Saturday 1 May 2010

മുരുദ്വേശ്വര്‍

‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12.
-------------------------------------------------------------

മൂകാംബികയിലും കുടജാദ്രിയിലുമൊക്കെ വിശാലമായിത്തന്നെ കറങ്ങണമെന്ന ആഗ്രഹത്തോടെയാണ് കൊല്ലൂരെത്തിയത്. പക്ഷേ, ജനത്തിരക്കിനിടയില്‍ മനഃസ്സമാധാനത്തോടെ ഒന്നും നടക്കില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് ദേവീദര്‍ശനത്തിനുശേഷം അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങള്‍ കൊല്ലൂരുനിന്നും വിടുതലായി. മൂകാംബികയില്‍ നിന്ന് കാട്ടിലൂടെ കുടജാദ്രിയിലേക്കുള്ള ഒരു യാത്ര അധികം താമസിയാതെ തന്നെ ചെയ്യണമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ.

ഇനി മുരുദ്വേശ്വറിലേക്കാണ്. മുരുദ്വേശ്വര്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവപ്രതിമ ഗാംഭീര്യത്തോടെ ഉയര്‍ന്നുനില്‍ക്കുന്ന ബട്ക്കല്‍ താലൂക്കിലെ കടല്‍ത്തീരം. ഫോട്ടോകളിലും ‘രസികന്‍ ‘ എന്ന സിനിമയിലുമൊക്കെ കണ്ടപ്പോള്‍ മുതല്‍ ആഗ്രഹിച്ചിട്ടുള്ളതാണ് മുരുദ്വേശ്വറിലേക്ക് ഒരു യാത്ര.
ഒരു ചെറിയ റൂട്ട് മാപ്പ്
കൊല്ലൂരുനിന്ന് 67 കിലോമീറ്ററോളം ദൂരമുണ്ട് മുരുദ്വേശ്വറിലേക്ക്. തീരദേശ പാത ലക്ഷ്യമാക്കി വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് വണ്ടി നീങ്ങിത്തുടങ്ങി. കാര്‍ക്കളയില്‍നിന്ന് കൊല്ലൂരേക്ക് വന്ന റൂട്ടില്‍ നിന്ന് വ്യത്യസ്തമാണ് കൊലൂരുനിന്ന് മുരുദ്വേശ്വറിലേക്കുള്ള പാത. റോഡിനിരുവശവും ഇടതൂര്‍ന്ന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു പലയിടത്തും. ഈ റൂട്ടില്‍ നല്ല ഗതാഗതത്തിരക്കുമുണ്ട്. കാരണം മറ്റൊന്നുമല്ല. കൊല്ലൂര് വരുന്ന ജനങ്ങളില്‍ നല്ലൊരു പങ്ക് മുരുദ്വേശ്വറിലേക്കും പോകുന്നുണ്ട്. തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ.

ലക്ഷ്യത്തിലെത്താനാകുമ്പോള്‍ത്തന്നെ പടിഞ്ഞാറേക്ക് നോക്കിയാല്‍ കെട്ടിടങ്ങളുടേയും മരങ്ങളുടേയും ഇടയിലൂടെ ശിവപ്രതിമയുടെ ഒരു മിന്നായം പലയിടത്തും കിട്ടും. നേവിഗേറ്റര്‍ ഇല്ലാത്ത ഒരാള്‍ക്ക് പോലും വഴി ഒരിക്കലും തെറ്റില്ല മുരുദ്വേശ്വറിലേക്ക്. അങ്ങോട്ടെത്തുമ്പോള്‍ത്തന്നെ R.N‍. ഷെട്ടിയുടെ ആശുപത്രിയും മറ്റ് കെട്ടിടങ്ങളും കാണാനായിത്തുടങ്ങും, റോഡില്‍ തിരക്ക് വര്‍ദ്ധിച്ച് വരും. എല്ലാം മുരുദ്വേശ്വറില്‍ എത്തി എന്നതിന്റെ അടയാളങ്ങളാണ്.

അലങ്കരിച്ച കമാനത്തിനടിയിലൂടെ ബീച്ചിലേക്ക് തിരിയുന്ന വഴി ചെന്നുനില്‍ക്കുന്നത് പൂരപ്പറമ്പ് പോലെ തിരക്കുള്ള കടല്‍ക്കരയിലേക്കാണ്. ഏക്കറ് കണക്കിന് സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. സ്കൂള്‍ കുട്ടികളും, വിദേശസഞ്ചാരികളും, വഴിവാണിഭക്കാരും, പൊലീസുകാരും ഒക്കെക്കൂടെ ബഹളമയം തന്നെ.
അവധിദിനങ്ങളില്‍ മുരുദ്വേശ്വറില്‍ തിരക്കോട് തിരക്കാണ്.
വണ്ടി പാര്‍ക്ക് ചെയ്ത് ക്യാമറയും മറ്റ് സന്നാഹങ്ങളുമൊക്കെയെടുത്ത് ഞങ്ങള്‍ പത്മാസനത്തിലമര്‍ന്നിരിക്കുന്ന ചതുരബാഹുവിന്റെ അടുത്തേക്ക് നടന്നു. കിഴക്ക്നിന്ന് വീഴുന്ന സൂര്യകിരണങ്ങള്‍ തട്ടി തിളങ്ങിനില്‍ക്കുകയാണ് വെള്ളിനിറത്തിലുള്ള മഹേശ്വരപ്രതിമ. ആഭരണങ്ങളായി അണിഞ്ഞിരിക്കുന്ന പാമ്പുകള്‍ക്കൊക്കെ സ്വര്‍ണ്ണനിറം.

ഈ ശില്‍പ്പത്തെപ്പറ്റി കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് മുന്‍‌പായി ശ്രീ. R.N‍.ഷെട്ടി എന്ന വ്യവസായപ്രമുഖനെ ഒന്ന് പരിചയപ്പെടുത്തിയേ പറ്റൂ.
ശ്രീ.R.N.ഷെട്ടിയുടെ ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്
മുരുദ്വേശ്വറിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ശ്രീ. R.N‍.ഷെട്ടിയുടെ പിതാവ് മുരുദ്വേശ്വര്‍ ക്ഷേത്രത്തിലെ ഒരു ജോലിക്കാരനായിരുന്നു. പഠനമൊക്കെ കഴിഞ്ഞതിനുശേഷം കൊച്ചുകൊച്ചു കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിപ്പോന്ന ഷെട്ടി കാലക്രമേണ സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വ്യവസായപ്രമുഖനായിത്തീര്‍ന്നു. തന്റെ ഗ്രാമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ ശില്‍പ്പ നിര്‍മ്മാണത്തിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. രണ്ട് വര്‍ഷമെടുത്തു 123 അടി ഉയരമുള്ള പ്രതിമയുടെ നിര്‍മ്മാണം തീരാന്‍. അതിലേക്ക് അദ്ദേഹത്തിന് ചിലവായതോ 5 കോടി രൂപയും.

