Wednesday 14 July 2010

ചപ്പോറ ഫോര്‍ട്ട്

‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍
1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16.
---------------------------------------------------

ഗോവയില്‍ ഇത് ഞങ്ങളുടെ രണ്ടാമത്തെ ദിവസമാണ്. കൃത്യമായി ചാര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, വാഹനം ഓടിച്ച് ബീച്ചുകളില്‍ നിന്ന് ബീച്ചുകളിലേക്ക് പോകാനും വഴിയില്‍ കാണുന്ന പള്ളികളിലും കോട്ടകളിലുമൊക്കെ കയറിയിറങ്ങാനുമായിരുന്നു പദ്ധതി. മുന്‍പ് പല പ്രാവശ്യം ഗോവയില്‍ വന്നപ്പോഴൊക്കെയും സ്വന്തം വാഹനത്തിലല്ല വന്നത് എന്നത് ഒരു ന്യൂനതയായി ഞങ്ങള്‍ക്ക് അനുവപ്പെട്ടിരുന്നു. ലക്ഷ്യമൊന്നും ഇല്ലാതെ കറങ്ങിനടക്കണമെങ്കില്‍ സ്വന്തം വാഹനത്തിലായിരിക്കണം യാത്ര. ഗോവയുടെ തീരദേശത്തേക്ക് ചെല്ലുന്നതോടെ ഓട്ടോറിക്ഷകളേയും മറ്റും ആശ്രയിച്ച് സമയവും ധനവും നഷ്ടപ്പെടുത്തുന്നതിലും ഭേദം വാടകയ്ക്ക് ഒരു ബൈക്കോ സ്ക്കൂട്ടറോ എടുത്ത് അതില്‍ യാത്ര ചെയ്യുന്നതാവും. 500 രൂപ കൊടുത്താല്‍ ഗിയറില്ലാത്ത ഇരുചക്രവാഹനവും 1000 രൂപ കൊടുത്താല്‍ ഗിയറുള്ള വണ്ടികളും ദിവസവാടകയ്ക്ക് ലഭ്യമാണ് ഗോവയില്‍. വാഹനം വാടകയ്ക്ക് എടുക്കുന്നവര്‍ ഇന്ധനം സ്വന്തം ചിലവില്‍ അടിക്കണമെന്ന് മാത്രം.

രാവിലെ തന്നെ ഓസ്‌ബോണ്‍ ഹോട്ടലില്‍ നിന്നിറങ്ങി. രാവേറെ ചെല്ലുന്നതുവരെയുള്ള ആഘോഷങ്ങള്‍ കഴിഞ്ഞ് രാവിലെ തുറക്കുന്ന ഭോജനശാലകള്‍ വിരളമാണ്. റോഡരുകില്‍ കണ്ട കമ്മത്ത് ഹോട്ടലില്‍ നിന്ന് പ്രാതല്‍ കഴിച്ച് പുതിയ ബീച്ചുകളിലേക്കുള്ള യാത്ര തുടര്‍ന്നു.

സിന്‍‌ക്വേരിം(Sinquerim), കാന്‍ഡോലിം(Candolim), കലാഗ്യൂട്ട് (Calangute), ബാഗ(Baga), അന്‍‌ജുന(Anjuna), വാഗത്തോര്‍(Vagator), മോര്‍ജിം(Morjim), (Mandream) ആഷ്‌വെം(Ashwem), അരാംബോള്‍(Arambol)‍, കേരി(Keri), എന്നിവയാണ് വടക്കന്‍ ഗോവയിലെ പ്രധാന ബീച്ചുകള്‍. ഇതില്‍ അന്‍‌ജുന, വാഗത്തോര്‍, ബാഗ എന്നീ ബീച്ചുകളിലെങ്കിലും പോകണമെന്നതായിരുന്നു ലക്ഷ്യം. അന്‍‌ജുനയിലും ബാഗയിലും ഞാന്‍ ഇതിന് മുന്‍പ് പോയിട്ടുണ്ടെങ്കിലും മുഴങ്ങോടിക്കാരിക്കും നേഹയ്ക്കും ഇത് ആദ്യത്തെ സന്ദര്‍ശനമാണ്.

കലാഗ്യൂട്ടില്‍ നിന്ന് ബാഗ ബീച്ചിലേക്കും അവിടെ നിന്ന് അന്‍‌ജുന ബീച്ചിലേക്കുമൊക്കെ നാട്ടുവഴികളിലൂടെ കറങ്ങിനടക്കുമ്പോള്‍ വഴിതെറ്റിപ്പോകുമോ, വന്ന വഴി തിരിച്ച് പിടിക്കാന്‍ പറ്റുമോ എന്നൊക്കെയുള്ള വേവലാതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അതിന് നന്ദി പറയേണ്ടത് നേവിഗേറ്ററിനോട് തന്നെയാണ്. യാതൊരു ബേജാറുമില്ലാതെ കണ്ണില്‍ക്കണ്ട വഴികളിലൂടൊക്കെ കറങ്ങിനടക്കാന്‍ നേവിഗേറ്റര്‍ തന്ന ധൈര്യം എടുത്ത് പറയേണ്ടതാണ്.
അന്‍‌ജുന ബീച്ച് - ഒരു ദൃശ്യം
അന്‍‌ജുന ബീച്ചിലേക്കുള്ള വഴി, ഓം ബീച്ചിലെ പോലെ ഉയരമുള്ള ചെങ്കല്‍ കുന്നിലാണ് ചെന്നവസാനിക്കുന്നത്. കടല്‍ത്തീരത്തും നിറയെ ചെങ്കല്ലുകളാണ്. വാഹനത്തില്‍ ചെന്നിറങ്ങുമ്പോള്‍ പാറയുടെ മുകളില്‍ നിന്ന് താഴേക്ക് കാണുന്ന ബീച്ചിലെ വെള്ളവും മറ്റുള്ള ബീച്ചുകളെ അപേക്ഷിച്ച് കറുത്ത തീരവും താഴേയ്ക്ക് ഇറങ്ങണമെന്ന് തോന്നല്‍ ഞങ്ങളില്‍ ആര്‍ക്കും ഉണ്ടാക്കിയില്ല. ദൂരേക്ക് നോക്കുമ്പോള്‍ മുകളില്‍ നിന്ന് കടല്‍ കാണാമെന്നതും കടല്‍ക്കരയടക്കമുള്ള ഭൂപ്രകൃതി ഉയരത്തില്‍ നിന്ന് ആസ്വദിക്കാമെന്നുമുള്ളതാണ് അന്‍‌ജുനയുടെ പ്രത്യേകത. ബീച്ചില്‍ ഇപ്പോള്‍ ഭോജനശാലകളും ടാറ്റൂ ഷോപ്പുകളും മറ്റ് കച്ചവട സ്ഥാപനങ്ങളുമൊക്കെയായി, 5 വര്‍ഷം മുന്‍പ് ഞാന്‍ കണ്ടിട്ടുള്ളതിനേക്കാള്‍ തിരക്കാണ്.
അന്‍‌ജുന ബീച്ച് - ഒരു ഭോജനശാലയില്‍ നിന്നുള്ള ദൃശ്യം
താല്‍ക്കാലിക ടാറ്റൂ ഒരെണ്ണം കുത്തിയാലോന്ന് മുഴങ്ങോടിക്കാരിക്ക് ഒരു ആലോചന ഇല്ലാതിരുന്നില്ല. ടാറ്റൂ കുത്തുന്ന ആര്‍ട്ടിസ്റ്റ് തന്നെയാണ് തൊട്ടടുത്ത് കരിക്ക് വില്‍ക്കുന്നതും. കരിക്ക് കടയിലെ തിരക്ക് കാരണം ടാറ്റൂ കുത്താന്‍ സമയം മെനക്കെടുത്തേണ്ടി വന്നില്ല. സ്ഥിരമായിട്ട് ഒരു ടാറ്റൂ കൈയ്യിലുള്ളതുകൊണ്ട് എനിക്ക് കാര്യമായ നഷ്ടബോധം തോന്നിയതുമില്ല.

