ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍
കുട്ടിക്കാലത്ത് എപ്പോഴോ വഞ്ചിയില്‍ക്കയറി അച്ഛന്റെയൊപ്പം വല്ലാര്‍പാടം പള്ളിപ്പെരുന്നാളിന് പോയതിന്റെ ചെറിയ ഒരു ഓര്‍മ്മ ഇപ്പോഴുമുണ്ട്. 30 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവമായതുകൊണ്ട് മറ്റൊന്നും ഓര്‍മ്മയില്‍ ഇല്ലതാനും.
കോളേജ് വിദ്യാഭ്യാസകാലത്ത് പലപ്പോഴും വൈപ്പിന്‍ ദ്വീപിലെ മുരിക്കുമ്പാടം ബോട്ട് ജെട്ടിയില്‍ ചെന്ന് ജലമാര്‍ഗ്ഗം ഒരിക്കല്‍ക്കൂടെ വല്ലാര്‍പാടത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അന്നെന്തുകൊണ്ടോ ആ യാത്ര നടക്കാതെ പോയി.
കാലം ഒരുപാട് മുന്നോട്ട് നീങ്ങി. നാട് പുരോഗതിയുടെ പാതയിലേക്ക് കടന്നു. വൈപ്പിന്‍ ദ്വീപിനേയും, വല്ലാര്‍പാടത്തിനേയും, മുളവുകാടിനേയും, ബോള്‍ഗാട്ടിയേയുമൊക്കെ ബന്ധിപ്പിച്ചുകൊണ്ട് ഗോശ്രീ പാലങ്ങള്‍ വന്നു. 50 പൈസാ ടിക്കറ്റെടുത്ത് വൈപ്പിനില്‍ നിന്ന് 20 മിനിറ്റോളം ബോട്ടില്‍ യാത്ര ചെയ്ത് എറണാകുളത്തെത്തിയിരുന്ന ജനങ്ങള്‍ 3 മിനിറ്റുകൊണ്ട് പട്ടണത്തിലേക്ക് പാലം വഴി കുതിച്ചെത്താന്‍ തുടങ്ങി.
വൈപ്പിനില്‍ നിന്ന് എറണാകുളത്തേക്ക് ഗോശ്രീ പാലം വഴിയുള്ള യാത്രയില്‍ ഇടതുവശത്തായി വല്ലാര്‍പാടം പള്ളി കാണാനാകും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ഉയരമുള്ള മതില്‍ റോഡിന്റെ വലതുവശത്ത് ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍ . ഏറണാകുളം നഗരത്തില്‍ ഒരു ആരാധനാലയത്തിലും സൌകര്യമായി മനഃശാന്തി കിട്ടുന്നവിധത്തില്‍ കുറച്ച് നേരം പോയി ഇരിക്കാന്‍ പറ്റുന്ന ഒരു അവസ്ഥയില്ല. പക്ഷെ പട്ടണത്തിലെ തിരക്കില്‍ നിന്നൊക്കെ മാറി നിലകൊള്ളുന്ന വല്ലാര്‍പാടം പള്ളിയില്‍ സ്വസ്ഥമായും ഏകാഗ്രമായി എത്രനേരം വേണമെങ്കിലും പോയിരിക്കാം. കുറേനേരം അവിടത്തെ ബഞ്ചിലൊന്നില്‍ ഇരുന്ന് മടങ്ങുമ്പോള്‍ മനസ്സൊന്ന് ശാന്തമായിട്ടുണ്ടാകും.
വല്ലാര്‍പാടം ദേവാലയത്തെ പള്ളി എന്ന് പറയുന്നത് ശരിയാകില്ല. ഇപ്പോളത് ബസിലിക്കയാണെന്ന് മാത്രമല്ല 2004 സെപ്റ്റംബര്‍ 12 മുതല്‍ ഈ ദേവാലയത്തെ കേന്ദ്രസര്‍ക്കാര്‍ ഒരു ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ദേവാലയത്തിലേക്കുള്ള വഴി ചെന്നവസാനിക്കുന്നിടത്തു തന്നെ കാണുന്ന കൊടിമരം ശ്രദ്ധിക്കപ്പെടാതെ പോകില്ല. ചരിത്രപ്രധാന്യമുള്ള ഒരു സംഭവം അരങ്ങേറിയ സ്ഥാനത്താണ് ഈ കൊടിമരം നിലകൊള്ളുന്നത്*.
