Thursday, 8 January 2009

അറയ്ക്കല്‍ കെട്ടിലേക്ക്

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

-------------------------------------------------------------
ണ്ണൂര്‍ക്കാരനായ സഹപ്രവര്‍ത്തകന്‍ തമിട്ടന്‍ തന്‍ഷീറിന്റെ വീട്ടിലേക്ക് യാത്ര പോകാന്‍ പരിപാടിയിടുമ്പോള്‍, അരിപ്പത്തില്‍, നെയ്പ്പത്തില്‍, ആണപ്പത്തില്‍, മുട്ടാപ്പം, മലബാര്‍ ബട്ടൂറ, മട്ടന്‍ തലക്കറി, കല്ലുമ്മക്കായ ഫ്രൈ, എന്നിങ്ങനെയുള്ള മലബാറിലെ വിഭവങ്ങളൊക്കെ മൂക്കറ്റം അടിച്ച് കേറ്റണമെന്നതിനപ്പുറം മറ്റൊരു ലക്ഷ്യം കൂടെ എനിക്കുണ്ടായിരുന്നു.

ഒരു മുത്തശ്ശിക്കഥപോലെ കേട്ടിട്ടുള്ളതാണെങ്കിലും കൂടുതലൊന്നും വിശദമായി അറിഞ്ഞുകൂടാത്ത അറയ്ക്കല്‍ കെട്ടിനെപ്പറ്റി കുറച്ചെന്തെങ്കിലുമൊക്കെ മനസ്സിലാക്കുക, കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന ആ തറവാടിന്റെ അവശേഷിപ്പുകള്‍ എന്തെങ്കിലുമൊക്കെയുണ്ടെങ്കില്‍ അതൊക്കെയൊന്ന് കാ‍ണുക, കുറച്ച് ഫോട്ടോകളെടുക്കുക. അതായിരുന്നു ആ യാത്രയുടെ ലക്ഷ്യം.

അരയന്‍പറമ്പിലെ ഒരു കുടുംബാംഗം മതം മാറി മുസ്ലീമാകുന്നു. അദ്ദേഹം ഏഴിമല കോലത്തിരിയുടെ പടനായകന്മാരില്‍ ഒരാളായിരുന്നു. ഒരിക്കല്‍ ഏഴിമല പുഴയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പുഴയില്‍ മുങ്ങിമരിക്കാന്‍ പോകുകയായിരുന്നു ഒരു സ്ത്രീയെ അദ്ദേഹം രക്ഷപ്പെടുത്തുകയുണ്ടായി. അന്യമതസ്ഥന്‍ തീണ്ടിയതുകാരണം ആ സ്ത്രീ സമുദായത്തില്‍ നിന്നും ഭ്രഷ്ടയാക്കപ്പെടുന്നു. കോലത്തിരിത്തറവാട്ടിലെ ഒരു തമ്പുരാട്ടിയായിരുന്ന അവരെ പുഴയില്‍ നിന്ന് രക്ഷപ്പെടുത്തിയ ആ മുസ്ലീമിനുതന്നെ സാമൂതിരി വിവാഹം ചെയ്തുകൊടുക്കുന്നു. കൂട്ടത്തില്‍ കണ്ണൂരും പ്രദേശങ്ങളിലുമുള്ള ഒരുപാട് സ്വത്തുക്കളും അവര്‍ക്ക് താമസിക്കാന്‍ അറയ്ക്കല്‍ കെട്ട് എന്ന പേരില്‍ ഒരു കൊട്ടാരവും അതിനനുബന്ധപ്പെട്ട കെട്ടിടങ്ങളുമൊക്കെ പണികഴിപ്പിച്ച് കൊടുക്കുന്നു. അവിടന്നാണ് അറയ്ക്കല്‍ രാജവംശത്തിന്റെ ഉത്ഭവം.

അല്‍പ്പസ്വല്‍പ്പം വ്യതിയാനത്തോടെ ഇതേ കഥ പലരും കേട്ടിട്ടുണ്ടാകും. വില്യം ലോഗന്റെ മലബാര്‍ മാനുവലിലും ഇതിനെപ്പറ്റി പറയുന്നുണ്ട്. ചില കഥാഭേദങ്ങളില്‍ ചേരമാന്‍ പെരുമാളും കടന്നുവരുന്നുണ്ട്.

അറയ്ക്കല്‍ കെട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ത്തന്നെ, അറയ്ക്കലിലെ ഈ തലമുറയിലുള്ള ആരെങ്കിലും പ്രമുഖരുമായി ഒരു കൂടിക്കാഴ്ച്ചയും തരപ്പെടുത്താമെന്ന് തന്‍ഷീര്‍ ഏറ്റു. കൂട്ടത്തില്‍ മറ്റൊരു സന്തോഷവാര്‍ത്തയും തന്‍ഷീര്‍ പങ്കുവെച്ചു. അറയ്ക്കലില്‍ ഇപ്പോള്‍ ഒരു മ്യൂസിയം ഉണ്ടത്രേ. അവിടന്ന് കുറേ വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റാതിരിക്കില്ല.

വയനാട്ടിലെ ചില യാത്രകളൊക്കെ കഴിഞ്ഞ് ഉച്ചയോടെയാണ് ഞങ്ങള്‍ കണ്ണൂരെത്തിയത്. പട്ടണത്തിനകത്ത് പ്രവേശിച്ചപ്പോള്‍ത്തന്നെ എന്റെ മനസ്സ് പത്തിരുപത് കൊല്ലം പിന്നോട്ട് പാഞ്ഞു. നാലഞ്ച് വര്‍ഷം കോളേജ് വിദ്യാഭ്യാസത്തിനായി ചിലവഴിച്ച ഈ നഗരം തന്നിട്ടുള്ള അനുഭവങ്ങളും, സിലബസ്സിലില്ലാത്ത പാഠങ്ങളും ചില്ലറയൊന്നുമല്ല.

‘കണ്ണൂര്‍ സിറ്റിയില്‍‘ അറയ്ക്കല്‍ മ്യൂസിയവും, അറയ്ക്കല്‍ കെട്ടുമൊക്കെ ഇരിക്കുന്ന വഴിയിലൂടെയാണ് തന്‍ഷീറിന്റെ വീട്ടിലേക്ക് പോകേണ്ടത്. ഞായറാഴ്ച്ച ദിവസമായതുകൊണ്ട് മ്യൂസിയം തുറന്നിട്ടുണ്ടാകില്ലെന്നാണ് കരുതിയതെങ്കിലും അതുവഴി പോയപ്പോള്‍ മ്യൂസിയം തുറന്നിരിക്കുന്നതുകണ്ടു. കാറ് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിനടുത്ത് പാര്‍ക്കുചെയ്ത് പാദരക്ഷ വെളിയില്‍ അഴിച്ചിട്ട് ഞങ്ങള്‍ മ്യൂസിയത്തിനകത്തേക്ക് കയറി.

50 കൊല്ലം മുന്‍പുവരെ അറയ്ക്കലിന്റെ ദര്‍ബാര്‍ ഹാളും ഓഫീസുമൊക്കെയായി ഉപയോഗിച്ചിരുന്ന കെട്ടിടമാണത്. അറയ്ക്കല്‍ രാജവംശത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള ഈ കെട്ടിടം പുനരുദ്ധാനപ്രവര്‍ത്തനമൊക്കെ നടത്തി അറയ്ക്കല്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത് വിനോദ സഞ്ചാരവകുപ്പും പുരാവസ്തുവകുപ്പും ചേര്‍ന്നാണ്.

ഈ കെട്ടിടത്തിന് പുറകിലുള്ള പള്ളിയും അതിനെതിര്‍‌ വശത്തുള്ള ദാരിയാ മഹല്‍ അടക്കമുള്ള കെട്ടിടസമുച്ചയവും, അതിന്റെയൊക്കെ നടുക്കായുള്ള മൈതാനവും മൈതാനത്തിന്റെ മൂലയിലുള്ള മണിയുമൊക്കെ 200 വര്‍ഷത്തിലധികം പഴക്കമുള്ള അറയ്ക്കല്‍ കെട്ടിന്റെ ഭാഗമാണ്.