ഇന്നത്തെ കാലത്ത് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു അടയാളമെന്ന നിലയ്ക്ക് ടാറ്റൂ ഒന്നെങ്കിലുമുള്ളത് നല്ലതു തന്നെയാണെന്നാണ് എന്റെ അഭിപ്രായം. ഒരു ബസ്സ് യാത്ര, അല്ലെങ്കില്‍ ഒരു തീവണ്ടി യാത്ര, അതുമല്ലെങ്കിലൊരു വിമാനയാത്ര.... ഇതിലെപ്പോഴെങ്കിലും യന്ത്രത്തകരാറുമൂലമോ, സഹജീവികളില്‍ ചിലരുടെ അതിരുകടന്ന രാഷ്ട്രീയത്തിന്റെ ഭാഗമായോ, മതഭ്രാന്തിന്റെ ഭാഗമായോ ചിന്നിച്ചിതറിപ്പോകാനുള്ളതേയുള്ളൂ ആറ്റുനോറ്റ് നമ്മള്‍ കൊണ്ടുനടക്കുന്ന ഈ ഭൌതികശരീരം. പെറുക്കിക്കൂട്ടിയെടുത്ത് വീട്ടുകാര്‍ക്കെത്തിച്ച് കൊടുക്കേണ്ട ആവശ്യത്തിലേക്ക് ചിലപ്പോള്‍ ടാറ്റൂ സഹായകമായെന്ന് വരും.

എന്റെ അച്ഛന്റെ കൈത്തണ്ടയിലും ഉണ്ടായിരുന്നു ഒരു ടാറ്റൂ. അതായിരുന്നു യാഥാര്‍ത്ഥ പച്ചകുത്ത്. അതില്‍ പച്ചനിറം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിറങ്ങള്‍ കുത്താമെന്നുള്ള സാങ്കേതിക വിദ്യ പഴയ കാലത്തുണ്ടായിരുന്നെങ്കില്‍ അച്ഛനും എന്നെപ്പോലെ കളര്‍ ടാറ്റൂ തന്നെ കുത്തുമായിരുന്നിരിക്കണം. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുന്നേ ശബരിമലയില്‍ നിന്നാണ് അച്ഛന്‍ പച്ചകുത്തിയതെന്ന് എനിക്കോര്‍മ്മയുണ്ട്. ജടയില്‍ ഗംഗയേയും കഴുത്തില്‍ പാമ്പുകളേയും പേറി നില്‍ക്കുന്ന മുക്കണ്ണന്റെ മനോഹരമായ ചിത്രമായിരുന്നു ആ ടാറ്റുവില്‍. ആവശ്യമുള്ളതും ഇല്ലാത്തതുമായ ആയിരക്കണക്കിന് ഫോട്ടോകള്‍ കൈവശമുള്ള എന്റടുത്ത് ആ മുക്കണ്ണന്‍ ടാറ്റൂവിന്റെ ഒരു പടം പോലുമില്ല. ഇനിയൊരിക്കലും അങ്ങനൊരു പടമെടുക്കാന്‍ എനിക്കാവുകയുമില്ല.
വാഗത്തോര്‍ ബീച്ച് - ഒരു ദൃശ്യം
അല്‍പ്പനേരം കൂടെ അന്‍‌ജുന ബീച്ചില്‍ കറങ്ങിനിന്നതിനുശേഷം വാഗത്തോര്‍ ബീച്ചിലേക്ക് തിരിച്ചു. അതിനിടയ്ക്ക് മാപുസ എന്നത് ഒരു ബീച്ചിന്റെ പേരാണ് എന്ന് തെറ്റിദ്ധരിച്ച് അവിടേയ്ക്ക് എത്താന്‍ ഒരു ശ്രമം നടത്തുകയുണ്ടായെങ്കിലും അധികം വൈകാതെ മാപുസ എന്നത് ഒരു ബീച്ചല്ല എന്ന് മനസ്സിലാക്കാനായി. ഹൈവേയിലേക്ക് പോകുന്ന വഴിക്കുള്ള ഒരു സ്ഥലത്തിന്റെ പേരാണ് മാപുസ.

