-------------------------------------------------------------
വയനാട് ജില്ലയോട് തോന്നിയിട്ടുള്ള താല്‍പ്പര്യം കേരളത്തിലെ മറ്റൊരു ജില്ലയോടും എനിക്കിതുവരെ തോന്നിയിട്ടില്ല. ഓരോ വയനാട് യാത്രയിലും ഓരോരോ പുതിയ സ്ഥലങ്ങള്‍ പുതിയ കാഴ്ച്ചകള്‍, അല്ലെങ്കില്‍ മുന്‍പ് പോയിട്ടുള്ള പഴയ സ്ഥലങ്ങളില്‍ നിന്നുതന്നെയുള്ള പുത്തന്‍ അറിവുകള്‍, ഇങ്ങനെയെന്തെങ്കിലും നല്ല അനുഭവങ്ങളുമായിട്ടായിരിക്കും വയനാട്ടില്‍ നിന്നും എറണാകുളത്തേക്ക് എന്റെ മടക്കയാത്ര. കണ്ടുതീര്‍ക്കാനുള്ള ഒരുപാട് സ്ഥലങ്ങള്‍ വയനാട്ടിലിനിയും ബാക്കിയുള്ളതുകൊണ്ട് താമരശ്ശേരി ചുരം എനിക്കിനിയും പലപ്രാവശ്യം കയറിയിറങ്ങേണ്ടി വരുമെന്നുറപ്പാണ്.
അവസാനത്തെ വയനാട് യാത്ര, കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതുപോലുള്ള ഒരു മഹാസംഭവമായിട്ടാണ് എനിക്ക് തോന്നിയത്.
വയനാട്ടിലേക്കുള്ള യാത്രയില്‍ പലപ്പോഴും റോഡരുകില്‍ ജൈന്‍ ക്ഷേത്രങ്ങളുടെ ചൂണ്ടുപലകകള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ നിന്നോ, എറണാകുളത്തുനിന്നോ ഉള്ള നീണ്ട ഏതെങ്കിലും ഒരു യാത്രയുടെ അന്ത്യമാകാറായിട്ടുണ്ടാകും അപ്പോള്‍. അതുകൊണ്ടുതന്നെ ആ നേരത്തൊന്നും വാഹനം നിറുത്തി ക്ഷേത്രത്തില്‍ കയറാന്‍ തോന്നാറില്ലെങ്കിലും ഇവിടെയെങ്ങിനെയാണ് ജൈനക്ഷേത്രങ്ങള്‍ വന്നതെന്ന് ഒരു സംശയം ബാക്കിനില്‍ക്കാറുണ്ട്. കൂടുതല്‍ സമയം കിട്ടുമ്പോള്‍ ആ ക്ഷേത്രങ്ങളിലൊക്കെ ഒന്ന് കയറിക്കാണണമെന്ന് മനസ്സില്‍ അപ്പോഴേ കുറിച്ചിട്ടിട്ടുള്ളതുമാണ്.
വയനാട്ടിലെ എന്റെ എല്ലാ യാത്രകളിലും കൂടെക്കൂടാറുള്ള മാനന്തവാടിക്കാരനായ സുഹൃത്ത് ഹരിയോട്, ഇക്കഴിഞ്ഞ യാത്രയില്‍ വിഷയം അവതരിപ്പിച്ചു. നല്ല മഴയുള്ള സമയമായതുകൊണ്ട് പുറം കാഴ്ച്ചകള്‍ കണ്ടുനടക്കാന്‍ പറ്റിയില്ലെങ്കിലും ക്ഷേത്രദര്‍ശനമൊക്കെ നടക്കുമല്ലോ ? പറഞ്ഞുതീരുന്നതിന് മുന്നേ ഹരി തയ്യാര്‍. ഹരിയുടെ, രമേഷ് ബാബു എന്ന സുഹൃത്ത് (ഇപ്പോള്‍ എന്റേയും) ജൈനമതസ്തനാണത്രേ ? വയനാട്ടില്‍, എന്തിന് കേരളത്തില്‍ത്തന്നെ ജൈനമതസ്തര്‍ ജീവിക്കുന്നുണ്ടോ എന്ന എന്റെ സംശയത്തിന് രമേഷ് ബാബു നിരത്തിയ കണക്കുകള്‍ അമ്പരപ്പിക്കുന്നതായിരുന്നു.
1400 ല്‍പ്പരം ജൈനമതക്കാര്‍ വയനാട്ടില്‍ മാത്രം ജീവിക്കുന്നുണ്ടത്രേ ? വീരേന്ദ്രകുമാര്‍ എം.പി.യെപ്പോലുള്ള പ്രശസ്തരായവരൊക്കെ അവരില്‍ച്ചിലര്‍ മാത്രം. കേട്ടപ്പോള്‍ വാ പൊളിച്ച് നിന്നുപോയി. ഞാനൊരു കൂപമണ്ഡൂകം തന്നെ. ഇത്രയും വര്‍ഷക്കാലം ജീവിച്ച ഈ കേരളസംസ്ഥാനത്തെപ്പറ്റി എനിക്കൊന്നുമറിഞ്ഞുകൂടാ. ലജ്ജിച്ച് തല താഴ്‌ത്തേണ്ടിയിരിക്കുന്നു.
ജൈനക്ഷേത്രങ്ങളിലേക്കുള്ള യാത്രകള്‍ പിന്നീടൊരിക്കലേക്ക് വെച്ചാല്‍ ശരിയാകില്ല. ജൈനമതത്തെപ്പറ്റിയും,വയനാട്ടിലെ ജൈനക്ഷേത്രങ്ങളെപ്പറ്റിയുമൊക്കെ കുറച്ചെങ്കിലും മനസ്സിലാക്കിയേ തീരൂ, അതില്‍ ചിലതെങ്കിലുമൊക്കെ പോയേ തീരൂ. എല്ലാ എര്‍പ്പാടുകളും ഹരി തന്നെ നടത്താമെന്നേറ്റു.
എറണാകുളത്തുനിന്ന് സുല്‍ത്താന്‍ ബത്തേരി വരെ പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നതുകൊണ്ട് ബത്തേരിയിലെത്തിയപ്പോള്‍ വിമല്‍ ജ്യോതി വര്‍ക്കിങ്ങ് വിമണ്‍സ് ഹോസ്റ്റലിന് തൊട്ടടുത്ത് റോഡരുകില്‍ കാണുന്ന 13-)0 നൂറ്റാണ്ടിലേതെന്ന് അറിയപ്പെടുന്നതും ഇപ്പോള്‍ ‘ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ‘യുടെ സംരക്ഷണയില്‍ ഉള്ളതുമായ ജൈനക്ഷേത്രത്തില്‍ നിന്ന് ഞാനാ യാത്ര ആരംഭിച്ചു.
സുല്‍ത്താന്‍ ബത്തേരിയിലെ കിടങ്ങനാട്ടില്‍ 12 ജൈനത്തെരുവുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പഴയ വില്ലേജ് രേഖകളില്‍ അതൊക്കെ കാണിക്കുന്നുണ്ടത്രേ !! ‘ഹന്നറഡുബീദി ബസദി‘ എന്നാണ് ഈ ജൈനത്തെരുവുകള്‍ അറിയപ്പെട്ടിരുന്നത്. വളരെയധികം ജൈനര്‍ ജീവിച്ചിരുന്ന ബത്തേരിയില്‍ ഇപ്പോള്‍ ഒരൊറ്റ ജൈനകുടുംബം പോലുമില്ലെന്നുള്ളതൊരു വേദനാജനകമായ അവസ്ഥയാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മൈസൂരിന്റെ ആക്രമണവും, ബ്രിട്ടീഷുകാരും പഴശ്ശിരാജാവും തമ്മിലുള്ള പോരിനും പുറമെ ശൈവ-വൈഷ്ണവമതങ്ങളുടെ വളര്‍ച്ചയുമൊക്കെ കാരണം, ജൈനജനത ക്ഷയിച്ചതുകാരണം ജൈനക്ഷേത്രങ്ങള്‍ക്ക് സംരക്ഷകരില്ലാതാവുകയാണുണ്ടായത്. പിന്നീടതില്‍ പലതും ഹിന്ദുക്ഷേത്രങ്ങളായി മാറുകയും ചെയ്തു.എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ ഭഗവതിയുടെ ഗുഹാക്ഷേത്രവും കന്യാകുമാരി ജില്ലയില്‍ ചിതറാല്‍ എന്ന സ്ഥലത്ത് തിരുച്ചാരണമലയിലുള്ള ദേവീക്ഷേത്രവുമൊക്കെ അത്തരത്തിലുള്ള ജൈനക്ഷേത്രങ്ങള്‍ക്ക് ഉദാഹരണമാണ്.
‘ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ’യുടെ സംരക്ഷണയിലാണെങ്കിലും 800 വര്‍ഷത്തിലഷികം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ അവസ്ഥയും അത്ര മെച്ചമൊന്നുമല്ല. ഇടിഞ്ഞ് വീഴാതെ സംരക്ഷിച്ചിക്കുകയും ഒരു ഗാര്‍ഡിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
പുറത്തെ നോട്ടീസ് ബോര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നതില്‍ക്കൂടുതല്‍ എന്തെങ്കിലും വിവരം ഗാര്‍ഡ് സോമന്‍ നായര്‍ക്ക് ഉണ്ടോയെന്നറിയാന്‍ ഞാന്‍ നടത്തിയ ശ്രമം ബൂമാറാങ്ങായി. മട്ടാഞ്ചേരി പാലസ്സിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന്റെ പിരിമുറുക്കത്തിലായിരുന്നു സോമന്‍ നായര്‍. ഞാന്‍ എറണാകുളത്തുകാരനാണെന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്ക് ചോദിക്കാനുള്ളതിനേക്കാളധികം അങ്ങേര്‍ക്ക് എന്നോട് ചോദിക്കാനുണ്ടായിരുന്നു. മട്ടാഞ്ചേരീന്ന് എറണാകുളം റെയില്‍വേ സ്റ്റേഷനിലേക്ക് എത്ര ദൂരമുണ്ട് ? ബസ്സ് എപ്പോഴും കിട്ടുമോ ? എത്ര സമയമെടുക്കും ബസ്സിന് ? ചോദ്യങ്ങളുടെ പെരുമഴ തന്നെ. എറണാകുളം ഒരു ‘സ്മാര്‍ട്ട് സിറ്റി‘ ആണെന്ന് സോമന്‍ നായരെ പറഞ്ഞ് മനസ്സിലാക്കി ക്ഷേത്രത്തിനകത്ത് കയറി വിജയനഗരശൈലിയിലുള്ള കൊത്തുപണികളുടെ സൌന്ദര്യമൊക്കെ ആസ്വദിച്ചു. കരിങ്കല്‍പ്പാളികള്‍ വിരിച്ച ചുറ്റുവഴിയിലൂടെ ഒന്നുരണ്ടുവട്ടം കറങ്ങി കുറേ പടങ്ങളൊക്കെയെടുത്തു. ശിലാപാളികള്‍ അടുക്കി നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ കവാടഗോപുരവും, മുഖമണ്ഡപവുമൊക്കെ തകര്‍ക്കപ്പെട്ട നിലയിലാണ്. ക്ഷേത്രത്തിനകത്ത് പടമെടുക്കാന്‍ സമ്മതിക്കാതിരുന്നതെന്താണെന്ന് മാത്രം ഒരു പിടിയും കിട്ടിയില്ല. അതിനെ ചോദ്യം ചെയ്യാന്‍ നിന്നാല്‍ സോമന്‍ നായരുടെ സംശയങ്ങള്‍ക്ക് വീണ്ടും മറുപടി പറയേണ്ടി വരും. കാണാനുള്ളതെല്ലാം കണ്ടുകഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് പെട്ടെന്ന് സ്ഥലം കാലിയാക്കുന്നതായിരിക്കും ബുദ്ധി. ഹരി മാനന്തവാടിയില്‍ കാത്തുനില്‍ക്കുന്നുമുണ്ട്.
