Thursday 11 March 2010

ബേക്കലും ചന്ദ്രഗിരിക്കോട്ടയും

‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8.
-------------------------------------------------------------------

റശ്ശിനിക്കടവ് മുത്തപ്പനോട് യാത്രപറഞ്ഞ് കാറില്‍ക്കയറി മാങ്ങാട്ടുപറമ്പ്, ധര്‍മ്മശാല വഴി ഹൈവേയിലേക്ക് കടന്നു. യാത്രയിലെ അടുത്ത ലക്ഷ്യം ബേക്കല്‍ കോട്ടയാണ്. വര്‍ഷങ്ങള്‍ ഒരുപാടായി മനസ്സില്‍ താലോലിക്കുന്ന ഒരു ആഗ്രഹമാണ് ബേക്കല്‍ കോട്ട സന്ദര്‍ശനം. ‘ബോംബെ‘ സിനിമയില്‍ ‘ഉയിരേ ഉയിരേ‘ എന്ന് പാടി കഥാനായകന്‍ ചങ്കുപൊട്ടി നടക്കുന്നത് കണ്ടതിനുശേഷം മുഴങ്ങോടിക്കാരിക്കും ബേക്കല്‍ കോട്ട ഒരു മോഹമാണ്. രണ്ടുപേരുടേയും ആഗ്രഹം ഇന്ന് സഫലമാകും. അതോര്‍ത്തപ്പോള്‍ത്തന്നെ വലിയ ആവേശമായി.

തളിപ്പറമ്പിലെത്തിയപ്പോള്‍ സഹപാഠിയും സഹമുറിയനും അടുത്ത സുഹൃത്തുമൊക്കെയായ നന്ദന്റെ റോഡരുകില്‍ത്തന്നെയുള്ള വീട്ടിലേക്ക് കയറി. നന്ദന്റെ മാതാപിതാക്കളേയും സഹോദരന്‍ അരുണിനേയും കണ്ട് അല്‍പ്പസമയം അവിടെ ചിലവഴിച്ചതിനുശേഷം വാഹനം വീണ്ടും മുന്നോട്ടുനീങ്ങി. തളിപ്പറമ്പിനപ്പുറത്തേക്ക് ഒരിടത്തേക്കും സ്വയം ഡ്രൈവ് ചെയ്ത് ഞാനിതുവരെ പോയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ടുള്ള വഴികളിലൂടെ വളരെ ശ്രദ്ധിച്ച് വേണം വാഹനമോടിക്കാന്‍ .

തളിപ്പറമ്പ് കഴിഞ്ഞാല്‍ പയ്യന്നൂരാണ്. ശിവപുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് പയ്യന്‍ എന്നൊരു വിശേഷണമുണ്ട്. പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം നിലകൊള്ളുന്ന സ്ഥലമായതുകൊണ്ടാണ് പയ്യന്റെ ഊര് അഥവാ പയ്യന്നൂര്‍ എന്ന പേര് വന്നതെന്ന് വിശ്വസിച്ചുപോരുന്നു.

മറ്റൊരു സഹപാഠിയും അടുത്ത സുഹൃത്തുമായ ശേഷഗിരി ഡി. ഷേണായ് പയ്യന്നൂര്‍ക്കാരനായതുകൊണ്ട് കോളേജ് കാലഘട്ടത്തില്‍ പല പ്രാവശ്യം പയ്യന്നൂര് പോയിട്ടുണ്ട്. പയ്യന്നൂരിലും കാഴ്ച്ചകള്‍ ഒരുപാടുണ്ട്. പക്ഷെ ഈ യാത്രയില്‍ പയ്യന്നൂരിലെങ്ങും ഞങ്ങള്‍ സമയം ചിലവഴിക്കുന്നില്ല.

പയ്യന്നൂരിനെപ്പറ്റിയുള്ള എന്റെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നത് പ്രസിദ്ധമായ പയ്യന്നൂര്‍ പവിത്രമോതിരം തന്നെയാണ്. കോളേജ് കാലത്ത് പയ്യന്നൂര്‍ പവിത്രമോതിരത്തിന്റെ മാഹാത്മ്യമൊക്കെ വായിച്ചറിഞ്ഞ് അതൊരെണ്ണം സ്വന്തമാക്കണമെന്ന് ആശയുദിച്ചു. അമ്മയോട് കാര്യം പറഞ്ഞ് പണം സംഘടിപ്പിച്ച് മോതിരം ഒരെണ്ണം ശേഷഗിരി വഴി ഓര്‍ഡര്‍ ചെയ്തു. ഒരു കൊല്ലത്തിലധികമെടുത്തു മോതിരം കൈയ്യില്‍ കിട്ടാന്‍ . പയ്യന്നൂര്‍ പവിത്രമോതിരം ചുമ്മാ കടയിലേക്ക് ഓടിച്ചെന്ന് വാങ്ങാന്‍ പറ്റുന്ന ഒരു ആഭരണമല്ല.

പയ്യന്നൂര്‍ പവിത്രമോതിരം
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പവിത്രമോതിരത്തിന്റെ നിര്‍മ്മാണ ചരിത്രം നിലകൊള്ളുന്നത്. ഹിന്ദുമതാചാരപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യുന്ന സമയത്ത് ദര്‍ഭപ്പുല്ലുകൊണ്ട് കൈയ്യില്‍ ഉണ്ടാക്കി അണിയുന്ന മോതിരത്തിലുള്ള പവിത്രക്കെട്ട് തന്നെയാണ് പവിത്രമോതിരത്തിലും ഉള്ളത്. പവിത്രക്കെട്ട് ഭൂമിയില്‍ വീഴാന്‍ പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ ശാന്തിക്കാരന് കൈയ്യിലെ ദര്‍ഭകൊണ്ടുള്ള പവിത്രക്കെട്ട് ഒരു ബാദ്ധ്യതയായി മാറുന്നു. ഈ അവസരത്തിലാണ് പവിത്രമോതിരം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കപ്പെടുന്നത്. വ്രതശുദ്ധികളെല്ലാം അനുഷ്ടിച്ച് 3 ദിവസത്തിലധികമെടുത്താണ് അതിസൂക്ഷ്മമായി മോതിരം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണശേഷം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പൂജിച്ചതിനുശേഷമാണ് പവിത്ര മോതിരം ആവശ്യക്കാര്‍ക്ക് കൈമാറുന്നത്. മോതിരം ഉപയോഗിക്കുന്ന ആളും വ്രതശുദ്ധി അനുഷ്ഠിക്കണമെന്നുള്ളത് ഒരു നിഷ്ക്കര്‍ഷയാണ്.

പയ്യന്നൂര്‍ ചൊവ്വാട്ടുവളപ്പിലെ പെരുന്തട്ടാന്മാരാണ് പരമ്പരാഗതമായി പവിത്രമോതിരം ഉണ്ടാക്കുന്നത്. ഇപ്പോള്‍ പയ്യന്നൂരിലെ സുഭാഷ് ജ്വല്ലറിയാണ് മോതിരം നിര്‍മ്മിച്ചുപോരുന്നത്. മദ്യപാനം പുകവലി എന്നതൊന്നുമില്ലാതെ വ്രതമെടുത്താണ് പെരുന്തട്ടാന്മാര്‍ പവിത്രമോതിരങ്ങള്‍ ഉണ്ടാക്കുന്നത്. മോതിരങ്ങള്‍ പെട്ടെന്ന് ഉണ്ടാക്കിക്കിട്ടാത്തതിന്റെ ഒരു പ്രധാന കാരണം ഇതുതന്നെയാണ്. ഒരുപാട് മുന്‍ ഓര്‍ഡറുകള്‍ ചൊവ്വാട്ടുവളപ്പിലെ തട്ടാന്മാര്‍ക്കുള്ളതാണ് മറ്റൊരു പ്രധാന കാരണം. 5 ഗ്രാം മുതല്‍ 5 പവന്‍ വരെ തൂക്കത്തില്‍ മോതിരം ഉണ്ടാക്കിക്കിട്ടും. എന്റെ കൈയ്യിലുള്ള മോതിരം 7 ഗ്രാമിന്റേതാണ്. മോതിരത്തില്‍ ചെയ്തിരിക്കുന്ന കലാപരിപാടികളാണ് എന്നെ അതിലേക്കാകര്‍ഷിച്ചത്. സ്വര്‍ണ്ണത്തിലെന്ന പോലെ വെള്ളിയിലും പയ്യന്നൂര്‍ പവിത്രമോതിരം ഉണ്ടാക്കുന്നുണ്ട്. ചില ന്യൂ ജനറേഷന്‍ ജ്വല്ലറികളില്‍ പയ്യന്നൂര്‍ പവിത്രമോതിരമാണെന്നുപറഞ്ഞ് വിറ്റഴിക്കുന്നത് മെഷീനില്‍ ഉണ്ടാക്കുന്ന മോതിരങ്ങളാണ്. ഒറിജിനല്‍ പയ്യന്നൂര്‍ പവിത്രമോതിരം ഒരുപ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഇത്തരം ജ്വല്ലറിക്കാരുടെ തട്ടിപ്പ് എളുപ്പം തിരിച്ചറിയാനാവും. ആനയും ആടും തമ്മിലുള്ള അന്തരമാണ് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മില്‍ .

