Monday 15 February 2010

മാളിയേക്കലും മറിയുമ്മയും

'കൊച്ചി മുതല്‍ ഗോവ വരെ യാത്ര ഭാഗങ്ങള്‍' 1, 2, 3, 4, 5
------------------------------------------------------------------------

യാത്രയുടെ രണ്ടാം ദിവസം മുനമ്പത്തുനിന്ന് മാല്യങ്കര, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കോഴിക്കോട്, തലശ്ശേരി വഴി കണ്ണൂരെത്തി രാത്രി അവിടെ തങ്ങാനായിരുന്നു ഞങ്ങളുടെ പരിപാടി. 10 കൊല്ലമായി കൂടെ കൂടിയിട്ടും ഞാന്‍ പഠിച്ചെന്ന് പറയുന്ന കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജും, കോളേജ് ഹോസ്റ്റലും, കണ്ണൂര്‍ പട്ടണവുമൊക്കെ ഇതുവരെ കാണിച്ച് കൊടുത്തിട്ടില്ല എന്നുള്ള മുഴങ്ങോടിക്കാരിയുടെ സ്ഥിരം പരാതിയുടെ അവസാന ദിവസം കൂടെയാണിന്ന്.

അതിനിടയ്ക്കാണ് ആ വാര്‍ത്തയറിഞ്ഞത്. കണ്ണൂരില്‍ ചില കത്തിക്കലും പൊട്ടിക്കലുമൊക്കെ നടക്കുന്നുണ്ട്. ഹര്‍ത്താല്‍ ഉണ്ടാകാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. യാത്ര നീട്ടിവെച്ചുകൂടെ എന്നാണ് വീട്ടിലുള്ളവരുടെ ചോദ്യം. കണ്ണൂരിലെ പൊട്ടിക്കലും കലാപമൊക്കെ തീര്‍ന്നിട്ട് ഒരു കാലത്തും യാത്ര നടത്താനാവില്ലെന്നും, പൊതുജനം വിചാരിക്കുന്നതുപോലെ അത്ര വലിയ കുഴപ്പക്കാരല്ല കണ്ണൂര്‍ക്കാരെന്നും 4 കൊല്ലത്തിലധികം അവിടെ ജീവിച്ചിട്ടുള്ള എനിക്കല്ലേ അറിയൂ. വീട്ടുകാരെയും ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ സ്നേഹിക്കുന്നതുപോലെ സ്വന്തം പാര്‍ട്ടിയേയും അകമഴിഞ്ഞ് സ്നേഹിക്കുന്നതുകൊണ്ടുള്ള കുഴപ്പം മാത്രമേ കണ്ണൂര്‍ക്കാര്‍ക്കുള്ളൂ. ആ സ്നേഹം മുതലെടുക്കുന്ന നേതാക്കന്മാരുടെ കാപട്യം ജനങ്ങള്‍ മനസ്സിലാക്കുന്ന ദിവസം കണ്ണൂരൊരു സ്വര്‍ഗ്ഗരാജ്യമാണ്. കണ്ണൂരിലെ ജീവിതം എനിക്ക് തന്നിട്ടുള്ള ദര്‍ശനം അതാണ്.

യാത്ര നിശ്ചയിച്ചുറപ്പിച്ചതുപോലെ തന്നെ ആരംഭിച്ചു. കാറിലെ ദീര്‍ഘയാത്ര ശരിക്കും തുടങ്ങുന്നത് രണ്ടാം ദിവസമായ ഇന്നാണ്. അതായത് 2009 ഡിസംബര്‍ 23ന്. യാത്രയില്‍ ഉടനീളം കാറിന്റെ പിന്‍‌സീറ്റില്‍ കിടന്നുറങ്ങുന്ന സഞ്ചാരി എട്ടുവയസ്സുകാരി നേഹയും ഈ ദിവത്തോടെയാണ് യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം ചേരുന്നത്.

അല്‍പ്പം വൈകിയാണെങ്കിലും ബ്രേക്ക് ഫാസ്റ്റിനായി കോട്ടയ്ക്കലിന് മുന്‍പുള്ള സാമാന്യം വൃത്തിയുള്ള ഒരു റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഞാനത് ശ്രദ്ധിച്ചു. നേവിഗേറ്ററില്‍ ആ ഹോട്ടലിന്റെ പേരെഴുതി കാണിക്കുന്നുണ്ട്. കൊള്ളാവുന്ന ഹോട്ടലുകളെയെന്നപോലെ ടൂറിസ്റ്റ് പ്ലേസുകളേയുമൊക്കെ P.O.A.(Places of Interest) എന്ന വിഭാഗത്തില്‍‍പ്പെടുത്തി നേവിഗേറ്ററിന്റെ ഡാറ്റാബേസില്‍ ചേര്‍ത്തിട്ടുണ്ട് ‘മാപ്പ് മൈ ഇന്ത്യ’.

620 ല്‍പ്പരം നഗരങ്ങളെയാണ് നേവിഗേറ്റര്‍ മാപ്പ് ചെയ്യുന്നത്. 6 മാസത്തിലൊരിക്കല്‍ കൂടുതലായി ഈ ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടുന്ന നഗരങ്ങള്‍ക്കായി 'മാപ്പ് മൈ ഇന്ത്യ' യെ ഇന്റര്‍നെറ്റിലൂടെ അപ്പ്‌ഡേറ്റ് ചെയ്താല്‍ മാത്രം മതി. അതല്ലാതെ മറ്റ് വാര്‍ഷിക വരിസംഖ്യയോ ചാര്‍ജ്ജുകളോ ഒന്നുമില്ല.

ബ്രേക്ക് ഫാസ്റ്റിന് ശേഷം തലശ്ശേരിക്കിടയില്‍ ഒരിടത്തും നിര്‍ത്തുന്നില്ല. കോഴിക്കോട് ബൈപ്പാസ് വഴി മുന്നോട്ട് നീങ്ങിയപ്പോൾ.....

“നമ്മള്‍ ഇപ്പോള്‍ത്തന്നെ കണ്ണൂരെത്തുമല്ലോ ഇങ്ങനെ പോയാല്‍ “
എന്നായിരുന്നു മുഴങ്ങോടിക്കാരിയുടെ കമന്റ്. അവിടെയാണ് ഈ റൂട്ടില്‍ ഇതിന് മുന്നേ സഞ്ചരിച്ചിട്ടില്ലാത്തവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നത്. കോഴിക്കോട് വിട്ടാല്‍ കണ്ണൂരെത്തുന്നതിന് മുന്നേ 7 റെയില്‍ വേ ക്രോസിങ്ങുകളെങ്കിലും ഉണ്ട്. വിചാരിക്കുന്നതിലും കൂടുതല്‍ സമയമെടുക്കും കണ്ണൂരെത്താനെന്ന് എനിക്കുറപ്പാണ്.

കോഴിക്കോടിനപ്പുറത്തേക്ക് റോഡ് മാര്‍ഗ്ഗം ആദ്യമായിട്ടാണ്‌ മുഴങ്ങോടിക്കാരി യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ വടകര കഴിഞ്ഞ് മാഹിയിലേക്ക് കടന്നപ്പോള്‍ നിരനിരയായി മദ്യവില്‍പ്പനശാലകളുള്ള ഇടുങ്ങിയ വഴികളും, മാഹിപ്പള്ളിയും, ഗ്യാസ് സ്റ്റേഷനുമുന്നിലെ വാഹനങ്ങളുടെ വലിയ നിരകളുമൊക്കെ അവര്‍ക്ക് പുതുമയുള്ള കാഴ്ച്ചകളാണ്‌. യൂണിയന്‍ ടെറിട്ടറിയായ മാഹിയില്‍ വാഹനങ്ങള്‍ക്ക് അടിക്കുന്ന ഇന്ധനത്തിനും, നേരവും കാലവുമൊന്നും നോക്കാതെ മനുഷ്യന്മാര്‍ അടിക്കുന്ന ഇന്ധനത്തിനുമൊക്കെ വിലക്കുറവായതുകൊണ്ട് മാഹി വഴി കടന്നുപോകുന്നവര്‍ വാഹനത്തില്‍ ഇന്ധനം പള്ള നിറച്ചടിക്കുന്നതുകാരണം, മാഹിയിലെ ഗ്യാസ് സ്റ്റേഷനുകള്‍ക്ക് മുന്നിലെ നീണ്ടനിര ഒരു സ്ഥിരം കാഴ്ച്ചയാണ്.

മാഹി കഴിഞ്ഞാല്‍ തലശ്ശേരി. അവിടെ സഹപ്രവര്‍ത്തകനായ ടി.സി.നിസ്സാര്‍ എന്ന നിസ്സാറിക്കയുടെ വീട്ടില്‍ കയറണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്‌. ഈ യാത്ര ഒരു വിരുന്ന് പോക്ക് ആക്കുക എന്ന ലക്ഷ്യമൊന്നും എനിക്കില്ല. പക്ഷെ നിസ്സാറിക്കയെ കാണാന്‍ പോകുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം, അദ്ദേഹത്തിന്റെ കുടുംബവീടായ മാളിയേക്കല്‍ തറവാട് ഒന്ന് കയറിക്കാണാം എന്നുള്ളതാണ്. നിസ്സാറിക്കയുടെ തറവാട്ടില്‍ പോയിട്ടുള്ള മറ്റ് സഹപ്രവര്‍ത്തകര്‍ പലപ്പോഴായി പറഞ്ഞുകേട്ടിട്ടുള്ള മാളിയേക്കല്‍ തറവാട്, പഴയ വീടുകളിലും പഴയ ആക്രി സാധനങ്ങളിലും കമ്പമുള്ള എന്റെയുള്ളില്‍ ഒരു മോഹമായി കുടിയേറിയിട്ട് നാളൊരുപാടായിരിക്കുന്നു. അതിനിടയ്ക്കാണ് സമീപകാല സിനിമകളായ പഴശ്ശിരാജയിലും പാലേരി മാണിക്യത്തിലുമൊക്കെ മാളിയേക്കല്‍ തറവാട് കാണിക്കുന്നതായി അറിഞ്ഞതും സ്ക്രീനില്‍ നേരിട്ട് കണ്ടതും.

നിസ്സാര്‍ക്കയെ വിളിച്ചപ്പോള്‍ ഉച്ചഭക്ഷണം വീട്ടില്‍നിന്നാകാമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങള്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. കുറച്ചുകഴിഞ്ഞ് നിസ്സാര്‍ക്ക തിരിച്ച് വിളിച്ചു.