എന്തായാലും ഷെട്ടിയുടെ ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ദിനംപ്രതി പതിനായിരക്കണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന ഒരു തീരദേശഗ്രാമമായി മുരുദ്വേശ്വര്‍ വളര്‍ന്നു. ഒരു വ്യക്തിക്ക് തന്റെ ഗ്രാമത്തിന് നേടിക്കൊടുക്കാനായ വലിയൊരു പ്രശസ്തി തന്നെയാണത്. ഒട്ടനവധി നാട്ടുകാര്‍ക്ക് ജോലി, ഒരുപാട് വികസനങ്ങള്‍. ഇതൊക്കെയുണ്ടെങ്കിലും ഈ മഹേശ്വര പ്രതിമ വന്നതോടെ മുരുദ്വേശ്വര്‍ ബീച്ചിന്റെ ഭംഗി നഷ്ടമായെന്നും ബീച്ച് വൃത്തിഹീനമായെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്. എല്ലാക്കാര്യങ്ങള്‍ക്കും രണ്ടഭിപ്രായമെങ്കിലും ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.
മുരുദ്വേശ്വരന്‍ - ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ
കാശിനാഥ് എന്ന ശില്‍പ്പിയുടെ നേതൃത്വത്തിലാണ് ശില്‍പ്പം നിര്‍മ്മിക്കപ്പെട്ടത്. ശില്‍പ്പത്തിനടുത്തേക്ക് എത്തണമെങ്കില്‍ പത്തിരുപത്തഞ്ച് പടികള്‍ മുകളിലേക്ക് കയറണം. പടികള്‍ക്ക് ഇടത്തുവശത്തായി ഉദ്യാനത്തില്‍ മേയുന്ന പശുക്കളുടെ ശില്‍പ്പങ്ങള്‍. ഇടത്തുവശത്തുതന്നെ കാണുന്ന മറ്റ് രണ്ട് ശില്‍പ്പങ്ങളുടെ കഥയറിയണമെങ്കില്‍ പുരാണങ്ങളിലൂടെ ഒന്ന് പോയി വരേണ്ടത് അത്യാവശ്യമാണ്.

ദേവന്മാരുടെ അപാരമായ ശക്തിയുടേയും അമരത്വത്തിന്റേയും രഹസ്യം ആത്മലിംഗം ആണ്. ശക്തിനിറഞ്ഞ ആത്മലിംഗത്തില്‍ നടത്തപ്പെടുന്ന അര്‍ച്ചനകളും പൂജകളും ദേവന്മാരുടെ ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
രാവണന്‍ കഠിന തപസ്സിലാണ്.
പത്ത് തല ഇരുപത് കൈകള്‍ - ഒറ്റക്കാലില്‍ രാവണന്റെ തപസ്സ്
ആത്മലിംഗം കൈക്കലാക്കാന്‍ രാവണന്‍ അതികഠിനമായ തപസ്സ് ചെയ്യുകയും സംപ്രീതനായ പരമശിവന്‍ രാവണന് ആത്മലിംഗം നല്‍കിയെങ്കിലും അത് നിലത്ത് വെക്കരുതെന്ന മുന്നറിയിപ്പും അതോടൊപ്പം നല്‍കുന്നു. അങ്ങനെ ചെയ്താല്‍ ആത്മലിംഗത്തിന്റെ ശക്തി ഭഗവാനിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് മുന്നറിയിപ്പ്. അസുരന്മാര്‍ക്ക് വരം കൊടുക്കുകയും പിന്നീട് എന്തെങ്കിലും സൂത്രപ്പണികളിലൂടെ അത് അവര്‍ക്ക് തന്നെ വിനാശകരമാക്കുന്ന ദേവന്മാരുടെ സ്ഥിരം പരിപാടി ഇവിടേയും ആവര്‍ത്തിക്കപ്പെടുന്നു.
ഗണപതി ഭഗവാന്റെ പ്രതിമ - മ്യൂസിയത്തിനകത്തെ ഒരു കാഴ്ച്ച.
ഇപ്രാവശ്യം ഗണപതിയാണ് ഇടങ്കോലുമായി രംഗത്തിറങ്ങുന്നത്. ലങ്കയിലേക്കുള്ള യാത്രയില്‍, ഗോകര്‍ണ്ണയില്‍ രാവണന്‍ എത്തിയപ്പോഴാണ് വിഘ്നേശ്വരന്‍ ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തില്‍ അവതരിക്കുന്നത്. ഈ സമയത്ത് മഹാവിഷ്ണു മേഘങ്ങള്‍ കൊണ്ട് സൂര്യനെ മറച്ച് സന്ധ്യാ സമയമായി എന്ന പ്രതീതി സൃഷ്ടിക്കുന്നു. തന്റെ സന്ധ്യാവന്ദനത്തിന് സമയമായെന്ന് കരുതി രാവണന്‍ ആത്മലിംഗം ബാഹ്മണ ഗണപതിയെ ഏല്‍പ്പിക്കുകയും അത് നിലത്ത് വെക്കരുതെന്ന് പറയുകയും ചെയ്തെങ്കിലും കാര്യങ്ങളൊക്കെ ദേവന്മാര്‍ക്ക് അനുകൂലമായിത്തന്നെ വന്നുഭവിക്കുന്നു. മൂന്ന് പ്രാവശ്യം താന്‍ വിളിക്കുന്നതിനുള്ളില്‍ പ്രാര്‍ത്ഥനയൊക്കെ നിര്‍ത്തി മടങ്ങിവന്നില്ലെങ്കില്‍ ആത്മലിംഗം താഴെവെച്ചിട്ട് പോകുമെന്നാണ് ഗണപതിയുടെ ശാസന. രാവണനെ മൂന്ന് പ്രാവശ്യം വിളിച്ചിട്ടും കാണാതായപ്പോള്‍ ഗണപതി പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു.

അപ്പോഴേക്കും മേഘങ്ങള്‍ മറനീക്കി പുറത്തുവന്നു. താന്‍ ചതിക്കപ്പെട്ടിരിക്കുന്നുവെന്ന് രാവണന്‍ മനസ്സിലാക്കുന്നു. നിലത്തുറച്ചുപോയ ആത്മലിംഗത്തെ സര്‍വ്വശക്തിയുമെടുത്ത് പിഴുതെടുക്കാന്‍ രാവണന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ക്രുദ്ധനായ രാവണന്‍ ലിംഗത്തിന്റെ കവചം, മൂടി, അത് മൂടിയിരുന്ന തുണി അങ്ങനെ ഒന്നൊന്നായി വലിച്ചെറിയുന്നു. തുണി ചെന്ന് വീണത് ‘കണ്ടുക ഗിരി‘ യുടെ മുകളിലുള്ള മൃദേശ്വരത്താണ്. പിന്നീടാ സ്ഥലത്തിന്റെ പേര് മുരുദ്വേശ്വര്‍ എന്നായി മാറുകയാണുണ്ടായത്.

ആത്മലിംഗത്തിന്റെ ഒരു ഭാഗം ചെന്ന് വീണത് ഇപ്പോഴത്തെ സൂറത്ത്ക്കല്‍ എന്ന സ്ഥലത്താണെന്ന് ഐതിഹ്യം. സൂറത്ത്ക്കലിലെ സദാശിവക്ഷേത്രം പണിതിരിക്കുന്നത് അവിടെച്ചെന്നുവീണ ആത്മലിംഗത്തിന്റെ കഷ്ണത്തിനു ചുറ്റുമായിട്ടാണ്. 23 മൈല്‍ ദൂരെയുള്ള സജ്ജേശ്വര എന്ന സ്ഥലത്താണ് ലിംഗത്തിന്റെ കവചം ചെന്ന് വീണത്. ലിംഗത്തിന്റെ അടപ്പ് ചെന്ന് വീണത് 12 മൈല്‍ അകലെയുള്ളതും, ഇപ്പോള്‍ ഗുണവന്തേ എന്നറിയപ്പെടുന്നതുമായ ഗുണേശ്വരയിലാണ്.
മ്യൂസിയത്തിനുവെളിയിലെ പ്രതിഷ്ഠ. ജോലിക്കാരി പടത്തിലെ കരടായി.
കൂറ്റന്‍ മഹേശ്വരപ്രതിമയുടെ കീഴ്ഭാഗം ഒരു മ്യൂസിയമാണ്. അതിലേക്ക് കടക്കണമെങ്കില്‍ പ്രവേശന ടിക്കറ്റ് എടുക്കണം. പുരാണമൊക്കെ വിശദമായി മനസ്സിലാക്കണമെങ്കില്‍ അതിനകത്തേക്ക് കടന്നാല്‍ മതി. ടിക്കറ്റ് എടുക്കുന്ന കൌണ്ടറിന്റെ മുന്‍പില്‍ത്തന്നെ ഒരു ശിവലിംഗപ്രതിഷ്ഠയുണ്ട്. അതിനുമുന്‍പില്‍ ഒന്ന് വണങ്ങിയശേഷം മ്യൂസിയത്തിനത്തേക്ക് കടന്നു.