റിസപ്‌ഷനില്‍ നിന്ന് ടിക്കറ്റെടുത്ത് അകത്തേക്ക് കടന്നു. താഴത്തെ നിലയുടെ വരാന്തയുടെ അറ്റത്തുള്ള മരത്തിന്റെ പടികള്‍ കയറി മുകളിലേക്ക് നടന്നപ്പോള്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥയും അനുഗമിച്ചു. സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിനകത്തെ കാഴ്ച്ചകളൊക്കെ വിവരിച്ചുകൊടുക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്.

മുകളിലത്തെ നിലയില്‍ പഴയ ദര്‍ബാറും അതിലുണ്ടായിരുന്ന ഇരിപ്പിടങ്ങളുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. 400 വര്‍ഷത്തിലധികം പഴക്കമുള്ള ആ ഉരുപ്പടികളില്‍ പഴയ വസ്തുക്കളോട് ഭ്രമമുള്ള എന്റെ കണ്ണുകള്‍ കുറേയധികം നേരം ഉടക്കിനിന്നു. ദര്‍ബാര്‍ ഹാളിലെ ഫാന്‍ ആയി ഉപയോഗിക്കുന്ന ചുവന്ന വെല്‍‌വറ്റ് തുണിയില്‍ പൊതിഞ്ഞ വലിയ വിശറിയുടെ പ്രവര്‍ത്തനമൊക്കെ കാണിച്ചുതന്നു മ്യൂസിയത്തിലെ ഉദ്യോഗസ്ഥ.

അപ്പോഴേക്കും മുപ്പതോളം വരുന്ന സ്കൂള്‍ കുട്ടികളുടെ ഒരു സംഘം മ്യൂസിയം കാണാനെത്തി. അവരുടെ തിക്കും തിരക്കും കഴിയുന്നതുവരെ ഞങ്ങള്‍ ഒന്നൊതുങ്ങി നിന്നു.

പഴയ ചരിത്രരേഖകള്‍ , പ്രമാണങ്ങള്‍, കോണ്‍‌സ്റ്റന്റിനാപോളിലെ(തുര്‍ക്കി) ഖലീഫ ഹിജറ വര്‍ഷം 1194ല്‍ അറയ്ക്കല്‍ ബീബിക്കയച്ച അറബിയിലെഴുതിയ കത്ത്, അറയ്ക്കലിന്റെ രാജമുദ്ര, എന്നിയയൊക്കെ ചുമരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അക്കൂട്ടത്തില്‍ ഏറ്റവും കൌതുകം ജനിപ്പിച്ചത് ഒരു ശിലാലിഖിതമാണ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുവാദത്തോടെ മാര്‍ക്കറ്റ് കെട്ടിടം പണികഴിപ്പിക്കുന്നതിന് അറയ്ക്കല്‍ ബീവി നല്‍കിയ ഒരു ഉത്തരവാണ് അതിലുള്ളത് . അതിലെഴുതിയിരിക്കുന്ന മലയാളം കുറച്ച് വ്യത്യസ്തമാണ്. അതിപ്രകാരമാണ്.

0രം മാക്കെട്ടുപീടിക
-------------------
ജനറല് മിലിട്ടറി ഹജൂര്‍ റിഗുലെഷന് സംബന്ധമായി സൂപ്രിന്‍ണ്ടന്റ് പോലീസ്സ മഹാരാജ ശ്രീ കേപ്‌ടന്‍ റോള്‍സ്റ്റന്‍ സായ്‌പ് അവര്‍കളെ താല്‌‍‌പര്‍‌യ്യത്തിനു ബഹുമാനപ്പെട്ട കണ്ണൂര ആദിരാ‍ജ ബീബി അവര്‍കളെ സഹായത്താല്‍ തൊപ്പില്‍ മരിയ ഉമ്മ ബീബി കൊടുത്ത മുതലിനാല്‍ കെട്ടിച്ചിട്ടുള്ളതും മെപ്പടി ബഹുമാനപ്പെട്ട ആദിരാജ ബീബി അവര്‍കളാല്‍ ആയ്‌ക്കിതിനെ പോലീസ്സ സൂപ്രണ്ടെ സായ്‌പ് അവര്‍കളെ അധികാരത്തില്‍ ഉള്‍പ്പെടുത്തി വെച്ചിട്ടുള്ളതും ആകുന്നു. എന്ന് കൊല്ലം 1855 മെയി 31.
-----------------------------
അറയ്ക്കല്‍ രാജവംശത്തിലെ ആദിരാജമാരുടെയും, ആലിരാജമാരുടെയുമൊക്കെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിട്ടുണ്ട്. അറയ്ക്കല്‍ രാജവംശത്തിലെ ഭരണാധികാരി സ്ത്രീപുരുഷഭേദമെന്യേ രാജകുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ്. പുരുഷനാണെങ്കില്‍ ആലി ആദിരാജ എന്നും സ്ത്രീ ആണെങ്കില് ആദിരാജ ബീബി എന്നുമാണ് സ്ഥാനപ്പേര്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ സുല്‍ത്താന്‍ എന്ന ബഹുമാന നാമം കൂടി ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് ഇവര്‍ക്ക് നല്‍കിയിരുന്നു. ഈ കുടുംബത്തില്‍ നിന്ന് കല്യാണം കഴിച്ചിരിക്കുന്ന പുരുഷന്മാരെ ‘ഇളയ’ എന്ന് ചേര്‍ത്താണ് വിളിക്കുന്നത്.

അക്കാലത്ത് രാജകീയ ചിഹ്നങ്ങളായ സിംഹത്തലയുള്ള അംശവടിയും സിംഹാസനവും ഔദ്യോഗിക മുദ്രകളുമെല്ലാം ഇവര്‍ ഉപയോഗിച്ചിരുന്നു. അതില്‍ച്ചില ചിഹ്നങ്ങളെല്ലാം ചില്ലിട്ട കൂടുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന അരപ്പട്ടകള്‍ , ആയുധങ്ങള്‍, നാളിതുവരെ കണ്ടിട്ടില്ലാത്തതരം വാദ്യോപകരണങ്ങള്‍, വിളക്കുകള്‍, ക്ലോക്കുകള്‍, പഴയ ടെലിഫോണുകള്‍,വിലപിടിപ്പുള്ള ആഢംബര പാത്രങ്ങള്‍, തളികകള്‍, ഹുക്കകള്‍ എന്നുവേണ്ട രാജകുടുംബാംഗങ്ങള്‍ ഉപയൊഗിച്ചിരുന്ന ഒട്ടുമിക്ക സാമഗ്രികളും പ്രദര്‍ശനവസ്തുക്കളുടെ കൂട്ടത്തിലുണ്ട്.

ഇതിനൊക്കെ പുറമെ അടുക്കളയില്‍ ഉപയോഗിക്കുന്ന വലിയ കുട്ടകങ്ങള്‍, ചട്ടകങ്ങള്‍, ചെമ്പുകള്‍ എന്നിവയും മുകളിലെ നിലയിലെ മറ്റൊരു മുറിയിലുണ്ട്.

ഒന്നാം നിലയുടെ തറ മുഴുവന്‍ തടികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓടിട്ട മേല്‍ക്കൂരയുടെ കീഴിലും തടികൊണ്ടുള്ള ചരിവുള്ള മച്ചാണുള്ളത് . മരയഴിയിട്ട വലിയ ജനലുകളും നിറമുള്ള ചില്ലിട്ട ജനവാതിലുകളും, സാധാരണയില്‍ക്കവിഞ്ഞ ഉയരമുള്ള വാതിലുകളുമെല്ലാം കെട്ടിടത്തിന് മോടികൂട്ടുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ ചിലവിട്ടാണ് സര്‍ക്കാര്‍ ഈ കെട്ടിടം പുനരുദ്ധരിച്ചിരിക്കുന്നത്.