"ഇതുവരെ വരുന്നതല്ലെ ഇന്നുച്ചയ്ക്ക് ഭക്ഷണം ഇവിടന്ന് തന്നെ" എന്നുപറഞ്ഞപ്പോള്‍ ..‍...

മലബാര്‍ വിഭവങ്ങളുടെ രുചി അറിഞ്ഞിട്ടില്ലാത്ത മുഴങ്ങോടിക്കാരിക്ക് അതൊരു അനുഭവമായിക്കോട്ടേന്ന് കരുതി ആ ക്ഷണം ഞാന്‍ സ്വീകരിച്ചു. മാളിയേക്കല്‍ തറവാട്ടില്‍ നിന്ന് അല്‍പ്പം മാറിയാണ് നിസ്സാര്‍ക്കയുടെ സ്വന്തം വീട്. അതിന്റെ ചുറ്റുവട്ടത്തുള്ളതൊക്കെ പുള്ളിയുടെ ബന്ധുക്കളുടെ വീടുകള്‍ തന്നെ. ഭക്ഷണത്തിന് മുന്നേ തന്നെ ഞങ്ങള്‍ മാളിയേക്കല്‍ തറവാട്ടിലേക്കിറങ്ങി.


മാളിയേക്കല്‍ തറവാട്

നിസാര്‍ക്കയുള്ള ഉമ്മയുടെ ബാപ്പ, ശ്രീ കാടാങ്കണ്ടി കുട്ട്യാമു ഹ്യാജി 1919 ല്‍ പണികഴിപ്പിച്ചതാണ്‌ ഈ തറവാട്. അദ്ദേഹത്തിന്റെ പേരും വീടുണ്ടാക്കിയ വര്‍ഷവുമൊക്കെ പൂമുഖത്തെ മച്ചില്‍ വടിവൊത്ത ഇംഗ്ലീഷ് അക്ഷരങ്ങളിലും അക്കങ്ങളിലും കൊത്തിവെച്ചിട്ടുണ്ട്.


ശ്രീ കാടാങ്കണ്ടി കുട്ട്യാമു ഹാജി

ഉമ്മറത്തുതന്നെ ഉണ്ടായിരുന്ന നിസ്സാറിക്കയുടെ കസിന്‍ സാലി ഹാര്‍ദ്ദമായി സ്വീകരണം ചെയ്തു. അകത്തുള്ള സ്ത്രീജനങ്ങളേയുമൊക്കെ പരിചയപ്പെട്ടതിനുശേഷം ഞങ്ങള്‍ തറവാടിന്റെ ഉള്ളറകളിലേക്ക് കടന്നു.

പൂമുഖത്തുതന്നെ കാണുന്ന, വാതില്‍ കുറുകെ നിറുത്തിയതുപോലുള്ള നിരക്കിനീക്കുന്ന വലിയ ജനലുകള്‍ ആദ്യമായിട്ടാണ് ഏതെങ്കിലുമൊരു കെട്ടിടത്തില്‍ ഞാന്‍ കാണുന്നത്. ജനലുകള്‍ തുറന്നിട്ടാല്‍ അഴികള്‍ക്കിടയിലൂടെ ഒന്നോ രണ്ടോ ആള്‍ക്ക് സുഖമായി അകത്തേക്ക് അതിലൂടെ കടന്നുപോകാമെങ്കിലും അകത്തുനിന്ന് പാളികള്‍ തള്ളിയടച്ച് അതിലുറപ്പിച്ചിരിക്കുന്ന പ്രത്യേകതരം മരപ്പൂട്ടിട്ടുകഴിഞ്ഞാല്‍ എല്ലാം സുരക്ഷിതമാകുന്നു. വാതിലിന്റേയും ജനലിന്റേയുമൊക്കെ കനം അസാധാരണമാണ്.


നിരക്കു കതകുകളുള്ള വലിയ ജനല്‍

അടുക്കളപ്പുറത്ത് ഊണു്‌ കാലമാക്കുന്നതിന്റെ തിരക്കിലാണു്‌ സ്ത്രീകൾ. ദിവസവും നൂറിലധികം ആളുകള്‍ക്ക് വെച്ചുവിളമ്പിയിരുന്ന അടുക്കളയാണതെന്ന് അടുക്കളയുടെ വ്യാപ്തിയും നിരനിരയായിരിക്കുന്ന അമ്മിക്കല്ലുകളുമൊക്കെ കണ്ടാല്‍ മനസ്സിലാക്കാം. വിറകുകത്തിക്കുന്ന അടുക്കളഭാഗമൊക്കെ ഇപ്പോള്‍ വിറക്‌ ശേഖരിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

താഴെ നിലയില്‍ നിന്ന് മുകളിലേക്ക് കടക്കുന്ന മരത്തിനെ കോണിപ്പടികളുടെ പാര്‍ശ്വഭാഗങ്ങളൊക്കെ കൊത്തുപണികളും കൊച്ചുകൊച്ച് അഴികളും കൊണ്ട് സമ്പുഷ്ടമാണ്. മുകളിലേക്കുള്ള പ്രവേശനം വേണമെങ്കില്‍ നിയന്ത്രിക്കാവുന്ന തരത്തിലാണു്‌ കോണിപ്പടിയുടെ നിര്‍മ്മാണം.


കോണിപ്പടിയും അതിലെ മരപ്പണികളും

കോണിപ്പടി കയറി മുകളിലേക്ക് ചെന്നാല്‍ കാണുന്ന വിശാലമായ ഹാളിനെപ്പറ്റി വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. പഴയകാലത്തെ ഒരു തൂക്കുവിളക്കുകളുടെ ഷോ റൂമില്‍ പോയ പ്രതീതിയാണ്‌ മച്ചിലേക്ക് നോക്കിയാല്‍ കിട്ടുക. വിവിധനിറത്തിലും രൂപത്തിലുമുള്ള വിളക്കുകള്‍ മുറിയുടെ മാറ്റുകൂട്ടുന്നെന്ന് പറഞ്ഞാല്‍ അതൊരു വര്‍ണ്ണനയൊന്നുമാകില്ല.


ഒന്നാം നിലയിലെ മനോഹരമായ ഹാള്‍

ഹാളിനു്‌ ചുറ്റോട് ചുറ്റും കിടക്കുന്ന പുരാതന ദിവാനുകളിലും വട്ടമേശകളുമൊക്കെ എന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ എത്രനേരം ഉടക്കിനിന്നെന്ന് നിശ്ചയമില്ല.


തറയോടും ശില്‍പ്പഭംഗിയുള്ള ടീപ്പോയിയും

നിലത്തു്‌ പാകിയിരിക്കുന്നത് വിദേശനിര്‍മ്മിതമായ തറയോടുകളാണ്. മച്ചിലെ തൂക്കുവിളക്കുകളും കപ്പല്‍ കയറി വന്നതുതന്നെ. ചുമരിലെ ജനലുകളിലെ വര്‍ണ്ണച്ചില്ലുകളിലൂടെ മുറിക്കകത്തേക്ക് വീഴുന്ന വെളിച്ചത്തിന് ഒരു സിനിമാരംഗത്തിലേതുപോലെ ഭംഗി.




വര്‍ണ്ണച്ചില്ലുകളുള്ള ജനാലകള്‍

ഇക്കാരണങ്ങളൊക്കെക്കൊണ്ടുതന്നെയായിരിക്കണം സിനിമാക്കാര്‍ക്ക് ഈ തറവാടും ഹാളുമൊക്കെ പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നത്. പലേരിമാണിക്യം സിനിമയിലെ ക്ലൈമാക്സ് രംഗത്തിലും പഴശ്ശിരാജയിലെ പല പ്രധാനരംഗങ്ങളിലും ഒരു ഗാനരംഗത്തിലും,'ദൈവനാമത്തില്‍ ' എന്ന സിനിമയിലുമൊക്കെ 80 സെന്റോളം സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്ന മാളിയേക്കല്‍ തറവാട് പ്രത്യക്ഷപ്പെടുന്നുണ്ട്.

മുകളിലത്തെ നിലയിലേക്കു്‌ പിന്‍വശത്തുനിന്ന് മറ്റൊരു കോണിപ്പടികൂടെയുണ്ട്. അതിന്റെ കൈവിരികളും തടകളുമൊക്കെ കാസ്റ്റ് അയേണിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുറികള്‍ക്കൊക്കെ അസാധാരണമായ വലിപ്പമാണ്. കപ്പി ഉപയോഗിച്ച് താഴെയുള്ള കിണറ്റില്‍ നിന്നു്‌ വെള്ളം കോരിയെടുക്കാനാകും മുകളിലെ കുളിമുറികളിലേക്ക്. സാധാരണ വീടുകളിലെ കിടക്കമുറിയുടെ വലിപ്പമുണ്ട് കുളിമുറികള്‍ക്ക് പോലും.


ആതിഥേയര്‍ക്കൊപ്പം മുഴങ്ങോടിക്കാരിയും നേഹയും

എന്തെങ്കിലുമൊരു സല്‍ക്കാരം സ്വീകരിക്കാതെ മലബാറിലെ വീടുകളില്‍ നിന്ന് മടങ്ങാനാവില്ല. ഊണു്‌ സമയമായതുകൊണ്ട് ഒരു ഗ്ലാസ്സ് ഹോര്‍ലിക്സില്‍ ആ സ്നേഹം ഒതുക്കി ആതിഥേയരുമായി അല്‍പ്പനേരം ആ ഹാളില്‍ മാളിയേക്കലിന്റെ ചരിത്രങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ചിലവഴിച്ചു. ചുമരില്‍ കാണുന്ന ചിത്രങ്ങളൊക്കെ പല കഥകള്‍ക്കും സാക്ഷ്യം വഹിക്കുന്നുണ്ട്.

മാളിയേക്കലില്‍ വന്നുപോയിട്ടുള്ളതും ഒളിവില്‍ കഴിഞ്ഞിട്ടുള്ളതുമായ പ്രമുഖരുടെ ഒരു നിര തന്നെയുണ്ട്. എ.കെ.ജി, സി.എച്ച്. കണാരന്‍ എന്നിവരാണ് മാളിയേക്കലില്‍ ഒളിവില്‍ കഴിഞ്ഞിട്ടുള്ള രാഷ്ട്രീയപ്രമുഖർ. നായനാർ, ജനറല്‍ കരിയപ്പ, കേശവമേനോൻ, പനമ്പള്ളി ഗോവിന്ദ മേനോൻ, ഡോ.ഗഫൂർ, കുട്ടിമാളു അമ്മ, എന്നിവര്‍ക്ക് പുറമേ പ്രേംനസീര്‍ തുടങ്ങി ഭാവന വരെയുള്ള സിനിമാക്കാരുടെ നിര വേറേയുമുണ്ട് മാളിയേക്കല്‍ സന്ദര്‍ശിച്ചിട്ടുള്ളവരുടെ ലിസ്റ്റിൽ.