വാഗത്തോര്‍ ബീച്ചില്‍ ചെന്നാലുടനെ ലക്ഷ്യമിട്ടിരുന്നത് അമീര്‍ ഖാന്റെ ‘ദില്‍ ചാഹ്‌താ ഹെ’ എന്ന ഹിറ്റ് ഹിന്ദി സിനിമയില്‍ കണ്ടിട്ടുള്ള ചപ്പോറ ഫോര്‍ട്ട് കണ്ടുപിടിക്കുക എന്നതായിരുന്നു. വാഗത്തൂര്‍ ബീച്ചില്‍ നിന്ന് കുറേ മാറി ബീച്ചിന്റെ പശ്ചാത്തലത്തിന് മാറ്റുകൂട്ടി കുന്നിന്‍ മുകളിലായി ചപ്പോറ ഫോര്‍ട്ട് തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. ഇനി അങ്ങോട്ടുള്ള വഴി കണ്ടുപിടിച്ചാല്‍ മതി.
വാഗത്തോര്‍ ബീച്ച് - പശ്ചാത്തലത്തില്‍ ചപ്പോറ ഫോര്‍ട്ട്
കോട്ടയിലേക്കുള്ള വഴി അവിടവിടെയായി എഴുതിവെച്ചിട്ടുണ്ട്. കുന്നിന്റെ താഴെ വരെ കാറ് ചെന്നെത്തി. പിന്നീടങ്ങോട്ട് കയറ്റമാണ്. കോട്ടമതില്‍ കുന്നിന്‍ മുകളിലായി കാണാം. പക്ഷെ അങ്ങോട്ട് കയറിച്ചെല്ലാനുള്ള വഴി അത്ര കൃത്യമായിട്ടൊന്നും കാണുന്നില്ല. എന്തായാലും കുന്നിന്‍മുകളിലേക്ക് എല്ലാവരും നടന്നുകയറി.
ചപ്പോറ കോട്ടയിലേക്ക് കുത്തനെയുള്ള കയറ്റം.
ചപ്പോറ ഫോര്‍ട്ട് - കുറേക്കൂടെ അടുത്ത്
വഴി കൃത്യമായി കാണാനോ പ്രധാന കവാടത്തിലേക്കുള്ള പാതയോ കാണാതെയുള്ള കയറ്റമായതുകൊണ്ട് കോട്ട മതിലിനെ ചുറ്റി താഴെയുള്ള കൊല്ലിയില്‍ വീഴാതെ അല്‍പ്പം സാഹസികമായിട്ട് തീരത്തോട് ചേര്‍ന്നുള്ള കോട്ടമതിലിലൂടെ വലിഞ്ഞ് കയറിയാണ് ഞങ്ങള്‍ മൂവരും കോട്ടയ്ക്കുള്ളിലെത്തിയത്.
കോട്ടയെ ചുറ്റിയുള്ള അപകടകരമായ വഴി
കോട്ടയ്ക്കകത്ത് ഒരു റഷ്യന്‍ ചെറുപ്പക്കാരി ക്യാമറ ടൈമറില്‍ ക്രമീകരിച്ച് സ്വയം പോസ് ചെയ്ത് പടങ്ങളെടുക്കുന്ന തിരക്കിലാണ്. പരിചയമില്ലാത്ത ഒരു രാജ്യത്ത് ഒറ്റപ്പെട്ട് ആളൊഴിഞ്ഞ ഒരിടത്തുള്ള കോട്ടയ്ക്കുള്ളില്‍ തനിയെ ചെന്നുകയറി ഇതുപോലെ സമയം ചിലവഴിക്കുന്ന വിദേശി വനിതയുടെ ധൈര്യം സമ്മതിച്ച്കൊടുത്തേ പറ്റൂ. ഗോവയില്‍ വിദേശി വനിതകള്‍ക്ക് നേരെ നടന്നിട്ടുള്ള അക്രമങ്ങള്‍ ചിലതിനെപ്പറ്റി ഈ റഷ്യക്കാരിക്ക് അറിയില്ലെന്ന് നിശ്ചയം.
കോട്ടയ്ക്കകത്തെ ധൈര്യശാലിയായ റഷ്യക്കാരി

കോട്ടയുടെ ഒരു പാര്‍ശ്വവീക്ഷണം
എന്തായാലും മനസ്സില്‍ ആഗ്രഹിച്ചതുപോലെ ‘ദില്‍ ചാഹ്‌താ ഹെ‘ കോട്ടയില്‍ എത്തിപ്പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. സിനിമയിലെ, അമീര്‍ഖാനും സുഹൃത്തുക്കളും ചേര്‍ന്നുള്ള പല ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തി. പ്രസ്തുത സിനിമ അവസാനിക്കുന്നതും ചപ്പോറ ഫോര്‍ട്ടില്‍ത്തന്നെയാണ്.
അമീര്‍ ഖാനും കൂട്ടരും ഇവിടെയല്ലേ കടലും നോക്കി ഇരുന്നിരുന്നത് ?
ബീജാപ്പൂരിലെ ആദ്യത്തെ ഭരണാധികാരിയായ അദില്‍ ഷാ(Adil Shah) ആണ് ചെങ്കല്ലുകൊണ്ടുള്ള ഈ കോട്ട പണിതീര്‍ത്തത്. അക്കാരണം കൊണ്ട് ‘ഷാ പുര‘ എന്ന പേരിലും കോട്ട അറിയപ്പെട്ടിരുന്നു. അദില്‍ ഷായുടെ കാലശേഷം കോട്ട നശിപ്പിക്കപ്പെടുകയും പിന്നീട് 1617 ല്‍ പോര്‍ച്ചുഗീസുകാര്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. 1892 കാലഘട്ടത്തില്‍ പോര്‍ച്ചുഗീസുകാരാല്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായി കോട്ട. പിന്നീടങ്ങോട്ട് കോട്ടയുടെ ഉപയോഗം ആര്‍ക്കും ഉണ്ടായിട്ടുമില്ല.
കോട്ടയില്‍ നിന്ന് വെളിയിലേക്കുള്ള ഒരു ദൃശ്യം
മറ്റ് പല കോട്ടകളെപ്പറ്റിയെന്നപോലെ തന്നെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ ചപ്പോറ ഫോര്‍ട്ടിനും ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അങ്ങനൊന്നും അവിടെ കാണാന്‍ എനിക്കായില്ല. പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലൊന്നുമല്ല കോട്ടയെങ്കിലും നോട്ടക്കുറവിന്റേതായ കേടുപാടുകള്‍ സംഭവിട്ടുണ്ട് താനും. ടൂറിസത്തില്‍ നിന്ന് കോടികള്‍ വരുമാനം ഉണ്ടാക്കുന്ന ഗോവന്‍ സര്‍ക്കാറിന് ചപ്പോറ ഫോര്‍ട്ടിനെ നല്ല രീതിയില്‍ സംരക്ഷിക്കുന്നതുമൂലം കൂടുതല്‍ ടൂറിസ്റ്റുകളെ കോട്ടയിലേക്ക് ആകര്‍ഷിക്കാന്‍ പറ്റുമെന്നിരിക്കെ അത് ചെയ്യാത്തതെന്താണെന്ന് മാത്രം ഒരു പിടിയും കിട്ടിയില്ല.
കോട്ടയില്‍ നിന്നുള്ള കടലിന്റെ മനോഹരമായ ഒരു ദൃശ്യം
തകര്‍ന്ന കോട്ടമതിലും കടലിലേക്കുള്ള ദൃശ്യവും
കോട്ടയ്ക്ക് വെളിയിലേക്കുള്ള മറ്റൊരു ദൃശ്യം
ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളുടെയെല്ലാം 360 ഡിഗ്രിയിലുള്ള വീക്ഷണം കോട്ടയ്ക്കകത്തുനിന്ന് സാദ്ധ്യമാണ്. കോട്ടയില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഇരുവശങ്ങളിലുമായി കാണുന്ന തീരങ്ങളുടെ മനോഹാരിതയുടെ മാറ്റ് പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണ്. കോട്ടയിലെത്തിയാല്‍ ദൂരെ കടലിന്റെ നീലപ്പരപ്പിലേക്ക് നോക്കി എത്രനേരം വേണമെങ്കിലും ആ കോട്ടമതിലില്‍ ഇരിക്കാന്‍ ഏകാന്തതയെ പ്രണയിക്കുന്ന ഏതൊരാള്‍ക്കുമാവും.
കോട്ടയ്ക്ക് വെളിയിലെ മറ്റൊരു കാഴ്ച്ച
മറ്റൊരു ദൃശ്യം
ഉണങ്ങിയ പുല്ലുകളും പാറകളുമാണ് കോട്ടയ്ക്കകം നിറയെ