18 -)0 നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്റെ മലബാര്‍ അധിനിവേശകാലത്ത് മൈസൂര്‍പ്പടയുടെ വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ ‘കിടങ്ങനാട് ബസദി‘ എന്ന ഈ ക്ഷേത്രം ഉപയോഗിച്ചതിനാലാണ് ഈ പട്ടണത്തിന് സുല്‍ത്താന്‍സ് ബാറ്ററി(Sultan's Battery) എന്ന് പേരുവീണത്. സുല്‍ത്താന്‍സ് ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരിയായി മാറുകയും ചെയ്തു.
ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടയില്‍ പുല്‍പ്പള്ളിയിലേക്ക് ഞാനൊന്ന് വണ്ടി തിരിച്ചു. സീതാലവകുശന്മാരുടെ ഒരു ക്ഷേത്രമുണ്ട് അവിടെയെന്ന് കേട്ടിട്ടുണ്ട്. കൂട്ടത്തില്‍ അവിടെയും ഒന്ന് കയറണമെന്ന് തോന്നി. അവിടെച്ചെന്ന് ക്ഷേത്രവളപ്പിലൊക്കെ ചുറ്റിനടന്ന്, അടഞ്ഞുകിടക്കുന്ന നടയ്ക്ക് മുന്നില്‍ നിന്ന് തൊഴുത്, വീണ്ടും മാനന്തവാടി റോഡിലേക്ക് കയറിയപ്പോഴേക്കും സമയം 4 മണി കഴിഞ്ഞിരുന്നു. മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങിയതുകൊണ്ടും, വിചാരിച്ച സമയത്ത് മാനന്തവാടിയില്‍ എത്താന്‍ പറ്റാഞ്ഞതുകൊണ്ടും കൂടുതല്‍ ജൈനക്ഷേത്രങ്ങളിലേക്ക് അടുത്ത ദിവസം പോകാമെന്ന് തീരുമാനിച്ചു.
അടുത്തദിവസം രമേഷ് ബാബുവിന്റെ പുതിയിടത്തുള്ള വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കണമെന്ന് സ്നേഹപൂര്‍വ്വമായ ക്ഷണം കിട്ടി. ജീവിതത്തിലിതുവരെ കഴിക്കാത്ത ചില വിഭവങ്ങളൊക്കെ കൂട്ടിയുള്ള പച്ചക്കറി സദ്യ ഞാന്‍ ശരിക്കുമാസ്വദിച്ചു. പഴുത്തതും, പഴുക്കാത്തതുമായ ചക്ക കൊണ്ടുണ്ടാക്കിയ പപ്പടങ്ങള്‍, ഒന്നുരണ്ട് തരം വ്യത്യസ്ഥ അച്ചാറുകള്‍, രണ്ട്തരം കൊണ്ടാട്ടം, പായസം, എന്നിങ്ങനെയുള്ള വിഭവങ്ങളുടെ അകമ്പടിയോടെ ഒരു മൈസൂര്‍ ശൈലിയിലുള്ള ഊണിന്റെ വ്യത്യസ്ഥമായ രുചി നാവിലിപ്പോഴുമുണ്ട്. എന്റെ ഉള്ളറിഞ്ഞിട്ടെന്നപോലെ ചില കൊണ്ടാട്ടങ്ങളും, ചക്കപ്പപ്പടവുമൊക്കെ രമേഷ് ബാബുവിന്റെ അമ്മയും ഭാര്യയും ചേര്‍ന്ന് പൊതികെട്ടിത്തരുകയും ചെയ്തു.
1.ഹൊസങ്കടി ബസദി(മാനന്തവാടി)
2.പുതിയടം ആദീശ്വര സ്വാമി ക്ഷേത്രം(മാനന്തവാടി)
3.ശ്രീ പാര്‍ശ്വനാഥ സ്വാമി ക്ഷേത്രം(അഞ്ചുകുന്ന്)
4.പാര്‍ശ്വനാഥ ക്ഷേത്രം(പാലുകുന്ന് )
5.ശ്രീ ചന്ദ്രനാഥ ബസദി(പുത്തങ്ങാടി)
6.വരദൂര്‍ ശ്രീ അനന്തനാഥസ്വാമി ക്ഷേത്രം(പനമരം മീനങ്ങാടി റോഡ്)
7.ഹന്നറഡുബീദി ബസദി(സുല്‍ത്താന്‍ ബത്തേരി)
8.ശാന്തി നാഥ ബസദി(വെണ്ണിയോട്)
9.പുത്തൂര്‍ വയലിലെ ഉമാമഹേശ്വര ശിലാക്ഷേത്രം.(ഇതിപ്പോള്‍ ഹിന്ദു ക്ഷേത്രമാണ്)
10.ശ്രീ അനന്തനാഥ സ്വാമി ബസദി(കല്‍പ്പറ്റ)
11.ചന്ദ്രനാഥഗിരി(കല്‍പ്പറ്റ-മൈലാടിപ്പാറ)
12.കുതിറക്കോട് ക്ഷേത്രം(തിരുനെല്ലി)
13.ഈച്ചറക്കൊല്ലി ക്ഷേത്രം-ബാവലി(ഇതിപ്പോള്‍ വിഷ്ണുക്ഷേത്രമാണ്)
14.സ്വാമിക്കല്ല് -ജെസ്സി എസ്റ്റേറ്റ് (ഇപ്പോള്‍ വിഷ്ണുക്ഷേത്രമാണ്)
15.എടയ്ക്കല്‍ ഗുഹാ ക്ഷേത്രം.
തുടങ്ങിയ ക്ഷേത്രങ്ങളാണ് പ്രധാനമായും വയനാട്ടിലെ ജൈന ക്ഷേത്രങ്ങളായിട്ടുള്ളത്. ഇതില്‍ പല ക്ഷേത്രങ്ങളും ഇന്ന് ഹിന്ദു ക്ഷേത്രങ്ങളാണ്, പലതിലും പൂജയും കാര്യങ്ങളുമൊന്നും ഇല്ല. പല ക്ഷേത്രങ്ങളിലും കാണുന്ന ഹൊയ്‌സള (ജൈനരായിരുന്നു ഹൊയ്‌സള രാജാക്കന്മാര്‍) ലിപിയിലുള്ള ആലേഖനങ്ങള്‍, ക്ഷേത്രങ്ങളുടെയൊക്കെ പഴക്കം, ദേവശില്‍പ്പങ്ങളുടെ ഘടനകള്‍, സര്‍പ്പപ്രതിഷ്ഠകളുടെ പത്തികളിലെ പ്രത്യേകതകള്‍, ശില്‍പ്പങ്ങളുടെ ശൈലി, എന്നീ കാര്യങ്ങള്‍ ഈ ക്ഷേത്രങ്ങളൊക്കെ ജൈനക്ഷേത്രങ്ങളാണെന്ന് സമര്‍ത്ഥിക്കാന്‍ പോന്ന തെളിവുകളായി കണക്കാക്കപ്പെടുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണ്ണാടത്തില്‍ പ്രബലരായിരുന്ന ഹൊയ്‌സള രാജാക്കന്മാരുടെ അധീനതയില്‍ കര്‍ണ്ണാടകത്തിന്റെ ഭാഗമായിരുന്നു വയനാട് അക്കാലത്ത്. ഹൊയ്‌സള രാജാവായ ബിട്ടിദേവ ജൈനമതത്തില്‍നിന്ന് വൈഷ്ണവമതത്തിലേക്ക് മാറിയതോടെയാണ് അദ്ദേഹത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളിലെ ജൈനക്ഷേത്രങ്ങളില്‍ പലതും വൈഷ്ണവാരാധനാലയങ്ങളായി രൂപാന്തരപ്പെട്ടതെന്ന് ശ്രീ.ഓ.കെ.ജോണിയെപ്പോലുള്ള ചരിത്രകാരന്മാരുടെ പഠനങ്ങള്‍ വിലയിരുത്തുന്നു.
ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ മൂന്നുപേരും വെളിയിലിറങ്ങിയപ്പോള്‍ പുറത്ത് മഴ ചന്നം പിന്നം ചാറിക്കൊണ്ട് നില്‍ക്കുന്നുണ്ട്. മഴമാറിയിട്ട് ഒരുകാര്യവും നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പായതുകൊണ്ട് യാത്ര തീരുമാനിച്ചുറപ്പിച്ചപോലെ തന്നെ ആരംഭിച്ചു. പുത്തങ്ങാടിയിലെ ശ്രീ ചന്ദ്രനാഥ ബസദി ക്ഷേത്രമായിരുന്നു ആദ്യത്തെ ലക്ഷ്യം. പുതിയിടത്തുനിന്ന് 10 കിലോമീറ്ററോളം ദൂരമുണ്ട് പുത്തങ്ങാടിയിലേക്ക്.
വാഹനം പുത്തങ്ങാടിയില്‍ എത്താനായപ്പോള്‍ റോഡരുകില്‍ കാപ്പിത്തോട്ടത്തിനുള്ളിലായി പൊട്ടിപ്പൊളിഞ്ഞ് കാടും പടലുമൊക്കെപ്പിടിച്ച് കിടക്കുന്ന ഒരു ക്ഷേത്രത്തിന് മുന്നില്‍ ഹരി വണ്ടിയൊതുക്കി നിറുത്തി. കാടും വള്ളികളുമൊക്കെ വകഞ്ഞുമാറ്റി ഞങ്ങള്‍ കാപ്പിത്തോട്ടത്തിനകത്തേക്ക് കടന്നു.
കരിങ്കല്ലില്‍ മനോഹരമായ കൊത്തുപണികളൊക്കെ ചെയ്തുണ്ടാക്കിയ ക്ഷേത്രത്തിന്റെ ചുമരുകളും തൂണുകളുമൊക്കെ ഇടിഞ്ഞ് വീണുതുടങ്ങിയിരിക്കുന്നു. വലിയ കരിങ്കല്‍പ്പാളികളില്‍ത്തന്നെ തീര്‍ത്ത മേല്‍ക്കൂരയില്‍ പലയിടത്തും വിള്ളലിലൂടെ ചോര്‍ന്നൊലിക്കുന്നുണ്ട്. അകത്ത് നല്ല ഇരുട്ടും, നിശബ്ദതയും. മുന്‍പ് പറഞ്ഞ ലിസ്റ്റില്‍ പെടുന്നതല്ല ഈ ക്ഷേത്രം. പക്ഷെ ഇതൊരു ജൈനക്ഷേത്രം തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുത്തങ്ങാടി ജനാര്‍ദ്ദനക്ഷേത്രം എന്ന് ചിലയിടത്ത് വായിച്ചുകണ്ടത് ഈ ക്ഷേത്രം തന്നെ.