മുകളിലെ നിലയില്‍ നിന്ന് പടികളിറങ്ങി വീണ്ടും താഴത്തെത്തി. താഴെയുള്ള മുറികളൊക്കെ അടിച്ച് തൂത്ത് വൃത്തിയാക്കിയിട്ടിട്ടുണ്ട്.ആ മുറികളെല്ലാം ശൂന്യമാണ്. റിസപ്‌ഷനില്‍ അറയ്ക്കലിനെപ്പറ്റിയുള്ള ചില ലഘുലേഖകളും പുസ്തകങ്ങളുമൊക്കെ വില്‍പ്പനയ്ക്കുണ്ട്. അതിലോരോന്ന് വാങ്ങി കൌണ്ടറിലുണ്ടായിരുന്ന എ.പി.എം. മായന്‍‌കുട്ടി സാഹിബ്ബുമായി കുറേനേരം സംസാരിച്ചു നിന്നു. മ്യൂസിയത്തിന്റെ ഭരണം ഇപ്പോള്‍ നടത്തുന്നത് അദ്ദേഹമടക്കമുള്ളവര്‍ ഉള്‍പ്പെട്ട കുടുംബ ട്രസ്റ്റാണ്. 2006 മുതല്‍ അറയ്ക്കല്‍ രാജസ്ഥാനത്തുള്ള സുല്‍ത്താന്‍ ആദിരാജ സൈനബാ ആയിഷ ബീബി ആദിരാജയുടെ സക്രട്ടറി കൂടിയാണ് അഡീഷണല്‍ ഗവണ്‍‌മെന്റ് സക്രട്ടറിയായി റിട്ടയറായിട്ടുള്ള മായന്‍‌കുട്ടി സാഹിബ്ബ്.

ചിലയിടങ്ങളിലൊക്കെ വായിച്ചറിഞ്ഞിട്ടുള്ള ‘തമ്പുരാട്ടി വിളക്കി‘നെപ്പറ്റി ഞങ്ങള്‍ സാഹിബ്ബിനോട് അന്വേഷിച്ചു. ആദ്യത്തെ അറയ്ക്കല്‍ ബീബിയുടെ ഓര്‍മ്മയ്ക്കായി കാലാകാലങ്ങളായി കത്തിച്ചുവെച്ചിരുന്ന ഒന്നാണ് ഈ വിളക്ക്. അതണഞ്ഞാല്‍ ലോകാവസാനമാണെന്നൊക്കെ വിശ്വസിച്ചുപോന്നിരുന്നു അക്കാലത്ത്. അതൊന്ന് കാണണമെന്നുള്ള കലശലായ ആഗ്രഹം തന്‍‌ഷീറിനും എനിക്കുമുണ്ടായിരുന്നു.

തൊട്ടടുത്തുള്ള കെട്ടിടങ്ങളിലൊന്നായ ദാരിയാ മഹലിന്റെ ഉള്ളറകളില്‍ എവിടെയെങ്കിലും അത് കാണുമെന്നുള്ളതുകൊണ്ട് ആ കെട്ടിടത്തിന്റെ താക്കോലെടുത്ത് മായന്‍‌കുട്ടി സാഹിബ് ഞങ്ങളേയും കൂ‍ട്ടി മ്യൂസിയത്തിന്റെ പുറം വാതിലിലൂടെ വെളിയില്‍ കടന്നു.

മ്യൂസിയത്തിന്റെ പുറകുവശത്തുള്ള, അറയ്ക്കലിന്റെ ഭാഗമായ പള്ളിയുടെ ഗേറ്റിലൂടെ വെളില്‍ കടന്ന് ഞങ്ങള്‍ അറയ്ക്കല്‍ മൈതാനത്തേക്ക് നടന്നു. ദൂരെയായി മണിയും താങ്ങി നില്‍ക്കുന്ന ഉയരമുള്ള കെട്ടിടം കാണാം. ഈ മണിക്കും ഇന്നാട്ടില്‍ വലിയ പ്രാധാന്യമാണുണ്ടായിരുന്നത്. പ്രധാന ആവശ്യങ്ങളൊക്കെ ഈ മണിമുട്ടിയാണ് അറിയിച്ചിരുന്നത്.


കണ്ണൂര്‍ പ്രവിശ്യയില്‍ മാസപ്പിറവിയും, പെരുന്നാളും, നോമ്പുകാലവുമൊക്കെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള അവകാശം ഇപ്പോഴും അറയ്ക്കല്‍ ബീബിക്കാണുള്ളത്.

ദാരിയാ മഹലിന്റെ പുറകുവശത്തുള്ള ഭാഗങ്ങളൊക്കെ ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുകയാണ്. മായിന്‍‌കുട്ടി സാഹിബ് പുറകുവശത്തെ വാതില്‍ തുറക്കാനാകാതെ മടങ്ങിവന്ന് മുന്‍‌വശത്തുള്ള വാതിലിനടുത്തേക്ക് ഞങ്ങളേയും കൂട്ടി നടന്നു. ബസ്സ് പോകുന്ന വഴിയിലൂടെ വേണം അങ്ങോട്ട് പോകാന്‍.

റോഡിനിരുവശത്തുള്ള കെട്ടിടങ്ങളില്‍ പലതിലും ഇപ്പോള്‍ മീന്‍ കൂടകളും മറ്റും വെക്കാന്‍ ഉപയോഗിക്കുകയാണ്. കേരളത്തിന്റെ ഏക മുസ്ലീം രാജവംശത്തിന്റെ തിരുശേഷിപ്പുകളില്‍ ഇപ്പോള്‍ ജീര്‍ണ്ണത തന്നെയാണ് കൂടുതലും തെളിഞ്ഞ് കാണുന്നത്. സര്‍ക്കാര്‍ മുന്‍‌കൈയ്യെടുത്ത് ആ കെട്ടിടവും പുതുക്കിപ്പണിയുന്നുണ്ട്. ആ ജോലികള്‍ പുരോഗമിച്ച് വരുന്നതേയുള്ളൂ.

വാതില് തുറന്ന് അകത്തേക്ക് കടന്നത് നടുത്തളത്തിലേക്കാണ്. ഒരു തമ്പുരാട്ടിക്ക് വേണ്ടി പണികഴിപ്പിച്ചതുകൊണ്ടാകാം നാലുകെട്ടുള്ള മനയുടെ മാതൃകയില്‍ ഇതിന്റെ അകത്തളമൊക്കെ നിര്‍മ്മിച്ചത്. എന്തായാലും വര്‍ഷങ്ങളായി ഇതിനകത്ത് നേരേ ചൊവ്വേ ആള്‍ത്താമസമൊന്നുമില്ല.

നടുക്കെട്ടിന്റെ ഒരു വരാന്തയില്‍ കിടക്കുന്ന പുത്തന്‍ വിരിപ്പിട്ട കട്ടിലും പച്ചത്തുണി വിരിച്ച കസാരയും ശ്രദ്ധയില്‍പ്പെട്ടു. ആരോ അവിടെ താമസിക്കുന്നതിന്റെ ലക്ഷണമാണതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാം. പക്ഷെ സംഗതി അതല്ല. അതിന്റെ പുറകില്‍ ഒരു വിശ്വാസമുണ്ട്.

വര്‍ങ്ങള്‍ക്ക് മുന്‍പ് നാടുവിട്ടുപോയ അറയ്ക്കല്‍ കുടുംബത്തിലെ ഒരു ദിവ്യന്‍ രാത്രികാലങ്ങലില്‍ ഇപ്പോഴും അവിടെ വരുന്നുണ്ടെന്നും വിശ്രമിക്കുന്നുണ്ടെന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന് വിശ്രമിക്കാനാണ് ഇപ്പോഴും ഈ കട്ടിലും കസേരയും സജ്ജമാക്കി ചന്ദനത്തിരിയൊക്കെ കത്തിച്ച് വെക്കുന്നത്. സ്വന്തമായി കപ്പല്‍പ്പടപോലും ഉണ്ടായിരുന്ന അറയ്ക്കല്‍ രാജവശംത്തിലെ പല അംഗങ്ങളേയും ഈ ദിവ്യന്‍ കടലില്‍ വെച്ചൊക്കെ പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടത്രേ !

കെട്ടിടമൊക്കെ കേടുപാടുകള്‍ സംഭവിച്ച് നശിക്കാറായിപ്പോയെങ്കിലും വിശ്വാസങ്ങളെന്നും വിശ്വാസങ്ങളായി നിലകൊള്ളുന്നു എന്നത് കൌതുകകരമായ കാര്യം തന്നെയാണ്.

