Monday 6 July 2009

ഷേക്‍സ്‌പിയറിന്റെ ജന്മഗൃഹത്തിലേക്ക്

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

കുച്ചുനാള്‍ മുന്‍പ് കെ.പി.സുധീരയുടെ ഒരു യാത്രാവിവരണം ‘നാട്ടുപച്ച’യില്‍ വായിച്ചതിനുശേഷമാണ് ഷേക്‍സ്പിയറിന്റെ നാട്ടിലേക്കും അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കും പോകണമെന്നുള്ള ആഗ്രഹം കലശലായത്.

അന്റാര്‍ട്ടിക്കയെപ്പറ്റിയുള്ള യാത്രാവിവരണം വായിച്ചിട്ട് അങ്ങോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നത് അതിമോഹമാണെന്നറിയാം. പക്ഷെ ഇംഗ്ലണ്ടില്‍ ഞങ്ങള്‍ ജീവിക്കുന്ന പീറ്റര്‍ബറോ എന്ന പട്ടണത്തില്‍ നിന്ന് 135 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ‘സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍ ’ (Stratford-Upon-Avon) എന്ന വിശ്വസാഹിത്യകാരന്റെ നാട്ടിലേക്ക് യാത്രപോകാന്‍ ഏതെങ്കിലും ഒരു യാത്രാവിവരണം വായിച്ച് ആവേശം കൊള്ളേണ്ട ആവശ്യം തന്നെയില്ലല്ലോ?!

ഒന്നരമണിക്കൂര്‍ യാത്രയുണ്ട് ലക്ഷ്യസ്ഥാനത്തേക്ക്. എനിക്ക് ഈ രാജ്യത്തെ ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാന്‍ സാവകാശം കിട്ടാതിരുന്നതുകൊണ്ട്, ലൈസന്‍സ് ഒരെണ്ണം സ്വന്തമായുള്ള മുഴങ്ങോടിക്കാരി നല്ലപാതി തന്നെയാണ് യാത്രയില്‍ അങ്ങോളമിങ്ങോളം കാറോടിച്ചത്. രാവിലെ 08:30ന് പീറ്റര്‍ബറോയില്‍ നിന്ന് യാത്രപുറപ്പെട്ടു. 7 വയസ്സുകാരി നേഹ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നതും ഉറക്കമാരംഭിച്ചു.

ഇംഗ്ലണ്ടിലെ യാത്രകളിലെല്ലാം വഴികാട്ടിയാകുന്നത് കാറിനകത്തുള്ള നേവിഗേറ്റര്‍ അഥവാ ടോം ടോം എന്ന ജി.പി.എസ്സ് (ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം) സംവിധാനമാണ്. മുന്‍പൊരു യാത്രയില്‍ ഞാനിതിനെപ്പറ്റി വര്‍ണ്ണിച്ച വരികള്‍ അതേ പടി വീണ്ടും ഇവിടെ പകര്‍ത്തുന്നു.

നാട്ടിലെപ്പോലെ വഴി ചോദിക്കാനും, മനസ്സിലാക്കാനും മുട്ടിന് മുട്ടിന് പെട്ടിക്കടയും, വീടുകളുമൊന്നും ഈ രാജ്യത്ത് ഇല്ലാത്തതുകൊണ്ട് കാറിനകത്തെ ജി.പി.എസ്. നേവിഗേറ്ററാണ് വഴികാട്ടി. പോകേണ്ട സ്ഥലത്തിന്റെ പേരും, സ്ട്രീറ്റിന്റെ പേരും, പിന്‍‌കോഡും ഒക്കെ നേവിഗേറ്ററില്‍ അടിച്ചുകയറ്റിയാല്‍പ്പിന്നെ, കളരിഗുരുക്കളുടെ പോലെ ഇടത് മാറി, വലത് തിരിഞ്ഞ്, റൌണ്‍‌ഡ് എബൌട്ടില്‍ നിന്ന് ഓതിരം തിരിഞ്ഞ്, പിന്നെ 15 കിലോമീറ്റര്‍ ഇരുന്നമര്‍ന്ന്, എന്നൊക്കെ പറഞ്ഞ് ഈ സത്യസന്ധനായ വഴികാട്ടി നമ്മളെ വളരെ കൃത്യമായി പോകേണ്ട സ്ഥലത്ത് കൊണ്ടെത്തിക്കും. ഇനി അധവാ ഈ വഴികാട്ടി പറഞ്ഞത് കേള്‍ക്കാതെയോ, മനസ്സിലാകാതെയോ, നമ്മള്‍ തെറ്റായ വല്ല വഴിയിലും കയറിപ്പോയാല്‍ ‍, അവിടന്ന് വീണ്ടും നമ്മളെ നേര്‍വഴി കാട്ടിത്തന്ന് ഇവന്‍ ലക്ഷ്യസ്ഥാനത്തുതന്നെ എത്തിക്കും.

‘സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍ ’ (Stratford-Upon-Avon) ലേക്ക് എത്തുന്നതിന് വളരെ മുന്നേതന്നേ ഷേക്‍സ്പിയറിന്റെ ഗ്രാമത്തിലേക്ക് സ്വാഗതം ആശസിക്കുന്ന ചൂണ്ടുപലകകള്‍ കണ്ടുതുടങ്ങി. നേവിഗേറ്റര്‍ ഒന്നും ഇല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്താന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നവണ്ണം ആ ചൂണ്ടുപലകകള്‍ യാത്രയിലുടനീളം പാതവക്കുകളില്‍ നിലയുറപ്പിച്ചിരുന്നു.

പീറ്റര്‍ബറോയെപ്പോലെ ചെറിയ ഒരു കണ്ട്രിസൈഡ് പട്ടണമാണ് ‘സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍ ‘ . പട്ടണത്തിലെ തിരക്കിലേക്ക് കടന്നപ്പോള്‍ മുതല്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒരിടം കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ടൌണ്‍ സെന്ററിന്റെ വലിയ കെട്ടിടത്തിനുചുറ്റുമുള്ള പാര്‍ക്കിങ്ങ് സ്ലോട്ടുകളില്‍ ഒന്നില്‍ വണ്ടി ഉപേക്ഷിച്ച് വെളിയിലിറങ്ങി ഒരു അന്വേഷണം നടത്താന്‍ തീരുമാനിച്ചു. എവിടന്ന് തുടങ്ങണം എങ്ങോട്ട് പോകണം എന്ന് അത്ര വലിയ പിടിപാടൊന്നും ഇല്ലായിരുന്നു.

പാതയോരത്തുകൂടെ കുറച്ച് നടന്നപ്പോള്‍ കാണാനായ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ബോര്‍ഡ് ആശ്വാസം നല്‍കി. ഇനി കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുകൊള്ളുമെന്നുറപ്പാണ്. സഞ്ചാരികള്‍ക്ക് അത്യധികം സൌകര്യപ്രദവും മാതൃകാപരവുമായ രീതിയിലാണ് ഈ രാജ്യത്തെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനരീതി. ഒരു ദിവസം കൊണ്ട് കണ്ടുതീര്‍ക്കാന്‍ പറ്റുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം കൌണ്ടറില്‍ ഇരിക്കുന്ന സ്ത്രീ പറഞ്ഞുമനസ്സിലാക്കിത്തന്നു. എല്ലാ കാഴ്ച്ചകളും വിശദമായി കണ്ടുതീര്‍ക്കാന്‍ ഒരുദിവസം പോരാതെ വരും.

പ്രധാനമായും മൂന്ന് വീടുകളാണ് കണ്ടിരിക്കേണ്ടത്. ഷേക്‍സ്പിയറിന്റെയും അദ്ദേഹത്തിന്റെ പത്നി ആന്‍ ഹാത്ത് വേ‌ യുടേയും അദ്ദേഹത്തിന്റെ മാതാവ് മേരി ആര്‍ഡന്റേയും വീടുകളാണവ.

ഹോപ്പ് ഓണ്‍ -ഹോപ്പ് ഓഫ് ബസ്സുകളുടെ സര്‍വീസ് ഈ പട്ടണത്തിലും ഉണ്ടെന്ന്, ഇന്‍ഫര്‍മേഷന്‍ സെന്ററിനകത്തുനിന്ന് മനസ്സിലാക്കാനായി. ഹോപ്പ് ഓണ്‍ -ഹോപ്പ് ഓഫ് ബസ്സുകളുടെ പ്രവര്‍ത്തനരീതിയെപ്പറ്റി എന്റെ തന്നെ മറ്റൊരു പോസ്റ്റില്‍ നിന്നുള്ള വരികള്‍ ഞാനിവിടെ പകര്‍ത്തി എഴുതുന്നു. (എന്റെ വരികള്‍ ഞാന്‍ തന്നെ വീണ്ടും വീണ്ടും പകര്‍ത്തി എഴുതുന്നത് കോപ്പി റൈറ്റ് നിയമ ലംഘനമൊന്നും ആകില്ലെന്ന വിശ്വാസത്തോടെ.)

റൂട്ടിലുള്ള എല്ലാ സ്റ്റോപ്പുകളിലും ഈ ബസ്സ് നിറുത്തും. ഏത് സ്റ്റോപ്പില്‍ വേണമെങ്കിലും ഇറങ്ങാം. അവിടത്തെ കാഴ്ച്ചകള്‍ നടന്ന് കാണാം. ഓരോ 20 മിനിറ്റിലും അടുത്ത ബസ്സ് വരും. ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ചുതന്നെ അടുത്ത ബസ്സിലും‍ കയറാം. അങ്ങിനെ ഓരോരോ സ്റ്റോപ്പുകളില്‍ കയറിയിറങ്ങി കാഴ്ച്ചകള്‍ കണ്ട് ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കാം. ഇതാണ് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ്സിന്റെ പ്രവര്‍ത്തനരീതി.