തീപ്പെട്ടിക്കൊള്ളി ഉരച്ചുകത്തിച്ച് ക്ഷേത്രച്ചുമരിലും മേല്‍ക്കൂരയിലുമൊക്കെയുള്ള കൊത്തുപണികളും, പ്രതിഷ്ഠകളും മറ്റും നോക്കി നോക്കി രമേഷ് ബാബു ഇരുട്ടിലേക്ക് കയറി, പുറകെ ഹരിയും ഞാനും. മച്ചിലൊക്കെ മാറാലയും നരിച്ചീറുകളും മാത്രം. ഏതാണ്ട് മുഴുവനായി നശിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്ന അവസ്ഥയിലുള്ള ആ ക്ഷേത്രം ഉദ്ധരിച്ചെടുക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും വേണ്ടിവരില്ലെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നിയത്.
ചുമരിലുള്ള ചില വിള്ളലുകളിലൂടെ അരിച്ചരിച്ച് അകത്തേക്ക് വീഴുന്ന വെളിച്ചത്തില്‍, മനഃസ്സമാധാനത്തോടെ ഒളിച്ചിരിക്കുന്ന ചില ദേവന്മാരേയും ദേവിമാരേയും ഞങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടു. കുറച്ച് ചിത്രങ്ങളൊക്കെ എടുത്ത് വെളിയില്‍ വന്ന് ക്ഷേത്രത്തിനെ ഒന്ന് ചുറ്റി നടന്നുനോക്കിയപ്പോള്‍ വേറെയും ഒരുപാട് ദേവന്മാരെ ഞങ്ങളാ പടര്‍പ്പുകള്‍ക്കിടയില്‍ കണ്ടു.
നന്നായി കഴുകി വൃത്തിയാക്കി കാടൊക്കെ വെട്ടിത്തെളിച്ചെടുത്ത് സംരക്ഷിക്കപ്പെടേണ്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്ക്കാരത്തിന്റേയും വിശ്വാസങ്ങളുടേയും തെളിവുകള്‍ ജീര്‍ണ്ണിച്ച് മണ്ണടിയാന്‍ വിട്ടുകൊടുത്ത് പുറം തിരിഞ്ഞിരിക്കുന്ന ഭരണവര്‍ഗ്ഗത്തിനോട് പറഞ്ഞറിയിക്കാനാകാത്ത വിദ്വേഷമാണപ്പോള്‍ തോന്നിയത്. ദേവസ്വം ബോര്‍ഡിനോ, ടൂറിസം വകുപ്പിനോ, പുരാവസ്തു വകുപ്പിനോ, ആര്‍ക്കെങ്കിലും ഇതൊന്ന് ഉദ്ധരിച്ചെടുക്കണമെന്ന് തോന്നാത്തതെന്താണ് ദൈവമേ ? നിങ്ങളുടെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊരവഗണന എങ്ങനെ സഹിക്കാനാകുന്നു നിങ്ങള്‍ക്ക് ?
ഇത്തരം ഒരു ക്ഷേത്രം കൂടെ പുത്തങ്ങാടിയിലുണ്ട്. കേരളാ ടൂറിസം വകുപ്പിന്റെ ചൂണ്ടുപലക ജൈന്‍ ക്ഷേത്രം എന്ന സര്‍ട്ടിഫിക്കറ്റും പൊക്കിപ്പിടിച്ച് വഴികാട്ടിയായി റോഡരുകില്‍ നില്‍ക്കുന്നുണ്ട്. റോഡില്‍ നിന്നും കുറച്ചുള്ളിലേക്ക് മാറി മറ്റൊരു കാപ്പിത്തോട്ടത്തിനകത്താണ് ഈ ക്ഷേത്രം. അതിനകത്തേക്കും കയറി നോക്കി. മുന്‍പ് കണ്ട ക്ഷേത്രത്തിന്റെ ശോചനീയാവസ്ഥ തന്നെ അവിടെയുമുണ്ട്. ആരോ ഒരു ചക്ക വെട്ടിപ്പൊളിച്ച് അവടെയിരുന്ന് തിന്ന് ചണ്ടിയും മടലുമൊക്കെ തിരുനടയില്‍ത്തന്നെ നിക്ഷേപിച്ച് പോയിട്ടുണ്ട്.
വല്ലാത്ത വേദന തോന്നി ആ ക്ഷേത്രങ്ങളുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ . പൂജയും,പുഷ്പാര്‍ച്ചനയൊന്നും നടത്തിയില്ലെങ്കിലും സംരക്ഷിക്കപ്പെടേണ്ടതല്ലേ ആ സാംസ്ക്കാരിക പൈതൃകങ്ങള്‍ ? ജീവതത്തിരക്കിന്റെ കുത്തൊഴുക്കില്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് നാം എങ്ങോട്ടാണ് പോകുന്നത് ? ഒരിക്കലും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ കൂട്ടത്തില്‍ വേറൊരു ചോദ്യം കൂടെ.
മഴ കുറച്ചൂടെ ശക്തിപ്രാപിച്ചുതുടങ്ങിയിരിക്കുന്നു. ശ്രീ ചന്ദ്രനാഥ ബസദി ക്ഷേത്രത്തില്‍ ഇനിയും ഞങ്ങള്‍ എത്തിയിട്ടില്ല. അവിടെക്കൂടെ പോകാനുള്ള സമയമേ ബാക്കിയുള്ളൂ. അതുകൂടെ കഴിയുമ്പോഴേക്കും ഇരുട്ടുവീണുതുടങ്ങും. ഹരി കാറ് തിരിച്ചു.
(തുടരും)
----------------------------------------------------------------------------------
ജൈനക്ഷേത്രങ്ങളെപ്പറ്റിയുള്ള ഒരു പഠനമൊന്നുമല്ല ഇത്. എന്റെ യാത്രയില്‍ ഞാന്‍ കണ്ട കാഴ്ച്ചകളുടെ കൂടെ, കുറച്ച് വിവരങ്ങള്‍ ശേഖരിച്ച് എഴുതാന്‍ ശ്രമിച്ചിരിക്കുന്നെന്ന് മാത്രം. ആരുടേയും വിശ്വാസങ്ങളെ ഹനിക്കണമെന്നും ഈ പോസ്റ്റുകൊണ്ട് ഞാനുദ്ദേശിച്ചിട്ടില്ല.
കടപ്പാട് :-
അമൃതവര്‍ഷിണി(പ്ലാറ്റിനം ജ്യൂബിലി സ്മരണിക 2008)- അനന്ദനാഥ സ്വാമി ക്ഷേത്രം കല്‍പ്പറ്റ,
ശ്രീ.ഓ.കെ.ജോണി - ചരിത്രകാരന്‍, മാനേജര്‍ ബുക്ക് ഡവലപ്പ്മെന്റ്, മാതൃഭൂമി പ്രിന്റിങ്ങ് & പബ്ലിഷിങ്ങ് കമ്പനി,ശ്രീ.വി.വി.ജിനേന്ദ്രപ്രസാദ്, ശ്രീ.രമേഷ് ബാബു, ശ്രീ ഹരി, കണ്ണൂര്‍ മെഡിക്കത്സ്, മാനന്തവാടി.
ആദ്യം തേങ്ങ. പിന്നെ വിശദമായി വായിച്ചിട്ട് കമന്റ് ചെയ്യാം.
ReplyDeleteപദങ്ങളും വിവരണവും നന്നായിടുണ്ട്.
ReplyDeleteഅമ്പലങ്ങളും ദൈവങ്ങളും വന്നും പോയും കൊണ്ടിരിക്കും. പക്ഷെ ആ അമ്പലങ്ങള്‍/ ദൈവങ്ങള്‍ എന്നത് ഒരു സംസ്കാരത്തിന്റെ ബാക്കിപത്രം ആണ്, അത് കൊണ്ടു തന്നെ അവ സംരക്ഷികേണ്ടത് നമ്മുടെ എല്ലാം തന്നെ കടമയാണ്. അതിന് "ദൈവത്തിന്റെ സ്വന്തം നാട്ടിലെ" സര്‍ക്കാരിനെ ആശ്രയിച്ചിട്ടു കാര്യമില്ല, അവര്‍ക്ക് സ്വന്തം ജോലികാര്ക് ശമ്പളം കൊടുക്കാന്‍ ഉള്ള കാശു തന്നെ കുറവാണു.
നമ്മുടെ സ്വന്തം നാട്ടില്‍ ജൈനക്ഷേത്രങ്ങളുണ്ട് എന്നതു ഒരു പുതിയ അറിവാണ്... നന്ദി. ഇനി വയനാടില്‍ പോകുമ്പൊള്‍ സന്ദര്‍ശിക്കാന്‍ പുതിയ കുറെ സ്ഥലങള്‍ ആയി.
ReplyDeleteഅധികം ആരും അറിയാത്ത ഈ ചരിത്രം വളരെ വിശദമായി എഴുതിതിനു നന്ദി...
നല്ലൊരു പോസ്റ്റു കൂടി, നിരക്ഷരന്‍ ചേട്ടാ... ഇത്തരം കാര്യങ്ങളെല്ലാം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടേണ്ടതു തന്നെയാണ്.
ReplyDeleteവയനാട്ടില്‍ ഇത്രയധികം ജൈനമതക്കാരും ക്ഷേത്രങ്ങളുമൊക്കെ ഉണ്ടെന്നത് ഒരു പുതിയ അറിവാണ്. നല്ല പോസ്റ്റ്.
ReplyDeleteനീരേട്ടാ....ഈ പോസ്റ്റ് വല്ലാതെ ഇഷ്ടമായി, ജൈനക്ഷേത്രങ്ങള്‍ ഒരു പാട് സന്ദര്‍ശിച്ചിട്ടുള്ളതു കൊണ്ടാവാം.....
ReplyDeleteഈ പോസ്റ്റില്‍ പറഞ്ഞ വരദൂര്‍ ക്ഷേത്രത്തിനു സമീപത്തായിട്ടായിരുന്നു ഞാന്‍ ഒരു വര്‍ഷം താമസിച്ചിരുന്നത്, അവിടെയുണ്ടാകാറുള്ള ഭജനകളൊക്കെ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.......
അമ്പാടീ,
ReplyDeleteഅന്നത്തെ വയനാട് യാത്ര അല്ലേ?
ഫോണില്‍ പറഞ്ഞപ്പോഴേ തോന്നി,
അഞ്ചാറു പോസ്റ്റിനുള്ള വകുപ്പുണ്ടെന്ന്.
നന്നായിരിക്കുന്നു.
ഒരിക്കല്‍ വയനാട്ടിലെ ‘പനമരം’
എന്ന സ്ഥലത്ത് പോയി. പോകും വഴി ഒരു ജൈന കുടുംബം സന്ദര്‍ശിച്ചു. ജൈനരുടെ വീട്ടില്‍ നിന്നും
ചക്ക വറ്റല്‍ കിട്ടിയത് ഓര്‍ക്കുന്നു.
നമുക്കു പരിചയമില്ലാത്ത
രുചികളിലുള്ള പച്ചക്കറി വിഭവങ്ങള്‍ അവിടെയും സുലഭമായിരുന്നു.