ഈ ദിവ്യന്‍, മൂസാ നബിക്ക് മുന്‍പുള്ള ഖിളര്‍ നബിയാണെന്നും ഒരു കേള്‍വിയുണ്ട്. എന്തായാലും രക്ഷകന്മാര്‍ ആരെങ്കിലും വരുമെങ്കില്‍ അവര്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട ഒരു കാലഘട്ടത്തിലാണല്ലോ നാമിന്ന് ജീവിക്കുന്നത്.

പെട്ടെന്ന് മായിന്‍‌കുട്ടി സാഹിബ്ബ് ആ കസേരയുടെ താഴത്തെ അറയുടെ വാതിലുകല്‍ തുറന്നു. അതിനകത്തുണ്ട് ഞങ്ങളന്വേഷിച്ച് നടക്കുന്ന തമ്പുരാട്ടി വിളക്ക്. ക്ലാവ് പിടിച്ച് പഴകിയിരിക്കുന്നു ഒരുകാലത്ത് കെടാവിളക്കായി സംരക്ഷിച്ചുപോന്നിരുന്ന ആ ചരിത്രാവശിഷ്ടം. ഈ കെട്ടിടത്തിന്റെ പുനരുദ്ധാരണം കഴിയുന്നതോടെ ആ വിളക്കും തേച്ചുമിനുക്കി ഇതിനകത്തെവിടെയെങ്കിലും പ്രദര്‍ശിപ്പിക്കുമായിരിക്കും. കുറച്ച് അലഞ്ഞിട്ടാണെങ്കിലും തമ്പുരാട്ടി വിളക്ക് കാണാന്‍ പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.

എന്തായാലും അവിടെവരെ ചെന്ന സ്ഥിതിക്ക് ആ കെട്ടിടത്തിന്റെ ഉള്ളറകളിലുമൊക്കെ ഒന്ന് കയറിയിറങ്ങി. മുകളിലെ നിലയിലേക്കുള്ള മരപ്പടികള്‍ക്ക് വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഒന്നാം നിലയിലെ തറയിലെ മരപ്പലകകളൊക്കെ ഇളകിയും ദ്രവിച്ചുമിരിക്കുകയാണ്. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ പെട്ടെന്ന് തന്നെ താഴെയോ ‘മുകളിലോ ’ എത്തിയെന്നും വരും. വിശാലമായ ഹാളിന്റെ അറ്റത്ത് ചെന്നുനിന്ന് വെളിയിലേക്ക് നോക്കിയാല്‍ ദൂരെയായി മാപ്പിള ബേ കാണാം. അതിനും പുറകിലായി പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച സെന്റ് ആഞ്ചലോസ് കോട്ട എന്ന കണ്ണൂര്‍ കോട്ടയുമുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാരുടെ കൈവശത്തായ കോട്ട, സാമ്പത്തികപരാധീനത കാരണം ഡച്ചുകാര്‍ 1770ല്‍ ഒരു ലക്ഷം രൂപയ്ക്ക് അന്നത്തെ അറയ്ക്കല്‍ രാജാവായിരുന്ന കുഞ്ഞിഹംസ ആലിരാജയ്ക്ക് വില്‍ക്കുകയാനുണ്ടായത്.

നാട്ടുരാ‍ജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകളും തര്‍ക്കങ്ങളുമൊക്കെ പൊടിപൊടിച്ചിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1763ല്‍ അന്നത്തെ ആലിരാജ മൈസൂര്‍ ഭരണാധിപനായിരുന്ന ഹൈദരാലിയുമായി ബന്ധപ്പെടുകയും മലബാര്‍ കൈവശപ്പെടുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അയല്‍‌രാജ്യങ്ങള്‍ തമ്മിലുള്ള നിസ്സാരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഹൈദരാലിയും തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ടിപ്പുസുല്‍ത്താനും കേരളത്തിലെത്തിയതിനുശേഷമുള്ള സംഭവവികാസങ്ങളൊക്കെ നമുക്കറിയാവുന്നതാണല്ലോ ?

ഇംഗ്ലീഷുകാരും ടിപ്പുസുല്‍ത്താനുമായിട്ടുള്ള യുദ്ധം നടക്കുന്ന കാലത്ത് ടിപ്പുവുമായി സഖ്യത്തിലായിരുന്ന അറയ്ക്കലിന്റെ സൈന്യത്തെ തോല്‍പ്പിച്ച് ഇംഗ്ലീഷ് നാവികപ്പട കണ്ണൂര്‍ കോട്ടയും, കണ്ണൂര്‍ പട്ടണവും പിടിച്ചടക്കി. ഗത്യന്തരമില്ലാതെ അറയ്ക്കല്‍ സന്ധിക്കപേക്ഷിക്കുകയും ഇംഗ്ലീഷുകാര്‍ അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഉടമ്പടിയനുസരിച്ച് കണ്ണൂരും പരിസരപ്രദേശങ്ങളും ബീബിക്ക് വിട്ടുകൊടുത്തു. ടിപ്പുവിന്റെ പതനത്തിനുശേഷം ഇംഗ്ലീഷുകാര്‍ മലബാറിന്റെ പൂര്‍ണ്ണ നിയന്ത്രണമേറ്റെടുത്തു. പരമ്പരാഗത രാജാക്കന്മാ‍ര്‍ക്കെല്ലാം അവരുടെ രാജ്യം തിരികെ നല്‍കിയെങ്കിലും പരമാധികാരം വിട്ടുകൊടുത്തില്ല.

സമുദ്രവാണിജ്യത്തിലൂടെയാണ് അറയ്ക്കല്‍ ഒരു സമ്പന്നനാട്ടുരാജ്യമായി മാറിയത്.പതിനാറാം നൂറ്റാണ്ടില്‍ മിനിക്കോയ് ലക്ഷദ്വീപുകള്‍ എന്നിവയടക്കമുള്ള ഭൂപ്രദേശങ്ങള്‍ അറയ്ക്കലിന്റെ കീഴിലായിരുന്നു.കോലത്തിരിമാരില്‍ നിന്നും സ്വതന്ത്രമായ ഈ നാട്ടുരാജ്യം പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് ശക്തികളുമായി യുദ്ധം ചെയ്തും, സന്ധിചെയ്തുമൊക്കെ ഉത്തരകേരളത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണ്ണയിച്ചുപോന്നു.

കാലക്രമേണ അറയ്ക്കലിന്റെ വകയായിരുന്ന ലക്ഷദ്വീപ് സമൂഹത്തിന്റെ ചില ഭാഗങ്ങള്‍ ഇംഗ്ലീഷുകാര്‍ സ്വന്തമാക്കിയപ്പോള്‍ മറ്റ് ദ്വീപുകള്‍ അറയ്ക്കലിന് വിട്ടുകൊടുത്തു. പക്ഷെ പിന്നീടുണ്ടാക്കിയ നിരവധി ഉത്തരവുകളിലൂടെ ലക്ഷദ്വീപിന്റെ അധികാരം പൂര്‍ണ്ണമായി അവര്‍ കൈക്കലാക്കി. അതിനുശേഷം വളരെക്കാലം ഈ ദ്വീപുകളെച്ചൊല്ലി തര്‍ക്കങ്ങളൊക്കെ നടക്കുകയും അവസാനം 1908 നവംബര്‍ 15ന് അറയ്ക്കലിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ആലിരാജ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍‌മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിയനുസരിച്ച് ലക്ഷദ്വീപിന്മേലുള്ള അവകാശം ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തു. അറയ്ക്കല്‍ ഭരണാധികാരികള്‍ക്ക് അന്ന് മുതല്‍ സുല്‍ത്താന്‍ പദവി നല്‍കുകയും വര്‍ഷം തോറും മാലിഖാന്‍ അധവാ പാരമ്പര്യ പെന്‍ഷന്‍ എന്ന നിലയ്ക്ക് 23,000 രൂപ അനുവദിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാര്‍ അറയ്ക്കലിന് നല്‍കിയ മാലിഖാന്‍ ഭാരത സര്‍ക്കാര്‍ ഇന്നും നല്‍കി വരുന്നുണ്ടെന്നുള്ളത് ഞങ്ങള്‍ക്കൊരു അത്ഭുതപ്പെടുത്തുന്ന അറിവായിരുന്നു.