മ്യൂസിയത്തിനകത്ത് സ്പീക്കറിലൂടെ ഒഴുകിവരുന്ന വിവരണം കന്നടയിലായിരുന്നു. ആ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും പ്രതിമകള്‍ നോക്കി നടന്നാല്‍ പുരാണത്തില്‍ അല്‍പ്പം ഗ്രാഹ്യമുള്ളവര്‍ക്ക് കഥകള്‍ മനസ്സിലാക്കിയെടുക്കാനാവും. രാവണനാണ് മ്യൂസിയത്തിനകത്തെ ഹീറോ. വിവിധതരം രാവണപ്രതിമകള്‍ ഉണ്ടതിനകത്ത്.
ശിവപ്രീതിക്കായി സ്വന്തം തലകള്‍ അറുത്തുമാറ്റുന്ന രാവണന്‍.
പത്ത് തലയുള്ള രാവണന്റെ ഫോട്ടോയും മറ്റും കണ്ടിട്ടുണ്ടെങ്കിലും നടുക്കുള്ള തലയൊഴിച്ച് മറ്റെല്ലാ തലയും ഉടലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തരത്തിലാണ് ഇതുവരെ കണ്ടിരിക്കുന്നത്. ആദ്യമായിട്ടാണ് സാമാന്യബുദ്ധിക്കിണങ്ങുന്ന 10 തലയുള്ള രാവണനെ ദര്‍ശിക്കുന്നത്. രാവണന്റെ കായബലവും രാക്ഷസരൂപവുമൊക്കെ എടുത്തുകാണിക്കുന്ന മനോഹരമായ ശില്‍പ്പങ്ങള്‍. ഒറ്റക്കാലില്‍ തപസ്സ് ചെയ്യുന്ന രാവണന്‍, കൈലാസമെടുത്ത് അമ്മാനമാടുന്ന രാവണന്‍, കഠിനമായ തപസ്സ് ചെയ്തിട്ടും മഹേശ്വരന്‍ പ്രത്യക്ഷപ്പെടാതായപ്പോള്‍ സ്വന്തം തലകള്‍ ഒന്നൊന്നായി അറുത്തെറിയുന്ന രാവണന്‍, ഗണപതിയുടെ ചതിയില്‍പ്പെട്ട് ആത്മലിംഗം കൈമാറുന്ന രാവണന്‍. എല്ലാം മനോഹരവും ആനുപാതികവും ശില്‍പ്പഭംഗി ഒത്തിണങ്ങിയതുമായ രൂപങ്ങള്‍ തന്നെ.
കൈലാസമെടുത്ത് അമ്മാനമാടുന്ന രാവണന്‍.
മ്യൂസിയത്തിന്റെ ഗുഹയില്‍ നിന്നിറങ്ങി മുക്കണ്ണന്റെ പ്രതിമയ്ക്ക് ഒരു വലത്തിട്ട് ഞങ്ങള്‍ വെളിയിലിറങ്ങി നടന്നു. അറബിക്കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന പരിസരപ്രദേശത്ത് ഇനിയുമുണ്ട് പുരാണദൃശ്യങ്ങള്‍. ആയുധം ഉപേക്ഷിച്ച് രണഭൂമിയില്‍ നില്‍ക്കുന്ന അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കുന്ന ശില്‍പ്പമാണ് അതില്‍ പ്രധാനപ്പെട്ട ഒരെണ്ണം.
ഗീതോപദേശം - മുരുദ്വേശ്വറിലെ ഒരു കാഴ്ച്ച.

സൂര്യദേവന്റെ തേര് - മറ്റൊരു മുരുദ്വേശ്വര്‍ കാഴ്ച്ച.
മുകളില്‍ സൂര്യന്‍ കത്തിക്കാളാന്‍ തുടങ്ങിയിരിക്കുന്നു. ദൂരെയായിക്കാണുന്ന ബീച്ചില്‍ ഒന്നിറങ്ങണമെന്ന ആഗ്രഹം നേഹ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്. ബീച്ചില്‍ സാമാന്യം നല്ല തിരക്കുണ്ട്. ഈ ഭാഗത്ത് ബീച്ചിന് അധികം ആഴമില്ലെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. തിരകള്‍ക്കും തീരെ രൌദ്രഭാവമില്ല.
ബീച്ച്, റസ്റ്റോറന്റ് എന്നിവയടങ്ങുന്ന ദൃശ്യം.
പക്ഷെ അപകടങ്ങള്‍ ഈ ബീച്ചിലും ഉണ്ടായിട്ടുണ്ട്. ബീച്ചിലേക്ക് തള്ളിനില്‍ക്കുന്ന റെസ്റ്റോറന്റില്‍ സാമാന്യം നല്ല തിരക്കുണ്ട്. തൊട്ടടുത്ത് തന്നെ കാണുന്ന R.N.S. ഗസ്റ്റ് ഹൌസ് ഷെട്ടിയുടെ തന്നെ സ്ഥാപനമാണ്. പ്രതിമയ്ക്ക് താഴെ നിന്നാല്‍ മഹേശ്വരന് അഭിമുഖമായി നില്‍ക്കുന്ന നന്ദിയേയും കടല്‍ക്കരയുമൊക്കെ കാണാം.
നന്ദിയുടെ പിന്നില്‍ കാണുന്നത് ക്ഷേത്രഗോപുരം.
ബീച്ചിലും നല്ല തിരക്കുണ്ട്. ഈ ബീച്ചിലെ മണ്ണ് അത്ര വൃത്തിയുള്ളതല്ല, ബീച്ചെന്ന് പറഞ്ഞാല്‍ ഗോവന്‍ ബീച്ചുകളാണെന്നൊക്കെ പറഞ്ഞ് നേഹയുടെ ആഗ്രഹത്തിന് കടിഞ്ഞാണിട്ടു. ക്ലീനല്ലാത്ത സ്ഥലങ്ങളിലൊന്നും പുള്ളിക്കാരി ഇറങ്ങില്ലെന്ന് ഞങ്ങള്‍ക്കറിയാമല്ലോ. അതങ്ങ് മുതലെടുത്തു.
ഗോപുര കവാടത്തിനു മുന്നിലെ തിരക്ക്.
താഴേക്ക് നടന്നിറങ്ങി വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നതിനടുത്തായുള്ള ക്ഷേത്രഗോപുരത്തില്‍ കയറുകയായിരുന്നു അടുത്ത ലക്ഷ്യം. ഗോപുരവാതിലിന് മുന്നിലായി രണ്ട് ആനകളുടെ പ്രതിമകള്‍. ഫോട്ടോകള്‍ ഒന്നുപോലും ആല്‍ത്തിരക്കിനിടയില്‍ സ്വര്യമായി എടുക്കാന്‍ പറ്റുന്നില്ല. ടിക്കറ്റെടുത്ത് ഗോപുരത്തിനുമുകളിലേക്കുള്ള ലിഫ്റ്റിലേക്ക് കറയി.
249 അടി ഉയരമുള്ള ക്ഷേത്രഗോപുരം.
ശിവപ്രതിമയുടെ നിര്‍മ്മാണത്തിന് ശേഷമാണ് ക്ഷേത്രഗോപുരം നിര്‍മ്മിക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്ന് ജോലിക്കാരെത്തിയാണ് 20 നിലകളുള്ള ഗോപുരം പണിതീര്‍ത്തത്. ക്ഷേത്രഗോപുരങ്ങളുടെ കാര്യമാകുമ്പോള്‍ തമിഴ് ജനത കഴിഞ്ഞല്ലേ മറ്റാരെങ്കിലും വരൂ.