കണ്ണൂര്‍ ജില്ലവിട്ട് കാസര്‍ഗോഡ് ജില്ലകളിലെ വഴികളിലേക്ക് കടന്നപ്പോള്‍ ആദ്യമായി ആ റൂട്ടിലൂടെ പോകുന്നതുകൊണ്ട് ചിലയിടത്ത് റോഡുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും നേവിഗേറ്റര്‍ സഹായിച്ചതുകൊണ്ട് വഴിയൊന്നും തെറ്റാതെ തന്നെ ഞങ്ങള്‍ ബേക്കല്‍ കോട്ടയിലെത്തി. ചെറുതും വലുതുമായി ഒരുപാട് കോട്ടകളുണ്ട് കാസര്‍ഗോഡ് ജില്ലയില്‍ . ബേക്കല്‍ , ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്ഗ്, ആരിക്കാട്, ബന്തടുക്ക, കുണ്ടംകുഴി എന്നിങ്ങനെ കോട്ടകള്‍ക്ക് ഒരു ക്ഷാമവുമില്ല കാസര്‍ഗോഡ് ജില്ലയില്‍ . അതില്‍ ബേക്കല്‍ കോട്ട കേന്ദ്ര ആര്‍ക്കിയോളജിക്ക് കീഴിലും, കുണ്ടംകുഴിയും ചന്ദ്രഗിരിയും അടക്കമുള്ള മറ്റ് പല കോട്ടകളും സ്റ്റേറ്റ് ആര്‍ക്കിയോളജിക്ക് കീഴിലുമാണ്.
ബേക്കല്‍ കോട്ടയുടെ പ്രധാന കവാടം
കോട്ടയ്ക്ക് തൊട്ടടുത്ത് തന്നെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമൊക്കെയുണ്ട്. കാറില്‍ നിന്നിറങ്ങി കോട്ടയ്ക്കകത്തേക്ക് കടന്നു. അകത്തേക്ക് കടന്നയുടനെ തന്നെ ശ്രീ മുഖ്യപ്രാണക്ഷേത്രം കാണാം. കോട്ടയോളം പഴക്കമുള്ള ഒരു ഹനുമാന്‍ ക്ഷേത്രമാണതെന്ന് പറയെപ്പെടുന്നെങ്കിലും ക്ഷേത്രത്തില്‍ പല പ്രാവശ്യം പുതുക്കിപ്പണിയലുകള്‍ നടന്നിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.
കോട്ടയ്ക്കകത്തെ ഹനുമാന്‍ ക്ഷേത്രം
ക്ഷേത്രദര്‍ശനം പുറത്തുനിന്നുതന്നെ നടത്തി, സന്ദര്‍ശകര്‍ക്കുള്ള 5 രൂപാ ടിക്കറ്റും ക്യാമറകള്‍ക്കുള്ള 25 രൂപാ ടിക്കറ്റുമെടുത്ത് കോട്ടയ്ക്കകത്തേക്ക് കടന്നു. രാജീവ് മേനോന്‍ ക്യാമറയില്‍ പകര്‍ത്തിയതുപോലൊന്നുമല്ലെങ്കിലും ബേക്കല്‍ കോട്ടയെ ആവുന്നത്ര ഭംഗിയായി ക്യാമറയിലേക്കും അതോടൊപ്പം മനസ്സിലേക്കും അവാഹിക്കുക എന്നത് എന്റെയൊരു സ്വപ്നമാണ്.
കോട്ടയുടെ കവാടം - അകത്തുനിന്നുള്ള കാഴ്ച്ച
മുകളില്‍ കോട്ടയുടെ പഴയകാല പ്രതാപത്തെ അനുസ്മരിപ്പിക്കാനെന്ന വണ്ണം സൂര്യന്‍ കത്തിനില്‍ക്കുന്നു. വലുപ്പംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണിത്. കര്‍ണ്ണാടകത്തിലെ കുംബ്ലയിലെ ഇക്കേരി രാജവംശപരമ്പരയിലെ രാജാവായ ശിവപ്പ നായിക് ആണ് 1645നും 1660നും ഇടയിലായി ബേക്കല്‍ കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. കോട്ട ഉണ്ടാക്കിയത് ശിവപ്പ നായിക് അല്ലെന്നും , കോലത്തിരി രാജാക്കന്മാരില്‍ നിന്ന് ശിവപ്പ നായിക്ക് ബേക്കല്‍ കോട്ട പിടിച്ചടക്കിയതാണെന്നുമാണ് മറ്റൊരു കേള്‍വി. ഈയടുത്തായി നടന്ന പുരാവസ്തു ഉദ്ഘനനങ്ങളും ഗവേഷണങ്ങളും കൈ ചൂണ്ടുന്നത് ബേക്കല്‍ കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.
കടലോരത്തുനിന്ന് കോട്ടയുടെ ഒരു ദൃശ്യം
എനിക്ക് നമ്മുടെ ചരിത്രരേഖകളോടും അതില്‍ കൃത്യമായി കാര്യങ്ങള്‍ രേഖപ്പെടുത്താതെ പോയവരോടും അതിയായ അമര്‍ഷം തോന്നി. 17-)0 നൂറ്റാണ്ടിലെ ഒരു ചരിത്രസ്മാരകത്തിന്റെ കാര്യം പോലും കൃത്യമായി കുറിച്ചിടാന്‍ നമുക്കായിട്ടില്ല. കോട്ട ആരാണ് നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ കൃത്യമായിട്ട് ഒരു രേഖയുമില്ല. എന്നിട്ടിതാ A.D.620 കളിലും A.D.52ലുമൊക്കെ നടന്നെന്ന് പറയപ്പെടുന്ന ചേരമാന്‍ പെരുമാളിന്റേയും തോമാസ്ലീഹയുടെയും കാര്യങ്ങളില്‍ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും വാക്‍പ്പയറ്റുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ചരിത്രത്തില്‍ നിന്ന് എന്നെന്നേക്കുമായി തേഞ്ഞുമാഞ്ഞുപോയ കാര്യങ്ങള്‍ക്ക് പിന്നാലെ ഭൂതക്കണ്ണാടികളും പിക്കാസുമൊക്കെയെടുത്ത് പരക്കം പായുകയാണ് നമ്മളിന്ന്.