24 മണിക്കൂര്‍ വരെ ഈ ടിക്കറ്റ് ഉപയോഗിക്കുകയും ചെയ്യാമെന്ന് ഈ യാത്രയിലാണ് ഞാന്‍ മനസ്സിലാക്കിയത്. ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പുറകുവശത്തുതന്നെ ബസ്സ് റെഡിയായി യാത്രക്കാരേയും കാത്തുകിടക്കുന്നുണ്ട്. അടുത്ത 10 മിനിറ്റിനകം ബസ്സ് പുറപ്പെടുമെങ്കിലും യാത്രക്കാര്‍ ആരും എത്തിയിട്ടില്ല. ഞങ്ങള്‍ മൂന്നുപേരും ആ ഡബിള്‍ ഡക്കര്‍ ബെസ്സിന്റെ മേല്‍ക്കൂരയില്ലാത്ത മുകള്‍ത്തട്ടില്‍ ഇരുപ്പുറപ്പിച്ചു. കാഴ്ച്ചകള്‍ കാണാന്‍ ഏറ്റവും നല്ലത് മുകളിലെ ഡക്കാണ്. അതുകൊണ്ടുതന്നെ ആദ്യം നിറയുന്നതും മുകളിലുള്ള സീറ്റുകളാണ്.

തുറന്ന മേല്‍ഭാഗമുള്ള ഡബിള്‍ ഡക്കര്‍ ബസ്സില്‍ സഞ്ചരിക്കുന്നതിന്റെ സന്തോഷം നേഹയ്ക്കുണ്ടായിരുന്നെങ്കിലും ഫോട്ടോ എടുക്കുമ്പോള്‍ എന്നും കാണിക്കാറുള്ളതുപോലെ കോമാളിത്തരങ്ങള്‍ തന്നെയായിരുന്നു മുഖമുദ്ര.

അളൊഴിഞ്ഞ ബസ്സിന്റെ മുകള്‍ഭാഗം പത്തുമിനിറ്റുകൊണ്ട് നിറഞ്ഞു. സാധാരണ ഹോപ്പ് ഓണ്‍ -ഹോപ്പ് ഓഫ് ബസ്സില്‍ റെക്കോഡ് ചെയ്ത വിവരണങ്ങള്‍ ആയിരിക്കുമെങ്കിലും ഇപ്രാവശ്യം മൈക്കുമായി ഒരു ഗൈഡ് ബസ്സില്‍ ഉണ്ടായിരുന്നു.

ടൌണിനകത്ത് ചെറുതായി ഒന്ന് വലം വെച്ച് ആദ്യത്തെ സ്റ്റോപ്പായ ഹെന്‍ലി തെരുവില്‍ ബസ്സ് നിറുത്തി. ആ തെരുവില്‍ത്തന്നെയാണ് മഹാനായ കവിയുടെ ജന്മഗൃഹം. ബസ്സിന്റെ തുടക്കസ്ഥാനത്തുനിന്ന് 3 മിനിറ്റ് നടക്കാനുള്ള ദൂരമേ അങ്ങോട്ടുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ തല്‍ക്കാലം ആ സ്റ്റോപ്പില്‍ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചു. മറ്റ് കാഴ്ച്ചകള്‍ കണ്ടുനടന്ന് അല്‍പ്പം വൈകിയാലും മടങ്ങുന്നതിന് മുന്നേ ഇവിടെ വരാവുന്നതല്ലേയുള്ളൂ എന്നതായിരുന്നു ചിന്ത.

ബസ്സ് വീണ്ടും മുന്നോട്ട് നീങ്ങി. വഴിയരികിലുള്ള ഓരോ കെട്ടിടങ്ങളും പ്രത്യേകിച്ച് പഴയ വീടുകളൊക്കെ ഷേക്‍സ്പിയറുമായി ഏതെങ്കിലുമൊരു തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. വിവരണങ്ങളും തമാശ പറച്ചിലുമൊക്കെയായി യാത്രയ്ക്കിടയിലെ ഓരോ കാഴ്ച്ചകളും മികവുറ്റതാക്കികൊണ്ടിരുന്നു ഞങ്ങളുടെ ഗൈഡ്.

വഴിയില്‍ ഷേക്‍സ്പിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാണാം. പക്ഷെ അതിനടുത്തെത്തിയപ്പോള്‍ അല്‍പ്പം നിരാശ തോന്നി. അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ട് അവിടെ ഇറങ്ങിയിട്ട് കാര്യമില്ലെന്നതാണ് നിരാശയ്ക്ക് കാരണം . ഷേക്‍സ്പിയറിന്റെ സൃഷ്ടികളെപ്പറ്റിയുള്ള പഠനവും, അവതരണവും, വര്‍ക്ക് ഷോപ്പുകളുമൊക്കെയായി ആ സ്ഥാപനം എപ്പോഴും വളരെ സജ്ജീവമായിരിക്കുകയാണ് പതിവ്. ബസ്സിലിരുന്ന് ആ കെട്ടിടത്തെ മിഴിച്ചുനോക്കിക്കൊണ്ട് മുന്നോട്ട് നീങ്ങി.

ബസ്സ് വീണ്ടും കുറച്ചുദൂരം കൂടെ മുന്നോട്ട് നീങ്ങി, അല്‍പ്പം വലിയ 3 വളവുകള്‍ തിരിഞ്ഞ് ആറാമത്തെ സ്റ്റോപ്പില്‍ നിന്നു. അവിടന്ന് നോക്കിയാല്‍ ഹോളി ട്രിനിറ്റി ചര്‍ച്ച് കാണാം. ഷേക്‍സ്പിയറിനെ അടക്കം ചെയ്തിരിക്കുന്നത് ആ പള്ളിയിലാണ്. അദ്ദേഹത്തിന്റെ വീട് കാണുന്നതിനുമുന്‍പ് ശവകുടീരം കാണാന്‍ തോന്നാതിരുന്നതുകൊണ്ട് ആ സ്റ്റോപ്പിലും ഇറങ്ങിയില്ലെങ്കിലും ബസ്സിലിരുന്ന് പള്ളി ശരിക്കും കണ്ടു.

കവിയുടെ പ്രിയ പത്നി ആന്‍ ഹാത്ത് വേ യുടെ വീടിനുമുന്നില്‍ ബസ്സ് നിറുത്തിയപ്പോള്‍ ബസ്സില്‍ നിന്നിറങ്ങാന്‍ തന്നെ തീരുമാനിച്ചു. താരതമ്യേന പുതിയതെന്ന് തോന്നിക്കുന്ന ചരിഞ്ഞ മേല്‍ക്കൂരയുള്ള വീടിനകത്തുകൂടെ കടക്കുന്നത് പിന്നാമ്പുറത്തുള്ള വിശാലമായ തൊടിയിലേക്കാണ്. അവിടന്ന് നോക്കിയാല്‍ കാണുന്ന വൈക്കോല്‍ കൊണ്ട് മേഞ്ഞ (താച്ച്‌ട് റൂഫ്) പഴയ കോട്ടേജാണ് ആനിന്റേത്.

വീടിനകത്ത് കടന്ന് കാഴ്ച്ചകള്‍ കാണുന്നതിനൊപ്പം ക്യാമറയില്‍ ഒന്നുരണ്ട് പടങ്ങള്‍ ഞാനെടുത്തു. മുഴങ്ങോടിക്കാരി പെട്ടെന്നെന്നെ തടഞ്ഞു. വീടിനകത്ത് പടമെടുക്കുന്നത് നിഷിദ്ധമാണത്രേ ! ഞാന്‍ അങ്ങനൊരു മുന്നറിയിപ്പ് എങ്ങും കണ്ടില്ലായിരുന്നു. എന്തായാലും അപ്പോഴേക്കും കവി ഉപയോഗിച്ചിരുന്ന 17 -)ം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓക്ക് മരത്തിലുണ്ടാക്കിയ കൈപ്പിടികളുള്ള ഒരു കസേര എന്റെ ക്യാമറയ്ക്കകത്തായിക്കഴിഞ്ഞിരുന്നു.

ആ കസേരയ്ക്ക് പിന്നിലെ ചരിത്രം രസകരമാണ്. കവിയുടെ പേരക്കുട്ടി ലേഡി എലിസബത്ത് ബര്‍ണാട് വഴി ഈ കസേര ഹാത്ത് വേ കുടുംബത്തിലെത്തുന്നു. ദാരിദ്യം കാരണം അവരത് സഞ്ചാര സാഹിത്യകാരനായ സാമുവല്‍ അയര്‍ലണ്ടിന് വില്‍ക്കുന്നു. അദ്ദേഹം അത് തന്റെ ലണ്ടനിലുള്ള വീട്ടില്‍ എത്തിക്കുന്നു. പിന്നീട് 200ല്‍ പ്പരം വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ ‘ഷേക്‍സ്പിയര്‍ ബര്‍ത്ത് പ്ലേസ് ‘ മ്യൂസിയത്തിലെ ജീവനക്കാര്‍ ഒരു ലേലത്തില്‍ ഈ കസേര തിരിച്ചുപിടിച്ച് ഇവിടെത്തന്നെയെത്തിക്കുന്നു.

കസേരയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന വലിയ കട്ടിലിനും ഒരു കഥ പറയാനുണ്ട്. ഷേക്‍സ്പിയറിന്റെ കല്യാണക്കട്ടിലെന്നോ , രണ്ടാമത്തെ നല്ല കട്ടിലെന്നോ പറയാവുന്ന ഈ ഉരുപ്പടിയും എലിസബത്ത് ബര്‍ണാട് വഴിയാണ് ഈ വീട്ടില്‍ എത്തുന്നത്. 18-)ം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സാമുവല്‍ അയര്‍ലണ്ട് ഈ കട്ടിലും വാങ്ങാന്‍ ഒരു ശ്രമം നടത്തി. പക്ഷെ താന്‍ ചെറുപ്പം മുതല്‍ക്കേ ഉറങ്ങിയ കട്ടിലായതുകൊണ്ട് അത് വില്‍ക്കുന്നില്ല എന്നുപറഞ്ഞ് അതിന്റെ അന്നത്തെ അവകാശിയായിരുന്ന സൂസന്ന ഹാത്ത് വേ കട്ടില്‍ വില്‍ക്കാന്‍ വിസമ്മതിച്ചു. പില്‍ക്കാലത്ത് കട്ടിലില്‍ പലതരം മിനുക്കുപണികളും മാറ്റങ്ങളുമൊക്കെ വന്നതായി രേഖകളിലുണ്ട്.

ഷേക്‍സ്പിയറിന്റെ പ്രശസ്തി അപ്പോഴേക്കും പല തരത്തില്‍ സൂസന്ന ഹാത്ത് വേ വിറ്റ് വരുമാനമുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. അടുക്കളയിലെ നെരിപ്പോടിനടുത്ത് കവി സ്ഥിരമായി വന്നിരിക്കുമായിരുന്ന ഒരു ബെഞ്ചിലെ മുറിപ്പാടുകള്‍ അതിന്റെ സാക്ഷ്യപത്രങ്ങളാണ്. അദ്ദേഹം വന്നിരിക്കുമായിരുന്ന ബഞ്ചാണിത് എന്നുപറഞ്ഞ് അവര്‍ അതില്‍ നിന്ന് കൊച്ചു കൊച്ചു മരക്കഷണങ്ങള്‍ മുറിച്ചെടുത്ത് വില്‍ക്കുമായിരുന്നു.

അപ്രധാനമെന്ന് തോന്നുമെങ്കിലും ചരിത്രത്താളുകളില്‍ ഇടം പിടിക്കപ്പെട്ട ഇത്തരത്തിലുള്ള ഓരോ സാധനങ്ങളും അത്ഭുതം കൂറിയ കണ്ണുകളോടെ എത്ര നേരം വേണമെങ്കിലും നോക്കിനില്‍ക്കാന്‍ തോന്നും.

ഓരോ മുറികളിലും അവിടെയുള്ള കാര്യങ്ങളൊക്കെ വിശദീകരിച്ചുതരാന്‍ ജീവനക്കാരുണ്ട്. അടുക്കളയുടെ ഇടുങ്ങിയ ചിമ്മിനി മനുഷ്യര്‍ക്ക് കടന്നുചെന്ന് വൃത്തിയാക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണ്. അത് വൃത്തിയാക്കിയിരുന്നതോ അല്‍പ്പം മൃഗീയമായിട്ടുമായിരുന്നു.

താറാവിനേയോ കോഴിയേയോ അല്ലെങ്കില്‍ ഏതെങ്കിലും കാട്ടുപക്ഷികളേയോ കാലില്‍ കയറ് കെട്ടി ചിമ്മിനിയുടെ മുകളില്‍ നിന്ന് താഴേക്കിറക്കുന്നു. തലകീഴായിക്കിടക്കുന്ന പക്ഷി അപ്പോള്‍ സ്വാഭാവികമായും ചിറകിട്ടടിക്കുകയും ആ അവസരത്തില്‍ ‍ ചിമ്മിനിയുടെ അഴുക്കെല്ലാം താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഈ ക്ലീനിങ്ങ് പരിപാടി കഴിയുന്നതോടെ പാവം പക്ഷി ഇഹലോകവാസം വെടിയുകയും ചെയ്യുന്നു.

വീടിനകത്തെ കാഴ്ച്ചകള്‍ കണ്ടുകഴിഞ്ഞാല്‍ പിന്നാമ്പുറത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെയൊക്കെ ഒന്ന് നടന്നുവരാം. അവിടെ ഒരുക്കിയിട്ടുള്ള ഒരു വള്ളിക്കുടിലിലെ പ്രത്യേകതരം മരക്കസേരയില്‍ ഇരുന്നു കവിയൂടെ സോണറ്റുകള്‍ കേള്‍ക്കാം.

കുറച്ചുനേരം ആ ബഞ്ചിലിരുന്നു. അല്‍പ്പദൂരം പച്ചപ്പുല്‍ത്തകിടിയില്ലൂടെ മരങ്ങളുടെ തണലുപറ്റി നടന്നു. പിന്നീട് ആനിന്റെ കോട്ടേജിനോട് ചേര്‍ന്നുള്ള സോവനീര്‍ ഷോപ്പില്‍ നിന്ന് കോട്ടേജിന്റെ പടമുള്ള ഫ്രിഡ്ജ് മാഗ്‌നറ്റൊരെണ്ണം വാങ്ങിയശേഷം ഞങ്ങള്‍ അടുത്ത സ്റ്റോപ്പിലേക്ക് ബസ്സ് പിടിക്കാന്‍ തീരുമാനിച്ചു.

അടുത്തതായി പോകേണ്ടത് വില്ല്യമിന്റെ മാതാവ് മേരി ആര്‍ഡന്റെ വീട്ടിലേക്കാണ്‍. ബെസ്സില്‍ നിന്നിറങ്ങി കടന്നു ചെല്ലുന്നത് സോവനീര്‍ ഷോപ്പും റിസപ്ഷനുമൊക്കെ ചേര്‍ന്ന കെട്ടിടത്തിലേക്കാണ്. അവിടന്ന് അകത്തേക്കുള്ള വഴിയും അയല്‍വാസികളായിരുന്ന പാമര്‍ ഫാമിലിയുടെ കൃഷിയിടങ്ങളിലേക്കും മറ്റുമുള്ള വഴിയൊക്കെ പറഞ്ഞ് മനസ്സിലാക്കിത്തന്നു.

അവിടുള്ള കാലിത്തൊഴുത്തും 650ല്‍പ്പരം പ്രാവുകളെ വളര്‍ത്തിയിരുന്ന കൂടുകളുമൊക്കെ ഇപ്പോഴും അതേപടി സംരക്ഷിച്ചിരിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ കാലികളെ നോക്കുന്നതും മറ്റും 17-)ം നൂറ്റാണ്ടിലെ വേഷഭൂഷാദികള്‍ അണിഞ്ഞവരാണ്.

രണ്ടാഴ്ച്ച മുന്നേ പ്രസവിച്ച ഒരു പശുക്കുട്ടിയെക്കാണാന്‍ തോട്ടത്തിനുപുറകിലൂടെ അല്‍പ്പം നടന്നു. നേഹയെപ്പോലുള്ള പുതിയ തലമുറക്കാര്‍ക്ക് ഇതൊക്കെ കാണാന്‍ പറ്റുന്നത് ഒരു ഭാഗ്യമാണെന്ന് കരുതിയാല്‍ മതി. 50 പെന്‍സ് കൊടുത്താല്‍ വേലിക്കകത്തുള്ള ആടുകള്‍ക്കുള്ള തീറ്റി വാങ്ങാന്‍ കിട്ടും. അല്‍പ്പനേരം നേഹ ആടുകള്‍ക്ക് തീറ്റയൊക്കെ കൊടുത്ത് ഉല്ലസിച്ച് നിന്നു. പ്ലാവില ഈര്‍ക്കിലില്‍ കുത്തിയെടുത്ത് ആടിനെ തീറ്റിച്ചിരുന്ന എന്റെ ബാല്യകാലത്തേക്ക് ഞാനതിനിടയ്ക്ക് ഒന്ന് പോയി വന്നു.

സമയം 2 മണി കഴിഞ്ഞിരിക്കുന്നു. വിശപ്പിന്റെ വിളി രൂക്ഷമായപ്പോള്‍ രാവിലെ വീട്ടില്‍ നിന്ന് പൊതികെട്ടിക്കൊണ്ടുവന്നിരുന്ന ബര്‍ഗറും ജ്യൂസുമൊക്കെ അകത്താക്കി. തോട്ടത്തിലെ തൊടിയില്‍ ഊഞ്ഞാലാടാനും മറ്റ് കസറത്തുകള്‍ക്കുമൊക്കെ കുറേസമയം കൂടെ നേഹ ചിലവാക്കി.

അഞ്ചുമിനിറ്റിനകം അടുത്ത ബസ്സ് വരും. കവിയുടെ വീട് കാണാന്‍ ഇനിയും വൈകിക്കൂടാ. ‍ ഇപ്രാവശ്യം ബസ്സിനകത്തെ വിവരണങ്ങളെല്ലാം ഡ്രൈവറുടെ വകയായിരുന്നു. ബസ്സ് നീങ്ങിക്കൊണ്ടിരുന്ന ആ വഴികളിലൂടെയൊക്കെത്തന്നെയായിരിക്കണം ഷേക്‍സ്പിയര്‍ തന്റെ ഭാര്യയുമായി അവരുടെ വിവാഹത്തിനുവേണ്ടി ബിഷപ്പിന്റെ പ്രത്യേക അനുവാദം വാങ്ങാനായി പോയതെന്നൊക്കെ ഡ്രൈവര്‍ ആവേശഭരിതനാകുന്നുണ്ട്. വിവാഹത്തിനായി ബിഷപ്പിന്റെ പ്രത്യേക അനുവാദം വാങ്ങാന്‍ പോകുന്നതിന് 2 കാരണങ്ങളുണ്ടായിരുന്നിരിക്കണം. ഒന്നാമത്തെ കാരണം വിവാഹസമയത്ത് ഷേക്‍സ്പിയറിന് 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ കാരണം ആ സമയത്ത് അദ്ദേഹത്തിന്റെ 26 കാരിയായ പ്രിയതമ 3 മാസത്തോളം ഗര്‍ഭിണിയായിരുന്നു എന്നതാണ്.