ലിഫ്റ്റ് വഴി ഏറ്റവും മുകളിലത്തെ നിലയില്‍ ചെന്നിറങ്ങിയാല്‍ ജനലിലൂടെ പ്രതിമയുടേയും ബീച്ചിന്റേയുമൊക്കെ മനോഹരമായ ദൃശ്യത്തിന് സാക്ഷിയാവാം. ജനലിനടുത്ത് സൂചികുത്താനിടം കൊടുക്കാതെ മൊബൈല്‍ ക്യാമറ മുതല്‍ പുട്ടുകുറ്റി ക്യാമറ വരെയുള്ള സാങ്കേതികത്വവുമായി തിങ്ങി നില്‍ക്കുന്ന ജനങ്ങള്‍. ക്യാമറയുമായി ആ തിരക്കിനിടയിലേക്ക് കുത്തിക്കയറാന്‍ ഞാനല്‍പ്പം ശ്രമപ്പെട്ടു. പക്ഷെ അതിന് ഫലമുണ്ടായി. ശങ്കരന്റെ മുകളില്‍ നിന്നുള്ള കാഴ്ച്ച ക്യാമറക്കണ്ണിലൂടെ അകത്തേക്ക് ആവാഹിക്കപ്പെട്ടു.
ഗോപുരത്തിന് മുകളില്‍ നിന്നുള്ള മുരുദ്വേശ്വരന്റെയും തീരത്തിന്റേയും ഒരു ദൃശ്യം.
മറുവശത്തുള്ള മറ്റൊരു ജനലില്‍ അത്ര വലിയ തിരക്കില്ല. അതിലൂടെ നോക്കിയാല്‍ മുരുദ്വേശ്വര്‍ ബീച്ചിന്റെ മനം മയക്കുന്ന ദൂരക്കാഴ്ച്ച കിട്ടുന്നുണ്ട്. സൂര്യപ്രഭ കുത്തനെ വീണ് തിളങ്ങിനില്‍ക്കുന്ന കടല്‍പ്പരപ്പ്. അങ്ങിങ്ങായി നങ്കൂരമിട്ട് കിടക്കുന്ന നൌകകള്‍ . കടല്‍ത്തീരത്തോട് ചേര്‍ന്ന് ഹരം പിടിപ്പിക്കുന്ന പച്ചപ്പ്. ആഴം കുഴവായതുകൊണ്ട് അറബിക്കടലിലേക്ക് നടന്നിറങ്ങി കടല്‍‌ത്തിരകളുടെ തലോടലേല്‍ക്കുന്ന വിനോദസഞ്ചാരികള്‍.
ഗോപുരത്തിനു മുകളില്‍ നിന്ന് കാണുന്ന കടല്‍ത്തീരം.
249 അടി ഉയരമുള്ള ‘രാജ ഗോപുര‘ യാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രഗോപുരമെന്നത് പുതിയൊരറിവായിരുന്നു എനിക്ക്. ഷെട്ടിയുടെ കര്‍മ്മഫലമായി 2 റെക്കോര്‍ഡുകളാണ് മുരുദ്വേശ്വറില്‍ നിലകൊള്ളുന്നത് എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
ഗോപുരത്തില്‍ അധികസമയം നിന്ന് തിരിയാന്‍ പറ്റില്ല. സഞ്ചാരികള്‍ വന്ന് നിറഞ്ഞുകൊണ്ടിരിക്കുകയാണ് അവിടെ. ഞങ്ങള്‍ അടുത്ത ലിഫ്റ്റില്‍ താഴേക്കിറങ്ങി. മുരുദ്വേശ്വര ക്ഷേത്രനടയിലേക്ക് ഒന്നെത്തിനോക്കി പ്രസാദവും വാങ്ങി യാത്ര തുടരാനാണ് പദ്ധതി. ഓരോ സ്ഥലത്തും ചിലവഴിക്കാവുന്ന സമയത്തിന് കൃത്യമായ പരിധിയുണ്ട് ഞങ്ങള്‍ക്ക്. അത് തെറ്റിച്ചാല്‍ 10 ദിവസത്തേക്ക് പ്ലാന്‍ ചെയ്തിരിക്കുന്ന കാര്യങ്ങളൊക്കെ തകിടം മറിയും.

രാവണന്റെ മുരുദ്വേശ്വര പുരാണത്തിനായി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇതുവരെ അറിയില്ലായിരുന്ന പുരാണകഥകളില്‍ നിന്ന് കിട്ടിയ ചില നുറുങ്ങുകള്‍, ദേവന്മാര്‍ക്ക് ചിലപ്പോള്‍ വന്നുപെടുന്ന ഗതികേടിനെപ്പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു.

രണ്ടാമത്തെ ശ്രമത്തിലാണ് രാവണന്‍ ശിവനില്‍ നിന്നും ആത്മലിംഗം കൈക്കലാക്കുന്നത്. ആദ്യശ്രമം വിജയിക്കുമെന്നായപ്പോള്‍ അതിനെ അട്ടിമറിക്കാനിറങ്ങിയത് സാക്ഷാല്‍ നാരദനും വിഷ്ണുഭഗവാനും ചേര്‍ന്നായിരുന്നു. വരം ചോദിക്കേണ്ട സമയത്ത് രാവണനെക്കൊണ്ട് ആത്മലിംഗത്തിന് പകരം പാര്‍വ്വതീ ദേവിയെ ചോദിപ്പിക്കുകയാണുണ്ടായത്. ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ! ഗതികേട് എന്നല്ലാതെ എന്തുപറയാന്‍! ശിവന്‍ സ്വപത്നി പാര്‍വ്വതിയെ രാവണന് കൊടുക്കുന്നു.(രാവണന്‍ എന്ന് കേട്ടാല്‍, സീത മാത്രമല്ല പാര്‍വ്വതി കൂടെ ഇനി മുതല്‍ എന്റെ മനസ്സിലേക്ക് കടന്ന് വരുമെന്ന് തീര്‍ച്ച.)

മടക്കവഴിയേ, കാര്യങ്ങള്‍ കലക്കാന്‍ മുന്നില്‍ നിന്ന നാരദന്‍ തന്നെ രാവണനെക്കണ്ട്, ഇത് യഥാര്‍ത്ഥ പാര്‍വ്വതിയല്ല, ശരിക്കുള്ള പാര്‍വ്വതിയെ പരമശിവന്‍ പാതാളത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് പറയുന്നുമുണ്ട്. ആ കഥ മറ്റൊരു വഴിക്ക് നീണ്ടുപോകുന്നു. വീട്ടില്‍ മടങ്ങിയെത്തിയ രാവണനോട് ആത്മലിംഗം എവിടെ എന്ന് മാതാവ് ചോദിക്കുമ്പോഴാണ് തന്റെ ലക്ഷ്യം പിഴച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിയ രാവണന്‍ രണ്ടാമതും തപസ്സ് ചെയ്യാന്‍ തുടങ്ങുന്നത്.
നേഹയ്ക്കൊപ്പം മുരുദ്വേശ്വരനു മുന്നില്‍
മഹേശ്വരനോടും മുരുദ്വേശ്വറിനോടും യാത്രപറഞ്ഞ് കാറില്‍ക്കയറിയപ്പോള്‍ പാദമുദ്ര എന്ന സിനിമയിലെ “അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാര മൂര്‍ത്തീ.........“ എന്നു തുടങ്ങുന്ന മനോഹരമായ ശിവഭക്തി ഗാനത്തിലെ ഒരു വരി പെട്ടെന്ന് മനസ്സിലോടിയെത്തി.