പ്രാദേശിക ചരിത്രങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്താന്‍ അംഗീകൃത ചരിത്രകാരന്മാരും ചരിത്രകുതുകികളുമൊക്കെ മുന്‍‌കൈ എടുക്കുകയോ അവരെ ഔദ്യോഗികമായി ഏര്‍പ്പാട് ചെയ്യുകയോ ഉണ്ടായില്ലെങ്കില്‍ 21-)0 നൂറ്റാണ്ടിന് ശേഷവും ഊഹാപോഹങ്ങളുടെ പാത പിന്തുടരേണ്ട ദുര്‍ഗ്ഗതി നമുക്കുണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.
കടലോരത്തുനിന്ന് കോട്ടയുടെ മറ്റൊരു ദൃശ്യം
39 ല്‍പ്പരം ഏക്കറോളം സ്ഥലത്തായി പരന്നുകിടക്കുന്ന കോട്ട ഇപ്പോള്‍ സംരക്ഷിച്ചുപോരുന്നത് കേന്ദ്ര ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റാണ്. കോട്ടയ്ക്ക് ചുറ്റുമായി വിനോദസഞ്ചാരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റേയും വികസിപ്പിക്കുന്നതിന്റേയും ഭാഗമായി ‘ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ‘ രൂപീകരിച്ചിട്ടുണ്ട് കേരളസര്‍ക്കാര്‍ . പച്ചപ്പുല്ലുകളും പൂച്ചെടികളുമൊക്കെ വെച്ചുപിടിപ്പിക്കുകയും കേടുപാടുവന്ന ഭാഗങ്ങളൊക്കെ മിനുക്കുപണികള്‍ നടത്തുകയുമൊക്കെയായി കോട്ടയ്ക്കകത്ത് ജോലികള്‍ ഒരുപാട് നടക്കുന്നുണ്ട്. കൂടുതല്‍ പുല്ലുകള്‍ വെച്ചുപിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കണം കാടുപിടിച്ച് കിടക്കുന്ന മുട്ടോളമുയരത്തിലുള്ള ചോടപ്പുല്ലുകള്‍ തീയിട്ട് കളഞ്ഞിരിക്കുന്നു.
കോട്ടയില്‍ നിന്നുള്ള കടലോരദൃശ്യം
കോട്ടയ്ക്കകത്തൊന്ന് ചുറ്റിനടന്ന് പടിഞ്ഞാറ് അറബിക്കടലിന് അഭിമുഖമായുള്ള ഭിത്തിക്കരുകിലെ തണലില്‍ ഇരുന്ന് തീരഭംഗി ആവോളം ആസ്വദിച്ചു. കോട്ടയുടെ ഒരു കൊത്തളം കടലമ്മയുമായി സൊറ പറഞ്ഞ് ഇഴുകിച്ചേര്‍ന്ന് കടലിലേക്ക് തള്ളിനില്‍ക്കുന്നു. അറബിക്കടലുമായി കൈകോര്‍ത്തുനിന്ന് രചിക്കപ്പെട്ടിരിക്കുന്ന മനോഹരമായ ഒരു കവിതയാണ് ബേക്കല്‍ കോട്ട. മഴപെയ്ത് പച്ചപിടിച്ച് കിടക്കുന്ന കോട്ടയുടെ ഭംഗിയാണ് സിനിമകളിലൂടെയും ഫോട്ടോകളിലൂടെയും കണ്ടിട്ടുള്ളത്. അത്രയ്ക്ക് പച്ചപ്പൊന്നും ഇപ്പോളില്ലെങ്കിലും ബേക്കല്‍ കോട്ട നേരിട്ട് കാണുന്നതിന്റെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്.
കടലിലേക്ക് തള്ളിനില്‍ക്കുന്ന കൊത്തളവും കടല്‍ത്തീരവും
1763 കാലഘട്ടത്തില്‍ കോട്ട കോട്ട മൈസൂര്‍ രാജാവും ടിപ്പുസുല്‍ത്താന്റെ പിതാവുമായിരുന്ന ഹൈദര്‍ അലി കൈവശപ്പെടുത്തി. 1792-ല്‍ കോട്ടയും അതോട് ചേര്‍ന്ന പ്രദേശങ്ങളും ബ്രിട്ടീഷുകാര്‍ പിടിച്ചടക്കി.
കൊത്തളവും കടലും കടലോരവും ചേര്‍ന്ന്‍ കോട്ടയില്‍ നിന്നുള്ള ഒരു ദൃശ്യം
കടലിനോട് ചേര്‍ന്ന കോട്ടയ്ക്കകത്തെ പാതയിലൂടെ നടക്കുമ്പോള്‍ കോട്ടച്ചുമരിലെ ദ്വാരങ്ങളിലൂടെ കടലും കടലോരവും ഓളപ്പരപ്പില്‍ ചാഞ്ചാടുന്ന കൊച്ചുകൊച്ചു മത്സ്യബന്ധന വള്ളങ്ങളുമൊക്കെ കാണാം. കടലിലൂടെ കടന്നുവരാന്‍ ശ്രമിച്ചിരുന്ന ശത്രുക്കള്‍ക്കു നേരേ ഒരു കാലത്ത് ഈ ദ്വാരങ്ങളിലൂടെ തോക്കുകള്‍ ഗര്‍ജ്ജിച്ചിട്ടുണ്ടാകാം.
കോട്ടച്ചുമരിന് ഉള്ളിലൂടെ അറബിക്കടലിന്റെ ഒരു ദൃശ്യം
കോട്ടയ്ക്കകത്തെ ആയുധപ്പുരയില്‍ കാര്യമായ എന്തോ അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ട് അകത്തേക്ക് കടക്കാനായില്ലെങ്കിലും കമ്പി അഴികള്‍ക്കിടയിലൂടെ ഞാനതിനകത്തേക്കൊന്ന് എത്തിനോക്കി. കോട്ടയിലെ നിരീക്ഷണ ഗോപുരത്തിലും മോടിപിടിപ്പിക്കല്‍ നടക്കുന്നുണ്ടെങ്കിലും അതിന് മുകളിലേക്ക് കയറുന്നതിന് തടസ്സമൊന്നും ഇല്ല. കോട്ടയില്‍ ഈ നിരീക്ഷണം ഗോപുരം പണികഴിപ്പിച്ചത് ടിപ്പുസുല്‍ത്താനാണ്.
പച്ചപ്പരവതാനിയും നിരീക്ഷണ ഗോപുരവും
ഗോപുരത്തിന് മുകളില്‍ നിന്നുള്ള കോട്ടയുടെ കാഴ്ച്ചയും കോട്ടയ്ക്ക് വെളിയിലുള്ള കാഴ്ച്ചയും അതീവ ഹൃദ്യമാണ്. തെങ്ങോലകള്‍ പച്ച വിരിച്ച ഗ്രാമത്തിന്റേയും കോട്ടയ്ക്കിരുവശവും നീണ്ടുനിവര്‍ന്ന് കിടക്കുന്ന മനോഹരമായ കടല്‍ത്തീരങ്ങളുടേയും പടിഞ്ഞാറ് നീല നിറത്തില്‍ കാണുന്ന അറബിക്കടലിന്റേയുമൊക്കെ ചാരുതയ്ക്ക് മാറ്റ് കുറക്കുന്നത് അങ്ങിങ്ങായി ഉയര്‍ന്ന് കാണുന്ന മൊബൈല്‍ ടവറുകള്‍ മാത്രമാണ്.
നിരീക്ഷണ ഗോപുരത്തിന് മുകളില്‍ നിന്നുള്ള കോട്ടയുടേയും പരിസരത്തിന്റേയും ദൃശ്യം
കോട്ടയ്ക്കകത്ത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയിട്ട കോട്ടേജുകള്‍ പോലുള്ള കെട്ടിടങ്ങളില്‍ പലതിലും പുതുക്കിപ്പണികളൊക്കെ നടന്നിട്ടുണ്ടെങ്കിലും ഇപ്പോളതില്‍ കാര്യമായ മെയിന്റനന്‍സ് നടക്കുന്നതായി തോന്നിയില്ല. എന്തൊക്കെയാലും അതിന്റെ നിര്‍മ്മാണരീതി അല്‍പ്പമെങ്കിലും കേരളത്തനിമയുള്ളതാണെന്നുള്ളതില്‍ സന്തോഷം തോന്നി.
കോട്ടയ്ക്കകത്തെ കോട്ടേജുകള്‍



നിരീക്ഷണ ഗോപുരത്തില്‍ നിന്ന് കാണുന്ന ആയുധപ്പുരയും കോട്ടേജുകളും കൊത്തളവും

ആയുധപ്പുര
കോട്ടയ്ക്കകത്തെ കാഴ്ച്ചകളും നടത്തവുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ മെല്ലെ കടലിലേക്ക് തള്ളി നില്‍ക്കുന്ന കൊത്തളത്തിലേക്ക് പടികളിറങ്ങിച്ചെന്നു. മനം മയക്കുന്നതാണ് അവിടന്നുള്ള കാഴ്ച്ച. നിലാവുള്ള ഒരു രാത്രി മുഴുവനും അവിടിരുന്ന് പ്രകൃതിയുടെ രാത്രിസൌന്ദര്യം കൂടെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഏത് അരസികനും തോന്നിപ്പോകുന്ന അന്തരീക്ഷം.
പ്രകൃതി ഇവിടെ കോട്ടയുമായി ഇണചേരുന്നു
ഇനി നേഹയുടെ സമയമാണ്. കോട്ടയ്ക്കകത്ത് കടന്നതുമുതല്‍ കടലോരത്ത് പോയി വെള്ളത്തിലിറങ്ങണമെന്ന് പറഞ്ഞ് നേഹ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ‘കൊച്ചി മുതല്‍ ഗോവ വരെ‘യുള്ള ഈ യാത്രയില്‍ നേഹയ്ക്ക് ഏറ്റവും താല്‍പ്പര്യമുള്ളത് ബീച്ചുകള്‍ തന്നെയാണ്. കടല്‍ക്കരയിലെ സ്വര്‍ണ്ണമണല്‍ത്തരികള്‍ ഞങ്ങളേയും മോഹിപ്പിക്കുന്നുണ്ട്. കടല്‍ത്തീരത്തുനിന്ന് 130 അടി മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന കോട്ടയും അതിന്റെ പടിക്കെട്ടുകളുമൊക്കെ വ്യത്യസ്തമായ മറ്റൊരു ദൃശ്യമാണ് തരുന്നത്.
കടലും കരയും കോട്ടയും ആകാശവുമൊക്കെ ചേര്‍ന്ന ഒരു ദൃശ്യം
ബേക്കല്‍ സന്ദര്‍ശനം ശരിക്കും പൂര്‍ത്തിയാകണമെങ്കില്‍ കോട്ടയുടെ കീഴെയുള്ള ഈ കടല്‍ക്കരയില്‍ ഇറങ്ങിയേ പറ്റൂ. കോട്ടയ്ക്കും പ്രകൃതിക്കും ഇടയില്‍ ഒരു കട്ടുറുമ്പാകുന്നതിന്റെ സുഖമാണ് ആ ബീച്ചില്‍ നില്‍ക്കുമ്പോള്‍ അനുഭവപ്പെടുക.