എല്ലാ തെരുവുകള്‍ക്കും ഷേക്‍സ്പിയറുമായി എന്തെങ്കിലും തരത്തിലുള്ള ഒരു ബന്ധമുള്ളതുപോലെ. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും, ആ തെരുവുകളിലെ കാറ്റിനുപോലും തങ്ങളുടെ പ്രിയപ്പെട്ട വില്ല്യമിന്റെ കഥകള്‍ ഒരുപാട് പറയാനുള്ളതുപോലെ.

ബസ്സ് സിറ്റിയില്‍ തിരിച്ചെത്തി. അവിടന്ന് നടന്ന് ഹെന്‍ലി തെരുവിലേക്ക് പോകാനാണ് ഞ‍ങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ ബസ്സില്‍ പോയതുപോലല്ല നടന്ന് പോകുമ്പോള്‍ . പെട്ടെന്ന് വഴി തെറ്റി. തൊട്ടടുത്തു തന്നെ എന്നുകരുതിയിരുന്ന ആ വീഥിയിലേക്ക് അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും അവസാനം ഞങ്ങള്‍ ചെന്നുകയറി.

ഷേക്‍സ്പിയറിന്റെ ‘ആസ് യു ലൈക്ക് ഇറ്റ് ‘ എന്ന നാടകത്തിലെ O noble fool. A Worthy fool എന്ന വരികള്‍ എഴുതി വെച്ചിരിക്കുന്ന ഒരു കോമാളിശില്‍പ്പത്തിന്റെ മുന്നില്‍ നിന്നാണ് ആ തെരുവ് തുടങ്ങുന്നത്. തെരുവിലെ ഒരു വീടൊഴിച്ച് മറ്റെല്ലാ കെട്ടിടങ്ങളും താരതമ്യേന പുതുമയുള്ളതാണ്. പഴഞ്ചനായ ആ വീടുതന്നെയാണ് മഹാനായ സാഹിത്യകാരന്റെ ജന്മഗൃഹം. ഞങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ തിടുക്കമായി.

ജന്മഗൃഹത്തിന്റെ രണ്ട് മതിലുകള്‍ക്കിപ്പുറത്തുള്ള സ്വീകരണമുറിവഴിയാണ് ഷേക്‍സ്പിയര്‍ സെന്റര്‍ എന്ന് പേരുള്ള ആ സമുച്ചയത്തിനകത്തേക്ക് കടക്കേണ്ടത്. ഒരു ചെറിയ വീഡിയോ പ്രദര്‍ശനമൊക്കെ നടത്തി അല്‍പ്പം ചരിത്രമൊക്കെ പഠിപ്പിച്ചതിനുശേഷം സ്വീകരണമുറിയുള്ള കെട്ടിടത്തിന്റെ പിന്‍ഭാഗത്തേക്ക് കടത്തിവിട്ടു. ജന്മഗൃഹത്തിന്റെ പുറകിലെ വാതില്‍ വഴി അകത്തേക്ക് കയറാനായി കുറച്ചുനേരം കാത്തുനില്‍ക്കേണ്ടി വന്നു. ഉള്ളില്‍ അല്‍പ്പം തിരക്കുണ്ട്. ആദ്യം കയറിപ്പോയവര്‍ മുറിക്കകത്തുനിന്ന് നീങ്ങാതെ അകത്തേക്ക് കടക്കാനാവില്ല.

10 മിനിറ്റോളം നീണ്ട ആ കാത്തുനില്‍പ്പിനിടയില്‍ തെരുവില്‍ ഒരു അസാധാരണമായ ശബ്ദവും ബഹളവും എന്റെ ശ്രദ്ധയാകര്‍ഷിച്ചു. അല്‍പ്പം പുരാതനമായ രീതിയില്‍ വേഷം ധരിച്ച 2 യുവതികളും ഒരു യുവാവും സ്വീകരണ കെട്ടിടത്തിനകത്തേക്ക് കയറാന്‍ ക്യൂ നില്‍ക്കുന്നവര്‍ക്കിടയിലൂടെ ഓടി നടന്ന് ഉറക്കെയുറക്കെ സംസാരിക്കുന്നുണ്ട്. യുവാവിന്റെ അരയില്‍ നീളമുള്ള തുകലുറയില്‍ വാള്‍ ഒരെണ്ണം തൂങ്ങിക്കിടക്കുന്നുണ്ട്.

പെട്ടെന്ന് എനിക്ക് കാര്യം പിടികിട്ടി. ഷേ‌ക്‍സ്പിയര്‍ കഥാപാത്രങ്ങള്‍ !!

ഏതോ നാടകത്തിലേയോ മറ്റോ ആയിരിക്കാം ആ കഥാപാത്രങ്ങള്‍ . ജനങ്ങളെ ഉല്ലസിപ്പിച്ച് നാടകത്തിലെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു ചെറുപ്രകടനം തന്നെയായിരുന്നു അത്. അവര്‍ പെട്ടെന്ന് സ്വീകരണ കെട്ടിടത്തിനകത്തേക്ക് കടന്നു.

അപ്പോഴേക്കും ഞങ്ങള്‍ക്കും അകത്തേക്ക് കയറാമെന്നായി. ഓരോ മുറിയിലുമുള്ള കാഴ്ച്ചകളൊക്കെ വിശദമായി പറഞ്ഞുതന്ന് ജീവനക്കാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ കവിയുടെ പിതാവ് കൈയ്യുറകള്‍ ഉണ്ടാക്കി തെരുവിലൂടെ പോയിരുന്നവര്‍ക്ക് വിറ്റിരുന്ന ജനാല കാണാം.

അവിടന്ന് മുകളിലെ നിലയിലെ മുറികളിലേക്ക് കടന്നാല്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറികള്‍ , കസേര, കട്ടില്‍ , റാന്തലുകള്‍ തുടങ്ങിയ വസ്തുക്കളൊക്കെ കിടക്കുന്ന മുറികള്‍ ‍. അതിലൂടെ നടക്കുമ്പോള്‍ , പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വലിയൊരു കലാകാരന്റെ, മഹാനായ ഒരു സാഹിത്യകാരന്റെ ഓര്‍മ്മകളും പേറി നില്‍ക്കുകയാണ് ഞങ്ങള്‍ , എന്നു പറയുന്നവണ്ണം തറയിലെ മരപ്പാളികള്‍ ഞരക്കമുണ്ടാക്കുന്നു.

ഒന്നുരണ്ട് ഉണങ്ങിയ പുഷ്പങ്ങള്‍ കവിയുടെ കസേരയില്‍ കിടക്കുന്നുണ്ട്. ആ കസേരയില്‍ ഒരു നിമിഷം ഇരുന്നാല്‍ കൊള്ളാമെന്നുള്ള എന്റെ ആഗ്രഹം മാത്രം നടന്നില്ല. ഫോട്ടോ എടുക്കുന്നത് തന്നെ നിഷിദ്ധമാണെന്നാണ് തോന്നിയതെങ്കിലും ആരും കാണാതെ ഞാനും ഒന്നുരണ്ട് പടങ്ങള്‍ എടുത്തൊപ്പിച്ചു.

മുന്‍‌വശത്തുള്ള ജനാലകളിലൂടെ നോക്കിയാല്‍ തെരുവിന്റെ ദൃശ്യം കാണാം. പിന്‍‌വശത്തുള്ള ജനാലകളിലൂടെ നോക്കുമ്പോള്‍ ഇപ്പോള്‍ കാണുന്ന പൂന്തോട്ടമൊന്നും ഷേക്‍സ്പിയറിന്റെ കാലത്ത് ഉണ്ടായിരുന്നില്ല പോലും! മ്യൂസിയം ആയതിനുശേഷം ആ പിന്നാമ്പുറമൊക്കെ മനോഹരമാക്കിയെടുത്ത് നല്ല രീതിയില്‍ സംരക്ഷിച്ചുകൊണ്ടുപോകുകയാണ്.

ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ കുറച്ചുമുന്‍പ് തെരുവില്‍ കലപില കൂട്ടിക്കൊണ്ടിരുന്ന ഷേക്‍സ്പിയര്‍ കഥാപാത്രങ്ങള്‍ ജന്മഗൃഹം കാണാനെത്തിയ സദസ്സിന് നടുവില്‍ പ്രകടനം കാഴ്ച്ചവെക്കുന്നത് കണ്ടു. താഴേക്കിറങ്ങി അക്കൂട്ടത്തിലേക്ക് ലയിച്ചു. കുറച്ചുനേരം ആ കലാവിരുന്ന് കണ്ടുനിന്നതിനുശേഷം ഹാംലെറ്റിനെ അവതരിപ്പിക്കുന്ന കലാകാരന്റെ കൂടെ നിന്ന് ഒരു ഫോട്ടോയും എടുക്കാന്‍ എനിക്കായി.

അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന തലയോട്ടി കണ്ടിട്ടാവണം ഫോട്ടോയില്‍ കൂടെ നില്‍ക്കാന്‍ നേഹ വിസമ്മതിച്ചു. ഒരു ഷേക്‍സ്പിയര്‍ കഥാപാത്രത്തിന്റെ തോളുരുമ്മി, മഹാനായ ആ സാഹിത്യകാരന്‍ ഓടിക്കളിച്ച് നടന്നിട്ടുള്ള ആ വീടിന്റെ പിന്നാമ്പുറത്ത് ഒരു ഫോട്ടോയ്ക്ക് പോസുചെയ്യാന്‍ പറ്റിയതിന്റെ അത്യധികമായ ആനന്ദത്തിലായിരുന്നു ഞാനപ്പോള്‍ .

വീടിനകത്തുതന്നെയുള്ള സോവനീര്‍ ഷോപ്പില്‍ നിന്ന് ഈയത്തില്‍ തീര്‍ത്ത ഷേക്‍സ്പിയറിന്റെ ഒരു കൊച്ചു ശില്‍പ്പം വാങ്ങിയതിനുശേഷം വെളിയിലേക്ക് കടന്ന് കുറേനേരം കൂടെ ആ തെരുവില്‍ ചുറ്റിപ്പറ്റി നിന്നു.