1524 ല്‍ പോര്‍ച്ചുഗീസുകാരാണ് പരിശുദ്ധാത്മാവിന്റെ നാമധേയത്തില്‍ ഈ ദേവാലയം സ്ഥാപിച്ചത്. പരിശുദ്ധാന്മാവിന്റെ നാമത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ ദേവാലയമാണിത്. ഈ പള്ളിയുടെ ചരിത്രം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ 485 വര്‍ഷങ്ങള്‍ പുറകോട്ടാണ് നമുക്ക് സഞ്ചരിക്കേണ്ടിവരുന്നത്. ചരിത്രത്തിനൊപ്പം ഐതിഹ്യവും മതസൌഹാര്‍ദ്ദവുമൊക്കെ കെട്ടുപിണഞ്ഞുകിടക്കുകയാണിവിടെ.
ദേവാലയത്തിന്റെ ചരിത്രത്തിന് പ്രശസ്ത പോര്‍ച്ചുഗീസ് നാവികന്‍ വാസ്ക്കോട ഗാമ കേരളത്തില്‍ കാലുകുത്തിയ കാലത്തോളം പഴക്കമുണ്ട്. വാസ്ക്കോട ഗാമയുടെ ആഗമനത്തോടെ പോര്‍ച്ചുഗീസ് മിഷനറിമാര്‍ കേരളത്തില്‍ വരാന്‍ തുടങ്ങി. 1524ലെ പെന്തക്കുസ്ത ദിനത്തില്‍ വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ നാമധേയത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഈ ദേവാലയം സ്ഥാപിക്കുകയും പോര്‍ച്ചുഗലില്‍ നിന്ന് കൊണ്ടുവന്ന ബന്ധവിമോചക നാഥയുടെ ചിത്രം പ്രതിഷ്ഠിക്കുകയും ചെയ്തു. 1676 ലെ വെള്ളപ്പൊക്കത്തില്‍ ഈ ദേവാലയം നാമാവശേഷമായെങ്കിലും മാതാവിന്റെ ചിത്രം കായലിലൂടെ യാത്രചെയ്യുകയായിരുന്ന കൊച്ചിരാജാവിന്റെ മുഖ്യമന്ത്രിയായിരുന്ന പാലിയത്ത് രാമന്‍ വലിയച്ചനു ലഭിച്ചു. വല്ലാര്‍പാടത്തുകാരുടെ അഭ്യര്‍ത്ഥന പ്രകാരം പള്ളി പുനസ്ഥാപിക്കാനുള്ള സ്ഥലവും സാമ്പത്തിക സഹായവും അദ്ദേഹം നല്‍കി.
*രാമന്‍ വലിയച്ചന്‍ വിശ്വാസികള്‍ക്ക് മാതാവിന്റെ ചിത്രം തിരിച്ചുനല്‍കിയ സ്ഥാനത്ത് കൊടിമരം സ്ഥാപിക്കപ്പെടുകയുണ്ടായി. നാട്ടുകാര്‍ പുതിയ ദേവാലയം നിര്‍മ്മിച്ച് മാതാവിന്റെ ചിത്രം അതില്‍ പ്രതിഷ്ഠിച്ചു. ദേവാലയത്തിന്റെ ആശീര്‍വാദത്തില്‍ പങ്കെടുത്ത രാമന്‍ വലിയച്ചന്‍ പള്ളിയിലേക്ക് ഒരു കെടാവിളക്ക് നല്‍കുകയും അതിലുപയോഗിക്കുവാനുള്ള എണ്ണ കൊട്ടാരത്തില്‍ നിന്ന് സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പതിവ് ചില കാരണങ്ങളാല്‍ ഇടയ്ക്ക് നിന്നുപോയെങ്കിലും 1994 മുതല്‍ സെപ്റ്റംബര്‍ മാസത്തില്‍ മാതാവിന്റെ തിരുനാളിന് കെടാവിളക്കില്‍ ഒഴിക്കാനുള്ള എണ്ണ വഴിപാടായി പാലിയം കുടുംബാംഗങ്ങളാണ് നല്‍കിപ്പോരുന്നത്.