“കാമനെച്ചുട്ടോരു കണ്ണില്‍ക്കനലല്ല,
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ ?!


മുരുദേശ്വരന്റെ മുഖത്തെ ഭാവമെന്താണ് ? കൃത്യമായി പറയാന്‍ ഞാനാളല്ല. കാശീനാഥന്റെ സൃഷ്ടിയില്‍ രൌദ്രവും ക്രോധവുമൊന്നുമല്ല തെളിഞ്ഞു നില്‍ക്കുന്നത്; കാമവുമല്ല. മുരുദ്വേശ്വറിലെ അറബിക്കടല്‍ പോലെതന്നെ ശങ്കരനും ശാന്തനാണെന്നാണ് എനിക്ക് തോന്നിയത്.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയുക.

51 comments:

  1. അപ്പോ, ഉത്ഭവത്തിലെ രാവണനെ കണ്ടു അല്ലേ? നന്നായി.
    (ഉത്ഭവം=രാ‍വണോത്ഭവം കഥകളി. അതിലെ ആ തപസ്സാട്ടം പോലെയുള്ള ശില്‍‌പ്പങ്ങള്‍ ഞാന്‍ ആദ്യായിട്ടാ കാണുന്നത്. ഓരോ തലയുമായി മുറിച്ച് ഹോമിക്കുന്നത്)
    http://vayanasala.blogspot.com/2006/10/blog-post_16.html

    -സു-

    ReplyDelete
  2. അതെ, ശങ്കരന്‍ ശാന്തനാണ്......
    യാത്രയോടൊപ്പം പുരാണവും നന്നായിരുന്നു....

    ReplyDelete
  3. വ്യത്യസ്തമായൊരു വായനാനുഭവം . പുരാണങ്ങളുടെ ഭുമികയിലൂറെയുള്ള ഈ യാത്രയും പുതുമയുള്ളത് തന്നെ.

    ReplyDelete
  4. നന്നായി മുര്‍ഡേശ്വര്‍ വിവരണം.

    ReplyDelete
  5. എല്ലാം ശിവമയം ..........ശിവശക്തി മയം .............
    നല്ല ക്ലാരിറ്റി ഉള്ള പടങ്ങള്‍ .............

    ReplyDelete
  6. വിവരണം പതിവ് പോലെ മനോഹര, ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഗോപുരത്തിന്റെ മുകളിൽ നിന്ന് എടുത്ത ശിവ പ്രതിമയുടെ ചിത്രം. ഗീതോപദേശത്തിന്റെ ഒരു ക്ലിയർ വ്യൂ ഫോട്ടൊ എടുക്കായിരുന്നു. പിന്നെ, എനിക്ക് വായിച്ചപ്പോൾ ചെറിയൊരു അഭംഗിതോന്നിയ ഒരു ഭാഗ,
    “ശില്‍പ്പത്തിന് കീഴേക്കെത്തണമെങ്കില്‍ പത്തിരുപത്തഞ്ച് പടികള്‍ മുകളിലേക്ക് കയറണം.“ - ഇവിടെ ശിൽ‌പ്പത്തിന് കീഴേക്കെത്തെണമെങ്കിൽ എന്നതിന് പകരം ശിൽ‌പ്പത്തിന്റെ അടുത്ത് എത്തണമെങ്കിൽ എന്ന് പോരേ? ഒറ്റവായനയിൽ എന്തോ ഒരു പോരായ്മ തോന്നി.. അതൊകൊണ്ട് പറഞ്ഞതാട്ടോ..

    ReplyDelete
  7. എനിക്കീ മുരുദ്വേശ്വര്‍ ശരിക്കും ഇഷ്ടപ്പെട്ടു. ആള്‍ത്തിരക്കു കുറവാണെങ്കില്‍ ശരിക്കും ആസ്വദിക്കാവുന്ന ഒരു സ്ഥലം തന്നെ.

    - സന്ധ്യ

    ReplyDelete
  8. ഒരു തറഹൈന്ദവ വര്‍ഗ്ഗീയ പ്രജനനകെന്ദ്രം.വീഗാലാന്‍ഡ്... വണ്ടര്‍ലാപോലെ റൈഡുകളൊന്നുമില്ലാത്തത് ഒരു കുറവാണെന്നു തൊന്നുന്നു.
    ഷെട്ടിയുടെ പണച്ചാക്കുദൈവം :) വര്‍ഗ്ഗീയ ബുദ്ധികള്‍ സമൂഹത്തിനു നല്‍കുന്ന സംഭാവന ഇങ്ങനെയൊക്കെയാകും !!!
    യാത്രാവിവരണത്തിനു നന്ദി.

    ReplyDelete
  9. വ്യത്യസ്തമായൊരു യാത്രാ വിവരണം. പതിവുപോലെ ഇഷ്ടപ്പെട്ടു. ഇത്‌ ഞങ്ങളുമായി പങ്കുവെച്ചതിന്‌ നന്ദി.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഇത്തവണയും ഞാന്‍ പുറകെയുണ്ട്. വിവരണത്തിന് നന്ദി. എന്‍റെ അനുഭവം ഈ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. നോക്കുക.

    ReplyDelete
  12. രാവണന്റെ ഒരു മസില​‍്‌...നന്നായിരിക്കുന്നു വിവരണം

    ReplyDelete
  13. :) ശിവ പ്രതിമ കാണാന്‍ നല്ല രസം

    ReplyDelete
  14. ഗംഭീര വിവരണം.നല്ല പടങ്ങൾ.

    ReplyDelete
  15. ജനുവരിയില്‍ മുരുദ്വേശ്വരന്റെ ചിത്രം
    കണ്ടപ്പോള്‍ മുതല്‍ ഞാന്‍ കാത്തിരുന്ന പോസ്റ്റ് ആണിത്.
    ആരാലും തിരിഞ്ഞു നോക്കാതെ കിടന്ന ഒരു ഗ്രാമം ഇന്നു കേട്ടറിഞ്ഞ് എത്ര ആളുകള്‍ സഞ്ചാരികളായി എത്താന്‍ R.N‍.ഷെട്ടി എന്ന വ്യവസായപ്രമുഖന്‍ അവസരമൊരുക്കി. ഒരു വ്യവസായിയുടെ ബുദ്ധി എന്നതിനേക്കാള്‍ സ്വന്തനാടിനെ അഭിവൃത്തിയിലേക്ക് വഴി തെളിച്ച മനുഷ്യനെന്ന് വിളിക്കാം. അറിയാതിരുന്ന രാവണകഥയിലെ ചിലത് ഈ പോസ്റ്റിലൂടെ വായിച്ചറിഞ്ഞു .. നീരുവിന്റെ പോസ്റ്റ് വായിച്ചു പോകുവാനല്ല പഠിച്ചു പോകാനാണ് ശ്രമിക്കുന്നത്. വിശദമായ വിവരണം ചിത്രങ്ങള്‍ അതി മനോഹരം ... പണ്ടത്തെ പോലെ അല്ല ആളുകള്‍ സഞ്ചാരം ഇഷ്ടപ്പെട്ടു തുടങ്ങി, എന്നു തെളിയിക്കുന്നു ഈ ജനത്തിരക്ക്. വായിച്ചറിയുന്നതിന്റെ എത്രയോ മടങ്ങ് നേരില്‍ കണ്ട് അറിയാം ..
    യാത്രകള്‍ സുരക്ഷിതമായി തുടരുക ....
    എന്റെ പ്രാര്‍ത്ഥനകള്‍..