ഞങ്ങളെപ്പോലെ തന്നെ ആ തെരുവില്‍ കറങ്ങിത്തിരിഞ്ഞ് നില്‍ക്കുകയാണ് മറ്റ് സന്ദര്‍ശകരില്‍ ഭൂരിഭാഗവും. 2000 ത്തിന് അടുക്കെയാണ് ഈ കൊച്ചുപട്ടണത്തിലെ ജനസംഖ്യ. പക്ഷെ വില്ല്യം ഷേക്‍സ്പിയര്‍ എന്ന സാഹിത്യകാരന്റെ പ്രശസ്തി അല്ലെങ്കില്‍ കരിഷ്മ, കൊല്ലാകൊല്ലം 5 കോടിയില്‍പ്പരം ജനങ്ങളെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ട് ആകര്‍ഷിച്ചടുപ്പിച്ചുകൊണ്ടേയിരിക്കുന്നു.

നിറഞ്ഞ മനസ്സുമായി തെരുവില്‍ നിന്ന് നടന്നകന്നു. ഇനി ബാക്കിയുള്ളത് വില്ല്യമിന്റെ ശവകുടീരം കാണുക എന്നതുമാത്രമാണ്. വാഹനവുമെടുത്ത് ഹോളി ട്രിനിറ്റി ചര്‍ച്ചിലേക്ക് പോകുക എന്നതായിരുന്നു പദ്ധതി. കാറിനകത്തെ ജി.പി.എസ്സില്‍ ഹോളി ട്രിനിറ്റി ചര്‍ച്ച് എന്ന് കൃത്യമായി ഫീഡ് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. ട്രിനിറ്റി ചര്‍ച്ച് എന്ന് ഫീഡ് ചെയ്തിട്ട് ജി.പി.എസ്സിന് മനസ്സിലാകുന്നില്ല. അല്‍പ്പം പഴക്കമുള്ള ഒരു മോഡലാണ് ഞങ്ങളുടെ ജി.പി.എസ്സ്.ന്റേത്. അതിന്റെ ഡാറ്റാബേസ് അത്രയ്ക്കധികം കുറ്റമറ്റതല്ലായിരിക്കാം. എന്തായാലും അല്‍പ്പദൂരം മുന്നോട്ട് പോയപ്പോള്‍ വഴി തെറ്റിയെന്ന് ഞങ്ങള്‍ക്കുറപ്പായി. ഒന്നുകൂടെ ശരിയായ വഴി കണ്ടുപിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കിയെങ്കിലും വിജയിക്കാനായില്ല.

ഇരുട്ടുവീഴാന്‍ ഇനി അധിക സമയമില്ല. കൂടുതല്‍ അലഞ്ഞുതിരിയേണ്ടെന്ന് തീരുമാനിച്ച്, മടക്കയാത്രയ്ക്കുള്ള സ്ഥലപ്പേര് ജി.പി.എസ്സില്‍ ഫീഡ് ചെയ്തു. കവിയുടെ ശവകുടീരം കാണാന്‍ പറ്റാത്തതിലുള്ള ദുഖം ഒരുവശത്തുണ്ടായിരുന്നെങ്കിലും, ഇന്നും ജനകോടികളുടെ മനസ്സില്‍ അനശ്വരനായി നില്‍ക്കുന്ന ആ അതുല്യ പ്രതിഭയുടെ ഓര്‍മ്മകള്‍ പച്ചപിടിച്ചുനില്‍ക്കുന്ന തെരുവുകളിലൂടെ അലഞ്ഞുതിരിയാന്‍ പറ്റിയതിന്റെ, അദ്ദേഹത്തിന്റെ ജന്മഹൃഹത്തില്‍ കാലെടുത്ത് കുത്താന്‍ പറ്റിയതിന്റെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ നേരിട്ട് കാണാന്‍ പറ്റിയതിന്റെയൊക്കെ സന്തോഷം അലയടിച്ചുകൊണ്ടുള്ള ഒരു മടക്കയാത്ര തന്നെയായിരുന്നത്.

The lunatic , The lover , The poet..... എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഷേക്‍സ്പിയറിന്റെ ഏതെങ്കിലും ഒരു നാടകം കൂടെ നേരില്‍ക്കാണണമെന്നുള്ള അത്യാഗ്രഹം അപ്പോള്‍ മനസ്സില്‍ മുളപൊട്ടുന്നുണ്ടായിരുന്നു.

61 comments:

  1. ഭാഗ്യവാന്‍!
    നല്ല കുറിപ്പ്...

    ReplyDelete
  2. അതേ മഹാഭാഗ്യവാന്‍....
    കുറച്ചുകൂടി സമയമെടുത്ത് വിശദമായൊന്നു കൂടി വായിക്കണം എന്നിട്ടു വേണം നന്നായൊന്നസൂയപ്പെടാന്‍....

    ReplyDelete
  3. ‘സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍ ’ ..ഒഥെല്ലോയും..റോമിയൊ ജൂലിയറ്റുമൊക്കെ
    ക്ലാസ് റൂമിൽ പഠിക്കുന്ന കാലത്ത് മനസ്സു കൊണ്ട് എത്രയോ തവണ തീർഥാടനം നടത്തിയ സ്ഥലം!! ഈ സ്വപ്ന ഭൂമിയീലേക്ക് അക്ഷരങ്ങളീലൂ‍ടെയും ചിത്രങ്ങളിലൂ‍ടെയും വീണ്ടും കൂട്ടി കൊണ്ട് പോയതിന് സുഹൃത്തെ...ഹാറ്റ്സ് ഓഫ് റ്റു യൂ...

    ReplyDelete
  4. പതിവു പോലെ നന്നായിരിയ്ക്കുന്നു :)

    ReplyDelete
  5. അതെ, ഇതൊക്കെ കാണാനും വേണം ഒരു ഭാഗ്യം. വിശദമായ വിവരണവും നല്‍കി ചിത്രങ്ങളുമൊക്കെ ഞങ്ങളെ കാണിക്കുന്നുണ്ടല്ലോ, സന്തോഷം.

    ReplyDelete
  6. പതിവ് പോലെ എന്നെ ഫുള്‍ അസൂയപെടുത്തി. നല്ല എഴുത്ത്, നല്ല വിവരന്നം. കൂടെ യാത്ര ചെയ്ത എഫ്ഫക്റ്റ്‌.

    ot:പിന്നെ, ആ ഫോടോ കണ്ടിട്ടാണോ ഹംലെറ്റ്‌ "To be or not to be, that is the question" എന്ന് പറഞ്ഞത് ?

    ReplyDelete
  7. ഏട്ടന്‍ കഴിഞ്ഞ ജന്മത്തില്‍ എന്തൊക്കെയോ പുണ്യങ്ങള്‍ ചെയ്തിട്ടുണ്ട്. തീര്‍ച്ച... അല്ലാണ്ട് ഇതൊക്കെ കാണാനും ഇത്തരത്തിലെഴുതാനും കഴിയില്ലാ.

    ഓസിനു ഒരു യാത്ര ചെയ്ത ക്ഷീണണ്ട്. ഇനി പിന്നെ വരാം . :)

    ReplyDelete
  8. നീരു..ഒരായിരം നന്ദി...

    ReplyDelete
  9. പടങ്ങളും വിവരണവും മനോഹരം നീരൂ..

    ReplyDelete
  10. അസൂയ കൊണ്ടെനിക്കിരിക്കാൻ വയ്യാ !ഷേക്സ്പിയറിന്റെ ജന്മനാട്ടിൽ പോകാനുള്ള ഭാഗ്യം കിട്ടിയ നിരക്ഷരൻ ചേട്ടനു അഭിനന്ദൻസ്.

    ReplyDelete
  11. ക്യാപ്റ്റന്‍ ഹാഡോക്ക് - ഏത് ഫോട്ടോയുടെ കാര്യാ ചോദിച്ചത് ? എനിക്ക് മനസ്സിലായില്ല ക്യാപ്റ്റന്‍.

    കരീം മാഷ്, പാവത്താന്‍, താരകന്‍, ശ്രീ, എഴുത്തുകാരീ, ചന്ദ്രമൌലി, ചാണക്യന്‍ , ഹാരിസ്, കുഞ്ഞായി, കാന്താരിക്കുട്ടീ....

    ഷേക്‍സ്പിയറിന്റെ വീട്ടിലേക്ക് വന്ന എല്ലാവര്‍ക്കും നന്ദി :)

    ReplyDelete
  12. അസൂയക്കാരുടെ സംഘത്തില്‍ ഞാനും ചേരുന്നു.
    കിടിലന്‍ വിവരണം.

    ReplyDelete
  13. അപ്പൊ നാടകം കണ്ടില്ലെ .

    ReplyDelete
  14. ഒരു തവണയെ വായിച്ചുള്ളു അതും ഓടിച്ചു ഒരു പുനര്‍ വായനക്കു പ്രേരിപ്പിക്കുന്നു ഈ പോസ്റ്റ്‌ വരാം വീണ്ടും...

    ReplyDelete
  15. ഒരിക്കലെങ്കിലും ഞാന്‍ പോവണം എന്ന് മനസ്സില്‍ ഉറപ്പിച്ച സ്ഥലമാണ് ‘സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍' ... ഈ വിവരണം കാണുമ്പോ ...ആഗ്രഹം ഇരട്ടിയായി മാഷേ..താങ്കള്‍ ഭാഗ്യവാനാണ്

    ReplyDelete
  16. സാഹിത്യ രചനകളും നാടകങ്ങളും വായിക്കുന്നകാര്യത്തിൽ ഞാൻ വളരെ പുറകിലാണ്. എന്നാലും ഈ വിശ്വസാഹിത്യകാരനെക്കുറിച്ച് ചിലതെല്ലാം അറിയാമായിരുന്നു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ഇവിടെനിന്നും കിട്ടി. മനോജേട്ടന് നന്ദി.