ബേക്കല്‍ കോട്ട എന്ന സ്വപ്നം ഇതാ പൂവണിഞ്ഞിരിക്കുന്നു. പക്ഷെ തലയ്ക്ക് മീതെ സൂര്യന്റെ കത്തലിനോടൊപ്പം വയറിനകത്തും കത്തല്‍ മൂര്‍ദ്ധന്യത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ഉച്ചഭക്ഷണം കഴിഞ്ഞിട്ടല്ലാതെ എങ്ങോട്ടും പോകാന്‍ പറ്റില്ല. പെട്ടെന്നൊരു പ്രാവശ്യം കൂടെ കോട്ടയ്ക്കകത്തൂടെ ചുറ്റി നടന്ന് വടക്കുഭാഗത്തേക്ക് മാറി കാണുന്ന തുരങ്കം പോലുള്ള ഭാഗം കൂടെ കണ്ടതിനുശേഷം കോട്ടയ്ക്ക് വെളിയിലേക്ക് കടന്നു. അല്‍പ്പം ദൂരെയായി സാമാന്യം വലിയൊരു മുസ്ലീം പള്ളി കാണാം. ടിപ്പുസുല്‍ത്താന്‍ പണികഴിപ്പിച്ചിട്ടുള്ള ഈ പള്ളി കോട്ടയ്ക്കകത്തുനിന്ന് തെങ്ങുകള്‍ക്കിടയിലൂടെയും ദൃശ്യമാണ്. കോട്ടയ്ക്ക് തൊട്ടടുത്തായി സാമാന്യം ഭേദപ്പെട്ട റസ്റ്റൊറന്റ് ഒരെണ്ണമുണ്ട്. വിശപ്പടക്കാനുള്ളത് അവിടന്ന് കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

രാത്രി മംഗലാപുരത്തെത്തുന്നതിന് മുന്നേ രണ്ടിടങ്ങള്‍ കൂടെ കയറാനുണ്ട്. ബേക്കല്‍ കോട്ടയില്‍ നിന്ന് 11 കിലോമീറ്ററോളം വടക്കോട്ട് പോയാലെത്തുന്ന ചന്ദ്രഗിരിക്കോട്ടയാണതില്‍ ആദ്യത്തെയിടം. ചന്ദ്രഗിരിക്കോട്ട നിര്‍മ്മിച്ചതും ശിവപ്പ നായിക്ക് തന്നെയാണ്. ബേക്കലില്‍ വരുന്ന എല്ലാ സഞ്ചാരികളും ഈ കോട്ടയിലേക്ക് വരുന്നില്ലെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം.
ചന്ദ്രഗിരി കോട്ടയ്ക്ക് മുകളിലേക്കുള്ള പടികള്‍
കോട്ടയ്ക്കകത്തേക്ക് കയറണമെങ്കില്‍ കൈവരികള്‍ പിടിപ്പിച്ചിട്ടുള്ള കുത്തനെയുള്ള പടികളിലൂടെ മുകളിലേക്ക് കയറണം. 150 അടിയോളം ഉയരത്തിലാണ് ചന്ദ്രഗിരിക്കോട്ട നിലകൊള്ളുന്നത്. അതായത് ബേക്കലിനേക്കാള്‍ 20 അടിയെങ്കിലും ഉയരത്തില്‍ . കോട്ടയുടെ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ . ഗേറ്റ് തുറന്ന് തരാനായി വന്ന ചെറുപ്പക്കാരനായ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരന്റെ മലയാളത്തിന് തുളു ചുവയുണ്ട്. അധികം താമസിയാതെ ഞങ്ങള്‍ കേരളത്തിന് വെളിയില്‍ കടക്കാന്‍ പോകുകയാണെന്നുള്ളതിന്റെ സൂചനയാണത്.
ചന്ദ്രഗിരിക്കോട്ടയുടെ കവാടം
കോട്ടയ്ക്കകം വിജനമാണ്. വലിപ്പത്തില്‍ സാമാന്യം ഭേദപ്പെട്ട ഒന്നാണ് ചന്ദ്രഗിരിക്കോട്ടയും. 7 ഏക്കറോളം സ്ഥലത്താണ് കോട്ട നിലകൊള്ളുന്നത് . ഏതാണ്ട് സമചതുരാകൃതിയിലുള്ള കോട്ടയുടെ മതിലിനരുകിലൂടെ ചുറ്റി നടന്നാല്‍ തൊട്ടടുത്തുള്ള പരിസരത്തിന്റെ മൊത്തത്തിലുള്ള മനോഹരമായ ഒരു ആകാശക്കാഴ്ച്ചയാണ് തരപ്പെടുക. തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളിലൂടെ കാണുന്ന ചന്ദ്രഗിരിപ്പുഴയ്ക്കും അറബിക്കടലിനുമൊക്കെ ക്യാമറക്കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത തരത്തിലുള്ള മാസ്മരിക ഭംഗിയാണ്. കോലത്തുനാടിന്റേയും തുളുനാടിന്റേയും അതിരായിരുന്ന ചന്ദ്രഗിരിപ്പുഴയ്ക്ക് പയസ്വിനി എന്നൊരു പേരുകൂടെയുണ്ട്.
ചന്ദ്രഗിരിക്കോട്ടയില്‍ നിന്ന് ഒരു ദൃശ്യം
കോട്ടയ്ക്കുള്‍ഭാഗം ഉണങ്ങിയ ചോടപ്പുല്ലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. മദ്ധ്യഭാഗത്തായി കാണുന്നത് വിസ്തൃതിയുള്ള ഒരു കിണറാണ്. പുല്ലുകള്‍ വകഞ്ഞുമാറ്റി ആര്‍ക്കിയോളജിക്കാരന്റെ പിന്നാലെ കിണറ്റിനരുകിലേക്ക് നടന്ന് അതിലേക്ക് ഒന്നെത്തി നോക്കി. നല്ല ആഴമുള്ള ആ കിണറ്റില്‍ ഏത് കൊടും വേനലിലും വെള്ളമുണ്ടായിരിക്കുമത്രേ !