    ReplyDelete
  16. പുതിയ കാഴ്ച്ചകള്‍,അറിവുകള്‍,ചിത്രങ്ങള്‍...

    പതിവുപൊലെ യാത്രയെ
    പിന്തുടര്‍ന്നുകൊണ്ടേയിരുക്കുന്നു..

    ReplyDelete
  17. നന്നായിട്ടുണ്ട്,വിവരണങ്ങള്‍...പോട്ടങ്ങളും....
    കണ്ടാസ്വദിക്കാം..സാധാരണപോലെ, എല്ലാത്തിലും ഒരു നീരു ടച്ച്,അനുമോദനങ്ങള്‍...

    ReplyDelete
  18. ചില പരിമിതികൾക്ക് വിധേയമായി യാത്രകൾ വളരെ കുറച്ചുമാത്രം ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോൾ താങ്കളുടെ ബ്ലോഗിലൂടെയാണ് എന്റെ യാത്ര. മുൻപ് എഴുതിയ കണ്ണൂരിലെ യാത്രാവിവരണം വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഞാൻ എത്രയോ തവണ കണ്ട, എന്റെ പരിസരത്തുള്ള സ്ഥലങ്ങൾ ഇത്ര സുന്ദരമാണെന്ന് അറിയുന്നത് ഇപ്പോഴാണ്. അഭിനന്ദനങ്ങൾ.
    ഞാൻ എടുത്ത ഫോട്ടോകൾ മാത്രം ഉള്ള ഒരു ബ്ലോഗ് എനിക്കുണ്ട്. അവിടെ ഏതാനും ദിവസം മുൻപ് ഉള്ള Drive in Beach ഫോട്ടോകൾ കാണാം. http://mini-chithrasalaphotos.blogspot.com/2010/04/muzhappilangad-beach-kannur.html

    ReplyDelete
  19. As usual very informative description....Thanks a lot.... ithrayum thirakilla enkil enjoy cheyyavunna oru sthalam alle.....?

    ReplyDelete
  20. യാത്രകള്‍ എന്നും വ്യത്യസ്തമായ അനുഭവം തന്നെ...നീരുവിന്റെ ഈ യാത്രയെ പിന്തുടരുന്നതിനാല്‍ അനുഭവം മാത്രമല്ല അറിവും ലഭിക്കുന്നു.ആശംസകള്‍!

    ReplyDelete
  21. പുരാണകഥകളിലെ കഥാപാത്രങ്ങളും വിവരണങ്ങളും കാഴ്ചകളുമൊക്കെകൂടി യാത്രാ വിവരണം ഇത്തവണയും നന്നായി

    കുറെ കാലം കഴിയുമ്പോൾ നമ്മുടെ മായാവതിയുടെയും മറ്റും പ്രതിമകളുടേ കഥകളും അന്നത്തെ തലമുറ അവരുടേ ബ്ലോഗിൽ പോസ്റ്റ് ചെയ്യുമായിരിക്കും :)

    ReplyDelete
  22. Ithil eduthu parayendathu, ravanane pattiyulla puthiya arivukalaanu. Post nannaayi maashe.

    ReplyDelete
  23. '.സൂര്യദേവന്റെ തേര് 'ആ ഫോട്ടോ ,അതുപോലെ ,അത്രയും ശക്തിയും ഉള്ള ഒരു വിവരണം!!! ,എല്ലാം കൊണ്ടും വളരെ നന്നായിരിക്കുന്നു

    ReplyDelete
  24. യാത്ര തുടരട്ടെ

    ReplyDelete
  25. ഫുള്‍ ടൈം യാത്രയാണോ? വിവരണം കലക്കി!

    ReplyDelete
  26. മനോജേട്ടാ അങ്ങനെ കഴിഞ്ഞ ഏതാനും മാസങ്ങളുടെ കാത്തിരിപ്പിന് വിരാ‍മമായി. ചിലചിത്രങ്ങളില്‍ മുരുദേശ്വരന്റെ ചിത്രം കണ്ടതുമുതല്‍ അതിനെപ്പറ്റികൂടുതല്‍ അറിയാന്‍ കാത്തിരുന്നതാണ്. ഒപ്പം ആര്‍ എന്‍ ഷെട്ടിയെന്ന വ്യവസായപ്രമുഖനേയും അറിഞ്ഞു.തന്റെ നാടിനു പ്രശസ്തിയും നാട്ടുകാര്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗവും ആയി അദ്ദേഹത്തിന്റെ ഈ സംഭാവന.ഒപ്പം അറിയാത്ത ചില പുരാണകഥകളും പഠിച്ചു. വിജ്ഞാനപ്രദമായ ഈ വിവരണത്തിനു നന്ദി. മുരുദേശ്വരന്‍ ശാന്തനാണെന്നു തന്നെ ഞാനും കരുതുന്നു

    മനോരാജ് പറഞ്ഞ അഭിപ്രായം എനിക്കും ഉണ്ട്. ആ വാചകത്തിന്റെ ഘടന ഒന്നു മാറ്റാമായിരുന്നു. രണ്ടാമതായി മുരുദേശ്വരന്റെ സമീപത്തെ രണ്ടു പ്രതിമകളുടെ കഥ പറഞ്ഞു, പക്ഷേ ആ പ്രതിമകള്‍ ആരുടേതെല്ലാം ആണെന്ന് പറയാന്‍ വിട്ടുപോയോ? രാവണന്‍ ബ്രാഹ്മണബാലരൂപനായ ഗണപതിയെ ആത്മലിംഗം ഏല്‍പ്പിക്കുന്ന രംഗമാണ് പ്രതിമകളില്‍ എന്ന് കരുതുന്നു. പിന്നെ തിരുത്തേണ്ട വാക്കുകള്‍ ആല്‍ത്തിരക്കിനിടയില്‍, സ്വര്യമായി (സ്വൈര്യമായി), കുഴവായതുകൊണ്ട്. അടിവരുന്നതിനു മുന്‍പേ ഞാന്‍ ഓടി. ഇനി യാത്രയുടെ അടുത്ത ഘട്ടത്തില്‍ കാണാം...

    ReplyDelete
  27. ആഖ്യാനത്തിന്റെ ശൈലി ഇഷ്ടായി...വളരെ ലളിതവും മനോഹരവുമായിരിക്കുന്നു...

    ReplyDelete
  28. വായിക്കുന്നു എന്നറിയിക്കാന്‍.....

    ReplyDelete
  29. manojettaa...pathivu poley...post kidilam...
    Murudeshwar photos,nerathey kandittundenkilum,athoru swakaarya vyakthiyudeyaanennathu puthiya arivaayirunnu....kurachu kooduthal pics ulla oru pazhaya mail njan fwd cheyyunnu...
    puthiya post naayi,akshamayodey.....:)

    ReplyDelete
  30. രാവണനും പൂണൂലോ? ശിവകാശി പ്രസുകാരാണല്ലോ നമ്മുടെ ദൈവങ്ങളുടെ ശില്പികള്‍!അവര്‍ മഹാബലിക്കും പൂണൂല്‍ നല്‍കിയിട്ടുണ്ട്. ഇത്തരം യാത്രാവിവരണങ്ങള്‍- കൊല്ലുര്‍ മൂകാംബിക,തിരുപ്പതി,മുരുദ്വേശ്വര്‍ -സവര്‍ണഹൈന്ദവതയുടെ നിര്‍ദോഷമെന്ന മട്ടിലുള്ള ഒരു പ്രചാരണം കൂടിയാണ്.