വയനാട്ടിലെ ജൈന ക്ഷേത്രങ്ങളെ പറ്റിയുള്ള വിവരണം അറിവ് പകരുന്നതു തന്നെ..ഞാന്‍ ആകെ കേട്ടിട്ടുള്ളതും (കണ്ടിട്ടുള്ളതും ആയ ജൈന ക്ഷേത്രം ഞങ്ങളുടെ നാട്ടിലെ കല്ലില്‍ ക്ഷേത്രം ആണു.അതാണെങ്കില്‍ ഇപ്പോള്‍ കേസും കൂട്ടവും പ്രശ്നങ്ങളും ഒക്കെ ആയി ഇരിക്കുന്നു..
ReplyDeleteഏതായാലും എനിക്ക് അടുത്ത ട്രാന്‍സ്ഫര്‍ വയനാട് ജില്ലയിലേക്ക് ആകാന്‍ സാധ്യത ഉണ്ട്.അപ്പോള്‍ തിരുനെല്ലിയും ഇവിടങ്ങളിലും ഒക്കെ ഒന്നു പോകാന്‍ ചാന്‍സ് കിട്ടും എന്നു കരുതുന്നു..
നിരക്ഷരന്‍ മാഷ്,
ReplyDeleteഎന്റെ സ്ഥിരം ഊരുചുറ്റല്‍ സ്ഥലമാണ് വയനാട്.
കോളേജുകാലം മുതല്‍ മനസ്സു തണുപ്പിക്കാന്‍ പോകാറുള്ള സ്ഥലം. പക്ഷെ ഫോട്ടൊകള്‍ ഒന്നുമില്ല, അങ്ങിനെ ഒരു മൂഡിലാവില്ല പോക്ക്, പലപ്പോഴും.
അതിനാല്‍ ഫോട്ടൊകള്‍ ഒരോന്നും ഞാന്‍ ഏടുക്കുന്നു. ഡാങ്ക്സ്.. :)
നിരക്ഷരാ, പതിവിലും സുന്ദരമായ ഒരു ലേഖനം. പുതിയ അറിവുകള്‍, സാധിക്കില്ലെങ്കിലും പുതിയ ആഗ്രഹങ്ങള്‍, ഇവയൊക്കെ ഒന്നു കാണണം എന്ന്.
ReplyDelete“സുല്‍ത്താന്‍സ് ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരിയായി മാറുകയും ചെയ്തു“ എന്നത് പുതിയ അറിവായിരുന്നു. ഞാന്‍ കരുതിയിരുന്നത് സായിപ്പിനു സുല്‍ത്താന്‍ ബത്തേരി എന്നു പറയാന്‍ വഴങ്ങാതെ ബാറ്ററി ആയിപ്പോയതാണ് എന്നായിരുന്നു.
ഹോ, ഈ പൊസ്റ്റ് വായിച്ച് അന്തം വിട്ട് കുറേ നേരം ഞാനിരുന്നുപോയി! വയനാട്ടിൽ കുറച്ച് ജൈനമതസ്ഥരുണ്ടെന്നും വീരേന്ദ്രകുമാർ അതില്‍പ്പെട്ട ആളാണെന്നുമല്ലാതെ പിന്നൊരു ചുക്കും എനിക്കറിയില്ലായിരുന്നു. (എന്റെ അമ്മായിയുടെ കുടുംബക്ഷേത്രമായ കല്ലിൽ ക്ഷേത്രത്തിൽ ധാരാളം പ്രാവശ്യം പോയിട്ടുമുണ്ട്).
ReplyDeleteഈ പുതിയ അറിവിനും, ഇത്ര വിശദമായ, മനോഹരമായ വിവരണത്തിനും ഒരുപാടൊരുപാട് നന്ദി നിരക്ഷരാ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
“അറിഞ്ഞതെത്രയോ തുച്ഛം, അറിയാത്തതെത്രയോ മിച്ചം!”
മലമൂട്ടില്‍ മത്തായീ - തേങ്ങയ്ക്കും കമന്റിനും നന്ദി. എന്റെ പോസ്റ്റില്‍ തേങ്ങ അടിച്ച് പോയിട്ട് പിന്നീട് വന്ന് കമന്റടിക്കാനും വേണ്ടിയൊന്നും തിരക്കുണ്ടാവാറില്ല. രണ്ടും ഒരുമിച്ച് നടക്കുമായിരുന്നു:) സര്‍ക്കാറിന്റെ കയ്യില്‍ കാശില്ലെങ്കില്‍ നാട്ടുകാരായാലും ഇതൊക്കെ പുനഃരിദ്ധരിക്കണമെന്നാണ് എന്റെ അഭിപ്രായം. എന്റെ നാട്ടിലെങ്ങാനുമായിരുന്നെങ്കില്‍ ഞാന്‍ മുന്‍കൈയ്യെടുത്ത് ആ കര്‍മ്മം നടത്തിയേനേ. വയനാട് എനിക്ക് ദിവസവും പോയി വരാവുന്ന ദൂരത്തിലല്ല.
ReplyDelete--xh-- നന്ദി :)
ശ്രീ - നന്ദി :)
എഴുത്തുകാരീ - നന്ദി :)
തോന്ന്യാസീ - തോന്ന്യാസത്തിടയില്‍ നല്ലകാര്യങ്ങളും ചെയ്യാറുണ്ടല്ലേ ? :) തമാശിച്ചതാണ് കേട്ടോ ? നന്ദി :)
ലതികച്ചേച്ചീ - 5 പോസ്റ്റിലൊന്നും നിക്കില്ല ഇത്. പക്ഷെ ഞാനത് അടുത്ത പോസ്റ്റോടെ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. നന്ദി :)
കാന്താരിക്കുട്ടീ - വയനാട്ടിലേക്ക് മാറ്റമായോ ? കലക്കി. ഇനി പിടിച്ചാല്‍ കിട്ടില്ല. ദിവസം 2 പോസ്റ്റ് വീതം ഇടാനുള്ള വകുപ്പുണ്ട് വയനാട്ടില്. സര്‍വ്വ മംഗളങ്ങളും നേരുന്നു. നന്ദി :)
അനില്‍@ബ്ലോഗ് - കോപ്പി റൈറ്റ് ഇല്ലാത്ത പടങ്ങള്‍ ആണ് എന്റെ ബ്ലോഗില്‍. മുഹമ്മദ് സഗീറിനൊഴിച്ച് വേറെ ആര്‍ക്ക് വേണമെങ്കിലും ചോദിക്കാതെ തന്നെ എടുക്കാം. സഗീറ് ചോദിച്ചാലും കൊടുക്കില്ല. ഓന്‍ അത്രയ്ക്ക് വെറുപ്പിച്ചിരിക്കുന്നു. നന്ദിട്ടോ അനില്‍ :)
അപ്പു - ബാറ്ററി എന്ന പദത്തിനെപ്പറ്റി ഈയടുത്ത് ഗഹനമായി ചിന്തിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു. ശേഖരിച്ച് വെക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലായിരിക്കണം ബാറ്ററി എന്ന പദം ഉപയോഗിക്കുന്നത്. സാധാരണ ബാറ്ററിയുടെ കാര്യത്തിലും അങ്ങനെ തന്നെ ആണല്ലോ ? അവിടെ വോള്‍ട്ടേജ് അല്ലെങ്കില്‍ എനര്‍ജി ആണ് ശേഖരിച്ചിരിക്കുന്നത് എന്നു മാത്രം. ഈ വഴി വന്നതിന് നന്ദി :)
ബിന്ദു കെ.പി.- അന്തവും കുന്തവും ഞാനും വിട്ടിരുന്നു ആദ്യം. അവിടന്നാണ് ഈ പോസ്റ്റിന്റെ തുടക്കം. നന്ദി :) കാന്താരിക്കുട്ടി പറഞ്ഞപ്പോഴാണ് കല്ലില്‍ ക്ഷേത്രത്തില്‍ കേസും കൂട്ടവുമൊക്കെയായിക്കിടക്കുകയാണെന്ന് അറിഞ്ഞത്. ഇതുപോലുള്ള വല്ല മതപ്രശ്നവുമാണൊ കാരണം ? ബിന്ദുവിന് വല്ല അറിവും ഉണ്ടോ ?
ജൈനക്ഷേത്രങ്ങളിലേക്ക് എന്റൊപ്പം യാത്രവന്ന എല്ലാവര്‍ക്കും നന്ദി.
നമ്മളിങ്ങനെ ശരവേഗത്തില്‍...
ReplyDeleteപൈതൃകത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട്........
നിരഷ്കരാ,
ReplyDeleteനിരന്തരയാത്രക്കാരാ,
പ്രിയ യാത്രാക്കുറുപ്പെഴുത്തുകാരാ,
വയനാടെന്നാൽ എടയ്ക്കൽ ഗുഹയും പൂക്കോട് തടാകവും തിരുനെല്ലിയും പഴശ്ശിരാജയും( പിന്നെ ബാംഗ്ലൂരേക്ക് വരുമ്പോൾ രാത്രി ബസ്സ് നിർത്തി ചായ കുടിക്കുന്ന കാട്ടിക്കുളവും) മാത്രം എന്ന ശുഷ്കമായ അറിവുമാത്രമുണ്ടായിരുന്ന എനിക്ക് വളരെ കൌതുകകരവും വിജ്ഞാനപ്രദവും ആയ ഒരു കുറിപ്പായിരുന്നു ഇത്. അടുത്ത പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു. മഴ തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിലെടുത്ത ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്. രണ്ടാഴ്‌ച മുൻപ് ഒരു വയനാട് യാത്ര ഉറപ്പിച്ചതായിരുന്നു. നാട്ടിലെത്തി, പറഞ്ഞുറപ്പിച്ചതിന്റെ തലേന്നുമുതൽ എ ക്ലാസ് പനി. 5 ദിവസം കിടന്നുപോയി. മഴ നിൽക്കുന്നതിനു മുൻപേ പോകാനായിരുന്നു പ്ലാൻ, പക്ഷേ നടന്നില്ല. പോട്ടെ, ഇപ്പോ പോയ പോലെയായി, ഇത്രയും വിവരങ്ങളൊന്നും ഞാൻ പോയാൽ കിട്ടില്ല.
പിന്നെ ഒന്നു കൂടി, ഈ പോസ്റ്റ് വായിച്ച ഉടൻ ഞാൻ എന്റെ ഓഫീസിലെ ബത്തേരി സ്വദേശിയായ സുഹൃത്ത്-സഹപ്രവർത്തകനെ വിളിച്ചു. എന്നിട്ട് വയനാട്ടിലെ ജൈനമത ക്ഷേത്രങ്ങളെപ്പറ്റിയൊക്കെ ഒരു അലക്ക് അങ്ങ് അലക്കി. പോസ്റ്റും തുറന്നു വെച്ചായിരുന്നു എന്റെ പ്രസംഗം. കുറെ ക്ഷേത്രങ്ങളുടേ പേരും അങ്ങ് പറഞ്ഞുകൊടുത്തു. അവനങ്ങ് ഞെട്ടിപ്പോയി, ഇതൊന്നും നാട്ടുകാരനായ അവനു പോലും അറിയില്ലായിരുന്നു. ആകെ അറിയുന്നത് ‘ബാറ്ററി’ ബത്തേരി കാര്യം..