കോട്ടയ്ക്ക് നടുവിലുള്ള കിണറിന്റെ ചുറ്റുമതിലും കോട്ടമതിലും
കോട്ടമതിലില്‍ ബേക്കല്‍ കോട്ടയിലെന്ന പോലെ നിറയെ ദ്വാരങ്ങളുണ്ട്. തോക്കുപയോഗിച്ച് ശത്രുക്കളെ നേരിടാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ആ ദ്വാരങ്ങളുടെ പ്രത്യേകത ആര്‍ക്കിയോളജി ഉദ്യോഗസ്ഥന്‍ വിശദമായി കാണിച്ചുതന്നു. കോട്ടമതിലുകള്‍ക്ക് നല്ല വണ്ണമുണ്ടായിരിക്കുന്നതുകൊണ്ട് സാധാരണ ഗതിയില്‍ ഒരു ദ്വാരത്തിലൂടെ ഒരു ദിശയിലേക്ക് മാത്രമേ തോക്ക് ചൂണ്ടാന്‍ പറ്റൂ. പക്ഷെ വ്യത്യസ്തമായ നിര്‍മ്മിതിയിലൂടെ മൂന്ന് ദിശയിലേക്ക് ഉന്നം വെയ്ക്കാവുന്ന തരത്തിലാണ് ഈ ദ്വാരങ്ങളുടെ നിര്‍മ്മാണം.
ചന്ദ്രഗിരിക്കോട്ടയുടെ ഉള്‍ഭാഗത്തെ മറ്റൊരു ദൃശ്യം
കോട്ടയ്ക്കകത്ത് വരുന്ന വിസിറ്റേഴ്സ് രജിസ്റ്ററില്‍ പേരെഴുതി ഒപ്പിട്ട് മൊബൈല്‍ ഫോണ്‍ നമ്പറടക്കം കൊടുക്കണമെന്നൊരു നിബന്ധന ചന്ദ്രഗിരിക്കോട്ടയിലുണ്ട്. വല്ല തീവ്രവാദികളുമൊക്കെ വന്ന് പോകുന്നുണ്ടോ എന്നറിയാനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കും എന്നാണ് എനിക്ക് തോന്നിയത്. അതിനെപ്പറ്റി ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ തൃപ്തികരമായ ഒരുത്തരം കിട്ടിയില്ല. ചന്ദ്രഗിരിപ്പുഴ മുറിച്ച് പാലം വഴി ഒരു തീവണ്ടി കടന്നുപോയി. പാളത്തിന്റെ താളം വളരെ നേര്‍ത്ത ഒരു ശബ്ദമായി കാറ്റില്‍ അലിഞ്ഞില്ലാതാകുന്നു കോട്ടയിലെത്തുമ്പോഴേക്കും.
ഫോട്ടോ എടുത്തു തന്ന ആര്‍ക്കിയോളജിക്കാരന് നന്ദി
കണ്ണൂര്‍ കോട്ട, ബേക്കല്‍ കോട്ട, ചന്ദ്രഗിരിക്കോട്ട എന്നിങ്ങനെ മൂന്ന് കോട്ടകള്‍ ഇന്നൊരു ദിവസം കൊണ്ടുതന്നെ കാണാനായതുകൊണ്ട് ഈ ദിവസത്തെ കോട്ടകളുടെ ദിവസമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ സമയം വൈകീട്ട് 4 മണി ആകുന്നതേയൂള്ളൂ . ഒരു കാഴ്ച്ചകൂടെ ബാക്കി കിടക്കുന്നുണ്ട്. അതുകൂടെ കണ്ട് തീരാതെ ഇന്നത്തെ ദിവസത്തെ പൂര്‍ണ്ണമായും വിലയിരുത്താനാവില്ല.

ആ കാഴ്ച്ചയാണെങ്കിലോ ?! അത് ഒന്നൊന്നര കാഴ്ച്ചയും അറിവും തന്നെയായിരുന്നു.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.......

52 comments:

  1. വിവരണം പതിവു പോലെ മനോഹരം.

    എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളൂം.

    [പയ്യന്നൂരിനു ആ പേരു വന്നതെങ്ങനെ എന്ന് ഇപ്പഴാണ് മനസ്സിലായത്, നന്ദി]

    ReplyDelete
  2. നിരൂജി....
    താങ്കളുടെ യാത്രകള്‍ വായിച്ച് വായിച്ച് എന്റെ യാത്രകളെ പറ്റി മറക്കുന്ന ലക്ഷണമാണ്....ഈ ഗംഭീര യാത്രകള്‍കിടയില്‍ ഞാനെന്തിനു എന്റെ യാത്രകള്‍ എഴുതി ബൂലോകം മലീമസമാക്കണം എന്ന് തോന്നിപ്പോയി.....പണ്ടൊരിക്കല്‍ ഞാനും ബേക്കല്‍ കോട്ടയില്‍ ഒന്ന് എത്തിനോക്കിയിട്ടുന്ടു......സസ്നേഹം

    ReplyDelete
  3. എന്തു കമന്റണമെന്ന കണ്‍‌ഫ്യൂഷനിലാ..

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. അഞ്ജു പുലാക്കാട്ട്11 March 2010 at 14:15

    അയ്യോ!! അപ്പൊ ഈ സീരീസ് കഴിയാറായോ ??? റൂട്ട് മാറ്റി തിരിച്ചു വന്നാല്‍ മതി ...... കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരു തീവണ്ടി യാത്രയോ മറ്റോ ..... !!!

    എന്തായാലും ഭാവുകങ്ങള്‍ !!!

    ReplyDelete
  6. വെറുതെ കൊതിപ്പിക്കാതെ കാഴ്ച്ചയെന്നാണെന്ന് പറ..നോ മോര്‍ വെയ്ടിങ്ങേ...

    ReplyDelete
  7. Ellam Valare Nannaittunduttoooooooo...

    ReplyDelete
  8. പ്രത്യേകിച്ച്‌ ഒന്നും പറയാനില്ല.. മനോഹരമായ വിവരണം. നല്ല ഫോട്ടോകളും..

    ReplyDelete
  9. കോളേജില്‍ പഠിക്കുമ്പോള്‍ ഗോവയ്ക്ക് ഞാനും പോയിരുന്നു. അന്ന് ബേക്കല്‍ കോട്ടയുടെ പടി വാതില്‍ വരെ എത്തിയതാ. പക്ഷെ നല്ല മഴയാരുന്നു. അത് കൊണ്ട് അകത്തു പോയില്ല. പിന്നെ ഉയിരേ ഉയിരേ ഷൂട്ട്‌ ചെയ്തത് ഗോവയിലെ ഫോര്‍ട്ട്‌ aquada യില്‍ ആണെന്ന് അന്ന് ടൂര്‍ ഗൈഡ് പറഞ്ഞു. എന്‍റെ ഗോവക്കാരന്‍ സുഹൃത്തും അങ്ങനെ തന്നെയാ പറയുന്നത്. ആ പാട്ടിലെ സീനുകള്‍ക്ക് ഫോര്‍ട്ട്‌ aquadayumayi ആണ് കൂടുതല്‍ സാമ്യം. ശരി ഏതെന്നു അറിയില്ല... വിവരണം പതിവ് പോലെ മനോഹരം. നീരുവിന്റെ ഗോവ വിവരണത്തിന് കാത്തിരിക്കുന്നു, ഞാന്‍ കണ്ട ഗോവ നീരു എങ്ങനെയാ കണ്ടതെന്ന് അറിയണെമല്ലോ .... ഹ ഹാ !!!

    ReplyDelete
  10. പതിവ് പോലെ ,വിശദമായ വിവരണവും,നല്ല ചിത്രങ്ങളും.അഭിനന്ദനങ്ങള്‍............

    ReplyDelete
  11. ആ പറശ്ശിനി പാലം കഴിഞ്ഞ് അക്കരെ തെങ്ങിൻ തോപ്പുകൾക്കുള്ളിലെ,ഓല മേഞ്ഞ ഷാപ്പുകളിൽ പോയി 1 കുടം ‘മുത്തപ്പൻ പ്രസാ‍ദം’ കഴിക്കാതെ നേരെ വണ്ടി വിട്ടത് ശരിയായില്ല.;) അതുകൂടിയായലെ പറശ്ശിനികടവ് സന്ദർശനം പൂർണ്ണമാകു.
    എന്തായലും നെക്സ്റ്റ് കണ്ട ആ ഒന്ന് ഒന്നര കാഴ്ച എന്താന്നും പെട്ടന്ന് പോരട്ടെ..

    ReplyDelete
  12. കൊള്ളാം, സസ്പെന്‍സിലാണല്ലോ ഈ ഭാഗം തീരുന്നത്...
    പവിത്രമോതിരത്തെക്കുറിച്ചുള്ള വിവരണത്തിന് നന്ദി, അത് ഒരു പുതിയ അറിവാണ്.

    ReplyDelete
  13. ഞാന്‍ കഴിഞ്ഞ വര്‍ഷം പോയപ്പോള്‍ തന്നെ അവിടെ മിനുക്കു പണികള്‍ തുടങ്ങിയിരുന്നു..ബേക്കലിന്റെ മാറിയ മുഖം നന്നായി..എങ്കിലും പഴമയുടെ സൌന്ദര്യം പൂര്‍ണ്ണമായും നഷ്ടപ്പെട്ട് കൃത്രിമമാകുന്നോ എന്നും സംശയം..