    ReplyDelete
  31. മുരുദ്വേശ്വര്‍ യാത്രാവിവരണം വായിക്കുകയും ആസ്വദിക്കുകയും, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, മറ്റ് ലിങ്കുകള്‍ നല്‍കുകയും, നിഗമനങ്ങളില്‍ എത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

    മണികണ്ഠനും, മനോരാജും ചൂണ്ടിക്കാണിച്ച വരി അല്‍പ്പം വ്യത്യാസപ്പെടുത്തി ഇട്ടിട്ടുണ്ട്. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി :)

    ReplyDelete
  32. നല്ല പോസ്റ്റ്‌ ! ജൈന മതം, തലശേരിയുലെ ആ വീട്, വിലക്ക്, പിന്നെ കൊടുങ്ങല്ലോരരിലെ പള്ളി, അമ്പലം - ആകെ മൊത്തം ഒരു national integration mission പോലെ ഉണ്ട്.

    Great Job ! Keep it up !

    ReplyDelete
  33. ശോ....ഈ കമന്റ്‌ ഇപ്പഴാ കണ്ടത്.
    "ഇത്തരം യാത്രാവിവരണങ്ങള്‍- കൊല്ലുര്‍ മൂകാംബിക,തിരുപ്പതി,മുരുദ്വേശ്വര്‍ -സവര്‍ണഹൈന്ദവതയുടെ നിര്‍ദോഷമെന്ന മട്ടിലുള്ള ഒരു പ്രചാരണം കൂടിയാണ്"

    Dear സത്യാന്വേഷി,

    താങ്ങള്‍ ഈ വിവരണം ഫുള്‍ കണ്ടില്ല എന്ന് തോനുന്നു. ഇതില്‍ പള്ളി, ജൈന മത ടെമ്പിള്‍, ഇസ്ല്ലാം പള്ളികള്‍ എല്ലാം ഒരേ പോലെ, ഒരേ ഇഷ്ടതോടെ വിവരിച്ചിട്ടുണ്ട്.

    ഓരോ സ്ഥലത്ത് എത്തുമ്പോള്‍, അവിടെ ഉള്ളതിനെ കുറിച്ച് എഴുതുന്നു. അത്ര തന്നെ.

    ചെരമ്മാന്‍ പള്ളി :
    http://chilayaathrakal.blogspot.com/2010/02/blog-post.html

    http://chilayaathrakal.blogspot.com/2010/02/blog-post_08.html

    http://chilayaathrakal.blogspot.com/2010/02/blog-post_15.html

    http://chilayaathrakal.blogspot.com/2008/10/blog-post.html


    http://chilayaathrakal.blogspot.com/2009/02/blog-post_16.html

    ഹൈന്ദവതയുടെ പ്രചാരണം ആണ് ഉദേശം എങ്കില്‍, ഇത് പോലെ എല്ലാ മതകാരെയും പറ്റി എഴുതുമോ ?

    അടുപിച്ച്ചു രണ്ടു അമ്പല കഥ എഴുതിയാല്‍ ഹൈന്ദവതയുടെ പ്രചാരണം ആണെങ്ങില്‍, ഈജിപ്‌ഷ്യന്‍ യാത്ര എഴുതുന്ന സജി ഫറവോന്‍ ആണോ ? വേറെ മത വിശ്വാസി ആയ, സജി നടത്തിയ ഹിമാലയന്‍ യാത്ര താങ്ങള്‍ വായിച്ചിരുന്നോ ?

    ജീവിതത്തില്‍ മതം വേണം, പക്ഷെ എല്ലാം നമ്മള്‍ ആ കണ്ണില്‍ കാണാന്‍ പാടില്ല എന്ന് കരുതുന്നു.

    സത്യാന്വേഷി എന്ന പേരിലെ "സത്യം" എന്ന വാക് കണ്ടിട്ടാണ് ഞാന്‍ ഈ ലിങ്ക് എലാം തപ്പി കൊണ്ട് വന്നത്. അനേക്ഷണം ഈസി ആയികൊട്ടെ എന്ന് കരുതി.

    ദാ ഈ നീരു എഴുതിയ ഈ ലിങ്ക് കൂടെ നോക്കു.
    http://chilayaathrakal.blogspot.com/2008/01/blog-post.html

    ReplyDelete
  34. നല്ല ചിത്രങ്ങള്‍:)

    ReplyDelete
  35. "സത്യാന്വേഷി said...

    രാവണനും പൂണൂലോ"

    സത്യാന്വേഷി, ഹിന്ദു പുരാണ പ്രകാരം രാവണന്‍ ഒരു ബ്രാഹ്മിണ്‍ തന്നെയാണ് (അതായിരിക്കും പ്രതിമ ഉണ്ടാക്കിയ ആൾ രാവണനെ പൂണൂൽ ധരിപ്പിചത്).. ബ്രഹ്മാവിന്റെ മാനസ പുത്രന്‍ ആയ പുലറ്റ്സ്യ മഹർഷിയുടെ(സപ്തർഷിമാരിൽ ഒരാൾ) പുത്രനായ വൈശ്രവസ് ആണു രാവണന്റെ അച്ഛൻ. അമ്മ അസുരവംശ രാജകുമാരിയായ കൈകസി... ശിവകാശിയിലുള്ളവർ മാത്രമല്ല ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വരക്കുന്നത്... എന്നാലും ഇത്ര മനോഹരമായ് യാത്രവിവരണങ്ങൾ എഴുതുന്ന നീരു ചേട്ടന്റെ ബ്ലൊഗ്ഗിൽ ഇതു പോലൊരു കമന്റ് :)...ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും, ചോര തന്നെ കൊതുകിനു....

    ReplyDelete
  36. ഹഹഹ....
    രാവണനു മാത്രമല്ല ...ശൂദ്രനുപോലും
    ബ്രാഹ്മണന്‍ പൂണൂല്‍ കനിഞ്ഞു നല്‍കിയിരുന്നു.
    തിരുവനന്തപുരത്തെ ശൂദ്ര രാജാക്കന്മാര്‍ക്ക് പൂണൂല്‍
    നല്‍കിയ ബ്രാഹ്മണന്റെ ഉദ്ദേശം സര്‍വ്വം വിഴുങ്ങുക എന്നതു മാത്രമാണ്. ബ്രാഹ്മണര്‍ക്കിടയില്‍ തന്നെ
    എത്രയെത്ര ഉയര്‍ച്ച താഴ്ച്ചകളും വകഭേദങ്ങളുമുണ്ട് !
    പള്ളീലച്ഛന്മാര്‍ ഉത്സാഹിച്ചാല്‍ ആശാരിയായ കൃസ്തുവിന്റെ
    മാറത്തും ഒരു പൂണൂല്‍ ചാര്‍ത്താന്‍ ബ്രാഹ്മണ തിരുമേനിമാര്‍ക്ക് തിരുവുള്ളക്കേടുണ്ടാകില്ല !
    കഥയും ഐതിഹ്യവുമൊക്കെ യഥാവിധി എഴുതിയുണ്ടാക്കിക്കൊള്ളും !
    കാശുള്ളവനാണെങ്കില്‍ ആദിവാസിക്കും പൂണുല്‍ കൊടുത്ത് ആദരിക്കുക എന്നതാണ് ബ്രാഹ്മണ മതം !ശീലവും !!!