ഒടുവിൽ എടാ, സ്വന്തം നാടിന്റെ ചരിത്രം,സ്ഥലങ്ങൾ ഇതിനെയൊന്നിനെപ്പറ്റിയും അറിയാതെ ജീവിക്കുന്ന നിന്നോട് എനിക്ക് പുച്ഛം തോന്നുന്നു, പോയി കാണ് ഈ സ്ഥലങ്ങളെല്ലാം എന്ന് ഒരു ഉപദേശവും കൊടുത്ത് ഞാനങ്ങ് വലിയ ആളായി :)ഫോൺ വെച്ചു.
ഇപ്പോ എവിടെ നിന്നെങ്കിലും തപ്പിയെടുത്ത് കണ്ണൂരിന്റെ ചരിത്രോം പറഞ്ഞോണ്ട് അവനിങ്ങോട്ട് വരുമോന്നാ ഇപ്പോ എന്റെ പേടി :) ഓടാൻ സ്ഥലം കാണില്ല ഓഫീസിൽ :)
പോസ്റ്റിന്റെ അടുത്ത ലക്കം പോരട്ടെ !!
കൌതുകത്തോടെ വായിച്ചു.നന്ദി.
ReplyDeleteആശംസകളോടെ,
വെള്ളായണി
കിടിലം വിവരണം :)
ReplyDeleteനിരക്ഷരന്‍,
ReplyDeleteനന്നായി , ഒരു വയനാട് യാത്ര ഒഴിവായിക്കിട്ടി...
ശേഷം ഭാഗത്തിനായി കാത്തിരിക്കുന്നു...
കേരളത്തിലെ ചില സ്ഥലങ്ങളിൽ ഞാൻ പോയിട്ടുണ്ടെങ്കിലും ഒരിക്കലും നമ്മുടെ സംസ്കാരികപൈതൃകവുമായി ആ സ്ഥലങ്ങൾക്കുള്ള ബന്ധം ചികഞ്ഞെടുക്കിന്നതിനു ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. നമ്മുടെ സംസ്കാരിക പൈതൃകത്തെക്കുറിച്ച് അറിവു നൽകുന്ന ഈ ശ്രമത്തിനു എന്റെ ആദ്യത്തെ നമസ്കാരം.
ReplyDeleteവളരെയധികം പുതിയ അറിവുകൾ നൽകുന്ന ഒന്നാണ് ഈ ബ്ലോഗ്. ജൈനമതക്കാരുടെ പ്രധാന ആസ്ഥാനം എന്റെ കൂടെ അയൽനാടായ കൊടുങ്ങല്ലൂരും അതിനടുത്ത തൃക്കണാർ മതിലകം (തൃക്കണ്വാ മതിലകം) എന്ന മതിലകവും ആണെന്നതാണ് ഏറ്റവും ആകർഷിച്ച വസ്തത. ഇത്രയധികം ജൈനക്ഷേത്രങ്ങൾ വയനാട്ടിൽ ഉണ്ടെന്നതും പുതിയ അറിവായിരുന്നു. സുൽത്താൻ ബത്തേരി എന്ന സ്ഥലനാമത്തിനു ടിപ്പുസുൽത്താനുമായി ബന്ധമുണ്ടെന്ന അറിവല്ലാതെ എങ്ങനെയാണ് ആ സ്ഥലനാമം ഉണ്ടായതെന്നു അറിവില്ലായിരുന്നു. മധ്യകേരളം വരെ ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിൽ പള്ളിപ്പുറത്തുള്ള കോട്ട ഉൾപ്പടെ. ചരിത്രത്തിന്റെ ഭാഗമായിരുന്ന ഫോർട്ടുകൊച്ചിയിലെ കോട്ട (ഫോർട്ട് ഇമ്മാനുവൽ) ഇന്നില്ല. സംരക്ഷകരില്ലാതെ അതു കടലെടുത്തു പോയിരിക്കുന്നു. അതു തന്നയാവണം മതിലകത്തെ ജൈനക്ഷേത്രത്തിനും സംഭവിച്ചത്. ഒരു പക്ഷെ നാളെ വയനാട്ടിലെ ഈ പൈതൃകങ്ങളെ സംബന്ധിക്കുന്ന ഏക തെളിവുകൾ ചേട്ടനെപോലുള്ളവർ എടുക്കുന്ന ഈ ചിത്രങ്ങൾ മാത്രമായിരിക്കും.
പലപ്പോഴും വേദനാജനകമാവുന്ന വസ്തുത ഈ സ്മാരകങ്ങൾ അർഹിക്കുന്ന പരിഗണന നൽകി സംരക്ഷിക്കപ്പെടുന്നില്ല എന്നതു തന്നെ. നമ്മുടെ സമീപത്തുള്ള “പട്ടണ” ത്തു നിന്നും ഉദ്ഖനനം വഴി കണ്ടെടുത്ത “മുസ്സരീസ്” എന്ന പഴയ തുറമുഖനഗരത്തിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടാതെ നശിക്കുന്നതായി കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചു. വളരെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു പട്ടണത്തു കണ്ടെത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള വഞ്ചിയുടെ അവശിഷ്ടങ്ങൾ. പഠനവും അതിനുവേണ്ട സാമ്പിളുകളുടെ ശേഖരണവും കഴിഞ്ഞാൽ തീർന്നു പലപ്പോഴും ഗവേഷകർക്കു അവയോടുള്ള താത്പര്യം.
കൊളംബസിന്റെ അമേരിക്ക ഒരു വിഢിത്തരമായിരുന്നു എങ്കിലും ഈ വയാനാട് യാത്ര ശരിയായ ചിത്രങ്ങൾ തന്നെയാണ് തരുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കൂടുതൽ വിഞ്ജാനപ്രദമായ വിവരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
അറിവുകള്‍ പകര്‍ന്നുതന്ന വിവരണം.
ReplyDeleteമനോഹരമായി നീരൂ
നല്ല വിവരണം...നിരക്ഷരന്‍ ചേട്ടാ..നമ്മുടെ നാട്ടില്‍ തന്നെ ഇത്രയും ജൈനക്ഷേത്രങ്ങള്‍ ഉണ്ടെന്നത് പുതിയ അറിവായിരുന്നു.
ReplyDeleteതീര്ച്ചയായും,ഇവ സംരക്ഷിക്കപ്പെടെന്ടവ തന്നെ..
നല്ല പോസ്റ്റ് ട്ടോ.
ഞാന്‍ ഈ പോസ്റ്റ് കാണാന്‍ വൈകിപ്പോയ്...ക്ഷമിക്കൂ...
ReplyDeleteവയനാടില്‍ തന്നെ ഇത്രയും ജൈനക്ഷേത്രങ്ങള്‍ ഉണ്ടെന്ന് അറിയുന്നത് ആദ്യം...എടയ്ക്കല്‍ ഗുഹാക്ഷേത്രം മാത്രം ഞാന്‍ കേട്ടിട്ടുണ്ട്....
താങ്കള്‍ പറയുന്നതു പോലെ ഇതൊക്കെ സംരക്ഷിക്കപ്പെടാതെ പോകുന്നത് വിഷമം ഉള്ള കാര്യം തന്നെയാ...
ശിവ.
രജ്ഞിത്ത് ചെമ്മാട് - വളരെ ശരിയാണ് മാഷേ.
ReplyDeleteശ്രീലാലേ - കലക്കി മറിച്ച് കളഞ്ഞല്ലോ മാഷേ ? ഞാന്‍ കൃതാര്‍ത്ഥനായി. ആ സഹപ്രവര്‍ത്തകന്‍ കണ്ണൂരിനെപ്പറ്റി പഠിച്ച് വരുന്നതിന് മുന്നേ കുറച്ച് കണ്ണൂര്‍ ചരിത്രം പഠിച്ച് വെച്ചോളൂ.. :)കാട്ടിക്കുളത്ത് ചായകുടിക്കാന്‍ നിറുത്തുമ്പോള്‍ നെയ്യപ്പം/ഉണ്ണിയപ്പം പോലുള്ള ഒന്ന് ആ ചായക്കടയില്‍ നിന്ന് കഴിച്ചിട്ടുണ്ടോ ? ഒന്നൊന്നര ഐറ്റമാ അത്.
വെള്ളായണി വിജയേട്ടാ - നന്ദി. ആര്‍ക്കിയോളജി വിഭാഗക്കാരനായിരുന്ന താങ്കളെപ്പോലൊരാളുടെ വായനയ്ക്കും അഭിപ്രായത്തിനും ഞാന്‍ ഒരുപാട് വിലമതിക്കുന്നു. നന്ദി :) ചേട്ടന്റെ തിരുച്ചാരണമലയിലെ ജൈനക്ഷേത്രത്തെപ്പറ്റിയുള്ള പോസ്റ്റിന്റെ ലിങ്ക് ഈ പോസ്റ്റില്‍ ഇടാന്‍ അനുമതി നല്‍കിയതിനും നന്ദി.
കോറോത്ത് - നന്ദി :)
ചാണക്യന്‍ - ഒഴിവാക്കണ്ട മാഷേ. ഇവിടെയൊക്കെ ഒന്ന് പോയി വരൂ. നന്ദി :)
മണികണ്ഠന്‍ - ഒന്നൊന്നര കമന്റ് തന്നെ ഇത്. ഇത് ഒരു പോസ്റ്റിനുള്ളതുണ്ടല്ലോ മണീ. ഒരുപാട് വിജ്ഞാനം മണി ഈ കമന്റിലൂടെ എല്ലാവര്‍ക്കും പകര്‍ന്ന് കൊടുത്തിരിക്കുന്നു. വളരെ വളരെ നന്ദി :)
പ്രിയ ഉണ്ണികൃഷ്ണന്‍ - നന്ദി :)
കുറ്റ്യാടിക്കാരന്‍ - നന്ദി :)
സ്മിതാ ആദര്‍ശ് - നന്ദി :)
ശിവാ - തീരെ വൈകിയിട്ടില്ല. ഈ പോസ്റ്റ് ഇന്നലെ വെളിച്ചം കണ്ടതല്ലേ ഉള്ളൂ. ശിവയുടെ ‘ചിതറാല്‍‘ പോസ്റ്റിന്റെ ലിങ്ക് ഞാന്‍
ഈ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്. മറ്റൊരു ജൈനക്ഷേത്രമായ തിരുച്ചാരണമലയിലെ ആ ക്ഷേത്രത്തെപ്പറ്റിയുള്ള ശിവയുടെ പോസ്റ്റിന്റെ ലിങ്ക് കൊടുക്കാന്‍ അനുമതി തന്നതിന് പ്രത്യേകം നന്ദി.
ജൈനക്ഷേത്രങ്ങളിലേക്ക് എന്റെയൊപ്പം യാത്രവന്ന എല്ലാ സഞ്ചാരികള്‍ക്കും നന്ദി.
This comment has been removed by the author.
ReplyDeleteനിരക്ഷരാ,
ReplyDeleteകല്ലിൽ ക്ഷേത്രം എന്റെ അമ്മായിയുടെ തറവാടായ കല്ലിൽ പിഷാരത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ്. തറവാടിന്റെ നടുമുറ്റത്ത് ഭഗവതിയെ കുടിയിരുത്തിയിട്ടുമുണ്ട്. അമ്പലത്തിൽ രാവിലെ മാത്രമേ പൂജയുള്ളൂ. രാത്രിയിലെ പൂജ വീട്ടിലെ ഭഗവതിയ്ക്കു മുന്നിലാണ്.