എത്ര പറഞ്ഞാലും തീരാത്ത ചരിത്രത്തിന്റെ ഏടുകളിലൂടെ ഞങ്ങളിപ്പോള്‍ ചെന്നുനില്‍ക്കുന്നത് വിശ്വസിക്കാന്‍ പറ്റാത്ത ഒരിടത്താണ്. അത് മറ്റൊന്നുമല്ല. നിലവിലെ അറയ്ക്കല് ബീബിയ്ക്ക് വേണ്ടി മാലിഖാന്‍ പണം ഒപ്പിട്ട് വാങ്ങുന്നയാളാണ് ഞങ്ങളോടൊപ്പം ഈ കാഴ്ച്ചകളൊക്കെ കാണിച്ച് തന്ന് വിശദീകരിച്ച്, കൂടെ നടക്കുന്ന മായന്‍‌കുട്ടി സാഹിബ്ബ്.

മാലിഖാനെപ്പറ്റി പറഞ്ഞപ്പോള്‍ തന്‍ഷീറിന്റെ രസകരമായ ഒരനുഭവം പുറത്തുവന്നു. മലപ്പുറത്ത് എം.ഇ.എസ്സ്. എഞ്ചിനീയറിംഗ് കോളേജില്‍ ഇന്റര്‍വ്യൂന് പോയപ്പോള്‍ തന്‍ഷീര്‍ ‘കണ്ണൂര്‍ സിറ്റി‘ക്കാരനാണെന്നും അറക്കല്‍ കെട്ടിനടുത്താണെന്നും മനസ്സിലാക്കിയ പ്രൊഫസര്‍ ചോദിച്ചു.

“മാലിഖാന്‍ എന്നാല്‍ എന്താണെന്ന് അറിയുമോ ? ”
“അയാളെപ്പറ്റി ഒന്നും എനിക്കറിയില്ല സാര്‍” തന്‍ഷീറിന്റെ രസികന്‍ മറുപടി കേട്ട പ്രൊഫസര്‍ ഉള്ളറിഞ്ഞ് ചിരിച്ചുകാണണം.

ഇത്രയുമൊക്കെയായപ്പോള്‍ എനിക്ക് ഇപ്പോഴത്തെ അറയ്ക്കല്‍ ബീബിയെ ഒന്ന് നേരില്‍ക്കാണണമെന്ന ആഗ്രഹമുദിച്ചു. പക്ഷെ, ബീബി തലശ്ശേരിയിലാണ് താമസം. മായന്‍‌കുട്ടി സാഹിബ് തലശ്ശേരിയിലെ അവരുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നു. ഒന്നുരണ്ടുപ്രാവശ്യം ശ്രമിച്ചതിനുശേഷം മറുവശത്തുനിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു. അത് ബീബിയുടെ മകളായിരുന്നു. ബീബിയെ ഒന്ന് നേരിട്ട് കാണണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ അത് നടക്കില്ലെന്നുള്ള മട്ടിലുള്ള മറുപടിയാണ് കിട്ടിയത്. ഞാന്‍ എറണാകുളത്തുനിന്നാണ്, ഇത്രയും ദൂരം വന്നത് അറയ്ക്കല്‍ കെട്ടിനെപ്പറ്റി മനസ്സിലാക്കാനും ബീബിയെ കാണാനുമൊക്കെയാണെന്ന് പറഞ്ഞെങ്കിലും എന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബീബിക്ക് നല്ല സുഖമില്ലത്രേ.

ഒരവസാന ശ്രമമെന്ന നിലയ്ക്ക് മായന്‍‌കുട്ടി സാഹിബ് പറഞ്ഞുതന്നതുപ്രകാരം, എറണാകുളത്തേക്കുള്ള മടക്കയാത്രയില്‍ വഴിയൊക്കെ തപ്പിക്കണ്ടുപിടിച്ച് തലശ്ശേരിയില്‍ ബീബിയുടെ വീടിന് മുന്നില്‍ ഞാന്‍ ചെന്നു. അറക്കല്‍ ആദിരാജ എന്ന് വളരെ വലുപ്പത്തില്‍ ചുമരില്‍ എഴുതിവെച്ചിട്ടുണ്ട്. കോളിങ്ങ് ബെല്ലടിച്ച് കുറേനേരം കാത്തുനിന്നിട്ടും ആ‍രും വാതില്‍ തുറന്നില്ല. അധികം നേരം അങ്ങനെ നില്‍ക്കാന്‍ തോന്നിയില്ല. ഇന്നും മാലിഖാന്‍ പറ്റിക്കൊണ്ടിരിക്കുന്ന ഒരു രാജകുടുംബത്തിലെ രാജ്ഞിയുടെ കൊട്ടാരത്തിന്റെ മുന്നിലാണ് പരുങ്ങി നില്‍ക്കുന്നത്. അധികാരമുള്ള കാലത്തായിരുന്നെങ്കില്‍ തലപോകാന്‍ ഇതില്‍പ്പരം കാരണമൊന്നും ആവശ്യമില്ല.

അറയ്ക്കല്‍ കെട്ടിലേക്കുള്ള യാത്ര അവിടെ അവസാനിക്കുകയായിരുന്നു.അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷ ബീബിയെ കാണാന്‍ പറ്റിയില്ലെന്ന വിഷമം ബാക്കിനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും അറയ്ക്കലിന്റെ ഉള്ളറകളില്‍ക്കടന്ന് ആലിരാജാപ്പണം അല്ലെങ്കില്‍ കണ്ണൂര്‍പ്പണം എന്നറിയപ്പെട്ടിരുന്ന നാണയങ്ങള്‍ വരെ സ്വതന്ത്രമായി അടിച്ച് പ്രചരിപ്പിച്ച കേരളത്തിന്റെ ഒരു പ്രമുഖ നാട്ടുരാജ്യത്തിന്റെ അവശേഷിപ്പുകളും ചിഹ്നങ്ങളുമൊക്കെ കാണാനും ചരിത്രമൊക്കെ അടുത്തറിയാനും പറ്റിയെന്നുള്ള സന്തോഷത്തിലായിരുന്നു ഞാനപ്പോള്‍.
-------------------------------------------------------------------------------
ബീബിയുടെ ചിത്രത്തിന് കടപ്പാട്:- ഡോ.കെ.കെ.എന്‍.കുറുപ്പ്.

44 comments:

 1. നാടുകളില്‍ നിന്നു നാടുകളിലേയ്ക്ക് നടന്നു പോയ ആദിമ മനുഷ്യന്‍റെ
  യാത്രയുടെ തുടര്‍ച്ചകള്‍ ഉള്ളില്‍ ജന്മത്തിനും മുന്പേ പതിഞ്ഞിരിക്കാം..
  നടക്കാതെ പോകുന്ന യാത്രകള്‍ അതിനോടുള്ള ഒടുങ്ങാത്ത കൊതി,
  കടലുപോലെ പെരുകുന്നു...
  അതുകൊണ്ടാവണം ഈ വായന ഒരു സഹയാത്രയാകുന്നു..

  ReplyDelete
 2. നീരേട്ടാ.....

  ഈ യാത്രയില്‍ ഞാനും കൂടെയുണ്ടായിരുന്നു....

  ReplyDelete
 3. അറയ്ക്കൽ രാജവംശത്തെക്കുറിച്ചും, മ്യൂസിയത്തെക്കുറിച്ചും ഇത്രയും വിശമായ ഒരു വിവരണത്തിന് വളരെ നന്ദി. തമ്പുരാട്ടിവിളക്ക് എന്ന പോസ്റ്റ് കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാണ് അറയ്ക്കൽ വംശത്തെക്കുറിച്ച് കൂടുതൽ അറിയാൻ.

  ReplyDelete
 4. അടിപൊളി വിവരണം! താങ്ക്സ്‌ നീരൂ..

