കാള്‍ എനിക്കിഷ്ടം ചരിത്രം തന്നെയായിരുന്നു. എന്നിട്ട് ഞാനും കണക്ക് പഠിക്കാനാണ് പോയത്. ത്രീ ഇഡിയറ്റ്സ് സിനിമ അക്കാലത്തിറങ്ങുകയും എന്റെ രക്ഷകര്‍ത്താക്കള്‍ അത് കാണുകയും ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ വഴി ചരിത്രത്തിലൂടെ മാത്രമാകുമായിരുന്നു.

    sm sadique, ഞാനും എന്‍റെ ലോകവും, അലി, ഒരു നുറുങ്ങ്, miniമിനി, aathmanആത്മന്‍, jayalekshmi, മത്താപ്പ്, nikhimenon, കുഞ്ഞൂസ്Kunjuss, Raveena Raveendran, ....

    മിര്‍ജാന്‍ ഫോര്‍ട്ടില്‍ എത്തിയ എല്ലാ സഞ്ചാരികള്‍ക്കും നന്ദി.

    ReplyDelete
  23. ആദ്യം തന്നെ ‘മുഴങ്ങോടിക്കാരിയെയും നേഹക്കും’ എന്റെ വക ഒരു സല്യൂട്ട്. കാരണം വേറൊന്നുമല്ല, ഞാൻ സകുടുംബം,(മാതാ--പിതാ-ഭാര്യ-മകൾ) 3 ദിവസം നീണ്ട ലണ്ടൻ ടൂറിലായിരുന്നു, ‘ഇപ്പോളും അതിന്റെ ക്ഷീണം മാറിയിട്ടില്ല’.. 15 ദിവസം നീണ്ട യാത്രയാ,, കണ്ട് പടി എന്ന് പറഞ്ഞ് ഭാര്യയെ നിർബന്ധിച്ച് ഈ ബ്ലോഗ് വായിപ്പിച്ചു ഇന്ന്.. :)

    ReplyDelete
  24. വേലയും കണ്ടു വിളക്കും കണ്ടു........ഗംഭീരം...സസ്നേഹം

    ReplyDelete
  25. nice, first time i am hearing about this !

    ReplyDelete
  26. നന്നായി-യാത്ര തുടരട്ടെ

    ReplyDelete
  27. നിരക്ഷരനോ? ആര് പറഞ്ഞു....ഇത്തിരി വായിച്ചപോള്‍ മനസ്സിലായി... അക്ഷരന്‍ ആണെന്ന്.... കൂടുതല്‍ വായിക്കാന്‍ സമയം കിട്ടിയില്ല. തുടരും...
    വഴിയെ പോകുമ്പോള്‍ കയറി നോക്കിയതാ........ നല്ല ഭംഗിയുണ്ട്‌.. (വില നോക്കി വെച്ചിട്ടുണ്ട് ഞാന്‍ ഇനി വരുമ്പോള്‍ വാങ്ങാംട്ടോ... ഇത് കടക്കരോട് പറയുന്ന വാക്കല്ല).
    ശരിക്കും ഇനി മുതല്‍ ഞാനും ഉണ്ടിവിടെ . പിന്തുടര്‍ന്നിട്ടുണ്ട്... ഇനിയെല്ലാം വഴിയെ... ആശംസകള്‍.... ഒരുപാടായി ഞാന്‍ അന്വേഷിച്ചു നടന്നത് കണ്ടെത്തിയതിലുള്ള സന്തോഷത്തോടെ.
    പക്ഷെ ഒരു കുഴപ്പമുണ്ട്.. ഞാന്‍ തുടക്കം മുതല്‍ വായിച്ചു തുടങ്ങും.. ഇങ്ങെത്തുമ്പോഴേക്കും.... സമയമോരുപാടാവുമോ? സാരമില്ല... എനിക്കിഷ്ടാ.....

    ReplyDelete
  28. നല്ല രസം പിടിചുവരികയായിരുന്നു.... ദേ കിടക്കണു " തുടരും "

    ReplyDelete
  29. a visual travelblog.thanks

    ReplyDelete
  30. നന്നായി-യാത്ര തുടരട്ടെ

    ReplyDelete
  31. വിവരണം തുടരട്ടെ...പുതിയ ഒരു സ്ഥലത്തിനെക്കുറിച്ചുള്ള അറിവ് പങ്ക് വെച്ചതിനു നന്ദി