ചുമരില്‍ തൂങ്ങുന്ന ചിത്രങ്ങളിലൊന്ന് ശ്രീ കൊച്ചിന്‍ ഹനീഫയുടേതാണ്. അദ്ദേഹം നിക്കാഹ് കഴിച്ചിരിക്കുന്നത് മാളിയേക്കലില്‍ നിന്നാണ്. ഞങ്ങള്‍ അവിടെ നില്‍ക്കുന്ന ആ ദിവസം അദ്ദേഹം ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിലും ഞാനീ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആ കലാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് ആദരാജ്ഞലികള്‍ .

കാര്യമായി അറ്റകുറ്റപ്പണികളൊന്നും ചെയ്യാത്തതുകൊണ്ട് തറവാടിന്റെ പഴയകാല ഐശ്വര്യം ഇപ്പോളില്ലെങ്കിലും ആയകാലത്തെ പ്രൌഢി പകര്‍ന്നുതരാന്‍ തറവാട്ടിലെ ഓരോ ബിംബങ്ങള്‍ക്കും നിഷ്‌പ്രയാസം ആകുന്നുണ്ട്. ഇത്രയും വലിയൊരു വീട് അറ്റകുറ്റപ്പണിയൊക്കെ ചെയ്ത് നോക്കി നടത്തി കൊണ്ടുപോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്രമികച്ച സാമ്പത്തികാവസ്ഥയുള്ളവരാണ് അന്തേവാസികളെങ്കിലും, 100ല്‍പ്പരം ആളുകളൊക്കെ കൂട്ടുകുടുംബമായി ജീവിച്ചിരുന്ന കാലത്ത് പണികഴിപ്പിച്ച ഇത്തരം വീടുകള്‍ കാലഹരണപ്പെടാതെ നയിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയാണ്.

മാളിയേക്കലില്‍ നിന്ന് മടങ്ങുന്നതിനുമുന്നായി അകത്തെ മുറിയിലൊന്നില്‍ രോഗശയ്യയിലുള്ള നിസ്സാര്‍ക്കയുടെ ഇളയമ്മ സാറുമ്മയെ ചെന്നു കണ്ടു. മുഴങ്ങോടിക്കാരിയേയും എന്നേയും കട്ടിലിനരുകിലിരുത്തി മാപ്പിളപ്പാട്ടുകള്‍ നിറുത്താതെ പാടിക്കൊണ്ടിരുന്നു 85 കഴിഞ്ഞ ആ മൂത്തമ്മ. മാളിയേക്കലിന്റെ ഓരോ പ്രജയുടെയും രക്തത്തില്‍ സംഗീതമുണ്ടെന്ന് തന്നെ വേണം കരുതാന്‍. നിസാര്‍ക്കയും കസിന്‍ മസൂദും ചേര്‍ന്ന് തുടങ്ങിവെച്ച ബ്ലൂ ജാക്സ് എന്ന ട്രൂപ്പ് അതിനൊരുദാഹരണമാണ്. യാതൊരു മടിയോ നാണമോ ഇല്ലാതെ മുന്‍പ് കണ്ടിട്ടില്ലാത്ത ഞങ്ങളുടെ മുന്നില്‍ സാറുമ്മായുടെ ഗാനാലാപനം കേട്ടപ്പോൾ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശുദ്ധസംഗീതത്തിന്റെ ഓര്‍മ്മയ്ക്കെന്ന നിലയിലോ, നാളിതുവരെ കേള്‍ക്കാത്തെ വരികളുടെ ലാളിത്യത്തിന്റെ സ്മരണയ്ക്കായിട്ടോ അതൊക്കെ കുറിച്ചെടുക്കേണ്ടതുതന്നെയാണെന്ന് എനിക്ക് തോന്നി.

മാളിയേക്കലില്‍ നിന്ന് എല്ലാവരോടും നന്ദി പറഞ്ഞിറങ്ങിയതിനുശേഷം തൊട്ടടുത്ത പുരയിടത്തിലുള്ള മറിയ മഹലിലേക്കാണു്‌ നിസ്സാറിക്ക ഞങ്ങളെ കൊണ്ടുപോയത്. മറിയ മഹലിലാണ്‌ മറിയുമ്മ താമസിക്കുന്നത്. തലശ്ശേരി വരെയോ, മാളിയേക്കല്‍ വരേയോ ചെന്നിട്ട് മറിയുമ്മയെ കാണാതെ തിരിച്ചുപോയാല്‍ വലിയൊരു നഷ്ടം തന്നെയാണെന്ന് പറയാതെ വയ്യ. അത്തരത്തിലൊരു വ്യക്തിപ്രഭാവത്തിനുടമയാണ് മറിയുമ്മ. കുറേക്കൂടെ വ്യക്തമായി പറഞ്ഞാല്‍ മലബാറിന്റെ ചരിത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു വിശിഷ്ട വനിതയാണ് തച്ചറക്കല്‍ കണ്ണോത്ത് പുതിയ മാളിയേക്കല്‍ മറിയുമ്മ.

മറിയുമ്മ സാഹിബ
മലബാറിലും മറ്റും മുസ്ലീം സ്ത്രീകള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും സ്വായത്തമാക്കാതെയിരുന്നിരുന്ന ഒരു കാല‌ഘട്ടത്തിലേക്ക് കണ്ണോടിക്കേണ്ടിവരും മറിയുമ്മ നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തിയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍.

ഫിഫ്റ്റ് ഫോം വരെ, അതായത് ഇന്നത്തെ പത്താം ക്ലാസ്സ് വരെ, മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ പഠിക്കുക വഴി ഇംഗ്ലീഷ് വിദ്യാഭ്യാസം കരസ്ഥമാക്കിയ മലബാറിലെ ആദ്യത്തെ മുസ്ലീം വനിത എന്ന ചരിത്ര സ്ഥാനമാണ് മറിയുമ്മ നേടിയെടുത്തത്. യാഥാസ്ഥിതികരായ സമുദായക്കാരുടെ വെല്ലുവിളിയും പരിഹാസവും അപമാനിക്കലുമൊക്കെ ഇക്കാലത്ത് അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. സ്വന്തം ബാപ്പ ഒ.വി.അബ്ദുള്ള സീനിയറിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വിദ്യാഭ്യാസകാര്യത്തില്‍ മറിയുമ്മയ്ക്ക് തുണയ്ക്കുണ്ടായിരുന്നു.

പേരിനുമാത്രം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുക എന്നതല്ല മറിയുമ്മയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മറിയുമ്മ ആ ഭാഷ ഇന്നും മനോഹരമായി സംസാരിക്കുന്നു, ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുന്നു, കത്തുകള്‍ ഇംഗ്ലീഷില്‍ എഴുതുന്നു എന്നതൊക്കെക്കൊണ്ട് തലശ്ശേരി ഭാഗത്തൊക്കെ ഇംഗ്ലീഷ് മറിയുമ്മ എന്ന് സ്നേഹത്തോടെ അവരെ വിളിക്കപ്പെടുന്നുണ്ടെന്നത് രസകരമായ ഒരു വസ്തുതയാണ്.

മലബാര്‍ ശൈലിയില്‍ ചുറുചുറുക്കോടെ മറിയുമ്മ വിശേഷങ്ങള്‍ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു. കുടുംബവിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം ആല്‍ബത്തിലെ ബ്ലാക്ക് & വൈറ്റ് പടങ്ങള്‍ കാണിച്ചുതന്നു. സംസാരത്തിനിടയ്ക്ക് കയറി വരുന്ന ആംഗലേയത്തിന്‌ തീരെ കൃത്രിമത്വമില്ലെന്ന് മാത്രമല്ല വളരെ സ്വാഭാവികവുമാണത്.

"സമുദായത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും എനക്ക് എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. ഇഷ്ടമല്ലായിരുന്നെങ്കിലും ബുര്‍ഖ ധരിച്ച് പോകുന്ന പതിവെനക്കുണ്ടായിരുന്നു. സ്കൂളിലെത്തി അതഴിച്ച് വെക്കുമ്പോള്‍ മറ്റ് കുട്ടികള്‍ അതണിഞ്ഞ് എന്നെ പരിഹസിക്കുമായിരുന്നു. സ്കൂള്‍ വിട്ട് ഓ.വി. റോഡ് വഴി ജഡ്ക്ക വണ്ടിയില്‍ വരുമ്പോള്‍ റോഡിനിരുവശവുമുള്ള കടകളില്‍ നിന്നിറങ്ങി വന്ന് ആള്‍ക്കാര്‍ മുഖത്തുവരെ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. മുസ്ല്യാരുടെ മോള് പള്ളിക്കൂടത്തില്‍ പോണത് അവര്‍ക്കൊക്കെ സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആ പീഡനം സഹിക്കാതായപ്പോള്‍ ഉച്ചയ്ക്ക് എനക്ക് ചോറ്‌ സ്കൂളിലേക്ക് കൊടുത്തുവിടണമെന്ന് ഞാന്‍ ഉപ്പയോട് പറഞ്ഞു. അങ്ങനെ ഭക്ഷണം സ്കൂളിലെത്താന്‍ തുടങ്ങി. നിസ്ക്കാരത്തിനുള്ള സൌകര്യമൊക്കെ സ്കൂള്‍ അധികൃതര്‍ ചെയ്തുതരുമായിരുന്നു. "

"ഉപ്പ മതവിദ്യാഭാസം നന്നായിട്ടുള്ള ആളായിരുന്നു. രണ്ടാം ക്ലാസ്സ് വരേയേ പഠിച്ചിട്ടുള്ളെങ്കിലും നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ഇംഗ്ലീഷില്‍ ലേഖനങ്ങള്‍ എഴുതുകയുമൊക്കെ ചെയ്യുമായിരുന്നു. ഹി വാസ് എ പയസ് മാന്‍." ബാപ്പയെപ്പറ്റി പറയുമ്പോള്‍ മറിയുമ്മയ്ക്ക് നൂറ് നാവ്.