കോട്ടയുടെ പ്രധാന കവാടം
അല്‍പ്പനേരം കൂടെ കോട്ടയ്ക്കകത്ത് ചുറ്റിക്കറങ്ങിയപ്പോളാണ് കോട്ടയുടെ ശരിക്കുള്ള കവാടം കണ്ടുപിടിക്കാനായത്. പെട്ടെന്ന് കുറേ പെണ്‍കുട്ടികളും സ്ത്രീകളും ആ വഴി കോട്ടയിലേക്ക് വന്നുകയറി. കോട്ടയ്ക്കകം ശബ്ദമുഖരിതമായി. റഷ്യക്കാരി ഇപ്പോഴും ഫോട്ടോയെടുപ്പ് നിര്‍ബാധം തുടരുകയാണ്. ബീച്ചിലൊക്കെ യഥേഷ്ടം കറങ്ങാമെന്ന് പറഞ്ഞ് ഗോവയിലേക്കെത്തിയിട്ടും അച്ഛനും അമ്മയും കോട്ടകളില്‍ സമയം ചിലവഴിക്കുന്നതിന്റെ പ്രതിഷേധം നേഹയുടെ മുഖത്ത് തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ പതുക്കെ കോട്ടയില്‍ നിന്നിറങ്ങി കാറിലേക്ക് നടന്നു.
കോട്ടയിറങ്ങി, കുന്നിറങ്ങി കടല്‍ത്തീരത്തേക്ക്
ഉച്ചഭക്ഷണം വാഗത്തൂര്‍ ബീച്ചില്‍ നിന്ന് തന്നെ കഴിക്കാമെന്നാണ് ആദ്യം കരുതിയതെങ്കിലും ഭക്ഷണത്തിന് സമയമായിട്ടില്ല എന്നതുകൊണ്ട് കന്‍‌ഡോലിം ബീച്ചിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ഇന്നലെ കലാഗ്യൂട്ട് ബീച്ചില്‍ നില്‍ക്കുമ്പോള്‍ തെക്ക് ദിശയില്‍ ദൂരെയായി കടല്‍ക്കരയോട് ചേര്‍ന്ന് ഒരു കപ്പല്‍ കണ്ടതോര്‍മ്മയുണ്ട്. കന്‍ഡോലിം ബീച്ചിലാണ് ആ കപ്പലുള്ളത്.

അങ്ങോട്ടുള്ള വഴിയിലൂടെ ഒറ്റയടിക്ക് വണ്ടിയോടിച്ച് പോകാനൊന്നും ഞങ്ങള്‍ക്ക് ഉദ്ദേശമില്ലായിരുന്നു. ഇടവഴികളികല്‍ കയറി ഇറങ്ങി എന്തെങ്കിലും അസാധാരണ കാഴ്ച്ചകള്‍ കിട്ടാനാകുമെങ്കില്‍ അതൊക്കെയും തരപ്പെടുത്തുക. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘വെട്ടുവഴി തെങ്ങുകേറല്‍’.

ചുറ്റിക്കറങ്ങി ചാപ്പോറയിലെ ഒരു കൊച്ചു ഹാര്‍ബറില്‍ ചെന്നെത്തി. ബീച്ച് ഷാക്കുകളില്‍ ചെന്നിരിന്ന് അകത്താക്കുന്ന കടല്‍ മീനുകളും മറ്റും കരയില്‍ വന്നുചേരുന്ന തീരമാണത്.
മത്സ്യബന്ധന ബോട്ടുകള്‍ അടുക്കുന്ന ഒരു കടവ്