1752 മെയ് 23- )ം തിയതി വല്ലാര്‍പാടത്തെ ഒരു കുലീന തറവാടായ പള്ളിയില്‍ വീട്ടിലെ ദേവു എന്നു വിളിച്ചിരുന്ന മീനാക്ഷിയമ്മ കുഞ്ഞിന് ചോറ് കൊടുക്കാനായി മട്ടാഞ്ചേരിയിലുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക്, രാമന്‍ തുരുത്തിനടുത്തുള്ള കപ്പല്‍ച്ചാലിലെത്തിയപ്പോള്‍ ശക്തമായ കാറ്റിലും കോളിലും വഞ്ചി മറിഞ്ഞ് കായലില്‍ താഴ്ന്നുപോയി. അന്നത്തെ വികാരിയായിരുന്ന ഫാദര്‍ മിഖുവേല്‍ കൊറയായ്ക്ക് മാതാവ് സ്വപ്നത്തില്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് മീനാക്ഷിയമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായി നാട്ടുകാര്‍ കായലിന്റെ നാനാഭാഗത്തും വലയിട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല. മൂന്നാം ദിവസം അവസാന ശ്രമം എന്ന നിലയ്ക്കെറിഞ്ഞ വല ഉയര്‍ത്തിയപ്പോള്‍ അതില്‍ മീനാക്ഷിയമ്മയും കുഞ്ഞും ജീവനോടെ ഇരിക്കുന്നതായി കണ്ടെന്നാണ് വിശ്വാസം. കരയ്ക്കിറങ്ങിയ മീനാക്ഷിയമ്മ കുഞ്ഞിനേയും കൊണ്ട് പള്ളിയിലേക്ക് ചെന്ന് തന്നെയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയത് വല്ലാര്‍പാടത്തമ്മയാണെന്ന് സാക്ഷ്യപ്പെടുത്തി തങ്ങളെത്തന്നെ മാതാവിന് അടിമകളാക്കി സമര്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇരുവരും ജ്ഞാനസ്നാനം സ്വീകരിച്ച് ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടും ദേവാലയവും പരിസരവും വൃത്തിയാക്കിക്കൊണ്ടും ജീവിച്ചുപോന്നു. ഈ ഓര്‍മ്മ നിലനിര്‍ത്തിക്കൊണ്ട് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഉദ്ധിഷ്ഠകാര്യ സാധ്യത്തിനായി തങ്ങളെത്തന്നെ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമയായി സമര്‍പ്പിച്ചുകൊണ്ട് ഈ ദേവാലയത്തിലേക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
ഒരു ഓശാനപ്പെരുന്നാള്‍ ദിനത്തിലാണ് മീനാക്ഷ്മിയമ്മയുടെ അപകട സംഭവം ഉണ്ടായതായി കണക്കാക്കപ്പെടുത്തത്. അതുകൊണ്ടുതന്നെ ഓശാനപ്പെരുന്നാളിന്റെ ഭാഗമായി ആവശ്യമായ കുരുത്തോലകള്‍ ഇപ്പോഴും വെഞ്ചിരിക്കുന്നത് അര കിലോമീറ്റര്‍ ദൂരെമാറിയുള്ള നായര്‍ തറവാടായ (മീനാക്ഷിയമ്മയുടെ തറവാട്) പള്ളിവീടിന്റെ മുറ്റത്തുവെച്ചാണ്. വലിയ പെരുന്നാളിന് പള്ളിയില്‍ വിളക്കു തെളിയിക്കുന്നതിനുള്ള അവകാശവും പള്ളിവീട്ടുകാര്‍ക്കാണ്. രാമന്‍ വലിയച്ചന്റെ കാലത്തു തുടങ്ങിയുള്ള മതമൈത്രി ഇന്നും തുടര്‍ന്നുപോകുന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണിതെല്ലാം.
അടിമ സമര്‍പ്പണമാണ് ഇവിടത്തെ പ്രധാന നേര്‍ച്ചയെങ്കിലും മത്സ്യബന്ധന പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ ബോട്ട്, വഞ്ചി, വല എന്നിവയുടെ ആശീര്‍വ്വാദത്തിനും മറ്റുമായി നാനാജാതി മതസ്ഥര്‍ എത്തുന്ന ഇടമാണിന്ന് വല്ലാര്‍പാടം ബസിലിക്ക.