  ReplyDelete
 5. യാത്ര പോണെങ്കി അത് നിര-ന്റെ കൂടെ തന്നെ വേണം!
  ( കൊതിക്കെറുവ് പറയാതെ....)

  ReplyDelete
 6. വളരെ നല്ല വിവരണം!!
  അവിടെയൊക്കെ പോയത് പോലെ തോന്നി. നല്ല ഭംഗിയുള്ള ചിത്രങ്ങളും!

  ReplyDelete
 7. അറക്കല്‍ ബീബിയുടെ കഥ വായിച്ചിട്ടുണ്ട്‌. ഇത്രയും ഭംഗിയായി എല്ലാം വിവരിച്ചു തന്നതിനു നന്ദി.

  ReplyDelete
 8. അറയ്ക്കല്‍ കൊട്ടാരയാത്ര ഗംഭീരമായി...

  പണ്ട് രാജ്യം ഭരിച്ചിരുന്നു എന്ന കാരണത്താല്‍ ഗവണ്മെന്റ്, ജനത്തിന്റെ നികുതി പണമെടുത്ത് ഇവര്‍ക്ക് ചെല്ലും ചെലവും കൊടുക്കുന്നുണ്ട് എന്നത് പുതിയ അറിവാണ്....

  ReplyDelete
 9. ചാത്തനേറ്: കണ്ണൂരൂകാര്‍ ഈ പോസ്റ്റ് ബഹിഷ്കരിച്ചിരിക്കുന്നു..:) സ്വന്തം നാടായിട്ടും ഒരു കോപ്പും അറീലല്ലോ ഞങ്ങള്‍ക്ക്. കിടിലം പോസ്റ്റ്...

  ReplyDelete
 10. ഏഷ്യാനെറ്റില്‍ ഒരു സ്ഞ്ചാരമുണ്ടായിരുന്നു..(ഇപ്പൊ ഉണ്ടോന്നറ്രിയില്ല)

  അതിനെക്കാള്‍ മനോഹരമാണല്ലൊ ചങ്ങായീ ഇങ്ങടെ വിവരണം

  ഒരു പാടൊരുപാടു ശുക്രന്‍..:)

  ReplyDelete
 11. ങ്ങളെക്കൊണ്ട് ഞാന്‍ തോറ്റു.

  യാത്ര=നിരൂ. യ്ക്ക് അത്രേ പറയാനുള്ളൂ

  ReplyDelete
 12. കൊതിയൂറും മലബാര്‍ വിഭവങ്ങള്‍
  എണ്ണിപ്പറഞ്ഞ് തുടങ്ങിയ ഈ യാത്രയുടെ കുറിപ്പ് തുടക്കം പോലെ തന്നെ കൊതിപിടിപ്പിക്കുന്ന ഒരു വിവരണമായി..
  ഇത്രയും ചരിത്രങ്ങളും ഒക്കെ സൂക്ഷിക്കാന്‍ അറയ്ക്കല്‍ മ്യൂസിയമുണ്ടാക്കിയത് എന്തായാലും നന്നായി.
  അറയ്ക്കല്‍ രാജവംശത്തിന്റെ പ്രതാപത്തിന്റെ കഥ ചുരുങ്ങിയ വാക്കില്‍ മനോഹരമായി പറഞ്ഞതിന് അഭിനന്ദനങ്ങള്‍. ‘മാലിഖാന്‍ ’രസകരമായി!
  ഒരു പക്ഷെ നേരീല്‍ പോയി കണ്ടിരുന്നുവെങ്കില്‍ പോലും ഇത്രമാത്രം മനസ്സിലാവില്ലായിരുന്നു, അത്രവിശദമായി എഴുതിയിരിക്കുന്നു...
  നീരുവിന്റെ വിവരണം വായിക്കുമ്പോഴാണ് ഇതൊക്കെ കാണാതെ ഉലകം ചുറ്റാന്‍ പോയ ഞാന്‍ ചെയ്തത് മണ്ടത്തരമാണെന്ന് തോന്നുന്നത്...സുരക്ഷിതമായി ഇനിയും യാത്രകള്‍ തുടരുവാന്‍ ഈശ്വരന്‍ കൃപ ചെയ്യട്ടെ.

  ReplyDelete
 13. സെറീനാ :- ആ കമന്റില്‍ ഒരു കവിതയുണ്ടല്ലോ ? നന്ദി.

  കൈതമുള്ള് :- നമുക്ക് ഒരുമിച്ച് യാത്രപോകാം നാട്ടിലുള്ളപ്പോള്‍.

  കുട്ടിച്ചാത്തന്‍ :- അടുത്തപ്രാവശ്യം നാട്ടില്പോകുമ്പോള്‍ അവിടെയൊക്കെ ഒന്ന് പോയാന്‍ മതി ചാത്താ. എന്നിട്ട് ഈ പോസ്റ്റിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണേ :)

  പ്രയാസീ:- ആ ഏഷ്യാനെറ്റ് സഞ്ചാരം സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെയാണ്. കക്ഷി ഇപ്പോള്‍ ബഹിരാകാശത്ത് പോകാനുള്ള തയ്യാറെടുപ്പാണ്. അത്രയ്ക്കൊന്നും നമുക്കൊന്നും പറ്റില്ല മാഷേ.

  മാണിക്യേച്ചീ :- ഒരുപാട് നന്ദി ആ മനോഹരമായ കമന്റിന്. എന്റെ ഈ ചിന്ന പോസ്റ്റുകളിലൂടെ ഈ യാത്രകള്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ധന്യനായി.

  തോന്ന്യാസീ, മണികണ്ഠന്‍, പാമരന്‍, മേരിക്കുട്ടി, എഴുത്തുകാരീ, ചാണക്യന്‍, അരീക്കോടന്‍, പ്രിയാ ഉണ്ണികൃഷ്ണന്‍....

  അറയ്ക്കല്‍ കെട്ടിലേക്ക് എന്റൊപ്പം യാത്ര വന്ന എല്ലാവര്‍ക്കും പെരുത്ത് നന്ദി.

  ReplyDelete
 14. അറയ്ക്കല്‍ (അരയ്ക്കാല്‍) രാജവംശത്തെക്കുറിച്ചും ആ കഥകളെക്കുറിച്ചും മുമ്പ് എപ്പോഴോ മനോരമയില്‍ വായിച്ചിരുന്നു. ഈ യാത്രാനുഭവം എത്ര നന്നായി.... നന്ദി....

  ReplyDelete
 15. കര്‍ത്താവേ, ഇങ്ങേര്‍ എത്താത്ത സ്ഥലമുണ്ടോ? ഗംഭീരന്‍ യാത്രാവിവരണം.

  ReplyDelete
 16. ഞാന്‍ താങ്കളുടെ യാത്രാവിവരണങ്ങള്‍ സ്ഥിരമായി വായിക്കുന്ന ഒരാളാണ്.. ഇത്ര വിശദവും ലളിതവുമായ വിവരണങ്ങള്‍ക്കു നന്ദി.. ഞാനും യാത്രകള്‍ ഒരുപാടു ഇഷ്ടപ്പെടുന്ന ഒരാളാണ്... എന്നാലും വിദേശത്തുള്ള യാത്രകള്‍ അത്ര സുഖം തരുന്ന ഒന്നായി തോന്നാറില്ല പലപ്പോഴും.. താങ്കള്‍ അവയെയും ആസ്വദിക്കുന്നതില്‍ സന്തോഷം തോന്നുന്നു..

  ReplyDelete
 17. നീരൂ.. വളരെ രസകരമായിരിയ്ക്കുന്നു ഈ വിവരണം. ചിത്രങ്ങളും കൂടിയായപ്പോൾ അടിപൊളി..

  അന്ന് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.. വളരെ നന്ദി..

  ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ പെട്ടെന്ന് തന്നെ താഴെയോ ‘മുകളിലോ ’ എത്തിയെന്നും വരും..