ഗ്രാമീണ വഴിയോരങ്ങളില്‍ ചില വീടുകള്‍ക്ക് മുന്നിലും കടകള്‍ക്ക് മുന്നിലുമെല്ലാം പ്ലാസ്റ്റിക്ക് കുപ്പികളില്‍ ഓറഞ്ച് നിറത്തിലുള്ള ദ്രാവകം വെച്ചിരിക്കുന്നത് വില്‍പ്പനയ്ക്ക് തന്നെ ആണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ കടകളോ മറ്റോ ഇല്ലാത്ത സ്ഥലങ്ങളിലും ഇതുപോലെ ഓറഞ്ച് ദ്രാവകം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ഗോവയിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്. വല്ല നാടന്‍ ജ്യൂസോ മറ്റോ ആകാം, അല്ലെങ്കില്‍ ഫെനിയുടെ തന്നെ വല്ല വകഭേദവും ആകാം എന്നാണ് കരുതിപ്പോന്നത്. കുറെയധികം കറങ്ങിനടന്നിട്ടാണ് ഓറഞ്ച് ദ്രാവകത്തിന്റെ രഹസ്യം മനസ്സിലാക്കാനായത്. ഗോവയില്‍ ബൈക്ക് സ്ക്കൂട്ടര്‍ എന്നതൊക്കെ യഥേഷ്ടം വാടകയ്ക്ക് ലഭിക്കും. നൂറുകണക്കിന് വിദേശികളും സ്വദേശികളുമൊക്കെയാണ് വാടകയ്ക്കെടുത്ത ഇത്തരം ഇരുചക്രവാഹനങ്ങളില്‍ ചുറ്റിയടിച്ച് നടക്കുന്നത്. ഇവര്‍ക്ക് വാഹനത്തില്‍ ഒഴിക്കാനുള്ള പെട്രോളാണ് ഓറഞ്ചുനിറത്തില്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ വിശ്രമിക്കുന്നത്. വെട്ടുവഴി തെങ്ങുകയറ്റത്തിനിടയില്‍ പെട്രോള്‍ അടിക്കാനായി പട്ടണത്തിലേക്ക് പോകാന്‍ ആര്‍ക്കാണ് സമയം. ആ ബുദ്ധിമുട്ടിന്റെ വാണിജ്യസാദ്ധ്യത ഇവിടെ മുതലെടുക്കപ്പെടുകയാണെങ്കിലും ഇങ്ങനെ വഴിയരുകില്‍ വെച്ച് പെട്രോള്‍ വില്‍ക്കുന്നത് നിയമാനുസൃതവും സുരക്ഷിതവും ആണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

മനോഹരമായ ഒരു അമ്പലമോ മറ്റോ ആണെന്ന് കരുതി കാറ് നിര്‍ത്തി ഞാന്‍ ചെന്ന് കയറിയത് ഒരു കമ്മ്യൂണിറ്റി ഹാളില്‍ ആയിരുന്നു. ഒരു കെട്ടിടം കണ്ടിട്ട് അത് ഇന്നതായിരിക്കും എന്ന് കൃത്യമായി പറയാന്‍ പറ്റിയെന്ന് വരില്ല പറങ്കികളുടെ ഈ പഴയ കോളനിയില്‍. അമ്പലങ്ങള്‍ക്ക് പലതിനും പള്ളിയുടെ മാതൃകയാണ് ഇവിടെ.

കലാഗ്യൂട്ടില്‍ നിന്ന് അഗ്വാഡ വരെയുള്ള വഴിയിലൂടെ പോകുമ്പോള്‍ പാര്‍ക്കിങ്ങ് കിട്ടുന്ന ഏവിടെയും വാഹനം നിര്‍ത്തി കെട്ടിടങ്ങള്‍ക്കിടയിലൂടെ ബീച്ചിലേക്ക് കടക്കാം. എല്ലായിടത്തും ബീച്ച് ഷാക്കുകള്‍ സുലഭമാണ്. ഇതേ വഴിയില്‍ത്തന്നെ എവിടെയോ ആണ് മദ്യരാജാവ് വിജയ് മല്ലിയയുടെ ഗോവയിലെ ബംഗ്ലാവായ ‘കിങ്ങ് ഫിഷര്‍ ഹൌസ് ’ എന്ന് ഏതോ ഇന്‍ ഫ്ലൈറ്റ് മാഗസിനില്‍ കണ്ടതോര്‍മ്മയുണ്ട്. ബംഗ്ലാവിന്റെ ഉള്‍ഭാഗത്തെ ചിത്രങ്ങളടക്കം മോഹിപ്പിക്കുന്ന ഒരു വിവരണമായിരുന്നു അത്.
കിങ്ങ് ഫിഷര്‍ ഹൌസിന്റെ ഉയരമുള്ള ഗേറ്റ്
റോഡരുകില്‍ നിന്ന് ബംഗ്ലാവിന്റെ കൂറ്റന്‍ ഗെയിറ്റ് മാത്രം കാണാം. ഗെയിറ്റിനും കെട്ടിടത്തിനും അപ്പുറം എല്ലാവര്‍ക്കും പ്രാപ്യമായ ബീച്ച്. കെട്ടിടത്തിനകത്ത് ധനവാനായ മല്ലിയയ്ക്ക് മാത്രം പ്രാപ്ര്യമായ സുഖസൌകര്യങ്ങള്‍. നമ്മളെപ്പോലുള്ളവര്‍ക്ക് എത്തിപ്പിടിക്കാവുന്ന സൌകര്യങ്ങളൊക്കെയുള്ള ബീച്ച് ഷാക്കുകളില്‍ മല്ലിയ തന്നെ നിര്‍മ്മിച്ച് കുപ്പിയിലാക്കി ഇറക്കുന്ന കടുക്കവെള്ളത്തോടൊപ്പം രുചികരമായ സീഫുഡ് വിഭവങ്ങള്‍ ഞങ്ങളേയും കാത്തിരിക്കുകയാണ്. നേരെ ‘രാമാസ് ‘ ബീച്ച് ഷാക്കില്‍ ചെന്ന് കയറി.
