Wednesday, 30 April 2008

എറണാകുളം ഫെറി - 50 പൈസ

20 മിനിട്ട് ബോട്ടില്‍ യാത്ര ചെയ്യണം എറണാകുളത്തുനിന്ന് വൈപ്പിന്‍ ‍കരയിലെത്താന്‍. ടിക്കറ്റിന് 50 പൈസയാണ് 1980 കളില്‍ യാത്രാക്കൂലി. ദിവസവും തിക്കിത്തിരക്കി ബോട്ടില്‍ക്കയറിയുള്ള യാത്രയില്‍ മുഴുവനും കണ്ടുമടുത്ത കാഴ്ച്ചകള്‍ തന്നെ.

എറണാകുളത്ത് ഹൈക്കോര്‍ട്ടിനരുകിലുള്ള കിന്‍‌കോ ജട്ടിയില്‍ നിന്ന് ബോട്ട് വിട്ടാല്‍, വലത്ത് വശത്തായി വിദേശികള്‍ കടല്‍താണ്ടി കൊച്ചിയിലെത്തുന്ന ചെറിയ ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നത് കാണാം. ചിലതിലെല്ലാം നല്ല ഉയരത്തില്‍ പായകള്‍ ഉണ്ട്. കാറ്റുപയോഗിച്ചും അവയെല്ലാം ഓടിക്കുന്നുണ്ടാവാം. കുറച്ചുകൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ വലത്തുവശത്തുതന്നെ ബോള്‍ഗാട്ടി ഐലന്റ്. ദ്വീപിനെ മറച്ചുപിടിക്കുന്ന മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ കുറച്ചുള്ളിലായി, ഡച്ചുകാരന്‍ സായിപ്പ് ഉണ്ടാക്കിയ ബോള്‍ഗാട്ടി പാലസ്സ് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത് കാണാം. ബോള്‍ഗാട്ടി ഐലന്റിലെ ഹണിമൂണ്‍ കോട്ടേജുകള്‍ക്കരികിലൂടെ ബോട്ട് മുന്നോട്ട് നീങ്ങി, ആള്‍ത്താമസമില്ലാത്ത വിമലവനത്തിലെ പച്ചപ്പുകള്‍ മാത്രം കാണിച്ചുതന്ന് വൈപ്പിന്‍കര അടുക്കാറാകുമ്പോള്‍ തുറമുഖത്തെത്തുന്നതുകൊണ്ടാകാം തിരകള്‍ക്ക് കുറച്ച് ശൌര്യം കൂടും. ബോട്ടൊക്കെ ചെറുതായി ആടിയുലയും. ഇടത്തുവശത്തേക്ക് നോക്കിയാല്‍,ഭാഗ്യമുണ്ടെങ്കില്‍ തുറമുഖത്തേക്ക് വന്ന് കയറുന്നതും ഇറങ്ങുന്നതുമായ കപ്പലുകള്‍ കാണാം. വല്ലാര്‍പാടം ഭാഗത്തും, കാളമുക്കിലേക്കുമൊക്കെ കരയ്ക്കണയാന്‍ പോകുന്ന മത്സ്യബന്ധന-യന്ത്രവല്‍കൃത ബോട്ടുകളും, ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച ‘പരമ്പരാഗത’ വള്ളങ്ങളും, മട്ടാഞ്ചേരി വാര്‍ഫില്‍ നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകളും, ഐലന്റുകളില്‍ അങ്ങോളമിങ്ങോളം സര്‍വ്വീസ് നടത്തുന്ന മറ്റ് ബോട്ടുകളും, ടൂറിസ്റ്റുകള്‍ക്കുവേണ്ടി മുകളില്‍ കസേരയൊക്കെയിട്ട് പ്രത്യേകം സജ്ജമാക്കിയ ഉല്ലാസബോട്ടുകളും, ജങ്കാറുകളും, ചീനവലകളും, കായലില്‍ മീന്‍പിടിക്കുന്ന കൊച്ചു കൊച്ചു കൊതുമ്പുവള്ളങ്ങളുമൊക്കെ സ്ഥിരം യാത്രക്കാരായ എന്നെപ്പോലുള്ളവര്‍ക്ക് പുതുമയൊന്നുമില്ലാത്ത കാഴ്ച്ചയാണ്.

ഒരിക്കല്‍ ബോട്ടില്‍ വെച്ച് പരിചയപ്പെട്ട വടക്കേ ഇന്ത്യാക്കാരന്‍ ടൂറിസ്റ്റിന്റെ വക‍ ഒരു കമന്റ്.