    എന്നാലും കേരളത്തിലെ ഏറ്റവും വലുതും സൌന്ദര്യം നിറഞ്ഞു തുളുമ്പുന്നതുമായ കോട്ട എന്നെന്നും സംരക്ഷിക്കപ്പെടേണ്ടതു തന്നെ

    ചന്ദ്രഗിരിക്കോട്ട ബേക്കലിനു അടുത്താണെന്ന് അറിയാന്‍ പറ്റിയില്ല..അതുകൊണ്ട് അതു കാണാന്‍ പറ്റിയില്ല..ഇനിയൊരിക്കലാവാം....

    നല്ല വിവരണവും ചിത്രങ്ങളും

    ReplyDelete
  14. @ sivaprasad - ഉയിരേ ഉയിരേ ഷൂട്ട് ചെയ്തത് ബേക്കല്‍ കോട്ടയില്‍ തന്നെയാണ്. മുന്നേമുക്കാല്‍ തരം.

    സാക്ഷാല്‍ മണിരത്നവും, ചിത്രത്തിന്റെ ക്യാമറാ മാന്‍ രാജീവ് മേനോനും, അരവിന്ദ് സ്വാമീം , മനീഷാ കൊയ്‌രാളയും നേരിട്ട് വന്ന് അത് ബേക്കല്‍ കോട്ടയിലല്ല ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍പ്പോലും ഞാന്‍ സമ്മതിക്കുന്ന പ്രശ്നമില്ല. സിനിമയിലെ മറ്റ് ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത് ചന്ദ്രഗിരിക്കോട്ടയില്‍ നിന്ന് കാണുന്ന തുറമുഖം പോലുള്ള സ്ഥലത്താണ്. ഉയിരേ ഗാനം ഒരിക്കല്‍ക്കൂടെ എടുത്ത് കാണുക . അല്ലെങ്കില്‍ ദാ ഇവിടെ നോക്കൂ. കടലിലേക്ക് തള്ളി നില്‍ക്കുന്ന കൊത്തളം ബേക്കലിലേതാണ്. അതിനകത്ത് നായകനും നായികയും ആലിംഗനബദ്ധരായി നില്‍ക്കുന്നത് കണ്ടില്ലേ പാട്ടിന്റെ അവസാന രംഗത്തില്‍ . നായകന്‍ നിരീക്ഷണ ഗോപുരത്തിന്റെ മുകളില്‍ നടക്കുന്നത് കണ്ടില്ലേ ? അഗ്വാഡ കോട്ടയിലും ഞാന്‍ പോയിട്ടുണ്ട്. അഗ്വാഡയില്‍ ഈ രണ്ട് സംഭവങ്ങളും ഇല്ല. അഗ്വാഡയുടെ വിവരണം പിന്നാലെ വരും. അതുകൂടെ കണ്ടുകഴിയുമ്പോള്‍ താങ്കളെ ആ ടൂര്‍ ഗൈഡ് കബളിപ്പിച്ചതാണെന്ന് പൂര്‍ണ്ണബോദ്ധ്യമാകും. കോട്ടകള്‍ക്ക് പലതിനും സാമ്യസ്വഭാവങ്ങള്‍ ഉണ്ടായെന്ന് വരും. സിനിമയില്‍ അത് പിടിക്കപ്പെടാനോ മനസ്സിലാക്കാനോ എളുപ്പവുമല്ല. അതുകൊണ്ടാണ് താങ്കള്‍ക്ക് പാട്ട് സീന്‍ അഗ്വാഡയുമായി സാമ്യം തോന്നിയത്. താങ്കളുടെ ഗോവക്കാരന് സുഹൃത്തിനോട് ‘ദില്‍ ചാഹ്ത്താ ഹേ‘ എന്ന സിനിമയിലെ കോട്ട രംഗങ്ങള്‍ ഏത് കോട്ടയിലാണ് ഷൂട്ട് ചെയ്തതെന്ന് ഒന്ന് അന്വേഷിക്കാമോ ? ശരിയുത്തരം എനിക്കറിയാം. അതും ഞാന്‍ പുറകേ വിവരിക്കുന്നതാണ്. അദ്ദേഹത്തിന് അറിയാമോന്ന് ഒരു ടെസ്റ്റ് :) വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    ശ്രീ, ഒരു യാത്രികന്‍ , അഞ്ജു പുലാക്കാട്ട്, ജുനൈദ്, മനോജ്, മനോരാജ്, കൃഷ്ണകുമാര്‍ , സിജോ ജോര്‍ജ്ജ്, ഏകലവ്യന്‍ , സുനില്‍ കൃഷ്ണന്‍ .... കോട്ടകള്‍ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

    ReplyDelete
  15. മനോജേട്ടാ, പവിത്ര മോതിരത്തെ പറ്റി വിശദമായി അറിവ് തന്നതിന് നന്ദി.
    ബേക്കല്‍ കോട്ടയും ചന്ദ്രഗിരിക്കോട്ടയും പതിവുപോലെ വിവരണം കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും അസ്സലായി. ഇനി കര്‍ണ്ണാടകം!! അതില്‍ മൂകംബികയും കുടജാദ്രിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete
  16. മൂന്നരത്തരം എന്ന് നീരു പറഞ്ഞാല്‍ പിന്നെ എതിരില്ല ..ഹതാണ്.
    "അതിനകത്ത് നായകനും നായികയും ആലിംഗനബദ്ധരായി നില്‍ക്കുന്നത് കണ്ടില്ലേ പാട്ടിന്റെ അവസാന രംഗത്തില്‍ ."
    കണ്ടു കണ്ടു. ആ സീന്‍ കാണുമ്പോ ബാക്ക്ഗ്രൌണ്ട് സീന്‍ നോക്കാന്‍ പറ്റുവോ? അവിടെ എനിക്ക് പിഴച്ചു...
    ആ ഗോവക്കാരന്‍ കള്ളന്‍ സുഹൃത്തിനോട്‌ ഇനി ഒന്നും ചോദിക്കുന്നില്ല.. ഷൂട്ട്‌ ചെയ്തത് അവന്റെ വീട്ടിലാണെന്നും അമീര്‍ ഖാന്‍ ലവന്റെ അപ്പാപ്പന്റെ മോന്‍ ആണെന്നും മറ്റും പറഞ്ഞാലോ?

    ReplyDelete
  17. മനോജേട്ടാ,

    നന്നായിട്ടുണ്ട് :), അപ്പോള്‍ പയ്യനൂര്‍ വിട്ടു കാസര്‍ഗോഡ്‌ എത്തി...
    അടുത്ത എപിടോസിനായി കാത്തിരിക്കുന്നു...

    ReplyDelete
  18. വിശദമായൊന്ന് വായിച്ചയവിറക്കണം....

    ReplyDelete
  19. പതിവു പോലെ നല്ല വിവരണം.

    ഞാൻ മൂന്നു തവണ പോയിട്ടൂണ്ടവിടെ. കോളെജിൽ നിന്നു കുട്ടികളുമായി.

    ഒരിക്കൽ നല്ല മഴയായിരുന്നു. പെരുമഴയത്ത് കുട്ടികൾക്കൊപ്പം മുഴുവൻ മഴയും നനഞ്ഞ് ശരിക്കും അടിച്ചു പൊളിച്ചു.

    നൊസ്റ്റാൽജിയ... വീണ്ടും പോണം!

    ReplyDelete
  20. നീരൂ,“ബേക്കലും ചന്ദ്രഗിരിക്കോട്ടയും”നല്ല മൂഡില്‍
    തന്നെ വായിച്ചു...മനസ്സ് നിറയെ ബേക്കലിലെ
    അസ്തമയക്കാഴ്ചയുടെ ജാജ്വല്യ സ്മരണ പൂത്തുലഞ്ഞു!
    ഒടുവില്‍ വായിച്ചെത്തിയപ്പോഴത് ഒന്നുകൂടി തിളങ്ങി!
    “ഒരു കാഴ്ച്ചകൂടെ ബാക്കി കിടക്കുന്നുണ്ട്. അതുകൂടെ കണ്ട് തീരാതെ ഇന്നത്തെ ദിവസത്തെ പൂര്‍ണ്ണമായും വിലയിരുത്താനാവില്ല.“ നന്ദി നീരൂ നന്ദി...
    ബേക്കലിന്‍റെത് മാത്രമായ ആ അസ്തമയ
    മുഹൂര്‍ത്തം അതിന്‍റെ ഹാവഭാവങ്ങളോടെ
    വര്‍ണിച്ചു തരൂ..കാത്തിരിക്കുന്നു..
    ഒരിക്കല്‍ അസ്തമയം പ്രതീക്ഷിച്ച് ,ബേക്കലില്‍
    ആര്‍ത്തിയോടെ കാത്തിരുന്നെങ്കിലും അന്നു
    പൊടുന്നനെ മേഘാവൃതമായ അന്തരീക്ഷം
    ഞങ്ങളെ പറ്റിച്ചു കളഞ്ഞ ദു:ഖം ബാക്കിയുണ്ട്!
    അടുത്ത പോസ്റ്റിനായി അക്ഷമയോടെ....