ബീച്ച് ഷാക്ക് - ഗോവന്‍ ബീച്ചുകളിലെ പ്രധാന ആകര്‍ഷണം
ഭക്ഷണവും കടുക്കവെള്ളവുമൊക്കെ ഓര്‍ഡര്‍ ചെയ്ത് മേശ ബുക്ക് ചെയ്ത് ബീച്ചിലേക്കിറങ്ങി. കലാഗ്യൂട്ടില്‍ നിന്ന് കാണുന്ന കപ്പലിപ്പോള്‍ വളരെ അടുത്തുതന്നെയുണ്ട്. കരയില്‍ നിന്ന് 100 അല്ലെങ്കില്‍ 150 മീറ്റര്‍ ദൂരമേ അതിലേക്കുള്ളൂ. ചില വിദേശികള്‍ അതിലേക്ക് നെഞ്ചൊപ്പം വെള്ളത്തില്‍ നടന്നുപോകുന്നുണ്ട്. തീരത്തെ കരയില്‍ ഉറച്ച് പോയിരിക്കുകയാണ് ‘റിവര്‍ പ്രിന്‍സസ്സ് ’ എന്ന ആ ഹതഭാഗ്യ. കരയിലേക്ക് ഒന്നുരണ്ട് വടം ഉപയോഗിച്ച് അവളെ കെട്ടി നിര്‍ത്തിയിട്ടുണ്ട്‍. തിരകളടിച്ചുണ്ടാകുന്ന മണല്‍ത്തിട്ടയ്ക്ക് കപ്പലിന്റെ ഒരുവശത്ത് കനം വെക്കുന്നതോടെ ഭാവിയില്‍ അവള്‍ കടലിലേക്ക് മറിഞ്ഞെന്നും വരാം.
കരയില്‍ ഉറച്ചുപോയ ‘റിവര്‍ പ്രിന്‍സസ്സ് ‘ എന്ന കപ്പല്‍
വര്‍ഷങ്ങള്‍ കുറെയായി അവള്‍ ആ കിടപ്പ് കിടക്കുന്നു. 2000 ല്‍ ആണ് കപ്പല്‍ കരയ്ക്കടിഞ്ഞത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തിരകള്‍ അവളെ കരയോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. ഇന്‍ഷൂറന്‍സ് കമ്പനിയുടെ നിയമ നൂലാമാലകള്‍ കാരണം, കപ്പലിനെ പൊളിച്ച് വിറ്റ് ആക്രിവില പോലും മുതലാക്കാന്‍ പറ്റാത്ത അവസ്ഥയായിത്തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഒരു കപ്പല്‍ക്കമ്പനിക്ക് കോടികള്‍ നഷ്ടം സഹിക്കേണ്ടി വന്നിട്ടുണ്ടാകുമെങ്കിലും റിവര്‍ പ്രിന്‍സസ്സിന്റെ തീരത്ത് അണഞ്ഞുള്ള ഈ കിടപ്പ് കന്‍‌ഡോലിം ബീച്ചിന് ഒരു രാജ പ്രൊഢിയാണ് നല്‍കിയിരിക്കുന്നത്.
സണ്‍ ബാത്ത്, കപ്പല്‍, പാര സര്‍ഫിങ്ങ് - കന്‍‌ഡോലിം ബീച്ചിലെ ഒരു കാഴ്ച്ച
എന്നിരുന്നാലും റിവര്‍ പ്രിന്‍സസ്സിനെപ്പറ്റി ഇപ്പോള്‍ പറഞ്ഞ് കേള്‍ക്കുന്നത് അത്ര നല്ല കാര്യങ്ങളൊന്നുമല്ല. ഗോവയിലെ മയക്കുമരുന്ന് കൈമാറ്റങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി ഇവളുടെ ഉള്ളറകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ആരോപണങ്ങള്‍. ഇക്കാര്യത്തെ ചൊല്ലി ഗോവന്‍ അസംബ്ലിയില്‍ ഇടയ്ക്കിടയ്ക്ക് ഒച്ചപ്പാടും ബഹളവും ഒക്കെ ഉണ്ടായിട്ടുമുണ്ട്.
കന്‍‌ഡോലിം ബീച്ചിലെ വാട്ടര്‍ സ്കൂട്ടറുകള്‍
സ്ഥലം ഗോവയായതുകൊണ്ട് മയക്കുമരുന്നിന്റെയൊക്കെ കാര്യത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ചുമ്മാതങ്ങ് തള്ളിക്കളയാനും പറ്റില്ല. നമ്മളൊക്കെ വിചാരിക്കുന്നതിലും മനസ്സിലാക്കിയിരിക്കുന്നതിലുമൊക്കെ വലിയ ഡ്രഗ്ഗ് മാഫിയകള്‍ ഗോവന്‍ ഗ്രാമങ്ങളെ വരെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. ഇടപെടാതെ, കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ ഒരു ടൂറിസ്റ്റ് മാത്രമായി നടന്നാല്‍ ഗോവ ഒരു പറുദീസ തന്നെ. അല്ലെങ്കില്‍ പരലോകത്തേക്കുള്ള പാസ്സ്പ്പോര്‍ട്ട് എളുപ്പം കിട്ടുന്ന ഒരിടം.