“ ടിക്കറ്റ് ചാര്‍ജ്ജ് തോ, കം സേ കം 5 റുപ്പയാ ബനാനാ മാങ്ക്ത്താ ഹേ. ഇത്തനാ അച്ചാ ബോട്ട് റൈഡ് കേലിയേ 50 പൈസാ ബഹൂത്ത് കം ഹേ.“

(ഇത്രയും നല്ല ബോട്ട് സവാരിക്ക് 50 പൈസ വളരെ കുറവാണ്. കുറഞ്ഞത് 5 രൂപയെങ്കിലുമാക്കി കടത്ത് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം പോലും.)

ചതിക്കല്ലേ ചങ്ങാതീ, നിങ്ങള്‍ക്ക് അങ്ങനൊക്കെ പറയാം. വല്ലപ്പോഴും വന്ന് അരമണിക്കൂര്‍ ബോട്ടിലൊക്കെ കറങ്ങിയടിച്ച് നിങ്ങളങ്ങ് പോകും. ഞങ്ങള്‍ക്കീ 50 പൈസ തന്നെ കൊടുക്കാനില്ല. 20 മിനിറ്റ് ഈ ബോട്ടിലിരുന്ന് ബോറടിക്കുന്നുമുണ്ട്.

എറണാകുളത്തിനും, വൈപ്പിനുമിടയിലുള്ള മറ്റൊരു ദ്വീപായ മുളവുകാടില്‍, വീട് പണിത ഒരു സായിപ്പിനെ എനിക്കറിയാം. ഗോശ്രീ പാലം വന്ന് മുളവുകാടിലേക്കുള്ള ബോട്ട് സര്‍വ്വീസെല്ലാം നിലച്ചപ്പോള്‍ സായിപ്പ് പറഞ്ഞു.

“ഇനി എനിക്കാ വീട്ടില്‍ ജീവിക്കാന്‍ താല്‍പ്പര്യമില്ല.“

ബോട്ടിലുള്ള ആ രസികന്‍ യാത്രകളായിരുന്നു, ഐലന്റില്‍‍ വീട് വെക്കാന്‍ സായിപ്പിനെ പ്രേരിപ്പിച്ചത്. പാലം വന്നതുകാരണം, ഇനി ആ ബോട്ട് യാത്രകള്‍ ഉണ്ടാകില്ലല്ലോ ?

ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ അന്ന് തോന്നി, ഇവന്മാര്‍ക്കൊക്കെ ഭ്രാന്താണെന്ന്. ബോട്ടില് യാത്ര ചെയ്യാന്‍ വേണ്ടി, 50 പൈസയ്ക്ക് പകരം 5 രൂപാ കൊടുക്കാന്‍ തയ്യാറാണത്രേ ഒരുത്തന്‍!! വേറൊരു വട്ടന്‍, സ്ഥിരമായി ബോട്ട് യാത്ര ആസ്വദിക്കാന്‍‍ വേണ്ടി, മറുനാട്ടീന്ന് ഇതുവരെ വന്ന് ഈ വെള്ളക്കുഴീല് വീടുണ്ടാക്കിയിരിക്കുന്നു!! വട്ട്, മുഴുവട്ട്, അല്ലാതെന്താ ?

കാലചക്രം കുറേയധികം തിരിഞ്ഞു. ജീവിതസൌകര്യങ്ങളും, പണക്കൊഴുപ്പും കൂട്ടാന്‍ വേണ്ടി നാടുവിട്ട് നാടുതോറും അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. നാട്ടിലേക്കുള്ള ഓരോ യാത്രയും ഒരു അനുഭൂതിയാണിപ്പോള്‍.

ബോറടിപ്പിച്ചിരുന്നെന്ന് പറഞ്ഞ ആ 20 മിനിട്ട് ബോട്ട് യാത്ര ഒന്നുകൂടെ തരപ്പെട്ടിരുന്നെങ്കില്‍, അഞ്ചല്ല അന്‍പത് രൂപയോ അതില്‍ക്കൂടുതലോ കൊടുക്കാന്‍ തയ്യാറാണിപ്പോള്‍.

ഇല്ല. ഇനി ആ യാത്രകള്‍ ഒരിക്കലുമുണ്ടാകില്ല.

നഷ്ടപ്പെട്ടത് എന്താണെന്നും, ആര്‍ക്കാണ് ശരിക്കും ഭ്രാന്തെന്നും ഇപ്പോഴാണ് തിരിച്ചറിവായത്.
--------------------------------------------------------------
ചിത്രത്തില്‍ കാണുന്നത് എറണാകുളത്തുനിന്നും വൈപ്പിനിലേക്കും, മറ്റ് ദ്വീപുകളിലേക്കും പോകുന്ന കിന്‍‌കോയുടെ ബോട്ടുകള്‍. ചിത്രം എടുത്തത് എറണാകുളത്തുനിന്നും വൈപ്പിനിലേക്ക് പോകുന്ന ജങ്കാറില്‍ നിന്ന്. പുറകില്‍ കാണുന്നത് എറണാകുളത്തെ അശോകാ അപ്പാര്‍ട്ട്‌മെന്റ്‌സ്.