എല്ലാ എതിര്‍പ്പുകളും അവഗണിച്ചും സഹിച്ചും മറിയുമ്മയും മാളിയേക്കലിലെ മറ്റ് സ്ത്രീ പ്രജകളും വിദ്യാഭ്യാസം കരസ്ഥമാക്കുകയും സമൂഹത്തിലെ മറ്റ് പല നല്ല കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഉമ്മ കുഞ്ഞായിശുമ്മയുടെ നേതൃത്വത്തില്‍ 1935 ല്‍ തലശ്ശേരി മുസ്ലീം മഹിളാ സമാജം രൂപം കൊടുത്തത് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രം. സാക്ഷരതാ ക്ലാസ്സുകൾ, തയ്യല്‍ ക്ലാസ്സുകൾ, കുടുംബാസൂത്രണ ക്ലാസ്സുകൾ, വിധവാ പെന്‍ഷന്‍ കലടാസു്‌ തയ്യാറാക്കാന്‍ സഹായിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ മാളിയേക്കലിന്റെ മുറ്റത്ത് വലിയൊരു സ്ത്രീജനക്കൂട്ടം തന്നെ ഉണ്ടാക്കുമായിരുന്നു അക്കാലങ്ങളിൽ.

ഫിഫ്റ്റ് ഫോം കഴിഞ്ഞ ഉടനെ ആര്‍മിയില്‍ റിക്രൂട്ടിങ്ങ് ഓഫീസറായിരുന്ന വി.ആർ. മായന്‍ ആലിയുമായി മറിയുമ്മയുടെ നിക്കാഹ് കഴിഞ്ഞു. അദ്ദേഹവും മറിയുമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ്‌ നല്‍കിപ്പോന്നത്. ഞങ്ങള്‍ മറിയ മഹലില്‍ ചെല്ലുമ്പോള്‍ മറിയുമ്മയുടെ മൂത്ത മകള്‍ കുഞ്ഞാച്ചു എന്ന ഓമനപ്പേരുള്ള അയിഷ അവിടെയുണ്ട്. വര്‍ത്തമാനങ്ങളില്‍ അയിഷത്താത്തയും ഞങ്ങള്‍ക്കൊപ്പം കൂടി. ഒരു ദിവസം മുഴുവന്‍ കേട്ടിരുന്നാലും തീരാത്തത്രയും കഥകള്‍ കേള്‍ക്കാന്‍ വളരെ പരിമിതമായ സമയവുമായാണ്‌ ഞങ്ങള്‍ ചെന്നതല്ലോ എന്ന സങ്കടം മാത്രമായിരുന്നു ഞങ്ങള്‍ക്ക്.

മാളിയേക്കലിലെ പുരോഗമനജീവിതരീതികളും മറ്റും പറയുന്ന കൂട്ടത്തില്‍ റേഡിയോ എന്ന കണ്ടുപിടുത്തം സംസാരത്തിലേക്ക് കടന്നുവന്നു. അക്കാലത്ത് റേഡിയോ എന്നത് സാധാരണക്കാര‌ന് ഒരു അത്ഭുത വസ്തുവാണ്‌. ദിവസം മുഴുവനും ശബ്ദം കേള്‍പ്പിച്ചുകൊണ്ടിരുന്ന ഈ പെട്ടി, ചെകുത്താന്റെ ആലയമാണ് എന്നൊക്കെ പലരും വിശ്വസിക്കുകയും ചെയ്തിരുന്നു.

അതിന്റെ ചുവടുപിടിച്ച് പഴയകാല കമ്മ്യൂണിസ്റ്റും അഭിഭാഷകനുമായിരുന്ന ശ്രീമാന്‍ ഓ. അബ്ദുള്ള എഴുതി, ശ്രീ. ടി.സി.ഉമ്മൂട്ടി സംഗീതം ചെയ്ത ഒരു മനോഹരമായ ഗാനമുണ്ട്. റേഡിയോയെപ്പറ്റിയുള്ള ആ ഗാനം കോഴിക്കോട് ആകാശവാണി നിലയത്തിനു വേണ്ടി മാളിയേക്കലിന്റെ മുകളിലെ നിലയിലെ പ്രൌഡഗംഭീരമായ വലിയ ഹാളില്‍ വെച്ച് റെക്കോഡ് ചെയ്തപ്പോള്‍ അതിനു്‌ തബല വായിച്ചത് ശ്രീ മസൂദും, ഹാര്‍മോണിയം വായിച്ചത് ട്യൂണ്‍ നല്‍കിയ ശ്രീ.ടി.സി.ഉമ്മൂട്ടിയുമാണ്. ഗാനാലാപനം മറിയുമ്മയുടെ മകളായ സാറയും, സെയ്ദ, ഫാത്തിമ എന്നീ കുടുംബാഗങ്ങളുമാണ്. അന്നതിനു്‌ കോറസ്സ് പാടിയ അയിഷത്താത്ത ഇപ്പോള്‍ ദാ ഞങ്ങളുടെ മുന്നിലുണ്ട്.

"ആ പാട്ടൊന്ന് പാടിക്കൊടുക്ക് മോളേ"

...എന്ന് മറിയുമ്മ പറഞ്ഞുതീരലും ഞങ്ങള്‍ക്ക് വേണ്ടി അയിഷത്താത്ത ആ ഗാനം ആലപിക്കുകയായി. ഞാന്‍ ആദ്യമേ പറഞ്ഞിരുന്നില്ലേ, സംഗീതം മാളിയേക്കലില്‍ എല്ലാവരുടെയും രക്തത്തിലുണ്ട്. അത് വെളിയില്‍ പ്രകടിപ്പിക്കാന്‍ യാതൊരു തരത്തിലുള്ള സങ്കോചവും ആര്‍ക്കുമില്ല. ഞാനെന്റെ മൊബൈല്‍ ഫോണിലെ വോയ്സ് റെക്കോഡര്‍ ഓണ്‍ ചെയ്യുന്നതിനുമുന്നേ മനോഹരമായ ആ വരികള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.



കേട്ടു ഞാന്‍ ഇന്നെന്റെ
ഖല്‍ബില്‍ കുളിര്‍ക്കുന്ന
മട്ടിലെന്റുമ്മാച്ചൂ

പരിശുദ്ധ ഖുറാനിലുള്ളോരു
സൂറത്തിന്റോത്താദ്
ഓത്താണെന്റുമ്മാച്ചൂ

നേരം വെളുത്തപ്പം
ഞാനെന്റെ റേഡിയോ
മെല്ലെത്തുറന്നാണേ

അന്നേരത്തെ നെഞ്ചില്‍
കുളിരില്‍ രാഗത്തില്‍ ഓതുന്ന
ഓത്തു ഞാന്‍ കേട്ടാണേ

രാഗവും താളവുമെന്‍
ഓത്തിന്റെയുള്ളിലെ
സംഗീതം വേറാണേ

എന്റുമ്മാച്ചൂ
ചായിപ്പിന്റുള്ളില്
കാണുന്ന റേഡിയോ
ശെയ്ത്താന്റെ വീടല്ല.


ഞങ്ങള്‍ ശരിക്കും ഭാഗ്യം ചെയ്തവര്‍ തന്നെയാണെന്നെനിക്ക് തോന്നി. മാളിയേക്കല്‍ വരാനും മറിയുമ്മയെ കാണാനും വിശേഷങ്ങള്‍ കേള്‍ക്കാനുമൊക്കെ സാധിച്ചതുകൂടാതെ ആകാശവാണിയുടെ തുടക്കകാലങ്ങളില്‍ റെക്കോഡ് ചെയ്യപ്പെട്ട ഒരു പഴയ ഗാനം അതന്ന് പാടിയ കൂട്ടത്തിലൊരാളുടെ ശബ്ദത്തില്‍ത്തന്നെ കേള്‍ക്കാന്‍ പറ്റിയിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും, മറവിയുടെ കയങ്ങളിലേക്കു്‌ വീണുപോകാത്ത നിമിഷങ്ങളായിരിക്കും ഇതെല്ലാം.

സംസ്ഥാനാടിസ്ഥാനത്തില്‍ തലശ്ശേരിയില്‍ വെച്ചുനടന്ന പ്രഥമ മാപ്പിളപ്പാട്ട് മത്സരത്തിന്റെ സൂത്രധാരക, തലശ്ശേരിയുടെ തനത് ഭക്ഷണരുചി പകര്‍ന്നുകൊടുക്കാന്‍ ഭക്ഷണമേളകള്‍ സംഘടിപ്പിക്കുകയും, തലശ്ശേരി മുസ്ലീം വനിതാ സമാജത്തിന്റെ സാരഥിയായി നിന്ന് സാമൂഹ്യസേവനരംഗത്ത് തന്നാലാകുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരു മാതൃകാ വനിത. ഇങ്ങനെയൊക്കെയാണെങ്കിലും മറിയുമ്മയുടെ കാര്യത്തില്‍ കേരളം വേണ്ടത്രയ്ക്ക് ആദരവ് കാണിച്ചിട്ടുണ്ടോ ? ചരിത്രത്തില്‍ ഇടം പിടിച്ച ഒരു സ്ത്രീ എന്ന നിലയ്ക്ക് വേണ്ടത്ര പ്രാധാന്യം നമ്മളവര്‍ക്ക് കൊടുത്തിട്ടുണ്ടോ ? സംശയമാണ്. ഇടയ്ക്കിടയ്ക്ക് മലബാര്‍ മേഖലകളിലൊക്കെ ചില ബഹുമാനിക്കലും ആദരവ് പ്രകടിപ്പിക്കലുമൊക്കെ നടക്കുന്നുണ്ടെങ്കിലും സംസ്ഥാനം മറിയുമ്മയെ വേണ്ട വിധത്തില്‍ ഗൌനിച്ചിട്ടില്ലെന്ന് തന്നെയാണു്‌ എന്റെ അഭിപ്രായം.


തലശ്ശേരി മുസ്ലീം അസോസ്സിയേഷനും കേരള മാപ്പിള കേന്ദ്രയും ചേര്‍ന്ന് 2008 മാര്‍ച്ചില്‍ ആദരിക്കുന്നു

നിറഞ്ഞ മനസ്സോടെ മറിയ മഹളില്‍ നിന്ന് യാത്രപറഞ്ഞിറങ്ങുന്നതിന്‌ മുന്നായി എനിക്കഹങ്കരിക്കാനായി, എന്നെന്നും ഓര്‍ത്തുവെയ്ക്കാനായി, ആ സ്ത്രീരത്നം തന്റെ കൈകള്‍ എന്റെ ശിരസ്സിലേക്കുയര്‍ത്തി അനുഗ്രഹിച്ചു.