ബീച്ച് ഷാക്കുകളില്‍ ഒന്നില്‍ നിന്ന് കടലിലേക്കും, തിരകളോട് തോറ്റ കപ്പലിലേക്കും ദൃഷ്ടി പതിപ്പിച്ച് കടല്‍ക്കാറ്റേറ്റ് ‍ഇരിക്കുമ്പോള്‍, സൂപ്പര്‍ സോണിക്ക് വേഗതയില്‍ പായുന്ന ജീവിതത്തിന്റെ സ്ഥിരഗതിയില്‍ നിന്ന് തെന്നിമാറി മറ്റേതോ മനോഹരലോകത്ത് ഒളിവില്‍ കഴിയുന്ന ഒരു അവസ്ഥയാണ് കൈവരുന്നത്.

കന്‍‌ഡോലിം ബീച്ചില്‍ വിദേശികളാണ് അധികവും. എല്ലാവരും സൂര്യതാപം ഏറ്റ് ശരീരഭംഗി വര്‍ദ്ധിപ്പിക്കാനായി ടാന്‍ ഓയല്‍ തേച്ച് കിടക്കുന്നവര്‍ തന്നെ. വാട്ടര്‍ സ്ക്കൂട്ടര്‍, ബനാന റൈഡ് എന്നിങ്ങനെയുള്ള സാഹസിക വിനോദങ്ങള്‍ ധാരാളമായി ഇവിടെയും ഉണ്ടെങ്കിലും മറ്റ് ബീച്ചുകളില്‍ കാണാന്‍ പറ്റാതിരുന്ന വിന്‍ഡ് സര്‍ഫിങ്ങ് ഇവിടെക്കാണാനായി. കാലില്‍ സര്‍ഫ് ബോര്‍ഡ് ഉറപ്പിച്ച് കൈകളില്‍ ഉയര്‍ന്ന് പറക്കുന്ന ഗ്ലൈഡറിനെ നിയന്ത്രിച്ച് കടല്‍ത്തിരകളുടെ മുകളിലൂടെ തെന്നിനീങ്ങുവാന്‍ അസാമാന്യ മെയ്‌വഴക്കം ആവശ്യമാണെന്നാണ് എനിക്ക് തോന്നിയത്. ഒരിക്കല്‍ പാരാ സെയിലിങ്ങ് നടത്തി അതിന്റെ ആവേശം മുഴുവന്‍ അനുഭവിച്ചിട്ടുള്ളതുകൊണ്ട് വിന്‍ഡ് സര്‍ഫിങ്ങ് നടത്തിക്കൊണ്ടിരിക്കുന്ന ഭാഗ്യവാന്റെ മാനസ്സിക ഉല്ലാസം കുറേയൊക്കെ എനിക്ക് ഊഹിക്കാനാവും. വടക്കുദിശയില്‍ കടലിലൂടെ തെന്നിത്തെന്നി കപ്പലിന്റെ അടുത്ത് വന്ന് അയാള്‍ യാത്ര അവസാനിപ്പിക്കുന്നു. വീണ്ടും ഗ്ലൈഡറുമായി തീരത്തൂടെ നടന്ന് തെക്ക് ദിശയില്‍ ചെന്ന് കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ഗ്ലൈഡര്‍ നിയന്ത്രിച്ച് കടല്‍പ്പരപ്പിലൂടെ ചടുലമായ നീക്കം. കണ്ടിരുന്നാല്‍ത്തന്നെ ആവേശം അണപൊട്ടുള്ള കാഴ്ച്ചയാണത്.
ബീച്ച് ഷാക്കിലിരുന്ന് ഒരു മയക്കം
പതിവുപോലെ ഷാക്കിലെ സീ ഫുഡ് രുചിയോടെ അകത്താക്കി. ചപ്പോറ ഫോര്‍ട്ടിലേക്കുള്ള കയറ്റവും ബീച്ചിലെ കളികളുമൊക്കെയായി നേഹ അല്‍പ്പം ക്ഷീണതയാണ്. ഇളം കാറ്റേറ്റ് ആ കസേരകളിലൊന്നില്‍ മയങ്ങുന്നതിന് ബീച്ച് ഷാക്കുകാര്‍ ആരും തടസ്സം പറയില്ല. അവര്‍ക്ക് അതൊക്കെ സന്തോഷം തന്നെ.

നേഹയ്ക്കൊപ്പം ഞാനും അല്‍പ്പസമയം കണ്ണടച്ചു. സ്ഥാവരജംഗമ വസ്തുക്കള്‍ക്ക് കാവലിന് ‘റിവര്‍ പ്രിന്‍സസ്സും‘ മുഴങ്ങോടിക്കാരിയും ഉണ്ടല്ലോ.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

24 comments:

  1. ഹോ.. .അങ്ങിനെ ചപ്പോറ ഫോർട്ടും ഗോവൻ ബീച്ച് ഷാക്കുകളും കണ്ടു. ഇനി ഞാൻ സ്വപ്നം കണ്ട് ഒന്ന് ഉറങ്ങട്ടെ...

    ReplyDelete
  2. ഈ ഭൌതികശരീരം. പെറുക്കിക്കൂട്ടിയെടുത്ത് വീട്ടുകാര്‍ക്കെത്തിച്ച് കൊടുക്കേണ്ട ആവശ്യത്തിലേക്ക് ചിലപ്പോള്‍ ടാറ്റൂ സഹായകമായെന്ന് വരും.പെറുക്കിക്കൂട്ടിയെടുത്ത് വീട്ടുകാര്‍ക്കെത്തിച്ച് കൊടുക്കേണ്ട ആവശ്യത്തിലേക്ക് ചിലപ്പോള്‍ ടാറ്റൂ സഹായകമായെന്ന് വരും....ഇത് വരെ വളരെ സന്തോഷത്തില്‍ വായിച്ചുതീര്‍ത്തു . .. എനിക്കും ഒരു ടാറ്റൂ വേണ്ടി വരുമോ എന്നുള്ള ചിന്തയില്‍ ബാക്കിയും വായിച്ചു കഴിഞ്ഞു . ..ഒരുപാടു ഫോട്ടോയും വിവരണവും എല്ലാം കൂടി ചപ്പോറ ഫോര്‍ട്ട് .നന്നായിരിക്കുന്നു

    ReplyDelete
  3. muzhuvanum vaayichillya ..vaayikkam..nalla post aanallo..aashamasakal

    ReplyDelete
  4. എത്രവട്ടം പോയാലും മടുപ്പ് തോന്നാത്ത ഒരിടമാണു ഗോവന്‍ ബീച്ചുകള്‍ ..
    വളരെ ഹൃദ്യമായി നീരു ഇതും അവതരിപ്പിച്ചു .. ഫോട്ടോകള്‍ മനോഹരം!
    ‘വെട്ടുവഴി തെങ്ങുകേറല്‍’സ്റ്റൈല്‍ യാത്രയാണേറ്റവും ഹൃദ്യം.
    നേഹകുട്ടിക്ക് ബീച്ചില്‍ ഇഷ്ടമ്പോലെ സമയം ചിലവഴിക്കാനായീന്നു കരുതുന്നു....

    ReplyDelete
  5. ചപ്പോറ ഫോർട്ടും ഗോവൻ യാത്രയും വളരെ ഉത്സാഹത്തോടെ വായിച്ചുതീർത്തു. വളരെ ഇഷ്ടപ്പെട്ടു.

    തുടരട്ടെ യാത്രകൾ!

    ReplyDelete
  6. Vaayichu theerthu. Nalloru Yaathraa sahaayi koodiyaayi thonni ee kurippu.

    ReplyDelete
  7. ചപ്പോറ ഫോര്‍ട്ട്‌ കണ്‍കുളിര്‍ക്കെ കണ്ടു, മനം നിറഞ്ഞു.

    ReplyDelete
  8. “...കൂടുതല്‍ ടൂറിസ്റ്റുകളെ കോട്ടയിലേക്ക് ആകര്‍ഷിക്കാന്‍ പറ്റുമെന്നിരിക്കെ അത് ചെയ്യാത്തതെന്താണെന്ന് മാത്രം ഒരു പിടിയും കിട്ടിയില്ല.“ - ചപ്പുചവറുകളെറിഞ്ഞ് സ്ഥലങ്ങള്‍ നാശമാക്കുന്നതില്‍ നാം ബഹുമിടുക്കരായതുകൊണ്ട് പല സ്ഥലങ്ങളും ആരും അറിയാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. കോട്ട നശിച്ചാലും പ്രകൃതി നശിക്കില്ലല്ലോ.
    ഗോവയെക്കുറിച്ച് കൂടുതല്‍ ഉടനെയുണ്ടാവുമല്ലോ?
    :)

    ReplyDelete
  9. ചപ്പോറ ഫോർട്ടും ഗോവൻ യാത്രയും വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  10. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  11. ഗോവ വഴി പലപ്പോഴും നടത്തിയിട്ടുള്ള യാത്രകള്‍ ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്. ഫോര്‍ട്ടിന്റെയും ബീച്ചിന്റെയും വിവരണങ്ങളും ചിത്രങ്ങളും മനോഹരം. കൂട്ടത്തില്‍ അച്ഛനെകുറിച്ചുള്ള ഓര്‍മ്മയും മനസ്സില്‍ തട്ടി.