Wednesday, 23 April 2008

മറനാട്ട് മന (പതിനാറ് കെട്ട് )

2003 മെയ് മാസം. നല്ല ചൂടുകാലമായതുകൊണ്ട് മലപ്പുറം വരെ ഒരു യാത്ര പോകാമെന്ന് ഭാര്യാസഹോദരന്‍‍ ആനന്ദ് പറഞ്ഞപ്പോള്‍, ആദ്യം വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ല. പതിനാറ് കെട്ടുള്ള ഒരു മനയിലേക്കാണ് യാത്ര എന്ന് പറഞ്ഞപ്പോള്‍ ചൂടും, ദൂരവുമൊന്നും ഒരു തടസ്സമായില്ല. ആനന്ദിന്റെ സുഹൃത്ത് പ്രവീണിന്റെ തറവാടായ മറനാട്ട് മനയിലാണ് ഇപ്പറഞ്ഞ പതിനാറ് കെട്ടുള്ളത്.

മനകളും, ഇല്ലങ്ങളുമെല്ലാം അന്യം നിന്നുകൊണ്ടിരിക്കുന്ന കാലമാണ്. നോക്കിനടത്താന്‍ പറ്റാത്തതുകൊണ്ട് ഇടിച്ചുനിരത്തി ടൂറിസം മേഖലയിലേക്കും മറ്റും മനകളും ഇല്ലങ്ങളും പുനര്‍ജനിച്ചുകൊണ്ടിരിക്കുകയാണ് . പതിനാറ് കെട്ടുള്ള ഒരു മന കാണാനുള്ള ജീവിതത്തിലെ അവസാനത്തെ അവസരമാണിതെങ്കിലോ ? യാത്ര പുറപ്പെടാന്‍ പിന്നെ ഒരു താമസവുമുണ്ടായില്ല.

മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്താണ് മറനാട്ട് മന. ഉച്ചയാകുന്നതിനുമുന്നേ മനയ്ക്കുമുന്നിലെത്തി.

കോട്ടമതിലുപോലെ ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്ന മതിലിനിടയിലൂടെ വാഹനം മനയുടെ വിശാലമായ തൊടിയിലേക്ക് കടന്നു.


മനയിലെത്തിയപ്പോള്‍ ഹൃദ്യമായ സ്വീകരണം. തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും, പ്രവീണിന്റെ വല്യച്ഛനുമായ വലിയ നമ്പൂതിരിപ്പാട് സ്ഥലത്തുണ്ട്.
പൂമുഖത്തെ പ്രധാന വാതില് നോക്കി കുറേനേരം നിന്നുപോയി. അതൊരു സംഭവം തന്നെ. പ്രത്യേകതരത്തിലുള്ള പൂട്ട്. പൂട്ടുന്നതും തുറക്കുന്നതും എ‍ങ്ങിനെയെന്ന് വിശദമായിട്ട് കാണിച്ചുതന്നിട്ടുപോലും ഒരിക്കല്‍പ്പോലും എനിക്കത് ശരിയാംവണ്ണം ചെയ്യാനായില്ല. വീട്ടിലുള്ളവര്‍ക്കല്ലാതെ, പുറത്തുനിന്ന് ഒരുത്തന് മുന്‍‌വാതില്‍ വഴി അകത്തുകടന്ന് മോഷ്ടിക്കാ‍ന്‍ പറ്റില്ലെന്ന് സാരം.

മുന്‍‌വരാന്തയിലെ ചുവരില്‍ കണ്ട ഒരു പഴയ ചിത്രം ശ്രദ്ധയാകര്‍ഷിച്ചു.