    ReplyDelete
  21. മനോജേട്ടാ എന്നത്തേയും പോലെ വളരെ നല്ല വിവരണം. പയ്യന്നൂര്‍ പവിത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇത്രയും വിശദമായി പറഞ്ഞതിനു നന്ദി.

    ബേക്കല്‍ കോട്ട, എന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു ആ കോട്ട കാണണം എന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി സംബന്ധമായി അവിടെപോയപ്പോള്‍ കോട്ട കാണാന്‍ സാധിച്ചു. എന്നാലും ജോലി കഴിഞ്ഞ് കോട്ടയില്‍ എത്തിയപ്പോഴേക്കും സന്ദര്‍ശന സമയം തീരാന്‍ ഒരു മണിക്കൂര്‍ മാത്രം. അതുകൊണ്ട് തന്നെ ഒരു ഓട്ടപ്രദക്ഷിണം ആയിരുന്നു. കൂടെ ഉണ്ടായിരുന്നത് കാഞ്ഞങ്ങാട്ടു കാരനായ സുഹൃത്ത് നിരനും. ഒരിക്കല്‍ കൂട്ടി ഇവിടെ വായിച്ച കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് അവിടെയ്ക്ക് പോകണം വിശദമായിത്തന്നെ കോട്ടകാണണം.

    ഇത്തവണയും ഞാന്‍ രണ്ട് അക്ഷര പിശാചുക്കളെ കണ്ടു എന്നാലും പറയുന്നില്ല. ഇത്രയും രസകരവും വിജ്ഞാനപ്രദവുമായ എഴുത്തില്‍ അതൊരുകാര്യമേ അല്ല. എല്ലാവരേയും പോലെ ഞാനും കണ്ണടയ്ക്കുന്നു. വീണ്ടും അനന്തന്‍‌കാട്ടില്‍ കാണുന്നതുവരെ.........

    ReplyDelete
  22. നീരൂ.... ഇപ്പോ പവിത്രമോതിരം ഒരു മാസം കൊണ്ട് കിട്ടും.. ഈ പറഞ്ഞ പയ്യന്നുര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് എന്റെ വീട്... പയ്യന്നൂരിനെ പറ്റി എഴുതിയത് കണ്ട് കണ്ണ് നിറഞ്ഞ്... ബേക്കല്‍ കോട്ട ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും നീരുവിന്റെ കണ്ണിലൂടെ കണ്ടപ്പോ ഒന്നൂടെ ഭംഗി വന്നു... ഇഷ്ട്ടായി!!!

    ReplyDelete
  23. ".....പ്രാദേശിക ചരിത്രങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്താന്‍ അംഗീകൃത ചരിത്രകാരന്മാരും ചരിത്രകുതുകികളുമൊക്കെ മുന്‍‌കൈ എടുക്കുകയോ അവരെ ഔദ്യോഗികമായി ഏര്‍പ്പാട് ചെയ്യുകയോ ഉണ്ടായില്ലെങ്കില്‍ 21-)0 നൂറ്റാണ്ടിന് ശേഷവും ഊഹാപോഹങ്ങളുടെ പാത പിന്തുടരേണ്ട ദുര്‍ഗ്ഗതി നമുക്കുണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല...." അധികൃതര്‍ ഈ അഭിപ്രായം വായിക്കട്ടേ.
    "♫ ..ഉയിരേ ഉയിരേ...♫". ഇന്ന് കോട്ടക്ക് പ്രാധാന്യം നല്‍കി മറ്റൊരു കണ്ണോടെ കണ്ടു ... കോട്ടകളുടെ ഇടയിലൂടെ കൊണ്ട് പോയ ഈ പോസ്റ്റിനു നന്ദി....

    ചരിത്രത്തിനു മുതല്‍ക്കൂട്ടായി നീരൂവിന്റെ ഈ പോസ്റ്റ്‌ നിലനില്‍ക്കുമല്ലോ. ജീവനുള്ള ചിത്രങ്ങള്‍ പ്രത്യേകം എടുത്ത് പറയണ്ടതാണ്...

    ReplyDelete
  24. Vivaranam manoharamaayittundu. Orupadu informations ulla oru post aayittundu.

    ReplyDelete
  25. വേനലില്‍ കോട്ട ആകെ നരച്ചു കിടക്കുന്നു. മഴക്കാലത്ത് വളരെ മനോഹരമാണ് കോട്ടയും പുല്പ്രദേശങ്ങളും എല്ലാം.

    പവിത്രമോതിരം പുതിയ അറിവാണ്. നേഹ എങ്ങനെ ഈ വെയിലൊക്കെ കൊണ്ട് കോട്ടയിലൂടെ നടന്നു?

    ReplyDelete
  26. Pavithra Mothirathinte karyam adyam kelkukayanu njan..... orennam venam ennu agraham thonni pokunnu.... Bakel kotta kanditundu ketto... 4 yrs munpu....mazhakalathu ayirunnu.... enthu bhangi ayirunnu enno.... photos okke sookshichu vachittundu.... Post valare nannayii.... Thank you so much Manoj

    ReplyDelete
  27. ബോംബെ ,സിനിമ കണ്ടപ്പോള്‍ അതില്‍ ഉയിരേ എന്നുള്ള പാട്ടില്‍ ലയിച്ചു ഇരുന്നത് കൊണ്ടും &അരവിന്ദ് സ്വാമി ടെ കരച്ചില്‍ കണ്ടു വിഷമം തോന്നിയത് കൊണ്ടും ബേക്കല്‍ കോട്ട ആ മങ്ങിയ വെളിച്ചത്തില്‍ മനസ്സില്‍ അത്ര പതിഞ്ഞില്ല.ഇത് വായിച്ചപോള്‍ ആ പിക്ചര്‍ ഒന്ന് തെളിഞ്ഞു . പിന്നെ പവിത്ര കെട്ടു അതും ഒരു കാര്യം ഓര്‍മ വന്നു .എനിക്കും സ്കൂള്‍ പഠിക്കുമ്പോള്‍ ഒരു പവിത്രകെട്ടു കൊണ്ടുള്ള ഒരു കമ്മല്‍ ഉണ്ടായിരുന്നു .അതും വളരെ കാര്യമായി എറണാകുളം ഗിരിപ്പൈയില്‍ നിന്നും പറഞ്ഞു വാങ്ങിച്ചതും ആണ് .ആരോ പറഞ്ഞു മാര്യേജ് കഴിയാതെ അത് ഇടാന്‍ പാടില്ല എന്ന് .അത് കേട്ടപ്പോള്‍ അമ്മ എന്നെ അത് ഇടാന്‍ സമ്മതിച്ചിരുന്നില്ല .അതിന്റെ സത്യം എന്ത് എന്ന് ഇതുവരെ അറിയില്ല??ആ കമ്മല്‍ എവിടെ പോയോ? ഈ പോസ്റ്റ്‌ അമ്മയോട് അത് ചോദിക്കാന്‍ ഒരു വഴി ആയി ,എന്‍റെ കമ്മല്‍ എവിടെ എന്ന് ?..വളരെ നന്ദി മനോജ്‌ ...എന്നും പോലെ പോസ്റ്റ്‌ എല്ലാം കൊണ്ടും അതി ഗംഭീരം !!!!!!!

    ReplyDelete
  28. കുറെ നാളുകള്‍ക്ക് ശേഷമാണ് ഇവിടെ പിന്നെയും വരുന്നത്.

    ...ചില ചിത്രങ്ങള്‍ ഇതു വരെ കാണാത്തവയാണ് .
    അതിന് പ്രത്യേകം നന്ദി...

    ReplyDelete
  29. as usual very informative.........

    ReplyDelete
  30. എല്ലാം കണ്ടു മറന്ന കാഴ്ചകളാണെങ്കിലും,ഈ അറിവുകളെല്ലാം പുതിയത്..