    ReplyDelete
  32. യാത്രകൾ അതിപ്പോ വീട്ടിൽ നിന്നു അടുത്ത ടൌൺ വരെയാണെങ്കില് പോലും ത്രിൽ അടിക്കുന്ന ഒരാളാണു ഞാൻ. നിരക്ഷരന്റെ ഈ ബ്ലോഗ് കണ്ടു പിടിച്ചപ്പോൾ ലോട്ടറി അടിച്ച സന്തോഷമായിരുന്നു. ഒരുപാടു അനുഭവങ്ങൾ പകർന്നും, ഇടയ്ക്കിടെ അസൂയപ്പെടുത്തിയും, ഈ യാത്ര തുടരട്ടെ. :)

    ReplyDelete
  33. യാത്രയില്‍ പങ്കെടുപ്പിച്ചതിനു നന്ദി.നേഹയെ കണ്ടു.മുഴങ്ങോടിക്കാരി എവിടെ? സുഖമല്ലേ എല്ലാവര്‍ക്കും?

    ReplyDelete
  34. സായിപ്പിന്റെ പേരുകളും ,ഫോർട്ടുകളും...ഇപ്പോഴും തനി തനിമയോടെ...
    എന്തിനാ ഇനിയവിടെ കാണാൻ പോണ്,തുടരനും കൂടി വായിച്ചാൽ മതിയല്ലോ...
    ഓഫ് പീക്ക്
    മനൊജ് ഭായിയുടെ ലിങ്ക് കടുവ എന്ന പേരിൽ താങ്കളോട് ചോദിക്കാതെയാണ് എന്റെ പുത്തൻ പോസ്റ്റിൽ ചേർത്തിട്ടുള്ളത് കേട്ടൊ...ക്ഷമീര്

    ReplyDelete
  35. അസൂയ തോന്നുന്നു. യാത്ര ഒരു ഹരം തന്നെ.
    ഈ സ്ഥലങ്ങളൊക്കെ കാണാന്‍ കഴിഞ്ഞില്ലേ?
    വിവരണം തുടരുക.

    ReplyDelete
  36. "കണക്കിനേക്കാള്‍ എനിക്കിഷ്ടം ചരിത്രം തന്നെയായിരുന്നു. എന്നിട്ട് ഞാനും കണക്ക് പഠിക്കാനാണ് പോയത്. ത്രീ ഇഡിയറ്റ്സ് സിനിമ അക്കാലത്തിറങ്ങുകയും എന്റെ രക്ഷകര്‍ത്താക്കള്‍ അത് കാണുകയും ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ വഴി ചരിത്രത്തിലൂടെ മാത്രമാകുമായിരുന്നു."

    സത്യം .(ചരിത്രം പഠിക്കുക എന്ന ആഗ്രെഹം എന്റെ മുന്‍പിലും മാതാപിതാക്കളാല്‍ കൊട്ടിയടക്കപ്പെട്ട വാതിലായിരുന്നു ).എന്നിട്ടും ജാലകതിനിടയിലൂടെ സൂര്യവെളിച്ചം തിരയുന്ന വളര്‍ത്തു ചെടിയെ പോലെ താങ്കള്‍ .പഠിച്ചിരുന്നെങ്കില്‍ പൊടിപിടിച്ചു പോയന്നേ ഒരു പക്ഷെ . വാ പൊളിച്ചിരുന്നു പോയീ .നമസ്കാരം ഇതു കാണിച്ചു തന്ന നീരുവിനും അത് പടുത്തുയര്‍ത്തിയ മഹാശില്‍പിക്കും

    ReplyDelete
  37. Manohar Doha-Qatar24 May 2010 at 16:51

    "Manoj... valare vaikiyaanu ee blog vayichathu... valare interesting aayi, yathra vivaranam ezhuthaamennu thankalil ninnu thanne padikkanam... very good "

    ReplyDelete
  38. ഗോവയിലേക്കെത്താന്‍ ഇനി ഒരു രാത്രി ദൂരം മാത്രം.
    ‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്ര തുടരുന്നു.

    ഭാഗം 15 - കാര്‍വാര്‍.

    രബീന്ദ്രനാഥ ടാഗോറിന്റെ പാദസ്പര്‍ശം കൊണ്ട് ധന്യമായ കാര്‍വാര്‍.

    ReplyDelete
  39. എന്നിട്ട് അവിടെയെങ്ങാനും മിര്‍ജാന്‍ പോര്‍ട്ടുമുണ്ടായിരുന്നോ? അതോ Fഉം Pയും തമ്മിലുള്ള വ്യത്യാസമറിയാത്ത ബോര്‍ഡെഴുത്തുകാരന്റെ തമാശയായിരുന്നോ അത്? ഇത്ര വിപുലമായ കോട്ട പുതുക്കിപ്പണിഞ്ഞ് സംരക്ഷിക്കപ്പെടുന്നുണ്ടെന്നൊരാശ്വാസം. :)

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.