വീട്ടിനകത്തെ ഒരു നാലുകെട്ടില്‍, ഒരു ദേവപ്രതിഷ്ഠയുണ്ട്. വീട്ടിലെ ഒരംഗം തന്നെയാണ് ഈ ദേവനെന്നാണ് മനയിലെ സങ്കല്‍പ്പം. അതുകൊണ്ട് വീട്ടുകാര്‍ ഭക്ഷണം കഴിക്കുന്ന സമയത്തെല്ലാം പൂജയും നടതുറക്കലുമൊക്കെയുണ്ട്. പുറത്തുനിന്നും ഒരു അമ്പലത്തിലെന്നപോലെ ദേവനെ തൊഴാന്‍ വേണ്ടി ആളുകള്‍ വരുന്നുണ്ട് മനയിലേക്ക്. കുറേ കാലം മുന്‍പ്‌വരെ അകത്ത് നാലുകെട്ടില്‍ കടന്ന് തൊഴാനുള്ള അനുവാദമുണ്ടായിരുന്നു പൊതുജനത്തിന്. പക്ഷെ ഇപ്പോള്‍‍ പുറത്തുനിന്ന് തോഴാനേ പറ്റൂ. അതിന് കാരണമുണ്ട്. തൊഴാനെന്ന വ്യാജേന അകത്തുകടന്ന ചില വിരുതന്മാര്‍ അകത്തുതന്നെ ഒളിച്ചിരുന്ന്, മോഷണം നടത്താന്‍ തുടങ്ങി. മനയ്ക്കകത്ത് കടന്നുകിട്ടിയാല്‍ ഒളിക്കാനാണോ ബുദ്ധിമുട്ട്? മോഷണം കഴിഞ്ഞ്, പുറത്ത് കടക്കാനുള്ള വഴി തെറ്റിപ്പോകാതിരുന്നാല്‍ മാത്രം മതി. അത്രയ്ക്ക് കുഴഞ്ഞുമറിഞ്ഞതാണ് മുറികളും, ഇടനാഴികളും, നാലുകെട്ടുകളുമെല്ലാം.
പുറത്തെ ചുമരില്‍ ഒരു ജനലുണ്ടാക്കി അതിലൂടെ നടയിലേക്ക് ദര്‍ശനം കൊടുത്ത് കള്ളന്മാരുടെ ശല്യം ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ആ ജനലിലൂടെ തൊഴുത് നില്‍ക്കുന്ന ഒരു ഭക്തനെ കണ്ടില്ലേ? അരമതിലില്‍ ഇരിക്കുന്നതാണ് വല്ല്യ നമ്പൂതിരിപ്പാട്.

നെയ്യപ്പമാണ് ദേവന്റെ പ്രസാദം. നെയ്യപ്പത്തിനാവശ്യമായ അരിക്കുവേണ്ടി പ്രത്യേകം ‍കൃഷി തന്നെ ചെയ്യുന്നുണ്ട്. അങ്ങിനെ കൃഷി ചെയ്യുന്ന നെല്ല് മനയില്‍ത്തന്നെ കുത്തി,പൊടിച്ചെടുക്കാനാവശ്യമായ സജ്ജീകരണങ്ങളും, സംവിധാനങ്ങളും ഒരു മുറിയില്‍ കണ്ടു.
എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഇപ്പറഞ്ഞ കൃഷിയും, ദേവപൂജയുമെല്ലാം ഇതുവരെ മുടങ്ങാതെ കൊണ്ടുപോകുന്നുണ്ട് മനയിലുള്ളവര്‍. അതിനവര്‍ക്ക് കാരണങ്ങളുമുണ്ട്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 3 തലമുറകള്‍ക്ക് മുമ്പെന്ന് വേണമെങ്കില്‍ പറയാം. ചില ഗാര്‍ഹികപ്രശ്നങ്ങള്‍ കാരണം മനയിലെ സര്‍പ്പക്കാവ് ആദ്യം ഉണ്ടായിരുന്ന സ്ഥലത്തുനിന്നും കുറച്ച് മാറ്റി സ്ഥാപിക്കേണ്ടി വന്നു. എതിര്‍പ്പുകളും, ദൂഷ്യഫലങ്ങളെപ്പറ്റി മുന്നറിയിപ്പുമൊക്കെ പലരും കൊടുത്തെങ്കിലും അതങ്ങിനെ തന്നെ സംഭവിച്ചു. അതിനുശേഷം കുറേനാള്‍ കഴിഞ്ഞപ്പോള്‍ ആ തലമുറയിലെ ഒരാള്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുന്നു. പിന്നീട് അടുത്ത തലമുറയിലെ മറ്റൊരു കക്ഷിക്ക് ജന്മനാ കാഴ്ച്ചയുടെ പ്രശ്നങ്ങളുണ്ടാകുന്നു. അത് കൂടിക്കൂടി അയാള്‍ക്കും ഒരു കണ്ണ് നഷ്ടപ്പെടുന്നു. ഈ തലമുറയിലെ, പ്രവീണിന്റെ ഒരു മച്ചുനനും‍‍ ജനിച്ചത് കാഴ്ച്ച സംബന്ധമായ കുഴപ്പങ്ങളോടെയാണ്. എല്ലാം സര്‍പ്പക്കാവ് മാറ്റി വെച്ചതിന്റെ ദൂഷ്യഫലങ്ങളാണെന്ന് മനയിലുള്ളവരെല്ലാം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു സര്‍പ്പകോപമോ, ദേവകോപമോ വിളിച്ചുവരുത്താന്‍ അവരാരും തയ്യാറല്ല. കാട് പിടിച്ച് കിടക്കുന്ന മറ്റൊരു നാലുകെട്ടാണിത്. മനയിലെ മറ്റ് രണ്ട് നാലുകെട്ടുകളും മനയിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഞാന്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നില്ല. അടുക്കളയോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് വെള്ളം, അടുക്കളയുടെ അകത്തുനിന്ന് തന്നെ കോരിയെടുക്കാം.