  യാത്രാവിവരണത്തിലും ചിരിപ്പിയ്ക്കാനുള്ള കഴിവ്‌ ..
  ദുഷ്ടാ... :)

  ReplyDelete
 18. നല്ല പോസ്റ്റ്. വിവരങ്ങള്‍ക്ക് നന്ദി

  ReplyDelete
 19. ഒരു യാത്രാവിവരണം എന്നതിലുപരി നല്ലൊരു ചരിത്രപഠനം. വളരേ നന്നായി

  ReplyDelete
 20. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് വെറുതെയല്ല

  ReplyDelete
 21. പോസ്റ്റ് നേരത്തേ കണ്ടിരുന്നെങ്കിലും ആസ്വദിച്ച് വായിക്കാൻ മാറ്റിവച്ചിരിക്കുകയായിരുന്നു. അതെ, നന്നായി ആസ്വദിച്ചു എന്നു പ്രത്യേകം പറയേണ്ടല്ലോ..

  മാണിക്യേച്ചി പറഞ്ഞത് എന്റെ കാര്യത്തിൽ 100 ശതമാനവും ശരിയാണ്. നേരിട്ട് പോയിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയൊക്കെ വിശദമായി മനസ്സിലാക്കാൻ പറ്റുമായിരുന്നില്ല. മെനക്കെടാനുള്ള മടി തന്നെ കാരണം!

  ReplyDelete
 22. മറ്റു യാത്രാവിവരണങ്ങൽ പോലെയല്ല നിരക്ഷരന്റേത്. ഫോടോകള് വിവരണത്തെ സഹായിക്കുന്നു. അതുകൊണ്ട് കൂടുതൽ ഫോടോസ് പ്രതീക്ഷിയ്ക്കുന്നു. പ്രത്യേകിച്ചും ഫർണിച്ചർ, മരപ്പണി ഒക്കെ. ഇതിന്റെയൊക്കെ ഡിസൈനിലും ചരിത്രം ഒളിഞ്ഞു കിടക്കുന്നു. ജൂതർ വഴിയാണ് കേരളത്തിൽ മരപ്പണി കൂടുതൽ പ്രചാരത്തിലേറിയത് എന്നു കേട്ടിട്ടുണ്ട്. നിരൻ ഇതുപോലെ പഴയ ഫർണിച്ചറൊക്കെ കാണുമ്പോൾ ഒന്നു ശ്രദ്ധിച്ചോണേ. ധാരാളം ഫോടോ എടുക്കുകയും ആവാം.

  അറയ്ക്കൽ കൊട്ടാരത്തിന്റെ അകത്തളങ്ങൽ കണ്ടതിൽ വളരെ സംതൃപ്തിയുണ്ട്.

  ReplyDelete
 23. പുറത്തു നിന്നു കുറച്ചൊക്കെ കാഴ്ചകള്‍ കണ്ടിട്ടുള്ളതല്ലാതെ ഇത്രയും വിശദമായി അറയ്ക്കല്‍ കൊട്ടാരം ഞാന്‍ കണ്ടിട്ടില്ല.....ചാത്തനെപ്പോലെ ഞാനും ഒരു കണ്ണൂര് കാരനാ....:)
  നന്ദി നിരക്ഷരന്‍ ഭായ് ...ഉടന്‍ തന്നെ ഇതുപോലെ വിശദമായി കാണാന്‍ പോകുന്നുണ്ട്..

  ReplyDelete
 24. ഹിസ്റ്ററി പാഠപുസ്തകം നിരക്ഷരനെഴുതിയിരുന്നെങ്കില്‍ ഞാന്‍ വായിച്ചേനേ.
  നല്ല വിവരണം.

  പിന്നെ ആ ബീബി അവിടെങ്ങാനും കഴിഞ്ഞുപോട്ടെന്നേ. :-)

  ReplyDelete
 25. ശിവാ:- എല്ലാവരും ഒരുപാട് എഴുതിയതാണ് അറയ്ക്കലിനെപ്പറ്റി. എന്റെ ഒരു യാത്രയായതുകൊണ്ട് ഞാനും അല്‍പ്പം എഴുതിയെന്ന് മാത്രം:) അരയ്ക്കാല്‍ എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലല്ലോ ?

  ചങ്കരന്‍ :- നന്ദി മാഷേ.

  മൂലന്‍ :- സ്ഥിരമായി ‘ചില യാത്രകള്‍’ വായിക്കാറുണ്ടെന്ന് പറഞ്ഞത് ഒരു അംഗീകാരമായി കാണുന്നു. ഞാന്‍ എല്ലാ യാത്രകളും ആസ്വദിക്കാറുണ്ട്. അങ്ങനെയല്ലേ വേണ്ടത് ? :) നന്ദീ മാഷേ :)

  പൊറാടത്ത് :- ചിരിപ്പിച്ചെന്നോ ? ഞാനോ ? ഇതാപ്പോ നന്നായത് :)

  ഗുപ്തന്‍ :- നന്ദി.
  ലക്ഷ്മീ‍ :- നന്ദി.
  പ്രയാന്‍ :- നന്ദി.

  ബിന്ദു കെ.പി.:- ഞാന്‍ പണ്ടേ യാത്രയുടെ വിശദാംശങ്ങള്‍ തപ്പിയെടുക്കുന്ന കൂട്ടത്തിലായിരുന്നു. ഇപ്പോള്‍ അതിത്തിരി കൂടിയിട്ടുണ്ടെന്ന് മാത്രം. നന്ദി.

  എതിരന്‍ കതിരവന്‍:- ആ കമന്റ് ഒരു അംഗീകാരമാണ് മാഷേ. കൂടുതല്‍ പടങ്ങള്‍ ഇടാന്‍ ശ്രമിക്കാം. പോസ്റ്റില്‍ അല്ലെങ്കില്‍ ഫ്ലിക്കറിലോ, പിക്കാസയിലോ കയറ്റി ഇട്ടേക്കാം. പടങ്ങള്‍ അധികമാകുന്നു എന്നൊരു വിമര്‍ശനം ഇത്തിരി വളച്ചൊടിച്ചാണെങ്കിലും ഒരിക്കല്‍ കേള്‍ക്കാനിടയായതുകൊണ്ട് പടങ്ങള്‍ മനപ്പൂര്‍വ്വം കുറച്ചതാണ് പല പോസ്റ്റുകളിലും.

  ആ‍ദര്‍ശ് :- ഇപ്രാവശ്യം എന്തായാലും പോയി ഇതൊക്കെ നേരിട്ട് കാണണേ :)

  ബിന്ദു ഉണ്ണി:- പഠിക്കുന്ന കാലത്ത് ഹിസ്റ്ററിയും ജോഗ്രഫിയുമൊക്കെ എനിക്ക് ചതുര്‍ത്ഥിയായിരുന്നു. അതിന്റെ നഷ്ടം ഞാനിപ്പോള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു.
  ബിന്ദൂനെപ്പോലെ ഒരുപാട് ട്രക്കിങ്ങ് നടത്തിയിട്ടുള്ള ഒരാള്‍ പറയുന്ന ഇതുപോലുള്ള കമന്റുകള്‍ക്ക് ഒരുപാട് വിലകല്‍പ്പിക്കുന്നുണ്ട് ഞാന്‍.

  അറയ്ക്കല്‍ കെട്ടിലേക്ക് യാത്ര വന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി.

  ReplyDelete
 26. ചരിത്രം,എത്ര കോരിയാലും വറ്റാത്ത കിണര്‍ പോലെ ആണ്. ഈ ജലവും മധുരം ഉള്ളതു തന്നെ. ഫോട്ടോകള്‍ ഈ വിവരണത്തിന് കൂടുതല്‍ സഹായകമായി.
  അഭിനന്ദനങ്ങള്‍.
  :)

  ReplyDelete
 27. തകര്‍പ്പന്‍ വിവരണം സര്‍...

  മറ്റൊന്നും പറയാനില്ല.

  ReplyDelete
 28. ഈ യാത്ര വളരെ നന്നാവുന്നു സുഹൃത്തേ... ഒത്തിരി വിവരണങ്ങലോടെ... ആശംസകള്‍...

  ReplyDelete
 29. ആദ്യമായാണു ഈ താളിൽ എത്തുന്നത്..
  വളരെ നല്ല യാത്രാവിവരണം.

  കേരള യാത്രകൾ ഇനിയും പ്രതീക്ഷികുന്നു..