ദേവാലയത്തിന്റെ പ്രധാന കവാടത്തിന് മുന്നിലായി ഒരു സ്റ്റാന്റില്‍ കുറേയധികം ചൂലുകള്‍ കൂട്ടിവെച്ചിരിക്കുന്നത് മറ്റൊരു നേര്‍ച്ചയുടെ ഭാഗമാണ്. ഭക്തജനങ്ങള്‍ ഈ ചൂലെടുത്ത് ദേവാലയത്തിന്റെ മുറ്റം വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണിവിടെ. ഇത്രയധികം ഭക്തജനങ്ങള്‍ക്ക് തൂത്ത് വൃത്തിയാക്കാനെന്നവണ്ണം മുറ്റത്ത് നില്‍ക്കുന്ന 2 ഉറക്കംതൂങ്ങി മരങ്ങള്‍ അതിന്റെ ഇലകള്‍ പൊഴിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.
ദേവാലയത്തിനകത്തേക്ക് കടന്നാല്‍ കാണുന്ന വല്ലാര്‍പാടത്തമ്മയുടെ ചിത്രം കാരുണ്യമാതാവിന്റേതാണ്. ചിത്രത്തിന് താഴെ B.M.V.Mercede എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്പാനിഷ് ഭാഷയില്‍ Mercede എന്ന വാക്കിനര്‍ത്ഥം മോചനദ്രവ്യം (Ransom) എന്നാണ്. പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കുവാന്‍ പരിശുദ്ധ മറിയം തന്റെ പ്രിയ പുത്രനെ മോചനദ്രവ്യമായി നല്‍കിയതുകൊണ്ടാകം മറിയത്തെ വിമോചകനാഥ (Our lady of Ransom) എന്നും വിളിക്കുന്നത്. 485 കൊല്ലം മുന്‍പ് സ്ഥാപിച്ച മാതാവിന്റെ അതേ ചിത്രമാണ് അള്‍ത്താരയില്‍ ഇന്നും കാണുന്നത്. അതില്‍ പുതിയതായി മീനാക്ഷിയമ്മയുടേയും മകന്റേയും ചിത്രം കൂടെ വരച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മാത്രം.
മതമൈത്രിയുടെ ഒരു കഥകൂടെ ഈ വരച്ചുചേര്‍ക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട് വല്ലാര്‍പാടത്തിന്റെ ചരിത്രത്തില്‍ . 1760ന് ശേഷമുള്ള കാലഘട്ടത്തില്‍ വല്ലാര്‍പാടത്തെ വിശ്വാസികള്‍ , അന്നത്തെ വരാപ്പുഴ ബിഷപ്പായിരുന്ന അലോഷ്യസ്‍ മരിയാന്‍ എന്ന ഇറ്റാലിയന്‍ വൈദികന്റെ അടുത്ത് ചെന്ന് നടത്തിയ അഭ്യര്‍ത്ഥനയുടെ ഫലമായിട്ടാണ് മീനാക്ഷിയമ്മ എന്ന ഹിന്ദു സ്ത്രീയുടേയും മകന്റേയും ചിത്രം മാതാവിന്റെ ചിത്രത്തോട് ചേര്‍ന്ന് വരച്ചുചേര്‍ക്കപ്പെട്ടത്.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ MLA ആയിരുന്ന ശ്രീ.കെ.വി. തോമസ്സിന്റെ നേതൃത്വത്തില്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റുകാര്‍ ഈ ചിത്രം താഴെയിറക്കി പൊട്ടിപ്പോയയും ഇളകിയതുമായ ഭാഗങ്ങള്‍ ശാസ്ത്രീയമായി ഒട്ടിച്ചുചേര്‍ത്ത് സംരക്ഷിക്കുകയുണ്ടായി.
മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടതിനുശേഷം മാതാവിന്റെ അടിമകളായി ജീവിച്ചു. ആ ഓര്‍മ്മ നില നിര്‍ത്തുന്നതാണ് ഇവിടത്തെ സമര്‍പ്പണ പ്രാര്‍ത്ഥന. ഇവിടെ വരുന്ന ഭക്ത ജനങ്ങള്‍ വൈദീകരുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നു. വൈദീകര്‍ അവരുടെ ശിരസ്സില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുകയും അമ്മയ്ക്ക് അടിമകളായി സമര്‍പ്പിക്കുകയും ചെയ്യുന്നു.