നെടുനീളന്‍ വരാന്തകളും, ചെങ്കല്ലുകൊണ്ട് കെട്ടിയ പിന്നാമ്പുറത്തെ കൂറ്റന്‍ കുളവുമെല്ലാം വിശദമായിട്ടുതന്നെ നടന്നുകണ്ടു. സാമ്പത്തികച്ചിലവ് വലുതായതുകാരണം എല്ലാ വര്‍ഷവും കുളം വൃത്തിയാക്കാന്‍ സാധിക്കാറില്ല.


മൂന്ന് നിലയുള്ള പത്തായപ്പുരയാണ് ഈ കാണുന്നത്. അതിന്റെ താഴെ കാണുന്ന കിളിവാതിലുകള്‍ ശ്വാനന്മാര്‍ക്കുള്ള ചെറിയ മുറികളിലേക്ക് തുറക്കുന്നു. 6000 സ്ക്വയര്‍ ഫീറ്റെങ്കിലും കാണും ആ പത്തായപ്പുരമാത്രം. ഈ പത്തായപ്പുര അടക്കമുള്ള മനയുടെ ചില ഭാഗങ്ങള്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍പ്പെടുത്തി കുറച്ച് വരുമാനമുണ്ടാക്കുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു അന്ന്. ഇതാണാ പത്തായപ്പുരയുടെ മുകളിലത്തെ നിലയിലെ വരാന്തകളിലൊന്ന്. മാറ്റി സ്ഥാപിച്ചെന്ന് പറയുന്ന സര്‍പ്പക്കാവിലേക്കും ഒന്ന് പോയി നോക്കാതിരുന്നില്ല.

സൂര്യപ്രകാശം നട്ടുച്ചയ്ക്കുപോലും നേരാം വണ്ണം വീഴാതെ കാടുകയറി കിടക്കുന്ന ആ സ്ഥലംമാത്രം ഒരേക്കറിലധികം കാണും. കാല് കുത്താന്‍ വയ്യാത്തവിധം ചപ്പുചവറാണ് നിലത്താകെ. അതിനടിയില്‍ പാമ്പുകള്‍ ഉണ്ടാകുമെന്ന് മൂന്നരത്തരം.
എന്നാലും അകത്ത് കയറി നോക്കാമെന്ന് വെച്ചപ്പോള്‍ പ്രവീണിന്റെ വക മുന്നറിയിപ്പ്.

“കാവാണ്, ചെരുപ്പിട്ട് കയറാന്‍ പാടില്ല“.

കുഴഞ്ഞല്ലോ നാഗത്താന്മാരേ. അറിയാതെ കാലെങ്ങാനും എടുത്ത് ദേഹത്തുവെച്ചാല്‍ കോപിക്കരുതേ, വിഷം തീണ്ടരുതേ എന്ന പ്രാര്‍ത്ഥനയോടെ കരിയിലകള്‍ ചവിട്ടി അകത്തുകടന്നു.



കാവിനകത്തും ഒരു ദേവീപ്രതിഷ്ഠയുണ്ട്.

കാവിനകത്തെ ശീതളച്ഛായ ആസ്വദിച്ച് കുറച്ചുനേരം ഒരു കല്ലിലിരുന്നു. കാവിന്റേയും മനയുടേയുമെല്ലാം കഥകള്‍ ഒന്നിനുപുറകെ ഒന്നായി പ്രവീണ്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മറ്റേതോ ലോകത്താണ് ചെന്നുപെട്ടിരിക്കുന്നതെന്ന് തോന്നി.

സിനിമാക്കാര്‍ക്ക് പലപ്പോഴും ഷൂട്ടിങ്ങിനായി മന വിട്ടുകൊടുക്കാറുണ്ട്. കമലിന്റെ ഗസല്‍ എന്ന സിനിമയില്‍ കാണുന്ന പ്രധാന വീട് ഈ മനയാണ്. ഐ.വി.ശശി, മാപ്പിള ലഹളയെ ആസ്പദമാക്കി സംവിധാനം ചെയ്ത 1921 എന്ന സിനിമയിലും മറനാട്ട് മന പ്രത്യക്ഷപ്പെടുന്നുണ്ട്. ആ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവത്തെപ്പറ്റി കേട്ടത്‍ രസകരമായിത്തോന്നി. പൂമുഖം ഉള്‍പ്പെടുന്ന ഒരു സീനാണ് ചിത്രീകരിക്കുന്നത്. കുറേയധികം റിഹേഴ്സലൊക്കെ കഴിഞ്ഞു.പക്ഷെ ‘ടേക്ക് ‘ മാത്രം ശരിയാകുന്നില്ല. വിശ്വാസങ്ങളുടെയും, നിമിത്തങ്ങളുടേയുമൊക്കെ നിറം പിടിപ്പിക്കുന്ന കഥകള്‍ ഉറങ്ങുന്ന മനയിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. സംവിധായകന്‍ പരവശനാകാന്‍ മറ്റെന്തുവേണം? സിനിമാക്കാര്‍ക്കാണെങ്കില്‍ ഈവക വിശ്വാസങ്ങള്‍ ഇത്തിരി കൂടുതലാണുതാനും. മുകളിലെ നിലയില്‍ മുന്‍‌വശത്തെ ഒരു ജനല്‍ പാതിതുറന്ന് കിടക്കുന്നത് അപ്പോളാണ് സംവിധായകന്‍ ശ്രദ്ധിച്ചത്. അത് അടച്ചിടാന്‍ ഉത്തരവായതോടെ ഷോട്ടും ഓക്കെയായി.