    ആശംസകള്‍..

    ReplyDelete
  12. വീണ്ടും കോട്ടയോ!..ഈ ഗോവൻ യാത്ര ആകെ കൂടി കോട്ടമയം(കോട്ടയം അല്ല) ആണല്ലോ..:) ആ റിവർ പ്രിൻസസ്സിനെ നല്ലൊരു മ്യൂസിയമായി മാറ്റി ടൂറിസ്റ്റുകൾക്ക് തുറന്ന് കൊടുക്കാത്തതെന്താണോ ആവോ..!

    ReplyDelete
  13. as usual ,well written...........

    ReplyDelete
  14. കോട്ട സ്പെഷ്യല്‍ ആണോ ഈ ട്രിപ്പ്‌?എന്തെല്ലാം വിവരങ്ങള്‍ ആണ് മനോജ്‌ ന്റെ ഒരു പോസ്റ്റിലൂടെ കിട്ടുന്നത്..ഫോട്ടോസും മനോഹരമായിട്ടുണ്ട്.വളരെയധികം നന്ദി.ആ വെട്ടുവഴി തെങ്ങ്കേറ്റം പ്രയോഗം ആണ് എനിക്കേറെ ഇഷ്ടമായത്.അങ്ങനെ ഒരു യാത്ര ഇതുവരെ ചെയ്തിട്ടില്ല.എന്നും സമയം കയ്യില്‍ പിടിച്ചു കൊണ്ടാണ് യാത്രകള്‍.

    ReplyDelete
  15. അങ്ങനെ കാശു മുടക്കാതെ ഗോവ കുറച്ചു കണ്ടു..വിവരണം എന്നത്തേം പോലെ കിടു.
    ആ കോട്ടയുടെ നല്ല കുറച്ചു പടംസ് കിട്ടുമായിരുന്നെന്നു തോന്നി(അല്ലാ..ഇവിടിരുന്നോണ്ട് നമുക്കെന്തും തോന്നാമല്ലോ...!!)

    അങ്ങോട്ടും വരൂ..അന്ന് പറഞ്ഞത് പോലെ ഒരു സാധനം ഒപ്പിച്ചു ഇട്ടിടുണ്ട്...ഘട്ടം ഘട്ടമായി മുഴുമിപ്പിക്കാമെന്ന് വിചാരിക്കുന്നു. സമയക്കുറവു മൂലം നന്നായിട്ട് ഉഴപ്പിയിട്ടുമുണ്ട് ;-)

    ReplyDelete
  16. മനോഹര ചിത്രങ്ങളും..അതിലേറെ മനോഹരമായ വിവരണവും...കലക്കി...

    ReplyDelete
  17. നിറയെ ചിത്രങ്ങള്‍ ഉള്ള മനോഹരമായ പോസ്റ്റ്...അഭിനന്ദനങ്ങള്‍

    ReplyDelete
  18. എല്ലാം കലക്കി. അത് എല്ലാം അവിടെ നിക്കട്ടെ.

    അത്രയും ദൂരത്തു നിന്ന്, ആ പെങ്കൊച്ച് റഷ്യകാരിയാണ്, എന്തെല്ലാം അറിയാം, എന്ത് അറിയില്ലല തുടങ്ങി കമ്പ്ലീറ്റ്‌ ജാതകം എങ്ങനെ പിടിച്ചു എടുത്തു ? !!! ഹോ..ഭയങ്കരം !!!

    ReplyDelete
  19. @Captain Haddock - പല രാജ്യക്കാരേയും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ പറ്റാറുണ്ട്. ഈ കേസില്‍ അതുമാത്രമല്ല...അല്‍പ്പസമയം സംസാരിക്കുകയും ചെയ്തു റഷ്യക്കാരി തരുണിയുമായി. അതൊക്കെ എഴുതാന്‍ പോയാല്‍ പോസ്റ്റ് ഇവിടം കൊണ്ടൊന്നും തീരില്ല, അതോണ്ടാ :) എവിടെപ്പോയാലും കണ്ട തൂണിനോടും കമ്പിക്കാലിനോടുമൊക്കെ ലോഹ്യം ചോദിക്കുന്നത് ഒരു വീക്ക്‍നെസ്സ് ആയിപ്പോയി കപ്‌ത്താനേ :)

    ReplyDelete
  20. ഒരു യാത്രാവിവരണമെന്നതിനുപരി പങ്കുവെക്കുന്ന ആശങ്കകളും പ്രാധാന്യമുള്ളതു തന്നെയാണു. മതവും മയക്കുമരുന്നും രാഷ്ട്രീയവുമൊക്കെ കൂടി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ‘കണ്ടില്ലെന്നും കേട്ടില്ലെന്നും’ നടിച്ചുകൊണ്ട് എത്രനാൾ മുന്നോട്ട് പോവാൻ‌ കഴിയും നമുക്ക്...

    പങ്കുവച്ച വിവരങ്ങൾക്കും ചിത്രങ്ങൾക്കും നന്ദി...

    ReplyDelete
  21. രസിപ്പിക്കുന്ന ഗോവന്‍ വിവരണങ്ങള്‍. മനോഹരമായി എഴുതിയിരിക്കുന്നു. കൂടുതല്‍ ഗോവന്‍ വിവരങ്ങള്‍ക്കാ‍യി കാത്തിരിക്കുന്നു.

    ReplyDelete
  22. ചിത്രങ്ങള്‍ സഹിതമുള്ള വിവരണം വളരെ ഇഷ്ട്മായി.

    ReplyDelete
  23. ചപ്പോറ ഫോര്‍ട്ട് കാണാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.

    ഗോവന്‍ യാത്ര അന്ത്യപാദത്തിലേക്ക് കടക്കുകയാണ്. ഭാഗം 18 - അഗ്വാഡാ ഫോര്‍ട്ട്

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.