    പതിവു പോസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ചിത്രങ്ങൾ കുറഞ്ഞുപോയോ എന്നൊരു സംശയം ഉണ്ട്.

    ReplyDelete
  17. മഹത്തുക്കളുടെ പാദസ്പര്‍ശമേറ്റിടത്ത് എത്തിച്ചേരാന്‍ കഴിയുന്നത് മഹാഭാഗ്യം...

    തുടരട്ടെ യാത്രകള്‍,
    കാണട്ടെ ഞങ്ങളും ലോകം... സ്നേഹത്തോടെ...

    ReplyDelete
  18. ഹോ സഹിക്കാൻ പറ്റണില്ല ട്ടാ, അസൂയേയ്

    കിക്കിടലൻ വിവരണം

    ReplyDelete
  19. രണ്ടു വരികളിൽ ഒരഭിപ്രായം പറഞ്ഞാൽ അതധികപ്രസംഗമായിപ്പോകും
    തുടരട്ടെ

    ReplyDelete
  20. നല്ല വിവരണം കെട്ടൊ

    ReplyDelete
  21. വിശ്വസാഹിത്യകാരന്റെ നാടും വീടും ഒക്കെ നേരില്‍ക്കാണാന്‍ ലഭിച്ച താങ്കളുടെ ഭാഗ്യത്തിനു നമോവാകം.നമ്മുടെ എഴുത്തച്ഛന്‍ ജീവിച്ചിരൂന്നതും ഏതാണ്ട് ഇതേ കാലത്താണ്‌.എന്നാല്‍ ഇംഗ്ലീഷുകാരന്റെ അധികാരശക്തി നമുക്കീല്ലാതെപോയതുകൊണ്ടാണ്‌ നമ്മുടെ ഭാഷാപിതാവ് ഇംഗ്ല്ണ്ടില്‍ പഠിക്കപ്പെടാതെപോയ്ത്.കൂടുതല്‍ വായിക്കാം.

    ആശംസകള്‍

    ReplyDelete
  22. ഭാഗ്യവാന്‍ തന്നെ നിരക്ഷരന്‍
    എന്ത് രസമായിരിക്കും അവിടെയൊക്കെ നടക്കാന്‍ അല്ലെ
    എല്ലാം ഞങ്ങള്‍ക്ക്, വിവരിച്ചു തരുന്നുണ്ടല്ലോ ....
    അതിനു ആയിരം നന്ദി

    ReplyDelete
  23. താങ്കള്‍ അക്ഷരാര്‍ത്തത്തില്‍ ആ മഹാ പ്രതിഭയെ തൊട്ടറിഞ്ഞു അല്ലേ. ?.. മഹാ ഭാഗ്യവാന്‍. .ഫോട്ടോകള്‍ അതീവ. മനോഹരമായി.

    ReplyDelete
  24. മനോജേട്ടാ, വിവരണത്തിനും ഫോട്ടോകള്‍ക്കും വളരെ നന്ദി.
    നാല് മാസമായി പ്ലാന്‍ ചെയ്യുന്ന സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍ ട്രിപ്പ്‌ ഇതുവരെ ഒരു യാഥാര്‍ത്ഥ്യം ആകാത്തതിനാല്‍ എനിക്ക് കുറ്റബോധം തോന്നുന്നു ....

    ReplyDelete
  25. മനോജ്‌ ചേട്ടാ
    വളരെ രസകരമായ യാത്രയായിരുന്നു അല്ലെ..വിവരണവും പടങ്ങളും നന്നായിരിക്കുന്നു.ഈ ചരിത്ര ഉറങ്ങുന്ന ഗ്രാമം മുഴുവന്‍ ഇത്ര ഭംഗിയോടെ സൂക്ഷിച്ചിരിക്കുന്ന അവിടുത്തെ ഗവണ്മെന്റ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു

    ReplyDelete
  26. മനോജ്,ശരിക്കും പിടിച്ചിരുത്തി വായിപ്പിക്കുന്ന കുറിപ്പുകളും,ഫോട്ടോകളും.....അഭിനന്ദനങ്ങൾ !
    അഞ്ചാറുകൊല്ലമായി പോണം,പോണം എന്നാഗ്രഹിച്ചിരുന്നഷേക്സ്പിയർ/ഡാർവിൻ/ചാപ്ലിൻ /.../മുതലായ മഹാരഥർ നിറഞ്ഞാടിയിരുന്ന സ്ഥലകാലങ്ങൾ ഇതുവരേയും,അലക്കൊഴിഞ്ഞ് കാണാൻ സാധിയ്ക്കാത്തതിൻ ഖേദം മനസ്സിൽ ഇപ്പോഴും തളംകെട്ടി നിൽക്കുകയാണ്.........
    ഒരു സ്വകാര്യം,ആരും കേക്കണ്ട(എന്നാലും ഇവിടെ വന്നിട്ടെന്നെ വിളിച്ചുപോലും..ഇല്ലല്ലോ?)

    ReplyDelete
  27. നന്ദി. ആ മഹാന്റെ വഴികളിലൂടെ കുറച്ചുനേരം നയിച്ചതിന്.

    ReplyDelete
  28. ഇതെന്താ വരാന്‍ വൈകുന്നതെന്ന് വിചാരിച്ചിരുന്നു. അവിടെ പോയ പോലെ തോന്നി.
    ഗീതയെയും നേഹയെയും ആദ്യമായാണെന്ന് തോന്നുന്നു ബ്ലോഗില്‍ അവതരിപ്പിക്കുന്നത്. പിന്നെ, നേഹയ്ക്ക് 7 വയസ്സാണോ 8 വയസ്സാണോ എന്ന് ഗീതയോട് ചോദിച്ച് ഒന്ന് കണ്‍‌ഫേം ചെയ്താല്‍ കൊള്ളാം. :-)

    ReplyDelete
  29. തികച്ചും വ്യത്യസ്തമായ ഈ യാത്ര നടത്താൻ അവസരം ലഭിച്ച നിരക്ഷരൻ ഭാഗ്യവാനാണ്. അതിന്റെ മനോഹരമായ വിവരണം വായിക്കാൻ സാധിച്ച ഞങ്ങളും ഭാഗ്യവാന്മാർ തന്നെ അല്ലേ....

    ഓ.ടോ) മുഴങ്ങോടിക്കാരിയെ ബ്ലോഗിലൊക്കെ അല്പസ്വല്പം വിലസാൻ വിട്ടുതുടങ്ങി അല്ലേ :) :)

    ReplyDelete
  30. ഞാന്‍ യാത്രയ്ക്ക് കൂടെ കൂടാന്‍ കുറച്ചു വൈകിപ്പോയി.ഓടിക്കിതച്ചു എത്തിയപ്പോഴേക്കും നിങ്ങള്‍ ഹോപ്‌ ഓണ്‍ ബസ്സില്‍ കയറി കഴിഞ്ഞിരുന്നു, അതാ കാണാന്‍ പറ്റാഞ്ഞത്! പതിവുപോലെ യാത്ര ഇഷ്ടമായി, ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു.
    ഓ.ടോ:മുഴങ്ങോടിക്കാരിയെയും മോളെയും പരിചയപ്പെടുത്തി, എവിടെയാണ് ഈ മുഴങ്ങോടി എന്ന് പറഞ്ഞില്ലല്ലോ?

    ReplyDelete
  31. വിവരണവും പടങ്ങളും പതിവുപോലെ നന്നായിരിക്കുന്നു..ഇത്തിരി അസു‌യ ഉണ്ടേ ...

    ReplyDelete
  32. John Madden ഡിറക്റ്റ് ചെയ്ത Shakespeare in Love എന്ന സിനിമ കണ്ട അതെ ഫീലിംഗ് ..
    നന്നായിരിക്കുന്നു ചിത്രങ്ങളും വിവരണവും

    ReplyDelete
  33. ഭാഗ്യവാന്‍ ..നല്ല പറച്ചിലും..

    ReplyDelete
  34. വളരെ നന്നായിരിക്കുന്നു വിവരണവും ചിത്രങ്ങളും...നന്ദി ..ഇനിയും ഇങ്ങനെ ഒരുപാടു യാത്ര ചെയ്യാന്‍ ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  35. കളരിഗുരുക്കളുടെ പോലെ ഇടത് മാറി, വലത് തിരിഞ്ഞ്, റൌണ്‍‌ഡ് എബൌട്ടില്‍ നിന്ന് ഓതിരം തിരിഞ്ഞ്, പിന്നെ 15 കിലോമീറ്റര്‍ ഇരുന്നമര്‍ന്ന്, എന്നൊക്കെ പറഞ്ഞ് ഈ സത്യസന്ധനായ വഴികാട്ടി നമ്മളെ വളരെ കൃത്യമായി പോകേണ്ട സ്ഥലത്ത് കൊണ്ടെത്തിക്കും. ...........

    അമ്മാതിരി ഒരെണ്ണം നുമ്മടെ നാട്ടിലും കിട്ട്വോ നീര്വേ ???

    ReplyDelete
  36. Malayalam blog il njan puthiythu aanu..........typing okke padichhu varunnathe ullu.............malayalthil thanne pachaka blog thudanggn sramikkm...........What a great blog is this...........nigglkku okke samayam kittunallo ethinokke.....keep it up......

    ReplyDelete
  37. എനിക്കു ...........മലയലം വഴ്ങ്ഗുന്നില്ലലൊ .........Ok ethrayum kazhivulla aal swayam nirakshraen ennu prakhapichhthu sariyalla........