"God bless you son"

.......തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.....

63 comments:

  1. മറിയുമ്മയുടെ അനുഗ്രഹം ഞങ്ങള്‍ക്കും പകര്‍ന്നു തന്ന നീരുഭായ്ക്ക് നന്ദി. തൃശൂര്‍ ജില്ല വിട്ടു നേരെ നിര്‍ത്തിയത് കണ്ണൂര്‍ ആണ് അല്ലെ? കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഇതു പോലെ ഉള്ള ചരിത്ര പ്രസിദ്ധമായ കാഴ്ചകള്‍ ഗോവയില്‍ നിന്ന് തിരിച്ചുവരുന്ന വഴിക്ക് പങ്കുവയ്ക്കും എന്ന് വിശ്വസിക്കുന്നു. യാത്ര തുടരട്ടെ...ആശംസകള്‍

    ReplyDelete
  2. ജനുവരിയില്‍ മാളിയേക്കല്‍ തറവാടിന്റെ ചിത്രം "ചില ചിത്രങ്ങളില്‍" കണ്ടപ്പോള്‍ മുതല്‍ ഈ അദ്ധ്യായത്തിനായി കാത്തിരിക്കുകയായിരുന്നു. മനോഹരമായി വിവരിച്ചിരിക്കുന്നു, ഞാന്‍ നേരില്‍ കണ്ടപോലെ തന്നെ തോന്നി, മലബാറില്‍ മറിയുമ്മയെ പോലെയുള്ള വനിതാരത്നങ്ങളെ ആദരിക്കുകയും അവര്‍‌ ആ കാലഘട്ടത്തില്‍ ചെയ്ത നല്ല മാതൃകകള്‍ ഇന്നത്തെ തലമുറയില്‍ എത്തിക്കുകയും ചെയ്യണ്ടത് ചരിത്രത്തിന്റെ ആവശ്യം കൂടിയാണ്.
    നീരൂവുന്റെ ഈ പോസ്റ്റുകള്‍ ആ ഉദ്യമം നിര്‍‌വഹിക്കുന്നു എന്നഭിമാനിക്കാം .അയിഷത്തായുടെ പാട്ട് പോസ്റ്റ് ചെയ്തതു ഉചിതമായി ഇന്നും നല്ല തെളിഞ്ഞ ശബ്ദം!
    മറിയുമ്മ സാഹിബ അനുഗ്രഹിച്ചതു ഒന്നുംകൂടി ആവര്‍ത്തിക്കാം "God bless you!"

    ReplyDelete
  3. മറിയുമ്മയെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത് :) നന്ദി :)

    ReplyDelete
  4. നീരൂ,നന്ദിയുണ്ട് ഏറെ...ഈ വസ്തുതാവിവരണം ഒട്ടുമേ അസ്ഥാനത്തല്ല ! ‘പൊതുജനം വിചാരിക്കുന്നതുപോലെ അത്രവലിയ കുഴപ്പക്കാരല്ല കണ്ണൂര്‍ക്കാര്‍‘ഈ ഒരഭിപ്രായത്തിനു ടണ്‍കണക്കിനു പകിട്ടുണ്ട് കേട്ടോ...രഷ്ട്രീയക്കാരും അതിന്‍റെ തലപ്പത്ത് അടയിരിക്കുന്ന കുറെ നേതാക്കളും മാത്രമാണു കണ്ണൂരിന്‍റെ സല്പേരിനെ കളങ്കപ്പെടുത്തുന്നതു. ഇവന്മാര്‍ക്ക് സുബോധമുദിച്ചാല്‍ പിന്നെ കണ്ണൂര്‍ ഭൂമിയിലെ സ്വര്‍ഗ്ഗം തന്നെയാവും..തീര്‍ച്ച ! പലവട്ടം മാളിയേക്കല്‍ തറവാട്ടില്‍ പോയിട്ടുണ്ടെകിലും നിങ്ങള്‍ പകര്‍ന്നു തന്ന വിവരണവും ഫോട്ടോസും ഒന്നുകൂടി അവിടം സന്ദര്‍ശൊക്കാനുള്ള ഒരുള്‍പ്രേരണ നല്‍കുന്നു ! 85 കഴിഞ്ഞ സാറുമ്മയുടെ നാവില്‍ മാത്രമല്ല,നിരക്ഷരന്‍റെ വിവരണത്തിലും സംഗീതം പൊഴിയുന്നു.....കാത്തിരിക്കുന്നു..അടുത്ത പോസ്റ്റിനായി....

    ReplyDelete
  5. valare nannayirikkunnu, aa tharavaadu kandathu pole... mariyummayude jeevitham ...very inspiring ..... avare Neril kaanaan edayaayathu bhagyam thanne.
    aasamsakal ....

    ReplyDelete
  6. ഇതൊക്കെ ശരിയ്ക്കും ഭാഗ്യം തന്നെയാണ്.

    ReplyDelete
  7. വായിച്ചു മനോജ്..മറിയുമ്മയെ പരിചയപ്പെടാനായതിൽ സന്തോഷം..ഒപ്പം ഈ ബ്ലോഗ് എല്ലാവർക്കും നല്ലൊരുമുതൽക്കൂട്ടാവും.
    (അപ്പോ അന്നവിടുന്ന് അടിച്ചുമാറ്റി പോക്കറ്റിലിട്ട ആക്രിയാണ് രാജസ്ഥാനീന്ന്, പാലക്കാട്ന്ന് ന്നൊക്കെ പറഞ്ഞ് തൂക്കിയിട്ടിരിക്കുന്നേ ല്ലേ?;)

    ReplyDelete
  8. നീരൂ,
    വായിച്ചു. കുറച്ച് സമയമെടുത്തുവെന്ന് മാത്രം. അല്പം നീണ്ട എഴുത്ത്.
    ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്‌.

    ReplyDelete
  9. നീരു ഭായ്..

    ചരിത്രം,ചിത്രം & ശബ്ദം ഇവ മൂന്നും കൂടിയുള്ള യാത്രാ വിവരണങ്ങൾ അപൂർവ്വമാണ്..നർമ്മവും ലളിതമായ ശൈലിയും കൂടിയാകുമ്പോൾ നീരു എന്ന നിരക്ഷരൻ വായനക്കാരെ **കുറച്ച് നേരത്തേയ്ക്ക് യാത്രാ വിവരണ മേഖല ഇഷ്ടപ്പെടുന്നവരാക്കി മാറ്റുന്നു..

    ഇനി എനിക്ക് ഈ മാളിയേക്കൽ തറവാട്ടിൽ പോകാൻ പറ്റിയാലും നീരു മാഷ് കാണുന്ന കേൽക്കുന്ന കാഴ്ചകൾ കണ്ടെത്താൻ കഴിയില്ല..ബിക്കോസ് ഈ കഴിവ് ദൈവാനുഗ്രഹമാണ്, എന്നാൽ ഞാൻ ഭാഗ്യവാനുമാണ് ക്യോംകി നീരുവിന്റെ ബ്ലോഗുകൾ വായിക്കാൻ കഴിയുന്നതുതന്നെ..

    ** കുറച്ച് നേരം..സാർത്ഥമായ ജീവിത ഓട്ടത്തിൽ ഇതൊക്കെ ഓർത്തിരിക്കാൻ സമയമില്ല.

    ReplyDelete
  10. yes, indeed .....lots of blessings from unknown sources tooo......keep writing....

    ReplyDelete
  11. “വീട്ടുകാരെയും ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ സ്നേഹിക്കുന്നതുപോലെ സ്വന്തം പാര്‍ട്ടിയേയും അകമഴിഞ്ഞ് സ്നേഹിക്കുന്നതുകൊണ്ടുള്ള കുഴപ്പം മാത്രമേ കണ്ണൂര്‍ക്കാര്‍ക്കുള്ളൂ. ആ സ്നേഹം മുതലെടുക്കുന്ന നേതാക്കന്മാരുടെ കാപട്യം ജനങ്ങള്‍ മനസ്സിലാക്കുന്ന ദിവസം കണ്ണൂരൊരു സ്വര്‍ഗ്ഗരാജ്യമാണ്. “ - കണ്ണൂരുകാരെപ്പറ്റിയുള്ള വളരെ കൃത്യമായ ഒരു അവലോകനം!!

    മാളിയേക്കൽ തറവാട്ടിന്റെ വർണ്ണനകൾ വായിച്ച് വായിച്ച് ലയിച്ചിരുന്നുപോയി. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  12. kannurine kurichulla nireekhanam nannaayittund......it is a reality....

    ReplyDelete
  13. "വീട്ടുകാരെയും ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ സ്നേഹിക്കുന്നതുപോലെ സ്വന്തം പാര്‍ട്ടിയേയും അകമഴിഞ്ഞ് സ്നേഹിക്കുന്നതുകൊണ്ടുള്ള കുഴപ്പം മാത്രമേ കണ്ണൂര്‍ക്കാര്‍ക്കുള്ളൂ. ആ സ്നേഹം മുതലെടുക്കുന്ന നേതാക്കന്മാരുടെ കാപട്യം ജനങ്ങള്‍ മനസ്സിലാക്കുന്ന ദിവസം കണ്ണൂരൊരു സ്വര്‍ഗ്ഗരാജ്യമാണ്. കണ്ണൂരിലെ ജീവിതം എനിക്ക് തന്നിട്ടുള്ള ദര്‍ശനം അതാണ്"
    ഈ ദര്‍ശനം കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും പാഠ മാകെണ്ടാതാണ്

    ReplyDelete
  14. athinu munpilude kothiyuri ethinokki poyittundu.thanks...........karuthamma

    ReplyDelete
  15. വായിച്ചു.മനസ്സു നിറഞ്ഞു.ഗവി വീണ്ടുമോര്‍‌മിപ്പിക്കുന്നു.

    ReplyDelete
  16. വളരെ നന്നായി നിരക്ഷരമഹാനുഭാവാ!

    ഗംഭീരമായി...