തറവാട്ടിൽ അംഗസംഖ്യ കുറഞ്ഞ് അമ്പലം നോക്കാൻ ആളില്ലാതെ വന്നപ്പോൾ ഭരണം ശ്രീരാമദാസമിഷനെ ഏല്‍പ്പിക്കുകയാണുണ്ടായത്. അവർ ഭരണം കാര്യക്ഷമമായി നടത്തിയില്ലെന്നും, ക്ഷേത്രത്തിന്റെ പുരാതനമായ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും,ക്ഷേത്രത്തിന്റെ പവിത്രത കളഞ്ഞുകുളിക്കുന്ന പ്രവൃത്തികളിലേർപ്പെട്ടുവെന്നും മനസ്സിലാക്കിയ ഉടമസ്ഥർ ഇന്ന് ക്ഷേത്രഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോഴുള്ളവർ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തതുകൊണ്ട് പ്രശ്നം വാക്കേറ്റവും കയ്യാങ്കളിയും കഴിഞ്ഞ് ഇപ്പോൾ കോടതിക്ക് മുന്നിലെത്തിയിരിക്കുകയാണ്.
മണികണ്ഠൻ: ജൈനമതക്കാരുടെ പ്രധാന ആസ്ഥാനം എന്റെ കൂടെ അയൽനാടായ,എന്റെ പ്രധാന ഊരുചുറ്റൽ കേന്ദ്രമായ കൊടുങ്ങല്ലൂരാണെന്നോ..!!!??
വീണ്ടും ഞെട്ടൽ..!!
എനിക്ക് ഇതൊരു പുതിയ അറിവാണ് ... പറ്റിയാല്‍ ഒന്നു പോകണം എന്ന് ഉണ്ട് ...... കുറച്ചു സുഹൃത്തുകള്‍ പത്രത്തിലും ചാനലിലും ഓകെ ആയി ഉണ്ട് ....... ഇതു അത് വഴി ഒന്നു പ്രസിദ്ധപെടുതുന്നതിനെ പറ്റി എന്ത് പറയുന്നു ??? ഞാന്‍ എന്തായാലും ഒന്നു ശ്രെമിക്കാന്‍ പോകുന്നു ....
ReplyDeleteനവരുചിയന്‍ - പത്രക്കാരോ ചാനലുകാരോ വഴി ഈ ക്ഷേത്രങ്ങളെയൊക്കെ ഒന്ന് പുനരുദ്ധരിക്കുന്ന കാര്യമെന്തെങ്കിലും ചെയ്യാനായാല്‍ അതില്‍പ്പരം നല്ലൊരു കാര്യമില്ല. ബത്തേരിയിലെ ജൈന ക്ഷേത്രം മാത്രം ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് സംരക്ഷിക്കുന്നത് തികച്ചും വ്യാവസായികമായ ഒരു കാഴ്ച്ചപ്പാട് ഉള്ളതുകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ക്ഷേത്രം ബത്തേരി പട്ടണത്തിന്റെ നടുവിലാണ്. അവിടെ കാഴ്ച്ചക്കാരും ടൂറിസ്റ്റുകളും വരും. ഉള്‍പ്രദേശത്തെവിടെയോ കാപ്പിക്കാടുകള്‍ക്കിടയിലുള്ള ഈ രണ്ട് ക്ഷേത്രങ്ങളില്‍ ആരും പോകില്ല അത് സംരക്ഷിച്ചിട്ട് കാര്യമില്ല എന്നവര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് അവരുടെ ബുദ്ധിശൂന്യത, കേടുകാര്യക്ഷമത. അല്ലാതെന്ത് പറയാനാ ? നവരുചിയന്റെ ഈ ശ്രമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. വളരെ വളരെ നന്ദി മാഷേ :)
ReplyDeleteബിന്ദു കെ.പി. - കല്ലില്‍ ഭഗവതിയുടെ ക്ഷേത്രത്തിലെ കേസിന്റെ വിശദവിവരങ്ങള്‍ പറഞ്ഞ് തന്നതിന് നന്ദി. താങ്കളുടെ ആ കുടുംബക്ഷേത്രത്തിന്റെ ഐതിഹ്യം അറിയാമോ ? കേട്ടിട്ടുണ്ടോ ? അതോ, ഇനി അതും ഞാന്‍ തന്നെ പറഞ്ഞ് തന്നിട്ട് വീണ്ടും ഞെട്ടണമോ ?
എന്തായാലും ഞാന്‍ കേട്ടിട്ടുള്ള കഥയിതാ കേട്ടോളൂ. ഇത് ഞാന്‍ ബിന്ദുവിന്റെയടക്കം ആരുടെയും വിശ്വാസങ്ങളെ ഹനിക്കാന്‍ വേണ്ടി പറയുന്നതല്ല. നാട്ടില്‍ കേട്ടിട്ടുള്ള കഥകളും ഐതിഹ്യങ്ങളുമൊക്കെ പങ്കുവെക്കുന്നു എന്നു മാത്രം.
കല്ലില്‍ ക്ഷേത്രത്തിന്റെ ഐതിഹ്യം ഞാന്‍ കേട്ടത്
----------------------------------
ഇന്നു കല്ലില്‍ ക്ഷേത്രമിരിക്കുന്ന മല മുഴുവന് പണ്ടു കാടായിരുന്നു,കൊടും കാട്. പുത്തേത്ത് തറവാട്ടിലെ അന്നത്തെ കാരണവര്‍ ഒരു കിരാത മൂര്‍ത്തിയായിരുന്നു. അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത ഇങ്ങേരുടെ അപദാനങ്ങള്‍ വളരെ (കു)പ്രസിദ്ധമായിരുന്നു അന്ന്. ഒരു ദിവസം ഒരു ഭിക്ഷക്കാരന്‍ അത്താഴ സമയത്ത് വലിഞ്ഞു കേറി വന്നു. വല്ലാതെ വിശക്കുന്നെന്നു പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോള്‍ ആരു വന്നാലും നമ്മള്‍ കഴിച്ചില്ലെങ്കിലും അവരെ കഴിപ്പിക്കണമെന്നാണല്ലോ പ്രമാണം.
അരിയുടെ വിലയോര്‍ത്ത് കണ്ണുതള്ളിയ കാരണവര്‍ അയാളെ ആട്ടി ഓടിച്ചു. വേണമെങ്കില്‍ ആ മലയിലോട്ടു കേറിക്കോ അവിടെ സദ്യയുണ്ടാവുമെന്നും പറഞ്ഞു വിട്ടു.
പാവം ഭിക്ഷക്കാരന്‍ കൂരാക്കുറ്റിരുട്ടത്ത് മലകയറി. അവിടെ ചെന്നപ്പോള്‍ കൊടും കാടല്ലേ.പാവം വിശന്നു തളര്‍ന്നു വീണു.
അപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീ അവിടെ പ്രത്യക്ഷയായി. എന്താണു കാര്യമെന്നന്വേഷിച്ചു. ഭിക്ഷക്കാരന്‍ ഇച്ചിരി പൊലിപ്പിച്ചങ്ങു പറഞ്ഞു കൊടുത്തു.
ഒരു കാര്യം ചെയ്യൂ,തിരിച്ചു നടന്നോളൂ. നീയവിടെ ചെല്ലുമ്പോഴേയ്ക്കും അവിടെ സദ്യ വിളമ്പിയിട്ടുണ്ടാവും എന്ന് പുള്ളിക്കാരത്തി പറഞ്ഞു.
ഭിക്ഷക്കാരന് വലിയ വിശ്വാസം വന്നില്ല. അങ്ങേരു് അവിടെ അതിനു വെളിച്ചം ഒക്കെ കെടുത്തിയിട്ടുണ്ടാവും എന്നായി.
ഒട്ടും ശങ്കിക്കണ്ടാ അവിടെ വെളിച്ചവുമുണ്ടാവും എന്നു സ്ത്രീ.
ഭിക്ഷക്കാരന്‍ ഒരു വിധത്തില്‍ താഴെ ഇറങ്ങി വന്നപ്പോഴുണ്ട് തറവാട്ടു മുറ്റത്ത് സദ്യ വിളംബി വെച്ചിരിക്കുന്നു. വെളിച്ചത്തിനായി തറവാട് നിന്നു കത്തുന്നു!
ഇങ്ങനെ കത്തിപ്പോയ പഴയ തറവാടിന്‍റെ പാതി കത്തിയ കട്ട്ളകളും ജനലുകളുമൊക്കെ കണ്ടിട്ടുള്ളവര്‍ കഴിഞ്ഞ തലമുറയില്‍ ഉണ്ടായിരുന്നത്രേ !!
എന്തായാലും മലമുകളില്‍ ഭിക്ഷക്കാരന്‍ കണ്ട ആ സ്ത്രീ ദേവിയാണെന്നു വിധിയുണ്ടായി. അങ്ങനെ അവര്‍ക്കു വേണ്ടീ അവിടെ അമ്പലം പണിതു.
ഇതൊരു ഉണ്ടാക്കിക്കഥയാണെന്ന് കരുതുന്നതിലും ഒരു തെറ്റുമില്ല. ഐതിഹ്യങ്ങള്‍ എന്ന് പറയുമ്പോള്‍ ആധികാരികത എത്രത്തോളം ഉണ്ടെന്ന് നമുക്കറിയില്ലല്ലോ ?
ജൈനന്‍റെ പോസ്ചറുകളെയൊക്കെ ഇപ്പോള്‍ മഹാവിഷ്ണു എന്നാണു പറയുന്നത്. ജൈനന്മാരു് ഉല്‍സവകാലത്തു തൊഴാന്‍ വരും. ചാക്കു കണക്കിനു കാണിക്ക കുടഞ്ഞിടും.ഇപ്പോഴും അതു തുടരുന്നുണ്ട്.
എനിക്കീ വിവരങ്ങള്‍/നാട്ടുകഥകളൊക്കെ കിട്ടിയത് ജൈനക്ഷേത്രങ്ങളെപ്പറ്റി മനസ്സിലാക്കാനുള്ള ശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു. ഇതിലൊക്കെ എത്ര നെല്ലുണ്ട് പതിരുണ്ട് എന്നൊന്നും പറയാന്‍ ഞാനാളല്ല. കേട്ടകഥകള്‍ പറഞ്ഞൂന്ന് മാത്രം.
വളരെ നല്ല ഒരു പോസ്റ്റ് നിരൻ.. കൂടെ യാത്ര ചെയ്ത ഒരു അനുഭവം.. നല്ല ചിത്രങ്ങൾ..
ReplyDeleteഅടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു..
യാത്ര അധികം ചെയ്യാന്‍ പറ്റാത്തതിന്റെ സങ്കടം കുറെയൊക്കെ ഈ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ തീരുന്നുണ്ട്.
ReplyDeleteആര്‍ട്ടിലറി ബാറ്ററി എന്നാണ് സാധാരണ ആയുധശേഖരത്തിന് ഉപയോഗിക്കാറെങ്കിലും ചിലപ്പോള്‍ ബാറ്ററിയും ആ അര്‍ത്ഥത്തില്‍ ഉപയോഗിച്ചു കണ്ടിട്ടുണ്ട്.
മനോജ്,
ReplyDeleteഎല്ലാ കൂപ മണ്ഡൂകങ്ങളേയും പിടിച്ച് പുറത്തേക്കെറിയാനുള്ള പോക്കാണല്ലൊ പോസ്റ്റുകളുടേത്. ഇനിയും അറിയാത്ത സ്ഥലങ്ങള്‍ തേടിയുള്ള നിന്റെ യാത്രയില്‍ ഞങ്ങളെ കൂടി കൂട്ടുന്നതിനു നന്ദി.