    മൂന്നു കോട്ടകള്‍ ഒറ്റദിവസം കൊണ്ട് കാണാന്‍ പറ്റിയോ?അതും കണ്ണൂരും ബേക്കലും..
    അതിനിടയില്‍ പറശ്ശിനിയും സുഹൃത്തിന്റെ വീടും എല്ലാം,സന്ദര്‍ശിക്കുകയും ചെയ്തു. യാത്രയ്ക്ക് നല്ലൊരു പ്ലാനിംഗ് ഉണ്ടായിരുന്നു,അല്ലേ?

    ReplyDelete
  31. കൌതുകത്തോടെ ഒരോ യാത്രയേയും പിന്തുടരന്നു...

    ReplyDelete
  32. ക്യാമറ എന്തെന്നറിയില്ലെങ്കിലും പടങ്ങളെല്ലാം അടിപൊളി ആണല്ലോ...

    ReplyDelete
  33. സുനില്‍ രാമചന്ദ്രന്‍ നായര്‍13 March 2010 at 08:38

    മാഷെ,

    യാത്രവിവരണം കസറുന്നുണ്ട്.
    വായിക്കുമ്പോള്‍ നേരിട്ടു കാണുന്ന് പ്രതീതി. ഈ ചരിത്രപരമായ വിവരങ്ങളൊക്കെ എങ്ങനെ ശേഖരിച്ചു. അഭിനന്ദനങ്ങള്‍ .

    ReplyDelete
  34. »m-Kv C-ã-s¸«p. Rm³ H-cp sN-dp bm-{XnI³. am-Xr-`q-an bm-{X-bn tPmen. H-cp t»m-Kv R-§Ä-¡p Xcq. F-sâ sa-bnÂ. harilal.rajagopal@gmail.com

    ReplyDelete
  35. Just loved it.
    My first and last visit to Bekal fort was on the last day of our college life at GCE Kannur. Didnt know much about the history of Bekal then. This post proved very informative like any other post of yours!

    ReplyDelete
  36. പോസ്റ്റ് വായിച്ചു. നല്ല വിവരണം.വായിച്ചുകഴിഞപ്പോള്‍ സ്റ്റെപ്സ് കയറിയ നേഹയെക്കാള്‍ ക്ഷീണം. എന്നാലും നേഹയെ സമ്മതിച്ചു തന്നിരിക്കുന്നു.

    പവിത്രക്കെട്ടു മോതിരത്തിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്. പെണ്ണല്ലേ, പൊന്നല്ലേ, പിന്നെ ഞാന്‍ എന്തേ ഇതിനെക്കുറിച്ച് അറിയാതെ പോയത്????????

    ReplyDelete
  37. പയ്യന്നൂർ ചരിത്രം, പവിത്രമോതിരം എന്നീ പുതിയ അറിവുകൾക്ക് വളരെ നന്ദി മനോജ്...,
    ഒപ്പം മനോഹരമായ ബേക്കൽ, ചന്ദ്രഗിരി കോട്ട ചിത്രങ്ങൾക്കും വിവരണത്തിനും...

    “ആ കാഴ്ച്ചയാണെങ്കിലോ ?! അത് ഒന്നൊന്നര കാഴ്ച്ചയും അറിവും..”

    ദുഷ്ടാ..... :)

    ReplyDelete
  38. ഫോട്ടോകളും വിവരണങ്ങളും സാധാരണപോലെതന്നെ നന്നായിട്ടുണ്ട്.. ബേക്കല്‍ കോട്ടയില്‍ പോകുമ്പോ ഇതു വായിച്ചിട്ട് പോകണം.എന്നാല്‍ ഇനി ഗൈഡില്ലെങ്കില്‍ പോലും വലിയ കുഴപ്പം വരില്ല...

    ReplyDelete
  39. നന്നായിരിക്കുന്നു.... എപ്പോഴാണ് ബഹ്‌റൈന്‍ വിശേഷങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്?....

    ReplyDelete
  40. NJAAN PARASSHHINIKADAVU MUTHAPPANEM KOTTAKALEM ORUMICHU KANDU ....
    NALLA POST KANNOOR NALLA FOOD JITTILLE ATHINTE PHOTO KOODI IDAMARUNNU

    ReplyDelete
  41. manojettaa....super...
    payyannor pavithra maohirathinte kaaryathil prasidhamaanennathu ,enikku oru puthiya arivaayirunnu...bekal fort TV iloodeyum mattum kandittundenkilum chandragiri kandirunnilla....dankssssssssssss

    ReplyDelete
  42. നീരൂ, ബേക്കല്‍ കോട്ടയില്‍ പോയിട്ടുണ്ട് പണ്ട്. ഒരു 20 വര്‍ഷം മുന്‍പെങ്കിലും ആവും അത്. ഓര്‍മ്മയിലുള്ള ആ ചിത്രങ്ങള്‍ ഒന്നു കൂടി മിഴിവാര്‍ന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍.

    നീരുവും നേഹയും ഗീതയും കൂടിയുള്ള ആ ചിത്രം - ഞാനിങ്ങെടുത്തു വച്ചൂ എന്റെ ഡസ്ക്ടോപ്പില്‍.

    ReplyDelete
  43. bakel ennum ente swapnagalil undayirunnu
    aa swapnathe etra sundaramayi vivarichatinu nanni

    ReplyDelete
  44. ‘കൊച്ചി മുതല്‍ ഗോവ വരെ’ യുള്ള യാത്ര തുടരുകയാണ്.
    ഭാഗം 10 - അനന്തപുര തടാക ക്ഷേത്രം

    ReplyDelete
  45. കേരളത്തില്‍ ഞാന്‍ കാലു കുത്താത്ത രണ്ടു ജില്ലകളില്‍ ഒന്നിലാണ് ബേക്കല്‍ കോട്ട. ഉയിരേ.. പാട്ട് കണ്ടപ്പോള്‍ എന്നെങ്കിലും പോകണം എന്ന് കരുതിയതാണ്. ഇപ്പോള്‍ ആഗ്രഹം കൂടി.
    നന്നായിട്ടുണ്ട്.. ചിത്രങ്ങളും.. പ്രത്യേകിച്ചു ചന്ദ്രഗിരി പുഴയും അറബിക്കടലും കൂടിയുള്ള ചിത്രം.

    ReplyDelete
  46. പയ്യന്നൂര്‍ പവിത്രമോതിരത്തിന്റെ കാര്യം കേട്ടിട്ടേയില്ലായിരുന്നു. ഇങ്ങനെയും ഒരു മലയാളി!
    അല്ലേലും നിരക്ഷരന്റെ ബ്ലോഗ് വായിച്ചാല്‍ എനിക്കറിയാത്ത കാര്യങ്ങളാവും കൂടുതല്‍. :)
    TGDC-യുടെ ഭാഗമായി ബേക്കല്‍ കോട്ടയില്‍ ഒരോട്ടപ്രദക്ഷിണം നടത്തിയിരുന്നു. വിശന്ന് വയറ് കത്തിയപ്പോള്‍ കോട്ടയ്ക്ക് മുന്നിലെ ഒരു കടയില്‍ നിന്ന് ഉപ്പിലിട്ട നെല്ലിക്കാ വാങ്ങിത്തിന്നു. ഊണിന്റെ സമയം കഴിഞ്ഞുപോയിരുന്നു. :)

    ReplyDelete
  47. havoooooooo
    kaasrodinu enthoru bhangi............

    ReplyDelete
  48. as usual very informative , esp. about pavathramOthiram and the history of the fort .I fully agree about your suggestion regarding the importance of proper recording of the history of the past and current events. other wise any one can twist the history according to their own agenda. keep posting ,
    wishing you all the best

    ReplyDelete
  49. ചന്ദ്രഗിരി..കോട്ടയിലേ..ചിത്രലേഖേ....
    ഉഷയെവിടേ.... ..

    ReplyDelete
  50. സിനിമകളില്‍ കണ്ടിട്ടുള്ള ബേക്കല്‍ കോട്ടയില്‍ പോയ പ്രതീതി. ഈ വിവരണം എന്നെ വല്ലാതെ മോഹിപ്പിച്ചു. കുറെ നാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു ആഗ്രഹമാണ് ഒന്നു പോയി കാണുക എന്നത്. ഇനി വെച്ചു താമസിപ്പിക്കാന്‍ വയ്യ. നാട്ടിലൊന്നു ചെല്ലട്ടെ.
    കൊത്തളവും കടലും ചേരുന്ന ചിത്രം അതി മനോഹരം.നന്ദി

    ReplyDelete
  51. ഉയിരേ ..ഉയിരേ.. ഉയിരിരുന്താല്‍ ഒരു വാട്ടി അങ്കെ കണ്ടിപ്പാ പോകുവേന്‍....

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.