    ReplyDelete
  17. യാത്ര തുടരട്ടെ...ആശംസകള്‍
    "God bless you Son"

    ReplyDelete
  18. nice.


    one doubt: "താഴെ നിലയില്‍ നിന്ന് മുകളിലേക്ക് കടക്കുന്ന മരത്തിനെ കോണിപ്പടികളുടെ പാര്‍ശ്വഭാഗങ്ങളൊക്കെ കൊത്തുപണികളും കൊച്ചുകൊച്ച് അഴികളും കൊണ്ട് സമ്പുഷ്ടമാണു്‌. മുകളിലേക്കുള്ള പ്രവേശനം വേണമെങ്കില്‍ നിയന്ത്രിക്കാവുന്ന തരത്തിലാണു്‌ കോണിപ്പടിയുടെ നിര്‍മ്മാണം"

    How ? പടം നോക്കിയിട്ട് മനസ്സില്‍ ആയില്ല.

    ReplyDelete
  19. കണ്ണൂരിനെക്കുറിച്ചുള്ള,ക്രിത്യമായ നിരീക്ഷണം.വിശദമായ മറ്റ് ചരിത്രവും.ഈ പരമ്പരയിലെ ഏറ്റവും നല്ല പോസ്റ്റ്

    ReplyDelete
  20. മനോജ്‌ ഭായി,

    സത്യത്തിൽ എന്ത്‌ കമന്റെഴുതണമെന്ന് പോലും അറിയാത്ത ഒരവസ്ഥയിലാ ഞാൻ.. മറിയുമ്മയുടേ ചിത്രം ഒരു അഭ്രപാളിയിലെന്ന പോലെ ഞങ്ങൾക്ക്‌ വരച്ച്‌ തന്നതിനുള്ള നന്ദി മാത്രമേ ഇനിക്കിപ്പോൾ പറയാനുള്ളു.. പിന്നെ, ഒരു സംശയം ചോദിച്ചോട്ടെ, പഴശ്ശിരാജയിലെ ക്യാപ്റ്റൻ രാജുവിനെ കാണാൻ ശരത്‌ കുമാരും മമ്മൂട്ടിയും വരുന്ന കൊട്ടാരമല്ലേ ഈ വീട്‌.. അതോ വേറെ ഏതെങ്കിലും സീനിലാണോ?
    പിന്നെ കണ്ണൂരിനെ കുറീച്ചുണ്ടായിരുന്ന കുറെ തെറ്റിദ്ധാരണകളും മാറി കേട്ടോ..

    ReplyDelete
  21. പെണ്ണിനോട് ഉള്ളു തുറന്നൊന് മിണ്ടാനോ നന്ദി
    പറയാനോ മടിക്കുന്ന വലിന്ടന്മാര്‍ നിറയുന്നു
    വിഷാദ രോഗത്തിന്റെ കടലില്‍
    അടിയുലയും പോഴും ആരും കാണുന്നിലവളില്‍ നിറയുന്ന
    ചോദ്യങ്ങള്‍,രാത്രിയുടെ അന്ത്യ യാമങ്ങളില്‍
    നിങ്ങളും കേട്ടുകാനും എന്നെ സ്നേഹിക്കുനില്ലേ
    എന്നാ സന്ദേഹം.പകല്‍ക്ഷീനത്തില്‍ അവഗനിചിട്ടുണ്ടാകാം
    പകല്‍ പരാതിയില്ലാതെ നിന്നെ ചിരിച്ചു നേരിട്ടും കാണാം
    കണ്ണാടി ആന്നു പെണ്ണ്.നീ
    നോക്കുന്നതു കാണിച്ചു തരുന്നവള്‍.സ്നേഹിക്കുന്നു
    എന്ന തോന്നല്‍ മതി അവള്‍ക്കു
    ബൂലോകം
    നിങ്ങള്‍കു ആയീ ചുമ്മന്നൂ നില്ക്കാന്‍.
    ഒരു തലോടലിനും
    സ്നേഹനെഷനതിനും നിങ്ങളുടെ
    ജീവിതം തന്നെ മാറ്റിമറിക്കാന്‍
    കഴിയും.അവളെ ചെറുപ്പമാക്കാന്‍ നിങ്ങല്കെ
    കഴിയൂ.ഇനി ആ
    കണ്ണില്‍ ഒന് നോക്കൂ
    പറയാതെ
    പറഞ്ഗിട്ട വാക്കുകലോര്‍ത്തു നോക്കൂ.സ്നേഹം
    പ്രകടിപ്പികനുല്ലതാണ്
    അത്
    അവലോടല്ലെകില്‍
    പിന്നെ
    ആരോടാന്നു.സമ്മാനം
    കൊതിക്കുന്ന
    മനസുമായവള്‍
    അടുക്കളയില്‍ തട്ടുന്നും മുട്ടുന്നും
    ഉണ്ണ്ട്.ഒരു അപ്രതീക്ഷിത
    തലോടലിനു
    വിഷാദത്തിന്റെ
    കടല്ലെല്ലാം തിരിച്ചു
    ഒഴുക്കനായാലോ.

    ReplyDelete
  22. പ്രിയ നിരുജി.... അതിമനോഹരം. കണ്ണൂരിനെ കുറിച്ചു താങ്കള്‍ നടത്തിയ നിരീക്ഷണം വസ്തുനിഷ്ടവും ഹ്രിദയസ്പ്രുക്കുമായി. ആ മനോഹരമായ തറവാടിനെയും. മഹതിയായ മറിയുമ്മയെയും പരിചയപ്പെടുത്തിയതും സ്ളാഘ്നീയം തന്നെ. നിരുജിയുടെ പോസ്റ്റുകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതും ഇതു തന്നെ....ഭാവുകങ്ങള്‍.. സസ്നേഹം

    ReplyDelete
  23. ഒരു കണ്ണൂർ കാരനായിട്ടും ഇതൊന്നും കേൾക്കുക പോലുമുണ്ടായിട്ടില്ല..! നിങ്ങളൊരു പ്രസ്ഥാനമാണെന്റെ മാഷെ.. ഒത്തിരി നന്ദി..
    എനിക്കിപ്പോൾ ഒരു നിരക്ക്ഷര സിൻഡ്രോം പിടിച്ചീട്ടുണ്ടോന്നൊരു സംശയം..!

    ReplyDelete
  24. മനോജേട്ടാ, വായിച്ചു.ഈ വിവരണത്തിനിടയിലും ഒരുപാട് ഇഷ്ടമായ ഒരു വരിയുണ്ട്..

    "കണ്ണൂരിലെ പൊട്ടിക്കലും കത്തിക്കലുമൊക്കെ തീര്‍ന്നിട്ട് ഒരു കാലത്തും യാത്ര നടത്താനാവില്ലെന്നും, പൊതുജനം വിചാരിക്കുന്നതുപോലെ അത്ര വലിയ കുഴപ്പക്കാരല്ല കണ്ണൂര്‍ക്കാരെന്നും"

    നാല്‌ വര്‍ഷമില്ലെങ്കിലും, ഒരു വര്‍ഷം അവരോടൊത്ത് കഴിയാനുള്ള ഭാഗ്യം കിട്ടിയ ആളാ ഞാന്‍.അത് കൊണ്ട് പറയുവാ, ചേട്ടന്‍റെ ഈ വാക്കുകള്‍ നൂറ്‌ ശതമാനം ശരിയാ :)

    ReplyDelete
  25. ഇത്രയും അടുത്തായിട്ടു കൂടി ഞാൻ മാളിയേക്കലിനേയും മറിയുമ്മയേയും കണ്ടില്ലല്ലോ എന്ന സങ്കടമായിരുന്നു ഇത് വായിച്ചു തീരുംവരേയും (അതെങ്ങനാ 14ആം വയസ്സിനുമുമ്പേ നാടുവിട്ടില്ലേ) എന്തായാലും ഇത്രയെങ്കിലും അറിയാൻ കഴിഞ്ഞല്ലോ സമാധാനം

    ReplyDelete
  26. "...പൊതുജനം വിചാരിക്കുന്നതുപോലെ അത്ര വലിയ കുഴപ്പക്കാരല്ല കണ്ണൂര്‍ക്കാരെന്നും..."ഈ വാക്കുകള്‍ക്ക് നന്ദി..
    കണ്ണൂര്കാരെ പേടിക്കുന്ന മറ്റു ജില്ലക്കാര്‍ ഒരേ ഒരു പ്രാവ്യശ്യം ഇങ്ങോട്ട് വന്നാല്‍ മതി.എല്ലാ ധാരണകളും തെറ്റാണെന്ന് മനസ്സിലാകും.
    മാളിയേക്കല്‍ തറവാടിനെയും മറിയുമ്മയേയും കുറിച്ചുള്ള വിശദമായ പരിചയപ്പെടുത്തലിനും നന്ദി..അടുത്ത ഭാഗത്തില്‍ കണ്ണൂരിലെ കൂടുതല്‍ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു.അതോ കഴിഞ്ഞോ?:)
    -ഒരു കണ്ണൂരുകാരന്‍...

    ReplyDelete
  27. നീരു ഭായ് കണ്ണൂരിനെ പറ്റി പറഞ്ഞത് 100% ശരിയാണ്... ഞാന്‍ ഒരു കണ്ണൂര് കാരനായതുകൊണ്ട് പറയുന്നതാ....

    ഇനി കണ്ണൂര്‍ ഭാഗത്തേക്ക് ഇറങ്ങുന്നുണ്ടേല്‍ വിളിക്കണം ഏഴിമല നേവല്‍ അക്കാദമി കാണാന്‍ വകുപ്പ് ഉണ്ടാക്കിതരാം... ഫോട്ടോ എടുക്കാന്‍ പറ്റില്ലേലും മൊത്തം കാണിച്ച് തരാന്‍ പറ്റും

    ഇച്ചിരി വളഞ്ഞ വഴിയാ എന്നാലും നമുക്ക് ശരിയാക്കാം.....

    ReplyDelete
  28. @ വിഷ്ണു - കോഴിക്കോട് മലപ്പുറം തുടങ്ങി എല്ലാ സ്ഥലങ്ങളും കറങ്ങി 10 ദിവസം കൊണ്ടൊന്നും ഗോവ വരെ പോയി വരാന്‍ പറ്റില്ല വിഷ്ണൂ. ഞാന്‍ പോയതും കണ്ടതുമായ സ്ഥലങ്ങളും കാഴ്ച്ചകളും ഇവിടെ ഒന്നൊഴിയാതെ എഴുതിയിടാം. നിങ്ങള്‍ സുഹൃത്തുക്കള്‍ പറഞ്ഞുതരുന്നതുമായ സ്ഥലങ്ങളോക്കെ ചേര്‍ത്ത് കാസര്‍‌ഗോട് മുതല്‍ പാറശ്ശാല വരെ രാഷ്ടീയക്കാരുടേതുപോലെ ഞാനൊരു യാത്ര പ്ലാന്‍ ചെയ്യുന്നതില്‍ ഉള്‍ക്കൊള്ളിക്കാം. പോരേ ?