ദേവാലയമുറ്റത്ത് കൊടിമരത്തിനോട് ചേര്‍ന്നുള്ള റോസറി പാര്‍ക്കില്‍ ക്രിസ്തുവിന്റെ ജനനം മുതലുള്ളതും ബൈബിളിലെ പ്രധാനപ്പെട്ടതുമായ രംഗങ്ങള്‍ രൂപക്കൂടുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേവാലയത്തിനകത്തേക്ക് കടക്കുന്നതിന് മുന്‍പും പുറത്ത് വന്നതിനുശേഷവും കൃത്രിമ മരത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയിട്ടുള്ള ഇരുപതോളം മനോഹരമായ രൂപക്കൂടുകള്‍ക്ക് മുന്നിലൂടെ ഒരു നടത്തം എന്റെ പതിവാണ്.
ദേവാലയത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള സെന്റ് മെരീസ് ഹൈ സ്കൂളിനോട് തൊട്ടുള്ള പള്ളിമേടയിലേക്ക് കടക്കുന്നതിന് മുന്‍പായി രാമന്‍ വലിയച്ചന് മാതാവിന്റെ ചിത്രം കായലില്‍ നിന്ന് കിട്ടുന്നതിന്റേയും, മീനാക്ഷ്മിയമ്മയെ കായലില്‍ നിന്ന് വലയിട്ട് രക്ഷിക്കുന്നതിന്റേയുമൊക്കെ ത്രിമാന രംഗങ്ങള്‍ കാണാം.
സ്വീകരണ മുറിയില്‍ , തിരുസഭയുടെ ഇതുവരെയുള്ള മാര്‍പ്പാപ്പമാരുടെ കൊച്ചുപടങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ വലിയ ഫോട്ടോ ഒരെണ്ണമാണ് പ്രധാന ആകര്‍ഷണം. അതിനു പുറമേ സഭയുടെ ഇതുവരെയുള്ള എല്ലാ മെത്രാന്മാരുടെയും ചില്ലിട്ട ഫോട്ടോകള്‍ ചുമരില്‍ തൂങ്ങുന്നുണ്ട്.
ദേവാലയത്തിനകത്തെ നിശബ്ദതയില്‍ മുഴുകി ആ ബെഞ്ചുകളിലൊന്നില്‍ കുറേ നേരമിരിക്കാനല്ലെങ്കില്‍പ്പിന്നെ ദൂരെ നിന്നുവരുന്ന ആരെയെങ്കിലും സുഹൃത്തുക്കളെയൊക്കെ ബസിലിക്ക കാണിക്കാനാണ് ഞാനിവിടെ എത്തുക പതിവ്.
2007 ജനുവരി 7ന് കര്‍ദ്ദിനാള്‍മാരും ആര്‍ച്ച് ബിഷപ്പുമാരുമൊക്കെ ചേര്‍ന്ന് 132 മെത്രാന്മാര്‍ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഈ ദേവാലയത്തില്‍ ഒത്തുചേര്‍ന്നത് ദേശീയ പ്രാധാന്യമുള്ള ഒരു വാര്‍ത്തയായിരുന്നു. വല്ലാര്‍പാടം ഇന്ത്യയുടെ വത്തിക്കാനായി എന്നാണ് മാദ്ധ്യമങ്ങള്‍ ആ ദിവസത്തെ വിശേഷിപ്പിച്ചത്.
വല്ലാര്‍പാടം ബസിലിക്കയുടെ നാഴികക്കല്ലുകള്‍ ഇപ്രകാരമാണ്.
-----------------------------------------------------
1524 ല്‍ - പോര്‍ച്ചുഗീസുകാര്‍ ദേവാലയം സ്ഥാപിക്കുന്നു.
1676 ല്‍ - വെള്ളപ്പൊക്കത്തില്‍ പള്ളി തകര്‍ന്ന് ഒഴുകിപ്പോയ വല്ലാര്‍പാടത്തമ്മയുടെ ചിത്രം വീണ്ടെടുത്ത് പുതിയ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു.