    ReplyDelete
  37. ബ്ലോഗിൽ വരുന്ന പോസ്റ്റുകളെ ജാതീയവൽക്കരിച്ച് അതിൽ ആനന്ദം കണ്ടെത്തുന്നത് അത്ര നല്ല പ്രവണതയല്ല.. ക്യാപറ്റൻ പറഞ്ഞപോലെ ഈ വിവരണത്തിന്റെ ആദ്യഭാഗങ്ങളൊന്നും കാണാതെ പണ്ട് അന്ധന്മാർ ആനയെ വിവരിച്ച പോലെയായിപ്പോയി... സത്യാന്വേഷണം നല്ലത്.. പക്ഷെ അന്വേഷിക്കുന്നത് സത്യം തന്നെയാകണം.. ഹിന്ദുവെന്നോ മുസ്ലീമെന്നോ കൃസ്ത്യാനിയെന്നോ ജൈനനെന്നോ വ്യത്യാസമില്ലാതെ ഇത് വരെ പോയിരുന്ന മനോഹരമായ ഒരു വിവരണത്തെ വർഗ്ഗീയവൽക്കരിക്കുക വഴി എന്ത് നേടി.. പബ്ലിസിറ്റി സ്റ്റണ്ട് ആണേലും അതിനും പരിധി വേണം.. നിങ്ങളോടൊക്കെ ഒരു “ചിത്രം “മനസ്സിലുണ്ടായിരുന്നു .. നശിപിച്ച് കളയരുത് . ആചിത്രങ്ങളൊന്നും..

    ReplyDelete
  38. ചിത്രകാരന്, ബ്രഹ്മത്തെ അറിഞഞവനാണു ബ്രാഹ്മണന്‍ ....അതു ശൂദ്രനും ചണ്ഡാളനുമാവാം ...അദ്വൈതസങ്കല്പ്പം അറിഞഞ ശ്രീ ശങ്കരന്റെ നാട്ടുകാരാണു നമ്മള്‍ .....ദയവു ചെയ്തു ഈ ബ്ലൊഗ് ജാതി മത വാദങ്ങളില്‍ നിന്നു ഒഴിവാക്കൂ......മനോജിന്റെ യാത്രകളും വിവരണ്ങ്ങളും നിര്‍ ബാധം തുടരട്ടെ.............

    ReplyDelete
  39. ഇന്നാണ് ശരിയായി വായിക്കാനൊത്തത്. കൊങ്കൻ വഴിയുള്ള സ്ഥിരം ട്രെയിൻ യാത്രകളിൽ വളരെ കൌതുകത്തോടെയാണ് ശിവന്റെ ഈ രൂപം കാണാറുള്ളത്.

    ഇവിടെ ചില അനാവശ്യ കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുന്നു.

    ReplyDelete
  40. സുഹൃത്തേ, സത്യാന്വേഷീ,
    നിനക്ക് മറുപടിയായി ഇത് മാത്രം :P
    (ഇതീക്കൂടുതല്‍ തന്നാല്‍ ചിലപ്പോ അഹങ്കാരം വരും അതോണ്ടാ ട്ടാ)

    ReplyDelete
  41. പോയിട്ടുള്ള സ്ഥലമാണ് .. പക്ഷെ അതിനേക്കാള്‍ സുഖം ഇത് വായിച്ചപ്പോള്‍ കിട്ടി :)

    ReplyDelete
  42. ഇന്നാണ് വായിച്ചത് ....ഇത്രയും വിവരിച്ച് എഴുതിയതിനു നന്ദി ..
    ചരിത്രവും വസ്തു കലയും ഭൂമി ശാസ്ത്രവും പുരാണവും ഇത്രക്ക് സമന്യയിപ്പിച്ച്ച് വായനക്കാര്‍ക്ക്‌ വേണ്ടി എഴുതി യിടുന്നതിനു നന്ദി
    വായനക്കാര്‍ക്ക്‌ മാത്രല്ല വല്ലപ്പോഴും യാത്ര പോവുകയും , എന്നിട്ട് അവിടേം പോയി ഇവെടെം പോയി എന്നാ സാ മട്ടില്‍ എഴുതുന്ന്‍ എന്നെപ്പോലുള്ള മടിച്ച്ചികള്‍ക്ക് പ്രചോദനവും പിന്നെ പാഠ പുസ്തകവും കൂടി ആണ് താങ്കള്‍ടെ പോസ്റ്കള്‍ ..
    അത്യാവശ്യം അധ്വാനവും പഠനവും ഇതിന്റെ കൂടെ ഉള്ളതില്‍ , വായനക്കാര്‍ക്കുവേണ്ടി ഇങ്ങനെ യൊക്കെ ചെയ്യുന്നതില്‍ നന്ദി ..

    ReplyDelete
  43. പാർവ്വതിയെ രാമന്കൊടുത്ത കഥ ഇപ്പോഴാണ് അറിയുന്നത്...
    വളരേ ശാന്തനായ ശങ്കരന്റെ പ്രതിമയും കേമം!

    ReplyDelete
  44. ezhuth enthe yathraavivaranathil othukunnu?

    ReplyDelete
  45. @chithrangada - കഥ, കവിത, നോവല്‍, രാഷ്ട്രമീമാംസ,(അതുതന്നല്ലേ പടച്ചോനേ) അങ്ങനെ മറ്റ് പലതും എഴുതണമെന്നുണ്ട്. പക്ഷെ ടൈം കിട്ടുന്നില്ല സുഹൃത്തേ. ഇതുതന്നെ ഒരു നേര്‍ച്ചയായതുകൊണ്ട് ചെയ്ത് ഒപ്പിക്കുന്നതല്ലേ ?

    @ബിലാത്തിപട്ടണം / Bilatthipattanam - എന്റമ്മോ ചതിക്കല്ലേ... പാര്‍വ്വതിയെ രാമന് അല്ല രാവണനാണ് കൊടുത്തത്. എല്ലാ പെണ്ണുങ്ങളും അവസാനം രാവണന്റടുത്താണല്ലോ എത്തിച്ചേരുന്നത്, അതുകൊണ്ട് ഒരു ചേയ്ഞ്ചാക്കാമെന്ന് കരുതിയതാണെങ്കില്‍ ആ വേല നടപ്പില്ലാ :)

    ReplyDelete
  46. കൊച്ചി മുതല്‍ ഗോവ വരെ യാത്ര തുടരുന്നു. ഇപ്രാവശ്യം കൂടുതലും ചരിത്രമാണ്. ബോറടിക്കുമെന്ന് ഉറപ്പുള്ളവര്‍ വായിക്കാതിരിക്കുക.
    ഭാഗം 14 - മിര്‍ജാന്‍ ഫോര്‍ട്ട്

    ReplyDelete
  47. @???????????
    Sathyaanweshi,

    In Hindu scriptures Ravana is described as a scholarly brahmin, but with strong asuric tendencies, whihc led to his downfall.

    It seems you have not read much of our scriptures. I would suggest you to read these first before giving out such inanities.

    It seems that you yourself is a victim of propaganda manipulation by some predatory ideologies.

    ReplyDelete
  48. നിരക്ഷരന്‍ ചേട്ടാ, നന്ദി.ഈ വിവരണത്തിനും, പടത്തിനും :)

    ReplyDelete
  49. ഒരിക്കല്‍ ആ ഭാഗത്ത് കറങ്ങുമ്പോള്‍ മുരുദേശ്വരനെ കാണാന്‍ പോവാനാലോചിച്ചിരുന്നു. സമയക്കുറവ് കാരണം സാധിച്ചില്ല. സത്യം പറയാല്ലോ, ഈ പോസ്റ്റ് വായിച്ചപ്പോള്‍ അവിടം കണ്ടപോലെ തോന്നി. :)

    ReplyDelete
  50. othiri nandi...

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.