പൂട്ടിയിട്ടിരിക്കുന്ന മുകളിലെ ചില മുറികളില്‍ മാത്രം കയറാന്‍ പറ്റിയില്ല. അതിലെന്തോക്കെയോ രഹസ്യങ്ങളുറങ്ങുന്നുണ്ടാവാം!!

വൈകുന്നേരമായത് അറിഞ്ഞില്ല. ഇരുട്ട് വീണുകഴിഞ്ഞു. അടുത്തദിവസം മടങ്ങിയാല്‍പ്പോരേ എന്ന സ്നേഹത്തോടെയുള്ള ക്ഷണം സ്വീകരിച്ച് അന്നു രാത്രി പ്രവീണിന്റെ വീട്ടില്‍ തങ്ങി.
മനയുടെ വിശാലമായ തൊടിയിലൂടെ കുറേയധികം നടന്നാല്‍ ലാറി ബേക്കര്‍ ശൈലിയില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രവീണിന്റെ പുതിയ വീട്ടിലെത്താം. രാത്രി വളരെ ഇരുട്ടുന്നതുവരെ എല്ലാവരുമായി സൊറ പറഞ്ഞിരുന്നു. ഇല്ലങ്ങളുടേയും, മനകളുടേയും, നമ്പൂതിരി സമുദായത്തിന്റെ പഴയകാലത്തേയും ഇപ്പോഴത്തേയും അവസ്ഥകള്‍ തുടങ്ങി കഥകളിയെപ്പറ്റിയും, സ്മാര്‍ത്തവിചാരം വരെയുള്ള വിഷയങ്ങളെപ്പറ്റിയുമെല്ലാം, പ്രവീണിന്റെ അമ്മ ആധികാരികമായിട്ടുതന്നെ സംസാരിച്ചുകൊണ്ടിരുന്നത് മനസ്സിലിപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.

അടുത്തദിവസം രാവിലെ ഏറണാകുളത്തേക്ക് മടങ്ങുമ്പോള്‍, തലേന്ന് കണ്ടതും കേട്ടതുമായ കാഴ്ച്ചകളും‍ വിശേഷങ്ങളും, ഒരു മുത്തശിക്കഥപോലെ മനോഹരമായി മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു.
-------------------------------------------------------
മറനാട്ട് മന സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കായി മനയുടെ വെബ് സൈറ്റ് ഇതാ..
http://maranatmana.com/index.htm

Tuesday, 15 April 2008

I.N.S.വിക്രാന്ത്

2002 ന്റെ അവസാനത്തില്‍ എപ്പോഴോ ഒരിക്കല്‍ ജോലിസംബന്ധമായ ആവശ്യത്തിനുവേണ്ടി ബോബെയില്‍ താമസിക്കുമ്പോഴാണ്,സഹപ്രവര്‍ത്തകനായ ഗുരുവായൂരുകാരന്‍ ഭാസ്ക്കരേട്ടന്‍, നമുക്കൊന്ന് കൊളാബയിലും, വീ.ട്ടി.യിലുമൊക്കെ കറങ്ങിവരാമെന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബയില്‍ രണ്ട് മൂന്ന് വര്‍ഷം ജീവിച്ചിട്ടുണ്ട്. അന്നൊക്കെ ആവശ്യത്തിലധികം കറങ്ങിനടന്നിട്ടുള്ള സ്ഥലങ്ങളായതുകൊണ്ട്, മഹാനഗരത്തിലെ തിരക്കുള്ള തീവണ്ടിയില്‍ തൂങ്ങിക്കയറി ഒരു യാത്ര തീരെ താല്‍പ്പര്യമില്ലായിരുന്നു. പക്ഷെ പ്രായത്തില്‍ ഒരുപാട് മുതിര്‍ന്ന ഭാസ്ക്കരേട്ടനോട് മറുത്ത് പറയാന്‍ ഒരു വിഷമം.