ഓടോ :ഇതെല്ലാം ബ്ലോഗിലല്ലാതെ വേറെ എവിടെയെങ്കിലും കിട്ടുമൊ?
-സുല്‍
നിരക്ഷരാ,
ReplyDeleteഈ ഐതിഹ്യം പണ്ട് കേട്ടിട്ടുള്ളതിന്റെ മങ്ങിയ ഒരോർമ്മ ഉണ്ടായിരുന്നതുകൊണ്ട് വലിയ ഞെട്ടൽ ഉണ്ടായില്ല(ഇനിയും ഞെട്ടാനെനിക്ക് ത്രാണിയില്ല!). എങ്കിലും വീണ്ടും ഒന്നുകൂടികേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. കഥകൾ എത്ര കേട്ടാലും മതിവരില്ല. പ്രത്യേകിച്ച് ഐതിഹ്യങ്ങൾ. (ഇങ്ങനെ ഉണ്ടായ അമ്പലത്തിനേയും ദേവിയേയുമൊക്കെ പിന്നീട് എങ്ങിനെയാണാവോ കല്ലിൽ പിഷാരത്തുകാർ സ്വന്തമാക്കി കക്ഷത്തിലൊതുക്കിയത്..? :):)
ഐതിഹ്യങ്ങൾ പറയുന്നതു കൊണ്ട് എങ്ങിനെയാണ് വിശ്വാസഹാനി ഉണ്ടാകുന്നത് നിരക്ഷരാ..?
ബിന്ദു കെ.പി. - കല്ലില്‍ ക്ഷേത്രത്തില്‍ ദേവിയെ കുടിയിരുത്തിയതിനുശേഷം അവിടെ ക്ഷേത്രജോലികള്‍ക്കായി പുറമേ നിന്ന് കുറേ പിഷാരടിമാരെ കൊണ്ടുവന്നു താമസിപ്പിച്ചു.
ReplyDeleteപുത്തേത്തു തറവാട് പൊളിഞ്ഞു പാളീസായി. അമ്പലമൊക്കെ പിഷാരടിമാരുടെ കയ്യിലായി. അവരു പില്‍ക്കാലത്ത് ജന്മികളും പുത്തേത്തുകാരു് ഉദരനിമിത്തം പിഷാരത്തെ ശിങ്കിടികളും കാര്യസ്ഥന്മാരും ഒക്കെ ആയി മാറി.
പിന്നീട് പിഷാരടിമാര്‍ ശ്രീരാമദാസമിഷനെ ക്ഷേത്രഭരണം ഏല്‍പ്പിച്ചതുമുതല്‍ കേസും കൂട്ടവുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന കഥ ബിന്ദുവിന് അറിയാമല്ലോ ? ഞാന്‍ കേട്ട കഥ ഇതാണ്. ഇതിലേയും സത്യാവസ്ഥ എത്രയാണെന്ന് അറിയില്ല. ജൈനന്മാരുടെ പോപ്പുലേഷന്‍ കുറയുകയും, ക്ഷേത്രം നോക്കാന്‍ ആളില്ലാതാകുകയും ചെയ്ത കാലത്തായിരിക്കണം ഈ ഭിക്ഷക്കാരന്റെ കഥയിലൂടെ ഇത് ദേവീക്ഷേത്രമായി മാറിയത് എന്നൊക്കെ ഊഹിക്കുന്ന കൂട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ വല്ലതും കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഞാനിപ്പോഴും. കിട്ടിയാല്‍ അറിയിക്കാം. അമ്മായിയോട് ചോദിച്ച് കുറച്ച് വിവരം എനിക്കുവേണ്ടി ബിന്ദുവും സംഘടിപ്പിച്ച് തരൂ :)
പൊറാടത്ത് - വായനയ്ക്കും കമന്റിനും നന്ദി :)
മുസാഫിര്‍ - യാത്ര പോകുന്നതിന് പകരം എന്റെ ബ്ലോഗില്‍ വരുന്നുണ്ടെന്നോ ? ഞാനിനി സീസണ്‍ ടിക്കറ്റിന്റെ ചാര്‍ജ്ജ് ഈടാക്കുമേ ? :) :)
സുല്‍ - കൂടെ സുല്ലിനെപ്പോലെ കുറെപ്പേരുണ്ടെങ്കില്‍ കാണാത്ത കരകള്‍ തേടി യാത്രപോകാന്‍ ഒരു സുഖമുണ്ട്. നന്ദി മാഷേ :)
ഓടോ: കമന്റെഴുതുമ്പോള്‍ ഞാന്‍ എഴുതിത്തുടങ്ങിയിട്ട് പിന്നെ വേണ്ടാ എന്നു വിചാരിച്ചു വിട്ട അതേ കാര്യം തന്നെ നിരന്‍ പറഞ്ഞിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി. കാട്ടിക്കുളത്തെ നെയ്യപ്പം.. ഉയ്യോ.. വായില്‍ വെള്ളമൂറിയിട്ട് വയ്യ :)
ReplyDeleteബിന്ദു കെ പി: ബിന്ദുജിയെ മാത്രമല്ല എന്നെയും ഞെട്ടിച്ച ആ വിവരം ഞാൻ അറിയുന്നത് ഈ ബ്ലോഗിൽ നിന്നുതന്നെയാണ്. ബ്ലോഗിൽ രണ്ടാമത്തെ ചിത്രം ശ്രദ്ധിച്ചിരിക്കുമല്ലൊ? അതിലെ ആദ്യത്തെ ഖണ്ഡിഗയിലെ അഞ്ചും ആറും വാചകങ്ങൾ നോക്കൂ “കേരളത്തിലെ ജൈനരുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം തൃക്കണ്വ മതിലകം എന്നും കുണവായിൽക്കോട്ടമെന്നും പ്രസിദ്ധമായിരുന്നു. ചേരതലസ്ഥാനമായ കൊടുങ്ങല്ലൂരിലെ മഹോദയപുരത്തിനു (മകോതൈ) വടക്കുള്ള ആ സ്ഥലം ഇപ്പോൾ മതിലകമെന്നറിയപ്പെടുന്നു” ഈ വരികളാണ് എന്നെയും ഞെട്ടിച്ചത്.
ReplyDeleteകൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ ഐതീഹ്യം ചിലപ്പതികാരവും കണ്ണകിയുമായി ബന്ധപ്പെട്ടതാണെന്നു കേട്ടിട്ടുണ്ട്. “കൊടും കോളുകൊണ്ട ഊർ“ ലോപിച്ചു കൊടുങ്ങല്ലൂർ ആയി എന്നതാണ് കഥ. തന്റെ ഭർത്താവായ കോവലനെ ഒരു തെറ്റിദ്ധാരണയുടെ പുറത്തു വധശിക്ഷക്കു വിധേയനാക്കിയ പാണ്ഡ്യ രാജാവിനേയും അദ്ദേഹത്തിന്റെ തലസ്ഥാനമായ മധുരാപുരിയേയും ശപിച്ചു കോപാവിഷ്ഠയായി ഓടിയ കണ്ണകി ശാന്തയായതും സ്വർഗ്ഗം പുകിയതും ഇവിടെവെച്ചാണത്രെ. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഗുരുതി, ഭരണി നാളിലെ കാവുതീണ്ടൽ എന്നീ ആചാരങ്ങൾ ജൈനമതസ്തരെ അവിടെനിന്നും ഓടിക്കുന്നതിനു വേണ്ടി ആരംഭിച്ചതാണെന്നും പറപ്പെടുന്നു.
ithellaam vaaaayichu kodungalloru kaariyaaya njaan njettalodu njettalu thanne...
ReplyDeleteimmathiri kaaryangal...parasparam commentadichu paranja bindu kp kkum niraksharunum thanks....
kollam tto nirakshara postum commentsum..
next vegam kondu vaa
പാലക്കാട് ഒരു ജൈനക്ഷേത്രം ഉള്ളതായി കേട്ടിട്ടുണ്ട്
ReplyDeleteഇടക്ക് അത് ഏഷ്യനെറ്റിൽ കാണിച്ചിരുന്നു
എന്തായാലും യാത്രകളില് പുതിയ അനുഭവങ്ങള് നിറയട്ടേ
ജൈനരും ജൈനക്ഷേത്രങ്ങളും ഇപ്പോഴും കേരളത്തില്‍ ഉണ്ടെന്നത് പുതിയ അറിവാണ് നീരൂ. ഈ ബ്ലോഗ്ഗിങ്ങ് വെറും ടൈം പാസ്സ് മാത്രമല്ല, ഇതുപോലെ അറിവു നേടുന്നതിനും പകരുന്നതിനും സഹായകം തന്നെ.
ReplyDeleteതീര്‍ച്ചയായും അവയൊക്കെ സംരക്ഷിക്കപ്പെടേണ്ടത് തന്നെ. ഈ ലേഖനങ്ങള്‍ ബ്ലോഗില്‍ മാത്രം ഒതുക്കാതെ ജനശ്രദ്ധപിടിച്ചു പറ്റുന്ന മാധ്യമങ്ങളില്‍ കൂടി വന്നെങ്കില്‍!
വളരെയേറെ അറിവുകള്‍ നല്‍കി ഈ പോസ്റ്റ്. നന്നായി സ്റ്റഡി ചെയ്തിട്ടുണ്ട്. നന്ദി.
ReplyDeleteവയനാട് പലപ്രാവിശ്യം സഞ്ചരിച്ചിട്ടുള്ള സ്ഥലമാണ്. പറഞ്ഞിട്ടെന്തേ ഫലം.
ReplyDeleteമനോഹരമായ ചിത്രങ്ങള്‍,വിശദമായ വിവണങ്ങള്‍ നന്നായി. ആശംയകള്‍.തുടരൂ...
ജൈനമതത്തെകുറിച്ച് എല്ലാവരും വായിക്കാന്‍ ഈ പോസ്റ്റ് കാരണമാകട്ടെ.
ReplyDeleteജൈനമതം എനിക്കിഷ്ടമാണ് ഞാന്‍ ഉപബുദ്ധനാണെങ്കിലും
ഈ പുതിയ അറിവിന് വളരെ നന്ദി. ആ ചിത്രങ്ങൾ വളരെ നന്നായിരിക്കുന്നു. നമ്മുടെ നാട്ടിലായത് കൊണ്ടാകാം ഇത്തരം ചരിത്ര സ്മാരകങ്ങൾ ഇങ്ങനെ കാട് പിടിച്ച് കിടക്കുന്നത്.
ReplyDeleteനിരക്ഷരന്‍ ചേട്ടാ യത്ര തുടരൂ.. വയനാടിനേ കുറിച്ചും അവിടുത്തേ ക്ഷേത്രങ്ങളേയും കുറിച്ചറിയാന്‍ സാധിച്ചു..യത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ഉപകാരപെടും താങ്ങളുടെ വിവരണം
ReplyDeleteകുടകിലെ ബുധ്ധക്ഷേത്രങ്ങള്‍ സന്ദര്ശിച്ചിട്ടുണ്ടോ?? കൊള്ളാം വിവരണം നന്നായിട്ടുണ്ട്..ഇനിയും ഒരുപാടു യാത്രകള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടാവട്ടെ....
ReplyDeleteകൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെ പറ്റി എന്റെ ബി.എഡ്. സഹപാഠി ഒരു ലേഖനം എഴുതിയിരുന്നു. അതിന് വേണ്ടിയുള്ള അലച്ചിലിനിടയിലാണ് കൊടുങ്ങല്ലൂര്‍ പണ്ട് ബുദ്ധമതക്കാരുടെ കേന്ദ്രമായിരുന്നു എന്നും ക്ഷേത്രം അവരുടെയായിരുന്നു എന്നും. അവരെ ഓടിക്കുവാനാണ് ഭരണി പാട്ട് തുടങ്ങിയതെന്നും ഉള്ള കഥകള്‍ കേട്ടത്.
ReplyDeleteഇന്ത്യയിലെ പഴയ ഗുഹാ ക്ഷേത്രങ്ങളെല്ലാം തന്നെ ബുദ്ധമതവുമായി ബന്ധപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്.
ചില വിവരങ്ങള്‍ ഇവിടെ
http://artistictraditions.blogspot.com/2008/04/chitral-jain-rock-cut-cave-temple.html
http://artistictraditions.blogspot.com/2008/04/kaviyoor-trikkudi-cave-temple.html
പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിന് നന്ദി.
ReplyDeleteതികച്ചും അറിവില്ലാത്ത കാര്യങ്ങളാണ് ഇവയെല്ലാം. ഇനിയും ഇത്തരം യാത്രകള്‍ ചെയ്യാനും അവ ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
:)
നന്ന്നായിരിക്കുന്നൂ
ReplyDeleteedaykkalum kuruvayum soochipparayum banasura sagarum okke allandu ethrayadikam stalangal undayirunnu alle Wayanattil???? Adutha trip MArayoor Muniyara caves n thoovanam water fals aakkan nokkane......
ReplyDeleteകേരളമെന്തെന്നറിയാത്ത കേരളീയര്‍ നാം. എനിക്കെന്‍റെ ഗ്രാമതിനേക്കാള്‍ കൂടുതല്‍ ഇവിടെ ഖത്തറിലെ മിക്ക വിവരങ്ങളും അറിയാം. അതാണ് ഗള്‍ഫ് മലയാളി.
ReplyDeleteഭാവുകങ്ങള്‍!!
ജൈനക്ഷേത്രങ്ങളുടെ കൂടെ കല്ലില്‍ ക്ഷേത്രവും ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്തതു നന്നായി. ഞാന്‍ ആ നാട്ടുകാരനാണ്. കല്ലില്‍ ക്ഷേത്രത്തില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ എന്റെ വീട്ടിലേയ്ക്ക്.
ReplyDeleteഅവിടത്തെ കേസിനെപ്പറ്റിയൊക്കെ മുകളില്‍ എഴുതിക്കണ്ടു. ഇപ്പോള്‍ കല്ലില്‍ പിഷാരത്ത് ദേവസ്വത്തിനാണ്(നാട്ടുകാരുടെ കമ്മറ്റി) ക്ഷേത്ര നടത്തിപ്പിന്റെ ഉത്തരവാദിത്വം, റിസീവറുടെ മേല്‍നോട്ടത്തില്‍. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക നാളിലാണ് അവിടെ ഉത്സവം(കാര്‍ത്തികയില്‍ അവസാനിക്കുന്ന ഏഴു ദിവസങ്ങളിലായി). ഈ വര്‍ഷത്തെ ഉത്സവം മുതല്‍ അവിടെ ഉച്ചപൂജയ്ക്കു ശേഷമുള്ള പൂജകളും മുടങ്ങാതെ ദിവസവും കാണുമെന്നു കേള്‍ക്കുന്നു. ഇത്ര നാള്‍ ഉത്സവനാളുകളിലല്ലാത്തപ്പോള്‍ പിഷാരത്ത് ഉള്ള ദേവീ പ്രതിഷ്ഠയ്ക്കായിരുന്നു ഉച്ചപൂജയ്ക്കു ശേഷമുള്ള പൂജകള്‍ ചെയ്തിരുന്നത്. സമീപകാലത്ത് ദേവപ്രശ്നത്തിലൂടെ ഉപദേവ പ്രതിഷ്ഠ മുകളില്‍ ചെയ്യാന്‍ തീരുമാനമായി! ഇതു വരെ ഉച്ചപൂജകഴിഞ്ഞാല്‍ സാധാരണ ദിവസങ്ങളില്‍ നടയടയ്ക്കുകയാണ് പതിവ്. ഉത്സവ ദിവസങ്ങളില്‍ മാത്രം ദീപാരാധനയടക്കം മുകളില്‍ നടത്തി അവസാനദിവസം മുതല്‍ മറ്റ് പൂജകള്‍ക്കായി പത്മാവതീഭഗവതി പിടിയാനപ്പുറത്തു കയറി സ്റ്റൈലായി ഷാരത്തേയ്ക്ക് പോകയായിരുന്നു പതിവ്! കാലം മാറി കഥ മാറി!!!
ശ്രീ കോവിലില്‍ ഭഗവതീ പ്രതിഷ്ഠയ്ക്ക് പിന്നില്‍ ഉപവിഷ്ടരായ രൂപത്തില്‍ കുറെ രൂപങ്ങള്‍ നമുക്കു കാണാം... ഇവയും ശ്രീകോവിലിനു മേല്‍ക്കൂരയായ ഭീമാകാരമായ കല്ലില്‍ ആലേഘനം ചെയ്ത രൂപവും ജൈന തീര്‍ത്ഥങ്കരന്മാരുടേതായിരിക്കണമെന്ന് വായിച്ചു കണ്ടിട്ടുണ്ട്. എന്തായാലും ഇന്ന് അതെല്ലാം മറ്റ് ദേവതകളായി കണ്ടാണ് ഉപാസിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിക്ക് ഒരു വശത്തുള്ള ചെറിയ ഗുഹയിലും മറ്റും പല പല രൂപങ്ങള്‍ കൊത്തി വച്ചിരിക്കുന്നത് അവ്യക്തമായെങ്കിലും കാണാം. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ് ഇന്നിവിടം. ക്ഷേത്ര ശ്രീകോവിലിനു മുകളില്‍ ഇരിക്കുന്ന ആ വലിയ കരിങ്കല്ല് നിലം തൊടുന്നത് എവിടെയാണെന്ന് ചുറ്റിനടന്നു നോക്കിയാലും കണ്ടുപിടിക്കാന്‍ പറ്റില്ലെന്നത് രസകരമായ ഒരു സംഗതിയാണ്!
സുഹൃത്തേ ബ്ലോഗ് എന്നത് എന്താണ് എന്നറിയാത്ത എനിക്ക് കിട്ടിയ ഷോക്ക് ആയിരുന്നു നിങ്ങളുടേ ഇ ലേഖനങ്ങള്‍ എന്തായാലും ഒരു സത്യം പറയാം ഞാന്‍ നിങ്ങളുടയ് ഒരു ഫാന്‍ ആയി. അത് ഒക്കെ അവിടേ നില്കട്ടേ ഈ നശിച്ചു കിടക്കുന്ന അമുല്യമായ പുരാണ നിര്മിതികള്‍ കണ്ടപ്പോള്‍ എനിക്ക് ശരിക്കും സങ്കടം വന്നു ഇതിന്റേ വില അറിയത്ത നമ്മുടെ ഭരണകര്‍ത്താക്കള്‍ ഒരു മനുഷയുസ്സ്സു മുഴുവന്‍ എടുത്താലും നമുക്ക് ഇതു പോല്‍ ഒരു നിര്‍മിതി സാദ്യമല്ല കോടിക്കണക്കിന് രൂപ നശിപ്പിച്ചു കളയുന്ന ഇവര്‍ക്ക് ഇതേ ല്ലാം ഒന്ന് പരിപാലിച്ചു കൂടെ നിങ്ങള്‍ പറഞ്ഞ പോലെ എന്റേ വീടിനടുട്ടാണ് എങ്കില്‍ ഞാന്‍ തീര്‍ച്ചയും എന്നേ കൌണ്ട്കഴിയുന്ന പോലെ എന്തേങ്കിലും ചെയ്തേനെയ് എന്തായാലും ഇതെല്ലാം ജനങ്ങള്‍ക്ക് പരിജയപെടുത്താന്‍ കഴിഞ്ഞത് വലിയ കാര്യമാണ് കേട്ടോ നിങ്ങള്ക്ക് എന്തായാലും ഒരു അനുഗ്രഹം ഉണ്ടാവും ആ പാവം ദേവന്മാരില്‍ നിന്നും
ReplyDeleteഎന്റേയും ജോലി റിഗ്ഗു നോട് ബന്ധപെട്ടതാണ് ഓഫീസില്‍ ആണ് എന്ന് മാത്രം നിങ്ങളുടയ് പോസ്റ്റ് എന്താണ് റിഗ്ഗില്‍ ?
ഒരു പുതിയ സുഹൃത്ഹുബന്ടം ഇവിടേ തുടങ്ങുമെന്ന് കരുതുന്നു വീണ്ടും എഴുതാം സസ്നേഹം ഹരി
@Manu - മനൂ..അതോ ഹരിയോ ?
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി. എനിക്ക് റിഗ്ഗിലല്ല ജോലി. അങ്ങനെ ഞാനെങ്ങും പറഞ്ഞിട്ടില്ല. എണ്ണപ്പാടത്താണ് ജോലി. എന്നുവെച്ചാൽ റിഗ്ഗും ബാർജും മറ്റ് പ്‌ളാറ്റ്ഫോമുകളും ഓൺഷോറും ഓഫീസും ഒക്കെ പെടും. കൃത്യമായി ഒരു സ്ഥലമില്ലാതെ കറക്കമാണ്. എന്റെ പോസ്റ്റ് സീനിയർ ലോഗിങ്ങ് എഞ്ചിനീയർ. ഈ സൗഹൃദത്തിന് നന്ദി :)
Devaswam boardinum, bharana nethakkalkkum varumaanamulla bhagavaanmaare maathrame vendooo... Allaathe ethrayo puraathanmaaya ambalangal ippozhum Waynatilum parisara pradeshangalilum undu...
ReplyDeleteചേട്ടാ ,ഈ പുല്പ്പള്ളി സീത ദേവി ക്ഷേത്രത്തിന്റെ അവിടുന്ന് കുറച്ച പോയി ഒരു ക്ഷേത്രം ഉണ്ട് സീതാദേവി ലവ കുശ അമ്പലം, പഴയ ഒരു കൂത്തമ്പലം പോലെ ഒരു കെട്ടിടം ഒക്കെ ഉണ്ട്, പുല്പള്ളി യില്‍ സീതാ ദേവി, ലവ കുശ ന്‍ മാര്‍ ഇവരുടെ സാന്നിദ്ധ്യം കൂടുതലായി കാണാം, ഓര്‍മ്മകള്‍ ശരിക്ക് കിട്ടുനില്ല ,
ReplyDelete@ Jayan - ഉവ്വ്. പോയിട്ടുണ്ട് അവിടെ. അത് പക്ഷേ, ജൈന ക്ഷേത്രം അല്ലാത്ത്തതുകൊണ്ട് ഇവിടെ പരാമർശിച്ചില്ലെന്ന് മാത്രം.
Delete