1888 സെപ്റ്റംബര്‍ 23ന് - ലീയോ 13 -)മന്‍ മാര്‍പ്പാപ്പ വല്ലാര്‍പാടം പള്ളിയെ Altare Previlegiatum in Perpetuum Consessum എന്ന പദവി നല്‍കി ആദരിക്കുന്നു.
1951 ല്‍ - ഭാരത സര്‍ക്കാര്‍ ഇവിടം വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു.
2002 ല്‍ - കേരള സര്‍ക്കാര്‍ ഇതൊരു വിനോദ സഞ്ചാരകേന്ദ്രമായി പ്രഖ്യാപിക്കുന്നു.
2004 സെപ്റ്റംബര്‍ 12ന് - ഇതൊരു ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുന്നു.
2004 ഡിസംബര്‍ 1 ന് - ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വല്ലാര്‍പാടം ദേവാലയത്തിന് ബസിലിക്ക എന്ന അത്യുന്നത പദവി നല്‍കുന്നു.
------------------------------------------------------
പ്രധാന വൈദികനായ റവ: തോമസ് പുളിക്കനോട് ചോദിച്ചാണ് ബസിലിക്കയും കത്തീഡ്രലും തമ്മിലുള്ള വ്യത്യാസം ഞാനൊരിക്കല്‍ മനസ്സിലാക്കിയത്. സ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബസിലിക്കയാണെങ്കിലും ഒരു അതിരൂപതയില്‍ ഒന്നിലധികം ബസിലിക്ക ഉണ്ടായെന്ന് വരും. പക്ഷെ കത്തീഡ്രല്‍ ഒന്നുമാത്രമേ കാണൂ. കേരളത്തില്‍ കത്തീഡ്രലുകള്‍ മിക്കതും ബിഷപ്പ് ഹൌസിനോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്.
അല്‍പ്പനേരം അദ്ദേഹവുമായി കുശലം പറഞ്ഞിരുന്നതിനുശേഷം മടക്കയാത്രയ്ക്ക് മുന്‍പായി കൊച്ചച്ചന്‍ ഫാ: ഗ്ലാന്‍സന്റെ മുന്നില്‍ ഞാന്‍ മുട്ടുകുത്തി നിന്നു. അദ്ദേഹം എന്റെ ശിരസ്സില്‍ കൈകള്‍ ചേര്‍ത്തു. അല്‍പ്പം ജലം തലയില്‍ കുടഞ്ഞു.
പാപത്തിന്റെ അടിമത്ത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാനായി സ്വന്തം മകനെ മോചനദ്യവമായി നല്‍കിയ മാതാവേ ഇന്നുമുതല്‍ ഞാനും നിന്റെ അടിമയാകുന്നു.
ഓ വല്ലാര്‍പാടത്തമ്മേ, വിമോചക നാഥേ അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു, സ്തുതിക്കുന്നു. വിശുദ്ധിയുടേയും വിശ്വാസത്തിന്റേയും നിറകുടമേ ദൈവാത്മാവിനോട് സഹകരിച്ച് സ്നേഹത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കും വരം നല്‍കണമേ. കാനായില്‍ പ്രകടമായ അങ്ങേ മദ്ധ്യസ്ഥശക്തി ഞങ്ങളുടെ ജീവിതത്തിലെ ഇല്ലായ്മകളിലും പ്രകടമാക്കേണമേ. അപകടസന്ധിയില്‍ ആയിരുന്നവര്‍ക്ക് അഭയമായ വല്ലാര്‍പാടത്തമ്മേ ഏറ്റം കഷ്ടപ്പെടുന്ന എന്നേയും കുടുംബത്തേയും അങ്ങേ സഹായം യാജിക്കുന്ന സകലരേയും കടാക്ഷിക്കേണമേ. ദൃഢമായ വിശ്വാസത്തോടെ അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും പ്രത്യേകിച്ച് അങ്ങേ ദിവ്യപുത്രന് സമര്‍പ്പിച്ച് സാധിച്ചുതരേണമേ.
ആമേന്‍.
Sunday, 18 October 2009
Subscribe to:
Posts (Atom)