അതുകൊണ്ടെന്തായി ? വിജ്ഞാനപ്രദമായ നല്ലൊരു യാത്ര ആ ദിവസം തരമായി.

കൂട്ടത്തില്‍ മറ്റൊരു സഹപ്രവര്‍ത്തകനും ഇത്തരം യാത്രകളില്‍ പലതിലും എന്റെ കൂടെയുണ്ടാകാറുള്ള ചങ്കരങ്കുളത്തുകാരന്‍ നിഷാദുമുണ്ട്. ട്രെയിനില്‍ ചര്‍ച്ച് ഗേറ്റ് വരെ, അവിടന്നങ്ങോട്ട് ടാക്സിയില്‍ കൊളാബയിലേക്ക്.

ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നില്‍ ചെന്നപ്പോളാണ് ഭാസ്ക്കരേട്ടന്‍ യാത്രാലക്ഷ്യം പുറത്തുവിടുന്നത്. ഗേറ്റ് വേ ഇന്ത്യയില്‍ നിന്ന് കുറച്ച് മാറി വെള്ളത്തില്‍ I.N.S. വിക്രാന്ത് എന്ന ഇന്ത്യന്‍ നേവിയുടെ പ്രശസ്തമായ പഴയ ഒരു വിമാനവാഹിനിക്കപ്പല്‍ കിടക്കുന്നുണ്ട്. 1997 ജനുവരി 31 മുതല്‍ അവളെ ഡീകമ്മിഷന്‍ ചെയ്തിരിക്കുകയാണ്. ഇപ്പോളത് ഒരു വാര്‍ മ്യൂസിയമാക്കി പൊതുജനത്തിന് തുറന്നുകൊടുത്തിരിക്കുന്നു. അവളിപ്പോള്‍ I.N.S.വിക്രാന്തല്ല, I.M.S.(ഇന്ത്യന്‍ മ്യൂസിയം ഷിപ്പ് )വിക്രാന്താണ്.

ഗേറ്റ് വേയില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം കപ്പലിലേക്ക് പോകാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കരയില്‍ നിന്നും നോക്കിയാല്‍ ദൂരെയായി അവളെ കാണുകയും ചെയ്യാം. പഴയ ഒരു പട്ടാളക്കാരനും, മര്‍ച്ചന്റ് നേവിക്കാരനുമൊക്കെയായ ഭാസ്ക്കരേട്ടന്‍ വിക്രാന്ത് കാണാന്‍ കൊതിക്കുന്നതില്‍ എനിക്കൊരതിശയവും തോന്നിയില്ല.

വിക്രാന്താണ് ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലെന്നൊക്കെയുള്ള സ്കൂളില്‍ പഠിക്കുന്ന കാലത്തുള്ള ചില വിവരങ്ങളല്ലാതെ അതിനുള്ളില്‍ കയറാന്‍ ഒരവസരം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.


ചെറിയൊരു ബോട്ടില്‍ 5 മിനിട്ടോളം യാത്ര ചെയ്തപ്പോള്‍ വിക്രാന്തിന്റെ ചുവട്ടിലെത്തി. കീഴെ മരത്തിന്റെ ഒരു ഏണിയുണ്ട്. അതിലൂടെ മുകളിലേക്ക് കയറിച്ചെന്നപ്പോള്‍ സ്വീകരിച്ചത് ജീവനുള്ളതും ഇല്ലാത്തതുമായ കുറെ നാവികരാണ്.

പിന്നീടങ്ങോട്ട് വിക്രാന്തിന്റെ യുദ്ധമാഹാത്മ്യവും ചരിത്രവുമൊക്കെ വിവരിക്കുന്ന ഉള്ളറകളിലൂടെ മണിക്കൂറുകളോളം കറങ്ങി നടന്നു.
1961 ല്‍ ഗോവാ ലിബറേഷനിലും, 1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിലും ഇവള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 2 മഹാവീര്‍ ചക്രവും, 12 വീരചക്രവും 20 വര്‍ഷത്തോളം ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായി നിലകൊണ്ട വിക്രാന്തിന് കിട്ടിയിട്ടുണ്ട്.

ഇതാണാ മഹത്തായ കപ്പലിന്റെ വീല്‍ ഹൌസ്. ഇന്നുള്ള പുത്തന്‍ തലമുറയിലെ കപ്പലുകളിലൊന്നും ഈ കാണുന്ന കാലഹരണപ്പെട്ട സംവിധാനങ്ങള്‍ ഒന്നും കാണാന്‍ കഴിഞ്ഞെന്ന് വരില്ല.