    @ ക്യാപ്റ്റന്‍ ഹാഡോക്ക് - കോണിപ്പടിയുടെ വശങ്ങളിലുള്ള അഴികൊണ്ട് തീര്‍ത്ത വാതില്‍ അടച്ച് മുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാമെന്നുള്ളത് ഞാന്‍ പറഞ്ഞ് കുളമാക്കി അല്ലേ ? :)

    @ ചാര്‍വാകന്‍ - ചേട്ടാ ഗവി മറന്നിട്ടില്ല. ഈ മാസം അവസാനം നാട്ടിലെത്തും. എന്നിട്ട് നമുക്ക് പ്ലാന്‍ ചെയ്യാം.

    @ മനോരാജ് - താങ്കള്‍ ഉദ്ദേശിക്കുന്ന സീന്‍ കറക്‍ടാണ്.

    @ രായപ്പന്‍ - എനിക്ക് പോകണം ഏഴിമലയില്‍ . സമയമാകുമ്പോള്‍ ഞാന്‍ ബന്ധപ്പെടാം. വളഞ്ഞ വഴിയാണെങ്കിലും കുഴപ്പമില്ല പക്ഷെ നിയമവിരുദ്ധമാകരുത്. ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല. ഒക്കെ ഞാനെന്റെ ഉള്ളിലേക്ക് പകര്‍‌ത്തിക്കോളാം.

    മാളിയേക്കലും മറിയുമ്മയേയും കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി. അയിഷത്താത്തയുടെ പാട്ട് പോഡ്കാസ്റ്റ് ചെയ്യാന്‍ സഹായിച്ച കിരണ്‍സിനും അപ്പുവിനും ഞാന്‍ ഈ അവസരത്തില്‍ നന്ദി പ്രത്യേകം അറിയിക്കുന്നു.

    കുഞ്ഞനും മാണി‍ക്യേച്ചിയും മാത്രമാണ് ആ ഗാനത്തെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറഞ്ഞത്. നെറ്റ് സംബന്ധിയായ കുഴപ്പങ്ങള്‍ കാരണം ആര്‍ക്കെങ്കിലും അത് കേള്‍ക്കാന്‍ പറ്റാതെ പോയോ എന്നാണിപ്പോള്‍ എന്റെ സംശയം.

    കണ്ണൂരിനെപ്പറ്റിയുള്ള പരാമര്‍ശം ഉള്ളുതട്ടി പറഞ്ഞതാണ്. പരമവും ലളിതവുമായ സത്യമാണത്. അതെല്ലാവരും ശരിവെച്ചതില്‍ അതിയായി സന്തോഷിക്കുന്നു.

    വിഷ്ണു, മാണിക്യേച്ചി, വേദവ്യാസന്‍, ഒരു നുറുങ്ങ്, റെയിന്‍ബോ, ശ്രീ, ആഗ്നേയ, റ്റോംസ് കോനുമറ്റം, കുഞ്ഞന്‍, ജയലക്ഷ്മിച്ചേച്ചി, അപ്പു, തെക്കു, തണല്‍ , ചാര്‍വാകന്‍, ജയന്‍ ഏവൂര്‍, കരീം മാഷ്, ക്യാപ്റ്റന്‍ ഹാഡോക്ക്, കൃഷ്ണകുമാര്‍ , മനോരാജ്, കറുത്തമ്മ, ഒരു യാത്രികന്‍, സിജോ ജോര്‍ജ്ജ്, അരുണ്‍ കായംകുളം, നന്ദന, ആദര്‍ശ്, രായപ്പന്‍.... എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ അകമഴിഞ്ഞ നന്ദി :)

    ReplyDelete
  29. ഞാൻ വായിക്കുകയായിരുന്നില്ല കാണുകയായിരുന്നു ,വേറെ എന്താ എഴുതേണ്ടതെന്ന് അറിയില്ല .നന്ദി ആത്മാർഥതയോടെ സജി തോമസ്.

    ReplyDelete
  30. മനോജ് പാട്ടുകേൾക്കാൻ പറ്റുന്നുണ്ട്..അസ്സലായിട്ടുമുണ്ട്. എടുത്തുപറയാൻ നിന്നാൽ ഓരൊവരിയും എടുത്തുപറയേണ്ടി വരും. അതുകൊണ്ട് മൊത്തത്തിലൊരു കമന്റ് ഇട്ടതാണ്.

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. ചരിത്രമുറങ്ങുന്ന മാളിയേക്കല്‍ തറവാടും,പുരോഗതിയുടെ കൈതിരിയേന്തിയ മറിയുമ്മ സാഹിബയും,....എല്ലാം നന്നായി എഴുതി-ആയിഷതാത്തയുടെ പാട്ടും വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  34. valare nannaayirikkunnu.... itharam postukal iniyum pratheekshikkunnu,,,, aashamsakal......

    ReplyDelete
  35. മനോജ് ഭായി,

    പറഞ്ഞ പോലെ ഓഫീസിലെ കമ്പ്യൂട്ടറിന്റെ കുഴപ്പമായിരുന്നു.. അവിടെ പല സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുന്നതിനാൽ എന്തുകൊണ്ടോ ഈ വിൻഡോ വന്നില്ല.. പാട്ട് നന്നായി.. ഈ ഉമ്മയുടെ ഒക്കെ സ്വരം ഇന്നും എത്ര നന്നായിരിക്കുന്നു..

    ReplyDelete
  36. ഒരു നാനോ വിക്കീ പീഡിയ ,..നീരു ആശംസകൾ:):)

    ReplyDelete
  37. എല്ലാം വായിച്ചു.പാട്ടും കേട്ടു.എല്ലാം നീരുവേട്ടന്‍റെ ഫാഗ്യം.ഒടുക്കത്തെ ഫാഗ്യം :(

    ReplyDelete
  38. മനോഹരമായ വിവരണം..

    ReplyDelete
  39. 15 വര്‍ഷം മുന്‍പ് പ്രവാസ ജീവിതം ആരംഭിച്ച നാള്‍ മുതല്‍ ഞാനീ മാളിയേക്കല്‍ തറവാടിനെ കുറിച്ച് കേള്‍ക്കുന്നു കാരണം തലശ്ശേരിക്കാരില്‍ പകുതി പേരും ഒരുപക്ഷെ പ്രവാസികളായതുകൊണ്ട് തന്നെ(എല്ലാ തലശ്ശേരിക്കാര്‍ക്കും ഈ തറവാട് വലിയ അഭിമാനമായാണ് കാണുനത്) ആ തലശ്ശേരിക്കാര്‍ എന്റെ തറവാട് പേരു കേട്ടാല്‍ പറയുന്ന വിശേഷം “തലശ്ശേരി മാളിയേക്കല്‍“ തറവാടിനെ കുറിച്ചാണ്. എന്തോ ഈ പോസ്റ്റ് വായിച്ചപ്പോ ആ മറിയുമ്മ എന്ന നാമം എനിക്കും വല്ലാത്തൊരു നൊസ്റ്റാല്‍ജിക്കാണ് എന്റെ ഉമ്മ .. മറിയ മാളിയേക്കല്‍ (ഇതിലെ കഥാപത്രമല്ല കേട്ടോ )

    ReplyDelete
  40. മനോജ്‌ ...ഇത് വായിച്ചപോള്‍ എനിക്ക് ഒരു സംശയം,നിസ്സാര്‍ക്കയുടെ വീട്ടില്‍ നിന്നും 'മലബാര്‍ ബിരിയാണി' ആണോ കഴിച്ചത് എന്ന് ??'മാളിയേക്കല്‍ തറവാട് ',കാണാനും ഒരു ഭാഗ്യം കിട്ടിയല്ലോ ..'മറിയുമ്മ' യെ ആദ്യമായി ആണ് കേട്ടതും .വളരെ നല്ല വിവരണം

    ReplyDelete
  41. എനിക്കസൂയ മൂത്ത് വട്ടായി . ഇപ്പൊ ആശുപത്രീലാ .
    അല്ലാണ്ട് എന്താ പറയാ .

    ReplyDelete
  42. മനോജേട്ടാ... നിയമവിരുദ്ധമല്ലാ.... അതിനകത്തെക്ക് ദിവസകൂലിക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നമ്മുടെ ഒരു അടുത്ത ആളാ... പുള്ളി വിചാരിച്ചാ അകത്ത് കയറാന്‍ പാസ് കിട്ടുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാ... പിന്നെ അകത്ത് മിലിറ്ററി ക്യാന്റീന്‍ ഉണ്ട് അവിടെ പോകാനായി ഒരു എക്സ്.മിലിറ്ററികാരനെ ഒപ്പിച്ചാലും കാര്യം നടക്കും രണ്ടാണേലും നമുക്ക് ഒപ്പിക്കാവുന്നതേ ഉള്ളൂ....

    സമയമാകുമ്പോ ഒരു മെയില്‍ ഇട്ടാല്‍ മതി ഞാന്‍ നാട്ടിലില്ലേലും നമ്മുടെ പിള്ളേര്‍ സെറ്റ് കാണൂം നാട്ടില്......

    ReplyDelete
  43. @ രായപ്പന്‍

    ദിവസക്കൂലിക്ക് ഏഴിമല അക്കാഡമിക്ക് അകത്ത് കേറീട്ട് ....പ്രകൃതി സൌന്ദര്യവും മറ്റ് കാഴ്ച്ചകളുമൊക്കെ കണ്ട് നടക്കുന്ന എന്നെ കണ്ടിട്ട് പട്ടാളക്കാര്‍ പിടിച്ച് ചമ്മട്ടിക്ക് അടിക്കുമോ ? എന്നിട്ട് കൊണ്ടുപോയി പാറ ചുമക്കാന്‍ വിടുമോ ? കട്ടപ്പൊഹ ആക്കരുതേ രായപ്പാ :) :)

    ReplyDelete
  44. അങ്ങനെ പ്രശ്നം ഒന്നും ഇല്ല മനോജേട്ടാ.... ഞാന്‍ എത്രപ്രാവശ്യം കേറിയതാ.... വരുന്ന സമയം അറിയിച്ചാ ഞാനും പറ്റിയാല്‍ ഇവിടുന്ന് ചാടാം....