  ReplyDelete
 30. നിരുവിന്റെ എല്ലാ യാത്ര വിവരണങ്ങളും വായിചിട്ടുന്ട്...എന്നാലും
  ഈ പോസ്റ്റ് കൂടുതല്‍ ഇഷ്ടമായി ..

  ReplyDelete
 31. അറയ്ക്കല്‍ കൊട്ടാരത്തില്‍ കൊണ്ടുപോയതിനു നന്ദി.
  ആ വഴി പല വട്ടം പോയിട്ടുണ്ട്.
  കയറാനായിട്ടില്ല.
  നന്ദി, അമ്പാടീ.

  ReplyDelete
 32. next parannju poya njaan ivide ethaan vaikippoyallo..eeshwaraa...
  ini eppola ithokke vaayichu theerkkuka...
  ellam odichu nokkettu commentaam tto.....

  ReplyDelete
 33. nalla vivaranam niru..
  thanks for all the information

  ReplyDelete
 34. nannayittundu yaathra pokaan pattatha enikku nalla yaathra poya pole?

  ReplyDelete
 35. ഒരു കണ്ണൂര്‍ കാരനാണ് ഞാന്‍.വീട്ടില്‍ നിന്ന് അര മണിക്കൂര്‍ കൊണ്ട് എത്താവുന്ന ദൂരത്തിലാണ് അറക്കല്‍ കൊട്ടാരവും ചിറക്കല്‍ കൊട്ടാരവും.. ഇത് രണ്ടും ഞാന്‍ കണ്ടിട്ടില്ല.. ഇത് വായിച്ചു ഞാന്‍ ലജ്ജിച്ചു തല താഴ്ത്തുന്നു ..നിരക്ഷരന്റെ കൂടെ ഒരു യാത്ര ചെയ്യാന്‍ ഭാഗ്യം വേണം എന്ന് തോന്നുന്നു

  ReplyDelete
 36. ശ്രീ ഇടശ്ശേരി - അത് ഒന്നൊന്നര കമന്റ് തന്നെ. നന്ദി മാഷേ.

  ജുനൈദ് ഇരുമ്പുഴി - നന്ദി, ഇനിയും വരുമല്ലോ അല്ലേ ? യാത്രകള്‍ ചെയ്യുന്ന മുറയ്ക്ക് എഴുതി ഇടാം.

  ജാക്കര്‍ - പരസ്യം പതിക്കാനായി മാത്രം കമന്റുടുന്നത് ശരിയല്ല മാഷേ :)

  അബ്കാരീ - ചിറയ്ക്കല്‍ കൊട്ടാരത്തില്‍ ഞാന്‍ പോയിട്ടില്ല.
  അങ്ങോട്ടാക്കിയാലോ നമുക്കൊരുമിച്ച് ഒരു യാത്ര ?
  ഞാന്‍ നാട്ടില്‍ വരുന്ന സമയം, മലബാറിലേക്ക് വരുന്ന സമയം ഒരാഴ്ച്ച മുന്നേ അറിയിക്കാം. അപ്പോള്‍ ചിറയ്ക്കലിലേക്ക് യാത്ര തരപ്പെടുത്താനാകുമോ ?

  പരമാവധി വിവരങ്ങള്‍ ചരിത്രം ഇവയൊക്കെ അറിഞ്ഞിട്ട് പോകാന്‍ ശ്രമിച്ചാല്‍ അവിടെച്ചെല്ലുമ്പോള്‍ അതിനേക്കാളധികം അറിവുമായി തിരിച്ചുവരാനാകും. അതിന്‍ ശ്രമിക്കാം നമുക്ക്.

  ചിറയ്ക്കലെ ഇപ്പോഴത്തെ അവകാശികള്‍ , അവരുടെ ബന്ധുക്കള്‍ അങ്ങനെ പരിചയമുള്ള ആരെയെങ്കിലുമൊക്കെ ആദ്യമേ കണ്ട് സംസാരിച്ച് വെക്കാനാകുമെങ്കില്‍ കാര്യം എളുപ്പമാകും.

  കുറ്റ്യാടിക്കാരന്‍, പകല്‍ക്കിനാവന്‍, നിലാവ് , ലതി, പിരിക്കുട്ടി, കുഞ്ഞായി...അറയ്ക്കല്‍ കെട്ടിലേക്ക് വന്ന എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 37. അറക്കല്‍ കെട്ടിന്റെ വളരെ അടുത്ത് ജനിച്ചു വളര്‍ന്ന ഒരാളാണ് ഞാന്‍ ‍, താങ്കളുടെ കുറിപ്പ് വായിച്ചപ്പോള്‍ വളരെ വിഷമം തോന്നി ,ഞാന്‍ ഇത് വരെ അവിടം സന്ദര്‍ശിക്കാന്‍ മെനക്കെട്ടില്ല ..... മുറ്റത്തെ മുല്ലക്ക് മണം ഇല്ല ..... ഏതായാലും ഈ തവണ നാട്ടില്‍ പോയാല്‍ സന്ദര്‍ശിക്കണം ...തങ്ങളുടെ ബ്ലോഗ്‌ ആദ്യമായാണ് വായിക്കുന്നത് .....വളരെ നന്നായിട്ടുണ്ട് .. ആശംസകള്‍ .. മലയാളത്തില്‍ ആദ്യമായാണ് ടൈപ്പ് ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്‌ തെറ്റു ക്ഷമിക്കുക :)

  ReplyDelete
 38. നന്നായിട്ടുണ്ട്.
  ആ‍ശംസകള്‍....

  ReplyDelete
 39. valare nannayitund kannur karanaya enik polum ariytha karyngal ariyichathil

  ReplyDelete
 40. അറക്കല്‍ കെട്ടിന്റെ വളരെ അടുത്ത് ജനിച്ചു വളര്‍ന്ന ഒരാളാണ് ഞാന്‍ ‍, താങ്കളുടെ കുറിപ്പ് വായിച്ചപ്പോള്‍ വളരെ വിഷമം തോന്നി ,ഞാന്‍ ഇത് വരെ അവിടം സന്ദര്‍ശിക്കാന്‍ മെനക്കെട്ടില്ല ..... മുറ്റത്തെ മുല്ലക്ക് മണം ഇല്ല ..... ഏതായാലും ഈ തവണ നാട്ടില്‍ പോയാല്‍ സന്ദര്‍ശിക്കണം ...തങ്ങളുടെ ബ്ലോഗ്‌ ആദ്യമായാണ് വായിക്കുന്നത് .....വളരെ നന്നായിട്ടുണ്ട് .. ആശംസകള്‍ .. മലയാളത്തില്‍ ആദ്യമായാണ് ടൈപ്പ് ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്‌ തെറ്റു ക്ഷമിക്കുക :)

  ReplyDelete
  Replies
  1. neethu - ഇതേ കമന്റ് തന്നെയാണല്ലോ രണ്ട് കമന്റുകൾക്ക് മുകളിലായി somebody എന്ന സുഹൃത്ത് ഇട്ടിരിക്കുന്നത്. നിങ്ങൾ രണ്ടുപേരും ഒരാളാണോ ? :)

   Delete
 41. ഇവിടെ വരവ് പോക്ക് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയി. കേരള യാത്രകള്‍ ആണ് വായിച്ചു കൊണ്ടിരിക്കുന്നത്. താഴെ നിന്ന് വായിച്ചു അറക്കല്‍ വരെയെത്തി. നന്ദി പറയാതെ പോകുന്നത് നന്ദികേട്‌ ആണെന്ന്അറിയാമെന്കിലും അങ്ങിനെ ഇറങ്ങിപ്പോകാരാന് പതിവ്. ഇന്ന് ആ പതിവ് തെറ്റിക്കുകയാണ്. ഇത്രയും വിശദമായും എന്നാല്‍ ഒതുക്കത്തോടെയും ചിത്രങ്ങള്‍ സഹിതം കാര്യങ്ങള്‍ പറഞ്ഞുതരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പോയാലല്ലേ വീണ്ടും വരാം എന്ന് പറയേണ്ടത്. പോകുന്നില്ല ഇവിടെയോക്കെയുന്ടു.

  ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.