കപ്പലിന്റെ മുകളിലെ ഡക്കില്‍, അതിന്റെ റണ്‍‌വേ‌യില്‍ ഉയര്‍ന്ന് പൊങ്ങുകയും താഴുകയും ചെയ്തിരുന്ന പഴയ സീ ഹോക്ക് വിമാനവും, ചേതക്ക് ഹെലിക്കോപ്പ്‌റ്ററുമൊക്കെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എല്ലാത്തിനും അകത്ത് കയറി നോക്കി.

കൂറ്റന്‍ ഒരു ഹാങ്ങര്‍, സ്കൈ ജമ്പിങ്ങിനുള്ള സൌകര്യം തുടങ്ങിയതൊക്കെ വിക്രാന്തിനകത്തുണ്ട്.

മുങ്ങിക്കപ്പലുകളുടെ മോഡ്യൂളുകള്‍, നീന്തല്‍ വസ്ത്രങ്ങള്‍, മൈനുകള്‍, ബോംബുകള്‍,കൂടാതെ ഇന്ത്യന്‍ കര,വ്യോമ,നാവിക സേനകളുടെ പല വീരശൃഖലകളും മറ്റും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പോര്‍വിമാനങ്ങള്‍ വന്നിറങ്ങുകയും പൊങ്ങുകയും ചെയ്തിരുന്ന റണ്‍‌വേ കണ്ടില്ലേ ?

ഈ റണ്‍വേ‌യില്‍ എത്ര എത്ര വിമാനങ്ങള്‍ ഇരമ്പിക്കൊണ്ട് പറന്നുയരുകയും, ഇറങ്ങുകയും ചെയ്തുകാണും യുദ്ധകാലങ്ങളില്‍ ?!!!

വിക്രാന്തിന്റെ മുകളിലെ ഡെക്കില്‍നിന്ന് നോക്കുമ്പോള്‍ ദൂരെയായി മുംബൈ തീരം കാണാം.

കുറെ കറങ്ങി നടന്നപ്പോള്‍ ചെറുതായി ക്ഷീണിച്ചു. എന്തെങ്കിലും കുടിക്കാനും കഴിക്കാനുമൊക്കെയുള്ള താല്‍ക്കാലിക സൌകര്യമെന്ന നിലയില്‍ പ്രൊപ്പല്ലറിന്റെ ആകൃതിയിലുള്ള മേശകളുള്ള ഒരു കഫ്‌ത്തീരിയ കപ്പലിനകത്ത് ഒരുക്കിയിട്ടുണ്ട്.

അവിടന്ന് ഒരോ കാപ്പിയും, വടാ പാവും അടിച്ച് തല്‍ക്കാലം ക്ഷീണം മാറ്റി. ബാക്കി ഇനി കരയ്ക്ക് ചെന്നിട്ടാകാം.ക്യൂരിയോ ഷോപ്പ് ഒരെണ്ണമുണ്ട് അകത്ത്. വാങ്ങാന്‍ പറ്റിയ താല്‍പ്പര്യമുള്ളതൊന്നും അവിടെ കണാഞ്ഞതുകൊണ്ട് ഒന്നും വാങ്ങിയില്ല.

മടങ്ങുമ്പോള്‍ വെള്ളത്തില്‍ നിന്നും കാണുന്ന ഗേറ്റ് വേയുടെ ഒരു പടം എടുക്കാതിരിക്കാനായില്ല. കരയില്‍ നിന്നുള്ള പടം പലപ്രാവശ്യം എടുത്തിട്ടുള്ളതാണ്.

ഉച്ചഭക്ഷണം കൊളാബയിലെ സ്ഥിരം റസ്റ്റോറന്റായ കഫേ മോണ്‍‌ടേഗറില്‍ നിന്നു തന്നെയാക്കി. ചുമരിലെ കാര്‍ട്ടൂണുകളും,മച്ചിലെ പഴയ തടിയന്‍ ഫാനുകളും എല്ലാം കൂടെ വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കുന്നത്. വിദേശികളുടേയും, ഭാസ്ക്കരേട്ടനെപ്പോലുള്ള പഴയ നാവികന്മാരുടേയും, പുതിയ തലമുറക്കാരുടേയുമൊക്കെ പ്രിയപ്പെട്ട ഒരു ജോയന്റാണ് കഫേ മോണ്‍‌ടേഗര്‍.

വൈകീട്ട്, താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍, കൂറ്റന്‍ സ്റ്റീം എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിക്രാന്തിന്റെ എഞ്ചിന്‍ റൂമില്‍ കയറാന്‍ പറ്റിയില്ലെന്ന ദുഖം മാത്രം ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു.
-----------------------------------------------------
വിക്രാന്തിനെപ്പറ്റി കൂടുതല്‍ അറിയണമെന്നുള്ളവക്ക് വേണ്ടി ഒരു ലിങ്ക് ഇതാ.
http://www.globalsecurity.org/military/world/india/r-vikrant.htm