    ReplyDelete
  38. "ഷേക്‍സ്‌പിയറിന്റെ ജന്മഗൃഹത്തിലേക്ക്" njangaleyum kaipidichu kondupoyathinu orayiram nandi...!

    manoharam, Ashamsakal...!!!

    ReplyDelete
  39. വളരെ മനോഹരമായ പോസ്റ്റ്. മുഴുവന്‍ വായിക്കാനായില്ല.

    “നാട്ടിലെപ്പോലെ വഴി ചോദിക്കാനും, മനസ്സിലാക്കാനും മുട്ടിന് മുട്ടിന് പെട്ടിക്കടയും, വീടുകളുമൊന്നും ഈ രാജ്യത്ത് ഇല്ലാത്തതുകൊണ്ട് കാറിനകത്തെ ജി.പി.എസ്. നേവിഗേറ്ററാണ് വഴികാട്ടി. പോകേണ്ട സ്ഥലത്തിന്റെ പേരും, സ്ട്രീറ്റിന്റെ പേരും, പിന്‍‌കോഡും ഒക്കെ നേവിഗേറ്ററില്‍ അടിച്ചുകയറ്റിയാല്‍പ്പിന്നെ, കളരിഗുരുക്കളുടെ പോലെ ഇടത് മാറി, വലത് തിരിഞ്ഞ്, റൌണ്‍‌ഡ് എബൌട്ടില്‍ നിന്ന് ഓതിരം തിരിഞ്ഞ്, പിന്നെ 15 കിലോമീറ്റര്‍ ഇരുന്നമര്‍ന്ന്, എന്നൊക്കെ പറഞ്ഞ് ഈ സത്യസന്ധനായ വഴികാട്ടി നമ്മളെ വളരെ കൃത്യമായി പോകേണ്ട സ്ഥലത്ത് കൊണ്ടെത്തിക്കും. ഇനി അധവാ ഈ വഴികാട്ടി പറഞ്ഞത് കേള്‍ക്കാതെയോ, മനസ്സിലാകാതെയോ, നമ്മള്‍ തെറ്റായ വല്ല വഴിയിലും കയറിപ്പോയാല്‍ ‍, അവിടന്ന് വീണ്ടും നമ്മളെ നേര്‍വഴി കാട്ടിത്തന്ന് ഇവന്‍ ലക്ഷ്യസ്ഥാനത്തുതന്നെ എത്തിക്കും.“”

    ഞാന്‍ പണ്ട് യൂറോപ്പില്‍ വസിച്ചിരുന്ന കാലത്ത് ജി പി എസ് സിസ്റ്റം കണ്ടിട്ടുണ്ടങ്കിലും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ അതുള്ള വാഹന്ത്തില്‍ സഞ്ചരിച്ചിട്ടുണ്ട്.
    അന്നും എനിക്ക് തോന്നിയിരുന്നു നമ്മുടേ നാട്ടില്‍ ഇത് എത്തിയിരുന്നെങ്കില്‍?!
    എന്ത് കൊണ്ട് ഭാരതത്തില്ല് ഈ സൂത്രം ആരും കൊണ്ട് വന്നില്ല.ഇത്തരം ഉപകരണങ്ങള്‍ക്കനുയോജ്യമായ ഡാറ്റാബേസ് ഉണ്ടാക്കുന്നതാണല്ലോ മുഖ്യ ജോലി. അതിന് ആരും മുന്നോട്ട് വരാന്‍ ഒരുമ്പെട്ട് കാണില്ല.
    അടുത്ത നാളില്‍ തന്നെ നമ്മുടെ ഈ കൊച്ചു കേരളത്തിലും വരുമെന്ന് പ്രത്യാശിക്കട്ടെ!
    താങ്കളുടെ സങ്കേതത്തിലേക്ക് 2 ആഴ്ച വന്ന് താമസിക്കാന്‍ പറ്റിയ സമയം അറിയിക്കാമോ? മകന്റെ കല്യാണം ആഗസ്റ്റ അവസാനം. അത് കഴിഞ്ഞാല്‍ ഞാന്‍ സ്വതന്ത്രനാണ്.
    വീട്ടില്‍ എല്ലാവരോടും എന്റെ സ്നേഹാന്വേഷണം അറിയിക്കുമല്ലോ?
    താങ്കള്‍ ഇപ്പോഴൂം യു കെ യില്‍ ഉണ്ടെന്നുള്ള തോന്നലിലൂടെയാണ് ഇത്രയും എഴുതിയത്.
    ചെറായില്‍ കാണുമല്ലോ?

    ReplyDelete
  40. dear dost,,
    thanx...thanx alot !!!!

    ReplyDelete
  41. ഞാനും എന്റെ ലോകവും - സജീ , നാടകം കണ്ടത് ഇവിടെയല്ല. അത് വേറെ കഥ. പിന്നൊരിക്കലെഴുതാം. നന്ദി :)

    മണികണ്ഠന്‍ - ചിത്രങ്ങള്‍ കുറച്ച് കൊണ്ടുവരാന്‍ ബോധപൂര്‍വ്വം ഒരു ശ്രമം നടത്തുന്നുണ്ടെന്ന് പറയാതെ വയ്യ. നന്ദി :)

    എന്‍. മുരാരി ശംഭു - താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. നന്ദി :)

    വിഷ്ണൂ - ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുന്നതിന് മുന്‍പ് ഇവിടെ പോയിരിക്കണം കേട്ടോ ? അല്ലാതെ എന്റെ മുന്നിലെങ്ങാനും വന്ന് ചാടിയാല്‍ ... ശുട്ടിടുവേന്‍ ... :) :)

    ബിലാത്തിപ്പട്ടണം - ദാ മുകളില്‍ വിഷ്ണുവിനോട് പറഞ്ഞത് താങ്കള്‍ക്കും ബാധകമാണ് കേട്ടോ ? :) :)

    ബിന്ദു ഉണ്ണി - നേഹയുടെ വയസ്സിന്റെ കാര്യത്തില്‍ ഭയങ്കര തര്‍ക്കം തന്നെയാണല്ലോ നടക്കുന്നത്. ഈ യാത്ര നടക്കുന്ന കാലത്ത് നേഹയ്ക്ക് 7 വയസ്സ്. പടത്തില്‍ നേഹ വെര്‍ച്ച്വലായതുകൊണ്ട് എല്ലാക്കൊല്ലവും നേഹയ്ക്ക് വയസ്സ് അവിടെ കൂടിക്കൊണ്ടിരിക്കും. 10 കൊല്ലം കഴിഞ്ഞ് ഈ ബ്ലോഗില്‍ വന്ന് നോക്കിയാല്‍ നേഹയ്ക്ക് 18 വയസ്സ് എന്ന് കാണാം :) :)

    ഏകലവ്യന്‍ - മുഴങ്ങോടി എന്ന സ്ഥലം കൊല്ലം ജില്ലയില്‍ എങ്ങോ ആണ്. മുഴങ്ങോടിക്കാരി ആ സ്ഥലം കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവരുടെ പാസ്സ്പോര്‍ട്ടില്‍ ജന്മസ്ഥലം മുഴങ്ങോടി എന്നാണ് കിടക്കുന്നത്. ഞാനതിനെ ഇത്തിരി ആക്ഷേപഹാസ്യമാക്കി എല്ലായിടത്തും പൂശുന്നു എന്നുമാത്രം:) ബെര്‍ളിക്ക് മാത്രമേ ആക്ഷേപഹാസ്യം പാടുള്ളൂ എന്ന് നിയമമൊന്നും ഇല്ലല്ലോ ബൂലോകത്ത് :):)

    ഫൈസല്‍ കൊണ്ടോട്ടി - നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി :)

    മുരളിക - നമ്മുടെ നാട്ടില്‍ അത് വരുന്നതിനെപ്പറ്റി ഞാന്‍ കുറേ വിഭാവനം ചെയ്ത് നോക്കിയിട്ടുണ്ട്. ഒരുപാട് പരിമിതികള്‍ ഉണ്ട് നാട്ടില്‍ . ഒരു പൊളിച്ചുപണി തന്നെ വേണ്ടി വരും. പണച്ചിലവും ഉണ്ടാകും. എന്നാലും ഇച്ഛാശക്തിയുള്ള ഭരണകര്‍ത്താക്കള്‍ വന്നാല്‍ 5 കൊല്ലത്തിനകം കൊണ്ടുവരാവുന്നതേയുള്ളൂ ഇതൊക്കെ.

    Sherley Aji - ഞാനും ഇങ്ങനൊക്കെത്തന്നെ അക്ഷരമില്ലാതെയാണ് ബ്ലോഗ് തുടങ്ങിയത്. അതുകൊണ്ടാണ് നിരക്ഷരന്‍ എന്ന പേരും സ്വയം ഇട്ടത്. എനിക്കുള്ള മറുപടികള്‍ സ്വന്തം ബ്ലോഗില്‍ കമന്റായി ഇട്ടാലും എനിക്ക് കിട്ടും. അതിനെ കമന്റ് ഫോളോ അപ്പ് എന്ന് പറയും. അതൊക്കെ പതുക്കെ പതുക്കെ പഠിച്ചോളും. ഈ വഴി വന്നതിന് നന്ദി :)

    ജെ.പി. ചേട്ടന്‍ - എന്റെ കൂടെ 2 ആഴ്ച്ച വന്ന് താമസിക്കാം എന്നു പറഞ്ഞതിന് വളരെ സന്തോഷം. പക്ഷെ നമ്മള്‍ 2 പേരും വൈകിപ്പോയി. ഞാന്‍ ഈ വരുന്ന് 20ന് യു.കെ. വിടുന്നു. എന്നെന്നേയ്ക്കുമായി. ഇനി 3 ദിവസം കൂടെ മാത്രം. പായ്ക്ക് ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ . ഇനി അവധി നാളുകളില്‍ നാട്ടില്‍ ഉണ്ടാകും. എന്തായാലും 26ന് ചെറായിയില്‍ കാണാം.