    അതിനകത്തെ കണ്‍സ്ട്രക്ഷന്‍ കാണേണ്ടത് തന്നെയാണ്... പ്രകൃതിയെ മാക്സിമം അതേ പടി നിലനിര്‍ത്തി അവയ്ക്കിണങ്ങും വിധമാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണരീതി...

    "കര്‍ക്കിടകവാവ്" എന്ന് അറിയപ്പെടുന്ന ഒരു ദിവസം അതിനകത്തുള്ള ഒരു ക്ഷേത്രത്തിലും പിന്നെ സമുദ്രസ്നാനത്തിനും പൊതുജനങ്ങളെ അനുവദിക്കാറുണ്ട്...

    ReplyDelete
  45. നിരൂ...ഒരുപാട് കാലമായി ഇവിടെ വന്നിട്ട്..എല്ലാം നോക്കീ ട്ടോ..സമയം കിട്ടാഞ്ഞിട്ടാ എല്ലാ പോസ്റ്കളും നോക്കിയപ്പോള്‍ തോന്നി,വെറുതെ ഞാന്‍ ഇവിടെ എന്റെ ഭര്‍ത്താവിനോട് വഴക്കിടുന്നു..എന്നെ അവിടെക്കൊണ്ട് പോയില്ല,മറ്റേ സ്ഥലം കാട്ടി തന്നില്ല എന്നൊക്കെ ..നമ്മുടെ നാട് തന്നെ ഞാന്‍ ശരിയായി കണ്ടിട്ടില്ല..പാവം ഞാന്‍...
    ഇനിയും വരാം..

    ReplyDelete
  46. ചോദിക്കാന്‍ വിട്ടു...ആ ഉമ്മെടെ ശബ്ദം തന്നെയാണോ അത്....ഇത്ര പ്രായമായിട്ടും കൊച്ചു കുട്ടികളുടെ പോലെ..
    പോസ്റ്റ്‌ നന്നായി എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും..

    ReplyDelete
  47. @ സ്മിതാ ആദര്‍ശ് -

    പോസ്റ്റ് നന്നായി വായിച്ചില്ലെങ്കില്‍ ടീച്ചര്‍മാര്‍ക്കും ഇമ്പോസിഷന്‍ എഴുതേണ്ടിവരും കേട്ടോ ? :)

    "ആ പാട്ടൊന്ന് പാടിക്കൊടുക്ക് മോളേ"
    ...എന്ന് മറിയുമ്മ പറഞ്ഞുതീരലും ഞങ്ങള്‍ക്ക് വേണ്ടി അയിഷത്താത്ത ആ ഗാനം ആലപിക്കുകയായി.


    മറിയുമ്മയുടെ മൂത്തമകള്‍ ആയിഷത്താത്തയാണ് പാട്ട് പാടുന്നതെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  48. അല്ല മാഷേ ! ങ്ങള് ഒന്നും ബയിച്ച്ചില്ലേ ആട്‌ന്നു?..ഉമ്മ നല്ല പത്തിരി തരൂല്ലേനോ?
    പത്തിരീം ആട്ടെറചീം !! എന്താ അതിന്‍റെ ഒരു അത് :-)

    അയിന്റെടെല് അന്റെ എഴുത്തില് ഒരു ബാക്ക് കണ്ട്..."ആര്‍ത്തി " എന്ന് ??

    ഒള്ളതാ അത് ? ...അതെനക്കിഷ്ടായീ :-)

    എയിതിക്കൊന്ടെയിരിക്ക് ...ഇനീം ബായിക്കാന്‍ നല്ല പൂതി ആവുന്നു :-)

    ..ഒരു ബടക്ക് ഭാഷ ടച്ചിനും ബേണ്ടി എഴുതീതാ...

    ആരോടെങ്ങിലും പറെണ്ടേ...അതോണ്ടാ..:-(

    കെട്ട്യോക്കാങ്കില് മ്മള രാജ്യത്തിന്‍റെ ബടക്കുള്ള ബാഷേ അറിയൂ ...

    ...
    എന്നാപ്പിന്നെ ബെക്കട്ടേ ?

    ഒരു ഫാന്‍

    ReplyDelete
  49. നന്നായിട്ടുണ്ട്..
    കൊച്ചിൻ ഹനീഫയുടെ ഭാര്യ വീടു കൂടിയായ ആ ഭവനം സന്ദർശിച്ച ഒരനുഭവം എനിക്കുമുണ്ട്.
    http://jayadeepayilliath.blogspot.com/2010/02/blog-post.html

    ReplyDelete
  50. മനോജേട്ടാ ഒന്നും പറയുന്നില്ല ഈ യാത്രയെപ്പറ്റി. വാക്കുകള്‍ ഇല്ല അതു തന്നെ കാരണം. അത്രയും മനോഹരമായി മാളിയേക്കല്‍ തറവാടിനേയും മറിയുമ്മയേയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്നുള്ള യാത്രകള്‍ക്കും എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  51. നീരു ഭായ്....
    കുറച്ച് കാലമൊന്ന് മാറി നിന്നപ്പോഴേയ്ക്കും ഇത്രയധികം യാത്രകൾ ഇവിടെ അരങ്ങേറിയെന്നോ.!!! ഇനി, വിട്ടുപോയ ഓരോ യാത്രയിലും ഞാനും പതുക്കെ കൂടട്ടെ...

    ഞാന്‍ പഠിച്ചെന്ന് പറയുന്ന കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജും,....

    പഠിച്ചെന്ന് പറഞ്ഞോ? ആര്? എപ്പ?!! :)

    ReplyDelete
  52. മാളിയേക്കല്‍ വീട് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇത്രയും വിവരം അറിയാനിടയായതില്‍ വളരെ സന്തോഷം. മറിയുമ്മക്കും സാറുമ്മക്കും അയിഷത്താത്തക്കും ദൈവം ദീര്‍ഘായുസ്സ് നല്‍കട്ടേ.

    ReplyDelete
  53. ഇതും മനോഹരമായ ഒരധ്യായം തന്നെ. ഇതെല്ലാം വായിക്കുമ്പോള്‍ പഴങ്കഥകള്‍ കേട്ടിരിക്കുന്ന ഒരു കുട്ടി തന്നെ ഞാനും. കുടുംബസമേതമുള്ള ഈ യാത്ര എത്ര മനോഹരമായിരിക്കുന്നു.

    ReplyDelete
  54. njan aduthidakkaanu blog account thudangiyathu ...ethente aadyathey commentum...aduthidakku ennu vechaal...5-6 divasam munpu...malayalathil type cheyyaanulla vidya onnum manassilaayi thudangiyittilla...athinu valarey munpe njan thaangalude blogs....(thaankaludey maathramey ethu vare vaayichittulloo)manaorama il koodi vaayichittundu...nalla bhaasha ,nalla pics,aayishathaayudey paattum ugran

    ReplyDelete
  55. മാളിയേക്കല്‍ തറവാടിലും മറിയ മഹലിലും പോയ പ്രതീതി. നല്ല വിവരണത്തിന് നന്ദി. :)

    ReplyDelete
  56. മാളിയേക്കൽ തറവാടിനെയും മറിയുമ്മയെയും കുറിച്ചുള്ള സചിത്ര വിവരണങ്ങൾ വളരെ നന്നായി അതിനേക്കാൾ ഏറെ ഈ പോസ്റ്റുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും പലരും ഇവിടെ എടുത്തെഴുതിയ ഒരു കാര്യം

    >>..... സ്നേഹം മുതലെടുക്കുന്ന നേതാക്കന്മാരുടെ കാപട്യം ജനങ്ങള്‍ മനസ്സിലാക്കുന്ന ദിവസം കണ്ണൂരൊരു സ്വര്‍ഗ്ഗരാജ്യമാണ്. <<


    കേരളത്തിന്റെ എന്നല്ല നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ മൊത്തം അവസ്ഥയെ ഈ വാക്കുകളിൽ വിലയിരുത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
  57. ഒരു ബ്ലോഗറെന്ന നിലയില്‍ നാം ജീവിക്കുന്ന സമൂഹത്തിനു നല്‍കാവുന്ന വിലപ്പെട്ട സംഭാവനയാണ്
    ഈ പോസ്റ്റ് എന്നു പറയുന്നതില്‍ ചിത്രകാരന്
    അതിയായ സന്തോഷമുണ്ട്.

    ReplyDelete
  58. Oru padu nannayi... Orikkalum nammal swanthamayi vilichu parayan ishttapettittillatha sathyam vilichu paranjathinu...

    ReplyDelete
  59. ഇപ്പൊ മൂന്നുനാലു വര്‍ഷമായി ഉമ്മയെ (മറിയുമ്മ) കണ്ടിട്ട്. ഫോണ്‍ ചെയ്യുമ്പോള്‍ ഞാനെപ്പോഴും വരാമെന്നു പറഞ്ഞ് പറ്റിക്കാറുള്ളതല്ലാതെ പോയി കാണാന്‍ പറ്റിയിട്ടില്ല. ഇതില്ലിട്ടിട്ടുള്ള പടം കൂടി കണ്ടപ്പോള്‍ ഉമ്മയെ കാണാന്‍ തോന്നുന്നുണ്ട്.കാണാന്‍ പോവാഞ്ഞതില്‍ കുറ്റബോധവും.നന്ദി നിരക്ഷരാ, അവരെ പറ്റി കൂറ്റുതല്‍ ആളുകളെ അറിയിച്ചതിന്‌

    ReplyDelete
  60. മറിയുമ്മയെപ്പറ്റി ഏഷ്യാനെറ്റിൽ വന്നത്..
    http://www.facebook.com/photo.php?v=408229282552275&fb_source=message

    ReplyDelete
  61. വളരെ ഉപകാരം. ആരും ചെന്നെത്താത്ത മേഖലകള്‍ തേടിച്ചെന്ന് വിജ്ഞാന ദാഹികള്‍ക്ക് മുമ്പില്‍ വിളമ്പിത്തരുന്ന നിരക്ഷരന്‍ സാറിന് ഒരായിരം നന്ദി.
    സൈനുദ്ദീന്‍ എളങ്കൂര്‍
    9744409728
    sainuekr@gmail.com
    sainuelenkur.blogspot.com

    ReplyDelete
  62. ഇപ്പോൾ ദേ ഈ മാളിയേക്കൽ വന്നു, മറിയുമ്മയെ കൂടുതൽ അറിഞ്ഞു. സന്തോഷം. നന്ദി.

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.