    ജി.പി.എസ്സിനെപ്പറ്റി ഞാന്‍ മുരളിയോട് പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കട്ടെ.

    നമ്മുടെ നാട്ടില്‍ അത് വരുന്നതിനെപ്പറ്റി ഞാന്‍ കുറേ വിഭാവനം ചെയ്ത് നോക്കിയിട്ടുണ്ട്. ഒരുപാട് പരിമിതികള്‍ ഉണ്ട് നാട്ടില്‍ . ഒരു പൊളിച്ചുപണി തന്നെ വേണ്ടി വരും. പണച്ചിലവും ഉണ്ടാകും. എന്നാലും ഇച്ഛാശക്തിയുള്ള ഭരണകര്‍ത്താക്കള്‍ വന്നാല്‍ 5 കൊല്ലത്തിനകം കൊണ്ടുവരാവുന്നതേയുള്ളൂ ഇതൊക്കെ. നമ്മള്‍ സാങ്കേതികമായി ഒട്ടും പിന്നിലല്ലല്ലോ ? പണമല്ലേ ഇല്ലാതുള്ളൂ . ഇപ്പോ പണവും ഉണ്ട് അല്ലേ ? :):)

    Quilon Mail, സന്തോഷ് പല്ലശ്ശന, കണ്ണനുണ്ണി, ഷാജു , പ്രിയ ഉണ്ണികൃഷ്ണന്‍ , വയനാടന്‍, jp, പിരിക്കുട്ടി, ഖാദര്‍ പട്ടേപ്പാടം, സോജന്‍ , സതീഷ് മാക്കോത്ത് , ബിന്ദു കെ.പി, Varada Sarovar, ചേച്ചിപ്പെണ്ണ്, പച്ചമനുഷ്യന്‍ , റാണി അജയ്, നെന്മേനി, സ്നോ വൈറ്റ്, Sureshkumar Punjhayil, VEERU .....

    ഷേക്‍സ്പിയറിന്റെ ജന്മഗൃഹം കാണാനെത്തിയ എല്ലാ കൂട്ടുകാര്‍ക്കും ഒരുപാടൊരുപാട് നന്ദി :)

    ReplyDelete
  42. ഷേക്‍സ്പിയറിന്റെ ജന്മഗൃഹത്തിലെ കാറ്റ്‌ അടിച്ചില്ലേ? ഇനിയിപ്പോള്‍ യാത്രാവിവരണങ്ങള്‍ കുറേക്കൂടി മെച്ചമാവും.

    നന്നായിരിക്കുന്നു.......ഇനിയും തുടരട്ടെ.

    ReplyDelete
  43. പ്രിയ നിരക്ഷരന്‍ ചേട്ടാ ...

    മഹാനായ സാഹിത്യ കാരനെപ്പറ്റി മനോഹരമായ ഒരു വിവരണം തന്നതിന് നന്ദി. ഒപ്പം താങ്കളുടെ സഹ യാത്രികര്‍ക്കും ആശംസകള്‍

    ReplyDelete
  44. എടാ ചെങ്ങായ്.. അങ്ങനെ ഒടുക്കം താന്‍ കുന്തം കുലുക്കീടെ വീട്ടിലും കയറിച്ചെന്നുവല്ലേ?
    നിന്നോട് എനിക്ക് അസൂയ പെരുത്ത് കേറുന്നൂട്ടോ.. :)

    ReplyDelete
  45. നന്നായിരിക്കുന്നു

    ReplyDelete
  46. വായിക്കാതെ വിട്ട പോസ്റെല്ലാം ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു.
    പറയാന്‍ വാക്കുകളില്ല നിരൂ...
    ഇഷ്ടപ്പെട്ടു..ഒരുപാടൊരുപാട്.
    ഷേക്ക്‌സ്പിയര്ന്‍റെ നാട്ടിലും എത്തിയല്ലോ..ശരിക്കും കണ്ട പ്രതീതി..
    മുഴങ്ങോടിക്കാരിയെന്ന വാക്കിന്‍റെ ആവിര്‍ഭാവം....തകര്‍ത്തു..
    നല്ല പാതിയെ കണ്ടത്തില്‍ സന്തോഷം ട്ടോ.

    ReplyDelete
  47. ആഹ, വന്നു വന്നു മനോരമയും ബചെക്കില്ല അല്ലെ?? :)

    ReplyDelete
  48. സമഗ്രമായ വിവരണം. നല്ല കുറിപ്പ്

    ReplyDelete
  49. ഞാന്‍ കാണാന്‍ വൈകിയല്ലോ
    നന്നായിട്ടുണ്ട്‌
    നന്ദി... എന്നെയും കൊണ്ടുപോയതിന്‌

    ReplyDelete
  50. ഒരിക്കല്‍ ഞാനും പോയിട്ടുണ്ട്..അതൊരു ഓട്ടപ്രദക്ഷിണമായിരുന്നു..പോസ്റ്റ് വായിച്ചപ്പോള്‍ ടോം ടോം അടക്കം യുക്കെ മുഴുവനും മിസ്സ് ചെയ്തു..താങ്ക്സ് ..

    ReplyDelete
  51. നീരൂ....

    നന്ദി..വായിക്കന്‍ വൈകി..

    നേഹമോളാണു സ്ഥാനത്ത്,കൊച്ചു മകള്‍ക്കെന്‍റെ
    ഒരു സലാം..യാത്ര ഇനിയും തുടരട്ടെ,
    മംഗളം..

    ReplyDelete
  52. നീരു, ഇതൊക്കെ വായിച്ചിട്ടെനിക്ക് വെപ്രാളം വരുന്നു. ഒരിക്കലും നഷ്ടപ്പെടാതെ എക്കാലത്തേക്കും സൂക്ഷിച്ചുവയ്ക്കേണ്ട എഴുത്തുകള്‍ ആണിവ. വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങള്‍ പോലെ.


    ഓ.ടോ.

    1/7/2309 :
    അന്നത്തെ ബ്ലോഗിലെ ഒരു പോസ്റ്റിന്റെ പേര് :
    നിരക്ഷരന്‍ - മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന മഹാനായ ഒരു യാത്രാബ്ലോഗെഴുത്തുകാരന്‍.

    ReplyDelete
  53. പടങ്ങളെല്ലാം വല്ലാണ്ടങ്ങ്‌
    ഇഷ്ടപ്പെട്ടു....

    ReplyDelete
  54. റീനീ - ആ നല്ല വാക്കുകള്‍ക്ക് നന്ദി :)

    രഘുനാഥന്‍ - വളരെ നന്ദി :)

    ഏറനാടാന്‍ - ഏറൂ...ഞാന്‍ ഏറനാട്ടിലും വന്നില്ലേ ? അതുപോലെ തന്നെ ഇതും :)

    Thamburu .....Thamburatti - നന്ദി :)

    സ്മിതാ ആദര്‍ശ് - മുഴങ്ങോടിക്കാരി എന്ന പേരിന്റെ രഹസ്യം പിടികിട്ടിയല്ലോ അല്ലേ ? വായനയ്ക്ക് നന്ദി :)

    the man to walk with - നന്ദി :)

    മുരളിക - മനോരമ നിരക്ഷരനെ ദത്തെടുത്ത വിവരം അറിഞ്ഞില്ലേ ? :)

    ഷിനില്‍ നെടുങ്ങാട് - ആദ്യായിട്ടാണല്ലേ ഈ വഴി ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

    കണ്ണുകള്‍ - താങ്കളും ആദ്യാണല്ലേ ഈ വഴി. നന്ദി മാഷേ :)

    ഗൌരീനാഥന്‍ - നന്ദി :) എനിക്കും ഇപ്പോള്‍ യു.കെ. മിസ്സാകുന്നുണ്ട് :(

    പൊങ്ങുമ്മൂടന്‍ - പൊങ്ങൂ എന്താണു്‌ ആ ചിരിയുടെ അര്‍ത്ഥം ?:)

    haroonp - ചേട്ടാ, നേഹയ്ക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായമായിട്ടില്ല. പക്ഷെ ഒരിക്കല്‍ അവള്‍ ഇതൊക്കെ എടുത്ത് നോക്കി മനസ്സിലാക്കിക്കോളും . അന്ന് ഈ അപ്പൂപ്പനു്‌ തിരിച്ചൊരു സലാം അവളും തരുന്നതായിരിക്കും .

    ഗീത് - ഗീതേച്ചീ ....ചേച്ചീടെ നാക്ക് പൊന്നാവട്ടെ. എന്നാലും അത്രയ്ക്കൊക്കെ വേണോ ? :)

    ഗുരുജീ - നന്ദി :)

    ഷേക്‌സ്പിയറിന്റെ വീട്ടിലേക്ക് യാത്രവന്ന എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി :)

    ReplyDelete
  55. ഇവിടെ വരാന്‍ ഒരുപാട് വൈകിപ്പോയി! " Better late than never " എന്നാണല്ലോ.
    ആരെങ്കിലും ഒരു സിനിമ കഥ പറഞ്ഞാല്‍ പോലും ചെവി പൊത്തി പിടിക്കാറാണ് പതിവ്. സ്വയം കാണാനാണ് ഇഷ്ടം. തീയറ്ററില്‍ നിന്ന് പോയാലും c d റിലീസ് ആകുന്നതു വരെ കാക്കും, യാത്രകളും അത് പോലെയായിരുന്നു. ഈ ബ്ലോഗില്‍ വരുന്നത് വരെ! അടുത്ത യാത്രക്ക് 'bon voyage' !!

    ReplyDelete
  56. സംഘത്തില്‍ ഞാനും ചേരുന്നു.

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.